Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ചാൾസ് രാജാവിന്റെ കിരീടധാരണം ഭരണഘടനാ പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന ചിലരുടെ വാദങ്ങളിൽ വിവാദം പുകയുന്നു. രാജാവ് വിവാഹ മോചിതനാണെന്നും തൽസ്ഥാനത്ത് തുടരാൻ കഴിയില്ലെന്നുമാണ് ഒരുകൂട്ടം ആളുകൾ ചൂണ്ടിക്കാട്ടിയത്. വെള്ളിയാഴ്ചയാണ് പ്രസ്തുത വിഷയത്തെ ചുറ്റിപറ്റിയുള്ള ചർച്ചകൾക്ക് തുടക്കമിട്ടത്. രാജാവിന്റെ ജീവചരിത്രം എഴുതിയ ആന്റണി ഹോൾഡൻ, കിരീടധാരണം അസാധുവാകാൻ സാധ്യതയുണ്ടെന്ന് വാദിച്ച് ദി ഗാർഡിയൻ പത്രത്തിന് ഒരു കത്ത് അയച്ചിരുന്നു.

വിവാഹമോചിതനും അഡൾട്ടറി കുറ്റങ്ങൾ ഏറ്റുപറയുകയും ചെയ്ത ഒരാൾ രാജാവായി തുടരുന്നത് ഉചിതമാണോ എന്നും, ചർച്ച് ഓഫ് ഇംഗ്ലണ്ട് ഇതിനു മുൻപ് ഇങ്ങനെയൊരു നടപടി കൈകൊണ്ടിട്ടില്ലെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കട്ടി. കാലം ചെയ്ത കാന്റർബറിയിലെ മുൻ ആർച്ച് ബിഷപ്പ് ഇതിനെ കുറിച്ച് തന്നോട് സംസാരിച്ചെന്നും കിരീടധാരണം പുനഃപരിശോധിക്കണമെന്നും ഹോൾഡൻ വാദിക്കുന്നുണ്ട്. ഇതിനു മുൻപ് 2002ൽ ഫ്ലാഗ്-വേവറിൽ നിന്ന് റിപ്പബ്ലിക്കനിലേക്ക് എന്ന പേരിൽ അദ്ദേഹം ഒരു ലേഖനം എഴുതിയിരുന്നു. ഇതാണ് ഇങ്ങനെയൊരു ആരോപണത്തിലേക്ക് അദ്ദേഹത്തെ നയിച്ചതെന്നും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ഹോൾഡന്റെ ആരോപണങ്ങളിൽ വസ്തുതയുടെ കണിക പോലുമില്ലെന്നാണ് ജീവചരിത്രക്കാരൻ ഹ്യൂഗോ വിക്കേഴ്സ് പറഞ്ഞു. രാജാവിനോട് വർഷങ്ങളായി നിലനിൽക്കുന്ന പക മാത്രമാണ് ആരോപണങ്ങളായി അദ്ദേഹം ഉന്നയിക്കുന്നതെന്നും വിക്കേഴ്സ് പറഞ്ഞു. ആരോപണങ്ങൾ ഉന്നയിച്ചത് കൊണ്ട് മാത്രം കാര്യമില്ലെന്നും അത് സാധൂകരിക്കാനുള്ള തെളിവുകളാണ് ആവശ്യമെന്നും നിരീക്ഷകർ പറയുന്നു. 1980 മുതൽ 1991 വരെ ആർച്ച് ബിഷപ്പായിരുന്നപ്പോൾ റോബർട്ട് റൺസി നടത്തിയ സ്വകാര്യ സംഭാഷണത്തെക്കുറിച്ച് അഭിപ്രായം പറയാൻ കഴിയില്ലെന്നും വിദഗ്ധർ വ്യക്തമാക്കി

ബെനഡിക്റ്റ് പതിനാറാമാന്‍ മാര്‍പാപ്പ അന്തരിച്ചു. 95 വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹചമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഇന്ന് രാവിലെ 9.34 ഓടെ വത്തിക്കാനിലെ മാറ്റെര്‍ എസ്‌ക്ലേഷ്യ ആശ്രമത്തില്‍ വച്ചായിരുന്നു അന്ത്യം. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പിന്‍ഗാമിയായി 2005 -ലാണ് സ്ഥാനമേല്‍ക്കുന്നത്. അനാരോഗ്യംമൂലം 2013 -ല്‍ സ്ഥാന ത്യാഗം ചെയ്തു. തുടര്‍ന്ന് പോപ്പ് എമിരെറ്റിസ് എന്ന പദവിയില്‍ വത്തിക്കാന്‍ ഗാര്‍ഡന്‍സിലെ വസതിയില്‍ വിശ്രമ ജീവിതത്തിലായിരുന്നു. ആറ് നൂറ്റാണ്ടുകള്‍ക്കുള്ളില്‍ സ്ഥാന ത്യാഗം ചെയ്യുന്ന ആദ്യ മാര്‍പാപ്പയാണ് അദ്ദേഹം.

