Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഓരോ ദിവസവും സംഭവബഹുലമായികൊണ്ടിരുക്കുകയാണ് ബ്രിട്ടന്റെ രാഷ്ട്രീയ അന്തരീക്ഷം . കൗൺസിൽ തിരഞ്ഞെടുപ്പുകളിൽ ഭരണപക്ഷം തകർന്നടിഞ്ഞതിന് പിന്നാലെ ടോറി എംപിയായ നതാലി എൽഫിക്കി ലേബർ പാർട്ടിയിലേയ്ക്ക് കൂറുമാറിയത് ഭരണപക്ഷത്തിന് കടുത്ത തിരിച്ചടിയായി. രണ്ടാഴ്ച മുമ്പ് കൺസർവേറ്റീവ് എംപിയും മുൻ മന്ത്രിയുമായിരുന്ന സാൻ പോൾട്ടറും ലേബർ പാർട്ടിയിലേയ്ക്ക് കൂറു മാറിയിരുന്നു. ടോറി എംപിമാരുടെ മറുകണ്ടം ചാടൽ അടുത്ത ദിവസങ്ങളിൽ വൻ രാഷ്ട്രീയ ചർച്ചകൾക്ക് കാരണമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

പ്രധാനമന്ത്രിയോടുള്ള ചോദ്യങ്ങൾ കോമൺസിൽ ആരംഭിച്ചപ്പോഴാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ഈ സമയമാണ് സഭാംഗങ്ങളെ എല്ലാം ഞെട്ടിച്ചു കൊണ്ട് എൽഫിക്ക് പ്രതിപക്ഷനേതാവ് സർ കെയർ സ്റ്റാർമറിന് പിന്നിൽ പ്രതിപക്ഷ ബഞ്ചുകളിൽ പോയിരുന്നത്. രാജ്യത്ത് വർദ്ധിച്ചു വരുന്ന പാർപ്പിട പ്രശ്നങ്ങളും അതിർത്തി തർക്കങ്ങളും രൂക്ഷമായതാണ് തന്റെ തീരുമാനത്തിന് പിന്നില്ലെന്നാണ് പ്രസ്താവനയിൽ അവർ പറഞ്ഞത്. പ്രധാനമന്ത്രി ഋഷി സുനകിന് തൻ്റെ വാഗ്ദാനങ്ങളൊന്നും പാലിക്കാൻ സാധിച്ചില്ലെന്നും അവർ ആരോപിച്ചു.

എൽഫിക്കിൻ്റെ കൂറുമാറ്റം ഇരുപക്ഷത്തും സമ്മിശ്ര പ്രതികരണമാണ് സൃഷ്ടിച്ചത്. പാർട്ടിക്ക് അടുത്ത തിരഞ്ഞെടുപ്പിൽ വൻ വിജയം പ്രതീക്ഷിക്കുന്ന സമയത്ത് ടോറി എംപിയെ പാർട്ടിയിൽ സ്വീകരിച്ച കെയർ സ്റ്റാർമറിൻ്റെ നടപടിയിൽ ലേബർ പാർട്ടിയിൽ തന്നെ പലരും അസന്തുഷ്ടരാണെന്നാണ് റിപ്പോർട്ടുകൾ. പുതിയ രാഷ്ട്രീയ സംഭവവികാസങ്ങൾ ഭരണപക്ഷത്തെ വിമത എംപിമാർക്ക് കൂടുതൽ ശക്തി പകരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സംശയാസ്പദമായ രീതിയിലുള്ള വസ്തുക്കൾ കണ്ടതിനെ തുടർന്ന് ഗ്രിമെ തോർപ്പിലെ 100-ലധികം വീടുകൾ ഒഴിപ്പിച്ചു. ബ്രയർലി റോഡിലാണ് നിരവധി വസ്തുക്കൾ കണ്ടെടുത്തത്. പ്രദേശത്തിന് 100 മീറ്റർ ചുറ്റളവിൽ സുരക്ഷാവലയം തീർത്തിട്ടുണ്ടെന്ന് സൗത്ത് യോർക്ക് ഷെയർ പോലീസ് അറിയിച്ചിരുന്നു .


