Latest News

2020 ല്‍ മലയാളത്തില്‍ ഇറങ്ങിയ സിനിമകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രങ്ങളിലൊന്നായിരുന്നു വരനെ ആവശ്യമുണ്ട്. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ ആയിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. ജോണി ആന്റണിയും ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഡോ. ബോസ് എന്നായിരുന്നു അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ പേര്. ജോണി ആന്റണി ഷൂട്ടിംഗ് സെറ്റിലും വളരെ പോസിറ്റീവായിരുന്നെന്ന് അനൂപ് പറയുന്നു.

‘ജോണി ചേട്ടന്റെ സീന്‍ ഷൂട്ട് ചെയ്യാനുണ്ടെങ്കില്‍ ഒരു കോമഡി സിനിമ കാണുന്ന മൂഡിലാണ് ലൊക്കേഷനിലേക്ക് ചെല്ലുക. എല്ലാത്തിലും ഹ്യൂമറാണ്. സി.ഐ.ഡി. മൂസ എന്ന സിനിമ സംവിധാനം ചെയ്ത സംവിധായകനാണ്. അതുകൊണ്ടു തന്നെ അപാര ടൈമിംഗാണ്. നമ്മള്‍ കട്ടെന്ന് പറയുന്നത് തന്നെ ചിരിച്ചു കൊണ്ടായിരിക്കും,’ അനൂപ് പറയുന്നു.

സിനിമയില്‍ ഈ ക്യാരക്ടറിനെ മാത്രമാണ് കെട്ടഴിച്ച് വിട്ടതെന്നും അനൂപ് കൂട്ടിച്ചേര്‍ത്തു. ആക്ഷന്‍ തുടങ്ങി കഴിഞ്ഞാല്‍ നമ്മളെ സര്‍പ്രൈസ് ചെയ്യിക്കുന്ന ഒരുപാട് കാര്യങ്ങള്‍ ജോണിയില്‍ നിന്ന് കിട്ടുമെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലം കല്ലുവാതുക്കലിൽ കരിയില കൂനയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ചു കൊന്ന കേസുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെ കാണാതായ രണ്ട് യുവതികളെയും മരിച്ച നിലയിൽ കണ്ടെത്തി. ഊഴായിക്കോട് സ്വദേശികളായ ആര്യ (23) ഗ്രീഷ്മ (22) എന്നിവരാണ് മരിച്ചത്. ആര്യയുടെ മൃതദേഹം ഉച്ചക്ക് കണ്ടെത്തിയിരുന്നു. ഗ്രീഷ്‌മയുടെ മൃതദേഹം വൈകിട്ടോടെ കണ്ടെത്തി. ഇത്തിക്കരയാറിൽ നിന്നാണ് രണ്ടുപേരുടെയും മൃതദേഹം കണ്ടെത്തിയത്. കേസിൽ അറസ്റ്റിലായ രേഷ്മയുടെ ബന്ധുക്കളാണ് ഇരുവരും.

കരിയില കൂനയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ചു കൊന്ന കേസിലെ പ്രതി രേഷ്മയുടെ ഭർതൃസഹോദര ഭാര്യയെയും, സഹോദരിയുടെ മകളെയുമാണ് കാണാതായത്. ഇന്നലെ വൈകിട്ട് മൂന്നു മണിക്ക് ഹാജരാകാനാണ് പാരിപ്പള്ളി പൊലീസ് ഇവരോട് ആവശ്യപ്പെട്ടിരുന്നത്. ഉച്ചയ്ക്ക് 12 മണി മുതൽ ഇരുവരെയും ബന്ധുക്കൾ കണ്ടിട്ടില്ല. ഇത്തിക്കരയാറിന് സമീപത്തുകൂടി ഇരുവരും നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങൾ കിട്ടിയതിനെ തുടർന്നാണ് പരിസരത്ത് പൊലീസ് പരിശോധന നടത്തിയത്.

