Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ബെൽഫാസ്റ്റ് : നോര്‍ത്തേണ്‍ അയര്‍ലൻഡിൽ പുതുചരിത്രം കുറിച്ച് സിൻഫീൻ പാർട്ടി അധികാരത്തിലേക്ക്. തീവ്ര ദേശീയവാദികളായ സിൻഫീൻ ഇതാദ്യമായാണ് ഇത്ര വലിയ വിജയം നേടുന്നത്. 90 സ്റ്റോര്‍മോണ്ട് മണ്ഡലങ്ങളില്‍ സിൻഫീൻ 27 സീറ്റുകൾ നേടി. ഡിയുപി 25, അലയന്‍സ് 17, യുയുപി 9, എസ് ഡിഎല്‍പി 8, മറ്റുള്ളവർ 4 എന്നിങ്ങനെയാണ് ബാക്കി കക്ഷികളുടെ സീറ്റ് നില. രാജ്യത്തിന്റെ ഫസ്റ്റ് മിനിസ്റ്ററായി സിന്‍ഫീൻ നേതാവ് മിഷേല്‍ ഒ നീല്‍ വന്നേക്കുമെന്നാണ് സൂചന. വടക്കൻ അയർലൻഡിലെ വിജയം സിൻഫീന് റിപ്പബ്ലിക് ഓഫ് അയർലൻഡിലും കരുത്തു പകർന്നേക്കും. ക്രോസ്-കമ്മ്യൂണിറ്റി അലയന്‍സ് പാര്‍ട്ടിയും തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കി. വലിയ വീഴ്ചയിലേക്ക് പോയില്ലെന്നത് ഭരണത്തിലിരിക്കുന്ന ഡിയുപിയ്ക്കും ആശ്വാസമായി.

അഞ്ചു വര്‍ഷത്തിനുള്ളില്‍ ഐക്യ അയര്‍ലന്‍ഡ് എന്ന് സ്വപനം സാക്ഷാത്ക്കരിക്കുമെന്നാണ് സിന്‍ഫീൻ പറയുന്നത്. എക്‌സിക്യൂട്ടിവ് ഉടൻ രൂപീകരിക്കേണ്ടതുണ്ടെന്ന് സിൻഫീൻ വൈസ് പ്രസിഡന്റ് മിഷേൽ ഒ നീൽ പറഞ്ഞു. എന്നാൽ സിൻഫീൻ രൂപീകരിക്കുന്ന എക്സിക്യുട്ടീവില്‍ ചേരാന്‍ ജെഫ്രി ഡൊനാള്‍ഡ് ണിന്റെ പാര്‍ട്ടിയായ ഡിയുപിയോ യൂണിയനിസ്റ്റുകളോ ഇതുവരെ സമ്മതം അറിയിച്ചിട്ടില്ല. അതിനിടെ, നോര്‍ത്തേണ്‍ അയര്‍ലൻഡ് പ്രോട്ടോക്കോളില്‍ മാറ്റങ്ങള്‍ വരുത്തണമെന്നാവശ്യപ്പെട്ട് ഡൊണാള്‍ഡ്‌സണ്‍ രംഗത്തെത്തി.

