Main News

ന്യൂസ് ഡെസ്ക്. മലയാളം യുകെ

ഒക്ടോബർ 28 -ന് സ്കോട്ട് ലാൻ്റിൽ നടക്കുന്ന മലയാളം യുകെ അവാർഡ് നൈറ്റിൻ്റെയും യുസ്മ നാഷണൽ കലാമേളയുടെയും ലോഗോ പ്രകാശനം മലയാളം യുകെ ന്യൂസ് ചീഫ് എഡിറ്റർ ബിൻസു ജോണിൻ്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ നിർവ്വഹിക്കും.
കോട്ടയം ജില്ലയിലെ കോതനല്ലൂരിലുള്ള വിജയാ പാർക്ക് ഹോട്ടലിൽ വരുന്ന ഞായറാഴ്ച്ച പന്ത്രണ്ട് മണിക്ക് ക്ഷണിക്കപ്പെട്ട സദസ്സിന് മുമ്പാകെ നടക്കുന്ന പ്രകാശന കർമ്മത്തിൽ അതിരമ്പുഴ പഞ്ചായത്ത് പ്രസിഡൻ്റ് സജി തടത്തിൽ, കാണക്കാരി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിജു പഴയപുരയ്ക്കൽ , തിരുവല്ല മാർ അത്തനേഷ്യസ് കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസിൻ്റെ കമ്പ്യൂട്ടർ സയൻസ് വകുപ്പു മേധാവിയും 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവുമായ പ്രൊഫ. റ്റിജി തോമസ് എന്നിവർ സന്നിഹിതരാകും.

യുകെ മലയാളികളിൽ ഭൂരിപക്ഷവും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്നവരാണ്. മലയാളം യുകെ അവാർഡ് നൈറ്റിൽ യുകെയിലെ ഏറ്റവും മികച്ച നേഴ്സായി തിരഞ്ഞെടുക്കപ്പെടുന്ന നേഴ്സിനും കെയറർക്കും 500 പൗണ്ട് വീതം ക്യാഷ് പ്രൈസും മൊമെന്റോയും സർട്ടിഫിക്കറ്റും സമ്മാനമായി നൽകുന്നതിനെ യുകെ മലയാളി സമൂഹം ആവേശത്തോടെയാണ്ഏറ്റെടുത്തിരിക്കുന്നത്. കിംഗ്സ് കോളേജ് ഹോസ്പിറ്റലിൽ ലീഡ് നേഴ്സായി സേവനം ചെയ്യുന്ന മിനിജാ ജോസഫിനൊപ്പം എൻഎച്ച്എസ്സിന്റെ നേതൃത്വ പദവികൾ അലങ്കരിച്ച ജെനി കാഗുയോവ , കെറി വാൾട്ടേഴ്സ് എന്നിവരടങ്ങിയ ജൂറി ആണ് അവാർഡിന് അർഹരായവരെ തിരഞ്ഞെടുക്കുന്നത്. .

സ്കോട്ട് ലാൻ്റിലെ അസ്സോസിയേഷനുകളുടെ അസ്സോസിയേഷനായ യുണൈറ്റഡ് സ്കോട്ട് ലാൻ്റ് മലയാളി അസോസിയേഷൻ്റെ (USMA) നാഷണൽ കലാമേളയും മലയാളം യുകെ അവാർഡ് നൈറ്റിനോടൊപ്പമാണ് നടത്തപ്പെടുന്നത്. സ്കോട്ട് ലാൻ്റ് കണ്ടതിൽ വെച്ചേറ്റവും വലിയ കലാ മാമാങ്കത്തിനാണ് കളമൊരുങ്ങുന്നത്.
പ്രവാസി മലയാളികൾ ആകാംക്ഷയോടെ കാണുന്ന മലയാളം യുകെ ന്യൂസിൻ്റെ അവാർഡ് നൈറ്റിൻ്റെ തൽസമയ സംപ്രേക്ഷണവും ഉണ്ടായിരിക്കുന്നതാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ബിബിസി റേഡിയോ ഷോയിൽ എത്തിയ റസ്സൽ ബ്രാൻഡ് തനിക്ക് നേരെ ലിംഗപ്രദർശനം നടത്തിയെന്നും പിന്നെ അതിനെപ്പറ്റി ഷോയിൽ പറഞ്ഞു ചിരിച്ചെന്നും ആരോപണം. 2008 ൽ ലോസ് ഏഞ്ചൽസിലെ ബിബിസിയുടെ അതേ കെട്ടിടത്തിൽ ജോലി ചെയ്യുമ്പോഴാണ് ഇത് സംഭവിച്ചതെന്ന് യുവതി പറയുന്നു. ഏറ്റവും പുതിയ ആരോപണത്തെക്കുറിച്ച് ബ്രാൻഡ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതിനെപറ്റി ഇതുവരെ അറിയില്ലായിരുന്നുവെന്ന് അദ്ദേഹത്തിന്റെ സഹ അവതാരകൻ മാറ്റ് മോർഗൻ ബിബിസിയോട് പറഞ്ഞു.