പ്രതി രേഷ്മ ഉപയോഗിച്ചിരുന്നത് സഹോദര ഭാര്യയുടെ പേരിലുള്ള സിം കാർഡായിരുന്നു. ഇക്കാര്യത്തെ കുറിച്ച് ചോദിച്ചറിയാനാണ് ഇവരെ പാരിപ്പള്ളി പൊലീസ് വിളിപ്പിച്ചത്. പൊലീസ് വിളിപ്പിച്ചതിന് പിന്നാലെ ഈ യുവതി അസ്വസ്ഥയായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. മരിച്ച ഗ്രീഷ്മയ്ക്ക് കേസുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇരുവരുടെയും മരണം ദുരൂഹതയായി തുടരുന്നു.

ബ്രിട്ടീഷ് നാവികസേനയുടെ ഭാഗത്ത് നിന്ന് കൂടുതല്‍ പ്രകോപനപരമായ നീക്കമുണ്ടാകുന്ന പക്ഷം കരിങ്കടലില്‍ നിലയുറപ്പിച്ചിട്ടുള്ള ബ്രിട്ടീഷ് യുദ്ധക്കപ്പലുകള്‍ ബോംബിട്ട് തകര്‍ക്കുമെന്ന്‌ റഷ്യയുടെ മുന്നറിയിപ്പ്. ബ്രിട്ടീഷ് നാവികസേനാ കപ്പലുകള്‍ തങ്ങളുടെ സമുദ്രാതിര്‍ത്തി ലംഘിച്ചതായി ചൂണ്ടിക്കാട്ടി റഷ്യയിലെ ബ്രിട്ടീഷ് അംബാസിഡറെ വിളിച്ചു വരുത്തി റഷ്യ പ്രതിഷേധം രേഖപ്പെടുത്തി. എന്നാല്‍, റഷ്യ അവകാശപ്പെടുന്നതു പോലെ കപ്പലുകള്‍ ക്രിമിയന്‍ പ്രദേശത്തല്ലെന്നും യുക്രൈന്റെ സമുദ്രാതിര്‍ത്തിമേഖലയിലാണെന്നും ബ്രിട്ടനും മറ്റ് രാഷ്ട്രങ്ങളും പ്രതികരിച്ചു.

ബ്രിട്ടന്റെ നാവികക്കപ്പലായ എച്ച്എംഎസ് ഡിഫന്‍ഡറിന്റെ സഞ്ചാരമാര്‍ഗം തടസ്സപ്പെടുത്താനുള്ള ശ്രമം റഷ്യയുടെ ഭാഗത്ത് നിന്നുണ്ടായതായി ബ്രിട്ടന്‍ അറിയിച്ചു. ഇരുപതിലധികം വിമാനങ്ങളും രണ്ട് തീരസംരക്ഷണസേനാകപ്പലുകളും ചേര്‍ന്ന സംഘം ഡിഫന്‍ഡറിനെ ലക്ഷ്യമാക്കി എത്തുകയും കപ്പലില്‍ ബോംബ് വര്‍ഷിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ബ്രിട്ടന്‍ വ്യക്തമാക്കി. സംഭവത്തെ റഷ്യ അകാരണമായി വളച്ചൊടിക്കുകയാണെന്നും ബ്രിട്ടന്‍ ആരോപിച്ചു.

കരിങ്കടലില്‍ ബ്രിട്ടന്‍ നടത്തുന്നത് ‘അപകടകരമായ’ നീക്കമാണെന്ന് ബ്രിട്ടീഷ് അംബാസഡര്‍ ദെബോറ ബ്രോണര്‍ട്ടിനെ വിളിച്ചുവരുത്തി റഷ്യ ശകാരിച്ചു. ബ്രിട്ടന്‍ അടിസ്ഥാനരഹിതമായ നുണകള്‍ ആരോപിക്കുകയാണെന്ന് വിദേശകാര്യമന്ത്രാലയം സെക്രട്ടറി മറിയ സഖറോവ കുറ്റപ്പെടുത്തി. അന്താരാഷ്ട്ര നിയമത്തെ മാനിക്കണമെന്ന് ആഗ്രഹിക്കുന്നതായും അത് നടപ്പാകാത്ത പക്ഷം ബോംബിടുമെന്നും വിദേശകാര്യസഹമന്ത്രി സെര്‍ഗെ റ്യായ്‌കോബ് പറഞ്ഞു.

