ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യുകെ ഇപ്പോൾ സമരങ്ങളുടെ സ്വന്തം നാടായി മാറിക്കഴിഞ്ഞിരിക്കുകയാണ്. പണപ്പെരുപ്പത്തിനും ജീവിത ചിലവ് വർദ്ധനവിനും ആനുപാതികമായിട്ടുള്ള വേതന വർദ്ധനവാണ് എല്ലാ സമരങ്ങളുടെയും മൂലകാരണം. ഇംഗ്ലണ്ടിലെയും വെയിൽസിലെയും അധ്യാപകരും പണിമുടക്കും എന്നതാണ് ഏറ്റവും പുതിയ സമര വാർത്ത . ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ആയിരക്കണക്കിന് അധ്യാപകർ തുടർച്ചയായി പണമുടക്കിനിറങ്ങുമെന്നാണ് രാജ്യത്തെ ഏറ്റവും വലിയ ടീച്ചിംഗ് യൂണിയനായ നാഷണൽ എഡ്യൂക്കേഷൻ യൂണിയൻറെ നേതാക്കൾ അറിയിച്ചിരിക്കുന്നത്. അധ്യാപകരുടെ പണിമുടക്ക് കടുത്ത ആശങ്കയാണ് രക്ഷിതാക്കളിൽ വിതച്ചിരിക്കുന്നത്. അധ്യയന വർഷത്തിന്റെ അവസാന കാലഘട്ടത്തിൽ അധ്യാപകർ നടത്തുന്ന പണിമുടക്ക് പൊതുവെ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.
അധ്യാപക പണിമുടക്ക് ഇംഗ്ലണ്ടിലെയും വെയിൽസിലെയും 23,000 – ത്തിലധികം സ്കൂളുകളെ ബാധിക്കുമെന്നാണ് വിലയിരുത്തൽ . സമരത്തിന്റെ ആദ്യദിവസം ഫെബ്രുവരി ഒന്നാണ്. ഫെബ്രുവരി 14, മാർച്ച് 15, മാർച്ച് 16 എന്നീ തീയതികളിൽ സമരം തുടരുമെന്നാണ് യൂണിയൻ പ്രതിനിധികൾ അറിയിച്ചിരിക്കുന്നത് . മഹാമാരിയുടെ സമയത്ത് ഓൺലൈൻ ക്ലാസുകൾ പൊതുവെ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളുടെ നിലവാരത്തെ കാര്യമായി ബാധിച്ചിരുന്നു. പണിമുടക്ക് വിദ്യാർത്ഥികളുടെ നിലവാരത്തെ ബാധിക്കുമെന്ന് ചിൽഡ്രൻ കമ്മീഷണർ സാം റേച്ചൽ ഡിസൂസ മുന്നറിയിപ്പ് നൽകി.
ഇതിനിടെ മുൻപ് നടത്തിയ സമരങ്ങളുടെ തുടർച്ചയായി വീണ്ടും പണിമുടക്ക് നടത്തുമെന്ന് റോയൽ കോളേജ് ഓഫ് നേഴ്സിങ് അറിയിച്ചു. ഫെബ്രുവരി 6 ,7 തീയതികളിൽ 19 .2 ശതമാനം വേതന വർദ്ധനവ് ആവശ്യപ്പെട്ടാണ് മലയാളികൾ ഉൾപ്പെടെയുള്ള നേഴ്സുമാർ സമരമുഖത്തിറങ്ങുന്നത്. നേരത്തെ 55 എൻ എച്ച് എസ് ട്രസ്റ്റുകളിലെ നേഴ്സുമാർ ഡിസംബർ 15, 20 തീയതികളിൽ സമരം നടത്തിയിരുന്നു. എന്നാൽ അടുത്തമാസം നടക്കുന്ന സമരത്തിൽ 75 ട്രസ്റ്റുകളിലെ നേഴ്സുമാർ പങ്കെടുക്കും
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: യുകെയിലെ യുവജനങ്ങൾ സാത്താൻ സേവയ്ക്ക് അടിമപ്പെടുന്നതായി റിപ്പോർട്ട് പുറത്ത്. കേവല ആചാരങ്ങൾ മാത്രമാണ് സാത്താൻ സേവയെന്നും കൊലപാതകമോ മാന്ത്രിക മന്ത്രങ്ങൾ ഉപയോഗിക്കുന്നില്ലെന്നും തെറ്റിദ്ധരിപ്പിച്ചാണ് യുവാക്കളെ ഇതിലേക്ക് ആകർഷിക്കുന്നത്. പരമ്പരാഗതമായ വിശ്വാസങ്ങൾക്ക് അടിമപ്പെടാതെ ബദലായി നിലനിൽക്കാം എന്നുള്ള വ്യാജേനയാണ് യുവാക്കൾ ഇതിൽ ഏർപ്പെടുന്നത്. ലിംഗഭേദം, ലൈംഗികത തുടങ്ങിയ വിഷയങ്ങളിൽ ആക്ടിവിസത്തിൽ ഏർപ്പെടാനും പ്രചാരണം നടത്താനും സാത്താനിസം ആളുകൾക്ക് നൽകുന്ന അവസരങ്ങളും ഇതിൽ പ്രധാനഘടകങ്ങളാണ്.
കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് തന്നെ സംഘടനയുടെ അംഗത്വത്തിൽ 200 ശതമാനം വർദ്ധനവ് ഉണ്ടായെന്നും, ഇത് സ്വീകാര്യത വർധിച്ചു എന്നത് വ്യക്തമാക്കുന്നു എന്നും ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്ലോബൽ ഓർഡർ ഓഫ് സാത്താൻ യുകെയുടെ ചാപ്ലിൻ ലിയോപോൾഡ് പറഞ്ഞു. ഇതിന് കാരണം പ്രധാനമായും രണ്ട് ഘടകങ്ങളാണെന്നും പരമ്പരാഗതമായ പിടിവാശി മതങ്ങൾ നിലനിർത്തി പോകുന്നത് ജനപ്രീതി കുറയുന്നതിലേക്ക് നയിച്ചെന്നും, സാത്താൻ ആരാധന സ്വയം തിരിച്ചറിയുന്നതിലേയ്ക്ക് ആളുകളെ നയിച്ചെന്നും അദ്ദേഹം കൂട്ടിചേർത്തു. ലൈംഗികത, തുല്യത തുടങ്ങിയ നിർണായക വിഷയങ്ങളിൽ മതങ്ങൾ നൽകിയിരുന്ന തെറ്റായ ബോധത്തിൽ നിന്ന് ഇന്നത്തെ യുവതലമുറ പുറത്ത് കടന്നെന്നും, യുക്തിയുടെ അടിസ്ഥാനത്തിൽ സ്വതന്ത്രമായി ചിന്തിക്കാൻ തുടങ്ങിയതും അനുകൂലമായ ഘടകങ്ങളാണ്.
യുവതലമുറയെ ആകർഷിക്കാനും മതത്തിൽ നിന്നുള്ള കൊഴിഞ്ഞു പോക്ക് തുടരുന്നത് കുറയ്ക്കാനും വേണ്ട നടപടികൾ കൈകൊള്ളാൻ ക്രിസ്ത്യൻ മതനേതൃത്വം ഒരുങ്ങുകയാണ്. അടുത്ത മാസം ഈ വിഷയത്തിൽ ബിഷപ്പുമാർ ചരിത്രപരമായ വോട്ടെടുപ്പിന് തയ്യാറെടുക്കുന്നു. നവംബറിൽ പ്രസിദ്ധീകരിച്ച ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് (ONS) സെൻസസ് അനുസരിച്ച്, ഇംഗ്ലണ്ടിലെയും വെയിൽസിലെയും സാത്താനിസ്റ്റുകളായി തിരിച്ചറിയുന്ന ആളുകളുടെ എണ്ണം 2011-നും 2021-നും ഇടയിൽ 167 ശതമാനം വർധിച്ച് 1,893-ൽ നിന്ന് 5,054 ആയി ഉയർന്നു എന്ന് സാക്ഷ്യപെടുത്തുന്നു. അതേസമയം, ചരിത്രത്തിൽ ആദ്യമായി ഇംഗ്ലണ്ടിലെയും വെയിൽസിലെയും ജനസംഖ്യയുടെ പകുതിയിൽ താഴെ മാത്രമായി ക്രിസ്ത്യാനികളുടെ എണ്ണം കുറഞ്ഞതായും സെൻസസ് പറയുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ഗാർഹിക പീഡനത്തിലും ലൈംഗിക കുറ്റകൃത്യങ്ങളിലും പ്രതിചേർക്കപ്പെടുന്ന പോലീസുകാരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടെന്ന വെളിപ്പെടുത്തലുമായി അധികൃതർ. ഇത്തരത്തിൽ കഴിഞ്ഞ 10 വർഷത്തിനിടയിൽ 1000 ത്തിലധികം പോലീസുകാരാണ് പ്രതിയായിട്ടുള്ളത്. ബലാത്സംഗം, ആക്രമണം, പീഡനം, ഗാർഹിക പീഡനം, മോഷണം തുടങ്ങി ഏകദേശം 80 കേസുകളിൽ പ്രതിയായ മെറ്റ് പോലീസ് ഓഫീസർ ഡേവിഡ് കാരിക്ക് ഇന്നലെ കുറ്റസമ്മതം നടത്തിയിരുന്നു. ഇതേ തുടർന്നാണ് പോലീസുകാരുടെ കുറ്റകൃത്യങ്ങൾ ചർച്ചയാകുന്നത്.
