Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബിർമിംഗ്ഹാം : ഹോളിവുഡ് സൂപ്പർതാരം ടോം ക്രൂസ് ബിർമിംഗ്ഹാമിലെ മോസ്‌ലിയിൽ വീട് പണിയാൻ ഒരുങ്ങുന്നതായി അഭ്യൂഹങ്ങൾ. ബിർമിംഗ്ഹാം സിറ്റി സെന്ററിൽ നിന്ന് നാല് മൈൽ അകലെയാണ് മോസ്‌ലി. പ്രമുഖ റെസ്റ്റോറന്റുകളും പാർക്കുകളും പച്ചപ്പ് നിറഞ്ഞ പ്രദേശങ്ങളും ഉൾപ്പെടുന്ന നഗരപ്രദേശമാണ് ഇത്. ടോം ക്രൂസിന്റെ ഭവന നിർമ്മാണ പദ്ധതികളെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നതുമുതൽ, ആളുകൾ സമൂഹ മാധ്യമങ്ങളിൽ അഭിപ്രായങ്ങൾ പോസ്റ്റ് ചെയ്യുകയാണ്. ട്വിറ്ററിൽ വന്ന ഒരു ട്വീറ്റ് ഇങ്ങനെ: “ടോം ക്രൂസ് മോസ്‌ലിയിൽ ഒരു വീട് പണിയുന്നുവെന്നത് മോസ്‌ലിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സംഭവമായിരിക്കും.”

ടോം ക്രൂസിന് നഗരത്തോടൊരു പ്രത്യേക ഇഷ്ടമുണ്ടെന്നും അദ്ദേഹത്തിന്റെ ഇഷ്ട ഭക്ഷണമായ ചിക്കൻ ടിക്ക മസാല അവിടെ ലഭിക്കുമെന്നും ഉൾപ്പെടെയുള്ള അഭിപ്രായങ്ങൾ ട്വിറ്ററിൽ സജീവമാണ്. മോസ്‌ലിയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന 300 വർഷം പഴക്കമുള്ള പാർക്കും കുളവും പ്രധാന ആകർഷണമാണ്. മോസ്‌ലി ഹാൾ എസ്റ്റേറ്റിന്റെ ഭാഗമായി പ്രശസ്ത ലാൻഡ്‌സ്‌കേപ്പ് ഗാർഡനർ ഹംഫ്രി റെപ്റ്റൺ രൂപകൽപ്പന ചെയ്‌ത പാർക്കും കുളവും ഒരു ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : യുദ്ധവും പട്ടിണിയും കൊണ്ട് പൊറുതിമുട്ടുന്ന രാജ്യങ്ങളിൽ നിന്ന് ഒരു ജീവിത മാർഗം തേടി യുകെ പോലുള്ള പടിഞ്ഞാറൻ രാജ്യങ്ങളിൽ എത്തുന്നവരാണ് അഭയാർഥികൾ. നിയമ പരിരക്ഷയില്ലെങ്കിലും ജീവിക്കാൻ ഒരു നിവൃത്തിയുമില്ലാത്ത സാഹചര്യത്തിലാണ് അവർ പലായനം ചെയ്യുന്നത്. ആഫ്രിക്കൻ, അറബ് രാജ്യങ്ങളിൽ നിന്നാണ് ഏറ്റവുമധികം അഭയാർഥികൾ എത്തുന്നത്. എന്നാൽ യുകെയിൽ ഇപ്പോൾ കേരളത്തിൽ നിന്നുള്ള അഭയാർഥികൾ ഉണ്ടെന്നതാണ് ഞെട്ടിക്കുന്ന കാര്യം. ഗൾഫ് വഴി കരമാർഗം യൂറോപ്പിലും അവിടെ നിന്ന് ബോട്ട് മാർഗം ഇംഗ്ലണ്ടിലേക്കും എത്തുകയാണ് ഇവർ. അനധികൃത കുടിയേറ്റക്കാർ ആയതിനാൽ ബംഗ്ലാദേശ്, പാകിസ്ഥാൻ സ്വദേശികളുടെ കച്ചവടസ്ഥാപങ്ങളിൽ പാർട്ട്‌ ടൈം ജോലി ലഭിക്കും. മണിക്കൂറിൽ 3 പൗണ്ട് ആണ് പ്രതിഫലം. (ബ്രിട്ടീഷ് സർക്കാർ അംഗീകരിച്ച മിനിമം വേതനം 10 പൗണ്ട്)

