ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : കഴിഞ്ഞ വർഷത്തേതിൽ നിന്ന് അതിശക്തമായ ഉഷ്ണതരംഗം യൂറോപ്യൻ രാജ്യങ്ങളിൽ പിടിമുറുക്കുമെന്ന് മുന്നറിയിപ്പ്. തെക്കൻ യൂറോപ്പിന്റെ ഭൂരിഭാഗവും കടുത്ത ചൂടിൽ ചുട്ടുപൊള്ളുകയാണ്. ഗ്രീസിൽ താപനില 40 ഡിഗ്രി സെൽഷ്യസിലെത്തി. രാജ്യത്തെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ അക്രോപോളിസ് അടച്ചിട്ടു. ഇറ്റലി, സ്‌പെയിൻ, ഫ്രാൻസ്, ജർമ്മനി, പോളണ്ട് എന്നിവിടങ്ങളിൽ അതിരൂക്ഷമായ സാഹചര്യങ്ങൾ ഉണ്ടായേക്കാമെന്ന് യൂറോപ്യൻ ബഹിരാകാശ ഏജൻസി (ഇഎസ്എ) പറയുന്നു. തീവ്രതയേറിയ ‘സെർബെറസ് ‘ എന്ന ഉഷ്ണതരംഗത്തിന്റെ ഭീതിയിലാണ് തെക്കൻ യൂറോപ്പ്. ഇറ്റലിയിൽ ഒരാളുടെ ജീവൻ ഇതിനോടകം സെർബെറസ് കവർന്നു.

സഹാറാ മരുഭൂമിയിലെ അന്തരീക്ഷത്തിൽ രൂപപ്പെട്ട ഒരു ആന്റി സൈക്ലോൺ സിസ്റ്റം അല്ലെങ്കിൽ ഘടികാരദിശയിലുള വായുചലനമായ എതിർച്ചുഴലിയാണ് സെർബെറസ്. സഹാറാ മേഖലയിലെ ഉയർന്ന മർദ്ദമാണ് സെർബെറസിന് കാരണം. സെർബെറസ് വിതയ്ക്കുന്ന ശക്തമായ ചൂട് വരുംദിവസങ്ങളിൽ ഇറ്റാലിയൻ ദ്വീപുകളായ സാർഡീനിയ, സിസിലി എന്നിവിടങ്ങളിൽ താപനില 48 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ കാരണമാകുമെന്നാണ് മുന്നറിയിപ്പ്.

ചൊവ്വാഴ്ച ഇറ്റലിയിലെ മിലാനിലാണ് മരണം രേഖപ്പെടുത്തിയത്. 44കാരനായ റോഡ് നിർമ്മാണ തൊഴിലാളി ജോലിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. 40 ഡിഗ്രി സെൽഷ്യസ് വരെ അന്ന് മിലാനിലെ താപനില എത്തിയിരുന്നു. ക്രൊയേഷ്യ, ഫ്രാൻസ്, ഗ്രീസ്, സ്പെയിൻ, തുർക്കി എന്നിവിടങ്ങളിൽ ചൂട് 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. 2021 ഓഗസ്റ്റിൽ സിസിലിയിൽ 48.8 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു. യൂറോപ്പിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ ഏറ്റവും ഉയർന്ന താപനിലയാണിത്.
റോം, ബൊലോന്യ, ഫ്ലോറൻസ് തുടങ്ങി 10 ഇറ്റാലിയൻ നഗരങ്ങൾ റെഡ് അലേർട്ടിലാണ്. അതേ സമയം, വടക്കേ ആഫ്രിക്കയിൽ ചൂട് 50 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. ട്യൂണീഷ്യയിൽ ഇതിനോടകം 49 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ഇന്നും നാളെയും തെക്കൻ സ്പെയിനിൽ 45 ഡിഗ്രി സെൽഷ്യസ് വരെയും ഗ്രീസിൽ 44 ഡിഗ്രി സെൽഷ്യസ് വരെയും ചൂട് ഉയർന്നേക്കും. ഫ്രാൻസിൽ താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും എത്തിയേക്കും.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ആളുകളുടെ വാർദ്ധക്യം കുറയ്ക്കുന്ന യൂത്ത് പില്ലുകളെ കുറിച്ചുള്ള പഠനം അവസാന ഘട്ടത്തിലെന്ന് ഹാർവാർഡ് ശാസ്ത്രജ്ഞർ. മനുഷ്യരുടെയും എലികളുടെയും ചർമ്മകോശങ്ങളിലെ പ്രായമാകൽ പ്രക്രിയയെ ‘വർഷങ്ങളോളം’ താമസിപ്പിക്കുന്ന ആറ് രാസ കോക്‌ടെയിലുകൾ ശാസ്ത്രജ്ഞർ കണ്ടെത്തി. ഹാർവാർഡ് മെഡിക്കൽ സ്‌കൂളിലെ മോളിക്യുലാർ ബയോളജിസ്റ്റും പഠനത്തിന്റെ സഹ-രചയിതാവുമായ ഡോ. ഡേവിഡ് സിൻക്ലെയർ പുതിയ കണ്ടെത്തലിനെ മനുഷ്യരുടെ ശരീരത്തിൻെറ പുനരുജ്ജീവനത്തിലേക്കുള്ള ചുവടുവയ്‌പ്പായാണ് അഭിസംബോധന ചെയ്‌തത്. അടുത്ത വർഷത്തിനുള്ളിൽ മരുന്ന് മനുഷ്യരിൽ പരീക്ഷിക്കാമെന്ന് സിൻക്ലെയർ ട്വിറ്ററിൽ കണ്ടെത്തലുകൾക്കൊപ്പം അറിയിച്ചു.