അതേസമയം രാഷ്ട്രീയ പ്രതിസന്ധിയും നോർത്തേൺ അയർലൻഡിനെ കാത്തിരിപ്പുണ്ട്. 1998ലെ ഗുഡ് ഫ്രൈഡേ എഗ്രിമെന്റ് അനുസരിച്ച് അധികാരം പങ്കുവെയ്ക്കാന്‍ നാഷനലിസ്റ്റുകളും യൂണിയനിസ്റ്റുകളും ബാധ്യസ്ഥരാണ്. എന്നാല്‍ ബ്രക്സിറ്റാനന്തരം യുകെയുടെ മറ്റ് ഭാഗങ്ങളുമായുള്ള വ്യാപാരം നിയന്ത്രിക്കുന്ന പ്രോട്ടോക്കോള്‍ പൂര്‍ണ്ണമായും പുനഃപരിശോധിച്ചില്ലെങ്കില്‍ അധികാരത്തില്‍ പങ്കാളിയാകില്ലെന്ന് ഡിയുപി മുന്നറിയിപ്പ് നല്‍കി. എന്നാൽ എല്ലാവരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുവാൻ തയ്യാറാണെന്ന് മിഷേല്‍ ഒ നീല്‍ വ്യക്തമാക്കി കഴിഞ്ഞു. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ സിന്‍ഫീന്‍ വിജയം ബ്രിട്ടന്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി ആണെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സൺ പ്രതികരിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : മങ്കിപോക്സ് അണുബാധ ഇംഗ്ലണ്ടിൽ താമസിക്കുന്ന വ്യക്തിയിൽ കണ്ടെത്തിയതായി യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി വെളിപ്പെടുത്തി. നൈജീരിയയിൽ നിന്നും വന്ന വ്യക്തിയിലാണ് അണുബാധ കണ്ടെത്തിയത്. ഇദ്ദേഹത്തെ ലണ്ടനിലുള്ള ഗൈസ് ആൻഡ് സെന്റ് തോമസ് എൻഎച്ച്എസ് ട്രസ്റ്റിൽ പ്രവേശിപ്പിച്ചു. മങ്കിപോക്സ് ആളുകൾക്കിടയിൽ വേഗം പടരില്ലെന്നും പൊതുജനങ്ങൾക്കുള്ള അപകടസാധ്യത വളരെ കുറവാണെന്നും യുകെഎച്ച്എസ്എ പറഞ്ഞു. രോഗബാധിതനുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ കണ്ടെത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അവർ അറിയിച്ചു.

2018ലാണ് യുകെയിൽ ആദ്യമായി മങ്കിപോക്സ് റിപ്പോർട്ട് ചെയ്തത്. അതിനുശേഷം ഏതാനും കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. തലവേദന, പനി, മസിൽ വേദന, തൊണ്ടവേദന, ക്ഷീണം, വിറയൽ തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങൾ. ശേഷം ദേഹമാകമാനം തിണര്‍പ്പുകള്‍ ഉണ്ടാവും. മുഖത്താണ് ആദ്യം തിണര്‍പ്പ് വരുന്നത്. ശേഷം മറ്റ് ശരീരഭാഗങ്ങളിലേക്ക് വ്യാപിക്കും. രണ്ടോ ,നാലോ ആഴ്ച രോഗലക്ഷണങ്ങള്‍ സാധാരണയായി നീണ്ടുനില്‍ക്കും. ഈ ലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ എത്രയും പെട്ടെന്ന് ആശുപത്രിയിൽ പ്രവേശിച്ചു പ്രാഥമിക ചികിത്സ തേടേണ്ടതാണ്. രോഗം ബാധിച്ച ആളുമായി അടുത്തിടപഴകുമ്പോൾ ഇത് പകരാനുള്ള സാധ്യത കൂടുതലാണ്.

1970കളില്‍ നൈജീരിയയിലും മദ്ധ്യ ആഫ്രിക്കന്‍ രാജ്യങ്ങളിലും പടര്‍ന്നു പിടിച്ച മങ്കിപോക്‌സ് 2003ല്‍ അമേരിക്കയിലും വ്യാപകമായി പടര്‍ന്നു പിടിച്ചിരുന്നു. അതേസമയം, വസൂരിയുടെ അതേ വിഭാഗത്തില്‍ പെടുന്ന മങ്കിപോക്സ് പകര്‍ച്ചപ്പനിയായി തുടങ്ങി ശരീരത്തെ അതിവേഗം നശിപ്പിക്കാന്‍ ശേഷിയുള്ളതാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

