Latest News

യുകെയില്‍ ഇസ്ലാം മതത്തെ അവഹേളിച്ചു എന്നാരോപിച്ച് സിനിമാ പ്രദര്‍ശനം തടഞ്ഞു. സിനിമാ തിയ്യറ്ററുകള്‍ക്ക് മുന്നില്‍ പ്രതിഷേധക്കാര്‍ തമ്പടിച്ചതോടെ സിനിമയുടെ മുഴുവന്‍ പ്രദര്‍ശനവും ഒഴിവാക്കാന്‍ സിനിമവോള്‍ഡ് എന്ന പ്രമുഖ തിയ്യറ്റര്‍ ശൃംഖല തീരുമാനിക്കുകയായിരുന്നു. തിയറ്റര്‍ ജീവനക്കാരുടെയും സിനിമ കാണാന്‍ വരുന്നവരുടെയും സുരക്ഷയ്ക്ക് വേണ്ടിയാണ് പ്രദര്‍ശനം ഒഴിവാക്കിയതെന്ന് കമ്പനി വ്യക്തമാക്കി.ലേഡി ഓഫ് ഹെവന്‍ എന്ന സിനിമയ്‌ക്കെതിരെയാണ് പ്രതിഷേധം. പ്രവാചകന്‍ മുഹമ്മദ് നബിയുടെ മകളെ പറ്റിയാണ് സിനിമ.

സിനിമയില്‍ പ്രവാചകന്‍ മുഹമ്മദ് നബിയുടെ മുഖം കാണിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. ആദ്യമായി പ്രവാചകന്റെ മുഖം സിനിമയില്‍ കാണിക്കുന്നെന്ന് അവകാശപ്പെടുന്ന സിനിമയാണിത്.

വെള്ളിയാഴ്ചയാണ് ചിത്രം റിലീസ് ചെയ്തത്. റിലീസ് ചെയ്ത തിയറ്ററുകള്‍ക്ക് മുമ്പില്‍ നൂറിലേറെ പേര്‍ അള്ളാബു അക്ബര്‍ വിളിച്ച് പ്രതിഷേധിച്ചു. ഇതിന്റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്. സിനിമ യുകെയിലെ തിയ്യറ്ററുകളില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് 117,000 പേര്‍ ഒപ്പു വെച്ച പരാതിയും ഉയര്‍ന്നിട്ടുണ്ട്. ലോകത്തിലെ രണ്ടാമത്തെ വലിയ സിനിമാ ശൃംഖലയാണ് സിനിവേള്‍ഡ്. സിനിവേള്‍ഡിന്റെ തീരുമാനം അഭിപ്രായ സ്വാതന്ത്ര്യത്തിനേറ്റ മങ്ങലാണെന്ന വിമര്‍ശനമുയരുന്നുണ്ട്.

അതേസമയം മറ്റ് ചില സിനിമാ തിയറ്റര്‍ കമ്പനികള്‍ ഇപ്പോഴും സിനിമയുടെ പ്രദര്‍ശനം ഒഴിവാക്കിയിട്ടില്ല.എലി കിംഗ് ആണ് ചിത്രം സംവിധാനം ചെയ്തത്. എന്‍ലൈറ്റ്‌മെന്റ് പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിച്ചത്. കുവൈത്തി ഷിയ പുരോഹിതനായ യാസര്‍ അല്‍ ഹബീബ് ആണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്.

യുവാവ് പ്രണയത്തിൽ നിന്നും പിന്മാറിയതോടെ പ്രണയനഷ്ടം സംഭവിച്ച പെൺകുട്ടി ആത്മഹത്യ ചെയ്യാനായി പാറമുകളിൽ കയറിയത് നാടിന്റെ നെഞ്ചിടിപ്പ് കൂട്ടിയെങ്കിലും അവസരോചിതമായി ഇടപെട്ട് പോലീസ്. ഒടുവിൽ പെൺകുട്ടിയെ പോലീസ് രക്ഷപ്പെടുത്തി താഴെയിറക്കുകയായിരുന്നു.

അടിമാലി പഞ്ചായത്തിലെ കുതിരയിളകുടി മലമുകളിലാണ് തലമാലി സ്വദേശിനിയായ പെൺകുട്ടി ജീവനൊടുക്കാനായി കയറിയത്. അടിമാലി എസ്‌ഐ കെഎം സന്തോഷ്‌കുമാറും സംഘവുമാണ് പെൺകുട്ടിയെ രക്ഷിച്ചത്.

ഇരുപത്താറുകാരിയായ യുവതി സ്വന്തംനാട്ടുകാരനായ യുവാവുമായി പ്രണയത്തിലായിരുന്നു. അടുത്തിടെ യുവാവ് പ്രണയത്തിൽനിന്ന് പിന്മാറി. ഇതോടെ നിരാശയിലായ യുവതി ബുധനാഴ്ച പുലർച്ചെയോടെ ജീവനൊടുക്കാനായി വീടുവിട്ടിറങ്ങുകയായിരുന്നു. അടിമാലി ടൗണിൽനിന്ന് കാണാവുന്ന ചെങ്കുത്തായ വലിയ പാറക്കെട്ടിലേക്കാണ് യുവതി കയറിപ്പോയത്. മഴയായതിനാൽ വഴുക്കലുള്ളതിനാൽ തന്ന അെപകടസാധ്യത ഏറെയുമാണ്.