ബാവേറിയയിൽ നിന്നും ആഗോള കത്തോലിക്കാ സഭയുടെ മേലധ്യക്ഷ പദവിയിലേക്ക്..

ജോസഫ്‌ റാറ്റ്‌സിംഗർ എന്നാണ് യഥാർത്ഥ പേര്. 1927 ഏപ്രിൽ 16 നു ജർമനിയിലെ ബാവേറിയയിലാണ് മാർപ്പാപ്പ ജനിച്ചത്. 2005 – 2013 വരെയുള്ള കാലയളവിൽ മാർപ്പാപ്പയായിരുന്ന ഇദ്ദേഹം 2013 ഫെബ്രുവരി 28-ന് തൽസ്ഥാനത്തു നിന്നും രാജിവച്ചു. ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷ പദവിയിൽ നിന്നും 600 വർഷങ്ങൾക്ക് ശേഷമാണ് ഒരു മാർപ്പാപ്പ സ്ഥാനത്യാഗം ചെയ്യുന്നത്. അനാരോഗ്യം മുഖ്യ കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി തലസ്ഥാനത്ത് നിന്നും മാറിയത് സഭാ മേലധ്യക്ഷൻമാർക്കിടയിൽ പുതിയൊരു മാതൃകയായിരുന്നു. ഇതിനു മുൻപ് 1415 ൽ ഗ്രിഗറി പന്ത്രണ്ടാമൻ മാർപ്പാപ്പയാണ് സ്ഥാനത്യാഗം ചെയ്തിട്ടുള്ളത്.

2005 ഏപ്രിൽ 19നു നടന്ന പേപ്പൽ കോൺക്ലേവിൽ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ പിൻഗാമിയായി തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം ഏപ്രിൽ 25 -ന് മാർപ്പാപ്പയെന്ന നിലയിൽ ആദ്യ ദിവ്യബലി അർപ്പിച്ചു. അതേ വർഷം തന്നെ മേയ്‌ 7 -ന്‌ ഔദ്യോഗികമായി ചുമതലയേറ്റു. ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പയ്ക്ക് ജർമ്മൻ, വത്തിക്കാൻ പൗരത്വങ്ങളുണ്ട്. 29 ജൂൺ 1951 നു വൈദീക പട്ടം ലഭിച്ച അദ്ദേഹം, 28 മേയ് 1977 ൽ മെത്രാൻ സ്ഥാനത്തും 27 ജൂൺ 1977ൽ തന്നെ കർദിനാൾ സ്ഥാനത്തും എത്തി.

നഷ്ടമായത് മികച്ച വാഗ്മിയെയും എഴുത്തുകാരനെയും..

ആധുനിക കത്തോലിക്കാ സഭയിലെ ഏറ്റവും പ്രശസ്തരായ ദൈവശാസ്ത്രജ്ഞരിലൊരാളും മികച്ച എഴുത്തുകാരനുമായ ഇദ്ദേഹം സഭയുടെ പരമ്പരാഗത പ്രബോധനങ്ങളിലും മൂല്യങ്ങളിലും അടിയുറച്ച് പ്രവർത്തിക്കുന്നതിനാൽ കടുത്ത യാഥാസ്ഥിതികനെന്നാണ് വിമർശകർ ചിത്രീകരിക്കുന്നത്. ജോൺ പോൾ രണ്ടാമൻറെ അടുത്ത സഹായിയായിരുന്ന കർദ്ദിനാൾ റാറ്റ്‌സിംഗർ, മാർപ്പാപ്പയാകുന്നതിനു മുൻപ്‌ ജർമനിയിലെ വിവിധ സർവകലാശാലകളിൽ അധ്യാപകൻ, രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ദൈവശാസ്ത്ര ഉപദേഷ്ടകൻ, മ്യൂണിക് ആൻറ് ഫ്രെയ്സിംഗ് അതിരൂപതാ മെത്രാപ്പോലീത്ത, കർദ്ദിനാൾ, വിശ്വാസ തിരുസംഘത്തിൻറെ തലവൻ, കർദ്ദിനാൾ സംഘത്തിൻറെ ഡീൻ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. എഴുപത്തെട്ടാം വയസിൽ മാർപ്പാപ്പയായ ബെനെഡ്കിറ്റ് പതിനാറാമൻ ക്ലമൻറ് പന്ത്രണ്ടാമനു(1724-1730)ശേഷം ഈ പദവിയിലെത്തുന്ന ഏറ്റവും പ്രായംകൂടിയ വ്യക്തി, ജർമ്മനിയിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഒൻപതാമത്തെ മാർപ്പാപ്പ തുടങ്ങിയ സവിശേഷതകളുമുണ്ട്. ജർമ്മൻ, ഇറ്റാലിയൻ, ഫ്രഞ്ച്‌, ഇംഗ്ലീഷ്‌, സ്പാനിഷ്‌, ലത്തീൻ, ഗ്രീക്ക്‌, ഹീബ്രു ഭാഷകൾ വശമുള്ള മാർപ്പാപ്പ പിയാനോ സംഗീതത്തിലും പ്രാവീണ്യം നേടിയിട്ടുണ്ട്‌.

