Latest News

മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ നടിയാണ് ശിവ്യ പതാനിയ. ഇപ്പോഴിതാ അവസരങ്ങള്‍ക്ക് വേണ്ടി നിര്‍മ്മാതാവ് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചതായി, വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് നടി. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ശിവ്യ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്.

‘ഹംസഫര്‍’ എന്ന ഷോയുടെ സംപ്രേക്ഷണം മുടങ്ങിയതോടെ എട്ട് മാസത്തോളം ജോലിയില്ലായിരുന്നുവെന്നും തന്റെ ജീവിതത്തിലെ ഏറ്റവും മോശം ഘട്ടമായിരുന്നു ഇതെന്നും ശിവ്യ പറയുന്നു. ‘ഇതിനിടയിലാണ് മുംബൈയിലെ സാന്താക്രൂസില്‍ ഒരു ഓഡിഷന് വിളി വരുന്നത്.

പ്രശസ്തനായ ഒരു നടനോടൊപ്പം പരസ്യം ചെയ്യണമെങ്കില്‍ വിട്ടു വീഴ്ച്ച ചെയ്യേണ്ടിവരുമെന്ന് അയാള്‍ പറഞ്ഞു’, ശിവ്യ പറയുന്നു.എന്നാല്‍, ഇക്കാര്യം പറയുമ്പോള്‍ അയാള്‍ ലാപ്‌ടോപ്പില്‍ ഹനുമാന്‍ ചാലിസ കേട്ടുകൊണ്ടിരിക്കുകയായിരുന്നു.

എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത രസകരമായ അനുഭവമാണ് ഇത്. എനിക്ക് ചിരിവന്നു.. ചിരിച്ചുകൊണ്ട് ഞാന്‍ അയാളോട് ചോദിച്ചു, നിങ്ങള്‍ക്ക് നാണമില്ലേ? ഭജന കേട്ടുകൊണ്ട് നിങ്ങള്‍ എന്താണ് പറയുന്നത്?’ ശിവ്യ കൂട്ടിച്ചേര്‍ത്തു. പിന്നീട്, നിര്‍മ്മാതാവ് എന്ന് സ്വയം പരിചയപ്പെടുത്തിയയാള്‍ വ്യാജനാണെന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് താന്‍ അറിഞ്ഞതെന്നും ശിവ്യ പറയുന്നു.

നടി മീനയുടെ ഭര്‍ത്താവും വ്യവസായിയുമായ വിദ്യാസാഗര്‍ കഴിഞ്ഞദിവസമാണ് മരിച്ചത്. അദ്ദേഹത്തിന്റെ സംസ്‌കാരം ചെന്നൈയിലെ ബസന്റ് നഗര്‍ ശ്മശാനത്തില്‍ നടത്തി. സിനിമാരംഗത്തെ നിരവധി താരങ്ങളാണ് വിദ്യാസാഗറിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനും മീനയെ ആശ്വസിപ്പിക്കാനുമായി എത്തിയത്.

ഗുരുതരമായ ശ്വാസകോശ അണുബാധയെ തുടര്‍ന്നായിരുന്നു കഴിഞ്ഞദിവസം വിദ്യാസാഗറിനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ് കുറച്ചു വര്‍ഷങ്ങളായി ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകള്‍ അദ്ദേഹം നേരിട്ടിരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഈ വര്‍ഷം ജനുവരിയില്‍ കുടുംബത്തില്‍ എല്ലാവര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇതില്‍ നിന്ന് സുഖം പ്രാപിച്ചെങ്കിലും അതിനുശേഷം വിദ്യാസാഗറിന്റെ ആരോഗ്യനില മോശമാകുകയായിരുന്നു. വിദ്യാസാഗറിന്റെ ശ്വാസകോശം മാറ്റിവെയ്ക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചെങ്കിലും ദാതാവിനെ ലഭിക്കാന്‍ ബുദ്ധിമുട്ട് ആയിരുന്നു.

2009ല്‍ ആയിരുന്നു ബംഗളൂരുവില്‍ വ്യവസായി ആയിരുന്ന വിദ്യാസാഗറിനെ മീന വിവാഹം കഴിച്ചത്. നൈനിക എന്നു പേരുള്ള ഒരു മകളാണ് ഇവര്‍ക്കുള്ളത്. ദളപതി വിജയുടെ മകളായി ‘തെറി’ സിനിമയില്‍ നൈനിക അഭിനയിച്ചിരുന്നു.