ഡിഫന്‍ഡറിന്റെ സഞ്ചാരപാതയില്‍ റഷ്യ ബോംബിട്ടെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു റ്യായ്‌കോബ്. തുടര്‍ന്നും പ്രകോപനമുണ്ടായാല്‍ പാതയിലല്ല മറിച്ച് കപ്പലില്‍ തന്നെ ബോംബിടുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. മെഡിറ്ററേനിയനില്‍ തങ്ങളുടെ ആധിപത്യം വര്‍ധിപ്പിക്കാന്‍ കരിങ്കടലില്‍ റഷ്യ നടത്തുന്ന നീക്കങ്ങളാണ് നൂറ്റാണ്ടുകളായി ടര്‍ക്കി, ഫ്രാന്‍സ്, ബ്രിട്ടന്‍, യുഎസ് എന്നീ എതിരാളികളുമായുള്ള റഷ്യയുടെ ശത്രുതയുടെ ഒരു പ്രധാന കാരണം.

താന്‍ സ്ത്രീവിരുദ്ധനാണെന്ന വിമര്‍ശനത്തിന് മറുപടിയുമായി നടനും ബിഗ്‌ബോസ് താരവുമായ സാബു. ബിഗ് ബോസിനുള്ളില്‍ വെച്ച് ഹിമ ശങ്കറിന്റെ കഴുത്തിന് കുത്തി പിടിക്കുകയും രഞ്ജിനിയെ തെറിവിളിക്കുകയും ചെയ്തതായി വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ആരോപണങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.

‘സീസണ്‍ ഒന്നില്‍ സാബുമോന്‍ കുറച്ച് സ്ത്രീ വിരുദ്ധത പ്രകടിപ്പിച്ചില്ലേ. പിന്നീട് നിങ്ങളുടെ ആര്‍മി തന്നെ സീസണ്‍ 2 വിലെ രജിത് കുമാറിനെയും സീസണ്‍ മൂന്നില്‍ വന്ന സജ്ന-ഫിറോസിനെയും സപ്പോര്‍ട്ട് ചെയ്തില്ലേ’- എന്നായിരുന്നു വിമര്‍ശകന്റെ ചോദ്യം.

ഇതിനു താരത്തിന്റെ മറുപടി ഇങ്ങനെ… ‘ഹിമയോട് എന്ത് സ്ത്രീവിരുദ്ധതയാണ് ഞാന്‍ ചെയ്തത്. അതിനൊരു ക്ലാരിഫിക്കേഷന്‍ വേണം. എന്നെ സ്പ്രേ കുപ്പി വെച്ച് അടിച്ചിരുന്നു. എന്റെ ദേഹം നോവുകയാണെങ്കില്‍ ലോകത്തെ ഏത് മനുഷ്യനെ ആണെങ്കിലും ഇടിച്ച് ഞാന്‍ ശരിയാക്കി കളയും. അതില്‍ ഒരു സംശയവുമില്ല. ഇടിച്ച് തറയിലിടാന്‍ പറ്റാത്തത് കൊണ്ടുള്ള എന്റെ യാദൃശ്ചികമായ പ്രതികരണമാണിത്. അതാണോ സ്ത്രീവിരുദ്ധത. എന്റെ ശരീരത്തിന് എതിരെ ആക്രമിക്കുന്നത് പ്രതിരോധിക്കുന്നതാണോ സ്ത്രീവിരുദ്ധത. സ്ത്രീ എന്നല്ല ഏത് പുരുഷനാണെങ്കിലും എന്റെ ശരീരത്തേക്ക് കടന്ന് കയറിയാല്‍ കുരവള്ളി പൊട്ടിച്ച് കളയും. ഇപ്പോള്‍ ഞാന്‍ നടന്ന് പോകുമ്പോള്‍ ഒരു പുലിയാണ് ദേഹത്തേക്ക് ചാടുന്നതെങ്കില്‍ അതിനെതിരെയും പോരാടും.’

