Main News

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- പടിഞ്ഞാറൻ മിഡ്ലാൻഡ് ട്രെയിൻ സർവീസുകൾക്കെതിരെ ബ്രിട്ടനിൽ വ്യാപക പരാതി ഉയർന്നു വന്നിരിക്കുകയാണ്. ഈ ട്രെയിനുകളിൽ അതിരൂക്ഷമായ തിരക്കാണ് അനുഭവപ്പെടുന്നത്. അഞ്ഞുറിലധികം യാത്രക്കാരുടെ പരാതികളാണ് നിലവിൽ ഈ ട്രെയിൻ സർവീസുകൾക്കെതിരെ ലഭിച്ചിരിക്കുന്നത്. ഇതിനോടൊപ്പം തന്നെ ഈ ട്രെയിനിൽ വെച്ച് ഗർഭിണിയായ ഒരു യുവതി ബോധരഹിതയാവുകയും ചെയ്തു . പടിഞ്ഞാറൻ മിഡ്‌ലാൻഡിലെ പോലീസ് കമ്മീഷണറായ ഡേവിഡ് ജെയിംസൺ ഇത്തരം പരാതികളിൽ അന്വേഷണം നടത്തികൊണ്ടിരിക്കുകയാണ്.

ഡേവിഡ് ജാമിസൺ

ഇത്തരം ട്രെയിനുകൾ ക്കെതിരെയുള്ള പരാതികൾ അറിയിക്കാൻ അദ്ദേഹം ഏർപ്പെടുത്തിയ സംവിധാനത്തിൽ, ആദ്യ മണിക്കൂറിൽ തന്നെ നൂറ്റി അമ്പതോളം പരാതികളാണ് ലഭിച്ചത്. 24 മണിക്കൂറിനുള്ളിൽ 500 പേർ ഇത്തരം ട്രെയിൻ സർവീസുകൾക്കെതിരെ പരാതി നൽകി. ട്രെയിനുകൾ സമയക്രമം പാലിക്കാത്തതിനെ സംബന്ധിച്ചും പരാതികൾ ലഭിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ ഇത്തരം ട്രെയിനുകളിലെ അതിരൂക്ഷമായ ആൾ തിരക്കാണ് ഏറ്റവും വലിയ പ്രശ്നമായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.

സാഹചര്യങ്ങൾക്ക് മാറ്റം സംഭവിച്ചില്ലെങ്കിൽ ഒരു പബ്ലിക് ഹിയറിങ് നടത്തുമെന്ന് ഡേവിഡ് ജെയിംസ് വ്യക്തമാക്കി. ഇത്തരം സാഹചര്യങ്ങളെ നിയന്ത്രിക്കുന്നതിനായി വെസ്റ്റ് മിഡ് ലാൻഡ് ട്രെയിൻ സർവീസുകളി ലേക്ക് ഒരു പുതിയ മാനേജിംഗ് ഡയറക്ടറെ നിയമിച്ചിരിക്കുകയാണ്. ഈ നീക്കം പ്രശംസനീയമാണെന്ന് ഡേവിഡ് ജെയിംസൺ അഭിപ്രായപ്പെട്ടു. ജനങ്ങളുടെ അഭിപ്രായത്തെ തങ്ങൾ മാനിക്കുന്നതായും, പ്രശ്നപരിഹാരത്തിന് ആവശ്യമായ എല്ലാ നടപടികളും ഉണ്ടാകുമെന്നും പടിഞ്ഞാറൻ മിഡ്ലാൻഡ് ട്രെയിൻ സർവീസ് വക്താവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ജോയൽ ചെമ്പോല

യുകെയിൽ പ്രതിമാസം 100 ദശലക്ഷം മൃഗങ്ങൾ ഇറച്ചിക്കായി കൊല്ലപ്പെടുന്നതായാണ് കണക്ക്. ബ്രിട്ടനിലെ ഇറച്ചി വ്യവസായമാണ് ലോകത്തിലെ ശുചിത്വത്തിന്റെ കാര്യത്തിൽ ഏറ്റവും ഉയർന്ന നിലവാരം പുലർത്തുന്നതെന്ന് ബ്രിട്ടീഷ് മീറ്റ് പ്രോസസ്സേഴ്സ് അസോസിയേഷൻ (ബിഎംപി‌എ) അവരുടെ വെബ്‌സൈറ്റിൽ പറയുന്നു. അതിലെ പല അംഗങ്ങളും വേദനയോ ദുരിതമോ കഷ്ടപ്പാടുകളോ ഇല്ലാതെ അനായാസം സഞ്ചരിക്കാൻ സഹായിക്കുന്ന കൂടുകളാണ് മൃഗങ്ങളെ പാർപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്ന് അവകാശപ്പെടുന്നു.

യുകെയിലെ ഇറച്ചി സംസ്കരണത്തിൽ 75,000 ആളുകൾ ജോലി ചെയ്യുന്നു. അതിൽ 69% മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്നാണ് ബിഎംപി‌എ പറയുന്നത്‌. കശാപ്പ് പ്രക്രിയയോടുള്ള വിരോധം കാരണം മിക്ക ആളുകളും അതിന്റെ ഉൽപാദനത്തിൽ പ്രവർത്തിക്കാൻ മടി കാണിക്കുന്നു. ഒരു കശാപ്പുശാലയില മുൻ ജോലിക്കാരി അവരുടെ ജോലിയെക്കുറിച്ചും മാനസികാരോഗ്യത്തെ എങ്ങനെ അത് ബാധിക്കുന്നുവെന്നും തുറന്നു പറഞ്ഞിരിക്കുന്നു.

ഒരു മൃഗഡോക്ടറാകണമെന്നായിരുന്നു കുട്ടിക്കാലത്തെ അവരുടെ ആഗ്രഹം. മനുഷ്യരുമായി ഇണങ്ങാത്ത നായ്ക്കുട്ടികളെ ഇണക്കുന്നതും, പേടിച്ചരണ്ട പൂച്ചക്കുട്ടികളെ ശാന്തമാക്കുന്നതുമെല്ലാം ഞാൻ സ്വപ്നം കണ്ടു. ഗ്രാമത്തിൽ ജനിച്ചു വളർന്ന കുട്ടിയെന്ന നിലയിൽ പ്രാദേശിക കൃഷി ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന മൃഗങ്ങൾക്ക് കാലാവസ്ഥ വ്യതിയാനം മൂലം അനുഭവപ്പെടുന്ന രോഗങ്ങൾ ചികിൽസിച്ചു ഭേദമാക്കുന്നതായും സങ്കൽപ്പിച്ചു. സ്വപ്‌നം കണ്ട ഒരു സുന്ദരമായ ജീവിതമായിരുന്നു ഇതെല്ലാം. പക്ഷേ എത്തിപ്പെട്ടത് ഒരു അറവുശാലയിലെ ജോലിക്കാണ്.

വർഷങ്ങളായി ഭക്ഷ്യ വ്യവസായ മേഖലയിലും റെഡി-ഫുഡ് ഫാക്ടറികളിലും മറ്റും ജോലി ചെയ്തതിനാൽ ഒരു കശാപ്പുശാലയിൽ ക്വാളിറ്റി കൺട്രോൾ മാനേജരാകാൻ ഒരു ഓഫർ ലഭിച്ചപ്പോൾ അത് തികച്ചും സാധാരണ ജോലിയായിട്ടാണ് തോന്നിയത്.

ജോലിയിൽ പ്രവേശിച്ച ആദ്യ ദിവസം അവർ പരിസരമെല്ലാം ചുറ്റി നടന്ന് കാണിച്ച് എങ്ങനെയാണ് എല്ലാം പ്രവർത്തിക്കുന്നതെന്ന് വിശദീകരിച്ചു. മറ്റൊരു പ്രധാന കാര്യം ആരോഗ്യസ്ഥിതി എങ്ങനെയുണ്ടെന്ന് അവർ ആവർത്തിച്ച് ചോദിച്ചുകൊണ്ടിരുന്നു. ദൂരയാത്ര ചെയ്യ്ത ആളുകൾ ക്ഷീണിതരാകുന്നത് വളരെ സാധാരണമാണല്ലോ. സന്ദർശകരുടെയും പുതിയ തുടക്കക്കാരുടെയും ശാരീരിക സുരക്ഷ വളരെ പ്രധാനമാണെന്ന് അവർ വിശദീകരിച്ചു. പക്ഷേ അവിടവുമായി ഇണങ്ങിചേരാമെന്നാണ് കരുതിയത്‌. ആറുവർഷം അവിടെ ജോലി ചെയ്തു. രോഗം ബാധിച്ച മ്യഗങ്ങളെ ചികിൽസിക്കേണ്ട ജോലിക്ക് പകരം ഓരോ ദിവസവും 250 ഓളം മൃഗങ്ങൾ കൊല്ലപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ട ചുമതലയായിരുന്നു ചെയ്യേണ്ടിവന്നത് .

മാംസം കഴിച്ചാലും ഇല്ലെങ്കിലും യുകെയിലെ ആളുകൾ ആരും തന്നെ ഒരിക്കലും ഒരു അറവുശാലയും വന്ന് കണ്ടിട്ടുണ്ടാവില്ല. അതിന് കാരണം അവിടെയാകെ വൃത്തിക്കേടായ സ്ഥലങ്ങളാണ് എന്നത് തന്നെയാണ്. തറ മുഴുവൻ മൃഗങ്ങളുടെ മലമൂത്ര വിസർജ്യങ്ങൾ കൊണ്ട് മൂടിയിരിക്കുന്നു. ചുവരുകൾ രക്തത്തിൽ പൊതിഞ്ഞു കിടക്കുയാണ്. ഇതുപോലയുള്ള ഒരു സ്ഥലം സന്ദർശിക്കുവാൻ ആരെങ്കിലും തിരഞ്ഞെടുക്കുമോ?.

