Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : പ്രധാനമന്ത്രിയായാൽ നികുതി വെട്ടിച്ചുരുക്കുന്നതിന് മുമ്പായി പണപ്പെരുപ്പ തോത് കുറയ്ക്കുമെന്ന വാഗ്ദാനവുമായി ഋഷി സുനക്. “ഒരു രാജ്യം എന്ന നിലയിൽ നാം സാമ്പത്തിക മുൻഗണന നൽകേണ്ടത് പണപെരുപ്പത്തിനാണ്. പണപ്പെരുപ്പമാണ് എല്ലാവരെയും ദരിദ്രരാക്കുന്നത്. അത് പിടിച്ചുനിർത്തുക എന്നതാണ് പ്രധാനം. അതിന് ശേഷമാകും നികുതി കുറയ്ക്കാനുള്ള നടപടി സ്വീകരിക്കുക.” സുനക് വ്യക്തമാക്കി. രാജ്യത്തെ പണപെരുപ്പ നിരക്ക് നിലവിൽ 9.1% ആണ്. ഇത് ഇനിയും ഉയരുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ് നൽകി. നികുതി ഉടനടി വെട്ടിക്കുറയ്ക്കുമെന്ന വാഗ്ദാനമാണ് കൺസർവേറ്റീവ് പാർട്ടി നേതൃത്വ സ്ഥാനാർഥികൾ ഏവരും മുന്നോട്ട് വെക്കുന്നത്.

ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഇന്ത്യൻ വംശജൻ ഋഷി സുനക് എത്തുമോ എന്നറിയാൻ കാത്തിരിക്കുകയാണ് എല്ലാവരും. വാണിജ്യ മന്ത്രി പെന്നി മോർഡൗണ്ട്, വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ്, മുൻ മന്ത്രി കെമി ബാഡെനോക്ക്, വിദേശകാര്യ സമിതി ചെയർമാൻ ടോം തുഗെന്ധത് എന്നിവരാണ് സുനകിനൊപ്പം മൂന്നാം ഘട്ട വോട്ടെടുപ്പിലേക്ക് കടന്നവർ. തിങ്കളാഴ്ചയാണ് മൂന്നാംഘട്ട വോട്ടെടുപ്പ്. മത്സരരംഗത്ത് രണ്ടു പേർ മാത്രം ശേഷിക്കുന്ന തരത്തിൽ ജൂലൈ 21 വരെ വിവിധ ഘട്ടങ്ങളിലായി വോട്ടെടുപ്പ് പുരോഗമിക്കും.

പാർലമെന്‍റേറിയൻമാർക്കിടയിൽ ഋഷിക്ക് വ്യക്തമായ പിന്തുണയുണ്ടെങ്കിലും കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾക്കിടയിൽ പെന്നി മോർഡൌന്റിനാണ് മുൻതൂക്കം. മത്സരത്തിന്റെ അവസാന ഫലം നിർണയിക്കുന്നതും കൺസർവേറ്റീവ് പാർട്ടി അംഗങ്ങളായ ഒന്നര ലക്ഷത്തിലധികം പേരുടെ വോട്ടുകളാണ്. ബോറിസ് ജോൺസന്റെ രാജിക്ക് കാരണമായ ആദ്യ രാജി ധനമന്ത്രിയായിരുന്ന ഋഷി സുനകിന്റേതായിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കുരങ്ങ് പനി ഫലപ്രദമായി നിയന്ത്രിച്ചില്ലെങ്കിൽ സ്ഥിതി ഗുരുതരമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി. തൽസ്ഥിതി തുടർന്നാൽ ഈ വർഷാവസാനത്തോടെ കൂടുതൽ ആളുകളിലേയ്ക്ക് രോഗം ബാധിച്ചേക്കാം. രോഗവ്യാപനം കൂടുന്നത് കുട്ടികളിലേയ്ക്കും മങ്കി പോക്സ് ബാധിക്കുന്നതിന് കാരണമാകും. മുതിർന്നവരെക്കാൾ കുട്ടികളിൽ മങ്കിപോക്സ് ബാധിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി.

