ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യ ഉപയോഗിച്ച് കുട്ടികളുടെ നഗ്നചിത്രങ്ങൾ നിർമ്മിക്കുകയും വിൽക്കുന്നവരുടെയും എണ്ണം ഉയരുന്നതായി റിപ്പോർട്ടുകൾ. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന കുറ്റവാളികൾ എല്ലാ സാങ്കേതികവിദ്യകളും ഉപയോഗിക്കുന്നതായി ഗവൺമെന്റിന്റെ ഇന്റലിജൻസ്, സെക്യൂരിറ്റി, സൈബർ ഏജൻസിയായ ജിസിഎച്ച്ക്യു പ്രതികരിച്ചു. ഇത്തരം ചിത്രങ്ങൾ നിർമ്മിക്കുന്നവർ സ്റ്റേബിൾ ഡിഫ്യൂഷൻ എന്ന എ ഐ സോഫ്‌റ്റ്‌വെയർ ഉപയോഗിക്കുന്നു. ചിത്രം ഏതു തരത്തിൽ വേണമെന്ന് സ്റ്റേബിൾ ഡിഫ്യൂഷൻ സോഫ്‌റ്റ്‌വെയറിലൂടെ വിവരിച്ചു നൽകിയാൽ അതനുസരിച്ചുള്ള ഇമേജ് ലഭിക്കും. ഇതാണ് ഇപ്പോൾ മോശമായ രീതിയിൽ ഉപയോഗിക്കുന്നത്.
ഇത്തരം കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് യുകെ പോലീസ് ഓൺലൈൻ ചൈൽഡ് അബ്യൂസ് ഇൻവെസ്റ്റിഗേഷൻ ടീം പറഞ്ഞു. നിർമ്മിച്ചെടുക്കുന്ന ചിത്രങ്ങൾ പിക്‌സിവ് എന്ന ജനപ്രിയ ജാപ്പനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ പോസ്റ്റുചെയ്ത് പ്രൊമോട്ട് ചെയ്യുന്നു. ഈ പ്രശ്നം പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പിക്‌സിവിന്റെ വക്താവ് പറഞ്ഞു. പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടുന്ന ലൈംഗിക ഉള്ളടക്കമുള്ള എല്ലാ ഫോട്ടോ-റിയലിസ്റ്റിക് ചിത്രീകരണങ്ങളും മെയ് 31-ന് നിരോധിച്ചതായി അതിൽ പറയുന്നു.
എ ഐ വളരെ വ്യാപകമായി ഉപയോഗിക്കുന്ന ഈ കാലത്ത് ആളുകളുടെ സ്വകാര്യതയ്‌ക്കോ അവകാശത്തിനോ അവരുടെ സുരക്ഷയ്‌ക്കോ അത് ഉളവാക്കാൻ സാധ്യതയുള്ള ഭാവി അപകടങ്ങളെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നു. ഇന്റർനെറ്റും സാങ്കേതികവിദ്യയും വളരെ വലിയ അവസരങ്ങൾ സൃഷ്ടിക്കുന്നുണ്ട്. എന്നാൽ അതോടൊപ്പം തന്നെ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുമുണ്ടെന്ന് പൊലീസും വിദഗ്ധരും പറയുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇംഗ്ലണ്ടിൽ ഏകദേശം 700,000 കുട്ടികളും പഠിക്കുന്നത് സുരക്ഷിതമല്ലാത്ത സ്‌കൂൾ കെട്ടിടങ്ങളിലെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത്. 2021 മുതൽ ഡിപ്പാർട്ട്‌മെന്റ് ഫോർ എഡ്യൂക്കേഷൻ (ഡിഎഫ്ഇ) നടത്തിയ പഠനത്തിന് പിന്നാലെയാണ് നാഷണൽ ഓഡിറ്റ് ഓഫീസ് (എൻ.എ.ഒ) കണക്കുകൾ പുറത്ത് വിട്ടത്. എന്നാൽ വർഷങ്ങളായി ഫണ്ട് ലഭിക്കാത്തതിനാൽ സ്കൂളുകൾക്ക് ഇതിന് യാതൊരു വിധ പരിഹാരവും കണ്ടെത്താൻ ആയിട്ടില്ല. എന്നാൽ അതേസമയം സ്കൂളുകൾക്ക് ആവശ്യമായ മാറ്റങ്ങൾ നടത്തുവാൻ വേണ്ട സംഭാവനകൾ നൽകുന്നുണ്ടെന്ന് ഡിഎഫ്ഇ ചൂണ്ടിക്കാട്ടി.
