Latest News

ന്യൂയോര്‍ക്ക്‌: ഒമിക്രോണ്‍ വകഭേദത്തിന്റെ തന്നെ പുതിയ രൂപം ആദ്യത്തേതിനേക്കാള്‍ വ്യാപനശേഷിയുള്ളതും അപകടകരവുമാണെന്ന് ലോകാരോഗ്യ സംഘടന. പത്ത് ആഴ്ചകള്‍ക്കു മുന്‍പ് തെക്കന്‍ ആഫ്രിക്കയിലാണ് ഒമിക്രോണിന്റെ ഈ വകഭേദം കണ്ടെത്തിയത്. നിലവിൽ 57 രാജ്യങ്ങളിൽ വൈറസിന്റെ ഈ പുതിയ രൂപം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ഡബ്ല്യുഎച്ച്ഒ പറയുന്നു. ഒമിക്രോണിന്റെ ആദ്യ വകഭേദങ്ങൾക്കൊപ്പമാണ് BA.2 എന്ന അപകടകരമായ ഈ വൈറസ് വ്യാപിക്കുന്നത്.

ഒമിക്രോണിന്റെ ആദ്യരൂപം നല്‍കുന്ന പ്രതിരോധശേഷിയെ മറികടക്കുന്നതാണിതെന്ന് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകരുടെ പഠനത്തിലും പറയുന്നു. ഒമിക്രോണ്‍ വകഭേദം നല്‍കുന്ന പ്രതിരോധശേഷി വഴി കോവിഡ്‌ വ്യാപനത്തിന്‌ അന്ത്യമാകുമെന്ന വിലയിരുത്തലിനെ സംശയനിഴലില്‍ ആക്കുന്നതാണു പുതിയ പഠനം.

ഒമിക്രോണ്‍ വകഭേദം വഴി ലഭിക്കുന്ന പ്രതിരോധശേഷി കൂടുതല്‍ രോഗവ്യാപന സാധ്യതയുള്ള അടുത്ത വകഭേദത്തെ തടയാന്‍ പര്യാപ്‌തമല്ലെന്നും ഈ സാഹചര്യത്തില്‍ കോവിഡ്‌ വാക്‌സിന്‍ ബൂസ്‌റ്റര്‍ ഡോസിനു പ്രാധാന്യം ഏറെയാണെന്നും ഗവേഷകര്‍ പറയുന്നു. ഒമിക്രോണ്‍ വകഭേദത്തിന്റെ രണ്ടാം തലമുറ കൂടുതല്‍ വ്യാപനശേഷിയുള്ളതാണെന്ന്‌ യു.കെയില്‍ നടത്തിയ പഠനത്തിലും കണ്ടെത്തി.

ടാറ്റൂ ചെയ്യുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. കപ്പിൾസ് ടാറ്റൂ മുതൽ വിവിധതരം ഡിസൈനുകളും ഇന്ന് നിലവിലുണ്ട് പരമ്പരാഗത ടാറ്റൂ ആർട്ടായ യന്ത്രയിലൂടെ പ്രശസ്തനായ ഓഗ് ഡാം സോറോട്ട് എന്ന യുവാവിന്റെ ഒരു അഭിമുഖം സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുകയാണ്. അഭിമുഖത്തിൽ യുവാവ് തന്റെ എട്ട് ഭാര്യമാരെക്കുറിച്ച് പറയുന്നുണ്ട്. ഈ ഭാഗമാണ് ചർച്ചയാകുന്നത്.

തന്റെ എട്ട് ഭാര്യമാരും സന്തോഷത്തോടെ ജീവിക്കുകയാണെന്ന് യുവാവ് പറയുന്നു. നാല് കിടപ്പുമുറികളുള്ള വീട്ടിലാണ് എല്ലാവരും താമസിക്കുന്നത്. ഒരു മുറിയിൽ രണ്ട് പേർ വീതമാണ് ഉറങ്ങുന്നത്. ഊഴമനുസരിച്ചാണ് ഭാര്യമാർ താനുമായി കിടക്ക പങ്കിടുന്നതെന്നും യുവാവ് പറയുന്നു.

