literature

എം.ജി.ബിജുകുമാർ, പന്തളം

മഴ നിറഞ്ഞ ഒരു രാവുമാഞ്ഞ് പുലരിയെത്തുമ്പോൾ മരച്ചില്ലയിൽ ഇരുന്നു പാടുന്ന വണ്ണാത്തിപ്പുള്ളിനെ നോക്കി കുട്ടൻപിള്ള ജനാലക്കരികിൽ ചുമരിൽ ചാരി ഇരിക്കുകയാണ്. മേശപ്പുറത്തിരുന്ന വാരികകൾ എടുത്ത് തിരിച്ചുംമറിച്ചും നോക്കുമ്പോഴും അയാളുടെ മനസ്സ് മറ്റെവിടെയോ ആയിരുന്നു. ഘടികാര സൂചികൾ ചലിച്ചുകൊണ്ടേയിരുന്നു. അടുത്തുള്ള കശുവണ്ടി ഫാക്ടറിയിൽ പത്തുമണി സൈറൻ മുഴങ്ങുമ്പോഴും ഒന്നു തൊടുകപോലും ചെയ്യാതെ രാവിലെ കൊടുത്ത ചായ തണുത്ത് മേശപ്പുറത്തുതന്നെയിരിക്കുന്നുണ്ട്. കഴിഞ്ഞ പകലും രാത്രിയും ഇതേപോലെ ഒന്നിനും ഒരു ഉത്സാഹമില്ലാതെ കഴിച്ചു കൂട്ടുകയാണ് കുട്ടൻ പിള്ള. എഴുപതാം വയസ്സിലും ഉന്മേഷവാനായിരുന്ന അയാൾക്ക് ഒരു പകലും ഒരു രാത്രിയും കൊണ്ട് എന്താണ് സംഭവിച്ചത് ? നൂല് പൊട്ടിയ പട്ടം പോലെ മനസ്സ് ഇങ്ങനെ പറക്കാൻ കാരണം എന്താണ് ?

“ഗോപൻ എപ്പോൾ വരുമെന്ന് എന്ന് ഒന്ന് വിളിച്ചു ചോദിക്കെടീ സാവിത്രീ..”
കുട്ടൻപിള്ള ഭാര്യയോട് വിളിച്ചുപറഞ്ഞു.
” അവൻ വണ്ടി സർവീസ് ചെയ്യാനോ മറ്റോ കൊണ്ടുപോയതാണ്. വൈകുന്നേരമേ തിരിച്ചു വരികയുള്ളൂന്ന് പറഞ്ഞിരുന്നു. പൂച്ചക്കുട്ടികളെ തിരിച്ചുകൊണ്ടുവരാനാണ് അന്വേഷണമെങ്കിൽ അത് നടക്കില്ല.. പറഞ്ഞേക്കാം ”
സാവിത്രിയമ്മയുടെ നീരസത്തോടെയുള്ള മറുപടി കേട്ട് കുട്ടൻപിള്ളയുടെ മുഖം ഒന്നുകൂടി മ്ലാനമായി.
അയാൾ ജനാലയിലൂടെ വെളിയിലേക്ക് നോക്കിയിരുന്നു.. ഇടയ്ക്ക്
വീടിന്റെ മച്ചിനു മുകളിൽ എന്തെങ്കിലും അനക്കം കേൾക്കുന്നുണ്ടോയെന്ന് അയാൾ വെറുതെ കാതോർത്തു. യാതൊരു അനക്കവും ഇല്ലെന്ന് മനസ്സിലാക്കി വീണ്ടും ജനാലയിലൂടെ വിദൂരതയിലേക്ക് കണ്ണും നട്ടിരുപ്പായി.

കുട്ടൻ പിള്ളയുടെ വീട്ടിൽ മൂന്നു പൂച്ചകൾ ഉണ്ടായിരുന്നു. അവയ്ക്ക് ഭക്ഷണമൊക്കെ കൊടുത്ത് ഓമനിച്ചായിരുന്നു അയാൾ അവയെ വളർത്തിയത്.
പക്ഷേ വീട്ടിൽ എല്ലാം ഓടി നടന്നു അടുക്കളയിൽ വരെ കയറി കിട്ടുന്നതെല്ലാം തിന്നാൻ ശ്രമിക്കുന്നത് സാവിത്രിയമ്മയ്ക്ക് ഒട്ടും ഇഷ്ടമായിരുന്നില്ല. രാത്രിയിൽ മച്ചിനു മുകളിൽ കിടന്ന് കടിപിടികൂടി ബഹളമുണ്ടാക്കുന്ന ഇവറ്റകളെ എവിടെയെങ്കിലും കൊണ്ടുക്കളയാൻ മരുമകനായ ഗോപനോട് പലതവണ പറയുകയും ചെയ്തിട്ടുണ്ട്. ഇവ അയൽവീടുകളിലൊക്കെ പോയി ശല്യം ഉണ്ടാക്കുന്നുവെന്ന പരാതികൾ ദിവസേന സമീപവാസികൾ പറഞ്ഞപ്പോഴും പൂച്ചകളെ ഉപേക്ഷിക്കാൻ കുട്ടൻപിള്ള തയ്യാറായില്ല.

അങ്ങനെയിരിക്കെയാണ് ഒരു ദിവസം അയൽവാസിയായ കൃഷ്ണക്കുറുപ്പ് രാവിലെ വീട്ടിൽ എത്തി പരാതി ബോധിപ്പിച്ചത്.
” നിങ്ങടെ ഒരു പൂച്ച ഞങ്ങടെ കിണറ്റിൽ ചത്തു കിടക്കുന്നു, പൂച്ചയെ നാട്ടുകാർക്ക് ശല്യത്തിനാണോ വളർത്തുന്നത് ?”
കുറുപ്പ് കയർത്ത് സംസാരിച്ചിട്ടും കുട്ടൻപിള്ള അക്ഷോഭ്യനായി മുഖം കുനിച്ചിരുന്നു.
ഗോപൻ കിണറു വറ്റിക്കുന്നവരെ വിളിച്ച് പൂച്ചയെ എടുക്കുകയും കൃഷ്ണക്കുറുപ്പിന്റെ കിണറ്റിലെ വെള്ളം വറ്റിച്ച് കിണർ വൃത്തിയാക്കി കൊടുക്കുകയും ചെയ്തപ്പോൾ അതിന്റെ പണവും കുട്ടൻപിള്ളയാണ് കൊടുത്തത്. എന്നിട്ടും പൂച്ചകളെ ഉപേക്ഷിക്കാൻ തയ്യാറാവാതെ അവയെ ലാളിച്ചു അയാൾ ദിവസങ്ങൾ തള്ളിനീക്കി.
അതിലൊരു ചക്കി പൂച്ച പ്രസവിച്ചു മൂന്ന് കുഞ്ഞുങ്ങൾ കൂടിയായപ്പോൾ കുട്ടൻ പിള്ളയ്ക്ക് സന്തോഷമായി. പക്ഷേ സാവിത്രിയമ്മയാകട്ടെ ഇവറ്റകളെ എവിടെയെങ്കിലും കൊണ്ടു കളഞ്ഞേ മതിയാവു എന്ന തീരുമാനത്തിൽ ഉറച്ചു നിന്നു.
“നാല് കോഴികളെ വാങ്ങി വളർത്തരുതോ മനുഷ്യാ, ഒന്നുമല്ലെങ്കിലും വല്ലപ്പോഴും ഒന്നുരണ്ടു മുട്ട എങ്കിലും കിട്ടും ”
സാവിത്രിയമ്മയുടെ ഇത്തരം സംസാരത്തിന് മറുപടി പറയാതെ കുട്ടൻപിള്ള കേൾക്കാത്ത ഭാവത്തിൽ ഇരിക്കുകയാണ് പതിവ്.

പൂച്ചക്കുഞ്ഞുങ്ങൾ അൽപസ്വൽപം വളർന്നപ്പോൾ വീടിനുള്ളിൽ അവരുടെ ബഹളവും വർദ്ധിച്ചു. മകൾ പ്രിയയ്ക്കും പൂച്ചകളുടെ ബഹളം ശല്യമായിത്തുടങ്ങിയെങ്കിലും അച്ഛനോടതു പറയാൻ അവൾക്ക് മടിയായിരുന്നു. മൃഗ വകുപ്പിൽ ലാസ്റ്റ് ഗ്രേഡ് സെർവൻറായിരുന്ന കുട്ടൻപിള്ള വിരമിച്ച ശേഷം സമയം പോക്കിനായി ഒരു പശുവിനെ വളർത്തിയിരുന്നതാണ്. വൈക്കോലിട്ടു കൊടുക്കാൻ ചെന്ന തന്നെ ആ പശു കുത്തിയതിനാൽ സാവിത്രിയമ്മ അതിനെ വിൽക്കുകയാണുണ്ടായത്. അതിനെ തീറ്റുന്നതും കുളിപ്പിക്കുന്നതും പുല്ലു പറിച്ചു കൊടുക്കുന്നതുമെല്ലാം അച്ചനായിരുന്നു ചെയ്തിരുന്നതെന്നും പശുവിനെ വിറ്റതിനു ശേഷമാണ് അച്ഛന്റെ ചങ്ങാത്തം പൂച്ചകളുമായിട്ടായത് എന്നും പ്രിയ ഓർത്തു.

പൂച്ചകളെ വീട്ടിൽനിന്നും നാടുകടത്തിയേ പറ്റൂ എന്ന ദൃഢമായ തീരുമാനത്തിലെത്താൻ സാവിത്രിയമ്മയെ പ്രേരിപ്പിച്ചത് ഒരു പൂച്ച സരസ്വതിയമ്മയുടെ കിണറ്റിൽ വീണു ചത്തപ്പോഴാണ്. കുട്ടൻപിള്ളയുടെ മുന്നിൽ നീറുപോലെ നിൽക്കുമെങ്കിലും സരസ്വതിയമ്മയുടെ നാക്കിനു മുന്നിൽ പിടിച്ചു നിൽക്കാനുള്ള ശക്തിയില്ലാത്തതിനാൽ അവർ പറഞ്ഞതെല്ലാം കേട്ട് മുഖം കുനിച്ചു നില്ക്കാനേ സാവിത്രിക്ക് കഴിഞ്ഞുള്ളൂ. നേരം വെളുത്തപ്പോൾ തന്നെ ശകാരം കേട്ട് അപമാനഭാരത്താൽ കുനിഞ്ഞ ആ മുഖത്ത് ഒരു ദൃഢനിശ്ചയമെടുക്കാൻ പോകുകയാണെ ഭാവം നിഴലിച്ചതായി ഇതൊക്കെ വീക്ഷിച്ചു കൊണ്ടിരുന്ന പ്രിയയ്ക്ക് തോന്നി. അന്നും അവരുടെ കിണർ വൃത്തിയാക്കി കൊടുക്കേണ്ടിവന്നതിന് കുട്ടൻപിള്ള പൈസ കൊടുത്തെങ്കിലും അതിൽ ഒതുങ്ങുന്ന കാര്യങ്ങളായിരുന്നില്ല പിന്നീട് നടന്നത്. ഒരു വലിയ ഫേസ് ബോർഡ് കവറിനുള്ളിൽ മൂന്നു പൂച്ചക്കുഞ്ഞുങ്ങളെയും തള്ളപ്പൂച്ചയെയും പിടിച്ചിട്ട് അടച്ച് സാവിത്രിയമ്മ ഗോപന്റെ കയ്യിൽ കൊടുത്തു.
” ജോലിക്ക് പോകുന്നവഴിയിൽ എവിടെയെങ്കിലും ഇവറ്റകളെ ഉപേക്ഷിച്ചേക്കണം”
അവനതും വാങ്ങിയിറങ്ങുമ്പോൾ താൻ ജോലിചെയ്യുന്ന പ്രസ്സിന് എതിർവശത്തുള്ള ഫാമിൽ തുറന്നു വിടാമെന്ന് മനസ്സിലുറപ്പിച്ചിരുന്നു.
അവിടെ പകൽ ജോലിക്കാരൊക്കെ ഉള്ളതിനാൽ അതിനുള്ളിലേക്ക് കയറാൻ കഴിയാത്തതുകൊണ്ട് കവർ പ്രസ്സിന്റെയുള്ളിൽ തന്നെ സൂക്ഷിച്ചു.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരും നേരം ഇരുൾ പരത്തുന്ന സന്ധ്യയിൽ മാനത്തോളം ഉയർന്നു നിൽക്കുന്ന മരങ്ങളും പേടിപ്പെടുത്തുന്ന കുറ്റിക്കാടുമൊക്കെയുള്ള ഫാമിന്റെ മതിൽ ചാടിക്കടന്ന് ഗോപൻ പൂച്ചകളെ അവിടെ തുറന്നു വിട്ടു.