ഒരേസമയം കയ്യടിയും വിമർശനവും നേരിട്ട അതുല്യ നേതൃപാടവം..

കാലഘട്ടത്തിൻറെ വെല്ലുവിളികൾ നേരിടാൻ അടിസ്ഥാന ക്രൈസ്തവ മൂല്യങ്ങളിലേക്കും പ്രാർത്ഥനയുടെ പാതയിലേക്കും തിരിച്ചുവരണമെന്നാണ് സഭാ തലവനെന്ന നിലയിൽ ആദ്യ വർഷങ്ങളിൽ അദ്ദേഹം കത്തോലിക്കാ സമൂഹത്തെ ഉദ്ബോധിപ്പിച്ചത്. ഒരേസമയം വലിയ സ്വീകാര്യതയും വിമർശനവും ഇതിനെ തുടർന്ന് ഒരുപോലെ ഉയർന്നു വന്നു. ഒട്ടേറെ ഗ്രന്ഥങ്ങളുടെ രചയിതാവാണ്‌ കൂടിയാണ് ബെൻഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ. ക്രിസ്തീയതയ്ക്ക്‌ ഒരു ആമുഖം എന്ന പേരിൽ 1968ൽ പ്രസിദ്ധീകരിച്ച പ്രഭാഷണ സമാഹാരം ഏറെ ശ്രദ്ധേയമാണ്‌. ദൈവശാസ്‌ത്രത്തിൽ വിശദമായ പഠനം നടത്തുന്നവരെ സംബന്ധിച്ചിടത്തോളം ഏറെ വിലപ്പെട്ട രേഖകളാണ്‌ ബനഡിക്‌ട്‌ പതിനാറാമൻ മാർപ്പാപ്പയുടെ രചനകൾ ഏറെയും.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഭാവി ജീവിതം കെട്ടിപ്പടുക്കാൻ യുകെയിലേക്ക് ചേക്കേറിയ മലയാളി വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് ആശ്വാസവുമായി നിർണായക പ്രഖ്യാപനം. പഠനത്തിന് ശേഷം ജോലി എന്ന എല്ലാവരുടെയും സ്വപ്നത്തിനു നിറം പകരുന്നതാണ് പുതിയ തീരുമാനം. യുകെയിലേയ്ക്ക് പഠിക്കാനെത്തിയ മലയാളികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾക്ക് സ്റ്റുഡന്റ് വിസയിൽ നിന്ന് ഇനി തൊഴിൽ വിസയിലേക്ക് ബിരുദം ഇല്ലാതെ തന്നെ മാറാൻ കഴിയും. തൊഴിൽ നൈപുണ്യത്തിന് മുഖ്യ പരിഗണന നൽകുന്നതിന്റെ ഭാഗമായാണ് പുതിയ ചുവട് വെപ്പ്.

രാജ്യത്ത് തൊഴിലെടുത്തു മുൻപോട്ട് പോകാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കാൻ യുകെ സർക്കാർ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് വിസ ആൻഡ് ഇമിഗ്രേഷൻ സ്പെഷ്യലിസ്റ്റായ എ വൈ & ജെ സോളിസിറ്റേഴ്സിലെ ഡയറക്ടർ യാഷ് ദുബൽ പറഞ്ഞു. നേരത്തെ ജോലിക്ക് ബിരുദം നിർബന്ധമായിരുന്നു. എന്നാൽ ഈ നിബന്ധനയിലാണ് കാതലായ മാറ്റം ഉണ്ടായിരിക്കുന്നത് .

സ്കിൽഡ് വർക്കർ വിസ സിസ്റ്റത്തിൽ വരുത്തിയ പുതിയ മാറ്റങ്ങൾ മൂലം ജോലിക്ക് അപേക്ഷിക്കുന്നവർക്ക് അതിനായി വേണ്ട ഡിഗ്രി തലത്തിലുള്ള യോഗ്യതയുടെ ആവശ്യമില്ല. അംഗീകൃത തൊഴിലുടമയിൽ നിന്ന് ജോലി വാഗ്ദാനം ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് തങ്ങളുടെ സ്റ്റുഡൻസ് വിസയിൽ നിന്ന് സ്കിൽഡ് വർക്കർ വിസയിലേക്ക് മാറാൻ അപേക്ഷിക്കാം. ഹോം ഓഫീസ് അംഗീകരിച്ച തൊഴിലുടമയിൽ നിന്ന് ജോലി ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് ബിരുദം പൂർത്തിയാക്കാതെ തന്നെ ജോലിയിലേക്ക് പ്രവേശിക്കാം .

