Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : കുതിച്ചുയരുന്ന ഭക്ഷ്യവില വലിയ ആശങ്ക സൃഷ്ടിക്കുന്നെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ചീഫ് ആൻഡ്രൂ ബെയ്‌ലി. ഹൗസ് ഓഫ് കോമൺസിന്റെ ട്രഷറി കമ്മിറ്റിക്ക് മുൻപിലാണ് ബെയ്‌ലി തന്റെ ആശങ്ക തുറന്നുപറഞ്ഞത്. യുക്രെയ്ൻ യുദ്ധവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ വഷളായിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. പണപെരുപ്പം വർധിക്കുകയാണെന്നും താൻ നിസ്സഹായനാണെന്നും ബെയ്‌ലി വ്യക്തമാക്കി. 30 വർഷത്തിനിടയിലെ ഏറ്റവും വേഗമേറിയ നിരക്കിൽ വിലകൾ കുതിച്ചുയരുകയാണ്. ലക്ഷകണക്കിന് ആളുകൾ ദാരിദ്ര്യത്തിലേക്ക് വീഴുന്നു. ഈ വർഷം കടുത്ത പ്രതിസന്ധിയാണ് ബ്രിട്ടീഷ് കുടുംബങ്ങളെ കാത്തിരിക്കുന്നത് – ബെയ്ലി വെളിപ്പെടുത്തി.

പണപ്പെരുപ്പ വർധന ഗാർഹിക ചെലവുകളെ ബാധിക്കുകയും തൊഴിലില്ലായ്മ വർദ്ധിക്കുകയും ചെയ്യും. ഗോതമ്പ്, പാചക എണ്ണ എന്നീ ഉത്പന്നങ്ങളുടെ ലഭ്യതയിലാണ് പ്രധാന ആശങ്ക. റഷ്യയുടെ ആക്രമണം തുടരുന്നതിനാൽ ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യോത്പാദന രാജ്യങ്ങളിലൊന്നായ യുക്രെയ്നിൽ നിന്ന് സാധനങ്ങൾ കയറ്റി അയക്കുന്നതിൽ പ്രശ്നങ്ങളുണ്ടെന്ന് കീവിലെ ധനമന്ത്രി വിശദീകരിച്ചു. ആഗോളതലത്തിൽ ഗോതമ്പിന്റെ 10 ശതമാനവും യുക്രെയ്‌ൻ വിതരണം ചെയ്യുന്നതായി കണക്കാക്കപ്പെടുന്നു. കൂടാതെ സൂര്യകാന്തി എണ്ണയുടെ പ്രധാന ഉത്പാദകരും യുക്രെയ്നാണ്.

അതേസമയം, ജീവിതച്ചെലവ് പ്രതിസന്ധിക്കിടയിലും തൊഴിലാളികൾ വലിയ ശമ്പള വർദ്ധനവ് ആവശ്യപ്പെടരുതെന്ന വാദം ബെയ്ലി ആവർത്തിച്ചു. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്ക് ഒരു ശതമാനമായി ഉയർത്തിയിരുന്നു. ഈ വർഷം പണപെരുപ്പം പത്തു ശതമാനത്തിന് മുകളിൽ എത്തുമെന്നാണ് പ്രവചനം.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഇംഗ്ലണ്ടിൽ നാലുപേർകൂടി കുരങ്ങുപനി സ്ഥിരീകരിച്ചു. പുതിയതായി രോഗം പിടിപെട്ടവർക്ക് നേരത്തെ രോഗം കണ്ടെത്തിയവരുമായി ബന്ധമില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പുതിയതായി കണ്ടെത്തിയ 4 കേസുകളിൽ രണ്ടുപേരുടെ വൈറസ് ബാധയുടെ ഉറവിടം തിരിച്ചറിഞ്ഞിട്ടുണ്ട്.

