ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : റഷ്യയുടെ യുക്രൈൻ അധിനിവേശത്തെ തുടർന്ന് റഷ്യൻ കമ്പനിയായ റോസ്നെഫ്റ്റിൽ നിന്നും ഓഹരി നിക്ഷേപം പിൻവലിച്ച് ബ്രിട്ടീഷ് പെട്രോളിയം. റഷ്യൻ സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണ കമ്പനിയായ റോസ്നെഫ്റ്റിലെ 19.75% ഓഹരി നിക്ഷേപമാണ് ബിപി പിൻവലിച്ചത്. യുകെ സർക്കാരിന്റെ കടുത്ത സമ്മർദ്ദത്തെ തുടർന്നാണ് ഈ നീക്കം. ബിപി ചീഫ് എക്സിക്യൂട്ടീവ് ബെർണാഡ് ലൂണി റോസ്നെഫ്റ്റ് ബോർഡിൽ നിന്ന് രാജിവെച്ചു. 2020 മുതൽ റോസ്‌നെഫ്റ്റ് ബോർഡിലെ അംഗമായിരുന്നു ലൂണി. റഷ്യൻ വാർത്താ ഏജൻസികളിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം ബിപിയുടെ തീരുമാനത്തെ റോസ്നെഫ്റ്റ് കുറ്റപ്പെടുത്തി. മുപ്പത് വർഷത്തെ സഹകരണം അവസാനിച്ചുവെന്ന് അവർ പറഞ്ഞു.

റോസ്‌നെഫ്റ്റിന്റെ ചെയർമാൻ ഇഗോർ സെച്ചിൻ പ്രസിഡന്റ് പുടിന്റെ അടുത്ത സുഹൃത്താണ്. റഷ്യൻ സൈന്യത്തിന് ഇന്ധനം വിതരണം ചെയ്യുന്നതും റോസ്നെഫ്റ്റ് ആണ്. റഷ്യയ്‌ക്കെതിരായ ഉപരോധം തങ്ങളുടെ ബിസിനസിനെ ഗുരുതരമായി ബാധിക്കുമെന്ന് ബിപി കഴിഞ്ഞ വർഷം അറിയിച്ചിരുന്നു. 2014ൽ റഷ്യ ക്രിമിയ പിടിച്ചടക്കിയതു മുതൽ റോസ്‌നെഫ്റ്റ് യുഎസിന്റെയും യൂറോപ്യൻ യൂണിയന്റെയും ഉപരോധത്തിന് കീഴിലാണ്.

ബിപിയുടെ പുതിയ തീരുമാനം പ്രകാരം, റോസ്‌നെഫ്റ്റുമായുള്ള സാമ്പത്തിക ബന്ധം വിച്ഛേദിക്കുകയും ലാഭവിഹിതം എടുക്കുന്നത് നിർത്തുകയും ചെയ്യും. ഒപ്പം ബോർഡിലെ രണ്ട് സീറ്റുകളിൽ നിന്നും പിന്മാറുകയാണെന്നും ബിപി വ്യക്തമാക്കി. റഷ്യ-യുക്രൈൻ യുദ്ധം തുടങ്ങിയതിന് പിന്നാലെ ആഗോളതലത്തിൽ ഓഹരിവിപണിയിൽ വൻ തകർച്ചയാണ് ഉണ്ടായത്. 2014ന് ശേഷം ആദ്യമായി ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ കടന്നു. നിക്ഷേപകർ ഓഹരികളിൽ നിന്ന് കൂട്ടത്തോടെ പിൻവലിയുന്നതും വലിയ തിരിച്ചടിയ്ക്ക് കാരണമായി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
വെള്ളിയാഴ്ച രാത്രി11.30 ഓടു കൂടിയാണ് 13 കാരിയായ കേസിയെ കവൻട്രിയിൽ നിന്ന് കാണാതായത്. കവൻട്രിയിലെ വില്ലൻഹാൾ ഏരിയയിലാണ് പെൺകുട്ടിയെ അവസാനമായി കണ്ടത് . 5 അടി 4 ഇഞ്ച് ഉയരമുള്ള കുട്ടി ജീൻസും ബോംബർ ജാക്കറ്റും ആണ് ധരിച്ചിരുന്നത്.