രാജ്ഞി ഒരു പക്ഷേ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ ചിത്രീകരിക്കപ്പെട്ടതും ഫോട്ടോ എടുക്കപ്പെട്ടതുമായ ആളുകളിൽ ഒരാൾ ആയിരിക്കാം. എന്നാൽ രാജ്ഞിയുടെ ഇതുവരെ കാണാത്ത ചിത്രങ്ങൾ പുറത്തുവന്നു. രാജ്ഞിയുടെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ടിവി ഡോക്യുമെൻററിക്കായി ബിബിസി റിലീസ് ചെയ്ത നൂറുകണക്കിന് സ്വകാര്യ റെക്കോർഡിങ്ങുകളിൽ നിന്നാണ് ഇവ എടുത്തിരിക്കുന്നത്. എലിസബത്ത് രാജ്ഞി തൻെറ സ്ഥാനം ഏറ്റെടുക്കുന്നതിനു മുമ്പുള്ള രാജ്ഞിയുടെ ജീവിതത്തിൻറെ കഥ രാജ്ഞി തൻെറ സ്വന്തം വാക്കുകളിൽ പറയുന്ന പ്രോഗ്രാമാണിത്. അക്കാലങ്ങളിൽ ബന്ധുജനങ്ങൾ രാജ്ഞിയോട് എപ്രകാരമാണ് പെരുമാറിയിരുന്നത് എന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും. ഇങ്ങനെ എടുത്ത ഒരു ഫോട്ടോയിൽ എലിസബത്ത് രാജകുമാരി തൻറെ സഹോദരി മാർഗരറ്റ് രാജകുമാരിക്കും പിതാവ് ജോർജ് ആറാമൻ രാജാവിനുമൊപ്പം നിൽക്കുന്നത് കാണാം. 1947ലെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനായി എച്ച്എംഎസ് വാൻഗാർഡിൽ അവർ ഒരുമിച്ച് യാത്ര ചെയ്തപ്പോൾ എടുത്ത ചിത്രമാണിത്. എലിസബത്ത് രാജകുമാരിക്ക് 21 വയസ്സ് തികയുകയും തൻറെ ഭാവി ഭാവി പ്രജകളോടുള്ള കടമയുടെ ചരിത്രപരമായ പ്രതിജ്ഞയെടുക്കുകയും ചെയ്ത യാത്രയാണിത്.

56-ാം വയസ്സിൽ സാൻഡ്രിംഗ്ഹാമിൽ ഉറക്കത്തിൽ മരിച്ച പിതാവിന്റെ പാരമ്പര്യം ഏറ്റെടുത്ത് കിരീടം അവകാശമാക്കി 70 വർഷം പിന്നിടുമ്പോൾ ഇത്തരം ഓർമ്മകൾക്ക് പ്രത്യേക അർത്ഥമുണ്ട്. ഫെബ്രുവരിയിൽ അദ്ദേഹത്തിൻറെ ചരമവാർഷികത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് രാജ്ഞി ദക്ഷിണാഫ്രിക്കയിൽ താൻ നടത്തിയ “എൻറെ ജീവിതം കാലം മുഴുവനും നിങ്ങളുടെ സേവനത്തിനായി സമർപ്പിക്കും” എന്ന പ്രതിജ്ഞ പുതുക്കുകയുണ്ടായി. തൻറെ മാതാപിതാക്കളോടൊപ്പവും ഫിലിപ്പ് രാജകുമാരനോടപ്പവുമുള്ള രാജ്ഞിയുടെ ചിത്രങ്ങൾ ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റ്യൂട്ട് റോയൽ കളക്ഷനിൽ സൂക്ഷിച്ചിരിക്കുകയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