ആ പകൽ കുട്ടൻപിള്ളയ്ക്ക് വളരെ വ്യസനമാണ് സമ്മാനിച്ചത്. തൻറെ പൂച്ചക്കുട്ടികളെ നഷ്ടപ്പെട്ടപ്പോൾ തന്റെ ശരീരത്തിലെ അവയവം നഷ്ടപ്പെടുന്ന മാനസികാവസ്ഥയിലായിരുന്ന. അയാൾക്ക് ആഹാരം പോലും കഴിക്കാൻ കഴിഞ്ഞില്ല. അത്താഴം കഴിക്കാതെ കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോൾ നാരകമുള്ളുപോലെ പൂച്ചകളുടെ കരച്ചിൽ അയാളുടെ മനസ്സിനെ വേദനപ്പെടുത്തി. ജനലും വാതിലുമൊക്കെ അടച്ച് ഏണിയെടുത്ത് മച്ചിനു മുകളിലേക്ക് കയറാനും, പൂച്ചകൾ കിടക്കുമായിരുന്നിടത്തേക്ക് കയറിക്കിടക്കാനും അയാൾക്ക് തോന്നി.
തുറന്നു വെച്ചിരുന്ന ഒരു വാരിക എടുത്ത് മുഖത്ത് വെച്ച് കൊണ്ടയാൾ നേരം വെളുപ്പിച്ചു. ഉറക്കം ഇല്ലാതിരുന്നിട്ടും രാവിലെ പത്തുമണി കഴിഞ്ഞിട്ടും ഒന്നും കഴിക്കാനോ കുടിക്കാനോ കുട്ടൻ പിള്ളക്ക് കഴിഞ്ഞില്ല.ഒരക്ഷരം പോലും വിടാതെ പരസ്യം ഉൾപ്പെടെ പത്രം മുഴുവൻ വായിച്ചു തീർക്കുന്ന അയാൾ ഇന്നതിനു മെനക്കെട്ടില്ല. ഉപേക്ഷിക്കപ്പെട്ട നിലയിൽ പത്രം മടക്കു പോലും നിവർത്താതെ വരാന്തയിൽ കിടപ്പുണ്ടായിരുന്നു.

അയാൾ മെല്ലെ ഇറങ്ങി നടന്ന് ക്ഷേത്രക്കുളത്തിൽ മുങ്ങിക്കുളിച്ച് മതിൽക്കെട്ടിന് വെളിയിലെ ആൽ മരച്ചുവട്ടിലെ കൽക്കെട്ടിലിരുന്നു. ക്ഷേത്രക്കളത്തിൽ നിന്നു വീശിയ തണുത്ത കാറ്റിന് അയാളുടെ ഉള്ള് തണുപ്പിക്കാൻ കഴിഞ്ഞില്ല.സൂര്യന്റെ നിഴലുകൾക്ക് നീളം കുറഞ്ഞു വന്നു. അപ്പോഴും ആകാശത്തിന് നെറുകയിലൂടെ സഞ്ചരിക്കുന്ന മേഘങ്ങളിൽ കണ്ണും നട്ട് അയാൾ അവിടെത്തന്നെ ഇരിക്കുകയായിരുന്നു. മുഖത്ത് ചുളിവുകൾ വീഴ്ത്തിക്കൊണ്ട് ചിന്തകൾ സഞ്ചരിച്ചുകൊണ്ടേയിരുന്നു

ഗോപൻ വന്നതിനുശേഷം വേണം പൂച്ചകളെ എവിടെ ഉപേക്ഷിച്ചുവെന്ന് ചോദിച്ചറിയാനെന്ന് മനസ്സിലുറപ്പിച്ച് അയാൾ വീട്ടിലേക്ക് നടന്നു. രണ്ടുദിവസമായി ജലപാനം പോലും ചെയ്യാതെയുള്ള ഉള്ള അച്ഛൻറെ നടപ്പ് പ്രിയയിൽ സങ്കോചം ഉണ്ടാക്കി. വിശപ്പും ദാഹവും അന്യമാകുന്ന അവസ്ഥയിലുടെ കുട്ടൻപിള്ള കടന്നു പൊയ്ക്കോണ്ടിരുന്നു
പൂച്ചയെ ഉപേക്ഷിച്ചാൽ ഇത്രയും പ്രശ്നമാകും എന്നാരും കരുതിയില്ല.
“ഇതിപ്പോൾ കുട്ടികളുടെ സ്വഭാവരീതികൾ പോലെ ആയല്ലോ ഈ മനുഷ്യന്, ഇവിടുത്തെ ശല്യം കൂടാതെ നാട്ടുകാരുടെ വായിലിരിക്കുന്നത് കൂടി കേൾക്കാൻ എനിക്ക് വയ്യ. കൊണ്ടു കളഞ്ഞത് കാര്യമായി ”
സാവിത്രിയമ്മ ഉറക്കെ പറഞ്ഞു.

ഉന്മേഷവാനായിരുന്ന അച്ഛന്റെ പെട്ടെന്നുള്ള മാറ്റം പ്രിയയെ വിഷമത്തിലാക്കി. പൂച്ചകളെ തിരിച്ചു കൊണ്ടു വരണമെന്ന് ഗോപേട്ടനോട് വിളിച്ചുപറയാൻ അവൾ അമ്മയെ നിർബന്ധിച്ചു കൊണ്ടേയിരുന്നു. പക്ഷേ സാവിത്രിയമ്മ ആദ്യമൊന്നും അതിന് തയ്യാറായില്ല. ഉച്ചയ്ക്കും ആഹാരം കഴിക്കാതെ ചാരുകസേരയിൽ തുറന്ന പുസ്തകം കൊണ്ട് മുഖം മറച്ചു കിടന്ന കുട്ടൻപിള്ളയെ കണ്ടപ്പോൾ സാവിത്രിയമ്മയുടെ മനസ്സ് ഒന്നയഞ്ഞു. താനെന്തു പറഞ്ഞാലും എതിർക്കാതെ അക്ഷോഭ്യനായി നിലകൊള്ളുന്ന തൻറെ ഭർത്താവിൻറെ മനസ്സ് പൂച്ചകളെ നഷ്ടപ്പെട്ടതിൽ വളരെയേറെ വേദനിക്കുന്നുണ്ടെന്ന് സാവിത്രിയമ്മയ്ക്ക് മനസ്സിലായി. വൈകിട്ട് ചായ ഇടുമ്പോൾ ചീനി വറുത്തതും തിന്ന് അടുക്കളയിലിരുന്ന് പ്രിയ അമ്മയോട് പറഞ്ഞു ,
“അമ്മേ മനുക്കുട്ടൻ വിളിച്ചിരുന്നു അവനോട് പറഞ്ഞപ്പോൾ പൂച്ചകളെ തിരിച്ചുകൊണ്ടുവരണം എന്നാണവനും പറയുന്നത് “.
ബോർഡിങ്ങിൽ പ്ളസ് വണ്ണിനു പഠിക്കുന്ന പ്രിയയുടെ മകനാണ് അനു. അവന് അപ്പൂപ്പനോടാണ് വീട്ടിൽ മറ്റുള്ളവരോടുള്ളതിനേക്കാൾ സ്നേഹം. അപ്പൂപ്പന്റെ വിരൽ തുമ്പു പിടിച്ചാണവൻ വളർന്നത്.

അതുകൂടി കേട്ടപ്പോൾ സാവിത്രി അമ്മയുടെ മനസിൽ ഒരു ചെറിയ ചാഞ്ചാട്ടം ഉണ്ടായി.
“അമ്മേ ഗോപേട്ടനെ വിളിച്ചു പറയ് വരുമ്പോള് പൂച്ചകളെ കൂടി പിടിച്ചു കൊണ്ടു വരാൻ ” മകൾ പറഞ്ഞതു കേട്ടപ്പോൾ
“ഇനിയും നാട്ടുകാരുടെ ചീത്ത കേൾക്കേണ്ടി വന്നാലോ? ഇങ്ങേരുടെ ഇരുപ്പ് കണ്ടിട്ട് തിരിച്ചുകൊണ്ടുവരാൻ പറയാതിരിക്കാനും തോന്നുന്നില്ല” എന്ന് മറുപടി പറഞ്ഞെങ്കിലും സാവിത്രിയമ്മ വിഷമവൃത്തത്തിലായി.
‘പ്രിയ ഗ്ലാസ്സിലേക്ക് ചായ പകർന്നെടുത്തു.
“ഇനിയങ്ങനെയൊന്നും ഉണ്ടാകാതെ അച്ഛൻ ശ്രദ്ധിച്ചോളും”
വീണ്ടും അമ്മയുടെ മനസ്സുമാറ്റാൻ പ്രിയ ശ്രമിച്ചു .
” എന്നാൽ പിന്നെ അങ്ങനെയാകട്ടെ അവനെയൊന്ന് വിളിച്ചിട്ട് ഫോൺ ഇങ്ങു താ, ഞാൻ പറയാം, ”
അമ്മ പറയുന്നത് കേട്ട് പ്രിയ ഫോണിൽ നമ്പർ ഡയൽ ചെയ്യാനെടുക്കുമ്പോഴേക്കും ഗോപൻ തന്റെ കാറിൽ വീട്ടമുറ്റത്തെത്തിയിരുന്നു. വീട്ടിലേക്ക് കയറിയ ഗോപന് പ്രിയ ചായയെടുത്തു കൊടുക്കുമ്പോൾ സാവിത്രിയമ്മ അവനോടു പറഞ്ഞു.
” ഇവിടെ ഈ മനുഷ്യന്റെ മൂകത കണ്ടിരിക്കാൻ വയ്യ, ആഹാരവുമില്ല ജലപാനവുമില്ല, നീയാ പൂച്ചകളെ ഇങ്ങ് തിരിച്ചെടുത്തു കൊണ്ടു പോര് ,വരുന്നപോലെ വരട്ടെ” ഇങ്ങനെയൊന്നുമായിരുന്നില്ലല്ലോ കഴിഞ്ഞദിവസത്തെ അമ്മയുടെ പെർഫോമൻസ് എന്നാേർത്ത് അവൻ മനസ്സിൽ ചിരിച്ചു. ഇതുകേട്ടയുടനെ വിശപ്പും ദാഹവും അന്യമാകുന്ന ഏതോ അവസ്ഥയിലൂടെയാണ് താൻ പൊയ്ക്കൊണ്ടിരിക്കുന്നതെന്നറിയാതെ വരാന്തയിലെ ചൂരൽക്കസേരയിൽ പ്രതിമ കണക്കേയിരുന്ന കുട്ടൻപിള്ള പെട്ടെന്നെഴുന്നേറ്റു.
“എന്നാൽ വാ ഞാനും വരാം നമുക്കു പോയി വേഗം അതിങ്ങളെയിങ്ങ് എടുത്തോണ്ട് വരാം”
അച്ഛൻറെ പറച്ചിൽ കേട്ട് പ്രിയക്ക് ചിരിവന്നു, ഗോപനും.
“ഇപ്പോൾ പോയി എടുക്കാൻ
പറ്റില്ല, ഫാമിനുള്ളിലാണ് അവയെ തുറന്നു വിട്ടത്. അതിനുള്ളിൽ കയറണേൽ സന്ധ്യ കഴിയണം.”
ഗോപൻ പറഞ്ഞത് കേട്ടപ്പോൾ നിരാശയോടെ കുട്ടൻപിള്ള മുറിയിലേക്ക് പോയി.സന്ധ്യയാവുന്നതും കാത്ത് അയാൾ ചായംപൂശിയ ചുവരിൽ ചാരി ഇരുന്നു. “തിരിച്ചെടുക്കാൻ ചെല്ലുമ്പോഴേക്കും അവറ്റകൾ അവിടെ കാണുമോ? ഇല്ലെങ്കിൽ.. ‘?
അതോർത്തപ്പോൾ കുട്ടൻപിള്ളയുടെ നെഞ്ച് ഒന്നു പിടഞ്ഞു. തുടർന്നുളള ഓരോ നിമിഷങ്ങളും ഓരോ മണിക്കൂറുകളായണ് അയാൾക്ക് തോന്നിയത്.
ശുഭപ്രതീക്ഷയോടെ നേരം ഇരുട്ടുന്നതും കാത്ത് അയാളിരുന്നു.