സംഭവത്തെ തുടർന്ന് 130 വീടുകളിൽ നിന്ന് അടിയന്തിരമായി താമസക്കാരെ ഒഴിപ്പിച്ചു. എന്നാൽ ഇന്നലെ വൈകുന്നേരത്തോടെ ഒഴിപ്പിച്ചവരെ വീടുകളിലേയ്ക്ക് മടങ്ങാൻ അനുവദിച്ചിട്ടുണ്ട്. ഇതോടൊപ്പം സുരക്ഷാവലയം 60 മീറ്ററാക്കി കുറയ്ക്കുകയും ചെയ്തു . നിലവിൽ 3 വീടുകളാണ് ഈ പരുധിയിൽ വരുന്നത്. ഭീക്ഷണിയെ തുടർന്ന് അടച്ച പ്രദേശത്തെ എല്ലാ റോഡുകളും തുറന്നു കൊടുത്തിട്ടുണ്ട്. തുടർന്ന് ഇവിടെ പോലീസ് നിരീക്ഷണം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.


സംഭവത്തോട് ബന്ധപ്പെട്ട് 58 ഉം 57 ഉം വയസ്സ് പ്രായമുള്ള ഒരു പുരുഷനെയും സ്ത്രീയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവർ നിലവിൽ കസ്റ്റഡിയിൽ തുടരുകയാണ്. റോയൽ ലോജിസ്റ്റിക് കോർപ്‌സ് ബോംബ് ഡിസ്‌പോസൽ ട്രക്ക് ഉൾപ്പെടെ നിരവധി എമർജൻസി സർവീസ് ഉദ്യോഗസ്ഥരും വാഹനങ്ങളും സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയിരുന്നു. പുതുക്കി പണിതു കൊണ്ടിരിക്കുന്ന ഒരു പള്ളിയുടെയും വീടിന്റെയും ഉള്ളിലാണ് സംശയാസ്പദമായ വസ്തുക്കൾ കണ്ടെത്തിയതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. വീടുകളിൽ നിന്ന് താത്കാലികമായി ഒഴിപ്പിച്ചവർക്ക് മറ്റ് സ്ഥലങ്ങളിൽ പോകാൻ ആഗ്രഹമില്ലെങ്കിൽ തങ്ങുന്നതിനായി സെന്റ്‌ കത്തീഡ്രലിൽ ഒരു വിശ്രമ കേന്ദ്രം തുറന്നിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിൽ വിവിധ മേഖലകളിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്ന സംഘങ്ങൾ കേരളത്തിൽ സജീവമാണ്. എങ്ങനെയും ബ്രിട്ടനിലെത്തി ജീവിതം കരു പിടിപ്പിക്കാൻ ആഗ്രഹിക്കുന്നവരെയാണ് ഇവർ വലയിലാക്കുന്നത്. ബ്രിട്ടനിൽ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ സംഘത്തിലെ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. വിസ തട്ടിപ്പ് സംഘത്തിൽ പെട്ട ദക്ഷിണ കന്നഡ സ്വദേശിയായ നിധിൻ പി ജോയ് (35) ആണ് നിലവിൽ പോലീസിന്റെ പിടിയിലായത്.

തിരുവനന്തപുരം സ്വദേശിയായ നിഖിൽ സാജനിൽ നിന്ന് ബ്രിട്ടനിൽ ജോലി വാഗ്ദാനം ചെയ്ത് നിധിൻ ഉൾപ്പെടുന്ന സംഘം പണം തട്ടിയതായാണ് കേസ്. ഇവർ വിസയ്ക്കായി 15 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. നിഖിൽ സാജനിൽ നിന്ന് വിവിധ ഘട്ടങ്ങളിലായി 10.68 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തതായാണ് പരാതി.

നിഖിലിന് ജോലിക്കായി ഇവർ നൽകിയത് വ്യാജ സ്പോൺസർഷിപ്പും സർട്ടിഫിക്കറ്റും ആയിരുന്നു ബ്രിട്ടിഷ് എംബസിയിൽ നൽകിയത്.. സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് തിരിച്ചറിഞ്ഞതോടെ നിഖിലിനെ 10 വർഷത്തേയ്ക്ക് യുകെയിൽ വിലക്കും ഏർപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്നാണ് നിഖിൽ വിസ തട്ടിപ്പിനെ കുറിച്ച് പോലീസിൽ പരാതി നൽകിയത്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് വിദേശത്തുനിന്നും തിരിച്ചെത്തിയപ്പോൾ നിധിനെ ഡൽഹി വിമാനത്താവളത്തിൽ വച്ച് അറസ്റ്റ് ചെയ്തത്.

