Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: വിദേശയാത്ര നടത്തുന്ന എം പിമാരെ കുടുക്കാൻ ഹോട്ടൽമുറികളിൽ കെണി ഒരുക്കുന്നതായി റിപ്പോർട്ടുകൾ പുറത്ത്. ഇതിനായി ലൈംഗിക തൊഴിലാളികളെ ഏർപ്പെടുത്തി ബ്ലാക്ക് മെയിൽ ചെയ്യാനാണ് ശ്രമം. സർവകക്ഷി പാർലമെന്ററി ഗ്രൂപ്പ് നടത്തിയ സന്ദർശനത്തിലാണ് ഇത്തരത്തിലൊരു സന്ദേഹം ഉയർന്നു വന്നത്. പലരും വിദേശ യാത്ര നടത്തിയിട്ടുണ്ടെങ്കിലും, കെണിയിൽ അകപ്പെട്ടിട്ടുണ്ടോ എന്നുള്ള കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. എന്നാൽ മദ്യത്തിനും സെക്സിനും പലരും അടിമപ്പെടാറുണ്ടെന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്.

വിഷയം ചർച്ചയായതോടെ പല എം പിമാരും ആശങ്ക അറിയിച്ച് രംഗത്ത് വന്നിട്ടുണ്ട്. എംപിമാരെ കുടുക്കാനുള്ള ശ്രമങ്ങൾ തടയാൻ എത്രയും പെട്ടെന്ന് നടപടികൾ സ്വീകരിക്കണമെന്നാണ് ഭൂരിപക്ഷത്തിന്റെയും ആവശ്യം. വിഷയം സർവ്വകക്ഷിയോഗത്തിൽ ചർച്ചയായതിനു പിന്നാലെയാണിത്. എന്നാൽ, വിദേശ പര്യടനം നടത്തിയ ഒരു എംപിയുടെ സ്ത്രീകളോടുള്ള മോശമായ പെരുമാറ്റത്തെ തുടർന്ന് ശാസിക്കേണ്ടതായി വന്നെന്ന് ടൈംസ് റിപ്പോർട്ട്‌ ചെയുന്നു. വിദേശരാജ്യങ്ങൾ സന്ദർശിക്കുമ്പോൾ എംപിമാർ പാലിക്കേണ്ട ചില നിയന്ത്രണങ്ങൾ സംബന്ധിച്ചും യോഗം ചർച്ച ചെയ്തു. തെറ്റായ പ്രവർത്തിയിൽ ആരെങ്കിലും ഏർപ്പെട്ടാൽ, അതിന്റെ ഫോട്ടോസ് അവർക്ക് ലഭിച്ചാൽ വലിയ ആഘാതമായിരിക്കും സൃഷ്ടിക്കുക. ഇത് ഒഴിവാക്കാൻ എല്ലാവരും പ്രതിജ്ഞബദ്ധരായിരിക്കണം.

വിദേശപര്യടനത്തെ കുറിച്ച് ഈ മാസം പൊളിറ്റിക്കോ വെബ്‌സൈറ്റ് നടത്തിയ പഠനത്തിൽ ചില നിർണായക കണ്ടെത്തുലകളുണ്ട്. എം പിമാരിൽ ആരൊക്കെ ഇത്തരം കാര്യങ്ങൾക്ക് അടിമപ്പെടുന്നു എന്നുള്ളതും പഠനത്തിൽ വ്യക്തമാക്കുന്നു. വിദേശത്ത് ആതിധേയത്വം വഹിക്കുമ്പോൾ മറ്റ് താല്പര്യങ്ങൾ ഒഴിവാക്കാൻ അധികാരികൾ ശ്രദ്ധിക്കണം. അതേസമയം, എത്രയൊക്കെ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയാലും യുകെ ഗവണ്മെന്റിനെ സ്വാധീനിക്കാൻ ശത്രുരാജ്യങ്ങൾ ഏതറ്റം വരെയും പോകുമെന്നാണ് സെക്യൂരിറ്റി വിഭാഗം മേധാവി പറയുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

