Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ആഴ്ചയിൽ അഞ്ചു തവണയെങ്കിലും മുട്ട കഴിക്കുന്നവർക്ക് മറ്റുള്ളവരെ അപേക്ഷിച്ചു വണ്ണം കുറവാണെന്ന് പുതിയ പഠനങ്ങൾ തെളിയിച്ചിരിക്കുകയാണ്. ഇതോടൊപ്പം തന്നെ ഇത്തരത്തിലുള്ളവർക്ക് ആരോഗ്യപ്രദമായ ശരീരവും മുട്ട കഴിക്കുന്നതിലൂടെ ലഭിക്കുമെന്നും ഗവേഷകർ വ്യക്തമാക്കിയിരിക്കുകയാണ്. 355 ഓളം യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുടെ ശരീരഘടനയാണ് സ്പാനിഷ് മെഡിക്കൽ ഗവേഷകർ ഇതിനായി പഠനത്തിനെടുത്തത്. പഠനത്തിനെടുത്ത എല്ലാവരും തന്നെ 18 മുതൽ 30 വയസ്സിനുള്ളിൽ ഉള്ളവർ ആയിരുന്നുവെന്ന് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു. ആഴ്ചയിൽ എത്ര മുട്ട കഴിക്കുന്നു എന്ന് തോതിലാണ് പഠനത്തിനെടുത്തയാളുകളെ തരംതിരിച്ചത്. ഇങ്ങനെ ആഴ്ചയിൽ ഒരു മുട്ടയോ അതിൽ കുറവോ കഴിക്കുന്നവർ, ഒന്നു മുതൽ നാലു തവണ വരെ കഴിക്കുന്നവർ, പരമാവധി അഞ്ചു തവണ വരെ കഴിക്കുന്നവർ എന്നിങ്ങനെ വിവിധ തരത്തിലായി തിരിച്ചാണ് പഠനങ്ങൾ നടത്തിയത്. മുട്ട ഏത് തരത്തിൽ കഴിക്കുന്നു എന്നത് പഠനത്തിൽ വിഷയമായില്ല എന്ന് ഗവേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.

പഠനങ്ങൾ പ്രകാരം ആഴ്ചയിൽ അഞ്ചു തവണയെങ്കിലും മുട്ട കഴിക്കുന്നവർക്ക് താരതമ്യേന കുറവ് ബി എം ഐയും ഫാറ്റ് പെർസെന്റേജുമാണ് മറ്റുള്ള ഗ്രൂപ്പുകളെക്കാൾ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടൊപ്പം തന്നെ, പ്രായവും ലിംഗഭേദവും അനുസരിച്ച് ഏറ്റവും കുറവ് മുട്ട കഴിക്കുന്നവർക്ക് അരയുടെ ചുറ്റളവ്-ഉയരം അനുപാതം അഞ്ചിൽ താഴെയാണ് രേഖപ്പെടുത്തിയത്. എന്നാൽ ഇത് പ്രതിദിന മുട്ട കഴിക്കുന്ന ഗ്രൂപ്പിലുള്ളവർക്ക് 0.45 ആയിരുന്നു.  ഈ അനുപാതം കുറഞ്ഞിരിക്കുന്നതാണ് നല്ലതെന്ന് ആരോഗ്യ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മുട്ടയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ ആണ് ഇത്തരം വ്യത്യാസങ്ങൾക്ക് കാരണമെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- വെയിൽസിലെ രാജകുമാരനും രാജകുമാരിയും എന്ന പദവി ലഭിച്ചശേഷം ആദ്യമായി വില്യമും കേയ്റ്റും വെയിൽസ് സന്ദർശനം നടത്തിയിരിക്കുകയാണ്. സാധാരണ ജനങ്ങളോട് വളരെയധികം അടുത്തിടപഴകിയാണ് ഇരുവരും തങ്ങളുടെ സന്ദർശനം നടത്തിയത്. തങ്ങൾക്കുവേണ്ടി പിങ്ക് റോസപ്പൂക്കളുമായി സ്കൂൾ യൂണിഫോമിലെത്തിയ തിയോ ക്രോമ്പ്റ്റൻ എന്ന നാലു വയസ്സുകാരന്റെ കയ്യിൽ നിന്നും ഇരുവരും മുട്ടുകുത്തിയാണ് റോസാപ്പൂക്കൾ വാങ്ങിയത്. വിവാഹശേഷം മൂന്നുവർഷത്തോളം താമസിച്ച ആങ്‌ലെസിയിലും ഇരുവരും സന്ദർശനം നടത്തി. അവിടുത്തെ ഹോളി ഹെഡ് ലൈഫ് ബോട്ട് സ്റ്റേഷനിലെ ജീവനക്കാരുമായും വോളണ്ടിയർമാരുമായും വില്യമും കേയ്റ്റും കൂടിക്കാഴ്ച നടത്തുകയും ചെയ്തു. രാജ്ഞിയുടെ മരണത്തെ തുടർന്നുള്ള ദുഃഖാചരണത്തിന് ശേഷമുള്ള ഇരുവരുടെയും ആദ്യ ഔദ്യോഗിക ചുമതലയുടെ ഭാഗമായാണ് വെയിൽസ് സന്ദർശനം. ആങ്‌ലെസിയിലെ ഹൗസ് ബോട്ട് സ്റ്റേഷന്റെ വാതിൽക്കൽ ഇരുവരെയും കാണുവാനായി നൂറുകണക്കിന് ജനങ്ങളാണ് തടിച്ചുകൂടിയത്.

