Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഇംഗ്ലണ്ടിലെ കൺസൾട്ടന്റുമാരും ജൂനിയർ ഡോക്ടർമാരും എൻഎച്ച്എസിന്റെ ചരിത്രത്തിൽ ആദ്യമായി സംയുക്ത സമരത്തിന് ഒരുങ്ങുകയാണ്. കൺസൾട്ടന്റുമാർ ഇന്ന് രാവിലെ മുതൽ പണിമുടക്കും. ജൂനിയർ ഡോക്ടർമാരുടെ സമരം നാളെയാണ്. ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന കൺസൾട്ടന്റുമാരുടെ പണിമുടക്ക് രണ്ട് ദിവസം നീണ്ടുനിൽക്കും. ജൂനിയർ ഡോക്ടർമാർ നാളെ മുതൽ മൂന്നു ദിവസം പണിമുടക്കും.


എമർജൻസി കെയർ മുടങ്ങാതെ പ്രവർത്തിക്കുമെങ്കിലും രോഗികൾ പ്രതിസന്ധിയിലാകുമെന്ന് എൻ എച്ച് എസ് മേധാവികൾ പറഞ്ഞു. ശമ്പള വർദ്ധനവിനെ ചൊല്ലി സർക്കാരും ഡോക്ടർമാരും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നതിന്റെ സൂചനയാണ് ഈ സമരം. അടിയന്തര പരിചരണം ആവശ്യമുള്ള ആളുകൾ 999 എന്ന നമ്പറിൽ വിളിക്കണം. മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾക്ക്, 111 അല്ലെങ്കിൽ ജി പി സേവനങ്ങൾ ഉപയോഗിക്കണം.

എൻ എച്ച് എസിന്റെ ചരിത്രത്തിൽ ഒരിക്കലും ഇത്തരത്തിലുള്ള സമരം കണ്ടിട്ടില്ല. ഇത് ഒരു വലിയ വെല്ലുവിളി ഉയർത്തുന്നുവെന്ന് എൻ എച്ച് എസ് ഇംഗ്ലണ്ട് മെഡിക്കൽ ഡയറക്ടർ പ്രൊഫസർ സ്റ്റീഫൻ പോവിസ് പറഞ്ഞു. കൺസൾട്ടന്റുമാരുടെ മൂന്നാമത്തെയും ജൂനിയർ ഡോക്ടർമാരുടെ ആറാമത്തെയും സമരമാണിത്. ഡിസംബർ മുതലുള്ള പണിമുടക്ക് കാരണം ചില ക്യാൻസർ കെയർ ഉൾപ്പെടെ ഏകദേശം പത്തുലക്ഷത്തോളം അപ്പോയിന്റ്‌മെന്റുകളും ചികിത്സകളും മാറ്റിവച്ചു.

നഴ്‌സുമാർ, റേഡിയോഗ്രാഫർമാർ, ആംബുലൻസ് ജീവനക്കാർ എന്നിവരുൾപ്പെടെയുള്ള മറ്റ് സ്റ്റാഫ് ഗ്രൂപ്പുകളുടെ സമരം മൂലമുണ്ടാകുന്ന തടസ്സങ്ങളും ഇതിൽ ഉൾപ്പെടുന്നു. എന്നാൽ ഡോക്ടർമാരുടെ സമരം കൂടുതൽ തടസ്സം സൃഷ്ടിച്ചിട്ടുണ്ട്. ഈ വർഷത്തെ ശമ്പള വർദ്ധനവ് നടപ്പാക്കിയതിനാൽ ഇനി ബിഎംഎ നേതാക്കളുമായി ശമ്പള ചർച്ചകൾക്കായി ഇരിക്കില്ലെന്നാണ് ആരോഗ്യ സെക്രട്ടറിയുടെ നിലപാട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസിലെ ഡേറ്റാ സെൻററിൽ ഉണ്ടായ സൈബർ ആക്രമണത്തിൽ 20000 – ത്തോളം പേരുടെ വ്യക്തി വിവരങ്ങൾ ചോർന്നതായുള്ള വിവരങ്ങൾ പുറത്തുവന്നു. ഇതിൽ പോലീസ് ഉദ്യോഗസ്ഥരുടെ പേരും ഫോട്ടോകളും ഉൾപ്പെടെ ചോർന്നതായാണ് റിപ്പോർട്ടുകൾ .


ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസിന്റെ (ജി എം പി) ഐഡി കാർഡുകൾ നിർമ്മിക്കുന്ന സ്റ്റോക്ക് പോർട്ടിലെ ഒരു സ്ഥാപനത്തിൽ കഴിഞ്ഞ മാസമാണ് സൈബർ അറ്റാക്ക് ഉണ്ടായത്. ഇത് വളരെ ഗുരുതരമായ സംഭവമാണെന്ന് ചീഫ് റിസോഴ്‌സ് ഓഫീസർ ലീ റോളിൻസൺ പറഞ്ഞു. സമാനമായ സംഭവങ്ങൾ മറ്റു പോലീസ് ഡിപ്പാർട്ട്മെന്റുകളിലും സർക്കാർ വകുപ്പുകളിലും സംഭവിച്ചിട്ടുണ്ടാകാൻ സാധ്യത ഉണ്ടെന്ന് അദ്ദേഹം ചൂണ്ടി കാട്ടി.


സംഭവങ്ങളെ വളരെ ഗൗരവത്തോടെയാണ് ഉന്നതാധികാരികൾ കാണുന്നത് .യുകെയിലെ വിവിധ വകുപ്പുകളുടെ തന്ത്രപ്രധാനമായ വിവരങ്ങൾ ഉൾക്കൊള്ളുന്ന സ്ഥാപനത്തിലെ ഡേറ്റാ ചോർച്ചയെ കുറിച്ച് പല തലത്തിലുള്ള അന്വേഷണമാണ് നടന്നു കൊണ്ടിരിക്കുന്നത്. സൈബർ അറ്റാക്കിലൂടെ കിട്ടിയ വിവരങ്ങൾ ദുരുപയോഗം ചെയ്തേക്കാവുന്ന സാഹചര്യവും അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നുണ്ട്. സംഭവത്തെ വളരെ ഗുരുതരമായി തന്നെ പരിഗണിക്കുമെന്ന് പോലീസ് ഡിപ്പാർട്ട്മെൻറ് ഉന്നത വൃത്തങ്ങൾ അറിയിച്ചു. ഡേറ്റാ ചോർച്ച ലണ്ടനിലെ മെട്രോപോളിറ്റൻ പോലീസ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളെ ബാധിച്ചതായാണ് റിപ്പോർട്ടുകൾ . ഡേറ്റാ ചോർച്ചയ്ക്ക് ഇരയായിട്ടുള്ള ഉദ്യോഗസ്ഥരെ ഔദ്യോഗികമായി വിവരങ്ങൾ അറിയിച്ചു വരികയാണെന്ന് ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ലണ്ടൻ നഗരത്തിൽ വലിയ ഭൂചലന സാധ്യതയെന്ന് ശാസ്ത്രലോകം. ലണ്ടന്റെ മധ്യഭാഗത്തും കാനറി വാർഫിന് സമീപത്തും രണ്ട് ഫോൾട്ട് ലൈനുകൾ ഉണ്ട്. ഇത് വലുതാകുന്നുണ്ടെന്ന് ഇംപീരിയൽ കോളേജിലെ ഗവേഷകർ കണ്ടെത്തി. വലിയൊരു ഭൂചലനം ഉണ്ടായാൽ അത് ലണ്ടന്റെ തകർച്ചയ്ക്ക് കാരണമായേക്കും. ലണ്ടൻ ഭൂമിശാസ്ത്രപരമായി സ്ഥിരതയുള്ളതാണെന്ന അഭിപ്രായത്തെ ഈ കണ്ടെത്തൽ മാറ്റിമറിച്ചതായി വിദഗ്ധർ പറയുന്നു. ഭൂമിയുടെ ഉപരിതലമായ ടെക്റ്റോണിക് പ്ലേറ്റുകള്‍ നീങ്ങുന്നതുവഴി ഭൂചലന സാധ്യതയും ഉയരുന്നുവെന്ന് ബ്രിട്ടീഷ് ജിയോളജിക്കൽ സർവേ പറഞ്ഞു.