രേഖകളില്ലാതെ പത്തു വർഷം പിടിച്ചുനിന്ന് യു കെ സർക്കാർ നൽകുന്ന താമസരേഖകൾ സ്വന്തമാക്കാനും അല്ലെങ്കിൽ യു കെ പൗരത്വമുള്ള സ്ത്രീകളെ വിവാഹം ചെയ്ത് എളുപ്പത്തിൽ രേഖകൾ സ്വന്തമാക്കാനും അവർ ശ്രമിക്കുന്നു. മതിയായ താമസരേഖകൾ ഇല്ലാത്ത ഒരു ലക്ഷത്തിലേറെ ഇന്ത്യക്കാർ നിലവിൽ യു കെയിൽ ഉണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. പഞ്ചാബ്, ഹരിയാന, ജമ്മു കാശ്മീർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള അവിദഗ്ധ തൊഴിലാളികളാണ് ഏറെയും. വടക്കൻ ആഫ്രിക്ക വഴിയും കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾ വഴിയുമാണ് ഇവർ യു കെയിലേക്ക് അനധികൃതമായി കടക്കുന്നത്.

സ്റ്റുഡന്റ് വിസയിൽ വന്ന് വിസയുടെ കാലാവധി കഴിഞ്ഞതിനുശേഷം അനധികൃതമായി രാജ്യത്ത് തങ്ങുന്ന യുവാക്കളുടെ എണ്ണത്തിലും കുറവില്ല. ഇവരിൽ മലയാളി വിദ്യാർത്ഥികളും ഉൾപ്പെടുന്നു. യുകെയിലേക്ക് വ്യാജ വിസയിൽ വിദ്യാർത്ഥികളെ കടത്തുന്ന മാഫിയ കേരളത്തിൽ പിടിമുറുക്കുന്നതായി മലയാളംയുകെ റിപ്പോർട്ട്‌ ചെയ്തിരുന്നു. യുകെയിലേക്കുള്ള വിദ്യാർത്ഥി കടത്ത് വർധിച്ചുവരികയാണെന്ന് കേരള പോലീസ് പറയുന്നു. ലണ്ടൻ നഗരഭാഗമായ സൗത്ത് ഹാളിൽ മാത്രം ഏകദേശം പതിനായിരക്കണക്കിന് അനധികൃത ഇന്ത്യൻ താമസക്കാർ ഉണ്ടെന്നാണ് 2008ൽ ബിബിസി നടത്തിയ അന്വേഷണത്തിൽ നിന്ന് വ്യക്തമായത്. കുടിയേറ്റക്കാരോട് വളരെ ക്രൂരമായ രീതിയിലാണ് തൊഴിലുടമകൾ പെരുമാറുന്നത്.

ഒൻപത് മലയാളി വിദ്യാർത്ഥികളെ തൊഴിലിന്റെ മറവിൽ ചൂഷണം ചെയ്ത മലയാളി യുവ ദമ്പതികൾ ബ്രിട്ടീഷ് പോലീസിന്റെ പിടിയിലായത് കഴിഞ്ഞ വർഷം അവസാനമാണ്. ആധുനിക അടിമകച്ചവടം എന്നാണ് പോലീസ് വിശേഷിപ്പിച്ചത്. കെയർ ഹോമുകളിലേക്ക് കെയർ അസിസ്റ്റന്റുമാരായി വിദ്യാർത്ഥികളെ നൽകിയ ദമ്പതികൾ അവർക്കായി മോശം താമസ സൗകര്യമാണ് ഒരുക്കിയത്. സ്റ്റുഡന്റസ് വിസയിൽ എത്തുന്ന നിരവധി മലയാളി വിദ്യാർത്ഥികൾ സമാന സാഹചര്യത്തിൽ കഴിയുന്നുണ്ടെന്നാണ് വിവരം.

രേഖകളില്ലാതെ താമസിക്കുന്നവർക്ക് വാടകവീടുകളോ മറ്റ് താമസസ്ഥലങ്ങളോ ലഭിക്കില്ല. ആരോഗ്യപരിരക്ഷയും ഇവർക്കില്ല. ബ്രെക്സിറ്റ് നിലവിൽ വന്നതിനെ തുടർന്ന് 2020 ഡിസംബർ 31 നു ശേഷം ബ്രിട്ടൻ ശക്തമായ സുരക്ഷാസംവിധാനമാണ് രാജ്യത്തിന്റെ അതിർത്തികളിൽ ഏർപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ഇന്ത്യയടക്കമുള്ള ഏഷ്യൻ രാജ്യങ്ങളിൽ നിന്നും ബ്രിട്ടനിലേക്കുള്ള അനധികൃതകുടിയേറ്റം ഒരു തുടർക്കഥയാവുകയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