ഇത്രയും നന്നായി ഭാര്യമാരെ സ്നേഹിക്കുന്ന ഭർത്താവ് ലോകത്ത് വേറെ ഉണ്ടാകില്ലെന്നാണ് യുവതികൾ പറയുന്നത്. ഭാര്യമാരിൽ രണ്ട് പേർ ഗർഭിണികളാണ്. ആദ്യഭാര്യയിൽ ഒരു മകനുമുണ്ട്. നോങ് സ്പ്രൈറ്റ് എന്ന സ്ത്രീയാണ് ഇയാളുടെ ആദ്യ ഭാര്യ. ഒരു സുഹൃത്തിന്റെ വിവാഹ ചടങ്ങിൽവച്ചായിരുന്നു ഇവരെ കണ്ടെത്തിയത്.മാർക്കറ്റിൽവച്ചാണ് രണ്ടാം ഭാര്യയായ നോങ് എല്ലിനെ കണ്ടുമുട്ടിയത്. ആദ്യ ഭാര്യയുടെ സമ്മതത്തോടെയായിരുന്നു വിവാഹം.

അടുത്തയാളെ അമ്പലത്തിൽവച്ചും കണ്ടെത്തി. ഭാര്യമാരുടെ സമ്മതത്തോടെയാണ് ഓരോ വിവാഹവും.ഒരാളെ ആശുപത്രിയിൽവച്ചും കണ്ടുമുട്ടി. ഭാര്യമാർക്കൊപ്പം അവധി ആഘോഷിക്കാൻ പോയപ്പോഴാണ് അഞ്ചാം ഭാര്യയെ കണ്ടെത്തിയത്. ബാക്കിയുള്ളവരെ സോഷ്യൽ മീഡിയ വഴിയുമാണ് കിട്ടിയത്. തന്നേക്കാൾ മികച്ച ഒരാളെ കണ്ടെത്തിയാൽ എപ്പോൾ വേണമെങ്കിലും വേർപിരിയാമെന്ന സമ്മതവും ഭാര്യമാരെ അറിയിച്ചിട്ടുണ്ട്.

വിചിത്ര സമുദ്ര ജീവിയെ കണ്ട അനുഭവം പങ്കിടുകയാണ് തെക്കൻ ബ്രസീലിൽ നിന്നുള്ള ഒരു മത്സ്യത്തൊഴിലാളി. രാത്രി സമയത്ത് പുറംകടലിൽ മത്സ്യബന്ധനം നടത്തുന്നതിനിടെ അസാമാന്യ വലുപ്പമുള്ള അജ്ഞാതജീവി ഇദ്ദേഹത്തിന്റെ ബോട്ടിന് പിന്നാലെ പാഞ്ഞെത്തുകയായിരുന്നു.

കടലിലൂടെ ബോട്ടിൽ സഞ്ചരിക്കുന്നതിനിടെ യാദൃശ്ചികമായാണ് ബോട്ടിന് പിന്നാലെ തിരിച്ചറിയാനാവാത്ത ഏതോ ജീവി വരുന്നുണ്ടെന്ന് മീൻപിടുത്തക്കാരനു തോന്നിയത്. വലിയ മത്സ്യം ഏതെങ്കിലുമായിരിക്കുമെന്നുകരുതി നോക്കിയപ്പോൾ കണ്ടതാകട്ടെ ഇന്നോളം കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഒരു വിചിത്ര ജീവിയെയും. തിളങ്ങുന്ന കണ്ണുകളും ഇരുണ്ട നിറത്തിലുള്ള വലിയ ഉടലുമാണ് ഈ ജീവിക്കുണ്ടായിരുന്നത്. ഒറ്റനോട്ടത്തിൽ തന്നെ കണ്ടാൽ ഭയപ്പെടുന്ന രൂപം.