 

രോഗവ്യാപനം തടയുന്നതിനായി 50,000 ഡോസ് വാക്സിൻ ഓർഡർ ചെയ്തിട്ടുണ്ട് . എന്നാൽ ഇതിൻറെ 4 ഇരട്ടിയായ രണ്ട് ലക്ഷം ഡോസ് വാക്സിനുകൾ എങ്കിലും വേണമെന്നാണ് പൊതുജനാരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. യുകെയിൽ ഇതുവരെ മങ്കി പോക്സിന്റെ 1850 ലധികം കേസുകൾ ആണ് കണ്ടെത്തിയിരിക്കുന്നത്. ഓരോ 15 ദിവസം കൂടുമ്പോഴും രോഗവ്യാപനം ഇരട്ടിയാകുമെന്നാണ് നിലവിലെ കണക്കുകൾ വ്യക്തമാക്കുന്നത്. ശാരീരിക സമ്പർക്കത്തിലൂടെയാണ് രോഗം പകരുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

നോർത്ത് ഗ്രീസിലെ കവാല നഗരത്തിന് സമീപം ചരക്ക് വിമാനം തകർന്നു വീണു. ഉക്രെയ്ൻ ആസ്ഥാനമായുള്ള കമ്പനിയുടെ ഉടമസ്ഥതയിലുള്ള വിമാനമാണ് ശനിയാഴ്ച സെർബിയയിൽ നിന്ന് ജോർദാനിലേക്ക് പറക്കുന്നതിനിടെ തകർന്നത്. വിമാനത്തിൽ എത്രയാത്രക്കാർ ഉണ്ടായിരുന്നുവെന്നോ ആരെങ്കിലും രക്ഷപ്പെട്ടിട്ടുണ്ടോ എന്ന് ഇതുവരെയും വ്യക്തമല്ല. വിമാനത്തിൽ 12 ടൺ സാധനങ്ങൾ ഉണ്ടായിരുന്നതായാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . ഇത് സുരക്ഷിതമായുള്ള ഫ്ലൈറ്റ് യാത്രയ്ക്ക് വേണ്ട ഭാരത്തേക്കാൾ കൂടുതലാണ്. എഞ്ചിൻ തകരാർ മൂലം പൈലറ്റ് കവാല വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് ആവശ്യപ്പെട്ടെങ്കിലും റൺവേയിൽ എത്താൻ കഴിഞ്ഞില്ല. ഇതുവരെ ലഭിച്ച റിപ്പോർട്ടുകൾ അനുസരിച്ച് എട്ടു പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

നിലത്ത് പതിച്ചതിനെ തുടർന്നുണ്ടായ സ്ഫോടനത്തിൽ വിമാനം കത്തിയെരിയുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രാത്രി ഏകദേശം 10:45 ഓടെ വിമാനത്തിൻറെ എൻജിന്റെ ശബ്ദം കേട്ടതായി പ്രദേശവാസികൾ വാർത്താമാധ്യമങ്ങളോട് പറഞ്ഞു. ഏഴ് ഫയർ എൻജിനുകൾ സ്ഥലത്ത് എത്തിയെങ്കിലും തുടർച്ചയായി ഉണ്ടായ സ്ഫോടനം മൂലം അവർക്ക് സംഭവ സ്ഥലത്തേക്ക് അടുക്കാൻ കഴിഞ്ഞില്ല. അതിനാൽ തന്നെ വിമാനത്തിൽ ഉണ്ടായിരുന്ന ചരക്കുകളിൽ സ്‌ഫോഡന സ്വഭാവമുള്ള പദാർത്ഥങ്ങൾ അടങ്ങിയിരിക്കാമെന്ന് നിഗമനം. ഗ്രീസിലെ പ്രത്യേക ദുരന്തനിവാരണ വിഭാഗം സംഭവസ്ഥലം പരിശോധിച്ചു വരികയാണ് .

 

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ശമ്പള വർധനയാവശ്യപ്പെട്ട് നേഴ്സുമാർ പണിമുടക്കിലേക്കെന്ന് റോയൽ കോളേജ് ഓഫ് നേഴ്‌സിംഗ് (ആർസിഎൻ). അഞ്ച് ശതമാനം പൊതുമേഖലാ ശമ്പള വർധന സ്വീകാര്യമല്ലെന്നും നേഴ്സുമാരുടെ കഠിനാധ്വാനം കണക്കിലെടുത്ത് 16% വർധനയാണ് ആവശ്യമെന്നും ആർസിഎൻ നേതാവ് പാറ്റ് കുള്ളൻ പറഞ്ഞു. നേഴ്‌സുമാർ, അധ്യാപകർ, പോലീസ്, സർക്കാർ ഉദ്യോഗസ്ഥർ, സായുധ സേനാംഗങ്ങൾ എന്നിവരടങ്ങുന്ന 25 ലക്ഷം പൊതുമേഖലാ ജീവനക്കാർക്ക് അഞ്ച് ശതമാനം ശമ്പള വർധന സർക്കാർ അംഗീകരിക്കുമെന്ന് ഒരു കാബിനറ്റ് മന്ത്രി ഫിനാൻഷ്യൽ ടൈംസിനോട് പറഞ്ഞു.