വിശ്രമ ജീവിതം നയിക്കുന്ന ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പയുടെ (95) ആരോഗ്യനില വഷളായതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പയുടെ ആരോഗ്യനില മെച്ചപ്പെടാൻ എല്ലാവരുടെയും പ്രാർത്ഥനാ സഹായം വേണമെന്ന് ഫ്രാൻസിസ് മാർപാപ്പ അഭ്യർത്ഥിച്ചു. തൻറെ അനാരോഗ്യം ചൂണ്ടിക്കാട്ടി 2013 -ലാണ് ബെനഡിക്റ്റ് മാർപാപ്പ സ്ഥാനത്യാഗം ചെയ്തത്. കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ 600 വർഷത്തിനിടെ സ്ഥാനത്യാഗം ചെയ്യുന്ന ആദ്യത്തെ മാർപാപ്പയാണ് ബെനഡിക്റ്റ് പതിനാറാമൻ . ഇതിനുമുമ്പ് 1415 -ൽ ഗ്രിഗറി പന്ത്രണ്ടാമൻ മാർപാപ്പയാണ് സ്ഥാനത്യാഗം ചെയ്തത്.

മാർപാപ്പ വളരെ ക്ഷീണിതനാണെന്നും അദ്ദേഹത്തിന് ആശ്വാസം പകരാൻ നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാമെന്നും ഫ്രാൻസിസ് മാർപാപ്പ തന്റെ പ്രതിവാര പ്രസംഗത്തിൽ വിശ്വാസ സമൂഹത്തോട് ആഹ്വാനം ചെയ്തു. വത്തിക്കാൻ ഈ മാസം ഒന്നിന് പുറത്തു വിട്ട മാർപാപ്പയുടെ ചിത്രത്തിൽ അദ്ദേഹം വളരെയേറെ ക്ഷീണിതനായിരുന്നു. വാർദ്ധക്യ സഹജമായ ബുദ്ധിമുട്ടുകൾ നേരിടുന്ന അദ്ദേഹത്തിൻറെ ആരോഗ്യനില ബുധനാഴ്ച ഉച്ച കഴിഞ്ഞാണ് വഷളായത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

അവസാനം ആശങ്കകൾക്കും ദുരൂഹതകൾക്കും അവസാനമായി. ഹാംഷെയറിലെ ബേസിംഗ്‌സ്റ്റോക്കിൽ നിന്ന് കാണാതായ 13 കാരിയായ ലൈല ജെയ്‌നിനെ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. ഡിസംബർ 21-ാം തീയതി ബുധനാഴ്ച മുതൽ പെൺകുട്ടിയെ കാണാതായത് വൻ ആശങ്കകൾക്ക് വഴിവെച്ചിരുന്നു. ബ്രിട്ടനിലെ എല്ലാ മുൻനിര മാധ്യമങ്ങളിലും പെൺകുട്ടിയെ കാണാതായ സംഭവം വൻ വാർത്തയായിരുന്നു.

പെൺകുട്ടിയുടെ തിരോധാനത്തെ തുടർന്ന് സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ പങ്കുവയ്ക്കാൻ പറ്റുന്നവർ മുന്നോട്ട് വരണമെന്ന് പോലീസ് അഭ്യർത്ഥിച്ചിരുന്നു. ലൈല ജെയ്‌നിൻെറ സഹോദരനും ഒളിമ്പിക് താരവുമായ മോർഗൻ ലെയ്ക്കും അഭ്യർത്ഥനയുമായി മാധ്യമങ്ങളിൽ വന്നിരുന്നു . ലൈലയെ കാണാതായ അന്നു മുതൽ റീഡിംഗ് ട്രെയിൻ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് പുറത്ത് വിട്ട് മണിക്കൂറുകൾക്കകം പെൺകുട്ടിയെ സുരക്ഷിതമായി കണ്ടെത്തിയതായി ഹാംഷെയർ പോലീസ് അറിയിച്ചു. തങ്ങളുടെ അഭ്യർത്ഥന പങ്കിടുകയും വിവരങ്ങൾക്കായി ബന്ധപ്പെടുകയും ചെയ്ത എല്ലാവർക്കും പോലീസ് നന്ദി പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഹാംഷെയറിലെ ബേസിംഗ്‌സ്റ്റോക്കിൽ നിന്ന് കാണാതായ 13കാരിയുടെ തിരോധാനത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആറ് ദിവസം മുൻപാണ് പെൺകുട്ടിയെ കാണാതായത്. എന്നാൽ സംഭവം നടക്കുന്നതിനു മുൻപ് പെൺകുട്ടി റീഡിംഗിലേക്ക് ട്രെയിൻ കയറിയതായി സംശയിക്കുന്നു എന്നുള്ള നിർണായക വെളിപ്പെടുത്തലാണ് ഇപ്പോൾ ചർച്ചയാകുന്നത്.