ആദ്യം ബോട്ടിൽ നിന്നും അല്പം അകലെയായിരുന്നു ജീവിയെങ്കിൽ നിമിഷങ്ങൾക്കുള്ളിൽ അത് വെള്ളത്തിനു മുകളിലൂടെ കുതിച്ചു ബോട്ടിനുപിന്നിലെത്തി. ബോട്ടിനു നേരെ ആക്രമിക്കാൻ പാഞ്ഞടുക്കുന്ന ജീവിയെ കണ്ട മീൻപിടുത്തക്കാരൻ ശരിക്കും പരിഭ്രമിച്ചു .എന്നാൽ അസാധാരണമായ ഏതോ ജീവിയാണെന്ന് തിരിച്ചറിഞ്ഞതോടെ അതിന്റെ ദൃശ്യങ്ങളും പകർത്തി. ബോട്ടിന് തൊട്ടുപിന്നാലെ മത്സരിച്ചു കുതിച്ചെത്തുന്ന ജീവിയെ ദൃശ്യങ്ങളിൽ വ്യക്തമായി കാണാം.

ഇടയ്ക്കുവച്ച് ബോട്ടിന് തൊട്ടരികിൽവരെ അജ്ഞാതജീവിയെത്തുന്നുണ്ട്. ദൃശ്യങ്ങൾ കാണുന്നവർക്കുവരെ ഏറെ ഭയം തോന്നിക്കുന്ന ഈ സംഭവം സമൂഹമാധ്യമങ്ങളിലെത്തിയതോടെ ജനശ്രദ്ധ നേടുകയായിരുന്നു. വെള്ളത്തിനു മുകളിലൂടെ കുതിക്കുന്ന ജീവി ഒരു ഡോൾഫിൻ ആയിരിക്കുമെന്നായിരുന്നു പലരുടെയും ആദ്യപ്രതികരണം. എന്നാൽ അജ്ഞാത ജീവിക്ക് അവിശ്വസനീയമായ വേഗമുണ്ടായിരുന്നതിനാൽ ഒടുവിൽ അത് ഡോൾഫിനല്ലെന്ന് ഉറപ്പിക്കുകയായിരുന്നു.

അതേസമയം മത്സ്യത്തൊഴിലാളി കണ്ടത് നീർനായയെ ആയിരിക്കാമെന്ന നിഗമനത്തിലാണ് ഭൂരിഭാഗവും എത്തിച്ചേർന്നത്. നാല് മീറ്റർവരെ വലുപ്പം വയ്ക്കുന്ന ലെപഡ് സീൽ ഇനത്തിൽപെട്ട ഒന്നാവാം ഇതെന്നാണ് പ്രതികരണങ്ങൾ. രാത്രി സമയമായതിനാലാവാം അതിന്റെ കണ്ണുകൾ തിളങ്ങിയതെന്നും അഭിപ്രായമുണ്ട്. എന്തായാലും ഇതിനോടകം അരലക്ഷത്തിനലധികം ആളുകൾ ഈ വിഡിയോ കണ്ടുകഴിഞ്ഞു.

 

ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ കഴുത്തില്‍ ഷാള്‍ മുറുകി പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. അന്നൂര്‍ വടക്കല്ലൂര്‍ സുബ്രഹ്‌മണിയുടെ മകള്‍ ദര്‍ശനയാണ് ദാരുണമായി മരിച്ചത്. പത്ത് വയസായിരുന്നു. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.

അമ്മയ്ക്കും അയല്‍ക്കാരനും ഒപ്പം ബൈക്കില്‍ ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് അപകടം ഉണ്ടായത്. അസുഖം ബാധിച്ച ദര്‍ശനയെ അയല്‍വാസിയായ വി വിഘ്‌നേശിന്റെ ബൈക്കില്‍ അമ്മ അന്നൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടു പോവുകയായിരുന്നു.

ആശുപത്രിയില്‍ പോയി തിരികെ വരുമ്പോഴാണ് അപകടം സംഭവിച്ചത്. വിഘ്‌നേശിനും അമ്മയ്ക്കും ഇടയിലിരുന്നു സഞ്ചരിച്ച ദര്‍ശനയുടെ ഷാള്‍ ബൈക്കിന്റെ പിന്‍ ചക്രത്തില്‍ കുടുങ്ങി. അസുഖം ഉള്ളതിനാല്‍ കാറ്റു തട്ടാതിരിക്കാന്‍ ഷാള്‍ കഴുത്തില്‍ മുറുക്കി ചുറ്റിയിരുന്നു. റോഡിലേക്ക് തെറിച്ചു വീണ ദര്‍ശന തല കഴുത്തില്‍ നിന്നും വേര്‍പെട്ട് മരണം സംഭവിക്കുകയായിരുന്നു.

