ന്യൂസ് ഡെസ്ക് മലയാളം യുകെ
ലോക്ഡൗൺ നിയന്ത്രണങ്ങളിലെ ഇളവുകളെ സംബന്ധിച്ചുള്ള അനിശ്ചിതത്വത്തിനിടയിൽ ജെറ്റ് 2 തങ്ങളുടെ ഫ്ലൈറ്റുകളും അവധിക്കാല വിനോദസഞ്ചാര ബുക്കിംഗും ജൂൺ 23 വരെ റദ്ദാക്കിയതായി അറിയിച്ചു. ഇതോടെ ഒട്ടേറെ യുകെ മലയാളികളുടെ അവധിക്കാല വിനോദയാത്ര പദ്ധതികൾ അനിശ്ചിതത്വത്തിൽ ആയി. യാത്രാ നിർദേശങ്ങളെക്കുറിച്ച് വ്യക്തതയില്ലാത്തതിനാലാണ് ഈ നടപടിയെന്ന് ജെറ്റ് 2 ഹോളിഡേയ്‌സ് സിഇഒ സ്റ്റീവ് ഹീപ്പി പറഞ്ഞു.
മെയ് 17 മുതൽ ഗ്രീൻ കാറ്റഗറിയിലുള്ള രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ക്വാറന്റൈൻ ആവശ്യമില്ല എന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ മെയ് 17 മുതൽ ബ്രിട്ടീഷുകാർക്ക് അവധിക്കാലം ആഘോഷിക്കാൻ വിദേശത്തേക്ക് പോകാൻ അനുവാദം ഉണ്ടോ, ഉണ്ടെങ്കിൽ തന്നെ മടങ്ങിയെത്തുമ്പോൾ ക്വാറന്റൈൻ ആവശ്യമാണോ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വ്യക്തത വരുത്താൻ ഡിപ്പാർട്ട്മെൻറ് ഓഫ് ട്രാൻസ്പോർട്ട് വിസമ്മതിച്ചു. അതുപോലെതന്നെ സന്ദർശിക്കാൻ പറ്റുന്ന സ്ഥലങ്ങളെക്കുറിച്ചുള്ള അനിശ്ചിതത്വവും തുടരുകയാണ്. പലരാജ്യങ്ങളിലെയും രോഗവ്യാപനതോത് മാറിമറിയുന്നതിനാൽ യാത്രാനുമതിയുള്ള രാജ്യങ്ങളുടെ പട്ടിക മുൻകൂട്ടി തയ്യാറാക്കാൻ പറ്റില്ലെന്ന ന്യായമാണ് ഡിപ്പാർട്ട്മെൻറ് ഓഫ് ട്രാൻസ്പോർട്ടിനുള്ളത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ബ്രിട്ടണിലെ കോടീശ്വരന്മാരിൽ ഒരാളായ സർ റിച്ചാർഡ് സട്ടന്റെ കൊലയാളി എന്ന് സംശയിക്കുന്ന മുപ്പത്തിനാലുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഡോർസെറ്റിലെ അദ്ദേഹത്തിന്റെ വീട്ടിലാണ് റിച്ചർഡിനെ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇവിടെ നിന്നും 100 മൈലോളം അകലെ വെസ്റ്റ് ലണ്ടനിൽ വച്ചാണ് പ്രതിയെന്ന് സംശയിക്കുന്ന ആളെ അറസ്റ്റ് ചെയ്തത്. കൊല നടത്തി എന്ന് സംശയിക്കുന്ന ആളുടെ വാഹനത്തെ പിന്തുടർന്നാണ് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. പോലീസ് അറസ്റ്റ് ചെയ്യുന്നത് കണ്ട് നിന്ന ദൃക്സാക്ഷിയാണ് മാധ്യമങ്ങളോട് ഈ വസ്തുത അറിയിച്ചത്.