1071 ഉദ്യോഗസ്ഥർ ഉൾപ്പെട്ട 1,633 കേസുകളാണ് നിലവിൽ തീർപ്പാക്കാനുള്ളത്. ഇതിൽ കേവല ആരോപണം മുതൽ ബാലത്സംഗം വരെയുണ്ട്. നിലവിലെ കണക്കുകൾ ഞെട്ടിപ്പിക്കുന്നതാണ്, ഈ പ്രതിസന്ധിയ്ക്ക് കാരണം സർക്കാരാണെന്നും എൻഡ് വയലൻസ് എഗെയ്ൻസ്റ്റ് വുമൺ കോയലിഷൻ ഡയറക്ടർ ആൻഡ്രിയ സൈമൺ പറഞ്ഞു. കാരിക്കിന്റെ കേസിൽ സർക്കാർ ശരിയായി ഇടപ്പെട്ടില്ല. സ്വഭാവദൂഷ്യമുള്ള ഒരാളുടെ മേൽ ഇത്രയും കേസുകൾ ആരോപിക്കപ്പെട്ടപ്പോഴും അധികൃതർ മൗനം പാലിച്ചുവെന്നും ആൻഡ്രിയ ചൂണ്ടിക്കാട്ടുന്നു.
പോലീസ് സ്റ്റേഷനിൽ വനിതാ സഹപ്രവർത്തകയെ തട്ടിക്കൊണ്ടുപോയി എന്ന സംശയത്തിൽ കഴിഞ്ഞ വർഷം പ്രതി ചേർക്കപ്പെട്ട സെർവിംഗ് പിസിയുടെ കേസും വ്യത്യസ്തമല്ല. ജൂൺ മാസത്തിലായിരുന്നു സംഭവം. സഹപ്രവർത്തകയുടെ പരാതിയെ തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയും പിന്നീട് വിട്ടയക്കുകയും ചെയ്തിരുന്നു. മുൻപും സമാനമായ കേസിൽ 2011ൽ ഇയാളെ കസ്റ്റഡിയിൽ എടുത്തിരുന്നു. എന്നാൽ അന്വേഷണ വിധേയമായി വെറുതെ വിട്ടു. ഔദ്യോഗിക കണക്കുകൾ പ്രകാരം മൂന്ന് വർഷത്തിനിടയിൽ സമാനമായ കേസുകളിൽ പ്രതിചേർക്കപ്പെട്ട 1,319 പോലീസുകാരിൽ 1,080 പേരും നിലവിൽ സർവീസിൽ തുടരുകയാണ്. 2.7% ആളുകളെ മാത്രമാണ് പിരിച്ചു വിട്ടതെന്നും, പ്രതി പട്ടികയിലുള്ള 203 പേർ നിലവിൽ സർവീസിൽ തുടരുകയാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ഇംഗ്ലണ്ടിന് വീണ്ടും അപമാനമായി പോലീസുകാരൻ. പാർലമെന്റ് സുരക്ഷാ വിഭാഗം പോലീസുകാരൻ നിരവധി പീഡനകേസുകളിൽ പ്രതിയായ സാഹചര്യത്തിൽ നടപടി കടുപ്പിച്ചു അധികൃതർ ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്. സുരക്ഷാ ജീവനക്കാരനായ ഡേവിഡ് കാരിക്(48) ആണ് പ്രതി. 20 വർഷത്തോളമായി ഏകദേശം 80ലധികം ലൈംഗിക കുറ്റകൃത്യങ്ങളിലാണ് ഇയാൾ പ്രതി ചേർക്കപ്പെട്ടിരിക്കുന്നത്. 2003 നും 2020 നുമിടയിൽ ഏകദേശം 36 കേസുകളിൽ ഇയാൾ ഇന്ന് കുറ്റസമ്മതം നടത്തി.
