ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
യു കെ :- കഴിഞ്ഞ ദിവസങ്ങളിലായി യു കെ യുടെ ഭൂരിഭാഗങ്ങളിലും അനുഭവപ്പെട്ടു വന്നിരുന്ന ഉഷ്ണ തരംഗം, ശക്തമായ ഇടിമിന്നലോട് കൂടിയ കൊടുങ്കാറ്റും, മഴയോടും കൂടി അവസാനിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കാലാവസ്ഥാ വിഭാഗം. സ്കോട്ട്ലൻഡിലും നോർത്തേൺ അയർലണ്ടിലും ഞായറാഴ്ച കുറഞ്ഞ താപനിലയും, ചെറിയ തോതിലുള്ള മഴയുമാണ് ഉണ്ടായിരുന്നത്. ഇംഗ്ലണ്ടിന്റെ മറ്റു ഭാഗങ്ങളിലും, വെയിൽസിലും തിങ്കളാഴ്ചയോടുകൂടി മഴയുണ്ടാകും എന്നാണ് കാലാവസ്ഥ വിഭാഗം പ്രതീക്ഷിക്കുന്നത്. ഇംഗ്ലണ്ടിന്റെ ചില ഭാഗങ്ങളിൽ ഉണ്ടായിരിക്കുന്ന കടുത്ത വരൾച്ച നീങ്ങുവാൻ ശക്തമായ മഴ ആവശ്യം വരുമെന്നാണ് വിദഗ്ധർ കഴിഞ്ഞ വെള്ളിയാഴ്ച വ്യക്തമാക്കിയത്. ഭൂമി ഉണങ്ങി വരണ്ടു കിടക്കുന്നതിനാൽ ലഭിക്കുന്ന മഴ, കോൺക്രീറ്റിൽ പതിക്കുന്നതുപോലെ , ഭൂമി വലിച്ചെടുക്കാതെ ഒഴുകി പോകാനുള്ള സാധ്യതയാണ് ഉള്ളത്. അതിനാൽ തന്നെ ചിലപ്പോൾ അപ്രതീക്ഷിത വെള്ളപ്പൊക്കത്തിനുള്ള സാധ്യതയും തള്ളിക്കളയാൻ ആവില്ലെന്ന് കാലാവസ്ഥാ വിഭാഗം അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കഴിഞ്ഞ കുറേ ദിവസങ്ങളിലായി ഇംഗ്ലണ്ടിലും വെയിൽസിലും ഉഷ്ണ തരംഗത്തിനുള്ള മുന്നറിയിപ്പ് നൽകി കഴിഞ്ഞിരുന്നു. എന്നാൽ ജൂലൈ മാസത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനിലയായ 40 ഡിഗ്രി സെൽഷ്യസിൽ ഇത്തവണ എത്തിയിരുന്നില്ല എന്നത് ആശ്വാസകരമാണ്. എന്നിരുന്നാൽ തന്നെയും കഴിഞ്ഞ ദിവസങ്ങളിലായി കടുത്ത ചൂടാണ് ഇംഗ്ലണ്ടിൽ ഉടനീളം അനുഭവപ്പെട്ടിരുന്നത്. ഞായറാഴ്ച സറെയിലെ ചാൾവുഡിൽ താപനില 34.1 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തിയിരുന്നു. എന്നാൽ അതേസമയം എഡിൻബറോയിൽ കനത്ത മഴയും ഇടിമിന്നലും ആണ് ഉണ്ടായിരുന്നത്.