 

ഡിസംബർ 21 ബുധനാഴ്ച 21:57 നാണ് ലൈല ലയ്ക് എന്ന പതിമൂന്നുകാരി റീഡിങ്ങിലേക്ക് ട്രെയിൻ കയറിയതെന്നും, സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും പോലീസ് അധികാരികൾ പറഞ്ഞു. ലൈലയെ പറ്റി എന്തെങ്കിലും വിവരങ്ങൾ പങ്കുവെക്കാൻ താത്പര്യപ്പെടുന്നവർ ദയവായി മുൻപോട്ട് വരണമെന്നും ലൈലയുടെ സഹോദരനും ഒളിമ്പിക് അത്ലറ്റുമായ മോർഗൻ ലയ്ക്ക് ആവശ്യപ്പെട്ടു. 5 അടി 6 ഇഞ്ച് ഉയരവും, ഇരുനിറവും,നീണ്ട തവിട്ട് മുടിയുമുള്ള അവൾ കാണാതായ ദിവസം കറുത്ത പഫർ ജാക്കറ്റും ചാരനിറത്തിലുള്ള ജോഗിംഗ് ബോട്ടുമാണ് ധരിച്ചിരുന്നത്.

ഏറ്റവും ഒടുവിൽ ഹംപ്ഷെയർ പോലീസ് പുറത്തുവിട്ട സി സി ടി വി ദൃശ്യമനുസരിച്ച് ലൈല, റീഡിങ്ങിലേക്ക് ട്രെയിൻ കേറാൻ സ്റ്റേഷനിൽ നിൽക്കുന്നതാണ്. സിമ്മൺസ് വാക്കിലെ വീടിനടുത്തുനിന്ന് 22 കിലോമീറ്റർ അകലെയാണ് ഇത്. ലൈലയെ കണ്ടെത്തുക എന്നതാണ് പ്രധാനമെന്നും, കുടുംബത്തിനോടൊപ്പമാണ് അന്വേഷണസംഘമെന്നും, എത്രയും പെട്ടെന്ന് കണ്ടെത്തുമെന്നും പോലീസ് ഇൻസ്‌പെക്ടർ ഡേവ് സ്റ്റോറി പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഇംഗ്ലണ്ടിൽ ബൈക്ക് മോഷണം വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ പുറത്ത്. ലണ്ടൻ, തേംസ് വാലി, ഗ്രേറ്റർ മാഞ്ചസ്റ്റർ എന്നിവിടങ്ങളിൽ താമസിക്കുന്ന സൈക്ലിസ്റ്റുകൾ ജാഗ്രത പാലിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. 2022ൽ മാത്രം ഇംഗ്ലണ്ടിൽ 72,445 ബൈക്കുകൾ മോഷണം പോയെന്നുള്ളതാണ് റിപ്പോർട്ടിലെ ഞെട്ടിക്കുന്ന മറ്റൊരു വസ്തുത.