2008 ജൂൺ 16 ന്, റേഡിയോ 2 ന് വേണ്ടി ദ റസ്സൽ ബ്രാൻഡ് ഷോയുടെ ഒരു എപ്പിസോഡ് മുൻകൂട്ടി റെക്കോർഡുചെയ്യാൻ ബ്രാൻഡ് എത്തിയപ്പോഴാണ് ഈ ദുരനുഭവം ഉണ്ടായതെന്ന് യുവതി പറയുന്നു. 2008 ജൂൺ 21-ന് സംപ്രേഷണം ചെയ്ത എപ്പിസോഡിൽ ബ്രാൻഡും മോർഗനും തമ്മിൽ ഇതെപ്പറ്റിയുള്ള സംഭാഷണം ഉണ്ട്. തന്റെ വില്ലി ഒരു സ്ത്രീയെ കാണിച്ചു എന്ന് പറഞ്ഞു ഇരുവരും ചിരിക്കുന്നതായി ഷോയിലുണ്ട്.

2019-ൽ യുവതിയുമായി സംസാരിച്ച ഒരു ബിബിസി സ്റ്റാഫ് അംഗം സംഭവത്തെക്കുറിച്ച് ബിബിസി മാനേജ്മെന്റിനെ അറിയിച്ചു. മാനേജ്‌മെന്റിൽ നിന്ന് ആരും തന്നെ നേരിട്ട് സമീപിച്ചിട്ടില്ലെന്നും ഔപചാരികമായ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നും അവർ പറയുന്നു. ബ്രാൻഡിനൊപ്പം പ്രവർത്തിക്കുന്നത് വർഷങ്ങൾക്ക് മുമ്പ് നിർത്തിയതായും “അദ്ദേഹത്തിനെതിരെ ഉയർന്ന ഗുരുതരമായ ലൈംഗികാരോപണങ്ങളെക്കുറിച്ച് ഒരിക്കലും അറിഞ്ഞിരുന്നില്ലെന്നും” മോർഗൻ തന്റെ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഗുരുതരാവസ്ഥയില്‍ ബിര്‍മിങാമില്‍ താമസിക്കുന്ന ജയരാജ് വാസു (58) നിര്യാതനായി. തൃശൂര്‍ രാമവര്‍മപുരം നെല്ലിക്കാട് സ്വദേശിയായ ജയരാജ് വാസു കഴിഞ്ഞ ശനിയാഴ്ച ജോലി സ്ഥലത്തു കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജയരാജിൻെറ ജീവൻ ഇതുവരെ വെന്റിലേറ്റര്‍ സഹായത്തോടെയാണ് നിലനിർത്തിയിരുന്നത്.

ഭാര്യയുടെ ഒപ്പം യുകെയിൽ താമസിക്കുന്ന ജയരാജിൻെറ മൂത്ത മകൻ യുകെയിൽ എത്താൻ വിസയ്ക്ക് അപേക്ഷിച്ചെങ്കിലും ഹോം ഓഫിസ് അപേക്ഷ നിരസിച്ചു. ഇതിനുപിന്നാലെ വെന്റിലേറ്റര്‍ ഓഫ് ചെയ്യാനുള്ള തീരുമാനത്തിലേക്ക് ആരോഗ്യ വിദഗ്ധര്‍ എത്തുകയായിരുന്നു. സംസ്‍കാരം നാട്ടിൽ വച്ചായിരിക്കും നടത്തുക.

