ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : കെയർ ഹോം ജീവനക്കാരിൽ നിന്നുള്ള സ്ലേവറി ഹെൽപ്പ്ലൈൻ കോളുകൾ കുത്തനെ ഉയർന്നതായി റിപ്പോർട്ട്. യുകെയിൽ നിരവധി മലയാളികൾ കെയർ ഹോം മേഖലയിൽ ജോലി ചെയ്യുന്നുണ്ട്. 2022-ൽ 700-ലധികം കെയർ ഹോം ജീവനക്കാർ തങ്ങളുടെ ഹെൽപ്പ് ലൈൻ ഉപയോഗിച്ചതായി അൺസീൻ യുകെ പറഞ്ഞു. കഴിഞ്ഞ വർഷം വിസ നിയമങ്ങൾ മാറിയതിനെത്തുടർന്ന് തങ്ങളെ കൊണ്ടുവന്ന ആളുകൾക്ക് വൻതുക നൽകിയതായി പലരും പറഞ്ഞു. മലയാളികളും കടുത്ത ചൂഷണത്തിന് ഇരയാകുന്നുണ്ട്.
2021-ൽ, കെയർ മേഖലയിലെ 15 സ്ലേവറി കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2022 ആയപ്പോഴേക്കും 106 കേസുകൾ ഉണ്ടായി. 2023-ൽ കണക്കുകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നു. 2022-ൽ ‘മോഡേൺ സ്ലേവറി’ക്ക് ഇരയായവരിൽ അഞ്ചിൽ ഒരാൾ കെയർ മേഖലയിൽ ജോലി ചെയ്യുന്നു. യുകെയിലേക്കുള്ള യാത്രയ്ക്കും സ്പോൺസർഷിപ്പ് സർട്ടിഫിക്കറ്റുകൾക്കുമായി ആളുകളിൽ നിന്ന് ആയിരത്തിലധികം പൗണ്ട് ഈടാക്കുന്നതായി തിങ്കളാഴ്ച പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.
സ്‌പോൺസർഷിപ്പിന്റെ ചിലവ് നൂറ് പൗണ്ട് ആണ്. ഏതാനും തൊഴിലുടമകളും ഏജന്റുമാരും തൊഴിലാളികളിൽ നിന്ന് 25,000 പൗണ്ട് വരെ ഈടാക്കുകയും പലിശ ചേർക്കുകയും അവരുടെ വേതനത്തിൽ നിന്ന് പിടിക്കുകയും ചെയ്യുന്നു. ഇതോടെ ജീവനക്കാർക്ക് കടം വീട്ടാൻ പറ്റാതാകും. ഇടവേളയില്ലാതെ തുടർച്ചയായി ജോലി ചെയ്യേണ്ടി വരുന്നതായി പല കെയർ ജീവനക്കാരും വെളിപ്പെടുത്തി. ഇത് തൊഴിൽ ദുരുപയോഗവും ചൂഷണവും വർദ്ധിക്കുന്നതിലേക്ക് നയിച്ചുവെന്നും നിരവധി തൊഴിലാളികൾക്ക് ഇത് കടുത്ത പ്രതിസന്ധിയാണെന്നും അൺസീനിന്റെ ചീഫ് എക്സിക്യൂട്ടീവ് ആൻഡ്രൂ വാലിസ് പറയുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- തന്റെ ബ്രിട്ടീഷ് പൗരത്വം നീക്കം ചെയ്യാനുള്ള സർക്കാരിന്റെ തീരുമാനം നിയമവിരുദ്ധമാണെന്ന ഷമീമ ബീഗത്തിന്റെ ഏറ്റവും പുതിയ ഹർജിയിൽ കോടതി വാദം കേൾക്കുകയാണെന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഷമീമ ബീഗത്തിന് 15 വയസ്സുള്ളപ്പോൾ 2015 ലാണ് കിഴക്കൻ ലണ്ടനിലെ വീട് വിട്ട്, അവർ ഇസ്ലാമിക് സ്റ്റേറ്റ് സംഘടനയിൽ ചേരുവാനായി സിറിയയിലേക്ക് പോയത്. ഇതിനുശേഷം 2019 ൽ ഫെബ്രുവരിയിൽ ഇവരെ അഭയാർത്ഥി ക്യാമ്പിൽ കണ്ടെത്തിയതിന് തൊട്ടുപിന്നാലെ ദേശീയ സുരക്ഷാ കാരണങ്ങളാൽ അവളുടെ യുകെ പൗരത്വം സർക്കാർ റദ്ദാക്കുകയായിരുന്നു. ദേശീയ സുരക്ഷാ കാരണങ്ങളാണ് അന്ന് സർക്കാർ ഈ തീരുമാനത്തിന്റെ അടിസ്ഥാനമായി മുന്നോട്ടുവച്ചത്. തന്നെ ഐസ് ലൈംഗികമായി ചൂഷണം ചെയ്യുന്നതിൽ നിന്ന് സംരക്ഷിക്കുന്നതിൽ സർക്കാരും യുകെ പോലീസും പരാജയപ്പെട്ടുവെന്നാണ് ഷമീമ ബീഗം മുന്നോട്ടുവയ്ക്കുന്ന ആരോപണം. ഈ വർഷം ആദ്യം സർക്കാരിന്റെ തീരുമാനത്തിനെതിരെ ഷമീമ ബീഗം സ്പെഷ്യൽ ഇമിഗ്രേഷൻ അപ്പീൽ കമ്മീഷനിൽ അപ്പീൽ നൽകിയിരുന്നെങ്കിലും, തീരുമാനം ഷമീമക്കെതിരായിരുന്നു. ഇതിനൊരു തുടർന്നാണ് ഇപ്പോൾ ലണ്ടനിലെ അപ്പീൽ കോടതിയിൽ വീണ്ടും ഷമീമ ഹർജി നൽകിയത്.