ഇംഗ്ലണ്ടിന്റെ വിവിധഭാഗങ്ങളിൽ മോഷണം റിപ്പോർട്ട്‌ ചെയുന്നുണ്ടെങ്കിലും ലെസ്റ്റർഷെയറിൽ താരതമ്യേനെ കൂടുതലാണെന്നാണ് അധികൃതർ പറയുന്നത്. ലണ്ടനിൽ മാത്രം കണക്കുകൾ പ്രകാരം 22,818 ബൈക്കുകൾ മോഷണം പോയി. ഓക്‌സ്‌ഫോർഡ്, മിൽട്ടൺ കെയ്‌ൻസ്, സ്ലോ എന്നിവ ഉൾപ്പെടുന്ന തേംസ് വാലിയിൽ ബൈക്ക് മോഷണ സാധ്യത പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഉള്ളത്. 4460 കേസുകളാണ് ഇവിടെ റിപ്പോർട്ട്‌ ചെയ്തത്. 4,354 ബൈക്ക് മോഷണങ്ങൾ പ്രവചിക്കപ്പെട്ട ഗ്രേറ്റർ മാഞ്ചസ്റ്റർ നിലവിൽ മൂന്നാം സ്ഥാനത്താണ്. കെയിംബ്രിഡ്ജ്, സസ്സെക്സ് എന്നിവിടങ്ങളിൽ കേസുകൾ കുറവാണ്.

മോഷണത്തിൽ നിന്നും വാഹനം സംരക്ഷിക്കാൻ നിർബന്ധമായും ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക..

* ഡബിൾ ലോക്ക് സിസ്റ്റം ആക്ടിവേറ്റ് ചെയ്യുക. വാഹനത്തിന്റെ സുരക്ഷയാണ് പ്രധാനം. നിലവിലെ ലോക്ക് സിസ്റ്റത്തിനു പുറമെ ഇത് ചെയ്യുന്നത് സുരക്ഷ വർധിപ്പിക്കും.

* സുരക്ഷിതമായ ഇടങ്ങളിൽ മാത്രം വാഹനം പാർക്ക്‌ ചെയ്യുക. മോഷണ സംഭവങ്ങൾ തുടർച്ചയായി റിപ്പോർട്ട്‌ ചെയ്യുന്ന ഇടങ്ങളിൽ കഴിവതും പാർക്ക്‌ ചെയ്യാതിരിക്കുക.

* നാഷണൽ സൈക്കിൾ ഡാറ്റ ബേസിൽ വാഹനം രജിസ്റ്റർ ചെയ്യുക. മോഷണം ഉണ്ടായാൽ വാഹനം കണ്ടെത്തുന്നതിന് ഇത് സഹായിക്കും.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

2022 അവസാനിക്കാൻ ഏതാനും ദിവസങ്ങൾ കൂടിയേ ഉള്ളൂ. ഈ വിരലിലെണ്ണാവുന്ന ദിവസങ്ങളിൽ ബ്രിട്ടനെ കാത്തിരിക്കുന്നത് സമരങ്ങളുടെ പെരുമഴയാണ്. ബോർഡർ ഫോഴ്സ് ജീവനക്കാർ പുതുവത്സരരാവ് ആരംഭിക്കുന്നത് വരെയുള്ള സമരം തുടങ്ങിക്കഴിഞ്ഞു . ഇത് അവരുടെ രണ്ടാമത്തെ പണിമുടക്കാണ്. കൂടുതൽ യാത്രക്കാർ എത്തുന്ന ക്രിസ്മസ് അവധിക്കാലത്ത് ഇത് വിമാനത്താവളങ്ങളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുമെന്നാണ് കരുതപ്പെടുന്നത്.

ഇതുകൂടാതെയാണ് പിസിഎസ് അംഗങ്ങൾ ഡിസംബർ 28 മുതൽ 31 വരെ പ്രഖ്യാപിച്ചിരിക്കുന്ന സമരം. ഇവരിൽ പലരും പാസ്പോർട്ട് സേവനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ്. അതുകൊണ്ടുതന്നെ ഈ സമരം പലരുടെയും യാത്രയെ ബാധിക്കാനുള്ള സാധ്യതയുണ്ട്. ശമ്പള വർദ്ധനവ് സംബന്ധിച്ച് സർക്കാർ ക്രിയാത്മകമായ ചർച്ചകൾ നടത്തിയില്ലെങ്കിൽ സമരങ്ങൾ മാസങ്ങളോളം നീണ്ടുനിൽക്കുമെന്നാണ് യൂണിയനുകൾ അറിയിച്ചിരിക്കുന്നത്.