ബുധനാഴ്ച രാവിലെ ഒരു പെൺകുട്ടി പാറയുടെ മുകൾഭാഗത്ത് അപകടകരമായ സാഹചര്യത്തിൽ നിൽക്കുന്നത് നാട്ടുകാർ ടൗണിൽനിന്ന് കണ്ടിരുന്നു. തുടർന്ന് വിവരം പോലീസിനെ അറിയിച്ചു. അടിമാലി എസ്‌ഐ കെഎം സന്തോഷ്, അബ്ബാസ് എന്നിവർ മലമുകളിലേക്ക് എത്തി. പെൺകുട്ടിയുടെ സമീപത്തേക്ക് കുതിച്ചെത്തിയ പോലീസ് പെൺകുട്ടിയോട് ഇറങ്ങിവരാൻ പറഞ്ഞെങ്കിലും ആദ്യം തിരികെ വരാൻ തയ്യാറായില്ല.

തുടർന്ന് കാരണം തിരക്കിയപ്പോഴാണ്, താൻ ജീവനൊടുക്കാൻ പോകുന്നുവെന്ന് ഉറക്കെ വിളിച്ചുപറഞ്ഞത്. കാൽ തെന്നിയാൽ ജീവൻ നഷ്ടമാകുന്ന സ്ഥലത്താണ് പെൺകുട്ടി നിലയുറപ്പിച്ചിരുന്നത്. ഒരുമണിക്കൂറോളം പോലീസ് പെൺകുട്ടിയുമായി സംസാരിച്ചു. പെൺകുട്ടി പറയുന്നതെല്ലാം ശ്രദ്ധാപൂർവം ക്ഷമയോടെ പോലീസ് കേട്ടു. തുടർന്ന് സംസാരത്തിനിടെ പെൺകുട്ടിയുടെ മാനസികസംഘർഷത്തിന് ഇളവുവരുത്തിയ പോലീസ് ഏതുപ്രശ്‌നത്തിനും പരിഹാരമുണ്ടാക്കാം എന്ന് ഉറപ്പ് നൽകി.

അനുനയ ശ്രമത്തിന് ഒടുവിൽ യുവതി പോലീസിന്റെ അടുത്തേക്ക് വരികയായിരുന്നു. പിന്നീട് പെൺകുട്ടിയെ മാതാപിതാക്കളോടൊപ്പം അയച്ചു. പെൺകുട്ടി പറഞ്ഞ യുവാവിനോടും ഇരുകൂട്ടരുടെയും ബന്ധുക്കളോടും അടുത്തദിവസം സ്റ്റേഷനിലെത്താൻ പോലീസ് നിർദേശം നൽകിയിട്ടുണ്ട്.

ഏക മകൻ മരിച്ച ദുഃഖം താങ്ങാനാവാതെ മനംനൊന്ത് മാതാപിതാക്കൾ രാമേശ്വരം കടലിൽ ചാടി ജീവനൊടുക്കി. എസ് പൊന്നാപുരം സ്വദേശികളായ റിട്ട.കലക്ടറേറ്റ് ഓഫിസ് ജീവനക്കാരൻ ഗോവിന്ദരാജ് (62), ഭാര്യ റിട്ട.സർവോദയ സംഘം ജീവനക്കാരി ധന (59) എന്നിവരാണ് ആത്മഹത്യ ചെയ്തത്.

പിതാവായ ഗോവിന്ദരാജിന് അർബുദം ബാധിച്ചതിന്റെ വിഷമത്തിൽ ഇവരുടെ ഏകമകൻ കനിഷ് പ്രഭാകരൻ (22) നാലു മാസം മുൻപു തൂങ്ങിമരിച്ചിരുന്നു. ആ ദുഃഖത്തിലായിരുന്ന ദമ്പതികൾ കഴിഞ്ഞ മൂന്നിനാണു രാമേശ്വരത്തേക്കു പുറപ്പെട്ടത്. അവിടെ മുറിയെടുത്തു തങ്ങിയ ഇരുവരും കഴിഞ്ഞ ദിവസം ബന്ധുക്കളെ വിളിച്ചു വിവരമറിയിച്ച ശേഷം കടലിൽ ചാടി ജീവനൊടുക്കുകയായിരുന്നു.

പുലർച്ചെ കടലിൽ കുളിക്കാൻ എത്തിയവരാണു ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടത്. രാമേശ്വരം പൊലീസ് സ്ഥലത്തെത്തി, പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടു കൊടുത്തു. തങ്ങളുടെ സ്വത്തുക്കൾ മകന്റെ പേരിൽ ചാരിറ്റബിൾ ട്രസ്റ്റ് തുടങ്ങി ആളുകൾക്കു സഹായം നൽകാൻ ഉപയോഗിക്കണമെന്നും മകൻ അതിലൂടെ ജീവിക്കുമെന്നും എഴുതിയ ആത്മഹത്യാ കുറിും കണ്ടെടുത്തിട്ടുണ്ട്.

