Latest News

ആറ്റിങ്ങലിൽ കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ കുത്തി പരിക്കേൽപ്പിച്ച് മുങ്ങിയ ഭർത്താവിനെ വാമനപുരം പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ ആലങ്കോട് സ്വദേശി ശരത് ബാബു (30) നെയാണ് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഫെബ്രുവരി 22 ന് രാത്രി ഭാര്യ രമ്യയുമായി വഴക്കിട്ട ശരത് ബാബു പേന കത്തി ഉപയോഗിച്ച് രമ്യയെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് വീട്ടിൽ നിന്നും സതീഷ് ബാബു ഓടി രക്ഷപെട്ടു. രമ്യയുടെ നിലവിളികേട്ട് ഓടിയെത്തിയ സമീപവാസികളാണ് രമ്യയെ ആശുപത്രിയിൽ എത്തിച്ചത്.

സംഭവത്തിന് ശേഷം മുങ്ങിയ ശരത് ബാബുവിന്റെ മൃതദേഹം ഞായറാഴ്ച ഉച്ചയോടെ വാമനപുരം പുഴയിൽ നിന്നും കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

ഡൽഹി മദ്യനയ കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്‌റ്റിഗേഷൻ (സിബിഐ) ഞായറാഴ്‌ച അറസ്‌റ്റ് ചെയ്‌തു. ഉപമുഖ്യമന്ത്രി സിബിഐ ആസ്ഥാനത്താണ് നിലവിൽ ഉള്ളത്. ദേശീയ തലസ്ഥാനത്തെ പുതിയ എക്സൈസ് നയം രൂപീകരിക്കുന്നതിലും, നടപ്പാക്കിയതിലും ഉണ്ടായ ക്രമക്കേടുകളും അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ അദ്ദേഹത്തെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയിരുന്നു.

ഒടുവിൽ എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ആം ആദ്‌മി പാർട്ടി (എഎപി) നേതാവിനെ സിബിഐ അറസ്‌റ്റ് ചെയ്‌തത്. അതേസമയം, ഏതാനും മാസങ്ങൾ ജയിലിൽ കഴിയാൻ താൻ തയ്യാറാണെന്ന് സിസോദിയ നേരത്തെ പറഞ്ഞിരുന്നു.

“ദൈവം നിങ്ങളോടൊപ്പമുണ്ട് മനീഷ്. ലക്ഷക്കണക്കിന് കുട്ടികളുടെയും അവരുടെ മാതാപിതാക്കളുടെയും അനുഗ്രഹം നിങ്ങൾക്കൊപ്പമുണ്ട്. രാജ്യത്തിനും സമൂഹത്തിനും വേണ്ടി ജയിലിൽ പോകുന്നത് ശാപമല്ല, മഹത്വമാണ്. താങ്കൾ വേഗം ജയിലിൽ നിന്ന് മടങ്ങിവരാൻ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. കുട്ടികളും മാതാപിതാക്കളും ഡൽഹിയിലെ എല്ലാവരും നിങ്ങൾക്കായി കാത്തിരിക്കും” മന്ത്രിയെ പിന്തുണച്ച് എഎപി തലവനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ ട്വീറ്റ് ചെയ്‌തു.

ഡൽഹി മദ്യനയ കേസ്

എഎപിയുടെ ഡൽഹി എക്‌സൈസ് നയം 2021-22 കഴിഞ്ഞ വർഷം ജൂലൈ 31ന് റദ്ദാക്കിയതുമുതൽ, പല മുതിർന്ന എഎപി നേതാക്കളും അവരുടെ അടുത്ത അനുയായികളും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെയും (ഇഡി) സിബിഐയുടെയും അന്വേഷണം നേരിടുകയാണ്. പുതിയ നയം റദ്ദാക്കിയ ശേഷം, 2020 നവംബർ 17ന് പ്രാബല്യത്തിൽ വന്ന ‘പഴയ എക്സൈസ് നയം’ തിരികെ കൊണ്ടുവരാൻ ഡൽഹി സർക്കാർ തീരുമാനിച്ചിരുന്നു.