ട്രെയിൻ യാത്രക്കാർ നേരിടുന്ന തടസ്സം ഇന്നും നാളെയും തുടരും. ഗ്രേറ്റ് വെസ്റ്റേൺ റെയിൽവേയിലെയും വെസ്റ്റ് മിഡ്ലാൻഡ്സ് ട്രെയിനുകളിലെയും സാങ്കേതിക സുരക്ഷാ വിഭാഗ ജീവനക്കാർ പണിമുടക്കിലായതിനാലാണിത്. ഹീത്രു, ഗാറ്റ് വിക്ക്, മാഞ്ചസ്റ്റർ, ബര്‍മിംഗ്ഹാം, കാർഡിഫ്, ഗ്ലാസ്ഗോ എന്നീ വിമാനത്താവളങ്ങളിലും ന്യൂഹാവർ തുറമുഖങ്ങളിലെയും ജീവനക്കാർ പ്രഖ്യാപിച്ചിരിക്കുന്ന സമരങ്ങളെ നേരിടാൻ സൈനിക ഉദ്യോഗസ്ഥരോടൊപ്പം സിവിൽ സർവൻ്റും അണിചേരുന്നുണ്ട്. അതേസമയം യുകെയിലുടനീളമുള്ള 250 ഡ്രൈവിംഗ് ടെസ്റ്റ് സെന്ററിലുകളിലായി ഡ്രൈവിംഗ് എക്‌സാമിനർമാരും റൂറൽ പേയ്‌മെന്റ് ഓഫീസർമാരും നടത്തുന്ന സമരം ഡ്രൈവിംഗ് ലൈസൻസിന് വേണ്ടി കാത്തിരിക്കുന്ന അനേകരെ ദുരിതത്തിലാക്കുമെന്നാണ് റിപ്പോർട്ടുകൾ.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : കോവിഡിന് ശേഷം കുതിച്ചുയർന്ന വീട് വിലകൾ കുറയുകയാണ്. കോവിഡ് പ്രതിസന്ധിയും പണപെരുപ്പവും റഷ്യ – യുക്രൈൻ യുദ്ധവുമാണ് വീട് വിപണിയിലെ ഈ ചാഞ്ചാട്ടത്തിന് കാരണം. 2019 മുതൽ യുകെയിലെ ചില പ്രദേശങ്ങളിൽ വീടുകളുടെ വില 20 ശതമാനം വരെ ഉയർന്നിട്ടുണ്ട്. റൈറ്റ്‌മൂവ് കണ്ടെത്തൽ പ്രകാരം ഇംഗ്ലണ്ടിന്റെ തെക്ക് കിഴക്കൻ, തെക്ക് പടിഞ്ഞാറൻ മേഖലകളിലാണ് ഏറ്റവുമധികം ഉയർച്ചയുണ്ടായത്. അതേസമയം, ഓഫീസ് ഓഫ് ബജറ്റ് റെസ്‌പോൺസിബിലിറ്റിയുടെ ഏറ്റവും പുതിയ പ്രവചനങ്ങൾ പ്രകാരം 2024 മൂന്നാം പാദത്തോടെ വീട് വിലയിൽ ഒമ്പത് ശതമാനം ഇടിവ് ഉണ്ടായേക്കും എന്നാണ്. ഇതോടെ ആദ്യമായി വീടുവാങ്ങിയവർ പ്രതിസന്ധിയിലാകും.

2020ലും 2021ലും വീട് വാങ്ങിയവർക്കാണ് ഈ തിരിച്ചടി. അവർ വീട് വാങ്ങാൻ ചിലവഴിച്ച തുകയേക്കാൾ കുറവാണ് അടുത്ത വർഷത്തെ വില. നെഗറ്റീവ് ഇക്വിറ്റിയിൽ വീണതിനാൽ ആദ്യമായി വീട് വാങ്ങിയ 90,000 ഉടമകൾക്ക് അവരുടെ വീടുകൾ റീമോർട്ട്ഗേജ് ചെയ്യാനുള്ള സൗകര്യം നഷ്ടമാകും. തെക്ക് പടിഞ്ഞാറന്‍ മേഖലയിലായിരുന്നു വീടുവിലയിലെ ചാഞ്ചാട്ടം ഏറ്റവുമധികം. 2019-ല്‍ ഒരു വീടിന്റെ ശരാശരി വില 2,94,000 പൗണ്ട് ആയിരുന്നത് 20 ശതമാനം ഉയര്‍ന്ന് 3,53,852 പൗണ്ടായി. തെക്ക് കിഴക്കന്‍ മേഖലയിൽ ശരാശരി വില 4,03,980 പൗണ്ടായിരുന്നത് 18 ശതമാനം വര്‍ദ്ധിച്ച് 4,78,188 പൗണ്ടായിരുന്നു.