എന്നാൽ ഐസിന്റെ ചൂഷണത്തിന് ഇരയായ ഷമീമയോട് ബ്രിട്ടീഷ് സർക്കാർ യാതൊരുവിധ തരത്തിലുള്ള ഉത്തരവാദിത്വവും കാണിച്ചില്ലെന്നാണ് ഷമീമയുടെ അഭിഭാഷകർ കോടതിയിൽ വ്യക്തമാക്കിയത്. എന്നാൽ സ്പെഷ്യൽ ഇമിഗ്രേഷൻ അപ്പീൽ കമ്മീഷന്റെ തീരുമാനം ശരിയാണെന്ന് സർക്കാർ വിഭാഷകർ കോടതിയിൽ വാദിച്ചു. എന്നാൽ താൻ ഒരു ട്രാഫിക്കിംഗ് ഇരയാണെന്ന് സർക്കാർ ഒരിക്കൽപോലും പരിഗണിച്ചില്ലെന്ന് ഷമീമ ബീഗം അടിവരയിട്ട് വ്യക്തമാക്കുന്നു. അപ്പീൽ കോടതിയിലെ വാദം കേൾക്കൽ മൂന്ന് ദിവസം നീണ്ടുനിൽക്കുമെന്നും പിന്നീട് തീരുമാനം ഉണ്ടാകുമെന്നുമാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ആത്മഹത്യയെ പ്രോത്സാഹിപ്പിക്കുന്ന വെബ്സൈറ്റിന്റെ സ്വാധീനത്തിൽ കുറഞ്ഞത് 50 പേർക്കെങ്കിലും യുകെയിൽ ജീവൻ നഷ്ടമായതായുള്ള വിവരങ്ങൾ പുറത്തുവന്നു. ഈ വെബ്സൈറ്റിനെ കുറിച്ച് ഒന്നിലധികം തവണ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും നടപടികൾ എടുക്കുന്ന കാര്യത്തിൽ ഉത്തരവാദിത്തപ്പെട്ടവർ പരാജയപ്പെട്ടതാണ് ഇപ്പോൾ വൻ പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്.
ഒട്ടേറെ പേരുടെ ജീവൻ നഷ്ടമായ സംഭവങ്ങളെക്കുറിച്ച് ബിബിസി ന്യൂസ് ആണ് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. പേര് വെളുപ്പെടുത്തിയിട്ടില്ലാത്ത വെബ്സൈറ്റ് കുട്ടികൾ ഉൾപ്പെടെ ആർക്കും എളുപ്പത്തിൽ പ്രവേശിക്കാമെന്നതാണ് പ്രശ്നം കൂടുതൽ ഗൗരവമാക്കിയിരിക്കുന്നത് . പോലീസിന്റെ ഭാഗത്തുനിന്നും സാങ്കേതിക വിദഗ്ധരുടെ ഭാഗത്തുനിന്നും ഈ പ്രശ്നത്തെക്കുറിച്ച് ഒട്ടേറെ മുന്നറിയിപ്പുകളാണ് സർക്കാരിന് നൽകിയിരുന്നത്.
എന്നാൽ ഫലപ്രദമായ ഇടപെടലുകൾ സർക്കാരിൻറെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല എന്നു മാത്രമല്ല വെബ്സൈറ്റ് ഇപ്പോഴും സജീവമാണ്.
മരിച്ചവരുടെ ബന്ധുക്കൾ ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നിട്ടുണ്ട്. വെബ്സൈറ്റിന്റെ പുറകിൽ പ്രവർത്തിക്കുന്നത് ആരാണെന്നത് ഇപ്പോഴും അവ്യക്തമായി തുടരുകയാണ്. ആത്മഹത്യയ്ക്ക് കീഴ്പ്പെട്ട പലരും വിഷാദ രോഗബാധിതരായിരുന്നു. ആത്മഹത്യ ചെയ്ത പലരും ജീവനൊടുക്കുന്നതിനു മുൻപ് വിവാദ വെബ്സൈറ്റ് സന്ദർശിച്ചതാണ് സംഭവം പുറംലോകം അറിയാൻ കാരണമായത്
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഈ വർഷത്തെ മികച്ച നേഴ്സിനുള്ള മലയാളം യുകെയുടെ അവാർഡിന് റ്റിൻസി ജോസ് അർഹയായി. ഒക്ടോബർ 28-ാം തീയതി ഗ്ലാസ്കോയിൽ നടക്കുന്ന മലയാളം യുകെ അവാർഡ് നൈറ്റിൽ റ്റിൻസി ജോസിന് പുരസ്‌കാരം സമ്മാനിക്കും.
അർപ്പണത്തിന്റെയും ആത്മാർത്ഥതയുടെയും മനുഷ്യസ്നേഹത്തിന്റെയും ആൾരൂപമെന്നാണ് മാലാഖമാരുടെ മാലാഖയായി തെരഞ്ഞെടുക്കപ്പെട്ട റ്റിൻസി ജോസിനെ കുറിച്ച് ജഡ്ജിംഗ് കമ്മിറ്റി വിലയിരുത്തിയത് . തൻറെ നേഴ്സിംഗ് ജീവിതത്തിന്റെ തുടക്കം മുതൽ അശരണർക്കുള്ള സന്നദ്ധ സേവനം റ്റിൻസിയുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ആദ്യമായി ജോലി ലഭിച്ച അട്ടപ്പാടി ബഥനി മെഡിക്കൽ സെൻറർ ആദിവാസി മേഖലയിൽ പ്രവർത്തിക്കുന്ന ഒരു ചാരിറ്റി ഹോസ്പിറ്റൽ ആയിരുന്നു. 2008 മാർച്ചിൽ യുകെയിലെത്തിയ റ്റിൻസി എൻ എച്ച്എസിൽ ജോലി ആരംഭിച്ചത് 2014 -ലാണ്.