എല്ലാ അറവുശാലകളും ഒരുപോലെയല്ലെന്ന് ഉറപ്പുണ്ട്. പക്ഷേ ക്രൂരവും അപകടകരവുമായ ജോലിസ്ഥലമായിരുന്നു അത് . പശുക്കളെ അറക്കുവാനായി കൊണ്ടുവരുമ്പോൾ അത് ഭയപ്പെടുകയും പരിഭ്രാന്തരാകുകയും ചെയ്യും. കണ്ടു നിൽക്കുന്ന എല്ലാവർക്കും അത് ഭയാനക കാഴ്ച്ചയാണ്. ശാരീരികമായി പരിക്കുകൾ ഒന്നും സംഭവിച്ചിട്ടില്ലെങ്കിലും മനസ്സിന് പരുക്ക് സംഭവിച്ചു. ജനലുകളില്ലാത്ത ആ വലിയ കെട്ടിടത്തിൽ ദിവസം തോറും ചെലവഴിക്കുമ്പോൾ നെഞ്ചിൽ കൂടുതൽ ഭാരം അനുഭവപ്പെടുന്നു. രാത്രികളിൽ മനസ്സ് പേടിസ്വപ്നങ്ങൾ കൊണ്ട് നിറയും. പകൽ മുഴുവൻ കണ്ട ക്രൂരതകൾ വീണ്ടും മനസ്സിൽ ഓടിയെത്തും.

കശാപ്പ് ചെയ്തതിനു ശേഷം നൂറുകണക്കിന് പശുക്കളുടെ തലകൾ ഒഴിവാക്കുമായിരുന്നു. എന്നാൽ ഒരു കാര്യം അപ്പോഴും മനസ്സിൽ മായാതെ നില്പുണ്ട് , അത് അവയുടെ കണ്ണുകൾ ആയിരുന്നു. അവരുടെ മരണത്തിൽ പങ്കാളിയാകുമെന്ന് അറിഞ്ഞുകൊണ്ട് ചിലർ കുറ്റപ്പെടുത്തി. മറ്റുചിലർ വാദിക്കുന്നതായി തോന്നി. കൃത്യസമയത്ത് തിരിച്ചുപോയി രക്ഷിക്കാൻ എന്തെങ്കിലും വഴിയുണ്ടെന്ന മട്ടിൽ. അത് ഒരേ സമയം വെറുപ്പുളവാക്കുന്നതും ഭയപ്പെടുത്തുന്നതും ഹൃദയം തകർക്കുന്നതുമായിരുന്നു. അതിൽ കുറ്റബോധം തോന്നി. ആദ്യമായി ആ തലകൾ കണ്ടപ്പോൾ, ഛർദ്ദിക്കാതിരിക്കാൻ എല്ലാ ശക്തിയും എടുത്തിരുന്നു.

ഇതുപോലുള്ള കാര്യങ്ങൾ മറ്റ് തൊഴിലാളികളെയും അലട്ടുന്നുണ്ടെന്ന് അറിയാം . കുറച്ച് മാസങ്ങൾക്ക് മുമ്പ് കശാപ്പുശാലയിലെത്തിയപ്പോൾ കണ്ടത് ഒരു പശുവിനെ അറത്തുമാറ്റിയപ്പോൾ ഒരു കാളക്കുട്ടിയുടെ ഗർഭപിണ്ഡം താഴെ വീഴുന്നതാണ്. അത് ഗർഭിണിയായിരുന്നു. അറുത്തയാൾ ഉടനെ അലറാൻ തുടങ്ങി. അയാളെ ശാന്തനാക്കാൻ ഒരു മീറ്റിംഗ് റൂമിലേക്ക് കൊണ്ടുപോയി. അയാൾ പറഞ്ഞത് “ഇത് ശരിയല്ല, ശരിയല്ല” എന്നാണ്. ഗർഭിണികളായ പശുക്കളേ കൊല്ലുന്നതിനേക്കാൾ ക്രൂരമാണ് കൊല്ലേണ്ടി വന്ന കുഞ്ഞുങ്ങൾ.ജോലി ഉപേക്ഷിച്ചതിനുശേഷം കാര്യങ്ങൾ കൂടുതൽ തിളക്കത്തോടെ കാണാൻ തുടങ്ങി. പൂർണ്ണമായും മാനസികാരോഗ്യ ചാരിറ്റികളുമായി പ്രവർത്തിക്കാൻ തുടങ്ങി. അതിജീവിക്കാത്ത സഹപ്രവർത്തകരെകുറിച്ച് ഓർക്കുന്നു. അവരുടെ വികാരങ്ങളെക്കുറിച്ച് തുറന്ന് പറയാനും അവർക്ക് വേണ്ട പ്രൊഫഷണൽ സഹായങ്ങളും ചെയ്തു കൊടുക്കാനും ശ്രമിക്കുന്നു . രാത്രിയിൽ കണ്ണുകൾ അടച്ച് ഉറങ്ങാൻ ശ്രമിക്കുമ്പോൾ ചിലപ്പോഴൊക്കെ നൂറുകണക്കിന് ജോഡി കണ്ണുകൾ തുറിച്ചുനോക്കുന്നതായി ഇപ്പോഴും തോന്നാറുണ്ട്.

 

ഡോക്ടർ എ. സി. രാജീവ്‌ കുമാർ

യോഗ കൊണ്ട് മനസിനും വ്യാകരണം കൊണ്ട് ഭാഷക്കും ആയുർവ്വേദം കൊണ്ട് ശരീരത്തിനും ശുദ്ധി വരുത്തിയ പതഞ്ജലി മഹർഷിയുടെ യോഗ സൂത്രം ഇന്ന് ലോകം അംഗീകരിക്കുന്ന ആരോഗ്യ രക്ഷാ മാർഗമായി മാറിയിട്ടുണ്ട്.

ശരീര മനസുകളുടെ ആരോഗ്യ പരിപാലനത്തിൽ യോഗാസനങ്ങൾ വളരെ ഏറെ പ്രാധാന്യം അർഹിക്കുന്നു. ധ്യാന ആസനം, വ്യായാമ ആസനം, വിശ്രമ ആസനം, മനോകായികാസനം എന്ന് നാലു തരത്തിൽ യോഗാസനങ്ങൾ താരം തിരിക്കാവുന്നതാണ്.

പത്മാസനം, വജ്രാസനം, സിദ്ധാസനം എന്നിവ ധ്യാനാസനങ്ങൾ ആകുന്നു. മേരുദണ്ഡാസനം, ശലഭാസനം, അനന്താസനം, പാവനമുക്താസനം, സേതുബന്ധ ആസനം,, തുടങ്ങിയവ പലതും നട്ടെല്ലിനും ബന്ധപ്പെട്ട പേശികൾക്കും കൈകാലുകൾക്കും ഉദരാവയവങ്ങൾക്കും വ്യായാമം നൽകുന്നവയാണ്. ശവാസനം, മകരാസനം പോലുള്ളവ ശരീരത്തിനാകമാനവും പേശികൾ സന്ധികൾ നാഡികൾ എന്നിവിടങ്ങളിൽ ഉള്ള പിടുത്തം മുറുക്കം പിരിമുറുക്കം എന്നിവ ലഘൂകരിച്ചു വിശ്രാന്തി നൽകുന്ന വിശ്രമാസങ്ങളാണ്.

ഏകാഗ്രതയും ഉൾക്കാഴ്ചയും ഓർമ്മയും ബുദ്ധിയും ലഭ്യമാക്കുന്ന മനോകായിക യോഗാസനങ്ങളാണ് പ്രണമാസാനം ധ്യാനാസനം എന്നിവ. ജലനേതി, വസ്തി, ധൗതി, നൗളി, കപലഭാതി, ത്രാടകം എന്നിവയാണ് ഷഡ് ക്രിയകൾ, ഉഡ്ഡ്‌ഢിയാന ബന്ധം ഉദരാവയവങ്ങൾക്ക് ആരോഗ്യ കരമാകുന്നു.

ശ്വസന വ്യായാമങ്ങൾ, മാനസിക സംഘർഷം, ഉത്കണ്ഠ, പിരിമുറുക്കം എന്നിവ അകറ്റി മനസിന്റെ ശാന്തതക്ക് ഇടയാക്കുന്നതാണ്. നാഡീശോധന പ്രാണായാമം, ബസ്ത്രിക പ്രാണായാമം, കപാലഭാതി പ്രാണായാമം, ശൗച പ്രാണായാമം, സുഖപൂരക പ്രാണായാമം, സാമവേദ പ്രാണായാമം, ഭ്രമരി പ്രാണായാമം, സൂര്യഭേദി പ്രാണായാമം, ശീതളി പ്രാണായാമം, ശീൽക്കാരി പ്രാണായാമം, പ്ലാമിനി പ്രാണായാമം ചതുർത്ഥ പ്രാണായാമം എന്നിങ്ങനെ പലതരം പ്രാണായാമങ്ങൾ പറയുന്നു.
യമ നിയമ ആസന പ്രാണായാമ പ്രത്യാഹാര ധാരണാ ധ്യാന സമാധി എന്നീ എട്ടു അംഗങ്ങൾ യോഗക്ക് പറയുന്നുണ്ട്. ഇവയാണ് അഷ്ടാംഗ യോഗ എന്ന് പറയാനിടയാക്കിയത്.
യമ നിയമങ്ങൾ സാമൂഹികവും വ്യക്തിപരവുമായ നന്മക്കായുള്ളവയാണ്. ഉത്തമ ജീവിതശൈലി, ആരോഗ്യരക്ഷയെ കരുതി എങ്ങനെ ജീവിക്കണം എന്ന് ഉള്ള നിർദേശങ്ങൾ യമ നിയമങ്ങളിലൂടെ നല്കുന്നു.