തന്റെ വിവാഹത്തെ കുറിച്ചും പെണ്ണ് കാണലിനെക്കുറിച്ചും വെളിപ്പെടുത്തി് ജോണി ആന്റണി. നടന്‍ ജഗദീഷ് അവതാരകനായിട്ടെത്തുന്ന പണം തരും പടം എന്ന പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു ജോണിയുടെ വെളിപ്പെടുത്തല്‍.

അന്നത്തെ്ക്കാലത്ത ഒരു സിനിമാക്കാരന് പെണ്ണ് കിട്ടാന്‍ വലിയ ബുദ്ധിമുട്ടാണ്. പെണ്ണുകാണാന്‍ പോയതില്‍ പത്തൊന്‍പതാമത്തെ ആളാണ് ഷൈനി. അക്കാലത്ത് സമ്പന്ന കുടുംബം ഒന്നുമല്ല. സാധാരണക്കാരന്‍ ആണ്. എനിക്ക് ഇരുപത്തിരണ്ട് വയസുള്ളപ്പോള്‍ പപ്പ മരിച്ചു. പിന്നെ ഞാനും അമ്മച്ചിയും മാത്രം. ഞാന്‍ സിനിമയ്ക്ക് പോവും വരും, കമ്പനി കൂടും അങ്ങനെ ആ പ്രായത്തിലുള്ള ഒഴപ്പൊക്കെ ഉണ്ട്. ഞാന്‍ നല്ലവനാണെന്ന് എനിക്കും അമ്മച്ചിയ്ക്കും അറിയാം. പക്ഷേ നാട്ടുകാര്‍ക്ക് അറിയില്ലല്ലോ’.

അന്നത്തെ ബ്രോക്കര്‍മാരുടെ പറ്റിക്കലുണ്ട്. ചില നല്ല സുന്ദരിമാരുടെ ഫോട്ടോ കൊണ്ട് വന്ന് കാണിക്കും. എന്നിട്ട് ഞായറാഴ്ച പെണ്ണ് കാണാന്‍ പോവാമെന്ന് പറഞ്ഞ് ഇരുന്നൂറ് രൂപയും വാങ്ങി പോവും. ശേഷം രണ്ടീസം കഴിയുമ്പോള്‍ ആ പെണ്ണിന്റെ കല്യാണം കഴിഞ്ഞ് പോയെന്ന് പറയും. അങ്ങനെ കുറേ പറ്റിക്കപ്പെട്ടിട്ടുണ്ടെങ്കിലും അതൊരു രസമായിട്ടാണ് തോന്നിയതെന്ന് ജോണി പറയുന്നു. ഒരു ദിവസം മൂന്ന് പെണ്ണുങ്ങളെ വരെ പോയി കണ്ടിട്ടുണ്ട്.

ഒരു ക്രിസ്തുമസ് ദിനത്തിലാണ് ഷൈനിയെ പെണ്ണ് കാണാന്‍ പോവുന്നത്. പോയി കണ്ടു, എനിക്ക് ഇഷ്ടപ്പെട്ടു. കാരണം ഇവരുടെ ഭാഗത്ത് നിന്ന് ഒരു പച്ചക്കൊടി നേരത്തെ ഉണ്ടായി. നമ്മുടെ സമ്മതം ഉണ്ടെങ്കില്‍ കല്യാണം നടക്കുമെന്ന് തോന്നി. അദ്ദേഹം പറഞ്ഞു.

തിരുവല്ല സ്റ്റേഷനിൽ ട്രെയിനിൽ നിന്നും പ്ലാറ്റ്‌ഫോമിലേക്ക് ചാടിയിറങ്ങുന്നതിനിടെ അപകടത്തിൽപ്പെട്ട് മരിച്ച അധ്യാപികയുടെ മരണത്തിൽ ദുരൂഹത. കോട്ടയം മേലുകാവ് എഴുയിനിക്കൽ വീട്ടിൽ ജിൻസി (35)യാണ് പരിക്കേറ്റ് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചത്.