പ്രശസ്ത യൂട്യൂബ് ചാനലായ ബാൾഡ് ആന്റ് ബാങ്ക് റപ്‌റ്റിൻെറ ഉടമയായ ബെഞ്ചമിൻ റിച്ചിനെ ബൈക്കോനൂർ കോസ്‌മോഡ്രോമിലെ ലോഞ്ച് പാഡിന് സമീപം അറസ്റ്റ് ചെയ്‌തതായി റഷ്യൻ ബഹിരാകാശ ഏജൻസി റോസ്‌കോസ്‌മോസ് പറഞ്ഞു. റിച്ചിനെതിരെ നിയമവിരുദ്ധമായ പ്രവർത്തികൾ അന്വേഷിക്കുക ആണെന്ന് ദിമിത്രി റോഗോസിൻ പറഞ്ഞു. ഇദ്ദേഹത്തിൻറെ റിപ്പോർട്ടുകൾ പരിശോധിച്ച് വരികയാണെന്ന് യുകെ ഫോറിൻ, കോമൺവെൽത്ത് ആൻഡ് ഡെവലപ്‌മെന്റ് ഓഫീസ് അറിയിച്ചു. യൂട്യൂബറോടൊപ്പം ബെലാറസിൽ നിന്നുള്ള അലീന സെലിയുപ എന്ന സ്ത്രീയും പിടിയിലായതായി റോഗോസിൻ പറഞ്ഞു. കസാഖ് തലസ്ഥാനമായ നൂർ-സുൽത്താനിൽ നിന്ന് 1,100 കിലോമീറ്റർ (680 മൈൽ) തെക്കുപടിഞ്ഞാറായി ബൈക്കോനൂരിലെ ആഭ്യന്തര വകുപ്പിലാണ് ഇരുവരേയും പാർപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റിച്ചിൻെറ യൂട്യൂബ് ചാനലിൽ 3.5 ദശലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സ് ഉണ്ട്. ഏപ്രിൽ 24ന് പോസ്റ്റ് ചെയ്ത ഏറ്റവും പുതിയ വീഡിയോ സിറിയയിൽ വച്ച് ചിത്രീകരിച്ചതാണ്. റഷ്യൻ റോക്കറ്റുകൾ ഉപയോഗിക്കുന്ന എല്ലാ ബഹിരാകാശനിലയം ഫ്ലൈറ്റുകളും വിനോദസഞ്ചാരികൾക്കായി തുറന്നിരിക്കുന്ന ബൈകോണൂർ കോസ്‌മോഡ്രോമിൽ നിന്നാണ് വിക്ഷേപിക്കുന്നത്. 1957-ൽ ആദ്യ കൃത്രിമ ഉപഗ്രഹമായ സ്പുട്നിക് 1 വിക്ഷേപിച്ച സ്ഥലത്താണ് വിക്ഷേപണ സമുച്ചയം.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ന്യൂകാസിൽ: ബ്രിട്ടീഷ് മലയാളികൾക്ക് അഭിമാനമായി പ്രാദേശിക തിരഞ്ഞെടുപ്പിൽ മലയാളി സ്ഥാനാർഥിക്ക് വൻ വിജയം. ന്യൂകാസിൽ ബറോയിലെ ബ്ലെക്‌ലോ വാർഡിൽ നിന്ന് ജനവിധി തേടിയ ജുന സത്യൻ, പോൾ ചെയ്ത വോട്ടിന്റെ അറുപതു ശതമാനം നേടിയാണ് വിജയിച്ചത്. ലേബർ പാർട്ടിയുടെ സ്ഥാനാർഥി ആയിരുന്നു. രണ്ടാം സ്ഥാനത്തുള്ള ന്യൂകാസിൽ സ്വതന്ത്ര സ്ഥാനാർത്ഥിയ്ക്ക് 23 ശതമാനം വോട്ടുകൾ മാത്രമാണ് നേടാനായത്. പോൾ ചെയ്ത വോട്ടിന്റെ 13 ശതമാനം നേടിയ കൺസർവേറ്റീവുകൾ മൂന്നാം സ്ഥാനത്തെത്തി.