യോഗാസനങ്ങളുടെ പൂർണ ഫലം ലഭിക്കുവാൻ യമനിയമങ്ങൾ ശീലമാക്കുകയാണ് വേണ്ടത്. സ്ഥിരത ആർജിക്കുകയാണ് യോഗയിലൂടെ നേടുവാനാകുക. അതിനിടയാക്കുന്ന ഐക്യം, ആന്തരികവും ബാഹ്യവുമായ ഐക്യം, വ്യക്തിയും പ്രപഞ്ചവുമായുള്ള ഐക്യം, സമൂഹവുമായുള്ള ഐക്യം, ശരീര മനസുകളുടെ ഐക്യം. അതാണ് യോഗയെ ലോക ശ്രദ്ധ നേടാനിടയാക്കിയത്.

ഡോക്ടർ എ. സി. രാജീവ്‌ കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ്‌ കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്.   മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് .   ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.

രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154

 

സ്വന്തം ലേഖകൻ 

ന്യൂഡൽഹി: ചന്ദ്രശേഖർ ആസാദിന് ജാമ്യം അനുവദിച്ച ജഡ്ജി കാമിനി ലാവുവാണ് സോഷ്യൽ മീഡിയയിലെ ഇന്നത്തെ താരം . പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം നയിച്ചതിന് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് ജാമ്യം നൽകിയപ്പോൾ ജഡ്ജി കാമിനി ലാവു ചോദിച്ച ചോദ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇന്ന്  വൈറലായിരിക്കുന്നത്. ഡൽഹിയിൽ തിരഞ്ഞെടുപ്പു നടക്കാനിരിക്കെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടെന്ന് അറിയിച്ച ജഡ്ജി കർശനമായ ഉപാധികളികളോടെയാണ് ചന്ദ്രശേഖർ ആസാദിന് ജാമ്യം അനുവദിച്ചത്. അടുത്ത നാലാഴ്ച വരെ എല്ലാ ശനിയാഴ്ചകളിലും പൊലീസ് സ്റ്റേഷൻ ഓഫിസർക്ക് മുന്നിൽ ചന്ദ്രശേഖർ ആസാദ് ഹാജരാകണമെന്നും ജഡ്ജി കാമിനി ലാവുവിന്റെ ഉത്തരവിലുണ്ട് .

ചന്ദ്രശേഖർ ആസാദിനു വേണ്ടി കോടതിയിൽ ഹാജരായ മെഹമ്മൂദ് പ്രാചയുടെ ദീർഘമായ വാദമുഖങ്ങൾ കേട്ട ഡൽഹി പൊലീസ് സ്വീകരിച്ച നടപടികളെ അതിരൂക്ഷ ഭാഷയിൽ വിമർശിച്ച ജഡ്ജി കാമിനി ലാവുവിന്റെ ചോദ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാരവിഷയം.

ജാമ്യഹർജി പരിഗണിച്ച ഡൽഹി തീസ് ഹസാരി കോടതി  ജഡ്ജി കാമിനി ലാവുവിന്റെ ചോദ്യങ്ങളിലെ പ്രസക്ത ഭാഗങ്ങൾ 

ചന്ദ്രശേഖർ ആസാദ് അനുമതിയില്ലാതെയാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്ന്  ഡൽഹി പൊലീസിനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ.

“ചന്ദ്രശേഖർ ആസാദിന് പ്രതിഷേധിക്കാൻ ഭരണഘടനാപരമായി അവകാശമുണ്ട്..
നിങ്ങളോട് ആരാണ് പറഞ്ഞത് പ്രതിഷേധിക്കാൻ പാടില്ലെന്ന്?
നിങ്ങൾ ഇന്ത്യൻ ഭരണഘടന വായിച്ചിട്ടില്ലേ?”
എന്നു ജഡ്ജി.

ചന്ദ്രശേഖർ ആസാദ് ഡൽഹി ജുമാമസ്ജിദിൽ പോയി ആളുകളെ പ്രതിഷേധത്തിന് പ്രേരിപ്പിച്ചു എന്നു പ്രോസിക്യൂട്ടർ.

“ജുമാമസ്ജിദ് പാകിസ്താനിലാണെന്ന മട്ടിലാണ് നിങ്ങൾ പെരുമാറുന്നത്..
ഇനിയത് പാകിസ്താനാണെങ്കിലും നിങ്ങൾക്ക് അവിടെപോയി പ്രതിഷേധിക്കാം..
പാകിസ്ഥാൻ ഇന്ത്യയുടെ ഭാഗമായിരുന്നു..
പൗരന്മാർക്ക് പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്.”
: ജഡ്ജി.

പ്രതിഷേധപരിപാടിക്ക് മുൻകൂർ അനുമതി വേണമെന്നു നിയമമുണ്ടെന്നു പ്രോസിക്യൂട്ടർ.

“144ാം വകുപ്പ് ) പോലീസ് നന്നായി ദുരുപയോഗം ചെയ്യുന്നുണ്ടെന്നു സുപ്രിംകോടതി നിരീക്ഷിച്ചിട്ടുണ്ട്..”
: ജഡ്ജി

ജുമാമസ്ജിദിലേക്ക് പോകുന്നുവെന്ന് ആസാദ് സാമൂഹ്യമാദ്ധ്യമത്തിൽ പോസ്റ്റിട്ടിരുന്നുവെന്ന് പ്രോസിക്യൂട്ടർ.

“ഒരാൾ തനിക്കു പോകാൻ സ്വാതന്ത്ര്യമുള്ള ഒരു സ്ഥലത്തേയ്ക്ക് പോകുന്നു എന്ന് സാമൂഹ്യമാധ്യമത്തിൽ പോസ്റ്റിട്ടാൽ അതിലെവിടെയാണ് സംഘർഷം..?
ആ പോസ്റ്റുകളിൽ എന്ത് തെറ്റാണ് ഉള്ളത്..?”
: ജഡ്ജി.

പബ്ലിക് പ്രോസിക്യൂട്ടറോട് ഉത്തരം മുട്ടിക്കുന്ന ഇത്തരം ചോദ്യങ്ങൾ ചോദിച്ച ശേഷമാണ് ജഡ്ജി കാമിനി ലാവു ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് ജാമ്യം നൽകിയത് . ഇന്ത്യൻ ജനതയുടെ അവസാന പ്രതീക്ഷയായ കോടതികൾ പോലും ഫാസ്സിസ്സത്തിന് മുൻപിൽ കീഴടങ്ങുന്ന ദയനീയ കാഴ്ച്ചകൾക്കാണ് വർത്തമാനകാല ഇന്ത്യ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത് . സമീപകാല കോടതിവിധികൾ പലതും ഭീതിപ്പെടുത്തുന്നതും , കോടതിയുടെ വിശ്വാസതയിൽ കോട്ടം തട്ടുന്നവയായിരുന്നു. കോടതിയുടെ വിശ്വാസ്യതയിൽ മനംമടുത്ത് കഴിയുന്ന ഇന്ത്യൻ ജനതയ്ക്ക് വളരെയധികം പ്രതീക്ഷ നൽകുന്നതാണ് ജഡ്ജി കാമിനി ലാവുവിനെപ്പോലെയുള്ള നീതിപാലകരുടെ ഇത്തരം നടപടികൾ . അതുകൊണ്ട് തന്നെ ജഡ്ജി കാമിനി ലാവുവിനെപ്പോലെയുള്ള ജഡ്ജിമാരാണ് ദിനംപ്രതി തകർന്നുകൊണ്ടിരിക്കുന്ന ഇന്ത്യയ്ക്ക് ആവശ്യവും.

കള്ള സത്യവാങ്മൂലം സമർപ്പിച്ച ഷാജൻ സക്റിയയ്‌ക്കെതിരെ യുകെയിൽ കോടതിയലക്ഷ്യ കേസ് ഫയൽ ചെയ്യുന്നു ; വ്യാജ വാർത്ത കേസിൽ കോടതി വിധിച്ച ലക്ഷങ്ങൾ നല്കാതിരിക്കാനാണ് കള്ളരേഖകൾ സമർപ്പിച്ചത് ; പണവും മാനവും പോയ ഷാജന് യുകെയിൽ ജയിൽവാസവും അനുഭവിക്കേണ്ടിവരുമോ ?

സ്വന്തം ലേഖകൻ

സ്റ്റോക്ക്-ഓൺ-ട്രെന്റ് : എച്ച്ഐവിയെ കുറിച്ചുള്ള സമൂഹത്തിന്റെ മോശം കാഴ്ചപ്പാടിനെ ചോദ്യം ചെയ്തുകൊണ്ട് ജെയിംസ് ബുഷെ എന്ന പൈലറ്റ്. സ്വന്തം ജീവിതം തന്നെ ഒരു ഉദാഹരണമായി സമൂഹത്തിന് കാട്ടിക്കൊടുത്ത്, ആ സമൂഹത്തെ തന്നെ വെല്ലുവിളിച്ച ജെയിംസ്, ഇപ്പോൾ യൂറോപ്പിലെ ആദ്യ എച്ച്ഐവി ബാധിതനായ പൈലറ്റായി മാറുകയാണ്. പൈലറ്റ് ആന്റണി എന്ന പേരുപയോഗിച്ച് ട്വിറ്ററിൽ പൈലറ്റ് ആകാനുള്ള അദേഹത്തിന്റെ ആഗ്രഹം തുറന്നെഴുതിയിട്ടുണ്ട്. എച്ച്ഐവി ബാധിതരെ ചുറ്റിപ്പറ്റിയുള്ള സമൂഹത്തിന്റെ സംസാരത്തെ ചോദ്യം ചെയ്യാൻ പരസ്യമായി പോകാൻ തീരുമാനിച്ചതായി 31കാരനായ ജെയിംസ് പറഞ്ഞു. മെഡിക്കൽ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ ജെയിംസിനെ പരിശീലനത്തിന് അനുവദിച്ചിരുന്നില്ല. എന്നാൽ , സിവിൽ ഏവിയേഷൻ അതോറിറ്റി (സി‌എ‌എ) ഒടുവിൽ ആ നിയമം അസാധുവാക്കി ജെയിംസിന് പരിശീലനം നൽകുകയും നവംബർ മുതൽ അദ്ദേഹം ലോഗനെയർ പരിശീലന ക്യാപ്റ്റൻമാർക്കൊപ്പം പറക്കുന്നുമുണ്ട്. ഗ്ലാസ്‌ഗോ വിമാനത്താവളത്തിൽ നിന്ന് പതിവായി എയർലൈനിന്റെ എംബ്രെയർ 145 റീജിയണൽ ജെറ്റുകൾ പറത്താനുള്ള യോഗ്യത നേടുന്നതിനുള്ള പരിശീലനം പൂർത്തിയാക്കിയാണ് ഇപ്പോൾ യുകെയിലെ ആദ്യ എച്ച്ഐവി ബാധിത പൈലറ്റ് ആയി അദ്ദേഹം അഭിമാനപൂർവം നിൽക്കുന്നത്.