കുരങ്ങു പനി ബാധിച്ചാൽ ആദ്യത്തെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാൻ സാധാരണയായി 5 മുതൽ 21 ദിവസം വരെയെടുക്കും. 2018ലാണ് യുകെയിൽ ആദ്യമായി മങ്കിപോക്സ് റിപ്പോർട്ട് ചെയ്തത്. അതിനുശേഷം ഏതാനും കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. തലവേദന, പനി, മസിൽ വേദന, തൊണ്ടവേദന, ക്ഷീണം, വിറയൽ തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങൾ. ശേഷം ദേഹമാകമാനം തിണര്‍പ്പുകള്‍ ഉണ്ടാവും. മുഖത്താണ് ആദ്യം തിണര്‍പ്പ് വരുന്നത്. ശേഷം മറ്റ് ശരീരഭാഗങ്ങളിലേക്ക് വ്യാപിക്കും. രണ്ടോ ,നാലോ ആഴ്ച രോഗലക്ഷണങ്ങള്‍ സാധാരണയായി നീണ്ടുനില്‍ക്കും. ഈ ലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ എത്രയും പെട്ടെന്ന് ആശുപത്രിയിൽ പ്രവേശിച്ചു പ്രാഥമിക ചികിത്സ തേടേണ്ടതാണ്. രോഗം ബാധിച്ച ആളുമായി അടുത്തിടപഴകുമ്പോൾ ഇത് പകരാനുള്ള സാധ്യത കൂടുതലാണ്.

1970കളില്‍ നൈജീരിയയിലും മദ്ധ്യ ആഫ്രിക്കന്‍ രാജ്യങ്ങളിലും പടര്‍ന്നു പിടിച്ച മങ്കിപോക്‌സ് 2003ല്‍ അമേരിക്കയിലും വ്യാപകമായി പടര്‍ന്നു പിടിച്ചിരുന്നു. അതേസമയം, വസൂരിയുടെ അതേ വിഭാഗത്തില്‍ പെടുന്ന മങ്കിപോക്സ് പകര്‍ച്ചപ്പനിയായി തുടങ്ങി ശരീരത്തെ അതിവേഗം നശിപ്പിക്കാന്‍ ശേഷിയുള്ളതാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- തിമിരത്തിന് ഇനിമുതൽ ശസ്ത്രക്രിയ ഇല്ലാതെ മരുന്നു കൊണ്ട് മാത്രം പരിഹരിക്കാനാകുന്ന തരത്തിൽ, പുതിയ മരുന്നിന്റെ ഗവേഷണത്തിൽ ഒരു പടികൂടി മുന്നിട്ടിരിക്കുകയാണ് യുകെ ശാസ്ത്രജ്ഞർ. വി പി 1-001 എന്ന കോമ്പൗണ്ടിന്റെ ഐ ഡ്രോപ്സ് എലികളിൽ നൽകി പരീക്ഷിച്ചപ്പോൾ അവരുടെ ലെൻസിന്റെ ഫോക്കസ് 61 ശതമാനം വർദ്ധിച്ചതായി കണ്ടെത്തിയതായി ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. ഇതോടൊപ്പംതന്നെ നൽകിയതിൽ 46 ശതമാനത്തിലും ക്ലാരിറ്റിയും വർദ്ധിച്ചതായി ശാസ്ത്രജ്ഞർ കണ്ടെത്തി. ലോകത്ത് ഭൂരിഭാഗം ജനങ്ങളിലും അന്ധതയ്ക്ക് കാരണമാകുന്ന ഏറ്റവും പ്രമുഖമായ ഒരു കാരണമാണ് തിമിരം. ഈ മരുന്ന് വിജയകരമായി വിപണിയിലെത്തിയാൽ തിമിരം ഉള്ളവർക്ക് ശസ്ത്രക്രിയയുടെ ആവശ്യമില്ല എന്ന് ശാസ്ത്രജ്ഞർ ഉറപ്പിച്ചു വ്യക്തമാക്കുന്നു. എന്നാൽ ഈ മരുന്ന് എല്ലാ തരത്തിലുള്ള തിമിരത്തിനും ഫലപ്രദമാകുമോ എന്ന കാര്യത്തിൽ സംശയമുണ്ടെന്ന് ഗവേഷണത്തിന് നേതൃത്വം നൽകുന്ന പ്രൊഫസർ ബാർബറ പിയർസ്‌കയോനേക് വ്യക്തമാക്കി. അതിനാൽ തന്നെ വിവിധ തരത്തിലുള്ള തിമിരങ്ങൾ തമ്മിൽ വ്യക്തമായ ധാരണ ഉണ്ടാകണമെന്നും അവർ പറഞ്ഞു.