പ്രതി ഉൾപ്പെടുന്ന സംഘം കേരളത്തിനകത്തും പുറത്തും സമാനമായ രീതിയിലുള്ള കോടി കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് പോലീസ് നൽകുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . ഇയാളുടെ തട്ടിപ്പിനിരയായത് ഭൂരിപക്ഷവും നേഴ്സുമാർ ആണ് . നിധിൻ പോലീസ് പിടിയിലായതോടെ ഇയാളുടെ ഏജൻസി മുഖേന യുകെയിൽ എത്തിയവർ അങ്കലാപ്പിലാണ്. അടുത്ത ദിവസങ്ങളിൽ തട്ടിപ്പിനിരയായ കൂടുതൽ പേർ പരാതിയുമായി മുന്നോട്ടു വരുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ എത്തി ഒരു വർഷം തികയുന്നതിന് മുൻപ് മലയാളി നേഴ്സ് പീറ്റർ ബൊറോയിൽ മരണമടഞ്ഞു. എറണാകുളം പാറാമ്പുഴ സ്വദേശിയായ സ്നോബി സനിലാണ് 44 വയസ്സിൽ അകാലത്തിൽ നിര്യാതയായത്. അർബുദ ബാധയെ തുടർന്നാണ് മരണം. ഭർത്താവ് സനിൽ മാത്യുവിനും ഏക മകൻ പതിനഞ്ചുകാരനായ ആന്റോ സനിലിനുമൊപ്പം പീറ്റർബൊറോയിലായിരുന്നു താമസം.

യുകെയിൽ എത്തി അധികം താമസിയാതെ സ്നോബിക്ക് രോഗം തിരിച്ചറിഞ്ഞിരുന്നു. സ്നോബിയും ഭർത്താവും കെയർഹോമിൽ ജോലി ചെയ്തു വരുകയായിരുന്നു. സ്‌നോബി സനിലിന്റെ സഹോദരി മോളി സൈമണും ഭർത്താവ് സൈമൺ ജോസഫും പീറ്റർബൊറോയിൽ തന്നെയാണ് താമസം. ഇവരോടൊപ്പം പീറ്റർ ബൊറോയിലെ പ്രാദേശിക മലയാളി സമൂഹവും കുടുംബത്തിൻെറ സഹായത്തിനായി എത്തിച്ചേർന്നിട്ടുണ്ട്.

സ്‌നോബി സനിലിന്റെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്കോട്ട്‌ ലന്റിന്റെ 7- മത്തെ പ്രഥമ മന്ത്രിയായി സ്കോട്ടിഷ് നാഷണൽ പാർട്ടി നേതാവ് ജോൺ സ്വിന്നിയെ തിരഞ്ഞെടുത്തു. 64 സ്കോട്ടീഷ് നാഷണൽ പാർട്ടി എംപിമാരുടെ പിന്തുണയോടെയാണ് അദ്ദേഹം സ്ഥാനമേൽക്കുന്നത്. ഹംസ യൂസഫ് പ്രഥമ മന്ത്രിസ്ഥാനം രാജി വച്ചതിനുശേഷം 8 ദിവസങ്ങൾ കഴിഞ്ഞാണ് ജോൺ സ്വിന്നി പ്രഥമ മന്ത്രിയായി സ്ഥാനമേൽക്കുന്നത്.

എസ് എൻ പി നേതൃസ്ഥാനത്തേയ്ക്കുള്ള മത്സരത്തിൽ നിന്നും പാർട്ടിയിലെ എതിരാളി ഗ്രെയ്മ മെക് കോര്‍മിക് പിന്‍വാങ്ങിയതോടെ ജോണ്‍ സ്വിന്നിയായിരിക്കും യൂസഫിന്റെ പിന്‍ഗാമി എന്നത് ഉറപ്പായി. ജോൺ സ്വിന്നിയുടെ വോട്ടെടുപ്പിൽ നിന്ന് സ്കോട്ടിഷ് ഗ്രിൻസ് പാർട്ടിയിലെ 7 അംഗങ്ങൾ വിട്ടുനിന്നു.