സന്തോഷകരമായ ദാമ്പത്യം ആരോഗ്യവുമായി ബന്ധമുണ്ടോ? ഉണ്ടെന്നാണ് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്കിൻെറ കണ്ടെത്തൽ. കണക്കുകൾ പ്രകാരം ബ്രിട്ടനിൽ അവിവാഹിതരായ പുരുഷന്മാരുടെയും സ്ത്രീകളുടെയും മരണനിരക്ക് വിവാഹിതരായവരെ അപേക്ഷിച്ച് ഇരട്ടിയോളമാണെന്നാണ് കണ്ടെത്തപ്പെട്ടത്. ഇംഗ്ലണ്ടിലെയും വെയിൽസിലെയും 20 വയസ്സിന് മുകളിലുള്ള 5 ദശലക്ഷം മരണങ്ങൾ വിശകലനം ചെയ്താണ് കണ്ടെത്തൽ നടത്തിയത്. 2010 -നും 2019 -നും ഇടയിലുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്.

വിവാഹമോചനം നേടിയ പുരുഷന്മാരിലാണ് മരണനിരക്ക് സ്ത്രീകളെ അപേക്ഷിച്ച് കൂടുതലായി കണ്ടെത്തിയത്. ഒരു ലക്ഷം പേരിൽ അവിവാഹിതരെയും വിവാഹമോചനം നേടിയവരെയും കണക്കിലെടുക്കുമ്പോൾ 2319 ആണ് മരണനിരക്കെങ്കിൽ അത് വിവാഹിതരായ പുരുഷന്മാരിൽ 1073 മാത്രമായിരുന്നു. സ്ത്രീകളിൽ അവിവാഹിതരും വിവാഹമോചനം നേടിയവരുടെയും മരണനിരക്ക് ഒരു ലക്ഷത്തിൽ 1307 ആണ്. എന്നാൽ വിവാഹിതരായവരുടെ മരണനിരക്ക് ഒരു ലക്ഷത്തിൽ 699 മാത്രമാണ്.

വിവാഹിതരായാൽ താരതമ്യേന ദീർഘവും ആരോഗ്യപരവുമായ സന്തുഷ്ട ജീവിതം നയിക്കാമെന്ന മുൻ പഠനങ്ങളെ സാധൂകരിക്കുന്ന കണക്കുകളാണ് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റസ്റ്റിറ്റിക്സിൻെറ കണ്ടെത്തലിലുള്ളത് . പങ്കാളികൾ തങ്ങളുടെ പ്രിയപ്പെട്ടവരെ പരിചരിക്കുകയും മറ്റ് രോഗങ്ങൾ ഉണ്ടാകുമ്പോൾ ആരോഗ്യ പരിശോധന നടത്താൻ പ്രേരിപ്പിക്കുകയും ചെയ്യുന്നതാണ് ഇതിന് പ്രധാന കാരണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. ഒറ്റയ്ക്ക് ജീവിക്കുന്നത് പലരെയും ഏകാന്തതയിലേയ്ക്കും വിഷാദത്തിലേയ്ക്കും തള്ളി വിടാനും കാരണമാകുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : വീടുകൾ കൊള്ളയടിക്കാൻ പുതിയ തന്ത്രവുമായി മോഷ്ടാക്കൾ. ഏതൊക്കെ വീടുകളിൽ മോഷണം നടത്തണമെന്നത് മുൻകൂട്ടി തീരുമാനിക്കും; അതും വ്യത്യസ്തമായ രീതിയിലൂടെ. രാത്രി വാതിൽപടികളിൽ കിഡ്നി ബീൻസ് ഒഴിക്കുന്ന മോഷ്ടാക്കൾ പിറ്റേന്ന് അത് വീട്ടുടമസ്ഥർ വൃത്തിയാക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കും. വീടുകളിൽ ആൾതാമസം ഉണ്ടോയെന്ന് അറിയാനുള്ള ശ്രമമാണിതെന്ന് ഹോം സെക്യൂരിറ്റി വിദഗ്ധർ പറഞ്ഞു. കിഡ്നി ബീൻസ് നീക്കം ചെയ്യാതെ കിടക്കുന്ന വീടുകൾ കേന്ദ്രീകരിച്ചാണ് മോഷണം നടക്കുക.