ഐപിഎല്‍ മെഗാലേലത്തിനുള്ള അന്തിമ പട്ടികയില്‍ കേരള ക്രിക്കറ്റ് അസോസിയേഷനില്‍ നിന്നും ഇടംപിടിച്ച താരങ്ങള്‍.

1 സച്ചിന്‍ ബേബി (20 ലക്ഷം)
2 മുഹമ്മദ് അസറുദീന്‍ (20 ലക്ഷം)
3 റോബിന്‍ ഉത്തപ്പ (2 കോടി)
4. കെഎം ആസിഫ് (20 ലക്ഷം)
5 ബേസില്‍ തമ്പി (30 ലക്ഷം)
6 വിഷ്ണു വിനോദ് (20 ലക്ഷം)
7 ജലജ സക്‌സേന (30 ലക്ഷം)
8 മിഥുന്‍ സുധീശന്‍ (20 ലക്ഷം)
9 രോഹന്‍ എസ് കുന്നുമ്മല്‍ (20 ലക്ഷം)
10 സിജോമോന്‍ ജോസഫ് (20 ലക്ഷം)
11 എംഡി നിധീഷ് (20 ലക്ഷം)
12 ഷോണ്‍ റോജര്‍ (20 ലക്ഷം)
13 ശ്രീശാന്ത് (50 ലക്ഷം)

താരങ്ങളുടെ അന്തിമ പട്ടികയില്‍ ഇടംപിടിച്ചതിന്‍രെ സന്തോഷം അറിയിച്ച് മലയാളി പേസര്‍ എസ് ശ്രീശാന്ത്. കഴിഞ്ഞ വര്‍ഷവും ലേലത്തിനായി പേരു റജിസ്റ്റര്‍ ചെയ്ത് കാത്തിരുന്നെങ്കിലും പട്ടിക ചുരുക്കിയപ്പോള്‍ ശ്രീശാന്ത് പുറത്തായിരുന്നു. എന്നാല്‍ ഇത്തവണ അത് സംഭവിച്ചില്ല.

‘എല്ലാവരോടും ഇഷ്ടം.. എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ഒത്തിരി നന്ദി. നിങ്ങളോട് എക്കാലവും കൃതജ്ഞതയുള്ളവനായിരിക്കും. താരലേലത്തിലും എന്നെ നിങ്ങളുടെ പ്രാര്‍ഥനയില്‍ ഓര്‍ക്കുമല്ലോ. ഓം നമ ശിവായ..’ ശ്രീശാന്ത് ട്വിറ്ററില്‍ കുറിച്ചു.

50 ലക്ഷം രൂപയാണ് ശ്രീശാന്തിന്റെ അടിസ്ഥാന വില. ഐപിഎല്‍ 15ാം സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം 12,13 തിയതികളിലായി നടക്കും. ബംഗളൂരുവാണ് ലേലത്തിന് വേദിയാകുന്നത്.

ലേലത്തിന് രജിസ്റ്റര്‍ ചെയ്ത 1214 താരങ്ങളില്‍ 590 പേരെയാണ് ചുരുക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.590 താരങ്ങളില്‍ 228 പേര്‍ ദേശീയ ടീം അംഗങ്ങളാണ്. 355 പേര്‍ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ചിട്ടില്ലാത്ത താരങ്ങളാണ്. അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഏഴ് കളിക്കാരും പട്ടികയിലുണ്ട്.