എഎപിയുടെ നടപടിയെത്തുടർന്ന് ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വികെ സക്‌സേന, എക്‌സൈസ് നയം നടപ്പാക്കിയതിലെ ചട്ടലംഘനങ്ങളും നടപടിക്രമങ്ങളിലെ പിഴവുകളും സംബന്ധിച്ച് സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്‌തിരുന്നു.

സിബിഐ പ്രതികളാക്കിയിട്ടില്ലാത്ത ഉപമുഖ്യമന്ത്രിയുടെ വീടുൾപ്പെടെ രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ ഒന്നിലധികം തവണ പരിശോധന നടത്തിയിരുന്നു. അഴിമതി ആരോപണത്തെച്ചൊല്ലി എഎപിയും ബിജെപിയും തമ്മിലുള്ള തർക്കം ഇപ്പോഴും തുടരുകയാണ്.

നടൻ കോട്ടയം നസീറിനെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയം കാരിത്താസ് ആശുപത്രിയിലാണ് നസീറിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തെ ആൻജിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കി.

രോഗിയുമായി പോയ വിമാനം തകര്‍ന്നുവീണ് അഞ്ചു മരണം. അമേരിക്കയിലെ നെവാഡയിലാണ് അപകടം നടന്നത്. കാലിഫോര്‍ണിയ-നെവാഡ അതിര്‍ത്തിയില്‍ വെച്ച് വെള്ളിയാഴ്ച വിമാനത്തിന്റെ സിഗ്നലുകള്‍ നഷ്ടപ്പെട്ടിരുന്നു.

വിമാനത്തിലുണ്ടായിരുന്ന അഞ്ച് പേരും കൊല്ലപ്പട്ടതായി രക്ഷാ സംഘം സ്ഥിരീകരിച്ചു. പൈലറ്റിനെയും രോഗിയേയും കൂടാതെ, ഒരു നഴ്‌സ്, പാരാമെഡിക്, രോഗിയുടെ ബന്ധു എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്.

വിമാനം തകര്‍ന്നുവീഴാനുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. യുഎസിന്റെ പടിഞ്ഞാറന്‍ തീരമേഖലയില്‍ വലിയ ശീതക്കാറ്റ് വീശുന്നുണ്ട്. കാലിഫോര്‍ണിയയിലെ പല മേഖലകളും മഞ്ഞില്‍ മൂടിക്കിടക്കുയാണ്. മോശം കാലാവസ്ഥയാകാം അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.

ഒരു കാലത്ത് ഹാസ്യ കഥാപാത്രങ്ങൾ ചെയ്തു കൊണ്ട് മലയാള ചലച്ചിത്ര മേഖലയെ കയ്യിലെടുത്ത താരമാണ് ജഗതി ശ്രീകുമാർ.ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങൾ ചെയ്തു കൊണ്ട് പ്രേക്ഷകരെ നിരന്തരം ചിരിപ്പിക്കാൻ കഴിവുള്ള ജഗതിക്ക് പകരം വയിക്കാൻ മറ്റൊരു കലാകാരൻ മലയാളത്തിൽ ഉണ്ടാവില്ല. ഒരു പ്രാവശ്യം കണ്ടാൽ പിന്നെ വീണ്ടും വീണ്ടും കാണാൻ കൊതിക്കുന്ന ചിത്രങ്ങളാണ് താരത്തിന്റേത്. മലയാളത്തിലെ പ്രമുഖ ഹാസ്യനടനായ ജഗതി ചട്ടമ്പി കല്യാണി എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവന്നത്. യോദ്ധ, മീശ മാധവൻ, സി ഐ ഡി മൂസ, ശ്രീകൃഷ്ണ പുരത്തെ നക്ഷത്രതിളക്കം, കിലുക്കം, അങ്ങനെ ജഗതി അഭിനയിച്ച ചിത്രങ്ങൾ ഏറെയാണ്. 2012 ൽ നടന്ന ഒരു വാഹനപകടത്തിൽ ഗുരുതരമായി പരിക്കേറ്റ താരം പിന്നീട് അഭിനയത്തിലേക്ക് തിരിച്ചുവന്നിട്ടില്ല.