‘എന്റെ ശരീരത്ത് തൊട്ടതിനാണ് ഞാന്‍ തിരിച്ച് കൊടുത്തത്. ഒരു മനുഷ്യനെന്ന നിലയില്‍ നമ്മള്‍ പ്രതികരിക്കും. അതെങ്ങനെയാണ് സ്ത്രീ വിരുദ്ധത ആവുന്നത്. അതിനകത്ത് എങ്ങനെയാണ് ലിംഗസമത്വം ഇല്ലാതെയാകുന്നത്. ഈ പബ്ലിക് പ്ലാറ്റ് ഫോമില്‍ ഞാന്‍ കാണിച്ച സ്ത്രീവിരുദ്ധത എന്താണെന്ന് തുറന്ന് കാണിക്കൂ. രഞ്ജിനി ഹരിദാസിനെ ഞാന്‍ തെറി വിളിച്ചെന്നും നിങ്ങള്‍ പറഞ്ഞു. എന്ത് തെറിയാണ് വിളിച്ചതെന്ന് ചോദിച്ചപ്പോള്‍ മറുപടിയില്ല. ഹിമയുടെ കൊങ്ങയ്ക്ക് കുത്തി പിടിച്ചിരുന്നു. കണ്ണൂരുള്ള ചേച്ചിയെ ചീത്ത വിളിച്ചു, കലാഭവന്‍ മണിയെ വിഷം കൊടുത്ത് കൊന്നു, തുടങ്ങിയ ഊച്ചാളിത്തരം കൊണ്ട് ഇങ്ങോട്ട് വരരുത്.’- സാബു പറഞ്ഞു

അമേരിക്കയിലെ മയാമിയിൽ 12 നില കെട്ടിടം തകർന്ന് വീണു. മൂന്ന് പേർ അപകടത്തിൽ മരിച്ചതായാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. 99 പേരെ കാണാനില്ലെന്ന് പോലീസ് അറിയിച്ചു. ഇവർക്കായി തെരച്ചിൽ തുടരുന്നു. ഇതുവരെ 102 പേരെ രക്ഷിക്കാൻ കഴിഞ്ഞു. ഇവരിൽ പത്ത് പേർക്ക് പരിക്കുണ്ട്. സർഫ് സൈഡ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന അപ്പാർട്ട്മെന്‍റ് കെട്ടിടമാണ് ഭാ​ഗികമായി തകർന്നത്.

അപകടം നടക്കുന്ന സമയം എത്രപേർ കെട്ടിടത്തിൽ ഉണ്ടായിരുന്നു എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നാണ് പൊലീസ് പറയുന്നത്. 130ഓളം അപ്പാർട്ട്മെന്‍റുകൾ ഈ കെട്ടിടത്തിൽ ഉണ്ടായിരുന്നു.

കെട്ടിടത്തിന് കേടുപാടികൾ ഉണ്ടായിരുന്നില്ല. അപകടത്തിന്‍റെ കാരണം വ്യക്തമല്ല. എന്ത് സഹായവും ലഭ്യമാക്കുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ പറഞ്ഞു. രക്ഷപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളും ഉണ്ട്. രക്ഷാപ്രവർത്തനത്തിന് സഹായം ലഭ്യമാക്കാൻ പ്രദേശത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

1980ൽ നിർമ്മിച്ച കെട്ടിടമാണ് തകർന്ന് വീണിരിക്കുന്നത്. ഇവിടെ കഴിഞ്ഞിരുന്ന ലാറ്റിനമേരിക്കയിൽ നിന്നുള്ള കുടിയേറ്റക്കാരിൽ പലരേയും കാണാനില്ലെന്ന് അവരുടെ കോൺസുലേറ്റുകൾ അറിയിച്ചു.

