Latest News

മിനിസ്‌ക്രീനില്‍ തിളങ്ങി നില്‍ക്കുന്ന സെലിബ്രിറ്റി ദമ്പതികളാണ് ജീവയും അപര്‍ണയും. ഇരുവരും ശ്രദ്ധിക്കപ്പെട്ടത് അവതാരകരായിട്ടാണ്. സരിഗമപ എന്ന സംഗീത റിയാലിറ്റി ഷോയിലാണ് ജീവ അവതാരകരായി എത്തുന്നത്. മിസ്റ്റര്‍ ആന്റ് മിസിസ് എന്ന ഷോയാണ് ഇരുവരും ഒരുമിച്ച് അവതരിപ്പിച്ചത്. അപര്‍ണ്ണ എയര്‍ഹോസ്റ്റസാണ്. സുഹൃത്തിനൊപ്പം അവതാരകര്‍ക്കുള്ള ഓഡിഷനില്‍ പങ്കെടുക്കാന്‍ പോയ ജീവ ആകസ്മികമായി വേദിയില്‍ എത്തുകയും ഒടുവില്‍ ഫലം വന്നപ്പോള്‍ ജീവ സെലക്ടാകുകയായിരുന്നു.

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് ജീവയും അപര്‍ണയും. തങ്ങളുടെ വിശേഷങ്ങളും മറ്റുമെല്ലാം ഇരുവരും സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവെയ്ക്കാറുമുണ്ട്. അടുത്തിടെ മാലിദ്വീപില്‍ അവധി ആഘോഷിക്കാന്‍ പോയ ചിത്രങ്ങള്‍ ഇരുവരും പങ്കുവെച്ചിരുന്നു. ബിക്കിനി വേഷം ധരിച്ചുള്ള അപര്‍ണയുടെ ചിത്രമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. എന്നാല്‍ ഇതിന് പിന്നാലെ സദാചാര കമന്റുകളും മറ്റും പ്രത്യക്ഷപ്പെട്ട് തുടങ്ങി. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരിച്ച് ജീവ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.

ഒരു അഭിമുഖത്തിലാണ് സദാചാരക്കാരോടുള്ള തന്റെ മനോഭാവത്തെ കുറിച്ച് ജീവ വ്യക്തമാക്കിയത്. ‘കാര്യങ്ങള്‍ കാണുന്ന രീതിയില്‍ ഉള്ള വ്യത്യാസമാണ് ഇത്തരം കമന്റുകള്‍ക്ക് കാരണം. ഞാനും ഭാര്യയും കൂടെ ടൂര്‍ പോകുമ്പോള്‍ അവള്‍ അവള്‍ക്കിഷ്ടമുള്ള വസ്ത്രം ഇടുന്നു. ആ കോസ്റ്റ്യൂമിനെ കമന്റ് ചെയ്യാനാണ് എല്ലാവര്‍ക്കും താല്‍പര്യം. ഒരു ഭര്‍ത്താവിനില്ലാത്ത എന്ത് ദണ്ണമാണ് നാട്ടുകാര്‍ക്ക് ഉണ്ടാകുന്നത് എന്ന് എനിക്ക് മനസിലായിട്ടില്ല.’

‘നിങ്ങളുടെ സ്വകാര്യത നിങ്ങള്‍ കണ്ടാല്‍പ്പോരെ എന്നാെക്കെ ചിലര്‍ ചോദിക്കാറുണ്ട്. ഞങ്ങളുടെ സ്വകാര്യത ഞങ്ങള്‍ നാട്ടുകാരെ കാണിച്ചിട്ടില്ല. ഇത്തരക്കാരുടെ വിചാരം ഇവരെന്തോ കണ്ടുപിടിച്ചെന്നാണ്. നാട്ടുകാര്‍ എന്ത് കാണണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നോ അത് മാത്രമെ ഞങ്ങള്‍ ഇതുവരെ പങ്കുവെച്ചിട്ടുള്ളൂ. ഭാര്യയോട് അങ്ങനെ ചെയ്യരുത്… ഇങ്ങനെ ചെയ്യരുത് എന്നൊന്നും പറഞ്ഞ് ബുദ്ധിമുട്ടിക്കുന്ന ഭര്‍ത്താവല്ല ഞാന്‍. അങ്ങനൊരു ഭര്‍ത്താവാകാന്‍ താല്‍പര്യവുമില്ല. വസ്ത്രധാരണത്തിന് എല്ലാവര്‍ക്കും സ്വാതന്ത്രമുണ്ട്. എന്റെ ഭാര്യയ്ക്ക് ഇഷ്ടപ്പെട്ട വസ്ത്രം അവള്‍ ധരിക്കട്ടെ…. വേറാരും അതില്‍ ഇടപെടണ്ട’ ജീവ പറഞ്ഞു.

ഏറെ ആരാധകരുള്ള ക്രിക്കറ്റ് താരമായിരുന്നു ശ്രീശാന്ത്. കരിയറിൽ ഇടക്ക് ചില പ്രശ്നങ്ങൾ നേരിട്ടെങ്കിലും അതെല്ലാം അതിജീവിച്ച് തിരിച്ചെത്തിയിരുന്നു. അടുത്തിടെയാണ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നെന്ന പ്രഖ്യാപനം നടത്തിയത്. ഇപ്പോഴിതാ തിഹാർ ജയിലിൽ കിടന്നപ്പോഴത്തെ ഓർമ്മകളാണ് ശ്രീശാന്ത് പങ്കുവെക്കുന്നത്. വാക്കുകൾ, എങ്ങനെ എങ്കിലും ടീമിൽ തിരിച്ചെത്തണം എന്ന വാശിയോടെയാണ് 2013 ൽ ഐപിഎല്ലിൽ കളിക്കാൻ എത്തിയത്. അപ്പോാണ് അപ്രതീക്ഷിതമായി അറസ്റ്റ് ഉണ്ടാവുന്നത്.