മുൻപ് വാർദ്ധക്യം അകറ്റാൻ ജനിതക എഡിറ്റിംഗ് എന്നറിയപ്പെടുന്ന ചെലവേറിയതും സമയമെടുക്കുന്നതുമായ ഒരു രീതി മാത്രമാണ് ഉണ്ടായിരുന്നത്. പുതിയ മരുന്ന് വിപണിയിൽ ലഭ്യമാകുമ്പോൾ ദശലക്ഷം ഡോളർ വിലമതിക്കും. ഏജിംഗ് ജേണലിൽ പ്രസിദ്ധീകരിച്ച പുതിയ പഠനം നോബൽ സമ്മാനം നേടിയ ആന്റി-ഏജിംഗ് ജീനുകളെക്കുറിച്ചുള്ള ഗവേഷണത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. പഠനത്തിൽ യമനക ഘടകങ്ങൾ എന്ന് വിളിക്കപ്പെടുന്ന പ്രത്യേക ജീനുകളുടെ പ്രവർത്തനത്തിന് മുതിർന്ന കോശങ്ങളെ യുവ കോശങ്ങളാക്കി മാറ്റാൻ കഴിയുമെന്ന് കണ്ടെത്തി.

നോബൽ സമ്മാനം നേടിയ ആന്റി-ഏജിംഗ് ജീനുകളെക്കുറിച്ചുള്ള ഗവേഷണം കോശങ്ങൾ വളരെ ചെറുപ്പമാകാതെയും അർബുദമായി മാറാതെയും വാർദ്ധക്യം അകറ്റാൻ കഴിയുമോയെന്ന ചോദ്യം ഉയർത്തിയിരുന്നു. ഒരാഴ്‌ചയ്‌ക്കുള്ളിൽ പ്രായമായ കോശങ്ങളെ അവയുടെ യുവാവസ്ഥയിലേക്ക് പുനഃസ്ഥാപിക്കുന്ന ആറ് കെമിക്കൽ കോക്‌ടെയിലുകൾ ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. എലികളുടെയും മനുഷ്യരുടെയും കോശങ്ങളിൽ കോക്‌ടെയിലുകൾ പരീക്ഷിച്ചതായി വിദഗ്ദ്ധ സംഘം പറഞ്ഞു
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- എം പി പദവിയിൽ നിന്ന് ലഭിക്കുന്ന വരുമാനമല്ലാതെ, മറ്റ് സ്രോതസ്സുകളിൽ നിന്നും ജോലികളിൽ നിന്നും ബ്രിട്ടനിലെ എംപിമാർ സമ്പാദിക്കുന്ന പണത്തിന്റെ കണക്കുകൾ പുറത്തുവന്നിരിക്കുകയാണ്. എംപി സ്ഥാനം നിലനിൽക്കെ തന്നെ മറ്റു ജോലികളിൽ ഇവർക്ക് ഏർപ്പെടാമെങ്കിലും, തങ്ങൾക്ക് ലഭിക്കുന്ന അധിക വരുമാനവും സമ്മാനങ്ങളും സംഭാവനകളും ഷെയർഹോൾഡിംഗുകളും തുറന്നു കാണിക്കണമെന്ന് നിയമം ബ്രിട്ടനിൽ നിലനിൽക്കുന്നുണ്ട്. ലിസ് ട്രസ് മണിക്കൂറിൽ ഏകദേശം 15,770 പൗണ്ട് സമ്പാദിക്കുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പ്രധാനമന്ത്രിപദം ഒഴിഞ്ഞതിനു ശേഷം തായ്‌വാനിൽ നടത്തിയ ഒരു പ്രസംഗത്തിന് ഒരു മണിക്കൂറിൽ 20,000 പൗണ്ട് തുക അവർക്ക് പ്രതിഫലം ലഭിച്ചതായാണ് പുറത്തുവന്നിരിക്കുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞമാസം എംപി പദം ഒഴിഞ്ഞ ബോറിസ് ജോൺസൺ മണിക്കൂറിൽ സമ്പാദിക്കുന്നത് 21,822 പൗണ്ട് തുകയാണ്. എന്നാൽ എം പി പദം ഒഴിഞ്ഞതിനാൽ തന്റെ വരുമാനം പരസ്യമായി വെളിപ്പെടുത്താതെ തന്നെ അദ്ദേഹത്തിന് പ്രവർത്തിക്കുവാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാൽ എംപിമാർക്ക് പാർലമെന്റിൽ നിന്ന് ലഭിക്കുന്ന വരുമാനം മണിക്കൂറിൽ 233 പൗണ്ട് എന്ന നിരക്കിൽ മാത്രമാണ്.