എം.മോഹനന്‍ സംവിധാനം ചെയ്ത് ശ്രീനിവാസന്‍ തിരക്കഥയും സഹനിര്‍മ്മാണവും നിര്‍വ്വഹിച്ച ചിത്രമാണ് കഥ പറയുമ്പോള്‍. ചിത്രത്തില്‍ അശോക് രാജായി വേഷമിട്ട മമ്മൂട്ടി അഭിനയിച്ചതിന് കാശ് വാങ്ങിയിട്ടില്ലെന്നാണ് ശ്രീനിവാസന്‍ പറയുന്നത്. നടന്‍ മുകേഷും ശ്രീനിവാസനും ചേര്‍ന്ന് നടത്തുന്ന നിര്‍മ്മാണകമ്പനിയായ ലൂമിയര്‍ ഫിലിം കമ്പനിക്ക് കാശ് വാങ്ങിക്കാത്തവരോടാണ് കൂടുതല്‍ ഇഷ്ടമെന്നും ശ്രീനിവാസന്‍ പറയുന്നു. ഇതുപോലെ തുടര്‍ന്നും കാശ് വാങ്ങാതെ എല്ലാവരും തങ്ങളോട് അഭിനയിച്ച് സഹകരിക്കണമെന്നും ശ്രീനിവാസന്‍ പറയുന്നു.

ലൂമിയര്‍ ഫിലിം കമ്പനി തുടങ്ങിയതിനെക്കുറിച്ച് ശ്രീനിവാസന്‍ നേരത്തേ മറ്റൊരഭിമുഖത്തില്‍ പറഞ്ഞിരുന്നു.

‘ഞങ്ങള്‍ ലൂമിയര്‍ ഫിലിം കമ്പനി എന്ന ബാനര്‍ ഉണ്ടാക്കുന്നത് അപ്രതീക്ഷിതമായിട്ടാണ്. മുകേഷിന് അറിയാവുന്ന രണ്ടുപേര്‍ക്ക് സിനിമ നിര്‍മ്മിക്കാന്‍ ആഗ്രഹമുണ്ടെന്നും എന്തെങ്കിലും കഥയുണ്ടേല്‍ പറയണമെന്നും മുകേഷ് പറഞ്ഞിരുന്നു. എന്റെ മനസില്‍ ഒരു കഥ വന്നപ്പോള്‍ ഞാന്‍ അത് മുകേഷിനോട് പറഞ്ഞു. അങ്ങനെ മുകേഷിന്റെ പരിചയക്കാര്‍ സിനിമ നിര്‍മ്മിക്കട്ടെ എന്ന് തീരുമാനിച്ചു.

പക്ഷേ അവര്‍ക്ക് ആ സമയത്ത് എന്തോ ഫണ്ട് റെഡിയായില്ല. അങ്ങനെയൊരു അവസരത്തില്‍ മുകേഷ് എന്നോട് ചോദിച്ചു. ഇത് നമുക്ക് തന്നെ നിര്‍മ്മിച്ചാലോ എന്ന്. അങ്ങനെയാണ് ലൂമിയര്‍ ഫിലിം കമ്പനി സംഭവിക്കുന്നത്,’

അച്ഛനും അമ്മയും ഇല്ലാതെ പറക്കമുറ്റാത്ത മൂന്ന് സഹോദരങ്ങള്‍ക്കായി കൂലിപ്പണി എടുത്ത് താങ്ങാവുകയാണ് 18കാരന്‍ നാഗരാജ്. ബദിയഡുക്ക കുംബഡാജെ കാജ കാരയ്ക്കാട് എസ്.സി. കോളനിയിലെ നാഗരാജ് ആണ് സഹോദരങ്ങളായ ഹര്‍ഷരാജ്, അപര്‍ണ, സനത്ത്രാജ് എന്നിവര്‍ക്കാണ് സ്വന്തം ജീവിതം മാറ്റിവെച്ച് നാഗരാജ് കുടുംബഭാരം ഏറ്റെടുത്തത്.

