എന്‍.ഡി.എയുടെ ഭാഗമല്ലാത്ത ബിജു ജനതാദള്‍, വൈ.എസ്.ആര്‍.സി.പി. എന്നീ പാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ചതോടെ രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. നേതൃത്വത്തിലുള്ള എന്‍.ഡി.എയുടെ സ്‌ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മുവിന്റെ വിജയത്തിനു കളമൊരുങ്ങി. ഇലക്‌ടറല്‍ കോളജില്‍ മൊത്തം 1,086,431 വോട്ടാണുള്ളത്. ഇതില്‍ എന്‍.ഡി.എയ്‌ക്കുള്ളത് 5,32,351 വോട്ട് (49 %). ഭൂരിപക്ഷത്തിന് 20,000 വോട്ടിന്റെ കുറവ്.
31,686 വോട്ടുള്ള ബി.ജെ.ഡിയും 45,550 വോട്ടുള്ള വൈ.എസ്.ആര്‍.സി.പിയും 14,940 വോട്ടുള്ള എ.ഐ.എ.ഡി.എം.കെയും മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബി.ജെ.ഡി., വൈ.എസ്.ആര്‍.സി.പി. എന്നിവയില്‍ ഒന്നിന്റെ പിന്തുണ തന്നെ മുര്‍മുവിന്റെ വിജയം ഉറപ്പാക്കും. ഒഡീഷയില്‍നിന്നുള്ള എല്ലാ നിയമനിര്‍മാതാക്കളും പാര്‍ട്ടിഭേദമന്യേ “ഒഡീഷയുടെ മകളെ” പിന്തുണയ്‌ക്കണമെന്നു മുഖ്യമന്ത്രി നവീന്‍ പട്‌നായിക് അഭ്യര്‍ഥിച്ചിരുന്നു. ഒഡീഷയില്‍നിന്നുള്ള ഗോത്രവര്‍ഗ വനിതയാണ് മുന്‍ ഝാര്‍ഖണ്ഡ് ഗവര്‍ണറായ ദ്രൗപദി മുര്‍മു. മുന്നണിക്കു പുറത്തുനിന്ന് ഝാര്‍ഖണ്ഡ് മുക്‌തി മോര്‍ച്ച അടക്കമുള്ള പാര്‍ട്ടികളുടെ പിന്തുണയും എന്‍.ഡി.എ. പ്രതീക്ഷിക്കുന്നു. ഗോത്രവര്‍ഗ സന്താള്‍ വിഭാഗത്തില്‍നിന്നുള്ള മുര്‍മുവിനെ എതിര്‍ക്കാന്‍ ഗോത്രവര്‍ഗ നേതൃത്വത്തിലുള്ള ജെ.എം.എം. തയാറല്ല. മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള സൂചനകള്‍ ജെ.എം.എം. വ്യക്തമാക്കിയതോടെ ഇന്നലെ സ്വന്തം സംസഥാനമായ ഝാര്‍ഖണ്ഡില്‍നിന്ന് പ്രചാരണം ആരംഭിക്കാനിരുന്ന പ്രതിപക്ഷ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹ യാത്ര മാറ്റിവയ്ക്കാൻ നിർബന്ധിതനായി.
ശിരോമണി അകാലിദള്‍, തെലുങ്കുദേശം പാര്‍ട്ടി, ബി.എസ്.പി. തുടങ്ങിയവയും മുര്‍മുവിനെ പിന്തുണയ്‌ക്കുമെന്നു ബി.ജെ.പി. നേതാക്കള്‍ പറഞ്ഞു. ബി.ജെ.പി. വിരുദ്ധ പാര്‍ട്ടികളില്‍നിന്നുള്ളവര്‍പോലും മുര്‍മുവിന് വോട്ട് ചെയ്‌തേക്കുമെന്നാണു ബി.ജെ.പിയുടെ വിലയിരുത്തല്‍. രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ രഹസ്യവോട്ടാണ്.
ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയിലെ വിമതപക്ഷത്തിന്റെ വോട്ടും എന്‍.ഡി.എ. പ്രതീക്ഷിക്കുന്നു. മുര്‍മുവിന്റെ സ്‌ഥാനാര്‍ഥിത്വത്തെ ബിഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി(യു) നേതാവുമായ നിതീഷ് കുമാര്‍ സ്വാഗതം ചെയ്‌തതോടെ അദ്ദേഹത്തിന്റെ നിലപാട് സംബന്ധിച്ച അഭ്യൂഹങ്ങളും അവസാനിച്ചു. അഗ്നിപഥ് ഉള്‍പ്പെടെയുള്ള വിഷയങ്ങളെച്ചൊല്ലി ബി.ജെ.പിയുമായി ഇടഞ്ഞുനില്‍ക്കുന്നതിനാല്‍ രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ നിതീഷ് കുമാര്‍ എന്തുനിലപാട് സ്വീകരിക്കുമെന്നു സംശയമുയര്‍ന്നിരുന്നു. 543 ലോക്‌സഭാംഗങ്ങളും 233 രാജ്യസഭാംഗങ്ങളും 4,033 നിയമസഭാംഗങ്ങളും അടങ്ങുന്നതാണ് രാഷ്‌ട്രപതി തെരഞ്ഞെടുപ്പിലെ ഇലക്‌ടറല്‍ കോളജ്. പാര്‍ലമെന്റ് അംഗങ്ങളുടെ ആകെ വോട്ട് മൂല്യം 5,43,200. നിയമസഭാംഗങ്ങളുടേത് 5,43,231. മൊത്തം വോട്ട് മൂല്യം 1086431.