നടി നയന്‍താരക്കും സംവിധായകന്‍ വിഘ്‌നേഷ് ശിവനും പ്രണയസാഫല്യം. നീണ്ട നാളത്തെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ ഇരുവരും വിവാഹിതരായി. ഇരുവരും ഔദ്യോഗികമായി വിവാഹിതരായതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. മഹാബലിപുരത്തെ ഷെറാട്ടണ്‍ പാര്‍ക്കില്‍ നടന്ന സ്വപ്നതുല്യമായ ചടങ്ങില്‍ വച്ചായിരുന്നു വിവാഹം. ഹിന്ദു മതാചാര പ്രകാരമായിരുന്നു ചടങ്ങുകള്‍ നടന്നത്.

ചടങ്ങിലേക്ക് വളരെ കുറച്ച് ആളുകള്‍ക്കേ ക്ഷണമുള്ളൂവെങ്കിലും ഒരുലക്ഷത്തിനു മുകളില്‍ ആളുകള്‍ വിവാഹസദ്യ കഴിക്കും. തങ്ങളുടെ വിവാഹം കൊണ്ട് സമൂഹത്തിന് വലിയൊരു മാതൃക കാട്ടുക എന്ന ഉദ്ദേശ്യത്തോടെയാണ് നയനും വിഘ്നേഷും ഇത്രയും ആളുകള്‍ക്കായി ഉച്ച ഭക്ഷണം നല്‍കാന്‍ തീരുമാനിച്ചത്. തമിഴ്നാട്ടിലുടനീളം 18,000 കുട്ടികള്‍ക്കും ഉച്ചഭക്ഷണം നല്‍കും.

സമ്പാദ്യത്തിലൊരു പങ്ക് എന്നും സമൂഹത്തിനായി തിരിച്ചു നല്‍കണമെന്നു വിശ്വസിക്കുന്നവരാണ് നയന്‍താരയും വിഘ്നേഷ് ശിവനും. അവരുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം 18,000 കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്നതിലൂടെ സമൂഹത്തിന് വലിയൊരു മാതൃകയായി മാറുകയാണ് ദമ്പതികള്‍. താരങ്ങളുടെ ആരാധകര്‍ ഈ തീരുമാനത്തെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു.

രാവിലെ 8.30ന് തുടങ്ങിയ വിവാഹ ചടങ്ങുകള്‍ രണ്ട് മണിക്കൂറോളം നീണ്ടുനിന്നു. ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. രജനീകാന്ത്, കമല്‍ഹാസന്‍, അജിത്,ചിരഞ്ജീവി ഷാരൂഖ് ഖാന്‍, സൂര്യ, കാര്‍ത്തി, വിജയ് സേതുപതി, സംവിധായകന്‍ മണിരത്‌നം ഉള്‍പ്പെടെയുള്ളവര്‍ വധൂവരന്‍മാരെ അനുഗ്രഹിക്കാന്‍ എത്തിയിരുന്നു.

വിവാഹചിത്രങ്ങള്‍ ഉച്ചക്ക് ശേഷം പുറത്തുവിടും. വിവാഹത്തിന് മുന്നോടിയായി വിഘ്നേഷ് ശിവന്‍ മാധ്യമങ്ങളെ കാണുകയും വിവാഹ തിയതി പുറത്തുവിടുകയും ചെയ്തിരുന്നു. ജൂണ്‍ 9 ഉച്ചക്ക് ശേഷം വിവാഹചിത്രങ്ങള്‍ പങ്കുവയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

സിനിമാസ്‌റ്റൈലിലായിരിക്കും വിവാഹം നടക്കുകയെന്നും സംവിധായകന്‍ ഗൗതം മേനോനാണ് ചടങ്ങ് ഒരുക്കുകയെന്നും തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ഈയിടെ പുറത്തുവന്നിരുന്നു. വിവാഹചടങ്ങുകള്‍ സ്ട്രീം ചെയ്യുന്നതിനുള്ള അവകാശം നെറ്റ്ഫ്‌ലിക്‌സിനാണ് നല്‍കിയിരിക്കുന്നത്.

2015 നൗനും റൗഡിതാന്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് നയന്‍സും വിക്കിയും പരിചയപ്പെടുന്നത്. ചിത്രത്തിന്റെ സംവിധായകനായിരുന്നു വിഘ്‌നേഷ്. സൗഹൃദം പിന്നീട് പ്രണയമാവുകയായിരുന്നു. വിഘ്‌നേഷിന്റെ സംവിധാനത്തില്‍ ഈയിടെ തിയറ്ററുകളിലെത്തിയ കാത്തുവാക്കുല രണ്ടു കാതല്‍ എന്ന ചിത്രത്തിലെ നായികയും നയന്‍താരയായിരുന്നു.