സാധാരണയായി പ്രായമുള്ളവരിലാണ് തിമിരം കണ്ടുവരുന്നത്. കുടുംബാംഗങ്ങളിൽ ഉള്ള പാരമ്പര്യം, പുകവലി, ഡയബറ്റിസ്, അമിത മദ്യപാനം എന്നിവയെല്ലാം തന്നെ തിമിരം ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്ന കാരണങ്ങളാണ്. എന്നാൽ ജനിതക അവസ്ഥകൾ, ഇൻഫെക്ഷനുകൾ എന്നിവ മൂലം ചില സമയത്ത് കുട്ടികളിലും ഇത് കണ്ടുവരുന്നുണ്ട്. നിലവിൽ ശസ്ത്രക്രിയ മാത്രമാണ് തിമിരത്തിന് പ്രതിവിധിയായി ഉള്ളത്. ഈ ശസ്ത്രക്രിയയിൽ കണ്ണിലെ തിമിരം മൂലം മൂടപ്പെട്ട ലെൻസ് മാറ്റി പകരം ഒരു പ്ലാസ്റ്റിക് ലെൻസ് വെക്കുകയാണ് ചെയ്യാറ്. എന്നാൽ പുതിയ പരീക്ഷണം വിജയകരമായാൽ നിരവധിപേർക്ക് ഇതുമൂലമുള്ള പ്രയോജനം ഉണ്ടാകും.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

നോട്ടിങ്ഹാം: പതിമൂന്നുകാരിയായ പെൺകുട്ടിയെ മൂന്നു വർഷത്തിലേറെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ സാറാ ഫിതിയനും ഭർത്താവ് വിക്ടർ മാർക്കിനും ജയിൽ ശിക്ഷ വിധിച്ച് കോടതി. സാറായ്ക്ക് എട്ടു വർഷത്തെ ജയിൽ ശിക്ഷയും വിക്ടറിന് 14 വർഷം ജയിൽ ശിക്ഷയുമാണ് നോട്ടിംഗ്ഹാം ക്രൗൺ കോടതി വിധിച്ചത്. പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിലും വിക്ടർ പ്രതിയാണെന്ന് കോടതി കണ്ടെത്തി. 2016-ലെ മാർവൽ സൂപ്പർഹീറോ ചിത്രമായ ഡോക്ടർ സ്‌ട്രേഞ്ചിൽ ബെനഡിക്ട് കംബർബാച്ചിനൊപ്പം അഭിനയിച്ച സാറാ ഫിതിയൻ (36) നോട്ടിംഗ്ഹാംഷെയറിലെ മാൻസ് ഫീൽഡ് സ്വദേശിയാണ്. മാർഷ്യൽ ആർട്സ് അധ്യാപകനായ വിക്ടർ, പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായി കോടതിയിൽ തെളിഞ്ഞു. 2005 മുതൽ 2008 വരെ ദമ്പതികൾ പെൺകുട്ടിയെ മാസത്തിൽ ഒന്നോ രണ്ടോ തവണ ലൈംഗികമായി ദുരുപയോഗം ചെയ്തു.

2002-നും 2003നും ഇടയിലാണ് പതിനഞ്ചുകാരിയെ വിക്ടർ ലൈംഗിക പീഡനത്തിനിരയാക്കിയത്. ദമ്പതികൾ എല്ലാ കുറ്റങ്ങളും നിഷേധിച്ചെങ്കിലും 12 ദിവസത്തെ വിചാരണയ്ക്ക് ശേഷം ഇരുവരും കുറ്റക്കാരാണെന്ന് ജൂറി വിധിക്കുകയായിരുന്നു.