സ്വിന്നി പ്രഥമ മന്ത്രിയായതോടെ ദിവസങ്ങളായി എസ് എൻ പി നേരിട്ട നേതൃത്വ പ്രതിസന്ധിക്കാണ് പരിഹാരമായത്. നേരത്തെ 2000 മുതൽ 2004 വരെ പാർട്ടിയെ നയിച്ചിരുന്ന ആളാണ് സ്വിന്നി . നേതൃത്വത്തിന് വേണ്ടിയുള്ള തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിൻറെ എതിരാളി മെക് കോർമിക്ക് ജയിച്ചിരുന്നെങ്കിൽ പാർട്ടിയിൽ വൻ പ്രതിസന്ധി രൂപപ്പെടുമായിരുന്നു. മെക് കോർമികിന് പ്രഥമ മന്ത്രിസ്ഥാനം ഏറ്റെടുക്കുവാൻ ഉടനെ സാധിക്കില്ല. അദ്ദേഹം സ്കോട്ടിഷ് പാർലമെൻറ് അംഗമല്ലാത്തതാണ് അതിന് കാരണം.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഹീത്രൂ, ഗാറ്റ്‌വിക്ക്, എഡിൻബർഗ്, ബർമിംഗ്ഹാം, ബ്രിസ്റ്റോൾ, ന്യൂകാസിൽ, മാഞ്ചസ്റ്റർ എന്നിവയുൾപ്പെടെയുള്ള എല്ലാ വിമാനത്താവളങ്ങളും സാങ്കേതിക തകരാർ നീണ്ട ക്യൂവിന് കാരണമായതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. പാസ്പോർട്ട് ഉപയോഗിച്ച് നിയന്ത്രിക്കുന്ന ഇ- ഗേറ്റുകളുടെ തകരാറാണ് മലയാളികൾ ഉൾപ്പെടെ ഒട്ടനവധി യാത്രക്കാരെ വലച്ച പ്രശ്നത്തിന് പിന്നിൽ. പല യാത്രക്കാരും തങ്ങൾ നേരിട്ട പ്രശ്നത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ രോഷം അറിയിച്ചു. 90 മിനിറ്റ് ക്യൂവിൽ നിൽക്കേണ്ടതായി വന്നുവെന്നാണ് ഒരാൾ അറിയിച്ചത്.

എത്രയും പെട്ടെന്ന് പ്രശ്നം പരിഹരിക്കാൻ സാങ്കേതിക സഹായം നൽകുന്ന ഏജൻസികളുമായി ചേർന്ന് പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും യാത്രക്കാർക്ക് ഉണ്ടായ അസൗകര്യത്തിൽ മാപ്പ് ചോദിക്കുന്നു എന്നും ഹോം ഓഫീസ് അറിയിച്ചു. ഇ- ഗേറ്റിന്റെ മേൽനോട്ടം വഹിക്കുന്ന ബോർഡർ ഫോഴ്സ് ഹോം ഓഫീസിന്റെ കീഴിലാണ് സാങ്കേതിക തകരാറിൻ്റെ സ്വഭാവത്തെ കുറിച്ചോ അത് എങ്ങനെ സംഭവിച്ചുവെന്നതിനെ കുറിച്ചോ കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.

ഇ-ഗേറ്റുകൾ ഒരു വ്യക്തിയുടെ ഐഡൻ്റിറ്റി പരിശോധിക്കുന്നതിനും അതിർത്തി സേനയിലെ ഉദ്യോഗസ്ഥനുമായി സംസാരിക്കാതെ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവദിക്കുന്നതിനും മുഖം തിരിച്ചറിയൽ ഉപയോഗിക്കുന്ന ഓട്ടോമേറ്റഡ് ഗേറ്റുകളാണ്. ഇ- ഗേറ്റുകളുടെ തകരാർ മൂലം കാലതാമസം നേരിട്ടവർക്ക് സഹായം എത്തിക്കുന്നതിനായി എയർപോർട്ട് കസ്റ്റം സർവീസ് സ്റ്റാഫ് പ്രവർത്തിക്കുന്നുണ്ടായിരുന്നു . പലസ്ഥലങ്ങളിലും നീണ്ട ക്യൂവിൽ നിന്നവർക്ക് കുടിവെള്ളം വിതരണം ചെയ്തു. പ്രശ്നത്തെ തുടർന്ന് കാർ പാർക്കിങ്ങുകളിൽ കൂടുതൽ സമയം ചെലവഴിക്കേണ്ടി വന്നവർക്കുള്ള അധിക ചാർജുകൾ ഒഴിവാക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിൽ പ്രസവാനന്തരം കുഞ്ഞുങ്ങൾക്ക് ഉണ്ടാകുന്ന ഗുരുതരമായ പ്രശ്നങ്ങൾ എൻഎച്ച്എസ്സിന്റെ പിടിപ്പു കേട് കൊണ്ടാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ദുരന്തത്തിലേയ്ക്ക് നയിക്കുന്ന പകുതിയോളം കേസുകളിലും പ്രസവസമയത്ത് കുഞ്ഞിൻറെ ഹൃദയമിടിപ്പ് കൃത്യമായി നിരീക്ഷിക്കുന്നില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പ്രസവസമയത്ത് കുഞ്ഞുങ്ങൾ മരിക്കുകയോ തലച്ചോറിന് ഗുരുതരമായ ക്ഷതം സംഭവിക്കുമോ ചെയ്യുന്ന കേസുകൾ വിലയിരുത്തി കെയർ ക്വാളിറ്റി കമ്മീഷൻ ആണ് സുപ്രധാന നിരീക്ഷണം നടത്തിയിരിക്കുന്നത്.