എന്നാൽ, 1700 മുതൽ ലണ്ടൻ നഗരത്തിൽ ഭൂകമ്പം ഉണ്ടായിട്ടില്ല. രാജ്യത്ത് ശക്തമായ ഭൂചലനം ഉണ്ടാകാനുള്ള സാധ്യത ആയിരം വർഷത്തിൽ ഒന്ന് മാത്രമാണ്. 2008-ൽ മാർക്കറ്റ് റാസനിൽ 25 വർഷത്തിനിടയിലെ ഏറ്റവും വലിയ ഭൂകമ്പം ഉണ്ടായി. റിക്ടർ സ്കെയിലിൽ 5.2 രേഖപ്പെടുത്തിയ ഭൂചലനം ആയിരുന്നു അത്. ഈ വർഷം ജൂണിൽ സ്റ്റോക്ക്-ഓൺ-ട്രെന്റിലും സ്റ്റാഫോർഡ്ഷയറിലും ചെറിയ ഭൂചലനങ്ങൾ രേഖപ്പെടുത്തിയിരുന്നു.


വലിയ ഭൂചലനത്തിന്റെ വ്യാപ്തിയെക്കുറിച്ചോ ആഴത്തെക്കുറിച്ചോ ഇതുവരെ വിശദാംശങ്ങളൊന്നുമില്ല. വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നേക്കും. 2022 മെയ് മാസത്തിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഒരു വലിയ ഭൂകമ്പം വടക്കൻ സ്കോട്ട്‌ലൻഡിന്റെ ചില ഭാഗങ്ങളിൽ നാശനഷ്ടം ഉണ്ടാക്കിയിരുന്നു. ഷെറ്റ്‌ലാൻഡ്, അബർഡീൻ, എലോൺ, സ്റ്റോൺഹേവൻ, ഹെൽംസ്‌ഡേൽ, ഇൻവെറൂറി, ലെയർഗ്, ഹണ്ട്‌ലി, ബാൻഫ്, ഫ്രേസർബർഗ് എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്നും ബ്രിട്ടീഷ് ജിയോളജിക്കൽ സർവേ അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : അടുത്ത പൊതുതിരഞ്ഞെടുപ്പിൽ ലേബർ പാർട്ടി വിജയിച്ചാൽ യൂറോപ്യൻ യൂണിയനുമായി കൂടുതൽ മെച്ചപ്പെട്ട ബ്രെക്‌സിറ്റ് കരാറിന് ശ്രമിക്കുമെന്ന് കെയർ സ്റ്റാർമർ. കാനഡയിലെ മോൺട്രിയലിൽ സെന്റർ ലെഫ്റ്റ് നേതാക്കളുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കെയർ. എന്നാൽ കസ്റ്റംസ് യൂണിയനിലോ സിംഗിൾ മാർക്കറ്റിലോ യൂറോപ്യൻ യൂണിയനിലോ വീണ്ടും ചേരുന്നത് അദ്ദേഹം നിരസിച്ചു. അതേസമയം മുൻ കൺസർവേറ്റീവ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ 2021 ൽ അംഗീകരിച്ച കരാറിൽ വലിയ മാറ്റങ്ങൾ വരുത്താൻ ബ്രസ്സൽസ് തയ്യാറാണോ എന്ന് വ്യക്തമല്ല.