സന്ധ്യയ്ക്ക് പ്രിയ വിളക്ക് വയ്ക്കാൻ വരാന്തയിൽ എത്തിയപ്പോൾ ഇരുൾ പരക്കുന്നതും കാത്ത് കയ്യിൽ ഒരു ചെറിയ ചാക്കും ഒരു ടോർച്ചുമായി കുട്ടൻപിള്ള മുറ്റത്തുലാത്തുന്നുണ്ടായിരുന്നു.
ഇരുട്ടു പരന്നപ്പോൾ ഗോപൻ പൂച്ചകളെ എടുക്കാനായി പോകാൻ വണ്ടി എടുത്തു.
“ഞാനും വരാം…” എന്നു പറഞ്ഞു കുട്ടൻപിള്ള ബൈക്കിന് അടുത്തേക്കു നടന്നു .
വേണ്ട എന്നു പറയണമെന്നുണ്ടായിരുന്നെങ്കിലും അയാളിലെ ആകാംഷ മനസ്സിലാക്കിയതിനാൽ ഗോപൻ എതിർപ്പ് പറഞ്ഞില്ല. ബൈക്കിൽ സഞ്ചരിക്കുമ്പോഴും പിന്നിലിരുന്ന് കുട്ടൻപിള്ളയുടെ മനസ്സ് അതിലേറെ വേഗത്തിൽ സഞ്ചരിക്കുകയായിരുന്നു. അവിടെ എത്തും വരെ ഇടയ്ക്കിടയ്ക്ക് “കുറച്ചുകൂടി വേഗം പോ” എന്ന് അയാൾ പറയുന്നുണ്ടായിരുന്നു. ഫാമിന്റെ പിന്നിലെത്തി ബൈക്ക് വെച്ചതിനുശേഷം ഗോപൻ ചുറ്റുപാടും നോക്കി. വല്ലവരും കണ്ടാൽ മോഷണത്തിനു വന്നവരെന്നേ കരുതുകയുള്ളു എന്നവൻ മനസ്സിലോർത്തുകൊണ്ട് പറഞ്ഞു,
“ആ ടോർച്ചും ചാക്കും ഇങ്ങു താ ഞാൻ പോയിട്ട് വരാം ”
”ഞാനും വരാം ഇവിടെ കാത്തു നിൽക്കാൻ എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല, വേഗം അവയെ കണ്ടെത്തണം.”
അയാളുടെ മറുപടി കേട്ടപ്പോൾ ഗോപന് തടയാൻ തോന്നിയില്ല. മതിലിൽ കയറി അപ്പുറത്തേക്ക് ചാടാൻ ഗോപൻ അയാളെ സഹായിച്ചു. രണ്ടുപേരുംകൂടി അതിനുള്ളിലെ കാട് നിറഞ്ഞ ഭാഗത്തേക്ക് നടന്നു. അവിടെയൊക്കെ ടോർച്ചടിച്ചു നോക്കിയെങ്കിലും പൂച്ചകളെ കണ്ടെത്താനായില്ല.

അപ്പോൾ കുട്ടൻപിള്ള പല്ലുകൾ ചേർത്തുവെച്ച് നാക്ക് ഉപയോഗിച്ച് ഒരു പ്രത്യേക ശബ്ദം പുറപ്പെടുവിച്ചു. അങ്ങനെ രണ്ടുമൂന്നു പ്രാവശ്യം ആയപ്പോഴേക്കും പൂച്ചക്കുട്ടികളും തള്ളപ്പൂച്ചയും അവിടേക്ക് ഓടിവന്നു. കുട്ടൻപിള്ളയുടെ കാലിൽ ദേഹം ഉരസി നിൽപ്പായി. അയാൾ തന്റെ കയ്യിലിരുന്ന ചാക്കിൽ നിന്നും ഒരു പ്ലാസ്റ്റിക് കവർ പുറത്തെടുത്തു. അതിൽനിന്നും നിന്നും ചെറിയ മത്തികളെടുത്ത് അവയ്ക്ക് മുന്നിലേക്കിട്ടുകൊടുത്തു. ടോർച്ച് വെട്ടത്തിൽ അതു തിന്നുന്നത് നോക്കിനിന്നപ്പോൾ കുട്ടൻപിള്ളയുടെ മുഖം വിടർന്നു.ഗോപനതെല്ലാം അത്ഭുതത്തോടെ നോക്കി നിന്നു.

” വേഗം പോകാം ” അയാൾ ഗോപനോട് പറഞ്ഞു.
മതിൽ ചാടി ബൈക്കിൽ സഞ്ചരിക്കുമ്പോൾ “കുട്ടൻപിള്ള ഒരു അത്ഭുത പ്രതിഭാസം തന്നെ ” എന്നു ഗോപൻ മനസ്സിൽ പറഞ്ഞു. വീട്ടിലെത്തി പൂച്ചകളെ സ്വതന്ത്രമാക്കാൻ വെമ്പുന്ന കുട്ടൻപിള്ളയുടെ മനസ്സ് ബൈക്കിനെക്കാൾ വേഗത്തിൽ പായുകയായിരുന്നു. അപ്പോഴും കുട്ടൻപിള്ള പൂച്ചകളെ വിളിക്കാൻ പുറപ്പെടുവിച്ച പ്രത്യേക ശബ്ദം ഗോപന്റെ ചെവിയിൽ മുഴങ്ങുന്നുണ്ടായിരുന്നു.

 

എം.ജി.ബിജുകുമാർ

പന്തളം സ്വദേശി. പന്തളം എൻ എസ് എസ് കോളേജിൽ ബിരുദവും എൻ.എസ്.എസ്. ട്രെയിനിങ്ങ് കോളേജിൽ ബിഎഡും പൂർത്തിയാക്കി. ആദ്യം അധ്യാപനവൃത്തിയിലായിരുന്നുവെങ്കിലും ,ഇപ്പോൾ എച്ച്.ഡി.എഫ്.സി ബാങ്കിൻ്റെ ലോൺ സെക്ഷനിൽ ജോലി ചെയ്യുന്നു. ചിത്രം വരയും, കഥയും കവിതയുമൊക്കെയെഴുത്തുമാണ് പ്രധാന വിനോദങ്ങൾ. സാഹിത്യ-സാമൂഹിക-സാംസ്കാരിക മേഖലയിലും സജീവമായി പ്രവർത്തിക്കുന്നു.
“ഓർക്കാൻ മറക്കുമ്പോൾ ” എന്ന കവിതാ സമാഹാരം പുറത്തിറക്കിയിട്ടുണ്ട്. ഒരു കഥാസമാഹാരം പുറത്തിറക്കാനുള്ള ശ്രമത്തിലാണ്. സരസ്വതീയം( https://youtu.be/LQFrt-sojwI )
കൊന്നപ്പൂങ്കനവ് ( https://youtu.be/HqaUy-dNLqA ) എന്നീ ദൃശ്യാവിഷ്ക്കാരങ്ങൾ ചെയ്ത് യൂട്യൂബിൽ റിലീസ് ചെയ്തിരുന്നു.

അഖിൽ പുതുശ്ശേരി

ഇന്ന് അത്തം. ഇന്നേക്ക് പത്താം നാൾ തിരുവോണം. മഹാബലിയെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ ഇന്നുമുതൽ ആരംഭിക്കും. വീട്ടുമുറ്റത്ത് പൂക്കളമിട്ടും ഓണത്തിനായുള്ള മറ്റു ഒരുക്കങ്ങളിലൂടെയും മലയാളിയുടെ മനസിൽ മുഴുവൻ ആഘോഷങ്ങളുടെ ആരവമുയരുന്ന ദിവസങ്ങൾ. എന്നാൽ, അസാധാരണ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന മലയാളി ഏറെ ജാഗ്രതയോടെ വേണം ഈ ഓണക്കാലം ആഘോഷിക്കാൻ.

മലയാളികളുടെ ദേശീയോത്സവമാണ് ഓണം. ചിങ്ങമാസത്തിലാണ് ഓണം മലയാളികള്‍ ആഘോഷിക്കുന്നത്. മഹാബലി തന്റെ പ്രജകളെ കാണുവാന്‍ വര്‍ഷത്തിലൊരിക്കൽ എത്തുന്ന ദിവസമാണ് ഓണം എന്ന് കരുതി പോരുന്നു. എന്നാൽ, ഓണം ആത്യന്തികമായി ഒരു വിളവെടുപ്പ് അഥവാ വ്യാപാരോത്സവമാണെന്ന് കരുതിപ്പോരുന്നു.

ഓണഘോഷത്തില്‍ ഒഴിച്ചുകൂടുവാനാകാത്ത ഒന്നാണ് പൂക്കളം. തിരുവോണദിവസം വരുന്ന മഹാബലിയെ സ്വീകരിക്കുന്നതിന്‌ അത്തം മുതൽ ഒരുക്കങ്ങളാരംഭിക്കുകയാണ്‌. മുറ്റത്ത്‌ ചാണകം മെഴുകിയാണ് പൂക്കളമൊരുക്കുന്നത്. ചിങ്ങത്തിലെ അത്തംനാൾ മുതലാ‍ണ് പൂക്കളം ഒരുക്കാൻ തുടങ്ങുന്നത്. ആദ്യത്തെ ദിവസമായ അത്തംനാളിൽ ഒരു നിര പൂവ് മാത്രമേ പാടുള്ളൂ. ചുവന്ന പൂവിടാനും പാടില്ല. രണ്ടാം ദിവസം രണ്ടിനം പൂവുകൾ മൂന്നാം ദിവസം മൂന്നിനം പൂവുകൾ എന്നിങ്ങനെ ഓരോ ദിവസവും കളത്തിന്റെ വലിപ്പം കൂടി വരുന്നു. ചോതിനാൾ മുതൽ മാത്രമേ ചെമ്പരത്തിപ്പൂവിന്‌ പൂക്കളത്തിൽ സ്ഥാനമുള്ളൂ. ഉത്രാടത്തിൻനാളിലാണ്‌‍ പൂക്കളം പരമാവധി വലിപ്പത്തിൽ ഒരുക്കുന്നത്‌. മൂലം നാളിൽ ചതുരാകൃതിയിലാണ് പൂക്കളം ഒരുക്കേണ്ടത്.

ആണ്ടുപിറപ്പിനെ സൂചിപ്പിക്കുന്ന ചിങ്ങമാസത്തിലെ ആഘോഷം ക്രമേണ ദേശീയോത്സവമായി വളര്‍ന്നുവെന്നാണ് മറ്റൊരു വിശ്വാസം. എന്നാല്‍, തിരുവോണം വിളവെടുപ്പ് ഉത്സവം ആണെന്ന് ചില സാമൂഹിക ശാസ്ത്രജ്ഞര്‍ കരുതുന്നു. ഇല്ലങ്ങളിലെ പത്തായങ്ങളെല്ലാം നിറഞ്ഞ്, കുടിലുകളിലെ വല്ലങ്ങളെല്ലാം നിറഞ്ഞ്, നിറവിന്റെയും സന്തുഷ്ടിയുടെയും സമയം. പാടങ്ങളിലെ പണിയെല്ലാം കഴിഞ്ഞ്, കൃഷിപ്പണി ചെയ്യുന്നവര്‍ക്കും, ചെയ്യിക്കുന്നവര്‍ക്കും കൊണ്ടാടാനുള്ള അവസരം. ജന്മിമാരും അടിയാന്മാരും വ്യത്യാസങ്ങള്‍ മറന്നു സമഭാവനയോടുകൂടി കഴിയുകയും, പരസ്പരം സ്‌നേഹസന്ദര്‍ശനങ്ങള്‍ നടത്തുകയും, ഒരേ വേദിയില്‍ ഒത്തുചേരുകയും ചെയ്യുവാന്‍ ഉപകരിച്ചിരുന്ന ഈ കാര്‍ഷികോത്സവ പരിപാടി, ക്രമേണ ദേശീയോത്സവമായി എന്നതാണ് ഇവരുടെ നിഗമനം.

അത്തം നാള്‍ മുതല്‍, തിരുവോണം വരെ പൂക്കളമിട്ട്, ഊഞ്ഞാലിലാടി, തിരുവോണം നാള്‍ മാവേലിയെ (തൃക്കാക്കരയപ്പന്‍, ഓണത്തപ്പന്‍) നടുമുറ്റത്ത് കുടിയിരുത്തി, വീട്ടിലെ ആണ്‍കുട്ടിയെകൊണ്ട് പൂജ ചെയ്യിച്ച്, പെണ്‍കുട്ടികളുടെ കൈകൊട്ടിക്കളിയും, ആണ്‍കുട്ടികളുടെ ഓണപ്പന്തുകളിയും, ഓണത്തല്ലും, വീട്ടിനുള്ളിലും പുറത്തും ഉള്ളവര്‍ക്ക് ഓണക്കോടിയും, വിഭവസമൃദ്ധമായ സദ്യയും ഒക്കെയായി, ചതയം നാള്‍, മാവേലിയെ എടുത്തു മാറ്റുന്നതു വരെ, ഓണം പൊടിപൊടിക്കുമായിരുന്നു. അരിയിടിക്കലും വറക്കലും, കായവറുക്കലും, കൊണ്ടാട്ടമുണക്കലും, അടപരത്തലും, അച്ചാറിനിടീലും, ചക്ക വരട്ടലും ഒക്കെയായി ഒരുമാസം മുന്‍പേ ഒരുക്കങ്ങള്‍ തുടങ്ങും. ‘കാണം വിറ്റും ഓണമുണ്ണണം.’ എന്നൊരു ചൊല്ലുണ്ടായിരുന്നു. ഓരോ ദിവസവും ഓരോ പായസം, അടപ്രഥമന്‍, ചക്കപ്രഥമന്‍, കടല പ്രഥമന്‍, പാലട, ഓലന്‍, കാളന്‍, അവിയല്‍.

