ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : പത്തു വർഷത്തിനിടെ രാജ്യത്തെ ജനസംഖ്യയിൽ 6.3 ശതമാനത്തിന്റെ വർധന. 2021 ലെ സെൻസസ് പ്രകാരം, ഇംഗ്ലണ്ടിലെയും വെയിൽസിലെയും ജനസംഖ്യ 59,597,300 ആയി ഉയർന്നു. നോർത്തേൺ അയർലൻഡ്, സ്കോട്ട്ലൻഡ് എന്നിവിടങ്ങളിൽ പ്രസിദ്ധീകരിച്ച സെൻസസ് കണക്കുകൾ കൂടി ചേർക്കുമ്പോൾ യുകെയിലെ ആകെ ജനസംഖ്യ 66,966,400 ആണ്. 1801-ൽ സെൻസസ് ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ വർധനയാണിത്. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സിന്റെ (ONS) ചുമതലയിലാണ് ഓരോ 10 വർഷത്തിലും സെൻസസ് നടത്തപ്പെടുന്നത്.

2021 ലെ ജനസംഖ്യയുടെ ആറിലൊന്ന് (18.6%, 11.1 ദശലക്ഷം) ഇപ്പോൾ 65 വയസ്സിനു മുകളിലുള്ളവരാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ജനസംഖ്യയുടെ 0.9% – 527,900 ആളുകൾ ഇപ്പോൾ 90 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരാണ്. ഒരു കോടി പേർ 15 വയസ്സിന് താഴെയുള്ളവരാണ്. ഏറ്റവും ഉയർന്ന ജനസംഖ്യാ വളർച്ച ഇംഗ്ലണ്ടിന്റെ കിഴക്ക് ഭാഗത്താണ്. ഏറ്റവും കുറവ് ജനസംഖ്യാ വളർച്ച വെയിൽസിലും.

ഈസ്റ്റ് ലണ്ടൻ ബറോ ഓഫ് ടവർ ഹാംലെറ്റ്‌സാണ് ഏറ്റവും വലിയ ജനസംഖ്യ വർധനവുള്ള സ്ഥലം. 22.1 ശതമാനം ആണ് വർധന. ബെഡ്‌ഫോർഡ്, കേംബ്രിഡ്ജ്, പീറ്റർബറോ എന്നിവിടങ്ങളിൽ വലിയ വർധനവുണ്ടായപ്പോൾ സണ്ടർലാൻഡ്, ഗേറ്റ്‌സ്‌ഹെഡ്, സ്വാൻസീ, ലണ്ടൻ ബറോകളായ കെൻസിംഗ്ടൺ, ചെൽസി, കാംഡൻ, വെസ്റ്റ്മിൻസ്റ്റർ എന്നിവയുൾപ്പെടെയുള്ള നഗരങ്ങളിൽ ജനസംഖ്യ കുറയുന്നതായും കണ്ടെത്തി. സെൻസസ് പ്രകാരം ഇംഗ്ലണ്ടിലും വെയിൽസിലും 30,420,100 സ്ത്രീകളും (മൊത്തം ജനസംഖ്യയുടെ 51.0%) 29,177,200 പുരുഷന്മാരും (49.0%) ഉണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : എൻഎച്ച്എസ് ഔദ്യോഗിക മാർഗ്ഗനിർദ്ദേശത്തിൽ നിന്ന് ‘സ്ത്രീ’, ‘സ്ത്രീകൾ’ എന്നീ പദങ്ങൾ ഒഴിവാക്കി. ആർത്തവവിരാമ മാർഗ്ഗനിർദ്ദേശത്തിലാണ് ഏറ്റവും പ്രധാനപ്പെട്ട പദം അപ്രത്യക്ഷമായത്. ഈ നീക്കത്തെ ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് അപലപിച്ചു. ആളുകൾക്ക് ഏറ്റവും മികച്ച പരിചരണം നൽകുന്നതിന് കൃത്യമായ ഭാഷയിലുള്ള വിവരങ്ങൾ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ആർത്തവവിരാമത്തെക്കുറിച്ചുള്ള ഔദ്യോഗിക മാർഗനിർദേശം മെയ് 17നാണ് തിരുത്തിയത്. ലിംഗഭേദം ഒഴിവാക്കിയുള്ള ആരോഗ്യ മാർഗനിർദേശങ്ങൾ ആളുകളെ തെറ്റിദ്ധരിപ്പിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി.
നേരത്തെ, വെബ് പേജിൽ സ്ത്രീകളെ ആറ് തവണ പരാമർശിച്ചിരുന്നു. എന്നാൽ പുതിയ പതിപ്പിൽ ഒരിടത്ത് പോലും സ്ത്രീ എന്ന പദമില്ല. അതും ആർത്തവവിരാമത്തെകുറിച്ചുള്ള ഔദ്യോഗിക മാർഗനിർദേശത്തിൽ. “ഹോർമോണിന്റെ അളവ് കുറയുന്നതിലൂടെ നിങ്ങളുടെ ആർത്തവം നിലയ്ക്കുന്നതിനെയാണ് ആർത്തവവിരാമം എന്ന് പറയുന്നത്” – പുതിയ വെബ് പേജിൽ ഇത്തരം വിവരങ്ങളാണ് ഉൾകൊള്ളിച്ചിരിക്കുന്നത്. എൻഎച്ച്എസിന്റെ ജൻഡർ ന്യൂട്രൽ ഭാഷ ഒട്ടേറെ പേരെ ആശയക്കുഴപ്പത്തിലാക്കുമെന്ന് സാജിദ് ജാവിദ് പറഞ്ഞു.