ദുരിതങ്ങള്‍ക്കിടയിലും കുട്ടികളെ പഠിപ്പിക്കുന്നതിലായിരുന്നു രാഘവന്റെയും സീതയുടെയും ശ്രദ്ധ. രാപകല്‍ ജോലിചെയ്തും കടംവാങ്ങിയും അത്യാവശ്യം സൗകര്യമുള്ള വീടും അവര്‍ നിര്‍മിച്ചു. നാഗരാജ് പ്ലസ് ടു ജയിച്ചെത്തമ്പോഴേക്കും തലയില്‍ അര്‍ബുദം ബാധിച്ച് സീത മരണപ്പെട്ടു. ഭാര്യയുടെ അപ്രതീക്ഷിത വിയോഗത്തില്‍ തളര്‍ന്ന രാഘവന്‍ ഏപ്രില്‍ 13-ന് സ്വയം മരണംവരിക്കുകയായിരുന്നു. ഇതോടെ കുടുംബം അനാഥപ്പെട്ടു.

ദുരന്തങ്ങളില്‍ അടിപതറിയെങ്കിലും വിധിക്ക് കീഴടങ്ങാതെ സഹോദരങ്ങളുടെ ജീവിതം ഭദ്രമാക്കാനുള്ള നീക്കത്തിലാണ് നാഗരാജ്. വല്ലപ്പോഴും കൂലിപ്പണിക്ക് പോയി കിട്ടുന്ന ചെറിയ വരുമാനം കൊണ്ടാണ് കുടുംബം കഴിയുന്നത്. സ്വന്തം പഠനം ഉപേക്ഷിച്ചാലും നാലിലും പത്തിലും പഠിക്കുന്ന അനിയന്മാരെയും അഞ്ചാം ക്ലാസിലെ അനിയത്തിയെയും പഠിപ്പിക്കാനുള്ള ദൃഢനിശ്ചയവുമായി കൂലിവേല ചെയ്യുകയാണ് നാഗരാജ്.

അതിനിടയില്‍ ഐ.ടി.ഐ.യില്‍ ചേര്‍ന്ന് വെല്‍ഡിങ് പഠിച്ച് സ്വയംതൊഴില്‍ ചെയ്യാനും നാഗരാജിന് ആഗ്രഹമുണ്ട്. വീട് നിര്‍മിക്കാനായി രക്ഷിതാക്കള്‍ എടുത്ത കടം ഇപ്പോഴും ബാക്കിയാണ്. എസ്.സി. ബാങ്കില്‍നിന്നെടുത്ത എഴുപത്തഞ്ചായിരം രൂപ വായ്പയില്‍ ഇരുപതിനായിരം മാത്രമേ അടച്ചിട്ടുള്ളൂ. സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പന്ത്രണ്ടായിരത്തോളം രൂപയും അടയ്ക്കാന്‍ ബാക്കിയുണ്ട്.

ഈ കടങ്ങളും സഹോദരങ്ങളുടെ പഠിപ്പും നാഗരാജിന് വെല്ലുവിളിയാണ്. പഠനം ഓണ്‍ലൈനാവുമ്പോള്‍ സ്മാര്‍ട്ട് ഫോണും ഓണ്‍ലൈന്‍ ക്ലാസും ഇവര്‍ക്ക് ലഭിക്കുന്നില്ല. കൂലിപ്പണിയില്‍നിന്ന് കിട്ടുന്ന ചെറിയ വരുമാനം ഭക്ഷണത്തിനുതന്നെ തികയാതെ വരുമ്പോള്‍ സ്മാര്‍ട്ട് ഫോണ്‍ വാങ്ങാനോ മാസംതോറും റീചാര്‍ജ് ചെയ്യാനോ എങ്ങനെ കഴിയുമെന്ന ആശങ്കയിലാണ് നാഗരാജ്.

ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഐപിഎസ് വിരമിക്കാനിരിക്കെ സംസ്ഥാനത്തെ പുതിയ പോലീസ് മേധാവി സ്ഥാനത്തേക്ക് അന്തിമ ചുരുക്ക പട്ടികയായി. മൂന്ന് പേരാണ് ചുരുക്കപ്പട്ടികയിലുള്ളത്. സുധേഷ്‌കുമാർ, ബി സന്ധ്യ, അനിൽകാന്ത് എന്നിവരാണ് യുപിഎസ്‌സിയുടെ അന്തിമ പട്ടികയിലുള്ളത്.

