Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡിനെ വരുതിയിലാക്കാൻ എത്രയും പെട്ടെന്ന് കൂടുതൽ ആളുകൾക്ക് പ്രതിരോധ കുത്തിവെയ്‌പ്പ് നൽകുക എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരാൻ പുതിയ 10 മാസ് വാക്‌സിനേഷൻ കേന്ദ്രങ്ങൾ കൂടി ഇംഗ്ലണ്ടിൽ ഉടൻ ആരംഭിക്കും. ഫെബ്രുവരി 15 നകം 15 ദശലക്ഷം ജനങ്ങൾക്ക് പ്രതിരോധ കുത്തിവെയ്പ്പ് നൽകാനാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. പുതിയ കേന്ദ്രങ്ങളിലൂടെ ആഴ്ചയിൽ ആയിരക്കണക്കിന് പ്രതിരോധ കുത്തിവെയ്പ്പ് നൽകാൻ സാധിക്കുമെന്ന് എൻഎച്ച്എസ് അറിയിച്ചു.

യുകെയിൽ ഇതുവരെ 324,233 ഡോസ് വാക്സിൻ വിതരണം നടത്തി കഴിഞ്ഞു. യുദ്ധകാലടിസ്ഥാനത്തിൽ ഇത്രയും കൂടുതൽ പ്രതിരോധ കുത്തിവെയ്പ്പ് നടത്താൻ സഹായിച്ച എല്ലാവർക്കും പ്രധാനമന്ത്രി ബോറിസ് ജോൺസൺ നന്ദിപറഞ്ഞു. യുകെയിൽ വൈറസ് പോസിറ്റീവ് ആയതിനേക്കാൾ കൂടുതൽ ആൾക്കാർക്ക് പ്രതിരോധ കുത്തിവെയ്പ്പ് നടത്തി കോവിഡിനെ പ്രതിരോധിക്കാൻ രാജ്യം കുതിക്കുകയാണ്.

രാജ്യത്തെ വൈറസ് പോസിറ്റീവായ 3.3 ദശലക്ഷം പേരാണെങ്കിൽ ഇതുവരെ 3.5 ദശലക്ഷം ആൾക്കാർ പ്രതിരോധ കുത്തിവെയ്പ്പ് എടുത്തു കഴിഞ്ഞു. ബ്രിട്ടൻ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധകുത്തിവെയ്പ്പ് പദ്ധതിയെ വിജയിപ്പിക്കാനായി തങ്ങളുടെ പങ്കുവഹിക്കാൻ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് ജനങ്ങളോട് അഭ്യർത്ഥിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- വ്യാജ വാർത്തകൾ പ്രചരിക്കുന്നത് യുകെയിലെ സൗത്ത് ഏഷ്യൻ കമ്യൂണിറ്റി ജനങ്ങളെ വാക്സിൻ സ്വീകരിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നതായി ഡോക്ടർമാരുടെ മുന്നറിയിപ്പ്. നിരവധി വ്യാജ വാർത്തകളാണ് പ്രചരിപ്പിക്കപ്പെടുന്നത്. ഇത് ജനങ്ങളെ പരിഭ്രാന്തരാക്കുകയും, വാക്സിൻ എടുക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്യുന്നതായി എൻഎച്ച്എസ് ആന്റി – ഡിസ്ഇൻഫർമേഷൻ ഡ്രൈവ് മേൽനോട്ടം വഹിക്കുന്ന ഡോക്ടർ ഹർപ്രീത് സൂദ് മാധ്യമങ്ങളോട് പറഞ്ഞു. ഭാഷാപരവും, സംസ്കാരികപരവുമായ വ്യത്യാസങ്ങളാണ് വ്യാജ വാർത്തകൾ പ്രചരിക്കുന്നതിന് സഹായിക്കുന്നത്.


സൗത്ത് ഏഷ്യൻ കമ്മ്യൂണിറ്റിയിലെ നേതാക്കളോടും,കമ്മ്യൂണിറ്റി ലീഡർമാരോടും മറ്റും പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം എന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടിട്ടുണ്ട്. വാക്‌സിനിൽ മാംസവും മറ്റും ഉൾപ്പെട്ടിട്ടുണ്ടെന്നും, ഇത് മത വിശ്വാസങ്ങൾക്കും മറ്റും എതിരാണെന്ന പ്രചരണങ്ങൾ ആണ് ജനങ്ങൾക്കിടയിൽ ഉള്ളത്. എന്നാൽ ഇതെല്ലാം തെറ്റാണെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു.