പ്രാഥമിക അന്വേഷണത്തിന് ശേഷം കേസിയെ കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിൽ എന്തെങ്കിലും വിവരം നൽകാൻ സാധിക്കുന്നവർ മുന്നോട്ടുവരണമെന്ന് പോലീസ് പൊതു ജനങ്ങളോട് അഭ്യർത്ഥിച്ചു. സോഷ്യൽ മീഡിയ വഴിയും പോലീസ് സഹായാഭ്യർത്ഥന നടത്തിയിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 999 എന്ന നമ്പറിലേയ്ക്ക് വിളിക്കുകയോ പോലീസ് വെബ്സൈറ്റിലെ ലൈവ് ചാറ്റ് വഴിയോ വിവരം കൈമാറണം. കേസിൻെറ റഫറൻസ് നമ്പർ – MPCV/2003/22 ആണ് .
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ആൻഡ്രൂ രാജകുമാരൻ നടത്തിയ കോടതി ഒത്തുതീർപ്പ് ചോദ്യം ചെയ്യാൻ എംപിമാർക്ക് സാധിക്കില്ല. തന്റെ പേരിലുള്ള ലൈംഗികാതിക്രമ കേസ് ഒത്തുതീർപ്പാക്കാൻ 12 മില്യൺ പൗണ്ടാണ് വിർജീനിയ ഗിയുഫ്രെയ്ക്ക് ആൻഡ്രൂ നൽകിയത്. നഷ്ടപരിഹാരം നൽകാൻ സോവറിൻ ഗ്രാന്റ് (പൊതുജനങ്ങളിൽ നിന്ന് രാജകുടുംബത്തിന് നൽകിയ പണം) ഉപയോഗിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ ഒരു മന്ത്രി തയ്യാറാവണമെന്ന് ലേബർ എംപി ആൻഡി മക്ഡൊണാൾഡ് ആവശ്യപ്പെട്ടു. എന്നാൽ പുരാതന നിയമങ്ങൾ പ്രകാരം, രാജകുടുംബവുമായി ബന്ധപ്പെട്ട ഈ വിഷയം കോമൺസിൽ ചർച്ച ചെയ്യാൻ കഴിയില്ല.

രാജകുടുംബവുമായി ബന്ധപ്പെട്ട പ്രശ്നം ജനസഭയിൽ ഉന്നയിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. 2019ൽ, തന്റെ ഔദ്യോഗിക ചുമതലകളിൽ നിന്ന് പിന്മാറിയപ്പോൾ സോവറിൻ ഗ്രാന്റിലൂടെ പിന്തുണ സ്വീകരിക്കുന്നത് ആൻഡ്രൂ അവസാനിപ്പിച്ചെന്ന് ദി സൺ റിപ്പോർട്ട് ചെയ്തു. അതേസമയം, ആൻഡ്രൂ രാജകുമാരന്റെ ഹോണററി ഫ്രീഡം ഓഫ് യോർക്ക് നീക്കം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിക്കാനായി പ്രമേയം സമർപ്പിക്കുമെന്ന് ലിബ് ഡെം കൗൺസിലർമാർ അറിയിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
പിൻകാലുകളുള്ള ഒരു വലിയ മനുഷ്യന്റെയും ആടിൻെറയും ആകൃതിയിലുള്ള ജീവിയെ രാത്രി വൈകുന്നേരം മിഡ്‌ലാൻഡ്‌സ് റോഡ് മുറിച്ചുകടക്കുന്നത് കണ്ടതായി ഒരു ഡ്രൈവർ റിപ്പോർട്ട് ചെയ്തു. ഫെബ്രുവരി 20 ന് അതിരാവിലെ അപ്പർ ഷക്ക്ബർഗിലെ വാർവിക്ഷെയറിനും നോർത്താംപ്ടൺഷെയറിലെ സ്റ്റാവർട്ടണിനുമിടയിൽ A425-ൽ വച്ചാണ് ഈ വിചിത്ര കാഴ്ച നടന്നത്. ഇത് എന്തായിരിക്കാം എന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ഇപ്പോൾ ഓൺലൈനിൽ സജീവമാണ്. രാത്രി വൈകി ഏകദേശം രണ്ടു മണിയോടെ റോഡിലൂടെ ഡ്രൈവ് ചെയ്യുമ്പോൾ തന്റെ ഹെഡ് ലൈറ്റിന്റെ മുമ്പിലൂടെ വിചിത്ര ജീവി റോഡ് മുറിച്ചു കടക്കുന്നതായി കണ്ടു എന്ന് വാഹനം ഓടിച്ച ആൾ പറഞ്ഞു.