ഇന്ന് സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും എല്ലാം റെഡിമേഡ് ആയി സുലഭം, മാവേലിമന്നനെ കാലാന്തരത്തില്‍, പ്രച്ഛന്നവേഷമിട്ട കോമാളിരൂപത്തിലുള്ള ഒരു കുടവയറനാക്കി മാറ്റി. എന്നാലും ഓണം, ഓണം തന്നെ. വള്ളംകളിയും, അത്തപ്പൂമത്സരങ്ങളും, പുലികളിയും, ഘോഷയാത്രയും ഒക്കെയായി, ജാതിമതഭേദങ്ങളെല്ലാം മറന്ന് ‘നാമെല്ലാം ഒന്നാണ്’ എന്ന അനന്തമായ സത്യം ഓര്‍മപ്പെടുത്തുന്ന ഒത്തുചേരലിന്റെ ഒരുത്സവമായി അതു മാറി. ലോകത്തിന്റെ ഏതു കോണിലാണെങ്കിലും, മലയാളി ഏറ്റവും ചെറിയ രീതിയിലെങ്കിലും ഓണം ആഘോഷിച്ചിരിക്കും.

ഒരുപാടു പൂപ്പാട്ടുകളും കളിപ്പാട്ടുകളും മലയാളത്തിന്‌ സമ്മാനിച്ചതാണ്‌ ഓണം. കാലാകാലങ്ങളായി പാടിപ്പതിഞ്ഞ ഇവ വാമൊഴിയായി തലമുറകൾ പങ്കിട്ടെടുക്കുകയാണ്‌. ഓണത്തിന്റെ ഐതിഹ്യം വിളിച്ചോതുന്ന ഒരു ഓണപ്പാട്ട്.

“മാവേലി നാട് വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാർക്കുമൊട്ടില്ല താനും
ആധികൾ വ്യാധികളൊന്നുമില്ല
ബാലമരണങ്ങൾ കേൾക്കാനില്ല.
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളി വചനം
കള്ളപ്പറയും ചെറു നാഴിയും,
കള്ളത്തരങ്ങൾ മറ്റൊന്നുമില്ല.”

ഏവർക്കും ഓണാശംസകൾ

അഖിൽ പുതുശ്ശേരി

1995 ഏപ്രിൽ 15-ന് ആലപ്പുഴ ജില്ലയിൽ ചെട്ടികുളങ്ങരയിൽ പുതുശ്ശേരിയെന്ന ഗ്രാമത്തിൽ ജനിച്ചു .
അച്ഛൻ മുരളീധരൻ നായർ ,അമ്മ കൃഷ്ണകുമാരി . ബാല്യകാലം മുതൽ കവിത എഴുതിത്തുടങ്ങി ,മൂന്ന് കാവ്യസമാഹാരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട് . എഴുത്തച്ഛൻ ഫെല്ലോഷിപ്പ് പുരസ്‌കാരത്തിനർഹനായി . 2010-ൽ isro യിൽ പ്രബന്ധം അവതരിപ്പിക്കാൻ വിദ്യാലയത്തെ പ്രതിനിധീകരിച്ചു . നിലവിൽ CSIR-NIIST ൽ അസിസ്റ്റന്റ് ആയി സേവനമനുഷ്ടിക്കുന്നു. കലാകൗമുദി, എഴുത്തോല, മലയാള മനോരമ, കവിമൊഴി, സമകാലിക മലയാളം തുടങ്ങിയ സമകാലികങ്ങളിൽ കവിത പ്രസിദ്ധീകരിച്ചു ഓൾ ഇന്ത്യ റേഡിയോയുടെ റേഡിയോ മലയാളത്തിൽ കവിത അവതരിപ്പിച്ചിട്ടുണ്ട്.

പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ:

നിഴൽക്കുപ്പായം
മാമ്പൂവ്
സ്വപ്നംകൊണ്ടെഴുതിയ ഒസ്യത്ത്‌

ജേക്കബ് പ്ലാക്കൻ

മധുവല്ല ഞാൻ മധു പകരുവാൻ
മധുമൊഴിയുമില്ലെന്നിൽ ഇമ്പമേകി നിങ്ങളെ രസിപ്പിക്കുവാൻ …
ഈണമുള്ളൊരു പാട്ടുമല്ലാ ഈറ തണ്ടിലെഴുകും കാറ്റിന്റെ രാഗവുമല്ലെൻ ജീവിതം …!

പാറ്റുന്ന കാറ്റിൽ പറക്കുന്ന പതിരായിരുന്നു ഞാൻ
മുറ്റും വേദനയോടെ മുറം വിട്ടൊഴിഞ്ഞൊരു കേവലം പതിര് …
വിധുവേകിയവിധിയാൽ
പതിരായി പിറന്നു .പിന്നെ …
വഴികളിൽ വഴികാണാതെ വഴിതേടിയലഞ്ഞൂ …!

നോക്കുകളിൽ കുന്തമുനചാർത്തി കുത്തുന്നുവെൻ കരളിൽ …!
നിങ്ങൾ ….വാക്കുകളിൽ വെറുപ്പിന്റെ വിഷപ്പല്ലാഴ്ത്തി കൊത്തുന്നുവെന്നെ തെരുവിൽ …!

അരവയർ നിറക്കാൻ വഴിയില്ലാതെ അരയാൽ തണലത്തിരുന്നു …
ആശകളെല്ലാം വെറും പശിമാത്രമായിരുന്നു …
ബോധി വൃക്ഷമോതും ബോധോദയങ്ങളെല്ലാംമെനിക്ക് വെറും വിശപ്പിന്റെ അപ്പങ്ങളയിരുന്നു …!
ഊട്ടുപുരകളിൽ …നക്ഷത്ര കലവറകളിൽ വിരുന്നുണ്ട് തിമർത്തവർ ഊണിന്റെയാലസ്യം തീർക്കാൻ
ശ്ലോകങ്ങളുമായി
ആൽത്തറതണലത്തു വന്നു …!
ആട്ടിയോടിച്ചുവിശപ്പറിയാത്തവരെന്നെ ആഢ്യത്വത്തിന്റെ ചാട്ടവാർ വീശി …!

അന്നാബോധിവൃക്ഷവും ബോധരഹിതമായി ആരെയോ തണലൂട്ടി സ്തംഭിച്ചു നിന്നു …!അന്നുംമാ മരചില്ലകൾ വീണ്ടും വരരുചിക്കെന്നപോൽ “മാം വിധി “മന്ത്രം ചൊല്ലി …!

വിശപ്പകറ്റാൻ അപ്പമില്ലാത്തവൻ..
ശിശിരത്തെ ശരീരത്തിൽ പോറ്റിയവൻ …!
തലചായിക്കുവാനൊരു കൂരയില്ലാത്തവൻ ..അന്നവൻ..
അലമാരയിൽ നിന്നൊരു അപ്പം മോഷ്ടിച്ചുവെത്രെ …!

പട്ടിണിയില്ലാത്തൊരു നാട്ടിൽ പട്ടിണി കിടന്നീ നാട്ടുകൂട്ടത്തെ നാണം കെടുത്തിപോലും …!

കാട്ടുതീ പോലെ പരന്നാ നാട്ടിലെ പട്ടാപകലിലെ കവർച്ച …!
നാട്ടുക്കൂട്ടം കൂടി കെട്ടി യെന്നെ
തെരുവിലൊരു മുള്ളുവേങ്ങയിൽ തന്നെ …!
വിശപ്പിന്റെ പ്രേതരൂപമായെന്റെ എല്ലുകൊണ്ടു മുള്ളുംനൊന്തു കരഞ്ഞു …!

പട്ടിണി മാറ്റാനെന്തുവഴിയെന്നവർ ഉണ്ടുമുറുക്കി തുപ്പി തല പുകച്ചു തപ്പുമ്പോൾ …!
പേ പട്ടിയെപോലൊരുവനലറി
“പട്ടിണിക്കാരനെ കൊന്നുകളയുക പിന്നെയാരും പട്ടിണികിടന്നു നമ്മളെ നാണം കെടുത്തില്ലല്ലോ …!”
തൽക്ഷണമൊരു മൂളലാലൊരു വിരൽ നീണ്ടു യെന്റെ നേർക്കതു നാട്ടുപ്രമാണിയുടേതായിരുന്നു ..!
ബോധം നശിച്ചൊരു ബോധിവൃഷമകലെ തീ പന്തമായി കത്തി…ആരെയോ തണലൂട്ടി ചിരിക്കുന്നു …!

വേങ്ങമരമൊരു പട്ടിണിക്കാരുടെ കഴുമരമാകതിരിക്കാൻ ഭൂമിദേവിയോടിന്നും പ്രാർത്ഥിക്കുന്നു ….!

ജേക്കബ് പ്ലാക്കൻ

മുന്നോറോളം കവിതകളുടെ രചയിതാവ്. രണ്ട് നാടകങ്ങളുടെ രചനയും സംവിധാനവും നിർവ്വഹിച്ച അതുല്യ പ്രതിഭ. ദീപിക ദിനപത്രത്തിൻ്റെ മുൻ സർക്കുലേഷൻ മാനേജർ. ഇപ്പോൾ നോർത്തേൻ അയർലെൻ്റിൽ ലണ്ടൻ ഡെറിയിൽ താമസിക്കുന്നു. കോട്ടയം ജില്ലയിൽ ആർപ്പൂക്കര പ്ലാക്കിൽ കുടുംബാംഗമാണ്.

Phone # 00447757683814

ഡോ. ഐഷ വി

വൃത്താകൃതിയിലുള്ള മനോഹരമായ ജാലകത്തിന്റെ പോളിഷ് ചെയ്ത ആരക്കാലുകളിൽ തടവി കൊണ്ട് അയാൾ പറഞ്ഞു: ” വീടു പണിതപ്പോൾ ചിലവു കുറയ്ക്കാനായി പഴയതു പലതും പുനരുപയോഗിച്ചു. ഇതൊരു കാളവണ്ടി ചക്രമാണ്.” അപ്പോഴാണ് അതിഥിയും അത് ശ്രദ്ധിച്ചത്. എത്രയോ ഘാതങ്ങൾ ഉരുണ്ടു താണ്ടിയ ചക്രമാണിത്. കാലം കടന്നുപോയപ്പോൾ സാമാന്യം നല്ലൊരു വീടിന്റെ മനോഹരമായ ജാലകമായി മാറാൻ അതിന് ഭാഗ്യം ലഭിച്ചിരിക്കുന്നു. ഇനി ഉരുണ്ടു തേയേണ്ട ഇരുമ്പു പട്ട ബലപ്പെടുത്തേണ്ട . അവസാന കാലത്ത് ഇത്തിരി വിശ്രമം.

ഏതോ പറമ്പിലെ മര ഉരുപ്പടി , ഏതോ മരപ്പണിക്കാരന്റെ കരവിരുതിൽ വൃത്താകൃതിയിൽ കൊത്തിയെടുത്ത് ആരക്കാലുകൾ വച്ചുപിടിപ്പിച്ച് അച്ചു ദണ്ഡ് വച്ച് ഗ്രീസിട്ട് വണ്ടിയുടെ എല്ലാ ഭാരവും താങ്ങുന്ന ചക്രമായൊരു രൂപാന്തരം . കൊല്ലന്റെ ആലയിൽ ഉരുക്കിയെടുത്ത ഇരുമ്പ് പട്ട കൂടിയായപ്പോൾ ബലം കൂടി. ഇനി ഏത് ദൂരവും ഭയമില്ലാതെ പിന്നിടാം. സാധനങ്ങൾ കയറ്റാനുള്ള ചട്ടക്കൂടോ ആളുകൾക്കിരിയ്ക്കാനുള്ള “റ” ആകൃതിയിലുള്ള പനമ്പ് മേൽ കൂരയോ വണ്ടിയിലുണ്ടാകും. വണ്ടിയുടെ തണ്ടിൽ ചാട്ടവാറുമായി വണ്ടിക്കാരനും ഭാരം വലിക്കാൻ രണ്ട് കാളകളും . അതിഥിയുടെ ഓർമ്മകൾ പിന്നോട്ടു പോയി. ആതിഥേയൻ അടുത്ത അതിഥിയെ സ്വീകരിക്കാൻ മുന്നോട്ടും.

തന്റെ ഗ്രാമത്തിൽ രണ്ടോ മൂന്നോ ഭവനങ്ങളിൽ മാത്രമേ 1970-80 കളിൽ കാളവണ്ടികൾ ഉണ്ടായിരുന്നുള്ളൂ. പിൽക്കാലത്തെ മാരുതി കാറിന്റേയോ മിനിലോറിയുടേയോ ഉപയോഗമായിരുന്നു കാളവണ്ടികൾക്ക്. റോഡുള്ളിടത്തൊക്കെ സാധനങ്ങൾ കയറ്റാനും ഇറക്കാനും പറമ്പുകളിൽ വിളവെടുത്ത തേങ്ങ, മാങ്ങ, നെല്ല്, വാഴ ക്കുലകൾ, തടികൾ എന്നിവ എത്തിക്കേണ്ടിടത്ത് എത്തിക്കാനും കയറ്റാനും ഇറക്കാനും കാളവണ്ടി തന്നെ ആശ്രയം. രാത്രി യാത്രയിൽ ഒരു റാന്തലും വണ്ടിയിൽ തൂങ്ങിക്കിടക്കും. അതിഥിയുടെ അച്ഛൻ ട്രാൻസ്ഫറായി വന്നപ്പോൾ പരവൂർ റെയിൽവേ സ്റ്റേഷനിൽ എത്തിച്ച തയ്യൽ മെഷീൻ, കട്ടിൽ, മേശ എന്നിവ വീട്ടിലെത്തിച്ചത് തെക്കേ പൊയ്കയിൽ ധർമ്മൻ എന്നയാളുടെ കാളവണ്ടിയിലാണ്.