സ്കൂളുകൾ സുരക്ഷിതവും പ്രവർത്തനക്ഷമവുമായി നിലനിർത്തുന്നതിനായി 2015 മുതൽ 15 ബില്യൺ പൗണ്ടിലധികം തുക സ്കൂളുകൾക്ക് അനുവദിച്ചിട്ടുണ്ട്. ഷെഫീൽഡിൽ നിന്നുള്ള രണ്ട് കുട്ടികളുടെ അമ്മ തന്റെ കുട്ടികളെ വിളിക്കാൻ കാത്തുനിൽക്കുമ്പോൾ സ്കൂൾ കെട്ടിടത്തിൽ നിന്ന് ആണികൾ ഉള്ള 15 അടി (4.5 മീറ്റർ) വരുന്ന ഫാസിയ ബോർഡ് മുഖത്ത് ഇടിച്ചത് നിലവിലുള്ള സ്കൂളുകളുടെ ദാരുണമായ അവസ്ഥ വിളിച്ചോതുന്നതാണ്. എൻ.എ.ഒയുടെ റിപ്പോർട്ട് പ്രകാരം, ഇംഗ്ലീഷ് സ്കൂൾ കെട്ടിടങ്ങളിൽ മൂന്നിലൊന്നും അതായത് 24,000 കെട്ടിടങ്ങളും നവീകരണത്തിനുള്ള സമയം കടന്നവയാണ്.
1950 കൾക്കും 1990 കളുടെ മധ്യത്തിനും ഇടയിൽ വ്യാപകമായി ഉപയോഗിച്ചിരുന്ന ഭാരം കുറഞ്ഞ കോൺക്രീറ്റായ – റൈൻഫോഴ്‌സ്ഡ് ഓട്ടോക്ലേവ്ഡ് എയറേറ്റഡ് കോൺക്രീറ്റ് (ആർഎഎസി)അടങ്ങിയിരിക്കുന്ന സ്കൂൾ കെട്ടിടങ്ങൾ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും നേരെ വൻ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്. ആർഎഎസി സാന്നിധ്വമുണ്ടായേക്കാവുന്ന 572 സ്കൂളുകളെ ഡിഎഫ്ഇ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 24 കെട്ടിടങ്ങളിൽ അടിയന്തര നടപടി ആവശ്യമാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇന്ത്യൻ എഡിടെക് സ്റ്റാർട്ടപ്പ് കമ്പനിയായ ബൈജൂസിന്റെ വാലുവേഷൻ ഡച്ച് ലിസ്റ്റ്ഡ് ടെക്നോളജി ഇൻവെസ്റ്റേഴ്സ് ആയ പ്രോസസ് എൻ വി 5.1 ബില്യൺ ഡോളറായി വെട്ടിക്കുറച്ചതായി റോയ്റ്റേഴ്സ് റിപ്പോർട്ട് ചെയ്തു. വിപണി മൂല്യം വെട്ടിക്കുറച്ച നടപടി വരും ദിവസങ്ങളിൽ കമ്പനിയ്ക്ക് ഓഹരി വിപണിയിൽ കടുത്ത ഇടിവിന് കാരണമാകുമെന്ന ആശങ്ക ശക്തമാണ്.
2022 ഒക്ടോബറിൽ 250 ബില്യൺ ഡോളർ ഫണ്ടിംഗ് സമാഹരിച്ചപ്പോൾ കമ്പനിയുടെ വിപണി മൂല്യം 22 ബില്യൺ ഡോളറായിരുന്നു. എന്നാൽ കഴിഞ്ഞ നവംബർ മാസത്തിൽ പ്രോസസ് ആദ്യമായി ബൈജുവിന്റെ വിപണിമൂല്യം 5.97 ബില്യൺ ഡോളറായി കുറച്ചിരുന്നു. പ്രധാനപ്പെട്ട മൂന്നു നിഷേപകരെ പ്രതിനിധീകരിക്കുന്ന ബോർഡ് അംഗങ്ങൾ കഴിഞ്ഞ ആഴ്ച രാജി വച്ചിരുന്നു. കമ്പനിയുടെ വാലുവേഷൻ കുത്തനെ ഇടിഞ്ഞത് വരും നാളുകളിൽ ബൈജൂസിനെ കൂടുതൽ പ്രതിസന്ധിയിൽ ആക്കുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.