ജയരാജ് വാസുവിൻെറ വിയോഗത്തിലുള്ള മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : പോലീസ് അന്വേഷണവും വിചാരണയും തങ്ങളുടെ മാനസികാരോഗ്യത്തെ ബാധിച്ചുവെന്ന വെളിപ്പെടുത്തലുമായി ലൈംഗികാതിക്രമത്തിന് ഇരയായവർ. സർവേയിൽ, ബലാത്സംഗത്തിനും ലൈംഗികാതിക്രമത്തിനും ഇരയായവരിൽ നാലിൽ മൂന്നുപേരും (75%) പോലീസിന്റെ ഇടപെടൽ തങ്ങളെ പ്രതികൂലമായി ബാധിച്ചതായി പറഞ്ഞു. സർക്കാർ ധനസഹായത്തോടെയുള്ള ഓപ്പറേഷൻ സോട്ടീരിയ ബ്ലൂസ്റ്റോൺ എന്ന പദ്ധതിയുടെ ഭാഗമായി ഇംഗ്ലണ്ടിലും വെയിൽസിലും ബലാത്സംഗവും ലൈംഗികാതിക്രമങ്ങളും അതിജീവിച്ച 2,000 പേരെ അടിസ്ഥാനമാക്കിയാണ് സർവേ നടത്തിയത്.

ഇനിയൊരു ബലാത്സംഗം ഉണ്ടായാൽ അത് റിപ്പോർട്ട് ചെയ്യാൻ സാധ്യതയില്ലെന്ന് 56% പേർ പറഞ്ഞു. “വീണ്ടും ബലാത്സംഗം ചെയ്യപ്പെടുന്നതിനേക്കാൾ എനിക്ക് പോലീസിനെ ഭയമാണ്,” ഒരു അതിജീവിത പറഞ്ഞു. പ്രതികരിച്ചവരിൽ നാലിലൊന്ന് (26%) പേർക്ക് മാത്രമാണ് പോലീസിന്റെ അടുത്ത് സുരക്ഷിതത്വം തോന്നിയത്. ഏകദേശം മൂന്നിലൊന്ന് (31%) ആളുകൾക്ക് എപ്പോഴും ഓഫീസർമാരുടെ അടുത്ത് സുരക്ഷിതത്വം തോന്നിയില്ല.

ബലാത്സംഗത്തിനും ലൈംഗികാതിക്രമത്തിനും ഇരയായവർക്ക് മോശമായ പോലീസിംഗ് ഉണ്ടാക്കിയ ദോഷം വ്യക്തമാക്കുന്നതാണ് ഈ പഠനം എന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ ലണ്ടൻ യൂണിവേഴ്‌സിറ്റിയിലെ ക്രിമിനോളജി ആൻഡ് ക്രിമിനൽ ജസ്റ്റിസിന്റെ പ്രൊഫസറായ പ്രൊഫസർ കാട്രിൻ ഹോൾ പറഞ്ഞു. ബലാത്സംഗത്തിനും മറ്റ് ലൈംഗിക കുറ്റകൃത്യങ്ങൾക്കും ഇരയായവർക്കുള്ള ജുഡീഷ്യൽ നടപടിക്രമങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമത്തിലാണ് ഓപ്പറേഷൻ സോട്ടീരിയ ബ്ലൂസ്റ്റോൺ ആരംഭിച്ചത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : പുതിയ പെട്രോൾ, ഡീസൽ കാറുകളുടെ നിരോധനം വൈകിപ്പിച്ച് പ്രധാനമന്ത്രി ഋഷി സുനക്. 2050-ഓടെ നെറ്റ് സീറോ കൈവരിക്കാനുള്ള സർക്കാർ സമീപനത്തിൽ നിന്ന് വലിയ മാറ്റമാണ് ഈ തീരുമാനം. ഗ്യാസ് ബോയിലറുകൾ മാറ്റിസ്ഥാപിക്കുന്നതിനുള്ള ക്യാഷ് ഇൻസെന്റീവുകളുടെ 50% വർദ്ധനയ്‌ക്കൊപ്പം നിരവധി പ്രധാന ഹരിത നയങ്ങളിൽ ഇളവുകളും കാലതാമസവും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഇത് പ്രതിപക്ഷത്തിൽ നിന്നും ചില വ്യവസായ മേധാവികളിൽ നിന്നും രൂക്ഷമായ വിമർശനത്തിന് കാരണമായി. മാറ്റങ്ങൾ പ്രായോഗികമാണെന്ന് അഭിപ്രായപ്പെട്ടുകൊണ്ട് ബോറിസ് ജോൺസൺ പ്രധാനമന്ത്രി ആയിരുന്ന സമയത്തെ പ്രധാന നയങ്ങളിൽ സുനക് മാറ്റം കൊണ്ടുവന്നു.