വാക്സിനിൽ പന്നിയുടെ മാംസം ഉൾപ്പെട്ടിട്ടുണ്ടെന്നും, ഇത് മുസ്ലിം വിശ്വാസങ്ങൾക്ക് എതിരാണെന്നും ഉള്ള പ്രചാരണം നിരവധി മുസ്ലീം സമുദായങ്ങളെ വാക്സിൻ എടുക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നു. എന്നാൽ മുസ്ലീം മത നേതാക്കന്മാർ ഈ പ്രചരണങ്ങൾ തെറ്റാണെന്നും ജനങ്ങളെല്ലാവരും വാക്സിനോട് സഹകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

സ്വന്തം ലേഖകൻ

ഒരുമിച്ചുള്ള ചിത്രം വ്യാജം ആണെന്ന വാദവുമായി യോർക്ക് പ്രഭുവിന്റെ അഡ്വൈസറും സാറാ ഫെർഗൂസന്റെ സഹായിയും മറ്റൊരു സ്ത്രീയെ സമീപിച്ചതിനെ തുടർന്ന് അവർ എഫ് ബി ഐ യിൽ റിപ്പോർട്ട് ചെയ്തു.

ലൈംഗിക അതിക്രമ കുറ്റം ആരോപിച്ച മോഡലിനെ ഓൺലൈനായി അപകീർത്തിപ്പെടുത്താൻ യോർക്കിന്റെ പ്രഭുവും പ്രഭ്വിയും ഓൺലൈൻ ഗ്രൂപ്പിനെ സമീപിച്ചു. 17 വയസ്സുള്ള വെർജീനിയ റോബർട്സിനെ പ്രഭു ചേർത്തു പിടിച്ചിരിക്കുന്ന ചിത്രം ഏറെ വിവാദമായിരുന്നു. മോളി സ്കൈ ബ്രൗൺ എന്ന സ്ത്രീ കാലങ്ങളായി വെർജീനിയയെ ട്വിറ്ററിലൂടെ അധിക്ഷേപിക്കാറുണ്ടായിരുന്നു. മോളിയുടെ പക്കൽ ചിത്രം വ്യാജമാണെന്നതിനെ സംബന്ധിച്ചുള്ള വിവരങ്ങൾ ഉണ്ടാവുമെന്നാണ് പ്രഭു’വിന്റെ ഉദ്യോഗ വൃന്ദം കരുതിയത്.

ഇപ്പോൾ 60 വയസ്സുകാരനായ പ്രഭു തന്നെ മൂന്നുപ്രാവശ്യം നിർബന്ധിച്ച് ലൈംഗികബന്ധത്തിലേർപ്പെട്ടിട്ടുണ്ടെന്ന് മിസ്സ് റോബർട്ട്സ് വാദിക്കുന്നു. സമാനമായ പല കേസുകളും പ്രഭുവിനെതിരെ ആരോപിക്കപ്പെട്ടിട്ടുണ്ട്.

ബ്രൗൺ എന്ന സ്ത്രീയുമായി ഒരിക്കൽ പ്രഭുവിന്റെ ഉദ്യോഗസ്ഥർ ട്വിറ്ററിൽ ഒരു ഫേക്ക് അക്കൗണ്ട് സൃഷ്ടിച്ച് ഇരുവരുടെയും ഫോട്ടോ വ്യാജമാണെന്ന് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും റിപ്പോർട്ടുകൾ പുറത്തുവന്നു.