നിലവിൽ ഇതുവരെ അന്തരീക്ഷത്തിൽ ഉയർന്ന മർദ്ദമാണ് രേഖപ്പെടുത്തിയിരുന്നതെന്നും, എന്നാൽ നിലവിൽ അത് കുറഞ്ഞ മർദ്ദം ആയിരിക്കുന്നതിനാൽ, വായു കൂടുതൽ അസ്തിരമായ അവസ്ഥയിലാണ് ഉള്ളതെന്ന് മെറ്റ് ഓഫീസിലെ കാലാവസ്ഥ നിരീക്ഷകനായ ഡാൻ സ്ട്രോഡ് വ്യക്തമാക്കി. എന്നാൽ ഗ്രൗണ്ട് ടെമ്പറേച്ചറുകൾ കൂടുതലായതിനാൽ, വായുവിനെ അസ്ഥിരത മൂലം പെട്ടെന്ന് മഴയുണ്ടാകാനുള്ള സാധ്യതയാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലെ ഉയർന്ന താപനില നിരവധി ആളുകളെ ബീച്ചുകളിലേക്ക് ആകർഷിച്ചു. ശനിയാഴ്ച സ്കെഗ്നെസിൽ കടലിൽ വെച്ചുണ്ടായ അപകടത്തിൽ ഒരു കൗമാരക്കാരൻ മരണപ്പെട്ടതായി ലിങ്കൺഷെയർ പോലീസ് സ്ഥിരീകരിച്ചു. ജനങ്ങൾ എല്ലാവരും തന്നെ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശമാണ് അധികൃതർ പൊതുവേ നൽകുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- ജീവിത ചെലവ് വർദ്ധന മൂലം പ്രതിസന്ധി നേരിടുന്ന ജനങ്ങളെ സഹായിക്കുന്നതിനായി, ഇംഗ്ലണ്ടിലെ അടുത്ത വർഷത്തെ റെയിൽവേ നിരക്കുകളിലുള്ള വർദ്ധന പണപ്പെരുപ്പ നിരക്കിനേക്കാൾ കുറവായിരിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഗവൺമെന്റ്. കോവിഡ് മഹാമാരിക്ക് മുൻപ് സാധാരണയായി എല്ലാ വർഷവും ജനുവരിയിൽ ആണ് നിരക്ക് വർദ്ധന നടപ്പിലാക്കിയിരുന്നത്. ഈ വർദ്ധന മുൻ വർഷങ്ങളിലെ ജൂലൈ മാസത്തിലെ റീട്ടെയിൽ പ്രൈസ് ഇൻഡക്സ് (ആർ പി ഐ ) അടിസ്ഥാനപ്പെടുത്തി ആയിരുന്നു നടപ്പിലാക്കുക. സാധാരണയുള്ള നിരക്ക് വർദ്ധനവിന്റെ അടിസ്ഥാന ഫോർമുല എന്നത് ആർ പി ഐ യോടൊപ്പം ഒരു ശതമാനം വർദ്ധന എന്നതായിരുന്നു. ഈ വർഷം ജൂൺ മാസത്തിലെ ആർ പി ഐ 11.8 ശതമാനമായിരുന്നു. എന്നാൽ അടുത്ത വർഷത്തെ വർദ്ധന ജൂലൈ മാസത്തിലെ ആർപിഐയെ മാത്രം പരിഗണിച്ചായിരിക്കില്ലെന്ന ഉറപ്പാണ് ഗവൺമെന്റ് നൽകിയിരിക്കുന്നത്. അതിനാൽ തന്നെ നിരക്ക് വർദ്ധന മാർച്ച് മാസം വരെ നീളാനുള്ള സാധ്യതയുള്ളതായി വിദഗ്ധർ വ്യക്തമാക്കി. 40 വർഷത്തെ ഏറ്റവും ഉയർന്ന ആർ പി ഐ നിരക്കാണ് കഴിഞ്ഞ ജൂണിൽ രേഖപ്പെടുത്തിയത്.
റെഗുലേറ്റഡ് നിരക്കുകളുടെ വർധനവിനെ സംബന്ധിച്ചാണ് ഗവൺമെന്റ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ഇക്കഴിഞ്ഞ മാർച്ചിൽ ഇംഗ്ലണ്ടിലും വെയിൽസിലും നിയന്ത്രിത ട്രെയിൻ നിരക്കുകളിൽ 3.8 ശതമാനം വർധനവ് രേഖപ്പെടുത്തിയിരുന്നു. ഇത് 2013 ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന വർധനവാണ്. സാധാരണഗതിയിൽ എല്ലാ വർഷത്തെയും ആദ്യത്തെ പ്രവർത്തി ദിനത്തിലാണ് റെയിൽ നിരക്ക് വർദ്ധന നടപ്പിലാക്കുക. എന്നാൽ കോവിഡ് ആരംഭിച്ചത് മുതൽ ഈ വർദ്ധന നടപ്പിലാക്കുവാൻ മാർച്ച് മാസം വരെ എടുക്കുന്ന രീതിയാണ് കണ്ടുവരുന്നത്. നോർത്തേൺ അയർലണ്ടിലെ റെയിൽ നിരക്കുകൾ സാധാരണയായി ആർ പി ഐ നിരക്ക് കണക്കിലാക്കിയല്ല വർദ്ധിപ്പിക്കുക. സർക്കാർ ഉടമസ്ഥതയിലുള്ള ഓപ്പറേറ്ററായ ട്രാൻസ്- ലിങ്ക് ആണ് ഈ വർദ്ധന നിയന്ത്രിക്കുന്നത്.