ബുധനാഴ്ച ഡൗണിംഗ് സ്ട്രീറ്റിൽ നിന്നുള്ള ഒരു പ്രസംഗത്തിൽ, ഹരിത നയങ്ങളിൽ അതിവേഗം നീങ്ങുന്നത് കുടുംബങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് സുനക് പറഞ്ഞു.

പ്രഖ്യാപിച്ച പ്രധാന മാറ്റങ്ങളിൽ ഇവ ഉൾപ്പെടുന്നു:

പുതിയ പെട്രോൾ, ഡീസൽ കാറുകൾ വിൽക്കുന്നതിനുള്ള നിരോധനത്തിൽ അഞ്ച് വർഷത്തെ കാലതാമസം. അതായത് എല്ലാ പുതിയ കാറുകൾക്കും “സീറോ എമിഷൻ” എന്ന നിബന്ധന 2035 വരെ പ്രാബല്യത്തിൽ വരില്ല.

ഗ്യാസ് ബോയിലറുകൾ മാറ്റിസ്ഥാപിക്കാൻ ആഗ്രഹിക്കുന്ന കുടുംബങ്ങളെ സഹായിക്കുന്നതിന് ബോയിലർ അപ്‌ഗ്രേഡ് ഗ്രാന്റ് 50% ഉയർത്തി £7,500 ആക്കും.

2035-ൽ പുതിയ ഗ്യാസ് ബോയിലറുകൾ വിൽക്കുന്നതിനുള്ള നിരോധനം വരും.

അതേസമയം, പെട്രോൾ, ഡീസൽ കാറുകൾ വിൽക്കുന്നതിനുള്ള നിരോധനം നടപ്പാക്കിയില്ലെങ്കിൽ നെറ്റ് സീറോയിലെത്താനുള്ള യു കെയുടെ ലക്ഷ്യം നഷ്ടപ്പെടുമെന്ന് ഷാഡോ എൻവയോൺമെന്റ് സെക്രട്ടറി സ്റ്റീവ് റീഡ് പറഞ്ഞു. അടുത്ത കുറച്ച് വർഷത്തിനുള്ളിൽ ഒമ്പത് പുതിയ ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കാൻ പദ്ധതിയിട്ടിരിക്കുന്ന കൊറിയൻ കാർ നിർമ്മാതാക്കളായ കിയ, ഈ പ്രഖ്യാപനം നിരാശാജനകമാണെന്ന് പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : വിലക്കയറ്റത്തിൽ അപ്രതീക്ഷിതമായ കുറവ് ഉണ്ടായതിനെതുടർന്ന് രാജ്യത്ത് പലിശ നിരക്ക് വീണ്ടും ഉയർത്താൻ സാധ്യതയില്ലെന്ന് വിലയിരുത്തൽ. നിരക്ക് 5.25 ശതമാനത്തിൽ നിന്ന് 5.5 ശതമാനത്തിലേക്ക് തുടർച്ചയായി പതിനഞ്ചാമത്തെ വർദ്ധനവ് വ്യാപകമായി പ്രവചിക്കപ്പെട്ടിരുന്നു. എന്നാൽ, വിലക്കയറ്റം അപ്രതീക്ഷിതമായി 6.7% ആയി കുറഞ്ഞുവെന്ന് വെളിപ്പെടുത്തിയതിന് ശേഷം പ്രതീക്ഷകൾ മാറി. എന്തായാലും നിരക്ക് നിശ്ചയിക്കുന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഉച്ചയോടെ തീരുമാനം വെളിപ്പെടുത്തും.