സ്കോട്ടിഷ് ടോറി നേതാവ് ഡഗ്ലസ് റോസ് ആണ് പാർലമെന്റിന് പുറത്ത് ഏറ്റവും കൂടുതൽ മണിക്കൂറുകൾ മറ്റ് ജോലികൾക്കായി ചെലവഴിച്ചതെന്ന് പുറത്തു വന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. -കഴിഞ്ഞ തിരഞ്ഞെടുപ്പിന് ശേഷം 3,869 മണിക്കൂർ അദ്ദേഹം ഫുട്ബോൾ റഫറിയായി ചെലവഴിച്ചു. ടോറി എംപി ജെഫ്രി കോക്സ് ഒരു ബാരിസ്റ്റർ എന്ന നിലയിൽ തന്റെ ജോലിയിൽ 2,565 മണിക്കൂർ ജോലി ചെയ്തതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2019 ലെ തിരഞ്ഞെടുപ്പ് മുതൽ അദ്ദേഹം 2.4 മില്യൺ പൗണ്ട് സമ്പാദിച്ചു. എന്നാൽ ഇത്തരത്തിൽ മറ്റു ജോലികളിലേക്ക് എംപിമാർ തങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, തങ്ങൾക്കുള്ളിൽ നിക്ഷിപ്തമായിരിക്കുന്ന ദൗത്യം പലപ്പോഴും ഉത്തരവാദിത്വത്തോടെ ചെയ്യാൻ സാധിക്കുകയില്ലെന്ന വിമർശനവും ഉയരുന്നുണ്ട്. എംപിമാരുടെ പ്രഥമദൗത്യം തങ്ങൾ ആയിരിക്കുന്ന മേഖലയിലെ ജനങ്ങൾക്ക് സേവനം അനുഷ്ഠിക്കുക എന്നതാണെന്ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വക്താവ് ഓർമ്മിപ്പിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ബ്രിട്ടനിൽ പൊതുമേഖല ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിൽ, ഇതിനായുള്ള പണം കണ്ടെത്തുന്നതിനായി ബ്രിട്ടനിലേക്ക് മറ്റു രാജ്യങ്ങളിൽ നിന്നും വരുന്നവരുടെ വിസ ഫീസും ആരോഗ്യ സർചാർജും വർദ്ധിപ്പിക്കുവാനുള്ള തീരുമാനമാണ് സർക്കാർ കൈകൊണ്ടിരിക്കുന്നത്. ശമ്പളം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തുടനീളം ഉണ്ടായിരുന്ന ഡോക്ടർമാരുടെ സമരം അവസാനിപ്പിക്കുവാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തിട്ടുണ്ട്. വിസ അപേക്ഷകർ യുകെയുടെ സ്റ്റേറ്റ് ഫണ്ടഡ് നാഷണൽ ഹെൽത്ത് സർവീസിന് (എൻഎച്ച്എസ്) നൽകുന്ന ഫീസും ഹെൽത്ത് സർചാർജും രാജ്യത്തെ പൊതുമേഖലാ വേതന വർദ്ധനയ്‌ക്കായി ഉയർത്തുമെന്ന് യുകെ പ്രധാനമന്ത്രി ഋഷി സുനക് വ്യാഴാഴ്ചയാണ് പ്രഖ്യാപിച്ചത്. ഇത് യുകെയിലേക്ക് പഠനത്തിനും ജോലിക്കും ആയി പോകുവാൻ ആഗ്രഹിക്കുന്ന മലയാളികളുടെ പ്രതീക്ഷകൾക്ക് മേൽ ആശങ്കയുളവാക്കുന്നതാണ്.

അദ്ധ്യാപകർ, പോലീസ്, ജൂനിയർ ഡോക്ടർമാർ, മറ്റ് പൊതുമേഖലാ തൊഴിലാളികൾ എന്നിവരുടെ വേതനത്തിന്റെ സ്വതന്ത്ര പുനഃപരിശോധന കമ്മറ്റിയുടെ ശുപാർശകൾ അംഗീകരിക്കാൻ ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പ്രധാനമന്ത്രി സമ്മർദ്ദത്തിലാവുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പൊതുമേഖലയിൽ ഉടനീളം 5% മുതൽ 7% വരെ ശമ്പള വർദ്ധനവ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ഇതിനായുള്ള പണം സർക്കാർ കൂടുതൽ കടം എടുക്കുന്നതിലൂടെ നികത്താനാവില്ലെന്നും ഇത് കൂടുതൽ പണപ്പെരുപ്പത്തിലേക്ക് വഴിതെളിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
പൊതുമേഖല ജീവനക്കാർക്ക് കൂടുതൽ ശമ്പളം നൽകുന്നതിന് തങ്ങൾ മുൻഗണന നൽകുകയാണെങ്കിൽ, ആ പണം മറ്റെവിടെയെങ്കിലും നിന്ന് കണ്ടെത്തേണ്ടി വരുമെന്നും, ജനങ്ങൾക്ക് മേൽ കൂടുതൽ നികുതി ചുമത്താൻ താൻ തയ്യാറല്ലെന്നും, കൂടുതൽ കടമെടുക്കുന്നത് പണപ്പെരുപ്പം കൂട്ടുമെന്നും ഡൗണിംഗ് സ്ട്രീറ്റ് പത്രസമ്മേളനത്തിൽ പ്രധാനമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഈ പണം കണ്ടെത്താനായുള്ള നടപടിയുടെ ഭാഗമായാണ് ഇത്തരത്തിലുള്ള വിസ ഫീസ് വർദ്ധനവ് എന്നും അദ്ദേഹം വ്യക്തമാക്കി. പൊതുമേഖലാ ശമ്പള വർദ്ധനവിനെ ചൊല്ലിയുള്ള നിരവധി സമരങ്ങളെ തുടർന്ന് പ്രധാനമന്ത്രി കൂടുതൽ സമ്മർദ്ദത്തിലായിരുന്നു. എന്നാൽ ബ്രിട്ടൻ തങ്ങളുടെ ഭാഗം സംരക്ഷിക്കുമ്പോൾ, അവിടേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന മലയാളികൾക്കും മറ്റു രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്കും കടുത്ത തിരിച്ചടിയാണ് ഈ തീരുമാനം ഉണ്ടാക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
രാജ്യത്തെ ആരോഗ്യ സംവിധാനമായ എൻഎച്ച്എസ്സിലെ വെയിറ്റിംഗ് ലിസ്റ്റ് പുതിയ റെക്കോർഡ് തലത്തിലെത്തി . നിലവിൽ ചികിത്സയ്ക്കായി കാത്തിരിക്കുന്നവരുടെ എണ്ണം 7.5 ദശലക്ഷമാണ്. ഇത് ജനസംഖ്യയുടെ 12.5 ശതമാനം വരും. മെയ് മാസത്തിലെ കണക്കാണ് പുറത്ത് വന്നിരിക്കുന്നത്. നിലവിലെ കണക്കുകൾ ഇതിലും കൂടുതലായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