വെയിൽസിൽ കൂടുതൽ സമയം ചെലവഴിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും, വെയിൽസിനോട് അനുബന്ധിച്ച് ചാരിറ്റി സംഘടനകളെക്കുറിച്ചും മറ്റ് പ്രവർത്തനങ്ങളെക്കുറിച്ചും കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നുണ്ടെന്നും ദമ്പതികൾ പറഞ്ഞു. സന്ദർശനത്തിനിടയിൽ ഇരുവരും തങ്ങളുടെ മക്കളെ വളർത്തുന്നത് വളരെയധികം മാതൃകാപരമാണെന്ന് പരാമർശിച്ച കടുത്ത ആരാധകരിൽ ഒരാളോട് വില്യം തമാശയായി തങ്ങൾ ഒരു ബേബി സിറ്ററിനെ അന്വേഷിക്കുന്നുണ്ട് എന്നായിരുന്നു മറുപടി പറഞ്ഞത്. ഇത്തരത്തിൽ സാധാരണ ജനങ്ങളുമായി വളരെയധികം ഇഴുകിച്ചേർന്നായിരുന്നു ഇരുവരും തങ്ങളുടെ സന്ദർശനം നടത്തിയത്. ഇതിനുശേഷം ഇരുവരും സ്വാൻസിയ സന്ദർശിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: രാജ്യത്ത് പൗണ്ടിന്റെ മൂല്യം ഇടിയുന്നതായി റിപ്പോർട്ടുകൾ പുറത്ത്. സർക്കാർ അവതരിപ്പിച്ച മിനി ബഡ്ജറ്റിനെ തുടർന്നാണ് ഇത് സംഭവിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇതിനെ തുടർന്ന് ബാങ്കുകളും ബിൽഡിങ് സൊസൈറ്റികളും മോർട്ട്ഗേജ് ഇടപാടുകൾ ഇപ്പോൾ പിൻവലിച്ചിരിക്കുകയാണ്. വിർജിൻ മണിയും സ്‌കിപ്റ്റൺ ബിൽഡിംഗ് സൊസൈറ്റിയും പുതിയ ഉപഭോക്താക്കൾക്കുള്ള മോർട്ട്ഗേജ് ഓഫറുകൾ നിർത്തി വെച്ചു. അതേസമയം ഇതുവരെ സമർപ്പിച്ച അപേക്ഷകൾ തുടർന്നും പ്രോസസ്സ് ചെയ്യുമെന്നും അധികൃതർ പറഞ്ഞു.