മൂകാംബിക ദേവിയുടെ മുന്നിൽ വെച്ച് പൂജിച്ച് കെട്ടിയ ചരട് മരണശേഷമേ അഴിക്കാവു എന്ന് ഞാൻ മനസിൽ ഉറപ്പിച്ചിരുന്നു. അത് ബലം പ്രയോഗിച്ച് അവർ മുറിച്ചെടുത്തു. എന്നും തുണയായിരുന്ന ദേവി എന്നെ വിട്ട് പോവുന്നത് പോലെ തോന്നി. അത് സത്യമായിരുന്നു. തിഹാറിൽ ക്രിമിനലുകൾക്കിടയിൽ ഞാൻ ചെന്ന് വീണു. അവരെന്നെ നോട്ടമിട്ടു. ബ്ലേഡ് വെച്ച് മുറിപ്പെടുത്താൻ ശ്രമിക്കും. വാതിലിൽ നിന്ന് പറിച്ചെടുത്ത ലോഹക്കഷണം രാകി മൂർച്ച വരുത്തി ഒരുത്തൻ എന്നെ കുത്താൻ ശ്രമിച്ചു. 200 പേർക്കുള്ള ഡോർമെറ്ററിയിൽ മൂന്നൂറിലധികം തടവുകാർക്കൊപ്പമായിരുന്നു ഞാൻ.

നനഞ്ഞ ബാത്ത്‌റൂമിന് അടുത്ത് നിലത്ത് കമ്പിളി വിരിച്ചായിരുന്നു കിടപ്പ്. മുഴുവൻ സമയവും വെളിച്ചം നിറഞ്ഞ് നിന്ന മുറിയിൽ കിടന്ന് ഉറങ്ങാൻ സാധിക്കില്ലായിരുന്നു. അന്നൊക്കെ കരയുകയാണ് ചെയ്തത്. തിരിച്ച് വീട്ടിലെത്തിയപ്പോൾ അച്ഛനും അമ്മയ്ക്കും വിഷമം വരാതിരിക്കാൻ ചിരിച്ച് നടന്നു. പക്ഷേ മുറിയിൽ കയറിയാൽ കരച്ചിൽ വരും. ആത്മഹത്യ ചെയ്താലോ എന്ന് വരെ താൻ ചിന്തിച്ച് പോയ നിമിഷങ്ങളായിരുന്നു അത്.

വർക്കലയിൽ ഒരു കുടുംബത്തിലെ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ തീ പിടുത്തതിൽ റിപ്പോർട്ട് സമർപ്പിച്ച് ഫയർ ഫോഴ്സ്. തീ പടർന്നത് വീടിൻ്റെ കാർ പോർച്ചിൽ നിന്നാണെന്നാണ് ഫയർ ഫോഴ്സിൻ്റെ റിപ്പോർട്ട്. കാർപോർച്ചിൽ നിന്നും കേബിൾ വഴി തീ ഉള്ളിലെ ഹാളിലേക്ക് പടർന്നു. തീ ആളിക്കത്താൻ സഹായിക്കുന്ന വസ്തുകൾ ഹാളിലുണ്ടായിരുന്നുവെന്നും ഫയർ ഫോഴ്സിൻ്റെ അന്വേഷണ റിപ്പോർട്ട്.

വീടിനകത്തുണ്ടായിരുന്നവർ അഗ്നിബാധയറിയുകയും രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. പുക ശ്വസിച്ചവർ എഴുന്നേൽക്കാൻ ശ്രമിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനം നടത്തുമ്പോൾ മൃതദേഹങ്ങളെല്ലാം വാതിലിന് സമീപം കണ്ടെത്തിയത് ഇതിന് തെളിവാണ്. വാതിൽ തുറക്കാനുള്ള ശ്രമത്തിനിടെ പുക ശ്വസിച്ചു ഇവർ വീണതാവാനാണ് സാധ്യതയെന്നാണ് അഗ്നിരക്ഷാസേനയുടെ റിപ്പോർട്ടിൽ പറയുന്നത്.

വർക്കലയിൽ ഇരുനില വീടിന് തീപിടിച്ച് എട്ടുമാസം പ്രായമുള്ള കുഞ്ഞ് അടക്കം ഒരു കുടുംബത്തിലെ അഞ്ച് പേർക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. വർക്കല ദളവാപുരം സ്വദേശി പ്രതാപനും ഭാര്യ ഷേർളിയും ഇളയമകൻ അഹിലും രണ്ടാമത്തെ മകൻ നിഹുലിൻറെ ഭാര്യ അഭിരാമിയും അഭിരാമിയുടെ കുഞ്ഞ് റയാനുമാണ് മരിച്ചത്. സംഭവസമയം വീട്ടിലുണ്ടായിരുന്ന നിഹുലിന് ഗുരുതരമായി പരിക്കേറ്റിരുന്നു.

വീടിന് തീപിടിച്ചെന്ന് അയൽവാസി വിളിച്ചു പറഞ്ഞപ്പോൾ ആണ് അറിഞ്ഞതെന്നാണ് നിഹുൽ നൽകിയിരിക്കുന്ന മൊഴി. മൊബൈലിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ തീപടരുന്നത് കണ്ടു. തുടർന്ന് ഭാര്യയേയും കുട്ടിയേയും ബാത്ത് റൂമിലേക്ക് മാറ്റി. വാതിലിനടുത്തേക്ക് പോകാൻ ശ്രമിച്ചെങ്കിലും അതിനു സാധിച്ചില്ലെന്നും നിഹുലിൻ്റെ മൊഴിയിൽ പറയുന്നു.

തീപിടുത്തമുണ്ടായ വീടിനു ചുറ്റമുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് നേരത്തെ പരിശോധിച്ചിരുന്നു. അസ്വാഭാവികമായി ആരും ഈ പ്രദേശത്ത് എത്തിയിട്ടില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. അട്ടിമറിക്കുള്ള മറ്റു തെളിവുകളൊന്നുമില്ലെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. അഞ്ചു പേരുടെ ജീവൻ നഷ്ടമായ സംഭവത്തിൽ ഡിഐജി ആർ.നിശാന്തിനിയുടെ നേതൃത്വത്തിൽ സമഗ്രമായ അന്വേഷണമാണ് പൊലീസ് നടത്തിയത്. വർക്കല ഡിവൈഎസ്പി നിയാസായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ. പുക ശ്വസിച്ചതും ചൂടുമാണ് അഞ്ചുപേർ മരിക്കാൻ കാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. പാരിപ്പള്ളി മെഡിക്കൽ കോളജിലായിരുന്നു പോസ്റ്റുമോർട്ടം.

‘ഹോം ഫോർ യുക്രൈൻ’ പുനരധിവാസ പദ്ധതിപ്രകാരം ബ്രിട്ടൻ ഇതുവരെ വിസനൽകിയത് 2700 യുക്രൈൻ പൗരന്മാർക്ക്. ബ്രിട്ടനിലുള്ള ബന്ധുക്കളോ സുഹൃത്തുക്കളോ സഹാനുഭൂതരായ മറ്റുള്ളവരോ അഭയസ്ഥാനം നൽകാമെന്നേറ്റ 2700 പേർക്കാണ് ഈ പദ്ധതിപ്രകാരം വിസഅനുവദിച്ചത്. ഇതുവരെ ലഭിച്ച 28,300 അപേക്ഷകളിൽ നിന്നാണ് 15 ദിവസത്തിനകം പത്തുശതമാനം പേർക്ക് മറ്റ് അന്വേഷണങ്ങൾ പൂർത്തിയാക്കി വിസഅനുവദിച്ചത്. വരുംദിവസങ്ങളിൽ കൂടുതൽ പേർക്ക് ഈ പദ്ധതിപ്രകാരം വിസഅനുവദിക്കും.

ഇതുവരെ നാൽപത് ലക്ഷത്തിലധികം യുക്രൈൻ പൗരന്മാർ യുദ്ധക്കെടുതിയിൽനിന്നും രക്ഷപ്പെടാൻ നാടുവിട്ട് വിവിധ യൂറോപ്യൻ രാജ്യങ്ങളിലേക്ക് പലായനം ചെയ്തുകഴിഞ്ഞു. ഇതിൽ പലരുടെയും കുടുംബാംഗങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും ബ്രിട്ടനിലുണ്ട്. ഇത്തരക്കാർക്ക് അഭയം ഒരുക്കുക എന്നതാണ് സർക്കാർ പദ്ധതിയുടെ പ്രധാന ലക്ഷ്യം. എന്നാൽ ഒരു ബന്ധവുമില്ലാത്തവർക്കും മാനുഷിക പരിഗണനയുടെ പേരിൽ അഭയം ഒരുക്കുന്ന കാരുണ്യ പദ്ധതിയായി ഹോം ഫോർ യുക്രൈൻ മാറുന്നുണ്ട്.

അഭയാർഥി വീസയ്ക്കുള്ള അപേക്ഷാഫോമുകൾ ദൈർഘ്യമേറിയതാണെന്ന് തുറന്നു സമ്മതിക്കുന്ന മന്ത്രി ലോർഡ് ഹാരിങ്ടൺ നടപടിക്രമങ്ങൾ ലഘൂകരിക്കാനും കൂടുതൽ വീസകൾ നൽകാൻ നടപടിയുണ്ടാകുമെന്നും ഉറപ്പു നൽകുന്നുണ്ട്. എന്നാൽ തുടക്കം മുതലേ ഒട്ടേറ വിമർശനങ്ങൾ കേൾക്കേണ്ടിവന്ന പദ്ധതിയായതിനാൽ കരുതലോടെയാണ് ഹോം ഓഫിസിന്റെ നടപടികൾ. അഭയാർഥികളുടെ മറവിൽ ഭീകരരോ മറ്റ് ഉദ്ദേശങ്ങളുള്ളവരോ കടന്നുവരാതിരിക്കാനുള്ള മുൻകരുതലാണ് ദീർഘമായ നടപടികളിലൂടെ സർക്കാർ ഉറപ്പുവരുത്തുന്നത്.

റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ചിതറിച്ച യുക്രൈനിൽനിന്നും അഭയാർഥികളായി എത്തുന്നവർക്ക് വാസസ്ഥലം ഒരുക്കാൻ വ്യക്തികൾക്കും സാമൂഹിക സംഘടനകൾക്കും ചാരിറ്റികൾക്കും മതസ്ഥാപനങ്ങൾക്കും അവസരം നൽകുന്ന പദ്ധതിയാണ് ഹോം ഫോർ യുക്രൈൻ. .

ഓരോ അഭയാർഥിക്കും വാസസ്ഥലം ഒരുക്കുന്ന കുടുംബത്തിന് മാസം 350 പൗണ്ട് വീതം സർക്കാർ നൽകും. ടാക്സ്ഫ്രീ ആയാകും ഈ തുക നൽകുക. അഭയാർഥികൾക്ക് ഭക്ഷണത്തിനും മറ്റു ചെലവുകൾക്കുമുള്ള പണം സർക്കാർ അവർക്ക് നേരിട്ടും നൽകും. താമസസ്ഥലത്തിനൊപ്പം അതുകൂടി നൽകാൻ താൽപര്യമുള്ളവർക്ക് അതിനും അവസരമുണ്ട്. ഹൗസിംങ് ആൻഡ് കമ്മ്യൂണിറ്റീസ് സെക്രട്ടറി മൈക്കിൾ ഗോവാണ് രണ്ടാഴ്ച മുമ്പ് യുക്രൈൻ അഭയാർഥികൾക്കായുള്ള ഈ പുതിയ പദ്ധതി പ്രഖ്യാപിച്ചത്.

വാടകയില്ലാതെ അഭയാർഥികളെ സ്വന്തം വീട്ടിലെ മുറിയിലോ മറ്റേതെങ്കിലും പ്രോപ്പർട്ടിയിലോ താമസിപ്പിക്കാൻ താൽപര്യമുള്ളവർക്ക് സർക്കാർ വെബ്സൈറ്റിലൂടെ സമ്മതം അറിയിച്ചാണ് അപേക്ഷ സമർപ്പിക്കേണ്ടത്. നേരിട്ട് അറിയാവുന്ന യുക്രൈനിയൻ പൗരന്മാരെ സ്പോൺസർ ചെയ്യാനായിരുന്നു ആദ്യ അവസരം. ഭാവിയിൽ ബ്രിട്ടനുമായി യാതൊരു ബന്ധവുമില്ലാത്തവരെയും സ്പോൺസർ ചെയ്യാൻ പദ്ധതിയിൽ അവസരം നൽകും.

 

ഒരു കാലത്ത് പോണ്‍സിനിമാ രംഗത്ത് നിറഞ്ഞുനിന്ന പേരാണ് ജോഷ്വാ ബ്രൂം. ഗേ പോണ്‍ ചിത്രങ്ങളിലൂടെ പ്രശസ്തനായ ഇദ്ദേഹം തന്റെ ആറ് വര്‍ഷത്തെ കരിയറിനിടെ അഭിനയിച്ച് തീര്‍ത്തത് 1,000 -ത്തിലധികം അഡല്‍റ്റ് സിനിമകളാണ്. എന്നാല്‍, പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോള്‍ തന്നെ അദ്ദേഹം പോണ്‍ സിനിമാരംഗം വിട്ട് ആത്മീയതയിലേക്ക് തിരിഞ്ഞു. ഒരു പാസ്റ്ററായി മാറി. ലെറ്റ്‌സ് ടോക് പ്യൂരിറ്റി പോഡ്കാസ്റ്റിലാണ് അദ്ദേഹം തന്റെ ഈ അനുഭവം ലോകത്തോട് പങ്കുവെച്ചത്. ഒരു ഘട്ടത്തില്‍ താന്‍ ആത്മഹത്യ ചെയ്യാന്‍ പോലും ആഗ്രഹിച്ചിരുന്നതായി ജോഷ്വ പറയുന്നു.

ഒരു വെയിറ്ററായി ജോലി ചെയ്യുന്നതിനിടയില്‍, ഒരു അശ്ലീലരംഗത്തില്‍ മുഖം കാണിക്കുന്നത് കരിയറിനെ മുന്നോട്ട് കൊണ്ടുപോകാന്‍ സഹായിക്കുമെന്ന് ഒരുകൂട്ടം സ്ത്രീകള്‍ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചു.

താമസിയാതെ, അന്നത്തെ 23-കാരനായ ബ്രൂം പ്രതിമാസം ഡസന്‍ കണക്കിന് സീനുകള്‍ ചിത്രീകരിക്കുകയും വ്യവസായത്തിലെ ഏറ്റവും ജനപ്രിയമായ പുരുഷ താരങ്ങളില്‍ ഒരാളായി മാറുകയും ചെയ്തു

”പണം സമ്പാദിച്ചാല്‍ ഞാന്‍ സന്തോഷവാനായിരിക്കുമെന്ന വിശ്വസിച്ചു,” ബ്രൂം ദ പോസ്റ്റിനോട് പറഞ്ഞു. ”ഞാന്‍ മില്ല്യണുകളാണ് സമ്പാദിച്ചത് ഞാന്‍ പോകാന്‍ ആഗ്രഹിക്കുന്ന എല്ലായിടത്തും ഞാന്‍ യാത്ര ചെയ്തു. എനിക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുന്ന എല്ലാതരത്തിലുള്ള ലൈംഗികതയും ഞാന്‍ നടത്തി. എന്നാല്‍ എല്ലാം കിട്ടിയപ്പോള്‍, എന്റെ ജീവിതം തകര്‍ന്നു, കാരണം അത് എന്റെ ഉള്ളില്‍ എപ്പോഴും ദുഃഖവും ശൂന്യതയും വര്‍ധിപ്പിച്ചു.’

അങ്ങനെ ആറ് വര്‍ഷം നീണ്ട കരിയറിനൊടുവില്‍ 2012-ല്‍ ബ്രൂം പോണ്‍ വ്യവസായ രംഗത്തെ പ്രമുഖരെ ഞെട്ടിച്ചുകൊണ്ട് പടിയിറങ്ങി.ബ്രൂം അങ്ങനെ ലോസ് ഏഞ്ചല്‍സ് വിട്ട് നോര്‍ത്ത് കരോലിനയിലേക്ക് താമസം മാറി. ആ സമയത്ത് താന്‍ വിഷാദരോഗത്തോട് മല്ലിട്ടിരുന്നുവെന്നും ജിമ്മില്‍ ജോലി ചെയ്യുന്നതിനിടയില്‍ തന്റെ മുന്‍ കരിയര്‍ മറച്ചുവെക്കാന്‍ ശ്രമിക്കേണ്ടി വന്നതിനാല്‍ ‘നാണക്കേട്’ അനുഭവപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറയുന്നു. 2014 ല്‍, ഫിറ്റ്‌നസ് ഫെസിലിറ്റിയില്‍ വെച്ച് ഹോപ്പ് എന്ന സ്ത്രീയെ അദ്ദേഹം കണ്ടുമുട്ടി,