പുറത്തുവന്ന കണക്കുകൾ പ്രകാരം 2007 ഓഗസ്റ്റിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലാണ് ചികിത്സയ്ക്കായി കാത്തിരിക്കുന്നവരുടെ എണ്ണം. ഇതിൽ തന്നെ 385 , 022 പേർ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്നവരാണ്. ഇത് ഏപ്രിൽ മാസത്തിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 10000 – ത്തിലധികം കൂടുതലാണ്. ഇതിനേക്കാൾ ഒക്കെ ഞെട്ടിക്കുന്ന കാര്യമാണ് പതിനായിരത്തിലധികം ജനങ്ങൾക്ക് അവരുടെ പതിവ് ചികിത്സയ്ക്കായി 18 മാസത്തിലധികമായിട്ട് കാത്തിരിക്കേണ്ടതായി വരുന്നത്. ജൂനിയർ ഡോക്ടർമാരുടെ സമരം മൂലമുള്ള ചികിത്സ റദ്ദാക്കലുകൾ കൂടി പരിഗണിക്കുമ്പോൾ നിലവിലെ യഥാർത്ഥ കണക്കുകൾ വളരെ കൂടാനാണ് സാധ്യത .

ആളുകൾ ചികിത്സയ്ക്കായി കാത്തിരിക്കുന്നത് കൂടാതെ രാജ്യത്തെ ആംബുലൻസ് സേവനം ലഭിക്കുന്നതിന്റെ സമയ പരുധിയും കൂടിയതായാണ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ ഗുരുതര പ്രശ്നങ്ങൾ ഉണ്ടായവർക്ക് 37 മിനിറ്റാണ് രോഗികളെ ആശുപത്രിയിൽ എത്തിക്കാനായി വേണ്ടി വന്നത് . മെയ് മാസത്തിൽ ഇത് 32 മിനിറ്റായിരുന്നു. പണിമുടക്കുകൾ, രോഗികളുടെ എണ്ണം കൂടുന്നത് , ബാങ്ക് അവധി ദിവസങ്ങൾ തുടങ്ങിയ ഒട്ടേറെ ഘടകങ്ങൾ രോഗികളുടെ കാത്തിരിപ്പ് സമയം കൂടുന്നതിന് കാരണമാകുന്നുണ്ടെന്ന് എൻഎച്ച്എസ് നാഷണൽ മെഡിക്കൽ ഡയറക്ടർ പ്രൊഫ. സർ സ്റ്റീഫൻ പോവിസ് പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഇംഗ്ലണ്ടിലെ സമരങ്ങൾ അവസാനിപ്പിക്കാൻ പ്രധാനമന്ത്രി ഇന്നലെ പ്രഖ്യാപിച്ച ശമ്പളവർദ്ധനവിന് കഴിയുമോ? അധ്യാപകർ, പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന പൊതുമേഖലാ ജീവനക്കാരുടെ ശമ്പളം ഏകദേശം ആറു ശതമാനമായി വർധിപ്പിച്ചു. ശമ്പള പുനഃപരിശോധനാ സമിതികളുടെ ശുപാർശകൾ അംഗീകരിക്കാൻ സർക്കാർ തീരുമാനിച്ചു.

ശമ്പളവർദ്ധനവ് എത്ര ശതമാനം?
• ഇംഗ്ലണ്ടിലെ അധ്യാപകർ – 6.5%
• ഇംഗ്ലണ്ടിലെ ജൂനിയർ ഡോക്ടർമാർ – 6% + £1,250 ഏകീകൃത വർദ്ധനവ്
• ഇംഗ്ലണ്ടിലെ കൺസൾട്ടന്റുകൾ, ദന്തഡോക്ടർമാർ, ജിപിമാർ – 6%
• ഇംഗ്ലണ്ടിലെയും വെയിൽസിലെയും പോലീസ് ഉദ്യോഗസ്ഥർ – 7%
• ഇംഗ്ലണ്ടിലെയും വെയിൽസിലെയും ജയിൽ ഉദ്യോഗസ്ഥർ – 7%
• യുകെയിലുടനീളമുള്ള സായുധ സേന – 5% + £1,000 ഏകീകൃത വർദ്ധനവ്
• മുതിർന്ന ഉദ്യോഗസ്ഥർ – 5.5%

ശമ്പള വർദ്ധനവിനായി പണം കടം വാങ്ങാൻ ഋഷി സുനക് ആഗ്രഹിക്കുന്നില്ല. കൂടുതൽ കടം വാങ്ങുന്നത് പണപ്പെരുപ്പം വർദ്ധിക്കാൻ കാരണമാകുമെന്ന് അദ്ദേഹം കരുതുന്നു. വിസയുടെ ഫീസും എൻഎച്ച്എസ് ഉപയോഗിക്കുന്നതിന് കുടിയേറ്റക്കാർ നൽകേണ്ട സർചാർജും വർദ്ധിപ്പിച്ച് ഇതിനായുള്ള പണം സമാഹരിക്കേണ്ടി വരും. ശമ്പളവർദ്ധനവിനെ അധ്യാപക സംഘടനകൾ പിന്തുണച്ചിട്ടുണ്ട്. ഡോക്‌ടേഴ്‌സ് യൂണിയനായ ബിഎംഎയും ഒരു വലിയ ട്രേഡ് യൂണിയനായ യുണൈറ്റും ഈ വർദ്ധനവ് അംഗീകരിക്കുന്ന കാര്യത്തിൽ സംശയമാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഇംഗ്ലണ്ടിൽ വീണ്ടും സമരകാലഘട്ടം. ശമ്പളവർദ്ധനവ് ആവശ്യപ്പെട്ട് ഇംഗ്ലണ്ടിലെ ജൂനിയർ ഡോക്ടർമാർ ഇന്ന് സമരം തുടങ്ങി. അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന സമരം 18 -ന് അവസാനിക്കും. സർക്കാർ 6% ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചെങ്കിലും 35% ശമ്പളവർദ്ധനവ് എങ്കിലും നടപ്പാക്കണമെന്നാണ് ഡോക്ടർമാരുടെ ആവശ്യം. സമരത്തെ തുടർന്ന് മുൻകൂട്ടി നിശ്ചയിച്ച ആയിരക്കണക്കിന് അപ്പോയിന്റ്‌മെന്റുകൾ മാറ്റി വയ്‌ക്കേണ്ടതായി വരും. 35% വർദ്ധനവ് ന്യായമായതും താങ്ങാവുന്നതും അല്ലെന്ന് ആരോഗ്യ സെക്രട്ടറി സ്റ്റീവ് ബാർക്ലേ പറഞ്ഞു. എന്നാൽ, വർദ്ധിച്ചുവരുന്ന പണപ്പെരുപ്പം കാരണം ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ഈ വർദ്ധനവ് ആവശ്യമാണെന്നാണ് ഡോക്ടർമാരുടെ പക്ഷം.