നോർത്തുംബ്രിയ യൂണിവേഴ്സിറ്റിയിൽ സീനിയർ ലക്ചററായി (ഫിസിക്സ്) ജോലി ചെയ്യുകയാണ് ജുന. മുൻപ് ലണ്ടനിലെ ഇംപീരിയൽ കോളേജിൽ ഓണററി സീനിയർ ലക്ചറർ ആയിരുന്നു. പാലാ സ്വദേശിയായ ജുന കേരളത്തിൽ കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാന്റ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി-പിഎച്ച്ഡി ഫിസിക്‌സിൽ തുടർ പഠനങ്ങൾ നടത്തി.

ഭർത്താവ് സത്യൻ ഉണ്ണി, മക്കളായ മിലൻ സത്യ (6), മിലിന്ദ് സത്യ (6) എന്നിവർക്കൊപ്പം ഇപ്പോൾ ന്യൂകാസിലിൽ സ്ഥിരതാമസം. ഭർത്താവിനും മക്കൾക്കുമൊപ്പം ബ്ലെക്‌ലോ പാർക്കിൽ പോയി മാലിന്യം ശേഖരിച്ചു
തുടങ്ങിയതോടെയാണ് ജുന ജനശ്രദ്ധയാകർഷിച്ചത്. 2021ൽ ക്ലീൻ കമ്മ്യൂണിറ്റി ക്ലീൻ വേൾഡ് ഫേസ്ബുക്ക് പേജ് തുടങ്ങി.

പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെയും സ്കൂൾ കുട്ടികൾക്കിടയിൽ മാലിന്യ ശേഖരണം പ്രോത്സാഹിപ്പിക്കുന്നതിനുമായി ആരംഭിച്ച ക്ലീൻ കമ്മ്യൂണിറ്റി ക്ലീൻ വേൾഡ് ക്യാമ്പെയ്‌ൻ ഇപ്പോഴും ഭംഗിയായി പ്രവർത്തിക്കുന്നു. എല്ലാ ശനിയാഴ്ചയും, ജൂനയുടെ മക്കൾ ഹിൽട്ടൺ പ്രൈമറി അക്കാദമിയിലുള്ള സുഹൃത്തുക്കളോടൊപ്പം മാലിന്യ ശേഖരണത്തിൽ ഏർപ്പെടുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഇരുപത്തിനാലുകാരിയായ എൻഎച്ച്എസ് നേഴ്സിന്‌ ബ്രെയിൻ ട്യൂമർ കണ്ടെത്തി.ഡൺ‌ഡിയിലെ നൈൻ‌വെൽ‌സ് ഹോസ്പിറ്റലിൽ നൈറ്റ് ഷിഫ്റ്റിലായിരിക്കുമ്പോഴാണ് തൻറെ ബാലൻസ് നഷ്ടപ്പെടുന്നതും ഇരട്ടിയായി കാണുന്നതും ഫേൺ കാമറൂൻെറ ശ്രദ്ധയിൽപ്പെട്ടത്. ഓങ്കോളജി ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്തിരുന്ന ഇവർ 2021 ജനുവരി മുതൽ താൻ പെട്ടെന്ന് ദേഷ്യപ്പെടുന്നതും മുറിവേൽക്കുന്നതും ശ്രദ്ധിക്കാൻ തുടങ്ങി. ഇതേതുടർന്ന് അവരെ ജിപി നൈൻവെൽസ് ഹോസ്പിറ്റലിലെ ന്യൂറോളജി ഡിപ്പാർട്ട്മെന്റിലേക്ക് റഫർ ചെയ്തു. തുടർന്ന് എംആർഐ സ്കാനിങ്ങിൽ വലിയ ബ്രെയിൻ ട്യൂമർ കണ്ടെത്തി. ബ്രെയിൻ ട്യൂമറിൻെറ സമ്മർദ്ദം ബ്രെയിൻ സ്റ്റെമിൽ വന്നതിനാൽ ഉടൻതന്നെ ശസ്ത്രക്രിയ നടത്തി.