നേഴ്‌സുമാരുടെ ശമ്പള വർധന പ്രഖ്യാപിക്കുന്നതിലെ കാലതാമസം അവസാനിപ്പിക്കാൻ പുതിയ ആരോഗ്യ സെക്രട്ടറി സ്റ്റീവ് ബാർക്ലേ ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഈ വർധന പ്രഖ്യാപിച്ചത്. സർക്കാർ തീരുമാനത്തിനായി മൂന്ന് മാസം കാത്തിരിക്കേണ്ടി വന്നതിനാൽ നേഴ്‌സുമാർക്ക് ഉടനടി ശമ്പള വർധന നൽകണമെന്ന് ആർസിഎൻ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ വർഷവും ശമ്പള വർധനയ്‌ക്കായി നേഴ്സുമാർ പ്രചാരണം നടത്തിയിരുന്നു. അതേസമയം, ശമ്പളം, ജോലി വ്യവസ്ഥകൾ എന്നിവയെ ചൊല്ലിയുള്ള തർക്കങ്ങൾ വഷളായ സാഹചര്യത്തിൽ ട്രെയിൻ ഡ്രൈവർമാർ 24 മണിക്കൂർ പണിമുടക്ക് ആരംഭിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : അടുത്താഴ്ച താപനില 40 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്ന പ്രവചനത്തെതുടർന്ന് രാജ്യത്ത് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ലണ്ടൻ, മാഞ്ചസ്റ്റർ, യോർക്ക് എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങളിലാണ് മെറ്റ് ഓഫീസ് റെഡ് അലേർട്ട് പുറപ്പെടുവിച്ചത്. ഇതിന്റെ പശ്ചാത്തലത്തിൽ ദേശീയ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിട്ടുണ്ട്. റെയിൽവേ ലൈനുകളിൽ വേഗ നിയന്ത്രണം ഉണ്ടാകും. സ്കൂളുകൾ നേരത്തെ അടയ്ക്കും. അലേർട്ടിനെ ദേശീയ അടിയന്തരാവസ്ഥയായി കണക്കാക്കുകയാണെന്ന് ഡൗണിംഗ് സ്ട്രീറ്റ് പറഞ്ഞു. ഇതാദ്യമായാണ് രാജ്യത്ത് റെഡ് ഹീറ്റ് അലേർട്ട് പ്രഖ്യാപിക്കുന്നത്.

ഇത് വളരെ ഗുരുതരമായ സാഹചര്യമാണെന്നും താപനില 40 ഡിഗ്രിയിൽ എത്താൻ അൻപത് ശതമാനം സാധ്യത ഉണ്ടെന്നും മെറ്റ് ഓഫീസ് വക്താവ് ഗ്രഹാം മാഡ്‌ജ് പറഞ്ഞു. യുകെയിലെ ആളുകൾ താപനില ഉയരുമ്പോൾ പാർക്കിലേക്കും ബീച്ചിലേക്കും ഇരച്ചെത്താറുണ്ട്. എന്നാൽ ഇനി വരുന്നത് അത്തരത്തിലുള്ള കാലാവസ്ഥയല്ലെന്നും ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും മെറ്റ് ഓഫീസ് വ്യക്തമാക്കി.

ഈ അവസ്ഥയിൽ സുരക്ഷിതമായിരിക്കാൻ സർക്കാർ പുറത്തിറക്കിയ ഔദ്യോഗിക മാർഗ്ഗനിർദ്ദേശങ്ങൾ:.

• ധാരാളം വെള്ളം കുടിക്കുക. നിർജലീകരണം തടയാൻ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയിൽ കയ്യിൽ കരുതുക.

• വീടിനുള്ളിലേക്ക് വെയിൽ കടക്കാതെ കർട്ടൻ ഇട്ട് മറയ്ക്കുക.

• നിർജ്ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കുക.

• വെയിലത്തു പാർക്ക്‌ ചെയ്ത കാറുകളിൽ ശിശുക്കളെയും കുട്ടികളെയും ഒറ്റയ്ക്കിരുത്തരുത്.

• ഫ്രിഡ്ജുകളും ഫ്രീസറുകളും ഫാനുകളും ശരിയായി പ്രവർത്തിക്കുന്നുണ്ടോയെന്ന് പരിശോധിക്കുക

• രാവിലെ11 മുതൽ വെെകിട്ട് 3 വരെയുള്ള സമയത്ത് നേരിട്ട് സൂര്യപ്രകാശം എൽക്കുന്നത് ഒഴിവാക്കുക.

• പുറത്തിറങ്ങേണ്ടി വന്നാൽ തണലത്ത് നടക്കുക. സൺക്രീം പുരട്ടുക, വീതിയേറിയ തൊപ്പി ധരിക്കുക

• ചൂട് കൂടുന്ന ദിവസങ്ങളിൽ പുറംപണികൾ ചെയ്യാതിരിക്കുക.

• യാത്ര ചെയ്യുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യിൽ കരുതുക.

• വെള്ളത്തിൽ ഇറങ്ങുകയാണെങ്കിൽ സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കുക.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പിലും ഇന്ത്യൻ വംശജനായ റിഷി സുനക് മുന്നിലെത്തിയിരിക്കുകയാണ്. വ്യാഴാഴ്ച നടന്ന രണ്ടാംഘട്ട വോട്ടെടുപ്പിൽ 101 വോട്ടുകൾ നേടിയാണ് കൺസർവേറ്റീവ് പാർട്ടി നേതൃസ്ഥാനത്തേക്കും , അതോടൊപ്പം തന്നെ പ്രധാനമന്ത്രി സ്ഥാനത്തേക്കുമുള്ള യാത്രയിൽ അദ്ദേഹം മുന്നിട്ട് നിൽക്കുന്നത്. സുനകിനു തൊട്ടു പുറകിൽ 83 വോട്ടുകൾ നേടി പെന്നി മോർഡോണ്ടാണ് നിലകൊള്ളുന്നത്. 27 വോട്ടുകൾ മാത്രം നേടി അറ്റോർണി ജനറൽ സുവെല്ല ബ്രാവർമാൻ പുറത്തായതോടെ ഇപ്പോൾ 5 പേർ മാത്രമാണ് മത്സരരംഗത്ത് അവശേഷിക്കുന്നത്. എം പി യായ ടോം ടുഗൻദട്ട് 32 വോട്ടും കെമി ബഡേനോച്ച് 49 വോട്ടുകളും നേടി അടുത്ത റൗണ്ടിലേക്ക് പ്രവേശിച്ചു. മറ്റൊരു പ്രമുഖ സ്ഥാനാർത്ഥിയായ വിദേശകാര്യ സെക്രട്ടറി ലിസ് ട്രെസ്സിന് 64 വോട്ടുകൾ ലഭിച്ചു. കൺസർവേറ്റീവ് പാർട്ടിയിലെ എംപിമാരിൽ നിന്നും വ്യക്തമായ പിന്തുണയാണ് ആദ്യ റൗണ്ടിൽ റിഷി സുനകിനു ലഭിച്ചത്. റിഷി സുനക് നേരത്തെ ധനമന്ത്രി സ്ഥാനത്തുനിന്ന് രാജി വെച്ചിരുന്നു. തുടർന്ന് മറ്റു നിരവധി മന്ത്രിമാരും രാജിവച്ചതോടെയാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ താഴെയിറങ്ങേണ്ടതായി വന്നത്.

പല ഘട്ടങ്ങളിലായി എംപിമാർക്കിടയിൽ നടക്കുന്ന വോട്ടെടുപ്പിന് ശേഷം അവസാനം രണ്ട് പേർ മാത്രം അവശേഷിക്കും. ഓരോ ഘട്ടത്തിലും ഏറ്റവും കുറവ് വോട്ട് നേടുന്നവർ പുറത്താകുകയാണ് പതിവ്. ജൂലൈ 21 ഓടുകൂടി സുധീർഘമായ ഈ വോട്ടെടുപ്പ് പ്രക്രിയ അവസാനിക്കും. അവസാന റൗണ്ടിൽ എത്തുന്ന രണ്ടുപേരിൽ ആരാകും പ്രധാനമന്ത്രിയെന്നത് കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾ വോട്ടെടുപ്പിലൂടെ തീരുമാനിക്കും. മുൻ ബ്രിട്ടീഷ് ചാൻസലറും ഇന്ത്യൻ വംശജനും ഇൻഫോസിസ് സ്ഥാപകനായ നാരായണമൂർത്തിയുടെ മരുമകനുമായ റിഷി സുനക് അവസാന ഘട്ടം വരെ ഉണ്ടാകുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ സംസ്കാരിക മന്ത്രിയായിരുന്ന നദിൻ ഡോറിസ് സുനകിനെതിരെ രംഗത്തെത്തിയിരുന്നു. തികച്ചും മോശമായ തന്ത്രങ്ങളാണ് സുനക് പ്രയോഗിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ബ്രിട്ടീഷ് പ്രധാനമന്ത്രി ആരാകും എന്നറിയാനുള്ള കാത്തിരിപ്പിലാണ് ലോകസമൂഹം.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യുകെ മലയാളിയായ തുഷാരയുടെ സഹോദരനും മുൻ ഏഷ്യൻ താരവുമായിരുന്ന പിറവം നിരപ്പ് പാണാലിക്കൽ ജൂബി തോമസ് (42) ബൈക്ക് അപകടത്തിൽ മരിച്ചു. ഇന്ത്യൻ റെയിൽവേയിൽ ടിടിഇ ആയി ജോലി നോക്കുകയായിരുന്നു. തൃപ്പൂണിത്തുറയിൽ നിന്ന് ജനശതാബ്ദി ട്രെയിനിൽ ഡ്യൂട്ടിക്ക് കയറാൻ പോകുന്നതിനിടയിലാണ് അപകടമുണ്ടായത്. ബസ് തട്ടിയാണ് അപകടം ഉണ്ടായത് എന്നാണ് പ്രാഥമിക നിഗമനം.

പിറവം പാണാലിൽ തോമസ് അന്നമ്മ ദമ്പതികളുടെ മൂത്ത പുത്രനാണ് ജൂബി തോമസ് .ഭാര്യ പേരൂര് വാര്യായാട്ട് കുടുംബാംഗം പിങ്കി ജോയി അധ്യാപികയാണ്. അലോന , അലീന , അൽഫോൻസാ എന്നിവരാണ് മക്കൾ .

യുകെയിലെ വാട്ട്സാലിലാണ് ജൂബിയുടെ സഹോദരി തുഷാരയും ഭർത്താവ് അഭിലാഷും താമസിക്കുന്നത്. അഭിലാഷും തുഷാരയും ഇന്നലെ തന്നെ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. സംസ്കാര ശുശ്രൂഷകൾ പതിനേഴാം തീയതി ഞായറാഴ്ച 3 മണിക്ക് പിറവം ഹോളി കിംഗ് ക്നാനായ കത്തോലിക്ക ഫൊറോന ചർച്ചിൽ വച്ച് നടത്തപ്പെടും . ഒട്ടേറെ കായിക മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ജൂബി തോമസിന്റെ മരണം ഞെട്ടലോടെയാണ് കായികപ്രേമികൾ ശ്രവിച്ചത്. ഹൈജംപ് താരമായ ജൂബി സാഫ് ഗെയിംസ് ഉൾപ്പെടെ പല ദേശീയ മത്സരങ്ങളിലും മേഡൽ ജേതാവാണ് . തന്റെ കായികരംഗത്തെ മികവിൻെറ അടിസ്ഥാനത്തിൽ 18-ാം വയസ്സിൽ തന്നെ ജൂബിയ്ക്ക് ഇന്ത്യൻ റെയിൽവേയിൽ ജോലി ലഭിച്ചിരുന്നു.

19 -മത് ദേശീയ ഓപ്പൺ അത്‌ലറ്റിക് മീറ്റിൽ റെക്കോർഡ് തിരുത്തി ജൂബി തോമസ് സ്വർണമണിഞ്ഞ വാർത്ത പത്രത്തിൽ ഫോട്ടോ സഹിതം വന്നപ്പോൾ മറ്റൊരു സ്വർണ്ണ മെഡൽ ജേതാവ് പി ടി ഉഷ ആയിരുന്നു.

വാട്സാ ളിലെ മൈക്ക അസോസിയേഷനിലെ അംഗങ്ങളായ അഭിലാഷിനെയും തുഷാരയെയും സഹോദരൻറെ അകാല നിര്യാണത്തിൽ ആശ്വസിപ്പിക്കാൻ ഒട്ടേറെ മലയാളി സുഹൃത്തുക്കളാണ് ഓടിയെത്തിയത്. തൻറെ സഹോദരൻറെ കായിക നേട്ടങ്ങളെ കുറിച്ച് അഭിമാനത്തോടെ എപ്പോഴും സംസാരിച്ചിരുന്ന തുഷാരെയെ എങ്ങനെ ആശ്വസിപ്പിക്കണമെന്നുള്ളത് എല്ലാവരുടെയും മുന്നിലുള്ള ചോദ്യചിഹ്നമായിരുന്നു.

അഭിലാഷും തുഷാരയും മലയാളം യൂകെ ന്യൂസുമായി പങ്കുവെച്ച ജൂബി തോമസിന്റെ കായിക നേട്ടങ്ങളെ കുറിച്ചുള്ള വാർത്തകളും ചിത്രങ്ങളും ഞങ്ങൾ വായനക്കാർക്കായി സമർപ്പിക്കുന്നു .