ഇത്തരം പ്രശ്നങ്ങൾ ഉണ്ടായ 92 കേസുകളിൽ 45 എണ്ണത്തിലും പ്രശ്ന കാരണം എൻഎച്ച്എസ് ജീവനക്കാർ ശരിയായ രീതിയിൽ കുഞ്ഞിൻറെ ഹൃദയമിടിപ്പ് നിരീക്ഷിക്കാത്തതാണെന്നാണ് കണ്ടെത്തിയത്. എല്ലാ മെറ്റേണിറ്റി യൂണിറ്റുകളിലും പരിചരണം സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ ശരിയായ നിരീക്ഷണം നിർണായക ഘടകമാണെന്ന് സി ക്യു സി യുടെ മെറ്റേണിറ്റി ആൻഡ് ന്യൂബോൺ സേഫ്റ്റി ഇൻവെസ്റ്റിഗേഷൻസ് (എം എൻ എസ് ഐ) പ്രോഗ്രാമിൻ്റെ ഡയറക്ടർ സാൻഡി ലൂയിസ് പറഞ്ഞു. പരിശോധിക്കപ്പെട്ട 92 കേസുകളിൽ നവജാതശിശുക്കൾക്ക് മസ്തിഷ്ക ക്ഷതം സംഭവിച്ച 62 കേസുകളും ഉൾപ്പെട്ടിട്ടുണ്ട്. 11 കുരുന്നുകൾ പ്രസവശേഷം 6 ദിവസത്തിനുള്ളിൽ ജീവൻ വെടിഞ്ഞു. 19 കുഞ്ഞുങ്ങൾക്ക് പ്രസവസമയത്ത് ആരോഗ്യവാന്മാരായിരുന്നെങ്കിലും പിന്നീട് ശാരീരിക പ്രശ്നങ്ങൾ ഉണ്ടായി.


കെയർ ക്വാളിറ്റി കമ്മീഷന്റെ കണ്ടെത്തലുകൾ വളരെ നിർണ്ണായകമാണെന്ന് സി ഒ സി യുടെ മെറ്റേണിറ്റി ആൻഡ് ന്യൂബോൺ സേഫ്റ്റി ഇൻവെസ്റ്റിഗേഷൻസ് (എം എൻ എസ് ഐ) പ്രോഗ്രാമിൻ്റെ ഡയറക്ടർ സാൻഡി ലൂയിസ് പറഞ്ഞു. നവജാതശിശുക്കളുടെ ഹൃദയമിടിപ്പിൽ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അത് കണ്ടുപിടിക്കാൻ ഉണ്ടാകുന്ന പരാജയമാണ് പല പ്രശ്നങ്ങൾക്കും കാരണമെന്നും അവർ പറഞ്ഞു. പല സംഭവങ്ങളിലും മീഡ് വൈഫുകൾ മറ്റ് പല കാര്യങ്ങളിലും തിരക്കിലായതിനാൽ കൃത്യമായ ഇടവേളകളിൽ കുഞ്ഞിനെ നിരീക്ഷിക്കുന്നതിന് കഴിയാതെ പോയതായും കണ്ടെത്തിയിട്ടുണ്ട്. പല സംഭവങ്ങളുടെയും അടിസ്ഥാന കാരണം പ്രസവ വാർഡുകളിലെ ജീവനക്കാരുടെ ക്ഷാമമാണെന്നും വിലയിരുത്തലുകൾക്ക് പ്രധാനമാണ്. റോയൽ കോളേജ് ഓഫ് മിഡ്‌വൈവ്‌സും കോമൺസ് ഹെൽത്ത് സെലക്ട് കമ്മിറ്റിയും പ്രസവ പരിചരണം മെച്ചപ്പെടുത്താൻ സഹായിക്കുന്നതിന് 2,500 മിഡ്‌വൈഫുമാരെ കൂടി റിക്രൂട്ട് ചെയ്യാൻ എൻഎച്ച്എസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെ സായുധ സേനയുടെ വിവരങ്ങൾ ചോർത്തിയതിന് പിന്നിൽ ചൈനയെ സംശയിക്കുന്നതായുള്ള വിവരങ്ങൾ പുറത്തുവന്നു. സായുധ സേനയുടെ ശമ്പള വിതരണ സംവിധാനമാണ് ഹാക്ക് ചെയ്യപ്പെട്ടത് . നിലവിൽ സായുധ സേനയിൽ ജോലി ചെയ്യുന്നവരുടെയും വിരമിച്ചവരുടെയും പേരുകളും ബാങ്ക് വിവരങ്ങളും അടങ്ങിയ പെറോൾ സംവിധാനം ആണ് ഹാക്ക് ചെയ്യപ്പെട്ടത്.