ഏകദേശം ഇരുപതോളം പോലീസ് കാറുകളാണ് കുറ്റവാളിയുടെ കാറിനെ പിന്തുടർന്ന് വന്നത്. അദ്ദേഹത്തെ കാറിൽ നിന്ന് പുറത്തിറക്കി അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്യുന്ന സമയത്ത് അദ്ദേഹത്തിന്റെ ശരീരത്തിൽ പലയിടങ്ങളിലും രക്തം ഉണ്ടായിരുന്നു. അറസ്റ്റ് ചെയ്തതിനു ശേഷം ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഡോർസറ്റ് പോലീസ് ഈ വിവരം ശരിയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ശരീരത്തിലുള്ള സാരമായ മുറിവുകൾ അല്ല എന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
റിച്ചർഡിനെയും അദ്ദേഹത്തിന്റെ ഭാര്യയായ സ്ത്രീയേയും ഇദ്ദേഹമാണ് ഉപദ്രവിച്ചത് എന്നാണ് പോലീസ് നിഗമനം. 83 കാരനായ റിച്ചാർഡ് മരണപ്പെടുകയും, ഭാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിലുമാണ്. ഏകദേശം 301 മില്യൻ പൗണ്ടോളം ആണ് റിച്ചർഡിന്റെ ആസ്തി. അദ്ദേഹത്തിൻെറ മരണത്തെ സംബന്ധിച്ച് വ്യക്തമായ അന്വേഷണങ്ങൾ ഉണ്ടാകുമെന്ന് പോലീസ് അധികൃതർ ഉറപ്പു നൽകി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഫിലിപ്പ് രാജകുമാരൻ അന്തരിച്ചു. 99 വയസായിരുന്നു. എലിസബത്ത് രാജ്ഞിയുടെ ഭർത്താവായ ഫിലിപ്പ് രാജകുമാരന്റെ മരണവാർത്ത ബക്കിംഗ്ഹാം കൊട്ടാരമാണ് പുറത്തുവിട്ടത്. കോവിഡ് ബാധിതനായിരുന്ന ഫിലിപ്പ് ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷം കഴിഞ്ഞ മാസമാണ് ആശുപത്രി വിട്ടത്. നിരവധി ചെറുപ്പക്കാരുടെ ജീവിതത്തിന് പ്രചോദനമായ വ്യക്തിയായി ഫിലിപ് രാജകുമാരനെ വിശേഷിപ്പിച്ച പ്രധാനമന്ത്രി ബോറിസ് ജോൺസൺ അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. ഗ്രീസ് & ഡെന്മാർക്കിലെ ആൻഡ്രൂ രാജകുമാരന്റെയും ആലിസ് രാജകുമാരിയുടെയും മകനായി 1921 ജൂൺ 10 ന് ജനനം. ഗ്രീക്ക് ദ്വീപായ കോർഫുവിലാണ് ഫിലിപ്പ് രാജകുമാരൻ ജനിച്ചത്. 1947 ലായിരുന്നു എലിസബത്ത് രാജകുമാരിയുമായുള്ള വിവാഹം.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ബെൽഫാസ്റ്റ് : നോർത്തേൺ അയർലൻഡിലെ ബെൽഫാസ്റ്റിൽ സംഘർഷ സാഹചര്യം രൂക്ഷമായതോടെ ജല പീരങ്കി പ്രയോഗിച്ച് പോലീസ്. സ്പ്രിംഗ്ഫീൽഡ് റോഡിലെ ‘സമാധാന മതിൽ’ എന്ന് വിളിക്കപ്പെടുന്ന നാഷണലിസ്റ്റുകളും പ്രോ ബ്രിട്ടീഷ് ലോയലിസ്റ്റുകളും തമ്മിൽ ഒരാഴ്ചയായി നടന്നുവരുന്ന ഏറ്റുമുട്ടലിൽ ഇതുവരെ അമ്പത്തിയഞ്ച് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. കലാപകാരികൾ പി.എസ്.എൻ.ഐ ഉദ്യോഗസ്ഥർക്ക് എതിരെ പെട്രോൾ ബോംബുകൾ, പടക്കങ്ങൾ, പാറകൾ എന്നിവ ഉപയോഗിച്ച് ആക്രമണം നടത്തി. “പോലീസിനെതിരെ കൂടുതൽ ആക്രമണങ്ങൾ, ഇത്തവണ നാഷണലിസ്റ്റ് യുവാക്കളിൽ നിന്നാണ്. ഇന്റർഫേസ് ഏരിയകളിൽ കൂടുതൽ അക്രമങ്ങൾ കാണുന്നത് തികച്ചും ആശങ്കജനകമാണ്.” ജസ്റ്റിസ് മന്ത്രി നവോമി ലോംഗ് ട്വീറ്റ് ചെയ്തു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും ജോ ബൈഡന്റെ വൈറ്റ് ഹൗസും പ്രതിഷേധക്കാരോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടു.