പാർക്കിൻസൺ രോഗികൾക്കായുള്ള റ്റിൻസിയുടെ പ്രവർത്തനങ്ങൾ സമാനതകളില്ലാത്തതായിരുന്നു . സ്വയം ഒരു പാർക്കിൻസൺ രോഗിയാണെന്ന് തിരിച്ചറിഞ്ഞതോടെ രോഗം മൂലം കഷ്ടപ്പെടുന്നവർക്കായി ഒരു ആരോഗ്യപ്രവർത്തക എന്ന നിലയിൽ ഒട്ടേറെ സുത്യർഹമായ സേവനങ്ങളാണ് അവർ ചെയ്ത് വന്നത് . പാർക്കിൻസൺ രോഗത്തിന്റെ പ്രതിവിധികൾക്കായുള്ള ഗവേഷണത്തിന്റെ ഭാഗമാകാൻ അവർ തീരുമാനിച്ചത് അതിൽ ഒന്നു മാത്രമാണ്. 200 വർഷങ്ങൾക്ക് മുമ്പ് ഡോ. ജെയിംസ് പാർക്കിൻസൺ ഈ രോഗലക്ഷണങ്ങളെ നിർവചിച്ചതിന് ശേഷം ഇത്രയും നാളുകൾ കഴിഞ്ഞിട്ടും പാർക്കിൻസൺ രോഗത്തിന് പ്രതിവിധി കണ്ടെത്താൻ ആധുനിക വൈദ്യശാസ്ത്രത്തിനായിട്ടില്ല. താനും കൂടി പങ്കാളിയാകുന്ന ഗവേഷണ പ്രവർത്തനനങ്ങളിൽ തനിക്ക് പ്രയോജനം ചെയ്തില്ലെങ്കിലും വരും തലമുറയിൽ ഈ രോഗം മൂലം വിഷമം അനുഭവിക്കുന്നവർക്ക് സഹായകരമാകുമെന്ന് റ്റിൻസി മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.
നോർഫോക്കിലെ ക്യൂൻ എലിസബത്ത് ഹോസ്പിറ്റൽ അക്യൂട്ട് മെഡിക്കൽ യൂണിറ്റിൽ നേഴ്സ് ആണ് റ്റിൻസി ജോസ്. എൻഎച്ച്എസിലെ തൻറെ സേവന കാലഘട്ടത്തിൽ ഒട്ടേറെ അംഗീകാരങ്ങളാണ് റ്റിൻസിയെ തേടിയെത്തിയത്. വോളണ്ടിയർ അവാർഡ് പാർക്കിൺസൺ യുകെ 2022, എച്ച് എസ്ജെ പേഷ്യന്റ് സേഫ്റ്റി അവാർഡ് 2023 എന്നിവ റ്റിൻസിയ്ക്ക് ലഭിച്ചത് യുകെയിലെ മലയാളി നേഴ്സുമാർക്ക് ആകെ അഭിമാനത്തിന് വക നൽകുന്നതായിരുന്നു. പാർക്കിൺസൺ വിഭാഗത്തിൽ ബിബിസി പോഡ് കാസ്റ്റിന്റെ ഭാഗമാകാൻ സാധിച്ചത് ഒരു മലയാളി നേഴ്സ് എന്ന നിലയിൽ റ്റിൻസിയ്ക്ക് ലഭിച്ച വലിയ അംഗീകാരമായിരുന്നു . രോഗം ബാധിച്ചെങ്കിലും ഏറ്റവും വെല്ലുവിളികൾ നിറഞ്ഞ അക്യൂട്ട് കെയർ നേഴ്സായാണ് ഇപ്പോഴും റ്റിൻസി ജോലി ചെയ്യുന്നത് . 2021 ഒക്ടോബർ മുതൽ പാർക്കിൻസൺ ഗ്രൂപ്പുമായി ചേർന്ന് പ്രവർത്തിക്കുന്ന എൻഎച്ച്എസ്സിലെ ജീവനക്കാരുടെ ഗ്രൂപ്പിലെ സജീവ അംഗമാണ് റ്റിൻസി. പാർക്കിൻസൺ രോഗത്തിനെതിരെയുള്ള ഗവേഷണത്തിനായി പാർക്കിൻസൺ യുകെ എന്ന ചാരിറ്റിയ്ക്ക് വേണ്ടി പണം സ്വരൂപിക്കാൻ ചാരിറ്റി വോക്ക് നടത്തുന്നതിന് റ്റിൻസി നേതൃത്വം നൽകുകയും പങ്കെടുക്കുകയും ചെയ്തു . ഇതുകൂടാതെ 2023 മാർച്ചിൽ പാർലമെൻറിൽ വച്ച് നടന്ന മന്ത്രി തല യോഗത്തിൽ പാർക്കിൻസൺ കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ റ്റിൻസിയ്ക്ക് സാധിച്ചിരുന്നു . ഇത് ഉൾപ്പെടെ രണ്ടു തവണ ബ്രിട്ടീഷ് പാർലമെന്ററിൽ എത്തി എംപി മാരുമായി സംവദിക്കാൻ റ്റിൻസിക്ക് അവസരം ലഭിച്ചിട്ടുണ്ട്.
