ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യുകെയിൽ ഡ്രൈവിംഗ് ടെസ്റ്റുകൾ ആകെ താളം തെറ്റിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. നിലവിൽ 530, 387 പേരാണ് ഡ്രൈവിംഗ് ടെസ്റ്റുകൾക്കായുള്ള കാത്തിരിപ്പു പട്ടികയിലുള്ളത്. 2021 മെയ് മാസത്തിൽ ഇത് 496 ,124 പേർ മാത്രമായിരുന്നു.
നിലവിൽ ഡ്രൈവിംഗ് ടെസ്റ്റിനായി ശരാശരി 14 ആഴ്ച വരെ കാത്തിരിക്കേണ്ടി വരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നിരുന്നാലും ചില മേഖലകളിൽ ഇത് 6 മാസം വരെയായതായും റിപ്പോർട്ടുകൾ ഉണ്ട് . കോവിഡ് സമയത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതാണ് ഡ്രൈവിംഗ് ടെസ്റ്റുകൾ ആകെ താളം തെറ്റാൻ കാരണം. ടെസ്റ്റുകളുടെ കാലതാമസത്തിനൊപ്പം ട്രെയിനി ഇൻസ്ട്രക്ടർമാരുടെ പരീക്ഷ മുടങ്ങിയതും പ്രതിസന്ധിയുടെ ആഴം വർദ്ധിപ്പിക്കാൻ കാരണമായിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- എൻഎച്ച്എസ് വെബ്സൈറ്റിൽ മാസമുറയെ സംബന്ധിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങളിൽ സ്ത്രീകൾ എന്ന പദം പൂർണമായി ഒഴിവാക്കിയതിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നുവന്നിരിക്കുകയാണ്. ഇത്തരം മാർഗനിർദ്ദേശങ്ങൾ ഗുണത്തേക്കാൾ ഉപരി ദോഷം, പെൺകുട്ടികൾക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടാക്കുമെന്നും മെഡിക്കൽ രംഗത്തെ വിദഗ്ധർ വ്യക്തമാക്കി. ജെൻഡർ – ന്യൂട്രൽ ഭാഷ ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു നീക്കം എൻഎച്ച്എസിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. എൻ എച്ച് എസ് വെയിൽസ് നിയന്ത്രിക്കുന്ന ബ്ലഡി ബ്രില്ല്യന്റ് എന്ന വെബ്സൈറ്റിലാണ് ഇത്തരം ഭാഷ ഉപയോഗിച്ചിരിക്കുന്നത് എന്ന് മെയിൽ ഓൺലൈൻ പത്രം ചൂണ്ടിക്കാട്ടി. പിരീഡ് സിനെ സംബന്ധിക്കുന്ന തെറ്റായ ധാരണകൾ ഇല്ലാതാക്കുവാനും, അത് മനുഷ്യ ശരീരത്തിലെ സാധാരണ ഒരു പ്രക്രിയ ആണെന്ന് ജനങ്ങൾക്കിടയിൽ അവബോധം ഉണ്ടാക്കുന്നതിനുമാണ് 2021ൽ എൻ എച്ച് എസ് വെയിൽസും, വെൽഷ് ഗവൺമെന്റും ചേർന്ന് ഈ വെബ്സൈറ്റ് ആരംഭിച്ചത്. മെനോപോസിനെ സംബന്ധിക്കുന്ന വിവരങ്ങളിലും, മുലയൂട്ടുന്നതിനെ സംബന്ധിക്കുന്ന വിവരങ്ങളിലും ഒന്നും തന്നെ സ്ത്രീകൾ എന്ന പദം ഉപയോഗിച്ചിട്ടില്ല.