പ്രതിരോധ സെക്രട്ടറി ഗ്രാൻ്റ് ഷാപ്‌സ് ഇന്ന് എംപിമാരെ അഭിസംബോധന ചെയ്യുമ്പോൾ ഒരു പ്രത്യേക രാജ്യത്തിൻറെ പേര് എടുത്തു പറയാൻ സാധ്യതയില്ല .എന്നിരുന്നാലും ശത്രുതാപരമായ രാജ്യങ്ങളിൽ നിന്നുള്ള സൈബർ ചാരപ്രവർത്തനം ഉയർത്തുന്ന അപകടങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകുമെന്ന് ആണ് പ്രതീക്ഷിക്കുന്നത് . റോയൽ നേവി, ആർമി, റോയൽ എയർഫോഴ്സ് എന്നിവയിലെ ജീവനക്കാരുടെയും വിരമിച്ചവരുടെയും വ്യക്തിഗത വിവരങ്ങൾ അടങ്ങിയ സിസ്റ്റം ഒരു ബാഹ്യ ഏജൻസി ആണ് കൈകാര്യം ചെയ്യുന്നത് . സർക്കാർ സൈബർ സുരക്ഷയെ അങ്ങേയറ്റം ഗൗരവത്തോടെയാണ് കാണുന്നതെന്ന് കാബിനറ്റ് മന്ത്രി മെൽ സ്ട്രൈഡ് പറഞ്ഞു. സൈബർ ആക്രമണത്തിന് പിന്നിൽ ആരാണെന്ന അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്ന് ഉന്നത വൃത്തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.

മിനിസ്റ്ററി ഓഫ് ഡിഫൻസിന്റെ വിവരങ്ങളിലേയ്ക്ക് കടന്നുകയറ്റം നടത്തിയത് ആരാണെന്നതിൻ്റെ തെളിവുകൾ ശേഖരിക്കുന്നതിന് മാസങ്ങളോ ചിലപ്പോൾ വർഷങ്ങൾ തന്നെയോ വേണ്ടി വന്നേക്കാമെന്നാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത്. അതുകൊണ്ടു തന്നെ ഔദ്യോഗിക തലത്തിൽ ചൈനയെ പേരെടുത്ത് പറഞ്ഞ് കുറ്റപ്പെടുത്തുന്ന സമീപനം ഉണ്ടാവില്ലെന്നാണ് കരുതപ്പെടുന്നത്. സംശയങ്ങൾ വിരൽ ചൂണ്ടുന്നത് ചൈനയിലേയ്ക്കാണെന്നാണ് ഔദ്യോഗിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നേരത്തെയും ഇത്തരം വിവരങ്ങൾ ഹാക്ക് ചെയ്യുന്നതിന് പിന്നിൽ ബീജിംഗ് ആണെന്ന വാർത്തകൾ നിലവിലുണ്ട്. എന്നാൽ യുകെയിലെ രാഷ്ട്രീയക്കാരുടെ പ്രസ്താവനകൾ അസംബന്ധമാണെന്നാണ് വാർത്തകളോട് ചൈന പ്രതികരിച്ചത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ജി സി എസ് ഇ, എ ലെവൽ പരീക്ഷകളുടെ വ്യാജ ചോദ്യപേപ്പറുകൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നതിനെതിരെ പരീക്ഷാ ബോർഡുകൾ മുന്നറിയിപ്പ് നൽകി. ഇത്തരം നടപടികൾ തടയുന്നതിനായി സമൂഹ മാധ്യമങ്ങൾ മുന്നോട്ടുവരണമെന്നാണ് ജോയിൻ്റ് കൗൺസിൽ ഫോർ ക്വാളിഫിക്കേഷൻസ് (ജെസിക്യു) ആവശ്യപ്പെട്ടിരിക്കുന്നത്. യുകെയിലെ ഏറ്റവും വലിയ എട്ട് പരീക്ഷാ ബോർഡുകളെ പ്രതിനിധീകരിക്കുന്നതാണ് ജോയിൻ്റ് കൗൺസിൽ ഫോർ ക്വാളിഫിക്കേഷൻസ് (ജെസിക്യു).