ഇപ്പോഴിതാ ജഗതിയുടെ മകൾ പാർവതിയുടെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. പാർവതിയാണ് ജഗതിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുള്ളത്. ചിത്രത്തിന് നല്ല കമെന്റുകളും നെഗറ്റീവ് കമെന്റുകളും വരാറുണ്ട്. താൻ പപ്പയുമൊത്തുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുമ്പോൾ കമന്റും ലൈക്കും കിട്ടാൻ വേണ്ടിയാണെന്ന് ആളുകൾ പറയുന്നുവെന്ന് പാർവതി പറയുന്നു. ഒരിക്കൽ ഒരു ഓണത്തിന് തന്റെ അമ്മ അച്ഛന് വാരിക്കൊടുക്കുന്ന വീഡിയോ കണ്ടിട്ട് ആ തള്ളയ്ക്ക് ഇഷ്ടമില്ലാഞ്ഞിട്ടു വായിലേക്ക് കുത്തിക്കേറ്റുന്നു എന്നായിരുന്നു കമെന്റ് വന്നത്. തന്റെ അമ്മ ആദ്യമായല്ല വാരിക്കൊടുക്കുന്നതാണ്. അച്ഛൻ നല്ല രീതിയിൽ ഉള്ളപ്പോഴും ഇങ്ങനെ ചെയ്യാറുണ്ട്. അതൊരു സ്നേഹമാണ്. ഈ നെഗറ്റീവ് കമന്റ്‌ വായിച്ചപ്പോൾ അമ്മയ്ക്ക് സങ്കടം വന്നുവെന്ന് പാർവതി പറയുന്നു.

അച്ഛൻ മുൻപും സോഷ്യൽ മീഡിയ ഉപയോഗിക്കാത്ത ആളാണ്. ഇപ്പോൾ അച്ഛന്റെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നത് താനാണെന്ന് പാർവതി പറയുന്നു. അച്ഛന്റെ ചിത്രങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ലൈക്‌ കിട്ടാൻ വേണ്ടിയല്ല. അദ്ദേഹം ഒരു കലാകാരനാണ്. അതുകൊണ്ട് അദ്ദേഹത്തെകുറിച്ച് അറിയാൻ പബ്ലിക്കിന് അവകാശമുണ്ട്. പബ്ലിക്‌ ആണ് കലാകാരൻമാരെ കൊണ്ടുവരുന്നത്. അല്ലാതെ അവർ തനിയെ വളരുന്നതല്ല. നാളെ ഇദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചാൽ അത് ചോദിക്കാനുള്ള അവകാശം പബ്ലിക്കിനുണ്ടെന്ന് പാർവതി പറയുന്നു.

മുണ്ടക്കയത്ത് വിവാഹ ദിവസം പ്രതിശ്രുത വധു കുഴഞ്ഞ് വീണ് മരിച്ചു. ഗാന്ധിനഗർ ഏലപ്പാറ സ്വദേശിനി സ്നേഹ കൃഷ്ണൻ (21) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് സ്നേഹ കൃഷ്ണയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏലപ്പാറ സ്വദേശി ശരത് കുമാറുമായി സ്നേഹ കൃഷ്ണ പ്രണയത്തിലായിരുന്നു. ഇരുവരുടെയും രജിസ്റ്റർ വിവാഹം ശനിയാഴ്ച നടത്താനിരിക്കെയാണ് സ്നേഹ കൃഷ്ണ കുഴഞ്ഞ് വീണ് മരിച്ചത്.