യുകെയിലെ പണപ്പെരുപ്പം വരുതിയിലാക്കാനുള്ള ശ്രമത്തിൽ ബാങ്ക് 2021 ഡിസംബർ മുതൽ നിരക്കുകൾ വർധിപ്പിക്കുന്നു. ഇത് സാധാരണയേക്കാൾ വളരെ കൂടുതലാണ്. മലയാളി കുടുംബങ്ങളെ അടക്കം ഇത് സാമ്പത്തിക സമ്മർദ്ദത്തിലാക്കുന്നു. പണപ്പെരുപ്പം കുറഞ്ഞതായി പുറത്തുവന്നതിന് ശേഷം യുകെയിലെ പലിശ നിരക്ക് വ്യാഴാഴ്ച മാറ്റമില്ലാതെ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി നിക്ഷേപ ബാങ്ക് ഗോൾഡ്മാൻ സാച്ച്സ് പറഞ്ഞു. അതേസമയം, പണപ്പെരുപ്പം ഇപ്പോഴും 6.7% ആണെന്നും ബാങ്ക് ലക്ഷ്യമിടുന്നത് പണപെരുപ്പം 2 ശതമാനത്തിലേക്ക് എത്തിക്കാൻ ആണെന്നും അതിനാൽ നിരക്ക് വർദ്ധന ഉണ്ടായേക്കുമെന്നും ചില സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു.

നിരക്ക് 5.25 ശതമാനത്തിൽ നിന്ന് 5.5 ശതമാനത്തിലേക്ക് ഉയർത്തിയാൽ സാധാരണ ട്രാക്കർ മോർട്ട്ഗേജിലുള്ളവർ പ്രതിമാസം £ 26 അധികം നൽകേണ്ടി വരും. യുകെ ഫിനാൻസിന്റെ കണക്കനുസരിച്ച് എസ്‌വിആർ മോർട്ട്‌ഗേജിലുള്ളവർക്ക് 14.50 പൗണ്ടിന്റെ കുതിപ്പ് നേരിടേണ്ടിവരും. സർക്കാരിനെ സംബന്ധിച്ചിടത്തോളം, നിരക്കുകളിലെ വർദ്ധന പ്രത്യാഘാതമുണ്ടാക്കും. അതായത് രാജ്യത്തിന്റെ കടത്തിന് കൂടുതൽ പലിശ നൽകേണ്ടതായി വരും.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇന്ത്യ :- പ്രമുഖ ഖാലിസ്ഥാനി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റ കൊലപാതകത്തിൽ ഇന്ത്യൻ സർക്കാരിന്റെ ഏജന്റുമാർക്ക് പങ്കുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പ്രതികരണത്തെ തുടർന്ന് ഇന്ത്യ -കാനഡ ബന്ധം കൂടുതൽ വഷളാകുന്ന തരത്തിലേക്ക് നീങ്ങുകയാണ്. ഈ വർഷം ജൂൺ 18 നാണ് കാനഡയിലെ സറെയിലെ ഗുരുദ്വാരയ്ക്ക് സമീപം ഖാലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജാര്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. രണ്ട് അജ്ഞാതര്‍ നിജ്ജാറിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. എന്നാൽ ഈ കൊലപാതകത്തിൽ ഇന്ത്യൻ സർക്കാരിന് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രിയുടെ പ്രതികരണമാണ് ഇപ്പോൾ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്. എന്നാൽ ഇത്തരത്തിലുള്ള എല്ലാ അഭിപ്രായങ്ങളും തികച്ചും അസംബന്ധമാണെന്ന് ഇന്ത്യൻ ഗവൺമെന്റ് പ്രതികരിച്ചിരുന്നു. ഹർദീപ് സിംഗ് നിജ്ജാർ കൊലപാതകത്തിനു പിന്നിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കിയത്. ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥനായ പവൻ കുമാർ റായിയാണ് പുറത്താക്കപ്പെട്ടത്. ഈ നീക്കത്തിന് മറുപടിയായി, മുതിർന്ന കനേഡിയൻ നയതന്ത്രജ്ഞനെ പുറത്താക്കാനുള്ള തീരുമാനം കാനഡയുടെ ഹൈ കമ്മീഷണറെ വിളിച്ചുവരുത്തി ഇന്ത്യ അറിയിച്ചിരുന്നു. ഇത്തരത്തിൽ ഇന്ത്യ- കാനഡ ബന്ധം മോശമായ സാഹചര്യമാണ് ഇപ്പോൾ നിലനിൽക്കുന്നത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കം ലോകരാജ്യങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അമേരിക്കയും ഓസ്ട്രേലിയയും നിലവിലെ ആരോപണങ്ങളെ കുറിച്ച് തങ്ങളുടെ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ ബ്രിട്ടൻ ഇവയെ ഗുരുതരമായ ആരോപണങ്ങൾ എന്നാണ് വിശേഷിപ്പിച്ചത്. എന്നാൽ ഇത്തരത്തിൽ തർക്കങ്ങൾ ഉടലെടുക്കുമ്പോൾ ഇന്ത്യയും പടിഞ്ഞാറൻ രാജ്യങ്ങളുമായുള്ള ബന്ധം തകരുമോ എന്ന ആശങ്കയും വിദഗ്ധർക്കിടയിൽ നിലനിൽക്കുന്നു. എന്നാൽ ഈ തർക്കം ഇരു രാജ്യങ്ങളും തമ്മിലുള്ളത് മാത്രമാണെന്നും ഇത് മറ്റു രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധത്തെ ബാധിക്കില്ലെന്നുമാണ് അധികൃതർ വ്യക്തമാക്കുന്നത്