മുൻ ഭാര്യയായ ജൂലിയറ്റിനൊപ്പം വിക്ടർ ആരംഭിച്ച സ്കൂൾ ഓഫ് ചാമ്പ്യൻസ് അക്കാദമിയിൽ സാറാ ചേർന്നതോടെയാണ് ഇരുവരും തമ്മിൽ കണ്ടുമുട്ടുന്നത്. സാറായ്ക്ക് അന്ന് പതിനാലു വയസ്സായിരുന്നു പ്രായം. കാലാക്രമേണ ആ ബന്ധം പ്രണയത്തിലേക്ക് വഴിമാറി. പിന്നീട് സാറയുമായുള്ള വിക്ടറിന്റെ ബന്ധം പരസ്യമായതോടെ ഭാര്യ ജൂലിയറ്റ് വേർപിരിഞ്ഞു. പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സമയം ഇരുവരും വിവാഹിതരായിരുന്നില്ല. 2015ലായിരുന്നു സാറാ – വിക്ടർ വിവാഹം. പീഡനം നടന്ന് വർഷങ്ങൾക്ക് ശേഷം ഇരയായ പെൺകുട്ടികൾ പോലീസിൽ പരാതിപ്പെട്ടതോടെയാണ് താരത്തിന്റെയും ഭർത്താവിന്റെയും ക്രൂരതകൾ ലോകമറിയുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : വിൻഡ്‌സർ കാസിലിന് സമീപം ഇന്നലെ വൈകുന്നേരം നടന്ന പ്ലാറ്റിനം ജൂബിലി ആഘോഷത്തിൽ നിറസാന്നിധ്യമായി എലിസബത്ത് രാജ്ഞി. മൂന്നു ദിവസത്തിനുള്ളിൽ ഇത് രണ്ടാം തവണയാണ് രാജ്ഞി പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നത്. വിൻഡ്‌സർ കാസിലിലെ രാജകീയ ഇരിപ്പിടത്തിലേക്ക് നിറഞ്ഞ കയ്യടിയോടെയാണ് രാജ്ഞിയെ സ്വാഗതം ചെയ്തത്. എ ഗാലപ്പ് ത്രൂ ഹിസ്റ്ററി എന്ന പേരിൽ വിൻഡ്‌സർ കാസിലിൽ നടന്ന കുതിരസവാരി ആഘോഷപരിപാടിയിൽ രാജ്ഞി പങ്കെടുക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും സ്ഥിരീകരിച്ചിരുന്നില്ല. ഇതിനിടെയാണ് ദേശീയ ഗാനം ആലപിച്ചപ്പോൾ ഹൗസ് ഹോൾഡ് കാവൽറിയുടെ അകമ്പടിയോടെ രാജ്ഞി എത്തിയത്. ഇളയ മകൻ എഡ്വേർഡ് രാജകുമാരനും ഒപ്പമുണ്ടായിരുന്നു.

അയ്യായിരത്തോളം വരുന്ന കാണികൾ കരഘോഷം മുഴക്കി രാജ്ഞിയെ വരവേറ്റു. ടോം ക്രൂസ്, ഹെലൻ മിറൻ, കാതറിൻ ജെങ്കിൻസ് ഉൾപ്പെടെയുള്ള പ്രശസ്ത താരങ്ങളും ആഘോഷത്തിൽ പങ്കെടുത്തു. വിൻഡ്‌സറിൽ നടക്കുന്ന ക്വീൻസ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞത് ഒരു ബഹുമതിയാണെന്ന് ടോം ക്രൂസ് പ്രതികരിച്ചു. കഴിഞ്ഞ കുറച്ചു നാളുകളായി ചലനവുമായി ബന്ധപ്പെട്ട പ്രയാസങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന രാജ്ഞി, കുതിര പ്രദർശനത്തിൽ പങ്കെടുത്തതോടെ ജൂബിലി ആഘോഷങ്ങളിലും പങ്കെടുക്കുമെന്ന പ്രതീക്ഷ ശക്തമായി.

ശാരീരിക അവശതകൾ കാരണം പാര്‍ലമെന്റിന്റെ സ്റ്റേറ്റ് ഓപ്പണിംഗ് ചടങ്ങുകളില്‍ പങ്കെടുക്കാന്‍ രാജ്ഞി എത്തിയിരുന്നില്ല. രാജ്ഞിയെ പ്രതിനിധീകരിച്ച് ചാള്‍സ് രാജകുമാരനും വില്യം രാജകുമാരനുമായിരുന്നു പങ്കെടുത്തത്. ജൂണ്‍ 2 മുതല്‍ 5 വരെയുള്ള ദിവസങ്ങളിലാണ് ജൂബിലി ആഘോഷങ്ങൾ. ബ്രിട്ടനിലേക്ക് തിരികെ എത്തുന്ന ഹാരിയും മേഗനും അവരുടെ മക്കളും രാജകുടുംബം ഒരുക്കുന്ന വിരുന്നിൽ പങ്കെടുക്കുമെന്ന് സൂചനയുണ്ട്.