കേരളത്തിൽ കൂത്താട്ടുകുളത്തിന് അടുത്തുള്ള ഒലിയപ്പുറം കാരിക്കുന്നേൽ പരേതനായ ജോസഫിന്റെയും മാറിയകുട്ടിയുടെയും ഏഴുമക്കളിൽ ഏറ്റവും ഇളയ മകളാണ് റ്റിൻസി . ഭർത്താവ് ബിനു ചാണ്ടി സെയിൽസ് അസിസ്റ്റന്റ് ആയിട്ടാണ് ജോലി ചെയ്യുന്നത്. മാർഷ് ലാൻഡ് ഹൈസ്കൂളിൽ ഇയർ 11 – ന് പഠിക്കുന്ന അലക്സ് ബിനുവും സ്പാൽഡിംഗ് ഗ്രാമർ സ്കൂളിൽ ഇയർ 7-ൽ പഠിക്കുന്ന അലൻ ബിനുവും ആണ് ബിനു – റ്റിൻസി ദമ്പതികളുടെ മക്കൾ.
ഭർത്താവിൻെറ സഹോദരനായ ബിജുവും കുടുംബവും ലെസ്റ്ററിൽ ഉണ്ട് . സഹോദരിയായ ജിഷ നെൽസണും കുടുംബവും ലണ്ടനിൽ ആണുള്ളത് . തൻറെ ഭർത്താവിനും മക്കൾക്കുമൊപ്പം അവരുടെ പിന്തുണയും തനിക്ക് വേണ്ടുവോളമുണ്ടെന്ന് റ്റിൻസി പറഞ്ഞു. റ്റിൻസിയുടെ പ്രവർത്തനങ്ങളെ നേരിട്ടറിയുന്ന ഭർത്താവിൻറെ സഹോദരനായ ബിജു ചാണ്ടിയാണ് അവാർഡിനു വേണ്ടി നോമിനേഷൻ അയക്കാൻ പ്രേരിപ്പിച്ചത്. സ്വന്തം ചേച്ചിയും നേഴ്‌സുമായ റീനി സജിയാണ് റ്റിൻസിയുടെ എക്കാലത്തെയും റോൾ മോഡൽ. ചേച്ചി ഇപ്പോൾ എ പി വർക്കി മെമ്മോറിയൽ ഹോസ്പിറ്റൽ ആരക്കുന്നത്താണ് ജോലി ചെയ്യുന്നത്.
മലയാളം യുകെ അവാർഡ് നൈറ്റിൽ മികച്ച നേഴ്സിനായുള്ള മത്സരത്തിന് ആവേശകരമായ പ്രതികരണമാണ് യുകെയിൽ ഉടനീളം ലഭിച്ചത്. യുകെ മലയാളി നേഴ്സുമാർ ആവേശത്തോടെ ഏറ്റെടുത്ത മത്സരത്തിൽ ബെൽഫാസ്റ്റിലെ ഓർമ്മർ പാർക്ക് സർജറിയിൽ സേവനം അനുഷ്ഠിക്കുന്ന ബിജി ജോസ് , എഡിൻബർഗ് റോയൽ ഇൻഫർമറിയിലെ ഹിമോഫീലിയ നോംബോഡിസ് ഇമ്മ്യൂണോളജി വിഭാഗത്തിലെ സീനിയർ ചാർജ് നേഴ്സായും നേഴ്സ് സ്പെഷ്യലിസ്റ്റായും ജോലി ചെയ്യുന്ന ബിന്ദു എബ്രഹാം എന്നിവരാണ് റ്റിൻസി ജോസിന് ഒപ്പം അവസാന റൗണ്ടിലെത്തിയത്.
കിംഗ്സ് കോളേജ് ഹോസ്പിറ്റലിലെ ലീഡ് നേഴ്സായി സേവനം ചെയ്യുന്ന മിനിജ ജോസഫിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയാണ് മികച്ച നേഴ്സിനെ തിഞ്ഞെടുത്തത് . മിനിജാ ജോസഫിന് ഒപ്പം എൻഎച്ച്എസ്സിന്റെ നേതൃത്വ പദവികൾ അലങ്കരിച്ച ജെനി കാഗുയോവ , കെറി വാൾട്ടേഴ്സ് എന്നിവരായിരുന്നു മറ്റു ജൂറി അംഗങ്ങൾ
മലയാളം യുകെ അവാർഡ് മുഖ്യാതിഥിയായി ഇന്ത്യൻ കോൺസുലേറ്റ് ജനറൽ വിജയ് സെൽവരാജ് പങ്കെടുക്കും. മലയാളം യുകെ അവാർഡ് നൈറ്റിനുള്ള ഒരുക്കങ്ങൾ ഗ്ലാസ്കോയിൽ പുരോഗമിക്കുകയാണ്.
മലയാളം യുകെയും സ്കോ ട്ട്ലാൻഡിലേ മലയാളി സംഘടനകളുടെ സംഘടനയായ യുസ്മയുടെ സഹകരണത്തോടെ ഒക്ടോബർ 28 -ന് നടത്തുന്ന അവാർഡ് നൈറ്റിനായുള്ള ഒരുക്കങ്ങൾ ഗ്ലാസ്ഗോയിലെ ബെൻസ് ഹിൽ അക്കാഡമിയിൽ പുരോഗമിക്കുകയാണ്. യുസ്മ നാഷണൽ കലാമേളയോടെ 12 മണിക്കാണ് പരിപാടികൾ ആരംഭിക്കുക. കാണികൾക്ക് കലയുടെ ദൃശ്യവിരുന്ന് ഒരുക്കുന്ന നിരവധി പരിപാടികൾ ആണ് വേദിക്ക് പിന്നിൽ ഒരുങ്ങുന്നത്. സ്കോട്ട് ലൻഡിലെ മലയാളി കുടിയേറ്റ ചരിത്രത്തിൽ നാഴിക കല്ലാകുന്ന കലയുടെ മാമാങ്കത്തിനാണ് ഒക്ടോബർ 28 -ന് തിരി തെളിയുക.
