Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

അത്ഭുതകരമായി ഹൃദ്രോഗിയായ അമ്മയെ രക്ഷപ്പെടുത്തി ആറു വയസ്സുകാരി. സ്മാർട്ട് സ്പീക്കറിൻെറ സഹായത്തോടെയാണ് ഈ കൊച്ച് മിടുക്കി ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ അമ്മയെ രക്ഷപ്പെടുത്തിയത്. ഗ്ലാസ്‌ഗോയിലെ റോബ്രോസ്റ്റണിൽ നിന്നുള്ള എമ്മ ആൻഡേഴ്സണിന് 15 വയസ്സിൽ തന്നെ ഹൈപ്പർട്രോഫിക് കാർഡിയോമയോപ്പതി ഉള്ളതായി കണ്ടെത്തിയിരുന്നു. ഇവരുടെ മകൾ ഡാർസിക്ക് അമ്മയുടെ അവസ്ഥയെ പറ്റി അറിയുകയും ചെയ്യാം.

തൻെറ 27 കാരിയായ അമ്മയ്ക്ക് സുഖമില്ലാതിരുന്നപ്പോൾ രണ്ടു തവണയാണ് ഈ കൊച്ചു മിടുക്കി അലക്‌സ ഉപയോഗിച്ച് ബന്ധുക്കളെ വിളിച്ചത്‌. എന്തെങ്കിലും ആവശ്യ ഘട്ടത്തിൽ ബന്ധുക്കളുമായി ബന്ധപ്പെടുന്ന രീതിയിൽ എമ്മ അലക്‌സ സജ്ജീകരിച്ചതും ഏറെ സഹായകമായി. അതിനാൽ തന്നെ എമ്മ ബോധരഹിതയാകുകയോ അസുഖം അനുഭവപ്പെടുകയോ ചെയ്താൽ കുട്ടിക്ക് “അലക്‌സാ കോൾ ഹെൽപ്” എന്ന് പറഞ്ഞാൽ മാത്രം മതി.

ഹൃദയത്തിന് ചുറ്റുമുള്ള പേശികൾ കട്ടിയുള്ളതായി മാറുന്ന രോഗാവസ്ഥയാണ് തനിക്കെന്ന് എമ്മ ആൻഡേഴ്ൺ പറയുന്നു. മരുന്ന് കഴിച്ച് ഇത് ഒരുപരിധി വരെ നിയന്ത്രിക്കാമെങ്കിലും എമ്മയ്ക്ക് അടിയന്തിരമായി ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആവശ്യമായിരുന്നു. അതിനാൽ 2022 ഏപ്രിലിൽ ക്ലൈഡ്ബാങ്കിലെ എൻഎച്ച്എസ് ഗോൾഡൻ ജൂബിലി ഹോസ്പിറ്റലിൽ എമ്മ ട്രാൻസ്പ്ലാൻറ് സർജറി നടത്തി. ബ്രിട്ടീഷ് ജേണൽ ഓഫ് കാർഡിയോളജി പ്രകാരം ഏകദേശം 28,000 സ്കോട്ടീഷുകാർക്ക് പാരമ്പര്യമായ ഹൃദയസംബന്ധമായ അസുഖമുണ്ട്. ഇതിൽ ഏറ്റവും കൂടുതലായി കാണുന്നത് ഹൈപ്പർട്രോഫിക് കാർഡിയോമയോപ്പതിയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കെറ്ററിങ്ങിൽ നേഴ്സായ അഞ്‌ജു അശോക് (35), മക്കളായ ജീവ ( 6 ), ജാൻവി (4) എന്നിവരെ മലയാളിയായ ഭർത്താവ് സാജു ( 52 ) കൊലപ്പെടുത്തിയ സംഭവത്തിന്റെ വിചാരണവേളയിൽ കോടതിയിൽ അരങ്ങേറിയത് നാടകീയ സംഭവങ്ങൾ . സംഭവത്തിൽ 40 വർഷത്തെ ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചത്. യുകെയിൽ ഒരു മലയാളിക്ക് ലഭിക്കുന്ന ഏറ്റവും വലിയ ശിക്ഷയാണിത്.

സാജുവിന്റെ സംശയരോഗമായിരുന്നു കൊലപാതകത്തിലേയ്ക്ക് നയിച്ച പ്രധാന കാരണം. വാക്കു തർക്കത്തിനിടെ സാജുവിന്റെ അമ്മയെ കുറിച്ച് മോശമായി അഞ്ജു പരാമർശിച്ചതാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നും എന്നാൽ കുട്ടികളെ കൊന്നത് ഓർക്കുന്നില്ല എന്നുമാണ് പ്രതി കോടതിയിൽ പറഞ്ഞത്. സാജുവും ഭാര്യ അഞ്ജുവുമായി 15 വയസ്സിന്റെ പ്രായവ്യത്യാസം ഉണ്ടായിരുന്നു. ഇവരുടേത് പ്രേമ വിവാഹമായിരുന്നു. നിലവിൽ 52 വയസ്സുകാരനായ സാജു ഇനി 92-ാം വയസ്സിലെ ശിക്ഷ കഴിഞ്ഞ് പുറത്തുവരികയുള്ളൂ. പ്രതി കുറ്റം സമ്മതിച്ചതു കൊണ്ടാണ് 45 വർഷം കിട്ടേണ്ട ശിക്ഷ 40 വർഷമായി കോടതി കുറച്ചു കൊടുത്തത്.