ഏകദേശം 6 അടിയോ അതിൽ കൂടുതലോ ഉള്ള ഒരു മനുഷ്യന്റെ പൊക്കം അതിന് ഉണ്ടായിരുന്നു. വൃത്താകൃതിയിൽ ദ്രാവക രൂപത്തിൽ ചലിക്കുന്നതായി തോന്നുന്ന ശക്തമായ കാലുകളും ഇടുപ്പുകളും അതിനുണ്ടായിരുന്നു. രണ്ട് കാലിൽ നിൽക്കുന്നതു കൊണ്ട് അത് മാനായിരുന്നില്ല. മിഡ്‌ലാൻഡിൽ പരമ്പരാഗത വയലുകളും വനപ്രദേശവും ആണ് കൂടുതൽ ഉള്ളത്. ഈ സ്ഥലത്ത് വീടുകളോ കെട്ടിടങ്ങളോ ഇല്ല. സംഭവ സ്ഥലത്തിനു ഏറ്റവും അടുത്ത് കെട്ടിടങ്ങളും വീടുകളും ഉള്ളത് ഒരു മൈലോളം അകലെയാണ്. പ്രദേശവാസികൾ ആയ ഒന്നിലധികം പേർ വിചിത്ര ജീവിയെ കണ്ടതായി റിപ്പോർട്ടുകൾ ഉണ്ട് .
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- കോവിഡിനെ തുടർന്നുള്ള ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്ക് ശേഷം എല്ലാവരും ഓഫീസുകളിലേക്കും ജോലി സ്ഥലങ്ങളിലേക്കും തിരികെയെത്തുന്ന സാഹചര്യത്തിൽ ട്രെയിൻ നിരക്കുകളിൽ ഗണ്യമായ വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുകയാണ്. ചൊവ്വാഴ്ചയോടെ സീസൺ ടിക്കറ്റുകളിലും മറ്റും 3.8 ശതമാനം വർദ്ധനവ് രേഖപ്പെടുത്തുമെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഊർജ്ജസ്രോതസ്സുകൾക്കും, ആവശ്യ ഭക്ഷണ സാധനങ്ങൾക്കുമെല്ലാം വിലവർധന ഉണ്ടായിരിക്കുന്ന സാഹചര്യത്തിൽ, ട്രെയിൻ ടിക്കറ്റുകളുടെ നിരക്ക് വർധന ജനങ്ങളെ ആകമാനം പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. നിലവിൽ തന്നെ ജീവിതച്ചെലവുകൾ ക്രമാതീതമായി വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ, ട്രെയിൻ നിരക്കുകളുടെ കൂടെ വർധന ജനങ്ങളെ ബുദ്ധിമുട്ടിക്കുമെന്ന് ക്യാംമ്പെയ്‌ൻ ഫോർ ബട്ടർ ട്രാൻസ്പോർട്ട് പ്രവർത്തക സിൽവിയ ബാരറ്റ് വ്യക്തമാക്കി.