ഉയര്‍ന്ന അടിസ്ഥാന വിലയായ രണ്ട് കോടിക്ക് 48 താരങ്ങളാണുള്ളത്. 1.5 കോടി അടിസ്ഥാന വിലയുള്ള താരങ്ങള്‍ 20 പേരും 1 കോടി അടിസ്ഥാന വിലയില്‍ 34 താരങ്ങളും ലേലത്തില്‍ പങ്കെടുക്കുന്നുണ്ട്. ആകെ 370 ഇന്ത്യന്‍ താരങ്ങള്‍ക്കും 220 വിദേശ താരങ്ങള്‍ക്കുമാണ് മെഗാ ലേലത്തില്‍ അവസരം ലഭിക്കുക.

 

നടിയെ ആക്രമിച്ച കേസിലെ തുടര്‍ അന്വേഷണം ഒരു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് വിചാരണ കോടതി ഉത്തരവിട്ടു. കേസില്‍ മാര്‍ച്ച ഒന്നിന് മുമ്പ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശം നല്‍കി.

കേസില്‍ തുടര്‍ അന്വേഷണത്തിന് ആറുമാസം വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളെ തുടര്‍ന്നാണ് അന്വേഷണത്തിന് ആറ് മാസത്തെ സമയം കൂടി വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. ഇത് തള്ളിക്കൊണ്ടായിരുന്നു് കോടതിയുടെ ഉത്തരവ്. അന്വേഷണം ഒരു മാസത്തിനകം പൂര്‍ത്തിയാക്കാന്‍ കഴിയില്ല. വിധിക്ക് എതിരെ അപ്പീല്‍ നല്‍കുമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.

ദിലീപിന്റെ സുഹൃത്തായ സലീഷിന്റെ മരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കും. അന്വേഷണ ഉദ്യോഗസ്ഥര്‍ സലീഷിന്റെ കുടുംബാംഗങ്ങളുടെ മൊഴികയെടുക്കും. ശേഷം സലീഷ് സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിമിനെ അണിയറപ്രവര്‍ത്തകരെയും അന്വേഷണസംഘം കാണും. സലീഷിന്‍രെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് ചൂണ്ടിക്കാട്ടി സഹോദരന്‍ കഴിഞ്ഞ ദിവസം അങ്കമാലി പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ഇന്ത്യയിലേക്കുള്ള യാത്രയ്ക്കു മുൻപ് Air Suvidha പോർട്ടലിൽ യാത്രക്കാരുടെ കഴിഞ്ഞ രണ്ടാഴ്ചത്തെ യാത്രാവിവരങ്ങൾ ഉൾപ്പെടെ രേഖപ്പെടുത്തണം. ഒപ്പം 72 മണിക്കൂറിനകം എടുത്ത ആർടിപിസിആർ പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റ്, കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് എന്നിവ അപ്‌ലോഡ് ചെയ്യണം. ഈ വിവരങ്ങളെല്ലാം നൽകിയവർക്കു മാത്രമേ യാത്രാനുമതി നൽകൂ. എല്ലാവരും മൊബൈലിൽ ആരോഗ്യസേതു ആപ് ഡൗൺലോഡ് ചെയ്യണം.

ബോർഡിങ് സമയത്ത് രോഗലക്ഷണങ്ങൾ ഇല്ലാത്തവരെ മാത്രം ശരീരോഷ്മാവ് പരിശോധിച്ച ശേഷം വിമാനത്തിനുള്ളിൽ പ്രവേശിപ്പിക്കും.

യാത്രയ്ക്കിടെ രോഗലക്ഷണങ്ങളുണ്ടായാൽ ഐസലേറ്റ് ചെയ്യും.

യാത്ര അവസാനിക്കുമ്പോഴും തെർമൽ സ്ക്രീനിങ് ഉണ്ടാകും. രോഗലക്ഷണങ്ങളുള്ളവരെ ഉടൻ ഐസലേറ്റ് ചെയ്തു വൈദ്യസഹായം ലഭ്യമാക്കും.

കോവിഡ് വ്യാപനം രൂക്ഷമായ (ഹൈ റിസ്ക്) രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ ഇറങ്ങുന്ന വിമാനത്താവളത്തിൽ സ്വന്തം ചെലവിൽ കോവിഡ് പരിശോധന നടത്തണം. ഫലം വരുന്നതു വരെ വിമാനത്താവളത്തിൽ കാത്തിരിക്കണം. നെഗറ്റീവ് ആയാൽ പുറത്തേക്കു പോകാം.