ഗ്ലാസ്ഗോയിൽ നടക്കുന്ന അവാർഡ് നൈറ്റിൽ അത്യന്തം വാശിയേറിയ മത്സരത്തിൽ വർണ്ണാഭമായ സാങ്കേതീക സജ്ജീകരണങ്ങാണ് മലാളം യുകെ ന്യൂസ് ഒരുക്കുന്നത്. മെഗാ വീഡിയോ വാൾ, താളത്തിനൊത്ത് നൃത്തം ചെയ്യുന്ന അത്യാധുനിക ലൈറ്റിംഗ് സംവിധാനം, മത്സരാർത്ഥികൾക്ക് ഓരോ ചുവിടലും ഊർജ്ജമേകുന്ന കൃത്യമായ ശബ്ദ നിയന്ത്രണങ്ങൾ, ലോകമെമ്പാടും തൽസമയം കണ്ടാസ്വദിക്കാൻ ലൈവ് ടെലികാസ്റ്റിംഗ് തുടങ്ങിയവയെല്ലാം അവാർഡ് നൈറ്റിൻെറ പ്രത്യേകതകളിൽ ചിലതാണ്. കൃത്യമായ വോളണ്ടിയറിംഗ് സംവിധാനവും മിതമായ നിരക്കിൽ രുചികരമായ ഭക്ഷണവും പരിപാടിയിലുടനീളം ലഭ്യമാണ്. കോച്ചുകളുൾപ്പെടെ നൂറ് കണക്കിന് വാഹനങ്ങൾ സൗജന്യമായി പാർക്ക് ചെയ്യാനുന്നുള്ള സൗകര്യവുമുണ്ട്.
ഇൻഷുറൻസ്, മോർട്ട്ഗേജ് അഡ്വൈസ് രംഗത്ത് വർഷങ്ങളായി യുകെ മലയാളികൾ ആശ്രയിക്കുന്ന വിശ്വസ്ത സ്ഥാപനമായ അലൈഡ് ഫിനാൻഷ്യൽ സർവീസ്, രുചിപ്പെരുമയിൽ യുകെ മലയാളികൾക്കിടയിൽ പേര് കേട്ട തറവാട് റസ്റ്റോറന്റ് എന്നിവരാണ് മലയാളം യുകെ അവാർഡ് നൈറ്റിൻെറ മുഖ്യ പ്രായോജകർ.
ഗ്ലാസ്ഗോയിൽ നടക്കുന്ന കലാമാമാങ്കം കണ്ട് ആസ്വദിക്കാനായിട്ട് യുകെയിലുള്ള എല്ലാ മലയാളികളെയും മലയാളം യുകെയും യുസ്മയും ഗ്ലാസ്ഗോയിലേയ്ക്ക് സ്വാഗതം ചെയ്യുകയാണ് .
മലയാളം യുകെ അവാർഡ് നൈറ്റിന്റെയും യുസ്മ കലാമേളയുടെയും കൂടുതൽ വിവരങ്ങൾ ലഭിക്കാൻ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ബിൻസു ജോൺ, റഗ്ബി – 07951903705
ഷിബു മാത്യു, കീത്തലി – 074114443880
ജോജി തോമസ്, ലീഡ്‌സ് – 07728374426
റോയ് ഫ്രാൻസിസ്, സ്റ്റോക് ഓൺ ട്രെന്റ് – 07717754609
ജിമ്മി മൂലംകുന്നം, ബർമിംഗ്ഹാം – 07588953457
ബിനു മാത്യു, വാൽസാൽ – 07883010229
തോമസ് ചാക്കോ, ഗ്ലോസ്റ്റർഷെയർ – 07872067153
ബിജു മൂന്നാനപ്പള്ളിൽ, സാലിസ്ബറി – 07804830277
യുസ്മ കൾച്ചറൽ കോർഡിനേറ്റർമാരായ റീന സജി 07809486817 (ലിവിംഗ്സ്റ്റൺ) , ഷിബു സേവ്യർ (ഫാൽ കീർക്ക്) 07533554537 എന്നിവരെയോ ബന്ധപ്പെടാവുന്നതാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഇംഗ്ലണ്ടിലെ എല്ലാ വീടുകളിലും റീസൈക്കിൾ ചെയ്യുന്നതിനും ഭക്ഷണ മാലിന്യ ശേഖരണത്തിനും 2026 മുതൽ വലിയ മാറ്റങ്ങൾ വരുന്നു. റീസൈക്ലിങ് മാനദണ്ഡമാക്കുന്ന പുതിയ പദ്ധതികൾ സർക്കാർ പ്രഖ്യാപിച്ചു. എല്ലാ വീടുകളും സ്കൂളുകളും ഒരേ മെറ്റീരിയലുകൾ പുനരുപയോഗം ചെയ്യും. മാലിന്യനിക്ഷേപം കുറയ്ക്കുന്നതിനായി ആഴ്ചയിലൊരിക്കൽ ഭക്ഷ്യാവശിഷ്ടങ്ങൾ ശേഖരിക്കണമെന്ന നിബന്ധനയും ഉണ്ടാകും. പരിസ്ഥിതി സെക്രട്ടറി തെരേസ് കോഫി നിലവിലെ സംവിധാനം മാറ്റണമെന്ന് അഭിപ്രായപ്പെട്ടു.