കഴിഞ്ഞ വർഷത്തെ ഏറ്റവും ഉയർന്ന ശരാശരി വീട് വില സെൻട്രൽ ലണ്ടനിലായിരുന്നു. വീട് വിലയിൽ 14 ശതമാനം വർദ്ധനവ് ഉണ്ടായി. 2024-ന്റെ മൂന്നാം പാദത്തോടെ ഒമ്പത് ശതമാനം ഇടിവ് ഉണ്ടാകുമ്പോൾ വീടിന്റെ ശരാശരി വില ഏകദേശം 268,450 പൗണ്ടിലേക്ക് താഴും. 2024 വേനൽക്കാലത്ത് വിലയിൽ 26,550 പൗണ്ട് കുറവുണ്ടാകുമെന്ന് ഒ ബി ആർ പറയുന്നു. നവംബറിലെ ശരാശരി വീടിന്റെ വില ഇതിനകം 1.4 ശതമാനം കുറഞ്ഞു – 2020 ജൂണിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവ്.

ലൂട്ടൻ: മരണങ്ങളുടെ മണിമുഴക്കം അവസാനിക്കാതെ യുകെ മലയാളികൾ. ഇന്നലെ ലൂട്ടനിൽ  ലൂട്ടനിൽ താമസിക്കുന്ന ജിജി മാത്യസിന്റെ (56, മുഞ്ഞനാട്ട് കുടുംബാംഗം) മരണം ലൂട്ടൻ മലയാളികളെ എന്നപോലെ തന്നെ യുകെയിലെ മറ്റു മലയാളികളെയും ഒരുപോലെ ഞെട്ടിച്ചു എന്നത് ഒരു യാഥാർത്യമാണ്. രാത്രി ഒരു മണിയോടെ അസ്വസ്ഥ തോന്നിയ ജിജി വെള്ളം കുടിക്കാനായിട്ടാണ് മുകളിൽ നിന്നും അടുക്കളയിൽ എത്തുന്നത്.

എണീറ്റുപോകുന്നത് ശ്രദ്ധിച്ച ഭാര്യ താഴെയെത്തിയപ്പോൾ ആണ് മുകളിലേക്ക് കയറാനാകാതെ വീണുകിടക്കുന്ന ഭർത്താവിനെ കാണുന്നത്. ക്രിസ്മസ് ആഘോഷത്തിനായി ഈയിടെ വിവാഹം കഴിച്ചയച്ച ഡോക്ടറായ മകൾ ഉൾപ്പെടെ എല്ലാവരും വീട്ടിൽ ഉണ്ടായിരുന്നു.

എല്ലാവരും താഴെയെത്തി. ഡോക്ടർ ആയ മകളും നഴ്‌സായ ഭാര്യയും സി പി ആർ  നൽകി. ഇതിനിടയിൽ തന്നെ ആംബുലൻസ് ടീമും സ്ഥലത്തെത്തി. ഉടനടി ആശുപത്രിലേക്ക് മാറ്റിയെങ്കിലും ജീവൻ നിലനിർത്താൻ സാധിക്കാതെ വരുകയായിരുന്നു. നാട്ടിൽ പത്തനംതിട്ടയിലെ മൈലപ്ര സ്വദേശിയാണ് ജിജി. സ്റ്റോക്ക് ഓൺ ട്രെന്റിൽ താമസിക്കുന്ന ബെജിയുടെ മൂത്ത സഹോദരനാണ് പരേതനായ ജിജി മാത്യൂസ്.