ട്രെയിൻ നിരക്കുകളുടെ വർധന, ജനങ്ങളെ കാറുകളിലേക്ക് ആശ്രയിക്കുവാൻ കൂടുതൽ പ്രേരിപ്പിക്കുമെന്നും, ഇത് നിലവിലുള്ള കാലാവസ്ഥ പ്രതിസന്ധി വർദ്ധിക്കുന്നതിന് ഇടയാകുമെന്നും ട്രാൻസ്പോർട്ട് യൂണിയൻ ജനറൽ സെക്രട്ടറി മാനുവൽ കോർട്ടെസ് വ്യക്തമാക്കി. ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്ന തെറ്റായ നീക്കമാണ് ഇതെന്നും, ഇത് പരിഹരിക്കാൻ ഗവൺമെന്റ് തന്നെ മുന്നോട്ടുവരണമെന്നുമുള്ള ആവശ്യങ്ങൾ ഉയർന്നിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- വോർസെസ്റ്റർഷെയറിൽ ഒൻപത് വയസ്സുകാരന്റെ മരണത്തിൽ പങ്കുണ്ടെന്ന സംശയത്തിൽ അമ്മയ്ക്കും കാമുകനുമെതിരെ വിചാരണ നടത്തുവാൻ തീരുമാനമായിരിക്കുകയാണ്. 2021 ഫെബ്രുവരി പതിനെട്ടിനാണ് അൽഫി സ്റ്റീൽ എന്ന ഒൻപത് വയസ്സുകാരനെ അത്യാസന്ന നിലയിൽ ഡ്രോയിറ്റ് വിച്ചിലുള്ള ഭവനത്തിൽ കണ്ടെത്തിയത്. ഉടൻ തന്നെ എയർ ലിഫ്റ്റിങ് മാർഗ്ഗം ഉപയോഗിച്ച് ബർമിങ്ഹാമിലെ ക്യൂൻ എലിസബത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മണിക്കൂറുകൾക്കുശേഷം കുട്ടിയുടെ ജീവൻ നഷ്ടപ്പെടുകയായിരുന്നു. കുട്ടിയുടെ മരണത്തിൽ അമ്മ മുപ്പത്തിനാലുകാരിയായ കാർല സ്കോട്ടിനും, കാമുകൻ മുപ്പത്തിയൊൻപതുകാരനായ ഡിർക് ഹോവലിനും പങ്കുണ്ടെന്ന ആരോപണം ശക്തമാണ്. എന്നാൽ തങ്ങൾക്ക് ഇതിൽ യാതൊരു പങ്കുമില്ലെന്നാണ് ഇരുവരും വ്യക്തമാക്കിയത്.

ഇരുവരും മനഃപ്പൂർവ്വമായി കുട്ടിയെ ഉപദ്രവിക്കുകയും, അവഗണിക്കുകയും ചെയ്തിരുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്. ഇതാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചത്. ജയിലിൽ ആയിരിക്കുന്ന ഇരുവരുടെയും വിചാരണ വീഡിയോ ലിങ്കിലൂടെ വോർസെസ്റ്റർ ക്രൗൺ കോടതി കേട്ടു. അൽഫിയുടെ വേർപാട് കുടുംബത്തെയാകമാനം തളർത്തിയതായി മുത്തശ്ശൻ പോൾ സ്കോട്ട് പറഞ്ഞു.

റഗ്ബി അധികം ഇഷ്ടപ്പെട്ടിരുന്ന അൽഫിയുടെ മരണം കുടുംബത്തെ ആകമാനം വേദനയിലാഴ്ത്തിയിരിക്കുകയാണ്. പ്രദേശവാസികളും അൽഫിയുടെ മരണത്തിന്റെ ദുഃഖത്തിൽ പങ്കുചേർന്ന് തങ്ങളുടെ വീടുകളുടെ ജനൽ ഗ്ലാസുകളിലും മറ്റും കരടി കുട്ടികളുടെയും മറ്റും ചിത്രങ്ങൾ വരച്ചു ചേർത്തു. അൽഫിയുടെ മരണത്തിന്റെ യഥാർത്ഥ പ്രതികൾക്ക് ഉടൻ ശിക്ഷ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബാംഗങ്ങൾ.