അതേസമയം ശരത് കുമാറും, സ്നേഹ കൃഷ്ണയും ഒരുമിച്ച് താമസിച്ച് വരികയായിരുന്നു. വിവാഹം രജിസ്റ്റർ ചെയ്യുന്നതിനായി അപേക്ഷ നൽകി കാത്തിരിക്കുകയായിരുന്നു ഇരുവരും. അപേക്ഷയുടെ കാലാവധി ശനിയാഴ്ച അവസാനിരിക്കെയാണ് ഇരുവരും വിവാഹത്തിനായുള്ള തയ്യാറെടുപ്പ് നടത്തിയത്. ഇതിനിടയിൽ സ്നേഹ കൃഷ്ണയ്ക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഏലപ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

തുടർന്ന് ആരോഗ്യനില ഗുരുതരമായതോടെ മുണ്ടക്കയത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ നിന്നും മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ നിർദേശം ലഭിക്കുകയായിരുന്നു. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലച്ചോറിനുള്ളിൽ ഗുരുതര രോഗം ബന്ധിച്ചതായാണ് മരണകാരണമെന്നാണ് വിവരം.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ക്യാൻബറിയിൽ ഇലക്ട്രിക് ആൻഡ് ഇലക്ട്രോണിക് എഞ്ചിനീയറായിരുന്ന അർജിൻ അബ്രഹാം (37) മരണമടഞ്ഞു. നെഞ്ചുവേദനയെ തുടർന്ന് അർജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഏറ്റുമാനൂർ സെന്റ് ജോസഫ് ക്നാനായ കത്തോലിക്കാ പള്ളി ഇടവക മംഗലത്ത് പരേതരായ അബ്രഹാമിന്റെയും ഡെയ്‌സി അബ്രഹാമിന്റെയും മകനാണ് അർജിൻ. ഭാര്യ: നീന്റു. മക്കൾ : അലീസ അർജിൻ, അബ്രഹാം അർജിൻ. സഹോദരങ്ങൾ : മീട്ടി ഡാലി, ഡാനിയ വിബിൻ. സംസ്കാരം പിന്നീട്.

അർജിൻ അബ്രഹാമിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം സുഹൃത്തുക്കളെയും ബന്ധുക്കളെയും അറിയിക്കുന്നു.

കാപ്പാ കേസ് പ്രതിയെ നടുറോഡില്‍ കുത്തികൊന്നു. പോത്ത് റിയാസ് എന്നറിയപ്പെടുന്ന റിയാസാണ് കൊല്ലപ്പെട്ടത്. പ്രതി ഷിഹാബ് പൊലീസില്‍ കീഴടങ്ങി.
കുന്നിക്കോട് പൊലീസ് സ്റ്റേഷനില്‍ നിന്നും 100 മീറ്റര്‍ അകലെ മാത്രം, പുനലൂര്‍ കുന്നിക്കോട്-പട്ടാഴി റോഡിലാണ് സംഭവം.

ഇറച്ചിക്കട ലേലവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് സംഭവം. റിയാസിന്‍റെ ശരീരത്തില്‍ പത്തോളം കുത്തേറ്റിട്ടുണ്ടെന്നാണ് വിവരം. ആശുപത്രിയിലേക്ക് എത്തുമ്പോഴേക്ക് മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടംബത്തിന് കെെമാറും.

ഹവാല ഇടപാടിലൂടെ വിദേശനാണ്യ വിനിമയച്ചട്ടം (ഫെമ) ലംഘിച്ചെന്ന പേരിൽ ജൂവലറി ഗ്രൂപ്പ് ഉടമയായ ജോയ് ആലുക്കാസിന്റെ 305.84 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കണ്ടുകെട്ടി. ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ തൃശ്ശൂരിലെ വീടും ഹെഡ് ഓഫീസിലുമടക്കംനടന്ന റെയ്ഡിനുശേഷമാണ് നടപടി. ഉടമയായ ജോയ് ആലുക്കാസിനെ കൊച്ചി ഇ.ഡി. ഓഫീസിൽ വിളിച്ചുവരുത്തിയിരുന്നു.