ഇരകളോട് ക്രൂരമായി പെരുമാറുന്നതാണ് ഡേവിഡിന്റെ ശൈലി. അടിമകളെ പോലെ പെരുമാറുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തിരുന്ന ഇയാൾ, സ്ത്രീകളെ ദിവസങ്ങളോളം പട്ടിണിക്കിടുകയും ചെയ്തിരുന്നു. ബെൽറ്റുകൊണ്ട് അടിക്കാനും, എതിർക്കുന്നവരെ നഗ്നരാക്കി ഇയാൾ മർദിച്ചവശയാക്കുമായിരുന്നെന്നും കോടതിയിൽ നടന്ന വിസ്താരത്തിൽ അഭിഭാഷകർ ചൂണ്ടികാട്ടുന്നു. പല കേസുകളിലും ഇയാൾ പോലീസ് ആണെന്ന് തന്നെയാണ് പറയുന്നതെന്നും, പദവിയെ ദുരുപയോഗം ചെയ്‌ത് കൊണ്ടാണ് കൂടുതൽ കേസുകളിലും ഇയാൾ ഇടപെട്ടിട്ടുള്ളതെന്നുമാണ് പുറത്ത് വരുന്ന വിവരം.
നാടിനു സുരക്ഷ ഒരുക്കേണ്ട ആളുകൾ തന്നെ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത് ഞെട്ടിക്കുന്ന സംഭവമാണെന്നാണ് വിഷയത്തിൽ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. 2003-ൽ 40 വയസ്സുള്ള ഒരു സ്ത്രീയെ ലൈംഗികമായി ആക്രമിച്ച സംഭവത്തിലാണ് ഇയാൾ യമൻ സൗത്ത് വാർക്ക് ക്രൗൺ കോടതിയിൽ ഹാജരായത്. 2001-ൽ മെറ്റിൽ ചേരുന്നതിന് മുമ്പ് കരസേനയിൽ സേവനമനുഷ്ഠിച്ച കാരിക്ക്, 2004 മാർച്ചിനും 2020 സെപ്റ്റംബറിനുമിടയിൽ 20 ബലാത്സംഗങ്ങൾ ഉൾപ്പെടെ 45 കേസുകളിൽ കുറ്റസമ്മതം നടത്തി.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ബ്രിട്ടനിൽ മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകൾക്കായി ഒട്ടുമിക്ക മേഖലകളിലെയും ജീവനക്കാർ സമരത്തിലാണ്. സമരത്തിൻറെ ബാക്കിപത്രമായി പ്രതിഷേധവും അരങ്ങേറുന്നുണ്ട്. പല ആവശ്യ സർവീസുകളെയും സമരത്തിൽ നിന്ന് ഒഴിവാക്കി നിയമനിർമാണം നടത്താൻ സർക്കാർ പദ്ധതി ഇടുന്നതിന്റെ വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതു കൂടാതെ പ്രതിഷേധങ്ങളെ നേരിടാൻ പോലീസിന് കൂടുതൽ അധികാരങ്ങൾ കൈമാറാൻ സർക്കാർ നിയമ നിർമ്മാണത്തിന് ഒരുങ്ങുകയാണ്.
റോഡുകൾ തടയുക, സ്ലോ മാർച്ച് തുടങ്ങിയ സമരമുറകൾ ഉപയോഗിക്കുന്ന പ്രതിഷേധ രീതികളെ ഒരു പരിധിവരെ തടയിടാൻ പോലീസിന് കൂടുതൽ അധികാരം നൽകുന്നത് വഴി സാധിക്കും എന്നാണ് ഭരണകൂടം നിലയിരുത്തുന്നത്. എന്നാൽ പോലീസിന് കൂടുതൽ അധികാരം കൈമാറുന്ന നിർദ്ദേശം പ്രതിഷേധിക്കുന്നവരുടെ അവകാശത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് മനുഷ്യാവകാശ സംഘടനയായ ലിബർട്ടി പറഞ്ഞു.
ഇംഗ്ലണ്ടിലെയും വെയിൽസിലെയും പ്രതിഷേധക്കാരെ പിടിച്ചുകെട്ടാൻ തയ്യാറാക്കുന്ന ബിൽ അന്തിമമായി പാർലമെന്റിന്റെ അംഗീകാരം ലഭിക്കേണ്ടതായുണ്ട്. പരിസ്ഥിതി സംഘടനയായ ജസ്റ്റ് സ്റ്റോപ്പ് ഓയിൽ, ഇൻസുലേറ്റ് ബ്രിട്ടൻ, എക്സിറ്റിൻക്ഷൻ റിബലിയൻ തുടങ്ങിയ ഗ്രൂപ്പുകളുടെ പ്രതിഷേധങ്ങളെ അടിച്ചമർത്തുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത് എന്ന വിമർശനം ശക്തമാണ്. ഇതിനൊപ്പം തന്നെ സമരമുഖത്തുള്ള വിവിധ യൂണിയനുകളുടെ പ്രതിഷേധ പ്രകടനങ്ങളെയും ഒരു പരിധിവരെ തടയാൻ പുതിയ നിയമത്തിലൂടെ സർക്കാരിന് സാധിക്കും.