വർക്കല വെട്ടൂർ ജിഎച്ച്എസ് അധ്യാപികയായ ജിൻസി കോട്ടയത്തായിരുന്നു ഇറങ്ങേണ്ടിയിരുന്നത്. എന്നാൽ തിരുവല്ല സ്‌റ്റേഷനിൽ നിന്നും കോട്ടയം പാസഞ്ചർ ട്രെയിൻ എടുത്ത് വേഗത കൂട്ടുന്നതിനിടെ ജിൻസി പ്ലാറ്റ്‌ഫോമിലേക്ക് ചാടാൻ ശ്രമിച്ചത് ദുരൂഹമാണെന്നാണ് പരാതി ഉയരുന്നത്.

സ്ഥിരം യാത്രക്കാരിയായ ജിൻസി ട്രെയിൻ എടുത്തതിന് ശേഷം ഇറങ്ങാൻ ശ്രമിക്കുന്നത് സ്വാഭാവികമല്ലെന്ന് ട്രെയിൻ യാത്രികരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓൺ റെയിൽസ് പ്രതികരിക്കുന്നു.

അധ്യാപികയുടെ മരണത്തിൽ വിശദമായ അന്വേഷണം വേണമെന്ന് സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. റെയിൽവെ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിലും ട്രെയിൻ നല്ല സ്പീഡ് ആയതിനുശേഷം പ്ലാറ്റ്‌ഫോം തീരുന്ന ഭാഗത്ത് വെച്ചാണ് യാത്രക്കാരി പാളത്തിലേക്ക് വീഴുന്നതായി കാണുന്നത്.

അതേസമയം സംഭവത്തിൽ ദുരൂഹത വർധിപ്പിച്ച് സ്‌റ്റേഷനിൽ നിന്നും പാസഞ്ചർ ട്രെയിൻ എടുത്ത സമയത്ത് മുഷിഞ്ഞ വസ്ത്രധാരി ആയ ഒരാൾ ലേഡീസ് കംപാർട്ട്‌മെന്റിലേക്ക് ഓടി കയറുന്നത് കണ്ടതായി ട്രെയിനിൽ ഉണ്ടായിരുന്നവർ പറയുന്നുണ്ട്.

ജിൻസി ടീച്ചർ കംപാർട്ട്‌മെന്റിൽ തനിച്ചായിരുന്നു. പിന്നീടാണ് ട്രെയിനിൽ നിന്നും ജിൻസി ടീച്ചർ വീഴുന്നത്. കോട്ടയം ഇറങ്ങേണ്ട ആൾ തിരുവല്ല സ്റ്റേഷനിൽ ട്രെയിൻ നല്ല സ്പീഡ് ആയതിനു ശേഷം വീണത് ദുരൂഹമാണെന്ന് സഹയാത്രികർ പറയുന്നുണ്ട്. വീഴുന്നതിന് കുറച്ചു മുൻപ് ബന്ധുക്കളുമായി ജിൻസി ടീച്ചർ സംസാരിച്ചിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്.

ജിൻസി ടീച്ചറുടെ മരത്തിലെ ദുരൂഹത നീക്കണം എന്ന് ആവശ്യപ്പെട്ട് സോഷ്യൽമീഡിയയിലും ക്യാംപെയിൻ നടക്കുന്നുണ്ട്. പ്രമുഖരടക്കം ഇതിന്റെ ഭാഗമായിട്ടുണ്ട്.

വീട്ടമ്മമാരും കന്യാസ്ത്രീകളും ഉൾപ്പെടുന്ന ഭക്തസംഘത്തിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പിലേയ്ക്ക് വൈദികൻ അശ്ലീല വീഡിയോ അയച്ചതായി പരാതി. കണ്ണൂർ അടയ്ക്കാത്തോട് പള്ളി വികാരി ഫാദർ സബാസ്റ്റ്യൻ കീഴേത്ത് ആണ് അശ്ലീല വീഡിയോ അയച്ചതെന്ന പരാതി ഉയർന്നത്. മാതൃവേദി സംഘടനയുടെ ഡയറക്ടർ കൂടിയായ പുരോഹിതൻ കൂടിയാണ് ഫാദർ സബാസ്റ്റ്യൻ കീഴേത്ത്.