അതിനിടെ ഇന്നലെ ന്യൂഡല്‍ഹിയിലെത്തിയ ദ്രൗപതി മുര്‍മു പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തി. എന്‍.ഡി.എയുടെ രാഷ്‌ട്രപതിസ്‌ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ടതിനുശേഷം ഇന്നലെയാണ് മുര്‍മു ആദ്യമായി തലസ്‌ഥാനത്തെത്തിയത്.
രാജ്യമെമ്പാടുമുള്ള മുഴുവന്‍ ജനസമൂഹവും മുര്‍മുവിന്റെ സ്‌ഥാനാര്‍ഥിത്വത്തെ സ്വാഗതം ചെയ്യുന്നതായി പ്രധാനമന്ത്രി കൂടിക്കാഴ്‌ചയില്‍ പറഞ്ഞു. പിന്നീട് അമിത് ഷാ അടക്കമുള്ള ബി.ജെ.പിയിലെ ഉന്നത നേതാക്കളെയും മുര്‍മു സന്ദര്‍ശിച്ചു. രാഷ്‌ട്രപതി തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശപത്രിക മുര്‍മു ഇന്നു സമര്‍പ്പിച്ചേക്കുമെന്നാണു സൂചന.
ബിനോയ് എം. ജെ.
ഉത്കണ്ഠ(anxiety)യുടെ കാരണത്തെക്കുറിച്ച് മന:ശ്ശാസ്ത്രജ്ഞന്മാർ ദശാബ്ദങ്ങളായി പഠിച്ചു വരുന്നു. എന്നാൽ അവർ അതിന്റെ ശരിയായ കാരണം കണ്ടെത്തിയോ എന്ന് എനിക്ക് സംശയമാണ്. കണ്ടെത്തിയിരുന്നുവെങ്കിൽ അവർ അതിന് പരിഹാരം നിർദ്ദേശിക്കുമായിരുന്നു. അത്തരം ഒരു പരിഹാരം മന:ശ്ശാസ്ത്രലോകത്തുനിന്നും വരാത്തതിനാൽ അതിൽ മന:ശ്ശാസ്ത്രജ്ഞന്മാർ വിജയിച്ചിട്ടില്ല എന്നുതന്നെ നമുക്ക് അനുമാനിക്കാം. എന്നാൽ ശരിയായ പരിഹാരം തത്വശാസ്ത്രത്തിൽ കിടപ്പുണ്ട്.
മനുഷ്യരായി ജനിച്ച എല്ലാവരിലും ഉത്കണ്ഠ കാണപ്പെടുന്നു. അതിനാൽ തന്നെ അത് ഒരു മാനസികപ്രശ്നം അല്ലെന്നു വാദിക്കുന്നവരുണ്ടാവാം. എന്നാൽ മനുഷ്യപ്രകൃതം തന്നെ ഒരപചയമാണെന്ന് ഭാരതീയതത്വചിന്തകന്മാർ വാദിക്കുന്നു. ജന്മനാതന്നെ മനുഷ്യൻ ഒരു (മാനസിക)രോഗിയാണ്. ഇത് പറയുവാനുള്ള കാരണം എല്ലാ പ്രശ്നങ്ങളിൽ നിന്നും കരകയറിയ അപൂർവ്വം ചില വ്യക്തിത്വത്തങ്ങൾ സമൂഹത്തിൽ ഇന്നും ഉണ്ട് എന്നത് തന്നെ. ആർഷഭാരതത്തിൽ അത്തരക്കാർ അനവധി ഉണ്ടായിരുന്നു. മനുഷ്യന്റെ പ്രശ്നങ്ങൾ സാധാരണവും സാർവ്വലൗകീകവുമാണെങ്കിലും അത് മനുഷ്യന് ഭൂഷണമല്ല എന്ന് സാരം. ഈപ്രശ്നങ്ങളിൽ നിന്നെല്ലാം കരകയറുവാൻ ഒരു മാർഗ്ഗമുണ്ടെന്നും അതിന് വേണ്ടി സദാ പരിശ്രമിക്കണമെന്നും അപ്പോൾ മാത്രമേ മനുഷ്യജീവിതം അർത്ഥവ്യത്താകുന്നുള്ളുവെന്നും ഭാരതീയ ചിന്തകന്മാർ വാദിക്കുന്നു.