ജൂബി തോമസിന്റെ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കാർഡിഫ് : എട്ടാം വയസിൽ ലോക റെക്കോർഡ് സ്വന്തമാക്കി യുകെയിലെ മലയാളി പെൺകുട്ടി. 195 രാജ്യങ്ങളുടെ തലസ്ഥാനവും നാണയവും ഏറ്റവും വേഗത്തിൽ പറഞ്ഞ പ്രായം കുറഞ്ഞ വ്യക്തിയെന്ന റെക്കോർഡ് ഇനി ആനി വിൻസ്റ്റണിന് സ്വന്തം. വെയിൽസിലെ കാർഡിഫിൽ സ്ഥിരതാമസമാക്കിയ മുവാറ്റുപുഴ സ്വദേശി വിൻസ്‌റ്റൺ ജേക്കബിന്റെയും ജിൻസി വിൻസ്‌റ്റണിന്റെയും മൂത്ത മകളാണ് ആനി. രണ്ട് വയസ്സുള്ള ജേക്കബ് വിൻസ്റ്റൺ സഹോദരനാണ്. 7 മിനിറ്റ് 15 സെക്കൻഡിനുള്ളിൽ 195 രാജ്യങ്ങളുടെ തലസ്ഥാനവും നാണയവും പറഞ്ഞാണ് ആനി റെക്കോർഡ് സ്വന്തം പേരിലാക്കിയത്. 10 വയസ്സുകാരിയുടെ പേരിലുണ്ടായിരുന്ന 12 മിനിറ്റ് 24 സെക്കൻഡിന്റെ റെക്കോർഡാണ് കാർഡിഫിലെ പോൻസ്‌പ്രെനോ പ്രൈമറി സ്കൂളിൽ മൂന്നാം ക്ലാസ് വിദ്യാർഥിയായ ആനി തകർത്തത്.

OMG ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ് സംഘടിപ്പിച്ച ലൈവ് സ്ട്രീം ഇവന്റിലായിരുന്നു ഈ റെക്കോർഡ് നേട്ടം. 3 വയസുള്ളപ്പോൾ തന്നെ അച്ഛൻ മകൾക്കു ലോകരാജ്യങ്ങളെപ്പറ്റി പറഞ്ഞുകൊടുക്കുമായിരുന്നു. നേഴ്‌സറി, സ്‌കൂൾ യാത്രകൾക്കിടയിൽ ലോകത്തിലെ വിവിധ രാജ്യങ്ങളെയും സംസ്‌കാരങ്ങളെയും കുറിച്ച് ആനിനോട് സംസാരിച്ചു. ഇങ്ങനെയാണ് കൂടുതൽ പഠിക്കാനും അറിയാനുമുള്ള ആഗ്രഹം കുട്ടിക്കാലം മുതൽ ഉണ്ടാകുന്നത്. പതിയെ രാജ്യങ്ങളുടെ തലസ്ഥാനവും അവിടുത്തെ നാണയങ്ങളും ആനി പഠിച്ചു തുടങ്ങി.

‘‘ചെറുപ്പത്തിലേ വിവരങ്ങൾ പെട്ടെന്നു മനസ്സിലാക്കാനും ഹൃദ്യസ്ഥമാക്കാനും ആനിക്ക് കഴിയുന്നുണ്ടെന്നു ഞങ്ങൾ മനസ്സിലാക്കി. ലോക റെക്കോർഡ് നേടുമെന്ന് സ്വപ്‌നത്തിൽ പോലും കരുതിയിരുന്നില്ല. വാക്കുകൾ കൊണ്ടു ഞങ്ങളുടെ സന്തോഷം അറിയിക്കാനാവില്ല. ഇത് ഭാവിയിൽ അവളെ കൂടുതൽ ഉയരങ്ങളിലേക്കെത്തിക്കുമെന്നു വിശ്വസിക്കുന്നു.’’– ആനിയുടെ മാതാപിതാക്കൾ പറഞ്ഞു. പുതിയ തലസ്ഥാനങ്ങളും നാണയങ്ങളും പഠിക്കാൻ ആഴ്ചയിൽ 15–20 മിനിറ്റാണ് ആദ്യ കാലത്ത് ചെലവഴിച്ചിരുന്നത്. പിന്നീട് ദിവസവും പഠിക്കാൻ തുടങ്ങിയെന്നും ആനി പറയുന്നു. എല്ലാം പഠിച്ചെടുക്കാന്‍ നാലു വർഷം വേണ്ടി വന്നു. അടുത്തിടെ മരണപ്പെട്ട തന്റെ മുത്തച്ഛന് ഈ നേട്ടം സമർപ്പിക്കുന്നതായി ആനി പറഞ്ഞു.