മലയാളിയായ ബൈജു രവീന്ദ്രൻ 2011 -ൽ സ്ഥാപിച്ച ബൈജൂസ് വിദ്യാർത്ഥികളുടെ പഠന രീതിയെ പുനർ നിർവചിക്കാൻ ലക്ഷ്യമിട്ട് കൊണ്ടുള്ളതായിരുന്നു . മൊബൈൽ സാങ്കേതികവിദ്യയുടെ ശക്തി പ്രയോജനപ്പെടുത്തുന്ന ബൈജൂസ് ദി ലേണിംഗ് ആപ്പ് പെട്ടെന്നാണ് വൻ പ്രചാരം നേടിയത്. ബൈജൂസിന്റെ വിജയം ഇന്ത്യയിൽ മാത്രം ഒതുങ്ങി നിന്നിരുന്നില്ല . സിഡ്നി പോലുള്ള പ്രമുഖ വിദ്യാഭ്യാസ സ്ഥാപനവുമായി സഹകരിച്ച് കമ്പനി ലോകമെങ്ങും സ്വാധീനം അറിയിച്ചു. എന്നാൽ കുറെ നാളുകളായി നെഗറ്റീവ് വാർത്തകളും സംഭവങ്ങളും കമ്പനിയെ വൻ പ്രതിസന്ധിയിലാണ് എത്തിച്ചിരിക്കുന്നത്. ചിലവ് ചുരുക്കലിന്റെ ഭാഗമായി 2500 ജീവനക്കാരെ പിരിച്ചുവിടാൻ കമ്പനി തീരുമാനിച്ചത് വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു. നേരത്തെ കേരളത്തിലെ തിരുവനന്തപുരത്തുള്ള ടെക്നോപാർക്കിലെ ബൈജൂസിന്റെ ഓഫീസിൽ ജോലി ചെയ്തിരുന്ന ജീവനക്കാർ പിരിച്ചുവിടൽ ഭീഷണിയെ തുടർന്ന് നഷ്ടപരിഹാരവും മുടങ്ങിയ ശമ്പളവും കിട്ടണമെന്ന് ഉൾപ്പെടെ ആവശ്യപ്പെട്ട് തൊഴിൽ മന്ത്രി വി ശിവൻ കുട്ടിക്ക് നിവേദനം നൽകിയത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു
ന്യൂസ് ഡെസ്ക് മലയാളം യുകെ
പണിമുടക്കിനുള്ള പിന്തുണയ്ക്കായി നടത്തിയ വോട്ടെടുപ്പിൽ പരാജയപ്പെട്ടതിനെ തുടർന്ന് റോയൽ കോളേജ് ഓഫ് നേഴ്സിംഗ് നടത്താനിരുന്ന സമരനീക്കം പൊളിഞ്ഞു. വോട്ടെടുപ്പിൽ പങ്കെടുത്ത ഭൂരിഭാഗം അംഗങ്ങളും പണിമുടക്കിനെ പിന്തുണച്ചെങ്കിലും വോട്ടെടുപ്പിൽ പങ്കെടുത്ത യൂണിയൻ അംഗങ്ങളുടെ എണ്ണം വളരെ കുറവായിരുന്നു. 43% പേർ മാത്രമാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്. രാജ്യത്തെ ട്രേഡ് യൂണിയൻ നിയമങ്ങൾ അനുസരിച്ച് 50 ശതമാനത്തിന് മുകളിൽ അംഗങ്ങൾ വോട്ടെടുപ്പിൽ പങ്കെടുക്കണം.
നേരത്തെ സർക്കാർ മുന്നോട്ടുവച്ച 5% ശമ്പള വർധനവും ഒറ്റത്തവണ പെയ്മെൻറ് ആയ 1655 പൗണ്ടും കോളേജ് ഓഫ് നേഴ്സിങ്ങിലെ അംഗങ്ങൾ വോട്ടെടുപ്പിലൂടെ നിരസിച്ചിരുന്നു. എന്നാൽ യൂണിസൺ ഉൾപ്പെടെയുള്ള നേഴ്സിംഗ് മേഖലയിലെ ഭൂരിഭാഗം യൂണിയനുകളും ശമ്പള വർദ്ധനവിനെ അനുകൂലിക്കുകയായിരുന്നു ചെയ്തത്. ഇംഗ്ലണ്ടിലെ ജൂനിയർ ഡോക്ടർമാർ അടുത്ത 5 മാസം 5 ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. സമരം നടത്തുന്നില്ലെങ്കിലും ന്യായമായ വേതനത്തിനു വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് ആർസിഎൻ ജനറൽ സെക്രട്ടറി പാറ്റ് കുള്ളൻ പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ഗവൺമെന്റ് പുറത്തിറക്കിയ റിപ്പോർട്ടുകൾ പ്രകാരം ബ്രിട്ടനിൽ നിന്നും അനധികൃത കുടിയേറ്റക്കാരെ റുവാണ്ട പോലുള്ള രാജ്യങ്ങളിലേക്ക് അയക്കുന്നതിന് ഒരാൾക്ക് 169000 പൗണ്ട് വീതം ചെലവാക്കേണ്ടതായി വരുമെന്ന് വ്യക്തമാക്കുന്നു. ഇതോടെ ഈ വർഷം യുകെയിൽ അനധികൃതമായി എത്തിയ ഏകദേശം 11,000 പേരെ ക്യാമ്പുകളിലേക്ക് അയയ്‌ക്കാൻ സർക്കാരിന് 1.8 ബില്യൺ പൗണ്ട് ചെലവഴിക്കേണ്ടിവരുമെന്നാണ് പുതുതായി വെളിപ്പെടുത്തിയ കണക്കുകൾ സൂചിപ്പിക്കുന്നത്. കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളിലേക്കോ അല്ലെങ്കിൽ സമാനമായ രാജ്യങ്ങളിലേക്കോ അയച്ച ഓരോ വ്യക്തിയും നികുതിദായകന് 106,000 പൗണ്ടിനും 165,000 പൗണ്ടിനും ഇടയിൽ ലാഭമുണ്ടാക്കുന്നതായും അനധികൃത കുടിയേറ്റ ബില്ലിനെ സംബന്ധിച്ചുള്ള ഇക്കണോമിക് അസെസ്മെന്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഏകദേശം 37 ശതമാനത്തോളം ആളുകൾ ഇംഗ്ലീഷ് ചാനൽ കടക്കുന്നത് തടഞ്ഞാൽ മാത്രമേ ഗവൺമെന്റിന് ഈ ചിലവുകൾ കുറയ്ക്കുവാൻ സാധിക്കുവെന്നാണ് റിപ്പോർട്ട് മുന്നോട്ടുവയ്ക്കുന്ന നിർദ്ദേശം. നിയമവിരുദ്ധമായി യുകെയിൽ എത്തുന്ന ആളുകൾക്ക് മാത്രമേ ഈ ചെലവ് ഉണ്ടാകൂ. ഒരു വ്യക്തി നിയമവിരുദ്ധമായി യുകെയിൽ പ്രവേശിക്കുന്നതിൽ നിന്ന് തടയുകയാണെങ്കിൽ, ഒരു ചെലവും ഉണ്ടാകില്ലെന്നും അസ്സസ്മെന്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു. നിലവിൽ ബ്രിട്ടന് കുടിയേറ്റക്കാരെ അയക്കുവാൻ റുവാണ്ടയുമായി മാത്രമാണ് കരാറിൽ ഏർപ്പെട്ടിരിക്കുന്നത്. എന്നാൽ ഗവൺമെന്റ് സൂചിപ്പിച്ചപോലെ, കൂടുതൽ രാജ്യങ്ങളുമായി കരാറുകളിൽ ഏർപ്പെട്ടാൽ കാര്യങ്ങൾ കൂടുതൽ ചെലവേറിയതായി മാറും.
ഇത്തരത്തിൽ ചെലവേറിയ ഈ പദ്ധതിക്കെതിരെ നിരവധി വിമർശനങ്ങളാണ് വിവിധ ഭാഗങ്ങളിൽ നിന്നും ഉയർന്നിരിക്കുന്നത്. ഹോം ഓഫീസ് തയ്യാറാക്കിയ ഏതാനും കണക്കുകൾ തന്നെ അവരുടെ പദ്ധതികൾ എത്രത്തോളം താറുമാറായതും പ്രവർത്തനരഹിതവുമാണെന്ന് കാണിക്കുന്നതായും, യുകെയിൽ എത്തുന്ന എല്ലാ അഭയാർത്ഥികളെയും നീക്കം ചെയ്യുമെന്ന തന്റെ വാഗ്ദാനം നിറവേറ്റാൻ റിഷി സുനക്കിന് കഴിഞ്ഞാൽ അതിന് കോടിക്കണക്കിന് പൗണ്ട് കൂടുതൽ ചിലവ് വരുമെന്ന് ഇത് സൂചിപ്പിക്കുന്നതായും ലേബർ പാർട്ടി ഷാഡോ ഹോം സെക്രട്ടറി യെവെറ്റ് കൂപ്പർ വ്യക്തമാക്കി. ഒന്നും ചെയ്യാതിരിക്കുക എന്നത് ഒരു സാധ്യതയല്ലന്നാണ് ഈ റിപ്പോർട്ട് തെളിയിക്കുന്നതെന്ന് ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാൻ പറഞ്ഞു. അതിനാൽ തന്നെ ഏറ്റവും മികച്ച വഴിയായ അനധികൃത കുടിയേറ്റക്കാരെ യുകെയിലേക്ക് പ്രവേശിക്കുന്നതിൽ നിന്നും തടയുന്നതിനുള്ള ബിൽ എല്ലാ എംപിമാരും ഒരുമിച്ച് അംഗീകരിക്കണം എന്നും അവർ ആവശ്യപ്പെട്ടു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
പണപ്പെരുപ്പവും ജീവിത ചിലവ് വർദ്ധനവും മൂലം കഷ്ടപ്പെടുന്ന സാധാരണ ജനത്തിന് സ്കൂൾ യൂണിഫോമിന്റെ വില ഇരട്ടടിയാകും. സ്കൂൾ യൂണിഫോമിന് നൂറുകണക്കിന് പൗണ്ട് രക്ഷിതാക്കൾ ചിലവഴിക്കേണ്ടതായി വരുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. സെക്കൻഡറി സ്കൂൾ യൂണിഫോമിന് 422 പൗണ്ടും പ്രൈമറി സ്കൂൾ യൂണിഫോമിന് 287 പൗണ്ടും മാതാപിതാക്കൾ ചിലവഴിക്കേണ്ടതായി വരുന്നതായി ചിൽഡ്രൻസ് സൊസൈറ്റി കണ്ടെത്തി.