അഞ്ചുവർഷംമുൻപ് ആദായനികുതി വകുപ്പാണ് ജോയ് ആലുക്കാസ് ഗ്രൂപ്പ് ഹവാല ഇടപാട് നടത്തിയെന്ന് സംശയിക്കാവുന്ന രീതിയിലുള്ള രേഖകൾ കണ്ടെടുത്തത്. പലപ്പോഴായി ദുബായിലെ ജോയ് ആലുക്കാസ് ജൂവലറിയിലേക്ക് ഇന്ത്യയിൽനിന്ന് ഹവാലയായി പണം നിക്ഷേപിച്ചെന്നായിരുന്നു കണ്ടെത്തൽ.

പൂർണമായും ജോയ് ആലുക്കാസിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ ജൂവലറി. ഈ വിവരം അന്നുതന്നെ ഇ.ഡി. ഉന്നതോദ്യോഗസ്ഥർക്ക് ഔദ്യോഗികമായി കൈമാറിയിരുന്നു. ആദായനികുതിവകുപ്പിന്റെ ഈ കേസിൽനിന്നാണ് ജോയ് ആലുക്കാസിനെതിരേയുള്ള ഇ.ഡി.യുടെ കേസിന്റെ തുടക്കം.

ഹവാല ഇടപാടിൽ ഗ്രൂപ്പിന്റെ പങ്ക്‌ വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ചെന്ന് ഇ.ഡി. പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.

നിയമവിരുദ്ധമായി കടത്തിയ പണത്തിന്റെ പ്രയോജനം ലഭിച്ചത് ദുബായിലെ ജൂവലറി കമ്പനിയുടെ ഉടമയായ ജോയ് ആലുക്കാസ് വർഗീസിനാണ്. അതിനാൽ അദ്ദേഹത്തിനെതിരേ ഫെമ നിയമപ്രകാരം കേസെടുത്തെന്നും ഇ.ഡി. വ്യക്തമാക്കി. തുടർന്നായിരുന്നു കണ്ടുകെട്ടൽ.

തൃശ്ശൂർ ശോഭാസിറ്റിയിലെ ഭൂമിയും കെട്ടിടങ്ങളുമുൾപ്പെടെ 81.54 കോടി രൂപ വിലമതിക്കുന്ന 33 വസ്തുക്കൾ, 91.22 ലക്ഷം രൂപയുടെ ബാങ്ക് അക്കൗണ്ടുകൾ, 5.58 കോടിരൂപയുടെ സ്ഥിരനിക്ഷേപങ്ങൾ, ജോയ് ആലുക്കാസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 217.81 കോടി രൂപയുടെ ഓഹരികൾ എന്നിവയാണ് കണ്ടുകെട്ടിയവയിൽ ഉൾപ്പെടുന്നത്.

പൂര്‍വ്വ വിദ്യാര്‍ഥിയുടെ കൊടുംക്രൂരതയില്‍ കോളേജ് പ്രിന്‍സിപ്പാളിന് ദാരുണാന്ത്യം. പ്രിന്‍സിപ്പളിനോടുള്ള വൈരാഗ്യത്തില്‍ കോളേജിലെത്തിയ പൂര്‍വ്വ വിദ്യാര്‍ഥി പെട്രോള്‍ ഒഴിച്ച് പ്രിന്‍സിപ്പാളിനെ തീകൊളുത്തി. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഇന്‍ഡോറിലെ ബിഎം ഫാര്‍മസി കോളജ് പ്രിന്‍സിപ്പല്‍ വിമുക്ത ശര്‍മ (54) ആണ് കൊല്ലപ്പെട്ടത്. 80 ശതമാനവും പൊള്ളലേറ്റ വിമുക്ത സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്.

