literature

ഡോ. ഐഷ വി

അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരു ദിവസം പാട്ട് സാർ ക്ലാസ്സിൽ വന്നു. ഉച്ചയൂണിന് സമയമായതു കൊണ്ട് അന്ന് സാറ് പാട്ടൊന്നും പഠിപ്പിച്ചില്ല. സ്കൂളിലെ സംഗീതാധ്യാപികയും പ്രമുഖ കാഥികയുമായിരുന്ന ശ്രീമതി ഇന്ദിരാ വിജയൻ കാറപകടത്തിൽ മരിച്ചതിന് ശേഷമായിരുന്നു പുതിയ പാട്ട് സാർ നിയമിതനായത്. എല്ലാവരും പാട്ട് സാർ എന്ന് പറയുമായിരുന്നതിനാൽ അദ്ദേഹത്തിന്റെ പേര് എനിക്കത്ര സുപരിചിതമല്ല . ചന്ദ്രൻ എന്നാണോ എന്ന് സംശയമുണ്ട്. നമുക്ക് പാട്ട് സാർ എന്ന് തന്നെ വിളിയ്ക്കാം. അദ്ദേഹം ക്ലാസ്സിൽ വന്ന് പാട്ട് പഠിപ്പിച്ചതായി എനിക്ക് ഓർമ്മയില്ല. അന്ന് അദ്ദേഹം ഗന്ധങ്ങളെ കുറിച്ചായിരുന്നു സംസാരിച്ചത്. പ്രത്യേകിച്ച് ഭക്ഷണ പദാർത്ഥങ്ങളുടെ. ഭക്ഷണം കഴിക്കുന്നതിന് മുമ്പ് തന്നെ അതിന്റെ രുചി ഗന്ധം വഴി നിർണ്ണയിക്കാം എന്ന് അദ്ദേഹം പറഞ്ഞപ്പോൾ ഞാനതത്ര വിശ്വസിച്ചില്ല. അത് പറ്റുന്ന കാര്യമല്ല എന്ന് ഞാൻ പറഞ്ഞപ്പോൾ അദ്ദേഹം കറികൾക്ക് കടുക് വറക്കുന്നതിന്റെ സുഗന്ധത്തേയും പഴകിയ ഭക്ഷണത്തിന്റെ ദുർഗന്ധത്തേയുമൊക്കെ കുറിച്ച് സുദീർഘം സംസാരിച്ചു. എന്നിട്ടും എനിയ്ക്കത്ര വിശ്വാസം വന്നില്ല.

എന്നാൽ ഒരു ദിവസം അച്ഛന്റെ അമ്മാവൻ ഞങ്ങളെയും കൂട്ടി ചിറക്കര ത്താഴം ശിവക്ഷേത്രത്തിലെ ഒരു പരിപാടി കാണാൻ പോയി. അവിടെ ഭജന നടത്തുന്നതിന് നേതൃത്വം കൊടുത്തയാളെ കണ്ട് ഞാൻ അതിശയിച്ചു പോയി. അത് ചിറക്കര സ്കൂളിൽ ഞങ്ങളെ പഠിപ്പിക്കുന്ന പാട്ടു സാറായിരുന്നു. അദ്ദേഹം നല്ല ഉച്ചത്തിൽ നന്നായി പാട്ട് പാടാൻ ആരംഭിച്ചു.
” നാഗത്തും മലയിലെ നാഗയക്ഷിയമ്മേ
നാളെയീക്കാവിലെ തുള്ളലാണേ…..” അതങ്ങനെ നീണ്ടപ്പോൾ ആ ക്ഷേത്രത്തിലെ പൂജാരിണി അവിടേയ്ക്കെത്തി. അടിമുടി ജഡപിടിച്ച മുടി അവരുടെ പാദം വരെ നീളമുള്ളതായിരുന്നു. മുടിയവർ ഉച്ചിയിൽ കോൺ ആകൃതിയിൽ കെട്ടിവച്ചു. അവരുടെ മുടിയ്ക്ക് ഒരവിഞ്ഞ ഗന്ധമുണ്ടായിരുന്നോ എന്ന് എനിക്ക് തോന്നി. പാട്ട് സാർ ഗന്ധത്തെ കുറിച്ച് പറഞ്ഞത് ഞാൻ ഓർത്തു. മഴ പെയ്ത് കുതിർന്ന പുതുമണ്ണിന്റെ ഗന്ധവും പൂക്കളുടെ സുഗന്ധവും നേരത്തേ പരിചയമുണ്ടായിരുന്നെങ്കിലും ഭക്ഷണ പദാർത്ഥങ്ങളുടെ ഗന്ധത്തെ തിരിച്ചറിയാൻ ഞാൻ ശ്രമിച്ചു കൊണ്ടേയിരുന്നു. അതിലൊന്ന് പഴകിയ പാചക എണ്ണയുടെ ഗന്ധമായിരുന്നു. ഏതെങ്കിലും തട്ടുകടയുടെ മുന്നിലൂടെയോ ഹോട്ടലിന്റെ മുന്നിലൂടെയോ ബസ് പോകുമ്പോൾ ബസിലിരിക്കുന്ന എനിക്ക് എണ്ണയുടെ പഴക്കം ഗന്ധത്തിലൂടെ തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട്. ആളുകൾ കോഴി വേസ്റ്റ് കൊണ്ട് തള്ളുന്ന മേവറം ഭാഗത്ത് ബസ് എത്തുമ്പോൾ കണ്ണടച്ചിരുന്നാൽപ്പോലും ഗന്ധത്തിൽ നിന്ന് സ്ഥലമറിയാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്. വെള്ളത്തെറ്റി വിടർന്നു നിൽക്കുന്ന മുറ്റത്തെ പ്രഭാത സുഗന്ധം എന്റെ മനം മയക്കിയിരുന്നു. പുഴുങ്ങിയ കപ്പയുടെ ഗന്ധം , ആവി പൊങ്ങുന്ന പുട്ടിന്റെ ഗന്ധത്തിൽ നിന്ന് അത് റേഷനരിയുടെ പുട്ടാണോ അതോ നാടൻ കുത്തരിയുടെ പുട്ടാണോ എന്ന് നമുക്ക് തിരിച്ചറിയാൻ സാധിക്കും. വെന്ത മഞ്ഞളിന്റെ ഗന്ധം, പുഴുങ്ങിയ പയറിന്റെ ഗന്ധം, പുതു വസ്ത്രത്തിന്റെ ഗന്ധം അങ്ങനെ നാസാരന്ധ്രങ്ങൾക്ക് സുഖദായിനിയായവയും അല്ലാത്തവയുമായ ഗന്ധങ്ങളെ സാധനം കാണാതെ തരം തിരിക്കാൻ ഞാൻ പഠിച്ചത് പാട്ട് സാർ തന്ന ആ സൂചനയിൽ നിന്നാണ്.

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

ജോൺ കുറിഞ്ഞിരപ്പള്ളി

വെള്ളിയാഴ്ച വൈകുന്നേരം ജോർജ് കുട്ടി പറഞ്ഞു,”അടുത്തമാസം ക്രിസ്തുമസ്സ് അല്ലെ? നമ്മുക്ക് ആഘോഷിക്കണ്ടേ?അതിനു നമ്മുക്ക് കുറച്ചു വൈൻ ഉണ്ടാക്കണം;”

“അതിനു തനിക്ക് വൈൻ ഉണ്ടാക്കാൻ അറിയാമോ?”.

” നോ പ്രോബ്ലം. ഞാൻ ഇവിടെയുള്ള, എനിക്ക് പരിചയമുള്ള ഒരു ആംഗ്ലോ ഇന്ത്യൻ ഫാമിലിയിൽ നിന്നും അതിൻ്റെ റെസിപി വാങ്ങി വച്ചിട്ടുണ്ട്.”

“അപ്പോൾ മുന്തിരിയോ ?”.

“അതിനു ഒരു പ്രശനവുമില്ല. നമ്മുടെ അവറാച്ചൻ്റെ നല്ലൂർഹള്ളിയിലുള്ള മുന്തിരി തോട്ടത്തിൽ നിന്നും വാങ്ങാം. അവറാച്ചന് ഒരു കോൾഡ് സ്റ്റോറേജ് കടയുണ്ട്. എനിക്കും കക്ഷിയെ പരിചയമുണ്ട്. ഞങ്ങൾ രണ്ടു പേരും കൂടി അവറാച്ചനെ കാണാൻ കടയിൽ ചെന്നു. അവറാച്ചൻ പറഞ്ഞു,”ഇന്നലെ അത് മുഴുവൻ ഒരു പാർട്ടിക്ക് വിറ്റു. ഇന്നലെ തന്നെ അവർ അത് കട്ട് ചെയ്‌തുകൊണ്ടുപോയി. അവർ പറിച്ചുകൊണ്ടുപോയതിൻ്റെ ബാക്കി കാണും. ഒരു പത്തിരുപതു കിലോ എങ്കിലും കാണാതിരിക്കില്ല. വേണമെങ്കിൽ ഫ്രീയായി പറിച്ചെടുത്തോ. കാശ് ഒന്നും തരേണ്ട.”

ആനന്ദലബ്ദിക്കിനിയെന്തുവേണം?

ഞങ്ങൾ ഞായറാഴ്ച കാലത്തെ എഴുന്നേറ്റു. രണ്ട് കാർഡ് ബോർഡ് പെട്ടിയും സംഘടിപ്പിച്ചു ആഘോഷമായി അവറാച്ചൻ്റെ മുന്തിരി തോട്ടത്തിലേക്ക് പോയി. ഞങ്ങൾ ഉദ്ദേശിച്ചതുപോലെ നിസ്സാരമായിരുന്നില്ല മുന്തിരി തോട്ടം. രണ്ടേക്കറിൽ പടർന്നു പന്തലിച്ചു നിൽക്കുന്ന മനോഹരമായ ഒരു തോട്ടം ആയിരുന്നു അത്.

ഒരു അമ്പതു കിലോ എങ്കിലും ഇനിയും പറിച്ചെടുക്കാൻ കഴിയും .

പക്ഷെ ഞങ്ങളുടെ കയ്യിലുള്ള പെട്ടികളിൽ ഒരു പത്തോ പതിനഞ്ചോ കിലോ മുന്തിരി കൊള്ളും. തൽക്കാലം അത് മതി എന്ന് തീരുമാനിച്ചു.

ഞങ്ങൾ കാർഡ് ബോർഡ് ബോക്സ് നിറച്ചു. അതിനിടയിൽ ജോർജ് കുട്ടി മുന്തിരിത്തോട്ടത്തിൽ ജോലിക്കുപോയ തൊഴിലാളികളുടെ പല കഥകളും പറഞ്ഞുകൊണ്ടിരുന്നു. എല്ലാം ബൈബിളിൽനിന്നും പുള്ളിക്കാരന്റെ ഇഷ്ട്ടം പോലെ തർജ്ജമ ചെയ്തതാണ് എന്നുമാത്രം.

ഞങ്ങൾ തിരിച്ചു വീട്ടിൽ എത്തി. മുന്തിരി എല്ലാം നന്നായി കഴുകി ചീത്തയായതെല്ലാം പെറുക്കി കഴുകിയെടുത്തു.

വെള്ളം ഉണങ്ങിക്കഴിഞ്ഞപ്പോൾ ജോർജ് കുട്ടി റെസിപ്പിയുമായി വന്നു. രണ്ടു വലിയ ഗ്ലാസ് ഭരണി ജോർജ് കുട്ടി എവിടെ നിന്നോ സംഘടിപ്പിച്ചിരുന്നു. രണ്ടു ഭരണിയിലും അഞ്ചുകിലോ മുന്തിരി ഇട്ടു, രണ്ടുകിലോ പഞ്ചസാര അല്പം ഏലക്കായ രണ്ടു ഗ്രാമ്പൂ, രണ്ടു ലിറ്റർ വെള്ളവും ചേർത്തു.

അതിനുശേഷം ജോർജ് കുട്ടി അടപ്പുകൾ ഉപയോഗിച്ച് അടച്ചു.”ഉറുമ്പ് വരാതെ നോക്കണം. ഇത് എവിടെ വെക്കും?”