മുമ്പ് പറഞ്ഞുകേട്ടിരുന്ന പേരുകളിലൊന്നായ ടോമിൻ തച്ചങ്കരിയുടെ പേര് അന്തിമ പട്ടികയിൽ നിന്ന് പുറത്തായി. പട്ടികയിലുള്ള ബി സന്ധ്യ നിലവിൽ ഫയർഫോഴ്‌സ് മേധാവിയാണ്. സുധേഷ് കുമാർ വിജിലൻസ് ഡയറക്ടറും അനിൽകാന്ത് റോഡ് സേഫ്റ്റി കമ്മീഷ്ണറുമാണ്.

ഇവരിൽ മൂന്ന് പേരിൽ ഒരാളെ സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്ക് സംസ്ഥാന സർക്കാരിന് തെരഞ്ഞെടുക്കാം. പോലീസ് മേധാവി സ്ഥാനത്തേക്ക് അന്തിമ പട്ടിക തയ്യാറാക്കാൻ വ്യാഴാഴ്ച ഡൽഹിയിലെ യുപിഎസ്‌സിയിൽ നടന്ന യോഗത്തിൽ ചീഫ് സെക്രട്ടറിയും സംസ്ഥാന പോലീസ് മേധാവിയും പങ്കെടുത്തിരുന്നു. നിലവിലെ ഡിജിപി ലോക്‌നാഥ് ബെഹറ ജൂൺ 30നാണ് സർവീസിൽ നിന്ന് വിരമിക്കുക.

യുകെയിലെ ബ്രാഡ് ഫോർഡിൽ താമസിക്കുന്ന നെവിൻ മാത്യുവിന്റെ ഭാര്യ അമൃത നിര്യാതയായി. റയൻ ഏകമകനാണ്. നെവിൻ യുകെയിൽ സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി നോക്കുകയാണ്. സൗത്ത് ഇന്ത്യൻ ബാങ്കിൽ അസിസ്റ്റൻറ് മാനേജറായി ജോലി ചെയ്തിരുന്ന അമൃത കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് കഴിഞ്ഞദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഒരു ദിവസത്തെ ആശുപത്രി വാസത്തിന്റെ അന്ത്യത്തിൽ മരണമടയുകയായിരുന്നു .

മൂവാറ്റുപുഴ നിർമല കോളേജ് ബ്രാഞ്ചിൽ നിന്ന് സമീപകാലത്താണ് കുന്നംകുളത്തേയ്ക്ക് ട്രാൻസ്ഫർ ആയത്. തൃശ്ശൂർ അക്കര പരേതനായ ആന്റോ – ഷീല ദമ്പതികളുടെ മകളാണ് അമൃത. അമൃതയുടെ മരണവിവരം അറിഞ്ഞ് ഭർത്താവ് നെവിൻ ഇന്നലെ ഇന്ത്യയിലേക്ക് പുറപ്പെട്ടു. അമൃതയുടെ മൃത സംസ്കാര ചടങ്ങുകൾ പെരിങ്ങഴ സെൻറ് ജോസഫ് ദേവാലയത്തിൽ നടത്തപ്പെടുന്നതാണ്.

നെവിൻ മാത്യുവിന്റെ ഭാര്യയുടെ വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ആനക്കയം പന്തല്ലൂർ മില്ലുംപടിയില്‍ കടലുണ്ടിപ്പുഴയില്‍ ഒഴുക്കിൽപ്പെട്ട് സഹോദരങ്ങളുടെ മക്കളടക്കം മൂന്ന് പെൺകുട്ടികൾ മരിച്ചു. പന്തല്ലൂര്‍ കൊണ്ടോട്ടി വീട്ടില്‍ ഹുസൈ​െൻറ മകള്‍ ഫാത്തിമ ഇഫ്റത്ത് (19), ഹുസൈ​െൻറ സഹോദരന്‍ അബ്​ദുറഹ്മാ​​െൻറ മകള്‍ ഫാത്തിമ ഫിദ (13), ബന്ധു പാണ്ടിക്കാട് വള്ളുവങ്ങാട് അന്‍വറി​െൻറ മകൾ ഫസ്മിയ ഷെറിൻ (15) എന്നിവരാണ് മരിച്ചത്. ഒഴുക്കില്‍പ്പെട്ട പാലിയന്‍കുന്നത്ത് വീട്ടില്‍ അബ്​ദുല്ലക്കുട്ടിയുടെ മകള്‍ അന്‍ഷിദയെ (11) നാട്ടുകാർ രക്ഷപ്പെടുത്തി.