പൂര്‍വ വിദ്യാര്‍ഥിയായ അശുതോഷ് ശ്രീവാസ്തവ (24)യാണ് അക്രമത്തിന് പിന്നില്‍. മാര്‍ക്ക് ഷീറ്റ് നല്‍കാത്തതിലുള്ള വൈരാഗ്യത്താലാണ് പ്രിന്‍സിപ്പളിന്റെ കൊലപാതകത്തിന് കാരണമെന്നാണ് പിടിയിലായ പ്രതി (24) പോലീസിനോട് പറഞ്ഞത്.

ഇക്കഴിഞ്ഞ ദിവസമാണ് കോളേജില്‍ കയറി വന്ന അശുതോഷ് പ്രിന്‍സിപ്പളിനെ പ്രെട്രോളൊഴിച്ച് തീകൊളുത്തിയത്. ചികിത്സയിലിക്കെ ശനിയാഴ്ചയാണ്പ്രിന്‍സിപ്പള്‍ വിമുക്ത ശര്‍മ മരണത്തിന് കീഴടങ്ങിയത്. മാര്‍ക്ക് ഷീറ്റ് വൈകിയതിന്റെ പേരിലാണ് പൂര്‍വ വിദ്യാര്‍ഥിയായ അശുതോഷ് പ്രിന്‍സിപ്പളിനോട് ക്രൂരത കാട്ടിയത്.

ഈ മാസം ഇരുപതാം തിയതിയാണ് അശുതോഷ് കോളേജിലെത്തി ജീവനക്കാരുടെ മുന്നില്‍ വെച്ച് വിമുക്ത വര്‍മ്മയെ പെട്രോളൊഴിച്ച് സിഗരറ്റ് ലൈറ്റര്‍ ഉപയോഗിച്ച് തീ കൊളുത്തിയത്. അശുതോഷിനും പൊള്ളലേറ്റിരുന്നു. ഓടിക്കൂടിയ ജീവനക്കാര്‍ വിമുക്ത ശര്‍മയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കാര്യമായി പൊള്ളലേറ്റിരുന്നു. ആളികത്തിയ തീ അണച്ച ശേഷം ജീവനക്കാര്‍ ഉടന്‍ തന്നെ പ്രിന്‍സിപ്പളിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ 80 ശതമാനത്തിലേറെ പൊള്ളലേറ്റ വിമുക്ത നാല് ദിവസത്തെ ചികിത്സയ്‌ക്കൊടുവില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.

പ്രിന്‍സിപ്പളിനെ തീകൊളുത്തുന്നതിനിടെ അശുതോഷിനും 40 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. ആക്രമണത്തിന് ശേഷം പിടിക്കെട്ട ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. എന്നാല്‍ ചികിത്സയ്ക്കിടെ പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2022 ല്‍ ഫലം വന്ന ഏഴ്, എട്ട് സെമസ്റ്ററുകളുടെ മാര്‍ക്ക് ലിസ്റ്റ് നല്‍കാത്തതാണ് ആക്രമണത്തിന്റെ കാരണമെന്നാണ് അശുതോഷ് പോലീസിനോട് പറഞ്ഞത്.

പലതവണ ആവശ്യപ്പെട്ടിട്ടും കോളേജില്‍ നിന്ന് മാര്‍ക്ക് ലിസ്റ്റ് കിട്ടിയില്ലെന്നും അതുകൊണ്ടാണ് കോളേജിലെത്തിയതെന്നും അശുതോഷ് പറഞ്ഞു. പ്രിന്‍സിപ്പല്‍ വീട്ടിലേക്ക് മടങ്ങാനിറങ്ങിയപ്പോള്‍ കാത്തുനിന്നാണ് ആക്രമണം നടത്തിയത്. അശുതോഷിനെ കോടതിയില്‍ ഹാജരാക്കി പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved