മലയാള സിനിമയിൽ ഇടവേള ബാബുവിന്റെ(Edavela Babu) സാന്നിധ്യം ആരംഭിച്ചിട്ട് നാല് പതിറ്റാണ്ടോളമാവുന്നു. ഇടവേള എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതമാരംഭിച്ച ബാബു ചന്ദ്രനാണ് പിൽക്കാലത്ത് ഇടവേള ബാബു എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങിയത്. സിനികളിൽ മുഖ്യ വേഷങ്ങളിൽ എത്തുന്നത് വളരെ കുറവാണെങ്കിലും അണിയറയിൽ അദ്ദേഹത്തിന്റെ റോൾ വലുതാണ്. താര സംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറിയായ ഇടവേള ബാബു മികച്ച സംഘാടകൻ കൂടിയാണ് എന്നതിൽ സംശയമില്ല. മലയാള സിനിമയിലെ ക്രോണിക് ബാച്ചിലറുമാരിൽ ഒരാളു കൂടിയാണ് അദ്ദേഹം. ഈ വർഷത്തെ വനിതാ ദിനത്തിൽ ഇടവേള ബാബുവിനെ കുറിച്ച് നടി മേനക(Menaka Suresh) പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.
‘നമ്മൾ സ്ത്രീകൾക്ക് വേണ്ടിയാണ് ഇടവേള ബാബു വിവാഹം പോലും കഴിക്കാതെ നിൽക്കുന്നത്. അല്ലെങ്കിൽ എന്തിനാ മേനകയോടും ശ്വേതയോടുമൊക്കെ സംസാരിക്കുന്നെ എന്ന് ചോദിക്കാൻ ആളുണ്ടാവുമായിരുന്നു,’ എന്നായിരുന്നു മേനകയുടെ വാക്കുകൾ. പിന്നാലെ വാർത്തകളിലും മേനകയുടെ വാക്കുകൾ ഇടംനേടി. ഇതിനെതിരെ ട്രോളുകളും പുറത്തിറങ്ങി. മേനകയുടെ വാക്കുകള്‍ താൻ ഒരു അംഗീകരമായി കാണുന്നുവെന്ന് ഇടവേള ബാബു ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.
‘മേനകേച്ചി’യുടെ വാക്കുകൾ അംഗീകാരം…….
ചേച്ചി തന്നെയാണ് ആ വീഡിയോ ക്ലിപ്പ് എനിക്ക് അയച്ചു തന്നത്. ആ വാക്കുകൾ അംഗീകാരം ആയാണ് ഞാൻ കാണുന്നത്. കാരണം അവർ എന്നിൽ അർപ്പിച്ചിരിക്കുന്ന ഒരു വിശ്വാസമാണത്. സിനിമയിലെ പലരും ചെറിയ ചെറിയ വിഷയങ്ങൾ വരെ എന്നോട് പങ്കുവയ്ക്കാറുണ്ട്. ‘അവർക്ക് മക്കളും വീട്ടുകാരും ഒക്കെ ഉണ്ടല്ലോ പിന്നെ എന്തിനാ എന്നോട് ഇതൊക്കെ പറയുന്നത്’, എന്ന് ഞാൻ ചിന്തിക്കാറുണ്ട്. പക്ഷേ പിന്നീട് അതേ പറ്റി ചിന്തിക്കുമ്പോൾ, അവർ അവരുടെ വീട്ടുകാരോട് പറയുന്നതിനെക്കാൾ കൺഫർട്ടബിൾ ആണ് എന്നോട് സംസാരിക്കുമ്പോൾ. ആ ഒരു വിശ്വാസം അവർ എന്നിൽ അർപ്പിക്കുന്നുണ്ട്. ഇത്രയും വർഷക്കാലം ‘അമ്മ’യുടെ ഭാരവാഹിത്വത്തിൽ ഇരുന്നതിൽ നിന്നും ലഭിച്ച വിശ്വാസമാണല്ലോ അത്. മറ്റെന്തിനെക്കാളും വലുത്. ആ ഒരു വിശ്വാസമാണ് ചേച്ചിയുടെ വാക്കുകളിലൂടെ എനിക്ക് സന്തോഷം നൽകിയത്. അവരുടെയൊക്കെ മനസ്സിൽ എനിക്കൊരു സ്ഥാനമുണ്ടെന്ന് അറിയുന്ന സന്തോഷം.
സ്ത്രീകളുടെ സേഫ്റ്റിക്ക് വളരെയധികം പ്രാധാന്യം നൽകിയിട്ടുള്ളവരാണ് ഞങ്ങൾ. പ്രത്യേകിച്ച് കഴിഞ്ഞൊരു ജനറേഷൻ. ചില ദിവസങ്ങളിൽ സിനിമാ നടിമാർ വളരെയധികം ‘ഡൾ’ ആയിരിക്കും. പിന്നീട് അക്കാര്യങ്ങൾ ഞങ്ങളുമായി ഷെയർ ചെയ്യും. അങ്ങനെ ഒരു കാലഘട്ടം സിനിമയിൽ ഉണ്ടായിരുന്നു. ഇപ്പോഴെന്നു പറയുമ്പോൾ ബന്ധങ്ങൾക്കും നിയമങ്ങൾക്കും വ്യത്യാസങ്ങൾ വന്നിട്ടുണ്ടല്ലോ. സമൂഹത്തിൽ വന്ന മാറ്റങ്ങൾ എല്ലായിടത്തും ബാധിച്ചിട്ടുണ്ട്. ബന്ധങ്ങളൊക്കെ വളരെയധികം കുറഞ്ഞു. പ്രതിസന്ധികളൊക്കെ തരണം ചെയ്‍താണ് ഞാനൊക്കെ ഇവിടം വരെ എത്തിയത്. ജീവിതാനുഭവം ആണ് നമുക്ക് വേണ്ടത്.
എല്ലാവരെയും പോലെ പ്രണയം ഉണ്ടായിരുന്ന ആളാണ് ഞാൻ. ഏകദേശം എട്ട് വർഷത്തോളം ആ ബന്ധം ഉണ്ടായിരുന്നു. പിന്നീട് പരസ്‍പര സമ്മതത്തോടെ അത് വേണ്ടെന്ന് വച്ചു. കാരണം മറ്റുള്ളവരെല്ലാം പ്രതികൂലം ഞങ്ങൾ മാത്രം അനുകൂലം. അങ്ങനെ ഒരു ജീവിതം തുടങ്ങിയിട്ട് എന്താണ് കാര്യം. മറ്റുള്ളവരുടെ സന്തോഷത്തിന് കൂടി പ്രാധാന്യം നൽകിയത് കൊണ്ട് പിൻമാറുകയായിരുന്നു. വിവാഹമല്ല വലുതെന്ന് അതോടു കൂടിയാണ് ഞാൻ മനസ്സിലാക്കിയത്. ‘ ജീവിതത്തിൽ ഏറ്റവും വലിയ വികാരം എന്നത് ഭക്ഷണമാണ്’, എന്നാണ് കഴിഞ്ഞ ദിവസം പോയ ഒരു ഹോട്ടലിൽ എഴുതിവച്ചിരുന്നത്. ഭക്ഷണം കഴിഞ്ഞേ മറ്റെന്തും ഉള്ളൂ. അതുപോലെ ജീവിതത്തിൽ പ്രണയവും വിവാഹവുമല്ല വലുതെന്ന് തോന്നിയപ്പോൾ അക്കാര്യത്തെ കുറിച്ച് പിന്നീട് ചിന്തിച്ചില്ല. ഇപ്പോൾ ഞാനിരിക്കുന്ന പോസിഷനോട് എനിക്ക് നീതി പുലർത്താൻ സാധിക്കുന്നുണ്ട്.
ഒരു 60 വയസ്സ് കഴിയുമ്പോൾ, ആരോഗ്യപരമായ മാറ്റങ്ങൾ ഉണ്ടാകും. ആ സമയത്ത് കാര്യങ്ങൾ ഷെയർ ചെയ്യാൻ ഒരാൾ വേണമെന്ന് തോന്നും. അതേ ചിന്താഗതിയിൽ ഉള്ളയാൾ വരികയാണെങ്കിൽ അപ്പോൾ നോക്കാം. ഒരുപക്ഷേ, അതൊരു വിവാഹമാകണമെന്നൊന്നും ഇല്ല. നമ്മളുമായി മെന്റലി ഒത്തുപോകുന്ന ഒരു പങ്കാളിയാകാം. വിവാഹമാണെന്നൊന്നും പറയുന്നില്ല. എന്റെ കൂടെ ഒരാളുണ്ടാകും.
ബാച്ചിലർ ലൈഫിൽ തീരുമാനങ്ങൾ എടുക്കുമ്പോൾ നമ്മളെ സഹായിക്കാൻ ആരുമില്ല. ഒരു പേന പോക്കറ്റിൽ നിന്നും താഴെ വീണാൽ, അതെടുക്കാൻ നമ്മൾ മാത്രമേ ഉള്ളൂവെന്ന തോന്നൽ നമുക്ക് എപ്പോഴും ഉണ്ടാകണം. വഴിതെറ്റാനുള്ള ഒരുപാട് സന്ദർഭങ്ങൾ ബാച്ചിലർ ലൈഫിൽ ഉണ്ടാകും. ആ സമയങ്ങളിൽ നമ്മൾ സ്വയം നിയന്ത്രിക്കണം. ഇത്രയും വർഷമായി സിനിമയിൽ നിന്നിട്ടുപോലും പുകവലിയോ മദ്യപാനമോ എനിക്കില്ല. അത് ഞാനെടുത്തൊരു തീരുമാനമാണ്. വഴിതെറ്റിപോകാൻ ഒരുപാട് അവസരങ്ങൾ ഉണ്ടായെങ്കിലും അതിൽ നിന്നും രക്ഷനേടാൻ എന്നെ ഏറ്റവും കൂടുതൽ സഹായിച്ചത് ‘അമ്മ’യുടെ ഔദ്യോഗിക സ്ഥാനങ്ങളാണ്. അതുകൊണ്ടുതന്നെ പലതിൽ നിന്നും ഞാൻ ഒഴിഞ്ഞുമാറി. ബാച്ചിലർ ലൈഫിൽ ഒരുപാട് സമയം നമ്മുടെ കൈകളിൽ ഉണ്ടാകും. കല്യാണം കഴിച്ചില്ലെങ്കിലും എന്റെ വീട്ടിലും അതിന്റേതായ പ്രശ്നങ്ങളും കാര്യങ്ങളുമൊക്കെ ഉണ്ട്. ചേട്ടന്റെ മകന്റെ കാര്യങ്ങളെല്ലാം ഞാൻ തന്നെയാണ് നോക്കുന്നത്. അതുകൊണ്ട് ബച്ചിലർ ലൈഫിന്റെ പുറകിൽ ഫാമിലി ലൈഫും ഞാൻ നടത്തുന്നുണ്ട്.
അടുപ്പമുള്ളവരുടെ സിനിമകളിൽ മാത്രമേ ഞാനിപ്പോൾ അഭിനയിക്കാറുള്ളൂ. പഴയത് പോലെ മുപ്പത് ദിവസമൊന്നും പോയി അഭിനയിക്കാൻ എനിക്കിപ്പോൾ പറ്റില്ല. മൂന്ന്, നാല് ദിവസത്തെ വർക്കുകളെ ചെയ്യുന്നുള്ളൂ. ഞാൻ അഭിനയിച്ച പത്തിനടുത്ത് സിനിമകൾ റിലീസ് ചെയ്യാനുണ്ട്. ‘സിബിഐ’, ‘മോൺസ്റ്റർ’ അങ്ങനെ കുറേ സിനിമകൾ. പിന്നെ എറണാകുളത്തിനകത്തുള്ള സിനിമകളിലെ പോകാറുമുള്ളൂ. നല്ല സൗഹൃദങ്ങൾ ഉള്ള സിനിമകൾ ചെയ്യാനാണ് എനിക്ക് താൽപര്യം. ഈവന്റുകൾ ചെയ്യുന്നതിലാണ് ഞാനിപ്പോൾ ശ്രദ്ധകൊടുത്തിരിക്കുന്നത്. ശരിക്കും പറഞ്ഞാൽ അതുതന്നെയാണ് എന്റെ ഫീൽഡും.
ഇത്തവണ ‘അമ്മ’യിൽ ആദ്യം ചെയ്‍തത് സബ് കമ്മിറ്റികൾ ആണ്. ഞാൻ ജനറൽ സെക്രട്ടറി ആകണമെങ്കിൽ, എല്ലാം കൂടി എന്റെ തലയിൽ ഇടാൻ പറ്റില്ലെന്ന് നേരത്തെ പറഞ്ഞിരുന്നു. മറ്റുള്ളവരും കാര്യങ്ങൾ അറിയണം. അങ്ങനെയാണ് സബ് കമ്മിറ്റി ഉണ്ടാക്കുന്നത്. ഒറ്റപരിപാടി കൊണ്ടു തന്നെ മതിയായെന്നാണ് ശ്വേത ഒരിക്കൽ പറഞ്ഞത്. ഞാൻ കഴിഞ്ഞ 24 കൊല്ലമായി ചെയ്‍തു കൊണ്ടിരിക്കുന്ന കാര്യങ്ങളാണ് ഇതൊക്കെ. ‘അമ്മ’യിലെ പ്രവർത്തനങ്ങളെ ഒരു പാഷനായാണ് ഞാൻ കാണുന്നത്. ജോലി ആയി കാണുകയാണെങ്കിൽ മടുക്കും.
ട്രോളുകളൊന്നും ഞാൻ നോക്കാറില്ല. നമ്മൾ ചെയ്യാനുള്ളത് ചെയ്യുകയാണ് വേണ്ടത്. എനിക്ക് അനുകൂലമായി സംസാരിക്കുന്ന എത്രയോ പേരുണ്ട്. വിളിച്ച് സംസാരിച്ചിട്ടുണ്ട്. അകലെ നിന്നുകാണുമ്പോഴാണ് ഒരാളോട് നമുക്ക് ദേഷ്യവും അടുപ്പവുമൊക്കെ തോന്നുന്നത്. അടുത്തറിയുമ്പോൾ, അയ്യോ ഇയാൾ ഇത്രയേ ഉള്ളു എന്ന് തോന്നും. അത് ഓരോരുത്തരുടെയും കാഴ്ച്ചപ്പാടുകളാണ്. അതുകൊണ്ടാണല്ലോ മേനകേച്ചി ഇങ്ങനെ പറഞ്ഞത്. ചേച്ചിടെ മനസ്സിലുണ്ടായിരുന്നത് പൊതുവേദിയിൽ പറഞ്ഞുവെന്ന് മാത്രം. ഒരു തുറന്ന പുസ്‍തകമാണ് എന്റെ ജീവിതം. എല്ലാം പോസിറ്റീവ് ആയി കാണുന്നു.
റഷ്യന്‍ ശതകോടീശ്വരനും ചെല്‍സി ഫുട്ബോള്‍ ക്ലബ്ബിന്റെ ഉടമയുമായ റോമാൻ അബ്രമോവിച്ചിന്റെ സ്വത്തുക്കൾ ബ്രിട്ടൻ മരവിപ്പിച്ചു. അബ്രമോവിച്ച് ഉൾപ്പെടെയുള്ള ഏഴു റഷ്യൻ കോടീശ്വരൻമാരുടെ സ്വത്തുക്കളാണ് ബ്രിട്ടൻ മരവിപ്പിച്ചത്. ഇഗോര്‍ സെച്ചിന്, ഒലെഗ് ഡെറിപാസ്ക, ആന്‍ഡ്രെ കോസ്റ്റിന്, അലെക്സി മില്ലര്‍, നികോളായി ടോക്കറേവ്, ദിമിത്രി ലെബെഡേവ് എന്നീ കോടീശ്വരന്മാരാണ് നടപടി നേരിട്ടത്.
റഷ്യക്കു മേൽ സമ്മർദ്ദം ചെലുത്തുന്നതിന്റെ ഭാഗമായി പുട്ടിനുമായി അടുത്ത ബന്ധമുള്ള ആളുകൾക്കെതിരെ നടപടി സ്വീകരിക്കുന്ന ആദ്യത്തെ രാജ്യമാണ് ബ്രിട്ടൻ. ബ്രിട്ടനിലുള്ള അബ്രമോവിച്ചിന്റെ സ്വത്തുക്കൾ എല്ലാം മരവിപ്പിക്കപ്പെടും. ബ്രിട്ടീഷ് പൗരന്മാരുമായി പണമിടപാടുകൾ നടത്താൻ കഴിയില്ല. ബ്രിട്ടനിലേക്ക് അബ്രമോവിച്ചിന് പ്രവേശിക്കാൻ കഴിയില്ലെന്നതും ശിക്ഷാനടപടിയിൽ ഉൾപ്പെടുന്നു.
ഇതോടെ ചെൽസിയെ വിൽക്കാനുള്ള അബ്രമോവിച്ചിന്റെ നീക്കത്തിനും തിരിച്ചടി നേരിട്ടു. 2003ൽ ഏകദേശം 1500 കോടി രൂപയ്ക്കാണ് ചെൽസിയെ അബ്രമോവിച്ച് സ്വന്തമാക്കിയത്. ചെല്‍സിയുടെ ലൈസന്‍സ് റദ്ദാക്കിയിട്ടില്ലെങ്കിലും ടീം നിരീക്ഷണത്തിലായിരിക്കുമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
വിലക്ക് മുന്നില്‍ കണ്ട് ചെല്‍സിയുടെ നടത്തിപ്പ് അവകാശം അബ്രമോവിച്ച് കഴിഞ്ഞ മാസം ക്ലബിന്റെ ചാരിറ്റബിൾ ഫൗണ്ടേഷന് കൈമാറിയിരുന്നു. ചെല്‍സി വില്ക്കാന് തയാറാണെന്നും ക്ലബ്ബ് വിറ്റു കിട്ടുന്ന തുക യുദ്ധക്കെടുതി അനുഭവിക്കുന്ന യുക്രെയ്ന് നല്‍കുമെന്നും അബ്രമോവിച്ച് കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു.
അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജനവിധി അംഗീകരിക്കുന്നുവെന്നും തോല്‍വിയില്‍ നിന്ന് പഠിക്കുമെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.
“ജനവിധി വിനയപൂര്‍വം സ്വീകരിക്കുന്നു. വിജയികള്‍ക്ക് ആശംസകള്‍. കഠിനാധ്വാനത്തോടെയും അര്‍പണ മനോഭാവത്തോടെയും പ്രവര്‍ത്തിച്ച എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും നന്ദി. ഈ തോല്‍വിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് കൊണ്ട് ഇന്ത്യയിലെ ജനങ്ങളുടെ താല്പര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കും.” രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ ആരും പ്രതികരണത്തിന് മുതിര്‍ന്നിട്ടില്ല. അതേ സമയം കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ രാഹുലിന്റെ ഒരു മുന്‍ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഭയം ഒരു തിരഞ്ഞെടുപ്പാണെന്നും നമ്മള്‍ എന്തിനെയും ഭയപ്പെടുമ്പോള്‍ ഭയപ്പെടാനുള്ള തീരുമാനം നമ്മള്‍ എടുക്കുകയാണെന്നും രാഹുല്‍ പറയുന്നതാണ് ട്വീറ്റ്.
Humbly accept the people’s verdict. Best wishes to those who have won the mandate.
My gratitude to all Congress workers and volunteers for their hard work and dedication.
We will learn from this and keep working for the interests of the people of India.
— Rahul Gandhi (@RahulGandhi) March 10, 2022
ബാലുശ്ശേരിയിൽ മലമുകളിൽ യുവാവിനെയും പത്താം ക്ലാസ് വിദ്യാർഥിനിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കിനാലൂർ പൂളക്കണ്ടി തൊട്ടൽ മീത്തൽ പരേതനായ അനിൽ കുമാറിന്റെ മകൻ അഭിനവ് (20), താമരശ്ശേരി അണ്ടോണ പുല്ലോറക്കുന്നുമ്മൽ ഗിരീഷ് ബാബുവിന്റെ മകൾ ശ്രീലക്ഷ്മി (15) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കരുമല ചൂരക്കണ്ടി മലയിൽ ഇന്നു പുലർച്ചയോടെയാണ് ഒരു ഷാളിന്റെ രണ്ടറ്റത്ത് ജീവനൊടുക്കിയ നിലയിൽ ഇരുവരുടെയും മൃതശരീരം കണ്ടെത്തിയത്. താമരശ്ശേരി കോരങ്ങാട് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിയാണ് ശ്രീലക്ഷ്മി. ശ്രീലക്ഷ്മിയെ ഇന്നലെ വൈകിട്ട് മുതൽ കാണാതായിരുന്നു. കോരങ്ങാട് ചപ്പാത്തി കമ്പനിയിലെ ജീവനക്കാരനായിരുന്നു അഭിനവ്.
അഭിനവും ശ്രീലക്ഷ്മിയും പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. പോലീസ് പരിശോധനകൾക്കു ശേഷം മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റിയിരിക്കുകയാണ്. അഭിനവിന്റെ അമ്മ വത്സല. സഹോദരങ്ങൾ അഭിനന്ദ്, അഭിനാഥ്. ശ്രീലക്ഷ്മിയുടെ അമ്മ ബീന. സഹോദരൻ: വൈഷ്ണവ്
യുദ്ധത്തിന്റെ കെടുതികള്‍ ബാധിക്കുന്നത് എപ്പോഴും താഴെക്കിടയിലുള്ളവരെയാണെന്ന് പറയാറുണ്ട്. യുദ്ധം കഴിയുമ്പോള്‍ നേതാക്കന്മാര്‍ കൈകൊടുത്ത് പിരിയും. എന്നാല്‍ മക്കളെ കാത്തിരിക്കുന്ന അമ്മമാരും മാതാപിതാക്കളെ കാത്തിരിക്കുന്ന കുട്ടികളുമൊക്കെ യുദ്ധത്തിന്റെ ബാക്കി പത്രങ്ങളാകും.
ഇതുവരെ സ്വന്തമാക്കിയതും പ്രിയപ്പെട്ടതുമായ എല്ലാമുപേക്ഷിച്ച് തിരിച്ചിനി എന്ന് എന്നറിയാതെ അഭയാര്‍ഥികളായി മറ്റൊരു രാജ്യത്ത് തുടരേണ്ടി വരിക എന്ന ദൗര്‍ഭാഗ്യകരമായ അവസ്ഥയിലൂടെയാണ് ഉക്രെയ്ന്‍ ജനത കടന്ന് പോകുന്നത്. മക്കളെ പറഞ്ഞയയ്ക്കുന്ന അമ്മമാരും സഹോദരങ്ങളെ പിരിയേണ്ടി വരുന്ന കുട്ടികളുടേതുമൊക്കെയായി അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നുള്ള പല കാഴ്ചകളും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയെ ഈറനണിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ കരഞ്ഞ് കൊണ്ട് അതിര്‍ത്തി കടക്കുന്ന ഒരു ബാലന്റെ ഹൃദയഭേദകമായ വീഡിയോയാണ് കാഴ്ചക്കാരെ കണ്ണീരിലാഴ്ത്തുന്നത്.
ഹൃദയം പൊട്ടി കരയുന്ന കുട്ടി തന്റെ സാധനങ്ങള്‍ ബാഗിലാക്കി വലിച്ചിഴയ്ക്കുന്നതാണ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് പങ്ക് വച്ച വീഡിയോയിലുള്ളത്. ഉക്രെയ്ന്‍ അതിര്‍ത്തിയിലെ പോളിഷ് ഗ്രാമമായ മെഡിസ്‌കയില്‍ നിന്നുള്ളതാണ് വീഡിയോ. റഷ്യന്‍ അധിനിവേശത്തില്‍ നിന്ന് രക്ഷപെടാന്‍ പോളണ്ടിലേക്ക് പലായനം ചെയ്യുന്ന ഉക്രെയ്‌നിയന്‍കാര്‍ ഈ ഗ്രാമത്തിലൂടെയാണ് സഞ്ചരിക്കുന്നത്.
കുട്ടി തന്നെയാണോ സഞ്ചരിക്കുന്നത് അതോ കൂടെ ആരെങ്കിലുമുണ്ടോ എന്ന് വ്യക്തമല്ല. വലിയൊരു ബാഗും തന്റെ പാവയുമെല്ലാമായാണ് അവന്‍ നടക്കുന്നത്. വഴി നീളെ വിതുമ്പുന്നുമുണ്ട്. കുട്ടിയുടെ അവസ്ഥ കണ്ടിട്ട് സഹിക്കാനാവുന്നില്ല എന്നാണ് വീഡിയോയുടെ താഴെ എല്ലാവരും തന്നെ കമന്റ് ചെയ്യുന്നത്. ചിലര്‍ കുട്ടിയെ അവരുടെ വീടുകളിലേക്ക് കൊണ്ടുവരാമെന്ന് പോലും വാഗ്ദാനം ചെയ്തു. “ചുറ്റുമുള്ള ആളുകള്‍ അവനെ അവഗണിക്കുന്നില്ലെന്നും ഈ കുഞ്ഞ് തനിയെ അല്ല നടക്കുന്നതെന്നും ദയവായി ഒന്ന് പറയൂ. അവനെ എങ്ങനെ എന്റെ വീട്ടിലേക്ക് കൊണ്ട് വരാമെന്ന് ആരെങ്കിലും ഒന്ന് പറഞ്ഞ് തരൂ. തീര്‍ത്തും ഗുരുതരമാണിത്.” ഒരാള്‍ ട്വീറ്റ് ചെയ്തു.
റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് ഇതുവരെ പന്ത്രണ്ട് ലക്ഷത്തിലധികം ആളുകളാണ് ഉക്രെയ്‌നില്‍ നിന്ന് പലായനം ചെയ്തതെന്നാണ് യുഎന്നിന്റെ കണക്കുകള്‍. ഭൂരിഭാഗം ആളുകളും പോളണ്ടിലാണ് അഭയം പ്രാപിച്ചിരിക്കുന്നത്. ഏകദേശം പന്ത്രണ്ട് ലക്ഷത്തോളം ഉക്രെയ്ന്‍ പൗരന്മാരാണ് പോളണ്ടിലുള്ളത്.
Excruciating pic.twitter.com/PIutGEIN0F
— Josh Campbell (@joshscampbell) March 7, 2022
ദേശീയരാഷ്ട്രീയത്തിലേക്കുള്ള വരവിന്റെ ശക്തമായ സൂചന നല്‍കി ആം ആദ്മി പാര്‍ട്ടി(എഎപി)ക്ക് പഞ്ചാബില്‍ വന്‍ ലീഡ്. 117 അംഗ നിയമസഭയിലെ 89 സീറ്റില്‍ എഎപി ലീഡ് ചെയ്യുകയാണ്. ഭരണകക്ഷിയായ കോണ്‍ഗ്രസ് 20 സീറ്റിലൊതുങ്ങി. ശിരോമണി അകാലിദള്‍ അഞ്ച് സീറ്റിലും ബിജെപി രണ്ടിലുമാണ് മുന്നിട്ടുനില്‍ക്കുന്നത്.
ഡല്‍ഹിക്കു പിന്നാലെ ആംആദ്മി അധികാരത്തിലെത്തുന്ന രണ്ടാമത്തെ സംസ്ഥാനമായി മാറുകയാണു പഞ്ചാബ്. എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ ശരിവയ്ക്കുന്ന തരത്തിലാണ് ആദം ആദ്മിയുടെ മുന്നേറ്റം. മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഭഗ്‌വന്ത് സിങ് മാന്‍ ധുരിയില്‍ മണ്ഡലത്തിൽ വിജയിച്ചു. അൻപത്തിയെട്ടായിരത്തലേറെ വോട്ടിനാണ് വിജയം.
അതേസമയം, മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി ചംകൗര്‍ സാഹിബ്, ഭദൗര്‍ മണ്ഡലങ്ങളില്‍ പിന്നിലാണ്. ഇരു മണ്ഡലങ്ങളിലും ആദം ആദ്മിയാണ് ലീഡ് ചെയ്യുന്നത്. ചംകൗര്‍ സാഹിബില്‍ ചരണ്‍ജിത് സിങ്ങും ഭദൗറില്‍ ലാബ്‌സിങ് ഉഘോകെയുമാണു മുന്നില്‍.
പഞ്ചാബിലെ മന്ത്രിമാരെല്ലാം പിന്നിലാണ്. അമൃത്സര്‍ ഈസ്റ്റില്‍ മത്സരിക്കുന്ന പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദുവും പിന്നിലാണ്. അകാലിദളിലെ ബിക്രം സിങ് മജീദിയയാണ് ഇവിടെ മുന്നില്‍.
ബിജെപി സഖ്യത്തില്‍ പാട്യാല അര്‍ബനില്‍ മത്സരിക്കുന്ന മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പിന്നിലാണ്. ഇവിടെ ആം ആദ്മി സ്ഥാനാര്‍ഥി അജിത് പാല്‍ സിങ് കോഹ്‌ലിയാണ് ലീഡ് ചെയ്യുന്നത്. അമരീന്ദര്‍ സിങ് നാലാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.
പഞ്ചാബില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയുമെന്നും ആദം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തുമെന്നായിരുന്നു മിക്ക എക്‌സിറ്റ് പോളുകളും പ്രവചിച്ചരുന്നത്. ഏതാനും ചില എക്‌സിറ്റ് പോളുകള്‍ തൂക്കുമന്ത്രിസഭയ്ക്കുള്ള സാധ്യതയും പ്രവചിച്ചിരുന്നു.
ഫെബ്രുവരി 20നു നടന്ന വോട്ടെടുപ്പില്‍ 71.95 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. 93 സ്ത്രീകളും രണ്ട് ട്രാന്‍സ്ജന്‍ഡേഴ്‌സും ഉള്‍പ്പെടെ 1304 സ്ഥാനാര്‍ഥികളാണ് മത്സരിച്ചത്. കോണ്‍ഗ്രസിന്റെ പ്രധാന എതിരാളിയായി ആദം ആദ്മി പാര്‍ട്ടി ഉയര്‍ന്നപ്പോള്‍ പഞ്ചാബ് ലോക് കോണ്‍ഗ്രസ്, ശിരോമണി അകാലിദള്‍ (സംയുക്ത്) എന്നീ പാര്‍ട്ടികളുമായി ചേര്‍ന്നാണ് ബിജെപി മത്സരിച്ചത്. ബിജെപിയുമായുള്ള ദീര്‍ഘകാലത്തെ ബന്ധം അവസാനിപ്പിച്ച ശിരോമണി അകാലിദള്‍ ബിഎസ്പിയുമായി ചേര്‍ന്നാണ് ജനവിധി തേടിയത്.
പഞ്ചാബിലൊക്കെ രാജഭരണമാണ് ഇന്നും ഉണ്ടായിരുന്നതെങ്കിൽ രാജാവായി വാഴേണ്ടയാളാണ് ക്യാപ്റ്റൻ അമരീന്ദർ സിങ്. പട്യാല രാജകുടുംബാംഗമായ അമരീന്ദറിന് കരിയറിൽ ഉടനീളം പറയാനുള്ളത് നേട്ടങ്ങളുടെ കഥമാത്രം. എന്നാൽ, 2021 കോൺഗ്രസ് വിട്ട് സ്വന്തം പാർട്ടി രൂപീകരിച്ച് ബിജെപിയോട് അടുത്ത അദ്ദേഹത്തെ കാത്തിരുന്നത് എക്കാലത്തേയും വലിയ പടനമായിരുന്നു.
രാഷ്ട്രീയ മഹാമേരുവിന്റെ പതനം എന്നുതന്നെ അമരീന്ദറിന്റെ തെരഞ്ഞെടുപ്പ് പരാജയത്തെ വിശേഷിപ്പിക്കാം. ആം ആദ്മിയോട് ഏറ്റമുട്ടി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടാണ് അമരീന്ദർ സിങ് നാണക്കേടിന്റെ നേർരൂപമായത്. ആംആദ്മി പാർട്ടിയുടെ അജിത് പാൽ സിങ് കോഹ്‌ലിയോടാണ് സ്വന്തം ജന്മനാട്ടിൽ അമരീന്ദർ പരാജയം നുണഞ്ഞത്. 10,247 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അജിത് പാലിന്റെ വിജയം.
രാഷ്ട്രീയ ജീവിതത്തിൽ പ്രൊഫഷണൽ രാഷ്ട്രീയക്കാരനായിരുന്നു അമരീന്ദർ, നേട്ടങ്ങൾക്കായി കൂടുവിട്ട് കൂടുമാറാൻ ഒരിക്കലും മടി കാണിച്ചിരുന്നില്ല. കോൺഗ്രസിലും അകാലിദളിലും വീണ്ടും കോൺഗ്രസിലും പ്രവർത്തിച്ച് മുഖ്യമന്ത്രി സ്ഥാനത്ത് വരെ എത്തിയ അദ്ദേഹം അവസാനം സ്വന്തം പാർട്ടി രൂപീകരിച്ചാണ് ഇത്തവണ തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയത്. എന്നാൽ, ആം ആദ്മിയുടെ തേരോട്ടത്തിൽ അമരീന്ദറിനെ ജനങ്ങൾ പൂർണമായും കൈവിട്ടു.
സംസ്ഥാനത്തെ പാർട്ടിയിലെ ഒരു വിഭാഗത്തെ മുൻനിർത്തി നവ്‌ജ്യോത് സിങ് സിദ്ദു മുന്നിട്ടിറങ്ങിയപ്പോൾ കോൺഗ്രസ് ഹൈക്കമാൻഡും അമരീന്ദറിനോട് മുഖംതിരിച്ചു. 2021 സെപ്റ്റംബർ 18ന് മുഖ്യമന്ത്രി പദം ഉപേക്ഷിച്ച് കോൺഗ്രസിനോടും യാത്ര പറഞ്ഞ് ഇറങ്ങിയ അമരീന്ദർ നവംബറിൽ പഞ്ചാബ് ലോക് കോൺഗ്രസ് പാർട്ടി രൂപീകരിച്ചു. കാർഷിക സമര കാലത്ത് കേന്ദ്രസർക്കാരിനെ നിശിതമായി വിമർശിച്ചിരുന്ന അമരീന്ദർ സിങ് എന്നാൽ തെരഞ്ഞെടുപ്പ് അടുത്തതോടെ ബിജെപിയോട് ചായ്‌വ് കാണിക്കുകയാണ് ചെയ്തത്. ബിജെപിക്കൊപ്പം ചേർന്ന് മുന്നണിയുണ്ടാക്കി തെരഞ്ഞെടുപ്പിനെ നേരിട്ടെങ്കിലും സ്വന്തം ജയം പോലും ഉറപ്പിക്കാനായില്ല. നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ് പഞ്ചാബിന്റെ മുൻക്യാപ്റ്റൻ.
ഹിന്ദുത്വത്തില്‍ ഒരംശം പോലും കലര്‍പ്പില്ലാതെ ചരിത്രം സൃഷ്ടിച്ചുകൊണ്ടു വീണ്ടും അധികാരത്തില്‍ എത്തുന്ന യോഗി ആദിത്യനാഥിന് അഭിനന്ദനം’. ഉത്തര്‍പ്രദേശില്‍ ബിജെപി മികച്ച വിജയം നേടിയതിന് പിന്നാലെ യോഗിയ്ക്ക് അഭിനന്ദവുമായി വലതുപക്ഷ സൈബര്‍ ആക്ടിവിസ്റ്റ് പ്രതീഷ് വിശ്വനാഥ്.
കാവിവസ്ത്രധാരി ഹിന്ദു രാഷ്ട്രത്തിന്റെ പ്രധാനമന്ത്രിയാകാനുള്ള പ്രാര്‍ത്ഥനകള്‍ സഫലമാകട്ടെ. മതേതരത്വം നിലനിര്‍ത്താന്‍ ഒരു മുസ്ലിം സ്ഥാനാര്‍ഥികളെയും നിര്‍ത്താതെയാണ് ബിജെപി ഈ ഐതിഹാസിക വിജയം നേടിയത് എന്നത് ഈ രാഷ്ട്രത്തിന്റെ ശരിയായ ദിശയാണ് കാണിക്കുന്നതെന്നും പ്രതീഷ് ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പ്:
ഹിന്ദുത്വത്തില്‍ ഒരംശം പോലും കലര്‍പ്പില്ലാതെ ചരിത്രം സൃഷ്ടിച്ചുകൊണ്ടു വീണ്ടും അധികാരത്തില്‍ എത്തുന്ന യോഗിജിക്കു അഭിനന്ദനങ്ങള്‍ …. കാവിവസ്ത്രധാരി ഹിന്ദു രാഷ്ട്രത്തിന്റെ പ്രധാനമന്ത്രിയാകാനുള്ള പ്രാര്‍ത്ഥനകള്‍ സഫലമാകട്ടെ ………
മതേതരത്വം നിലനിര്‍ത്താന്‍ ഒരു മുസ്ലിം സ്ഥാനാര്‍ഥികളെയും നിര്‍ത്താതെയാണ് ബിജെപി ഈ ഐതിഹാസിക വിജയം നേടിയത് എന്നത് ഈ രാഷ്ട്രത്തിന്റെ ശരിയായ ദിശയാണ് കാണിക്കുന്നത്.
2017ൽ ഇന്ത്യൻ രാഷ്ട്രീയ രംഗത്തെ അമ്പരപ്പിച്ചുകൊണ്ട് ആദ്യമായി ഒരു കാഷായധാരി മുഖ്യമന്ത്രി പദത്തിലെത്തി. ഇതുവരേയും ഇന്ത്യ കാണാത്തൊരു കാഴ്ചയായിരുന്നു അത്. കൃത്യമായ മതപ്രഖ്യാപനം നടത്തി ഒരു ഹിന്ദു സന്യാസി മുഖ്യമന്ത്രി കസേരയിലിരിക്കുമ്പോൾ മതേതര ഇന്ത്യ അക്കാര്യം ഏറെ ചർച്ച ചെയ്തു. ഇന്നിപ്പോഴിതാ രണ്ടാം ഊഴത്തിലും ആ കാഷായധാരി തന്നെ മുഖ്യമന്ത്രി കസേര ഉറപ്പിച്ചിരിക്കുകയാണ്.
അഞ്ച് വർഷം തികച്ച് തുടർഭരണം നേടുന്ന ആദ്യ യുപി മുഖ്യമന്ത്രിയാവുകയാണ് പൂർവ്വാശ്രമത്തിൽ അജയ് മോഹൻ ബിഷ്ട് ആയിരുന്ന യോഗി ആദിത്യനാഥ്. ഗുജറാത്തിൽ തുടർഭരണം നേടി മുഖ്യമന്ത്രി കസേരയിലിരുന്ന നരേന്ദ്ര മോഡി ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലെത്തിയതിന് സമാനമായി അടുത്തുതന്നെ യോഗിയും ഇന്ത്യയുടെ പ്രധാനമന്ത്രി കസേരയിലെത്തുമെന്നാണ് രാഷ്ട്രീയ ലോകത്തെ നിരീക്ഷണം.
യോഗിയായി ആത്മീയജീവിതം തുടങ്ങിയിടത്തു നിന്നും രാഷ്ട്രീയനേതാവായി വളർന്ന കാഷായധാരി രണ്ടാം തവണയും ഉത്തർപ്രദേശിനെ ബിജെപിയുടെ കളിത്തൊട്ടിലാക്കിയിരിക്കുകയാണ്. ഭരണകാലയളവിൽ കാർഷിക സമരം ഉൾപ്പടെ ഏറെ വിമർശനങ്ങളും വിവാദങ്ങളും ഉണ്ടാക്കിയെങ്കിലും യോഗിയുടെ കീഴിൽ അണിനിരന്ന ബിജെപിയെ നിലംപരിശാക്കാൻ എതിരാളികൾക്കാർക്കും സാധിച്ചില്ല. 246 സീറ്റിൽ മുന്നേറി വലിയ ഭൂരിപക്ഷത്തോടെ ഭരണം ഉറപ്പിച്ചിരിക്കുകയാണ് യുപിയിൽ ബിജെപി.
ഈ തേരോട്ടത്തിന് പിന്നിൽ യോഗി ആദിത്യനാഥിന്റെ പിഴക്കാത്ത കണക്കുകളാണെന്ന് വ്യക്തം. ഗണിത വിദ്യാർത്ഥിയിൽ നിന്നും സന്യാസത്തിലേക്കും തുടർന്ന് രാഷ്ട്രീയത്തിലും വിജയം കൊയ്ത ചരിത്രമാണ് അജയ് മോഹൻ ബിഷ്ട് എന്ന യോഗി ആദിത്യനാഥിനെ ഇത്തവണയും തുണച്ചിരിക്കുന്നത്.
ഗോരഖ്നാഥ് മഠത്തിലെ മുഖ്യ പുരോഹിതനായിരുന്നു യോഗി ആദിത്യനാഥ്. പിന്നീട് നാല് തവണ ഗോരഖ്പുരിൽ നിന്നും മത്സരിച്ച് പാരൽമെന്റിൽ എത്തി. 2017ലെ യുപിയിലെ വിജയത്തോടെ പാർട്ടി നേതൃത്വത്തിന്റെ നിർബന്ധത്തിന് വഴങ്ങി എംപി സ്ഥാനം ഉപേക്ഷിച്ച് യുപി മുഖ്യമന്ത്രി കസേരയിൽ ഇരിപ്പുറപ്പിച്ചു. വിവാദകൊടുങ്കാറ്റ് തന്നെ വീശിയിട്ടും കസേര ഭദ്രമാക്കാൻ യോഗിക്ക് സാധിച്ചിരിക്കുകയാണ്.
മുഖ്യമന്ത്രിയായിരുന്ന കാലത്ത് വിവാദങ്ങൾ ഒഴിഞ്ഞനേരം ഉണ്ടായിരുന്നില്ല. മനസാക്ഷിയെ ഞെട്ടിച്ച ഹത്രാസ്, ഉന്നാവ് പീഡനങ്ങൾ, ഗൊരഖ്പൂർ ശിശുമരണവും തുടർന്ന് ഡോ. കഫീൽ ഖാനെതിരായ നിയമവിരുദ്ധ നടപടികളും തുടങ്ങി അനിഷ്ട സംഭവങ്ങൾ ഒരുപാട് സംഭവിച്ചെങ്കിലും അയോധ്യ ക്ഷേത്രവിധിയും ഭൂരിപക്ഷ സമുദായങ്ങളെ കൂട്ടുപിടിച്ചുള്ള പ്രവർത്തനങ്ങളും യോഗിയുടെ ഭരണത്തുടർച്ചയ്ക്ക് ബലമേകി.
1972 ജൂൺ 5ന് ഉത്തർപ്രദേശിലെ പൗരി ഗർവാളിലാണ് യോഗി ആദിത്യനാഥ് എന്ന അജയ് മോഹൻ ബിഷ്ട് ജനിച്ചത്. ഇന്നത്തെ ഉത്തരാഖണ്ഡിന്റെ ഭാഗമാണ് യോഗി ജനിച്ച പൗരി ഗർവാളെന്ന പ്രദേശം. ഉത്തരാഖണ്ഡിലെ ഹേംവതി നന്ദൻ ബഹുഗുണ ഗർവാൾ സർവകലാശാലയിൽ നിന്ന് ഗണിതത്തിൽ ബിരുദം നേടിയ യോദി പിന്നീട് ആത്മീയവഴി തെരഞ്ഞെടുത്തു.
ഗോരഖ്നാഥ് മഠത്തിലെ മുഖ്യനായിരുന്ന മഹന്ത് അവൈദ്യനാഥിന്റെ ശിഷ്യനാവുകയും അവിടെവെച്ച് യോഗി ആദിത്യനാഥ് എന്ന പേര് സ്വീകരിക്കുകയും ചെയ്തു. 1990 ൽ അയോധ്യയിൽ രാമ ക്ഷേത്ര പണിയാനുള്ള നീക്കത്തിന്റെ ഭാഗമാകാൻ വീട് വിട്ടു. ഹിന്ദു മഹാസഭയിൽ അംഗമായിരുന്ന അവൈദ്യനാഥ് 1991 ൽ ബിജെപിയിൽ ചേർന്നു. 1994 ൽ തന്റെ ശിഷ്യനായി യോഗി ആദിത്യനാഥിനെ മഹന്ദ് അവൈദ്യനാഥ് പ്രഖ്യാപിച്ചു. തൊട്ടുപിന്നാലെ നാല് വർഷത്തിന് പിന്നാലെ ശിഷ്യനായിരുന്ന യോഗി ആദിത്യനാഥിനെ രാഷ്ട്രീയത്തിലിറക്കി.
26-ാം വയസിൽ യോഗി ആദിത്യനാഥ് 12-ാം ലോക്സഭയിൽ അംഗമായി. 1998 ൽ ലോക്സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു യോഗി ആദിത്യനാഥ്. 1998, 1999, 2009, 2014 വർഷങ്ങളിലായി അഞ്ച് തവണയാണ് ഗൊരഖ്പുരിൽ നിന്ന് എംപി ആയത്. 2017 ൽ ഉത്തർപ്രദേശ് പിടിക്കാനായി ബിജെപിയുടെ പ്രധാന പ്രചാരകരിൽ ഒരാളായി കളത്തിലിറങ്ങിയിരുന്നു യോഗി ആദിത്യനാഥ്. 2017 മാർച്ച് 18ന് യോഗി ഉത്തർ പ്രദേശിന്റെ മുഖ്യമന്ത്രിയായി അധികാരത്തിലേക്കെത്തി.
ഹിന്ദുത്വ അജണ്ഡകളും, ഹിന്ദുത്വയിലൂന്നിയ പ്രചാരണ പ്രവർത്തനങ്ങളും പോലീസിന് തോക്ക് നൽകി തെരുവിലേക്ക് അയച്ച ഭരണപരിഷ്‌കാരങ്ങൾ കൊണ്ടും നിരവധി തവണ വിമർശനം നേരിടേണ്ടി വന്നെങ്കിലും ശൈലി മാറ്റാൻ അദ്ദേഹം തയ്യാറായിരുന്നില്ല.
ഈ തെരഞ്ഞെടുപ്പിൽ യോഗി ആദിത്യനാഥ് വിജയിച്ച് ബിജെപി അധികാരത്തിലെത്തിയാൽ 1985 ന് ശേഷം തുടർച്ചയായി യുപി മുഖ്യമന്ത്രി പദത്തിലെത്തുന്ന ആദ്യ വ്യക്തി കൂടിയാകും യോഗി.
ബിനോയ് എം. ജെ.
ദൈവരാജ്യം ഭൂമിയിൽ വരുന്നതിനു വേണ്ടി പ്രാർഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരാണ് നാം. എന്നാൽ നാമിപ്പോൾ തന്നെ ദൈവരാജ്യത്തിലാണെന്ന് എത്രപേർക്കറിയാം? എന്നിട്ടും നാം അസംതൃപ്തരായി കാണപ്പെടുന്നതെന്തുകൊണ്ട്? അത് നമ്മുടെ മനോഭാവത്തിന്റെ പ്രശ്നമാണ്. സത്ത ഒന്നു മാത്രമേയുള്ളൂ, അത് ഈശ്വരനുമാണ്. ആ ഏകസത്തയാണ് സ്വർഗ്ഗമായും, നരകമായും , ഭൂമിയായും മറ്റും കാണപ്പെടുന്നത്. അത് കാണുന്ന ആളെ ആശ്രയിച്ചിരിക്കുന്നു. നീലക്കണ്ണാടിയിൽ കൂടി നോക്കുന്നയാൾ എല്ലാം നീലയായി കാണുന്നു. ചുവന്ന കണ്ണാടിയിൽ കൂടി നോക്കുന്നയാൾ എല്ലാം ചുവപ്പായി കാണുന്നു. കാണപ്പെടുന്ന സത്തയാകട്ടെ നീലയുമല്ല ചുവപ്പുമല്ല.