അണ്ഡാശയ അർബുദത്തെ കുറിച്ചുള്ള വെബ്‌പേജിൽ നിന്നും ‘സ്ത്രീ’ ഒഴിവാക്കപ്പെട്ടു. ഇതിനോട് തനിക്ക് യോജിപ്പില്ലെന്ന് മന്ത്രി ആവർത്തിച്ച് പറഞ്ഞു. ആർത്തവവിരാമം ഒരു സ്വാഭാവിക പ്രതിഭാസമാണ്. നാല്പതുകളുടെ അവസാനത്തിൽ ഓരോ സ്ത്രീയിലും ഇത് സംഭവിക്കുന്നു. ഇത് ജീവശാസ്ത്രപരമായ ഒരു പ്രക്രിയയാണ്. ആർത്തവ വിരാമത്തിൻ്റെ തുടക്കത്തിൽ ചെറിയ അളവിൽ ഈസ്ട്രജനും പ്രോജസ്റ്ററോൺ ഹോർമോണുകളും ശരീരം ഉത്പാദിപ്പിക്കുകയും, ഒടുവിൽ അവയുടെ ഉത്പാദനം നിർത്തുകയും ചെയ്യുന്നു. ഇത്തരം വിവരങ്ങളാണ് വ്യക്തമല്ലാത്ത ഭാഷയിൽ എൻഎച്ച്എസിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ടത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : ഊർജ്ജ ഉപഭോഗം കൂടിയ സമയങ്ങളിൽ ഇലക്ട്രിക് കാറുകൾ ചാർജ് ചെയ്യുക, പാചകം ചെയ്യുക, പോലുള്ള പ്രവർത്തനങ്ങൾ ഒഴിവാക്കിയാൽ ഇനി പണം ലാഭിക്കാം. ഉപഭോഗം കൂടിയ സമയങ്ങളിൽ കുറഞ്ഞ ഊർജം ഉപയോഗിച്ചാൽ വീട്ടുകാർക്ക് വൈദ്യുതി ബില്ലിൽ ഇളവ് ലഭിക്കുന്ന പദ്ധതി ആവിഷ്കരിക്കാൻ നാഷണൽ ഗ്രിഡ് ഒരുങ്ങുന്നു. ഉപഭോഗം കുറച്ച 100,000 ഉപഭോക്താക്കൾക്ക് ഒക്ടോപസ് എനർജി ഇൻസെന്റീവ് വാഗ്ദാനം ചെയ്തിരുന്നു. എല്ലാ വിതരണക്കാരിൽ നിന്നും നാഷണൽ ഗ്രിഡ് അഭിപ്രായം ആവശ്യപ്പെട്ടിട്ടുണ്ട്.

ഊർജ്ജ സ്ഥാപനങ്ങൾ സമ്മതിച്ചാൽ മാസങ്ങൾക്കുള്ളിൽ ബ്രിട്ടനിലെ വീടുകളിൽ ഈ പദ്ധതി ആവിഷ്കരിക്കും. ഊർജ്ജ വിലകൾ 40 വർഷത്തെ ഏറ്റവും വേഗതയേറിയ നിരക്കിൽ വർദ്ധിക്കുകയാണ്. 1982 മാർച്ചിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലേയ്ക്ക് പണപ്പെരുപ്പം ഉയർന്നു – 9.1%. എനർജി പ്രൈസ് ക്യാപിലെ മാറ്റങ്ങൾ കാരണം എനർജി ബിൽ കുത്തനെ ഉയർന്നു. ഒക്ടോബറിൽ വില ഇനിയും ഉയരുമെന്നാണ് കണക്കുകൂട്ടൽ.