സ്കോട്ടിഷ് ഗവൺമെന്റ് ഇതുവരെയും തങ്ങളുടെ പദ്ധതികൾ വ്യക്തമാക്കിയിട്ടില്ല. എന്നാൽ ഇംഗ്ലണ്ടിൽ നടക്കുന്ന മാറ്റങ്ങൾ വെയിൽസിലും സാധാരണയായി നടപ്പിലാക്കുകയാണ് പതിവ്. ജീവിത ചെലവുകളുടെ ക്രമാതീതമായ വർദ്ധന ജനത്തിന്മേൽ ഉണ്ടാക്കിയിരിക്കുന്ന പ്രതിസന്ധികൾ തരണം ചെയ്യുന്നതിന് ജനങ്ങളെ സഹായിക്കാനാണ് ഗവൺമെന്റിന്റെ ഭാഗത്ത് നിന്ന് ഇത്തരം ഒരു നീക്കമെന്ന് ഗതാഗത വകുപ്പ് വക്താവ് തന്റെ പ്രസ്താവനയിൽ വ്യക്തമാക്കി. കോവിഡ് മഹാമാരി കാലത്ത്, ഭൂരിഭാഗം പേരും വീട്ടിലിരുന്ന് ജോലി ചെയ്തിരുന്നതിനാൽ ട്രെയിൻ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വന്നിരുന്നു. അതോടൊപ്പം തന്നെ ഇപ്പോൾ തൊഴിലാളികൾ വേതന വർദ്ധനവ് ആവശ്യപ്പെട്ടതും റെയിൽവേയെ പ്രതിസന്ധിയിൽ ആക്കിയിട്ടുണ്ട്. ഇത്തരം ഒരു നീക്കം റെയിൽവേയ്ക്ക് ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് ഗവൺമെന്റ്.
ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
യു എസ് :- പ്രശസ്ത എഴുത്തുകാരനായ സൽമാൻ റുഷ്ദിക്കു നേരെ കഴിഞ്ഞദിവസം യുഎസിൽ വച്ച് ഉണ്ടായ ആക്രമണത്തിൽ, അദ്ദേഹത്തെ അനുകൂലിച്ചു ട്വീറ്റ് ചെയ്ത ജെ കെ റൗളിങ്ങിനെതിരെ ഉണ്ടായിരിക്കുന്ന ഭീഷണിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഹാരിപോട്ടറിന്റെ എഴുത്തുകാരിയായ ജെകെ റൗളിംഗ് തന്നെയാണ് തനിക്ക് ലഭിച്ച ഭീഷണി സന്ദേശം പുറത്തുവിട്ടത്. “പേടിക്കേണ്ട, അടുത്തത് നിങ്ങളാണ് ” എന്ന രീതിയിൽ ആയിരുന്നു ഭീഷണി സന്ദേശം. ഇതേ ട്വിറ്റർ അക്കൗണ്ടിൽ നിന്നു തന്നെ സൽമാൻ റുഷ്ദിയുടെ അക്രമിയെ അഭിനന്ദിക്കുന്ന ട്വീറ്റുകളും പോസ്റ്റ് ചെയ്തിട്ടുണ്ട്. റുഷ്ദിയുടെ ആക്രമണത്തിൽ തനിക്ക് വളരെയധികം സങ്കടം ഉണ്ടെന്നും, എത്രയും പെട്ടെന്ന് അദ്ദേഹം സുഖം പ്രാപിക്കും എന്ന് താൻ പ്രതീക്ഷിക്കുന്നതായും ആണ് റൗളിംഗ് കഴിഞ്ഞദിവസം ട്വീറ്റ് ചെയ്തത്. പാക്കിസ്ഥാനിലെ ഒരു അക്കൗണ്ടിൽ നിന്നുമാണ് ഭീഷണി സന്ദേശം ട്വീറ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. ഞായറാഴ്ച രാവിലെയോട് ഈ അക്കൗണ്ട് നീക്കം ചെയ്യപ്പെട്ടതായാണ് പോലീസ് അധികൃതർ വ്യക്തമാക്കുന്നത്.