ഇത്തരത്തിലുള്ള ഭാഷ പൊതുവിൽ സ്വീകാര്യം ആണെങ്കിലും, ആരോഗ്യ നിർദ്ദേശങ്ങളിൽ അത്തരം ഭാഷ ഉപയോഗിക്കുന്നത് ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതിന് കാരണമാകും എന്നാണ് മെഡിക്കൽ വിദഗ്ധർ വ്യക്തമാക്കുന്നത്. സ്ത്രീകളിൽ മാസമുറ അവസാനിക്കുന്ന അവസ്ഥയാണ് എന്നതായിരുന്നു മെനോപോസിനെ സംബന്ധിച്ച് മുൻപ് എൻ എച്ച് എസ് നൽകിയിരുന്ന വിശദീകരണം. എന്നാൽ ജൻഡർ ന്യൂട്രൽ ഭാഷയിൽ സ്ത്രീകൾ എന്ന പദം പൂർണമായി നീക്കം ചെയ്തു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ്, വെയിൽസ് താരം റയാൻ ഗിഗ്‌സ് തന്റെ കാമുകിയെ നഗ്നയാക്കി ഹോട്ടൽ മുറിക്ക് പുറത്തു തള്ളി. മുൻ കാമുകി കേറ്റ് ഗ്രെവില്ലെയെയും അവളുടെ ഇളയ സഹോദരി എമ്മയെയും ആക്രമിച്ചതിന് കോടതി വിചാരണ നേരിടുകയാണ് ഗിഗ്‌സ്. ഗിഗ്‌സ് തന്റെ ഉറ്റ സുഹൃത്തും
ആത്മമിത്രവും ആയിരുനെന്നും എന്നാൽ പിന്നീട് അയാൾ അധിക്ഷേപിക്കുന്നവനും നീചനും ആയെന്ന് കേറ്റ് പറഞ്ഞു. എല്ലാ ആരോപണങ്ങളും ഗിഗ്‌സ് നിഷേധിച്ചു. 2017 ഓഗസ്റ്റിനും 2020 നവംബറിനും ഇടയിൽ കേറ്റിനെ നിരന്തരമായി ആക്രമിച്ചു എന്നതാണ് ഇയാൾക്കെതിരെ ചുമത്തിയ കുറ്റം.
2020 നവംബർ 1-ന് ഗ്രേറ്റർ മാഞ്ചസ്റ്ററിലെ വോർസ്‌ലിയിലുള്ള തന്റെ വീട്ടിൽ വെച്ച് കേറ്റിനെ ആക്രമിച്ചു. ശാരീരിക ഉപദ്രവം ഏല്പിച്ചു. കേറ്റിന്റെ സഹോദരിയെ ആക്രമിച്ചെന്ന കുറ്റവും ഗിഗ്‌സിന്റെ പേരിലുണ്ട്. ഗിഗ്‌സിന് മറ്റ് എട്ട് സ്ത്രീകളുമായി കഴിഞ്ഞ ആറ് വർഷത്തിനിടയിൽ ബന്ധമുണ്ടായിരുന്നു എന്നതിന് തെളിവുകൾ കണ്ടെത്തിയതായി കേറ്റ് ഡിറ്റക്ടീവുകളോട് പറഞ്ഞു.
തന്നോട് വളരെ മോശമായി പെരുമാറിയെന്നും കൂടെ ഉണ്ടായിരുന്ന സമയത്തല്ലാം ശാരീരികമായി ഉപദ്രവിച്ചുവെന്നും കേറ്റ് വിശദീകരിച്ചു. ഓൾഡ് ട്രാഫോർഡിൽ ഉണ്ടായിരുന്ന സമയത്ത്, മാഞ്ചസ്റ്റർ യുണൈറ്റഡിനായി 13 പ്രീമിയർ ലീഗ് കിരീടങ്ങളും രണ്ട് ചാമ്പ്യൻസ് ലീഗ് ട്രോഫികളും നാല് എഫ്എ കപ്പുകളും മൂന്ന് ലീഗ് കപ്പുകളും നേടിയ വ്യക്തിയാണ് ഗിഗ്‌സ്. വെയിൽസിനായി 64 മത്സരങ്ങൾ കളിച്ച അദ്ദേഹം ലീഗ് ടു സൈഡ് സാൽഫോർഡ് സിറ്റിയുടെ സഹ ഉടമയുമാണ്. വിചാരണ ഇന്നും തുടരും.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
പോളിയോ വൈറസിനെ പ്രതിരോധിക്കാൻ അടിയന്തര നടപടിക്ക് ഒരുങ്ങി ബ്രിട്ടൻ . ഇതിന്റെ ഭാഗമായി 10 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പോളിയോ ബൂസ്റ്റർ വാക്സിനുകൾ നൽകാനുള്ള നടപടികൾ ആരംഭിച്ചു. ബ്രിട്ടനിൽ 2 വയസ്സ് ആകുമ്പോഴേക്കും 95 ശതമാനം കുട്ടികളും 5 ഡോസ് വാക്സിൻ എടുത്തതായാണ് കണക്കുകൾ കാണിക്കുന്നത്. എന്നാൽ ലണ്ടനിൽ ഇത് 90 ശതമാനത്തിൽ കുറവാണ്.