മനുഷ്യന്റെ പ്രശ്നങ്ങൾ സാർവ്വലൗകീകമാണെങ്കിലും ആ പ്രശ്നങ്ങളുടെ പിറകിൽ ഒരു കാരണം ഉണ്ടെന്നും ആ കാരണം ഉത്കണ്ഠ തന്നെയാണെന്നുമാണ് ഞാൻ പറഞ്ഞു വരുന്നത്. അതിനാൽ തന്നെ ഏതെങ്കിലും വിധത്തിൽ ഉത്കണ്ഠയെ ജയിച്ചാൽ മനുഷ്യൻ എല്ലാ പ്രശ്നങ്ങളിൽനിന്നും മോചനം പ്രാപിക്കുകയും ചെയ്യുന്നു. ഞാനീകാണുന്ന ശരീരമാണെന്നും അതിനാൽതന്നെ ഞാൻ നിസ്സഹായനാണെന്നും എന്റെ ജീവൻ സദാ വെല്ലുവിളിയെ നേരിട്ടുകൊണ്ടിരിക്കുകയാണെന്നുമുള്ള ചിന്ത ഉത്കണ്ഠയെ ജനിപ്പിക്കുന്നു. എന്നാൽ ഇത്തരമൊരു ചിന്ത മൂഢവും യുക്തിഹീനവുമാകുന്നു. ഞാനീകാണുന്ന ശരീരമല്ലെന്നും എന്റെയുള്ളിൽ ഈശ്വരൻ പ്രകാശിക്കുന്നുവെന്നും ആ ഈശ്വരൻ സർവ്വവ്യാപിയും സർവ്വശക്തനുമാണെന്നും ഈ ശരീരം പോയാലും അതെന്റെ അസ്ഥിത്വത്തെ ഒരുതരത്തിലും ബാധിക്കുകയുമില്ല എന്ന ചിന്തയാകുന്നു ഉത്കണ്ഠയ്ക്കുള്ള ശാശ്വതമായ പരിഹാരം.
ഒരുവൻ ജീവിക്കുന്നത് ഭൂമിയിലാണെങ്കിലും, സ്വർഗ്ഗത്തിലാണെങ്കിലും ,ബ്രഹമലോകത്താണെങ്കിലും താനാ അനന്തസത്തയിൽ നിന്നും ഭിന്നനാണെന്ന് ചിന്തിച്ചാൽ അവിടെ ഉത്കണ്ഠ ജനിച്ചിരിക്കും!അതിനാൽതന്നെ “ഞാനാപരബ്രഹ്മം തന്നെയാകുന്നു” (അഹം ബ്രഹ്മാസ്മി )എന്ന സമഷ്ടിബോധം വെറും ഭംഗിവാക്കല്ല മറിച്ച് മനുഷ്യനെ സദാ വേട്ടയാടുന്ന ഉത്കണ്ഠയിൽനിന്നും അനുബന്ധപ്രശ്നങ്ങളിൽനിന്നും കരകയറുവാനുള്ള ഉത്തമ ഉപായം ആവുന്നു. താൻ ഈശ്വരനിൽ നിന്നും ഭിന്നനാണെന്ന് ചിന്തിക്കുന്ന മനുഷ്യൻ പുക്കിൾകൊടി വിച്ഛേദിക്കപ്പെടുന്ന ശിശുവിനെപോലെ ഉത്കണ്ഠയിൽ വീണുപോകുന്നു. ഉത്കണ്ഠ അവനെ ജീവിതത്തിൽ ഉടനീളം വേട്ടയാടുകയും ചെയ്യുന്നു. ഇതിൽ നിന്നും മോചനം നേടുകയെന്നതാകുന്നു ജീവിതവിജയത്തിന്റെ അടിസ്ഥാനം.
ആത്മാവിനെ നിഷേധിക്കുകയും മനസ്സിനേക്കാൾ പ്രധാന്യം ശരീരത്തിന് കൊടുക്കുകയും ചെയ്യുന്ന പാശ്ചാത്യരുടെ ഭൗതിക വാദത്തിൽ മനുഷ്യന് ഉത്കണ്ഠ ഉണ്ടായില്ലെങ്കിലേ അത്ഭുതമുള്ളു. മറിച്ച് ഈ ശാരീരിക അവബോധത്തിൽ(body- consciousness )നിന്നും അതിനെ തുടർന്നുണ്ടാകുന്ന ശരീരവുമായുള്ള ബന്ധനത്തിൽ നിന്നും വ്യക്തിബോധത്തിൽ നിന്നും കരകയറിക്കൊണ്ട് ഈ പ്രപഞ്ചം മുഴുവൻ തന്റെ ഇച്ഛയാലാണ് ചലിക്കുന്നതെന്ന പരമാർത്ഥം അറിയുന്ന യോഗി ഉത്കണ്ഠയിൽനിന്നും ശാശ്വതമായ മോചനം സമ്പാദിക്കുന്നു.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
ഒരു നൂറ്റാണ്ടിന് മുന്നേ അന്റാർട്ടിക് തീരത്ത് മുങ്ങിയ പ്രസിദ്ധ കപ്പലായ എച്ച്.എം.എസ് എൻഡ്യുറൻസിനെ കടലിന്റെ അടിത്തട്ടിൽ ഗവേഷകർ കണ്ടെത്തി. ലോകപ്രശസ്ത ബ്രിട്ടീഷ് – ഐറിഷ് പര്യവേക്ഷകനായ ഏണസ്റ്റ് ഷാക്കിൾട്ടണിന്റേതാണ് ഈ കപ്പൽ. 1915ൽ മുങ്ങിയ ഈ കപ്പലിന് പ്രത്യക്ഷത്തിൽ ഗുരുതരമായ കേടുപാടുകളില്ല.
ഫാക്ക്‌ലാൻഡ് ദ്വീപിന് തെക്ക്, അന്റാർട്ടിക്കയുടെ വടക്കൻ തീരത്ത് വാൻഡൽ കടലിൽ 9,842 അടി താഴ്ചയിലാണ് ഇപ്പോൾ എൻഡ്യുറൻസുള്ളത്. ഫാക്ക്‌ലാൻഡ്സ് മാരിടൈം ഹെറിറ്റേജ് ട്രസ്റ്റ്, ഹിസ്റ്ററി ഹിറ്റ് എന്നിവ സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് എൻഡ്യുറൻസിനെ കണ്ടെത്തിയത്. സമുദ്ര പര്യവേക്ഷണ രംഗത്തെ നാഴികകല്ലുകളിലൊന്നായാണ് എൻഡ്യുറൻസിന്റെ കണ്ടെത്തൽ വിലയിരുത്തപ്പെടുന്നത്.