ചിലവ് കുറയ്ക്കാനുള്ള നിർദ്ദേശങ്ങൾ ഉണ്ടായിരുന്നിട്ടും വിലയേറിയ ബ്രാൻഡഡ് ഇനങ്ങൾ വാങ്ങാൻ രക്ഷിതാക്കളോട് ആവശ്യപ്പെടുന്ന സ്കൂളുകളുടെ നടപടി വില വർധനയ്ക്ക് കാരണമാക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. യൂണിഫോം ഡാമേജ് ആകുന്നത് മാറ്റി പുതിയവ മേടിക്കുന്നതും പലപ്പോഴും മാതാപിതാക്കൾക്ക് അധികഭാരം ആണ് സമ്മാനിക്കുന്നത്. യുകെയിൽ ഉടനീളമുള്ള 2000 രക്ഷിതാക്കളിൽ അവരുടെ വാർഷിക യൂണിഫോം ചിലവുകൾ സംബന്ധിച്ച് മെയ് മാസത്തിൽ അഭിപ്രായം സർവ്വേ നടത്തിയിരുന്നു.
സ്കൂൾ യൂണിഫോം ഇനത്തിൽ മാതാപിതാക്കളുടെ അനാവശ്യ ചിലവുകൾ കുറയ്ക്കുന്നതിനുള്ള നിർദ്ദേശങ്ങൾ കഴിഞ്ഞവർഷം സർക്കാർ പുറത്തിറക്കിയിരുന്നു. യൂണിഫോം ഐറ്റത്തിൽ നിന്ന് വിലകൂടിയ ബ്രാൻഡഡ് ഐറ്റം ഒഴിവാക്കാനും വിലകുറഞ്ഞ സെക്കൻഡ് ഹാൻഡ് യൂണിഫോം ഓപ്ഷനുകൾ പ്രോത്സാഹിപ്പിക്കാനും സർക്കാർ നിർദ്ദേശം നൽകിയിരുന്നു. എന്നിരുന്നാലും പല സ്കൂളുകളുടെയും പ്രവർത്തനങ്ങൾ ഈ നിർദ്ദേശങ്ങൾ കാറ്റിൽ പറത്തി കൊണ്ടാണ്. ഇപ്പോഴും 45% രക്ഷിതാക്കൾക്കും സ്കൂൾ യൂണിഫോമിന്റെ പുതുക്കിയ നയങ്ങളെ കുറിച്ച് ശരിയായ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്ന് ചിൽഡ്രൻസ് സൊസൈറ്റി കണ്ടെത്തിയിരുന്നു. യുകെയിൽ പലസ്ഥലങ്ങളിലും യൂണിഫോമിനായി പണം കണ്ടെത്താനായി ബുദ്ധിമുട്ടുന്ന രക്ഷിതാക്കളെ സഹായിക്കാനായി ഉപയോഗിച്ച യൂണിഫോമുകൾ സൗജന്യമായി നൽകുന്ന ക്ലോത്തിങ് ബാങ്കുകൾ നിലവിലുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ദൈനംദിന ആവശ്യ വസ്‌തുക്കളുടെ വോൾസെയിൽ വില കുറഞ്ഞ സാഹചര്യത്തിലും സൂപ്പർമാർക്കറ്റുകളിൽ ഭക്ഷ്യവസ്തുക്കളുടെ വിലയിലുള്ള ഉയർച്ച വിശദീകരിക്കണമെന്ന് സൂപ്പർമാർക്കറ്റ് എക്സിക്യൂട്ടീവുകളോട് എംപിമാർ ആവശ്യപ്പെട്ടു. യുകെയിലെ ഏറ്റവും വലിയ സൂപ്പർ മാർക്കറ്റ് ശൃംഖലകളായ ടെസ്‌കോ, സെയിൻസ്‌ബറിസ്, അസ്‌ഡ, മോറിസൺസ് എന്നിവടങ്ങളിലെ പ്രതിവാര വില പരിശോധിക്കാൻ ഒരു പാർലമെന്ററി കമ്മിറ്റിയെ നിയമിക്കും. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സാധനങ്ങളുടെ വില സമീപ മാസങ്ങളിലെ പോലെ കുത്തനെ ഉയരുന്നില്ലെങ്കിലും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
ഭക്ഷ്യ വിലപ്പെരുപ്പം ജൂണിൽ 14.6 ശതമാനത്തിലെത്തിയതായി ബ്രിട്ടീഷ് റീട്ടെയിൽ കൺസോർഷ്യം അറിയിച്ചിരുന്നു. മെയ് മാസത്തിലെ 15.4 ശതമാനത്തിൽ നിന്നാണ് 14.6 ശതമാനത്തിൽ എത്തിയത്. യുകെയിലെ മൊത്തത്തിലുള്ള പണപ്പെരുപ്പ നിരക്ക് ഉയർന്ന നിലയിൽ തുടരുന്നതിനുള്ള ഒരു പ്രധാന കാരണം ഉയർന്ന ഭക്ഷ്യ വിലയാണ്. ഇന്ന് എംപിമാർ സൂപ്പർമാർക്കറ്റ് മേധാവികളോട് ഭക്ഷ്യ-ഇന്ധന വിലക്കയറ്റത്തെക്കുറിച്ചും ഈ വർഷം വില കുറയുന്നതിനുള്ള സാധ്യതകളെ കുറിച്ചും ചോദിച്ചറിയും.