കേൾക്കുമ്പോൾ വിചിത്രമായി തോന്നുമെങ്കിലും ഇത്തരം മോഷണ രീതി ഇപ്പോൾ വ്യാപകമാണെന്ന് ഹോം സെക്യൂരിറ്റി വിദഗ്ധർ മുന്നറിയിപ്പ് നൽകി. മലയാളികൾ ഉൾപ്പെടെയുള്ള ഏഷ്യൻ വംശജർ പാർക്കുന്ന വീടുകളെയാണ് മോഷ്ടാക്കൾ പ്രധാനമായും ലക്ഷ്യം വെക്കുന്നത്. സ്വർണവും പണവും ഉൾപ്പെടുള്ള വിലപിടിപ്പുള്ള വസ്തുക്കൾ വീട്ടിനുള്ളിൽ ഉണ്ടാകുമെന്ന് മോഷ്ടാക്കൾ കരുതുന്നു.

 

അതിനാൽ വിചിത്രമായ അടയാളങ്ങൾ ശ്രദ്ധിക്കാനും സാധ്യമായ ഇടങ്ങൾ വൃത്തിയാക്കാനും ആളുകൾ ശ്രദ്ധിക്കണം. മാഞ്ചസ്റ്ററിലാണ് ഈ മോഷണ രീതി വ്യാപകമായി കണ്ടുവരുന്നത്‌. മുൻവാതിലിന്റെ താക്കോൽ ദ്വാരത്തിന് മുകളിൽ സെല്ലോടേപ്പ് സ്ട്രിപ്പ് ഒട്ടിച്ചു ആളുകൾ വീട്ടിനുള്ളിൽ ഉണ്ടോയെന്നു പരിശോധിക്കുന്ന രീതിയും തുടർന്നുവരുന്നു. കുടുംബാംഗങ്ങളോടോ വിശ്വസ്തരായ അയൽക്കാരോടോ വീട് നിരീക്ഷിക്കാൻ ആവശ്യപ്പെട്ട ശേഷം ദൂരയാത്ര പോകുന്നതാണ് ഉചിതമെന്നും ഹോം സെക്യൂരിറ്റി ഉദ്യോഗസ്ഥർ അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : സൈറ്റുകളിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് ഉപയോക്താക്കളുടെ പ്രായം നിയമപരമായി ആവശ്യപ്പെടാൻ പോൺ സൈറ്റുകൾ ഒരുങ്ങുന്നു. പുതിയ ഇന്റർനെറ്റ് സുരക്ഷാ നിയമങ്ങളുടെ ഭാഗമായാണിത്. ഉപയോക്താക്കൾ 18 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ളവരാണെന്ന് ഉറപ്പാക്കും. അതിനായി സ്വന്തമായി ക്രെഡിറ്റ്‌ കാർഡ് ഉള്ളവരാണെന്ന് തെളിയിക്കണം. അല്ലെങ്കിൽ തേർഡ് പാർട്ടി സർവീസ് വഴി പ്രായം നൽകാം. ഇതിൽ പരാജയപ്പെടുന്ന സൈറ്റുകൾക്ക് അവരുടെ ആഗോള വരുമാനത്തിന്റെ 10% പിഴ ചുമത്തും.

ഓൺലൈൻ സുരക്ഷാ ബിൽ അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ പാർലമെന്റിൽ അവതരിപ്പിക്കും. ഹാനികരമായ ഉള്ളടക്കത്തിൽ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കുന്നതിനായാണ് ഈ ബിൽ രൂപീകരിച്ചത്. 11 മുതൽ 13 വയസ്സുവരെയുള്ള കുട്ടികളിൽ പകുതി പേരും അശ്ലീല വീഡിയോകൾ കാണുന്നുണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഇത് അവരിൽ ലൈംഗികതയെയും സമ്മതത്തെയും (consent) പറ്റിയുള്ള അബദ്ധ ധാരണകൾ ഉണ്ടാക്കുന്നു.