പ്രതിഷേധിക്കാനുള്ള അവകാശം നമ്മുടെ ജനാധിപത്യത്തിൻറെ അടിസ്ഥാന തത്വമാണെന്ന് പ്രധാനമന്ത്രി റിഷി സുനക് പറഞ്ഞു. എന്നാൽ സാധാരണ ജനങ്ങളുടെ അവകാശങ്ങളെ ഹനിക്കുന്ന രീതിയിൽ ഒരു ചെറു ന്യൂനപക്ഷം പ്രവർത്തിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഹീത്രു എയർപോർട്ടിലെ കാർഗോ പാക്കേജിനുള്ളിൽ യുറേനിയത്തിന്റെ അംശം കണ്ടെത്തിയ സംഭവത്തിൽ 60-കാരൻ അറസ്റ്റിൽ. സംഭവത്തെ തുടർന്ന് അന്വേഷണം ഊർജിതമാക്കി പോലീസ്. പാകിസ്ഥാനിൽ നിന്ന് തയാറാക്കിയ ഈ പാക്കേജ് ഡിസംബർ 29 നാണ് മസ്‌കറ്റിൽ നിന്ന് ഒമാൻ എയർ പാസഞ്ചർ ജെറ്റിൽ ഹീത്രൂ ടെർമിനൽ നാലിൽ കണ്ടെത്തിയത്.
യുകെ ബോർഡർ ഫോഴ്‌സിൻെറ സ്പെഷ്യലിസ്റ്റ് സ്കാനറുകളാണ് പതിവ് പരിശോധനയ്ക്കിടെ പാക്കേജിൽ യുറേനിയം കണ്ടെത്തിയത്. ഉടൻ തന്നെ മെട്രോപൊളിറ്റൻ പോലീസിന്റെ ഭീകരവിരുദ്ധ കമാൻഡിലെ ഉദ്യോഗസ്ഥരെ അധികൃതർ ബന്ധപ്പെട്ടു. സംഭവുമായി ബന്ധപ്പെട്ട് ഇന്നലെ രാവിലെ 2006 ലെ തീവ്രവാദ നിയമത്തിലെ സെക്ഷൻ 9 ആരോപിച്ച് ചെഷയറിൽ താമസിക്കുന്ന അറുപതുകാരനെ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യുകയായിരുന്നു.
നോർത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ സ്റ്റേഷനിൽ കൊണ്ടുപോയ ഇയാളെ ഏപ്രിൽ മാസം വരെ ജാമ്യത്തിൽ വിട്ടയച്ചു. ഇയാളെ അറസ്റ്റ് ചെയ്‌ത വിലാസത്തിൽ സ്പെഷ്യലിസ്റ് പോലീസ് അംഗങ്ങൾ പരിശോധന നടത്തി. എന്നാൽ ജനങ്ങൾക്ക് ഭീഷണിയുണ്ടാക്കുന്ന തലത്തിലുള്ള വസ്തുക്കളൊന്നും തന്നെ കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് വക്താവ് അറിയിച്ചു. ഹീത്രൂ വിമാനത്താവളത്തിലെ ഒരു പാക്കേജിനുള്ളിൽ യുറേനിയം കണ്ടെത്തിയത് ആശങ്കാജനകമാണെന്നും അതേസമയം നമ്മുടെ നടപടിക്രമങ്ങളും പരിശോധനകളും എത്രമാത്രം കാര്യക്ഷമമാണ് എന്ന് ഇത് കാണിക്കുന്നതായും മെറ്റിന്റെ ഭീകരവിരുദ്ധ കമാൻഡിന് നേതൃത്വം നൽകുന്ന കമാൻഡർ റിച്ചാർഡ് സ്മിത്ത് പറഞ്ഞു. സംഭത്തെ തുടർന്ന് അന്വേഷണം തുടങ്ങിയപ്പോൾ മുതൽ ഇത് പൊതുജനങ്ങൾക്ക് ഭീഷണി അല്ലെന്ന് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തിയിരുന്നു.