നാഷണൽ ഗ്രിഡിന്റെ നിർദ്ദേശങ്ങൾ പരീക്ഷിച്ച ഊർജ വിതരണക്കാരായ ഒക്ടോപസ് എനർജി, വൈകുന്നേരങ്ങളിൽ ഉപഭോഗം കുറയ്ക്കുന്ന കുടുംബങ്ങൾക്ക് പണം നൽകാൻ തുടങ്ങി. ഓരോ രണ്ട് മണിക്കൂർ ട്രയൽ വിൻഡോയിലും ഉപഭോക്താക്കൾ ശരാശരി 23 പെൻസ് ലാഭിച്ചിട്ടുണ്ടെന്നും ചിലർ 4.35 പൗണ്ടിന്റെ നേട്ടമുണ്ടാക്കിയതായും പറയുന്നു. റഷ്യയുടെ യുക്രെയ്‌ൻ അധിനിവേശം ഊർജ്ജ ബില്ലുകളിൽ വൻതോതിലുള്ള വർധനവിനും ഊർജ്ജ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾക്കും ആക്കം കൂട്ടി.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- ഈസ്റ്റ് ലണ്ടനിലെ ഇൽഫോർഡിൽ ഞായറാഴ്ച രാവിലെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ മുപ്പത്തഞ്ചുകാരിയായ സാറ അലീനയുടെ മരണത്തിൽ പങ്കുണ്ടെന്നു സംശയിക്കുന്ന ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഞായറാഴ്ച വെളുപ്പിന് 2:45 നാണ് തലയിൽ ഗുരുതരമായി പരിക്കേറ്റ നിലയിൽ ക്രാൻബ്രൂക്ക് റോഡിൽ സാറയെ കണ്ടെത്തിയത്. പിന്നീട് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇവർ മരണപ്പെടുകയായിരുന്നു. അവസരം ഒത്തു വന്നപ്പോൾ ഉണ്ടായ അപരിചിതന്റെ ആക്രമണം മൂലമാണ് സാറ കൊല്ലപ്പെട്ടതെന്ന് തിങ്കളാഴ്ച നടത്തിയ പ്രസ് കോൺഫറൻസിൽ പോലീസ് ചീഫ് സൂപ്രണ്ട് സ്റ്റുവർട്ട് ബെൽ വ്യക്തമാക്കി. ഒന്നിൽ കൂടുതൽ സാരമായ പരിക്കുകൾ സാറയുടെ ശരീരത്തിൽ ഉണ്ടായിരുന്നതായും , എന്നാൽ ഇത്തരത്തിലുള്ള ആക്രമണത്തിന് ഉപയോഗിച്ച് ആയുധങ്ങളെപ്പറ്റി യാതൊരു വിവരവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ഇരുപത്തൊമ്പതുകാരനായ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ നിലയിൽ സാറയെ കണ്ടെത്തിയതിനെത്തുടർന്ന് സമീപവാസികൾ ഉടൻതന്നെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