രാജ്യത്താകമാനം നിരവധി വിരുന്നുകളും മറ്റ് ആഘോഷ പരിപാടികളും അരങ്ങേറും. ലണ്ടന്‍, എഡിന്‍ബര്‍ഗ്, കാര്‍ഡിഫ് എന്നിവിടങ്ങളില്‍ വലിയ സ്‌ക്രീനുകളിലൂടെ ആഘോഷ പരിപാടികള്‍ സംപ്രേക്ഷണം ചെയ്യും. നിറഞ്ഞ പുഞ്ചിരിയോടെ വേദിയിൽ ഇരിക്കുന്ന രാജ്ഞിയെ ആണ് ഇന്നലെ ബ്രിട്ടൻ കണ്ടത്. വരും ദിനങ്ങളിലും ആ മനോഹര കാഴ്ചയ്ക്കായി ബ്രിട്ടീഷ് ജനത കാത്തിരിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി മാർഗരറ്റ് താച്ചറുടെ പ്രതിമ അനാവരണം ചെയ്ത് രണ്ട് മണിക്കൂറിനുള്ളിൽ തന്നെ അതിന് നേരെ മുട്ടയെറിഞ്ഞു വിവാദത്തിൽ ആയിരിക്കുകയാണ് ആർട്സ് സെന്റർ ഡെപ്യൂട്ടി ഡയറക്ടർ ആയിരിക്കുന്ന അൻപത്തിഒൻപതുകാരൻ ജെറെമി വെബ്സ്റ്റർ. താച്ചറുടെ ജന്മനാടായ ഗ്രാന്തം ടൗണിലാണ് പ്രതിമ പുതിയതായി നിർമ്മിച്ചിരിക്കുന്നത്. ജെറെമി തന്നെ സോഷ്യൽ മീഡിയയിലൂടെ ആണ് താൻ ചെയ്ത ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രതിമ അനാവരണം ചെയ്തു ഏകദേശം രണ്ട് മണിക്കൂറിനുള്ളിൽ തന്നെ ജെറെമി സ്ഥലത്തെത്തി നാലോളം മുട്ടകൾ അറിയാൻ ശ്രമിച്ചുവെങ്കിലും അതിൽ ഒരെണ്ണം മാത്രമാണ് പ്രതിമയിൽ പതിച്ചത്. മൂന്നുലക്ഷം പൗണ്ടോളം മുടക്കിയാണ് പ്രതിമ നിർമ്മിച്ചിരിക്കുന്നത്. പ്രതിമയ്ക്ക് നേരെ നടത്തിയ ആക്രമണം തികച്ചും തെറ്റാണെന്ന് ലോക്കൽ കൗൺസിലർമാരും എംപിമാരും പ്രതികരിച്ചു. സാധാരണ ഒരു നേതാവായിരുന്നില്ല താച്ചറെന്നും, എല്ലാ നൂറ്റാണ്ടിലും ജനങ്ങൾ ഓർമ്മച്ചിരിക്കുന്ന ഒരു നാമമാണ് താച്ചറുടെതെന്നും രാഷ്ട്രീയ നേതാക്കൾ പ്രതികരിച്ചു. 10 അടിയോളം ഉയരമുള്ള പ്രതിമയുടെ സംരക്ഷണത്തിനായി സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

ലണ്ടനിലെ പാർലമെന്റ് സ്ക്വയറിൽ ആയിരുന്നു ആദ്യം പ്രതിമ നിർമ്മിക്കുവാൻ തീരുമാനിച്ചിരുന്നത്. എന്നാൽ പിന്നീട് അത് താച്ചറുടെ ജന്മനാട്ടിലേക്ക് മാറ്റുവാൻ തീരുമാനിക്കുകയായിരുന്നു. പ്രതിമയ്ക്ക് ചുറ്റും മെറ്റൽ വേലി ഉണ്ടെങ്കിലും അതിന് പുറത്തുനിന്നാണ് ജെറെമി മുട്ടയെറിഞ്ഞത് എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. സംഭവത്തിൽ ഇതുവരെ അറസ്റ്റുകൾ ഒന്നും തന്നെ നടന്നിട്ടില്ല എന്ന് ലിങ്കൺഷെയർ പോലീസ് വ്യക്തമാക്കി.