അതേസമയം, വൈദികനെതിരെ നടപടി ആവശ്യപ്പെട്ട് ഗ്രൂപ്പിലുണ്ടായിരുന്ന വീട്ടമ്മമാർ മാനന്തവാടി ബിഷപ്പിനെ സമീപിച്ചു. സംഭവത്തിൽ പിശക് പറ്റിയതെന്നാണ് ഫാദർ സബാസ്റ്റ്യൻ കീഴേത്തിന്റെ വിശദീകരണം. മറ്റൊരു വൈദികൻ അയച്ചുതന്ന വീഡിയോ തിരിച്ചയച്ചപ്പോൾ പറ്റിയ പിശകെന്നാണ് വൈദികൻ പറയുന്നത്.

നാനൂറിലധികം വനിതകളുള്ള ഭക്തസംഘത്തിന്റെ വാട്സ്ആപ്പിലേക്കാണ് വീഡിയോ അയച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ വൈദികനെ ചുമതലകളിൽ നിന്നും നീക്കിയതായി മാനന്തവാടി രൂപത അറിയിച്ചു. വീട്ടമ്മമാരുടെ പരാതി ഗൗരവത്തോടെ രൂപത കാണുന്നു. മൂന്നംഗ കമ്മറ്റിയുടെ തെളിവെടുപ്പിന് ശേഷം തുടർ നടപടി ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.

പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന കോളജ് വിദ്യാർഥിനി മരിച്ചു. പാലക്കാട മങ്കര മഞ്ഞക്കര പടിഞ്ഞാക്കര വീട്ടിൽ സുഗുണന്റെ മകൾ ശ്രീലക്ഷ്മി (18) ആണ് മരിച്ചത്. കഴിഞ്ഞ മാസം 30ന് രാവിലെ കോളജിലേക്ക് പോവുമ്പോൾ അയൽവീട്ടിലെ നായയുടെ കടിയേറ്റിരുന്നു. ആരോഗ്യ വകുപ്പ് നിർദേശിച്ച എല്ലാ വാക്സീനുകളും ശ്രീലക്ഷ്മി എടുത്തിരുന്നു.

രണ്ട് ദിവസം മുൻപ് പനി ബാധിച്ചു സ്വകാര്യ ക്ലിനിക്കിൽ പരിശോധിച്ചപ്പോഴാണ് പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ചത്. തുടർന്ന് തൃശൂർ മെഡിക്കൽ കോളജിലും ചികിൽസ നടത്തി. ഇന്ന് പുലർച്ചെ 3 ന് മരിച്ചു. കോയമ്പത്തുർ സ്വകാര്യ കോളജിലെ ബിസിഎ ഒന്നാം വർഷ വിദ്യാർഥിനിയാണ്. അമ്മ സിന്ധു. സഹോദരങ്ങൾ സനത്ത്, സിദ്ധാർത്ഥൻ. സംസ്കാരം നടത്തി.

ഗർഭം നിലനിറുത്തുന്നതിനുള്ള മരുന്നിന് പകരം ഗർഭം അലസിപ്പിക്കാനുള്ള മരുന്ന് മാറിനൽകിയതിന് എടവണ്ണയിലെ സ്വകാര്യ മെഡിക്കൽ ഷോപ്പിനെതിരെ ഡ്രഗ്സ് കൺട്രോൾ വിഭാഗം കേസെടുത്തു. എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നാട്ടുകാരിയായ യുവതിയാണ് ഗർഭം അലസിയതിനെ തുടർന്ന് പരാതി നൽകിയത്. രണ്ട് ഗുളിക കഴിച്ചതോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. പരിശോധനയിലാണ് മരുന്ന് മാറിയ കാര്യം വ്യക്തമായത്.

ഡോക്ടറുടെ നിർദ്ദേശപ്രകാരം കുറിപ്പടിയോടെ മാത്രം വിൽക്കേണ്ട ഷെഡ്യൂൾ എച്ച് വിഭാഗത്തിൽപ്പെടുന്ന ഗർഭച്ഛിദ്ര മരുന്നാണ് സ്ഥാപനം വിറ്റതെന്നും രജിസ്റ്റേർഡ് ഫാർമസിസ്റ്റിന്റെ മേൽനോട്ടത്തിലായിരുന്നില്ല മരുന്ന് വിൽപ്പനയെന്നും വ്യക്തമായതായി ജില്ലാ ഡ്രഗ്സ് ഇൻസ്‌പെക്ടർ ഡോ. എം.സി. നിഷിത് പറഞ്ഞു. സ്ഥാപനം വിറ്റ ഗർഭച്ഛിദ്ര മരുന്നുകളും ബില്ലുകളും മറ്റു രേഖകളും കസ്റ്റഡിയിലെടുത്ത് മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കി. ഡ്രഗ്സ് ആന്റ് കോസ്‌മെറ്റിക്സ് നിയമപ്രകാരമാണ് സ്ഥാപനത്തിനെതിരെ കേസെടുത്തത്. തുടരന്വേഷണത്തിന്റെ ഭാഗമായി പരാതിക്കാരിയുടെ വീട്ടിലും സ്വകാര്യ ആശുപത്രിയിലും പരിശോധന നടത്തി കൂടുതൽ തെളിവുകൾ ശേഖരിച്ചു.

അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസ് കമ്മിറ്റിയിൽ അംഗമാകാൻ സൂര്യയെ ക്ഷണിച്ച് ഓസ്കാർ അക്കാഡമി. ഈ ബഹുമതി നേടുന്ന ആദ്യ തെന്നിന്ത്യൻ താരം കൂടിയാണ് സൂര്യ. ഓസ്കാർ അക്കാഡമിയിൽ അംഗമാകുന്നതോടെ ലോസ് ഏഞ്ചൽസിൽ വർഷംതോറും നടക്കുന്ന ഓസ്കാർ അവാർഡുകൾക്ക് വോട്ട് ചെയ്യാൻ സൂര്യ അർഹത നേടും. ബോളിവുഡ് താരം കജോൾ, സംവിധായകരായ സുഷ്മിത ഘോഷ്, റൈറ്റിംഗ് വിത്ത് ഫയർ എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്ത മലയാളിയായ റിന്റു തോമസ് എഴുത്തുകാരിയും ചലച്ചിത്രനിർമ്മാതാവുമായ റീമ കഗ്തി എന്നിവരെയും അക്കാഡമിയിൽ അംഗമാകാൻ ക്ഷണിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരെ മാത്യു കുഴൽനാടൻ എം.എൽ.എ ഉന്നയിച്ച ആരോപണങ്ങൾ ശുദ്ധ അസംബന്ധമാണെന്ന് എ എ റഹിം എം.പി. മാത്യു കുഴൽനാടൻ നിയമസഭയിൽ ഉന്നയിച്ച ആരോപണങ്ങൾക്ക് ഫേസ്ബുക്കിലൂടെ മറുപടി പറയുകയായിരുന്നു റഹിം.

ആരോപണങ്ങൾ ഉയർന്നുവന്ന ഉടൻ വെബ്‌സൈറ്റ് അപ്രത്യക്ഷമായെന്ന് മാത്യു കുഴൽനാടൻ നിയമസഭയിൽ പറഞ്ഞത് അസംബന്ധമാണ്. സ്വർണക്കടത്ത് പിടിക്കുന്നത് 2020 ജൂലായ് അഞ്ചിനാണ്. 13.4.2020നാണ് സൈറ്റ് അപ്രത്യക്ഷമായത്. 11.5.2020ൽ അത് തിരികെ വന്നു. മാത്യു നിയമസഭയിൽ പറഞ്ഞത് വിവാദമുണ്ടായ ഉടൻ സൈറ്റ് പോയെന്നാണ്. ഏത് വിവാദമാണ് അദ്ദേഹം ഉന്നയിച്ചത്. പ്രസംഗം കേട്ടാൽ അറിയാം സ്വർണക്കടത്ത് തന്നെയാണ് അദ്ദേഹം ഉദ്ദേശിച്ചത്. എന്നാൽ ആ ഡേറ്റുമായി യാതൊരു ബന്ധവുമില്ലെന്ന് റഹിം പറഞ്ഞു.

സ്പ്രിംഗ്ലർ വിവാദത്തിലാണ് വെബ്‌സൈറ്റ് അപ്രത്യക്ഷമായതെന്ന് മാത്യു കുഴൽനാടൻ വിശദീകരിച്ചു. അതും തെറ്റാണ്. മുഖ്യമന്ത്രിയുടെ മകളെ മുൻനിർത്തി ഈ അനാവശ്യ വിവാദം ആദ്യമായി ഉന്നയിച്ചത് പി.ടി. തോമസാണ്. മരിച്ച ഒരാളെക്കുറിച്ച് കൂടുതൽ പോകുന്നില്ലെന്ന് പറഞ്ഞ റഹിം, തെറ്റായ കാര്യങ്ങൾ പറഞ്ഞതിൽ മാത്യു കുഴൽനാടൻ മാപ്പ് പറയണമെന്നും റഹീം ആവശ്യപ്പെട്ടു.