യുവാക്കൾ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ പെട്രോൾ ബോംബ് എറിഞ്ഞതോടെ സ്പ്രിംഗ്ഫീൽഡ് റോഡിൽ ഉദ്യോഗസ്ഥർ ജലപീരങ്കി പ്രയോഗിച്ചു. ഏറെ നാളുകൾക്ക് ശേഷമാണ് ഇത്തരം കലാപം പൊട്ടിപുറപ്പെടുന്നത്. ബെൽഫാസ്റ്റിലെ പോലീസ് വാഹനങ്ങൾക്ക് മുന്നിൽ തീ കത്തിക്കുകയുണ്ടായി. ഉദ്യോഗസ്ഥരും യുവാക്കളും തമ്മിൽ നഗരത്തിൽ പ്രതിഷേധം തുടരുകയാണ്. നഗരത്തിൽ നടന്നുവരുന്ന ഗുരുതരമായ അക്രമങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ഗ്രീൻ പാർട്ടി ബെൽഫാസ്റ്റ് സിറ്റി കൗൺസിലിന്റെ പ്രത്യേക യോഗം വിളിച്ചുചേർത്തു.
“ഇത് ഇപ്പോൾ അവസാനിപ്പിക്കേണ്ടതുണ്ട്. നിങ്ങളുടെ സമൂഹത്തെ നശിപ്പിക്കുന്നതിന് ഒരു ന്യായീകരണവുമില്ല. അക്രമം ഒരിക്കലും ഒന്നും പരിഹരിച്ചിട്ടില്ല. വീട്ടിലേക്ക് മടങ്ങി പോകുക.” സോഷ്യൽ ഡെമോക്രാറ്റിക് ആൻഡ് ലേബർ പാർട്ടി (എസ്ഡിഎൽപി) നേതാവ് കോലം ഈസ്റ് റ്വുഡ് എംപി പറഞ്ഞു. പ്രധാനമന്ത്രി ബോറിസ് ജോൺസണും ഐറിഷ് നേതാവ് മിഷേൽ മാർട്ടിനും ഫോണിൽ സംസാരിക്കുകയും ആശങ്കകൾ അറിയിക്കുകയും ചെയ്തു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഓക്സ്ഫോർഡ് അസ്ട്രസെനക്ക വാക്സിൻ സ്വീകരിച്ച അപൂർവം ചിലരിൽ രക്തം കട്ടപിടിക്കുന്ന പാർശ്വഫലങ്ങൾ ഉണ്ടാകുന്നു എന്നത് ലോകമെങ്ങും വൻ ചർച്ചാവിഷയമായിരുന്നു. എന്നാൽ പാർശ്വഫലങ്ങളിൽ പതറാതെ മറ്റുള്ളവരോട് പ്രതിരോധ കുത്തിവെയ്പ്പിനായി മുന്നോട്ടുവരാൻ പ്രേരിപ്പിക്കുകയാണ് കിഴക്കൻ ലണ്ടനിലെ പോപ്ലറിൽ നിന്നുള്ള മുഹമ്മദ് ചൗധരി. 34 കാരനായ ഇദ്ദേഹത്തിന് തുടക്കത്തിൽ പ്രശ്നങ്ങൾ ഒന്നുമില്ലായിരുന്നു. എന്നാൽ 13 ദിവസത്തിനുശേഷം പേശീവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് വൈദ്യസഹായം തേടിയത്. ദീർഘദൂരം ഓടാൻ തത്പരനായ മുഹമ്മദ് വേദന അതിൻെറ ഫലമാണെന്നാണ് കരുതിയിരുന്നത്. മുഹമ്മദും ഭാര്യ ആലിയയും ആഴ്ചയിൽ രണ്ടു വട്ടമെങ്കിലും 5 കിലോമീറ്ററോളം ഓടാറുണ്ടായിരുന്നു.