40 വർഷത്തിനുശേഷം ആദ്യമായി യുകെയിൽ പോളിയോ വൈറസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞതാണ് അടിയന്തര പ്രതിരോധ പ്രവർത്തനത്തിലേയ്ക്ക് നീങ്ങാൻ ആരോഗ്യവകുപ്പിനെ പ്രേരിപ്പിക്കുന്നത്. കുട്ടികൾക്ക് വാക്സിൻ നൽകുന്നത് ഉറപ്പുവരുത്തുന്നതും അർഹമായവർ ബൂസ്റ്റർ ഡോസ് സ്വീകരിക്കുവാനും യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി ആവശ്യമായ ബോധവൽക്കരണ പരിപാടികൾക്ക് ഉടൻതന്നെ തുടക്കം കുറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബ്രിട്ടനിൽ നിലവിൽ പോളിയോ സ്ഥിരീകരിച്ച കേസുകൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല . എന്നാൽ ലണ്ടനിലെ മലിനജല സാമ്പിളിൽ പോളിയോ വൈറസ് കണ്ടെത്തിയത് അപായ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഈയാഴ്ച രാജ്യത്തെ ചില പ്രദേശങ്ങളിൽ താപനില 35 ഡിഗ്രി സെൽഷ്യസ് വരെ എത്തുന്ന സാഹചര്യത്തിൽ മെറ്റ് ഓഫീസ് നാലുദിവസത്തേക്ക് നീളുന്ന ആമ്പർ എക്‌സ്ട്രീം ഹീറ്റ് മുന്നറിയിപ്പ് നൽകി. മുന്നറിയിപ്പ് വ്യാഴാഴ്ച അർദ്ധരാത്രി മുതൽ ഞായറാഴ്ച വരെ ഇംഗ്ലണ്ടിന്റെ തെക്ക് ,മധ്യ ഭാഗങ്ങളിലും വെയിൽസിൻെറ ചില ഭാഗങ്ങളിലുമാണ് ബാധകം. ജൂലൈയിൽ താപനില 40 ഡിഗ്രി സെൽഷ്യസ് കവിഞ്ഞപ്പോൾ ആദ്യമായി റെഡ് വാർണിങ് പുറപ്പെടുവിച്ചിരുന്നത്. ഇതിന് പിന്നാലെയുള്ള രണ്ടാമത്തെ മുന്നറിയിപ്പാണിത്. അതേസമയം വരും ആഴ്ചകളിൽ ഉള്ള ഹോസ്പൈപ്പ് നിരോധനത്തിനുള്ള പദ്ധതികൾ ജലസ്ഥാപനമായ തേംസ് വാട്ടർ പ്രഖ്യാപിച്ചു. താപനില വീണ്ടും ഉയരാനുള്ള സാധ്യതയെ മുൻകരുതിയാണ് ഇത്തരത്തിലുള്ള നടപടി സ്വീകരിച്ചത് എന്നും കമ്പനി അറിയിച്ചു. കെന്റ്, സസെക്‌സ്, പെംബ്രോക്‌ഷയർ, കാർമർഥെൻഷയർ എന്നിവിടങ്ങളിൽ ഉടൻതന്നെ വിലക്കുകൾ പ്രാബല്യത്തിൽ വരും.