ന്യൂയോര്‍ക്ക്: ഇത് ശരിക്കും അത്ഭുതമാണെന്ന് പറയുകയാണ് മരുന്ന് പരീക്ഷണത്തിലൂടെ അര്‍ബുദം പൂര്‍ണമായും ഭേദമായ ഇന്ത്യന്‍ വംശജ നിഷ വര്‍ഗീസ്.‘ഡോസ്ടാർലിമാബ്’ എന്ന പുതിയ മരുന്ന് പരീക്ഷിക്കാന്‍ തയാറായ 18 അര്‍ബുദ ബാധിതരില്‍ ഒരാളായിരുന്നു നിഷ. നിഷ ഉള്‍പ്പെടെ പരീക്ഷണത്തില്‍ പങ്കാളികളായ എല്ലാവരിലും രോഗം ഭേദമായി. മരുന്ന് കഴിച്ചതോടെ അര്‍ബുദം പൂര്‍ണമായി ഭേദമായെന്നാണ് റിപ്പോര്‍ട്ടുകള്‍.

‘ശരിക്കും മിറക്കിള്‍, അത്രയ്ക്ക് അദ്ഭുതം സമ്മാനിച്ച നിമിഷമായി അത്. ആ ദിവസം ട്യൂമര്‍ കാണാനുണ്ടിയിരുന്നില്ല. ട്യൂമര്‍ എവിടെ പോയി എന്ന് ഞാന്‍ ചിന്തിച്ചു. അത് എവിടെയെങ്കിലും മറഞ്ഞിരിക്കുന്നതാകും എന്ന് കരുതി. ഡോക്ടര്‍ എന്നോട് പറഞ്ഞു, ട്യൂമര്‍ പൂര്‍ണമായും ഭേദമായി. ഇത് ശരിക്കും അത്ഭുതമാണ്’,- രോഗം പൂര്‍ണമായി ഭേദമായതായി ഡോക്ടര്‍ പറഞ്ഞ ദിവസം നിഷ ഓര്‍ത്തെടുക്കുന്നു.

നിഷ വര്‍ഗീസിലും പരീക്ഷണത്തില്‍ പങ്കെടുത്ത മറ്റ് രോഗികളിലും അര്‍ബുദബാധ ഏതാണ്ട് സമാന അവസ്ഥയിലായിരുന്നു. മലാശയത്തെ പൂര്‍ണമായി അര്‍ബുദം ബാധിച്ചിരുന്നെങ്കിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടര്‍ന്നിരുന്നില്ല. എല്ലാവരും കീമോതെറാപ്പി, ശസ്ത്രക്രിയ, റേഡിയേഷന്‍ എന്നീ ചികിത്സാരീതികളിലൂടെ കടന്നുപോയവരുമായിരുന്നു.

ന്യൂയോര്‍ക്കിലെ മെമ്മോറിയല്‍ സ്ലൊവാന്‍ കെറ്ററിങ് കാന്‍സര്‍ സെന്ററിലായിരുന്നു മരുന്നിന്റെ പരീക്ഷണം. പരീക്ഷണത്തിന്റെ ഭാഗമായി രോഗബാധിതര്‍ ആറുമാസമാണ് മരുന്ന് കഴിച്ചത്. ശേഷം പരിശോധനയ്ക്ക് വിധേയരായപ്പോള്‍ എല്ലാവരിലും അര്‍ബുദകോശങ്ങള്‍ അപ്രത്യക്ഷമായെന്നാണ് റിപ്പോര്‍ട്ട്. എന്‍ഡോസ്‌കോപി, പെറ്റ്, എം. ആര്‍.ഐ. സ്‌കാന്‍ എന്നിവയിലൂടെയാണ് അര്‍ബുദകോശങ്ങള്‍ അപ്രത്യക്ഷമായതായി സ്ഥിരീകരിച്ചത്.

മൂന്നാഴ്ചയില്‍ ഒരിക്കല്‍വീതം ആറുമാസത്തേക്കാണ് രോഗികള്‍ക്ക് ഡോസ്ടാര്‍ലിമാബ് നല്‍കിയത്. അടുത്തഘട്ടമെന്ന നിലയില്‍ പരീക്ഷണത്തിലൂടെ കടന്നുപോകാമെന്ന് കരുതിയാണ് രോഗികളെല്ലാം എത്തിയത്. എന്നാല്‍ അവരെ അത്ഭുതപ്പെടുത്തിക്കൊണ്ട് മരുന്നുകഴിച്ച് ആറുമാസത്തിനുശേഷം അര്‍ബുദ വളര്‍ച്ച പൂര്‍ണമായും നിലച്ചു. രണ്ടു വര്‍ഷം പിന്നിടുമ്പോള്‍ പരീക്ഷണത്തില്‍ പങ്കെടുത്ത എല്ലാവരും അര്‍ബുദം പിടിവിട്ടു പുതുജീവിതം നയിക്കുന്നുതായി ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

എല്ലാവരിലും ഒരുപോലെ മരുന്ന് ഫലംകണ്ടുവെന്നത് ചരിത്രത്തില്‍ ആദ്യമാണെന്ന് പരീക്ഷണത്തിനു നേതൃത്വം നല്‍കിയ ഡോ. ലൂയി എ. ഡയസ് ജൂനിയര്‍ പറഞ്ഞു. മുഴുവന്‍പേര്‍ക്കും രോഗമുക്തി നേടാനായത് വലിയ പ്രതീക്ഷ നല്‍കുന്നതായും അദ്ദേഹം പറഞ്ഞു. സൈമണ്‍ ആന്‍ഡ് ഈവ് കോളിന്‍ ഫൗണ്ടേഷന്‍, ഗ്‌ളാക്‌സോ സ്മിത്ത്‌ക്ലൈന്‍, സ്റ്റാന്‍ഡ് അപ്പ് ടു കാന്‍സര്‍, സ്വിം എക്രോസ് അമേരിക്ക, നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയാണ് പരീക്ഷണം നടന്നത്.