മുഹമ്മദ് ചൗധരിയും ഭാര്യ ആലിയയും
ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന മുഹമ്മദിന് അടുത്ത ആറുമാസത്തേയ്ക്ക് എങ്കിലും രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്ന് കഴിക്കേണ്ടതായി വരും. പക്ഷേ മഹാമാരിയിൽ നിന്ന് ലോകം മുക്തി നേടാൻ ആളുകൾ വാക്സിൻ എടുക്കണമെന്നാണ് താൻ ഇപ്പോഴും വിശ്വസിക്കുന്നത് എന്ന് മുഹമ്മദ് പറഞ്ഞു. വൈദ്യശാസ്ത്രപരമായ കാരണങ്ങളാൽ മുഹമ്മദിന് രണ്ടാമത്തെ വാക്സിൻ സ്വീകരിക്കാൻ സാധിക്കില്ല. രക്തം കട്ടപിടിക്കുന്ന പാർശ്വഫലം അപൂർവ്വ സന്ദർഭങ്ങളിൽ മാത്രമാണ് കാണുന്നതെന്നും അതിൻെറ ലക്ഷണങ്ങളെക്കുറിച്ച് മറ്റുള്ളവർക്ക് അവബോധം നൽകുന്നതിൽ സന്തോഷമേയുള്ളൂ എന്നും മുഹമ്മദ് പറഞ്ഞു
ന്യൂസ് ഡെസ്ക് മലയാളം യുകെ
കുട്ടികൾ സാമൂഹ്യമാധ്യമങ്ങളിൽ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങൾ ഭാവിയിൽ അവരുടെ തൊഴിൽസാധ്യതകളെ ബാധിച്ചേക്കാം. പഴയ ട്വീറ്റുകളും ഫേസ്ബുക്കിൽ രേഖപ്പെടുത്തുന്ന കമൻറുകളും ഭാവിയിൽ ജീവനക്കാരെ തിരഞ്ഞെടുക്കാനും വിലയിരുത്താനും ഉപയോഗിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത് . നേരിട്ട് കുറ്റകൃത്യത്തിൻെറ വിഭാഗത്തിൽ പെടുന്നില്ലെങ്കിൽ പോലും മതം, വംശം, ലിംഗമാറ്റം തുടങ്ങിയ വിഷയങ്ങളിൽ സമൂഹമാധ്യമങ്ങളിൽ രേഖപ്പെടുത്തിയ 16 വയസ്സിൽ താഴെയുള്ളവരുടെ വിദ്വേഷം ജനിപ്പിക്കുന്ന രീതിയിലുള്ള അഭിപ്രായങ്ങൾ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഡെയിലി ടെലഗ്രാഫ് റിപ്പോർട്ട് ചെയ്തു. അതായത് ഒരു വ്യക്തി നേരിട്ട് കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നില്ലെങ്കിൽ പോലും സമൂഹമാധ്യമങ്ങളിൽ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങൾ ഭാവിയിൽ ആ വ്യക്തിയുടെ കരിയറിനെ അപകടത്തിലാക്കാം.
ആർട്ടിഫിഷ്യൽ ഇൻറലിജൻസിൻെറ അഥവാ നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ വൻകിട കമ്പനികൾ തങ്ങളുടെ ഉദ്യോഗാർത്ഥികളുടെ രാഷ്ട്രീയ-സാമൂഹിക നിലപാടുകളെക്കുറിച്ച് വിലയിരുത്തൽ നടത്തുന്ന കാര്യം നേരത്തെ തന്നെ വാർത്തകളിൽ സ്ഥാനം പിടിച്ചിരുന്നു. ഉദ്യോഗാർത്ഥികൾ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങൾ മാത്രമല്ല അവർ അംഗമായിരിക്കുന്ന വിവിധ സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ, ആരെ ഫോളോ ചെയ്യുന്നതുൾപ്പെടെ വിശകലനം ചെയ്യപ്പെട്ടേക്കാം.