മറ്റു രാജ്യങ്ങളിൽ നിന്നു വരുന്ന വിമാനങ്ങളിലെ 2% യാത്രക്കാരെ മാത്രം പരിശോധിക്കും. ഇവരെ തിരഞ്ഞെടുക്കുക വിമാനക്കമ്പനിയാകും. മറ്റുള്ളവർക്കു പരിശോധന കൂടാതെ എയർപോർട്ട് വിടാം.

വന്നിറങ്ങുമ്പോൾ പരിശോധനാ ഫലം നെഗറ്റീവ് ആയവരും പരിശോധന ആവശ്യമില്ലാത്തവരും 7 ദിവസം വീട്ടിൽ ക്വാറന്റീനിൽ കഴിയണം. 8–ാം ദിവസം ആർടിപിസിആർ പരിശോധന നടത്തി ഫലം Air Suvidha പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം. നെഗറ്റീവ് ആണെങ്കിൽ ക്വാറന്റീൻ അവസാനിപ്പിക്കാമെങ്കിലും ഒരാഴ്ച കൂടി സ്വയം നിരീക്ഷണത്തിൽ തുടരണം.

8–ാം ദിവസത്തെ പരിശോധനയിൽ പോസിറ്റീവ് ആകുന്നവരുടെ സാംപിൾ ജീനോമാറ്റിക് പരിശോധനയ്ക്ക് അയയ്ക്കും. ഇവർക്കു ചികിത്സ ഉറപ്പാക്കണം. അവരുമായി സമ്പർക്കത്തിലായവരും ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലായിരിക്കും.

ഇന്ത്യയിൽ നിന്നു വിദേശത്തേക്കു പോകുന്ന യാത്രക്കാർ ആ രാജ്യങ്ങളുടെ കോവിഡ് പ്രോട്ടോക്കോൾ ആണ് പാലിക്കേണ്ടത്. ഇത് വ്യത്യസ്തമായിരിക്കും.

തൃശൂര്‍: തൃശൂര്‍ സെന്റ്‌ തോമസ്‌ കോളജില്‍ എസ്‌.എഫ്‌.ഐ. പാനലില്‍ ആദ്യമായി ചെയര്‍മാനായി ചരിത്രം സൃഷ്‌ടിച്ച വൈദികന്‍ ഫാ. ജോസ്‌ ചിറ്റിലപ്പിള്ളി (71) അന്തരിച്ചു. അര്‍ബുദബാധിതനായിരുന്നു. സംസ്‌കാരം ഇന്നുച്ചയ്‌ക്ക്‌ 2.30 ന്‌ മുണ്ടൂര്‍ കര്‍മലമാതാ പള്ളിയില്‍.

ബിരുദാനന്തര ബിരുദ പഠനകാലത്ത്‌ (81-82) അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പു വിജയം നാടുമുഴുവന്‍ ശ്രദ്ധിക്കപ്പെട്ടെങ്കിലും കത്തോലിക്കാസഭാ നേതൃത്വത്തിന്‌ അമ്പരപ്പായി. എസ്‌.എഫ്‌.ഐ. പാനലില്‍നിന്ന്‌ ഒരു വൈദികന്‍ വിദ്യാര്‍ഥി യൂണിയന്‍ ചെയര്‍മാനായി തെരത്തെടുക്കപ്പെട്ടത്‌ വലിയ ചര്‍ച്ചയായി. ചെയര്‍മാനായശേഷം പള്ളിച്ചുമതലകളില്‍നിന്ന്‌ ഒഴിവാക്കിയിരുന്നു.

മൃതദേഹം ഇന്നുരാവിലെ 6.30 മുതല്‍ ഒരു മണിക്കൂര്‍ സെന്റ്‌ ജോസഫ്‌ പ്രീസ്‌റ്റ്‌ ഹോമില്‍ പൊതുദര്‍ശനത്തിനു വയ്‌ക്കും. തുടര്‍ന്ന്‌ മുണ്ടൂര്‍ പുറ്റേക്കരയിലെ സഹോദരന്റെ വസതിയിലും രാവിലെ 11.30 ന്‌ മുണ്ടൂര്‍ പള്ളിയിലും എത്തിക്കും. മറ്റം ചിറ്റിലപ്പിള്ളി വീട്ടില്‍ പരേതരായ തോമസ്‌ -കത്രീന ദമ്പതികളുടെ മകനാണ്‌.