തന്റെ പാർട്ടി അധികാരത്തിൽ വന്നാൽ യൂറോപ്യൻ യൂണിയനിൽ വീണ്ടും ചേരാൻ താൻ ശ്രമിക്കില്ലെന്ന് കെയർ പറയുന്നു. “ജോൺസൺ ഉണ്ടാക്കിയ കരാർ ഒരു നല്ല ഇടപാടല്ലെന്ന് മിക്കവാറും എല്ലാവരും തിരിച്ചറിയുന്നു. യുകെയ്‌ക്കായി കൂടുതൽ മികച്ച ഡീൽ നേടാൻ ഞങ്ങൾ ശ്രമിക്കും.” അദ്ദേഹം പറഞ്ഞു, എന്നിരുന്നാലും കരാറിന്റെ ഏതെല്ലാം ഭാഗങ്ങൾ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

ബ്രസ്സൽസുമായി ഒരു മികച്ച ഇടപാട് ചർച്ച ചെയ്യാമെന്നും അതോടൊപ്പം വ്യാപാര ബന്ധത്തിന് കഴിയുമെന്ന് ഉറപ്പുണ്ടെന്നും കെയർ വ്യക്തമാക്കി. കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഉൾപ്പെടെയുള്ളവരുമായി അദ്ദേഹം ചർച്ച നടത്തി. ഈ ആഴ്ച അവസാനം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെ കാണാൻ അദ്ദേഹം പാരീസിലേക്ക് തിരിക്കും. അവിടെ കൂടുതൽ കാര്യങ്ങളിൽ ചർച്ച ഉണ്ടായേക്കും.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- പെട്ടെന്നുണ്ടായ പ്രളയത്തെ തുടർന്ന് എക്സെറ്റർ വിമാനത്താവളം അടച്ചു. രാജ്യത്തുടനീളം ശക്തമായ മഴ പല പ്രദേശങ്ങളിലും ഉണ്ടായതിനെ തുടർന്നാണ് അപ്രതീക്ഷിതമായ പ്രളയം ഉണ്ടായത്. എത്രയും വേഗം സാധാരണ രീതിയിലേക്ക് പ്രവർത്തനങ്ങൾ പുനസ്ഥാപിക്കുവാൻ ശ്രമിക്കുകയാണെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചു. സോമർസെറ്റിൽ മെറ്റിയൊറോളജിക്കൽ ഓഫീസ് കണക്കുകൾ പ്രകാരം ടൗണ്ടണിനും ബ്രിഡ്ജ് വാട്ടറിനും ചുറ്റുമുള്ള പ്രദേശത്ത് 12 സെന്റീമീറ്റർ വരെ മഴ പെയ്തുവെന്ന് വ്യക്തമാക്കുന്നുണ്ട്. സെപ്തംബർ മാസത്തെ ശരാശരി മഴയേക്കാൾ കൂടുതലാണ് ഇത്. എക്സെറ്റർ വിമാനത്താവളത്തിന്റെ ടെർമിനൽ ഫ്ലോറിൽ ആളുകൾ വെള്ളത്തിൽ നിൽക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. യാത്രക്കാർ അവരുടെ ലൈറ്റുകളെ സംബന്ധിച്ച പുതിയ വിവരങ്ങൾക്കായി എയർലൈനുമായി ബന്ധപ്പെടണമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചിട്ടുണ്ട്.