ഞാൻ പറഞ്ഞു,”എൻ്റെ മുറിയിൽ വെക്കാൻ പറ്റില്ല”

കയറിവരുമ്പോളുള്ള ഡ്രോയിങ് റൂമിൽ വച്ചാൽ വരുന്നവരെല്ലാം കാണും. അവസാനം ജോർജ് കുട്ടി കിടക്കുന്ന കട്ടിലിൻറെ കീഴിൽ വച്ചു.

രണ്ടു മൂന്നു ദിവസം കൂടുമ്പോൾ ഇളക്കി കൊടുക്കണം. തിരക്കുകൾ കൊണ്ട് ഞങ്ങൾ അക്കാര്യം മറന്നു.

മൂന്നു ദിവസം കഴിഞ്ഞു പോയി. നാലാം ദിവസം ഞങ്ങളുടെ ഹൗസ് ഓണറിൻറെ മകൾ ബൊമ്മി കാലത്ത് ഞങ്ങളുടെ വീട്ടിലേക്കു വന്നു. ആറ് വയസ്സേയുള്ളു. കുരുത്തക്കേടിന്റെ ആശാത്തിയാണ് ബൊമ്മി. അവൾ വന്ന പാടെ ജോർജ് കുട്ടിയുടെ റൂമിലേക്ക് പോയി.

ഒരു നിലവിളി ഉയർന്നു. “ജോർജ് കുട്ടി അങ്കിൾ ചത്തു പോച്ചു. “അവൾ ഉറക്കെ കരഞ്ഞു. ഞാൻ ഓടി ചെന്നു. ജോർജ് കുട്ടി രക്തത്തിൽ കുളിച്ചു അനക്കമില്ലാതെ കിടക്കുന്നു. ഞാനും ഉറക്കെ നിലവിളിച്ചുപോയി. “ജോർജ് കുട്ടി………….”

ഹൗസ് ഓണറും ഭാര്യയും ബൊമ്മിയുടെ നിലവിളികേട്ട് മൂന്ന് നാലാളുകളും ഓടി വന്നു. എല്ലാവരും രക്തത്തിൽ കുളിച്ചുകിടക്കുന്ന ജോർജ് കുട്ടിയെക്കണ്ട് കരച്ചിൽ തുടങ്ങി.

ഹൗസ് ഓണറിന്റെ ഭാര്യ, അക്ക ചിരിക്കാൻ തുടങ്ങി.”അത് രക്തമല്ല. വൈൻ ഉണ്ടാക്കാൻ വച്ച കുപ്പി ഗ്യാസ് കാരണം പൊട്ടിതെറിച്ചതാണ് .”ചുവന്ന മുന്തിരി ജൂസ് അവിടെ എല്ലാം ചിതറിയതാണ്.

പക്ഷെ രസം ഇത്രയെല്ലാം ബഹളം ഉണ്ടായിട്ടും ജോർജ് കുട്ടി ഉറക്കത്തിൽ നിന്നും എഴുന്നേറ്റില്ല. അക്ക ജോർജ് കുട്ടിയെ വിളിച്ചെഴുന്നേല്പിച്ചു.

എല്ലാവരുംകൂടി റൂമെല്ലാം വൃത്തിയാക്കി. എല്ലാവരും പോയിക്കഴിഞ്ഞപ്പോൾ ജോർജ് കുട്ടി പറഞ്ഞു,”ഞാൻ എല്ലാം അറിഞ്ഞിരുന്നു. എല്ലാവരുംകൂടി ക്ളീൻ ചെയ്തില്ലെങ്കിൽ എന്ന് തീരും ആ പണി, അതുകൊണ്ടു അനങ്ങാതെ കിടന്നതാണ് പിന്നെ ഒരു കാര്യം മനസ്സിലായി,താൻ എന്നെ തെറി പറഞ്ഞാലും തനിക്ക് അല്പം ബഹുമാനവും സ്നേഹവും ഒക്കെയുണ്ടെന്ന്”.

“ഹേയ്,അങ്ങനെയൊന്നുമില്ല, കൂട്ടുകാരൻ ചത്തുപോയി എന്ന് ആളുകൾ പറയുമ്പോൾ ചിരിച്ചാൽ അവർ എന്ത് വിചാരിക്കും. അതുകൊണ്ട് നിലവിളിച്ചതാ”.

(തുടരും)

ജോൺ കുറിഞ്ഞിരപ്പള്ളി
 

രാജു കാഞ്ഞിരങ്ങാട്

സാന്താക്ലോസിന്റെ
വെളുത്തതാടി പോലെ
ഡിസംബറിലെ മഞ്ഞ്.

ചില്ലു നൂലിൽ കോർത്ത
കുഞ്ഞു ബൾബു പോലെ
ഹിമശലാകകൾ .

വർണ്ണങ്ങളുടെ വെളിച്ചമായ്
ക്രിസ്തുമസ് .

ചില്ലതൻ പച്ചവിരലുകൾ
ഉയർത്തിക്കാട്ടുന്ന
ക്രിസ്തുമസ് ട്രീയിൽ
നക്ഷത്രങ്ങളായ് ചുവന്ന
ഫലങ്ങൾ
തൂങ്ങിയാടുന്നു.

വിശുദ്ധ കന്യക സ്നേഹ
ലാളനത്തിൽ
മുഴുകിയിരിക്കുന്നു
അവനെന്റെ ഹൃദയവേദന
ശമിപ്പിക്കുന്നു .

മൃതി വിഹ്വലതയെ
വൃക്ഷ വിരലുകളാൽ
തഴുകി തലോടുന്നു.

അവന്റെ പാപങ്ങളെ
കൈയ്യേൽക്കുന്നു
അവന്റെ അപ്പത്തിന്
കാവലാളാകുന്നു
അവനേകും മഞ്ഞെനിക്ക്
വീഞ്ഞിൻ ലഹരി
അവനെന്നിൽ പ്രത്യാശതൻ
നാമ്പുണർത്തുന്നു
ഇന്നിവിടെ സ്നേഹത്തിൻ
പിറവി ദിനം
രാജു കാഞ്ഞിരങ്ങാട്

സ്ഥലം :- കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലുള്ള കാഞ്ഞിരങ്ങാട്
അച്ഛൻ :- കല്ല്യാടൻ വീട്ടിൽ കണ്ണൻ നായർ
അമ്മ :- കെല്ലറേത്ത് കാർത്ത്യായനിയമ്മ
ഭാര്യ :- അഴീക്കോടൻ ശോഭന
മക്കൾ:- രസ്ന ,രസിക, രജിഷ
ജോലി: – തളിപ്പറമ്പ ആർട്സ് & സയൻസ് കോളേജ് കാഞ്ഞിരങ്ങാട്
ആനുകാലികങ്ങളിൽ എഴുതാറുണ്ട്
ആകാശവാണിയിൽ കഥ, കവിത അവതരിപ്പിക്കാറുണ്ട്
തുളുനാട് മാസിക പുരസ്കാരം, ചിലങ്കം മാസിക ജനപ്രിയ പുരസ്കാരം, മലയാള രശ്മി മാസിക പുരസ്കാരം,കണ്ണൂർ നർമ്മവേദി പുരസ്കാരം, ചിലങ്ക സാംസ്കാരിക വേദി പുരസ്കാരം, യുവ ആർട്സ് ജില്ലാതല പുരസ്കാരം, പാലക്കാട് സൃഷ്ടികവിതാ പ്രത്യേക ജൂറി പുരസ്കാരം, KCEU കണ്ണൂർ ജില്ലാതല കവിതാ പുരസ്കാരം, വിരൽ മാസിക പുരസ്കാരങ്ങൾ ( 2018, 2019) തിരുവനന്തപുരം (കലാലയ കൂട്ടായ്മ പുരസ്കാരം 20l 8, വാലെന്റൈൻ പുരസ്കാരം 2019, സ്പെഷ്യൽ അവാർഡ് )എന്നിവ ലഭിച്ചിട്ടുണ്ട്
പ്രസിദ്ധീകരിച്ച പുസ്തകൾ:-
1, ആസുരകാലത്തോടു വിലാപം
2 ,കാൾ മാർക്സിന്
3, കണിക്കൊന്ന (ബാലസാഹിത്യം )
4. ഒരു സ്ത്രീയും പറയാത്തത്
എന്നീ കവിതാ സമാഹാരങ്ങൾ ‘ബാനത്തെ വിശേഷങ്ങൾ’എന്ന നോവൽ മലയാള രശ്മി  മാസികയിൽ  ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു.

ഫോൺ :- 9495458138

 

രാജു കാഞ്ഞിരങ്ങാട്

അമ്മേ കവിതേ,
വിശുദ്ധിതൻ അമ്പലമണിമുഴ-
ക്കമായ്നീയെന്നിൽ നിറയുന്നു
തുലാവർഷപ്പച്ചയായ് ,ക്കുറിഞ്ഞിപ്പൂക്കളായ്
രാത്രിമഴയായെൻ വിങ്ങും നെഞ്ചിൻനടവരമ്പിൽ
കൃഷ്ണകവിതയായ് പൂത്തുനിൽക്കുന്നു

അമ്മേ കവിതേ ,
നിൻ കവിതതൻ മുത്തുച്ചിപ്പിയിൽ നിന്നും
ഒരു മുത്തു പോലുമെടുക്കാൻ ഞാനശക്തൻ
കലർപ്പറ്റ കവിതതൻ ഉറവയായ്
അറിവിൻ നിറകുടമായ്
പ്രകൃതിയാമമ്മയ്ക്കുമമ്മയായ് !
സ്നേഹമായ് ശക്തിയായ് കാത്തുരക്ഷിപ്പ –
വൾനീ

അമ്മേ കവിതേ,
ശാന്തികവാടത്തിലെങ്കിലും
ഒഴിയാത്തൂലികയായ് നീയെന്നിൽ വിരാജിക്കും
സുഗതവാക്യമായെൻ ഹൃദയ തന്ത്രിയിൽ
മീട്ടി നിൽക്കും കാവ്യതന്തു

രാജു കാഞ്ഞിരങ്ങാട്

സ്ഥലം :- കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലുള്ള കാഞ്ഞിരങ്ങാട്
അച്ഛൻ :- കല്ല്യാടൻ വീട്ടിൽ കണ്ണൻ നായർ
അമ്മ :- കെല്ലറേത്ത് കാർത്ത്യായനിയമ്മ
ഭാര്യ :- അഴീക്കോടൻ ശോഭന
മക്കൾ:- രസ്ന ,രസിക, രജിഷ
ജോലി: – തളിപ്പറമ്പ ആർട്സ് & സയൻസ് കോളേജ് കാഞ്ഞിരങ്ങാട്
ആനുകാലികങ്ങളിൽ എഴുതാറുണ്ട്
ആകാശവാണിയിൽ കഥ, കവിത അവതരിപ്പിക്കാറുണ്ട്
തുളുനാട് മാസിക പുരസ്കാരം, ചിലങ്കം മാസിക ജനപ്രിയ പുരസ്കാരം, മലയാള രശ്മി മാസിക പുരസ്കാരം,കണ്ണൂർ നർമ്മവേദി പുരസ്കാരം, ചിലങ്ക സാംസ്കാരിക വേദി പുരസ്കാരം, യുവ ആർട്സ് ജില്ലാതല പുരസ്കാരം, പാലക്കാട് സൃഷ്ടികവിതാ പ്രത്യേക ജൂറി പുരസ്കാരം, KCEU കണ്ണൂർ ജില്ലാതല കവിതാ പുരസ്കാരം, വിരൽ മാസിക പുരസ്കാരങ്ങൾ ( 2018, 2019) തിരുവനന്തപുരം (കലാലയ കൂട്ടായ്മ പുരസ്കാരം 20l 8, വാലെന്റൈൻ പുരസ്കാരം 2019, സ്പെഷ്യൽ അവാർഡ് )എന്നിവ ലഭിച്ചിട്ടുണ്ട്
പ്രസിദ്ധീകരിച്ച പുസ്തകൾ:-
1, ആസുരകാലത്തോടു വിലാപം
2 ,കാൾ മാർക്സിന്
3, കണിക്കൊന്ന (ബാലസാഹിത്യം )
4. ഒരു സ്ത്രീയും പറയാത്തത്
എന്നീ കവിതാ സമാഹാരങ്ങൾ ‘ബാനത്തെ വിശേഷങ്ങൾ’എന്ന നോവൽ മലയാള രശ്മി  മാസികയിൽ  ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു.