അഞ്ച് വർഷം മുമ്പ് എച്ച്ഐവി രോഗബാധിതനായ ജെയിംസ് 17 ആം വയസ്സിൽ തന്നെ സ്വകാര്യ പൈലറ്റ് ലൈസൻസ് നേടിയിരുന്നു. കുട്ടിക്കാലം മുതലേ പൈലറ്റാകാൻ ആഗ്രഹിച്ചിരുന്ന അദ്ദേഹം 15 വയസ്സുള്ളപ്പോൾ മുതൽ വിമാനം പറത്താൻ തുടങ്ങി. താൻ എച്ച്ഐവി ബാധിതനാണെന്ന് കണ്ടെത്തിയപ്പോൾ ഞെട്ടിപ്പോയെന്നും പൈലറ്റാകാൻ പരിശീലനം ലഭിക്കാത്ത ഒരവസ്ഥ ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു. യഥാർത്ഥത്തിൽ ഇപ്പോൾ ഒരു പൈലറ്റ് ആകുന്നത് അവിശ്വസനീയമായ കാര്യമാണെന്ന് 18 മാസത്തെ പരിശീലനത്തിന് ശേഷം ജെയിംസ് പറഞ്ഞു. ഒരു പൈലറ്റ് ആകുക എന്നത് ആജീവനാന്ത സ്വപ്നമായിരുന്നു എന്ന് ജെയിംസ് കൂട്ടിച്ചേർത്തു. മുൻ റഗ്ബി കളിക്കാരൻ ഗാരെത്ത് തോമസാണ് ജെയിംസിന്റെ പ്രചോദനം.

“വിവേചനം നേരിടുന്ന എച്ച്ഐവി ബാധിതരായ എല്ലാവർക്കുമുള്ള എന്റെ സന്ദേശം അതിനെ വെല്ലുവിളിക്കുക എന്നതാണ്, നിങ്ങൾക്ക് വിജയിക്കാനാകും.” ; ജെയിംസ് പറയുന്നു. ആന്റി റിട്രോവൈറൽ തെറാപ്പിയിലെ പുരോഗതി കാരണം എച്ച് ഐ വി രോഗബാധിതരുടെ ആയുസ്സ് ഇപ്പോൾ ജനസംഖ്യ ശരാശരിയോട് അടുത്തിരിക്കുന്നു. 1980 കളിലും 1990 കളിലുമുള്ളത് പോലെയല്ല ഇന്ന് എച്ച്ഐവി ബാധിച്ചാലെന്ന് ജെയിംസ് പറയുന്നു. “സ്വപ്‌നങ്ങൾ എന്തൊക്കെയാണെങ്കിലും അത് പിന്തുടരാനും നിങ്ങൾ ആഗ്രഹിക്കുന്നതെന്തും ആകാനും കഴിയും. അതിന് എച്ച്ഐവി ഒരു തടസ്സമാകരുത്.” ജെയിംസ് പറയുന്നു. പൈലറ്റ് പരിശീലനം പൂർത്തിയാക്കിയ ജെയിംസ് തന്റെ കരിയർ ആരംഭിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്ന് സി‌എ‌എയിലെ മെഡിക്കൽ അസസ്മെൻറ് മേധാവി ഡോ. ഇവാൻ ഹച്ചിസൺ അറിയിച്ചു.

സ്വന്തം ലേഖകൻ

ബ്രിട്ടൻ :-കാനഡയിലേക്ക് മാറി താമസിക്കുവാനുള്ള ഹാരി രാജകുമാരന്റെയും, ഭാര്യ മേഗന്റെയും തീരുമാനത്തിന് രാജ്ഞിയുടെ അംഗീകാരം ലഭിച്ചു. അവരുടെ തീരുമാനത്തിന് തന്റെ പൂർണ പിന്തുണയുണ്ടെന്നും, എന്നാൽ അവർ രാജകൊട്ടാരത്തിൽ തന്നെ നിലനിൽക്കാൻ ആണ് താൻ ആഗ്രഹിക്കുന്നതെന്നും രാജ്ഞി വ്യക്തമാക്കി. വരുംദിവസങ്ങളിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നും അവർ പറഞ്ഞു. ഹാരി രാജകുമാരനെയും, ഭാര്യയെയും പറ്റിയുള്ള പല വാർത്തകളും സൃഷ്ടികളാണെന്നും, അവരുടെ തീരുമാനത്തിന് രാജകുടുംബത്തിന്റെ പൂർണ്ണ പിന്തുണ ഉണ്ടാകുമെന്നും രാജ്ഞി വ്യക്തമാക്കി.

അവർ കൊട്ടാരത്തിൽ തന്നെ ഉണ്ടാകണമെന്നാണ് ഓരോരുത്തരും ആഗ്രഹിക്കുന്നത്. എന്നാൽ ഒരു മാറ്റം അവർ ആഗ്രഹിക്കുന്നുവെന്നും, അവരുടെ തീരുമാനത്തെ അംഗീകരിക്കുന്നു എന്നും രാജ്ഞി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ കുറെ മാസങ്ങളായി ഹാരി രാജകുമാരനെയും, ഭാര്യ മേഗനെയും സംബന്ധിച്ച് പല വിവാദ വിഷയങ്ങളും മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്. ഇതിനെല്ലാം മറുപടിയായാണ് രാജ്ഞിയുടെ തുറന്നുപറച്ചിൽ.

ഇനിയുള്ള സമയം അമേരിക്കയിലും യുകെയിലുമായി ചെലവിടുമെന്നും രാജ്ഞിയോടും കോമൺവെൽത്തിനോടുമുള്ള കടപ്പാട് നിലനിർത്താൻ ഏതാനും ചില രാജകീയ ചുമതലകൾ മാത്രം തുടർന്നു വഹിക്കുമെന്നും ഹാരി ഈയിടെ പറഞ്ഞിരുന്നു . ബ്രിട്ടീഷ്​ രാജ്ഞിക്കുള്ള പൂർണ പിന്തുണ തുടർന്നുകൊണ്ടു തന്നെ രാജകുടുംബത്തിലെ ‘മുതിർന്ന’ അംഗങ്ങളെന്ന നിലയിൽ നിന്ന്​ തങ്ങൾ പടിയിറങ്ങാൻ ഉദ്ദേശിക്കുകയാണെന്ന്​ ബക്കിങ്​ഹാം പാലസ്​ പുറത്തു വിട്ട പ്രസ്​താവനയിൽ ഹാരി രാജകു​മാരൻ അറിയിച്ചു . സാമ്പത്തികമായി സ്വതന്ത്രനാവാനാണ്​ പുതിയ തീരുമാനമെന്നാണ്​ അദ്ദേഹം നൽകുന്ന വിശദീകരണം. ഹാരിയുടെ ഈ തീരുമാനത്തോടെ സഹോദരനുമായുള്ള ബന്ധത്തിലെ വിള്ളലുകൾ കൂടുകയാണുണ്ടായത്.

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- യുകെയിൽ ബ്രണ്ടൻ ചുഴലി കാറ്റ് ആഞ്ഞടിക്കുന്നു. ഇതിനെ തുടർന്ന് അതി ശക്തമായ മഴയും, മണിക്കൂറിൽ 80 മൈൽ വേഗത്തിൽ കാറ്റും വീശുന്നുണ്ട്. യുകെയുടെ പടിഞ്ഞാറൻ ഭാഗങ്ങളിലും, നോർത്തേൺ അയർലൻഡ്, നോർത്തീസ്റ്റ് സ്കോട്ട്‌ലൻഡ്, വെയിൽസിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. നോർത്തേൺ അയർലൻഡിൽ ആയിരത്തോളം ഭവനങ്ങളിൽ വൈദ്യുതി നഷ്ടം ആയിരിക്കുകയാണ്. റോഡുകളും മറ്റും അടച്ചിട്ടിരിക്കുകയാണ്. പടിഞ്ഞാറൻ അയലൻഡിലെ സ്കൂളുകൾ എല്ലാം തന്നെ അടച്ചിട്ടിരിക്കുകയും, ബസ് സർവീസുകൾ എല്ലാം തന്നെ നിർത്തിവച്ചിരിക്കുകയുമാണ്. മരം കടപുഴകി വൈദ്യുതി ലൈനിൽ വീണതിനെതുടർന്ന് വെയിൽസിൽ സ്കൂളുകൾ മറ്റും അടച്ചിട്ടിരിക്കുകയാണ്.