സമൂഹമാധ്യമത്തിലൂടെ ലഭിച്ച ഭീഷണിയെ പറ്റി തങ്ങൾക്ക് പരാതി ലഭിച്ചതായും, അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വക്താവ് വ്യക്തമാക്കി. റുഷ്ദിക്ക് പിന്തുണ പ്രഖ്യാപിച്ച നിരവധി എഴുത്തുകാരിൽ ഒരാളാണ് ജെ കെ റൗളിംഗ്. ഹാരി പോട്ടർ നോവൽ സിനിമ രൂപത്തിൽ ആക്കിയ വർണർ ബ്രോസ് ഡിസ്‌ക്കവറിയും റൗളിങ്ങിനെ അനുകൂലിച്ച് രംഗത്തെത്തിയിട്ടുണ്ട്. എഴുപത്തഞ്ചുകാരനായ റുഷ്ദി സെത്തനിക് വേഴ്സസ് എന്ന പുസ്തകം എഴുതിയതിനുശേഷം ആണ് അദ്ദേഹത്തിന് നിരവധി ആക്രമണങ്ങൾ നേരിട്ടിരിക്കുന്നത്. ഇതിൽ മുസ്ലിം വിഭാഗത്തെ തെറ്റായ രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നാണ് അവർ ഉന്നയിക്കുന്ന വിമർശനം. കഴിഞ്ഞദിവസം ന്യൂയോർക്കിൽ വച്ചുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ റുഷ്ദി ഇപ്പോഴും വെന്റിലേറ്ററിൽ തുടരുകയാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ.
പ്രസദ്ധീകരണത്തിൽ യൂറോപ്പിൽ മുൻ നിരയിൽ നിൽക്കുന്ന മലയാളം യുകെ ന്യൂസ് സംഘടിപ്പിക്കുന്ന ബോളിവുഡ് ഡാൻസ് ഫെസ്റ്റ് 2022ൻ്റെ ലോഗോ മത്സര വിജയിയെ പ്രഖ്യാപിച്ചു. ചിത്രരചനാ രംഗത്ത് നിരവധി പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയ ഫെർണാണ്ടെസ് വർഗ്ഗീസ് മലയാളം യുകെ ബോളിവുഡ് ഡാൻസ് ഫെസ്റ്റ് ലോഗോ മത്സര വിജയിയായി. മലയാളം യുകെ ന്യൂസ് ഡയറക്ടർ ബോർഡ് ജൂറിയായി പ്രവർത്തിച്ച മത്സരത്തിൽ നിരവധി ആപ്ലിക്കേഷനുകൾ വന്നിരുന്നു.
ജൂറിയുടെ ഐക്യകണ്ഠേനയായുള്ള തീരുമാനത്തിൽ ഫെർണാണ്ടെസ് വർഗ്ഗീസ് ഡിസൈൻ ചെയ്ത ലോഗോ ഒന്നാം സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. മലയാളം യുകെയുടെ സങ്കല്പങ്ങളോട് പൊരുത്തപ്പെടുന്ന രീതിയിലുള്ള ഡിസൈനാണ് ഫെർണാണ്ടെന്ന് കാഴ്ചവെച്ചതെന്ന് അവാർഡ് ജൂറി ചെയർമാനും മലയാളം യുകെ ചീഫ് എഡിറ്ററുമായ ബിൻസു ജോൺ അഭിപ്രായപ്പെട്ടു. യുക്മയുൾപ്പെടെ യുകെയിൽ സംഘടിപ്പിച്ചിട്ടുള്ള സാംസ്കാരിക മത്സരങ്ങളുടെ ലോഗോ മത്സരങ്ങളിൽ വിജയിയാണ് ഫെർണാണ്ടെസ്.