ഫോൺ :- 9495458138

ജയലക്ഷ്മി

സ്ത്രീശരീരത്തിന്റെ അംശം കണ്ടാലുടഞ്ഞുവീഴുന്ന സാമ്രാജ്യങ്ങൾ ഉടഞ്ഞുവീഴട്ടെ
നിങ്ങളുടെ സദാചാരപുസ്‌തകതാളുകൾ കത്തിച്ചു ഞാനൊരു വിളക്ക് കൊളുത്തി
നിനക്കു വേണ്ടിയതു ചിതയായി കത്തും
അതിലേക്കിറങ്ങി മോചിതരാകുക
അതിന്റെ അഗ്നിപരീക്ഷ കടക്കാത്തവർ ശബ്ദിക്കരുത്
ഇതെന്റെ ലോകം
ഇതെന്റെ ദേഹം
ഇവിടെയെന്റെ സ്വരം മാത്രം

…………………………………..

നാണവും മാനവും പെണ്ണിന് നൽകി
നഷ്ടസ്വർഗങ്ങളുടെ വാതിൽക്കലെ കാവൽക്കാരേ
ഒന്നകത്തു കയറി നോക്കൂ
അതിനുള്ളിൽ നിന്റെ അമ്മയില്ല,
മകളും സോദരിയും തോഴിയുമില്ല
ഭാര്യയും ബോസും ടീച്ചറും കൊലീഗും ആരുമില്ല
ചിതലുതീനും കുറെ ഓലപ്പാട്ടങ്ങൾ

ഞങ്ങളുടെ സാന്നിധ്യമില്ലാതെ യജ്ഞപൂർത്തിക്കൊരുക്കിയ സുവർണവിഗ്രഹങ്ങൾ ഉടഞ്ഞുപോയിരിക്കുന്നു

……………………………….

.
എത്രയെത്ര സിനിമകൾ സൃഷ്ടിച്ചു ?
എത്രയെത്ര കഥകൾ? എത്ര പ്രവചനങ്ങൾ?
സ്ത്രീയുടെ ദൈവമായി, വിമോചകനായി, രക്ഷകർത്താവായി, ഹീറോയായി
സ്ത്രീയെ വരച്ചവരയ്ക്കുനിർത്താനുള്ള ശ്രമത്തിൽ വരച്ചു വരച്ചു വരച്ചു കൈകുഴഞ്ഞു വീണിരിക്കുന്ന മഹാനെത്ര പേർ !
അവളുടെ അഹങ്കാരം ശമിപ്പിച്ചു
അടക്കവും ഒതുക്കവും പഠിപ്പിച്ചു,
വിനീതയാക്കി,
ശാലീനയാക്കി,
നല്ലവളാക്കി.

ഒരു കോമഡിയിൽ ചോദിച്ചതു പോലെ ഞങ്ങളിത്രയും പീഡിപ്പിച്ചിട്ടും നിങ്ങൾ നന്നാകാത്തതെന്ത്?

നന്നായി നന്നായി നിങ്ങളെ പെറ്റുവളർത്തിയവർ തളർന്നുവീണിരിക്കുന്നു
അവരുടെ രോദനം മുദ്രാവാക്യമാക്കി ഞങ്ങളിതാ

………………. ..

വെറുതെയിരിക്കുമ്പോൾ മുടങ്ങാതോടുന്ന ശ്വാസത്തിലേക്കു ശ്രദ്ധ പോയി
അതോതി നീ നിന്റേതാണ്
നീ നിന്റേതാണ്
നീ നിന്റേതാണ്

ഞങ്ങൾ മനഃപാഠമാക്കിയ പാഠങ്ങൾ ഇടയ്ക്കിടയ്ക്ക് രാത്രിയിൽ വിളിച്ചുണർത്തി ചിരിക്കും
ഉറക്കെ
ഉറക്കെ
ഉറക്കെ

പിന്നെ ഞങ്ങൾ ലോകം കണ്ടു
കഥകളിലൂടെ ഇന്റർനെറ്റിൻ മായാജാലങ്ങളിലൂടെ
കാലുകൾ ചിറകുകളെക്കാൾ ദൂരമെത്തിക്കുന്ന കാലത്ത്‌
ഞങ്ങൾ അവളെ കണ്ടു
സാരിയിൽ കുണുങ്ങിയും
പർദ്ദയിൽ ഒളിച്ചും
ഷോർട്സിൽ ഓടിയും
സ്വിമിങ്സ്യൂട്ടിൽ നീന്തിയും
ദുപ്പട്ടയിൽ ഒതുങ്ങിയും
ഡ്രെസ്സുകളിൽ ആടിയും
പാന്റ്സിൽ വിളങ്ങിയും
അങ്ങനെയങ്ങനെ അവൾക്കൊരു നൂറ് വേഷങ്ങൾ
അവളുടെ കണ്ണിൽ ഇതേ തീവ്രത
അവളുടെ കൈകളിലിതേ കരുത്ത്
അവളുടെ മുടി കെട്ടഴിഞ്ഞു
ഗതിതേടും ജീവനെപ്പോലെ പറക്കുന്നു
അല്ല…
കാറ്റ് നെഞ്ചോടേറ്റു ഇലകളായിരം പേർ
വേരുകളുടെ ബലത്തിൽ ഉലഞ്ഞുലഞ്ഞാടും പോലെ

…………………………

ഉടഞ്ഞുവീഴുന്ന പളുങ്ങുകൊട്ടാരങ്ങളെ നോക്കി
വാവിട്ടു കരഞ്ഞിട്ട് കാര്യമില്ല
കത്തികാട്ടീട്ടും ആസിഡൊഴിച്ചിട്ടും
പീഡനഭീഷണിമുഴക്കീട്ടും
പൂട്ടിയിട്ടിട്ടും മണ്ണെണ്ണ കൊളുത്തിയിട്ടും
കെട്ടിത്തൂക്കിയിട്ടും കെട്ടിച്ചുവിട്ടിട്ടും
അടിച്ചൊടിച്ചിട്ടും സ്‌ലട്ഷെയിം ചെയ്തിട്ടും
ചീത്തവിളിച്ചിട്ടും ചൂരലടിച്ചിട്ടും
ഒന്നുമൊന്നും കാര്യമില്ല

അവളെ ഉണർത്താനുള്ള പന്തവുമേന്തി
കാലമൊരപ്സരയായി നൃത്തം വയ്ക്കുന്നു
മേലെ… മേലെ… മേലെ…
ഞങ്ങളതുകണ്ടു താഴെ താഴെ താഴെ….

……………………………….

ആത്മാവു സ്വതന്ത്രമായാൽ പോരേ?
ശരീരമെന്തായാലെന്ത് ?
ശരീരം ശവകുടീരങ്ങളാകുന്നിടത്തു
ആത്മാവിരക്കുന്നതാരു കേൾക്കാൻ?

മറയ്ക്കാനാകാത്ത മറവി ബാധിച്ചു
ഇതേ ഓരോരുത്തരുമോടുന്നിവിടെ
ഞാൻ പുരുഷൻ നീ സ്ത്രീ
നീ ഭേദിക്കാത്ത ലക്ഷ്മണരേഖകൾ നിന്നെ തടവിലാക്കും
നീ ഭേദിക്കുന്നത് ഈ പ്രപഞ്ചതാളം തെറ്റുന്നതിന് കാരണമായി ഉത്ഘോഷിക്കപ്പെടും

ഇന്നിപ്പോൾ പ്രപഞ്ചങ്ങൾ താളം തെറ്റിയോടുന്നു
അവരവൾക്ക് കാരണമായിരമായിരം കൊടുത്തുകൊണ്ടേയിരിക്കുന്നു …

 

ജയലക്ഷ്മി

ജാമിയ മിലിയ ഇസ്ലാമിയയിൽ എം എ ഇംഗ്ലീഷ് വിദ്യാർത്ഥിനിയാണ്. കൊല്ലം സ്വദേശിനിയാണ്. ഡൽഹിയിൽ സന്നദ്ധ സേവനരംഗത്ത് പ്രവർത്തിക്കുന്ന ജയലക്ഷ്മി മികച്ച ഒരു കഥക് നർത്തകിയും അധ്യാപികയുമാണ്. സ്റ്റുഡന്റ് ആക്റ്റിവിസത്തിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിയാണ്.

 

ഡോ. ഐഷ വി

നാലാം ക്ലാസ്സ് കഴിഞ്ഞ വെക്കേഷൻ സമയത്താണ് ഗീത ചേച്ചിയുടെ അമ്മ ഗീത ചേച്ചിയുടെ കല്യാണം ക്ഷണിക്കാൻ വന്നത്. ഞാനും അനുജനും ചിരവാത്തോട്ടത്തെ പറങ്കിമാങ്ങകളൊക്കെ തിന്ന് തീവണ്ടി കളിച്ച് നടക്കുകയായിരുന്നു. അനുജൻ മുമ്പിൽ എഞ്ചിനാണ്. ഞാൻ ബോഗിയും. അവൻ ടെയിൻ ഓടുന്ന ശബ്ദമുണ്ടാക്കുന്നുണ്ട്. എന്റെ ഒരു കൈയ്യിൽ പാതി കടിച്ച കശുമാങ്ങയുണ്ട്. ഒരു കൈ അനുജന്റെ ഷർട്ടിൽ പിടിച്ചിട്ടുണ്ട്. ഞങ്ങളുടെ തീവണ്ടി മുറ്റത്തേയ്ക്ക് കയറിയപ്പോൾ യശോധര വല്യമ്മച്ചി പോകാനിറങ്ങുകയായിരുന്നു. വല്യമ്മച്ചി ഞങ്ങളോടായി പറഞ്ഞു. മക്കൾ ഇപ്പോൾ എത്തിയതു കൊണ്ട് കാണാൻ പറ്റി. വെയിലും കൊണ്ട് കാടോടി ആകെ വൃത്തികേടായല്ലോ. നിങ്ങളുടെ ചേച്ചിയുടെ കല്യാണമാണ്. കല്യാണത്തിന് എല്ലാവരും തലേന്നേ അങ്ങ് വരണം. ഞങ്ങൾ തലയാട്ടി. കുട്ടികളെ പരിഗണിച്ച് പ്രത്യേകം ക്ഷണിച്ചത് എനിക്ക് ഇഷ്ടപ്പെട്ടു. സാധാരണ ഗതിയിൽ പലരും മുതിർന്ന വരോടെ കാര്യങ്ങൾ പറയാറുണ്ടായിരുന്നുള്ളൂ. ആദ്യമായാണ് ക്ഷണക്കത്തുമായി വന്ന ഒരാൾ ഞങ്ങൾ കുട്ടികളെ പരിഗണിച്ചത്. ഏതു നല്ല കാര്യത്തിനായാലും കുട്ടികളെ പരിഗണിച്ചാൽ അവർ അക്കാര്യം ജീവിതത്തിൽ ഒരിക്കലും മറക്കുകയില്ല. അതിന്റെ നന്ദി അവർക്ക് കാണുകയും ചെയ്യും. അങ്ങനെ ഞങ്ങൾ കുട്ടികൾക്ക് പ്രാധാന്യം നൽകി ക്ഷണിച്ചിട്ടുള്ളവരാണ് പരേതരായ കൗസല്യ വല്യമ്മച്ചി , സുഗുണ കുഞ്ഞമ്മ, ആലു വിളയിലെ ശ്രീലത ചേച്ചി എന്നിവർ. അച്ഛന്റെ കൂടെ ഞങ്ങൾ എവിടെയെങ്കിലും പോവുകയാണെങ്കിൽ അച്ഛൻ മറ്റുള്ളവർക്ക് ഞങ്ങളെ പരിചയപ്പെടുത്തുമായിരുന്നു. തിരിച്ച് അവരെയും ഞങ്ങൾക്ക് പരിചയപ്പെടുത്തിത്തരും. അങ്ങനെ അച്ഛന്റെ ധാരാളം ബന്ധുക്കളെയും പരിചയക്കാരേയും അറിയാനിടയായി.