വിചാരണവേളയിൽ കോടതിയിൽ പലപ്പോഴും അരങ്ങേറിയത് നാടകീയ രംഗങ്ങളാണ്. കൊലപാതകം അരങ്ങേറിയപ്പോൾ പ്രതിയുടെ മൊബൈലിന്റെ ഫോൺ റെക്കോർഡിങ് ഓൺ ആയിരുന്നത് കോടതിയിൽ വലിയ തെളിവായി മാറിയിരുന്നു. അമ്മയെ കൊല്ലരുതെന്ന് കുട്ടികൾ വാവിട്ടു കരയുന്ന ശബ്ദരേഖ കേൾപ്പിച്ചപ്പോൾ പ്രതി സാജു വാവിട്ട് കരഞ്ഞതായാണ് കോടതി നടപടികൾ വീക്ഷിക്കാനെത്തിയ അഞ്ജുവിന്റെ സഹപ്രവർത്തകനായ യുകെ മലയാളി മനോജ് മാത്യു പറഞ്ഞത്.

അഞ്ചുവിന്റെ ബന്ധുക്കൾ ആരും യു കെയിൽ ഇല്ലാത്തതുകൊണ്ട് അഞ്ജുവിന്റെ സഹപ്രവർത്തകനും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ ഉപദേശകസമിതി അംഗവുമായ മനോജ് മാത്യുവിനെ അഞ്ജുവിന്റെ കുടുംബം നെക്സ്റ്റ് ഓഫ് കിൻ ആയി ചുമതലപ്പെടുത്തിയിരുന്നു . നേരത്തെ അഞ്ചുവിന്റെയും മക്കളുടെയും സംസ്കാര ശുശ്രൂഷകളിൽ പങ്കെടുക്കാൻ മൃതദേഹങ്ങളെ അനുഗമിച്ച് മനോജ് മാത്യു കേരളത്തിൽ എത്തിയിരുന്നു. ഇതിനായി അദ്ദേഹത്തിന് പ്രത്യേക അവധി ഉൾപ്പെടെ എൻഎച്ച്എസിൽ നിന്ന് അനുവദിച്ചു കിട്ടിയിരുന്നു.

ഭാര്യയെയും രണ്ടു മക്കളെയും കൊലപ്പെടുത്തിയ സാജുവിനെ വീട്ടിലെത്തി കീഴ്പ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ നോർത്താംപ്ടൺ പോലീസ് പുറത്തുവിട്ടു. യുവതിക്കും രണ്ടു കുട്ടികൾക്കും പരിക്കേറ്റന്ന സന്ദേശത്തെ തുടർന്നാണ് പോലീസ് വീട്ടിലെത്തിയത്. കത്തി കൈയ്യിൽ പിടിച്ചിരിക്കുന്ന സാജുവിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. കത്തി താഴെയിടാൻ വിസമ്മതിക്കുന്ന സാജുവിനെ ടേസർ തോക്ക് ഉപയോഗിച്ച് അവർ കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥരുടെ ബോഡിക്യാമിലുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇംഗ്ലണ്ടിലെ എൻ എച്ച് എസിൽ ആദ്യമായി മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് അന്ധത തടയാനുള്ള മരുന്ന് നൽകാൻ തീരുമാനമായി. കണ്ണിന്റെ പിൻഭാഗത്ത് അസാധാരണമായ രക്തക്കുഴലുകളുടെ വളർച്ച മൂലമുണ്ടാകുന്ന പാടുകൾ തടയാൻ റാണിബിസുമാബ് എന്ന കുത്തിവയ്പ്പിന് കഴിയും. ഇത് ലേസർ തെറാപ്പിക്ക് പകരമായി ചെയ്യാം. കണ്ണിന്റെ റെറ്റിനയെ ബാധിക്കുന്ന ഈ കാഴ്ച പ്രശ്‌നം പരിഹരിക്കാൻ മാസം തികയാത്ത കുട്ടികളിൽ ലേസർ തെറാപ്പി അനുയോജ്യമല്ലാത്ത സാഹചര്യത്തിൽ ഈ കുത്തിവയ്പ്പ് ഏറെ സഹായകമാണ്. ശരിയായ ചികിത്സയിലൂടെ റെറ്റിനോപ്പതി ഓഫ് പ്രീമെച്യുരിറ്റി (ആർ‌ഒ‌പി) എന്ന അവസ്ഥ ഒഴിവാക്കാവുന്നതാണ്.