അവരോട് ബ്രൂം തന്റെ അശ്ലീല ഭൂതകാലം ഏറ്റുപറഞ്ഞു, എന്നാല്‍ ഹോപ്പ് കുറ്റപ്പെടുത്തിയില്ല. അത് ബ്രൂമിന്റെ ജീവിതം തന്നെ മാറ്റിമറിച്ചു ‘അടുത്ത വാരാന്ത്യത്തില്‍ ഞങ്ങള്‍ ഒരുമിച്ച് പള്ളിയില്‍ പോയി.”ഞാന്‍ ഒരു ജീവിതകാലം കൊണ്ട് നടന്ന നാണക്കേട് എന്നെവിട്ടുപോയി അദ്ദേഹം പറയുന്നു. 2016-ല്‍ ഹോപ്പിനെ വിവാഹം കഴിക്കുന്നതിന് മുമ്പ് ബ്രൂം ദൈവശാസ്ത്രം പഠിച്ച് പാസ്റ്ററായി മാറി.

ദമ്പതികള്‍ക്ക് ഇപ്പോള്‍ മൂന്ന് ആണ്‍മക്കളുണ്ട്. സീഡാര്‍ റാപ്പിഡ്സിലെ ഗുഡ് ന്യൂസ് ബാപ്റ്റിസ്റ്റ് ചര്‍ച്ചിലെ പാസ്റ്ററാണ് ജോഷ്വ ഇന്ന്. വചന പ്രഭാഷണത്തിനായി യുഎസ്സില്‍ ഉടനീളം അദ്ദേഹം യാത്ര ചെയ്യുന്നു. ഇത് കൂടാതെ തന്റെ സന്ദേശം പ്രചരിപ്പിക്കാന്‍ ജോഷ്വയ്ക്ക് ഒരു പോഡ്കാസ്റ്റും, 50,000 ഫോളോവേഴ്സ് ഉള്ള ഒരു ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുമുണ്ട്.

മൂന്ന് മാസത്തിനകം വിരമിക്കുന്ന 72 എം.പിമാര്‍ക്ക് രാജ്യസഭ കൂട്ട യാത്രയയപ്പ് നല്‍കി. അനുഭവമാണ് അറിവിനേക്കാള്‍ വലുതെന്നും എംപിമാരുടെ സംഭാവനകള്‍ രാജ്യത്തിന് പ്രചോദനമാകുമെന്നും രാജ്യസഭയിലെ യാത്രയയപ്പ് പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ചെയ്യുന്ന കാര്യങ്ങളുടെ ക്രെഡിറ്റ് ഏറ്റെടുക്കുന്നയാളല്ല എ കെ ആന്റണിയെന്ന് വിടവാങ്ങല്‍ പ്രസംഗത്തില്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു

എ കെ ആന്റണി, സോമ പ്രസാദ്, ശ്രേയാംസ് കുമാര്‍ എന്നിവരുടെ കാലാവധി ആദ്യം പൂര്‍ത്തിയാകും. പിന്നാലെ സുരേഷ് ഗോപിയും ജുലൈയില്‍ അല്‍ഫോണ്‍സ് കണ്ണന്താനവും പടിയിറങ്ങും.

കാലാവധി പൂര്‍ത്തിയാക്കി കേരളത്തിലേക്ക് മടങ്ങുന്ന എ.കെ.ആന്റണി തിരുവന്തപുരത്ത് സ്ഥിരതാമസമാക്കാനാണ് തീരുമാനം. സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകുമോയെന്ന ചോദ്യത്തോട് ആന്റണി മനസ് തുറന്നിട്ടില്ല.

ബി.ജെ.പി -30, കോണ്‍ഗ്രസ് -13, ബിജു ജനതാദള്‍, ഡി.എം.കെ, എ.ഐ.ഡി.എം.കെ, അകാലിദള്‍ എന്നിവയില്‍ നിന്ന് മൂന്ന് വീതം, സി.പി.എം, ടി.ആര്‍.എസ്, ബി.എസ്.പി, എസ്.പി എന്നിവയില്‍ നിന്ന് രണ്ട് വീതം, എല്‍.ജെ.ഡി, വൈ.എസ്.ആര്‍ കോണ്‍ഗ്രസ്, എന്‍.സി.പി, ശിവസേന, എന്നിവയില്‍ നിന്ന് ഒന്ന് വീതം എന്നിങ്ങനെയാണ് അടുത്ത പാര്‍ലമെന്റ് സമ്മേളനത്തിന് മുമ്പെ രാജ്യസഭയില്‍ നിന്ന് വിരമിക്കുന്നത്.

കോഴിക്കോട് മുക്കത്ത് യുവതി കിണറ്റിൽച്ചാടി ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവിനും വനിതാസുഹൃത്തിനും കഠിനതടവും പിഴയും ശിക്ഷവിധിച്ച് കോടതി. കൽപ്പായി പുൽപ്പറമ്പിൽ നീന (27) ആത്മഹത്യചെയ്ത കേസിലാണ് ഭർത്താവ് കല്ലുരുട്ടി കൽപ്പുഴായി പ്രജീഷ് (36), കല്ലുരുട്ടി വാപ്പാട്ട് വീട്ടിൽ ദിവ്യ (33) എന്നിവരെ കോഴിക്കോട് ജില്ലാ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ശിക്ഷിച്ചത്. കേസിലെ ഒന്നാംപ്രതിയായ പ്രജീഷിന് ഏഴുവർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും രണ്ടാംപ്രതിയായ ദിവ്യക്ക് അഞ്ചുവർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയുമാണ് ശിക്ഷ.ജഡ്ജി കെ അനിൽകുമാർ ആണ് വിധിപുറപ്പെടുവിച്ചത്.