അമ്മ ഞങ്ങൾക്ക് യശോധര വല്യമ്മച്ചിയുമായുള്ളബന്ധം പറഞ്ഞു തന്നു. പിന്നെ ഞങ്ങൾ വിവാഹത്തിൽ പങ്കെടുക്കാമെന്ന സന്തോഷത്തോടെ ആ ദിവസവും കാത്തിരിപ്പായി. ഗീത ചേച്ചിയുടെ കല്യാണക്കുറി ഞാൻ തിരിച്ചും മറിച്ചും നോക്കി. അതുവരെ കണ്ട കല്യാണക്കുറികളേക്കാൾ വളരെ ആർഭാടമായി ആറേഴ് പേജുള്ള കല്യാണക്കുറി. നല്ല ഭംഗിയുണ്ടായിരുന്നു. കടും നീല നിറത്തിലും സ്വർണ്ണ വർണ്ണത്തിലും ഒക്കെ താളുകളും അക്ഷരങ്ങളും . താളുകൾ കെട്ടാൻ സ്വർണ്ണ വർണ്ണമുള്ള നൂല് . നൂലിന്റെ തുമ്പിൽ കിന്നരി . ആകെ കൂടി ആ ക്ഷണക്കത്ത് എന്റെ മനസ്സിൽ നിറം മങ്ങാതെ നിന്നു. വർഷങ്ങൾ കഴിഞ്ഞ് ആരുടേയോ വിവാഹ ക്ഷണക്കത്ത് കിട്ടിയപ്പോൾ ഞാൻ അച്ഛനോട് പറഞ്ഞു. ഗീത ചേച്ചിയുടെ വിവാഹ ക്ഷണക്കത്ത് ഇതുപോലെ മനോഹരമായിരുന്നു എന്ന്. അപ്പോൾ അച്ഛന്റെ മറുപടി ഇങ്ങനെയായിരുന്നു. ക്ഷണക്കത്തിന്റെ ഭംഗിയിലല്ല കാര്യം ജീവിതം മനോഹരമായി ജീവിയ്ക്കുന്നതിലാണെന്ന്. ഇന്ന് കൊറോണക്കാലത്ത് ആർഭാടങ്ങളില്ലാതെ ഒരു ക്ഷണക്കത്തു പോലുമടിയ്ക്കാതെ വിവാഹം നടത്താൻ നമ്മൾ പഠിച്ചിരിക്കുന്നു.

ഗീത ചേച്ചിയുടെ കല്യാണത്തിലേയ്ക്ക് മടങ്ങി വരാം. അങ്ങനെ ഞങ്ങൾ കാത്ത് കാത്തിരുന്ന ഗീത ചേച്ചിയുടെ കല്യാണ ദിവസത്തിന്റെ തലേ ദിവസം വന്നു ചേർന്നു. അപരാഹ്നമെത്തിയപ്പോൾ അമ്മ ഞങ്ങളെ മൂന്നുപേരേയും കുളിപ്പിച്ചൊരുക്കി. അച്ഛൻ അന്ന് കാസർഗോഡായിരുന്നു. ഞങ്ങൾക്ക് വിവാഹ ദിവസം ഇടാനുള്ള വസ്ത്രം കൂടി അമ്മ കരുതിയിരുന്നു. അമ്മ ഞങ്ങളേയും കൊണ്ട് കല്ലുവാതുക്കലേയ്ക്ക് തിരിച്ചു. ഞങ്ങളുടെ ഗ്രാമത്തിൽ അന്ന് ബസ്സില്ലായിരുന്നു. അതിനാൽ മൂലക്കടയെത്തിയ ശേഷം യക്ഷിപ്പുര നടവഴി വയലിലൂടെ നടന്നാണ് കല്ലുവാതുക്കൽ ജംഗഷനിൽ എത്തിയത്. ബസ്സ് കാത്ത് കുറേ നേരം നിൽക്കേണ്ടി വന്നു. ഇതിനിടയ്ക്ക് ഒരാൾ അമ്മയോട് വന്ന് സംസാരിച്ചു. ഒരു മുൻ അധ്യാപകനും നക്സലൈറ്റും ആയിരുന്നു അദ്ദേഹമെന്ന് അമ്മ പറഞ്ഞു. കുറച്ച് കഴിഞ്ഞ് ഒരു ബസ്സെത്തി . ഞങ്ങൾ കൊട്ടിയം ജങ്ഷനിലെത്തി. കൊട്ടിയം ജംഗ്ഷനിൽ അന്ന് ഉപയോഗശൂന്യമായ ഒരു പഞ്ചായത്ത് കിണർ റോഡരികിൽ ഉണ്ടായിരുന്നു. കൊട്ടിയത്തെ പഴയ പോലീസ് സ്റ്റേഷന്റെ അടുത്തുള്ള വഴിയിലൂടെ വയലരികിലെത്തി. അമ്മ ആരോടോ കളീലിൽ കണ്ണു വൈദ്യരുടെ വീട്ടിലേയ്ക്കുള്ള വഴി ചോദിച്ചു. അവർ ചുണ്ടിക്കാട്ടിയ വഴിയേ ഞങ്ങൾ വയൽ കടന്നു. വിവാഹം നടക്കുന്ന ഗൃഹത്തിലെത്തി. യശോധര വല്യമ്മച്ചിയുടെ അച്ഛന്മമാരുടെ വീട്ടിൽ വച്ചായിരുന്നു വിവാഹം. മുറ്റത്ത് വിവാഹപന്തൽ , സദ്യ വിളമ്പാൻ മറ്റൊരു പന്തൽ പിന്നെ പാചകപ്പുരയും കലവറയും. കാപ്പി കുടി കഴിഞ്ഞ് ഞാനും അനുജനും അവിടൊക്കെ കറങ്ങി നടന്ന് കണ്ടു. മുറ്റത്തിന്റെ ഒരു കോണിൽ പന്തലിന് വെളിയിൽ നിന്ന നിറയെ കായ്കളോടു കൂടിയ ഒരു മാതളത്തെ ഞാനും അനുജനും നോട്ടമിട്ടു. അനുജത്തി എപ്പോഴും അമ്മയോടൊപ്പമായിരുന്നു. അകത്തെ മുറികളിൽ വരികയും പോവുകയും ചെയ്യുന്നവരുടെ തിരക്ക്. ഇടയ്ക്കെപ്പോഴോ അമ്മ അവിടത്തെ സ്വീകരണ മുറിയിലെ ഭിത്തിയിൽ തൂക്കിയിട്ടിരുന്ന ഒരു ഫോട്ടോ കാണിച്ചു തന്നു. ഗീത ചേച്ചിയുടെ ഒരു കുഞ്ഞമ്മയുടെ ഗ്രാജുവേഷൻ സെറിമണിയുടെ ഫോട്ടോയായിരുന്നു അത്. ബിരുദദാന ചടങ്ങിലാണ് അങ്ങനെ തൊപ്പിയും ഗൗണുമൊക്കെയായി ഫോട്ടോയെടുക്കുന്നതെന്ന് അമ്മ പറഞ്ഞു തന്നു. അപ്പോൾ ഒരു ഗ്രാജ് വേറ്റാകാൻ എനിക്ക് ആഗ്രഹമുദിച്ചു. ( പിൽക്കാലത്ത് യൂണിവേഴ്സിറ്റികൾ ആ ചടങ്ങ് നിർത്തലാക്കിയതിനാൽ ഞങ്ങളുടെ സമയമായപ്പോൾ ആ ചടങ്ങില്ലായിരുന്നു.) അപ്പോൾ ഞാൻ അമ്മയോട് ഗീത ചേച്ചി ഗ്രാജ് വേറ്റാണോയെന്ന് ചോദിച്ചു. പ്രീഡിഗ്രി കഴിഞ്ഞു. 19 വയസ്സേ ആയുള്ളൂ. ഗ്രാജ് വേറ്റല്ലെന്ന് അമ്മ പറഞ്ഞു. ആ സമയത്താണ് കൗസല്യ വല്യമ്മച്ചിയും സത്‌ലജ് ചേച്ചിയും അകത്തേയ്ക്ക് വന്നത്. ഇനി ഇതുപോലെ സത് ലജിന്റെ കല്യാണത്തിന് കൂടാമെന്ന് അമ്മ പറഞ്ഞപ്പോൾ കൗസല്യ വല്യമ്മച്ചി പറഞ്ഞു. പഠിച്ച് ജോലിയൊക്കെയായിട്ടേ മോളുടെ കല്യാണം നടത്തുന്നുള്ളൂയെന്ന്. ഞാനും അപ്പോൾ തീരുമാനിച്ചു. എനിക്കും ജോലി നേടിയിട്ട് മതി വിവാഹമെന്ന്. ഗീത ചേച്ചി സത് ലജ് ചേച്ചിയേക്കാൾ ഇളയതാണെന്ന് ആ സംഭാഷണത്തിനിടയിൽ എനിക്ക് മനസ്സിലായി. പിന്നീട് സത് ലജ് ചേച്ചി എം എസ്സി കെമിസ്ട്രിയൊക്കെ കഴിഞ്ഞ് കോളേജധ്യാപികയായി മാറി.

അന്ന് രാത്രി അവിടെ നിന്ന് അത്താഴമൊക്കെ കഴിച്ച് ഞങ്ങൾ അവിടെ തങ്ങി. ആ വീടിന്റെ പ്രധാന ഗൃഹ ഭാഗത്തു നിന്നും വിട്ടു നിൽക്കുന്ന രീതിയിലായിരുന്നു അടുക്കള . അടുക്കളയും പ്രധാന ഗൃഹവും രണ്ടതിരുകളിടുന്ന മുറ്റത്ത് ഭിത്തി കെട്ടി വാതിലുകൾ പിടിപ്പിച്ച രണ്ടതിരുകൾ കൂടിയുണ്ടായിരുന്നു. മുറ്റത്ത് കഴുകിയുണക്കാൻ വയ്ക്കുന്ന പാത്രങ്ങൾ ആക്രി പെറുക്കുന്നവരും മറ്റുള്ളവരും കൊണ്ടുപോകില്ലെന്നും ഭിത്തിയിലുള്ള വാതിലുകൾ അടച്ചാൽ രാത്രി സ്ത്രീ ജനങ്ങൾക്ക് അടുക്കളയിൽ പോകാനും തിരികെ പ്രധാന ഗൃഹത്തിലെത്താനും സൗകര്യമുള്ള ഒരു നിർമ്മിതിയാണ് ഇതെന്ന് എനിക്ക് തോന്നി. പഴയ കാലത്തെ അടുക്കളയിലുള്ള കരിയും അഴുക്കും പുകയുമൊന്നും പ്രധാന ഗൃഹത്തിൽ എത്തുകയുമില്ല. ഗീത ചേച്ചിയുടെ അമ്മയുടെ അമ്മയും കുഞ്ഞമ്മമാരും അടുക്കള കാര്യത്തിന് നേതൃത്വം നൽകി.

അത്താഴം കഴിഞ്ഞ് അനുജത്തിയെ ഉറക്കി കിടത്തിയിട്ട് അമ്മ എന്നെയും അനുജനേയും കൂട്ടി പാചകം ചെയ്യുന്നിടത്തേയ്ക്ക് പോയി. പാചകക്കാര്യം ബന്ധുക്കളും അയൽപക്കക്കാരുമായി ധാരാളം പേർ അവിടെ ജോലി ചെയ്യാൻ ഉണ്ടായിരുന്നതിനാൽ അമ്മയ്ക്ക് പ്രത്യേകിച്ച് പണിയൊന്നും ഉണ്ടായിരുന്നില്ല. എല്ലാറ്റിനും മേൽനോട്ടം വഹിച്ച് ഗീത ചേച്ചിയുടെ അമ്മയുടെ അച്ഛൻ അവിടെയുണ്ടായിരുന്നു. അതിഥികൾ പോയിക്കഴിഞ്ഞപ്പോൾ അന്നവിടെ തങ്ങാനുദ്ദേശിച്ച അതിഥികളും ഞങ്ങളും അവിടെ ഉറങ്ങി. ഞങ്ങളും ഗീത ചേച്ചിയും ഒരു മുറിയിലാണ് കിടന്നത്.