അന്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പ്, തന്റെ ഗ്രാമത്തില്‍ അമേരിക്കന്‍ സൈന്യം ബോംബുകള്‍ വര്‍ഷിച്ചപ്പോള്‍ ഒരു ഒന്‍പതു വയസുകാരി പെണ്‍കുട്ടി പ്രണാരക്ഷാര്‍ഥം ഓടുന്ന ചിത്രം. ശരീരമാകെ പൊള്ളലേറ്റ്, നഗ്നയായി ഭയന്നുവിറച്ചുള്ള അവളുടെ ചിത്രം ലോകമന:സാക്ഷിയെ പിടിച്ചുലക്കുന്നതായിരുന്നു. ഒപ്പം വിയറ്റ്‌നാം യുദ്ധത്തിന്റെ ഭീകരത ലോകത്തോട് വിളിച്ചുപറയുന്നതും. യുദ്ധം അവസാനിപ്പിക്കുവാന്‍ പ്രേരിപ്പിക്കുന്ന വിധത്തില്‍ അമേരിക്കയെയും ലോകത്തേയും ചിന്തിപ്പിക്കുവാനും ആ ഫോട്ടോയ്ക്ക് കഴിയുകയും ചെയ്തു. ‘നാപാം പെണ്‍കുട്ടി’ എന്ന പേരില്‍ പ്രശസ്തയായ അവരാണ് ഫാന്‍ തി കിം ഫുക്.

യുദ്ധത്തില്‍ മനസിനും ശരീരത്തിനും മുറിവേറ്റ കിം ഫുക് അന്‍പത് വര്‍ഷത്തിനിപ്പുറമാണ് ബോംബ് ആക്രമണത്തിലേറ്റ പൊള്ളലുകള്‍ക്ക് ചികിത്സ പൂര്‍ത്തിയാക്കിയത്. 59-മത്തെ വയസില്‍ തന്റെ അവസാനത്തെ ത്വക്ക് ശസ്ത്രക്രിയക്ക് കിം ഫുക് അമേരിക്കയില്‍ വിധേയയായി. യുദ്ധത്തിനിടയില്‍ 1972-ലാണ് കിം ഫുകിന് പൊള്ളലേല്‍ക്കുന്നത്. ഒരുവര്‍ഷം നീണ്ട ആശുപത്രിവാസത്തിനും 17 ശസ്ത്രക്രിയകള്‍ക്കും ശേഷമാണ് കിമ്മിന് ആശുപത്രി വിടാനായത്. സാധാരണജീവിതത്തിലേക്ക് മടങ്ങാനായി അടുത്ത ഒരു ദശാബ്ദത്തിനുള്ളില്‍ ഒട്ടനവധി ചികിത്സകള്‍ക്കും അവര്‍ക്ക് വിധേയയാകേണ്ടി വന്നു. ഒന്‍പതാമത്തെ വയസില്‍ ഗുരുതരമായി പൊള്ളലേറ്റ അവര്‍ നിരവധി ചികിത്സകളിലൂടെയാണ് ഇതിനകം കടന്നുപോയത്.

കമ്യൂണിസ്റ്റ് ഭരണത്തിലായിരുന്ന വിയറ്റ്‌നാമില്‍നിന്ന് 1992-ല്‍ കിമ്മും ഭര്‍ത്താവും കാനഡയിലേക്ക് കൂടിയേറി. 2015-ലാണ് പൊള്ളലിന്റെ പാടുകള്‍ക്ക് വിദഗ്ധ ചികിത്സക്കായി അവര്‍ മിയാമിയിലെ ഡോ. ജില്‍ സയ്‌ബെല്ലിനെ പരിചയപ്പെടുന്നത്. കിമ്മിന്റെ കഥ തിരിച്ചറിഞ്ഞ ഡോക്ടര്‍ ജില്‍ ചികിത്സ തികച്ചും സൗജന്യമായി പൂര്‍ത്തിയാക്കുകയായിരുന്നു. ഒന്‍പതാം വയസില്‍ കിമ്മിന്റെ ചിത്രങ്ങളെടുത്ത് പ്രശസ്തനായ ഫോട്ടോഗ്രാഫര്‍ നിക്ക് ഉട്ടും ചികിത്സാവേളയില്‍ ചിത്രങ്ങള്‍ പകര്‍ത്താനായി ആശുപത്രിയിലെത്തിയിരുന്നു. ഉട്ടിന്റെ ചിത്രങ്ങള്‍ക്ക് ഇത്തവണ നിറപുഞ്ചിരിയോടെ കിം നിന്നുകൊടുത്തു.