ഈ വർഷത്തെ ചോദ്യപേപ്പർ ആണ് എന്ന് പറഞ്ഞ് സമൂഹമാധ്യമങ്ങളിൽ പരസ്യം ചെയ്യുന്ന ഒട്ടേറെ അക്കൗണ്ടുകൾ സമൂഹ മാധ്യമങ്ങളിൽ ഉണ്ടെന്ന് ബിബിസി ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ക്വസ്റ്റ്യൻ പേപ്പർ വിറ്റഴിക്കാനായി സമൂഹമാധ്യമങ്ങളിലൂടെ പരസ്യം ചെയ്യുന്നതുപോലെയുള്ള അവകാശ വാദങ്ങൾ തെറ്റാണെന്ന് ജോയിൻ്റ് കൗൺസിൽ ഫോർ ക്വാളിഫിക്കേഷൻസ് പറഞ്ഞു. ജെ സി ക്യു പറയുന്നത് അനുസരിച്ച് യഥാർത്ഥ ചോദ്യപേപ്പറുകൾ ഓൺലൈനിൽ ചോരാനുള്ള സാധ്യത വളരെ കുറവാണ്.


തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിൽ പരീക്ഷാ പേപ്പറുകൾ വിൽക്കാൻ അനുവദിക്കില്ലെന്ന് ടിക് ടോക്കും ഇൻസ്റ്റാഗ്രാമും അറിയിച്ചു. ഇതിനിടെ സമൂഹമാധ്യമങ്ങൾ വഴി കബളിപ്പിക്കൽ സംഘങ്ങൾ ചോദ്യപേപ്പർ വിൽക്കാൻ ശ്രമിച്ചതിൻ്റെ കൂടുതൽ സംഭവങ്ങൾ പലരും വെളിപ്പെടുത്തി കൊണ്ടിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിൽ ജി സി എസ് ഇ പേപ്പറിനായി 500 പൗണ്ട് ആവശ്യപ്പെട്ടതായി ഒരാൾ പറഞ്ഞു. വളരെ എളുപ്പത്തിൽ സമൂഹമാധ്യമങ്ങളിലൂടെ ഇത്തരം സംഘങ്ങളെ കണ്ടെത്താനാകുമെന്ന് സ്വിൻഡനിലെ കോമൺവെൽ സ്‌കൂളിലെ വിദ്യാർത്ഥികൾ പറഞ്ഞു. പരീക്ഷാ ബോർഡിലെ വിദഗ്ധർ സമൂഹമാധ്യമങ്ങളിലെ ഇത്തരം സംഘങ്ങളെ കണ്ടെത്താനും നടപടികൾ സ്വീകരിക്കാനും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിച്ചു കൊണ്ടിരിക്കുകയാണ് എന്നാണ് അറിയാൻ സാധിച്ചത്. എന്നാൽ മറ്റേതൊരു സോഷ്യൽ മീഡിയ ഉപയോക്താക്കളെയും പോലെ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാൻ മാത്രമേ അവർക്ക് കഴിയൂ. ഇൻസ്റ്റാഗ്രാമിൻ്റെ മാതൃ കമ്പനിയായ മെറ്റയുടെ വക്താവ്, തങ്ങളുടെ പ്ലാറ്റ്‌ഫോമിൽ പരീക്ഷകളോ ഉത്തരക്കടലാസുകളോ വിൽക്കാൻ അനുവദിക്കുകയില്ലെന്നും ഫ്ലാഗ് ചെയ്‌തിരിക്കുന്ന അക്കൗണ്ടുകൾ നീക്കം ചെയ്യുമെന്നും പറഞ്ഞു. 16-നും 19-നും ഇടയിൽ പ്രായമുള്ള 150,000-ലധികം വിദ്യാർത്ഥികൾ യുകെ ഉൾപ്പെടെ 143 രാജ്യങ്ങളിൽ ഈ പരീക്ഷയ്ക്കായി പഠിച്ചുകൊണ്ടിരിക്കുകയാണ് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ കുട്ടികൾക്ക് ആസ്മയ്ക്കും ശ്വാസംമുട്ടലിനും നൽകുന്ന മരുന്നുകൾ കടുത്ത പാർശ്വഫലങ്ങൾ ഉളവാക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. 9 വയസ്സിന് താഴെയുള്ള കുട്ടികളിൽ 500 ലധികം പ്രതികൂല ന്യൂറോ സൈക്യാട്രിക് പാർശ്വഫലങ്ങൾ ഉണ്ടാകുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ഇതോടെ ഈ മരുന്നുകളുടെ അപകട സാധ്യതയെ കുറിച്ച് കടുത്ത മുന്നറിയിപ്പാണ് നൽകപ്പെട്ടിരിക്കുന്നത്.