പിറ്റേന്ന് രാവിലേ തന്നെ അമ്മ ഞങ്ങളെ കുളിപ്പിച്ചൊരുക്കിയ ശേഷം അമ്മ കുളിക്കാനായി കയറി. ആ സമയത്ത് അനുജനും ഞാനും കൂടി നേരെ മാതളത്തിന്റെ അടുത്തെത്തി. ഒന്നുരണ്ട് കായ്കൾ പിച്ചി കല്ലു കൊണ്ട് ഇടിച്ച് പൊട്ടിച്ച് കഴിച്ചു. അമ്മ കുളി കഴിഞ്ഞിറങ്ങിയപ്പോൾ കാണുന്നത് ഞങ്ങൾ വസ്ത്രത്തിൽ മാതളത്തിന്റെ കറയും പറ്റിച്ച് നിൽക്കുന്നതാണ്. ഞങ്ങൾക്ക് രണ്ടു പേർക്കും ചെവിയിൽ നല്ല കിഴുക്ക് കിട്ടി. പിന്നെ ഞങ്ങൾ പ്രാതൽ കഴിച്ച് വിവാഹ പന്തലിൽ എത്തി. അവിടെ കല്യാണ മണ്ഡപത്തിലെ ഒരുക്കങ്ങൾ നടക്കുന്നുണ്ടായിരുന്നു . ഗീത ചേച്ചിയുടെ അച്ഛന്റെ ഫ്രെയിം ചെയ്ത വലിയ ഒരു ഫോട്ടോ ഒരാൾ കൊണ്ടുവന്ന് മണ്ഡപത്തിനടുത്തായി ഒരു മേശമേൽ സ്ഥാപിച്ചു. പൂമാലയണിയിച്ച് ഒരു ചന്ദനത്തിരിയും കൊളുത്തിവച്ചു. അപ്പോൾ അമ്മ ഞങ്ങളോട് പറഞ്ഞു: ഗീതയുടെ അച്ഛന്റെ ഫോട്ടോയാണ്. സിങ്കപ്പൂരിൽ വച്ച് ഹൃദയ സ്തംഭനം മൂലം മരിച്ചതാണെന്ന്. അതു പറയുമ്പോൾ അമ്മയുടെ കണ്ണിൽ ഒരു കണ്ണീർക്കണം വന്നു. വിവാഹ മണ്ഡപത്തിന് തൊട്ടടുത്തായാണ് ഞങ്ങൾ ഇരുന്നത്. കല്യാണം നന്നായി കാണാൻ. അന്ന് വിവാഹങ്ങൾക്ക് വീഡിയോ ഗ്രാഫി പതിവില്ല. ഫോട്ടോ മാത്രമേയുള്ളൂ. അതും മിക്കവാറും എല്ലാം ബ്ലാക്ക് ആന്റ് വൈറ്റ്. ഡിജിറ്റൽ ഫോട്ടോഗ്രാഫിയൊന്നും അന്ന് നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നില്ല. ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളിൽ നിറമുള്ള ഓർമ്മകൾ നിറഞ്ഞു നിന്നിരുന്ന കാലം. വരനും കൂട്ടരും എത്തി. വിവാഹം മംഗളമായും സദ്യ വിഭവ സമൃദ്ധമായും നടന്നു. സദ്യ കഴിഞ്ഞ് വരന്റേയും കൂട്ടരുടേയും ഒപ്പം ഗീത ചേച്ചിയും പോയിക്കഴിഞ്ഞേ ഞങ്ങൾ തിരികെ പോന്നുള്ളൂ. കാസർഗോട്ടു നിന്നും നാട്ടിലെത്തിയ ശേഷമുള്ള ആദ്യ വിവാഹം കൂടലായിരുന്നു അത്.

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

ജോൺ കുറിഞ്ഞിരപ്പള്ളി

എല്ലാ ശനിയാഴ്ചയും കാലത്ത് കാപ്പികുടിയും കഴിഞ്ഞു ഞങ്ങൾ ഒരാഴ്ചത്തേക്കുള്ള സാധനങ്ങൾ വീട്ടിലേക്ക് വാങ്ങിവയ്ക്കും. അതാണ് ഞങ്ങളുടെ പതിവ്. ഞാനും ജോർജ് കുട്ടിയും കൂടി കടയിലേക്ക് പോകുമ്പോൾ വഴിക്കു വച്ച് ഹുസൈനെ കണ്ടുമുട്ടി. അവൻ്റെ ഒപ്പം അവൻ ജോലിക്കു നിൽക്കുന്ന കടയുടെ മുതലാളിയും പിന്നെ കണ്ടു പരിചയം ഇല്ലാത്ത ഒരു സുന്ദരനും ഉണ്ട് .

“എങ്ങോട്ടാ എല്ലാവരുംകൂടി രാവിലെ?”

വെറുതെ ഒരു കുശലം ചോദിച്ചതാണ്.

“ഇക്കാന് പെണ്ണുകാണാൻ പോകുന്നു. ഹുസൈയിൻ പറഞ്ഞു. അവൻ്റെ മുതലാളിയുടെ അളിയൻ ഗൾഫിൽ നിന്നും വന്ന സുന്ദരനു വേണ്ടിയാണ്. സുന്ദരൻ വലിയ സന്തോഷത്തിലാണ്. പരിചയം ഇല്ലെങ്കിലും ഒരുപാടുകാലത്തെ പരിചയം നടിച്ചു ചിരിച്ചു വർത്തമാനം പറഞ്ഞു.

ഞങ്ങൾ ഷോപ്പിംഗിനായി അവരോടു യാത്ര പറഞ്ഞു ,കടയിലേക്ക് നടന്നു.

ജോർജ് കുട്ടി പറഞ്ഞു ഹുസ്സയിനെ കൊണ്ടുപോകുന്നത് മുതലാളിക്ക് ജാഡ കാണിക്കാൻ വേണ്ടിയാണ്.

“ഇത് ആരാ?”, എന്ന് ചോദിക്കുമ്പോൾ,” ഞങ്ങളുടെ കടയിലെ സെയിൽസ്‌മാനാണ് എന്ന് പറഞ്ഞു ഷൈൻ ചെയ്യാനാ. പക്ഷേ,അവനൊരു മണ്ടനാ. എന്തെങ്കിലും പണികിട്ടാതിരിക്കില്ല.”.

ഞങ്ങൾ വീട്ടിലേക്ക് ഉള്ള സാധനങ്ങളും വാങ്ങി തിരിച്ചുവരുമ്പോൾ വീണ്ടും അവരെ വഴിയിൽ വച്ച് കണ്ടു.

“ഇത്ര പെട്ടന്ന് പെണ്ണുകാണലും ഉറപ്പിക്കലും ഒക്കെകഴിഞ്ഞോ?”ഞാൻ ചോദിച്ചു.

“ഇവൻ എല്ലാം കൊളമാക്കിയെന്നാ തോന്നുന്നത്?”

ഹുസൈയിൻ ഒന്നും മിണ്ടുന്നില്ല. മുതലാളി പറഞ്ഞു,”ഞങ്ങൾ അവിടെ ചെല്ലുമ്പോൾ അവർ നന്നായിട്ടു സ്വീകരിച്ചു വർത്തമാനം പറഞ്ഞുകൊണ്ടിരിക്കുമ്പോൾ ചായ വന്നു. ഇപ്പോൾ മിൽക്ക് ഡയറിയിൽ സമരം നടന്നുകൊണ്ടിരിക്കുകയാണെന്ന് അറിയാമല്ലോ. പാലില്ലാത്തതുകൊണ്ട് അവർ കട്ടൻ ചായ ആണ് തന്നത്. പെണ്ണ് ചായ കൊണ്ടുവന്നു വച്ചപ്പോൾ ഈ പൊട്ടൻ ഒരു ചോദ്യം,”ഐസ് ഉണ്ടോ?” .

“ഐസ്?,അതെന്തിനാ?”

“ഇക്ക ഐസില്ലാതെ കഴിച്ചു കണ്ടിട്ടില്ല.”

“ഒരു ദിവസം എത്ര കഴിക്കും?”

” കിടക്കാൻ നേരത്തു രണ്ടു ഗ്ലാസ്സ്. പിന്നെ ടച്ചിങ്‌സ് ഉണ്ടെങ്കിൽ ഒരു രണ്ടുകൂടി “.

സുന്ദരനെ നോക്കി പെണ്ണ് ഒരു ചോദ്യം ,”ഇക്കയും കഴിക്കുവോ?”

ഹുസൈയിൻ പറഞ്ഞു,”ഞങ്ങൾ എല്ലാവരും കൂടിയിരുന്നാണ് കഴിക്കാറുള്ളത് “.

പെണ്ണ് സ്ഥലം വിട്ടു.”അവർ വിവരം അറിയിക്കാം എന്ന് പറഞ്ഞുവിട്ടു.”

പാവം ഹുസൈയിൻ തെറികേട്ടു മടുത്തു

.”ഈ വിവരം നമ്മുടെ കാഥികൻ അറിയണ്ട.”,ഞാൻ പറഞ്ഞു.

പറഞ്ഞു പറഞ്ഞു കൂടുതൽ കുഴപ്പത്തിലാക്കണ്ട എന്നുകരുതി ഞങ്ങൾ ഒഴിഞ്ഞുമാറി പോകാൻ തുടങ്ങിയപ്പോൾ നമ്മളുടെ വർഗീസും വർഗീസിൻ്റെ സുഹൃത്തു രാജുവും കൂടി വരുന്നു.

ജോർജ് കുട്ടി പറഞ്ഞു,”കെണിഞ്ഞു,ദാ, രണ്ടുംകൂടി വരുന്നുണ്ട്. രാവിലെ പണിയായി. അവൻ്റെ അന്നയുടെ കേസും കൊണ്ടുള്ള വരവാണ് എന്ന് തോന്നുന്നു. രാവിലെ ഇവന്മാർക്കൊന്നും വേറെ പണിയില്ല. അവര് കാണണ്ട. ഓടിക്കോ”.

ഞങ്ങൾ രണ്ടുപേരുടെയും കയ്യിൽ വീട്ടിലേക്കു വാങ്ങിയ സാധനങ്ങൾ ഉണ്ട്. എൻ്റെ കയ്യിൽ രണ്ടു ബാഗ് നിറയെ പലവിധ സാധനങ്ങൾ ആണ്. ജോർജ് കുട്ടിയുടെ കയ്യിലും എടുപ്പത് സാധനങ്ങൾ രണ്ടു സഞ്ചികളിലായി ഉണ്ട്.

എങ്കിലും ഞങ്ങൾ ഓടി,അവരെ കാണാത്ത നാട്യത്തിൽ.

ഒരു അഞ്ഞൂറു മീറ്റർ കഴിഞ്ഞാൽ റോഡിൽ ഒരു വളവുണ്ട്. അവിടെ എത്തിയാൽ പിന്നെ അവർ ഞങ്ങളെ കാണില്ല.

വളവിലെത്തി ,ഞങ്ങൾ നിന്നു. ദാ അവന്മാർ മുൻപിൽ നിൽക്കുന്നു. കുറുക്കു വഴി ഓടി വന്നിരിക്കുകയാണ്.

“ഇതെന്താ നിങ്ങൾ ഓടിക്കളഞ്ഞത്?” വർഗീസ് ചോദിച്ചു.

“ഞങ്ങൾ സമയം കിട്ടുമ്പോൾ ഓടും ഒരു വ്യായാമം ‌ ഒക്കെ വേണ്ടേ?”.

“ഇത്രയും സാധനങ്ങളും മേടിച്ചു കയ്യിൽ പിടിച്ചോണ്ടാണോ ഓടുന്നത്?”

“വേറെ സമയം കിട്ടണ്ടേ?”

“ഞങ്ങൾ നിങ്ങളെ അന്വേഷിച്ചു വന്നതാ .ഒരു കാര്യം പറയാനുണ്ട്.”