ഉൽപന്ന ഫീസ് ഉപയോഗിച്ച് മോർട്ട്ഗേജുകൾ നിർത്തുമെന്ന് ഹാലിഫാക്സ് പറഞ്ഞു. ഇത് മികച്ച തിരിച്ചടവ് നിരക്കിന് കാരണമാകുമെന്നും നിലവിലെ പ്രശ്നങ്ങളെ അതിജീവിക്കാൻ സാധിക്കുമെന്നുമാണ് കരുതുന്നത്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് വിപണികളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതായും അധികൃതർ ചൂണ്ടികാട്ടി. പൗണ്ടിന്റെ മൂല്യം റെക്കോർഡ് താഴ്ചയിലേയ്ക്ക് താഴ്ന്നതിനെ തുടർന്ന് പണപ്പെരുപ്പം തടയാൻ പലിശ നിരക്ക് ഉയർത്താൻ മടിയില്ലെന്നും ബാങ്ക് അറിയിച്ചു. 50 വർഷത്തിനിടയിലെ ഏറ്റവും വലിയ നികുതിയിളവ് പ്രഖ്യാപിച്ച വെള്ളിയാഴ്ചത്തെ മിനി ബഡ്ജറ്റിന് മുകളിൽ, നികുതികൾ കൂടുതൽ വെട്ടിക്കുറയ്ക്കുമെന്ന് ചാൻസലർ ക്വാസി ക്വാർട്ടെങ്ങിന്റെ തീരുമാനത്തെ തുടർന്നാണിത്.

ബ്രിട്ടീഷ് ഗവൺമെന്റ് കടമെടുക്കുന്നതിന്റെ പരിധിയും ഉയർന്നു. ചില നിക്ഷേപകർ ഗവൺമെന്റിന്റെ നികുതിയിളവ് ആളുകൾ കൂടുതൽ പൈസ ചെലവിടുന്നതിലേക്ക് നയിക്കുമെന്ന് വിശ്വസിക്കുന്നു. അതിനാൽ വിലക്കയറ്റം പരിമിതപ്പെടുത്താനുള്ള ശ്രമത്തിൽ, ബാങ്കിന് വേഗത്തിൽ പലിശ നിരക്ക് ഉയർത്താൻ കഴിയും. നവംബർ 3 ന് നടക്കുന്ന അടുത്ത മീറ്റിംഗിൽ പലിശ നിരക്കുകൾ മാറ്റണമോ എന്ന് പൂർണ്ണമായ വിലയിരുത്തൽ നടത്തുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ആർത്തവവിരാമത്തിലൂടെ കടന്നുപോകുന്ന സ്ത്രീകളെ സൗകര്യപ്രദമല്ലാത്ത യൂണിഫോം ധരിക്കാൻ നിർബന്ധിക്കുന്നതിനെതിരെ കർശന മുന്നറിയിപ്പുമായി അധികൃതർ. ഇത്തരത്തിലുള്ള പ്രവർത്തികളിൽ ഏർപ്പെടുന്ന തൊഴിലുടമകൾക്കെതിരെ നിലപാട് കടുപ്പിച്ചു രംഗത്ത് വന്നിരിക്കുകയാണ് ഭരണകൂടം.

ആർത്തവവിരാമത്തിന്റെ ഭാഗമായി കാണപ്പെടുന്ന ലക്ഷണങ്ങളായ വയർ വേദന, വയർ വീർക്കുക, ഭാരമാറ്റം എന്നിങ്ങനെയുള്ള ലക്ഷണങ്ങൾക്ക് ഇത്തരത്തിലുള്ള വസ്ത്രങ്ങൾ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും ഇത് പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുമെന്നുമാണ് ആരോഗ്യ വിദഗ്ദർ ചൂണ്ടിക്കാട്ടി. ഇങ്ങനെയുള്ള വസ്ത്രങ്ങൾ ധരിക്കുമ്പോൾ സ്ത്രീകൾക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാകുന്നതെന്നും ചൂണ്ടിക്കാട്ടുന്നു.

ഈ പ്രശ്നം കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെടുന്ന ജോലിസ്ഥലങ്ങൾ ഉടൻ തന്നെ തുല്യതാ നിയമപ്രകാരം നിയമനടപടി നേരിടേണ്ടിവരുമെന്ന് അഭിഭാഷകർ പറഞ്ഞു. 50 വയസ്സിന് മുകളിലുള്ള സ്ത്രീകൾക്ക് ദോഷകരമായ ഒരു നയമാണ് നിങ്ങൾ സ്വീകരിക്കുന്നതെങ്കിൽ, അത് നയത്തെ മറ്റേണ്ടതുണ്ടെന്ന് പലരും അഭിപ്രായപ്പെട്ടു. ഇത്തരത്തിലുള്ള പരിഷ്കാരങ്ങൾ തൊഴിലിടങ്ങളിൽ ഉയർന്നു വരണമെന്നും അവർ പറയുന്നു. ആർത്തവവിരാമം മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ ഏറെക്കുറെ പരിഹരിക്കാൻ എംപ്ലോയീമെന്റ് വകുപ്പിന് കഴിഞ്ഞിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- വാൾസൽ ഹെൽത്ത് കെയർ ട്രസ്റ്റ് ആശുപത്രിയിലെ ഓർത്തോപീഡിക് സർജൻ മിയാൻ മുനാവർ ഷാ നടത്തിയ ഭൂരിഭാഗം സർജറികളിലും രോഗികൾക്ക് തോൾഭാഗം അനക്കുവാൻ പോലും സാധിക്കാത്ത അവസ്ഥയിലാണെന്ന് പുതിയ റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്. ഇതേ തുടർന്ന് ഇദ്ദേഹത്തിന്റെ ചികിത്സ സ്വീകരിച്ച 600 ഓളം പേരെ ആശുപത്രി അധികൃതർ തിരിച്ചുവിളിച്ചിരിക്കുകയാണ്. ഇതോടൊപ്പം തന്നെ ഇയാളെ ജോലിയിൽ നിന്നും പിരിച്ചുവിട്ടതായാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം. ഇയാൾ സർജറി നടത്തിയ നിരവധി പേർക്ക് പിന്നീട് കൈ ഉപയോഗശൂന്യമായി തന്നെ മാറിയതായാണ് രോഗികൾ പരാതിപ്പെട്ടിരിക്കുന്നത്. നിരവധി വർഷങ്ങളായി ഇയാൾ സർജറികൾ നടത്തുന്നതിനാൽ നൂറുകണക്കിന് ആളുകൾക്ക് പ്രശ്നങ്ങൾ ഉണ്ടാകാമെന്നും അതിനാൽ തന്നെ ഇതിനായി ഒരു ഹെൽപ്പ് ലൈൻ ആശുപത്രിയിൽ തുടങ്ങിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. 2010 മുതൽ 2018 വരെയുള്ള സമയങ്ങളിൽ ഇയാൾക്കെതിരെ ചികിത്സ പിഴവ് സംബന്ധിച്ച 21 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞവർഷം തന്നെ മേൽനോട്ടം ഇല്ലാതെ ഷോൾഡർ ജോയിന്റ് റീപ്ലേസ്മെന്റ് സർജറികൾ ചെയ്യാൻ പാടില്ലയെന്ന് ഷായ്ക്ക് മെഡിക്കൽ പ്രാക്ടീഷ്നേഴ്‌സ് ട്രിബ്യൂണൽ സർവീസ് ഓർഡർ നൽകിയിരുന്നു.

ഷായുടെ കീഴിൽ രണ്ട് ഓപ്പറേഷനുകൾക്ക് വിധേയയായ ഏഞ്ചല ഗ്ലോവർ എന്ന രോഗി അദ്ദേഹത്തിന്റെ നടപടിക്രമങ്ങളുടെ ഫലമായി സ്ഥിരമായ വേദനയിൽ ജീവിക്കുകയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. തന്റെ കൈ ഉയർത്താനോ വലതു കൈയിൽ പിടിക്കാനോ സാധിക്കാത്ത അവസ്ഥയിലാണെന്ന് താനെന്ന് അവർ പറഞ്ഞു. എയ്ഞ്ചലാ ഗ്ലോവർ ഇയാളുടെ കീഴിൽ രണ്ട് ഓപ്പറേഷനുകൾക്കാണ് വിധേയയായത്. അതിലൊന്ന് പിന്നീട് അനാവശ്യമായി കണക്കാക്കപ്പെട്ടു. ഈ സമയത്ത് ഷാ അനുചിതമായി ഒരു സ്ക്രൂ ഇട്ടതായും അവർ പറഞ്ഞു. ഇതുപോലെ നിരവധി രോഗികൾക്കാണ് ഷായുടെ ചികിത്സയുടെ ഭാഗമായി ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നത്. അതിനാൽ തന്നെ ആശുപത്രി അധികൃതർ അവരെയെല്ലാം തന്നെ തിരിച്ചു വിളിച്ചിരിക്കുകയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