ന്യൂസ് ഡെസ്ക് മലയാളം യുകെ
റഷ്യയും ഉക്രെയിനും തമ്മിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിൽ യുകെയിലെ ഒരു ഹൈക്കോടതി ജഡ്ജിയുടെ വിധി എങ്ങനെ നടപ്പിലാക്കുമെന്ന ആശങ്കയിലാണ് അധികൃതർ. നിലവിൽ ഇംഗ്ലണ്ടിൽ അച്ഛനൊപ്പം താമസിക്കുന്ന ഏഴുവയസ്സുകാരനെ റഷ്യയിൽ താമസിക്കുന്ന അവൻറെ അമ്മയുടെ അടുത്ത് എത്തിക്കണമെന്നാണ് വിധി . റോയൽ കോർട്ട് ഓഫ് ജസ്റ്റിസിൻെറ ഹൈക്കോടതിയിലാണ് കേസ് പരിഗണിച്ചത്.
2015 -ൽ കുട്ടി ജനിക്കുമ്പോൾ മാതാപിതാക്കൾ റഷ്യയിലായിരുന്നു . ഒരു വർഷത്തിനു ശേഷം ദമ്പതികൾ വേർ പിരിഞ്ഞപ്പോൾ പിതാവ് ഇംഗ്ലണ്ടിലേയ്ക്ക് വന്നു . കഴിഞ്ഞ വേനലവധിക്കാലത്ത് ഉഭയ സമ്മതപ്രകാരം കുട്ടിയെ പിതാവ് ഇംഗ്ലണ്ടിലേക്ക് കൂട്ടിക്കൊണ്ട് വരികയും ചെയ്തു. മൂന്നുവർഷത്തേയ്ക്ക് കുട്ടിയെ തൻറെ ഒപ്പം നിർത്താൻ അവൻറെ അമ്മ സമ്മതിച്ചതായാണ് പിതാവ് കോടതിയിൽ ബോധിപ്പിച്ചത്. എന്നാൽ രണ്ടുമാസത്തേയ്ക്ക് മാത്രമാണ് താൻ സമ്മതിച്ചതെന്ന് കുട്ടിയുടെ മാതാവ് കോടതിയെ അറിയിച്ചു . മാതാപിതാക്കൾ തമ്മിലുള്ള ഈ തർക്കത്തിൽ കുട്ടിയുടെ മാതാവിന് അനുകൂലമായാണ് ജസ്റ്റിസ് പീൽ വിധി പ്രഖ്യാപിച്ചത്. കുട്ടിയെ അവൻറെ റഷ്യയിലുള്ള അമ്മയുടെ അടുത്തെത്തിക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
സുജിത് തോമസ്
കപ്പ ബിരിയാണി
ചേരുവകൾ
കപ്പ – 2 കിലോഗ്രാം
ബീഫ് നെഞ്ചെല്ലോടു കൂടിയത് – ഒന്നര കിലോ (ചെറിയ കഷണങ്ങളാക്കിയത് )
സവാള – 2 (നീളത്തിൽ അറിഞ്ഞത് )
ചെറിയ ഉള്ളി – 10 എണ്ണം
വെളുത്തുള്ളി – 5 എണ്ണം
ഇഞ്ചി – ഒരു ഇടത്തരം കഷണം
മസാലയ്ക്ക് വേണ്ടത്
മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ
ഇറച്ചിമസാല – 1 ടേബിൾസ്പൂൺ
കാശ്മീരി മുളകുപൊടി – 1 1/2 ടേബിൾസ്പൂൺ
മല്ലിപ്പൊടി – 2 ടേബിൾസ്പൂൺ
നല്ല പഴുത്ത തക്കാളി ചെറിയ കക്ഷണം ആക്കിയത് -1
കറിവേപ്പില – ആവശ്യത്തിന്
കപ്പയുടെ അരപ്പിനു വേണ്ടത്
തേങ്ങ ചിരകിയത് – 1കപ്പ്
മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
ഗരം മസാല -1 ടീ സ്പൂൺ
പെരുംജീരകം – 1 ടീസ്പൂൺ
പച്ച മുളക് – ആവശ്യം അനുസരിച്ച്
ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം
• ബീഫിലേക്ക് മസാലയും ബാക്കി ചേരുവകളും ഉപ്പും കുറച്ചു വെള്ളവും കൂടി ചേർത്ത് നന്നായി വേവിക്കുക.