“അതിനെന്താ, പക്ഷെ റോഡിൽ വച്ചാണോ പറയുന്നത്. നിങ്ങൾ വീട്ടിലേക്കു വാ. ഇന്ന് വൈകുന്നേരം നമ്മൾ കാണാം എന്ന് പറഞ്ഞിരുന്നല്ലോ.”

“അത് തന്നെ കാര്യം,ഞങ്ങൾ………..”

“ഇപ്പോൾ പറയണ്ട.വീട്ടിലേക്ക് വാ”.ജോർജ് കുട്ടി എൻ്റെ കയ്യിലിരുന്ന വലിയ ബാഗ് വാങ്ങി വർഗീസിൻ്റെ കയ്യിൽ കൊടുത്തു.”ദാ ഇത് പിടിക്ക്. ഓ സോറി രാജുവിന് പിടിക്കാൻ ഒന്നും തന്നില്ലെങ്കിൽ മോശമല്ലേ.?”

അവൻ്റെ കയ്യിലിരുന്ന വലിയ സഞ്ചി രാജുവിനെ ഏൽപ്പിച്ചു. രണ്ടു പേരും മടിച്ചു മടിച്ചു ഞങ്ങളുടെകൂടെ വീട് വരെ ബാഗുമായി വന്നു.

വീട്ടിലെത്തിയപ്പോൾജോർജ് കുട്ടി പറഞ്ഞു. ” ഇനി പറ, എന്താ കാര്യം.?”

“എനിക്ക് എൻ്റെ പ്രേമഭാജനം അന്നയെയും അവളുടെ ഇരട്ട സഹോദരി ബെന്നയേയും തമ്മിൽ തിരിച്ചറിയാൻ വയ്യ എന്ന പ്രശനം രാജു പരിഹരിച്ചോളാം എന്ന് പറഞ്ഞു. അതുകൊണ്ട് വൈകുന്നേരം കാണാം എന്ന് പറഞ്ഞതിന് വരുന്നില്ല, എന്ന് പറയാനാണ്.”

“കഷ്ടം ,ഇത് നേരത്തെ പറയാമായിരുന്നു. ഞാൻ നിങ്ങളെ വെറുതെ ഇവിടം വരെ നടത്തി.”

“സാരമില്ല. ഞങ്ങള്‌ പോകുന്നു.”

“ആകട്ടെ എങ്ങനെയാണു പ്രശനം പരിഹരിച്ചത്?”

“അന്നേ,എന്നുവിളിക്കുമ്പോൾ അന്ന തിരിഞ്ഞുനോക്കും. പിന്നെ ,രാജു,ബെന്നക്ക് വിഷമം ആകുമല്ലോ ഒരുകൂട്ട് ഇല്ലെങ്കിൽ എന്ന് വിചാരിച്ചു ബെന്നയുടെ കാര്യം നോക്കിക്കോളാമെന്നു സമ്മതിച്ചു.”

അവർ രണ്ടുപേരും നടന്നുതുടങ്ങി.

“ഒത്താൽ ഇനി തമ്മിൽ കാണാം.”.

“അതെന്താ അങ്ങനെ പറഞ്ഞത്?കുഴപ്പങ്ങൾ വല്ലതും ഉണ്ടാകുമോ? ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം”.

“തീർച്ചയായും.പ്രാർത്ഥിക്കുകയും മെഴുകുതിരി കത്തിക്കുകയും ചെയ്തേക്കാം.”

“മെഴുകുതിരി?”

“അതെ നിങ്ങളുടെ ശവകുടീരത്തിൽ കത്തിച്ചു വച്ചേക്കാം.”

“ജോർജ് കുട്ടി ചങ്കിൽ കൊള്ളുന്ന വർത്തമാനം പറയാതെ..”

ജോർജ് കുട്ടി അകത്തുപോയി ഒരു ബൈബിൾ എടുത്തുകൊണ്ടുവന്നു,കിട്ടിയ പേജ് തുറന്നു വായിച്ചു,”മനസ്സു സന്നദ്ധമാണെങ്കിലും ശരീരം സന്നദ്ധമല്ല………..”

ഇത്രയും വായിച്ചിട്ടു അവരെ നോക്കി.മറ്റൊരു പേജ് തുറന്നു വീണ്ടും വായിച്ചു,”പരീക്ഷയിൽ ഉൾപ്പെടാതിരിക്കുവാൻ ഉണർന്നിരുന്നു പ്രാർത്ഥിക്കുവിൻ.”

രണ്ടുപേരും ഞങ്ങളെ ദയനീയമായി നോക്കി. ജോർജ്‌കുട്ടി വീണ്ടും അടുത്തപേജ് തുറക്കുന്നത് കണ്ട ഭയപ്പാടയോടെ അവർ തിരിഞ്ഞു നടക്കുമ്പോൾ ജോർജ് കുട്ടി വായിച്ചു,”കണ്ണ് കണ്ടിട്ടില്ലാത്തതും ചെവി കേട്ടിട്ടില്ലാത്തതും………………”അവർ അത് കേൾക്കാൻ നിന്നില്ല.

“സംപാങ്ങി റെഡ്ഢിയുടെ മക്കളാണ് അന്നയും ബന്നയും.ഈ ഏരിയയിലെ അറിയപ്പെടുന്ന ഗുണ്ടയാണ് അയാൾ “‌.അവർ പോയിക്കഴിഞ്ഞു ജോർജ് കുട്ടി പറഞ്ഞു.”അവന്മാരുമായിട്ടു ഇനി ഇടപാട് ഒന്നും വേണ്ട. വെറുതെ അടി പാഴ്‌സൽ ആയി വരും”.

ജോർജ് കുട്ടി പറഞ്ഞതുപോലെ സംഭവിച്ചു.

പതിവുപോലെ വൈകുന്നേരം നടക്കാനിറങ്ങിയപ്പോൾ വഴിയിൽ വച്ച റെഡ്ഢിയെ കണ്ടുമുട്ടി.റെഡ്ഢിക്ക് ജോർജ് കുട്ടിയെ അറിയാം .അയാൾ വിളിച്ചു,” ഡേ,ജോർജ് കുട്ടി നിൽക്കൂ.ഒരു കാര്യം പറയാനുണ്ട്.”

ഞങ്ങൾ നിന്നു.അയാൾ അടുത്തു വന്നു.

“നിങ്ങളുടെ നാട്ടുകാർ രണ്ടു പിള്ളേർ എൻ്റെ മക്കളുടെ പുറകെ നടന്നു ശല്യപ്പെടുത്തുന്നുണ്ട്. അവന്മാരോട് മര്യാദയ്ക്ക് നടക്കാൻ പറയണം.”തെലുങ്കിലാണ് സംസാരം,അതുകൊണ്ട് എനിക്ക് ശരിക്കും മനസ്സിലാകുന്നില്ല.

“റെഡ്‌ഡി അണ്ണാ പറയാമായിരുന്നു. പക്ഷെ,അവരുടെ ഭാഷയും ഞങ്ങളുടെ ഭാഷയും വേറെ വേറെ ആണ്. ഞങ്ങളുടെ ഭാഷയിൽ വേണം എന്ന് പറയുന്നത് അവരുടെ ഭാഷയിൽ വേണ്ട എന്നാണ്. അവരുടെ ഭാഷയിൽ ഞാൻ പറഞ്ഞാൽ അവര് വിചാരിക്കും……………”

“മതി ഞാൻ പറഞ്ഞോളാം.”

രണ്ടു ദിവസം കഴിഞ്ഞു.വർഗീസിനെയും രാജുവിനേയും വഴിയിൽ വച്ചുകണ്ടു..ഞങ്ങളുടെകൂടെ സെൽവരാജനും അച്ചായനും ഉണ്ടായിരുന്നു. വർഗീസിൻ്റെ മുഖത്തിൻ്റെറെ വലതു ഭാഗവും രാജുവിൻ്റെ ഇടതു ഭാഗവും കറുത്ത് കരുവാളിച്ചിരിക്കുന്നു.

അവർ ഞങ്ങളെ കാണാത്ത ഭാവത്തിൽ നടന്നു.

“അറിയാത്ത പിള്ളയ്ക്ക് ചൊറിയുമ്പോൾ അറിയും”ജോർജ് കുട്ടി പറഞ്ഞു.

“അതിന് അവർ രണ്ടുപേരും പിള്ളയല്ലല്ലോ”.സെൽവരാജൻ.

“ഞാൻ ഒരു പഴഞ്ചൊല്ല് പറഞ്ഞതാണ്.”

“പഴഞ്ചൊല്ലിൽ കതിരില്ല ,എന്നല്ലേ പറയുന്നത്?”

“കതിരല്ല,പതിര്.”

“എന്നാൽ ഞാനൊരു പഴഞ്ചൊല്ല് പറയട്ടെ?”

“വേലിയേൽ ഇരുന്ന പാമ്പിനെ എടുത്ത് ……..”

“എവിടെയാ വച്ചത് എന്ന് പറയണ്ട.”

(തുടരും)

ജോൺ കുറിഞ്ഞിരപ്പള്ളി
 

ഡോ. ഐഷ വി

പടർപ്പൻ പുല്ലിന്റെ മുട്ടങ്ങളിൽ നിന്ന് വെളുത്ത വേരു പോലെ നീണ്ട് മണ്ണിൽ പറ്റാതെ നിന്ന ഒരു ഭാഗം മുറിച്ചെടുത്ത് സത്യൻ എന്റെ നേരെ നീട്ടി. ഞാനത് കൈയ്യിൽ വാങ്ങി നോക്കി. നല്ല രസമുണ്ട് കാണാൻ. ഇയർ ബഡ് പോലെ ഒരു മഞ്ഞ് തുള്ളി അതിന്റെ തുമ്പത്തുണ്ട്. ചിരവാത്തോട്ടത്തെ വല്യ വിള വീട്ടിലേയ്ക്ക് കാർ കയറാനായി (അന്ന് സ്വന്തം കാർ ഇല്ലെങ്കിലും വല്യമാമൻ മിക്കവാറും എല്ലാ ആഴ്ചയും ടാക്സി കാറിൽ വരാറുണ്ടായിരുന്നു.) വെട്ടിയൊരുക്കിയ വീതിയുള്ള വഴിയുടെ ഇരുവശത്തുമുള്ള കയ്യാലയുടെ വശങ്ങളിൽ പടർന്നു കിടന്ന പുല്ലിലാണ് ഈ അത്ഭുതം. ഞാൻ അതിൽ നോക്കി നിൽക്കെ സത്യൻ ഒന്നുരണ്ടെണ്ണം കൂടി പിച്ചിയെടുത്തു. എന്നിട്ട് സത്യന്റെ കണ്ണിലേയ്ക്ക് ആ മഞ്ഞുതുള്ളി തൊട്ടു. മഞ്ഞുതുള്ളിയുടെ കുളിർമ അനുഭവിച്ച ശേഷം സത്യൻ പറഞ്ഞു. ഐഷ അത് കണ്ണിൽ വച്ച് നോക്കൂ നല്ല തണുപ്പുണ്ട്. ഞാൻ ആ മഞ്ഞുതുള്ളി കണ്ണിൽ വച്ചു. സംഗതി ശരി തന്നെ. ഞങ്ങൾ രണ്ടു പേരും കൂടി വലിയ കണ്ടുപിടിത്തം നടത്തിയ മട്ടിൽ മഞ്ഞ് തുള്ളിയുള്ള ഭാഗങ്ങൾ പൊട്ടിച്ചെടുത്ത് കണ്ണിൽ വച്ചു. കിഴക്ക് ദിക്കിൽ നിന്ന് വരുന്ന അരുണകിരണങ്ങൾ മഞ്ഞുതുള്ളിയിൽ തട്ടി കുഞ്ഞ് മഴവില്ല് തീർക്കുന്നത് ഞങ്ങൾ ആസ്വദിച്ചു. പിന്നെ അവിടെ നിന്ന കിളിമരത്തിൽ പടർന്നു കയറിയ അരിമുല്ലവള്ളിയിൽ നിന്നും കൊഴിഞ്ഞ മദ്ധ്യഭാഗത്ത് അല്പം പാടലവർണ്ണം വന്നു തുടങ്ങിയ മുല്ലപ്പൂക്കൾ ഞങ്ങൾ പെറുക്കിയെടുത്തു. അപ്പോഴാണ് പടർപ്പൻ പുല്ലിന്റെ ഇലത്തുമ്പിലും മഞ്ഞുകണങ്ങൾ ഉള്ള കാര്യം ഞാൻ ശ്രദ്ധിച്ചത്.