പൗണ്ടിന്റെ വിലത്തകർച്ചയിൽ ബ്രിട്ടീഷ് സാമ്പത്തിക മേഖല ആടിയുലയുകയാണ്. ഒരു ഘട്ടത്തിൽ ഒരു പൗണ്ടിന് 1.03 ഡോളർ എന്ന നിലവരെ ഏഷ്യൻ ട്രേഡ് മാർക്കറ്റിൽ വിലയിടിഞ്ഞു. ഇത് പിന്നീട് ഒരു പൗണ്ടിന് 1.05 ഡോളർ എന്ന നിലയിലേയ്ക്ക് മെച്ചപ്പെട്ടു. യൂറോയ് ക്കെതിരെയും പൗണ്ടിന്റെ വിലയിടിഞ്ഞു. 1.09 എന്ന നിലയിലേക്ക് 14 വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേയ്ക്കാണ് പൗണ്ടിന്റെ വില തകർന്നടിഞ്ഞത്. പൗണ്ടിന്റെ വിലയിടിവ് നേരിടാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിയന്തര മീറ്റിംഗ് വിളിച്ചുകൂട്ടുമെന്നാണ് സാമ്പത്തിക രംഗത്ത് വിദഗ്ധർ വിലയിരുത്തുന്നത്.

വൻ നികുതി ഇളവുകൾ അവതരിപ്പിച്ച മിനി ബഡ്ജറ്റിനെ തുടർന്ന് കഴിഞ്ഞ ദിവസവും പൗണ്ടിന്റെ വിലയിൽ വൻ ഇടിവ് നേരിട്ടിരുന്നു . ചാൻസിലർ ക്വാസി കാർട്ടെംഗ് അവതരിപ്പിച്ച ബഡ്ജറ്റിനോട് ഓഹരി വിപണിയും പ്രതികൂലമായാണ് പ്രതികരിച്ചത്. യുകെ സമ്പദ് വ്യവസ്ഥയെ കുറിച്ചുള്ള ആശങ്കകളും പൗണ്ടിന്റെ വിലയിടിവും ഓഹരി വിപണിയിൽ പ്രതിഫലിച്ചതായാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യുകെ ആസ്ഥാനമായുള്ള സ്കൈ ട്രാക്സ് ഖത്തർ എയർവെയ്സിനെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച എയർലൈനായി തിരഞ്ഞെടുത്തു. 1999 -ൽ ഈ പുരസ്കാരം ഏർപ്പെടുത്തിയതിന് ശേഷം മൊത്തം 7 തവണയാണ് ഖത്തർ എയർവെയ്സ് പ്രസ്തുത പുരസ്കാരം സ്വന്തമാക്കുന്നത്. യാത്രക്കാർക്ക് നൽകുന്ന മികച്ച സേവനത്തിന്റെ അടിസ്ഥാനത്തിലാണ് ഖത്തർ എയർവെയ്സിനെ തേടി പുരസ്കാരം എത്തിയത്. തങ്ങളുടെ 25-ാം വാർഷികം ആഘോഷിക്കുന്ന വേളയിലെ പുരസ്കാര ലബ്ദി കൂടുതൽ അർപ്പണ മനോഭാവത്തോടെ സേവനം ചെയ്യാൻ പ്രേരിപ്പിക്കുമെന്ന് ഖത്തർ എയർവെയ്സ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് അക്ബർ അൽ ബേക്കർ പറഞ്ഞു.