• കപ്പ ചെറിയ കഷണങ്ങളാക്കി മുക്കാൽ ഭാഗം വേവിച്ച് ഊറ്റി എടുക്കുക.
• തേങ്ങാ ചിരകിയത് ബാക്കി ചേരുവകൾ ചേർത്ത് അരച്ചെടുക്കുക.
• വെന്ത ബീഫിലേക്ക് കപ്പയും അരപ്പും ചേർക്കുക.
• ചെറിയ തീയിൽ അടച്ച് 5/6 മിനിറ്റ് വയ്ക്കുക.
• ബീഫിലെ ചാറ് വറ്റുമ്പോൾ നല്ലപോലെ ഇളക്കി യോജിപ്പിക്കാം.ചാറ് തീർത്തും വറ്റാതെ ശ്രദ്ധിക്കണം. അല്പം കുറുകിയ രീതിയിൽ ആണ് കപ്പ ബിരിയാണിയുടെ പാകം.
• രുചിയേറിയ കപ്പ ബിരിയാണി ചൂടോടെ വാഴയിലയിൽ വിളമ്പുന്നതാണ് ഉചിതം. കുടിക്കുവാൻ കട്ടൻ കാപ്പിയും കൂടെ ഉണ്ടെങ്കിൽ നല്ല ചേർച്ചയായിരിക്കും.

സുജിത് തോമസ്

ന്യൂസ് ഡെസ്ക് മലയാളം യുകെ
നോർത്ത് യോർക്ക്ക്ഷെയർ : യുകെയിലെ യൂണിവേഴ്സിറ്റിയിൽ മലയാളി വിദ്യാർഥികൾ തമ്മിൽ സംഘർഷം. നോർത്ത് യോർക്ക്ക്ഷെയറിലെ ടീസൈഡ് യൂണിവേഴ്സിറ്റിയിലാണ് സംഭവം. വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തത് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടായി. വിദ്യാർത്ഥികൾ തമ്മിലുള്ള തർക്കം തുടരുകയാണെന്ന വാർത്ത പുറത്തുവന്നു.
ഭീഷണിപ്പെടുത്തൽ, ശാരീരിക ഉപദ്രവം തുടങ്ങിയ ഗുരുതര കുറ്റങ്ങളെ പറ്റിയും ഇനി നേരിടേണ്ടി വന്നേക്കാവുന്ന നിയമ നടപടിയെ പറ്റിയും ഇരു കൂട്ടർക്കും അറിവില്ലെന്ന് വിദ്യാർഥികളിൽ നിന്നു തന്നെ ലഭിച്ച ശബ്ദ സന്ദേശത്തിൽ വ്യക്തമാണ്. മുതിർന്നവരുടെ നേതൃത്വത്തിൽ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമം ആരംഭിച്ചു. നേരിട്ടും സമൂഹമാധ്യമങ്ങളിലൂടെയും ഭീഷണിയും അധിക്ഷേപവും നടത്തുന്നത് മലയാളി വിദ്യാർഥികൾക്കിടയിൽ ഇപ്പോൾ പതിവായിരിക്കുകയാണ്.