ദക്ഷിണ ധ്രുവത്തിൽ ആകെ നാല് പര്യവേക്ഷണങ്ങളാണ് ഏണസ്റ്റ് ഷാക്കിൾടൺ നടത്തിയിട്ടുള്ളത്. 1914ൽ ഷാക്കിൾടണിന്റെ ഇംപീരിയൽ ട്രാൻസ് – അന്റാർട്ടിക് എക്സ്പഡിഷൻ എന്ന യാത്രയുടെ ഭാഗമായി യു.കെയിൽ നിന്ന് പുറപ്പെട്ട എൻഡ്യുറൻസ് തൊട്ടടുത്ത വർഷം അന്റാർട്ടിക്കയിലെ മക്മർഡോ ഉൾക്കടലിലെത്തി.
എന്നാൽ, മോശം കാലാവസ്ഥയിൽ വെഡൽ കടലിലെ മഞ്ഞുപാളികളിൽ ഇടിക്കുകയായിരുന്നു. ഷാക്കിൾടൺ അടക്കം കപ്പലിലിൽ ഉണ്ടായിരുന്ന 28 പേർ എൻഡ്യുറൻസിൽ നിന്ന് രക്ഷപ്പെട്ട് മഞ്ഞുപാളികളിലൂടെ നടന്നും ചെറുബോട്ടുകളിലുമായും രക്ഷപ്പെട്ടു. മാസങ്ങളോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് സംഘം ദക്ഷിണധ്രുവത്തിൽ നിന്ന് പുറത്തെത്തിയത്.
ധൗത്യം പരാജയപ്പെട്ടിരുന്നെങ്കിലും ഷാക്കിൾടണിന്റെ യാത്ര അന്റാർട്ടിക് പര്യവേക്ഷണ രംഗത്തെ ഒഴിച്ചുകൂടാനാകാത്ത അദ്ധ്യായമാണ്. പിന്നീട് 1922ൽ നടന്ന മറ്റൊരു പര്യവേക്ഷണ ധൗത്യത്തിനിടെ സൗത്ത് ജോർജിയ ദ്വീപിൽ വച്ച് 47ാം വയസിൽ ഹൃദയാഘാതത്തെ തുടർന്ന് ഷാക്കിൾടൺ അന്തരിച്ചു.
ഷാക്കിൾടണും സംഘവും ഉപേക്ഷിച്ച എൻഡ്യുറൻസ് പിന്നീട് കടലിൽ മുങ്ങിത്താഴുകയായിരുന്നു. സൗത്ത് ആഫ്രിക്കയിലെ കേപ് ടൗണിൽ നിന്നാണ് എൻഡ്യുറൻസിനെ കണ്ടെത്താനുള്ള സംഘം അഗൽഹാസ് II എന്ന കപ്പലിൽ യാത്ര തുടങ്ങിയത്. എൻഡ്യുറൻസ് 22 എന്നാണ് ധൗത്യത്തിന് നൽകിയ പേര്. അണ്ടർ വാട്ടർ വെഹിക്കിളുകളുടെ സഹായത്തോടെയാണ് എൻഡ്യുറൻസിന്റെ സ്ഥാനം കണ്ടെത്തിയത്.
എൻഡ്യുറൻസ് എന്ന പേര് കപ്പലിൽ എഴുതിയിരിക്കുന്നത് ഇപ്പോഴും കാണാമെന്ന് പര്യവേക്ഷണ സംഘം അറിയിച്ചു. അതേ സമയം, ഇതേ സ്ഥലത്ത് തന്നെ എൻഡ്യുറൻസ് ഇനിയും തുടരും. എൻഡ്യുറൻസിനെ ഇവിടെ നിന്ന് നീക്കാൻ കഴിയില്ല. എന്നാൽ, ഗവേഷകർക്ക് ഇവിടെത്തി പഠനങ്ങൾ നടത്താം.
ഇറച്ചിവെട്ട് യന്ത്രത്തിൽ സ്വർണം കടത്തിയ കേസിൽ കസ്റ്റംസ് അറസ്റ്റ് ചെയ്ത സിനിമാ നിർമ്മാതാവ് സിറാജുദ്ദീനെ റിമാൻഡ് ചെയ്തു. ദുബായിൽ നിന്ന് സ്വർണം കടത്തിയതിന്റെ മുഖ്യ സൂത്രധാരൻ സിറാജുദീനാണെന്നും മുൻപും ഇയാൾ സ്വർണം കടത്തിയിട്ടുണ്ടെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. സിറാജുദ്ദീന്റെ ജാമ്യാപേക്ഷ മറ്റന്നാൾ കോടതി പരിഗണിക്കും.