യുദ്ധം വേദന നല്‍കിയ ആയിരങ്ങളുടെ പ്രതീകമായിരുന്നു കിം ഫുക്ക്. യുദ്ധത്തിലേറ്റ പൊള്ളലിന്റെ വേദനസഹിച്ച് നീളംകൂടിയ ഉടുപ്പിട്ട് മുറിവ് മറച്ച് അവള്‍ ജീവിച്ചു. കൈ ഉയര്‍ത്താന്‍ പോലുമാകാതെ യുദ്ധത്തിന്റെ രക്തസാക്ഷിയായി. വേദനയില്ലാത്ത കാലം മരണശേഷമായിരിക്കുമെന്ന് വിചാരിച്ചിരിക്കെയാണ് അമേരിക്കയിലെ മിയാമിയിലെ ലേസര്‍ ചികിത്സയെകുറിച്ച് കേള്‍ക്കുന്നത്. പിന്നൊട്ടും താമസിക്കാതെ അവിടേക്ക് പറന്നു. ചികിത്സ ആരംഭിച്ച ശേഷം വേദനയെ അതിജീവിക്കാന്‍ കഴിഞ്ഞത് ഭൂമിയില്‍ സ്വര്‍ഗ്ഗം കിട്ടിയപോലെയാണെന്ന് കിം പറഞ്ഞിരുന്നു. മുറിവിന് കാരണക്കാരായ അമേരിക്കയില്‍ തന്നെ ശുശ്രൂഷ ലഭിച്ചുവെന്നത് യാദൃശ്ചികമാകാം.

1972 ജൂണ്‍ 8-നാണ് കിമ്മിന്റെ ഗ്രാമത്തില്‍ അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍ നാപാം ബോംബുകള്‍ വര്‍ഷിച്ചത്. അമേരിക്കന്‍ സംഹാര താണ്ഡവത്തില്‍ നാപാം ഗ്രാമത്തിലെ സര്‍വതും അഗ്നിക്കിരയാക്കി. ‘എനിക്ക് പൊള്ളുന്നു’ എന്ന നിലവിളിയോടെ ഗ്രാമവഴിയിലൂടെ രക്ഷതേടി കിം ഫുക്ക് ഓടിയത് അസോസിയേറ്റ് പ്രസ് ഫോട്ടോഗ്രാഫര്‍ നിക്ക് ഉട്ടിന്റെ ക്യാമറക്ക് മുന്നിലേക്കായിരുന്നു. അത് ലോകത്തിന്റെ എക്കാലത്തെയും നൊമ്പരപ്പെടുത്തുന്ന യുദ്ധചിത്രങ്ങളിലൊന്നായി. നിക് ഉട്ടിനെ ലോകപ്രശ്തനാക്കുകയും പുലിറ്റ്സര്‍ സമ്മാനത്തിനര്‍ഹമാക്കുകയും ചെയ്ത ചിത്രവുമായിരുന്നു അത്.