പണിമുടക്കുകൾ പിൻവലിക്കണമെന്ന് പ്രധാനമന്ത്രി ഋഷി സുനക് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷനോട് (ബിഎംഎ) അഭ്യർത്ഥിച്ചു. ഇംഗ്ലണ്ടിലെ ഹോസ്പിറ്റൽ ഡോക്ടർമാരിൽ പകുതിയും ജിപി സർജറികളിൽ ജോലി ചെയ്യുന്ന ഡോക്ടർമാരിൽ നാലിലൊന്ന് പേരും ജൂനിയർ ഡോക്ടർമാരാണ്. യുകെയിലെ 46,000-ത്തിലധികം ജൂനിയർ ഡോക്ടർമാരാണ് ഉള്ളത്. ശമ്പളവർദ്ധനവിനെ ചൊല്ലിയുള്ള തർക്കം ആരംഭിച്ചതിന് ശേഷം ഇംഗ്ലണ്ടിൽ ജൂനിയർ ഡോക്ടർമാർ നടത്തുന്ന നാലാമത്തെ സമരമാണ് ഇത്. സമീപ മാസങ്ങളിൽ ഡോക്ടർമാരും നേഴ്‌സുമാരും മറ്റ് ആരോഗ്യ പ്രവർത്തകരും നടത്തിയ സമരങ്ങൾ കാരണം ഇംഗ്ലണ്ടിലെ ആറു ലക്ഷത്തിലധികം എൻ എച്ച് എസ് അപ്പോയിന്റ്‌മെന്റുകൾ ഇതിനകം തന്നെ റദ്ദാക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്തിട്ടുണ്ട്.

പണിമുടക്കുകൾക്കൊപ്പം, കോവിഡിന് ശേഷം പൂർവ്വസ്ഥിതിയിലേക്ക് മടങ്ങാൻ ആശുപത്രികൾ മറ്റ് വെല്ലുവിളികളും അഭിമുഖീകരിക്കുന്നു. ജീവനക്കാരുടെ കുറവ്, അത്യാഹിത രോഗികളുടെ വർദ്ധനവ്, പരിചരണക്കുറവ് കാരണം രോഗികളെ ഡിസ്ചാർജ് ചെയ്യുന്ന പ്രശ്നങ്ങൾ തുടങ്ങിയവ വെല്ലുവിളികളാണ്.
സമരത്തെ നേരിടാൻ ശമ്പളവർദ്ധനവ്
സമരപരമ്പരകൾ ശാന്തമാക്കാൻ പൊതുമേഖലാ ജീവനക്കാർക്ക് ഏകദേശം 6% ശമ്പള വർദ്ധനവുമായി സർക്കാർ. പോലീസ്, ജയിൽ ഉദ്യോഗസ്ഥർക്ക് 7% ശമ്പള വർദ്ധനവും അധ്യാപകർക്കും ജൂനിയർ ഡോക്ടർമാർക്കും യഥാക്രമം 6.5%, 6% ശമ്പള വർദ്ധനവുമാണ് ലഭിക്കുക. ഇതേ തുടർന്ന് അധ്യാപകരുടെ സമരം പിൻവലിക്കുമെന്ന് നാല് യൂണിയനുകൾ പറഞ്ഞു. ശമ്പള പരിഷ്കരണ സമിതികളുടെ ശുപാർശകൾ പ്രധാനമന്ത്രി അംഗീകരിച്ചു
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ഈ വേനൽക്കാലത്ത് തങ്ങളുടെ അവധിക്കാലം ആഘോഷിക്കുവാൻ ബ്രിട്ടീഷുകാർ ആഗ്രഹിക്കുന്ന യൂറോപ്പിലെ 10 സ്ഥലങ്ങൾ എക്സ്പീഡിയ വെളിപ്പെടുത്തിയിരിക്കുകയാണ്. ജൂൺ മുതൽ ഓഗസ്റ്റ് മാസങ്ങൾ വരെയുള്ള വേനൽക്കാലത്തേയ്ക്ക് എക്സ്പീഡിയ വഴി ആളുകൾ നടത്തിയ ഹോട്ടൽ അന്വേഷണങ്ങളെയും ബുക്കിംങ്ങുകളെയും മുൻനിർത്തിയാണ് ഈ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. പത്താം സ്ഥാനത്ത് എത്തിയിരിക്കുന്ന നഗരം തുർക്കിയിലെ ഇസ്താംബുൾ നഗരമാണ്. ഏഷ്യയിലും യൂറോപ്പിലുമായി വ്യാപിച്ചുകിടക്കുന്ന ഈ നഗരം, ഭൂമിശാസ്ത്രപരമായി കിഴക്ക് പടിഞ്ഞാറിനോട് ചേരുന്ന ഭാഗമായി പലപ്പോഴും പരാമർശിക്കപ്പെടുന്നുണ്ട്.