ഗ്രീസിലെ ന്യൂകാസിൽ, സാന്റെ എന്നിവയുൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്ന് വരുന്ന അഞ്ച് ഇൻകമിംഗ് ഫ്ലൈറ്റുകളെങ്കിലും റദ്ദാക്കിയതായി വിമാനത്താവള സൈറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്. യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന മേഖലകളിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കർശന നിർദേശം അധികൃതർ നൽകി കഴിഞ്ഞു. വൈദ്യുതി മുടങ്ങൽ തുടങ്ങിയവ ചില സ്ഥലങ്ങളിൽ ഉണ്ടാകാമെന്ന് മുന്നറിയിപ്പുകളും ഉണ്ട്. തെക്ക് പടിഞ്ഞാറിനെ ബാധിക്കുന്ന മഴ ഞായറാഴ്ച ഉച്ചയോടെ ഇംഗ്ലണ്ടിന്റെ തെക്ക്-കിഴക്ക് ഭാഗത്തേക്ക് നീങ്ങുമെന്ന് കാലാവസ്ഥ നിരീക്ഷകർ വ്യക്തമാക്കി.

തിങ്കളാഴ്ചയും മഴ ഉണ്ടാകാമെങ്കിലും ശക്തമായ രീതിയിൽ ഉണ്ടാകില്ല എന്നാണ് നിലവിലെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. തിങ്കളാഴ്ച വൈകുന്നേരത്തോടെ സ്ഥിതിഗതികൾ ശാന്തമാകുമെന്ന് പ്രതീക്ഷിക്കുന്നതായും കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ അപ്രതീക്ഷിതമായ മഴയിൽ ഉണ്ടായ പ്രതിസന്ധികളിൽ ജനങ്ങൾ സഹകരിക്കണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

വാടക വീടുകളെ ആശ്രയിച്ച് കഴിയുന്ന യുകെ മലയാളികളുടെ ജീവിതം ദുരിതത്തിലായി. ഒൻപത് വർഷത്തെ ഏറ്റവും കൂടിയ നിരക്കിലേയ്ക്കാണ് നിലവിൽ രാജ്യത്തെ വാടക നിരക്കുകൾ കുതിച്ച് ഉയർന്നത്. സ്ഥിര വരുമാനമില്ലാതെ പാർട്ട് ടൈം ജോലികളെ ആശ്രയിച്ച് ജീവിക്കുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരെയാണ് വാടകയിലെ കുതിച്ചു കയറ്റം കടുത്ത ദുരിതത്തിലാക്കിയിരിക്കുന്നത്.

ആഗസ്റ്റ് വരെയുള്ള കണക്കുകൾ പ്രകാരം വാടക ചിലവുകളിൽ 12 % വർദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്. 2014 -ന് ശേഷമുള്ള ഏറ്റവും ഉയർന്ന വർദ്ധനവ് ആണിത് . കഴിഞ്ഞ 12 മാസത്തിനിടയിലുള്ള വർദ്ധനവ് 2019 വരെയുള്ള നാല് വർഷത്തെ വർദ്ധനവിനെക്കാൾ ഉയർന്നതാണ്. കുറഞ്ഞ സമയത്തിനുള്ളിലെ വാടകയിലെ ഈ കയറ്റം വാടകയ്ക്ക് താമസിക്കുന്നവരുടെ ജീവിത ചിലവിൽ കടുത്ത വർദ്ധനവ് ആണ് ഉണ്ടാക്കിയിരിക്കുന്നത്.


മോർട്ട്ഗേജ് നിരക്കുകൾ കുതിച്ച് ഉയർന്നത് വാടക നിരക്കുകൾ കൂടാൻ കാരണമായിട്ടുണ്ട്. ഇതു കൂടാതെ ആവശ്യക്കാരുടെ എണ്ണം കൂടിയതും നിരക്കുകൾ കുതിച്ചുയരാൻ കാരണമായതായി വിലയിരുത്തപ്പെടുന്നു. പാർലമെൻറിൽ ഉടൻ തന്നെ പാസാക്കാനിരിക്കുന്ന നിയമനിർമ്മാണം യുകെയിൽ വാടകയ്ക്ക് താമസിക്കുന്നവരുടെ അവകാശങ്ങളെ സംരക്ഷിക്കാനുള്ളതാണ്. മതിയായ ന്യായീകരണമില്ലാതെ വാടകക്കാരെ ഒഴിപ്പിക്കുന്നത് തടയാനാണ് പുതിയ നിയമം ലക്ഷ്യമിടുന്നത്.