വഴിയുടെ മറുവശത്ത് മഞ്ഞ നിറമുള്ള പൂക്കൾ പിടിയ്ക്കുന്ന വാക മരത്തിൽ പടർന്നു കയറിയ കുരിക്കുത്തി മുല്ലയ്ക്കരികിലേയ്ക്ക് ഞങ്ങൾ നടന്നു. ഒറ്റനോട്ടത്തിൽ പല വർണ്ണങ്ങളായിരുന്നു ആ വൃക്ഷത്തിൽ കണ്ണിന് വിരുന്നേകാൻ ഉണ്ടായിരുന്നത്. വാക പൂക്കളുടെ മഞ്ഞ നിറo. തലേന്നിന്റെ തലേന്ന് വിരിഞ്ഞ പൂവിന്റെ ചുവന്ന നിറം. തലേന്ന് വിരിഞ്ഞ കുരിക്കുത്തി മുല്ലപ്പൂവിന്റെ റോസ് നിറം അന്ന് വിരിഞ്ഞ കുരിക്കുത്തി മുല്ലപ്പൂവിന്റെ വെള്ളനിറം. പിന്നെ കുരിക്കുത്തി മുല്ലയുടെ ഇലകളുടെ പച്ച നിറം വാകയിലയുടെ കടും പച്ചനിറം. ആകെ വർണ്ണ മയം തന്നെ. ഞാൻ കൈയ്യെത്താവുന്ന ഉയരത്തിലുള്ള കുരിക്കുത്തി മുല്ല പൂക്കൾ പറിച്ചെടുത്തു. അപ്പോഴാണ് കുരിക്കുത്തി മുല്ലയുടെ കുറേ വള്ളികൾ തൊട്ടടുത്ത് നിൽക്കുന്ന വേപ്പിലും കയറിയിട്ടുണ്ട് എന്ന് മനസ്സിലായത്. ഞങ്ങൾ മുല്ലപ്പൂക്കൾ വാഴനാരിൽ കോർത്തെടുത്തു. ഞാൻ കുരു കുത്തി മുല്ല പൂക്കൾ കമലാക്ഷി എനിക്ക് പഠിപ്പിച്ച് തന്ന രീതിയിൽ മെടഞ്ഞെടുത്തു.

ഞങ്ങൾ പൂക്കളുമായി അടുക്കളയിലേയ്ക്ക് ചെന്നപ്പോൾ അമ്മാമ്മ പറഞ്ഞു. സ്വർണ്ണമ്മയാ( ഞങ്ങളുടെ കുഞ്ഞമ്മ) വാകമരവും കുരിക്കുത്തി മുല്ലയും കൊണ്ടുവന്ന് നട്ടത്. കൊല്ലം എസ് എൻ വിമൺസിൽ പഠിക്കുന്ന കാലത്ത് തൈ കൊണ്ടുവന്നു കുഴിച്ചു വച്ചു. കുരിക്കുത്തി മുല്ല ആ കൊച്ച് യക്ഷിപ്പുരയിൽ നിന്നും കൊണ്ട് വന്ന് വച്ചതാ.

ഏതാനും വർഷങ്ങൾ കഴിഞ്ഞ് കാല്പനിക കവി ചങ്ങമ്പുഴ കൃഷ്ണ പിള്ളയുടെ “ആരാമത്തിന്റെ രോമാഞ്ചം” എന്ന കവിത പഠിക്കുമ്പോൾ ആദ്യം മനസ്സിൽ ഓടി വന്ന ചിത്രം പുലർകാലത്തെ മഞ്ഞുതുള്ളി തണുപ്പേകിയ മകരമാസ ദിനങ്ങളായിരുന്നു.

മകരമാസത്തിന് പിന്നേയുമുണ്ട് പ്രത്യേകത. മരച്ചീനി വിളവെടുത്ത് ഉണക്കാനിടുന്നത് മകരമാസത്തിലാണ്. രാവും പകലും നിവർത്തിയിട്ട പനമ്പിൽ നിരത്തിയിരിയ്ക്കുന്ന ചീനി മഞ്ഞും വെയിലുമേറ്റ് ഉളുമ്പുകയറാത്തവിധം ദൃഢതയുള്ളതായി തീരുന്നു. തേനീച്ചകൾക്ക് തേൻ ലഭ്യത കൂടുന്നതും മഴ പെയ്യാതെ മഞ്ഞ് നിൽക്കുന്ന മാസത്തിൽ തന്നെ.

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

ജോൺ കുറിഞ്ഞിരപ്പള്ളി

സാധാരണ ദിവസങ്ങളിൽ ജോലി കഴിഞ്ഞുവന്നാൽ ഞാനും ജോർജ് കുട്ടിയും ചായകുടിയും കഴിഞ്ഞ് ഒരു മണിക്കൂർ നടക്കാൻ പോകുന്ന പതിവുണ്ട്.പതിവുപോലെ നടക്കാനിറങ്ങിയപ്പോൾ അച്ചായനും സെൽവരാജനും ഞങ്ങളെ അന്വേഷിച്ചു വീട്ടിലേക്കുവരുന്നു,കൂടെ ഒരു പരിചയമില്ലാത്ത ഒരാളും ഉണ്ട്.”ഇതെന്താ എല്ലാവരുംകൂടി?ചീട്ടുകളിക്ക് സമയമായില്ല.”

ഉടനെ അച്ചായൻ പറഞ്ഞു,”മാഷെ, നിങ്ങളെ തേടി വരുകയായിരുന്നു. ഇത് വർഗീസ്,ജോർജ് കുട്ടിയുടെ നാട്ടുകാരനാണ്. പുള്ളിക്ക് ഒരു പ്രശ്നം.നിങ്ങൾ നാട്ടുകാരല്ലേ, ഒന്നു പരിചയപ്പെടാം എന്ന് വിചാരിച്ചു കൂട്ടിക്കൊണ്ടു വന്നതാണ്.”

അനുസരണയുള്ള ആട്ടിൻ കുട്ടിയെപ്പോലെ വർഗീസ് നിന്നു.

“ഇവന്, അവൻ താമസിക്കുന്ന വീടിനടുത്തുള്ള ഒരു പെങ്കൊച്ചുമായി പ്രേമം.”

“പ്രേമിച്ചോ. ഞങ്ങൾ ആരെങ്കിലും വേണ്ടാന്ന് പറഞ്ഞോ? ഇനി അത് കലക്കണോ? “ജോർജ് കുട്ടി ചോദിച്ചു.

“””””””ഒന്ന് മിണ്ടാതിരി ജോർജ് കുട്ടി,അവർ പറയട്ടെ.”

വർഗീസിൻറെ പ്രേമഭാജനം കാണുമ്പോൾ ചിരിക്കും. എന്നാൽ അത് ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ മാത്രം.അതായതു തിങ്കളാഴ്ച ചിരിച്ചാൽ പിന്നെ ചൊവ്വാഴ്ച മൈൻഡ് ചെയ്യില്ല. പിന്നെ ബുധനാഴ്ച ചിരിക്കും. അങ്ങനെയുള്ള ഒരാളോട് എങ്ങനെ ഇഷ്ടമാണെന്ന് പറയും?”.

“അത് ശരി. അത് വെളുത്ത വാവ് കറുത്തവാവ് എന്നൊക്കെ കേട്ടിട്ടില്ലേ. അങ്ങനെ വാവ് വല്ലതും ആയിരിക്കും.”

“തമാശ കളയൂ ജോർജ് കുട്ടി,ഇവന് ഭയങ്കര പേടി. എന്തുചെയ്യണം എന്നറിയില്ല.”

“ഒരു കാര്യം ചെയ്യൂ ഞങ്ങൾക്ക് വിട്ടു തന്നേക്ക്. ഞങ്ങൾ ഒന്നു നോക്കട്ടെ.”

വർഗീസ് പറഞ്ഞു,”ചേട്ടാ ചതിക്കല്ലേ.”

“ഒരു കോളും കൊണ്ടുവന്നിരിക്കുന്നു. നാട്ടുകാരുടെ തല്ലു മേടിച്ചുകൂട്ടാൻ ഒരു പണി. അല്ലെങ്കിൽത്തന്നെ ജോർജ് കുട്ടി ആവശ്യത്തിന് പണി തരുന്നുണ്ട്.”ഞാൻ പറഞ്ഞു.

“ഇവനെ നമ്മുക്ക് ഒഴിവാക്കാം ഈ കേസ് ഞാൻ അനേഷിക്കാം. എൻ്റെ നാട്ടുകാരനായിപ്പോയില്ലേ.”ഇവനെ ഒന്നിനും കൊള്ളില്ല.”

എന്നെ പതുക്കെ കണ്ണിറുക്കി കാണിച്ചു.

“ഒന്നരാടൻ പ്രേമം,എന്ന് പേരിട്ടു നമുക്ക് ഒരു സിനിമ പിടിക്കാം. സംവിധായകൻ നമ്മുടെ കസ്റ്റഡിയിൽ ഉണ്ടല്ലോ”. സെൽവരാജൻ.

“കേസ് വിശദമായിട്ടു പഠിക്കണം. അത് ഇങ്ങനെ റോഡിൽ നിന്ന് സംസാരിക്കേണ്ട വിഷയമല്ല. ഒരു ചായയൊക്കെ കുടിച്ച് ഒരു മേശക്ക് ചുറ്റും ഇരുന്ന് സംസാരിക്കേണ്ട വിഷയമാണ്. ഞങ്ങളുടെ വീട്ടിലേക്ക് പോകാമായിരുന്നു. ചായയുണ്ടാക്കാൻ വച്ചിരുന്ന പാല് പൂച്ച കുടിച്ചുപോയി.”

“നിങ്ങൾക്ക് പൂച്ചയുണ്ടോ?”

“ഞങ്ങൾക്കില്ല. അയൽവക്കത്തുകാർക്ക് ഉണ്ട്. പാവം പൂച്ചയല്ലേ എന്നു വിചാരിച്ചു കുടിക്കട്ടെ എന്ന് കരുതി.”

“അത് സാരമില്ല. നമുക്ക് ഹോട്ടലിൽ പോകാം”. വർഗീസ് പറഞ്ഞു.

ഹോട്ടൽ മഞ്ജുനാഥയിലേക്ക് ഞങ്ങൾ ആഘോഷമായി നീങ്ങി. എല്ലാവർക്കും ചായയും മസാലദോശയും വർഗീസ് ഓർഡർ ചെയ്തു. ചായകുടി കഴിഞ്ഞപ്പോൾ ജോർജ് കുട്ടി പറഞ്ഞു,”നമുക്ക് അല്പം നടന്നുകൊണ്ട് സംസാരിക്കാം.”

വർഗീസ് ബില്ല് പേ ചെയ്തു റെഡിയായി. ഞങ്ങൾ നടന്നു.

“അപ്പോൾ നമ്മളുടെ വിഷയം ഒന്നരാടൻ പ്രേമം ആണ്. എന്തുകൊണ്ടാണ് അവൾ ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ മാത്രം പരിചയം കാണിക്കുന്നത്? ചിലപ്പോൾ ആ ദിവസങ്ങളിൽ വേറെ ആരെയെങ്കിലും പ്രേമിക്കുന്നുണ്ടാകും, എന്ന് ഞാൻ പറയുന്നില്ല. പക്ഷെ,ചാൻസ് ഉണ്ട്. “വർഗീസിൽ നിന്നും നെടുവീർപ്പ് ഉയർന്നു.

“ചങ്കിനിട്ടു കുത്താതെ ജോർജ് കുട്ടി.”

“അടി ഒന്നും ആയിട്ടില്ല,വടി വെട്ടാൻ പോയിട്ടേയുള്ളു.”ജോർജ് കുട്ടി പറഞ്ഞു.