മലയാളം യുകെ ഡാൻസ് ഫെസ്റ്റ് ലോഗോ മത്സരത്തിൽ പങ്കെടുക്കാൻ യോർക്ഷയറിലെ പന്ത്രണ്ട് വയസ്സുകരൻ സച്ചിൻ ജോർജ്ജ് ഡാനിയേലും എത്തിയെന്നത് ശ്രദ്ധേയമായി. പ്രൊഫഷണൽ ടീമുകളോട് കിടപിടിക്കുന്ന പെർഫോർമെൻസാണ് ലിറ്റിൽ സച്ചിനും കാഴ്ച്ചവെച്ചത്. പ്രായത്തേക്കാൾ കൂടുതൽ സങ്കല്പങ്ങൾ സച്ചിൻ്റെ ലോഗോയിൽ പ്രകടമായിരുന്നു.
മലയാളം യുകെ ബോളിവുഡ് ഡാൻസ് ഫെസ്റ്റിൻ്റെ ലോഗോ പ്രകാശനം വരും ദിവസങ്ങളിൽ ക്ഷണിക്കപ്പെട്ട സദസ്സിന് മുമ്പാകെ നടക്കും. അതിന് ശേഷമേ ലോഗോ പുറത്തുവിടുകയുള്ളൂ. മത്സര വിജയികൾക്ക് ഒക്ടോബർ എട്ട്, മലയാളം യുകെ അവാർഡ് നൈറ്റിൽ സമ്മാനങ്ങൾ വിതരണം ചെയ്യും.
മലയാളം യുകെ ബോളിവുഡ് ഡാൻസിൻ്റെ കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യുക
https://malayalamuk.com/malayalamuk-bollywood-dance-fest/
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ന്യൂയോർക്കിലെ പ്രസംഗവേദിയില്‍വച്ച് അക്രമിയുടെ കുത്തേറ്റ പ്രശസ്ത എഴുത്തുകാരൻ സല്‍മാന്‍ റുഷ്ദിയെ വെന്റിലേറ്ററിൽ നിന്ന് മാറ്റി. അക്രമത്തിനുശേഷം റുഷ്ദി വീണ്ടും സംസാരിക്കാൻ തുടങ്ങിയതായുട്ടുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നു . ന്യൂയോർക്ക് സ്റ്റേറ്റിൽ ഒരു പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് 75 കാരനായ റുഷ്ദി ആക്രമിക്കപ്പെട്ടത്. 1988-ൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിൻെറ ‘ദ സാത്താനിക് വേഴ്സസ്’ എന്ന നോവൽ ഏറെ വിവാദമായിയിരുന്നു. മതനിന്ദ ആരോപിച്ച് ഇറാൻ ഇതിന് വിലക്കേർപ്പെടുത്തി. റുഷ്ദിയെ വധിക്കുന്നവർക്ക് 30 ലക്ഷം ഡോളർ (ഏകദേശം 24 കോടി രൂപ) പാരിതോഷികവും പ്രഖ്യാപിച്ചു. ആക്രമണത്തെ തുടർന്ന് അറസ്റ്റിലായ ന്യൂജഴ്സിയിൽ നിന്നുള്ള ഹാദി മറ്റാറിനെ (24) കൊലപാതകശ്രമത്തിൽ ജാമ്യമില്ലാതെ റിമാൻഡ് ചെയ്തു.
കുത്തേറ്റതിന് തൊട്ടുപിന്നാലെ അദ്ദേഹത്തെ ഹെലിക്കോപ്റ്ററിൽ ആശുപത്രിയിലെത്തിക്കുകയും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തിരുന്നു. 24 കാരനായ അക്രമി സ്റ്റേജിലേക്ക് ഓടിക്കയറി റുഷ്ദിയുടെ മുഖത്തും കഴുത്തിലും വയറിലുമായി 10 തവണയിൽ അധികം കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു. കഴുത്തിലും മുഖത്തും ഗുരുതര പരുക്കേറ്റ റുഷ്ദിയുടെ ഒരു കണ്ണിന്‍റെ കാഴ്ചയും നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. അദ്ദേഹത്തിന്റെ കൈ ഞരമ്പ് മുറിഞ്ഞിട്ടുണ്ട്. കരളിനും പരിക്കേറ്റിട്ടുണ്ട്. റുഷ്ദിയുടെ നാലാമത്തെ നോവലാണ് ‘ദ സാത്താനിക് വേഴ്സസ്’ . 1981-ൽ പുറത്തിറങ്ങിയ ‘മിഡ്നൈറ്റ് ചിൽഡ്രൻ’ ആണ് അദ്ദേഹത്തെ ലോകപ്രശസ്തനാക്കിയത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : ജല ഉപഭോഗത്തെപ്പറ്റി ചിന്തിക്കണമെന്ന മുന്നറിയിപ്പുമായി വിദഗ്ധർ. വരൾച്ച രൂക്ഷമായ സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്. വെള്ളം ഉപയോഗിക്കുമ്പോൾ രണ്ടാമതൊന്ന് ചിന്തിക്കണമെന്ന് റെഗുലേറ്റർമാരും സർക്കാരും മാത്രമല്ല,” ദേശീയ വരൾച്ച ഗ്രൂപ്പിന്റെ ചെയർമാൻ ഹാർവി ബ്രാഡ്‌ഷോ പറഞ്ഞു. വരൾച്ച അടുത്ത വർഷം വരെ നീണ്ടുനിൽക്കുമെന്ന് മുന്നറിയിപ്പ് നൽകിയ പരിസ്ഥിതി ഏജൻസിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ കൂടിയാണ് അദ്ദേഹം.