19 മലയാളി നേഴ്സുമാർ കുവൈത്തിൽ ജയിലിലാണെന്ന വാർത്തയുടെ ഞെട്ടലിലാണ് ലോകമെങ്ങുമുള്ള മലയാളി സമൂഹം . അറസ്റ്റിലായവരിൽ മുലയൂട്ടുന്നവരും ഒരുമാസം പ്രായമായ കുഞ്ഞിൻറെ അമ്മ ഉൾപ്പെടെ ഉള്ളവരും ഉണ്ടെന്നുള്ളത് പ്രശ്നത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.. അടിയന്തരമായി നയതന്ത്ര ഇടപെടൽ ആവശ്യമാണെന്നാണ് അറസ്റ്റിലായ നേഴ്സുമാരുടെ ബന്ധുക്കളും സുഹൃത്തുക്കളും ആവശ്യപ്പെടുന്നത്.
ഇതിൽ അടൂർ സ്വദേശി ജെസ്സിന് ഒരു മാസം മാത്രം പ്രായമായ കുഞ്ഞുണ്ട് . ജെസ്സിനു പുറമേ മുലയൂട്ടുന്ന അമ്മമാരായ 4 മലയാളി നഴ്സുമാർ കൂടി അറസ്റ്റിലായവരിൽ ഉണ്ട്. പ്രസവാവധി കഴിഞ്ഞു തിരികെ ജോലിയിൽ പ്രവേശിച്ച അന്നാണു ജെസ്സിൻ അറസ്റ്റിലായത്.

കുവൈത്ത് മാനവശേഷി സമിതിയുടെ പരിശോധനയിലാണു താമസനിയമം ലംഘിച്ചു ജോലി ചെയ്തെന്ന പേരിൽ 30 ഇന്ത്യക്കാർ ഉൾപ്പെടെ 60 പേർ പിടിയിലായത്. ലൈസൻസ് ഇല്ലാത്തവരും മതിയായ യോഗ്യത ഇല്ലാത്തവരുമാണ് അറസ്റ്റിലായതെന്നാണു കുവൈത്ത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്. എന്നാൽ, പിടിയിലായ മലയാളി നഴ്സുമാരെല്ലാം സ്ഥാപനത്തിൽ നിയമാനുസൃതം ജോലി ചെയ്തിരുന്നവരാണെന്നു ബന്ധുക്കൾ പറയുന്നു. എല്ലാവർക്കും കാലാവധിയുള്ള വീസയും സ്ഥാപനത്തിന്റെ സ്പോൺസർഷിപ്പും ഉണ്ട്. പലരും 3 മുതൽ 10 വർഷം വരെയായി ഇതേ ആശുപത്രിയിൽ ജോലി ചെയ്യുന്നവരാണ്. ഇന്ത്യയ്ക്കു പുറമേ ഫിലിപ്പീൻസ്, ഈജിപ്ത്, ഇറാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണു പിടിക്കപ്പെട്ടത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

എസെക്സിൽ 35 കാരിയായ സ്ത്രീക്കെതിരെ ചുമത്തിയിരിക്കുന്നത് രണ്ട് കൊലപാതക കുറ്റങ്ങൾ. ബുധനാഴ്ചയാണ് 70 വയസ്സുള്ള രണ്ട് പേരുടെ ജീവൻ സുരക്ഷാ ഭീഷണിയിൽ ആണെന്ന തരത്തിലുള്ള മുന്നറിയിപ്പ് പൊലീസിന് ലഭിച്ചത്. ലഭ്യമായ തെളിവുകൾ അനുസരിച്ച് ഇരുവരും ജീവനോടെയില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നതെന്ന് എസെക്സ് പോലീസ് പറഞ്ഞു. ഇതിന് പിന്നാലെയാണ് ചെംസ്‌ഫോർഡിലെ പമ്പ് ഹില്ലിൽ നിന്നുള്ള വിർജീനിയ മക്കുല്ലോയ്‌ക്കെതിരെ കൊലപതാക കുറ്റങ്ങൾ ചുമത്തിയത്. ഈ കേസിൻെറ വിചാരണ നാളെ ചെംസ്‌ഫോർഡ് മജിസ്‌ട്രേറ്റ് കോടതിയിൽ നടക്കും.