എല്ലാവരുമായും ക്രിസ്മസിന്റെ സന്തോഷം പങ്കുവെച്ചു തലേദിവസം പിരിഞ്ഞ പ്രിയ സുഹൃത്തിന്റെ ആകസ്മിക വേർപാടിൽ ഞെട്ടലിലാണ് യുകെയിൽ മലയാളി സുഹൃത്തുക്കൾ.  യുകെയിൽ ഏറെ സൗഹൃദമുള്ള ജിജി, പ്രവാസി മലയാളി സംഘടനയായ ല്യൂട്ടന്‍ കേരളൈറ്റ് അസോസിയേഷന്റെ ആദ്യകാല പ്രസിഡന്റും ലൂട്ടൻ മലയാളി അസ്സോസിയേഷന്റെ സ്ഥാപകരിൽ ഒരാളുമാണ്. മലയാളികളുടെ എല്ലാ പ്രശ്നങ്ങളിലും സജീവമായി ഇടപെടുന്ന അദ്ദേഹം, സംഘടനയുടെ പ്രസിഡന്റ്‌, യുക്മയുടെ പല പരിപാടികളിലും സജീവ പങ്കാളിത്വം വഹിച്ചിട്ടുണ്ട്.

ഗ്ലോസ്റ്ററില്‍ ഈ അടുത്ത് നടന്ന രണ്ട് കാർ അപകടങ്ങളിൽ പെട്ടവർക്ക്  സാമ്പത്തിക സഹായം എത്തിക്കുന്നതിനും ജിജി അക്ഷീണം പ്രവർത്തിച്ചിരുന്നു. പ്രിയ സുഹൃത്തിനെക്കാൾ ഉപരിയായി ജ്യേഷ്ഠ സഹോദരനെയാണ് പ്രിയപ്പെട്ടവർക്ക് നഷ്ടമായിരിക്കുന്നത്. എല്ലാ പ്രതിസന്ധിയിലും താങ്ങായി നിന്ന ജിജിയുടെ വേർപാടിന്റെ ആഘാതത്തിലാണ് യുകെ മലയാളികൾ.

ഐയ്ല്‍സ്ബറി എന്‍എച്ച്എസ് ഹോസ്പിറ്റലിലായിരുന്നു ജിജി ജോലി ചെയ്തിരുന്നത്. ഭാര്യ ഷേര്‍ളി ലൂട്ടന്‍ ആന്റ് ഡണ്‍സ്റ്റബിള്‍ ഹോസ്പിറ്റലില്‍ നഴ്‌സാണ്. മക്കള്‍: നിക്കി (എന്‍എച്ച്എസ് ഡോക്ടര്‍), നിഖില്‍, നോയല്‍ എന്നിവരാണ്

ജിജിയുടെ വേർപാടിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനങ്ങൾ രേഖപ്പെടുത്തുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ക്രിസ്മസ് തലേന്ന് പാക് പബ്ബിൽ ബ്യൂട്ടീഷനായ യുവതി വെടിയേറ്റ് മരിച്ച സംഭവത്തിൽ ഒരു പുരുഷനെയും സ്ത്രീയെയും പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ എല്ലെ എഡ്വേർഡ് എന്ന യുവതിയാണ് മരിച്ചത്. ലിവർപൂളിന് സമീപമുള്ള ഗ്രാമമായ വാലസെയിലെ ലൈറ്റ്ഹൗസ് ഇന്നിൽ സഹോദരിക്കും കൂട്ടുകാർക്കുമൊപ്പം ക്രിസ്മസ് ആഘോഷിക്കുന്നതിനിടയിൽ രാത്രി 11.50 നാണ് വെടിയേറ്റത്.