ഈയാഴ്ചത്തെ താപനില കഴിഞ്ഞമാസം റെക്കോർഡ് ചെയ്തതിലും താഴെ ആയിരിക്കുമെങ്കിലും നിലവിൽ രേഖപ്പെടുത്തിയ ഉഷ്ണതരംഗം കൂടുതൽ കാലം നിലനിൽക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആളുകളുടെ ആരോഗ്യത്തെ ബാധിക്കുന്ന തരത്തിൽ ചൂട്, സൂര്യതാപത്തിനോ മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കോ ഉള്ള സാധ്യത മുൻനിർത്തിയാണ് ആമ്പർ ഹീറ്റ് മുന്നറിയിപ്പുകൾ നൽകുന്നത്. താപനിലയിൽ ഉണ്ടാവുന്ന വർദ്ധനവ് ഹീറ്റ് സെൻസിറ്റീവ് ഉപകരണങ്ങളുടെ പ്രവർത്തനത്തെയും ബാധിക്കാം. കൂടാതെ റോഡ്, റെയിൽ, വിമാന യാത്രകളുടെ കാലതാമസത്തിനും താപനിലയിൽ ഉള്ള വർദ്ധനവ് കാരണമായേക്കാം. യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി (യുകെഎച്ച്എസ്എ) ചൊവ്വാഴ്ച മുതൽ ഞായറാഴ്ച വരെ ജനങ്ങൾക്ക് ബാധകമായ ലെവൽ-ത്രീ ഹീറ്റ് ഹെൽത്ത് അലേർട്ടും ഇതിനോടകം പുറപ്പെടുവിച്ച് കഴിഞ്ഞു.
ലിസാ മാത്യു , മലയാളം യുകെ ന്യൂസ് ടീം
യു കെ :- ജൂലൈ 29 മുതൽ ഓഗസ്റ്റ് 8 വരെ ബിർമിങ്ഹാമിൽ വെച്ച് നടന്ന കോമൺവെൽത്ത് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായുള്ള സാംസ്കാരിക നൃത്ത പരിപാടിയിൽ പങ്കെടുക്കുവാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് യുകെ മലയാളി വിദ്യാർത്ഥിയായ റയോൺ സ്റ്റീഫൻ. കണ്ണൂർ സ്വദേശിയായ റയോൺ 2021ൽ ബർമിങ്ഹാമിലെ ആസ്റ്റൺ യൂണിവേഴ്സിറ്റിയിൽ സപ്ലൈ ചെയിൻ മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദ പഠനത്തിനാണ് എത്തിയത്. ഗെയിംസിനോട് അനുബന്ധിച്ച് നിരവധി അവസരങ്ങൾ തുറന്നു ലഭിക്കുമെന്നുള്ളത് ആസ്റ്റൺ യൂണിവേഴ്സിറ്റി തന്നെ തിരഞ്ഞെടുക്കുവാൻ തനിക്കൊരു കാരണമായിരുന്നുവെന്ന് റയോൺ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.
പഠനത്തിനിടയിലാണ്, കോമൺവെൽത്ത് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിന്റെയും, സമാപന ചടങ്ങിന്റെയും ഭാഗമായുള്ള സാംസ്കാരിക നൃത്ത പരിപാടിയിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർക്കായുള്ള ഓഡിഷനെ സംബന്ധിക്കുന്ന വാർത്ത താൻ കാണുവാൻ ഇടയായതെന്ന് റയോൺ പറഞ്ഞു. നൃത്തത്തോട് പ്രത്യേകമൊരു അഭിനിവേശം ഉള്ളതിനാൽ തന്നെ, ഏപ്രിൽ ഒന്നിന് നടന്ന ഒഡീഷനിൽ റയോൺ ആദ്യം തന്നെ പങ്കാളിയായി. ബാംഗ്ലൂർ ക്രൈസ്റ്റ് കോളേജിലാണ് റയോൺ തന്റെ ബിരുദ പഠനം പൂർത്തിയാക്കിയത്. ബിരുദ പഠനത്തിന്റെ മൂന്നുവർഷക്കാലത്തും യൂണിവേഴ്സിറ്റി ഡാൻസ് ടീമിന്റെ ഭാഗമാകുവാൻ തനിക്ക് സാധിച്ചതായി റയോൺ പറഞ്ഞു.