കോവിഡ് മൂലം തകർന്നടിഞ്ഞ വ്യോമയാന ഗതാഗത മേഖല വീണ്ടും പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തുകയാണ്. ജീവനക്കാരുടെ ക്ഷാമം മൂലം സർവീസുകൾ റദ്ദാക്കി ബ്രിട്ടീഷ് എയർവെയ്സ് ഉൾപ്പെടെയുള്ള ഒട്ടേറെ വിമാന കമ്പനികൾ വാർത്തകളിൽ സ്ഥാനം പിടിച്ചിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: മഹ്സ അമനിയുടെ മരണത്തിൽ പ്രതിഷേധിച്ച് രാജ്യത്ത് പല ഇടങ്ങളിലും കനത്ത പ്രതിഷേധമാണ് ഉയരുന്നത്. ലണ്ടനിലെ ഇറാൻ എംബസിക്ക് പുറത്ത് ഇന്നലെ നടന്ന പ്രതിഷേധ പ്രകടനത്തിനിടയിൽ പോലീസുമായി പ്രതിഷേധക്കാർ ഏറ്റുമുട്ടി. ഞായറാഴ്ച ഉച്ചയ്ക്ക് നൈറ്റ്സ് ബ്രിഡ്ജിലെ പ്രിൻസസ് ഗേറ്റിൽ ജനക്കൂട്ടം ഉദ്യോഗസ്ഥർക്ക് നേരെ തിരിഞ്ഞു.

സംഭവത്തിൽ നിരവധി ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും ആർക്കും കാര്യമായ പരിക്കില്ലെന്നും, കേസിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ഇറാനിലെ ഇസ്ലാമിക റിപ്പബ്ലിക്കിന് മരണം സംഭവിച്ചു എന്ന് ആക്രോശിച്ചാണ് ഇന്നലെ പ്രകടനം നടത്തിയത്. പ്രതിഷേധത്തിന്റെ പരിധികൾ വിട്ടതോടെയാണ് നടപടി എടുത്തതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങൾ പ്രകാരം പ്രതിഷേധക്കാർക്കിടയിൽ തന്നെ വാക്കേറ്റം നടന്നതായി കാണിക്കുന്നുണ്ട്.

ഉദ്യോഗസ്ഥരുമായി കയർത്ത് സംസാരിക്കുകയും മോശമായി മുദ്രാവാക്യം വിളിക്കുന്നതും വ്യക്തമാണ്.
എന്നാൽ മാർബിൾ ആർച്ചിന് സമീപമുള്ള റോഡിൽ നിന്ന് പ്രതിഷേധക്കാരെ നീക്കം ചെയ്യാൻ പോലീസിന് കുറെ പ്രയാസപ്പെടേണ്ടി വന്നു. പ്രതിഷേധക്കാർ കലാപം ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് സംഭവത്തിൽ മെറ്റ് പോലീസ് പറഞ്ഞു. സ്ഥിതിഗതികൾ നിരീക്ഷിക്കാൻ കാര്യമായ പോലീസ് സാന്നിധ്യം പ്രദേശത്തും പരിസരത്തും തുടരുമെന്നും അധികൃതർ പറയുന്നു.

ഇറാനിൽ, മിസ് അമിനിയുടെ മരണത്തിൽ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം 35 പേർ കൊല്ലപ്പെട്ടതായും നിരവധി നഗരങ്ങളിൽ ഏറ്റുമുട്ടലുകൾ തുടരുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിന്റെ ഭാഗമായി കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു. സ്ത്രീകൾ തലമുടി ഹിജാബും കൈകളും കാലുകളും അയഞ്ഞ വസ്ത്രവും കൊണ്ട് മറയ്ക്കണമെന്ന നിയമം ലംഘിച്ചുവെന്നാരോപിച്ച് അമിനിയെ ഇറാനിൽ തടവിലാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മരണം സംഭവിച്ചത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഹഡേഴ്സ് ഫീൽഡിൽ പതിനഞ്ചു വയസ്സുകാരനായ ഖയ്റി മക് ലീനെ കുത്തേറ്റ് മരിച്ച സംഭവത്തിൽ 15 ഉം 16 ഉംവയസ്സുകാരായ രണ്ട് ആൺകുട്ടികൾക്കെതിരെ പോലീസ് കൊലകുറ്റം ചുമത്തി. ബുധനാഴ്ചയാണ് നോർത്ത് ഹഡേഴ്സ് ഫീൽഡ് ട്രസ്റ്റ് സ്കൂളിൻറെ പ്രവേശന കവാടത്തിന് സമീപം ഖയ്റി മക് ലീൻ കുത്തേറ്റ് മരിച്ചത്. ആക്രമണത്തിൽ ഗുരുതരമായ പരിക്കേറ്റ ആൺകുട്ടി ആശുപത്രിയിൽ വച്ചാണ് മരണമടഞ്ഞത്.