മുട്ടയെറിഞ്ഞു എന്ന് സംശയിക്കുന്ന ജെറെമി ഒൻപതു വർഷത്തോളം യൂണിവേഴ്സിറ്റി ഓഫ് ലെയ്സെസ്റ്ററിലെ ആറ്റെൻബോറോ ആർട്സ് സെന്റർ ഡെപ്യൂട്ടി ഡയറക്ടറായി സേവനമനുഷ്ഠിച്ചിരുന്നു. അതോടൊപ്പം തന്നെ വിവിധ ആർട്സ് എക്സിബിഷനുകൾക്ക് അദ്ദേഹം നേതൃത്വം നൽകിയതായും റിപ്പോർട്ടുകളുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം ഉണ്ടാകുമെന്ന് പോലീസ് അധികൃതർ വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഗർഭകാലം എത്രത്തോളം കൂടുന്നുവോ അത്രയധികം പ്രസവം ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. ഇക്കാരണത്താലാണ് മിക്ക പ്രമുഖ എയർലൈനുകളും ഗർഭിണികളായ സ്ത്രീകളെ 34 ആഴ്ചകൾക്ക് ശേഷം യാത്ര ചെയ്യാൻ അനുവദിക്കാത്തത്. പ്രസവ സംബന്ധമായ പ്രശ്നങ്ങൾ നേരിടാൻ ക്യാബിൻ ക്രൂവിന് പരിശീലനം ലഭിക്കാത്തതാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും വിമാനത്താവളത്തിലും വിമാനത്തിനുള്ളിലും പ്രസവം നടക്കുന്നത് വർധിച്ചുവരുന്ന സാഹചര്യത്തിൽ കൂടുതൽ കർശനമായ നിയന്ത്രണങ്ങളുമായി എയർ ഇന്ത്യ എക്സ്പ്രസ് മുന്നോട്ട് വന്നിരിക്കുകയാണ്. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത് 36 ആഴ്ചകൾക്ക് മുകളിൽ ഗർഭം ആയവർക്കാണ്. 28 മുതൽ 35 ആഴ്ച വരെ ആയവർ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള മൂന്നു ദിവസത്തിനകം നേടിയ സർട്ടിഫിക്കറ്റ് ഹാജരാക്കണം. 27 ആഴ്ചകൾ വരെ നിലവിൽ നിയന്ത്രണങ്ങൾ ഒന്നുമില്ല.

എയർ അറേബ്യ 35 ആഴ്ച വരെയുള്ളവരെ അനുവദിക്കുമെങ്കിലും 7 ദിവസത്തിനുള്ളിൽ ലഭിച്ച സർട്ടിഫിക്കറ്റ് കാണിക്കണം. എയർ അറേബ്യ 36 ആഴ്ചകൾക്കുശേഷം സർട്ടിഫിക്കറ്റ് അനുവദിക്കില്ല. 28 വരെ ഇത്തിഹാദ് കമ്പനി നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തിയിട്ടില്ല. എന്നാൽ 29 ആഴ്ച മുതൽ 36 ആഴ്ചയുടെ അവസാനം വരെ സാക്ഷ്യപത്രത്തോടെ യാത്ര ചെയ്യാം. എന്നാൽ 37 ആഴ്ചയ്ക്ക് ശേഷം ഒരു കാരണവശാലും യാത്ര അനുവദിക്കില്ല.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ഇംഗ്ലണ്ടിലെ നിരവധി സ്കൂൾ കെട്ടിടങ്ങൾ തകർന്നു വീഴാറായ അവസ്ഥയിലാണെന്ന് വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ. ഇത് വിദ്യാർഥികളുടെ ജീവന് ഭീഷണിയാണെന്ന് അവർ മുന്നറിയിപ്പ് നൽകി. സ്കൂൾ പുനർനിർമാണ പദ്ധതിയിൽ പ്രതിവർഷം അൻപത് സ്കൂളുകളാണ് ഇപ്പോഴുള്ളത്. എന്നാൽ ഇത് മുന്നൂറായി ഉയർത്തണമെന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. ഇതിനായി 13 ബില്യൺ പൗണ്ട് ധനസഹായം ട്രഷറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, ആറാഴ്ചയ്ക്കിടെ രണ്ട് തവണ ഡൗണിംഗ് സ്ട്രീറ്റിന് ഇമെയിൽ അയച്ചു.

വിദ്യാഭ്യാസ വകുപ്പിൽ നിന്ന് ചോർന്ന ഇമെയിലിലാണ് ഈ ആശങ്കാജനകമായ വിവരങ്ങൾ. സ്കൂൾ കെട്ടിടങ്ങൾ ശോച്യാവസ്ഥയിൽ ആണെന്നും ഇത് വിദ്യാർത്ഥികളുടെ ജീവന് ഭീഷണിയാണെന്നും അതിൽ പറയുന്നു. സ്കൂൾ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾക്ക് ആവശ്യമായ 13 ബില്യൺ പൗണ്ടിനായി വിദ്യാഭ്യാസ വകുപ്പ് നിരന്തരം ട്രഷറിയെ സമീപിക്കുന്നുണ്ട്.