ബൈബിളിനെ സാമൂഹിക പോരാട്ടങ്ങള്‍ക്കുവേണ്ടി വ്യാഖ്യാനിച്ചാണ്‌ ഫാ. ജോസ്‌ കമ്യൂണിസത്തിന്റെ അരികു ചേര്‍ന്നത്‌. അതിലൂടെ വിമോചനാശയങ്ങള്‍ പങ്കുവച്ചു. തലച്ചോറില്‍ അര്‍ബുദബാധിതനായതിനെ തുടര്‍ന്ന്‌ ശസ്‌ത്രക്രിയയ്‌ക്കു വിധേയനായിരുന്നു. പിന്നീട്‌ കത്തോലിക്കാ സഭയുമായി അനുരഞ്‌ജനത്തിലായി. സഭാശുശ്രൂഷകളിലടക്കം അദ്ദേഹത്തെ പങ്കെടുപ്പിച്ചിരുന്നു. അതിനിടെ വീണ്ടും രോഗബാധിതനായി. തൃശൂര്‍ ജൂബിലിമിഷന്‍ ആശുപത്രിയോടു ചേര്‍ന്ന പ്രീസ്‌റ്റ്‌ ഹോമില്‍ വിശ്രമജീവിതത്തിലായിരുന്നു.

കായംകുളം ചാരുംമൂട് താമരക്കുളത്ത് വീട്ടമ്മയും 2 പെൺമക്കളും പൊള്ളലേറ്റു മരിച്ച നിലയിൽ. കിഴക്കേമുറി കല ഭവനത്തിൽ ശശിധരൻ പിള്ളയുടെ ഭാര്യ പ്രസന്ന (54), മക്കളായ ശശികല (34), മീനു (32) എന്നിവരെയാണ് വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടത്. ശശിധരൻ പിള്ള ഒരു മാസമായി കരുനാഗപ്പള്ളിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ശശികലയും മീനുവും മാനസിക വെല്ലുവിളിയുള്ളവരാണെന്ന് പൊലീസ് പറഞ്ഞു. കുടുംബത്തിന് സാമ്പത്തിക പ്രശ്നമുണ്ടായിരുന്നു. വീടിന്റെ ജനലും മറ്റും കരിഞ്ഞിട്ടുണ്ട്.

വാവ സുരേഷിനെ കടിച്ചത് ഒരാഴ്ചയോളമായി പ്രദേശത്തെ വിറപ്പിച്ച മൂർഖൻ. യൂത്ത് കോൺഗ്രസ് കുറിച്ചി മണ്ഡലം പ്രസിഡന്റ് കരിനാട്ടുകവല പാട്ടാശേരിയിൽ വാണിയപ്പുരയ്ക്കൽ വി.ജെ. നിജുമോന്റെ വീട്ടുവളപ്പിൽ കൂട്ടിയിട്ട കരിങ്കല്ലുകൾക്കിടയിലാണ് പാമ്പിനെ കണ്ടത്. വാവ സുരേഷ് എത്താൻ വൈകുമെന്ന് അറിഞ്ഞതോടെ വീട്ടുകാർ വല കൊണ്ട് പാമ്പിനെ പിടിക്കാൻ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. തുടർന്ന് കരിങ്കല്ലു കൂട്ടം വല കൊണ്ട് മൂടിയിട്ടു.