നേത്രരോഗ വിദഗ്ധൻെറ അടുക്കൽ എത്തിയപ്പോൾ തൻറെ കണ്ണുകൾ താൻ നിയന്ത്രിക്കാതെ തന്നെ ചലിക്കുന്നതായി കണ്ടെത്തി. അടുത്തദിവസംതന്നെ എംആർഐ സ്കാനിങ് നടത്തുകയും ട്യൂമർ കണ്ടെത്തുകയും ആയിരുന്നു. 2021 ഒക്ടോബറിൽ ഇവർ ജോലിയിൽ തിരിച്ചെത്തി. ഇപ്പോൾ മറ്റ് ബ്രെയിൻ ട്യൂമർ വന്ന രോഗികളുടെ ക്ഷേമത്തിനായുള്ള പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ലോക്ക്ഡൗൺ സമയത്ത് ട്രാൻസ്‌ജെൻഡർ എസ്‌കോർട്ടിനൊപ്പം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ഇംഗ്ലണ്ട് ഫുട്ബോൾ താരം ബ്ലാക്ക് മെയിലിൽ കുടുങ്ങി. പ്രമുഖ താരത്തിന്റെ കയ്യിൽ നിന്നും ഭീഷണിയിലൂടെ 30,000 പൗണ്ട് തട്ടിയെടുത്തതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 2021 ഏപ്രിലിൽ 150 പൗണ്ട് മുടക്കിയാണ് യുവതിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത്. എല്ലാം സ്വകാര്യമാണെന്ന് കരുതിയെങ്കിലും താരം അറിയാതെ ഫോട്ടോയും വീഡിയോയും എടുത്ത യുവതി അതിലൂടെ ഭീഷണി മുഴക്കിയാണ് പണം തട്ടിയത്. താരം പോലീസിൽ പരാതിപ്പെട്ടെന്നും ജൂൺ അവസാനം യുവതിയെ പോലീസ് അറസ്റ്റ് ചെയ്തെന്നും സൺ റിപ്പോർട്ട്‌ ചെയ്തു.

എന്നാൽ ഇത് പുറത്തറിഞ്ഞാൽ ഉണ്ടാകുന്ന മാനനഷ്ടവും ആരാധകരിൽ നിന്നുണ്ടാകുന്ന പരിഹാസവും ഓർത്ത് താരം ആശങ്കയിലായിരുന്നു. ഇത് താരത്തിന്റെ പ്രകടനത്തെ ബാധിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. പോലീസ് കേസെടുത്തെങ്കിലും മൊഴി നൽകാൻ അദ്ദേഹം തയ്യാറായില്ല. താരത്തിന്റെ മൊബൈൽ ഫോൺ സന്ദേശങ്ങളും ബാങ്ക് ട്രാൻസ്ഫറുകളും പോലീസ് ആവശ്യപ്പെട്ടെങ്കിലും അത് നൽകിയില്ല. ഇതോടെ കേസ് ഉപേക്ഷിക്കുകയായിരുന്നു എന്ന് താരത്തിന്റെ ക്ലബ് അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ബ്രിട്ടൻ നേരിടുന്ന കടുത്ത വിലക്കയറ്റം രാജ്യത്തെ ജനങ്ങളുടെ കുടുംബ ബഡ്ജറ്റ് താളംതെറ്റിച്ചിരിക്കുകയാണ്. ജീവിതച്ചെലവ് അനിയന്ത്രിതമായി വർധിച്ചതിനാൽ പലരും തങ്ങളുടെ കടം തിരിച്ചടയ്ക്കാൻ കഷ്ടപ്പെടുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു. അതുകൊണ്ട് തന്നെ പലരുടേയും മാസംതോറുമുള്ള തിരിച്ചടവ് മുടങ്ങി തുടങ്ങി.