വൈറല്‍ പനിയെ നിസാരമായി കാണരുതെന്ന് പറയുകയാണ് നടനും മിമിക്രി കലാകാരനുമായ കണ്ണന്‍ സാഗര്‍. സ്വന്തം അനുഭവം വിവരിച്ച് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് നടന്റെ പ്രതികരണം.

കണ്ണന്‍ സാഗര്‍ പങ്കുവെച്ച കുറിപ്പ്,

കുറേ യേറെ സന്തോഷിച്ചാല്‍ അല്‍പ്പം ദുഃഖിക്കേണ്ടി വരുമോ, ചിലര്‍ക്ക് വന്നേക്കാം ആ കൂട്ടത്തിലുള്ള ആളാണ് ഞാന്‍…
ഗ്രേറ്റ് ഡയറക്ടര്‍ ആയ ജിബു ജേക്കബ് സംവിധാനം നിര്‍ഹിച്ചു, രൂപേഷ് കഥയും തിരക്കഥയും നിര്‍വഹിച്ചു, കോണ്‍ഫിഡന്റ് ഗ്രൂപ്പ് തലവന്‍ ശ്രീ :Dr. റോയിയും, തോമസ് തിരുവല്ലയും നിര്‍മ്മിച്ചു ശ്രീ : സുരേഷ് ഗോപി നായകനായി അഭിനയിക്കുന്ന ‘മേ ഹും മൂസ’ എന്ന ചിത്രത്തില്‍ എനിക്കും ഒരവസരം വന്നു, പതിനൊന്നു ദിവസം ഞാന്‍ ഈ ചിത്രത്തിലെ ഒരു കഥാപാത്രമായി നിറഞ്ഞു നിന്നു ഇതാണ് എന്റെ സന്തോഷം,
അവസാന ദിവസം അഴീക്കോട് ബീച്ചില്‍ പാട്ട് സീന്‍ എടുക്കുന്നത് കാണാന്‍ പോയി എനിക്ക് ഒരാവശ്യവും ഇല്ലാതെ ചുമ്മാ ബീച്ചില്‍ ചുറ്റികറങ്ങി, അന്ന് രാത്രിയില്‍ എന്റെ ഒരു സീനും കൂടി കഴിഞ്ഞു ഞാന്‍ പാക്കപ്പ് ആയി,
ആ ചിത്രത്തിന്റെ പുറകില്‍ പ്രവര്‍ത്തിക്കുന്ന സകല ചേട്ടന്മാരോടും കെട്ടിപിടിച്ചു തന്നെ യാത്രപറഞ്ഞു ഒരു വല്ലാത്ത വിഷമം തോന്നി, എന്റെ ടൂവീലറില്‍ ഞാന്‍ നാട്ടിലേക്ക് പോന്നു,
പിറ്റേദിവസം മുതല്‍ ദേഹത്തു വേദനയും പനിയും കഫക്കെട്ടും തലവേദനയും ആകെ ഒരു വല്ലാഴിക, വേറെ വര്‍ക്ക് വന്നിരുന്നു അതും ക്യാന്‍സല്‍,
ഞാന്‍ പറഞ്ഞു വന്നത് പ്രകൃതിയുടെ കാലാവസ്ഥ വ്യതിയാനം നല്ലതുപോലെ ബാധിച്ചിട്ടുണ്ട് പ്രിയപ്പെട്ടവര്‍ മഴയത്തിറങ്ങുമ്പോഴും, ബീച്ചിലോ, വെളിയിലോ ഏതൊരു ആവശ്യത്തിന് ഇറങ്ങുമ്പോഴും നിസ്സാരമായി കാണരുത്, വൈറല്‍ പനിയെന്നു പറഞ്ഞാലും ഇത് വന്നാല്‍ നല്ലത് പോലെ ദോഷം ചെയ്യും,
ഞാന്‍ ആദ്യം സര്‍ക്കാര്‍ ആശുപത്രിയിലാണ് പോയത്, എന്തിനാ വന്നത് എന്ന ഒരു ചോദ്യം മാത്രം, പനിയാണ് എന്നു ഞാനും പറഞ്ഞു
ഒരു ചീട്ടില്‍ എന്തൊക്കെയോ കുത്തിക്കുറിച്ചു മരുന്നും വാങ്ങി അതുമായി വീട്ടിലേക്കു, രണ്ടു ദിവസം മരുന്ന് കഴിച്ചു, പനി എന്റെ ഉള്ളില്‍ കിടന്നു താണ്ഡവമാടി, ഇന്നലെ രാത്രിയില്‍ ഞാന്‍ ചങ്ങനാശ്ശേരി NNS മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റായി, ഒരു വില്ലന്‍ കഥാപാത്രത്തെ പോലെ ‘ബില്ല് ‘ കടന്നു വരുന്നതും കാത്തു ഇന്നു മുതല്‍ പ്രതീക്ഷയില്‍…
സൂക്ഷിക്കുക പനി നിസാരകാരനല്ല…

തിരുവനന്തപുരം: ഹാക്ക് ചെയ്യപ്പെട്ട ട്വിറ്റര്‍ ഹാന്റില്‍ മണിക്കൂറകള്‍ക്ക് ഉള്ളില്‍ തിരിച്ച് പിടിച്ച് കേരള പോലീസ്. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്. ഓക്ക് പാരഡൈസ് എന്ന ഹാക്കേഴ്‌സാണ് അക്കൗണ്ട് ഹാക്ക് ചെയ്തത്.