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ബെർമിംങ്‌ഹാം സിറ്റി കൗൺസിലിന്റെ സാമ്പത്തിക പ്രതിസന്ധി ഘട്ടത്തിൽ സഹായിക്കുന്നതിനുള്ള അടിയന്തര നടപടികൾ സർക്കാർ പ്രഖ്യാപിച്ചു. ഇതിനായി പ്രത്യേകം കമ്മീഷണർമാരെ ഗവൺമെന്റ് നേരിട്ട് അയക്കാനുള്ള തീരുമാനവും അടിയന്തരമായി കൈക്കൊണ്ടിട്ടുണ്ട്. നിലവിൽ സാമ്പത്തികപരമായി പൂർണ്ണമായി തകർന്ന നിലയിൽ ആയിട്ടുള്ള സിറ്റി കൗൺസിലിനെ ഇനി മുതൽ നിയന്ത്രിക്കുക ഇവരാകും. അവർക്ക് സ്വന്തമായ രീതിയിൽ ഇനിമുതൽ തീരുമാനമെടുക്കാനുള്ള അധികാരം ഉണ്ടാകുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. എന്നാൽ നിലവിലുള്ള സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് പ്രാദേശികമായ നിലയിൽ അന്വേഷണം ഉണ്ടാകുമെന്ന് മൈക്കൽ ഗോവ് വ്യക്തമാക്കി. പണം സ്വരൂപിക്കുന്നതിനായി നിലവിലെ കൗൺസിലിന്റെ ചില ആസ്തികൾ എങ്കിലും നിൽക്കേണ്ടതായി വരുമെന്നാണ് നിലവിലെ സൂചനകൾ വ്യക്തമാക്കുന്നത്. ഇതിൽ ഭൂമിയും വസ്തു വകകളും അതോടൊപ്പം തന്നെ കൗൺസിലിന്റെ ബെർമിംങ്‌ഹാം എയർപോർട്ടിൽ ഉള്ള ഓഹരിയും വില്പനയ്ക്ക് വിധേയമാകുമെന്ന് സൂചനകളുണ്ട്. തുല്യ വേതന ക്ലെയിമുകൾ തീർപ്പാക്കുന്നതിന് ഏകദേശം 760 മില്യൺ പൗണ്ടിന്റെ ആവശ്യകതയാണ് അതോറിറ്റി നേരിടുന്നത്. ഓരോ മാസവും ഈ ബിൽ 5 മില്യൺ മുതൽ 14 മില്യൺ പൗണ്ട് വരെ വർദ്ധിക്കുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ സാഹചര്യം നേരിടുവാൻ കൗൺസിലിന് ഗവൺമെന്റ് അധിക സഹായം നൽകുവാൻ തയ്യാറാണെങ്കിലും, കൗൺസിൽ ടാക്സ് വർദ്ധനവ്, ആസ്തികൾ വിൽക്കുക തുടങ്ങിയ കടുത്ത തീരുമാനങ്ങൾ ഉണ്ടാകുമെന്ന മുന്നറിയിപ്പും മൈക്കൽ ഗോവ് നൽകിയിട്ടുണ്ട്.