ഈ മാറ്റങ്ങൾ കൗൺസിലുകൾക്ക് ഉയർന്ന ചിലവുകൾക്ക് കാരണമാകുമെന്ന് പ്രാദേശിക അധികാരികളെ പ്രതിനിധീകരിക്കുന്ന ഡിസ്ട്രിക്റ്റ് കൗൺസിലുകളുടെ നെറ്റ്‌വർക്ക് മുന്നറിയിപ്പ് നൽകി. ഇംഗ്ലണ്ടിലുടനീളമുള്ള ആളുകൾക്ക് റീസൈക്ലിങ് ലളിതമാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. സ്കോ ട്ട്ലൻഡ്, നോർത്തേൺ അയർലൻഡ്, വെയിൽസ് എന്നിവയ്ക്ക് അവരുടേതായ നിയമങ്ങളുണ്ട്.
പള്ളികൾ, ജയിലുകൾ, ചാരിറ്റി ഷോപ്പുകൾ, ഹോസ്റ്റലുകൾ തുടങ്ങിയ സ്ഥലങ്ങളിൽ ഈ നിയമങ്ങൾ പ്രയോഗിക്കുന്നതും പരിഗണിക്കുന്നുണ്ട്. അപകടകരമല്ലാത്ത വ്യാവസായിക മാലിന്യങ്ങൾ ഓരോ രണ്ടാഴ്ച കൂടുമ്പോഴും ശേഖരിക്കാം. ഇംഗ്ലണ്ടിലെ നിലവിലുള്ള റീസൈക്ലിംഗ് നിരക്ക് 44% മാത്രമാണ്. ഇത് മെച്ചപ്പെടുത്തുന്നതിനുള്ള വിപുലമായ നയത്തിന്റെ ഭാഗമാണ് ബിൻസ് പ്ലാൻ.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലക്ഷക്കണക്കിന് തൊഴിലാളികൾക്ക് ആശ്വാസം നൽകുന്ന ഒരു പദ്ധതി യുകെയിൽ ഇന്ന് തൊട്ട് ആരംഭിക്കും തൊഴിലാളികളിൽ ഒരു വിഭാഗത്തിന് ഇന്നുമുതൽ 10% ശമ്പള വർദ്ധനവ് നടപ്പിൽ വരും. എന്നാൽ തൊഴിലുടമകൾ റിയൽ വേജ് പദ്ധതിയിൽ ചേർന്നെങ്കിൽ മാത്രമേ ജീവനക്കാർക്ക് ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ.
കുറഞ്ഞ വേതനം ലഭിക്കുന്ന ജീവനക്കാർക്ക് ശമ്പളത്തിലെ ഈ വർദ്ധനവ് ഒരു ആശ്വാസം ആയിരിക്കുമെന്ന് ലീവിങ് വേജ് ഫൗണ്ടേഷൻ പറഞ്ഞു. പദ്ധതി പ്രകാരം സർക്കാർ നിശ്ചയിച്ചിരിക്കുന്ന മിനിമം വേതനത്തേക്കാൾ യഥാർത്ഥ ജീവിത ചിലവിനെ അടിസ്ഥാനമാക്കിയുള്ള ശമ്പളമാണ് തൊഴിലുടമകൾ നൽകേണ്ടി വരുന്നത്. ശമ്പള വർദ്ധനവിന്റെ പുതിയ ഭാരം എത്രമാത്രം സ്ഥാപനങ്ങൾക്ക് താങ്ങാൻ സാധിക്കുമെന്നതിനെക്കുറിച്ച് ബ്രിട്ടീഷ് ചേമ്പർ ഓഫ് കൊമേഴ്സ് ആശങ്ക പ്രകടിപ്പിച്ചു .
ലീവിങ് ഫൗണ്ടേഷൻ ചാരിറ്റി ആണ് ഈ പദ്ധതിയുടെ ഉപജ്ഞാതാക്കൾ . ലിവിങ് വേജ് സ്കീമിൽ ചേരുന്ന തൊഴിലുടമകൾ ദൈനംദിന ചിലവുകൾക്ക് അനുസരിച്ചുള്ള ശമ്പളം കൊടുക്കാൻ പ്രതിജ്ഞാബദ്ധരാണ്. മണിക്കൂറിൽ 10.90 പൗണ്ട് ലഭിച്ചുകൊണ്ടിരുന്ന ഒരാൾക്ക് പുതിയ പദ്ധതി പ്രകാരം 12 പൗണ്ട് ആയി ശമ്പളം ഉയരും. നിലവിൽ 23 വയസ്സിന് മുകളിലുള്ളവർക്ക് മണിക്കൂറിന് 10.42 പൗണ്ട് ആണ് ദേശീയ മിനിമം വേതനം . ഈ പദ്ധതിയിൽ യുകെയിൽ ഉടനീളം 14000 തൊഴിലുടമകൾ പങ്കാളികളായിട്ടുണ്ട്. ഏകദേശം 460000 തൊഴിലാളികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും
ന്യൂസ് ഡെസ്ക് മലയാളം യുകെ
പോർട്ട് ടാൽബോട്ടിലെ ടാറ്റാ സ്റ്റീൽ കമ്പനിക്ക് നിലവിലെ ഗവൺമെൻറ് നൽകുന്നതിനേക്കാൾ മികച്ച പിന്തുണ നൽകുമെന്ന് ലേബർ പാർട്ടി നേതാവ് സർ കെയർ സ്‌റ്റാർമർ പറഞ്ഞത് വൻ ചർച്ചകൾക്കാണ് വഴി വച്ചിരിക്കുന്നത്. ഗ്രീൻ സ്റ്റീലിലേക്ക് മാറാൻ ടാറ്റാ സ്റ്റീലിന് 500 മില്യൻ പൗണ്ട് ഋഷി സുനക് സർക്കാർ അനുവദിച്ചിരുന്നു. ഗവൺമെൻറ് സഹായത്തോടെയുള്ള ആധുനികവൽക്കരണം പകുതിയോളം ജീവനക്കാർക്ക് ആണ് തൊഴിൽ നഷ്ടത്തിന് കാരണമാകുന്നത്.