സാറയുടെ ശരീരത്തിൽ ഒന്നിൽ കൂടുതൽ ഗുരുതരമായ മുറിവുകളുണ്ടായിരുന്നു എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടും വ്യക്തമാക്കുന്നത്. സംഭവം നടന്ന സ്ഥലത്തും ചുറ്റുമുള്ള സ്ഥലങ്ങളിലും വ്യക്തമായ ഫൊറൻസിക് പരിശോധന നടത്തിയതായി പോലീസ് സൂപ്രണ്ട് വ്യക്തമാക്കി. ഇതോടൊപ്പംതന്നെ സമീപത്തുള്ള സിസിടിവി ക്യാമറകളുടെ ദൃശ്യങ്ങളും പരിശോധിച്ചു വരുകയാണെന്നും അദ്ദേഹം പറഞ്ഞു. വളരെ സൗമ്യമായ സ്വഭാവത്തിന് ഉടമയായിരുന്നു സാറയെന്ന് സുഹൃത്തുക്കൾ മാധ്യമങ്ങളോട് പറഞ്ഞു. മറ്റുള്ളവരോട് സ്നേഹവും കരുതലും ഉണ്ടായിരുന്ന ഒരു വ്യക്തിത്വത്തിന് ഉടമയായിരുന്നു സാറയെന്നും അവർ പറഞ്ഞു. സംഭവത്തിലുള്ള തന്റെ ദുഃഖം ലണ്ടൻ മേയർ സാദിക്ക് ഖാൻ അറിയിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ബ്രിട്ടന്റെ ആരോഗ്യ മേഖലയിൽ മൂന്ന് വൈറസുകളാണ് ചർച്ചാവിഷയം. ഒന്നാമത്തേതായ കൊറോണ വൈറസ് മൂലം അനുദിന കോവിഡ് കേസുകൾ വർധിച്ചുകൊണ്ടിരിക്കുകയാണ് . രണ്ടാമത്തെ വൈറസ് മങ്കി പോക്സ് രോഗത്തിന്റേതാണ് . ഏറ്റവും പുതിയതായി ലണ്ടനിൽ കണ്ടെത്തിയ പോളിയോ രോഗത്തിൻറെ വൈറസും കടുത്ത തലവേദനയാണ് ആരോഗ്യവിദഗ്ധർക്ക് ഉണ്ടാക്കിയിരിക്കുന്നത് .

മറ്റ് രണ്ട് വൈറസുകളെ അപേക്ഷിച്ച് മങ്കി പോക്സ് വൈറസിന് ഫലപ്രദമായ പ്രതിരോധ മരുന്ന് ഇപ്പോഴും നിലവിൽ ലഭ്യമല്ല. 2018 – ൽ മങ്കി പോക്സ് രോഗം റിപ്പോർട്ട് ചെയ്തതിനുശേഷം വൈറസിന് പന്ത്രണ്ടോളം ജനിതക വകഭേദങ്ങൾ വന്നതായാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ജനിതക മാറ്റം വന്ന ഏറ്റവും പുതിയ വകഭേദത്തിന് നേരത്തെയുള്ളവയേക്കാൾ വ്യാപന ശേഷിയും കൂടുതലാണ്. നിലവിൽ 50 രാജ്യങ്ങളിലായി 3500 -ലധികം കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇതുവരെ 452 പേർക്കാണ് ബ്രിട്ടനിൽ മങ്കി പോക്സ് സ്ഥിതീകരിച്ചിരിക്കുന്നത് .

1970 കളില്‍ നൈജീരിയയിലും മദ്ധ്യ ആഫ്രിക്കന്‍ രാജ്യങ്ങളിലും പടര്‍ന്നു പിടിച്ച മങ്കിപോക്‌സ് 2003 ല്‍ അമേരിക്കയിലും വ്യാപകമായി പടര്‍ന്നു പിടിച്ചിരുന്നു. അതേസമയം, വസൂരിയുടെ അതേ വിഭാഗത്തില്‍ പെടുന്ന മങ്കിപോക്സ് പകര്‍ച്ചപ്പനിയായി തുടങ്ങി ശരീരത്തെ അതിവേഗം നശിപ്പിക്കാന്‍ ശേഷിയുള്ളതാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : യുകെയിൽ എത്തുന്ന മലയാളികളിൽ ഭൂരിഭാഗവും സ്വന്തമായി ഒരു വീട് വാങ്ങാൻ ആഗ്രഹിക്കുന്നവരാണ്. ആദ്യമായി വീട് വാങ്ങുന്നവർക്ക് നിരവധി സംശയങ്ങളുണ്ടാവും. ഒരു വീട് വാങ്ങാൻ അനുയോജ്യമായ സമയം ഏതാണ്? – ഇതിനുത്തരം നൽകുകയാണ് പേഴ്‌സണൽ ഫിനാൻസ് വിദഗ്ധയായ ജെമ്മ ഗോഡ്‌ഫ്രെ. ഇപ്പോൾ വീട് വാങ്ങുന്നതാണോ ഉചിതം? അതോ വില കുറയാൻ കാത്തിരിക്കണമോ? എന്നുള്ള ചോദ്യത്തിന്റെ ഉത്തരമായി മൂന്നു പ്രധാനപ്പെട്ട കാര്യങ്ങൾ ജെമ്മ ചൂണ്ടിക്കാട്ടുന്നു.

ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട കണക്കുകൾ പ്രകാരം യുകെയിലെ ശരാശരി വീട് വില കഴിഞ്ഞ മാസം 12.4% ആയി ഉയർന്നു. 9.7 ശതമാനത്തിൽ നിന്നാണ് വില കുതിച്ചുയർന്നത്. അതിനാൽ വീട് വാങ്ങാൻ അനുയോജ്യമായ സമയം നോക്കിയിരിക്കുന്നത് ശരിയല്ല. കാരണം, വീടുകളുടെ വില കുറയുമെന്നതിന് യാതൊരു ഉറപ്പുമില്ല. പ്രത്യേകിച്ച് വിൽക്കുന്നതിനേക്കാൾ കൂടുതൽ ആളുകൾ വീട് വാങ്ങാൻ ആഗ്രഹിക്കുമ്പോൾ.
രണ്ടാമതായി, പലിശനിരക്ക് ഉയരുന്നത് തുടർന്നാൽ മോർട്ട്ഗേജ് ചെലവേറിയതായി മാറും. പലിശ നിരക്കിൽ ഉണ്ടായ വർധന മൂലം ഏറ്റവും കടുത്ത ദുരിതം അനുഭവിക്കുക മോര്‍ട്ട്‌ഗേജ് ഉള്ളവരായിരിക്കും. സ്ഥിര നിരക്കില്‍ മോര്‍ട്ട്‌ഗേജ് ഉള്ളവരെ ഇത് ബാധിക്കുകയില്ല. എന്നാല്‍ റീമോര്‍ട്ട്‌ഗേജിംഗ് വലിയൊരു പ്രശ്‌നമായി മാറും. അതുപോലെ അസ്ഥിര നിരക്കില്‍ മോര്‍ട്ട്‌ഗേജ് എടുത്തവര്‍ക്ക് കനത്ത ഭാരമായിരിക്കും ഇനി വരിക. കഴിഞ്ഞ വര്‍ഷം പലിശ നിരക്ക് 1 ശതമാനത്തില്‍ താഴെ ഉണ്ടായിരുന്നപ്പോള്‍ എടുത്ത മോര്‍ട്ട്‌ഗേജുകള്‍ക്ക് പിന്നീട് ചെലവേറി വരികയായിരുന്നു. പലിശ കൂടുന്നതിനനുസരിച്ച് അടവു തുകയും വര്‍ദ്ധിക്കും.

മൂന്നാമതായി, ഇന്ന് വിപണിയിൽ മോർട്ട്ഗേജ് ഓഫറുകൾക്ക് യോഗ്യത നേടുന്നത് അത്ര എളുപ്പമായിരിക്കില്ല. വർഷങ്ങളോളം താമസിക്കാനുള്ള ഒരു വീട് വാങ്ങുന്നത് എപ്പോഴും വൈകാരികമായിരിക്കും. നിങ്ങൾക്ക് അനുയോജ്യമായ ഒന്ന് കണ്ടെത്തുന്നതിന് സമയമെടുക്കും. എന്നാൽ അത് കണ്ടെത്തി കഴിഞ്ഞാൽ വാങ്ങാൻ ശ്രമിക്കുക. വിലയിൽ കുറവുണ്ടാകാൻ കാത്തിരുന്ന് സ്വപ്നഭവനം നഷ്ടപ്പെടുത്തുന്നത് ശരിയായ നടപടിയല്ല.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ബ്രിട്ടനിൽ എടിഎം വഴിയുള്ള പണം തട്ടിപ്പുകൾ കൂടുന്നതായി റിപ്പോർട്ടുകൾ . എടിഎം വഴി പണം പിൻവലിക്കാൻ ശ്രമിച്ച് നിമിഷങ്ങൾക്കകം തങ്ങളുടെ ബാങ്ക് അക്കൗണ്ട് കാലിയായതായി ഒട്ടേറെ ഉപഭോക്താക്കൾ പരാതിപ്പെട്ടു. കാർഡ് ഷിമ്മിങ്ങ് അഥവാ കാർഡ് ട്രാപ്പിംഗ് എന്ന് അറിയപ്പെടുന്ന ഈ കുറ്റകൃത്യം യുകെയിൽ കൂടുന്നതിന്റെ സൂചനയാണ് ഇതെന്ന് സൈബർ ഫോറൻസിക് വിദഗ്ധർ അഭിപ്രായപ്പെട്ടു.