അഭ്യസ്ത വിദ്യരെക്കാൾ തൊഴിൽ നൈപുണ്യമുള്ള തൊഴിലാളികളെയാണ് രാജ്യത്തിന് ആവശ്യമെന്നും അവരുടെ സേവനമാണ് രാഷ്ട്രത്തെ പുരോഗതിയിലേക്ക് നയിക്കുന്നതെന്നും ദുബൽ പറഞ്ഞു.
ബ്രിട്ടീഷ് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് പ്രകാരം 2022 ജൂൺ മാസം വരെ രാജ്യത്തേക്ക് കുടിയേറിയവരുടെ എണ്ണം 504,000 ആണ് . ഇതിൽ നല്ലൊരു ശതമാനവും പഠനവശ്യത്തിനായി എത്തുന്ന വിദ്യാർത്ഥികളാണ്

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: റഷ്യൻ അധിനിവേശത്താൽ തകർന്നടിഞ്ഞ ഉക്രേനിയൻ അഭയാർത്ഥികൾക്കായി 200,000 പൗണ്ട് സമാഹരിച്ച നാനി ടു ദി സ്റ്റാർസ് താരങ്ങളെ ബ്രിട്ടൻ അനുമോദിച്ചു. യുദ്ധത്തിൽ നിന്ന് പലായനം ചെയ്യുന്ന കുടുംബങ്ങൾക്കായി 500 പൗണ്ട് സമാഹരിക്കാൻ 37 കാരിയായ ലൂയന്ന ഹുഡ് സോഷ്യൽ മീഡിയയിൽ നടത്തിയ ചെറിയൊരു ശ്രമമാണ് വലിയ വിജയം കണ്ടിരിക്കുന്നത്. സംഭാവനകൾ കൂടിയപ്പോൾ അത് കൈകാര്യം ചെയ്യാൻ 40 വോളണ്ടിയർമാരെയും തയ്യാറാക്കി.

സാമൂഹിക രംഗത്ത് ലൂയന്ന ഹുഡ് നടത്തുന്ന ഇടപെടലുകളുടെ ഭാഗമായി ബ്രിട്ടീഷ് എംപയർ മെഡൽ ലഭിച്ചു. ഫോക്കിലെ ന്യൂമാർക്കറ്റാണ് ഹൂഡിന്റെ സ്വദേശം. ആളുകൾ അവരുടെ വീടുകൾ വിട്ടുപോകാൻ പറയുന്നൊരു അവസ്ഥ എത്ര ഹൃദയഭേദകമാണെന്നാണ് ഹൂഡ് പറയുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ പലരുടെയും ഹൃദയം തുറന്നുള്ള സമീപനമായിരുന്നു കാണാൻ സാധിച്ചത്. അവരെ ആരെയും മറക്കാൻ സാധ്യമല്ലെന്നും ഹൂഡ് കൂട്ടിച്ചേർത്തു.

അതേസമയം,മോസ്‌കോയിലെയും കീവിലെയും ബ്രിട്ടീഷ് അംബാസഡർമാരായ മെലിൻഡ സിമ്മൺസ്, ഡെബോറ ബ്രോണർട്ട് എന്നിവർക്ക് വിദേശനയത്തിലെ സേവനങ്ങൾക്കുള്ള ഡംഹുഡ് പുരസ്കാരവും ലഭിച്ചു. എംബസികളിൽ പ്രവർത്തിക്കുന്ന മറ്റ് മൂന്ന് നയതന്ത്രജ്ഞരായ കേറ്റ് ഡാവൻപോർട്ട്, സാറാ ഡോചെർട്ടി, നിക്കോളാസ് ഹാറോക്സ് എന്നിവർക്ക് ഒബിഇകൾ നൽകി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ചൈനയിൽ നിന്നുള്ള കോവിഡ് ഭീഷണിയിൽ നിയന്ത്രണങ്ങൾ കർശനമാക്കി യുകെ . ഇതിൻറെ ഭാഗമായി ചൈനയിൽ നിന്ന് യുകെയിലേക്കുള്ള യാത്രക്കാർ വിമാനത്തിൽ കയറുന്നതിനു മുമ്പ് കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയിരിക്കണം. ചൈനയിൽ കേസുകൾ വർധിച്ചതിനെ തുടർന്ന് ആ രാജ്യത്തിൽ നിന്നുള്ള യാത്രക്കാർക്ക് സമാന രീതിയിലുള്ള നിയന്ത്രണങ്ങൾ നിരവധി രാജ്യങ്ങൾ ഏർപ്പെടുത്തിയിരുന്നു.