എന്‍എഫ്ടി, ക്രിപ്‌റ്റോ പോലുള്ള ന്യൂജെന്‍ നിക്ഷേപ മാര്‍ഗങ്ങള്‍ക്ക് പിന്തുണ കണ്ടെത്താനായി കൂടുതല്‍ ഫോളോവേര്‍സുള്ള ഇത്തരം ഹാന്റിലുകള്‍ ഹാക്ക് ചെയ്യുന്ന ന്യൂജന്‍ സംഘങ്ങളുണ്ട്. ഇവരാണ് കേരള പൊലീസിന്റെ അക്കൗണ്ട് ഹാക്ക് ചെയ്തതിന് പിന്നിലെന്നാണ് സംശയം. ഹാക്ക് ചെയ്യപ്പെട്ടതിന് പിന്നാലെ കേരള പൊലീസിന്റെ അക്കൗണ്ടില്‍ നിന്നും എന്‍എഫ്ടി അനുകൂല ട്വീറ്റുകള്‍ റീട്വീറ്റ് ചെയ്തിരുന്നു. 3.14 ലക്ഷം ആളുകളാണ് കേരള പൊലീസിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഫോളോവേഴ്‌സായുള്ളത്. കേരള പൊലീസിന്റെ ട്വീറ്റുകള്‍ എല്ലാം തന്നെ ഹാക്ക് ചെയ്തവര്‍ പേജില്‍ നിന്ന് നീക്കം ചെയ്തിരിക്കുകയാണ്. ഹാക്ക് ചേയ്തവര്‍ ഓക് പാരഡൈസ് എന്നാണ് അക്കൗണ്ടിന് പുതിയ പേര് നല്‍കിയത്.

മകന്റെ മൃതദേഹം സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് വിട്ടുകിട്ടാന്‍ തെരുവിലിറങ്ങി ഭിക്ഷയാചിച്ച് വൃദ്ധ ദമ്പതികള്‍. ബിഹാറിലെ സമസ്തിപൂരിലാണ് സംഭവം. മൃതദേഹം വിട്ടുകിട്ടാന്‍ 50000 രൂപ ആശുപത്രിയില്‍ കെട്ടിവെക്കണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടതിനെ തുടന്നാണ് മാതാപിതാക്കള്‍ തെരുവിലിറങ്ങിയത്.

ദമ്പതികളുടെ മകനെ കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതാകുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം ആശുപത്രിയിലുണ്ടെന്ന അറിയിപ്പിനെ തുടര്‍ന്നാണ് ദമ്പതികള്‍ ആശുപത്രിയിലെത്തിയത്. മൃതദേഹം വിട്ടു കിട്ടണമെങ്കില്‍ 50000 രൂപ കെട്ടിവെക്കണമെന്ന് ആശുപത്രി ജീവനക്കാര്‍ ആവശ്യപ്പെട്ടതായി പിതാവ് മഹേഷ് ടാക്കൂര്‍ പറഞ്ഞു. ‘മകന്റെ മൃതദേഹം വിട്ടുനല്‍കാന്‍ ആശുപത്രി ജീവനക്കാരന്‍ 50000 രൂപ ആവശ്യപ്പെട്ടു. ഞങ്ങള്‍ പാവങ്ങളാണ്, ഈ തുക എങ്ങനെ അടക്കും?’ മഹേഷ് പറയുന്നു. പണം തേടി അലഞ്ഞ ദമ്പതികളുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.

കൊച്ചി: പോലീസില്‍ നിന്ന് ജീവന് ഭീഷണിയുണ്ടെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് സ്വപ്‌ന കൂടുതല്‍ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കും പങ്കുണ്ട്. കേന്ദ്ര ഏജന്‍സികളോട് ഇത് വെളിപ്പെടുത്താതിരിക്കാന്‍ കടുത്ത സമ്മര്‍ദ്ദമുണ്ടായി. തന്റെ രഹസ്യമൊഴിയില്‍ തുടര്‍ നടപടി എടുക്കാതെ കസ്റ്റംസ് പൂഴ്ത്തിയെന്നും സ്വപ്‌ന പറയുന്നു.