മാസം തികയാതെ ജനിക്കുന്നതോ ഭാരക്കുറവോ ഉള്ള എല്ലാ കുട്ടികളേയും കണ്ണ് പരിശോധനയ്ക്ക് വിധേയമാക്കാറുണ്ട്. ഇതിൽ കാഴ്ച നഷ്ടപ്പെടാൻ ഇടയാക്കുന്ന കേടുപാടുകൾ ഒഴിവാക്കാൻ 20-ൽ ഒരാൾക്ക് ചികിത്സ ആവശ്യമായി വന്നേക്കാം. പുതിയ രക്തക്കുഴലുകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന വാസ്കുലർ എൻഡോതെലിയൽ ഗ്രോത്ത് ഫാക്‌ടറിന്റെ പ്രവർത്തനത്തെ തടയാനാണ് റാണിബിസുമാബ് കണ്ണിൽ കുത്തിവയ്ക്കുന്നത്. രക്തക്കുഴലുകളുടെ അസാധാരണ വളർച്ച റെറ്റിനയെ മൂടുന്ന ടിഷ്യുവായി മാറും. ഇത് കാഴ്ച്ച ശക്തിയെ പൂർണമായി ഇല്ലാതാക്കും.

ഇംഗ്ലണ്ടിൽ പ്രതിവർഷം 20 കുഞ്ഞുങ്ങൾക്കെങ്കിലും ലേസർ തെറാപ്പിക്ക് പകരം കുത്തിവയ്പ്പ് ആവശ്യമായി വന്നേക്കാം. ലേസർ തെറാപ്പിക്ക് വിധേയരാകാൻ കഴിയാത്ത കുട്ടികൾക്ക് ഇത്തരം ചികിത്സാ രീതികൾ ഏറെ സഹായകരമാണെന്ന് എൻ എച്ച് എസ് ചീഫ് എക്സിക്യൂട്ടീവ് അമൻഡ പ്രിച്ചാർഡ് പറഞ്ഞു. മാസം തികയാതെ ജനിക്കുന്ന പല കുഞ്ഞുങ്ങളെയും റെറ്റിനോപ്പതി ബാധിക്കുന്നതിനാൽ പുതിയ ചികിത്സാ രീതി ദേശീയതലത്തിൽ അവതരിപ്പിക്കുന്നത് തികച്ചും അഭിനന്ദനീയമാണെന്നും അവർ കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : നോർത്താംപ്ടണ്‍ഷെയർ കെറ്ററിങിൽ നേഴ്സായ അഞ്ജു അശോക് (35), മക്കളായ ജീവ (6), ജാൻവി (4) എന്നിവരെ കൊലപ്പെടുത്തിയ ഭർത്താവ് സാജുവിന് (52) നാല്പത് വർഷം ജീവപര്യന്തം തടവ് ശിക്ഷ. യു കെയിൽ ഒരു മലയാളിക്ക് കിട്ടുന്ന ഏറ്റവും വലിയ ശിക്ഷയാണിത്. പീതർടൺ കോടതിയാണ് ശിക്ഷ വിധിച്ചത്. ജയിൽ ശിക്ഷയ്ക്ക് പുറമേ, അഞ്ജുവിന്റെ കുടുംബാംഗങ്ങളുമായി ബന്ധപ്പെടുന്നതിൽ നിന്നും സാജുവിനെ വിലക്കിയിട്ടുണ്ട്. നിങ്ങൾ ഭാര്യയുടെ ജീവനെടുക്കുമ്പോൾ, നിങ്ങളുടെ കൊച്ചുകുട്ടികൾ അവരുടെ മമ്മിക്കുവേണ്ടി നിലവിളിക്കുകയായിരുന്നുവെന്ന് ശിക്ഷ വിധിച്ച ജഡ്ജി ജസ്റ്റിസ് പെപ്പെറാൾ പറഞ്ഞു.

അഞ്ജു അവിശ്വസ്തത കാട്ടിയെന്ന വാദത്തെ പിന്തുണയ്ക്കുന്ന തെളിവുകളൊന്നുമില്ലെന്ന് പ്രോസിക്യൂട്ടർ ജെയിംസ് ന്യൂട്ടൺ-പ്രൈസ് കെസി പറഞ്ഞു. ഭാര്യയെ കൊലപ്പെടുത്തിയ കുറ്റം ഏപ്രിലിൽ ഏറ്റുപറഞ്ഞ സാജു പക്ഷേ മക്കളുടെ കാര്യത്തിൽ എന്തുസംഭവിച്ചെന്ന് അറിയില്ല എന്നാണു കോടതിയിൽ പറഞ്ഞത്. എങ്കിലും കുറ്റം ഏൽക്കുന്നതായി സമ്മതിച്ചിരുന്നു.

കഴിഞ്ഞവർഷം ഡിസംബർ 15 നാണു എൻഎച്ച്എസ് നേഴ്സായ അഞ്‌ജുവും മക്കളായ ജീവ, ജാൻവി എന്നിവരും കെറ്ററിങിൽ ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ അധികം താമസിയാതെ ഭർത്താവ് സാജു അറസ്റ്റിലായി. മദ്യ ലഹരിയിലാണ് പ്രതി കുറ്റകൃത്യം നടത്തിയത്. ആശ്രിത വിസയിൽ ബ്രിട്ടനിൽ എത്തിയ സാജുവിനു ജോലി ലഭിക്കാതിരുന്നതിന്റെ നിരാശയും മറ്റു മാനസിക പ്രശ്നങ്ങളുമാണ് കൊലപാതകത്തിലേക്കു നയിച്ചത്. വൈക്കം സ്വദേശിയായ അഞ്ജുവും കണ്ണൂർ സ്വദേശിയായ സാജുവും ബെംഗളുരിൽ വച്ചാണു കണ്ടുമുട്ടിയതും പ്രണയിച്ചു വിവാഹം കഴിച്ചതും. ഇവർ ഏറെ നാൾ സൗദിയിൽ ജോലി ചെയ്തതിനു ശേഷമാണ് യുകെയിലെത്തിയത്.

അഞ്ജുവിനും മക്കൾക്കും വിവിധ ഇടങ്ങളിൽ ബ്രിട്ടീഷുകാർ ഉൾപ്പെടെ ആദരാഞ്ജലികൾ അർപ്പിച്ചിരുന്നു. അഞ്ജു ജോലി ചെയ്തിരുന്ന കെറ്ററിങ് ജനറൽ എൻഎച്ച്എസ് ആശുപത്രിക്കു മുന്നിൽ ആർസിഎൻ പ്രവർത്തകർ മെഴുകുതിരി കത്തിച്ചാണു ആദരാഞ്ജലികൾ അർപ്പിച്ചത്. അഞ്ജുവിന്റെ മക്കൾ പഠിച്ച കെറ്ററിങ്‌ പാർക്ക്‌ ഇൻഫന്റ് സ്കൂളുകളിൽ ബലൂണുകൾ ആകാശത്തേക്കു പറത്തി ജീവയെയും ജാൻവിയെയും അനുസ്മരിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- മിഡ്‌ സ്റ്റാഫോഡ്ഷെയർ ഹോസ്പിറ്റൽ ട്രസ്റ്റിൽ നടന്ന വലിയ അഴിമതികൾ പോലുള്ളവ ഇനിയും ആവർത്തിക്കാതിരിക്കാൻ, എൻഎച്ച്എസിൽ നടക്കുന്ന നിയമവിരുദ്ധതയെയും അതിക്രമങ്ങളെയും സംബന്ധിച്ച് തുറന്നു പറയുവാൻ ജീവനക്കാർക്ക് കൂടുതൽ സംരക്ഷണം ആവശ്യമാണെന്ന് ഈ മേഖലയിലെ തന്നെ വിദഗ്ധരിൽ ഒരാൾ ബിബിസി ന്യൂസിനോട് വെളിപ്പെടുത്തിയിരിക്കുകയാണ്. ഒരു ദശാബ്ദത്തിലേറെ മുമ്പ് സ്റ്റാഫോർഡ് ഹോസ്പിറ്റലിൽ നൂറുകണക്കിന് രോഗികളുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തിന് നേതൃത്വം നൽകിയ സർ റോബർട്ട് ഫ്രാൻസിസ് ആണ് ഈ നിർദ്ദേശം മുന്നോട്ടുവച്ചിരിക്കുന്നത്. എൻ എച്ച് എസിൽ നിലവിൽ നിൽക്കുന്ന പ്രശ്നങ്ങളെ സംബന്ധിച്ച് തുറന്നു പറയുന്നത് പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും, ചിലർ ഇത്തരത്തിലുള്ള തുറന്നുപറച്ചലുകൾക്ക് വലിയ വില നൽകേണ്ടി വരുന്നുണ്ടെന്നും, ഇത് മറ്റുള്ളവരെ സംസാരിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.