അതേസമയം, പ്രതികൾ പിഴയടച്ചില്ലെങ്കിൽ ഒരുവർഷം കൂടി കഠിനതടവ് അനുഭവിക്കണം. പിഴത്തുക നീനയുടെ കുട്ടികൾക്ക് നൽകണമെന്നും ഉത്തരവിൽ പറയുന്നു.

2019 മേയ് 25-നാണ് കേസിനാസ്പദമായ സംഭവം. പ്രജീഷും ദിവ്യയും തമ്മിലുള്ള ബന്ധം ചോദ്യം ചെയ്തതിനെത്തുടർന്ന് നീനയെ ഭർത്താവ് പ്രജീഷ് ശാരീരികമായി ഉപദ്രവിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്‌തെന്നായിരുന്നു ആരോപണം. ഇതിനെത്തുടർന്ന് നീന ഭർതൃവീട്ടിലെ കിണറ്റിൽച്ചാടി ആത്മഹത്യ ചെയ്‌തെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.

മുക്കം പോലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷൻ 20 സാക്ഷികളെ വിസ്തരിക്കുകയും 30 രേഖകളും രണ്ട് തൊണ്ടിമുതലുകളും ഹാജരാക്കുകയുംചെയ്തു. പ്രോസിക്യൂഷനുവേണ്ടി ജില്ലാ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ജോജു സിറിയക്, കെ മുഹസിന എന്നിവർ ഹാജരായി.

ദിനംപ്രതി കുതിച്ചുയരുന്ന പെട്രോൾ വിലയെ കുറിച്ചുള്ള ചോദ്യത്തിൽ മാധ്യമപ്രവർത്തകനോട് ക്ഷോഭിച്ചും ഭീഷണിപ്പെടുത്തിയും യോഗ ഗുരു ബാബാ രാംദേവ്. 2014ൽ കോൺഗ്രസ് സർക്കാർ മാറിയാൽ പെട്രോൾ വില 40 രൂപയാക്കി കുറയ്ക്കുമെന്ന് അവകാശവാദമുന്നയിക്കുന്ന ബാബാ രാംദേവിന്റെ പഴയ വീഡിയോ എടുത്തിട്ടാണ് മാധ്യമപ്രവർത്തകന്റെ ചോദ്യം.

എന്നാൽ, ഇത്തരം ചോദ്യങ്ങൾ വീണ്ടും ചോദിച്ചാൽ തനിക്ക് നല്ലതല്ലെന്ന് പറഞ്ഞാണ് രാംദേവ് റിപ്പോർട്ടറെ ഭീഷണിപ്പെടുത്തിയത്. സംഭവത്തിന്റെ വീഡിയോയും വൈറലാകുന്നുണ്ട്. 2014-ൽ സർക്കാർ മാറിയാൽ പെട്രോൾ വില 40 രൂപയായി കുറയുമെന്ന് വർഷങ്ങൾക്ക് മുമ്പ് രാംദേവ് പറഞ്ഞിരുന്നു. ജനങ്ങൾ കോൺഗ്രസിനെ അധികാരത്തിൽ നിന്ന് പുറത്താക്കിയാൽ പെട്രോളിന്റെയും പാചകവാതകത്തിന്റെയും വില കുറയുമെന്നാണ് അന്ന് രാംദേവ് ഉറപ്പ് നൽകിയത്.

‘ഇത്തരം ചോദ്യങ്ങൾ ചോദിക്കരുത്. നിങ്ങൾ എന്ത് ചോദിച്ചാലും ഉത്തരം പറയേണ്ട ആളാണോ ഞാൻ? ഞാൻ ആ പ്രസ്താവന നടത്തി, ഇപ്പോൾ ഞാൻ ഒന്നും പറയില്ല. നിങ്ങൾക്ക് കഴിയുന്നത് ചെയ്യുക. ‘ ഇത്തരം ചോദ്യങ്ങൾ വീണ്ടും ചോദിച്ചാൽ തനിക്ക് നല്ലതല്ലെന്നും രാംദേവ് വീഡിയോയിൽ പറയുന്നു.

പെട്രോളിന്റെ അടിസ്ഥാന വില 35 രൂപ മാത്രമാണെന്നും അതിൽ 50% നികുതി ഈടാക്കുമെന്നും എന്റെ പക്കൽ ഒരു പഠനം ഉണ്ട്.’ ”നികുതികൾ 50% ൽ നിന്ന് 1% ആയി കുറച്ചാൽ, (ഇന്ധനവില കുറയും). ഞാൻ ഇത്രയുമൊക്കെ സാമ്പത്തിക ശാസ്ത്രം പഠിച്ചിട്ടുണ്ട്.

” പ്രധാന സാമ്പത്തിക വിദഗ്ധർ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ നിയന്ത്രിക്കുന്നില്ലെന്ന് പതഞ്ജലി അദ്ദേഹം തുടർന്നു. ”അവർ വാഷിംഗ്ടൺ കൺസെൻസസ് ധവികസ്വര രാജ്യങ്ങൾക്കുള്ള സാമ്പത്തിക നയ ശുപാർശകളുടെ സംഘംപ, സെൻസെക്സ്, എഫ്ഡിഐ എന്നിവയുടെ അടിമകളാണ്.