നിയമങ്ങൾ പാലിക്കാത്ത വെബ്‌സൈറ്റുകൾക്ക് പിഴ ചുമത്തുന്നതിനൊപ്പം, യുകെയിൽ ആക്‌സസ് ചെയ്യുന്നതിൽ നിന്ന് വിലക്കും. റെഗുലേറ്റർ ഓഫ്‌കോമുമായി സഹകരിക്കുന്നതിൽ പരാജയപ്പെട്ടാൽ ഈ വെബ്‌സൈറ്റുകളുടെ ഉടമകളും കുറ്റക്കാരാകും. എന്നാൽ ഈ പുതിയ നിയമം വ്യക്തികളുടെ സ്വകാര്യതയ്ക്ക് അപകടമുണ്ടാക്കുമെന്ന ഭയമുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന ശാരീരിക-മാനസിക പ്രശ്നമുള്ളവർക്ക് കൈതാങ്ങൽ നൽകുന്ന ഗവൺമെന്റിന്റെ പദ്ധതിയാണ് പി ഐ പി അഥവാ പേഴ്സണൽ ഇൻഡിപെൻഡൻസ് പെയ്മെന്റ് സ്കീം. തങ്ങളുടെ രോഗാവസ്ഥകൾ മൂലം ദൈനംദിനം ഉള്ള ജീവിതചര്യകൾ ചെയ്യുവാനും,അത്യാവശ്യമുള്ള സ്ഥലങ്ങളിലേക്കും മറ്റും പോകുവാനും ബുദ്ധിമുട്ടുന്നവർക്കാണ് ഈ തുക ലഭിക്കുന്നത്. രോഗാവസ്ഥ അടിസ്ഥാനമാക്കിയാണ് ഈ തുക ലഭിക്കുന്നത്. മറ്റ് ജീവിതസാഹചര്യങ്ങളോ, ജോലിയോ ഒന്നും തന്നെ ഈ തുക ലഭിക്കുന്നതിൽ നിന്നും ഇത്തരം രോഗികളെ വിലക്കുന്നില്ല. 16 വയസ്സിന് മുകളിലുള്ള ശാരീരിക മാനസിക ബുദ്ധിമുട്ടുകൾ ദിനചര്യകളെ ബാധിക്കുന്നവർക്ക് ഈ തുക ലഭിക്കും. ഡിപ്പാർട്ട്മെന്റ് ഫോർ വർക്ക് ആൻഡ് പെൻഷൻസ് നിലവിൽ കുറച്ചധികം രോഗാവസ്ഥകളെ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മാലിഗ്നന്റ് ഡിസീസ്, സ്കിൻ ഡിസീസ്, കാർഡിയോവാസ്കുലാർ, ഗ്യാസ്ട്രോ ഇൻഡസ്റ്റൈനൽ രോഗാവസ്ഥകൾ, റെസ്പിറേറ്ററി അസുഖങ്ങൾ, ന്യൂറോളജിക്കൽ ഡിസീസ് എന്നിവയെല്ലാം തന്നെ ഇവയിൽ ഉൾപ്പെടുന്നുണ്ട്.

ഇപ്പോൾ കോവിഡ് മൂലം നിരന്തരമായി ബുദ്ധിമുട്ടുന്നവർക്കും ഈ ആനുകൂല്യം ലഭിക്കാവുന്ന തരത്തിലേക്ക് ഗവൺമെന്റ് സ്കീമിന്റെ ചട്ടങ്ങൾ പരിഷ്കരിച്ചിട്ടുണ്ട്. കോവിഡ് ബാധിച്ചത് മൂലമുള്ള നിരന്തരമായ ക്ഷീണാവസ്ഥ, ഡിപ്രഷൻ മുതലായവയെല്ലാം തന്നെ ഈ രോഗ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രോഗികളെ രണ്ട് കാറ്റഗറിയിൽ ഉൾപ്പെടുത്തിയാണ് ഈ തുക അനുവദിക്കുന്നത്. ഒന്നാമത് ദൈനംദിന ജീവിത ചെലവുകളും, മറ്റൊന്ന് യാത്രാ സഹായം ആവശ്യമായവർക്ക് വേണ്ട ചെലവുകളും എന്ന രീതിയിലാണ് തുക നൽകുന്നത്. ഇത് രണ്ടും ആവശ്യമുള്ളവർക്ക് മാസത്തിൽ 608 പൗണ്ട് തുകയാണ് മൊത്തമായി ലഭിക്കുക. ജനങ്ങൾ ഈ സ്കീം പൂർണമായി പ്രയോജനപ്പെടുത്തണമെന്ന നിർദേശമാണ് ആരോഗ്യവകുപ്പ് അധികൃതർ ജനങ്ങൾക്ക് നൽകുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

സ്വിറ്റ്സർലൻഡ് :- സ്വിസ് ഗവേഷകർ വികസിപ്പിച്ചെടുത്ത ഇമ്പ്ലാന്റിന്റെ സഹായത്തോടെ ആദ്യമായി നടന്നിരിക്കുകയാണ് നട്ടെല്ലിന് സാരമായി പരിക്കേറ്റ മൈക്കിൾ റൊക്കാറ്റി. ഇത് ആദ്യമായാണ് നട്ടെല്ലിന് സാരമായ തോതിൽ ക്ഷതമേറ്റ ആൾ നടക്കുന്നത്. അഞ്ചു വർഷം മുൻപ് നടന്ന ഒരു മോട്ടോർ ബൈക്ക് ആക്സിഡന്റിൽ ആണ് മൈക്കിളിന് പരിക്കേറ്റത്. സ്വിസ് ഗവേഷകർ വികസിപ്പിച്ചെടുത്ത ഇലക്ട്രിക്കൽ ഇമ്പ്ലാന്റ് സർജിക്കൽ പ്രക്രിയയിലൂടെ മൈക്കിളിന്റെ ശരീരത്ത് ഉറപ്പിച്ചതോടെ ആണ് അദ്ദേഹത്തിന് നടക്കാൻ സാധിച്ചിരിക്കുന്നത്. ഇത്രയും പരിക്കേറ്റ ആൾ നടക്കുന്നത് ചരിത്രത്തിൽ തന്നെ ആദ്യത്തെ സംഭവമാണ്. മൈക്കിളിന്റെ സ്പൈനൽകോഡ് അപകടത്തിൽ പൂർണമായി തകർന്നിരുന്നു.