“അടിയുണ്ടാകും അല്ലെ. എന്നാൽ ഞാനില്ല”സെൽവരാജൻ.

“എടാ മണ്ടാ,ഒരു പഴഞ്ചൊല്ല് പറഞ്ഞതല്ലേ?”

“അത് ശരി. എന്നാലും തല്ലുണ്ടാകാൻ സാധ്യത കാണുന്നുണ്ട്. ഇനി ചായ കുടിക്കുന്നുണ്ടോ?”

“എന്താ?”

“ഇല്ലെങ്കിൽ പോയേക്കാം എന്ന് വിചാരിച്ചു “.

“വർഗീസ്സ്, ഒന്നുകൊണ്ടും ഭയപ്പെടേണ്ട,ഞാൻ നിങ്ങളോടുകൂടിയുണ്ട്”. ജോർജ് കുട്ടി പറഞ്ഞു.

“ഇത് എവിടെയോ കേട്ടിട്ടുണ്ടല്ലോ?”.അച്ചായൻ.

“അത് ബൈബിളിലുള്ളതാ. ദിനകരനെ കോപ്പി അടിച്ചതാ, “ഞാൻ പറഞ്ഞു.

അച്ചായനെയും സെൽവരാജനേയും, വർഗീസ്സ് പറയുന്നത് സത്യമാണോ എന്ന് നിരീക്ഷിക്കുന്നതിന് അന്വേഷണ കമ്മീഷൻ ആയി നിയമിച്ചു. എല്ലാ ദിവസവും ഇതേ സമയത്ത് ഹോട്ടൽ മഞ്ജുനാഥയിൽ ഒരു ടേബിളിന് ചുറ്റുമിരുന്ന് കാര്യങ്ങൾ ചർച്ച ചെയ്യുക, എന്ന് എല്ലാവരും ചേർന്ന് തീരുമാനിച്ചു.

ഒരാഴ്‌ച്ച വൈകുന്നേരത്തെ ചായകുടിയും മസാലദോശയും വർഗീസ് സ്പോൺസർ ചെയ്തു. കമ്മീഷൻ വർഗീസ്സ് പറയുന്നത് സത്യമാണ് എന്ന് മനസിലാക്കി റിപ്പോർട്ടും തന്നു. ഇനി എന്ത്? ഞങ്ങൾ തമ്മിൽ തമ്മിൽ പറഞ്ഞുകൊണ്ടിരുന്നു.

കാഥികൻ കൊല്ലം രാധാകൃഷ്ണനും ഗോപാലകൃഷ്ണനും സ്ഥലത്തെത്തി,ഒരു പുതിയ കഥയുമായി,പേര് ഒന്നരാടൻപ്രേമവും മസാല ദോശയും.കേസ് അന്വേഷണം പൂർത്തിയായിട്ടൂ മാത്രം പരസ്യമാക്കുകയുള്ളൂ എന്ന് ഒരു കരാറുണ്ടാക്കി തൽക്കാലം അവരെ ഒതുക്കി.

ഭാഗ്യം ഞങ്ങളെ തേടി വന്നു.

അടുത്ത ദിവസം നടക്കാനിറങ്ങിയപ്പോൾ ഞങ്ങളുടെ ഹൗസ്സ് ഓണറിന്റെ മകളും വർഗീസിന്റെ പ്രേമഭാജനവും ഒന്നിച്ചു നടന്നു വരുന്നു. ഹൗസ് ഓണറുമായിട്ടു വളരെ അടുപ്പത്തിലായിരുന്നു ഞങ്ങൾ. അവരുടെ കുടുംബാംഗങ്ങളെപ്പോലെ അവർ കരുതിവന്നു. ഞങ്ങളെ കണ്ടപാടെ മരിയ ചോദിച്ചു,”അണ്ണാ,ഈവനിംഗ് വാക്കിന് ഇറങ്ങിയതാണോ?”

“ഉം,ഇതാരാ ഒപ്പം?”

മരിയ ഒരുപാട് സംസാരിക്കുന്ന കുട്ടിയാണ്. അവൾ പറഞ്ഞു,”ഇത് അന്ന,എൻ്റെ കൂടെ കംപ്യൂട്ടർ കോഴ്സ് പഠിക്കുന്നു. ഇവള് ട്വിൻസാണ്,കൂടെയുള്ളത് ബെന്ന. അവൾക്കു നാളെയാണ് ക്‌ളാസ് ”

പ്രശ്നം പരിഹരിച്ചു. അത് ഇരട്ട കുട്ടികളാണ്. അതിൽ അന്നയാണ് വർഗീസിനെ കാണുമ്പോൾ ചിരിച്ചുകാണിക്കുന്നത്.

വിവരം അറിഞ്ഞ വർഗീസ്സ് .”കർത്താവെ,ഞാൻ എങ്ങനെ അവരെ തമ്മിൽ തിരിച്ചറിയും?”

“ഏതായാലും തല്ലുകിട്ടും. പിന്നെയെന്തിനാ തിരിച്ചറിയുന്നത്?”സെൽവരാജന് അതാണ് സംശയം.

“അതിനു പണിയുണ്ട്.”

“എന്ത് പണി?” വർഗീസ്സ് .

“നാളെ ഇതേ സമയത്തു ഹോട്ടൽ മഞ്ജുനാഥയിൽ വച്ച് നമുക്ക് ചർച്ചചെയ്യാം.” വർഗീസ്സ് സമ്മതിച്ചു.

സാധാരണ ഞാനും ജോർജ് കുട്ടിയും വൈകുന്നേരം ഒന്നിച്ചു ഭക്ഷണം തയ്യാറാക്കും. ജോർജ് കുട്ടിക്ക് നന്നായി പാചകം ചെയ്യാൻ അറിയാം. ഒന്ന് സഹായിച്ചുക്കൊടുത്തൽ മതി. സെൽവരാജനും അച്ചായനും അങ്ങനെ തന്നെയാണ്. ചില ദിവസങ്ങളിൽ സെൽവരാജൻ നേരത്തെ എത്തും. അപ്പോൾ പുള്ളി ഒറ്റയ്ക്ക് എല്ലാം ചെയ്യും. ഇന്ന് സെൽവരാജൻ നേരത്തെ വന്നതുകൊണ്ട് അച്ചായൻ ചോദിച്ചു,”എല്ലാം റെഡിയല്ലേ സെൽവരാജാ ,എനിക്ക് വിശക്കുന്നു.”

സെൽവരാജന് ആ ചോദ്യം ഇഷ്ടപ്പെട്ടില്ല.”എല്ലാം റെഡി “,അവൻ പറഞ്ഞു,
“എന്താ നീ ചെയ്തത്?”
“കുടിക്കാൻ പാഷാണം കലക്കി വച്ചിട്ടുണ്ട്.”
“ഓ എനിക്ക് അല്പം പണിയുണ്ട്. നീ കുടിച്ചിട്ട് കിടന്നോ. ഞാൻ വന്നേക്കാം.” എല്ലാവരും ചിരിച്ചു.

അപ്പോൾ കാഥികൻ കൊല്ലം രാധാകൃഷ്ണനും വാല്,ഗോപാലകൃഷ്ണനും ഓടി വന്നു.”അപ്പോൾ നമുക്ക് കഥ ആരംഭിക്കാം അല്ലെ? സഹൃദയരെ ,ഞാൻ നിങ്ങളോടു പറയാൻ പോകുന്ന കഥയുടെ പേര്,അന്നയും ബെന്നയും. അതാ അങ്ങോട്ട് നോക്കൂ, എന്താണ് നമ്മൾ കാണുന്നത്?”

” ഓടിക്കോടാ , നമ്മൾ കാണുന്നത് എല്ലാവരും ഓടി രക്ഷപ്പെടുന്നത്. “ഞങ്ങൾ എല്ലാവരും ഓടി. അപ്പോഴും രാധാകൃഷ്ണനും ഗോപാലകൃഷ്ണ്ണനും പാടുന്നു,മാമലകൾക്ക് അപ്പുറത്ത് ………….”

(തുടരും)

ജോൺ കുറിഞ്ഞിരപ്പള്ളി
 

രാജു കാഞ്ഞിരങ്ങാട്

പിരിയാൻ മടിച്ച മനസ്സ്
പിണഞ്ഞു കിടന്നിരുന്നു
ശരീരം പറഞ്ഞു:
സമയമായ് നമുക്ക് പിരിയാം

പിരിയാതെ തരമില്ല
മാടി വിളിക്കുന്നുണ്ട് പട്ടിണി

കൂട്ടുകാരാ, ഒരിക്കൽ നാം കണ്ടുമുട്ടും
എന്നാണെന്ന് ചോദിക്കരുത്
കൊച്ചു നാളിലെ നഗ്നത പോലെ –
യെനിക്കു നീ പ്രിയം

പ്രിയപ്പെട്ടവർ മൺമറഞ്ഞു
മനസ്സിലുണ്ട് നീ തന്ന ഉപ്പും ,ചോറും
നൊന്തു പെറ്റതല്ലെങ്കിലും
നോവുന്നൊരമ്മ മനസ്സ്
ഇന്നും പേരുചൊല്ലി വിളിക്കാറുണ്ട്

അമ്മേ, നീയാണെൻ്റെ –
ഉയിര്,
ഉൺമ

കൂട്ടുകാരാ, ഒരിക്കൽക്കൂടി
നമുക്കാ ബാല്യത്തിലേക്കു പറന്നു –
പോകണം
ഓർമ്മയുടെ ഒറ്റത്തൂവൽ പൊഴിച്ചിടണം
മരിച്ചാലും മറക്കാതിരിക്കാൻ
ഒരടയാളം

രാജു കാഞ്ഞിരങ്ങാട്

സ്ഥലം :- കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലുള്ള കാഞ്ഞിരങ്ങാട്
അച്ഛൻ :- കല്ല്യാടൻ വീട്ടിൽ കണ്ണൻ നായർ
അമ്മ :- കെല്ലറേത്ത് കാർത്ത്യായനിയമ്മ
ഭാര്യ :- അഴീക്കോടൻ ശോഭന
മക്കൾ:- രസ്ന ,രസിക, രജിഷ
ജോലി: – തളിപ്പറമ്പ ആർട്സ് & സയൻസ് കോളേജ് കാഞ്ഞിരങ്ങാട്
ആനുകാലികങ്ങളിൽ എഴുതാറുണ്ട്
ആകാശവാണിയിൽ കഥ, കവിത അവതരിപ്പിക്കാറുണ്ട്
തുളുനാട് മാസിക പുരസ്കാരം, ചിലങ്കം മാസിക ജനപ്രിയ പുരസ്കാരം, മലയാള രശ്മി മാസിക പുരസ്കാരം,കണ്ണൂർ നർമ്മവേദി പുരസ്കാരം, ചിലങ്ക സാംസ്കാരിക വേദി പുരസ്കാരം, യുവ ആർട്സ് ജില്ലാതല പുരസ്കാരം, പാലക്കാട് സൃഷ്ടികവിതാ പ്രത്യേക ജൂറി പുരസ്കാരം, KCEU കണ്ണൂർ ജില്ലാതല കവിതാ പുരസ്കാരം, വിരൽ മാസിക പുരസ്കാരങ്ങൾ ( 2018, 2019) തിരുവനന്തപുരം (കലാലയ കൂട്ടായ്മ പുരസ്കാരം 20l 8, വാലെന്റൈൻ പുരസ്കാരം 2019, സ്പെഷ്യൽ അവാർഡ് )എന്നിവ ലഭിച്ചിട്ടുണ്ട്
പ്രസിദ്ധീകരിച്ച പുസ്തകൾ:-
1, ആസുരകാലത്തോടു വിലാപം
2 ,കാൾ മാർക്സിന്
3, കണിക്കൊന്ന (ബാലസാഹിത്യം )
4. ഒരു സ്ത്രീയും പറയാത്തത്
എന്നീ കവിതാ സമാഹാരങ്ങൾ ‘ബാനത്തെ വിശേഷങ്ങൾ’എന്ന നോവൽ മലയാള രശ്മി  മാസികയിൽ  ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു.

ഫോൺ :- 9495458138

 

RECENT POSTS
Copyright © . All rights reserved