മുഖ്യമന്ത്രിയുടെ ദൂതന്‍ എന്ന പേരില്‍ ഷാജി കിരണ്‍ എന്നൊരാള്‍ ഇന്നലെ തന്നെ സമീപിച്ചു. രഹസ്യമൊഴിയില്‍ പറഞ്ഞ കാര്യങ്ങളില്‍ നിന്ന് പിന്മാറണം. അഭിഭാഷകരുടെ സമ്മര്‍ദ്ദപ്രകാരമാണ് മൊഴി നല്‍കിയതെന്ന് പറയണമെന്നും ആവശ്യപ്പെട്ടു. പാലക്കാട്ടെ ഓഫീസില്‍ എത്തിയാണ് ഇയാള്‍ ഭീഷണിപ്പെടുത്തിയത്. പകല്‍ വെളിച്ചം കാണാതെ ജയിലിലടയ്ക്കുമെന്ന് ഷാജി കിരണ്‍ ഭീഷണിപ്പെടുത്തി.

തനിക്കും സരിത്തിനുമെതിരെ ഗുരുതരമായ വകുപ്പുകള്‍ ചുമത്തി കേസെടുക്കുമെന്ന് ഷാജി കിരണ്‍ പറഞ്ഞു. സംഭാഷണത്തിന്റെ റെക്കോര്‍ഡിംഗ് തന്റെ പക്കലുണ്ട്. 10 മണിക്ക് മൂന്‍പ് മൊഴി പിന്‍വലിക്കണമെന്നാണ് ഭീഷണി. രാവിലെ 10 മണിക്ക് മുഖ്യമന്ത്രിക്കൊപ്പം ഡി.ജി.പിയെ കാണുന്നുണ്ടെന്നും ഷാജി കിരണ്‍ പറഞ്ഞു. ശിവശങ്കറാണ് നേരത്തെ ഷാജിയെ തനിക്ക് പരിചയപ്പെടുത്തിയെന്നും സ്വപ്‌ന ഹര്‍ജിയില്‍ പറയുന്നു.

അതിനിടെ, സ്വപ്‌നയ്‌ക്കെതിരെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി ജോലി സമ്പാദിച്ചുവെന്ന കേസില്‍ അന്വേഷണം ഊര്‍ജിതമാക്കാനും പോലീസ് തീരുമാനിച്ചു. ഇതിനായി പഞ്ചാബില്‍ പോയി തെളിവെടുക്കാനാണ് പോലീസിന്റെ തീരുമാനം. വൈകാതെ കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിക്കും.

ബിനോയ് എം. ജെ.

മതം ഒരു പൗരാണിക വിഷയമാണ്. അത് എന്തിനു വേണ്ടി നിലകൊള്ളുന്നു? വ്യക്തിയുടെ ക്ഷേമമാണ് മതത്തിന്റെ ലക്ഷ്യം. ഒരു പക്ഷേ വ്യക്തിയുടെ ക്ഷേമത്തെക്കുറിച്ച് ആധുനിക മനുഷ്യന് അറിയാവുന്നതിലൂം കൂടുതൽ കാര്യങ്ങൾ പൗരാണിക മനുഷ്യന് അറിയാമായിരുന്നു എന്നതാണ് സത്യം. മതത്തിൽ നിന്നും ആദ്ധ്യാത്മികതയിൽ നിന്നും ആധുനിക ലോകം വ്യതിചലിച്ചിരിക്കുന്നു. ഇതാണ് ആധുനിക ലോകത്തിൽ ഇത്രയധികം പ്രശ്നങ്ങൾ ഉണ്ടാകുന്നതിന്റെ അടിസ്ഥാനപരമായ കാരണം. അതീന്ദ്രിയ അനുഭവങ്ങളും, ദർശനങ്ങളും, സമാധിയും മറ്റും ഉള്ളതായി പോലും ആധുനിക സമൂഹം സമ്മതിക്കുന്നില്ല. മന:ശ്ശാസ്ത്രം ഇനിയും വളരെയധികം വളരുവാൻ കിടക്കുന്നു. മതത്തിന്റെ ശ്രദ്ധാകേന്ദ്രം ധർമ്മശാസ്ത്ര(Ethics)മാകുന്നു. എന്നാൽ ആധുനിക കാലങ്ങളിൽ മതത്തിന്റെ(ആദ്ധ്യാത്മികതയുടെ) ശ്രദ്ധാകേന്ദ്രം മന:ശ്ശാസ്ത്രത്തിലേക്ക് തിരിയുന്നു എന്നുള്ളത് കൂടുതൽ പ്രതീക്ഷകൾക്ക് വക നൽകുന്ന കാര്യമാണ്. കാരണം ഇവിടെ മതം കൂടുതൽ ശാസ്ത്രീയമാകുവാനുള്ള സാധ്യതകൾ തെളിഞ്ഞു വരുന്നു. ഓഷോയും സദ്ഗുരുവും മറ്റും പ്രഗത്ഭരായ മന:ശ്ശാസ്ത്രജ്ഞന്മാരാണ്.