ഒരു വീട്ടുകാരെ അവർ കാളവണ്ടി ഒഴിവാക്കിയ കാലത്തും വണ്ടിക്കാർ എന്ന് വിളിച്ച് പോന്നു. എവിടെ നിന്നെങ്കിലും കുറച്ച് വൈക്കോലും തീറ്റയും വെള്ളവും കിട്ടിയാൽ കാളകൾ ഊർജ്ജ്വസ്വലരാകും. ഇന്ന് ഗ്രാമത്തിലെ കാളവണ്ടികൾ അപ്രത്യക്ഷമായിട്ട് കാലമേറെയായി. ചക്രത്തിന് ഇങ്ങനെയൊരു പുനരുപയോഗം നല്ലതു തന്നെ. ആതിഥേയന്റെ വീട്ടിലെ കലാവിരുതു കണ്ടിറങ്ങുമ്പോൾ അതിഥിയങ്ങനെ ചിന്തിച്ചു.

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

ഡോ. ഐഷ വി

വീട് വൃത്തിയാക്കുന്നതിനിടയിലും മറ്റു ജോലികൾക്കിടയിലും രഘുപതി അവരുടെ കുടുംബ ചരിത്രം പറഞ്ഞു കൊണ്ടേയിരുന്നു.

തിരുവനന്തപുരം ജില്ലയിലെ പാറശാലയിൽ അവർണ്ണ സമുദായത്തിൽ പെട്ടൊരാൾ സവർണ്ണ സമുദായത്തിൽപ്പെട്ട ഒരു കുടുംബത്തിന്റെ 2 ഏക്കർ സ്വത്ത് പണയമായി വാങ്ങി. അതിൽ കൃഷി ചെയ്തു . ആ പറമ്പിൽ ഒരു വീടു വച്ചു. ഭാര്യയുമൊത്ത് അവിടെ താമസമാക്കി. കൃഷി ചെയ്യുന്നുണ്ടെങ്കിലും കുലത്തൊഴിലായ ക്ഷുരക വൃത്തി തുടർന്നു. അതിനാൽ കിട്ടുന്ന കാശ് സ്വരൂപിച്ച് വസ്തുവിന്റെ വില സവർണ്ണർക്ക് കൊടുത്തു. കൊടുത്ത കാശിന്റെ രേഖകളും സൂക്ഷിച്ചു. കുറച്ചു നാൾ കഴിഞ്ഞപ്പോൾ സവർണ്ണൻ അവർണ്ണനെതിരെ കേസു കൊടുത്തു. വസ്തു തിരികെ ലഭിക്കണമെന്നായിരുന്നു ആവശ്യം. കാശു കൊടുത്തതിന്റെ രേഖകൾ ഉണ്ടായിരുന്നതിനാൽ കേസിൽ അന്തിമ വിജയം അവർണ്ണനായിരുന്നു.

കാലം കടന്നുപോയി. അവർണ്ണനും ഭാര്യയ്ക്കും കുട്ടികളിലായിരുന്നു. അയാൾ അയാളുടെ സഹോദരീ പുത്രൻ നാരായണനേയും അയാളുടെ ഭാര്യ അവരുടെ സഹോദരീ പുത്രിയേയും ദത്തെടുത്തു. രണ്ടു കുട്ടികളും ആ വീട്ടിൽ താമസിച്ച് സ്കൂളിൽ പോയി. പ്രായപൂർത്തിയായപ്പോൾ രണ്ടു കുട്ടികളേയും തമ്മിൽ വിവാഹം കഴിപ്പിച്ചു. തന്റെ രണ്ടേക്കർ സ്ഥലം അയാൾ നാരായണന്റെ പേരിൽ എഴുതി കൊടുത്തു. നാരായണൻ അതിൽ കൃഷി ചെയ്തു. പറമ്പിന്റെ അതിരിൽ പനകൾ തലയുയർത്തി നിന്നു . പറമ്പിൽ മരച്ചീനി കൃഷിയായിരുന്നു കൂടുതൽ. അവരുടെ വിശപ്പടക്കാനുള്ള പനം നുങ്ക്, പനംചക്കര , പനംകള്ള്, കപ്പ എന്നിവ ആ പറമ്പിൽ നിന്നും ലഭിച്ചു.

നാരായണനും ഭാര്യയ്ക്കും അഞ്ചാറ് മക്കൾ പിറന്നു കഴിഞ്ഞപ്പോഴാണ് നാരായണന് സാമ്പത്തിക ഞെരുക്കം അനുഭവപ്പെട്ടു തുടങ്ങിയത്. തന്റെ അമ്മാവൻ ക്ഷുരകപ്പണി നിർത്താതിരുന്നതു കൊണ്ട് കൈയ്യിൽ കാശുണ്ടായിരുന്നു. എന്നാൽ നാരായണൻ ആ പണി ചെയ്യില്ല എന്ന് ദൃഢ പ്രതിജ്ഞയെടുത്തിരുന്നു. അതിനൊരു കാരണമുണ്ട്. പത്തൊൻപതാം നൂറ്റാണ്ടിൽ നാരയണന്റെ ഒരു ബന്ധു സവർണ്ണരിൽ നിന്നും കുറച്ച് ധനം കടമായി വാങ്ങി. നാളുകൾ ഏറെ കഴിഞ്ഞിട്ടും അവർക്കത് വീട്ടാൻ കഴിഞ്ഞില്ല. അവരുടെ പ്രായപൂർത്തിയാകാത്ത മകനെ സവർണ്ണർ കടംകൊടുത്ത ധനത്തിന് പകരമായി കൊണ്ടുപോയി. വീണ്ടും കുറേക്കാലം കഴിഞ്ഞു. ആ കുട്ടിയുടെ അമ്മ ചന്തയിൽ പോയിട്ട് വരുന്ന വഴി കണ്ട കാഴ്ച ഹൃദയ ഭേദകമായിരുന്നു. വയലിൽ കലപ്പ വച്ച് ഉഴുതുകൊണ്ടിരിയ്ക്കുന്നതിൽ കലപ്പയുടെ ഒരു തണ്ടിന്റെയറ്റത്ത് തന്റെ മകനും മറ്റേ തണ്ടിൽ കാളയും. കാളയും കുട്ടിയും കലപ്പ വലിയ്ക്കുന്നത് ഉഴപ്പിയാൽ ഉഴുന്നവന്റെ കൈയിലിരിയ്ക്കുന്ന ചാട്ടവാർ കാളയുടേയും കുട്ടിയുടെയും ദേഹത്ത് മാറി മാറി പതിയ്ക്കും. ഈ കാഴ്ച കണ്ട അമ്മ മോഹാലസ്യപ്പെട്ടു വീണു. പിന്നീടെപ്പോഴോ ബോധം വന്നപ്പോൾ അവർ വീട്ടിലാണ്. ആരൊക്കെയോ കൂടി അവരെ വീട്ടിലെത്തിച്ചിരുന്നു. അവർ വിവരം വീട്ടിൽ പറഞ്ഞു. അവരുടെ ആൾക്കാർ ഒത്തുകൂടി സവർണ്ണരുടെ വീട്ടിൽ കുട്ടിയെ തിരികെ ചോദിയ്ക്കാനായി പോയി. എന്നാൽ അവർക്ക് കുട്ടിയെ തിരികെ കിട്ടിയില്ലെന്ന് മാത്രമല്ല, ഒന്ന് കാണാൻ കൂടി കിട്ടിയില്ല. വീണ്ടും കുറച്ച് ദിവസങ്ങൾ കൂടി കഴിഞ്ഞപ്പോൾ വയലിൽ കുഴിച്ചിട്ട നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തി.

തലമുറകൾ കൈമാറി കേട്ടറിഞ്ഞ ബന്ധുവീട്ടിലെ ഈ സംഭവമാണ് മറ്റുള്ളവർക്കു വേണ്ടി താൻ പണി ചെയ്യില്ല എന്ന് നാരായണൻ ദൃഢപ്രതിജ്ഞയെടുക്കാനുണ്ടായ കാരണം. അതിനാൽ നാരായണൻ കുലത്തൊഴിൽ പഠിച്ചതുമില്ല. ചെയ്തതുമില്ല. രഘുപതിയുടെ ഭാഷയിൽ പറഞ്ഞാൽ മരച്ചീനിക്കുഴി വെട്ടിയും നട്ടും വെയിലു കൊണ്ടും മക്കളെ വളർത്താൻ അച്ഛൻ വളരെ കഷ്ടപ്പെട്ടു. കൃഷിപ്പണിയിൽ നിന്നു മാത്രമുള്ള വരുമാനവുമായി നാരായണനും ഭാര്യയും മക്കളും വളർത്തച്ഛനോടും വളർത്തമ്മയോടുമൊപ്പം ആ വീട്ടിൽ കൂട്ടുകുടുംബമായി കഴിഞ്ഞു.

ഓല മേഞ്ഞ ആ വീട്ടിൽ ചാണകം മെഴുകിയിരുന്ന രീതിയെ കുറിച്ചും ഒരു നാൾ രഘുപതി പറഞ്ഞു. രഘുപതി സ്കൂളിൽ പഠിപ്പിക്കുന്ന കവിതകൾ നന്നായി ചൊല്ലുമായിരുന്നു. അതിനാൽ അധ്യാപകർക്കും സഹപാഠികൾക്കും രഘുപതിയെ വളരെ ഇഷ്ടമായിരുന്നു. രഘുപതി എല്ലാ പവൃത്തിദിവസവും സ്കൂളിലെത്തുന്ന പ്രകൃതക്കാരിയായിരുന്നു. ഒരിക്കൽ രഘുപതിയ്ക്ക് കടുത്ത പനി ബാധിച്ച് സ്കൂളിൽ പോകാനാകാതെ വന്നു. രഘുപതിയെ കാണാനെത്തിയ കൂട്ടുകാരിയോട് പനി ബാധിച്ചതിനാൽ സ്കൂളിൽ പോകാനാകാത്തതിന്റെ വിഷമം പങ്കു വച്ചു. കൂട്ടുകാരി ഈ വിവരം സ്കൂളിൽ അധ്യാപകരെ അറിയിച്ചു. അധ്യാപകരും വിദ്യാർത്ഥികളും കൂടി അന്നു വൈകുന്നേരം രഘുപതിയെ കാണാനെത്തി. രഘുപതിയുടെ അക്കമാർ പനം ചക്കര കാപ്പിയുണ്ടാക്കി അവർക്ക് നൽകി. അസാധാരണമായ നിറത്തിലുള്ള ചാണകം മെഴുകിയ തറ നോക്കി അവർ അതിന്റെ രഹസ്യമന്വേഷിച്ചു. ഓരോ ദിവസവുമുള്ള ചെമ്പരത്തിപൂവ് പറിച്ച് വെള്ളത്തിലിട്ട് വച്ചിരിയ്ക്കും. തറയിൽ ചാണകം മെഴുകുന്ന ദിവസം ഈ ചെമ്പരത്തി പൂക്കൾ ഞരടി വെള്ളത്തിൽ ചേർത്ത് അരിച്ചെടുത്ത വെള്ളത്തിൽ ചാണകം കലക്കി മെഴുകുമ്പോഴാണ് തറയ്ക്ക് ഇത്രയും നല്ല നിറം വരുന്നത് എന്ന വിവരം രഘുപതി അവർക്ക് പറഞ്ഞു കൊടുത്തു.

രഘുപതിയുടെ കാവ്യ മാധുരി ഉപദേശ രൂപേണ കേൾക്കാൻ ഒരിക്കൽ എനിയ്ക്കിട വന്നു.
ഞാനും ഭർത്താവും ചെങ്ങന്നൂർ എഞ്ചിനീയറിംഗ് കോളേജിൽ ജോലി ചെയ്യുന്ന കാലം. കൈ കുഞ്ഞായ മകനെ രഘുപതിയെ ഏൽപ്പിച്ച് പിറ്റേന്ന് ക്ലാസ്സെടുക്കേണ്ട പാഠഭാഗങ്ങൾ ഞങ്ങൾ രണ്ടു പേരും നോക്കുകയായിരുന്നു. പകലും രാത്രിയും കുഞ്ഞിനെ നോക്കി അവർ മടുത്തു കാണണം. മകനെ തൊട്ടിലിലിട്ട് ആട്ടിക്കൊണ്ട് അവർ നാലാം ക്ലാസ്സിൽ പഠിച്ച പാഠഭാഗം ഈണത്തിൽ പാടി.
‘ അമ്മതൻ വാത്സല്യ ദുഗ്ദം നുകർന്നാലേ പൈതങ്ങൾ പൂർണ്ണ വളർച്ച നേടൂ!”