നിലവിൽ സൂപ്പർമാർക്കറ്റുകളിലെ ഉയർന്ന വില കോമ്പറ്റീഷൻ ആൻഡ് മാർക്കറ്റ്‌സ് അതോറിറ്റി പരിശോധിച്ചുവരികയാണ്. എന്നാൽ ഉയർന്ന വിലയിൽ നിന്ന് തങ്ങൾ ലാഭം കണ്ടെത്തുന്നില്ലെന്ന് സൂപ്പർമാർക്കറ്റുകൾ പ്രതികരിച്ചു. തങ്ങളുടെ ലാഭം ചൂഷണം ചെയ്യുകയാണെന്നും അവർ കൂട്ടിച്ചേർത്തു. ടെസ്‌കോ, മോറിസൺസ്, എം ആൻഡ് എസ്, ആൽഡി, ലിഡൽ എന്നിവയെല്ലാം കഴിഞ്ഞ കുറച്ച് മാസങ്ങളായി അടിസ്ഥാന ഭക്ഷണങ്ങളായ ബ്രെഡ്, പാൽ, വെണ്ണ എന്നിവയുടെ വില കുറച്ചിട്ടുണ്ട്. എന്നിരുന്നാലും, പാലും മുട്ടയും പോലുള്ള ഭക്ഷണ സാധനങ്ങൾക്ക് കോവിഡിന് മുമ്പുള്ള വിലയുമായി താരതമ്യം ചെയ്യുമ്പോൾ താരതമ്യേന ഉയർന്ന വിലയാണ്
ന്യൂസ് ഡെസ്ക് മലയാളം യുകെ
തുടർച്ചയായ മോഷണശ്രമങ്ങളെ തുടർന്ന് ബർമിങ്ഹാം നിവാസികൾക്ക് പോലീസ് കടുത്ത ജാഗ്രത നിർദേശം നൽകി. സ്റ്റെക്‌ഫോർഡ്, യാർഡ്‌ലി, ഹോഡ്ജ് ഹിൽ എന്നിവിടങ്ങളിൽ 24 മണിക്കൂറിനുള്ളിൽ 4 വീടുകളിലാണ് മോഷണം നടന്നത്. തുറന്നു കിടന്ന വാതിലിലൂടെയോ ജനാലയിലൂടെയോ മോഷ്ടാക്കൾ അകത്ത് പ്രവേശിച്ച് മോഷണം നടത്തുന്ന രീതിയാണ് പിന്തുടർന്നത് എന്ന് പോലീസ് അറിയിച്ചു.
വീട്ടിലായിരിക്കുമ്പോഴും അല്ലാത്തപ്പോഴും വാതിലുകളും ജനലുകളും സുരക്ഷിതമായി അടച്ചിടാനാണ് പോലീസ് നിർദ്ദേശം. ചൂട് കാലാവസ്ഥാ സമയത്ത് ജനലുകളും വാതിലുകളും തുറന്നിടുന്നത് കുറ്റവാളികൾ കവർച്ചയ്ക്കായി ഉപയോഗിക്കുന്നുണ്ട്. അതോടൊപ്പം താക്കോലുകൾ, വാലറ്റുകൾ, ഫോണുകൾ, ലാപ്ടോപ്പുകൾ, സ്വർണാഭരണങ്ങൾ തുടങ്ങി വിലപിടിപ്പുള്ള വസ്തുക്കൾ ഉപയോഗത്തിലില്ലാത്തപ്പോൾ സുരക്ഷിതമായി സൂക്ഷിക്കാൻ പോലീസ് അഭ്യർത്ഥിച്ചു.