യുകെ മലയാളികൾക്ക് മറ്റൊരു ദുഃഖ വാർത്ത കൂടി . ഷെഫീൽഡിലെ ആദ്യകാല മലയാളിയും ഷെഫീൽഡ് കേരള കൾച്ചറൽ അസോസിയേഷന്റെയും റോതെർഹാം മലയാളി അസോസിയേഷന്റെയും ആദ്യ കാല മെമ്പറും സാമൂഹീക സാംസ്ക്കാരിക രംഗത്തെ സജീവ സാന്നിധ്യവും ആയിരുന്ന ദിനേശ് മേടപ്പള്ളി (51) ആണ് വിടപറഞ്ഞത് . കോവിഡ് ബാധിതനായി ബാൻസലി ഹോസ്പിറ്റലിൽ തീവ്ര പരിചരണ വിഭാഗത്തിൽ വെൻറ്റിലേറ്ററിൽ ആയിരുന്നു. നാട്ടിൽ മരങ്ങാട്ടുപള്ളി സ്വദേശിയാണ്. ഭാര്യ രാജി ദിനേശ്. മൂന്നാം വർഷ മെഡിസിൻ വിദ്യാർത്ഥിനി നമിത ദിനേശ്, ഇയർ 11 വിദ്യാർത്ഥിനി നിഖിത ദിനേശ് എന്നിവരാണ് മക്കൾ.
ദിനേശ് മേടപ്പള്ളിയുടെ അകാല വിയോഗത്തിൽ മലയാളം യുകെ ന്യൂസിൻെറ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
7 ലക്ഷത്തിലധികം ഓക്സ്ഫോർഡ് വാക്സിൻ ബ്രിട്ടൻ ആസ്ട്രേലിയയിലേയ്ക്ക് രഹസ്യമായി നൽകി എന്ന വാർത്തകൾ പുറത്തുവന്നു. ഇന്ത്യയിൽ നിന്നും യൂറോപ്യൻ യൂണിയനിൽ നിന്നും വാക്സിൻെറ കയറ്റുമതി പ്രശ്നങ്ങൾ കാരണം ബ്രിട്ടനിലെ പ്രതിരോധ കുത്തിവെയ്പ്പുകളുടെ താളംതെറ്റുമോ എന്നത് രാജ്യത്ത് ചൂടുപിടിച്ച ചർച്ചയ്ക്ക് വിഷയമായിരുന്നു. രാജ്യത്ത് വാക്സിൻ ദൗർലഭ്യം ഉടലെടുത്തേക്കാനുള്ള സാധ്യതകൾ നിലനിൽക്കെ മറ്റൊരു രാജ്യത്തിന് വാക്സിൻ നൽകിയത് വൻ വിവാദങ്ങൾക്കാണ് തിരികൊളുത്തിയിരിക്കുന്നത്. യുകെയിൽ ആഭ്യന്തര ഉത്പാദന ശേഷിയുണ്ടെങ്കിലും രാജ്യത്തിലെ പ്രതിരോധകുത്തിവെയ്പ്പ് മുന്നേറുന്നത് ഇന്ത്യയിൽ നിന്നും യൂറോപ്പിൽ നിന്നുമുള്ള ഇറക്കുമതിയെ ആശ്രയിച്ചാണ്.