ടർക്കിഷ് സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കുകൾ പ്രകാരം ഏകദേശം 51 മില്യൻ ടൂറിസ്റ്റുകൾ ആണ് ഒരു വർഷം ഈ നഗരം സന്ദർശിക്കുന്നത്. ഹാഗിയ സോഫിയ മസ്ജിദ്, സുൽത്താനഹ്മെത് ജില്ലയിലൂടെയുള്ള പര്യവേഷണം, ബോസ്ഫറസിലൂടെയുള്ള ബോട്ട് യാത്ര, ഗ്രാൻഡ് ബസാറിലെ ഷോപ്പിംഗ് തുടങ്ങിയവയെല്ലാം തന്നെ ഈ നഗരത്തിന്റെ പ്രത്യേകതകളാണ്. ഒമ്പതാം സ്ഥാനത്ത് എത്തിയിരിക്കുന്നത് ഗ്രീസിലെ പ്രധാന ആകർഷണമായ സാന്റോരിനി നഗരമാണ്. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഒരു വലിയ’ അഗ്നിപർവ്വത സ്ഫോടനത്താൽ സൃഷ്ടിക്കപ്പെട്ട കടലിൽ മുങ്ങിപ്പോയ അഗ്നിപർവ്വത ഗർത്തത്തിന്റെ അരികിലാണ് സാന്റോറിനി സ്ഥിതിചെയ്യുന്നത്. നിരവധി ബീച്ചുകളും, പുരാവസ്തു മ്യൂസിയങ്ങളും എല്ലാം ഈ നഗരത്തിന്റെ പ്രത്യേകതകളാണ്.

എട്ടാം സ്ഥാനത്ത് ടൂറിസ്റ്റുകൾ തിരഞ്ഞെടുക്കുന്നത് പോർച്ചുഗീസ് തലസ്ഥാനമായ ലിസ്ബൺ നഗരമാണ്. ഈ നഗരത്തിലൂടെ കാണാനും ആഘോഷിക്കാനും ഉള്ളതെല്ലാം ഈ ലോകത്തിലെ മുഴുവൻ സമയമെടുത്താലും തീരാൻ ആവാത്തതെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ലിസ്ബൺ നഗരം മഞ്ഞ നിറത്തിലുള്ള ട്രാമുകൾക്ക് പ്രസിദ്ധമാണ്. ലിസ്ബൺ നഗരം കടൽ വിഭവങ്ങൾക്കും പ്രസിദ്ധമാണ്. ഏഴാം സ്ഥാനത്ത് എത്തിയിരിക്കുന്നത് കാനറി ദ്വീപ് സമൂഹത്തിലെ ഏറ്റവും വലിയ ദ്വീപായ ടെനെരിഫ് ആണ്. ഒരു വർഷം ഏകദേശം ആറ് മില്യനോളം ടൂറിസ്റ്റുകൾ ആണ് ഇവിടം സന്ദർശിക്കുന്നത് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇവിടെ ടൂറിസ്റ്റുകൾ ഒരിക്കലും വിട്ടുകളയാത്ത നാല് സ്പോട്ടുകൾ ഉണ്ടെന്നാണ് ട്രാവൽ ഗൈഡുകൾ വിശദീകരിക്കുന്നത്.

തലസ്ഥാനമായ സാന്താക്രൂസ് ഡി ടെനറിഫ്; പ്യൂർട്ടോ ഡി ലാ ക്രൂസ് നഗരം; ലാ ലഗുണ പഴയ പട്ടണം; പ്രകൃതിദത്ത കുളങ്ങളിൽ നീന്താൻ കഴിയുന്ന ഗരാച്ചിക്കോയുമാണ് ആ നാല് സ്ഥലങ്ങൾ. ആറാം സ്ഥാനത്ത് എത്തിയിരിക്കുന്നത് സ്പെയിനിലെ മലാഗ നഗരമാണ്. 1960 കൾ മുതൽ വൻതോതിൽ ഉള്ള ടൂറിസ്റ്റുകൾ ഈ നഗരത്തിൽ എത്തിയിരുന്നെങ്കിലും, ഇത് ഒരു റിസോർട്ട് നഗരമല്ല എന്നാണ് സന്ദർശകർ അഭിപ്രായപ്പെടുന്നത്. ഇവിടെ വിനോദസഞ്ചാരികളെക്കാൾ കൂടുതൽ അവിടുത്തെ പ്രാദേശിക ആളുകളെ തന്നെ കാണാൻ സാധിക്കും എന്നതും ഈ നഗരത്തിന്റെ പ്രത്യേകതയാണ്.