പ്രായത്തിന്റെ ആവേശത്തിൽ ചെയ്തുകൂട്ടുന്ന ഇത്തരം പ്രവർത്തികൾ തങ്ങളുടെ ഭാവി ജീവിതത്തെ ദോഷകരമായി ബാധിക്കുമെന്ന് പല മലയാളി വിദ്യാർത്ഥികൾക്കും അറിയില്ല. വിദ്യാർത്ഥികൾ തമ്മിലുള്ള പ്രശ്‌നം രമ്യമായി പരിഹരിക്കാമെന്ന പ്രതീക്ഷയിലാണ് മുതിർന്നവർ.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കീവ് : യുക്രൈനിൽ കുടുങ്ങികിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലേക്ക് തിരിച്ചെത്തിക്കുന്നതിനുള്ള നടപടി ആരംഭിച്ചു. വിദ്യാർത്ഥികൾ അടക്കമുള്ള ഇന്ത്യക്കാരെ റൊമാനിയ, ഹംഗറി അതിർത്തികൾ വഴി രക്ഷപെടുത്തുന്നതിനുള്ള നീക്കമാണ് ഇന്ത്യൻ എംബസി ആരംഭിച്ചത്. അതിർത്തി പ്രദേശങ്ങളിലേക്ക് സുരക്ഷിതമായി യാത്ര ചെയ്യാൻ എംബസി അഭ്യർത്ഥിച്ചു. റൊമാനിയൻ അതിർത്തിയായ ചെർനിവ്‌സിക്ക് സമീപമുള്ള ഇന്ത്യൻ പൗരന്മാർ വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് ആദ്യം പുറപ്പെടണമെന്ന് എംബസി പറഞ്ഞു. അതേസമയം യുക്രെയ് നിൽനിന്ന് 40 ഇന്ത്യൻ വിദ്യാർത്ഥികൾ പോളണ്ടിലെത്തിയിട്ടുണ്ട്.
അതിർത്തിയിലൂടെയുള്ള യാത്രയിൽ സഹായമായി ചെക്ക്‌പോസ്റ്റുകളിൽ നമ്പരുകൾ സജ്ജീകരിച്ചിട്ടുണ്ട്. യുക്രൈനിലെ ഓരോ ഇന്ത്യക്കാരനും അവരുടെ പാസ്‌പോർട്ട്, അടിയന്തര ചെലവുകൾക്കുള്ള പണം, മറ്റ് അവശ്യവസ്തുക്കൾ എന്നിവ കരുതാൻ എംബസി ആവശ്യപ്പെട്ടിട്ടുണ്ട്. യുക്രൈനിലുള്ള വിദ്യാർത്ഥികൾക്കും മറ്റ് ഇന്ത്യൻ പൗരന്മാർക്കും വേണ്ടി ഇന്ത്യൻ സർക്കാർ ഹെൽപ്പ് ലൈനുകൾ ആരംഭിച്ചു. ഇന്ത്യൻ പൗരന്മാർക്ക് എംബസിയുമായി +38 0997300483, +38 0997300428, +38 0933980327, +38 0635917881, +38 0935046170 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന നടപടികൾക്കു വിദേശകാര്യ മന്ത്രാലയം തുടക്കമിട്ടെങ്കിലും, റോഡിലൂടെയുള്ള യാത്ര ദുഷ്കരമാണെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. “യുക്രൈനിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തികളിലേക്കു നീങ്ങാൻ ഇന്ത്യന്‍ എംബസി നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ ഷെല്ലാക്രമണം എപ്പോള്‍ വേണമെങ്കിലും നടക്കാമെന്നതിനാല്‍ റോഡ് മാര്‍ഗം എങ്ങനെ യാത്ര ചെയ്യുമെന്ന് ഞങ്ങള്‍ക്ക് അറിയില്ല. പടിഞ്ഞാറന്‍ അതിര്‍ത്തിയിലെത്താന്‍ കുറഞ്ഞത് 12 മണിക്കൂറെങ്കിലും എടുക്കും. എല്ലാവരും രേഖകളും അത്യാവശ്യ വസ്തുക്കളും ബാഗുകളില്‍ തയാറാക്കി വച്ചിട്ടുണ്ട്.” തിരുവനന്തപപുരം സ്വദേശിയായ മൂന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥി ഫഹദ് റഹ്‌മാന്‍ പറഞ്ഞു. യുക്രൈനിൽ ഏകദേശം 16,000 ഇന്ത്യക്കാരുണ്ട്. ഇതിൽ കൂടുതലും മെഡിക്കൽ വിദ്യാർത്ഥികളാണ്. റഷ്യൻ സേനയുടെ ആക്രമണങ്ങളിൽനിന്ന് രക്ഷനേടാൻ ഭൂഗർഭ മെട്രോ സ്റ്റേഷനുകൾ, ബേസ്‌മെന്റുകൾ തുടങ്ങിയ അഭയകേന്ദ്രങ്ങളിൽ കഴിയുകയാണ് പലരും.