എടിഎം മെഷീനിൽ കാർഡ് ഉടമകളുടെ ഡേറ്റാ മോഷ്ടിക്കാനായി ഉപകരണം സ്ഥാപിക്കുകയും അത് ഉപയോഗിച്ച് പണം തട്ടിയെടുക്കുകയുമാണ് കുറ്റവാളികൾ ചെയ്യുന്നത്. നാഷണൽ ഫ്രോഡ് ഹണ്ടർ പ്രിവൻഷൻ സർവീസ് കണക്കുകൾ പ്രകാരം ബ്രിട്ടനിൽ കാർഡുകൾ ഉപയോഗിച്ചുള്ള പണം തട്ടിപ്പ് 42 ശതമാനമാണ് വർദ്ധിച്ചത്. 2017 -ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. അതുകൊണ്ട് തന്നെ ഉപഭോക്താക്കൾ കടുത്ത ജാഗ്രതപാലിക്കണമെന്ന് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെട്ടു.
തട്ടിപ്പുകാരിൽ നിന്ന് ഉപഭോക്താക്കൾക്ക് സംരക്ഷണം നൽകുന്നതിന് ബാങ്കുകൾ കൂടുതൽ സൈബർ സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പിലാക്കണമെന്നാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. എടിഎം കാർഡുകൾ ഉപയോഗിക്കാതെ തന്നെ പണം പിൻവലിക്കുന്നതിനുള്ള നടപടി പല ബാങ്കുകളും ആരംഭിച്ചുകഴിഞ്ഞു.

എപ്പോഴും സിസിടിവി നിരീക്ഷണമുള്ള എടിഎം ഉപയോഗിക്കാൻ ശ്രദ്ധിക്കുക , സാധ്യമെങ്കിൽ അർദ്ധരാത്രിക്ക് ശേഷം എടിഎം ഉപയോഗിക്കുന്നത് ഒഴിവാക്കുക , നിങ്ങൾ അപരിചിതമായ സ്ഥലത്താണെങ്കിൽ പണം പിൻവലിക്കലിന് സുരക്ഷിതത്വമില്ലായ്മ തോന്നുകയാണെങ്കിൽ മറ്റു ബദൽ മാർഗങ്ങൾ ഉപയോഗിക്കുക എന്നിവയാണ് സുരക്ഷിതമായി എടിഎം ഉപയോഗിക്കുന്നതിന് ഈ രംഗത്തെ വിദഗ്ദ്ധർ മുന്നോട്ടു വയ്ക്കുന്ന നിർദേശങ്ങൾ.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- മാതാപിതാക്കൾക്ക് കൂടി സ്കൂളുകളിലെ ലെസ്സൺ പ്ലാനുകൾ അറിയുവാനുള്ള അവകാശം വേണമെന്ന് ആവശ്യപ്പെട്ട് പോരാട്ടം നടത്തുകയാണ് ലണ്ടനിലെ ഒരു സ്കൂളിലെ കുട്ടിയുടെ മാതാവ്. തന്റെ മകൾ വെളുത്ത വർഗക്കാരുടെ പ്രത്യേക ആനുകൂല്യങ്ങളെക്കുറിച്ചും, ലിംഗ അസംബന്ധങ്ങളെകുറിച്ചുമെല്ലാം സംസാരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ഇവർ ഇത്തരത്തിൽ പരാതിയുമായി രംഗത്തുവന്നത്. ലണ്ടനിലെ ഹേബെർഡാഷേഴ്സ് ഹാച്ചം കോളേജിലെ കുട്ടിയുടെ മാതാവ് ക്ലയർ പേജ് ആണ് ക്ലാസ്സ് മെറ്റീരിയലുകൾ കാണിക്കാനുള്ള തന്റെ ആവശ്യം നിരാകരിച്ചതിനെ തുടർന്ന് സ്കൂളിൽ നിന്നും തന്നെ കുട്ടിയെ മാറ്റുവാൻ തീരുമാനിച്ചിരിക്കുന്നത്. വെളുത്ത വർഗക്കാർ ആയതുകൊണ്ട് തങ്ങൾക്ക് കൂടുതൽ ഉയർന്ന പദവിയും അവകാശങ്ങളുമാണെന്ന രീതിയിലാണ് തന്റെ മകളെ സ്കൂളിൽ നിന്നും പഠിപ്പിച്ചതെന്ന് ക്ലയർ പറഞ്ഞു.