ബ്രണ്ടൻ ചുഴലിക്കാറ്റ് അറ്റ്ലാന്റിക് സമുദ്രത്തിൽ 24 മണിക്കൂർ ആയി അതി ശക്തമായിത്തന്നെ നിലകൊള്ളുകയാണ്. അതിരൂക്ഷമായ ഈ കാലാവസ്ഥ വൈകുന്നേരം വരെ തുടരും എന്നാണ് ഇതുവരെയുള്ള കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ടുകൾ. യുകെയുടെ പടിഞ്ഞാറൻ കടൽത്തീരങ്ങളിൽ മണിക്കൂറിൽ 65 മുതൽ 70 മൈൽ വരെ വേഗതയുള്ള കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. നോർത്ത് വെസ്റ്റ് സ്കോട്ട്ലൻഡിൽ ഇത് 90 വരെ ആകാൻ സാധ്യതയുണ്ടെന്നാണ് നിഗമനം.

നോർത്തേൺ അയർലൻഡിനെയാണ് കൊടുങ്കാറ്റ് ആദ്യം ബാധിച്ചത്. 5400 ഓളം ഭവനങ്ങളിൽ വൈദ്യുതി ബന്ധം വിച്ചേദിക്കപ്പെട്ടിരിക്കുകയാണ്. ഇതിൽ 3500 ഭവനങ്ങളിൽ മാത്രമാണ് വൈദ്യുതി പുനസ്ഥാപിക്കാൻ സാധിച്ചിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ പ്രെസ്റ്റൺ സ്റ്റേഷനിൽ നിന്നുള്ള നാല് ട്രെയിനുകൾ റദ്ദാക്കിയിരുന്നു. സ്റ്റേഷന്റെ മേൽക്കൂര തകർന്നു വീണതിനെ തുടർന്നായിരുന്നു ഇത്. സാഹചര്യങ്ങൾ നേരിടുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട് എന്ന് അധികൃതർ അറിയിച്ചു.

 

വിശുദ്ധിയുടെ നിലവറയിൽ നിന്ന്

പാടത്തിന്റെ ഹരിതഭംഗി സിസ്റ്റർ കാർമേൽ കൺകുളിർക്കെ കണ്ടുനിന്നു. ആരുടെ ഹൃദയത്തിലും കവിത വിരിയുന്ന ഇൗ വർണ്ണഭംഗി മറ്റെങ്ങും ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ല. ദൈവം നല്കിയ അതിമനോഹര അവിസ്മരണീയ കാഴ്ചകൾ. അതെ ദൈവത്തിന്റെ സ്വന്തം നാട്.
പാടത്ത് വളർന്നുനില്ക്കുന്ന തെങ്ങിൻ ഒാലകൾക്കിടയിലൂടെ പ്രകാശം അരിച്ചിറങ്ങുന്നുണ്ടായിരുന്നു.
തെങ്ങിൽ നിന്നുമിറങ്ങി വന്ന ഒരാൾ കരിക്കിൻ വെള്ളവും ഗ്ലാസുമായി അവിടേക്ക് വന്നു. കൊട്ടാരം കോശി കരിക്കിൻ വെള്ളം ഗ്ലാസിലൊഴിച്ച് സഹോദരിക്കു കൊടുത്തു.
നെറ്റിത്തടത്തിലെ വിയർപ്പ് തുടച്ചുകൊണ്ട് തേങ്ങ വെട്ടുകാരൻ മടങ്ങിപ്പോയി. അടുത്തൊരു കാക്ക വന്നിരുന്നതുകണ്ട് നായ കുരച്ചുകൊണ്ട് അവിടേക്ക് ചെന്നു. കാക്ക ജീവനുമായി പറന്നുയർന്നു.
ഷാരോണിന്റെ മൊബൈൽ ശബ്ദിച്ചു. അത് ലണ്ടനിൽ നിന്ന് ജാക്കിയായിരുന്നു. അവൾ മാറിനിന്ന് നിറപുഞ്ചിരിയോടെ കുശലാന്വേഷണങ്ങൾ പങ്കുവച്ചു. തലയാട്ടികൊണ്ട് ഒരു മന്ദഹാസവുമായി അവൾ സിസ്റ്റർക്ക് ഫോൺ കൈമാറി.
“”ആന്റീ ഇത് ജാക്കിയാണ്.” സിസ്റ്ററുടെ മുഖംവിടർന്നു.
“”എന്തുണ്ട് ജാക്കി , സുഖമാണോ?
ജോലിയും പഠിത്തവുമൊക്കെ നന്നായി നടക്കുന്നോ?”
“”എല്ലാം നന്നായി നടക്കുന്നു. സിസ്റ്റർക്ക് സുഖമാണോ?”
“”ഞാനിവിടെ സുഖമായിരിക്കുന്നു. ഞാൻ കോശിക്ക് കൊടുക്കാം”
ഫോൺ കോശിക്ക് കൈമാറി. ഷാരോണും നായുമായുള്ള കളി സിസ്റ്റർ അക്ഷമയോടെ നോക്കി. കരിക്കിനുള്ളിലെ തേങ്ങ നായ്ക്ക് വേണം. അവളത് കൊടുക്കാതെ അവനെ കളിപ്പിക്കാൻ ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്നു. നായുടെ മുകളിലേക്കുള്ള കുതിച്ചുചാട്ടം രസാവഹം തന്നെ.
“” എന്തിനാടി അവനെ നിരാശപ്പെടുത്തുന്നേ?
അങ്ങ് കൊടുക്ക്” അവളത് അനുസരിച്ചു. നായക്ക് അത്
സ്വാദുള്ള ഭക്ഷണമായി തോന്നി. കോശി സംസ്സാരം അവസാനിപ്പിച്ചപ്പോൾ
സിസ്റ്റർ ചോദിച്ചു.
“”അല്ല കോശി നിന്റെ മോൻ ജർമ്മനിയിലല്ലേ? അവന്റെ വിശേഷങ്ങൾ എന്തുണ്ട്.” സിസ്റ്റർ ചോദിച്ചു.
“”അതേ പെങ്ങളെ… അവന്റെ വിശേഷം പറഞ്ഞാൽ അവനൊപ്പം ജർമ്മനിയിൽ മെഡിസിൻ പഠിച്ച ഒരു പെൺകുട്ടിയുമായി ഇഷ്ടത്തിലായി. മറിച്ചൊന്നും ഞങ്ങൾ പറഞ്ഞില്ല. ലണ്ടനിലോ ജർമ്മനിയിലോ ഉപരിപഠനം നടത്തണമെന്നേ ആഗ്രഹമുണ്ടായിരുന്നുള്ളു. ഇവിടെ തുടങ്ങി ജർമ്മനിയിൽ അവസാനിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചതല്ല. ഇവിടുത്തെ യുവതി യുവാക്കൾക്ക് ജീവിതം ഒരു ഭാഗ്യപരീക്ഷണമാണ്. ഇപ്പോഴും ഇവരെ കയറ്റുമതി ചെയ്ത് സർക്കാർ ലാഭം കൊയ്യുന്നു. ജനിച്ച നാട്ടിൽ ഒരു തൊഴിൽ കൊടുക്കുന്നില്ല. അവൻ ഉപരി പഠനം കഴിഞ്ഞ് മടങ്ങി വരുമെന്നാണ് കരുതിയത്. അവൻ പറയുന്നു. ജീവിതസുഖം, സുരക്ഷിതത്വം അവിടെയാണ് ഇവിടെയല്ല. ഞങ്ങൾ അവനെ ഇങ്ങോട്ട് ക്ഷണിക്കുമ്പോൾ അവൻ ഞങ്ങളെ അങ്ങോട്ട് ക്ഷണിക്കുന്നു. എന്തായാലും ജന്മനാട് വിട്ടുപൊകാൻ ഞങ്ങൾ ഒരുക്കമല്ല. അതിന് എന്റെ മോളും തയ്യാറല്ല. ഞങ്ങൾ അവനെ കുറ്റപ്പെടുത്തില്ല. ജീവിതം സമാധാനമായി ജീവിക്കാനുള്ളതാണ്. അത് ലഭിക്കുന്നിടത്ത് അവൻ ജീവിക്കട്ടെ”