ചെന്നൈയിൽ വച്ച് നടന്ന നാഷണൽ കോമ്പറ്റീഷനുകളിൽ താനടങ്ങുന്ന ടീമിന് ഒന്നാം സ്ഥാനം ലഭിച്ചത് ഒഡീഷനിൽ പങ്കെടുക്കാൻ കൂടുതൽ ആത്മവിശ്വാസം തന്നതായി റയോൺ പറഞ്ഞു. വളരെ കൃത്യമായ രീതിയിൽ, ശരീര അളവുകൾ പോലും എടുത്താണ് ഓഡിഷൻ നടത്തിയത്. ഓഡിഷന് ശേഷം ഏകദേശം ഒരു മാസത്തോളം കഴിഞ്ഞാണ് റിസൾട്ട് പ്രഖ്യാപിച്ചത് . തിരഞ്ഞെടുക്കപ്പെട്ടു എന്ന മെയിൽ ലഭിച്ചപ്പോൾ തനിക്ക് വളരെയധികം സന്തോഷം ഉണ്ടായതായി റയോൺ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.
ജൂൺ, ജൂലൈ മാസങ്ങൾ പൂർണമായും പരിശീലന കാലഘട്ടങ്ങൾ ആയിരുന്നു. വിവിധ പ്രോപ്പുകൾ ഉപയോഗിച്ചുള്ള തങ്ങളുടെ ഭാഗത്തിൽ, ലോകത്തിൽ ആദ്യമായി വെർമിങ്‌ഹാമിൽ വച്ച് നിർമ്മിക്കപ്പെട്ട ഇലക്ട്രിക് ഹോണിന്റെ മാതൃകയായിരുന്നു തങ്ങൾക്ക് ലഭിച്ചതെന്ന് റയോൺ പറഞ്ഞു. ബർമിങ്‌ഹാമിൽ എൻജിനീയർ ആയിരുന്ന ഒലിവർ ലൂക്കസ് 1910 ലാണ് ലോകത്തിൽ ആദ്യമായി ഇത്തരത്തിൽ ഒരു ഇലക്ട്രിക് ഹോൺ നിർമ്മിച്ചത്. അതിനാൽ തന്നെ ബെർമിങ്‌ഹാമിന്റെ ചരിത്രം വിളിച്ചോതുന്ന ഒരു പരിപാടിയുടെ ഭാഗമായാണ് താൻ മാറിയതെന്നും റയോൺ വ്യക്തമാക്കി. തന്റെ ടീമിൽ താൻ മാത്രമായിരുന്നു ഏക ഇന്ത്യൻ പൗരനെന്നും, ജർമ്മനി, സ്പെയിൻ, ലാറ്റ് വിയ തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള അംഗങ്ങൾ ടീമിൽ ഉണ്ടായിരുന്നത് റയോൺസിന് പുതിയൊരു അനുഭവമായിരുന്നു.
ഈ പരിശീലനം നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് കോമൺവെൽത്ത് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങും സമാപനച്ചടങ്ങും കൈകാര്യം ചെയ്യുന്ന ബിർമിങ്ഹാം സെറിമണിസ് ലിമിറ്റഡ് എന്ന കമ്പനിയിൽ ഓപ്പറേഷൻസ് കോഡിനേറ്റർ എന്ന തസ്തികയിലെ ഒഴിവിലേക്ക് റയോൺസിന് അപേക്ഷിക്കാൻ സാധിച്ചത് . വിവിധ ജോലികൾക്കായി അപ്ലൈ ചെയ്യുന്നതിനിടയിലാണ് ഇത്തരം ഒരു അവസരം കണ്ടത്. ഇന്റർവ്യൂവിൽ നന്നായി തന്നെ പങ്കെടുത്തതിൻെറ ഫലമായി ജൂൺ ആദ്യ ആഴ്ച തന്നെ ജോലിക്ക് കയറുവാൻ സാധിച്ചതായും റയോൺ പറഞ്ഞു. ഗെയിംസ് നടക്കുന്ന അലക്സാണ്ടർ സ്റ്റേഡിയത്തിലും , ലോങ്ങ്‌ബ്രിഡ്ജിലും ആയിരുന്നു ജോലിയുടെ പ്രധാന മേഖലകൾ. ക്ലീനിങ്, കേറ്ററിംഗ് തുടങ്ങിയ മേഖലകളുടെ മേൽനോട്ടം ആയിരുന്നു ജോലിയുടെ ഭാഗമായി ഉണ്ടായിരുന്നത്. മത്സരാർത്ഥികളുടെ വിവിധമായ ആവശ്യങ്ങൾ നിറവേറ്റി കൊടുക്കുവാൻ സാധിച്ചതിലൂടെ പല സമയങ്ങളിലും അവരുമായി ആശയവിനിമയത്തിനുള്ള അസുലഭ അവസരമാണ് റയോൺസിന് ലഭിച്ചത്.