വിർജീനിയ മക്കല്ലോഫിനെ പ്രതിയാക്കാൻ അധികൃതർക്ക് അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും വരും ആഴ്ച്കളിലുള്ള അന്വേഷണങ്ങൾക്ക് ശേഷം മാത്രമേ ഈ നടപടി സ്വീകരിക്കുകയുള്ളൂ എന്ന് ഡിറ്റക്റ്റീവ് സൂപ്രണ്ട് റോബ് കിർബി പറഞ്ഞു. ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്നും ജനങ്ങൾ ആശങ്കപെടേണ്ടതില്ലെന്നും അധികൃതർ അറിയിച്ചു.

കോമേഡിയനും നടനുമായ റസ്സൽ ബ്രാൻഡൺ തനിക്കെതിരെ ആരോപിക്കപ്പെട്ട ബലാത്സംഗം, ലൈംഗികാതിക്രമം, വൈകാരിക ദുരുപയോഗം എന്നീ കുറ്റങ്ങൾ നിഷേധിച്ച് രംഗത്ത്. 2006 നും 2013 നും ഇടയിൽ നാല് സ്ത്രീകൾ ലൈംഗികാതിക്രമ ആരോപണങ്ങൾ ഉന്നയിച്ചതായാണ് സൺ‌ഡേ ടൈംസ് പുറത്ത് വിട്ട വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇതിനുപുറമേ ബ്രാൻഡിന്റെ സ്വഭാവ ദൂഷ്യങ്ങളെ പറ്റിയുള്ള പരാതികളും ഉയർന്ന് വന്നിട്ടുണ്ട്. യൂട്യൂബിൽ പുറത്തുവിട്ട വീഡിയോയിൽ, സൺഡേ ടൈംസ് ഉന്നയിച്ച ആരോപണങ്ങൾ ബ്രാൻഡ് നിഷേധിക്കുകയായിരുന്നു.

താൻ മുഖ്യധാരയിൽ പ്രവർത്തിച്ച കാലത്തെ സംബന്ധിച്ച ആരോപണങ്ങളിൽ സത്യം ഇല്ലെന്ന് 48 കാരനായ ബ്രാൻഡ് പറഞ്ഞു. സൺഡേ ടൈംസ് പുറത്ത് വിട്ട വിവരങ്ങൾ അനുസരിച്ച് ബ്രാൻഡിനെതിരെ പരാതിപ്പെട്ടവരിൽ ഒരാൾ സംഭവം നടക്കുമ്പോൾ 16 വയസ്സായിരുന്നുവെന്നും ലണ്ടനിൽ ഷോപ്പിംഗിന് പോകുമ്പോഴാണ് ഇരുവരും പരിച്ചയപെട്ടത് എന്നാണ് ഇവർ അവകാശപ്പെടുന്നത്.