കോവിഡ് നയത്തിൽ ചൈന ഇളവുകൾ വരുത്തിയതാണ് ആ രാജ്യത്തിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ യുകെ ഉൾപ്പെടെയുള്ള രാജ്യങ്ങളെ പ്രേരിപ്പിച്ചിരിക്കുന്നത്. യുകെയെ കൂടാതെ യുഎസ്, ഫ്രാൻസ് , ഇന്ത്യ എന്നിവയുൾപ്പെടെയുള്ള നിരവധി രാജ്യങ്ങൾ നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്.

ജനുവരി 8 മുതൽ യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയും നിരീക്ഷണം കർശനമാക്കും. ചൈനയിൽ നിന്ന് വരുന്ന യാത്രക്കാരുടെ സാമ്പിൾ അവർ വരുമ്പോൾ തന്നെ വൈറസിൻ്റെ പരിശോധനയ്ക്കായി ശേഖരിക്കും എന്നാണ് അറിയാൻ കഴിഞ്ഞത്. പല രാജ്യങ്ങളും ചൈനയിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിന് അനുകൂലിക്കുന്ന രീതിയിലാണ് ലോകാരോഗ്യ സംഘടനയും പ്രതികരിച്ചത്. ചില രാജ്യങ്ങൾ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് മനസ്സിലാക്കാവുന്നതേയുള്ളൂവെന്ന് ലോകാരോഗ്യ സംഘടനയുടെ തലവൻ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ചൈനയിൽ കോവിഡ് വീണ്ടും വ്യാപിക്കുകയാണ്. ലോകവുമായി നിരന്തരം ബന്ധപ്പെടുന്ന രാജ്യത്തിന്റെ നിലവിലെ അവസ്ഥയിൽ മറ്റെല്ലാ രാജ്യങ്ങളും ആശങ്കയിലാണ്. കോവിഡിന് ശേഷം ചൈന അതിർത്തികൾ തുറക്കാൻ ഒരുങ്ങുന്നെന്നുള്ള വാർത്ത അതുകൊണ്ട് തന്നെ എല്ലാവരെയും ജാഗരൂഗരാക്കിയിരിക്കുകയാണ്.

വീണ്ടും ഒരു പ്രതിസന്ധിയെ അഭിമുഖീകരിക്കേണ്ടി വന്നാൽ എന്ത് ചെയ്യും എന്നുള്ള ചോദ്യമാണ് മറ്റെല്ലാ രാജ്യങ്ങളെയും അലട്ടുന്നത്. രാജ്യത്ത് കേസുകൾ റിപ്പോർട്ട്‌ ചെയ്യാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. എന്നാൽ അതേസമയം, മുൻ വർഷങ്ങളിൽ നേരിടേണ്ടി വന്നതുപോലെ സാഹചര്യം മോശമാകില്ലെന്നും കേസുകൾ ഒരുപക്ഷെ ദശലക്ഷം വരെയാകാൻ സാധ്യതയുണ്ടെന്നും വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.

ചൈനയിലെ സ്ഥിതിയെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും, യുകെയിൽ സ്ഥിതിഗതികൾ ശാന്തവുമാണെന്നാണ് ലിവർപൂൾ സർവ്വകലാശാലയിലെ ഔട്ട്‌ബ്രേക്ക് മെഡിസിൻ ആൻഡ് ചൈൽഡ് ഹെൽത്ത് വിഭാഗത്തിൽ നിന്നുള്ള പ്രൊഫസർ കാലം സെമ്പിൾ പറയുന്നത്. വാക്‌സിൻ ഉൾപ്പെടെയുള്ളവയുടെ ലഭ്യതയിൽ മറ്റേത് രാജ്യങ്ങളെക്കാളും മുൻപിൽ യുകെ ഉണ്ടെന്നും, ആശങ്കയുടെ ഒരു കണിക പോലും വേണ്ടെന്നും അദ്ദേഹം ബിബിസിയോട് പറഞ്ഞു.

ചൈനയിൽ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സമ്മർദ്ദം ശക്തമാകുകയാണ്. ഇതിനിടയിൽ യുകെയിലെ മന്ത്രിമാർ കോവിഡ് ഭീഷണിയെ അവഗണിച്ചതായി ആരോപിക്കപ്പെടുന്ന സാഹചര്യത്തിൽ പ്രൊഫസർ സെമ്പിൾ നടത്തിയ അഭിപ്രായപ്രകടനം ഇതിനോടകം തന്നെ വലിയ ചർച്ചകൾക്കാണ് തിരി തെളിയിച്ചിരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: 2023 -ലേക്ക് കടക്കാൻ ഇനി ഏതാനും ചില ദിവസങ്ങൾ മാത്രമാണ് ബാക്കി നിൽക്കുന്നത്. ഇപ്പോൾ തന്നെ ഏറെ ആളുകളും ചിന്തിക്കുന്നത് അടുത്ത വർഷത്തെ അവധി ദിവസങ്ങളെ കുറിച്ചായിരിക്കും എന്നത് തീർച്ചയാണ്. പി ആർ ഏജൻസിയായ അൺഎർത്ത് റിപ്പോർട്ട്‌ ചെയ്തതനുസരിച്ച് ആകെ 19 അവധിയാണുള്ളത്. എന്നാൽ ഇതിനോട് ചേർന്ന് കൃത്യമായി പ്ലാൻ ചെയ്താൽ 47 അവധി ദിവസങ്ങൾ കിട്ടുമെന്നാണ് വിദഗ്ധർ പറയുന്നത്.