എന്നാൽ ഇത് നട്ടെല്ലിന്റെ ക്ഷതത്തിനുള്ള പൂർണമായ പരിഹാരമല്ലെന്നും, നിത്യജീവിതത്തിൽ ഉപയോഗിക്കാൻ തക്കതായ ടെക്നോളജിയിൽ ഇതിനെ വികസിപ്പിച്ചെടുക്കാൻ ഇനിയും സമയമെടുക്കുമെന്നും ഗവേഷകർ വ്യക്തമാക്കുന്നു. വളരെയധികം സന്തോഷമുണ്ടെന്ന് അപകടത്തിനുശേഷം ഒരിക്കലും തനിക്ക് നടക്കാൻ സാധിക്കില്ലെന്നാണ് വിചാരിച്ചതെന്നും മൈക്കിൾ പറഞ്ഞു. മൈക്കിളിന്റെ ചികിത്സയിൽ ഉണ്ടായ പുരോഗതി തന്നെ പോലും അത്ഭുതപ്പെടുത്തുന്നതായിരുന്നു എന്ന് അദ്ദേഹത്തെ ചികിത്സിച്ച ന്യൂറോസർജൻ വ്യക്തമാക്കി. മൈക്കിളിന്റെ ആത്മധൈര്യവും അദ്ദേഹം സുഖം പ്രാപിക്കുന്നതിന്റെ വേഗത വർദ്ധിപ്പിച്ചതായി ഡോക്ടർമാർ വ്യക്തമാക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : യുകെയിൽ ജിസിഎസ്ഇ, എ-ലെവൽ പരീക്ഷകൾ പുനരാരംഭിക്കുന്നു. കോവിഡ് വ്യാപനത്തിന് ശേഷം ഇതാദ്യമായാണ് പരീക്ഷകൾ നടക്കുന്നത്. കോവിഡ് പഠനത്തിനേല്പിച്ച തടസ്സം കണക്കിലെടുത്ത് പരീക്ഷകൾ കൂടുതൽ ഉദാരമാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഗ്രേഡ് പരിധി കുറവാകാതിരിക്കാൻ സാധ്യതയുണ്ടെന്ന് ഇംഗ്ലണ്ടിന്റെ പരീക്ഷാ റെഗുലേറ്റർ ഓഫ്ക്വൽ പറയുന്നു. എന്നാൽ മുൻ വർഷങ്ങളിലെപോലെ മാർക്ക്‌ ദാനം ഉണ്ടാവില്ല.

വിദ്യാര്‍ത്ഥികളുടെ പഠനനഷ്ടം പരിഹരിക്കുന്നതിനായി പരീക്ഷകളെപറ്റിയുള്ള മുൻ‌കൂർ വിവരങ്ങൾ പരീക്ഷ ബോർഡ് ഇന്ന് പ്രസിദ്ധീകരിച്ചു. കണക്ക്, ജീവശാസ്ത്രം, രസതന്ത്രം, ഭാഷ എന്നിവയുൾപ്പെടെയുള്ള വിഷയങ്ങളുടെ പരീക്ഷകളിൽ എന്തെല്ലാം വരുമെന്നതിന്റെ വിശദാംശങ്ങൾ നൽകിയിട്ടുണ്ട്. എന്നാൽ കോഴ്‌സ് വർക്കിലൂടെ മാത്രം വിലയിരുത്തുന്ന വിഷയങ്ങൾക്ക് മുൻകൂർ വിവരങ്ങൾ നൽകില്ല. ഇംഗ്ലീഷ് സാഹിത്യം, ഭൂമിശാസ്ത്രം, ചരിത്രം എന്നിവയുടെ ചോദ്യ പേപ്പറുകളിൽ കൂടുതൽ ചോയ്സ് ഉണ്ടാവും. ജിസിഎസ്ഇ ഗണിതത്തിലെ ഫോര്‍മുല ഷീറ്റ്, ജിസിഎസ്ഇ ഭൗതികശാസ്ത്രത്തില്‍ പരിഷ്കരിച്ച സമവാക്യ ഷീറ്റ് എന്നിവ പോലുള്ള പരീക്ഷാ സഹായങ്ങളും നൽകും.