“” അവൻ പറയുന്നത് ശരിയാണ്. മതരാഷ്ട്രീയം ഇവിടെ ധാരാളം തിന്മകൾ വളർത്തുന്നുണ്ട്. മനുഷ്യന്റെ ഭാവി ഒരുക്കുന്നത് ദൈവമാണ്” “” അത് മാത്രമല്ല പെങ്ങളെ ജനനന്മക്കായി പ്രവർത്തിക്കുന്നവരുടെ എണ്ണം കുറയുന്നു. എല്ലാവർക്കും സാമ്പത്തിക നേട്ടം, അധികാരത്തോടുള്ള ആർത്തിയാണ്. അതിനാൽ ജനാധിപത്യം കണ്ണുതുറക്കുന്നില്ല” “”ആ കാര്യത്തിൽ വികസിത രാജ്യങ്ങൾ വളരെ മുന്നിലാണ്. അതാണ് അവിടുത്തെ മലയാളികൾ ഇങ്ങോട്ട് മടങ്ങിവരാത്തത്.”
“”തീർച്ചയായും മക്കൾ സന്തോഷത്തോടെ ജീവിക്കാനല്ലെ മാതാപിതാക്കൾ ആഗ്രഹിക്കുന്നത്. അവിടെ ദേശമോ രാജ്യമോ ഒരു തടസ്സമല്ല”
“” ബ്രിട്ടനിൽ ഉള്ളവർ തന്നെ ഇറ്റലി, ഫ്രാൻസ്, അമേരിക്ക, കാനഡ തുടങ്ങി പല രാജ്യങ്ങളിൽ നിന്ന് വിവാഹബന്ധങ്ങൾ നടത്തുന്നുണ്ട്. അതും ജീവിത പുരോഗതിയുടെ ഭാഗമാണ്. എവിടായാലും മനുഷ്യന് ആറടി മണ്ണ് വേണം. പിന്നെ നിന്റെ മോനെ ഒന്ന് കാണണമെന്നുണ്ട്. അവനോട് ലണ്ടനിൽ വന്നുപോകാൻ പറയണം”
“”ങഹാ…പറയാം പെങ്ങളെ. അവൻ തീർച്ചയായും വരും”
“”അല്ലാ…. അപ്പോൾ ഞാൻ വരണ്ടേ” ഷാരോൺ പരാതിപ്പെട്ടു. “”എന്റെ സുന്ദരിക്കുട്ടിക്ക് എപ്പോൾ വേണമെങ്കിലും വരാമെല്ലോ. അതിന് എന്താ തടസ്സം. പഠിത്തമൊക്കെ കഴിയട്ടെ”
അവൾ സമ്മതം മൂളി. അവർ പാടത്തേക്ക് നടന്നു. സിസ്റ്റർ വയൽപ്പാടത്തിന്റെ മുകളിലൂടെ പറക്കുന്ന വയൽക്കിളികളുടെ ഫോട്ടോകൾ എടുക്കാനും മറന്നില്ല. പാടവരമ്പത്തൂടെ നടക്കുന്നതിനിടയിൽ ചോദിച്ചു.
“”ഇൗ പാടശേഖരം ആരും നികത്താൻ വന്നില്ലേ? ഇവിടുത്തെ വാർത്തകളിൽ പാടങ്ങളും കുന്നുകളും മലകളുമൊക്കെ നശിപ്പിക്കുന്നു എന്നാണ് കേൾക്കുന്നത്”
“”അത് ഇവിടെ നടക്കില്ലാന്റീ. പപ്പയും ഇവിടെ കുറെ വയൽക്കിളികളായ പരിസ്ഥിതി പ്രവർത്തകരുമുണ്ട്”
അവർ ചെറിയൊരു തോടും കടന്ന് പ്രധാന വരമ്പത്തു വന്നു. തോടിന്റെ കരക്ക് താറാവിൻ കൂട്ടങ്ങളെ കണ്ടു.
“” ആന്റി എനിക്ക് കരാട്ടേ ക്ലാസ്സുണ്ട്. ഞാൻ പോകട്ടെ” “”ഇവിടുത്തെ പെൺകുട്ടികൾ കരാട്ടേ ആയോധനകലകളൊക്കെ പഠിക്കുന്നത് നല്ലതാണ്.” അവളെ സന്തോഷത്തോടെ യാത്രയാക്കി.
അവിടേക്ക് കൈകൂപ്പികൊണ്ട് മുരളിവന്നു. സിസ്റ്റർ പെട്ടന്ന് ചോദിച്ചു. “”കൊലയാളികളെ പോലീസ് കണ്ടെത്തിയോ?” “”പോലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു. അത് കോശിസാറിന്റെ ഇടപെടൽ കൊണ്ടാണ്” ഉടനടി സിസ്റ്റർ സംശയത്തോടെ ചോദിച്ചു. “”കുറ്റവാളികളെ കണ്ടെത്തുന്നതിന് എന്തിനാണ് മറ്റൊരാളിന്റെ ഇടപെടൽ”
“”ഇത് ബ്രിട്ടൻ അല്ല പെങ്ങളെ. ഭരണകക്ഷിയിൽപെട്ടവരെങ്കിൽ കുറ്റവാളികളെ അവർ രക്ഷപെടുത്താൻ ശ്രമിക്കും. അന്യോഷണ ഏജൻസികൾവരെ അട്ടിമറിക്കപ്പെടുന്നു. നിയമ വകുപ്പുകൾ രാഷ്ട്രീയാഭരണത്തിൽ ശ്വാസം മുട്ടുകയാണ്. ഇതിനൊക്കെ ഒരു മാറ്റം വരാതെ ജനങ്ങൾക്ക് നീതി ലഭിക്കില്ല.” സിസ്റ്റർ കാർമേലിന്റ മുഖം മങ്ങി. ഇംഗ്ളണ്ടിൽ കേൾക്കാത്ത കാര്യമാണ് ഇവിടെ കേൾക്കുന്നത്. രാഷ്ട്രീയപാർട്ടികൾ എന്തിനാണ് നിയമത്തിൽ ഇടപെടുന്നത്? അതിനു കൊടുത്ത ഉത്തരം.
“” അതൊന്നും പാടില്ലാത്തതാണ്. കുറ്റവാളികൾ ശിക്ഷിക്കപ്പെടണം.” “”എന്റെ രാജ്യത്ത് ഭരണത്തിലുള്ളവരൊന്നും നിയമങ്ങളിൽ കൈകടത്തില്ല. അത്തരക്കാർ പിന്നീടൊരിക്കലും ജനസേവനവുമായി കാണില്ല”
മുരളി കൈയ്യിലിരുന്ന ഒരു കവർ കോശീടെ നേർക്ക് നീട്ടിയിട്ട് പറഞ്ഞു.
“” സാറെ ഇത് വക്കീൽഫീസ്സാണ്” കോശി മന്ദഹസിച്ചുകൊണ്ട് പറഞ്ഞു.
“”ഒരു മകൾ ക്രൂരമായി കൊല്ലപ്പെടുമ്പോൾ ഞാനെങ്ങനെ ഇയാളിൽ നിന്ന് ഫീസ് വാങ്ങും. എനിക്കും ഒരു മോളില്ലേ?ആ ക്രൂരന്മാരായ മൃഗങ്ങളെ തൂക്കിലേറ്റും വരെ ഞാൻ വാദിക്കും. നമ്മുടെ നാട്ടിൽ മറ്റൊരു പെൺകുട്ടിക്കും ഇതുപോലൊരു അനുഭവം ഉണ്ടാകരുത്. സ്ത്രീപീഡനക്കാരെ ഞാൻ വെറുതെ വിടില്ല മുരളി. അതിനായി ഞാൻ ഫീസും വാങ്ങാറില്ല.”
വക്കീലിന്റെ അമർഷം വാക്കുകളിൽ മാത്രമല്ല അത് പ്രവൃത്തിയിലും മുൻകാലങ്ങളിൽ മുരളി കണ്ടിട്ടുണ്ട്. എത്ര ഉന്നതരായാലും അദ്ദേഹത്തെ സ്വാധീനിക്കാൻ സാദ്ധ്യമല്ലന്നുള്ളത് നാട്ടുകാർക്കറിയാം. സാധാരണ ആരും ഇങ്ങോട്ട് കേസ്സുമായി വരാറില്ല. കേസുകളുടെ കൃഷിയെക്കാൾ നെൽക്കൃഷിയാണ് അദ്ദേഹത്തിന്റ കൃഷി. ഇതുപോലുള്ള കേസ്സുകൾ വന്നാൽ മടക്കി അയക്ക