വ്യാഴാഴ്ച ഉച്ചക്ക് 12ഓടെയാണ് സംഭവം. ബന്ധുക്കളായ പത്ത്​ കുട്ടികളാണ്​ പുഴയിലിറങ്ങാൻ ഒരു കിലോമീറ്റർ അകലെയുള്ള കരിയംകയം കടവിലേക്ക്​​ പോയത്. പിന്നാലെ അബ്​ദുറഹ്മാ​നും പോയി. അബ്​ദുഹ്​മാന്‍ എത്തുന്നതിന് മുമ്പ് കുട്ടികള്‍ പുഴയിലിറങ്ങി. ഇതിനിടെയാണ്​ നാലുപേര്‍ ഒഴുക്കില്‍പ്പെട്ടത്​.

അബ്​ദുറഹിമാന്‍ ഇറങ്ങി മൂന്നുപേരെയും ചേർത്തുപിടിച്ച് നിർത്താൻ ശ്രമിച്ചെങ്കിലും ഇദ്ദേഹമടക്കം നാല് പേരും വെള്ളത്തിൽ മുങ്ങുകയായിരുന്നു. ഫസ്മിയ കൂട്ടംതെറ്റി ഒഴുക്കിൽപ്പെട്ടു. മറുകരയിലെ കൃഷിയിടത്തിൽ ജോലി ചെയ്യുകയായിരുന്ന നെല്ലിക്കുത്ത് സ്വദേശി അബ്​ദുല്ല നാസര്‍ സഹോദരങ്ങളെയും മറ്റും വിളിച്ചുവരുത്തി രണ്ട് പേരെ മുങ്ങിയെടുത്തെങ്കിലും രക്ഷിക്കാനായില്ല.

ഏറെ നേരം മഞ്ചേരി, മലപ്പുറം അഗ്‌നിശമനസേന യൂനിറ്റും നാട്ടുകാരും മുങ്ങല്‍ വിദഗ്ധരും നടത്തിയ തിരച്ചിലിലാണ് ഫസ്മിയയുടെ മൃതദേഹം കണ്ടെത്തിയത്. കടവിൽ നിന്നും 800 മീറ്ററോളം താഴെയായിരുന്നു മൃതദേഹം. ബന്ധുവീട്ടിലേക്ക് വന്നതായിരുന്നു ഫസ്മിയ.

സീനത്താണ് ഫാത്തിമ ഇഫ്റത്തി​െൻറ മാതാവ്. ഹുദ പര്‍വിന്‍, അഫ്താബ്, ഷഹദിയ എന്നിവരാണ്​ സഹോദരങ്ങൾ. ഫാത്തിമ ഫിദയുടെ മാതാവ്: ഫസീല. ഫാത്തിമ ഹിബ, മുഹമ്മദ് ജിഷ്തി, മുഹമ്മദ് ഫാകിഹ് എന്നിവരാണ്​ സഹോദരങ്ങൾ. റസീനയാണ്​ ഫസ്മിയ ഷെറി​െൻറ മാതാവ്. സഹോദരങ്ങൾ: അസ്​ഹബ്​, അസ്​ലഹ്​, അസ്​നാഹ്​. പോസ്​റ്റ​ുമോര്‍ട്ട ശേഷം വെള്ളിയാഴ്ച പന്തല്ലൂര്‍ ജുമാമസ്ജിദ്​ ഖബർസ്ഥാനില്‍ ഖബറടക്കും.

RECENT POSTS
Copyright © . All rights reserved