പഠനത്തിനു പുറമേ ബാഡ്മിന്റൺ, കുങ്ഫു, നീന്തൽ എന്നിവയാണ് ആനിയുടെ മറ്റു വിനോദങ്ങൾ. നിലവിൽ അണ്ടർ 11 ബാഡ്മിന്റൺ ചാമ്പ്യനായ ആനി അടുത്തിടെ വെൽഷ് ടീം ട്രയലിനായി തിരഞ്ഞെടുക്കപ്പെട്ടു. വിൻസ്റ്റൺ ജേക്കബ് ചാർട്ടേഡ് മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ പാർട്‌ണർഷിപ്പ് തലവനായും ജിൻസി വിൻസ്റ്റൺ കാർഡിഫ് യൂണിവേഴ്‌സിറ്റിയിലെ ഡിമെൻഷ്യ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ റിസർച്ച് അസിസ്റ്റന്റായും പ്രവർത്തിക്കുന്നു. 2006-ലാണ് കുടുംബം യുകെയിലേക്ക് കുടിയേറിയത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : യൂറോപ്യൻ യൂണിയന്റെ യുകെ പാസ്‌പോർട്ടുകൾ ഇപ്പോഴും കൈവശം വച്ചിരിക്കുന്ന ആളാണോ നിങ്ങൾ? എങ്കിൽ ഇത് ശ്രദ്ധിക്കുക. വേനലവധി ആഘോഷിക്കാൻ പുറപ്പെടുന്നതിന് മുൻപ് തന്നെ നിങ്ങളുടെ ഐഡി ഇപ്പോഴും സാധുതയുള്ളതാണോ എന്ന് പരിശോധിക്കണം. കാരണം, നിങ്ങളുടെ ലക്ഷ്യസ്ഥാനത്തെ ആശ്രയിച്ച് പാസ്‌പോർട്ടിന്റെ സാധുത വിലയിരുത്താം. യുകെ പൗരന്മാരുടെ പാസ്‌പോർട്ട് കാലാവധി മൂന്നോ ആറോ മാസം ശേഷിക്കണമെന്ന് മിക്ക രാജ്യങ്ങളും ആവശ്യപ്പെടുന്നു.

പാസ്പോർട്ട് കാലാവധി ഇനി ആറു മാസത്തിനു മുകളിൽ ഉണ്ടെങ്കിൽ മാത്രമേ 70 രാജ്യങ്ങൾ സന്ദർശിക്കാൻ കഴിയൂ. തായ്‌ലൻഡ്, യുഎഇ, ഈജിപ്ത്, ഖത്തർ, ബ്രിട്ടീഷ് വിർജിൻ ഐലൻഡ്‌സ് തുടങ്ങിയ രാജ്യങ്ങൾ, യാത്രയ്ക്ക് മുമ്പ് പാസ്‌പോർട്ടിന് ആറു മാസത്തെ കാലാവധി കൂടി ഉണ്ടായിരിക്കണമെന്ന് പറയുന്നു. അതേസമയം, ഓസ്ട്രിയ, മാൾട്ട, ബെൽജിയം, നെതർലാൻഡ്‌സ്, ന്യൂസിലാൻഡ്, ഫ്രാൻസ്, പോർച്ചുഗൽ, ഇറ്റലി, സ്പെയിൻ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കാൻ പാസ്പോർട്ട് കാലാവധി മൂന്നു മാസം മതി.

നിങ്ങൾ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന രാജ്യം ഇതിൽ ഏത് നിയമമാണ് പിന്തുടരുന്നതെന്ന് മനസിലാക്കി ആവശ്യമെങ്കിൽ പാസ്പോർട്ട് പുതുക്കണം. ബ്രിട്ടീഷ് സർക്കാർ പറയുന്നതനുസരിച്ച്, പുതുക്കിയ പാസ്‌പോർട്ട് ലഭിക്കാൻ പത്ത് ആഴ്ച സമയം വേണ്ടിവരും. എന്നാൽ, പുതിയ പാസ്പോർട്ട് വേഗം ലഭിക്കാൻ പാസ്‌പോർട്ട് ഓഫീസ് അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുകയും ഓൺലൈനായി പണമടയ്ക്കുകയും ചെയ്യുക.