ഉയർന്ന നിലവാരമുള്ള, സുരക്ഷിതമായ സൗകര്യപ്രദമായ കെട്ടിടങ്ങളിൽ പഠിക്കാൻ എല്ലാ കുട്ടികളും അർഹരാണ്. എന്നാൽ നവീകരണത്തിനായുള്ള ധനസഹായം കുറവാണെന്ന് നാഷണൽ എജ്യുക്കേഷൻ യൂണിയന്റെ ജോയിന്റ് ജനറൽ സെക്രട്ടറി കെവിൻ കോർട്ട്‌നി കുറ്റപ്പെടുത്തി. ഇംഗ്ലണ്ടിലെ പല സ്കൂളുകൾക്കും ‘അടിയന്തര അറ്റകുറ്റപ്പണികൾ’ ആവശ്യമാണെന്ന് ദി ഗാർഡിയന്റെ 2019-ലെ റിപ്പോർട്ടിൽ പറയുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ജങ്ക് ഫുഡ്‌ പരസ്യങ്ങൾക്കും ഓഫറുകൾക്കും നിരോധനം ഏർപ്പെടുത്താൻ മടിച്ച് ബ്രിട്ടീഷ് സർക്കാർ. മൾട്ടി-ബൈ ഡീലുകൾക്കും പ്രീ-വാട്ടർഷെഡ് ടിവി പരസ്യങ്ങൾക്കുമുള്ള നിരോധനമാണ് സർക്കാർ വൈകിപ്പിച്ചത്. കുടുംബങ്ങള്‍ ജീവിതച്ചെലവുമായി പൊരുതുന്നതിനാലാണ് നിരോധനം വൈകിപ്പിക്കുന്നതെന്ന് മന്ത്രിമാർ വ്യക്തമാക്കി. അതേസമയം, കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി ജങ്ക് ഫുഡ്‌ പരസ്യങ്ങൾ നിരോധിക്കുന്നത് അത്യന്താപേക്ഷിതമാണെന്ന് ഷെഫ് ജാമി ഒലിവർ അഭിപ്രായപ്പെട്ടു. ‘ഒന്നെടുത്താൽ ഒന്ന് ഫ്രീ’ പോലുള്ള ഓഫറുകൾക്ക് നിരോധനം ഏർപ്പെടുത്തുമെന്ന് സർക്കാർ പറഞ്ഞെങ്കിലും ഒരു വർഷമായി അത് പ്രാബല്യത്തിൽ വന്നിട്ടില്ല.

അമിതമായ ജങ്ക് ഫുഡ് ഉപഭോഗം മൂലമുണ്ടാകുന്ന രോഗങ്ങൾ ആരോഗ്യ സംവിധാനത്തിനും പ്രതിസന്ധി സൃഷ്ടിക്കുമെന്ന് മുൻ ആരോഗ്യമന്ത്രി ലോർഡ് ബെതാൽ പറഞ്ഞു. പ്രമോഷൻ വഴി വിൽക്കുമ്പോൾ ആളുകൾ 20% കൂടുതൽ ജങ്ക് ഫുഡ്‌ വാങ്ങുന്നുണ്ടെന്ന് പബ്ലിക് ഹെൽത്ത് റിസർച്ച് പഠനം വ്യക്തമാക്കുന്നു. സോഷ്യൽ മീഡിയയിലെ ജങ്ക് ഫുഡ് പരസ്യങ്ങൾ 11 മുതൽ 19 വരെ പ്രായമുള്ള കുട്ടികളെ ലക്ഷ്യമിടുന്നതായി മാർച്ചിൽ ക്യാൻസർ റിസർച്ച് യുകെ പുറത്തിറക്കിയ ഒരു പഠനത്തിൽ പറയുന്നു.

ഇംഗ്ലണ്ടിലെ മുതിർന്നവരിൽ മൂന്നിൽ രണ്ട് ഭാഗവും അമിതഭാരമോ പൊണ്ണത്തടിയോ ഉള്ളവരാണെന്ന് 2019ലെ എൻഎച്ച്എസിന്റെ സർവേയിൽ കണ്ടെത്തി. ഇവരിൽ 28% പൊണ്ണത്തടിയുള്ളവരാണ്. നാല്,അഞ്ച് വയസ്സുള്ള കുട്ടികളിൽ 14% പൊണ്ണത്തടിയുള്ളവരാണെന്നും 13% അമിതഭാരമുള്ളവരാണെന്നും കഴിഞ്ഞ വർഷം ദേശീയ ചൈൽഡ് മെഷർമെന്റ് പ്രോഗ്രാം കണ്ടെത്തിയിരുന്നു.