കണ്ണൂർ ജില്ലയിലെ വയാട്ടുപറമ്പാണ് റയോൺ സ്റ്റീഫന്റെ സ്വദേശം. പള്ളിത്തറയിൽ സാബു സ്റ്റീഫന്റെയും ബീന റോസിന്റെയും രണ്ടാമത്തെ മകനാണ് റയോൺ. മൂന്ന് സഹോദരങ്ങളാണ് റയോണിനുള്ളത്. സാൻജി സ്റ്റീഫൻ, ആൽവസ് സ്റ്റീഫൻ, സിൽവാന സ്റ്റീഫൻ എന്നിവർ റയോണിനു ആവശ്യമായ എല്ലാ പിന്തുണയും നൽകുന്നുണ്ട്. ദൂരെയാണെങ്കിലും തന്റെ കുടുംബത്തിന്റ മാനസിക പിന്തുണ തന്റെ വിജയത്തിന്റെ അടിത്തറ ആണെന്ന് റയോൺ പറഞ്ഞു. ഇത്തരമൊരു ചടങ്ങിന്റെ ഭാഗമാകാൻ സാധിച്ചത് വലിയൊരു ഭാഗ്യമായാണ് താൻ കരുതുന്നതെന്ന് റയോൺ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.
ലണ്ടൻ : പ്രധാനമന്ത്രിയായാൽ എനർജി ബില്ലുകൾക്കായി കൂടുതൽ പണം നൽകുമെന്ന് ഋഷി സുനക്കിന്റെ വാഗ്ദാനം. എന്നാൽ, കൃത്യമായ തുക ഇതുവരെ നിശ്ചയിച്ചിട്ടില്ല. അത് ഊർജ്ജ വില പരിധിയിലെ വർദ്ധനവിനെ ആശ്രയിച്ചിരിക്കും. എനർജി റെഗുലേറ്റർ ഓഫ്‌ജെം ഓഗസ്റ്റ് 26-ന് വില പരിധിയിലെ വർദ്ധനവ് പ്രഖ്യാപിക്കും. വിതരണക്കാർക്ക് ഒരു യൂണിറ്റിന് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കാവുന്ന പരമാവധി തുകയാണ് ഇത്. “കൂടുതൽ പിന്തുണ ആവശ്യമായി വരുമെന്നതിൽ യാതൊരു സംശയവുമില്ല. ബില്ലുകൾ ഉയരുന്നതിനനുസരിച്ച് എന്റെ പ്രവർത്തനവും കൂടും.” സുനക് പറഞ്ഞു.
പണപ്പെരുപ്പം ഈ വർഷം 13 ശതമാനത്തിലെത്തുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പറഞ്ഞു. അതേസമയം, സെപ്തംബർ ആദ്യം ഓഫീസ് വിടുന്നതിന് മുമ്പ് ജീവിതച്ചെലവ് പ്രതിസന്ധി ലഘൂകരിക്കുന്നതിന് വലിയ നികുതിയും ചെലവ് നടപടികളും അവതരിപ്പിക്കാൻ ജോൺസണിന് പദ്ധതിയില്ലെന്ന് ഡൗണിംഗ് സ്ട്രീറ്റ് പറഞ്ഞു.