വീടുകളിൽ ധാരാളം സ്വർണവും പണവും ഉണ്ടാകുമെന്ന പ്രതീക്ഷയിൽ മലയാളികൾ അടക്കമുള്ള ഇന്ത്യക്കാരുടെ വീടുകൾ മോഷ്ടാക്കൾ നോട്ടമിടുന്നത് നേരത്തെ തന്നെ മലയാളംയുകെ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : മറ്റ് സമ്പന്ന രാജ്യങ്ങളെ അപേക്ഷിച്ച് യുകെയിലെ ജനങ്ങൾക്ക് സ്തനാർബുദം, സ്ട്രോക്ക് എന്നിവ പോലുള്ള രോഗങ്ങൾ അതിജീവിക്കാനുള്ള സാധ്യത കുറവാണെന്ന് പഠനം. ഇത് എൻ എച്ച് എസിന്റെ പ്രകടനവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കിംഗ്സ് ഫണ്ട് തിങ്ക് ടാങ്ക് നടത്തിയ അവലോകനത്തിൽ പറയുന്നു. എൻ എച്ച് എസ് രൂപീകരിച്ചതിന്റെ 75-ാം വാർഷികത്തിന് മുന്നോടിയായി, തിങ്ക് ടാങ്ക് യുകെയുടെ ആരോഗ്യ സേവന രംഗത്തെ മറ്റ് 18 രാജ്യങ്ങളുടെ ആരോഗ്യ രംഗവുമായി താരതമ്യം ചെയ്തു. ചികിത്സ നൽകി ഭേദമാക്കാവുന്ന രോഗങ്ങൾ ബാധിച്ചു മരിക്കുന്നവരുടെ എണ്ണം യു കെയിൽ കൂടുതലാണ്. കൃത്യമായ ചികിത്സയിലൂടെ ഇത്തരം മരണങ്ങൾ ഒഴിവാക്കാമായിരുനെന്ന് പഠനത്തിൽ പറയുന്നു.
ആശുപത്രി കിടക്കകളുടെ കുറവ്, ജനസംഖ്യയുമായി താരതമ്യപ്പെടുത്തുമ്പോൾ ആശുപത്രി ഉപകരണങ്ങൾ കുറവ് തുടങ്ങിയ പ്രശ്നങ്ങളും രാജ്യത്തിന്റെ ആരോഗ്യ രംഗത്തെ ബാധിക്കുന്നതായി പറയുന്നു. എന്നാൽ, ചികിത്സ ചെലവ് ഭയന്ന് വൈദ്യസഹായം ഒഴിവാക്കുന്നവരുടെ എണ്ണം യുകെയിൽ കുറവാണ്. പല പതിവ് ചികിത്സകൾക്കായുള്ള വെയിറ്റിംഗ് ലിസ്റ്റുകൾ മിക്ക രാജ്യങ്ങളിലും വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് അവലോകനം ചൂണ്ടിക്കാണിക്കുന്നു.
“എൻഎച്ച്എസ് ഏറ്റവും കാര്യക്ഷമമായി പ്രവർത്തിക്കുന്ന ആരോഗ്യസംരക്ഷണ സംവിധാനങ്ങളിലൊന്നാണെന്ന് ഈ റിപ്പോർട്ട് അംഗീകരിക്കുന്നു. സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും വെയിറ്റിംഗ് ലിസ്റ്റുകൾ വെട്ടിക്കുറയ്ക്കുന്നതിനുമായി ഞങ്ങൾ 14.1 ബില്യൺ പൗണ്ട് വരെ നിക്ഷേപിക്കുന്നു, ഇത് സർക്കാരിന്റെ അഞ്ച് മുൻഗണനകളിൽ ഒന്നാണ്. 108 പുതിയ കമ്മ്യൂണിറ്റി ഡയഗ്‌നോസ്റ്റിക് സെന്ററുകൾ തുറന്നിട്ടുണ്ട്, 2021 ജൂലൈ മുതൽ ഇവ നാല്പത് ലക്ഷത്തിലധികം ടെസ്റ്റുകളും ചെക്കുകളും സ്കാനുകളും നൽകി – രോഗനിർണ്ണയം നടത്താനും കൂടുതൽ വേഗത്തിൽ ചികിത്സ ലഭ്യമാക്കാനും രോഗികളെ സഹായിക്കുന്നു.” ആരോഗ്യ-സാമൂഹിക പരിപാലന വകുപ്പിന്റെ വക്താവ് പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- റഷ്യയിലെ പ്രൈവറ്റ് മിലിറ്ററി സംഘടനയായ വാഗ് നർ ഗ്രൂപ്പ് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെതിരെ നടത്തിയ വിമത നീക്കത്തിനുശേഷം പ്രസിഡന്റ് ജനങ്ങളിൽ നിന്ന് അപ്രത്യക്ഷനായിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എങ്ങനെയാണ് തങ്ങളുടെ ധീരനായ നേതാവ് വിമതരെ മോസ്കോ നഗരത്തിന്റെ ഇത്രയും അടുത്ത് എത്തുവാൻ അനുവദിച്ചതെന്നാണ് പുടിൻ അനുകൂലികൾ തന്നെ അദ്ദേഹത്തോട് ചോദിക്കുന്നത്. പുടിന്‍ എന്ന ശക്തനായ ഭരണാധികാരിക്കെതിരെ അട്ടിമറി നീക്കം നടത്തിയ വാഗ്നര്‍ ഗ്രൂപ്പിന്റെ തലവന്‍ യെവ്ഗെനി പ്രിഗോസിന്‍ പുടിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ്.
റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിൽ റഷ്യൻ പട്ടാളത്തെ നിരവധി തവണ സഹായിച്ചതും വാഗ്നർ ഗ്രൂപ്പ് തന്നെയായിരുന്നു. എന്നാൽ പിന്നീട് ഇരുവരും തമ്മിൽ ഉണ്ടായ അസ്വാരസ്യങ്ങളാണ് ഇപ്പോൾ ഈ വിമത നീക്കങ്ങളിൽ വരെ എത്തിച്ചിരിക്കുന്നത്. യെവ്ജെനി പ്രിഗോസിന്റെ പരാജയപ്പെട്ട നീക്കത്തിൽ ആരും പങ്കാളികളാകരുതെന്ന് റഷ്യക്കാരോട് അഭ്യർത്ഥിച്ചുകൊണ്ട് അടിയന്തര സന്ദേശം പുറത്തുവിട്ട ശേഷം റഷ്യൻ പ്രസിഡന്റിനെ പിന്നീട് കണ്ടിട്ടില്ല എന്നാണ് പുതിയ ആരോപണം. തൽസമയ സംപ്രേഷണത്തിന് അദ്ദേഹം എത്തുകയില്ലെന്ന് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. തന്റെ 23 വർഷത്തെ ഭരണത്തിനിടയിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിട്ട പുടിൻ രാജ്യം വിട്ടതായും അഭിപ്രായങ്ങളുണ്ട്. രണ്ട് പ്രസിഡൻഷ്യൽ വിമാനങ്ങൾ മോസ്കോയിൽ നിന്ന് പറന്നുയർന്നതായുള്ള റിപ്പോർട്ടുകളിൽ നിന്നാണ് പുടിൻ രാജ്യം വിട്ടതായുള്ള സൂചനകൾ പുറത്തുവന്നിരിക്കുന്നത്. വാഗഗ്നർ ഗ്രൂപ്പിന്റെ അട്ടിമറിശ്രമം റഷ്യൻ ഭരണകൂടത്തിൽ തന്നെ വിള്ളലുകൾ ഉയർന്നുവരുന്നതാണ് സൂചിപ്പിക്കുന്നതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ പ്രതികരിച്ചു. എന്നാൽ യുദ്ധതത്‌പരനായ നേതാവ് ഭയന്നോടിയെന്നാണ് കൈവ് വൃത്തങ്ങൾ ആരോപിച്ചത്. അദ്ദേഹം നാണക്കേട് മൂലം ജനങ്ങളിൽ നിന്ന് അകന്ന് നിൽക്കുകയാണെന്നുള്ള സൂചനകളാണ് പൊതുവേ പുറത്തുവരുന്നത്.
എന്നാൽ ബലാറസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോ നടത്തിയ മധ്യസ്ഥ ചർച്ചയെ തുടർന്ന് വാഗ്നർ ഗ്രൂപ്പ് മോസ്കോയിൽ നിന്നും പിൻവാങ്ങിയതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. തനിക്കെതിരെയുള്ള കലാപ ആരോപണങ്ങൾ ഒഴിവാക്കുന്നതിന് പകരമായി പ്രിഗോസിൻ ബലാറസിലേക്ക് വിട്ടുപോകാമെന്ന ധാരണ അംഗീകരിച്ചതായാണ് ക്രെമ്നിലിനിൽ നിന്നുള്ള ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന വിവരങ്ങൾ. എന്നാൽ പിന്നീട് പ്രിഗോസിനെ സംബന്ധിച്ച വിവരങ്ങളും ഒന്നും തന്നെ ഇതുവരെ പുറത്തുവന്നിട്ടില്ല. റോസ്തോവ്-ഓൺ-ഡോണിലെ റഷ്യൻ സൈനിക ആസ്ഥാനത്ത് വാഗ്നർ സംഘം ഇരച്ചുകയറിയതിന് ശേഷം പ്രദേശവാസികൾ പ്രിഗോസിനെ അഭിനന്ദിക്കുന്ന വീഡിയോയാണ് അദ്ദേഹത്തെ സംബന്ധിച്ചും ലഭിക്കുന്ന അവസാനത്തെ വിവരം. എന്നാൽ ഇരുവരും തമ്മിൽ ഉണ്ടായിരിക്കുന്ന ധാരണയെ സംബന്ധിച്ച് പുടിൻ ഇതുവരെയും ഔദ്യോഗികമായ പ്രസ്താവനകൾ ഒന്നും തന്നെ നടത്തിയിട്ടില്ല. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ റഷ്യയിൽ തികച്ചും അപ്രതീക്ഷിതമായ നീക്കങ്ങളാണ് ഭരണകൂടത്തിന് നേരെ നടക്കുന്നത്.