25,000-ത്തിലധികം എൻഎച്ച്എസ് സ്റ്റാഫുകൾ രോഗികളുടെ സുരക്ഷയെ സംബന്ധിക്കുന്ന പ്രശ്നങ്ങളും തങ്ങൾക്ക് നേരെ ഉണ്ടാകുന്ന ഭീഷണികൾ സംബന്ധിച്ചും വെളിപ്പെടുത്തി കഴിഞ്ഞ വർഷം മുന്നോട്ടുവന്നിരുന്നു. ഇത് തൊട്ടു മുൻപുള്ള വർഷത്തേക്കാൾ കൂടുതലാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ബർമിംഗ്ഹാമിലെ മെയിൻ ഹോസ്പിറ്റൽ ട്രസ്റ്റിലെ മുതിർന്ന നേത്ര ശസ്ത്രക്രിയാ വിദഗ്‌ദ്ധനായ ട്രിസ്റ്റൻ റ്യൂസർ ആശുപത്രിയിലെ നേഴ്‌സിംഗ് സ്റ്റാഫിന്റെ അഭാവത്തെക്കുറിച്ച് പരാതിപ്പെട്ടിരുന്നു. ഒരു അടിയന്തിര ഓപ്പറേഷനിൽ സഹായിക്കാൻ നോൺ മെഡിക്കൽ സ്റ്റാഫിനെ ഉപയോഗിക്കേണ്ട സാഹചര്യത്തിൽ എത്തിയതിനെ തുടർന്നാണ് ഇത്തരമൊരു നീക്കം അദ്ദേഹം നടത്തിയത്. എന്നാൽ ഇത്തരത്തിൽ മുന്നോട്ടു വന്നതിനെ തുടർന്ന് അദ്ദേഹം സഹിക്കേണ്ടി വന്നത് നിരവധി പ്രതിസന്ധികളാണ്. പ്രശ്നം പരിഹരിക്കുന്നതിന് പകരം മാനേജ്മെന്റ് തനിക്ക് നേരെ തിരിഞ്ഞുവെന്നും, തനിക്കെതിരെ മെഡിക്കൽ കൗൺസിൽ പരാതി നൽകുകയും പിരിച്ചുവിടുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു. എന്നാൽ പിന്നീട് ട്രൈബ്യൂണൽ അദ്ദേഹത്തെ അന്യായമായി പിരിച്ചുവിട്ടതായി കണ്ടെത്തുകയായിരുന്നു.

ഇത്തരത്തിൽ തുറന്നു സംസാരിക്കുന്ന നിരവധി പേർക്ക് നേരിടേണ്ടി വന്ന അനുഭവങ്ങൾ തികച്ചും അസഹനീയമാണ്. അതിനാൽ തന്നെയാണ് ഇത്തരത്തിൽ മുന്നോട്ടുവരുന്നവരെ സംരക്ഷിക്കുവാൻ കൂടുതൽ നടപടികൾ വേണമെന്ന ആവശ്യം നിരവധി പേരാണ് സൂചിപ്പിച്ചിരിക്കുന്നത്. ബിബിസി ന്യൂസിനോട് തങ്ങളുടെ അനുഭവകഥകൾ വ്യക്തമാക്കിയ പലരും തങ്ങളുടെ ഐഡന്റിറ്റി മറച്ചുവയ്ക്കുവാനാണ് ആവശ്യപ്പെട്ടതെന്ന് പത്രം റിപ്പോർട്ട് ചെയ്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ജൂണിലെ ഉയർന്ന താപനില മത്സ്യങ്ങൾ ചത്തുപൊങ്ങുന്നതിനും പ്രാണികളുടെയും സസ്യങ്ങളുടെയും വളർച്ചയ്ക്ക് തടസമായെന്നും റിപ്പോർട്ട്‌. ഉയർന്ന താപനില കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ടതാണോയെന്ന് ഇന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കും. ചൂട് കൂടിയ പ്രദേശങ്ങളിൽ ജല ഉപയോഗം 25% കൂടിയതായി വാട്ടർ യു കെ അറിയിച്ചു. ജൂണിൽ താപനില 32.2 ഡിഗ്രി സെൽഷ്യസിൽ എത്തി, ചൂട് വളരെ നീണ്ടുനിന്നു.

“ഈ വർഷത്തിൽ നദികളിൽ മത്സ്യങ്ങൾ ചത്തൊടുങ്ങിയ സംഭവങ്ങൾ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. വേനൽക്കാലത്ത് ചൂടും വരൾച്ചയും അനുഭവപ്പെടുമ്പോൾ നദികളെ ബാധിക്കും.” ആംഗ്ലിംഗ് ട്രസ്റ്റിൽ നിന്നുള്ള മാർക്ക് ഓവൻ പറഞ്ഞു. വടക്കുകിഴക്കൻ ഇംഗ്ലണ്ടിലെ റിവർ വെയറിൽ സീ ട്രൗട്ട് ചത്തതായി കണ്ടെത്തി. നദികളിലെ ജലനിരപ്പ് കുറയുന്നതിനാൽ വെള്ളത്തിലെ ഓക്‌സിജന്റെ അളവ് കുറയുന്നതാണ് മരണങ്ങൾക്ക് കാരണം. കാറുകളിൽ നിന്നും ലോറികളിൽ നിന്നുമുള്ള ഉണക്കിയ മാലിന്യങ്ങൾ നദികളിലേക്ക് തള്ളുന്നതും മത്സ്യങ്ങളുടെ നിലനിൽപ്പിനെ ബാധിക്കുന്നു. കഴിഞ്ഞ വർഷം ഇതേ സമയത്തേക്കാൾ കൂടുതൽ മത്സ്യങ്ങൾ ഇപ്പോൾ ചത്തതായി പരിസ്ഥിതി ഏജൻസി അറിയിച്ചു.