2012 ബാച്ച്/ഐഎഎസ് ഓഫീസർ ആയിരുന്ന ആനീസ് കൺമണി ജോയ് കൊടക് ജില്ലയുടെ പുതിയ ഡെപ്യൂട്ടി കമ്മീഷണർ (കളക്ടർ ) ആയി ചുമതലയേറ്റു.ആനീസിന്റെ ആദ്യ നിയമനമാണ് കുടകിൽ. നഴ്സിംഗ് പഠനത്തിന് ശേഷം സിവിൽ സർവീസിലേക്ക് തിരിയുന്ന ആദ്യ വ്യക്തി എന്ന നേട്ടത്തിന് ഉടമയാണ് ആനീസ് കൺമണി ജോയ്.

എറണാകുളം ജില്ലയിലെ പിറവത്തിനടുത്തുള്ള പാമ്പാക്കുടയാണ് ആനീസിന്റെ വീട്. അച്ഛൻ നല്ലൊരു കർഷകൻ ആണ് വീട്ടുജോലികൾ കഴിഞ്ഞു ‘അമ്മ അച്ഛനെ സഹായിക്കാനായി പാടത്തു പോകും ‘അമ്മ ഭയങ്കര എനെർജിറ്റിക് ആണ്. അമ്മക്കൊരു 1000 കൈകൾ ഉള്ള പോലെ എനിക്ക് തോന്നാറുണ്ട്. അനിയത്തിയും നഴ്സിംഗ് പ്രൊഫഷൻ തന്നെ. കുടുംബത്തെ പറ്റിപ്പറയുമ്പോൾ വാചാല ആകുകയാണ് ആനീസ്. തന്റെ ഈ നേട്ടത്തിന് പിന്നിൽ വീട്ടുകാരുടെ സപ്പോർട്ട് ആണെന്ന് ആനീസ് ഉറപ്പിച്ചു പറയുന്നു. ഡോക്ടർ ആകണമെന്ന ആഗ്രഹത്തോടെയാണ് മെഡിക്കൽ എൻട്രൻസ് എക്സാം എഴുതുന്നത്, കിട്ടിയില്ല അങ്ങനെബിഎസ്‌സി നഴ്‌സിംഗിന് ചേർന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും 2008 ൽ നഴ്സിങ്ങിൽ ഇന്റേൺഷിപ്പോടുകൂടി ബിരുദം എടുത്തു.

പിന്നീടങ്ങോട്ടുള്ള കഠിനപ്രയത്‌നവും ആത്മവിശ്വാസവുമാണ് തന്റെ ഇരുപത്താറാമത്തെ വയസിൽ 2012 ലെ സിവിൽ സർവീസ് പരീക്ഷയിൽ 65th റാങ്കോടെ ആനീസിന് ഐ.എ.എസ് നേടിക്കൊടുത്തത്. ഐ.എ.എസ് അല്ലെങ്കിൽ ഐ.പി.എസ് അതായിരുന്നു ആനീസിന്റെ ആഗ്രഹം. നഴ്സിംഗ് പഠനസമയത്തു വളർത്തിയെടുത്ത ചിട്ടയും ജീവിതക്രമങ്ങളും ഐ.എ.എസ് തയാറെടുപ്പിനു ഏറെ സഹായിച്ചു എന്ന് ആനീസ് പറയുന്നു. രണ്ടാമത്തെ തവണ ആണ് സിവിൽ സർവീസ് കിട്ടുന്നത്. ആദ്യം എഴുതിയപ്പോൾ 580th റാങ്ക് ആയിരുന്നു. എങ്കിലും ഇന്ത്യൻ സെൻട്രൽ അക്കൗണ്ട് സെക്ഷനിൽ സെലക്ഷൻ ലഭിച്ചിരുന്നു. പക്ഷെ തന്റെ ആഗ്രഹം ഐ.എ.എസ് ആയിരുന്നോണ്ട് ആനീസ് വീണ്ടും സിവിൽ സർവീസ് പരീക്ഷയ്ക്കായി തയ്യാറെടുക്കുകയായിരുന്നു. ഒപ്പം തന്നെ പബ്ലിക് ഫിനാൻസ് മാനേജ്‌മന്റ് പിജി ഡിപ്ലോമയും എടുത്തു. ഒരു ഓഫീസിൽ ഇരുന്നു ജോലി ചെയ്യുന്നതിലും ആനീസ് ഇഷ്ടപ്പെട്ടത് ആളുകളുമായി ഇടപെഴകാൻ പറ്റുന്ന ജോലിയായിരുന്നു. കഠിനാധ്വാനവും സേവനസന്നദ്ധതയും മനുഷ്യസ്നേഹവും കൈമുതലാക്കിയ ഈ മിടുക്കിക്ക് മുന്നോട്ടും വിജയിക്കാനുള്ള ആശംസകൾ.

പ്രസവത്തെ തുടർന്നുണ്ടായ രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ കൊലക്കുറ്റം ചുമത്തപ്പെട്ട ലേഡി ഡോക്ടർ ആത്മഹത്യ ചെയ്തു. രാജസ്ഥാനിലെ ലാൽസോട്ട് ആസ്ഥാനമായുള്ള ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഗൈനക്കോളജിസ്റ്റ് അർച്ചന ശർമ്മയാണ് ആത്മഹത്യ ചെയ്തത്. ഡോക്ടറുടെ ആത്മഹത്യയിൽ പ്രതിഷേധിക്കുകയാണ് രാജ്യത്തൊട്ടാകെയുള്ള ഡോക്ടർമാർ. ഡോ. അർച്ചന ജോലി ചെയ്യുന്ന ആശുപത്രിയിലെ മുറിയിൽ തന്നെയാണ് തൂങ്ങിമരിച്ചത്. പ്രസവത്തിനിടെ മരിച്ച രോഗിയുടെ കുടുംബം രോഗിയുടെ മരണത്തിന് കാരണക്കാരി ഡോക്ടറാണ് എന്ന് ആരോപിച്ചിരുന്നു. തുടർന്നാണ് പോലീസ് അർച്ചനയ്ക്ക് എതിരെ കേസെടുത്തത്.