കോവിഡ് മഹാമാരി മൂലം തുടരെ രണ്ടു വര്‍ഷവും ജിസിഎസ്ഇ, എ-ലെവല്‍ പരീക്ഷകള്‍ റദ്ദാക്കിയ സാഹചര്യത്തില്‍ അധ്യാപക മൂല്യനിർണ്ണയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മാർക്ക്‌ നൽകിയത്. അധ്യാപക മൂല്യനിർണ്ണയത്തിന് കീഴിൽ കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ വിജയിക്കുകയും ഉയർന്ന മാർക്ക് നേടുകയും ചെയ്തു. ഇതോടെ യൂണിവേഴ്സിറ്റി പ്രവേശനത്തിനും വലിയ തിരക്ക് അനുഭവപ്പെട്ടു. ഈ മാർക്ക്‌ ദാനം അവസാനിപ്പിക്കാൻ മന്ത്രിമാർ രംഗത്തെത്തി. തുടർന്ന് കഴിഞ്ഞ വർഷം തന്നെ വിദ്യാഭ്യാസ വകുപ്പും (ഡി‌എഫ്‌ഇ) റെഗുലേറ്റര്‍ ഓഫ്‌ക്വാലും 2022 ലെ സമ്മര്‍ പരീക്ഷയ്ക്കുള്ള നിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഇത് പ്രകാരമാണ് ഇന്ന് പരീക്ഷയെയും ടോപ്പിക്കുകളെയും സംബന്ധിച്ചുള്ള വിശദവിവരങ്ങൾ പുറത്തുവിട്ടത്. വിദ്യാർത്ഥികൾ കൂടുതൽ ആത്മവിശ്വാസത്തോടെ പരീക്ഷകൾ എഴുതുന്നതിനായാണ് വിവരങ്ങൾ മുൻകൂറായി പ്രസിദ്ധീകരിച്ചതെന്ന് വിദ്യാഭ്യാസ സെക്രട്ടറി നാദിം സഹാവി പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഒരു വിദേശയാത്ര നടത്താൻ എല്ലാവർക്കും ആഗ്രഹം ഉണ്ടാകും. കുറഞ്ഞ നിരക്കിൽ മെച്ചപ്പെട്ട സൗകര്യങ്ങളോടെ ഒരു യാത്ര എന്നത് പലരുടെയും സ്വപ്നം ആയിരിക്കും. ടിക്കറ്റ് ബുക്ക്‌ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റിയും മികച്ച ഫ്ലൈറ്റ് ഡീലുകളെ പറ്റിയും വിസ് എയർ പറയുന്നു.
ബുക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയൊക്കെ;

കറൻസികൾ മാറ്റി നോക്കുക

ബുക്കിംഗ് സമയത്ത് വിവിധ കറൻസികളുടെ മൂല്യം നോക്കാൻ വിസ് എയർ പറയുന്നു. കാരണം, നിലവിലെ കറൻസിക്ക് പകരം ലക്ഷ്യസ്ഥാനത്തെ കറൻസിയിൽ നിങ്ങളുടെ ഫ്ലൈറ്റ് ബുക്ക് ചെയ്യുന്നതിലൂടെ കുറഞ്ഞ ഡീൽ ലഭിച്ചേക്കാം.

‘ഫ്ലെക്‌സിബിൾ വിത്ത് ഡേറ്റ്സ്‌’ ഓപ്‌ഷൻ

എന്തെങ്കിലും ബുക്ക് ചെയ്യുമ്പോൾ, തിരക്കേറിയ സമയങ്ങൾ സാധാരണയായി ചെലവ് കൂടുന്നതായി കാണാം. അതിനാൽ യാത്ര ചെയ്യാനുള്ള തീയതിയും സമയവും മാറ്റി പണം ലാഭിക്കാം. സെർച്ച് ഫംഗ്‌ഷനിൽ പലപ്പോഴും എയർലൈനുകൾ ‘ഫ്ലെക്‌സിബിൾ വിത്ത് ഡേറ്റ്സ്‌’ ഓപ്‌ഷൻ നൽകും. അതിനാൽ നിങ്ങൾക്ക് വ്യത്യസ്ത ഫ്ലൈറ്റുകളുടെ വില താരതമ്യം ചെയ്യാം. പലപ്പോഴും രാത്രി ഫ്ലൈറ്റുകൾ പകൽ സമയത്തേക്കാൾ വിലകുറഞ്ഞതാണെന്ന് വിസ് എയർ ചൂണ്ടിക്കാട്ടുന്നു.