കഴിഞ്ഞ മൂന്നു വർഷങ്ങളായി സ്കൂളിലെ അക്കാഡമിക് നിലവാരത്തെ സംബന്ധിച്ച് തനിക്കും തന്റെ ഭർത്താവിനും ആശങ്കയുണ്ടെന്ന് ക്ലയർ പറഞ്ഞു. സ്കൂളിലെ 1400 കുട്ടികളിൽ ഭൂരിഭാഗവും കറുത്തവർഗക്കാരാണ്. 17 ശതമാനം പേർ മാത്രമാണ് വെളുത്ത വർഗക്കാരായി സ്കൂളിൽ ഉള്ളത്. ലെസ്സൺ പ്ലാനുകൾ കാണണമെന്ന മാതാപിതാക്കളുടെ ആവശ്യം സ്കൂൾ അധികൃതർ അംഗീകരിച്ചില്ല. ഇതേതുടർന്നാണ് കുട്ടികളിൽ ഒരാളുടെ മാതാവായ ക്ലയർ ഇൻഫർമേഷൻ കമ്മീഷണറുടെ ഓഫീസിൽ പരാതി നൽകിയത്. സ്കൂളിൽ തങ്ങളുടെ മക്കളെ പഠിപ്പിക്കുന്നത് എന്താണെന്ന് അറിയാനുള്ള അവകാശം മാതാപിതാക്കൾക്ക് ഉണ്ടന്ന് അവർ പറഞ്ഞു. സ്കൂളിലെ ഇത്തരത്തിലുള്ള നടപടിയെ വിമർശിച്ച് നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- ബിർമിങ്ഹാമിൽ വീടിനുള്ളിലുണ്ടായ വൻ പൊട്ടിത്തെറിയെ തുടർന്ന് ഒരാൾക്ക് സാരമായ പരിക്ക് സംഭവിച്ചിരിക്കുകയാണ്. പൊട്ടിത്തെറി സംഭവിച്ച വീടിന് ചുറ്റുമുള്ള രണ്ടുമൂന്ന് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നോർത്ത് ബിർമിങ്ഹാമിലെ കിങ്സ്റ്റാൻഡിങ്ങിലുള്ള ഡുൾവിച്ച് റോഡിലാണ് സംഭവം നടന്നത്. വിവരമറിയിച്ച് ഉടൻതന്നെ എമർജൻസി സർവീസുകൾ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. മറ്റ് നാല് പേർക്കും കൂടി ചെറിയതോതിൽ പരിക്കുകൾ സംഭവിച്ചെങ്കിലും പാരാമെഡിക്കലുകൾ കൃത്യസമയത്ത് പ്രാഥമിക ചികിത്സ നൽകി. പൂർണ്ണമായും വീടിനുള്ളിൽ നിന്ന് തീകത്തി പുക ഉയരുന്നത് തരത്തിലുള്ള വീഡിയോകൾ ആണ് സോഷ്യൽ മീഡിയകളിൽ പ്രചരിക്കപ്പെട്ടത്. പൊട്ടിത്തെറിയുടെ ശബ്ദം കുറെ മൈലുകൾ അകലെ കേൾക്കാമായിരുന്നു എന്നാണ് ദൃക്സാക്ഷികൾ വ്യക്തമാക്കിയത്. സംഭവം നടന്ന ഉടൻ തന്നെ സമീപവാസികൾ കൃത്യമായി ഉണർന്ന് പ്രവർത്തിച്ചത് അപകടത്തിൻെറ തോത് കുറയ്ക്കാൻ ഇടയായി എന്നാണ് രക്ഷാപ്രവർത്തകർ വ്യക്തമാക്കിയത്.