30 വർഷത്തിനിടയിലെ ഏറ്റവും കൂടിയ വേഗത്തിലാണ് വിലകൾ കുതിച്ചുയരുന്നത്. അതുകൊണ്ടുതന്നെ കടങ്ങൾ തിരിച്ചടയ്ക്കാൻ പല കുടുംബങ്ങൾക്കും തങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ പലതും മാറ്റി വയ്ക്കേണ്ടതായി വരുന്നു. വിലക്കയറ്റത്തിനൊപ്പം തന്നെ ഗാർഹിക ഗ്യാസിന്റെയും വൈദ്യുതിയുടെയും ബില്ലുകൾ വർധിക്കുന്നതും കുടുംബങ്ങളെ കൂടുതൽ സാമ്പത്തിക ഞെരുക്കത്തിൽ ആക്കുന്നു.

കമ്പനികൾ പലതും കോവിഡ് അനുബന്ധ സാമ്പത്തിക പ്രതിസന്ധികളെ നേരിടുന്നതും തൊഴിലില്ലായ്മയെ രൂക്ഷമാക്കിയിട്ടുണ്ട്. സാമ്പത്തിക നില ഭദ്രമാക്കാൻ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാൻ കമ്പനികൾ തുനിയുന്നതും പ്രതിസന്ധിയുടെ ആഴം വർധിപ്പിക്കുന്നതായാണ് സൂചനകൾ .

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ബ്രിട്ടനിലെ പ്രാദേശിക കൗണ്‍സിലുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിക്ക് കനത്ത തിരിച്ചടി. ജീവിത ചെലവിലെ വര്‍ധനയും കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച ബോറിസിന്റെ നടപടികളുമൊക്കെയാണ് കണ്‍സര്‍വേറ്റിവിന്റെ പതനത്തിന് കാരണം. ലണ്ടന്‍ നഗരത്തിലെ പരമ്പരാഗത ശക്തി കേന്ദ്രങ്ങളിലെല്ലാം കണ്‍സര്‍വേറ്റിവ് പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നേരിട്ടു. ലണ്ടനിൽ ടോറി ശക്തികേന്ദ്രങ്ങളായി അറിയപ്പെടുന്ന വെസ്റ്റ്മിനിസ്റ്റർ, വാൻസ്വർത്ത്, ബാർനറ്റ് എന്നീ കൗൺസിലുകൾ മികച്ച ഭൂരിപക്ഷത്തിൽ ലേബർ പാർട്ടി തിരിച്ചു പിടിച്ചതാണ് ഏറ്റവും ശ്രദ്ധേയമായ വിജയം. 1964 മുതല്‍ ആധിപത്യമുള്ള ബാര്‍നെറ്റിലും 1978 മുതല്‍ കൈവശംവച്ചിരുന്ന വാന്‍ഡ്‌സ്‌വര്‍ത്തിലും കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ത്ഥികള്‍ക്ക് പരാജയം നേരിടേണ്ടിവന്നു.


ലണ്ടൻ സിറ്റിയിലെ 32 ബറോകളിലാണ് ലേബർ പാർട്ടി മികച്ച വിജയം നേടിയത്. പ്രധാനപ്പെട്ട സ്ഥലങ്ങളിലെ ഫലം വൈകുമെന്നാണ് സൂചന. പരാജയപ്പെട്ട പ്രാദേശിക നേതാക്കൾ ഇതിനകം തന്നെ ജോൺസനെതിരെ തിരിഞ്ഞിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നൂറുകണക്കിന് കൗണ്‍സിലര്‍മാരെ പാര്‍ട്ടിക്ക് നഷ്ടമാകുമെന്നാണ് കരുതുന്നത്. ഇംഗ്ലണ്ടിലും വെയില്‍സിലും സ്‌കോട്ട്‌ലന്‍ഡിലുമായി 7000 ഓളം കൗണ്‍സില്‍ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.