അടുത്ത വർഷം എട്ട് ബാങ്ക് അവധി ദിവസങ്ങളുണ്ട്. തൊഴിലാളികൾക്ക് ഇടവേള എടുത്ത് മനസിന്‌ സുഖം കണ്ടെത്തുന്ന തരത്തിൽ ഈ സമയം ഉപയോഗിക്കാൻ കഴിയും. ഇതിനോട് ചേർന്ന് ചില അവധി ദിനങ്ങൾ ബുക്ക്‌ ചെയ്താൽ ഒരുമിച്ച് കുറച്ച് ഏറെ ദിവസങ്ങൾ കിട്ടും. എന്നാൽ ഇത് ജോലിയുടെ സ്വഭാവം അനുസരിച്ചു മാത്രമേ ഉപയോഗിക്കാൻ കഴിയൂ. എല്ലാവർക്കും സാധ്യമാകില്ല. തിങ്കൾ മുതൽ വെള്ളിവരെ 9-5 സമയത്തിൽ ജോലി ചെയ്യുന്നവർക്ക് ഇത് ഉപകാരപ്രദമാണ്. എന്നാൽ വാർഷിക അവധിദിനങ്ങൾ അനുവദിക്കേണ്ടത് തൊഴിൽ ഉടമകളാണ്. അവരുമായി ചേർന്നുവേണം തീരുമാനങ്ങൾ പ്ലാൻ ചെയ്തത് അനുസരിച്ചു നടപ്പിലാക്കാൻ.

ഏപ്രിൽ മാസം

ഏപ്രിൽ മാസത്തിൽ മുൻകൂട്ടി ഈ ദിനങ്ങളിൽ അവധി എടുത്താൽ 10 ദിവസം ഒരുമിച്ച് അവധി കിട്ടും. കാരണം, ഏപ്രിൽ 7 ദുഖവെള്ളിയും ഏപ്രിൽ 10 ഈസ്റ്റർ തിങ്കളുമാണ്. ഇതിനോട് ചേർന്ന് ഏപ്രിൽ 3,4,5,6 ദിവസങ്ങൾ ലീവ് എടുത്താൽ 10 ദിവസം ആകെ അവധി കിട്ടും.

മെയ്‌ മാസം

മെയ്‌ മാസത്തിൽ 2,3,4,5 ദിവസങ്ങളിൽ അവധി എടുത്താൽ, ആകെ 9 ദിനങ്ങൾ ഒരുമിച്ച് അവധി എടുക്കാം.

ജൂൺ മാസം

മെയ്‌ മാസം അവസാനം, അതായത് 30,31, ജൂൺ 1,2 എന്നിങ്ങനെ ദിവസത്തിൽ അവധി എടുത്താൽ സ്പ്രിംഗ് ഹോളിഡേ ചേർത്ത് ഒൻപത് ദിവസം മൊത്തത്തിൽ അവധി കിട്ടും. വാർഷിക അവധിയിൽ നിന്നും 4 എണ്ണം മാത്രമേ ഇവിടെയും നഷ്ടമാകുന്നുള്ളു.

ഓഗസ്റ്റ്- സെപ്റ്റംബർ

ഓഗസ്റ്റ് മാസം 28 ബാങ്ക് അവധിയാണ്. ഇതിനോട് ചേർന്ന് 29,30,31 സെപ്റ്റംബർ 1 എന്നിങ്ങനെ ദിവസങ്ങളിൽ അവധി എടുത്താലും 9 ദിവസങ്ങൾ ആകെ അവധി കിട്ടും.