ാറുമില്ല. സിസ്റ്റർ കാർമേലിന്റി ഫോൺ ശബ്ദിച്ചു. സിസ്റ്റർ പാടവരമ്പത്തേക്ക് മാറി നിന്നു സംസ്സാരിച്ചു. കോശി പറഞ്ഞു.
“” കൊലയാളികൾ ഉടൻ ജ്യാമ്യത്തിലിറങ്ങും. ഒരു കാരണവശാലും നമ്മുടെ രണ്ട് സാക്ഷികളും ആരെന്ന് പുറംലോകം അറിയരുത് അധികാരവും സമ്പത്തുമുള്ളവർ വൻതുകകൊടുത്ത് അവരെ സ്വാധീനിക്കും. എതിർ പാർട്ടികൾ ഗുണ്ടാസ്വഭാവക്കാരായതുകൊണ്ട് ഒരു വിധത്തിലും അവരുമായി കൊമ്പ് കോർക്കരുത് സത്യം കോടതിയിൽ ജയിക്കാനായി പ്രാർത്ഥിക്കുക. ഇൗ ഗുണ്ടകൾ വീട് അക്രമിക്കാനും മടിക്കില്ല. അങ്ങനെയുണ്ടായാൽ അതുടനെ എന്നെ അറിയിക്കണം. ഇൗ നാട്ടിൽ പാവങ്ങൾക്കും ജീവിക്കണം.” കഠിനാധ്വാനിയായ വക്കീലിന്റെ വാക്കുകൾ മുരളി ശ്രദ്ധിച്ചു കേട്ടു.
“” നമ്മുടെ ഭാഗത്ത് നിന്ന് കുറ്റവാളികൾക്ക് യാതൊരു ഒൗദാര്യവും ചെയ്തുകൊടുക്കാൻ പാടില്ല. അത് മകളുടെ ആത്മാവിനോട് ചെയ്യുന്ന മഹാപാതകമാണ്. എന്റെ പെങ്ങൾ ലണ്ടനിൽ നിന്ന് വന്നിരിക്കുന്നു. ഇൗ വരും ദിവസങ്ങളിൽ കുറെ യാത്രകളുണ്ട്. പെങ്ങൾ മടങ്ങിപോയിട്ട് ഞാൻ വിളിക്കാം. അപ്പോൾ സാക്ഷികളുണ്ടാകണം. പകൽ നേരം വരരുത്. രാത്രിയിലെ വരാവു. ഇതിനകം കുറ്റം ചെയ്തവരെ കണ്ടെത്തി. അടുത്തത് ശിക്ഷ ഉറപ്പാക്കുക എന്നുള്ളതാണ്.” “”എന്റെ കുഞ്ഞിനെ കൊന്നവരെ കഴുമരത്തിലേറ്റുന്നതുവരെ എനിക്ക് മനഃസമാധാനം ഇല്ല സാറെ. അത് കണ്ടിട്ട് അഭിമാനത്തോടെ എനിക്ക് വിളിച്ചു പറയണം കൊലയാളിക്ക് കൊലക്കയർ കിട്ടിയെന്ന്. മരിച്ചു മരവിച്ചുകിടന്ന പൊന്നുമോളുടെ ശരീരം ഇപ്പോഴും മനസ്സിനെ ഇഞ്ചിഞ്ചായി കുത്തി നോവിക്കുകയാണ് സാറെ എന്റെ ഭാര്യപോലും ശരിക്കുറങ്ങാറില്ല. ” സിസ്റ്റർ ദയനീയമായി ആ പിതാവിനെ നോക്കി. എന്താണ് ഇന്ത്യയിൽ അമ്പരപ്പുണ്ടാക്കുന്ന കാര്യങ്ങൾ നടക്കുന്നത്. മനുഷ്യർ ജന്മമമെടുക്കുന്നത് ഇൗ ലോകത്തേ മുറിപ്പെടുത്താനാണോ? മണ്ണിൽ നിത്യവും പെരുകികൊണ്ടിരിക്കുന്നത് നിരപരാധികളേക്കാൾ അപരാധികളാണോ? സ്ത്രീകളോട് അപമര്യാദയായി, ക്രൂരമായി പെരുമാറാൻ ഇവർക്ക് എങ്ങനെ കഴിയുന്നു.? ഇവർക്ക് അമ്മ പെങ്ങൻന്മാരില്ലെ? ഇവരൊക്കെ സംസ്ക്കാരമില്ലാത്ത കാട്ടുമനുഷ്യരാണോ? സമൂഹത്തെ നയിക്കുന്ന ഭരണ സംവിധാനങ്ങൾ ഇത്രമാത്രം ദുർബലമാണോ? മനസ്സിൽ ധാരാളം ചോദ്യങ്ങൾ ഉയർന്നു.
കോശി മുരളിയെ സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞു.
“”മുരളി ധൈര്യമായിരിക്ക്. നാട്ടുകാർ ഒപ്പമില്ലേ? ഇൗ കാട്ടാളൻന്മാരെ നമുക്ക് നേരിടാം”
മുരളി തൊഴുതുകൊണ്ട് മടങ്ങി. കോശിയോട് പറഞ്ഞിട്ട് സിസ്റ്ററും മുരളിക്കൊപ്പം നടന്നു. വീട്ടിലെത്തുന്നവരെ മുരളിക്കുവേണ്ടുന്ന ആത്മധൈര്യം സിസ്റ്റർ കൊടുത്തുകൊണ്ടിരുന്നു. വീട്ടിലെത്തിയ സിസ്റ്റർ കുളിച്ചതിനുശേഷം ഏലിയാമ്മയോട് പറഞ്ഞു.
“”ഞാൻ പ്രാർത്ഥിക്കാൻ കയറുകയാണ്. കുറച്ചു സമയത്തേക്ക്
ആരും വിളിക്കരുത് കെട്ടോ.”
സിസ്റ്റർ പ്രാർത്ഥന കഴിഞ്ഞെത്തിയിട്ട് ലാപ്ടോപ് തുറന്ന് അതിലെ മെയിലുകൾ വായിക്കുകയും ആവശ്യമായതിന് മറുപടി നല്കുകയും ചെയ്തു. ആ കൂട്ടത്തിൽ ജെസ്സീക്കയുടെ കത്തുമുണ്ടായിരുന്നു. അവൾക്ക് ഇന്ത്യയിലെ അഡ്രസ്സും മറ്റ് കാര്യങ്ങളും ഇന്ത്യയിലേക്ക് വരാനുള്ളതിന് വേണമായിരുന്നു. കോശിയുടെ വിലാസവും മറ്റുമാണ് കൊടുത്തത്. അവധിക്കാലം ചിലവിടാനാണ് ഇന്ത്യയിൽ വന്നതെങ്കിലും ഇവിടുത്തെ വേശ്യാ കേന്ദ്രങ്ങളെക്കുറിച്ച് നല്ല ബോധവതിയുമാണ്. പ്രമുഖ ഹോട്ടലുകൾ, റിസ്സോർട്ടുകൾ പാവപ്പെട്ട പെൺകുട്ടികൾ, വിദ്യാർത്ഥിനികളടക്കം മയക്കുമരുന്നിനടുമപ്പെടുത്തിയും പണം വിതറി വേശ്യാവൃത്തിക്ക് ഉപയോഗപ്പെടുത്തുന്നതറിയാം. കേരളത്തിലെ പ്രമുഖ ഹോട്ടലുകളുടെ പേരും വിവരങ്ങളും മുൻപ് തന്നെ ശേഖരിച്ചിരുന്നു. ഒരോരോ രാജ്യത്തുള്ള ഭരണാധിപൻന്മാരെ ഇൗമെയിൽ മുഖേനെ ഇതൊക്കെ അറിയിക്കാറുണ്ടെങ്കിലും അവരൊന്നും അത് ഗൗരവമായി എടുക്കാറില്ല. അതിലൂടെ സമൂഹത്തിലെ സമ്പന്നരുമായുള്ള ഇവരുടെ നിഗൂഡ രഹസ്യങ്ങൾ അറിയാം. ബോംബയിലെ വേശ്വകളുടെ എണ്ണം പെരുകുന്നുണ്ട്. അതിനാൽ യാത്രയുടെ അവസാനം ജസ്സീക്കയുമായി ബോംബയിൽ ബോധവൽക്കരണം നടത്തണം. ഹോട്ടലുകളിൽ മാത്രമല്ല വേശ്യാവൃത്തി പലവീടുകളിലും ഗുണ്ടകളുടെ സഹായത്തോടെ നടത്തുന്നുണ്ട്. സിസ്റ്റർ കമ്പ്യൂട്ടറിൽ ഉറ്റുനോക്കി വായിച്ചുകൊണ്ടിരുന്നു. ലോകത്ത് സാങ്കേതിക വിദ്യവളർന്നത് അന്യായങ്ങളും അസാന്മാർഗ്ഗികതയും വളർത്താനാണോയെന്ന് തോന്നി. ആരും ഗൗരവമായി കാണാത്ത ചിലന്തിപോലും വായുവിൽ പട്ടുമെത്തകൾ നെയ്തെടുക്കുമ്പോൾ മനുഷ്യൻ അവന്റെ തലച്ചോറ് വികസിപ്പിക്കേണ്ടത് നല്ലൊരു നെയ്ത്തുകാരാൻ ആകാനല്ലേ?
അന്ന് രാത്രി എല്ലാവരും സിസ്റ്റർക്കൊപ്പമിരുന്ന് പ്രാർത്ഥിച്ചു. പ്രാർത്ഥന കഴിഞ്ഞ് ഏവരും അത്താഴത്തിനിരുന്നു.ഹൃദ്യമായ കുടുംബ സംഗമം. സ്വന്തം രക്തങ്ങളോടൊപ്പമുള്ള സന്തോഷാനുഭവം.
ഏലിയാമ്മയുടെ കൈപ്പുണ്യത്തിലെ പാചകം. കുത്തിരിച്ചോറും കുടംപുളിയിട്ട് വറ്റിച്ചെയുത്ത അയിലക്കറി. കരിമീൻ പൊള്ളിച്ചത്. കൂടാതെ കൊഴിക്കറിയും, വെണ്ടക്കാ മെഴുക്കുപുരട്ടിയും സാമ്പാറും തുടങ്ങിയവ.
“”ഏലീയാമ്മേ! ഇത്രയുമൊക്കെ വേണമായിരുന്നോ? നീയെന്നെ തടിച്ചിയാക്കിയേ പറഞ്ഞയക്കും എന്നുണ്ടോ? വാ…..നീയുമിരിക്ക്”
“”വേണ്ട സിസ്റ്ററെ ! ഞാൻ വിളമ്പിത്തരാം……..” ഏലീയാമ്മ ഭവ്യതയോടെ പറഞ്ഞു.
“”നീയിരിക്ക് പെണ്ണെ! ഒാ….പിന്നെ….എല്ലാർക്കും
എല്ലാമെടുക്കാൻ കൈയ്യില്ലേ? നീ ഇരിക്ക്. ഇതൊക്കെ വീടുകളിലെ പഴയ ഒരാചാരമാണ്. പാശ്ചാത്യ രാജ്യങ്ങളിൽ ആരും ആർക്കും വിളമ്പിക്കൊടുക്കാറില്ല. എല്ലാവരും ഒന്നിച്ചിരുന്നാണ് കഴിക്കുന്നത്. നീ വാ….”
സിസ്റ്റർ കാർമേലിന്റെ വരുത്തിതീർത്ത ശുണ്ഠി കണ്ടപ്പോൾ കോശി ചിരിച്ചുപോയി.
“” അങ്ങനെ പറഞ്ഞുകൊടുക്കാന്റി. ഇൗ മമ്മി എപ്പോഴും ഇങ്ങനെയാ. ഒപ്പം ഇരുന്ന് കഴിക്കില്ല. ഉന്നത ഉദ്യോഗസ്ഥ എന്നോക്കെ പറഞ്ഞിട്ട് എന്ത് കാര്യം. കാലം മാറിയതുകൂടി അറിയേണ്ടതല്ലേ?” ഷാരോൺ കോശിയെ നോക്കി പുഞ്ചിരിച്ചു.
അങ്ങനെ തന്നെ വേണം. വഴക്ക് പറയാൻ സ്വന്തം സഹോദരിയെ തന്നെ കിട്ടിയെല്ലോയെന്ന് ആശ്വാസഭാവം കോശിക്ക്. മടിച്ചുമടിച്ച് ഒരു നവോഡയെപ്പോലെ ഏലിയാമ്മയും ഇരുന്നു. സന്തോഷവും തൃപ്തി നിറഞ്ഞ മനോസാഫല്യത്തോടെ സിസ്റ്റർ കാർമേൽ പ്രതിവചിച്ചു.
“”കോശി! നീ ഭാഗ്യവാൻ തന്നെയാണെടാ….. നീ…നിന്റെ കുടുംബം…സന്തുഷ്ടകുടംബം….. (നിറഞ്ഞ മിഴികളോടെ) ഇൗ പെങ്ങൾക്ക് തൃപ്തിയായെടാ….” “”ഹാ! എന്താ പെങ്ങളെ ഇത്. കഴിക്ക്….എടുത്ത് കഴിക്ക്… ഏലീയാമ്മേ ആ കരിമീൻ കൊടടീ….” കോശി തുടർന്നു.””ങ്ഹാ! പെങ്ങളെ ! വല്ലയിടത്തും പോണേങ്കില് പറയണം കേട്ടോ. ഞാൻ കൊണ്ടുപോകാം…” “”വേണ്ട കോശി. അതോക്കെ ഞാനും എന്റെ സുന്ദരിക്കുട്ടിം കൂടി നോക്കികൊള്ളാം. ആദ്യം ഇൗ സുന്ദരമായ താമരക്കുളം ഒന്നു കാണട്ടെ. ങ്ഹാ! ഒന്ന് തിരുവനന്തപുരം വരെ പോയി
മുഖ്യമന്ത്രിയെ കാണേണ്ടതുണ്ട്.” “” ഞാൻ വരാം പെങ്ങളെ” കോശി ഉത്സാഹത്തോടെ പറഞ്ഞു. “”വേണ്ട കോശി നീ നിന്റെ ജോലി നോക്കിക്കോ. നിന്റെ തിരക്ക് ഞാൻ കണ്ടതല്ലേ? കോടതിയും പാടോം.. രണ്ടുംകൊള്ളാം.” “” അതൊക്കെ അങ്ങനെ കെടക്കും പെങ്ങളെ. ഞങ്ങൾക്ക് പെങ്ങളെ ഇപ്പോഴല്ലെ കിട്ടിയത്. നമുക്കെല്ലാർക്കും ഒരുമിച്ച് യാത്രപോകാം.” കോശി വല്ലാത്തസന്തോഷം കാട്ടി. “” പോകാം കോശി നിന്റെ ജോലി പവിത്രത ഉണ്ടായിരിക്കേണ്ട ഒരു ജോലിയാണ്. വേഷം കറുത്തതാണെങ്കിലും ഉള്ളം വെളുത്തതാവണം. അത് എല്ലാവരിലുമില്ല. ങ്ഹാ! നിന്നെപ്പോലുള്ളവരിലൊക്കെ അതുണ്ടാകും. നീതി നിഷേധിച്ചവന് അതുണ്ടാക്കി കൊടുക്കുന്നതും ഒരു പുണ്യമാണ്.” “”അതിൽ ഒരല്പം പുളിരസം പോലെ നുണയും ചേരും ആന്റി” “”അതു പിന്നെ നുണപറയാൻ ലോകം അധികാരം നല്കിയത് ഇവർക്കല്ലേ?(അവർ ഒന്നായി ചിരിച്ചു.) ഹൃദ്യമായ ഒരു കൂടിച്ചേരൽ. അത്താഴം കഴിഞ്ഞു.
തുടർന്നുള്ള ദിവസങ്ങളിൽ പച്ചപ്പുകൾ കരിഞ്ഞുണങ്ങാത്ത ആ ഗ്രാമത്തിന്റെ അകവും പുറവും ഷാരോണുമായി സിസ്റ്റർ കാർമേൽ ചുറ്റി കണ്ടു. ചാരുംമൂട് ഒരു കൊച്ചു നഗരം പോലെ തോന്നി.