ഒക്ടോബറിലെ ഊർജ വില വർധന പിൻവലിക്കണമെന്ന് ലിബറൽ ഡെമോക്രാറ്റുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാർ ഇതിനകം പ്രഖ്യാപിച്ച പിന്തുണയിൽ എൺപത് ലക്ഷം താഴ്ന്ന വരുമാനമുള്ള കുടുംബങ്ങൾക്ക് £650 പേയ്‌മെന്റ്, പെൻഷൻകാർക്ക് അധികമായി £300, എല്ലാ കുടുംബങ്ങൾക്കും £400 എന്നിവ ഉൾപ്പെടുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ജോഹന്നാസ്ബർഗ് : ദക്ഷിണാഫ്രിക്കയിൽ ബന്ധുക്കളെ കാണാനെത്തിയ ബ്രിട്ടീഷ് യുവതി വെടിയേറ്റ് മരിച്ചു. ലെസ്റ്റർഷെയറിൽ കഴിയുന്ന ഫാത്തിമ ഇസയാണ് ദാരുണമായി കൊല്ലപ്പെട്ടത്. വർഷങ്ങൾക്ക് ശേഷം കുടുംബത്തോടൊപ്പം രണ്ടാഴ്ചയോളം ചെലവഴിക്കാൻ ഭർത്താവ് ഫയാസിനൊപ്പമാണ് ഫാത്തിമ എത്തിയത്. ജോഹന്നാസ്ബർഗിലെ ഗേറ്റഡ് മെയേർസൽ വ്യൂ എസ്റ്റേറ്റിലെ വസതിയിൽ താമസിക്കുമ്പോഴാണ് വെടിയേറ്റത്. തോക്ക് വൃത്തിയാക്കുന്നതിനിടെ ബന്ധുവിന്റെ കയ്യിൽ നിന്നാണ് വെടിയേറ്റത്. പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ വെടിയേറ്റ ഫാത്തിമ തൽക്ഷണം മരിച്ചു.
നാല് കുട്ടികളുടെ അമ്മയാണ് ഫാത്തിമ. പാരാമെഡിക്കുകൾ എത്തി ഫാത്തിമയെ രക്ഷിക്കാൻ തീവ്രശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. പൂർണ്ണമായ അന്വേഷണം നടക്കുന്നുണ്ടെന്ന് ദക്ഷിണാഫ്രിക്കൻ പോലീസ് വക്താവ് പറഞ്ഞു. ഫയാസിനെ സഹായിക്കാനായി ബന്ധുക്കൾ ദക്ഷിണാഫ്രിക്കയിലേക്ക് പോകുമെന്ന് ലെസ്റ്ററിലെ പ്രാദേശിക വൃത്തങ്ങൾ ഫേസ്ബുക്കിൽ കുറിച്ചു.
ഫാത്തിമയുടെ മരണവാർത്ത അറിഞ്ഞതിന്റെ ഞെട്ടലിലാണ് ദി സിറ്റി ഓഫ് ലെസ്റ്റർ കോളേജിലെ സഹപ്രവർത്തകർ. ദക്ഷിണാഫ്രിക്കയിൽ ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ നടക്കുന്ന സ്ഥലമാണ് ജോഹന്നാസ്ബർഗ്. ദക്ഷിണാഫ്രിക്കയിൽ പ്രതിദിനം 58 കൊലപാതകങ്ങളും 150 ബലാത്സംഗങ്ങളും എണ്ണമറ്റ സായുധ കവർച്ചകളും കാർ കടത്തലും നടക്കുന്നതിനാൽ, നിരവധി താമസക്കാർ ആയുധധാരികളാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഇന്ന് വൈകിട്ട് കോമൺവെൽത്ത് ഗെയിംസിന്റെ സമാപന ചടങ്ങുകൾ അരങ്ങേറുമ്പോൾ ഇന്ത്യൻ ടീം അംഗങ്ങൾ അതിൽ പങ്കെടുക്കാനുണ്ടാകില്ല. കായിക മത്സരങ്ങളിൽ പങ്കെടുത്തിരുന്ന മിക്കവരും ഇന്ത്യയിലേക്ക് മടങ്ങിക്കഴിഞ്ഞു. ബാഡ്മിന്റൻെറയും ഹോക്കിയിലെയും ടീമംഗങ്ങൾക്ക് ഇന്ന് കളിയുള്ളതുകൊണ്ട് പോയിട്ടില്ല . ഇത്ര തിരക്ക് പിടിച്ച് എന്തുകൊണ്ടാണ് ഇന്ത്യൻ ടീം നാട്ടിലേയ്ക്ക് മടങ്ങിയതിൻെറ കാരണമറിയില്ലെന്ന് കോമൺവെൽത്ത് ഗെയിംസുമായി സഹകരിക്കാൻ അവസരം കിട്ടിയ ഒരു യുകെ മലയാളി രോഷത്തോടെ മലയാളം യുകെ ന്യൂസിനോട് പ്രതികരിച്ചു.