ഇറച്ചിവെട്ട് യന്ത്രത്തിൽ മാത്രമല്ല മുൻപും കാർഗോ വഴി ദുബായിൽ നിന്നും നാട്ടിലെത്തിച്ച പല ഉപകരണങ്ങളിലും സിറാജുദ്ദീൻ സ്വർണം കടത്തിയിരുന്നതായി കസ്റ്റംസ് കോടതിയിൽ അറിയിച്ചു. വിവിധ വിമാനത്താവളങ്ങൾ വഴിയും തുറമുഖങ്ങൾ വഴിയും സിറാജുദ്ദീൻ സ്വർണം കടത്തിയിട്ടുണ്ട്. അടുത്ത കാലത്താണ് തൃക്കാക്കര നഗരസഭ ചെയർമാന്റെ മകൻ ഷാബിനും സംഘവുമായി സിറാജുദ്ദീൻ ബന്ധം സ്ഥാപിച്ചത്. സുഹൃത്തുക്കൾ എല്ലാവരും ചേർന്ന് ഒരു കോടിയോളം രൂപ സ്വർണ്ണക്കടത്തിനായി സിറാജുദ്ദീന് കൈമാറി. ഹവാല ഇടപാട് വഴിയാണ് പണം ദുബായിലെത്തിച്ചതെന്ന് ഷാബിൻ കസ്റ്റംസിന് മൊഴി നൽകിയിട്ടുണ്ട്.
നേരത്തെ തന്നെ സിറാജുദ്ദീൻ സ്വർണം കടത്തുന്നത് അറിയാമെന്നും ഷാബിൻ മൊഴി നൽകി. ഗൾഫിൽ നിന്ന് ചെന്നൈ വഴി കൊച്ചിയിലേക്ക് കടക്കാൻ ശ്രമിക്കവേ ഇന്നലെയാണ് സിറാജുദ്ദീനെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്. സിറാജുദ്ദീന്റെ ജാമ്യം സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കൊച്ചിയിലെ കോടതി മറ്റന്നാള്‍ പരിഗണിക്കും.
ടോൺസിൽ ശസ്ത്രക്രിയയെ തുടർന്ന് മുൻ മിസ് ബ്രസീൽ ഗ്ലെയ്സി കോറിയ (27) അന്തരിച്ചു. തെക്കുകിഴക്കൻ ബ്രസീലിലെ മാകേയിൽ സ്വകാര്യ ക്ലിനിക്കിൽ തിങ്കളാഴ്ചയായിരുന്നു സംഭവം.
ശസ്ത്രക്രിയയെ തുടർന്ന് ആന്തരിക രക്തസ്രാവം ഉണ്ടായ ഗ്ലെയ്സി കൊറിയക്ക് പിന്നീട് ഹൃദയാഘാതം ഉണ്ടാകുകയും അബോധാവസ്ഥയിലാകുകയും ചെയ്തിരുന്നു. രണ്ട് മാസത്തോളം അബോധാവസ്ഥയിൽ കഴിഞ്ഞതിനു ശേഷമായിരുന്നു മരണം.
ടോൺസിൽ ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിൽ വിശ്രമിച്ച മോഡലിന് അഞ്ച് ദിവസത്തിനു ശേഷം രക്തസ്രാവം ഉണ്ടായി. ഇതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏപ്രിൽ നാലിന് ഇവർക്ക് ഹൃദയാഘാതം സംഭവിക്കുകയും അബോധാവസ്ഥയിലാകുകയും ചെയ്തു.
പ്രാദേശിക സമയം വ്യാഴാഴ്ച രാവിലെ 11.30 ന് മാകേയിലെ വസതിയിൽ സംസ്കാരം നടത്തി. മോഡലും ബ്യൂട്ടീഷനുമായിരുന്ന ഗ്ലെയ്സി 2018ലാണ് മിസ് ബ്രസീൽ പട്ടം ചൂടിയത്.
ലണ്ടനിൽ പോളിയോ വെെറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന. ടൈപ്പ് 2 വാക്‌സിന്‍ ഡെറൈവ്ഡ് പോളിയോ വൈറസ് (VDPV2) ആണ് കണ്ടെത്തിയത്. മലിനജല സാമ്പിളുകളുടെ പരിശോധനയിലാണ് പോളിയോ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയാത്. ആളുകളിലേക്ക് വൈറസ് ബാധ എത്തിയിട്ടില്ല. ഇത് സംബന്ധിച്ച് കൂടുതൽ വിശകലനം നടന്നുകൊണ്ടിരിക്കുകയാണെന്നും ലോകാരോഗ്യ സംഘടനയും ബ്രിട്ടീഷ് ആരോഗ്യ ഉദ്യോഗസ്ഥരും അറിയിച്ചു.
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പഠനങ്ങള്‍ പൂര്‍ത്തിയാകുന്നത് വരെ കടുത്ത ജാഗ്രത തുടരണമെന്നും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. പോളിയോ വൈറസ് എല്ലായിടത്തും കുട്ടികൾക്ക് ഭീഷണിയാണ്. പ്രധാനമായും 5 വയസ്സിന് താഴെയുള്ള കുട്ടികളിലാണ് വൈറസ് കൂടുതൽ ബാധിക്കുക.