ഡിസംബർ മാസം

ഡിസംബർ മാസത്തിൽ രണ്ട് ബാങ്ക് അവധിയാണ് ഉള്ളത്. ഡിസംബർ 25 ക്രിസ്മസ്, 26 ബോക്സിങ് ഡേ. എന്നാൽ ഇതിനോട് ചേർന്ന് മുൻകൂട്ടി 27,28,29 ദിവസങ്ങളിൽ അവധി ബുക്ക് ചെയ്താൽ ആകെ 10 ദിവസം ഒരുമിച്ച് അവധി കിട്ടും. വാർഷിക അവധിയിൽ നിന്നും ആകെ 3 അവധിയെ നഷ്ടമാകുന്നുള്ളുതാനും.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

എട്ടുവയസുകാരി ജീവനുവേണ്ടി മല്ലിടുന്നതിനിടയിൽ റാബീസ് ബാധിച്ച് ഒരു ആൺകുട്ടിക്ക് ദാരുണാന്ത്യം. വവ്വാലിന്റെ കടിയേറ്റാണ് രോഗബാധ ഉണ്ടായതെന്നാണ് മെക്‌സിക്കോയിലെ ഒക്‌സാക്കയിലെ ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ് അധികൃതർ പറയുന്നത്. നേരത്തെ ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയും മരണപ്പെട്ട ആൺകുട്ടിയും ഒരേ സ്ഥലത്ത് നിന്നുള്ളവരാണ്.

എട്ട് വയസ്സുള്ള പെൺകുട്ടി ഇപ്പോഴും അത്യാസന്ന നിലയിൽ വെന്റിലേറ്ററിൽ തുടരുകയാണ്. നിലവിലെ അവസ്ഥ വളരെ മോശമാണെന്നും രക്ഷപ്പെടാൻ സാധ്യത വളരെ കുറവാണെന്നുമാണ് ആശുപത്രി ഡയറക്ടർ ഡോ. റോസിയോ ഏരിയാസ് ക്രൂസ് പറയുന്നത്. ഈ മാസം ആദ്യമാണ് പെൺകുട്ടിക്ക് വവ്വാലിൽ നിന്നും ആക്രമണം ഉണ്ടാകുന്നത്. എന്നാൽ കടിയേറ്റ ഉടനെ ആശുപത്രിയിൽ കൊണ്ടുവരാൻ ആരും തന്നെ തയ്യാറായില്ല.

പ്രതിരോധ നടപടികളുടെ ഭാഗമായി നായ്ക്കൾക്കും പൂച്ചകൾക്കും പേവിഷബാധയ്‌ക്കെതിരെ വാക്‌സിനേഷൻ നൽകുന്നതിനായി ഓക്‌സാക്കയിലെ അധികാരികൾ കുട്ടികളുടെ പട്ടണമായ പാലോ ഡി ലിമയിലേക്ക് പോയിരുന്നു.  തലച്ചോറിനെയാണ് റാബീസ് പ്രധാനമായും ബാധിക്കുന്നത്. രോഗം ബാധിച്ച മൃഗങ്ങളുടെ കടിയേൽക്കുമ്പോഴാണ് സാധാരണയായി മനുഷ്യരിലേക്ക് പടരുന്നത്. ഏഷ്യ, ആഫ്രിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളിൽ വൈറസിന്റെ സാന്നിധ്യം രേഖപ്പെടുത്തിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലോകം കണ്ട ഏറ്റവും വലിയ ഫുട്ബോൾ താരം പെലെ ( 82 )വിടവാങ്ങി. ഏതാനും ദിവസങ്ങളായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്ന അദ്ദേഹം അർബുദ ബാധയെ തുടർന്നുള്ള ചികിത്സയിലായിരുന്നു. വെറും പതിനാറാമത്തെ വയസ്സിലാണ് അദ്ദേഹം ബ്രസീലിൻറെ ഫുട്ബോൾ ജേഴ്സി അണിയുന്നത്. ബ്രസീലിന് ലോകമെങ്ങും ഫുട്ബോൾ ആരാധകരെ നേടിക്കൊടുത്തത് പെലെ ആയിരുന്നു. 1958, 1962, 1970 എന്നീ വർഷങ്ങളിൽ ബ്രസീലിന് ലോകകപ്പ് നേടുന്നതിൽ മുഖ്യപങ്കുവഹിച്ചത് പോലെയാണ്.

1940 ഒക്ടോബർ 20 -ന് ബ്രസീലിലെ ട്രെസ് കൊരക്കോവിലായിരുന്നു പെലെ ജനിച്ചത്. നാല് ലോകകപ്പുകൾ കളിച്ച പെലെ 1363 മത്സരത്തിൽ നിന്ന് മൊത്തം 1281 ഗോളുകളാണ് നേടിയത്. ഇതിൽ ബ്രസീൽ ദേശീയ ടീമിനു വേണ്ടി മാത്രം അടിച്ചത് 95 ഗോളുകളാണ്.

ബ്രസീൽ ഫുട്ബോൾ ടീമിന് കേരളത്തിൽനിന്ന് ഇത്രയും ആരാധകർ ഉണ്ടാകാനുള്ള മുഖ്യകാരണം പെലെയാണ്. പെലെയുടെ ഫുട്ബോൾ ജീവിതത്തെ കുറിച്ചുള്ള പാഠഭാഗം സ്കൂൾ കുട്ടികൾക്ക് പഠിക്കാനുണ്ടായിരുന്നു. ഇങ്ങനെയാണ് ദൃശ്യ മാധ്യമങ്ങൾ ഇല്ലായിരുന്ന കാലത്ത് ബ്രസീലിൻറെ ഫുട്ബോൾ കളിയുടെ മാസ്മരിക സൗന്ദര്യം കേരളത്തിൽ പ്രശസ്തമായത്.