കനത്ത ചൂടിനെത്തുടർന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ഇന്നും നിലവിലുണ്ട്. സൗത്ത്, സെൻട്രൽ ഇംഗ്ലണ്ട്, വെയിൽസിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ ആംബർ അലർട്ടാണ്. സർക്കാർ, ജല കമ്പനികൾ, പരിസ്ഥിതി ഏജൻസി തുടങ്ങിയവരുടെ പ്രതിനിധികൾ ഉൾപ്പെടുന്ന നാഷണൽ ഡ്രോട്ട് ഗ്രൂപ്പ് വെള്ളിയാഴ്ച ഇംഗ്ലണ്ടിലെ എട്ട് പ്രദേശങ്ങളിൽ ഔദ്യോഗിക വരൾച്ച പ്രഖ്യാപിച്ചു.
“ഇത് ഒരു സാധാരണ വേനൽക്കാലമല്ല. വെള്ളത്തിന്റെ അഭാവം മാസങ്ങളോളം നിലനിൽക്കും.” എൻവയോൺമെന്റ് ഏജൻസിയുടെ ലോക്കൽ ഓപ്പറേഷൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ ജോൺ കർട്ടിൻ പറഞ്ഞു. അടുത്ത വർഷം വരൾച്ച ഉണ്ടാകാതിരിക്കാൻ, ഈ ശൈത്യകാലത്ത് ശരാശരിയെക്കാൾ കൂടുതൽ മഴ ആവശ്യമായി വരുമെന്ന് അദ്ദേഹം അറിയിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- ഡെർബിഷെയറിൽ നായയുടെ ആക്രമണത്തിൽ ഒരു സ്ത്രീക്കും രണ്ട് കുട്ടികൾക്കും പരിക്കേറ്റു. ഇരുപതുകാരനായ നായയുടെ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഇവർക്ക് പുറമേ 16 വയസ്സിൽ താഴെയുള്ള മറ്റൊരു കുട്ടിക്കും പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പരിക്കേറ്റ നാല് പേരും ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. തികച്ചും അനിയന്ത്രിതമായി നായയെ കൈവശം വെച്ചതിനാണ് ഉടമയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടൊപ്പം തന്നെ ഇയാളുടെ വീട്ടിൽ നിന്ന് നാലോളം നായകളെ പോലീസ് വീണ്ടെടുത്തു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആർക്കും തന്നെ സാരമായ പരിക്കുകളില്ല എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
വെള്ളിയാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം നടന്നതെന്ന് പോലീസ് അധികൃതർ വ്യക്തമാക്കി. നായയുടെ ഉടമയും സ്ത്രീയും തമ്മിൽ മുൻപരിചയം ഉണ്ടെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ തുടർന്ന് നിരവധി പോലീസ് വണ്ടികൾ സ്ഥലത്ത് എത്തിയതോടെയാണ് സമീപവാസികൾ എല്ലാവരും വിവരമറിഞ്ഞത്. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഒന്നും തന്നെ പോലീസ് അധികൃതർ വ്യക്തമാക്കിയിട്ടില്ല.