സുരേഷ് ഇന്നലെ എത്തിയെങ്കിലും അപകടത്തിൽ പരുക്കേറ്റതിനെത്തുടർന്ന് നടുവേദന ഉള്ളതിനാൽ കല്ലും മറ്റും നാട്ടുകാരാണ് മാറ്റിയത്. അവസാനത്തെ കല്ല് ഇളക്കിയതോടെ പാമ്പിനെ കണ്ടു. ഉടനെ സുരേഷ് പാമ്പിനെ പിടികൂടി. പാമ്പ് നാലു തവണ ചാക്കിൽ നിന്നു പുറത്തു ചാടി. അഞ്ചാം തവണ സുരേഷ് കാല് ചാക്കിനടുത്തേക്കു നീക്കിവച്ച് പാമ്പിനെ കയറ്റാൻ ശ്രമിച്ചപ്പോഴാണ് കടിയേറ്റത്.

സുരേഷിന്റെ കയ്യിൽ നിന്നു പിടിവിട്ടതോടെ പാമ്പ് വീണ്ടും ഇളക്കിയിട്ട കരിങ്കല്ലിന്റെ ഇടയിൽ ഒളിച്ചു. സുരേഷ് വീണ്ടുമെത്തി കരിങ്കല്ല് നീക്കി പാമ്പിനെ പിടിച്ചു കാർഡ്ബോർഡ് ബോക്സിലാക്കി സ്വന്തം കാറിൽ കൊണ്ടു വച്ചു. പിന്നെ സ്വയം പ്രഥമശുശ്രൂഷ ചെയ്തു. കാലിൽ കടിയേറ്റ ഭാഗം വെള്ളം കൊണ്ടു കഴുകി. രക്തം ഞെക്കികകളഞ്ഞു. തുണി കൊണ്ട് മുറിവായ കെട്ടി.

സുരേഷിന്റെ കാറിൽത്തന്നെയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഡ്രൈവർക്ക് ആശുപത്രിയിലേക്കുള്ള വഴി പരിചയമില്ലാത്തതിനാൽ ഇടയ്ക്ക് മറ്റൊരു കാറിലേക്കു സുരേഷിനെ കയറ്റി. യാത്രയ്ക്കിടെ സുരേഷ് സംസാരിച്ചിരുന്നതായി പറഞ്ഞു. എന്നാൽ, ചിങ്ങവനത്ത് എത്തിയപ്പോൾ തല കറങ്ങുന്നതായി പറഞ്ഞു. നാട്ടകം സിമന്റ് കവലയെത്തിയോടെ ഛർദിച്ച് അവശ നിലയിലായി.

സുരേഷിനെ പാമ്പു കടിക്കുന്നതു കണ്ടു നിന്ന നാട്ടുകാരനായ ആൾ സംഭവസ്ഥലത്ത് തലകറങ്ങി വീണു. വീഴ്ചയിൽ തലയ്ക്ക് പരുക്കേറ്റയാളെ കോട്ടയത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ വാവ സുരേഷിന്റെ ചികിത്സ സംബന്ധിച്ച് ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ട് വിവരങ്ങൾ ആരാഞ്ഞു.

പ്രദേശവാസിയുടെ വാക്കുകൾ –

∙ ‘വാവ സുരേഷ് വന്നപ്പോഴേ പറഞ്ഞു: പാമ്പ് ഒന്നല്ല, രണ്ടെണ്ണം ഉണ്ട്. ഒന്നിനെ പിടിച്ച ശേഷം രണ്ടാമത്തേതിനെ നോക്കാമെന്നാണ് പറഞ്ഞത്. ആദ്യത്തേതിനെ ചാക്കിലാക്കിയപ്പോഴേക്കും കടിയേറ്റു.’

∙ ‘കഴിഞ്ഞ വെള്ളപ്പൊക്കത്തിനു ശേഷം കുറിച്ചിയുടെ പടിഞ്ഞാറൻ മേഖലയിൽ പാമ്പുകൾ പെരുകി. വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിയാണ് പാമ്പിനെ പിടിക്കുന്നത്. പെരുമ്പാമ്പിനെയും മൂർഖൻ കുഞ്ഞുങ്ങളെയും ഇവിടെ നിന്നു പിടിച്ചിട്ടുണ്ട്. മീൻ പിടിക്കാൻ വല ഇടുമ്പോൾ മിക്കപ്പോഴും പാമ്പ് കുടുങ്ങും.’

RECENT POSTS
Copyright © . All rights reserved