അതേസമയം, ലേബർ പാര്‍ട്ടി കൈവശം വെച്ചിരുന്ന ഹള്‍ സിറ്റി കൗണ്‍സില്‍ ഇത്തവണ ലിബറല്‍ ഡെമോക്രാറ്റുകൾക്കൊപ്പം നിന്നു. ഗ്രീന്‍ പാര്‍ട്ടിയും ഇംഗ്ലണ്ടില്‍ കണ്‍സര്‍വേറ്റീവ്, ലേബര്‍ സീറ്റുകള്‍ പിടിച്ചെടുക്കുന്നുണ്ട്. ഇംഗ്ലണ്ടിലെ 10 കൗൺസിലുകളിൽ നിന്നുണ്ടായ തോൽവിക്ക് ശേഷം, “കൺസർവേറ്റീവുകൾക്ക് ഇതൊരു കഠിനമായ രാത്രിയാണെന്ന്” ബോറിസ് ജോൺസൺ പറഞ്ഞു. തിരഞ്ഞെടുപ്പ് വിജയങ്ങൾ വലിയ വഴിതിരിവാണെന്ന് ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ പറഞ്ഞെങ്കിലും ലണ്ടന് പുറത്ത് വലിയ നേട്ടങ്ങൾ ഉണ്ടാക്കാൻ ലേബർ പാർട്ടിക്കും കഴിഞ്ഞിട്ടില്ല.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യുകെ മലയാളികൾക്കിടയിൽ ഒരു അസ്വാഭിക മരണം കൂടി. ഒറ്റയ്ക്ക് താമസിച്ചിരുന്ന ഏറ്റുമാനൂർ സ്വദേശിയായ ജോണിയെ താമസ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. 60 വയസ്സ് പ്രായമുള്ള ഇദ്ദേഹത്തിന് കാര്യമായ ശാരീരിക അസ്വസ്ഥതകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. കഴിഞ്ഞ പത്ത് വർഷത്തിലേറെയായി കേംബ്രിഡ്ജ് കിങ്സ് എന്ന സ്ഥലത്താണ് ഇദ്ദേഹം താമസിച്ചിരുന്നത്. പരേതൻറെ സഹോദരങ്ങളും അടുത്ത ബന്ധുക്കളും നാട്ടിൽ ആയതിനാൽ അടിയന്തര നടപടികള്‍ കുടുംബത്തിന്റെ കൂടി അഭിപ്രായം മാനിച്ചായിരിക്കും.

ഇന്നലെ രാവിലെ കൊച്ചിയിൽ എയർഇന്ത്യ വിമാനത്തിൽ നാട്ടിലെത്താൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന ജോണിയെ സ്വീകരിക്കാനായി വിമാനത്താവളത്തിലെത്തിയ ബന്ധുക്കൾ വിമാനത്തിൽ ജോണി യാത്ര ചെയ്തിട്ടില്ല എന്ന് മനസ്സിലാക്കിയതിനെ തുടർന്നാണ് യുകെയിലെ പോലീസുമായി ബന്ധപ്പെത്. ഈ അന്വേഷണത്തിനൊടുവിലാണ് രണ്ട് ദിവസത്തോളം പഴക്കംചെന്ന രീതിയിലുള്ള മൃതശരീരം പോലീസ് കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് രജിസ്റ്റർ ചെയ്ത പോലീസ് അടിയന്തര നടപടികൾക്കായി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. മറ്റുള്ളവരുമായി അധികം സൗഹൃദവലയം സൃഷ്ടിക്കുന്ന സ്വഭാവക്കാരനല്ലായിരുന്നതിനാൽ ജോണിയുടെ മരണത്തെപ്പറ്റി ആരും അറിഞ്ഞിരുന്നില്ല.

ജോണിയുടെ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

RECENT POSTS
Copyright © . All rights reserved