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- ബ്രിട്ടനിൽ ജീവിത ചെലവുകൾ ക്രമാതീതമായി വർദ്ധിച്ചിരിക്കെ, ഏകദേശം 50 ബില്യൺ പൗണ്ടോളം തുക ബാങ്കുകളിലും, പെൻഷൻ പണമായും, ഇൻവെസ്റ്റ്‌മെന്റുകളായും അവകാശികൾ ഇല്ലാതെ അവശേഷിക്കുകയാണെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കിയിരിക്കുകയാണ്. ഏകദേശം 20 മില്യനോളം ജനങ്ങളുടെ പണം സ്വീകരിക്കാത്ത പെൻഷൻ പണങ്ങളായും, മരവിപ്പിക്കപ്പെട്ട ബാങ്ക് അക്കൗണ്ടിലും, ഇൻവെസ്റ്റ്മെന്റുകളിലുമായും മറ്റും നഷ്ടമായിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഇതിൽ തന്നെ 19 ബില്യൺ മുതൽ 37 ബില്യൺ വരെ തുക ഇനിയും സ്വീകരിക്കാത്ത പെൻഷൻ പണമായാണ് നിലനിൽക്കുന്നത്. നഷ്ടപ്പെട്ട ബാങ്ക് അക്കൗണ്ടുകളിലായി 4.5 ബില്യൺ തുകയും, ഇൻവെസ്റ്റ് മെന്റുകളിലായി 2.8 ബില്യൺ തുകയും, അവകാശപ്പെടാത്ത ലൈഫ് ഇൻഷുറൻസ് പോളിസികളിലായി 2 ബില്യൺ തുകയും ബ്രിട്ടീഷുകാർക്ക് നഷ്ടമായിക്കൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോർട്ട് വ്യക്തമാക്കിയിരിക്കുന്നത്.
നാലിലൊരാളുടെ പെൻഷൻ തുക ഇപ്പോഴും സ്വീകരിക്കപ്പെടാതെ പോകുകയാണെന്നാണ്
റിപ്പോർട്ട് തയ്യാറാക്കിയ ഗ്രേറ്റൽ വെബ്സൈറ്റ് വെളിപ്പെടുത്തിയിരിക്കുന്നത്. പലപ്പോഴും ആളുകളുടെ ശ്രദ്ധക്കുറവ് മൂലമാണ് ഇത്തരത്തിൽ പെൻഷൻ പണവും മറ്റും നഷ്ടമായി പോകുന്നത്.
ജനങ്ങൾക്ക് ഇത്തരത്തിൽ നഷ്ടമായ തുക തിരിച്ചെടുക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 31 ആണ്. എക്സ്പീരിയൻ കമ്പനിയുടെ അൺക്ലയ് മ്ഡ് അസറ്റ്സ് രജിസ്റ്ററിലൂടെ ജനങ്ങൾക്ക് തങ്ങളുടെ പണം തിരിച്ചെടുക്കാനുള്ള അവസരം ഇപ്പോഴുണ്ട്. ജനങ്ങൾ ഈ സേവനം ഇനിയുള്ള ദിവസങ്ങളിൽ പരമാവധി പ്രയോജനപ്പെടുത്തണമെന്ന ആവശ്യമാണ് റിപ്പോർട്ടിൽ ഉന്നയിച്ചിരിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ന്യൂയോർക്ക് : ന്യൂയോർക്കിലെ പ്രസംഗവേദിയില്‍വച്ച് അക്രമിയുടെ കുത്തേറ്റ പ്രശസ്ത എഴുത്തുകാരൻ സല്‍മാന്‍ റുഷ്ദിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്. ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയ റുഷ്ദി ഇപ്പോൾ വെറ്റിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. കഴുത്തിലും മുഖത്തും ഗുരുതര പരുക്കേറ്റ റുഷ്ദിയുടെ ഒരു കണ്ണിന്‍റെ കാഴ്ചയും നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. അദ്ദേഹത്തിന് ഇപ്പോൾ സംസാരിക്കാനും കഴിയുന്നില്ല.
ഷട്ടോക് വ വിദ്യാഭ്യാസകേന്ദ്രത്തിലെ ചടങ്ങിനിടെയാണ് വേദിയിലേക്കു പാഞ്ഞെത്തിയ അക്രമി റുഷ്ദിയെ കഴുത്തിൽ കുത്തിവീഴ്ത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ന്യൂജഴ്സിയിൽ നിന്നുള്ള ഹാദി മറ്റാർ (24) ആണ് പിടിയിലായത്.