ഓർക്കിഡുകൾ ഉൾപ്പെടെയുള്ള പല പൂച്ചെടികളും ഉയർന്ന താപനിലയിൽ വാടിപ്പോകും. വരണ്ട കാലാവസ്ഥ ജലവിതരണത്തെ ബാധിക്കാൻ സാധ്യതയുണ്ട്. ചൂട് തുടരുകയാണെങ്കിൽ വിതരണം തടസപ്പെടാൻ സാധ്യത ഏറെയാണ്. ലളിതമായ പ്രവർത്തനങ്ങളിലൂടെ കടുത്ത ചൂടിന്റെ ആഘാതങ്ങളെ ചെറുക്കാൻ ആളുകൾക്ക് കഴിയും. പൂന്തോട്ടത്തിലോ മുറ്റത്തോ ഉള്ള ഒരു പാത്രം വെച്ചാൽ അത് പ്രാണികൾക്കോ കിളികൾക്കോ ഉപകാരപ്പെടും. കൂടാതെ, നീളമുള്ള പുല്ല് വളർത്തുന്നത് ചൂടുള്ള കാലാവസ്ഥയിൽ ജീവജാലങ്ങൾക്ക് ജീവിക്കാൻ ആവശ്യമായ ആവാസ വ്യവസ്ഥ നൽകുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ട്രെയിൻ ഡ്രൈവർമാരുടെ ഓവർടൈം വിലക്ക് കാരണം ഇന്നുമുതൽ അടുത്ത ആറ് ദിവസത്തേയ്ക്ക് ഇംഗ്ലണ്ടിൽ ട്രെയിൻ യാത്ര തടസപ്പെടും. ട്രെയിൻ ഡ്രൈവർമാരുടെ സംഘടനയായ അസോസിയേറ്റഡ് സൊസൈറ്റി ഓഫ് ലോക്കോമോട്ടീവ് എഞ്ചിനീയേഴ്സ് ആൻഡ് ഫയർമെൻ (അസ്ലെഫ്) യൂണിയനാണ് മുന്നറിയിപ്പ് നൽകിയത്. ട്രെയിൻ ഡ്രൈവർമാരുടെ ഓവർടൈം വിലക്ക് കാരണമാണ് ഈ ആഴ്ച്ച ട്രെയിൻ യാത്രക്കാർക്ക് തടസമുണ്ടാവുക.

ഇന്ന് മുതൽ ശനിയാഴ്ച വരെ ഇംഗ്ലണ്ട് ആസ്ഥാനമായുള്ള 16 ട്രെയിൻ കമ്പനികളിലുള്ള ഡ്രൈവർമാരുടെ കുറവാണ് ട്രെയിൻ സേവനങ്ങളെ ബാധിക്കുക. യാത്രക്കാർ ട്രെയിനുകളുടെ ലഭ്യത നേരത്തെ തന്നെ പരിശോധിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ട്രെയിൻ കമ്പനികൾ എല്ലാം തന്നെ മുഴുവൻ ഷെഡ്യൂളുകളും പ്രവർത്തിപ്പിക്കുന്നതിന് ഓവർടൈം ജോലി ചെയ്യുന്ന ഡ്രൈവർമാരെയായിരുന്നു ആശ്രയിച്ചിരുന്നത്. എന്നാൽ ശമ്പള വർധന അവശ്യപ്പെട്ടുക്കൊണ്ടുള്ള പണിമുടക്കുകൾ വർദ്ധിച്ച പശ്ചാത്തലത്തിലാണ് ഓവർടൈം നിരോധനം വന്നിരിക്കുന്നത്.

ഈ സാഹചര്യത്തിൽ ട്രെയിനുകൾ റദ്ദാക്കിയുള്ള പുനഃക്രമീകരണം നടത്തേണ്ടി വരുമെന്ന് സൗത്ത് വെസ്റ്റേൺ റെയിൽവേ പറയുന്നു. പുനഃക്രമീകരിക്കുന്ന ട്രെയിനുകളുടെ സേവനങ്ങൾ പതിവിലും തിരക്കുള്ളതായിരിക്കാനുള്ള സാധ്യതയും അധികൃതർ ചൂണ്ടിക്കാട്ടി. ട്രെയിൻ സർവീസുകൾ താമസിക്കാൻ സാധ്യത ഉണ്ടെന്ന മുന്നറിയിപ്പ് നോർത്തേൺ റെയിൽവേ നൽകിയിട്ടുണ്ട്. ട്രെയിനുകളുടെ ഷോർട്ട് നോട്ടീസ് റദ്ദാക്കലുകളും ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. ട്രെയിൻ റദ്ദാക്കലുകൾ ഉണ്ടാകാം എന്ന് ഗ്രേറ്റ് വെസ്റ്റേൺ റെയിൽവേ മുന്നറിയിപ്പ് നൽകി. ശനിയാഴ്ച അത്യാവശ്യമെങ്കിൽ മാത്രം യാത്ര ചെയ്യാൻ ചിൽട്ടേൺ റെയിൽവേ യാത്രക്കാരോട് ആവശ്യപ്പെട്ടു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ആരോഗ്യ രംഗത്തെ പണിമുടക്കുകൾ രോഗികളെ മോശമായി ബാധിക്കുമെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് മേധാവി അമാൻഡ പ്രിച്ചാർഡ്. സമരങ്ങൾ സ്ഥിതി കൂടുതൽ വഷളാക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി. ജൂനിയർ ഡോക്ടർമാരും കൺസൾട്ടന്റുമാരും സംയുക്തമായി ഏഴ് ദിവസം പണിമുടക്ക് നടത്തും. സർക്കാർ ശമ്പള ഓഫർ നിരസിച്ചതിന് ശേഷം ജൂലൈ 13 വ്യാഴാഴ്ചയ്ക്കും ജൂലൈ 18 ചൊവ്വാഴ്ചയ്ക്കും ഇടയിൽ പണിമുടക്കാനാണ് തീരുമാനം. ഇതിനു പിന്നാലെ 20, 21 തീയതികളിൽ, ഇംഗ്ലണ്ടിലെ ആശുപത്രി കൺസൾട്ടന്റുമാർ ശമ്പളവർദ്ധനവ് ആവശ്യപ്പെട്ടു സമരം ചെയ്യും. 35% ശമ്പള വർദ്ധനവ് ആണ് അവർ ആവശ്യപ്പെടുന്നത്. എന്നാൽ അത് താങ്ങാനാവുന്നതല്ലെന്ന് ആരോഗ്യ സെക്രട്ടറി സ്റ്റീവ് ബാർക്ലേ പറഞ്ഞു.

പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കാൻ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. ഈ വർഷം തുടരെതുടരെ ഉണ്ടായ പണിമുടക്കുകൾ ആരോഗ്യ രംഗത്തെ രൂക്ഷമായി ബാധിച്ചു. ഡോക്ടർമാർ, നേ ഴ്‌സുമാർ, ആംബുലൻസ് തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ പണിമുടക്ക് നടത്തി. ശമ്പളവർധനവിന്റെ കാര്യത്തിൽ ജൂനിയർ ഡോക്ടർമാരും ആശുപത്രി കൺസൾട്ടന്റുമാരും ഇതുവരെ സർക്കാരുമായി ധാരണയിലെത്തിയിട്ടില്ല.

വെയിറ്റിംഗ് ലിസ്റ്റുകൾ കുറയ്ക്കുന്നതിന് സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് അമാൻഡ പ്രിച്ചാർഡ് പറഞ്ഞു. സമരങ്ങൾ എത്രയും വേഗം അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു. എന്നാൽ, എൻ എച്ച് എസിൽ നിരവധി പോസ്റ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ഇത് ജീവനക്കാരുടെ മേൽ വലിയ സമ്മർദ്ദം സൃഷ്ടിക്കുകയും രോഗികൾക്ക് ദീർഘനേരം കാത്തിരിക്കേണ്ടതായും വരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : നാല്പതു വയസ് കഴിഞ്ഞവർക്ക് ഇനി വീട്ടിലിരുന്നു തന്നെ ഹെൽത്ത്‌ ടെസ്റ്റ്‌ നടത്താം. ഹൃദ്രോഗവും അമിതവണ്ണവും കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള പരിശോധന 40 മുതൽ 74 വയസ് വരെ പ്രായമുള്ളവർക്കായി അടുത്ത സ്പ്രിംഗ് മുതൽ ആരംഭിക്കും. ഡിജിറ്റൽ എൻഎച്ച്എസ് ആരോഗ്യ പരിശോധനയിൽ ഒരു ഓൺലൈൻ ആരോഗ്യ ചോദ്യാവലിയും ഉൾപ്പെടുന്നു. ഇതിലൂടെ അടുത്ത നാല് വർഷത്തിനുള്ളിൽ പത്തു ലക്ഷം പരിശോധനകൾ നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. ഇത്തരം പരിശോധനകളിലൂടെ ജീവൻ രക്ഷിക്കാൻ കഴിയുമെന്ന് ആരോഗ്യ-സാമൂഹ്യ സംരക്ഷണ സെക്രട്ടറി സ്റ്റീവ് ബാർക്ലേ പറഞ്ഞു. വീടുകളിൽ ഇരുന്ന് കൊണ്ട് തന്നെ വളരെ ലളിതമായി പരിശോധനകൾ നടത്താനും ഡോക്ടർമാരിൽ നിന്ന് ഉപദേശം തേടാനും പുതിയ ഡിജിറ്റൽ ചെക്ക്-അപ്പിലൂടെ സാധിക്കും.

ശരീരഭാരം, ഉയരം, ഭക്ഷണക്രമം, മദ്യപാനം, വ്യായാമത്തിന്റെ അളവ് തുടങ്ങിയ വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന ഓൺലൈൻ വിലയിരുത്തൽ ഉണ്ടാവും. ആവശ്യമെങ്കിൽ രക്തസമ്മർദ്ദവും കൊളസ്‌ട്രോളിന്റെ അളവും പരിശോധിക്കാൻ ആവശ്യപ്പെടും. ടെസ്റ്റിന്റെ ഫലങ്ങൾ ഓൺലൈനിൽ ലഭ്യമാക്കും.