യുകെ ബോർഡർ ഫോഴ്‌സ് നടത്തുന്ന സ്പെഷ്യലിസ്റ്റ് സ്കാനറുകളുടെ പതിവ് പരിശോധനയിലാണ് പാക്കേജിനുള്ളിലെ യുറേനിയം കണ്ടെത്തിയത്. റേഡിയോ ആക്ടീവ് വസ്തുക്കൾക്കായുള്ള പ്രത്യേക ഐസൊലേഷൻ റൂമിലേക്ക് ഉടൻ തന്നെ പാക്കേജ് എത്തിച്ചു. എന്നാൽ വളരെ ചെറിയ അളവിൽ കണ്ടെത്തിയ യുറേനിയം ‘ആയുധം-ഗ്രേഡ്’ അല്ലെന്നും തെർമോ ന്യൂക്ലിയർ ആയുധം നിർമ്മിക്കാൻ ഉപയോഗിക്കാനാവില്ലെന്നും പിന്നീട് കണ്ടെത്തി.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: മണ്ണിടിച്ചിലിനെ തുടർന്ന് പ്രധാന റെയിൽവേ ലൈനിൽ ഒരാഴ്ച വലിയ തടസ്സങ്ങൾ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പുമായി റയിൽവേ അധികൃതർ രംഗത്ത്.ലണ്ടനിൽ നിന്ന് ബേസിംഗ്‌സ്റ്റോക്കിലേക്കുള്ള ട്രാക്കിന്റെ ഹാംഷെയറിലെ ഹുക്ക് സ്റ്റേഷന്റെ വടക്ക് കിഴക്ക് ഭാഗത്താണ് 44 മീറ്റർ മണ്ണിടിച്ചിൽ ഉണ്ടായത്. സംഭവത്തെ തുടർന്ന് റെയിൽ ഗതാഗതം ഭാഗിഗമായി തടസ്സപ്പെട്ടിരിക്കുകയാണ്.
നിലവിൽ രണ്ട് ട്രാക്കുകൾ മാത്രമേ സഞ്ചാരയോഗ്യമായിട്ടുള്ളു. ഇത് ലണ്ടനിലേക്ക് പോകുന്ന ഭാഗത്താണ്. സംഭവത്തെ തുടർന്ന് വരും ദിവസങ്ങളിൽ റെയിൽ മുഖേന യാത്രകൾ ആസൂത്രണം ചെയ്തവർ അനുയോജ്യമായ ബദൽ യാത്രാ മാർഗങ്ങൾ ക്രമീകരിക്കണമെന്ന് സൗത്ത് വെസ്റ്റേൺ റെയിൽവേ (എസ്‌ഡബ്ല്യുആർ) അധികൃതർ അറിയിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഹുക്ക്, വിഞ്ച്ഫീൽഡ് ഫ്ലീറ്റ് സ്റ്റേഷനുകളിൽ സേവനം ഉണ്ടാകില്ലെന്നും എസ് ഡബ്ള്യു ആർ കൂട്ടിച്ചേർത്തു. എന്നാൽ അതേസമയം ലണ്ടൻ, ബേസിംഗ്‌സ്റ്റോക്ക് എന്നിവിടങ്ങളിലെ യാത്രക്കാർക്ക് പുറമേ, ബോൺമൗത്ത്, സതാംപ്ടൺ, വെയ്‌മൗത്ത്, സാലിസ്‌ബറി, എക്‌സെറ്റർ എന്നിവിടങ്ങളിലേക്കുള്ള ആളുകളോട് അത്യാവശ്യ യാത്രയ്ക്ക് മാത്രമേ സർവീസ് ഉപയോഗിക്കാവൂ എന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിലെ ക്രമീകരണം ജനുവരി 22 വരെ തുടരുമെന്നാണ് അധികൃതർ വിശദീകരിക്കുന്നത്.
ഷിബു മാത്യൂ. മലയാളം യുകെ.
ഭക്തിയില്‍ നിറഞ്ഞ് കുറവിലങ്ങാട്!
മൂന്ന് നോമ്പ് തിരുനാള്‍!
പരിശുദ്ധ ദൈവമാതാവ് സ്ഥാനനിര്‍ണ്ണയം നടത്തിയ കുറവിലങ്ങാട് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം അര്‍ക്ക ദിയാക്കോന്‍ തീര്‍ത്ഥാടന ദൈവാലയത്തിലെ പ്രധാന തിരുനാളായ മൂന്ന് നോമ്പ് തിരുനാള്‍ 2023 ജനുവരി 30, 31, ഫെബ്രുവരി 1 തീയതികളില്‍ ഭക്ത്യാദരപൂര്‍വ്വം ആചരിക്കുകയാണ്. ചങ്ങനാശ്ശേരി അതിരൂപത ഉള്‍പ്പെടെ കേരളത്തിലെ വിവിധ രൂപതകളിലെ അഭിവന്ദ്യ പിതാക്കന്മാര്‍ ഇത്തവണ മൂന്ന് നോമ്പ് തിരുനാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കും. പതിവിലും വിപരീതമായി അത്യധികം ഭക്ത്യാദരങ്ങളോടെയാണ് ഈ വര്‍ഷത്തെ തിരുനാള്‍ ക്രമീകരിച്ചിരിക്കുന്നത്.