കുത്തേറ്റതിന് തൊട്ടുപിന്നാലെ അദ്ദേഹത്തെ ഹെലിക്കോപ്റ്ററിൽ ആശുപത്രിയിലെത്തിക്കുകയും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ കൈ ഞരമ്പ് മുറിഞ്ഞിട്ടുണ്ട്. കരളിനും പരിക്കേറ്റുവെന്നാണ് വിവരം. മുംബൈയിൽ ജനിച്ച സൽമാൻ റുഷ്ദി നിലവിൽ ബ്രിട്ടീഷ് പൗരനാണ്. 1988-ൽ പ്രസിദ്ധീകരിച്ച ദ സാത്താനിക് വേഴ്സസ് എന്ന നോവൽ ഏറെ വിവാദമായി. മതനിന്ദ ആരോപിച്ച് ഇറാൻ ഇതിന് വിലക്കേർപ്പെടുത്തി. റുഷ്ദിയെ വധിക്കുന്നവർക്ക് 30 ലക്ഷം ഡോളർ (ഏകദേശം 24 കോടി രൂപ) പാരിതോഷികവും പ്രഖ്യാപിച്ചു. റുഷ്ദിയുടെ നാലാമത്തെ നോവലാണ് സാത്താനിക് വേഴ്സസ്. 1981-ൽ പുറത്തിറങ്ങിയ മിഡ്നൈറ്റ് ചിൽഡ്രൻ ആണ് അദ്ദേഹത്തെ ലോകപ്രശസ്തനാക്കിയത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
മോണ്ടിനെഗ്രോ :- മോണ്ടിനെഗ്രോയിലെ നഗരത്തിൽ അക്രമി നടത്തിയ വെടിവെപ്പിൽ 11 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ രണ്ടുപേർ കുട്ടികളാണ് എന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വെള്ളിയാഴ്ചയാണ് മോണ്ടിനെഗ്രോയിലെ തെക്കൻ നഗരമായ സെറ്റിങ്ങയിൽ മനുഷ്യമനസാക്ഷിയെ നടുക്കുന്ന ഈ സംഭവം നടന്നത്. അക്രമിയുടെ ഭവനത്തിൽ വാടകയ്ക്ക് താമസിച്ചിരുന്ന അമ്മയെയും എട്ടും പതിനൊന്നും വയസ്സുള്ള രണ്ട് മക്കളെയുമാണ് ആദ്യം ഇയാൾ ഹണ്ടിങ് റൈഫിൾ ഉപയോഗിച്ച് കൊലപ്പെടുത്തിയത്. അതിനുശേഷം ഇയാൾ തെരുവിലേക്ക് ഇറങ്ങി വെടിവെപ്പ് തുടരുകയായിരുന്നു എന്ന് പോലീസ് അധികൃതർ വ്യക്തമാക്കി. 34 വയസ്സോളം പ്രായമുള്ള ആളായിരുന്നു അക്രമി എന്നാണ് പ്രാഥമിക നിഗമനങ്ങൾ വ്യക്തമാക്കുന്നത്. നിരന്തരമായി നടത്തിയ വെടിവെപ്പിന് ഒടുവിൽ ഇയാളെ വഴി പോകുന്നവരിൽ ഒരാൾ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. 11 പേരിൽ 9 പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണത്തിന് കീഴടങ്ങി. മറ്റു രണ്ടുപേർ ആശുപത്രിയിൽ എത്തിച്ച ശേഷമാണ് മരണപ്പെട്ടതെന്ന് അധികൃതർ വ്യക്തമാക്കി.
11 പേർ കൊല്ലപ്പെട്ട ഈ വെടിവെപ്പ് രാജ്യത്തെ ആകമാനം നടുക്കിയിരിക്കുകയാണ്. രാജ്യത്തിന്റെ ചരിത്രത്തിൽ ഇത്തരം വെടിവെപ്പ് ആദ്യം ആണെന്ന് പ്രധാനമന്ത്രി ഡ്രിട്ടൻ അബസോവിക് മാധ്യമങ്ങളോട് പറഞ്ഞു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് എല്ലാവിധ സഹായങ്ങളും പിന്തുണയും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് ഔദ്യോഗികമായ പ്രസ്താവനകൾ ഒന്നും തന്നെ പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ഫോറൻസിക് വിഭാഗവും സംഭവസ്ഥലത്ത് അന്വേഷണം നടത്തുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.