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

ജേക്കബ് പ്ലാക്കൻ

രക്തഗന്ധം വമിക്കുന്ന രാജാങ്കണത്തിൽ
രാക്ഷസരാജൻ രാവണൻ ചിരിക്കുന്നു …!
ചന്ദ്രഹാസ ഖഡ്ഗമൂർച്ചയാലിന്നും ധർമ്മം
ചിറകറ്റു പിടയുന്നു ജഡായുവായി …!

പുണ്യം നശിച്ചു നാശത്തിൽ മുങ്ങുമ്പോഴും പണ്ടത്തെ ശാപമോർത്തിന്നും ഞെട്ടുന്നു ലങ്കേശ്വരൻ …!
പതിവൃതയെ വേൾക്കുവാൻ വെമ്പുമ്പോഴും
പതിവ്രതലംഘനമോർത്തയാൾ ഭയക്കുന്നു …!

നിറതിങ്കൾ പെറ്റ നിഴലൊക്കെ നിലാപ്പാലിൽ
നീന്തി രസിച്ചിടുമ്പോൾ…!
നിന്മിഴി പുഴയിൽ നിന്നൊരു കുടം കണ്ണീരുമായി ഇളംകാറ്റിതുവഴി വന്നു ….!
ദുരെ ദൂരെ മേട്ടിൽ നിന്നാരോ നെഞ്ചുരുകി പാടും വിരഹമാം മോരീണത്തിൻതേങ്ങലതിൽ പതിഞ്ഞിരുന്നു ….!
ഇമവെട്ടാതെ നീയോ ശോകമൂകയായി യേതോ അശോക നിലാ നിഴലിലും മിരുന്നിരുന്നു …

അഴിഞ്ഞുലഞ്ഞസാരിയും അലസമിളകിപടർന്ന വാര്‍കുഴലും
വ്യസനം വിന്യസിച്ച മുഖവും വിചലിതഭാവഗാത്രിയുമാം നീ … …നീയെൻ …വിരഹാഗ്നിയിലുരുകുന്ന സീത …!

വാ പിളർന്നെത്തും ദശമുഖ രാക്ഷസൻ….രാവണൻ തൊട്ടാശുദ്ധമാക്കിയ നിൻ താപസ ഗാത്രം യോഗാഗ്നിയില്‍ ഹോമിച്ച തപസ്വിനി നീ …
ദേവി .. …വേദവതി ….!

നിൻ ശാപമോർത്തിന്നും വിഷണ്ണനെങ്കിലുമാ
രാത്രിചരന്‍ കഞ്ജബാണശരമേറ്റു പുളയുന്നു …സുവർണ്ണസൗധങ്ങളിൽ …!
ശ്രീരാമ ശരമേറ്റു ശിരസ്സറ്റു വീഴുമൊരാസുരയുഗ സമാപ്തിക്കായി …!നീ വീണ്ടും പുനർജനിച്ചൂ …!
ദശപുഷ്പങ്ങളാൽ കർക്കിടക
ദുർഘടംതാണ്ടുന്നൂ
ഞങ്ങളിന്നും ….
ദേവീ നിന്നയനം ജപിച്ചീന്നും ദക്ഷിണായനം നമിക്കുന്നു ….! ദുരാത്മാദശമുഖരിൽ
നിന്നുമിന്നും നിൻ തപശ്ശക്തിയാൽ ഭൂമിദേവിയെ രക്ഷിക്കുവാൻ …!നീ വീണ്ടും പിറക്കണേ …!ദേവി … ശ്രീരാമലക്ഷ്മിയായി … വീണ്ടും…

ജേക്കബ് പ്ലാക്കൻ

മുന്നോറോളം കവിതകളുടെ രചയിതാവ്. രണ്ട് നാടകങ്ങളുടെ രചനയും സംവിധാനവും നിർവ്വഹിച്ച അതുല്യ പ്രതിഭ. ദീപിക ദിനപത്രത്തിൻ്റെ മുൻ സർക്കുലേഷൻ മാനേജർ. ഇപ്പോൾ നോർത്തേൻ അയർലെൻ്റിൽ ലണ്ടൻ ഡെറിയിൽ താമസിക്കുന്നു. കോട്ടയം ജില്ലയിൽ ആർപ്പൂക്കര പ്ലാക്കിൽ കുടുംബാംഗമാണ്.

Phone # 00447757683814

ഡോ. ഐഷ വി

രഘുപതി വാതോരാതെ വർത്തമാനം പറയും. എല്ലായിപ്പോഴും രഘുപതി പറയുന്നതെല്ലാം കേട്ടിരിക്കാൻ എന്റെ സമയ പരിമിതി എന്നെ അനുവദിച്ചില്ല. അതിനാൽ എന്റെ തലച്ചോറ് കണ്ടുപിടിച്ച ഒരു വിചിത്രമായ വഴിയുണ്ട്. എന്റെ തലച്ചോറിന്റെ വലതു ഭാഗം രഘുപതിയ്ക്ക് വിട്ടു കൊടുക്കുക. രഘുപതിയ്ക്ക് അവർ പറയുന്നതൊക്കെ കേൾക്കാൻ നല്ലൊരു കേൾവിക്കാരിയെ കിട്ടിയാൽ മതി. എന്റെ ഇടതു തലച്ചോർ അപ്പോൾ മറ്റെന്തെങ്കിലും ബൗദ്ധിക വ്യാപാരങ്ങളിലായിരിയ്ക്കും. എന്നാൽ രഘുപതി പറയുന്നതിൽ കാതലായ എന്തെങ്കിലും അംശമുണ്ടെങ്കിൽ അതെന്റെ തലച്ചോർ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്യും.

അങ്ങനെ രാഘുപതി പറഞ്ഞ കാര്യങ്ങളിലൊന്ന് അവരുടെ വീട്ടിൽ പനങ്കള്ള് ചെത്തിയെടുത്ത് ഉപയോഗിക്കുന്ന കാര്യമായിരുന്നു. പനങ്കള്ള് കാച്ചിയെടുത്ത് അതിന്റെ തെളി പുതിയ മൺകലങ്ങളിലാക്കി വായ മൂടിക്കെട്ടി തട്ടിൻപുറത്തിട്ടേയ്ക്കും. അഞ്ചാറ് മാസം കഴിഞ്ഞു പരിശോധിക്കുമ്പോൾ ഇളം തവിട്ടു നിറം കലർന്ന പനo കൽക്കണ്ടം തയ്യാർ. തെളി മാറ്റിയ പനങ്കള്ളിന്റെ ബാക്കി മട്ടി സഹിതം വലിയ ഉരുളിയിൽ കാച്ചി വറ്റിച്ച് മുറ്റത്തു കുഴിച്ച് അർദ്ധാകൃതി വരുത്തിയ കുഴികളിൽ തേക്കിലകൾ നിരത്തി കാച്ചിയ പാനിയൊഴിച്ച്
തണുക്കുമ്പോൾ നല്ല ആകൃതിയൊത്ത പനംചക്കര അഥവാ കരിപ്പട്ടി തയ്യാർ. ഈ കാച്ചിയ പാനിയിൽ ചുക്ക് ഏലം കുരുമുളക് എന്നിവ ചേർത്താൽ വൈവിധ്യമാർന്ന രുചികളിൽ ഇരുമ്പിന്റെ അംശം കൂടുതൽ കലർന്ന രോഗ പ്രതിരോധ ശേഷി നൽകുന്ന കരുപ്പട്ടി( പനംചക്കര) തയ്യാർ.
( തുടരും.)

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

കാരൂർ സോമൻ

പുസ്തകവും പെണ്ണും അന്യകൈയിലായാൽ തിരിച്ചുകിട്ടാൻ പ്രയാസമെന്നാണ് പ്രമാണം. ബുക്കർ പുരസ്‌ക്കാരം അന്യരുടെ കയ്യിലായതിനാൽ രാഷ്ട്രീയ മറിമായങ്ങൾ നടക്കില്ല. സമൂഹം ഇന്ന് വളരുന്നത് ശാസ്ത്ര സാങ്കേതിക വിജ്ഞാനത്തിന്റെ മടിത്തട്ടിലാണ്. മനുഷ്യരാശിയുടെ പുരോഗമനത്തിനായി ആത്മവിശ്വാസത്തോടെ നിലവിലിരിക്കുന്ന അന്ധവിശ്വാസ–അനീതി-അഴിമതി-അഹന്ത നടക്കുന്ന വ്യവസ്ഥിതിയെ ഉഴുതുമറിക്കുന്നവരാണ് ലോകമെങ്ങുമുള്ള ചിത്ര ശില്പ കലാസാഹിത്യ പ്രതിഭകൾ. അതിലെ ആദ്യ രക്തസാക്ഷിയാണ് ബി.സി. 470-കളിൽ ജീവിച്ചിരുന്ന ഇന്നും നമ്മിൽ ജീവിക്കുന്ന ത്വതചിന്തകളുടെ ആചാര്യനായ സോക്രട്ടീസ്. നിലവിലിരുന്ന ദേവി ദേവന്മാർക്കെതിരെ പ്രതികരിച്ചതിനാണ് അദ്ദേഹത്തെ വിഷം കൊടുത്തു കൊലപ്പെടുത്തിയത്. അന്നത്തെ അന്ധവിശ്വാസങ്ങൾ ഇന്നും ഇന്ത്യയിൽ തുടരുന്നു.

വിശ്വാസങ്ങളെ വിലക്കെടുത്തു ഉൽപാദനം നടത്തുന്നവർക്ക് അതുൾക്കൊള്ളാനാകില്ല. വാർത്തയിൽ കണ്ടത് ഹിന്ദു വികാരം വ്രണപ്പെടുത്തിയതുകൊണ്ട് ബുക്കർ പുരസ്‌ക്കാര ജേതാവായ ഗീതാഞ്ജലി ശ്രീയെ ആഗ്രയിലെ സാംസ്‌ക്കാരിക സംഘടനകളായ രംഗ് ലീല, ആഗ്ര തീയേറ്റർ ക്ലബ് ശ്രീയെ ആദരിക്കുന്നതിൽ നിന്ന് പിന്മാറിയെന്നാണ്. ഇങ്ങനെ കുറെ ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ വർഗ്ഗീയ വാദികൾ വൃണവുമായിട്ടെത്തിയാൽ അതിലെ രസാഭാസങ്ങൾ കണ്ടു രസിക്കാനേ സാധിക്കു. ആഗ്രയിൽ ഞാൻ കുറച്ചുനാളുകളുണ്ടായിരുന്നു. 1978-ൽ ആഗ്ര മലയാളി സമാജം എന്റെ നാടകം അവിടെ അരങ്ങ് തകർത്തിട്ടുണ്ട്. ആഗ്ര സുന്ദരമായ നഗരമാണ് പക്ഷെ സോക്രട്ടീസിന്റെ കാടൻ യുഗത്തിൽ ജീവിക്കുന്നവർ ഇന്നും അവിടെയുണ്ടോ? ഗീതാഞ്ജലിക്കെതിരെ പരാതി കൊടുത്തിരിക്കുന്ന സന്ദീപ് കുമാർ പതക്ക് പറയുന്നത് ശിവനേയും അമ്മ പാർവ്വതിയെക്കുറിച്ചു് ആക്ഷേപകരങ്ങളായ പരാമർശങ്ങൾ ഗീതാഞ്ജലിയുടെ ‘രേത് സമാധി’ എന്ന ഹിന്ദി നോവലിൽ ഉണ്ടെന്നുള്ളതാണ്. അതിൽ ശിവന്റെ തപസ്സ് മുടക്കിയ പാർവ്വതിയും, ചന്ദനതളിരുള്ള തളിരിലകളും പുളകം കൊള്ളുന്ന പാർവ്വതിയുടെ കവിളും കാമതാപമകറ്റാൻ വെമ്പൽ കൊള്ളുന്ന ശിവനുമുണ്ടോ എന്നറിയില്ല.ഇതൊക്കെ കാണുമ്പോൾ തോന്നുക വർഗ്ഗീയത വളരുകയും കാവ്യ സൗന്ദര്യത്തിന്റെ ഇതളുകൾ കൊഴിഞ്ഞു വീഴുന്നതുമാണ്.

മത വർഗ്ഗീയ വാദികൾ അന്ധവിശ്വാങ്ങളിൽ നിന്ന് മുക്തി നേടുന്നതിന് പകരം മത രാഷ്ട്രീയത്തിലൂടെ വിളവെടുപ്പ് നടത്തി ജനജീവിതം നരകതുല്യമാക്കുന്നു.ഇന്നത്തെ സാമൂഹ്യ വ്യവസ്ഥതിയിൽ എഴുത്തുകാർ ശിപായികളായി മാറുന്നു. കുറ്റവാളികളെ പരിരക്ഷിക്കുന്നു. നിയമങ്ങൾ അട്ടിമറിക്കപ്പെടുന്നു. എല്ലാം കണ്ടും കേട്ടും ഉത്ക്കണ്ഠ നിറഞ്ഞ മിഴികളോടെയിരിക്കുന്ന കുറെ മനുഷ്യർ ?