പോലീസ് ഐപിസി സെക്ഷൻ 302 (കൊലപാതകശ്രമം) പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഇതേ തുടർന്ന് മാനസിക സമ്മർദ്ദം താങ്ങാനാകാതെയാണ് ഡോക്ടർ ആത്മഹത്യ ചെയ്തത്. ഡോക്ടറുടെ ആത്മഹത്യാക്കുറിപ്പിൽ ഗർഭിണി മരിക്കാനിടയായ സംഭവത്തെ വിശദീകരിക്കുന്നുണ്ട്. പ്രസവസമയത്ത് സംഭവിക്കാനിടയുള്ള അപൂർവമെങ്കിലും സങ്കീർണതയായ പ്രസവാനന്തര രക്തസ്രാവം മൂലമാണ് യുവതി മരിച്ചതെന്ന് അർച്ചന ശർമ്മ കുറിപ്പിൽ പറയുന്നുണ്ട്.

അതേസമയം, ഡോക്ടർമാരെ ശല്യപ്പെടുത്തരുതെന്ന് അഭ്യർത്ഥിക്കുന്ന അർച്ചന ശർമ്മയുടെ ആത്മഹത്യാ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പാർട്ടം ഹെമറേജ് എന്നത് ഒരു ഡോക്ടറുടെ കൈപ്പടിയിൽ ഒതുങ്ങുന്നതല്ലെന്ന് മലയാളി ഡോക്ടറായ സുൽഫി നൂഹുവും ചൂണ്ടിക്കാട്ടുന്നു. 25 മുതൽ 40 ശതമാനം വരെ ഗർഭിണികളുടെ മരണത്തിന് ഇത് കാരണമാകുന്നു. ഇതിന്റെ പേരിൽ ഒരു ഡോക്ടർക്ക് കൊലക്കുറ്റം ചുമത്തിയത് അങ്ങേയറ്റം ക്രൂരതയാണ്, ഇത് ഒരിക്കലും ആവർത്തിക്കാൻ പാടില്ലാത്തതാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

ഡോ സുൽഫി നൂഹുവിന്റെ ഫേസ്ബുക്ക് കുറിപ്പ്:

ഒരു ഡോക്ടറുടെ ആത്മഹത്യ കുറിപ്പ്?
—-+
‘ഞാൻ എന്റെ ഭർത്താവിനെയും മക്കളെയും സ്‌നേഹിക്കുന്നു, ദയവായി എന്റെ മരണശേഷം അവരെ ഉപദ്രവിക്കരുത്’
‘ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല’.
‘ഞാൻ ആരെയും കൊന്നിട്ടില്ല’.
‘പോസ്റ്റ് പാർട്ടം ഹെമറേജിന് എനിക്കെതിരേ കൊലക്കുറ്റം ചുമത്തി ഉപദ്രവിച്ചത് ക്രൂരതയാണ്’.
‘ഇത് അറിയപ്പെടുന്ന സങ്കീർണതയാണ്’.
‘ ഒരു പക്ഷേ എന്റെ മരണം എന്റെ നിരപരാധിത്വം തെളിയിക്കാൻ സഹായിച്ചേക്കാം’
‘ഇനിയും ഇങ്ങനെ നിരപരാധികളായവരെ ഉപദ്രവിക്കരുത്’..
‘ലവ് യു’
‘ദയവു ചെയ്ത് എന്റെ കുട്ടികൾക്ക് അമ്മയുടെ അഭാവം അനുഭവപ്പെടരുത്’.
എന്ന്
ഡോ .അർച്ചന.

രാജസ്ഥാനിലാണ്. നാളെ ഇത് ഇവിടെയും സംഭവിച്ചേക്കാം. പോസ്റ്റ് പാർട്ടം ഹെമറേജ് എന്ന അതീവഗുരുതരമായ സ്ഥിതിവിശേഷത്തിൽ എത്തിച്ചേർന്ന ഗർഭിണി നിർഭാഗ്യവശാൽ മരിക്കുന്നു. ഗർഭിണികളുടെ മരണത്തിന് 25 മുതൽ 40 ശതമാനം വരെ കാരണമാകുന്നത് ഈ അവസ്ഥയാണ്. വളരെ ഉയർന്ന മരണനിരക്കുള്ള ഈ അസുഖം ചിലപ്പോഴൊക്കെ ഡോക്ടറുടെ കൈപിടിയിൽ ഒതുങ്ങുന്നതല്ല. രോഗി മരിക്കുന്നു ഡോക്ടർക്കെതിരെ കൊലക്കുറ്റത്തിന് കേസ് ചാർജ് ചെയ്യുന്നു. സെക്ഷൻ 302 ipc പ്രകാരം. സമൂഹ മാധ്യമ വിചാരണ. വിവിധ മേഖലകളിൽ നിന്നുള്ള നിരന്തര ആക്രമണം. ഇന്നലെ ഡോക്ടർ ആത്മഹത്യ ചെയ്തു. ജീവൻ രക്ഷിക്കാൻ ശ്രമിക്കുമ്‌ബോൾ ചില ജീവനുകൾ കൈപ്പിടിയിലൊതുങില്ല. നിയമപ്രകാരം കൊലക്കുറ്റം ചാർജ് ചെയ്യാൻ ഒരു വകുപ്പുമില്ല . ഈ ക്രൂരത ഒരു ഡോക്ടറുടെ ജീവനെടുത്തു. ഇത് ആവർത്തിക്കപ്പെടരുത് ഒരിക്കലും.

ഡോ സുൽഫി നൂഹു

RECENT POSTS
Copyright © . All rights reserved