ദൈവം എത്ര മനോഹരമായാണ് ഈ ലോകത്തെ സൃഷ്ടിച്ചതെന്നും എത്ര അത്ഭുതകരമായാണ് അതിനെ പരിപാലിക്കുന്നതെന്നും നോക്കിയാൽ അത്ഭുതം തോന്നും. ഇത്രയധികം വൈജാത്യവും ആവൈജാത്യങ്ങളുടെയെല്ലാം നടുവിൽ അത്ഭുതകരമായ സമത്വവും. ആ സമത്വത്തെ തകർക്കുവാൻ മനുഷ്യനെന്നല്ല ഒരു ശക്തിക്കും കഴിയുകയില്ല. മറ്റുള്ളവരേക്കാൾ കേമനാകുവാനും ,സമർത്ഥനാകുവാനും നാം എത്രയധികം കഷ്ടപ്പെടുന്നു. എന്നാൽ ഈശ്വരൻ വരച്ച സമത്വത്തിന്റെ പരിധികളെ അതിലംഘിക്കുവാൻ നമുക്കൊരിക്കലും കഴിയുകയില്ല കൂട്ടുകാരേ. നാം ശ്രേഷ്ഠരാണെന്ന് സ്വയം കരുതിയേക്കാം – എല്ലാവരും അങ്ങനെതന്നെയാണ് കരുതുന്നതും – അത് നമ്മുടെ മനസ്സിന്റെയൊരു വികൽപം മാത്രം!
വൈജാത്യങ്ങൾ തീർച്ചയായും ഉണ്ട് -അത് ഉണ്ടാവുകയും വേണം – എന്നാൽ ആവൈജാത്യങ്ങളെ അസമതയായി തെറ്റിദ്ധരിക്കാതിരിക്കുക. വാസ്തവത്തിൽ നാം ആശയക്കുഴപ്പത്തിലാണ്. വൈജാത്യങ്ങളെ നാം അസമതയായി തെറ്റിദ്ധരിക്കുന്നു. ഈ ആശയക്കുഴപ്പങ്ങളാണ് നമ്മെ സുഖദു:ഖങ്ങളിൽ കൊണ്ടുവന്ന് ചാടിക്കുന്നത്. അതുകൊണ്ടാണ് ഇത് ദൈവരാജ്യമായി നമുക്കനുഭവപ്പെടാത്തതും. നോക്കൂ..ആന സസ്യം ഭക്ഷിക്കുന്നു, സിംഹം മാംസം ഭക്ഷിക്കുന്നു. അതൊരുതരം വൈജാത്യം മാത്രം, ശ്രേഷ്ഠതയുടെ അളവുകോലല്ല. ഇതുപോലേയുള്ളൂ മനുഷ്യന്റെ കാര്യവും! എല്ലാവരും വ്യത്യസ്തരാണ്, അതേസമയം സമന്മാരുമാണ്.
ആയിരക്കണക്കിന് വൈജാത്യങ്ങളുടെ നടുവിലും ആനന്ദത്തിന്റെ കാര്യത്തിൽ എല്ലാവരും സമന്മാരാണ്. തെരുവിൽ അലയുന്ന യാചകനും രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിയും ആനന്ദത്തിന്റെ കാര്യത്തിൽ സമന്മാരാണ്. ഈ സമത്വത്തെ അതിലംഘിക്കുവാൻ ദേവേന്ദ്രൻ വിചാരിച്ചാലും സാധിക്കില്ല. പണം ഉണ്ടാക്കിയാൽ ആനന്ദം കൂടുമെന്ന് നാം വെറുതേ മോഹിക്കുന്നു. മരണം കാത്ത് കഴിയുന്ന വൃദ്ധനും കഴിഞ്ഞയിടെ ജനിച്ച ശിശുവും മധ്യവയസ്സിൽ എത്തിനിൽക്കുന്ന യുവാവും സന്തോഷത്തിന്റെ കാര്യത്തിൽ സമന്മാരാണ്. ഈ യാഥാർഥ്യത്തെ വേണ്ട വണ്ണം മനസ്സിലാക്കുന്നവന് ഈ ലോകം ദൈവരാജ്യം പോലെ അനുഭവപ്പെടും!
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
വര്‍ക്കല ചെറുന്നിയൂര്‍ ബ്‌ളോക്ക് ഓഫീസിനു സമീപം പച്ചക്കറി മൊത്തവ്യാപാരിയും കുടുംബവും താമസിച്ചിരുന്ന ഇരുനില വീടിനു തീപിടിച്ച് കൈക്കുഞ്ഞുള്‍പ്പെടെ അഞ്ചുപേരുടെ ജീവന്‍ പൊലിഞ്ഞ സംഭവത്തിലെ ദുരൂഹത നീക്കാനൊരുങ്ങി പോലീസ്…. മരിച്ച കൈക്കുഞ്ഞിന്റെ പിതാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍.
വര്‍ക്കല പുത്തന്‍ചന്തയിലെ ആര്‍.പി.എന്‍ പച്ചക്കറി പഴവര്‍ഗ മൊത്ത വ്യാപാര സ്ഥാപന ഉടമ അയന്തി പന്തുവിള രാഹുല്‍ നിവാസില്‍ ബേബിയെന്ന് വിളിക്കുന്ന ആര്‍. പ്രതാപന്‍ (62), ഭാര്യ ഷേര്‍ളി (52), മരുമകള്‍ അഭിരാമി (24), ഇളയമകന്‍ അഹില്‍ (29), അഭിരാമിയുടെ മകന്‍ റയാന്‍ (8മാസം) എന്നിവരാണ് മരിച്ചത്.
രണ്ടാമത്തെ മകനും അഭിരാമിയുടെ ഭര്‍ത്താവുമായ നിഹുലിനെ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെറുന്നിയൂര്‍ ഗ്രാമപഞ്ചായത്ത് ഏഴാംവാര്‍ഡില്‍ അയന്തി – പന്തുവിള റോഡരികിലെ വീടാണ് അഗ്‌നിക്കിരയായത്. ഇന്നലെ പുലര്‍ച്ചെ 1.45 ഓടെയാണ് സംഭവമുണ്ടായത്.
ബാഹ്യ ഇടപെടലുകള്‍ക്കോ അപായപ്പെടുത്തലിനോ ഉള്ള തെളിവുകള്‍ കണ്ടെത്താനായില്ല. ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപിടിക്കാന്‍ ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
പ്രതാപന്റെയും ഭാര്യ ഷെര്‍ളിയുടെയും ശരീരം നീറിയ നിലയിലായിരുന്നു. അഭിരാമിക്കും കുഞ്ഞിനും അഹിലിനും ത്വക്കില്‍ നിറവ്യത്യാസമൊ പൊളളലിന്റെ അടയാളങ്ങളോ ഒന്നുമുണ്ടായിരുന്നില്ല. പുക ശ്വസിച്ചാകാം ഇവരുടെ മരണം.
വീടിനു മുന്നില്‍ വാടകയ്ക്ക് താമസിക്കുന്ന ശശാങ്കനാണ് തീപിടിത്തം കണ്ടത്. അദ്ദേഹം അയല്‍വാസികളെ വിളിച്ചുകൂട്ടിയെങ്കിലും വീട്ടിലേക്ക് കയറാനായില്ല. ഗേറ്റ് പൂട്ടിയിരുന്നു. വളര്‍ത്തുനായയെ തുറന്നുവിട്ടിരുന്നതിനാല്‍ ആര്‍ക്കും പെട്ടെന്ന് മതില്‍ ചാടിക്കടക്കാനുമായില്ല. വര്‍ക്കല പൊലീസും ഫയര്‍ഫോഴ്‌സുമെത്തിയെങ്കിലും വാതിലുകളെല്ലാം പൂട്ടിയിരുന്നതിനാല്‍ അകത്തേക്കു കയറാന്‍ പണിപ്പെട്ടു. ജനാലവഴി മുറിക്കുള്ളിലേക്ക് വെള്ളം ചീറ്റി തീയും പുകയും നിയന്ത്രണവിധേയമാക്കിയശേഷമാണ് പൊലീസിനും ഫയര്‍ഫോഴ്‌സിനും അകത്തേക്ക് കടക്കാനായത്.