എന്നാൽ ആസ്ട്രേലിയയിലേയ്ക്ക് വാക്സിൻ കയറ്റുമതി ചെയ്തത് ഒരിക്കലും യുകെയുടെ പ്രതിരോധ കുത്തിവെയ്പ്പിനെ ബാധിച്ചിട്ടില്ലെന്ന് വൈറ്റ് ഹാളിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ലോകത്തിലെതന്നെ ഏറ്റവും വേഗത്തിൽ ജനങ്ങൾക്ക് പ്രതിരോധ കുത്തിവെയ്പ്പ് നൽകുന്ന രാജ്യങ്ങളിലൊന്നാണ് യുകെ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വിവാദ വിഷയത്തെക്കുറിച്ച് പരസ്യമായി പറയാൻ അധികാരമില്ലാത്തതിനാൽ പേര് വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല. ബ്രിട്ടൻ ഞങ്ങളെ വളരെയധികം സഹായിച്ചിട്ടുണ്ടെന്ന് ആസ്ട്രേലിയൻ ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ. ബ്രണ്ടൻ മർഫി കഴിഞ്ഞമാസം മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു . പക്ഷേ അത് എങ്ങനെയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നില്ല.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : അസ്ട്രാസെനെക്ക വാക്‌സിന്‍ സ്വീകരിച്ചവരിൽ അപൂര്‍വ്വ ബ്ലഡ് ക്ലോട്ടിംഗ് ഉണ്ടായത് സംബന്ധിച്ച ആശങ്കകൾ ഉയർന്നതോടെ കുട്ടികളിൽ വാക്സീൻ പരീക്ഷണം നിർത്തിവച്ചു. 18 നും 29 നും ഇടയിൽ പ്രായമുള്ള ആരോഗ്യമുള്ളവർക്ക് അടുത്ത മാസങ്ങളിൽ ഫൈസർ അല്ലെങ്കിൽ മോഡേണയുടെ വാക്സിൻ നൽകുമെന്ന് നമ്പർ 10 വ്യക്തമാക്കി. 18-29 വയസ്സ് പ്രായമുള്ള ആരോഗ്യമുള്ളവർക്ക് ഓക്സ്ഫോർഡ് അസ്ട്രാസെനെക്ക വാക്സീന് ബദൽ വാക്സിൻ ലഭ്യമാണെങ്കിൽ നൽകാമെന്ന് വാക്സിനേഷൻ ആൻഡ് ഇമ്യൂണൈസേഷൻ ജോയിന്റ് കമ്മിറ്റി (ജെസിവിഐ) നിർദ്ദേശിച്ചു. യുകെയിലെ മെഡിസിൻ റെഗുലേറ്ററായ എംഎച്ച്‌ആർഎയുടെ അവലോകനത്തെ തുടർന്നാണ് ശുപാർശ. സെറിബ്രൽ വെനസ് സൈനസ് ത്രോംബോസിസ് (സിവിഎസ്ടി) എന്നറിയപ്പെടുന്ന വളരെ അപൂർവമായ രക്തം കട്ടപിടിക്കുന്ന അവസ്ഥ വാക്സിൻ മൂലമുണ്ടാകാനുള്ള ശക്തമായ സാധ്യതയുണ്ടെന്നു കണ്ടെത്തി. ജെസിവിഐയുടെ ഉപദേശം 30 വയസ്സിന് താഴെയുള്ള ആരോഗ്യമുള്ളവർക്ക് മാത്രമേ ബാധകമാകൂ.
ആസ്ട്രാസെനെക്കയുടെ ആദ്യ ഡോസ് ഇതിനകം തന്നെ സ്വീകരിച്ച ഏതൊരാൾക്കും, അവരുടെ പ്രായം കണക്കിലെടുക്കാതെ ആസൂത്രണം ചെയ്ത പ്രകാരം രണ്ടാമത്തെ ഡോസ് സ്വീകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് ഡോസുകൾക്ക് ശേഷം ബ്രിട്ടീഷ് നിർമിത വാക്സീൻ മികച്ച രീതിയിൽ പ്രവർത്തിക്കുമെന്ന് ശാസ്ത്രീയ പരീക്ഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. ആദ്യത്തെ ഡോസ് ലഭിച്ചതിനുശേഷം രക്തം കട്ടപിടിച്ചതായി കണ്ടെത്തിയ ആളുകളെ മാത്രമേ രണ്ടാമത്തെ ഡോസിൽ സ്വീകരിക്കുന്നതിൽ നിന്ന് തടയുകയുള്ളൂ.