ലോസ് ഏഞ്ചൽസിലെ വീട്ടിൽ വച്ച് ബ്രാൻഡ് ബലാത്സംഗം ചെയ്തതായി മറ്റൊരു സ്ത്രീ അവകാശപ്പെട്ടു. ഇതിന് പിന്നാലെ ഇവർ ഒരു ബലാത്സംഗ പുനരധിവാസ കേന്ദ്രത്തിൽ ചികിത്സ തേടിയെന്നും പറഞ്ഞു. ആൽക്കഹോളിക്‌സ് അനോണിമസ് എന്നയിടത്ത് ഇരുവരും കണ്ടുമുട്ടിയതിന് ശേഷം തന്റെ വെസ്റ്റ് ഹോളിവുഡ് വസതിയിൽ വച്ച് ബ്രാൻഡ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് മൂന്നാമതൊരു സ്ത്രീ ആരോപിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

നഷ്ടങ്ങളുടെ പരമ്പരയ്ക്ക് പിന്നാലെ അറിയപ്പെടുന്ന ബ്രാൻഡായ വിൽകോ അടച്ചിടൽ ഭീഷണിയിൽ. 300 സ്‌റ്റോറുകൾ നിലനിർത്താനുള്ള ശതകോടീശ്വരനായ എച്ച്‌എംവി ഉടമ ഡഗ് പുട്ട്‌മാൻ നടത്തിയ ശ്രമം പരാജയപ്പെട്ടപ്പോൾ തന്നെ കമ്പനിയെ സംരക്ഷിക്കാനാകും എന്ന പ്രതീക്ഷകൾ അസ്തമിച്ചിരുന്നു. അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ ബ്രിട്ടനിലെ ഹൈ സ്ട്രീറ്റുകളിൽ നിന്ന് വിൽകോ ഷോപ്പുകൾ അപ്രത്യക്ഷമാകും. അറിയാം വിൽക്കോയുടെ തകർച്ചയ്ക്ക് പിന്നിലുള്ള കാരണങ്ങൾ.

പണത്തിൻെറയും സമയത്തിന്റെയും ലഭ്യത കുറവാണ് ആദ്യം തന്നെ കമ്പനിക്ക് തിരിച്ചടിയായത്. ബി&എം, ഹോം ബാർഗെയ്ൻസ്, ദി റേഞ്ച്, പൗണ്ട്ലാൻഡ് എന്നീ കമ്പനികളിൽ നിന്ന് കടുത്ത മത്സരങ്ങളാണ് ഈ വർഷങ്ങളിൽ എല്ലാം തന്നെ വിൽകോ നേരിട്ടത്. വിൽകോയുടെ സ്ഥാപനങ്ങൾ പൊതുവേ ഹൈ സ്ട്രീറ്റിലാണ് ഉള്ളത്. ഇതിനായുള്ള ചിലവ് പൊതുവെ കൂടുതലാണ്. അതേസമയം മറ്റു കമ്പനികൾ പലപ്പോഴും റീട്ടെയിൽ പാർക്കുകളിലാണ് കാണപ്പെടുന്നത്.

ഒക്ടോബർ ആദ്യ വാരത്തോടെ വിൽകോയുടെ എല്ലാ സ്റ്റോറുകളും അടച്ചുപൂട്ടും. ചില ഷോപ്പുകൾ ഇതിനോടകം തന്നെ മറ്റു കമ്പനികൾ ഏറ്റെടുത്ത് കഴിഞ്ഞു. ഡിസ്കൗണ്ട് ശൃംഖലയായ ബി & എം വിൽകോയുടെ 51 സ്റ്റോറുകൾ വാങ്ങിയിട്ടുണ്ട്. എന്നാൽ ഇവ ഏതൊക്കെയാണെന്ന് പുറത്ത്വിട്ടിട്ടില്ല. കരാർ സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ നവംബർ ആദ്യം നൽകുമെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. വിൽകോയുടെ 71 സൈറ്റുകൾ പൗണ്ട്‌ലാൻഡ് ഉടമ പെപ്‌കോ ഏറ്റെടുക്കും. ഈ സ്റ്റോറുകൾ പൗണ്ട്‌ലാൻഡ് ഷോപ്പുകളാക്കി മാറ്റി വർഷാവസാനത്തോടെ തുറക്കും.

Copyright © . All rights reserved