റിയാദ് : മലയാളി നഴ്‌സ് സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മരിച്ചു. കോട്ടയം ചിങ്ങവനം കുഴിമറ്റം കുരുവിളയുടെ മകളും ഖഫ്ജിയിലെ ജലാമി കമ്പനി ജീവനക്കാരന്‍ ജോജോയുടെ ഭാര്യയുമായ മേരി ഷിനോ (34) യാണ് മരിച്ചത്. കിഴക്കന്‍ സൗദിയിലെ ഖഫ്ജിയില്‍ യുവതി സഞ്ചരിച്ച കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.

സഫാനിയയിലെ എംഒഎച്ച് ക്ലനിക്കില്‍ നാല് വര്‍ഷമായി നഴ്‌സായിരുന്നു മേരി ഷിനോ. ഷിനോയുടെ സഹോദരന്‍ ബിനോയ് കുരുവിള ദമാമിലെ നാപ്‌കോ കമ്പനി ജീവനക്കാരനാണ്.

സ്വന്തം ലേഖകൻ

ലണ്ടൻ : രാജകുടുംബത്തിനുണ്ടായ പ്രതിസന്ധി എത്രയും വേഗം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ഒരടിയന്തര യോഗം വിളിച്ചുചേർക്കാൻ രാജ്ഞി തയ്യാറായി. ഹാരിയുടെയും മേഗന്റെയും ഭാവിയിലെ രാജകീയ പദവികളെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഹാരി രാജകുമാരൻ, കേംബ്രിഡ്ജ് ഡ്യൂക്ക്, വെയിൽസ് രാജകുമാരൻ തുടങ്ങിയവരെ ചർച്ചയ്ക്കായി സാൻ‌ഡ്രിംഗ്ഹാമിലേക്ക് വിളിപ്പിച്ചു. കാനഡയിലുള്ള മേഗൻ കോൺഫറൻസ് കോളിലൂടെ ഈ ചർച്ചയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജകീയ ചുമതലകളിൽ നിന്ന് ഒഴിഞ്ഞുനിൽക്കാനുള്ള ഹാരി രാജകുമാരന്റെയും ഭാര്യ മേഗൻ മാർക്കിളിന്റെയും തീരുമാനം ബ്രിട്ടീഷ് രാജകുടുംബത്തിന് പ്രഹരമായി മാറുകയുണ്ടായി. ഈയൊരു സാഹചര്യത്തിൽ ഹാരിയുടെയും മേഗൻന്റെയും രാജകീയ റാങ്കുകൾ തീരുമാനിക്കുന്നതിനായി നടപടികൾ തുടങ്ങിയിട്ടുണ്ട്. അതേസമയം, സഹോദരനുമായുള്ള ബന്ധം വിച്ഛേദിക്കുന്നതിൽ ദുഃഖമുണ്ടെന്ന് കേംബ്രിഡ്ജ് ഡ്യൂക്ക് അറിയിച്ചതായി സൺഡേ ടൈംസ് റിപ്പോർട്ട് ചെയ്തു.

നോർഫോക്കിലെ ക്വീൻസ് എസ്റ്റേറ്റിൽ ഇന്ന് നടക്കുന്ന “സാൻ‌ഡ്രിംഗ്ഹാം ഉച്ചകോടി”, ഈ പുതിയ സാഹചര്യത്തിൽ വ്യാപിപ്പിച്ചേക്കുമെന്നാണ് കൊട്ടാരവുമായി ബന്ധപ്പെട്ടവർ അറിയിച്ചത്. രാജകുടുംബം നിർണായക പ്രതിസന്ധി നേരിട്ടപ്പോഴൊക്കേ ഇത്തരത്തിൽ യോഗം വിളിച്ചുചേർത്തിരുന്നു. “ഇത്രയും നാളും എന്റെ സഹോദരന്റെ തോളിൽ കയ്യിട്ടുകൊണ്ടാണ് ഞാൻ നടന്നിട്ടുള്ളത്. എന്നാൽ ഇനി എനിക്കത് ചെയ്യാൻ കഴിയില്ല.” വില്യം പറഞ്ഞു. സുൽത്താൻ ഖാബൂസ് ബിൻ സെയ്ദ് അൽ സെയ്ദിന്റെ മരണത്തെത്തുടർന്ന് മൂന്ന് ദിവസത്തെ ഔദ്യോഗിക അനുശോചനത്തിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി ബോറിസ് ജോൺസനോടൊപ്പം ഇപ്പോൾ ഒമാനിലുള്ള ചാൾസ് രാജകുമാരൻ ഈയൊരു ചർച്ചയിൽ പങ്കെടുക്കുന്നതിനായി തിരികെയെത്തും.

ഇനിയുള്ള സമയം അമേരിക്കയിലും യുകെയിലുമായി ചെലവിടുമെന്നും രാജ്ഞിയോടും കോമൺവെൽത്തിനോടുമുള്ള കടപ്പാട് നിലനിർത്താൻ ഏതാനും ചില രാജകീയ ചുമതലകൾ മാത്രം തുടർന്നു വഹിക്കുമെന്നും ഹാരി പറഞ്ഞു. ബ്രിട്ടീഷ്​ രാജ്ഞിക്കുള്ള പൂർണ പിന്തുണ തുടർന്നുകൊണ്ടു തന്നെ രാജകുടുംബത്തിലെ ‘മുതിർന്ന’ അംഗങ്ങളെന്ന നിലയിൽ നിന്ന്​ തങ്ങൾ പടിയിറങ്ങാൻ ഉദ്ദേശിക്കുകയാണെന്ന്​ ബക്കിങ്​ഹാം പാലസ്​ പുറത്തു വിട്ട പ്രസ്​താവനയിൽ ഹാരി രാജകു​മാരൻ പറയുന്നു. സാമ്പത്തികമായി സ്വതന്ത്രനാവാനാണ്​ പുതിയ തീരുമാനമെന്നാണ്​ അദ്ദേഹം നൽകുന്ന വിശദീകരണം. ഹാരിയുടെ ഈ തീരുമാനത്തോടെ സഹോദരനുമായുള്ള ബന്ധത്തിലെ വിള്ളലുകൾ കൂടുകയാണുണ്ടായത്. അതീവ ദുഃഖത്തിൽ കഴിയുന്ന രാജ്ഞി തന്നെ മുൻകൈയെടുത്താണ് ഈ യോഗം വിളിച്ചുകൂട്ടുന്നത്.

RECENT POSTS
Copyright © . All rights reserved