ഡ്രഗ് റെഗുലേറ്റർമാർ വാക്സിനുകൾക്കായി ഒരു മിക്സ് ആൻഡ് മാച്ച് പോളിസി ഇതുവരെ അംഗീകരിച്ചിട്ടില്ല. അതായത് ബ്രിട്ടീഷുകാർക്ക് ഒരേ വാക്സിൻ തന്നെ രണ്ടുതവണ ലഭിക്കണം. രണ്ട് കൊറോണ വൈറസ് വാക്സിനുകൾ ഉപയോഗിക്കുന്നത് സുരക്ഷിതമാണോയെന്ന് ശാസ്ത്രജ്ഞർ ഇതിനകം തന്നെ പരിശോധിക്കുന്നുണ്ട്. വാക്‌സിൻ വിതരണം തത്കാലം 30 വയസ്സിന് താഴെയുള്ള ആളുകളിലേക്ക് നീങ്ങാൻ സാധ്യതയില്ല. ബ്രിട്ടീഷ് നിർമ്മിത വാക്സിൻ സുരക്ഷിതമാണെന്ന് ബോറിസ് ജോൺസണും മാറ്റ് ഹാൻകോക്കും ട്വീറ്റ് ചെയ്തു. വാക്‌സിൻ ആനുകൂല്യങ്ങൾ അപകട സാധ്യതകളെക്കാളും ഉയർന്നതാണെന്ന് അവർ അറിയിച്ചു. ഡ്രഗ് വാച്ച്ഡോഗ് നടത്തിയ അവലോകനത്തിൽ 20 മില്യൺ ബ്രിട്ടീഷുകാരിൽ 79 പേർക്ക് ആസ്ട്രാസെനെക്ക വാക്സിൻ മാരകമായ രക്തം കട്ടപിടിക്കുന്ന അവസ്ഥയ്ക്ക് കാരണമായതായി കണ്ടെത്തി. എന്നാൽ ഇതിന് വ്യക്തമായ തെളിവുകൾ ഒന്നുംതന്നെയില്ലെന്ന് എംഎച്ച്‌ആർഎ വ്യക്തമാക്കി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : റോച്ച്ഡേൽ ബാലപീഡനക്കേസിലെ പ്രതികളെ നാടുകടത്തുമെന്ന് പ്രതിജ്ഞ എടുത്ത് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ. 13 വയസ്സിന് താഴെയുള്ള നിരവധി പെൺകുട്ടികളെ അധിക്ഷേപിച്ച സംഘം ആറുവർഷമായി യുകെയിൽ ഉണ്ട്. കർശനമായ ഇമിഗ്രേഷൻ നിയമങ്ങൾ കൊണ്ടുവരുന്നതിലൂടെ നീണ്ടതും ചെലവേറിയതുമായ നിയമപോരാട്ടങ്ങളിൽ ഏർപ്പെടാതെ പ്രതികളെ രാജ്യത്തു നിന്ന് തുരത്താൻ സാധിക്കും. “ഇവരെ നാടുകടത്താൻ ആഭ്യന്തര സെക്രട്ടറി എല്ലാ ശ്രമങ്ങളും നടത്തുന്നു. ഹോം ഓഫീസ് കണ്ട ഏറ്റവും സങ്കീർണ്ണമായ ചില കേസുകളിൽ ഒന്നാണിത്. എന്നാൽ പുതിയ ഇമിഗ്രേഷൻ പദ്ധതി എളുപ്പമാക്കാൻ ഇത് സഹായിക്കും.”
2015ലെ നാടുകടത്തൽ ഉത്തരവ് ഉണ്ടായിട്ടും ശിക്ഷിക്കപ്പെട്ടവരിൽ ചിലർ ഇപ്പോഴും യുകെയിലാണ്. റോച്ച്ഡെയ്‌ലിനും ഓൾഡ്‌ഹാമിനും ചുറ്റുമുള്ള പഴയ സ്റ്റാമ്പിംഗ് മൈതാനത്ത് തന്നെ. പുതിയ പദ്ധതികൾ പ്രകാരം, നാടുകടത്തൽ നേരിടുന്ന കുറ്റവാളികൾ അവരുടെ കേസ് ഒറ്റയടിക്ക് മുൻകൂട്ടി പറയേണ്ടതുണ്ട്. കുറ്റവാളി തന്റെ സാഹചര്യങ്ങളിൽ മാറ്റം വരുത്തിയെന്ന് തെളിയിക്കേണ്ടതുണ്ട്. നേരത്തെ, റോച്ച്‌ഡേൽ ബാലപീഡനക്കേസിൽ പ്രതികളായ മൂന്ന് പാക്കിസ്ഥാൻകാരെയും നാടുകടത്താൻ കോടതി ഉത്തരവിട്ടിരുന്നു. അബ്ദുൾ അസീസ്, ആദിൽ ഖാൻ, ഖാറി അബ്ദുൾ റൗഫ് എന്നിവരാണ് നാടുകടത്തൽ ഭീഷണി നേരിടുന്നത്.