മിക്ക യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും അവധിക്കാലം ആഘോഷിക്കാൻ എത്തുന്ന ബ്രിട്ടീഷുകാരിൽ നിന്ന് അടുത്ത വർഷം മുതൽ അധിക ഫീസ് ഈടാക്കാൻ തീരുമാനിച്ചിട്ടുണ്ട്. യൂറോപ്പിലുള്ളതും എന്നാൽ യൂറോപ്യൻ യൂണിയനിൽ ഇല്ലാത്തതുമായ നിരവധി രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്കും ഫീസ് ബാധകമാകും.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ഇംഗ്ലണ്ടിലും വെയിൽസിലും താപനില ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ ജനങ്ങളുടെ ആവശ്യങ്ങൾ പരിഗണിച്ചുള്ള മുന്നൊരുക്കങ്ങൾ നടത്തുകയാണ് എൻ എച്ച് എസ്. അടുത്ത ഞായറാഴ്ച മുതൽ ചൊവ്വാഴ്ച വരെ ഉഷ്ണ തരംഗം ഉണ്ടാകുമെന്നുള്ള മുന്നറിയിപ്പാണ് കാലാവസ്ഥ വിഭാഗം നൽകി കഴിഞ്ഞിരിക്കുന്നത്. സൗത്ത്, സെൻട്രൽ , ഈസ്റ്റ്‌ ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ താപനിലകൾ 35 ഡിഗ്രി സെൽഷ്യസ് വരെ ആകുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. അതായത് ജനങ്ങളുടെ ജീവനെ ഇത് സാരമായ തോതിൽ ബാധിക്കുമെന്ന് ആശങ്കയുള്ളതിനാലാണ് എൻഎച്ച്എസ് ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തുന്നത്. ഗവൺമെന്റ് സർവീസുകൾ എല്ലാം തന്നെ ഈ സാഹചര്യം നേരിടാൻ ഒരുങ്ങണമെന്ന് ക്യാബിനറ്റ് ഓഫീസ് മിനിസ്റ്റർ കിറ്റ് മാൾട്ട് ഹൗസ് വ്യക്തമാക്കി. ഹൈ റിസ്ക് വിഭാഗത്തിൽപ്പെടുന്ന ഏറ്റവും കൂടുതൽ അപകടം വരാൻ സാധ്യതയുള്ള കുഞ്ഞുങ്ങൾ, പ്രായമുള്ളവർ, രോഗികൾ എന്നിവർക്ക് പ്രത്യേകം പരിഗണന ജനങ്ങൾ നൽകണമെന്ന് ഗവൺമെന്റ് അടിയന്തരമായി വിളിച്ചുചേർത്ത കോബ്ര കമ്മിറ്റിക്ക് ശേഷം അദ്ദേഹം വ്യക്തമാക്കി. 35 ഡിഗ്രി സെൽഷ്യസ് വരെയൊക്കെയാണ് താപനിലയുടെ വർദ്ധന കാലാവസ്ഥ വിഭാഗം വ്യക്തമാക്കുന്നതെങ്കിലും, ചില സമയത്ത് 40 വരെ ആകാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സാഹചര്യം നേരിടുവാൻ ഗവൺമെന്റ് സർവീസുകളെല്ലാം തന്നെ തയ്യാറായിരിക്കുക എന്നതാണ് ഈ ഘട്ടത്തിൽ ചെയ്യാൻ ആകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങൾ ആവശ്യത്തിന് വെള്ളം കുടിക്കുകയും, ഉച്ചസമയങ്ങളിൽ പരമാവധി സൂര്യനിൽ നിന്ന് ഒഴിവാകുകയും, ഹൈറിസ്ക് ഗ്രൂപ്പിൽ പെടുന്നവർക്ക് പ്രത്യേക പരിഗണന നൽകുകയും ചെയ്യണമെന്ന നിർദ്ദേശമാണ് ഗവൺമെന്റിൻെറ ഭാഗത്തുനിന്ന് നൽകുന്നത്. യൂറോപ്പിൽ ഉടനീളമുള്ള ഉഷ്ണ തരംഗം പോർച്ചുഗൽ,ഫ്രാൻസ്, സ്പെയിൻ എന്നിവിടങ്ങളിൽ കാട്ടുതീയ്ക്കും മറ്റും കാരണമായിട്ടുണ്ട്. ഈ സാഹചര്യങ്ങൾ എൻഎച്ച്എസിന്മേൽ ഉണ്ടാക്കുന്ന സമ്മർദ്ദം അതിശക്തമാണ്. അമിത ചൂട് ഒരു നിശബ്ദ കൊലയാളി ആണെന്ന് യൂണിവേഴ്സിറ്റി ഓഫ് കേംബ്രിഡ്ജിലെ എൻവിയോൺമെന്റൽ ഡേറ്റ സയൻസ് പ്രൊഫസർ എമിലി വ്യക്തമാക്കി. 2020ലെ വേനൽക്കാലത്ത് മാത്രം 2500 മരണങ്ങളാണ് രേഖപ്പെടുത്തിയതെന്നും അവർ ഓർമ്മിപ്പിച്ചു.

Copyright © . All rights reserved