ദശാബ്ദങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് മാരകമായേക്കാവുന്നതുമായ വൈറൽ രോഗത്തെ ലോകത്ത് നിന്നും തുടച്ചുനീക്കിയത്. 1988-ലാണ് 125 രാജ്യങ്ങളിലായി പോളിയോ പടർന്നുപിടിച്ചത്. അന്ന് ലോകമെമ്പാടും 350,000 കേസുകൾ രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
വാക്സിനേഷൻ ആരംഭിച്ചത് മുതൽ രോഗത്തെ 99 ശതമാനം പ്രതിരോധിക്കാന്‍ സാധിച്ചിരുന്നു. 1988ന് ശേഷ പോളിയോ വൈറസിന്റെ വകഭേദങ്ങൾ പാകിസ്താനിലും അഫ്ഗാനിസ്താനിലും റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ അവ അത്ര ഗുരുതരമായിരുന്നില്ല.
രാജ്യത്തെ ഏറ്റവും മികച്ച നടിമാരില്‍ ഒരാളാണ് തബസ്സും ഫാതിമ ഹഷ്‌മി എന്ന തബു. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, മറാത്തി, ബംഗാളി ചിത്രങ്ങളിലെല്ലാം തിളങ്ങിയ താബു രണ്ടു തവണ മികച്ച നടിയ്‌ക്കുള്ള ദേശീയ പുരസ്‌കാരം കരസ്ഥമാക്കിയിട്ടുണ്ട്. പദ്മശ്രീയും ആറു ഫിലിംഫെയര്‍ അവാര്‍ഡുകളും മറ്റനേകം ദേശീയ, രാജ്യാന്തര പുരസ്കാരങ്ങളും തബുവിനെ തേടിയെത്തി. കാലാപാനി, കവർസ്റ്റോറി, രാക്കിളിപ്പാട്ട്, ഉറുമി തുടങ്ങിയ മലയാളചിത്രങ്ങളിലൂടെ മലയാളികൾക്കും പ്രിയങ്കരിയാണ് തബു. 51-ാം വയസ്സിലും അവിവാഹിതയായി തുടരുകയാണ് താരം.
അടുത്തിടെ മുംബൈ മിററിന് നൽകിയ അഭിമുഖത്തിൽ തബു തന്റെ സുഹൃത്തും ബോളിവുഡ് താരവുമായ അജയ് ദേവ്ഗണിനെ കുറിച്ചു പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. കുട്ടിക്കാലത്ത് തന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളായിരുന്നു അജയ് ദേവ്ഗൺ എന്നും തബു വെളിപ്പെടുത്തുന്നു.
“അജയ് എന്റെ കസിൻ സമീർ ആര്യയുടെ അയൽക്കാരനും അടുത്ത സുഹൃത്തുമായിരുന്നു, എന്റെ ചെറുപ്പത്തിന്റെ ഭാഗമായിരുന്നു അവനും, അത് ഞങ്ങളുടെ ബന്ധത്തിന് ശക്തമായ അടിത്തറയിട്ടു. എന്റെ ചെറുപ്പത്തിൽ സമീറും അജയും ചാരപ്പണി ചെയ്യുമായിരുന്നു, അവരെന്നെ ചുറ്റിപ്പറ്റി നടക്കുകയും എന്നോട് സംസാരിക്കുന്ന ആൺകുട്ടികളെ തല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുമായിരുന്നു. അവർ വലിയ ശല്യക്കാരായിരുന്നു, ഇന്ന് ഞാൻ അവിവാഹിതയാണെങ്കിൽ അതിന് കാരണം അജയ് ആണ്. അവൻ ചെയ്തതിൽ പശ്ചാത്തപിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” എന്നാണ് തമാശ കലർത്തി അജയുമായുള്ള സൗഹൃദത്തെ കുറിച്ച് തബു പറഞ്ഞത്.
തനിക്കൊരു പയ്യനെ കണ്ടുപിടിക്കാൻ താൻ അജയിനോട് ആവശ്യപ്പെട്ടിരുന്നതായും തബു പറയുന്നു. “എനിക്ക് വിശ്വസിക്കാൻ കഴിയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അത് അജയ് ആണ്. അവൻ ഒരു കുട്ടിയെപ്പോലെയാണ്, അതേ സമയം ഒരു സംരക്ഷനും. അവനുള്ളപ്പോൾ സെറ്റിൽ ടെൻഷനില്ല. ഞങ്ങൾ അതുല്യമായൊരു ബന്ധവും നിരുപാധികമായ സ്നേഹവും പങ്കിടുന്നു.”
തബുവും അജയ് ദേവ്ഗണും തൊണ്ണൂറുകളിലെ ഐകോണിക് ഓൺ-സ്‌ക്രീൻ ജോഡികളാണ്. ഇരുവരുമൊന്നിച്ച് നിരവധി ബ്ലോക്ക്ബസ്റ്ററുകളിൽ അഭിനയിക്കുകയും അടുത്ത സൗഹൃദം പങ്കിടുകയും ചെയ്തിട്ടുണ്ട്. അജയ് ദേവ്ഗണിനൊപ്പം വിജയപഥ് (1994), ഹഖീഖത്ത് (1995), തക്ഷക് (1999), ദൃശ്യം (2015), ഗോൾമാൽ എഗെയ്ൻ (2017), ദേ ദേ പ്യാർ ദേ (2019) തുടങ്ങിയ ചിത്രങ്ങളിൽ തബു അഭിനയിച്ചിട്ടുണ്ട്. ദൃശ്യം 2, തമിഴ് ചിത്രം കൈതിയുടെ റീമേക്ക് ആയ ആക്ഷൻ ഡ്രാമ ചിത്രം ഭോല എന്നിവയിലും തബുവും അജയും ഒന്നിച്ച് സ്ക്രീൻ പങ്കിടുന്നുണ്ട്.