എളുപ്പത്തിൽ ലഭിക്കുന്നതും ആകർഷകങ്ങളായ പക്കേജിങ്ങിംഗിൽ വരുന്നതുമായ ജങ്ക് ഫുഡുകൾ വരുത്തുന്ന ആരോഗ്യപ്രശ്നങ്ങൾ വളരെ വലുതാണ്. പ്രമേഹം, വ്യക്ക രോഗങ്ങൾ, ഫാറ്റിലിവർ തുടങ്ങി നിരവധി അസുഖങ്ങൾ ജങ്ക് ഫുഡ് ശീലമാക്കിയാൽ വരാം. സ്ഥിരമായി ജങ്ക് ഫുഡ് കഴിക്കുന്നത്, ശരീരഭാരത്തിനും അമിത വണ്ണത്തിനും ഇടയാക്കും.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ന്യൂയോർക്ക് :- ന്യൂയോർക്ക് സ്റ്റേറ്റിലെ ബഫല്ലോയിൽ ശനിയാഴ്ച ഉച്ചയ്ക്ക് സൂപ്പർമാർക്കറ്റിൽ നടന്ന വെടിവെപ്പിൽ പത്തു പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ പ്രതിയായ പതിനെട്ടുകാരൻ പോലീസ് കസ്റ്റഡിയിൽ ആണ്. എന്നാൽ ഇയാളുടെ പേർ പോലീസ് അധികൃതർ ഇനിയും വെളിപ്പെടുത്തിയിട്ടില്ല. ശനിയാഴ്ച ഉച്ചയ്ക്ക് വളരെ തിരക്കേറിയ സൂപ്പർമാർക്കറ്റിലേക്കു അക്രമി പ്രവേശിച്ചതായും, ആക്രമണം നടത്തുന്നത് റെക്കോർഡ് ചെയ്യാനായി ലൈവ് സ്ട്രീം ക്യാമറ ഉപയോഗിച്ചതായും പൊലീസ് അധികൃതർ വ്യക്തമാക്കി. വംശീയ വിദ്വേഷം ആണ് ഈ ആക്രമണത്തിന് പിന്നിലെന്നാണ് പോലീസ് അധികൃതർ വ്യക്തമാക്കുന്നത്. നിരവധി മണിക്കൂറുകൾ യാത്രചെയ്താണ് ആക്രമി നഗരത്തിലെ കറുത്തവർഗക്കാർ കൂടുതലുള്ള ഈ സ്ഥലത്ത് എത്തിയത്. വെടിയേറ്റവരിൽ ഭൂരിഭാഗവും കറുത്തവർഗക്കാർ ആയിരുന്നു എന്ന് ബഫല്ലോ പോലീസ് കമ്മീഷണർ ജോസഫ് ഗ്രമാഗലിയ വ്യക്തമാക്കി.

പരിക്കേറ്റ മൂന്ന് പേരും സൂപ്പർമാർക്കറ്റിൽ ജോലി ചെയ്യുന്നവരാണ്. ഇവർക്ക് സാരമായ പരുക്കുകളില്ല എന്നാണ് പോലീസ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. സൂപ്പർമാർക്കറ്റിലെ സെക്യൂരിറ്റി ഗാർഡായി ജോലിചെയ്യുന്ന റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥൻ അക്രമിയെ വെടിവെക്കാൻ ശ്രമിച്ചുവെങ്കിലും, അദ്ദേഹം പിന്നീട് വെടിയേറ്റുമരിച്ചു. അക്രമിയുടെ പക്കൽ വളരെയധികം പവറുള്ള റൈഫിൾ ആണ് ഉണ്ടായിരുന്നതെന്നും, അതോടൊപ്പം തന്നെ ഇയാൾ രക്ഷാകവചവും, ഹെൽമറ്റും ധരിച്ചിരുന്നതായും പോലീസ് അധികൃതർ വ്യക്തമാക്കി. ആക്രമണത്തിനിടെ അദ്ദേഹം വംശീയ അധിക്ഷേപങ്ങൾ വിളിച്ചുപറയുന്നുണ്ടായിരുന്നതായും അധികൃതർ വ്യക്തമാക്കി. യുഎസ് പ്രസിഡന്റ് ജോ ബൈഡനും ആക്രമണത്തിലുള്ള തന്റെ ദുഃഖം രേഖപ്പെടുത്തി.

RECENT POSTS
Copyright © . All rights reserved