കറുത്ത മുത്ത് എന്ന് ആരാധകർ വിളിക്കുന്ന പെലെയ്ക്ക് ഹൃദയം നിറഞ്ഞ വേദനയോടെയാണ് ലോകമെങ്ങുമുള്ള മലയാളികൾ വിട പറയുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ക്യാൻസർ രോഗം ബാധിച്ച സ്ത്രീ പണം ഇല്ലാത്തതിന്റെ പേരിൽ ഹീറ്റിങ് ഉപേക്ഷിക്കാൻ ഒരുങ്ങുന്നു. വോർസെസ്റ്റർഷെയർ സ്വദേശിനി സാറയാണ് അമിതമായ നിരക്ക് ഈടാക്കുന്നതിനാൽ ഹീറ്റിങ് നിർത്തിവെക്കുന്നത്. രോഗബാധയെ തുടർന്ന് ജോലി ഉപേക്ഷിക്കേണ്ടി വന്ന സാറ ഭർത്താവിന്റെ ചെറിയ വരുമാനത്തിലാണ് ഇപ്പോൾ കഴിയുന്നത്. ക്യാൻസർ സ്റ്റേജ് 4 ൽ എത്തിയിരിക്കുന്ന രോഗിക്ക്, ട്രീറ്റ്മെന്റിനുൾപ്പെടെ വലിയ തുക ചിലവാകുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നീക്കം.

നാല് കുട്ടികളുടെ അമ്മയാണ് സാറ. ഭർത്താവിന്റെ ചെറിയ വരുമാനത്തിൽ കുടുംബം മുന്നോട്ട് നീങ്ങുമ്പോൾ കുട്ടികളുടെ ഭാവി എന്താകുമെന്ന ആശങ്കയാണ് പ്രധാനമായും ഉന്നയിക്കുന്നത്. ഭാര്യയോടൊപ്പം ആശുപത്രിയിൽ പോകേണ്ടതിനാൽ ഭർത്താവ് ജോലിസമയം ഇപ്പോൾ കുറച്ചിരിക്കുകയാണ്. എന്നാൽ രോഗത്തിന്റെ അടിസ്ഥാനത്തിൽ സാറയെ സർക്കാർ സഹായിക്കാൻ ബാധ്യസ്ഥരാണ്. നാലു കുട്ടികളുടെ അമ്മ കൂടിയായ സ്ത്രീയുടെ രോഗാവസ്ഥയിൽ സർക്കാർ അടിയന്തിര ചികിത്സ സഹായം അനുവദിക്കണമെന്നാണ് ഒരുകൂട്ടം ആളുകളുടെ അഭിപ്രായം.

അതേസമയം തനിക്ക് കേവലം ഒരു വർഷം കൂടിമാത്രമേ ആയുസുള്ളു എന്നും, വിളർച്ച പോലുള്ള രോഗാവസ്ഥകൾ പിടിമുറുക്കിയിരിക്കുകയാണെന്നുമാണ് 54കാരിയായ സാറ പറയുന്നത്. ‘കീമോതെറാപ്പിയുടെ ഭാഗമായി മൂന്നാഴ്ചയിലധികമായി ലണ്ടനിലേക്ക് പോകണം. ഓരോ യാത്രയ്ക്കും £50 വീതം ചിലവാകും. കീമോ ചെയ്യുന്നത് കാരണം ഡ്രൈവ് ചെയ്യാനും കഴിയില്ല, അതുകൊണ്ട് ഭർത്താവ് ഒപ്പം വരണം ‘- സാറാ കൂട്ടിച്ചേർത്തു.

ഇതിനിടയിൽ ഹീറ്റിങ് അമിത ചാർജ് ഈടാക്കിയാൽ കുടുംബ ബഡ്ജറ്റ് തന്നെ താളം തെറ്റുമെന്നും സാറ പറയുന്നു. കുറഞ്ഞ വരുമാനക്കാരെയും പെൻഷൻകാരെയും സഹായിക്കാൻ ഉദ്ദേശിച്ചുള്ളതിനാൽ വാം ഹോം ഡിസ്കൗണ്ടിന് സാറയ്ക്ക് അർഹതയുമില്ല. എന്നാൽ ഹീറ്റർ ഓൺ ചെയ്യാൻ പോലും ഇങ്ങനെയൊരു അവസ്ഥയിൽ ഭയമാണെന്നും, സമാന്തര ക്രമീകരണങ്ങൾ എന്തെങ്കിലും വേണമെന്നുമാണ് സാറയുടെ ആവശ്യം.

RECENT POSTS
Copyright © . All rights reserved