ആദ്ധ്യാത്മികതയെ മതത്തിൽ നിന്നും ധർമ്മശാസ്ത്രത്തിൽനിന്നും വേർപെടുത്തി, മറ്റു മാനവിക വിഷയങ്ങൾക്ക് വീതിച്ചു നൽകുക എന്നത് കാലത്തിന്റെ ആവശ്യമാകുന്നു. ഇപ്രകാരം ആദ്ധ്യാത്മികതയെ ശാസ്ത്രവുമായി ബന്ധിപ്പിക്കുമ്പോൾ അത് അന്ധവിശ്വാസജഡിലമായ പഴയ മേഖലകളിൽനിന്നും മോചനം നേടി യുക്തിക്കും ബുദ്ധിക്കും നിരക്കുന്ന വാദഗതികളെ സ്വീകരിക്കുകയും മാനവസംസ്കാരത്തിൽ പുതിയ ഒരു യുഗത്തിന് തുടക്കം കുറിക്കുകയും ചെയ്യും. അപ്പോൾ ശാസ്ത്രം ആദ്ധ്യാത്മികതയിലൂടെയും ആദ്ധ്യാത്മികത ശാസ്ത്രത്തിലൂടെയും പുനർജ്ജനിക്കുന്നു. ഇത് സംഭവിക്കുമ്പോൾ മനുഷ്യജീവിതത്തിൽ ഗംഭീരമായ കുതിച്ചു ചാട്ടം ഉണ്ടാകുന്നു എന്നതിൽ സംശയമില്ല.

ഇനി ആദ്ധ്യാത്മികതയെ സൂഹശാസ്ത്രത്തിലേക്ക് എങ്ങനെ പരിവർത്തനം ചെയ്യാമെന്ന് നോക്കാം. ഇത് കൂടുതൽ സങ്കീർണ്ണമായ ഒരു പ്രക്രിയയാണ്. സമൂഹത്തിന്റെ നന്മ രാഷ്ട്രതന്ത്രം ചർച്ച ചെയ്യുന്നു. കാറൽ മാർക്സിന്റെ സോഷ്യലിസവും കമ്മ്യൂണിസവുമൊക്കെ ആദ്ധ്യാത്മികതയെ സമൂഹത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള ഗംഭീരമായ പരിശ്രമങ്ങൾ ആകുന്നു. ഈശ്വരവിശ്വാസവും ആദ്ധ്യാത്മികതയും തമ്മിൽ വലിയ ബന്ധമൊന്നും ഇല്ലെന്നുള്ളതാണ് സത്യം. ശാസ്ത്രം ഈശ്വരനെ അംഗീകരിച്ചാലും നിഷേധിച്ചാലും അത് ശാസ്ത്രത്തിന്റെ ആദ്ധ്യാത്മികതയിലേക്കുള്ള പുരോഗതിക്ക് തടസ്സമാകുന്നില്ല എന്ന് സാരം. ഏറ്റവും സങ്കുചിതമായ രീതിയിൽ പറഞ്ഞാൽ സ്വാർത്ഥതയെ വ്യക്തി ജീവിതത്തിൽ നിന്നും സാമൂഹിക ജീവിതത്തിൽ തുരത്തുക എന്നതാണ് ആദ്ധ്യാത്മികതയുടെ കാതൽ. ഈയർത്ഥത്തിൽ സ്വകാര്യ സ്വത്തും അസമത്വവും ആദ്ധ്യാത്മികതയെ തകർക്കുന്ന ശക്തികളാണ്.

ഇപ്രകാരം ആദ്ധ്യാത്മികതയെ മന:ശ്ശാസ്ത്രത്തിലേക്കും സമൂഹശാസ്ത്രത്തിലേക്കും പരിവർത്തനപ്പെടുത്തിയെടുക്കുക എന്നതാകുന്നു ആധുനിക ശാസ്ത്ര ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇപ്രകാരം മന:ശ്ശാസ്ത്രവും സാമൂഹശാസ്ത്രവും പുതിയ രൂപഭാവങ്ങൾ കൈക്കൊള്ളുമ്പോൾ മതത്തിനും ധർമ്മശാസ്ത്രത്തിനും മുമ്പുണ്ടായിരുന്ന പ്രാധാന്യം നഷ്ടപ്പെട്ടു പോകുന്നു. പരീക്ഷണ-നിരീക്ഷണങ്ങൾക്കും യുക്തി ചിന്തക്കും ചേക്കേറുവാനുള്ള പുതിയ ഒരു മേഖലയായി ആദ്ധ്യാത്മികത മാറുന്നു.

ആധുനിക മനുഷ്യന്റെ ബുദ്ധിശക്തി മാത്രമേ ഉണർന്നിട്ടുള്ളൂ, ആദ്ധ്യാത്മികത ഉണർന്നിട്ടില്ല. ബുദ്ധിക്കും അപ്പുറം പോകുവാൻ മനുഷ്യന് കഴിയും. ബുദ്ധിക്കും അപ്പുറം പോകുമ്പോൾ ആദ്ധ്യാത്മികതയിലേക്കുള്ള വാതിൽ തുറന്ന് കിട്ടുന്നു. അവനിലെ അനന്തശക്തി ഉണരുന്നു. അനന്തശക്തി എന്ന് കേൾക്കുമ്പോൾ അതെന്താണെന്ന് ശാസ്ത്രലോകം ചോദിക്കുന്നു. ബുദ്ധിക്കും അപ്പുറം പോകുവാനുള്ള ഇച്ഛാശക്തിയും മന:ക്കരുത്തുമാണ് മനുഷ്യന് ഇന്നാവശ്യം.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

Copyright © . All rights reserved