സംഭവത്തെ തുടർന്ന് സിപിആർ നൽകാൻ സുഹൃത്തുക്കൾ ശ്രമിച്ചെങ്കിലും യുവതി സംഭവസ്ഥലത്ത് തന്നെ മരിച്ചു. എഡ്വേർഡിന്റെ സഹോദരി ലൂസി ദുബായിലാണ് വർഷങ്ങളായി താമസിക്കുന്നത്. എന്നാൽ ഇത്തവണ സഹോദരിക്കൊപ്പം ക്രിസ്മസ് ആഘോഷിക്കാൻ നാട്ടിലെത്തിയപ്പോഴാണ് ദാരുണമായ സംഭവം നടന്നത്. ഇൻസ്റ്റാഗ്രാമിൽ സഹോദരിയെ കുറിച്ച് പങ്കുവെച്ച പോസ്റ്റിൽ എന്റെ എല്ലാം എല്ലാമാണ് നഷ്ടമായതെന്നും അവർ പറഞ്ഞു.

എല്ലെയുടെ കൊലപാതകത്തിൽ സംശയം തോന്നിയ ട്രാൻമേറിൽ നിന്നുള്ള മുപ്പത് വയസുകാരനെ ഇന്നലെ രാത്രി പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ഗൂഢാലോചന നടത്തിയെന്ന് സംശയിക്കുന്ന റോക്ക് ഫെറിയിൽ നിന്നുള്ള 19 കാരിയായ യുവതിയും അറസ്റ്റിലായിട്ടുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇരുവരെയും കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തു വരികയാണ്. പബ്ബിനുള്ളിൽ ഉണ്ടായ ദാരുണമായ സംഭവത്തിന്റെ ഞെട്ടലിൽ നിന്നും പലരും ഇതുവരെ പുറത്തുവന്നിട്ടില്ല.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

സമരത്തിന് ശേഷം ഇന്ന് ട്രെയിൻ സർവീസുകൾ പുനരാരംഭിക്കുമെങ്കിലും സാധാരണ രീതിയിൽ ഓടി തുടങ്ങാൻ സമയമെടുത്തേക്കും എന്ന് റിപ്പോർട്ടുകൾ . പല ട്രെയിനുകളും ഉച്ചയ്ക്ക് മുമ്പ് ഓടി തുടങ്ങില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇന്ന് യാത്രയ്ക്കായി ട്രെയിനിനെ ആശ്രയിക്കുന്നവർക്ക് ഒട്ടേറെ ബുദ്ധിമുട്ടുകൾ ഇത് കാരണം അഭിമുഖീകരിക്കേണ്ടതായി വന്നേക്കാം.

70 ശതമാനം സർവീസുകളും പ്രവർത്തിക്കുമെന്നാണ് നെറ്റ് വർക്ക് റെയിൽ അറിയിച്ചിരിക്കുന്നത്. എന്നാൽ ട്രെയിന്റെ സമയക്രമം പരിശോധിക്കണമെന്ന മുന്നറിയിപ്പും അവർ നൽകിയിട്ടുണ്ട്. രാവിലെ 7 .15 മുതൽ ചില സേവനങ്ങൾ പുന:സ്ഥാപിക്കാൻ തുടങ്ങുമെന്നാണ് സ്കോട്ട് റെയിൽ അറിയിച്ചിരിക്കുന്നത്. എന്നാൽ ഇന്ന് മുഴുവൻ തടസ്സമുണ്ടാകാനുള്ള സാധ്യതയും അവർ അറിയിച്ചിട്ടുണ്ട്.

പണപെരുപ്പത്തിനും ജീവിത ചിലവ് വർദ്ധനവിനും ആനുപാതികമായി ശമ്പള വർദ്ധനവിനായി യുകെയിലുടനീളമുള്ള റെയിൽവേ ജീവനക്കാരുടെ സമരം ജനജീവിതത്തെ സാരമായി ബാധിച്ചിരുന്നു. 14 ട്രെയിൻ കമ്പനികളിലെ ആയിരക്കണക്കിന് ജീവനക്കാർ സമരമുഖത്ത് ഇറങ്ങിയത് ട്രെയിൻ ഗതാഗതം താറുമാറാക്കിയിരുന്നു. ക്രിസ്മസിനു മുന്നോടിയായി സമരങ്ങളുടെ പരമ്പര തന്നെയായിരുന്നു രാജ്യത്ത് അരങ്ങേറിയത്.

RECENT POSTS
Copyright © . All rights reserved