പിന്നീട്, ആർജെ സിദ്ധാർത്ഥ് കണ്ണനുമായി സംസാരിക്കവെ ഒരിക്കലും അജയ് ദേവ്ഗൺ തന്നോട് വിവാഹം കഴിച്ച് സ്ഥിരതാമസമാക്കാൻ ആവശ്യപ്പെടില്ലെന്നും തബു പറഞ്ഞു. “അവർക്ക് എന്നെ നന്നായി അറിയാം. എനിക്ക് എന്താണ് നല്ലതെന്നും അവർക്കറിയാം.”
തബുവിന് എന്താണ് നല്ലത്? എന്ന് സിദ്ധാർത്ഥ് ചോദിച്ചപ്പോൾ, “ഞങ്ങൾ അവൾക്ക് നല്ലതാണ്” എന്നായിരുന്നു അജയിന്റെ മറുപടി. കുട്ടിക്കാലം മുതൽ ഞങ്ങളിങ്ങനെയാണെന്നും അജയ് പറഞ്ഞു. എന്തുകൊണ്ടാണ് തബു ഇപ്പോഴും സെറ്റിൽഡ് ആവാത്തത് എന്ന ചോദ്യത്തിന്, ഞാനവന്റെ കുടുംബത്തിൽ സ്ഥിരതാമസമാക്കി എന്നായിരുന്നു തബുവിന്റെ രസകരമായ മറുപടി.
കോവളത്ത് വിദേശവനിത കൊല്ലപ്പെട്ട കേസിൽ നിർണായക വഴിത്തിരിവ്. കേസിലെ സാക്ഷിയായ കെമിക്കൽ എക്സാമിനർ വിചാരണയ്ക്കിടെ കൂറുമാറിയതായി കോടതി. പൊലീസിൻ്റെ ചീഫ് കെമിക്കൽ എക്സാമിനേഷൻ ലാബിലെ അസി. കെമിക്കൽ എക്സാമിനർ പി.ജി. അശോക് കുമാറാണ് കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചത്. ഒന്നാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്‌ജി കെ.കെ. ബാലകൃഷ്ണൻ കേസ് പരിഗണിക്കുന്ന വേളയിലാണ് കോടതിയിൽ നാടകീയ സംഭവങ്ങൾ.
വിദേശവനിതയുടെ നെഞ്ചിലെ അസ്ഥിക്കുള്ളിലെ മജ്ജയിൽ വെള്ളത്തിൽ കണ്ടുവരുന്ന ഡയാറ്റം എന്ന സൂക്ഷ്മജീവിയുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നതായി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ അശോക് കുമാർ മൊഴിനൽകുകയായിരുന്നു. ഇതേ സൂക്ഷ്മ ജീവിയുടെ സാന്നിദ്ധ്യം മൃതദേഹം കാണപ്പെട്ട തുരുത്തിലെ ചെളിയിൽ നിന്ന് പൊലീസ് ശേഖരിച്ച് ശാസ്ത്രീയ പരിശോധനക്കയച്ച വെള്ളത്തിലും ഉണ്ടായിരുന്നുവെന്ന് അശോക് കുമാർ കോടതിയിൽ മൊഴിനൽകി. മുങ്ങിമരണ കേസുകളിലാണ് സാധാരണ ഇത്തരം പരിശോധന നടത്താറുള്ളതെന്നും സാക്ഷി വിശദീകരിച്ചു.
പൊലീസും പ്രോസിക്യൂഷനും ശ്രദ്ധിക്കാതെ പോയ ഇക്കാര്യം സാക്ഷിയുടെ ക്രോസ് വിസ്താരത്തിൽ പ്രതിഭാഗം ഉന്നയിക്കുകയായിരുന്നു. ഇപ്രകാരം ഡയാറ്റം മജ്ജയിൽ കാണുന്നത് മുങ്ങിമരണം സംഭവിച്ചാലല്ലേ എന്ന പ്രതിഭാഗത്തിൻ്റെ ചോദ്യത്തിന് എക്സാമിനർ അതേസ എന്നായിരുന്നു രേഖകളുടെ അടിസ്ഥാനത്തിൽ മറുപടി നൽകിയത്.
മാത്രമല്ല മൃതദേഹത്തിൽ നിന്ന് ശേഖരിച്ച് നൽകിയ ആന്തര അവയവ ഭാഗങ്ങളിൽ പുരുഷബീജത്തിൻ്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നില്ലെന്നും കെമിക്കൽ എക്സാമിനർ മൊഴിനൽകിയിട്ടുണ്ട്. മൃതദേഹം എത്ര വർഷം കഴിഞ്ഞാലും, എത്ര ചീഞ്ഞാലും ആന്തരാവയവങ്ങളിൽ പുരുഷബീജത്തിന്റെ സാന്നിദ്ധ്യമുണ്ടെങ്കിൽ അത് നിലനിൽക്കുമെന്നും എക്സാമിനർ കോടതിയിൽ വ്യക്തമാക്കി. പ്രോസിക്യൂഷൻ്റെ വാദങ്ങളെ തള്ളിക്കൊണ്ടാണ് ശാസ്ത്രീയ പരിശോധനാ റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയുള്ള സാക്ഷിമൊഴി കോടതിയിൽ എത്തിയത്.