നഗരത്തിന്റെ ചരിത്ര കേന്ദ്രം സന്ദർശിക്കാനും, മെർക്കാഡോ സെൻട്രലിൽ ഭക്ഷണം കഴിക്കാനും,എട്ട് മൈൽ ദൂരമുള്ള ബീച്ചുകൾ പ്രദാനം ചെയ്യുന്ന അതിമനോഹരമായ തീരപ്രദേശത്തുകൂടെ നടക്കാനും ഇവിടെ അവസരമുണ്ട്. അഞ്ചാം സ്ഥാനത്ത് ജനങ്ങൾ തിരഞ്ഞെടുക്കുന്നത് ഗ്രീസിലെ റോഡ്സ് ദ്വീപാണ്. കണ്ണുകൾക്ക് ആനന്ദം നൽകുന്ന നിരവധി ദൃശ്യങ്ങൾ പ്രദാനം ചെയ്യുന്നതാണ് ഈ ദ്വീപിലെ സന്ദർശനം. നാലാം സ്ഥാനത്ത് എത്തിയിരിക്കുന്നത് നെതർലൻസിലെ നഗരമായ ആംസ്റ്റർഡാം ആണ്. നിധി നിറഞ്ഞ മ്യൂസിയങ്ങൾ, വിന്റേജ് നിറച്ച കടകൾ, ഹൈപ്പർ ക്രിയേറ്റീവ് ഡ്രിങ്കുകൾ, ഡൈനിങ്ങ് അനുഭവങ്ങൾ, എന്നിവയെല്ലാം ഈ നഗരത്തിന്റെ പ്രത്യേകതകളാണ്. ഈ നഗരം ചുറ്റപ്പെട്ടിരിക്കുന്ന നിരവധി കനാലുകളും സന്ദർശകരെ ആകർഷിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ശേഖരങ്ങൾ ഉള്ള വാൻഗോഗ് മ്യൂസിയവും ഈ നഗരത്തിന്റെ പ്രത്യേകതകളിൽ ഒന്നാണ്.

മൂന്നാംസ്ഥാനത്തെത്തിയിരിക്കുന്നത് സ്പെയിനിലെ ബാഴ്സിലോണ നഗരമാണ്. അതിരുകളില്ലാത്ത സംസ്കാരവും, ലോകോത്തരമായ ഡൈനിങ്- ഡ്രിങ്കിങ് അനുഭവങ്ങളും ഈ നഗരം ടൂറിസ്റ്റുകൾക്ക് പ്രദാനം ചെയ്യുന്നു. രണ്ടാം സ്ഥാനത്ത് പോർച്ചുഗലിലെ അൽഗാർവെ നഗരമാണ്. രണ്ടുവശവും അറ്റ്ലാന്റിംഗ് സമുദ്ര ചുറ്റപ്പെട്ടു കിടക്കുന്ന ഈ സ്ഥലം, സർഫ് ചെയ്യുവാൻ ആഗ്രഹിക്കുന്നവരുടെ ഇഷ്ട കേന്ദ്രമാണ്. നിരവധി ക്ലിഫുകൾ, മണൽ നിറഞ്ഞ ബീച്ചുകൾ, എന്നിവയെല്ലാം തന്നെ വർഷം നാല് മില്യനോളം ടൂറിസ്റ്റുകളെയാണ് ആകർഷിക്കുന്നത്.
ഒന്നാം സ്ഥാനത്ത് സ്പെയിനിലെ മല്ലോർക്ക നഗരമാണ്. വേനൽക്കാലം ഏറ്റവും കൂടുതൽ ആഘോഷിക്കുവാൻ സാധിക്കുന്ന ബീച്ചുകൾ ആണ് ഈ നഗരത്തിന്റെ മുഖച്ഛായ. അതിനാൽ തന്നെ ബ്രിട്ടീഷുകാർ വേനൽക്കാലം ഏറ്റവും കൂടുതൽ ആഘോഷിക്കാൻ ആഗ്രഹിക്കുന്നതും ഈ നഗരത്തിൽ തന്നെയാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
പൊതുമേഖലാ ജീവനക്കാർക്ക് മെച്ചപ്പെട്ട ശമ്പള വർദ്ധനവ് നൽകുന്ന കാര്യം സർക്കാർ പരിഗണിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. അധ്യാപകരും ജൂനിയർ ഡോക്ടർമാരും പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ള ജീവനക്കാർക്ക് 6% മുതൽ 6.5 ശതമാനം വരെ ശമ്പള വർദ്ധനവ് നൽകാനുള്ള പദ്ധതികളാണ് തയ്യാറാക്കുന്നത്. മെയ് മാസത്തിലെ പണപ്പെരുപ്പം 8.7 ശതമാനമായിരുന്നു.