സിങ്കുലയ്ർ എന്ന ബ്രാൻഡ് നാമത്തിൽ വിൽക്കുന്ന ആസ്ത്മ മരുന്നായ മോണ്ടെലുകാസ്റ്റിൻ്റെപാക്കറ്റുകളിൽ നൽകിയിരിക്കുന്ന വിവരങ്ങളിൽ കൂടുതൽ മുന്നറിയിപ്പുകൾ ചേർക്കുമെന്ന് മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്‌സ് റെഗുലേറ്ററി ഏജൻസി (എം എച്ച് ആർ എ) കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. ഉറക്ക തകരാറുകൾ, ആക്രമണം, വിഷാദം എന്നിവ ഉൾപ്പെടുന്ന പാർശ്വഫലങ്ങളെക്കുറിച്ച് മാതാപിതാക്കൾ ആശങ്ക പ്രകടിപ്പിച്ചതിനെ തുടർന്നാണ് അധികൃതർ ഈ നീക്കം പ്രഖ്യാപിച്ചത്. അപകടസാധ്യതകളെക്കുറിച്ച് കൃത്യമായ മുന്നറിയിപ്പ് നേരെത്തെ നൽകിയില്ലെന്നാണ് രക്ഷിതാക്കൾ പറയുന്നത് .രോഗികളുടെ സുരക്ഷയാണ് ഞങ്ങളുടെ മുൻഗണന എന്നും യുകെയിലെ എല്ലാ മോണ്ടെലുകാസ്റ്റ് മെഡിസിൻ പായ്ക്കുകളിലും ഉൾപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള നടപടികളാണ് ഞങ്ങൾ ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത് എന്നും എംഎച്ച്ആർഎയിലെ ഡോ അലിസൺ കേവ് പറഞ്ഞു.

തെക്ക്-പടിഞ്ഞാറൻ ലണ്ടനിൽ 2018 ഫെബ്രുവരിയിൽ 14 വയസ്സുള്ള മകൻ ഹാരി ആത്മഹത്യ ചെയ്തത്തിനു പിന്നിൽ ഈ മരുന്നാണന്നാണ് കരുതപ്പെടുന്നത്. ഹാരിയുടെ പിതാവ് ഗ്രഹാം മില്ലറും അമ്മ അലിസൺ മില്ലറും പുതിയനീക്കങ്ങളെ സ്വാഗതം ചെയ്തു. ആസ്മയ്ക്കായി ഉപയോഗിക്കുന്ന മരുന്നാണ് തൻറെ മകൻറെ മരണത്തിന് കാരണമെന്നാണ് ഇവർ വിശ്വസിക്കുന്നത് . മകൻറെ മരണത്തെ കുറിച്ച് പുനർ അന്വേഷണം നടത്തണമെന്ന് അവർ ആവശ്യപ്പെട്ടിട്ടുണ്ട്. തങ്ങളുടെ കുട്ടികൾക്ക് പ്രതികൂല പാർശ്വഫലങ്ങൾ ഉണ്ടായതായി വിശ്വസിക്കുന്ന കുടുംബങ്ങളെ സഹായിക്കുന്നതിനായി ഒരു ആക്ഷൻ ഗ്രൂപ്പ് രൂപീകൃതമായിട്ടുണ്ട്. കോവിഡ് വാക്സിന്റെ കാര്യത്തിൽ എന്നപോലെ ആസ്മാ മരുന്നിന്റെ കാര്യത്തിലും കടുത്ത നിയമ യുദ്ധം നടന്നേക്കാമെന്നാണ് കരുതപ്പെടുന്നത്.

RECENT POSTS
Copyright © . All rights reserved