ബുക്കിംഗ് സമയത്ത് മികച്ച ഡീലുകൾ തിരയുക.

ഒരു റിട്ടേൺ ട്രിപ്പിന് പകരം രണ്ട് വ്യത്യസ്ത ബുക്കിംഗ് നടത്തുന്നത് ചിലപ്പോൾ ചെലവ് കുറച്ചേക്കാം. എന്നാൽ ഇത് എപ്പോഴും ലഭിക്കണമെന്നില്ല. ബുക്കിംഗ് സമയത്ത് രണ്ട് രീതിയും പരിശോധിക്കുക എന്നതാണ് മികച്ച മാർഗം.

ബുക്കിംഗ് നേരത്തെ തന്നെ

അവസാന നിമിഷ ഡീലുകൾ നിലവിലുണ്ടെങ്കിലും, മുൻകൂട്ടി ആസൂത്രണം ചെയ്യുന്നതാണ് ഉചിതം. എട്ടാഴ്ച മുൻപ് തന്നെ ടിക്കറ്റ് ബുക്ക്‌ ചെയ്യുന്നത് പണം ലാഭിക്കാനുള്ള മാർഗ്ഗമാണെന്ന് എയർലൈൻ നിർദേശിക്കുന്നു.

വ്യക്തിഗതമായി ബുക്ക് ചെയ്യുക

ആളുകൾ ഒരു ഗ്രൂപ്പായി യാത്ര ചെയ്യുമ്പോൾ ചെലവേറുമെന്ന് വിസ് എയർ ടീം പറയുന്നു. അതിനാൽ നിങ്ങൾക്ക് സമയമുണ്ടെങ്കിൽ വ്യക്തിഗതമായി ബുക്ക് ചെയ്യുന്നതാണ് ചെലവ് ചുരുക്കാനുള്ള മാർഗം.

ഫോളോ, ലൈക്ക്, സബ്സ്ക്രൈബ്

നിങ്ങൾ സോഷ്യൽ മീഡിയയിൽ എയർലൈൻ കമ്പനികളെ പിന്തുടരുന്നുണ്ടെന്നും മാർക്കറ്റിംഗ് ഇമെയിലുകൾക്കായി സൈൻ അപ്പ് ചെയ്‌തിട്ടുണ്ടെന്നും ഉറപ്പാക്കുക. ഏറ്റവും പുതിയ ഡീലുകളെയും ഡിസ്കൗണ്ടുകളെയും കുറിച്ച് ആദ്യം അറിയാൻ ശ്രമിക്കുക. പല എയർലൈനുകളും അവരുടെ ഫോളോവേഴ്സിന് എക്സ്ക്ലൂസീവ് ഡീലുകൾ വാഗ്‌ദാനം ചെയ്യുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടനിലെ സ്കൂൾ കുട്ടികൾക്ക് പ്രത്യേകിച്ച് താഴ്ന്ന ക്ലാസുകളിൽ പഠിക്കുന്നവരുടെ ഇടയിൽ അഞ്ചാംപനി പടർന്നുപിടിക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി. അഞ്ചാംപനിക്കെതിരെയുള്ള വാക്സിനേഷൻ നിരക്ക് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലേയ്ക്ക് താഴ്ന്നതാണ് ആരോഗ്യ പ്രവർത്തകരിൽ ആശങ്കയുളവാക്കുന്നത്. അഞ്ചു വയസ്സിനുള്ളിൽ എടുക്കുന്ന രണ്ട് ഡോസ് എംഎംആർ വാക്സിൻ ആണ് അഞ്ചാം പനിയെ തടയുന്നത്.

രോഗമുള്ളവരുമായി സമ്പർക്കത്തിൽ വരുന്ന പത്തിൽ ഒൻപതു പേർക്ക് വരാൻ സാധ്യതയുള്ള അഞ്ചാംപനി കോവിഡിനേക്കാൾ വ്യാപന ശേഷിയുള്ളതും കടുത്ത ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നതുമാണ്. എന്നാൽ രണ്ട് ഡോസ് എം എം ആർ വാക്സിൻ അഞ്ചാംപനി, റുബെല്ലെയ്ക്കെതിരെ 99 ശതമാനവും മുണ്ടിനീരിനെതിരെ 88 ശതമാനവും സംരക്ഷണം നൽകും.

RECENT POSTS
Copyright © . All rights reserved