നിഹുല്‍ ഒഴികെയുള്ളവരെ ബെഡ് റൂമുകളില്‍ നിന്നാണ് ചലനമറ്റ നിലയില്‍ പുറത്തെടുത്തത്. എല്ലാവരെയും വര്‍ക്കല എസ്.എന്‍ ട്രസ്റ്റ് ആശുപത്രിയിലെത്തിച്ചെങ്കിലും നിഹുല്‍ ഒഴികെയുള്ളവര്‍ മരിച്ചിരുന്നു.
50 ശതമാനത്തിലേറെ പൊള്ളലേറ്റ നിഹുലിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കാര്‍പോര്‍ച്ച്, സിറ്റൗട്ട്, ഹാള്‍, താഴെയും മുകള്‍ നിലയിലുമായുള്ള മൂന്ന് ബെഡ് റൂമുകള്‍ എന്നിവ കത്തിനശിച്ചു. പോര്‍ച്ചിലുണ്ടായിരുന്ന മൂന്ന് ഇരുക്രവാഹനങ്ങള്‍ പൂര്‍ണമായും ഒരെണ്ണം ഭാഗികമായും അഗ്‌നിക്കിരയായി.
അതേസമയം അട്ടിമറി സാധ്യത തള്ളിക്കളയുകയാണ് വിദഗ്ദ്ധര്‍. പുക ശ്വസിച്ചതാകാം മരണത്തിന് കാരണമായതെന്നാണ് പോലീസിന്റെ അനുമാനം, നിഹുലിനെ പുറത്ത് എത്തിച്ചപ്പോള്‍ വായ്ക്കുള്ളില്‍ നിന്നും കറുത്ത പുക വന്നു കൊണ്ടിരിന്നുവെന്ന് പോലീസ് പറഞ്ഞു. അട്ടിമറി സാധ്യത തള്ളിക്കളയുകയാണ് അടുത്ത വീട്ടില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും. വീടിനു സമീപം ആരും എത്തിയിയിട്ടില്ലെന്ന് പോലീസ്. വര്‍ക്കല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റിനും പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെ പോസ്റ്റുമോര്‍ട്ടത്തിനും ശേഷം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വിദേശത്തുള്ള മൂത്തമകന്‍ രാഹുലും കുടുംബവും അഭിരാമിയുടെ വിദേശത്തുള്ള പിതാവും നാട്ടിലെത്തിയശേഷം വര്‍ക്കലയിലെ കുടുംബ വീട്ടില്‍ സംസ്‌കാരച്ചടങ്ങുകള്‍ നടക്കും.
ബോധം മറയുന്നതിനു മുമ്പ് നിഹുല്‍ പറഞ്ഞത് ഒരൊറ്റ കാര്യം…. എന്റെ ഭാര്യയെയും കുഞ്ഞിനെയും ബാത്ത്റൂമിനുള്ളിലാക്കിയിട്ടുണ്ട്, എന്നെ വിട്ടിട്ട് അവരെ രക്ഷിക്ക് പ്ലീസ്…’ രക്ഷാപ്രവര്‍ത്തകര്‍ ഓടിയെത്തി നോക്കുമ്പോള്‍ കണ്ട കാഴ്ച കരളലിയിക്കും.
നിമിഷനേരം കൊണ്ട് രക്ഷാപ്രവര്‍ത്തകര്‍ മുകള്‍നിലയിലെ ആ മുറിയിലെത്തി. കുളിമുറി തള്ളിത്തുറന്നപ്പോള്‍ കാണുന്നത് പുക ശ്വസിച്ച് മരിച്ചുകിടക്കുന്ന അഭിരാമിയെ. എട്ടുമാസം പ്രായമുള്ള റയാന്‍ എന്ന ആണ്‍കുഞ്ഞ് ആ അമ്മയുടെ നെഞ്ചില്‍ ജീവനറ്റു കിടക്കുന്നു. കുഞ്ഞ് ഉള്‍പ്പെടെ ആറു പേരുണ്ടായിരുന്ന ആ വീട്ടില്‍ ജീവനോടെ ശേഷിച്ച നിഹുല്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
എതിര്‍വശത്തെ വീട്ടിലെ സാന്ദ്രയാണ് ഈ വീടിന് തീപിടിച്ചത് ആദ്യം കാണുന്നത്. രാത്രി ഒന്നരയോടെ രണ്ടാംനിലയിലെ എ.സി. ഓഫ് ചെയ്യാനായി എഴുന്നേറ്റപ്പോഴാണ് പ്രതാപന്റെ വീട്ടിലെ കാര്‍പോര്‍ച്ചില്‍ തീ കത്തിപ്പടരുന്നത് കാണുന്നത്.
സാന്ദ്ര വീട്ടുകാരെ വിളിച്ചുണര്‍ത്തുകയായിരുന്നു. പുലര്‍ച്ചെ ഒന്നേമുക്കാലോടെ ചില്ലുകള്‍ പൊട്ടുന്ന ശബ്ദം കേട്ട് തൊട്ട് എതിര്‍വീട്ടിലെ ശശാങ്കനും ഉണര്‍ന്നു. ഉച്ചത്തില്‍ നിലവിളിച്ച് ഇദ്ദേഹമാണ് മറ്റ് അയല്‍വാസികളെ ഉണര്‍ത്തിയത്.
ഇതിനിടെ ശശാങ്കന്റെ മകള്‍ അലീന തന്റെ മൊബൈലില്‍ നിന്ന് നിഹുലിന്റെ ഫോണിലേക്ക് വിളിച്ചു. ആദ്യ കോളില്‍ത്തന്നെ ഫോണ്‍ എടുത്ത നിഹുല്‍ കാര്യം അറിഞ്ഞിരുന്നില്ല. ‘ചേട്ടാ വീടിന്റെ താഴത്തെ നിലയില്‍ തീപിടിക്കുന്നു’ എന്ന് അലീന പറഞ്ഞയുടന്‍ ഫോണ്‍ കട്ടായി. പിന്നീട് വീണ്ടും വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല.
ഈ സമയം നിഹുല്‍ ഭാര്യയെയും കുഞ്ഞിനെയും കുളിമുറിയിലാക്കി പുകയില്‍ നിന്ന് സുരക്ഷിതമാക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പിന്നീട് മനസ്സിലാക്കാന്‍ കഴിഞ്ഞത്.
എസ്. ശ്രീശാന്ത് ആഭ്യന്തര ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റുകളില്‍ നിന്നും വിരമിച്ചു. പുതുതലമുറക്കായി വഴിമാറുകയാണെന്ന് ശ്രീശാന്ത് ട്വീറ്റ് ചെയ്തു.
അടുത്ത തലമുറയിലെ ക്രിക്കറ്റ് താരങ്ങൾക്കായി തന്റെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കരിയർ അവസാനിപ്പിക്കാൻ തീരുമാനിച്ചുവെന്ന് ശ്രീശാന്ത് പറഞ്ഞു. ഈ തീരുമാനം തന്റേത് മാത്രമാണ്. ഇത് തനിക്ക് സന്തോഷം നൽകില്ലെന്ന് അറിയാമെങ്കിലും, ഈ സമയത്ത് സ്വീകരിക്കേണ്ട ശരിയായതും മാന്യവുമായ നടപടിയാണിതെന്നും” ശ്രീശാന്ത് പറഞ്ഞു.
അവസാനമായി മേഘാലയക്കെതിരെ രഞ്ജി ട്രോഫിയിലാണ് ശ്രീശാന്ത് കളിച്ചത്. ടൂർണമെന്‍റിനിടെ താരത്തിന്‍റെ കൈക്ക് പരുക്കേറ്റിരുന്നു. 2007 ല്‍ ടി-20 ക്രിക്കറ്റ് കിരീടം നേടിയ ഇന്ത്യന്‍ ടീമിലും 2011 ല്‍ ഏകദിന ലോകകപ്പ് നേടിയ ടീമിലും അംഗമായിരുന്നു. ഇന്ത്യക്കായി 27 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 87 വിക്കറ്റും 53 ഏകദിനങ്ങളില്‍ നിന്നായി 75 വിക്കറ്റും 10 ടി20യില്‍ നിന്ന് 7 വിക്കറ്റും താരം നേടി.