11 ദിവസത്തെ കായിക മാമാങ്കത്തിന് സമാപനം കുറിച്ചുള്ള പരിപാടികൾ അരങ്ങേറുന്നത് ബർമിംഗ്ഹാമിലെ അലക്സാണ്ടർ സ്റ്റേഡിയത്തിലാണ്. ഉദ്ഘാടനത്തിലെന്നപോലെ ബർമിംഗ്ഹാമിന്റെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന പരിപാടികൾ കാണികളുടെ മനം കുളിർപ്പിക്കും . 30,000 പേരടങ്ങുന്ന സദസ്സാണ് പരിപാടികളിൽ വീക്ഷിക്കാൻ തൽസമയം ഉണ്ടാവുക. അതുകൂടാതെ ലോകമെങ്ങുമുള്ള ഒട്ടേറെ കലാ കായിക പ്രേമികൾ സമാപന ചടങ്ങുകൾ ദൃശ്യ മാധ്യമങ്ങളിലൂടെ വീക്ഷിക്കും. സമാപന ചടങ്ങിൽ 2026 കോമൺവെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന ഓസ്ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്തിന് ഔപചാരികമായ കോമൺവെൽത്ത് പതാക കൈമാറ്റം നടത്തപ്പെടും.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : വാട്ടർ പാർക്കിൽ ജന്മദിനം ആഘോഷിക്കാനെത്തിയ പതിനൊന്നു വയസുകാരി മുങ്ങിമരിച്ചു. ബെർക്‌ഷെയറിലെ ലിക്വിഡ് ലെഷറിൽ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. ജന്മദിന പാർട്ടിയോട് അനുബന്ധിച്ച് 10 സുഹൃത്തുക്കളുമായി ശനിയാഴ്ച 3 മണിക്ക് വാട്ടർ പാർക്കിൽ എത്തിയതാണ് കെയ്റ. എന്നാൽ 3.40ന് കുട്ടിയുടെ പേര് പറഞ്ഞു അമ്മ അലറി കരഞ്ഞതോടെയാണ് കെയ്റയെ കാണാതായെന്ന് മനസിലായത്. എന്നാൽ, അപകടത്തെ നേരിടാൻ കൗമാരക്കാരായ ലൈഫ് ഗാർഡുകൾ തയ്യാറായിട്ടില്ലായിരുന്നുവെന്ന് ദൃക്സാക്ഷികൾ കുറ്റപ്പെടുത്തി.
ഇത് വാട്ടർ പാർക്കിന്റെ വീഴ്ചയാണെന്നും അവർ പറഞ്ഞു. ഇൻഫ്‌ലാറ്റബിൾ സെഷനിൽ നിന്ന് കെയ്റ തിരിച്ചെത്തിയില്ല. ഫ്ലാറ്റബിളുകൾക്ക് കീഴിൽ തിരയാൻ ഡൈവിംഗ് ഉപകരണങ്ങൾ ഇല്ലാതിരുന്നത് തിരിച്ചടിയായി. 3.55 ന് അടിയന്തര സേവനങ്ങളെ വിളിച്ചു. എന്നാൽ 20 മിനിറ്റിന് ശേഷമാണ് തിരച്ചിൽ ആരംഭിച്ചതെന്ന് അമ്മ കുറ്റപ്പെടുത്തി.
പോലീസും അഗ്നിശമന സേനാംഗങ്ങളും എത്തുന്നതിന് മുൻപ് തിരച്ചിൽ ആരംഭിച്ചു. എന്നാൽ 5.10നാണ് കുട്ടിയെ കണ്ടെത്തിയത്. ഉടൻ വെക്‌സാം പാർക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.