ബ്ലേഡ് പോലുള്ള ആയുധങ്ങൾ കൈവശം വച്ചതിനും പ്രതികൾക്കെതിരെ കുറ്റം ചുമത്തപ്പെട്ടിട്ടുണ്ട്. ബുധനാഴ്ച ഉച്ചയ്ക്ക് വുഡ്ഹൗസ് ഹില്ലിൽ നടന്ന സംഭവത്തിന് ശേഷം ഖയ്റിയെ ലീഡ്സ് ജനറൽ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതികളെ ഇന്ന് ലീഡ്സ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- എലിസബത്ത് രാജ്ഞിയുടെ ചിത്രമുള്ള 20 പൗണ്ടിന്റെയും, 50 പൗണ്ടിന്റെയും പേപ്പർ നോട്ടുകൾ ഇനി ഉപയോഗത്തിൽ ആറ് ദിവസം മാത്രമേ ഉള്ളൂവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട്. സെപ്റ്റംബർ 30ന് ശേഷം ജനങ്ങൾക്ക് ഈ പേപ്പർ നോട്ടുകൾ ഉപയോഗിച്ച് പണമിടപാടുകൾ നടത്തുവാൻ സാധിക്കുകയില്ല. അതിനാൽ ഇപ്പോൾ തന്നെ ഭൂരിഭാഗം ബാങ്കുകളിലും ഈ നോട്ടുകൾ മാറുവാനുള്ള ജനങ്ങളുടെ നീണ്ട നിര ദൃശ്യമായിട്ടുണ്ട്. ബാങ്കുകളോടൊപ്പം തന്നെ പോസ്റ്റ് ഓഫീസുകളിലും ഇത്തരം നോട്ടുകൾ മാറുവാനുള്ള അവസരമുണ്ടെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് വ്യക്തമാക്കി. നിലവിലുള്ള പേപ്പർ നോട്ടുകൾക്ക് പകരം ഇനി മുതൽ പോളിമർ നോട്ടുകളാകും ഉപയോഗത്തിൽ വരിക. നിലവിൽ തന്നെ ഭൂരിഭാഗം പേപ്പർ നോട്ടുകൾക്ക് പകരം പോളിമർ നോട്ടുകൾ ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ടെങ്കിലും, 5 ബില്യൺ പൗണ്ട് വിലമതിക്കുന്ന 20 പൗണ്ടിന്റെ പേപ്പർ നോട്ടുകളും, 6 ബില്യൺ പൗണ്ട് വില വരുന്ന 50 പൗണ്ടിന്റെ പേപ്പർ നോട്ടുകളും ഇപ്പോഴും പ്രചാരത്തിൽ ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് മൂന്നുമണിവരെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ കൗണ്ടർ പ്രവർത്തിക്കുമെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കി. എന്നാൽ നിലവിൽ നീണ്ട നിരകൾ ഉള്ളതിനാൽ ജനങ്ങൾ അതിനനുസരിച്ച് എത്തണമെന്ന് ബാങ്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. ഉടൻതന്നെ നോട്ടുകൾ ആവശ്യമില്ലാത്തവർ തങ്ങളുടെ നോട്ടുകൾ പോസ്റ്റിൽ ആക്കി ബാങ്കിന് അയക്കാവുന്നതാണെന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ട് പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ സൂചിപ്പിക്കുന്നുണ്ട്.

RECENT POSTS
Copyright © . All rights reserved