സംഭവത്തിൽ സാരമായി പരിക്കേറ്റയാൾ ക്യൂൻ എലിസബത്ത് ഹോസ്പിറ്റലിലെ മേജർ ട്രോമ സെന്ററിൽ ചികിത്സയിലാണ്. സംഭവം നടന്ന ഉടൻ തന്നെ ആ പ്രദേശത്തുനിന്നും ആളുകളെ നീക്കം ചെയ്യുവാൻ ആണ് രക്ഷാപ്രവർത്തകർ ആദ്യം ആരംഭിച്ചത്. അതോടൊപ്പം തന്നെ ആ വഴി ഉപയോഗിക്കാതിരിക്കാൻ ജനങ്ങൾക്ക് പ്രത്യേക നിർദ്ദേശം നൽകുകയും ചെയ്തു. ഗ്യാസ് മൂലമുള്ള പൊട്ടിത്തെറി ആണ് ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനമെന്ന് വെസ്റ്റ് മിഡ്ലാൻഡ്സ് ഫയർ സർവീസ് അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാവരോടുമുള്ള എല്ലാവിധ പിന്തുണയും ബെർമിങ്ഹാം കൗൺസിലർ ഷാരോൺ തോംസൺ അറിയിച്ചു. സമീപത്തുള്ള വീടുകൾക്കും സ്ഥലങ്ങൾക്കും എല്ലാംതന്നെ കേടുപാടുകൾ സാരമായി സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ആറ് ക്രൂ ഫയർ സർവീസ് ജീവനക്കാർ, മൂന്ന് ആംബുലൻസുകൾ, 5 പാരാമെഡിക് ഓഫീസർമാർ, അതോടൊപ്പം തന്നെ നാഷണൽ ഇന്റർ ഏജൻസി ലീയസൺ ഓഫീസർ എന്നിവരുടെയെല്ലാം കൂട്ടായ പ്രവർത്തനമാണ് സംഭവസ്ഥലത്ത് നടക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
മ്യൂണിക് : റഷ്യയില്‍ നിന്നുള്ള സ്വര്‍ണ ഇറക്കുമതിക്ക് വിലക്കേര്‍പ്പെടുത്താൻ ജി 7 രാജ്യങ്ങള്‍. മ്യൂണിക്കില്‍ നടക്കുന്ന ഉച്ചകോടിയില്‍ ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായി. യുകെ, യുഎസ്, കാനഡ, ജപ്പാൻ എന്നീ രാജ്യങ്ങൾ റഷ്യയുടെ സ്വർണ ഇറക്കുമതിക്ക് വിലക്കേർപ്പെടുത്തി. മറ്റ് ജി 7 രാജ്യങ്ങളായ ജർമ്മനി, ഫ്രാൻസ്, ഇറ്റലി എന്നിവരും ഈ നീക്കത്തിൽ പങ്കാളികളാകണമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നിർദ്ദേശിച്ചു. യുക്രെയ്ന്‍ അധിനിവേശത്തിന്‍റെ പേരില്‍ റഷ്യയെ കൂടുതല്‍ സമ്മര്‍ദത്തിലാക്കാനാണ് ജി7 അംഗരാജ്യങ്ങളുടെ നീക്കം. റഷ്യന്‍ സ്വര്‍ണം ഏറ്റവുമധികം ഇറക്കുമതി ചെയ്യുന്നത് ബ്രിട്ടനാണ്. എണ്ണ കഴിഞ്ഞാല്‍ റഷ്യയുടെ മുഖ്യവരുമാനമാർഗമാണ് സ്വർണകയറ്റുമതി.

പുടിൻ ഭരണകൂടത്തിന്റെ വരുമാന മാർഗങ്ങൾ തടസ്സപ്പെടുത്തണമെന്ന് ബോറിസ് ജോൺസൻ പറഞ്ഞു. 13.5 ബില്യൺ പൗണ്ടിന്റെ റഷ്യൻ കയറ്റുമതിക്ക് വിലക്ക് ബാധകമാകും. സ്വർണ്ണ ഇറക്കുമതി നിരോധനം ഉടൻ പ്രാബല്യത്തിൽ വരുമെന്നും അടുത്ത ആഴ്ചകളിൽ പാർലമെന്റിൽ നിയമം കൊണ്ടുവരുമെന്നും യുകെ അറിയിച്ചു. റഷ്യയിൽ നിന്ന് മുൻപ് എത്തിയ സ്വർണത്തെ ഇത് ബാധിക്കില്ല.

ക്രെംലിനെ സാമ്പത്തിക പ്രതിസന്ധിയിലാക്കി യുക്രെയ് നില്‍ നിന്ന് പിന്‍മാറ്റാനാണ് വന്‍ശക്തി രാജ്യങ്ങള്‍ ശ്രമിക്കുന്നത്. അതേസമയം, റഷ്യയിൽ നിന്നുള്ള സ്വർണത്തിന് വിലക്ക് ഏർപ്പെടുത്തുന്നതോടെ ബ്രിട്ടനിൽ സ്വർണ വില ഉയരുമെന്ന ആശങ്കയുണ്ട്. സ്വർണത്തിനോട് കൂടുതൽ താല്പര്യമുള്ള മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് ഈ തീരുമാനം പ്രതിസന്ധി സൃഷ്ടിക്കുമോ എന്ന് വരും ആഴ്ചകളിൽ അറിയാം.