കൗൺസിലിനെ ശക്തമായ സാമ്പത്തിക അടിത്തറയിലേക്ക് തിരികെ കൊണ്ടുവരാൻ അതോറിറ്റി സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ബർമിംഗ്ഹാം അഡ്മിനിസ്ട്രേഷൻ മേധാവി ജോൺ കോട്ടൺ പറഞ്ഞു. എന്നാൽ ഗവൺമെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടായ വീഴ്ചയാണ് ഇപ്പോൾ ഈ അവസ്ഥയ്ക്ക് കാരണമായതെന്ന് കോമൺസിൽ പ്രതികരിച്ച ഷാഡോ ലെവലിംഗ് അപ്പ് സെക്രട്ടറി ഏഞ്ചല റെയ്‌നർ കുറ്റപ്പെടുത്തി. സാമ്പത്തിക പ്രതിസന്ധികളെ സംബന്ധിച്ച് മുന്നറിയിപ്പ് നൽകുന്ന ലോക്കൽ അധികാരികൾക്ക് യാതൊരുവിധ പിന്തുണയും ഗവൺമെന്റിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ലെന്നും അവർ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : സർക്കാരിന്റെ ചില പ്രധാന ഹരിത നയങ്ങളിൽ അയവ് വരുത്താനുള്ള തീരുമാനത്തിലേക്ക് പ്രധാനമന്ത്രി ഋഷി സുനക്. പുതിയ പെട്രോൾ, ഡീസൽ കാറുകളുടെ വിൽപ്പന നിരോധനം വൈകിപ്പിക്കുന്നതും ഗ്യാസ് ബോയിലറുകൾ ഘട്ടംഘട്ടമായി നിർത്തുന്നതും ഇതിൽ ഉൾപ്പെടും. വരും ദിവസങ്ങളിലെ പ്രസംഗത്തിൽ മാറ്റങ്ങൾ പ്രഖ്യാപിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രധാനമന്ത്രി. 2050-ഓടെ കാർബൺ പുറന്തള്ളൽ പൂജ്യമാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും എന്നാൽ “കൂടുതൽ ആനുപാതികമായ രീതിയിൽ” ആണെന്നും അദ്ദേഹം പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനത്തിൽ ബ്രിട്ടൻ ലോകത്തെ നയിക്കുന്നതിൽ അഭിമാനിക്കുന്നു. യുകെ ഇതിനകം ഉണ്ടാക്കിയ അന്താരാഷ്ട്ര കാലാവസ്ഥാ കരാറുകളിൽ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഈ ആഴ്ച അവസാനം താൻ ഒരു പ്രസംഗം നടത്തുമെന്നും സുനക് കൂട്ടിച്ചേർത്തു. ഓഫ്-ഗ്രിഡ് ഓയിൽ ബോയിലറുകളുടെ നിരോധനം 2026ൽ നിന്ന് 2035ലേക്ക് വൈകിപ്പിക്കും, വിമാനയാത്രയെ കുറയ്ക്കാൻ പുതിയ നികുതികളോ ജനങ്ങളുടെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുന്നതിനുള്ള സർക്കാർ നയങ്ങളോ ഉണ്ടാവില്ല തുടങ്ങിയ പദ്ധതി മാറ്റങ്ങളും പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കും.