മൂന്ന് നോമ്പ് തിരുനാളിനെ തുടര്‍ന്ന് ദേശത്തിരുനാളും വിശുദ്ധ സെബസ്ത്യാനോസിന്റെ മാദ്ധ്യസ്ഥം തേടി പത്താം തീയതി തിരുനാളും 2023 ഫെബ്രുവരി 12 മുതല്‍ 19 വരെ തീയതികളില്‍ ആചരിക്കുന്നു. അവിഭക്ത നസ്രാണി സഭയ്ക്ക് നേതൃത്വം നല്‍കിയിരുന്നവരും സഭയ്ക്ക് അഭിമാന ഭാജനങ്ങളുമായ അര്‍ക്കദിയാക്കോന്മാര്‍ അന്തിയുറങ്ങുന്ന പകലോമറ്റം തറവാടുപള്ളിയില്‍ സഭൈക്യ വാരം 2023 ജനുവരി 22 മുതല്‍ 28 വരെ തീയതികളിലാണ്. സഭൈക്യ വാരാചരണത്തിന്റെ സമാപന ദിനമായ ജനുവരി 28ന് അര്‍ക്കദിയാക്കോന്മാരുടെ ശ്രാദ്ധവും നടത്തപ്പെടുന്നു. മൂന്ന് നോമ്പ് തിരുനാളിലും തിരുക്കര്‍മ്മങ്ങളിലും പങ്ക് ചേര്‍ന്ന് അനുഗ്രഹം പ്രാപിക്കാന്‍ എല്ലാവരേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി ആര്‍ച്ച് പ്രീസ്റ്റ് ഡോ. അഗസ്റ്റിന്‍ കൂട്ടിയാനിയില്‍ അറിയ്ച്ചു.
മൂന്ന് നോമ്പ് തിരുന്നാളിന്റെ വിശദമായ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: എൻ എച്ച് എസ് കാലാനുസൃതമായി പരിഷകരിക്കണമെന്ന അഭിപ്രായവുമായി ലേബർ നേതാവ് കെയർ സ്റ്റാർമർ രംഗത്ത്. എല്ലാകാലവും നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ പരിഷ്കരണം അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിചേർത്തു. ഇപ്പോൾ വെയ്റ്റിംഗ് ലിസ്റ്റ് ഉൾപ്പെടെ പരിഹരിക്കാൻ സ്വകാര്യമേഖലയെ കൂടി ആശ്രയിക്കേണ്ട അവസ്ഥയാണ്. എന്നാൽ ഇത് മാറി കൂടുതൽ കൃത്യമായി ഇടപെടാൻ കഴിയേണ്ടതിന്റെ ആവശ്യകതയെ ചൂണ്ടികാണിച്ചായിരുന്നു പ്രതികരണം നടത്തിയത്.
ശൈത്യകാലത്ത് സേവനങ്ങൾ വലിയ സമ്മർദ്ദത്തിലായതിനാൽ എൻഎച്ച്എസ് പ്രതിസന്ധിയിലാണെന്ന് മുതിർന്ന ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിരുന്നു. ആരോഗ്യ മേഖല മെച്ചപ്പെടുത്താൻ എന്തൊക്കെ നടപടികളാണ് കൊണ്ടുവരാൻ ശ്രമിക്കുന്നതെന്ന ചോദ്യത്തിന് സമഗ്രമായ മാറ്റമാണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ചെറിയ രോഗവസ്ഥകളിൽ പോലും ആളുകൾക്ക് തടസ്സവും കാലതാമസവും നേരിടാതെ ചികിത്സ ലഭ്യമാകുക എന്നുള്ളതാണ് ലക്ഷ്യമെന്നും കെയർ സ്റ്റാർമർ പറഞ്ഞു. ഏഴ് ദശലക്ഷത്തിലധികം ആളുകൾ എൻഎച്ച്എസിലെ ചികിത്സയ്ക്കായി കാത്തിരിക്കുകയാണ്. നിലവിൽ വെയിറ്റിംഗ് ലിസ്റ്റുകൾ കുറയ്ക്കാൻ സർക്കാർ സ്വകാര്യമേഖലയെ കൂടി ഉപയോഗിക്കുകയാണ്.