ഓൺലൈൻ ചോദ്യാവലി ഫോൺ, ടാബ്‌ലെറ്റ് അല്ലെങ്കിൽ കമ്പ്യൂട്ടർ വഴിയാണ് ലഭിക്കുക. ആദ്യ നാല് വർഷത്തിനുള്ളിൽ 400 ഓളം ഹൃദയാഘാതങ്ങളും പക്ഷാഘാതങ്ങളും തടയാൻ പുതിയ ഡിജിറ്റൽ പരിശോധന സഹായിക്കുമെന്ന് സർക്കാർ പറയുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഹൈ സ്ട്രീറ്റ് ശൃംഖലകളിൽ നിന്നുള്ള ഐസ്ഡ് കോഫികളിൽ ചോക്ലേറ്റ്, ഫിസി പാനീയങ്ങളേക്കാൾ പഞ്ചസാരയുടെ അംശം ഉള്ളതായി കണ്ടെത്തി കൺസ്യൂമർ ലോബി ഗ്രൂപ്പായ വിച്ച്?ൻെറ പഠനം. കോസ്റ്റ, സ്റ്റാർബക്സ്, കഫേ നീറോ എന്നിവയിൽ നിന്നുള്ള ഫ്രാപ്പുകളിലും ഫ്രാപ്പുച്ചിനോകളിലും പഞ്ചസാരയുടെ അളവ് വളരെ കൂടുതൽ ആണെന്ന് പഠന റിപ്പോർട്ടിൽ പറയുന്നു. മുതിർന്നവർ പ്രതിദിനം 30 ഗ്രാമിൽ കൂടുതൽ പഞ്ചസാര കഴിക്കരുത് എന്നാണ് എൻ എച്ച് എസ് പറയുന്നത്. എന്നാൽ ഇത്തരം വൻ ശൃംഖലകളിൽ നിന്നുള്ള ഒരു പാനീയത്തിൽ തന്നെ 48.5 ഗ്രാം പഞ്ചസാര ഉണ്ട്.

ഒരു മാർസ് ബാറിൽ 31 ഗ്രാം പഞ്ചസാരയുണ്ടെങ്കിൽ 330 മില്ലിലിറ്റർ കൊക്കകോളയിൽ 35 ഗ്രാം ആണ് പഞ്ചസാരയുടെ അളവ്. സെമി-സ്കിംഡ് മിൽക്ക് ഉപയോഗിച്ച് നിർമ്മിച്ച സ്റ്റാർബക്സിന്റെ കാരമൽ ഫ്രാപ്പുച്ചിനോയിൽ പഞ്ചസാരയുടെ അളവ് 48.5 ഗ്രാം ആണ്. ഗവേഷണത്തിൽ ഏറ്റവും കൂടുതൽ പഞ്ചസാരയുടെ അളവ് കണ്ടെത്തിയ പാനീയം ഇതാണ്. അതേസമയം കമ്പനികൾ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ കഴിയുന്ന പാനീയങ്ങൾക്കുള്ള ഓപ്ഷനുകൾ വാഗ്‌ദാനം ചെയ്യുന്നതായി കമ്പനി വക്താവ് അറിയിച്ചു. തങ്ങൾ നൽകുന്ന പാനീയങ്ങളിലൊന്നായ സെമി-സ്കീംഡ് മിൽക്ക് ഉള്ള ഒരു ഐസ്ഡ് ലാറ്റിന്റെ പഞ്ചസാരയുടെ അളവ് 8.7 ഗ്രാം മുതൽ ആരംഭിക്കുന്നതായും അവർ കൂട്ടിച്ചേർത്തു.

കഫേ നീറോയുടെ ബെൽജിയൻ ചോക്ലേറ്റിലും ഹസൽനട്ട് ഫ്രാപ്പിലും 44.3 ഗ്രാം പഞ്ചസാരയാണ് കണ്ടെത്തിയത്. അതേസമയം ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന ഐസ്ഡ് ലാറ്റെയിൽ പഞ്ചസാര ചേർത്തിട്ടില്ലെന്ന് കമ്പനി പ്രതികരിച്ചു. കോസ്റ്റ കോഫിയുടെ ചോക്ലേറ്റ് ഫഡ്ജ് ബ്രൗണി ഫ്രാപ്പെ മോച്ച വിത്ത് ഓട്സ് മിൽക്കിൽ കണ്ടെത്തിയ പഞ്ചസാരയുടെ അളവ് 42.6 ഗ്രാം ആണ്. 2018 ൽ സർക്കാർ ഉയർന്ന പഞ്ചസാര അടങ്ങിയ പാനീയങ്ങൾ വിൽക്കുന്ന നിർമ്മാതാക്കൾക്ക് “പഞ്ചസാര നികുതി” ഏർപ്പെടുത്തിയിരുന്നു.

Copyright © . All rights reserved