പരമ്പരാഗത രീതിയിൽ നിന്ന് ആധുനികവത്കരണത്തിലേക്ക് സ്റ്റീൽ കമ്പനികൾ മാറുമ്പോൾ പകുതിയോളം പേർക്ക് തൊഴിൽ നഷ്ടപ്പെടുമെന്നത് ജീവനക്കാരുടെ ഇടയിൽ കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഗവൺമെന്റിന്റെ പിന്തുണയോടെയാണ് ആധുനികവത്കരണം കമ്പനികൾ നടപ്പിലാക്കുന്നത്. ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് സ്റ്റീൽ കമ്പനിക്ക് 300 മില്യൺ പൗണ്ട് വാഗ്ദാനം നൽകുമെന്ന വാർത്ത ഇന്ന് പുറത്തു വന്നിരുന്നു. ബ്രിട്ടീഷ് സ്റ്റീൽ കമ്പനിയിൽ ഏകദേശം 2500 പേർക്കാണ് തൊഴിൽ നഷ്ടം ഉണ്ടാകുമെന്നത് കണക്കാക്കിയിരിക്കുന്നത്.
സ്റ്റീൽ വ്യവസായ മേഖലയിൽ യുകെയിൽ തന്നെ ടാറ്റാ സ്റ്റീൽ ഏകദേശം 8000 പേർക്കാണ് ജോലി നൽകുന്നത്. പോർട്ട് ടാൽ ബോട്ടിൽ തന്നെ 4000 പേരാണ് ജോലി ചെയ്യുന്നത്. ഗവൺമെന്റിന്റെ വൻ ധനസഹായം മേടിച്ചുള്ള ആധുനികവത്കരണം മൂലം ഉണ്ടാകുന്ന തൊഴിൽ നഷ്ടങ്ങളെ തുടർന്ന് യൂണിയനുകൾ കടുത്ത പ്രതിഷേധമാണ് ഉയർത്തിയിരിക്കുന്നത്. ഋഷി സുനക് സർക്കാരിനെ അപേക്ഷിച്ച് സ്റ്റീൽ വ്യവസായത്തിനോട് മെച്ചപ്പെട്ട സമീപനമായിരിക്കും ലേബർ പാർട്ടി പുലർത്തുക എന്ന് പറയുമ്പോഴും തൊഴിൽ നഷ്ടങ്ങളെക്കുറിച്ച് പ്രതിപക്ഷ നേതാവ് മൗനം പാലിക്കുകയായിരുന്നു ചെയ്തത് . സ്റ്റീൽ വ്യവസായ രംഗത്തെ ആധുനികവൽക്കരണത്തിന്റെ ഭാഗമായുണ്ടാകുന്ന തൊഴിൽ നഷ്ടങ്ങൾ ആ മേഖലയിൽ കൂടുതൽ സമരങ്ങൾ തുറക്കാനുള്ള സാധ്യത ഉണ്ടെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ബാബറ്റ് കൊടുങ്കാറ്റിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ നാശനഷ്ടം ഉയരുന്നു. നോട്ടിംഗ്ഹാംഷെയറിലെ 500-ഓളം വീടുകളിലെ താമസക്കാരോട് വീടൊഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഐഡൽ നദിയിലെ ഉയർന്ന ജലനിരപ്പ് ഉയർന്നതാണ് അപകടം. കൂടുതൽ മഴ കാരണം ഇംഗ്ലണ്ടിന്റെ ചില ഭാഗങ്ങളിൽ ബുധനാഴ്ച വരെ വലിയ വെള്ളപ്പൊക്ക സാധ്യതയുണ്ടെന്ന് പരിസ്ഥിതി ഏജൻസി അറിയിച്ചു. ബ്രിട്ടനിലെ ഏറ്റവും വലിയ നദിയായ സെവേൺ നദിക്കരയിലുള്ള പ്രദേശങ്ങളും വരുംദിവസങ്ങളിൽ വെള്ളപൊക്കത്തിന് ഇരയാവാൻ സാധ്യതയുണ്ട്.
മിഡ്‌ലാൻഡ്‌സിന്റെ ചില ഭാഗങ്ങളിലും ഇംഗ്ലണ്ടിന്റെ വടക്കൻ ഭാഗങ്ങളിലും വ്യാപകമായ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് ഏജൻസി മുന്നറിയിപ്പ് നൽകുന്നു. വീടൊഴിഞ്ഞവരെ സഹായിക്കാൻ റെറ്റ്‌ഫോർഡ് ലെഷർ സെന്ററിൽ ഒരു താൽക്കാലിക ഷെൽട്ടർ സ്ഥാപിച്ചിട്ടുണ്ടെന്ന് നോട്ടിംഗ്ഹാംഷെയർ കൗണ്ടി കൗൺസിൽ അറിയിച്ചു. അതേസമയം, വെള്ളപ്പൊക്കത്തിന് ശേഷം വൃത്തിയാക്കാൻ ദിവസങ്ങളെടുക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
അതിനിടെ, ചെസ്റ്റർഫീൽഡിൽ വീട് മുങ്ങി എൺപതുകാരിയായ സ്ത്രീ മരിച്ചു. മരണകാരണം വ്യക്തമല്ലെന്നും അന്വേഷണം തുടരുകയാണെന്നും ഡെർബിഷയർ പോലീസ് അറിയിച്ചു. ഷ്രോപ്ഷയർ, ഹെയർഫോർഡ്ഷയർ, വോർസെസ്റ്റർഷയർ എന്നിവിടങ്ങളിലും വെള്ളപൊക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യോർക്ക്ഷയർ, ഈസ്റ്റ് ആംഗ്ലിയ, ഈസ്റ്റ് മിഡ്‌ലാൻഡ്‌സ്, സ്കോട്ട് ലൻഡ് എന്നിവിടങ്ങളിൽ റെയിൽ ഗതാഗതം തടസ്സപ്പെട്ടു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കനത്ത നഷ്ടം നേരിടുന്നതിനെ തുടർന്ന് ബ്രിട്ടീഷ് സ്റ്റീൽ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. പ്രതിമാസം 30 മില്യൺ പൗണ്ടിന്റെ നഷ്ടമാണ് കമ്പനി നേരിടുന്നത്. നിലവിൽ 4500 തൊഴിലാളികളാണ് ബ്രിട്ടീഷ് സ്റ്റീൽ കമ്പനിയിൽ ജോലി ചെയ്യുന്നത്.