ആരോഗ്യമേഖലയെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ബ്യുറോക്രസി എന്ന പദം ഉപയോഗിച്ചുകൊണ്ടാണ് അദ്ദേഹം സംസാരിച്ചത്. ഇതിനോടകം തന്നെ ഇതൊരു ചർച്ചയായി ഉയർന്നു വന്നിട്ടുണ്ട്. ‘ലോകത്തിന് മുൻപിൽ എൻ എച്ച് എസ് ഒരു മാതൃകയാണെന്ന് സർക്കാർ അവകാശപ്പെടുമ്പോഴും രോഗികളുടെ സാഹചര്യം വളരെ മോശമാണ്. ഞങ്ങളുടെ നേതൃത്വമാണ് ഭരിച്ചിരുന്നതെങ്കിൽ ഡോക്ടർമാരുടെയും ജില്ലാ നേഴ്‌സുമാരുടെയും എണ്ണം ഇരട്ടിയാക്കുമെന്നും നേഴ്‌സുമാർക്കും മിഡ്‌വൈഫുമാർക്കുമുള്ള പരിശീലനവും പ്ലെയ്‌സ്‌മെന്റുകളും വർധിപ്പിക്കും’- കെയർ സ്റ്റാർമർ പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു നേഴ്സുമാർ നടത്തുന്ന സമരം വ്യാപിപ്പിക്കാൻ ഒരുങ്ങി യൂണിയനുകൾ. സർക്കാരിനുമേൽ സമ്മർദ്ദം ചെലുത്തുന്നതിന്റെ ഭാഗമായാണ് കൂടുതൽ നേഴ്സുമാർ സമരത്തിൽ പങ്കെടുക്കാൻ ഒരുങ്ങുന്നത്. ഈ മാസം ഒടുവിൽ നടക്കുന്ന ചർച്ചകളിലാണ് യൂണിയൻ പ്രതീക്ഷവെക്കുന്നത്. അതേസമയം ചർച്ചകളിൽ പുരോഗതി ഇല്ലെങ്കിൽ യൂണിയന്റെ ഭാഗമായ മുഴുവൻ ജീവനക്കാരെയും അണിനിരത്തുമെന്ന് റോയൽ കോളേജ് ഓഫ് നേഴ്‌സിംഗ് അധികൃതർ പറഞ്ഞു.
പണിമുടക്ക് ദിവസങ്ങളിൽ മന്ത്രിമാർ പുതിയ നിയമങ്ങൾ കൊണ്ടുവരുമെന്ന വാർത്തകൾ പുറത്തുവരുന്ന സാഹചര്യത്തിലാണ് ഇത്. ഇംഗ്ലണ്ടിലെ ഏകദേശം 70-ലധികം എൻഎച്ച്എസ് ട്രസ്റ്റുകളിൽ ജോലി ചെയ്യുന്ന നേഴ്‌സിംഗ് സ്റ്റാഫുകളിൽ ബഹുഭൂരിപക്ഷവും പണിമുടക്കിൽ പങ്കുചേരും. ഈ വർഷം നേഴ്‌സുമാർക്ക് കുറഞ്ഞത് 5% ശമ്പള വർദ്ധനവ് ലഭിക്കണമെന്നാണ് ആർ സി എൻ പറയുന്നത്. പണപ്പെരുപ്പം അനുദിനം വർധിക്കുന്നതിനിടയിൽ ജീവനക്കാർക്ക് അർഹമായ വേതനം ലഭ്യമാകണമെന്നും യൂണിയൻ ചൂണ്ടിക്കാട്ടുന്നു. അതേസമയം യൂണിയൻ ഉന്നയിക്കുന്ന ആവശ്യങ്ങൾ താങ്ങാനാകാത്തതാണെന്നും ശമ്പള വർദ്ധനവ് തീരുമാനിക്കുന്നത് സ്വതന്ത്രമായ ശമ്പളപരിശോധന സമിതികളാണെന്നുമാണ് സർക്കാർ പറയുന്നത്.
സമരത്തിനോടുള്ള പ്രധാനമന്ത്രി റിഷി സുനാക്കിന്റെ നിലപാട് അമ്പരപ്പിക്കുന്നതാണെന്ന് ജീവനക്കാരുടെ യൂണിയന്റെ ജനറൽ സെക്രട്ടറി പാറ്റ് കുള്ളൻ പറഞ്ഞു. ജീവനക്കരോടും അവരുടെ ആവശ്യങ്ങളോടും പ്രധാനമന്ത്രി അനുഭാവപൂർവ്വം ഇടപെടണമെന്ന് സെക്രട്ടറി കൂട്ടിച്ചേർത്തു. കൂടുതൽ നഴ്സുമാർ സമരത്തിൽ പങ്കെടുക്കുന്നതിലൂടെ വിഷയത്തോടുള്ള സർക്കാർ മനോഭാവം മാറുമെന്നും, അനുകൂലമായ നടപടി ഉണ്ടാകുമെന്നുമാണ് യൂണിയൻ കരുതുന്നത്.