സാമ്പ്രാജ്യത്വത്തിന്റെ അധീനതയിൽ കുരുങ്ങിക്കിടന്ന മനുഷ്യർ ചക്രവർത്തിമാർ ആരാധിക്കുന്ന ദൈവങ്ങളെ ഭയം മൂലം തള്ളി പറഞ്ഞില്ല. കാലത്തിലുറച്ചുപോയ അന്ധവിശ്വാസങ്ങളെ മഹത്തായ ആശയങ്ങളിലൂടെ, വിശ്വാസങ്ങളിലൂടെ വഴിനടത്തിയവരാണ് വികസിത രാജ്യങ്ങളിലെ സർഗ്ഗ പ്രതിഭകൾ.അവർ വിശ്വ സിച്ച ദേവൻ ജീവനുള്ളവനായിരിന്നു. കടങ്കഥകളിലൂടെ കടന്നുവന്ന ദേവനല്ലായിരുന്നു.റോമൻ ചക്രവർത്തി മാർ ഇറക്കുമതി ചെയ്തതു ആരാധിച്ചിരുന്ന എത്രയോ ദേവീദേവന്മാരുടെ ശില്പ ബിംബങ്ങൾ മണ്ണോട് ചേർന്ന് കിടക്കുന്നത് യൂറോപ്പിൽ ഞാൻ കണ്ടിരിക്കുന്നു. അവിടെയെല്ലാം ക്രിസ്തീയ ദേവാലയങ്ങളുയർന്നു. മൂന്നാം നൂറ്റാണ്ടിൽ തുടങ്ങിയ ആ വിശ്വാസം ഇന്ന് അവിശ്വസനീയമാം വിധം ആത്മീയതയും ഭൗതീകതയും തമ്മിലുള്ള പോരാട്ടങ്ങളായി മാറി. ദേവാലയങ്ങൾ കാടുപിടിച്ചു കിടക്കുന്നു.ഇവിടെ ആത്മീയ ജീവിതം ദാരിദ്ര്യമനുഭവിക്കുമ്പോൾ ഇന്ത്യയിലെ മതങ്ങൾ രാഷ്ട്രീയ കൂട്ടുകച്ചവടം നടത്തി ഭയാനകമായ ദുഃഖ ദുരിതങ്ങൾ വിതക്കാൻ ശ്രമിക്കുന്നു. മനസ്സിൽ പെറ്റുപെരുകുന്നത് മതമാണ് ആത്മീയമൂല്യങ്ങളല്ല.

ഭാരതീയ സാഹിത്യ ശാസ്ത്രജ്ഞന്മാർ ബിംബങ്ങളെ അലംങ്കാരങ്ങളാക്കി മനുഷ്യ മനസ്സിന്റെ വികാരങ്ങളെ ഉത്തേജിപ്പിക്കുകയും അത് അനുഭൂതിസാന്ദ്രമായി ആസ്വാദകർക്ക് നൽകുകയും ചെയ്തു. കാലം മാറിയപ്പോൾ ഈ കാവ്യബിംബങ്ങൾ പാശ്ചാത്യ രാജ്യങ്ങളിൽ ഉടഞ്ഞു മണ്ണോട് ചേർന്നുവെങ്കിൽ ഇന്ത്യപോലുള്ള രാജ്യങ്ങളിൽ മത വിശ്വാസങ്ങളെ തൊട്ടുണർത്തി അരക്കിട്ടുറപ്പിക്കുന്നു. ആ വിശ്വാസ വികാരങ്ങളെ ഉത്തേജിപ്പിക്കാൻ രാഷ്ട്രീയക്കാർ മത രാഷ്ട്രീയ കൂട്ടുകച്ചവടം നടത്തുക മാത്രമല്ല കലാ സാഹിത്യത്തെ ഒരു വില്പന ചരക്കാക്കി ഏറ്റെടുത്തുകൊണ്ട് സ്തുതിപാഠകരായ എഴുത്തുകാർക്ക് വാരിക്കോരി കൊടുക്കുന്നു. മത-രാഷ്ട്രീയക്കാർ വിശ്വാസങ്ങളെ ഉല്പാദനശക്തിയായി വികസിപ്പിച്ചെടുത്തു് വിജ്ഞാനത്തെ വികലമാക്കി തെരഞ്ഞെടുപ്പുകളിലും വിജയം കൊയ്യുന്നു. ഈശ്വരനെ തിരിച്ചറിഞ്ഞിട്ടുള്ള യഥാർത്ഥ വിശ്വാസികൾ, ജ്ഞാനികൾ ആരുടേയും പാദങ്ങളിൽ തോട്ടുവണങ്ങാൻ പോകാറില്ല. മനസ്സിനെ പരിശുദ്ധമാക്കുന്നവർക്ക് ‘സർവ്വം ബ്രന്മ’ മെന്ന ആത്മ സംതൃപ്തിയാണുള്ളത്.

സാമൂഹിക ദർശനം എന്തെന്നറിയാത്ത പരമ്പരാഗതമായ വിശ്വാസികളാണ് സാഹിത്യ സൃഷ്ഠികളെ വ്യത്യസ്തങ്ങളായ രീതികളിൽ കാണുന്നത്. ഒരു കഥയോ കവിതയോ നോവലോ അത് സാമുഹിക ജീവിത ത്തിന്റെ യാഥാർഥ്യങ്ങളാണ്. തലച്ചോറുള്ള എഴുത്തുകാരൻ അത് വെളിപ്പെടുത്തുകതന്നെ ചെയ്യും. മതമൗലിക വാദികൾക്ക് അതിലെ മൂല്യങ്ങൾ മനസ്സിലാകില്ല. സാഹിത്യ സൃഷ്ഠികളെ അളന്നുതിട്ടപ്പെടുത്താനറിയാത്ത ഈ കൂട്ടർ സമൂഹത്തിൽ ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കുന്നവരാണ്. പാശ്ചാത്യ രാജ്യങ്ങളിലെ പല രാജാക്ക ന്മാരും എഴുത്തുകാരെ നാട് കടത്തുക മാത്രമല്ല അവരുടെ പുസ്തകങ്ങൾ അഗ്‌നിക്കിരയാക്കിയിട്ടുണ്ട്. ഇന്നവർ പുസ്തകങ്ങളെ ഹൃദയത്തോടെ ചേർത്ത് ജീവിക്കുന്നു. വായനയിൽ അതിസമ്പന്നരായിരിക്കുന്നു. നമ്മളോ കച്ചവട സിനിമകൾ കണ്ട് നിക്ഷിപ്ത താല്പര്യക്കാരായ ടിവി ചാനലുകളെ വളർത്തി ദരിദ്രരായിക്കൊണ്ടിരിക്കുന്നു. ഉള്ളത് പറയുന്നവർ ഇന്ത്യയിൽ ഊരിന് വിരോധികളോ?

ഇന്ത്യയിൽ അന്ധവിശ്വാസികൾ, കപടസദാചാരവാദികൾ, നീതിനിഷേധങ്ങൾ നടത്തുന്നവർ തീക്ഷ്ണ ശരങ്ങളായി മുന്നേറുന്ന കാലമാണ്.മുൻപ് നോവലെഴുത്തുകാരുടെ ബഹളമായിരുന്നെങ്കിൽ ഇന്ന് കവികളുടെ ബഹളം മൂലം ഭാഷാ ദേവിക്ക് ഉണ്ണാനും ഉറങ്ങാനും കൂടി സമയം കിട്ടുന്നില്ല. അതിനിടയിലേക്ക് പൊട്ടി പുറപ്പെട്ടിരിക്കുന്ന ഒരു കൂട്ടരാണ് ദൈവങ്ങളെ വൃണപ്പെടുത്തി നോവൽ എഴുതി എന്ന പരാതി പറയുന്നത്. മനുഷ്യ മനസ്സിൽ ജീവിച്ചിരിക്കുന്ന ദൈവങ്ങളുടെ മേൽനോട്ടവും ഉത്തരവാദിത്വവും വ്യാഖ്യാനങ്ങളും ചില വർഗ്ഗീയ വാദികൾ ഏറ്റെടുത്തിരിക്കുന്നു. സാഹിത്യത്തിന് കനത്ത സംഭാവനകൾ നൽകുന്നവരെയും അസൂയ പൂണ്ട സദാചാരവാദികൾ അടങ്ങാത്ത അമർഷവുമായി സോഷ്യൽ മീഡിയയിൽ വേട്ടയാടുന്നു. ഇവിടെയും അതാണ് കാണുന്നത്. ഇന്റർനാഷണൽ ബുക്കർ പുരസ്‌ക്കാരം നേടിയ ഹിന്ദി നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ ‘ടോംബ് ഓഫ് സാൻഡ്’ ആണ് പുരസ്‌ക്കാരത്തിന് അർഹമായത്. അമേരിക്കൻ വിവർത്തക ഡെയ്‌സി റോക്ക് ആണ് പുസ്തകം ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയത്. ഒരു എഴുത്തുകാരന്റെ എഴുത്തും സ്വാതന്ത്ര്യവും അധികാര കമ്പോളത്തിന്റെ സ്വാതന്ത്ര്യമല്ല. അവർ എന്തെഴുതണമെന്ന് തിരുമാനിക്കുന്നത് മത രാഷ്ട്രീയ വികട നവാദികളുമല്ല. ഉത്തമ സർഗ്ഗധനർ ആരുടെയും അധികാരത്തിൽ കുരുങ്ങികിടക്കുന്നവരുമല്ല. നല്ല സർഗ്ഗപ്രതിഭകൾ താൻ തൊഴുന്ന ഏത് ദൈവമായാലും കള്ളസത്യം സഹിക്കില്ല എന്ന് പറയുന്നവരാണ്. തികച്ചും നിർഭാഗ്യകരമെന്ന് പറയാൻ രാഷ്ട്രിയപണപ്പെട്ടിക്ക് കനമോ, സ്വാധിനമോ ഉണ്ടെങ്കിൽ നോവൽ കാശ് കൊടുത്തു എഴുതിച്ചാലും സാഹിത്യത്തിലെ സിംഹകുട്ടിയാണ്. സാഹിത്യ അക്കാദമി പുരസ്‌ക്കാരം കിട്ടിയാലും ആശ്ചര്യപ്പെടേണ്ടതില്ല. ഗീതാഞ്ജലിക്കെതിരെ പരാതികൾ ഉന്നയിക്കുന്നവർ മനസ്സിലാക്കേണ്ടത് പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള ബുക്കർ പ്രൈസ് എന്നല്ല ഏതുമാകട്ടെ അതൊക്കെ സത്യവും നീതിയും നിലനിർത്തി കൊടുക്കുന്ന പുരസ്‌ക്കാരങ്ങളാണ്. രാഷ്ട്രീയ ഇടപെടലുകളില്ല. കണ്ണിനും മനസ്സിനും കുളിർമ്മ നൽകുന്ന അറിവ് പകരുന്ന രചനകളാണോ എന്നതാണ് പ്രധാനം.എഴുത്തുകാരെന്റെ സർഗ്ഗക്രിയയിൽ കാലഹരണപ്പെട്ട ദൈവങ്ങളെ പറ്റിയും കാലഘട്ടത്തിന്റെ മനോഭാവങ്ങളെപ്പറ്റിയും എഴുതും. അതിനെ അനുഭാവപൂർവ്വം വീക്ഷിക്കാൻ കഴി യാത്തവർ ഒരു ‘ജുഡീഷ്യൽ കമ്മീഷൻ’ വിധിനിർണ്ണയം നടത്താൻ കൊണ്ടുവരിക.  ആ കുട്ടത്തിൽ ഊടുവഴി കളിലൂടെ വന്ന പുരസ്‌ക്കാരങ്ങളും അന്വഷിക്കണം.

അറിവ് അന്വർത്ഥമാകുന്നത് പുതുതലമുറകൾക്ക് ചൈതന്യം പകരുമ്പോഴാണ് . സ്വാർത്ഥരായ പഴയ തലമുറക്കാർക്ക് ആ വിശാലമായ ലക്ഷ്യവുമില്ല അതിനുള്ള വരമൊഴിയെന്ന മാർഗവുമില്ല. അതുണ്ടായപ്പോൾ അവർ അത് സാധിച്ചു . അതുവരെ ഉണ്ടായിരുന്ന വായ്മൊഴിയെന്ന അമൂല്യ ധനം ആ തലമുറയോടെ അസ്തമിക്കുകയായിരുന്നു പതിവ്. ഡോ. ഐഷയുടെ ഓർമ്മച്ചെപ്പ് തുറന്നപ്പോൾ എന്ന അമൂല്യ ഗ്രന്ഥം ഈ കുറവ് നികത്തി.

മുന്നറിവുകളും സ്വന്തം പരീക്ഷണ നിരീക്ഷണ ഫലങ്ങളും ഡോ. കരുക്കളാക്കി കൊണ്ടാണ് വിശദമായും വ്യക്തമായും ലളിതമായും സരസമായും ഈ എഴുത്തുകാരി കരുതിവെച്ചിരുന്ന ഡയറിക്കുറിപ്പെന്ന രൂപരേഖയായി മാറി. ആകർഷണീയമായ ആ ഓർമ്മച്ചെപ്പ് അറിവുകളുടെ രഹസ്യ കലവറയായിരുന്നു. അതു കേവലം രണ്ടു കടലാസിൽ പ്രതിഫലിപ്പിക്കാവുന്ന യജ്ഞം ആയിരുന്നില്ല.