വീടുകളിൽ “ഏഴ് ബിന്നുകൾ” സ്ഥാപിക്കുന്ന ഒരു പുനരുപയോഗ തന്ത്രം സർക്കാർ പരിഗണിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആറ് പ്രത്യേക റീസൈക്ലിംഗ് ബിന്നുകളും പൊതു മാലിന്യങ്ങൾക്കായി ഒന്നും. അതേസമയം, സുനക് തീരുമാങ്ങൾക്ക് എതിരാണ് ലേബർ പാർട്ടി. ഇതൊരു സമ്പൂർണ്ണ പ്രഹസനമാണെന്നും പ്രതിസന്ധിയിൽ നിന്ന് പ്രതിസന്ധിയിലേക്ക് ഇടറിവീഴുന്ന ഒരു യാഥാസ്ഥിതിക സർക്കാരിനൊപ്പം രാജ്യത്തിന് മുന്നോട്ട് പോകാൻ കഴിയില്ലെന്നും ലേബർ വക്താവ് പ്രതികരിച്ചു. അവലോകനത്തിനായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള എട്ട് നയങ്ങളിലും മന്ത്രിമാർ അടിയന്തിരമായി വ്യക്തത നൽകേണ്ടതുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ആഗോളതലത്തിൽ എണ്ണ വില കഴിഞ്ഞ 10 മാസത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് എത്തിയതിന് പിന്നാലെ രാജ്യത്തെ ഇന്ധനവിലയിലും വർദ്ധനവ് ഉണ്ടാവുമെന്ന് സൂചന. ഉൽപ്പാദനം വെട്ടിക്കുറയ്ക്കാനുള്ള സൗദി അറേബ്യയുടെയും റഷ്യയുടെയും തീരുമാനം ഈ വർഷാവസാനത്തോടെ കാര്യമായ വിതരണ കുറവിന് കാരണമാകുമെന്ന് ഇന്റർനാഷണൽ എനർജി ഏജൻസിയായ (ഐഇഎ) അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ബ്രെന്റ് ക്രൂഡ് ചൊവ്വാഴ്ച ബാരലിന് 95 ആയി ഉയർന്നു. ഉയർന്ന ഇന്ധനവിലയിൽ ഡ്രൈവർമാർ ബുദ്ധിമുട്ടുന്നുണ്ടെന്ന് മോട്ടോറിംഗ് ഗ്രൂപ്പ് പറഞ്ഞു.

ഏറ്റവും പുതിയ കണക്കുകൾ പ്രകാരം യുകെയിൽ ഡ്രൈവർമാർ പെട്രോളിന് ലിറ്ററിന് ശരാശരി 1.55 പൗണ്ടും, ഡീസലിന് 1.59 പൗണ്ടുമാണ് നൽകേണ്ടി വരുന്നത്. ആഗസ്റ്റ് മാസം ആരംഭം മുതൽ ശരാശരി പെട്രോൾ വില ലിറ്ററിന് 10 പൈസയും ഡീസൽ വില 13 പൈസയും വർദ്ധിച്ചു. 2022 ഫെബ്രുവരിയിൽ റഷ്യയുടെ ഉക്രെയ്ൻ അധിനിവേശത്തെത്തുടർന്ന്, എണ്ണവില കുതിച്ചുയർന്നിരുന്നു. കഴിഞ്ഞ വർഷം ജൂണിൽ വില ബാരലിന് 120 ഡോളറിലധികം എത്തിയിരുന്നു. ഈ വർഷം മെയ് മാസത്തിൽ അവ ബാരലിന് 70 ഡോളറിന് മുകളിലായി കുറഞ്ഞു.

വിപണിയെ പിന്തുണയ്ക്കുന്നതിനായി ഉൽ‌പാദനം നിയന്ത്രിക്കാൻ നിർമ്മാതാക്കൾ ശ്രമിച്ചതിന്റെ ഫലമായി വില ക്രമാനുഗതമായി ഉയർന്ന് വരികയാണ്. ഒപെക് + ഗ്രൂപ്പിലെ അംഗങ്ങളും ലോകത്തിലെ ഏറ്റവും വലിയ രണ്ട് എണ്ണ ഉൽപ്പാദക രാജ്യങ്ങളുമായ സൗദി അറേബ്യയും റഷ്യയും ഓഗസ്റ്റിൽ ഉൽപാദനം കുറയ്ക്കാൻ തീരുമാനിച്ചതായി അറിയിച്ചു.

RECENT POSTS
Copyright © . All rights reserved