കേവളത്ത് വിദേശവനിതയെ ക്രൂരമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയെന്നാണ് കേസ്. സാക്ഷിമൊഴിയിൽ നിന്ന് വിദേശവനിത പീഡിപ്പിക്കപ്പെട്ടില്ലെന്ന് തെളിഞ്ഞത് പ്രോസിക്യൂഷന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. ഇതേ തുടർന്നാണ് സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ മോഹൻരാജ് സാക്ഷി കൂറുമാറിയതായി പ്രഖ്യാപിക്കാൻ കോടതിയോട് ആവശ്യപ്പെടുകയായിരുന്നു.
എറണാകുളം ജില്ലയില്‍ ഡെങ്കിപ്പനി പടരുന്നു. ഈ മാസം ഇതുവരെ ജില്ലയില്‍ 143 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. പകുതിയിലധികം രോഗികളും കൊച്ചി കോര്‍പ്പറേഷനിലാണ്. ജില്ലയില്‍ രണ്ടു പേര് രോഗം ബാധിച്ചു മരിച്ചു. 660 പേരാണ് ജില്ലയില്‍ രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയത്.
കൊച്ചി കോര്‍പ്പറേഷന്റെ മാലിന്യ നിര്‍മാര്‍ജനം കാര്യക്ഷമമല്ലെന്ന വിമര്‍ശനത്തിനിടെയാണ് ജില്ലയില്‍ ഡെങ്കിപ്പനി പടരുന്നത്. കോര്‍പ്പറേഷന്റെ കൊതുകു നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളും നിര്‍ജീവമാണെന്നു വിമര്‍ശനമുയരുന്നുണ്ട്.
വിവരാവാകാശ നിയമപ്രകാരം ലഭിച്ച രേഖയില്‍ കഴിഞ്ഞ മാര്‍ച്ച് 31നു ശേഷം കൊതുകു നിര്‍മാര്‍ജനത്തിനു വേണ്ട പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ നടന്നിട്ടില്ല. എത്രയും പെട്ടെന്ന് ഇതിനു വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടും കോര്‍പ്പറേഷന്റെ അനാസ്ഥയാണ് രോഗം പടരാന്‍ കാരണമായതെന്നാണ് വിമര്‍ശനം.
അഭയകേസിലെ പ്രതികളുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി. പ്രധാന പ്രതികളായ സിസ്റ്റർ സെഫി, ഫാദർ തോമസ് കോട്ടൂർ എന്നിവര്‍ക്ക് ജാമ്യവും അനുവദിച്ചിട്ടുണ്ട്. അഭയ കേസിലെ ജീവപര്യന്തം തടവ് ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്ന പ്രതികളുടെ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.
കോടതിക്ക് വസ്തുതകൾ വിലയിരുത്തുന്നതിൽ പിഴവുണ്ടായെന്ന് ചൂണ്ടിക്കാട്ടി ഒന്നും മൂന്നും പ്രതികളായ സിസ്റ്റര്‍ സെഫിയും ഫാ. തോമസ് കോട്ടൂരും നൽകിയ ഹര്‍ജികളിലാണ് ജസ്റ്റിസ് വിനോദ് ചന്ദ്രന്റെ അധ്യക്ഷതയിലുയിലുള്ള ഡിവിഷന്‍ ബെഞ്ച് വിധി പറഞ്ഞത്. നേരത്തെ കേസില്‍ പ്രതിയായിരുന്ന ജോസ് പിതൃക്കയിലിനെ തെളിവുകളുടെ അഭാവത്തിലാണ് കുറ്റ വിമുക്തനാക്കിയത്. അദ്ദേഹത്തിനു ലഭിച്ച സ്വാഭാവിക നീതിക്ക് തങ്ങളും അർഹരാണെന്നാണ് പ്രതികൾ വാദിച്ചത്. തിരുവനന്തപുരം സിബിഐ കോടതിയുടെ ശിക്ഷാ വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇരുവരും സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഈ അപ്പീലില്‍ വിധി വരുന്നതുവരെ ശിക്ഷ മരവിച്ചിക്കണമെന്നായിരുന്നു പ്രതികളുടെ ആവശ്യം.
കോട്ടയം പയസ് ടെൻത് കോൺവെന്റ് അന്തേവാസിയായിരുന്ന സിസ്റ്റർ അഭയയെ 1992 ലാണ് മഠത്തിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം സി.ബി.ഐ കോടതി 2020 ഡിസംബർ 23നാണ് കേസില്‍ ഫാ. കോട്ടൂരിന് ഇരട്ട ജീവപപര്യന്തവും സിസ്റ്റർ സെഫിക്ക് ജീവപര്യന്തവും ശിക്ഷയും വിധിച്ചത്.ശിക്ഷ പ്രഖ്യാപിച്ചതു മുതൽ ഇരുവരും ജയിലിലാണ്. തെളിവില്ലാതെയാണ് ശിക്ഷ വിധിച്ചതെന്നും അതിനാൽ ശിക്ഷ മരവിപ്പിക്കണമെന്നുമായിരുന്നു ആവശ്യം. അത് പരിഗണിച്ചാണ് ഹൈക്കോടതി ശിക്ഷ മരവിപ്പിച്ചത്. 5 ലക്ഷം രൂപ കെട്ടി വയ്ക്കണം, സംസ്ഥാനം വിടരുത്, മറ്റു കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത് തുടങ്ങിയ കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.