ഇരുമ്പയിര് ഉരുക്കാൻ പരമ്പരാഗത ചൂളകൾക്ക് പകരം ഇലക്ട്രിക് ഫർണറുകൾ ഉപയോഗിച്ച് നവീകരണ പ്രവർത്തനങ്ങൾ നടത്താനുള്ള നടപടിയിലാണ് കമ്പനി. പകുതിയോളം വരുന്ന തൊഴിലാളികളുടെ ജോലി നഷ്ടമാകുന്നതിന് ഒരു കാരണമായി ഇതും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട് .കമ്പനിയുടെ നവീകരണ പ്രവർത്തനങ്ങൾക്കായി ചൈനീസ് കമ്പനിയായ ജിൻഗ്യെ ഗ്രൂപ്പിന് യുകെ ഗവൺമെൻറ് 300 മില്യൻ പൗണ്ട് വാഗ്ദാനം ചെയ്തിട്ടുണ്ട്.
കമ്പനിക്ക് സർക്കാരിൽ നിന്നും ലഭിക്കാനുള്ള ധനസഹായം തൊഴിൽ അവസരങ്ങൾ സംരക്ഷിക്കാൻ കൂടിയാണ്. അതുകൊണ്ടുതന്നെ തൊഴിൽ അവസരങ്ങൾ വെട്ടിക്കുറയ്ക്കാനുള്ള കമ്പനിയുടെ നടപടി സർക്കാരിൽ നിന്നും ലഭിക്കുന്നതിനുള്ള സഹായധനത്തെഎങ്ങനെ ബാധിക്കും എന്ന് വ്യക്തമല്ല . ഇന്ത്യൻ കമ്പനിയായ ടാറ്റാ സ്റ്റീലിന് കമ്പനി നവീകരണത്തിനായി 500 മില്യൺ പൗണ്ടിൻറെ പിന്തുണ പാക്കേജ് സർക്കാർ അടുത്തയിടെ അംഗീകരിച്ചിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇസ്രയേൽ പാലസ്തീൻ പ്രശ്നത്തിൽ ലണ്ടനിലെ തെരുവീഥികളിൽ പ്രതിഷേധം കനക്കുന്നത് ഭരണകൂടത്തിന് വൻ തലവേദന ആയിരിക്കുകയാണ്. ഇതിന് പുറമെയാണ് കഴിഞ്ഞദിവസം നടന്ന പാലസ്തീൻ അനുകൂല പ്രകടനങ്ങളോട് ബ്രിട്ടീഷ് പോലീസ് മൃദുസമീപനം സ്വീകരിച്ചിരിക്കുന്നു എന്ന റിപ്പോർട്ടുകൾ . ഇസ്രയേലിനെതിരെ ജിഹാദിസ് ആഹ്വാനം ചെയ്ത പ്രതിഷേധക്കാർക്ക് എതിരെ പോലീസ് ഫലപ്രദമായി നേരിട്ടില്ലെന്നതാണ് ഭരണ നേതൃത്വത്തെ അസ്വസ്ഥമാക്കുന്നത്.
കഴിഞ്ഞ ശനിയാഴ്ച സെൻട്രൽ ലണ്ടനിൽ നടന്ന പ്രതിഷേധമാണ് സംഭവങ്ങൾക്ക് ആധാരം. പ്രതിഷേധക്കാർ പാലസ്തീനെ മോചിപ്പിക്കാൻ ഇസ്രയേലിനെതിരെ ജിഹാദ് ആരംഭിക്കാൻ ആഹ്വാനം ചെയ്തത് 15 ഓളം പോലീസുകാർ നോക്കി നിന്നു . സംഭവത്തെ കുറിച്ച് പോലീസ് കമ്മീഷണർ സർ മാർക്ക് റൗലിയയോട് ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാൻ വിശദീകരണം ചോദിക്കും എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ .
വിദ്വേഷം നിറഞ്ഞ മുദ്രാവാക്യങ്ങൾ ഭീകര ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്നതും അവരെ പോലീസ് അറസ്റ്റ് ചെയ്യാത്തതുമായി ഉള്ളതും ഇമിഗ്രേഷൻ മന്ത്രി റോബർട്ട് ജെൻറിക്ക് ഇന്നലെ പറഞ്ഞിരുന്നു. കഴിഞ്ഞദിവസം തലസ്ഥാനത്ത് ഒരു ലക്ഷത്തിലധികം പേരാണ് പാലസ്തീൻ അനുകൂല പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തത്. ഹമാസ് അനുകൂല നിലപാട് എടുക്കുന്ന വിദേശികളായുള്ളവർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് നേരത്തെ തന്നെ ഭരണകൂടം വ്യക്തമാക്കിയിരുന്നു.