കിം ഫുക്കിന്റെ ആ ചിത്രം പകര്‍ത്താന്‍ കഴിഞ്ഞത് ഒരു നിയോഗമായാണ് നിക്ക് ഉട്ട് കരുതുന്നത്. ‘കിം ഫുക്കിന്റെ ഗ്രാമത്തില്‍ യുദ്ധവിമാനങ്ങള്‍ നാപാം ബോംബുകള്‍ വര്‍ഷിക്കുമ്പോള്‍ അവിടെയുള്ള മരങ്ങള്‍ അടക്കം സര്‍വതും കത്തിയമരുകയായിരുന്നു. ആളിക്കത്തുന്ന വീട്ടില്‍നിന്ന് അലറിക്കരഞ്ഞുകൊണ്ട് അവള്‍ ഓടിയെത്തിയത് എന്റെ ക്യാമറയുടെ മുന്നിലേക്കായിരുന്നു. അത് അടയാളപ്പെടുത്തകയെന്നത് കാലം എനിക്ക് നല്‍കിയ നിയോഗമായിരിക്കാം. പുലിറ്റ്സര്‍ അടക്കം ഒരുപാട് അവാര്‍ഡുകള്‍ നേടി എന്നതിനെക്കാള്‍ ലോകത്തിന്റെ മനസ്സില്‍ പതിഞ്ഞ ചിത്രം എന്ന നിലയില്‍ അതിനെ ഓര്‍ക്കാനാണ് എനിക്കിഷ്ടം’- നിക്ക് ഉട്ട് ഓരോ വട്ടവും ആവര്‍ത്തിച്ചു.

വടക്കന്‍ വിയറ്റ്നാമിലെ കമ്യൂണിസ്റ്റ് ഭരണകൂടവും അമേരിക്കന്‍ പിന്‍ബലത്തിലുള്ള തെക്കന്‍ വിയറ്റ്നാമും തമ്മിലുള്ള സംഘര്‍ഷമായിരുന്നു വിയറ്റ്നാം യുദ്ധത്തിലേക്ക് നയിച്ചത്. വിയറ്റ്നാമിന്റെ ആഭ്യന്തര യുദ്ധമെന്നതിലുപരി അമേരിക്ക, കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരേ നടത്തിയ ഒരു യുദ്ധമായിരുന്നു ഇത്. 1959 ല്‍ ആരംഭിച്ച് ഇതുപത് വര്‍ഷത്തോളം നീണ്ട വിയറ്റ്നാം യുദ്ധം ഏറ്റവും ചെലവേറിയതും അമേരിക്കന്‍ ജനതയെ തന്നെ രണ്ട് തട്ടിലാക്കുന്നതുമായിരുന്നു. 1975 ഏപ്രില്‍ 30-ന് തെക്കന്‍ വിയറ്റ്നാമിന്റെ തലസ്ഥാനമായ സൈഗോണ്‍ വടക്കന്‍ വിയറ്റ്നാം പടിച്ചടക്കിയതോടെ അമേരിക്കന്‍ തോല്‍വി പൂര്‍ണമായി. അതാണ് ‘സൈഗോണിന്റെ വീഴ്ച’ (ഫാള്‍ ഓഫ് സൈഗോണ്‍) എന്ന പേരില്‍ പിന്നീട് പ്രസിദ്ധമായത്.

യുദ്ധത്തില്‍ കമ്യൂണിസ്റ്റ് സഖ്യങ്ങള്‍ ഉത്തര വിയറ്റ്നാമിനേയും അമേരിക്ക ദക്ഷിണ വിയറ്റ്നാമിനേയും പിന്തുണച്ചു. 1965 മുതല്‍ സൈന്യത്തിന്റെ വിന്യാസത്തോടെ ഒരു പൂര്‍ണ്ണ യുദ്ധമായി മാറി. 1973-ഓടെ ഭൂരിഭാഗം അമേരിക്കന്‍ സൈന്യം യുദ്ധത്തില്‍നിന്ന് പിന്‍വാങ്ങുകയും 1975-ല്‍ വടക്കന്‍ വിയറ്റ്നാം ദക്ഷിണ വിയറ്റ്നാമിലെ അധികാരം പിടിച്ചടക്കുകയും ചെയ്തു. അധികം വൈകാതെതന്നെ ഉത്തരദക്ഷിണ വിയറ്റ്നാമുകള്‍ ഏകീകരിക്കപ്പെട്ടു. വിയറ്റ്നാം യുദ്ധം കനത്ത സാമ്പത്തിക നഷ്ടം മാത്രമല്ല അമേരിക്കക്ക് സമ്മാനിച്ചത്. 58,000 അമേരിക്കക്കാരുടെ ജീവന്‍ കൂടിയാണ് യുദ്ധത്തില്‍ പൊലിഞ്ഞത്. ഒപ്പം ലോക വേദിയില്‍ അമേരിക്കക്ക് ഏറ്റ കനത്ത പ്രഹരം കൂടിയായിരുന്നു അത്.

 

Copyright © . All rights reserved