അത് തുറക്കും മുമ്പ് ഐഷ ഡോക്ടറുടെ പരിസരവും പൈതൃകവും ഒന്ന് ചികഞ്ഞു നോക്കുന്നത് നന്നെന്നു കരുതുന്നു.

നാട്ടിക കോളേജ് ഓഫ് അപ്ലൈഡ് സയൻസ് പ്രിൻസിപ്പൽ ബി. ശ്യാം ലാൽ ആണ് ഡോക്ടർ ഐഷയുടെ വലംകൈയായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പ്രിയതമൻ . ആ തണൽ തഴുകിവരുന്ന മന്ദമാരുതനാണ് തന്റെ സഖിയുടെ പിൻബലവും ആന്തരിക ചൈതന്യവും . ഭാര്യയും ഭർത്താവും വിദ്യാധനം കൈകാര്യം ചെയ്യുന്ന ഒരേ തൊഴിലുകാർ. മാത്രമല്ല അനിയത്തി പ്രൊഫ. ഡോ. അനിത വി.യും അക്ഷരക്കുളത്തിൽ തന്നെ നീന്തിക്കുളിക്കുന്ന അരയന്ന പക്ഷികൾ . പ്രകൃതി ഒരുക്കിയ അതിമനോഹരമായ സാഹചര്യങ്ങൾ .

വിദ്യാഭ്യാസ നിലവാരം ഉരച്ചു നോക്കിയാൽ ഡോ. ഐഷ ഉയർന്ന തസ്തികയിലുള്ള ഏത് രാജ്യസേവ നടത്താനും കഴിവുറ്റ വ്യക്തിയാണ്. എങ്കിലും തന്റെ ചിറക്കര ഗ്രാമം ചുറ്റിപ്പറ്റി സേവ ചെയ്യുന്നതിൽ പ്രത്യേക ഔത്സുക്യമുണ്ട്. ഡോ. ഐഷാ വിദ്യാദേവതയുടെ വിവിധ ശാഖകളിൽ അസാമാന്യ പാടവം തെളിയിച്ച വ്യക്തിയാണ്. ഡിഗ്രി നേടിയതിനു ശേഷവും വൈവിദ്ധ്യമാർന്ന അറിവ് നേടുന്നതിൽ ഡോക്ടർ താല്പരയായിരുന്നു. എംസിഎ എടുത്തത് കോഴിക്കോട് റീജിയണൽ എൻജിനീയറിങ് കോളേജിൽ നിന്നാണ്. എം ബി എ എടുത്തത് ഇഗ്നൗവിൽ നിന്ന് . പി എച്ച് ഡി എടുത്തത് കുസാറ്റ് കമ്പ്യൂട്ടർ സയൻസിൽ . മാത്രമോ എൻ എസ് ഐ എമ്മിന്റെ ഹിപ്നോട്ടിക് കൗൺസിലിംഗ് യോഗ ആന്റ് നാച്ചുറോപ്പതി കോഴ്സും ഈക്കൂട്ടത്തിൽ കരസ്ഥമാക്കിക്കഴിഞ്ഞു.

ഇതൊക്കെ നേടിയെങ്കിലും തന്റെ ചിറക്കര ഗ്രാമസേവയാൽ സന്തുഷ്ടയാകുകയായിരുന്നു ഡോ. ഐഷയുടെ മോഹം . വിത്തു ഗുണം പത്തു ഗുണമെന്നാണ് പഴമൊഴി. മതാശുദ്ധിയെന്ന പൈതൃക സ്വത്ത് ഐഷ ഡോക്ടറുടെ ഐശ്വര്യവും കൈത്താങ്ങും. അധ്വാനത്തിൽ കര വിരുതും കൂടി കലർന്നപ്പോൾ ജീവിതവീഥി പ്രകാശപൂരിതമായി ഭവിച്ചു.

പഴമക്കാരിൽ മങ്ങിക്കിടന്ന വിദ്യാഭ്യാസം,മന:ശുദ്ധി, സഹകരണ ശീലം എന്നീ മൂല്യങ്ങൾ പരിരക്ഷിക്കുകയാണ് ഡോ. ഐഷാ വി .യുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ . പഴയതിനെ ദീർഘവീക്ഷണത്തോടെ പഠിച്ചതിനുശേഷമാണ് പുതിയതിനെ ഡോ. സ്വാഗതം ചെയ്തു കാണുന്നത്. സാധാരണക്കാർക്ക് അലഭ്യമായ പാഠങ്ങളാണ് ഡോ. അനുവാചകർക്ക് നൽകി പ്രബുദ്ധരാക്കുന്നത്.

റഫർ അദ്ധ്യായം 11

ഭക്ഷ്യവസ്തുക്കളുടെ കേടുകൂടാതുള്ള സംരക്ഷണക്കാലത്തെപ്പറ്റിയാണ് പറയുന്നത് ശ്രദ്ധിക്കുക.
കുരുമുളക് കേടുകൂടാതെ 25 വർഷം ഇരിക്കും. കൂവക്കിഴങ്ങു പൊടി 10 വർഷവും മഞ്ഞൾപൊടി അഞ്ചുവർഷവും ഇരിക്കുമ്പോൾ പിണംപുളി 10 വർഷം വരെ കേടില്ലാതെ ഇരിക്കും. കൃഷിരീതിയെപ്പറ്റി പറയുകയാണ്, കള പറിച്ചു കഴിഞ്ഞാൽ ചാരം കലക്കിയ വെള്ളം തളിച്ചാൽ ചെടിക്ക് തഴച്ചു വരാൻ കഴിയും. ആൽക്കലിയാണ് ചാരം. അത് നനഞ്ഞാൽ ചൂടിനെ കുറയ്ക്കാൻ കഴിയും.

അദ്ധ്യായം 91ൽ ആമയെപ്പറ്റിയുള്ള കാണാപ്പുറങ്ങൾ കാട്ടുകയാണ് ഡോക്ടർ. കാസർകോഡ് നെല്ലിക്കുന്നിൽ കടലാമ , കൂട്ടംകൂട്ടമായി കരയ്ക്കു വരുന്നത് സുരക്ഷിതമായി മുട്ടയിട്ട് വിരിയിക്കാനാണ്. ആമ മുട്ട വലുതും , തോടില്ലാത്തതും പകരം തോൽ ആവരണമുള്ളതുമാണ്. മുട്ടകൾ കര സംരക്ഷിക്കുമെന്ന ഒരു വിശ്വാസവും സമൂഹത്തിലുണ്ട് .

ആമയ്ക്ക് 500 വർഷം ആയുസ്സുണ്ട്. മാവേലിക്കരയിലും ആമക്കുളങ്ങളുണ്ടായിരുന്നു. ആമക്കുളങ്ങൽ നികത്തി പുതുമണ്ണ് മുകളിൽ ഇട്ട് മണ്ണ് കൃഷിയോഗ്യമാക്കി മാറ്റുന്നു.

അദ്ധ്യായം 91 പഴയ തലമുറ :-

അച്ഛൻറെ പേരിനപ്പുറം ആർക്കും അറിയില്ല .സ്ത്രീകളുടെ പരമ്പര നാമവും അറിയില്ല. താഴ്ന്നവരെ കുറവനെന്നും തേവനും മറ്റുമാണ് വിളി. ദേവി എന്ന നാമം മുന്തിയ ജാതിക്കാർക്കുള്ളതാണ്. പകരം തേവി എന്ന് തീണ്ടവർക്ക് വിളിപ്പേരാക്കാം.

കൃഷിപ്പണിയിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ചാന്നാർ എന്നായിരുന്നു രാജാവ് നൽകിയിരുന്ന വിളിപ്പേര്. പുതിയ തലമുറയ്ക്ക് മഹത്വമുള്ള മാനുഷിക മൂല്യങ്ങൾ കൊടുക്കാൻ വിദ്യാഭ്യാസം നൽകുന്നതാണ് ഒരു വഴി. സ്വയം പര്യാപ്തരായി ജീവിതം നയിക്കാൻ കരുത്തുള്ളവരാക്കുകയാണ് സമുദായ സേവനം .

നിഷ്കളങ്കമായ ഡോക്ടറുടെ സേവനങ്ങൾ ചിറക്കര ഗ്രാമത്തിൽ നിസ്തർക്കം വെളിച്ചം വീശുമെന്ന് ഡോ. ഐഷാ വി .യുടെ ചരിത്രത്തിൽ മുദ്രണം ചെയ്യുവാൻ ‘ ഓർമ്മച്ചെപ്പ് തുറന്നപ്പോൾ’ എന്ന ഒറ്റ ഗ്രന്ഥം മതിയാകും എന്ന് സർവ്വാത്മനാ ഏവരും സമ്മതിക്കും.

ഭാവുകങ്ങൾ നേർന്നുകൊണ്ട്

ആറ്റിങ്ങൽ സി ദിവാകരൻ

രാജു കാഞ്ഞിരങ്ങാട്

ഉടലിനെ
ഉപ്പിലിട്ടിരിക്കുന്നു വെയിൽ
അപ്പാർട്ടുമെൻ്റിലെ
അടച്ചിട്ട വാതിലുകളിൽ
അടവച്ച ചൂടിനെ
ആട്ടിപ്പായ്ക്കുവാൻ കഴിയാതെ
കറങ്ങി വശംകെടുന്നു
എ.സിയും ,ഫാനും

മീനം വരുന്നതേയുള്ളു
ചൂടിൻ്റെ സൂക്ഷ്മത
പട്ടാളക്കാരെപ്പോലെയാണ് !
ഏത് മുക്കിലും മൂലയിലും
അരിച്ചെത്തും

വേനലിൻ്റെ മാസ്മരികസൗന്ദര്യം
എന്നൊക്കെ പറയാറുണ്ടോ?!

എങ്കിൽ,
കത്തിനിൽക്കുന്ന കുന്നും,
ചോർന്നുതീർന്ന ചോലയും
ആലസ്യത്തിൽ അനങ്ങാതെ
ഉറക്കം തൂങ്ങിനിൽക്കുന്നമരങ്ങളും

അതിരാവിലെ ജ്വലിച്ചു നിൽക്കുന്ന
ചുവപ്പൻ കിരണങ്ങളും
വേനൽപൂത്തവാകതൻശിഖരങ്ങളും
ചുവന്ന ചരടുനീർത്തിയ മിഴികളും
വിശപ്പു കത്തും കനലും സൗന്ദര്യ –
മല്ലാതെ മറ്റെന്ത്.

രാജു കാഞ്ഞിരങ്ങാട്

സ്ഥലം :- കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലുള്ള കാഞ്ഞിരങ്ങാട്
അച്ഛൻ :- കല്ല്യാടൻ വീട്ടിൽ കണ്ണൻ നായർ
അമ്മ :- കെല്ലറേത്ത് കാർത്ത്യായനിയമ്മ
ഭാര്യ :- അഴീക്കോടൻ ശോഭന
മക്കൾ:- രസ്ന ,രസിക, രജിഷ
ജോലി: – തളിപ്പറമ്പ ആർട്സ് & സയൻസ് കോളേജ് കാഞ്ഞിരങ്ങാട്
ആനുകാലികങ്ങളിൽ എഴുതാറുണ്ട്
ആകാശവാണിയിൽ കഥ, കവിത അവതരിപ്പിക്കാറുണ്ട്
തുളുനാട് മാസിക പുരസ്കാരം, ചിലങ്കം മാസിക ജനപ്രിയ പുരസ്കാരം, മലയാള രശ്മി മാസിക പുരസ്കാരം,കണ്ണൂർ നർമ്മവേദി പുരസ്കാരം, ചിലങ്ക സാംസ്കാരിക വേദി പുരസ്കാരം, യുവ ആർട്സ് ജില്ലാതല പുരസ്കാരം, പാലക്കാട് സൃഷ്ടികവിതാ പ്രത്യേക ജൂറി പുരസ്കാരം, KCEU കണ്ണൂർ ജില്ലാതല കവിതാ പുരസ്കാരം, വിരൽ മാസിക പുരസ്കാരങ്ങൾ ( 2018, 2019) തിരുവനന്തപുരം (കലാലയ കൂട്ടായ്മ പുരസ്കാരം 20l 8, വാലെന്റൈൻ പുരസ്കാരം 2019, സ്പെഷ്യൽ അവാർഡ് )എന്നിവ ലഭിച്ചിട്ടുണ്ട്
പ്രസിദ്ധീകരിച്ച പുസ്തകൾ:-
1, ആസുരകാലത്തോടു വിലാപം
2 ,കാൾ മാർക്സിന്
3, കണിക്കൊന്ന (ബാലസാഹിത്യം )
4. ഒരു സ്ത്രീയും പറയാത്തത്
എന്നീ കവിതാ സമാഹാരങ്ങൾ ‘ബാനത്തെ വിശേഷങ്ങൾ’എന്ന നോവൽ മലയാള രശ്മി  മാസികയിൽ  ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു.

ഫോൺ :- 9495458138

 

RECENT POSTS
Copyright © . All rights reserved