ജീവിത ചെലവ് വർദ്ധനവിനും പണപ്പെരുപ്പത്തിനും ആനുപാതികമായ ശമ്പള വർദ്ധനവിനായി ഒട്ടുമിക്ക പൊതുമേഖലാ ജീവനക്കാരും സമരത്തിന്റെ പാതയിലായിരുന്നു. പ്രധാനമന്ത്രി റിഷി സുനകും ചാൻസിലർ ജെറമി ഹണ്ടും ഈ ആഴ്ചയോ അടുത്ത ആഴ്ചയോ യോഗം ചേർന്ന് നിർദ്ദിഷ്ട വർദ്ധനവ് അംഗീകരിക്കണമോ എന്ന കാര്യത്തിൽ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ശമ്പള വർദ്ധനവ് നിലവിൽ വരികയാണെങ്കിൽ നിലവിലുള്ള ബഡ്ജറ്റിൽ നിന്ന് 3.5 % കൂടുതൽ ഇതിനായി മാറ്റിവയ്ക്കേണ്ടതായി വരുമെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. ആരോഗ്യ സെക്രട്ടറിയും വിദ്യാഭ്യാസ സെക്രട്ടറിയും ഉൾപ്പെടെ നിരവധി ക്യാബിനറ്റ് മന്ത്രിമാർ ശമ്പള പുനർനിർമ്മാണ കമ്മിറ്റികളുടെ ശുപാർശകൾ അംഗീകരിക്കുന്നതിന് പിന്തുണയ്ക്കുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ശമ്പള പരിഷ്കരണം നിലവിൽ വരികയാണെങ്കിൽ പൊതുമേഖലയിൽ ജോലി ചെയ്യുന്ന ഒട്ടേറെ പേർക്ക് ആശ്വാസമാവും. എന്നാൽ നിർദിഷ്ട ശമ്പള വർദ്ധനവിന്റെ ആനുകൂല്യം ഒട്ടുമിക്ക യുകെ മലയാളികൾക്കും ലഭിക്കില്ല. യുകെ മലയാളികളിൽ ഭൂരിപക്ഷവും എൻഎച്ച്എസിലെ നേഴ്സിംഗ് മേഖലയോടെ ബന്ധപ്പെട്ടാണ് ജോലി ചെയ്യുന്നത്. നിർദ്ദിഷ്ട ശമ്പള പരിഷ്കരണത്തിൽ നേഴ്സുമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർ ഉൾപ്പെട്ടിട്ടില്ല. പോലീസ്, ജയിൽ ഓഫീസർമാർ, സായുധ സേനകൾ, ഡോക്ടർമാർ , ദന്ത ഡോക്ടർമാർ , അധ്യാപകർ എന്നിവർക്കാണ് ശമ്പള പരിഷ്കരണത്തിന്റെ ആനുകൂല്യം ലഭിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : പ്രായപൂർത്തിയാകാത്ത വ്യക്തിക്കു ലഹരി മരുന്നിനു പണം നൽകി ലൈംഗിക ചിത്രങ്ങൾക്കായി ചൂഷണം ചെയ്തെന്ന ആരോപണം നേരിട്ട പ്രമുഖ അവതാരകൻ ഹ്യൂ എഡ്വേർഡ്സ് ആണെന്ന് വെളിപ്പെടുത്തൽ. എഡ്വേർഡ്സിന്റെ ഭാര്യയാണ് ഇത് വെളിപ്പെടുത്തിയത്. ആരോപണം നേരിടുന്ന വ്യക്തി ഹ്യൂ എഡ്വേർഡ്സ് ആണെന്നും എന്നാൽ അദ്ദേഹം ഇപ്പോൾ ആശുപത്രിയിൽ ആണെന്നും ഭാര്യ വിക്കി ഫ്ലിൻഡ് പ്രസ്താവനയിൽ പറഞ്ഞു. എഡ്വേർഡ്‌സ് “ഗുരുതരമായ മാനസികാരോഗ്യ പ്രശ്‌നങ്ങളുമായി” ആശുപത്രിയിലാണ്. അദേഹത്തിന്റെ മാനസിക നില പരിഗണിച്ചും നമ്മുടെ കുട്ടികളെ കരുതിയുമാണ് ഇത് പറയുന്നതെന്ന് അവർ കൂട്ടിച്ചേർത്തു.
“ഞങ്ങളുടെ കുടുംബത്തിന് വളരെ പ്രയാസകരമായ അഞ്ച് ദിവസങ്ങൾക്ക് ശേഷം ഞാൻ എന്റെ ഭർത്താവ് ഹ്യൂ എഡ്വേർഡിന് വേണ്ടി ഈ പ്രസ്താവന നടത്തുന്നു. ഹ്യൂവിന് ഗുരുതരമായ മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ട്. അടുത്ത കാലത്തായി അദ്ദേഹം കടുത്ത വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലെ സംഭവങ്ങൾ കാര്യങ്ങൾ വളരെ വഷളാക്കി. ഇപ്പോൾ അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ് ” പ്രസ്താവനയിൽ ഇങ്ങനെ പറയുന്നു. എഡ്വേർഡ്സ് കുറ്റം ചെയ്തതായി വിശ്വസിക്കുന്നില്ലെന്നും അവർ പറഞ്ഞു. തെളിവുകൾ ഇല്ലാത്തതിനാൽ 61 കാരനായ എഡ്വേർഡ്സിന് ഇപ്പോൾ പോലീസ് നടപടി നേരിടേണ്ടിവരില്ലെന്ന് മെറ്റ് പോലീസ് സ്ഥിരീകരിച്ചു.
ആരോപണങ്ങളിൽ വസ്തുതാന്വേഷണം തുടരുമെന്ന് ബിബിസി അറിയിച്ചു. ഇത് വളരെ സങ്കീർണ്ണമായ ഒരു സാഹചര്യമായി തുടരുന്നുവെന്ന് ജീവനക്കാർക്ക് അയച്ച ഇമെയിലിൽ, ബിബിസി ഡയറക്ടർ ജനറൽ ടിം ഡേവി പറഞ്ഞു. 1980-കളിൽ ബിബിസിയിൽ ട്രെയിനിയായി എത്തിയ എഡ്വേർഡ്സ് പിന്നീട് ബിബിസി ന്യൂസിന്റെ ഏറ്റവും അറിയപ്പെടുന്ന അവതാരകരിൽ ഒരാളായി ഉയർന്നു. ടെൻ ഒക്ലോക്ക് ന്യൂസ് ഹോസ്റ്റുചെയ്യുന്നതിനൊപ്പം, തിരഞ്ഞെടുപ്പ്, എലിസബത്ത് രാജ്ഞിയുടെ മരണം തുടങ്ങിയ പ്രധാന വാർത്തകളുടെ കവറേജിന് അദ്ദേഹം നേതൃത്വം നൽകി.
വ്യാഴാഴ്ചയാണ് ബിബിസി അവതാരകനെതിരെ ആരോപണം ഉയർന്നത്. കൗമാര വ്യക്തിക്കു 17 വയസ്സായിരുന്നു. 2020 മുതൽ അശ്ലീല ഫോട്ടോകൾ ആവശ്യപ്പെട്ടു പ്രമുഖ അവതാരകൻ പണം ബാങ്ക് അക്കൗണ്ടിലിട്ടു നൽകിയെന്ന പരാതിയുമായി അമ്മയാണു ബിബിസി അധികൃതരെ സമീപിച്ചത്. പിന്നാലെ അധിക്ഷേപകരമായ സന്ദേശങ്ങൾ അയച്ചെന്ന പരാതിയുമായി മറ്റൊരാളും എത്തിയിരുന്നു.