ഒരിക്കൽ ഈ ഫോട്ടോ വ്യാജമാണെന്ന തരത്തിലുള്ള ബ്രൗണിന്റെ ട്വിറ്റർ പോസ്റ്റ് സാറ ഫെർഗ്യോസൺന്റെ വിശ്വസ്ത ഉദ്യോഗസ്ഥയായ ആന്റോണിയ മാർഷലിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഉടൻതന്നെ മോളി നൽകിയ ഓൺലൈൻ സപ്പോർട്ട് പ്രശംസിച്ചു കൊണ്ട് ഡിസംബർ പതിനാലിന് ഇമെയിൽ അയച്ചു. ഇരുവരും തമ്മിലുള്ള സംഭാഷണത്തിൽ പ്രഭുവിനെയും പ്രഭ്വിയെയും സഹായിക്കുന്നതിന് ഉദ്യോഗസ്ഥ നന്ദി പറയുന്നുണ്ട്. നമ്മൾ ഒരു വലിയ കുടുംബം ആണെന്നും ഒരുമിച്ച് നിൽക്കണമെന്നും അവർ ആവശ്യപ്പെടുന്നുണ്ട്. ഫോട്ടോ വ്യാജമാണെന്നും അതിന് ഏതാനും തെളിവുകൾ തന്റെ പക്കലുണ്ട് എന്ന് ഉറപ്പു നൽകിയ മോളി പിന്നീട് സംഭാഷണങ്ങളും ഈമെയിലും ഉൾപ്പെടെ എഫ്ബിഐ യ്ക്ക് കൈമാറുകയായിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- യുകെ ട്രാവൽ മേഖല കോവിഡ് നിയന്ത്രണങ്ങൾ മൂലം പ്രതിസന്ധിയിലായിരിക്കുകയാണ്. ഇത്തരം ഒരു സാഹചര്യത്തിൽ മുന്നോട്ടു പോകുവാൻ സർക്കാർ സഹായം ആവശ്യമാണെന്ന് ഇൻഡസ്ട്രി മേഖല വൃത്തങ്ങൾ ആവശ്യപ്പെട്ടിരിക്കുകയാണ്. തിങ്കളാഴ്ച മുതൽ യുകെയിലേക്ക് വരുന്നവർക്ക് നിർബന്ധമായും ക്വാറന്റൈൻ നിർദ്ദേശിച്ചിരിക്കുകയാണ്. എന്നാൽ അഞ്ച് ദിവസം കഴിഞ്ഞ് കോവിഡ് ടെസ്റ്റ് ചെയ്ത് നെഗറ്റീവ് ആകുന്നവർക്ക് ഇതിൽ ഇളവുണ്ട്. ഇതോടൊപ്പംതന്നെ യാത്രചെയ്യുന്നവർക്ക് 72 മണിക്കൂർ മുൻപ് ടെസ്റ്റ് ചെയ്ത റിപ്പോർട്ടും ആവശ്യമാണ്. ട്രാവൽ മേഖലയ്ക്ക് എല്ലാവിധ സഹായങ്ങളും നൽകുമെന്ന് ഗവൺമെന്റ് വാഗ്ദാനം ചെയ്തിട്ടുണ്ട്.

യു കെ യുടെ ഭൂരിഭാഗം ഇടങ്ങളിലും ലോക്ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ്. അത്യാവശ്യഘട്ടങ്ങളിൽ ഉള്ള യാത്ര മാത്രമാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. വെള്ളിയാഴ്ച മാത്രം 55761 പേർക്കാണ് കോവിഡ് പോസിറ്റീവ് ആയത്. നിയന്ത്രണങ്ങൾ കുറച്ചുകൂടെ കർശനമാക്കുക ആണെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സൗത്ത് അമേരിക്ക, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരെ നിരോധിച്ചിട്ടുണ്ട്. എന്നാൽ ഇത്തരത്തിൽ യാത്രകൾ നിരോധിക്കുന്നത് ട്രാവൽ ഇൻഡസ്ട്രിയെ കൂടുതൽ പ്രതിസന്ധിയിലാക്കും എന്ന് എയർപോർട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ വ്യക്തമാക്കി. എന്നാൽ ജനങ്ങൾ എല്ലാവരും സാഹചര്യങ്ങൾ മനസ്സിലാക്കണം എന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

സ്വന്തം ലേഖകൻ

കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാൻ യുകെയിലേയ്ക്കുള്ള യാത്രാനിയന്ത്രണം ശക്തമാക്കുന്നു. തിങ്കളാഴ്ച രാവിലെ 4 മണി മുതൽ കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് ആയവർക്ക് മാത്രമേ രാജ്യത്ത് പ്രവേശനം അനുവദിക്കുകയുള്ളൂ എന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ചു. ഈ വാരാന്ത്യം വീടുകളിൽ തന്നെ തുടരാൻ അദ്ദേഹം ജനങ്ങളോട് അപേക്ഷിച്ചു. കർശന യാത്രാ നിയന്ത്രണങ്ങൾ ഫെബ്രുവരി 15 വരെ നിലനിൽക്കും എന്നാണ് പൊതുവെ കരുതപ്പെടുന്നത്.

ഇതിനിടെ 11 ബ്രിട്ടീഷുകാർക്ക് ബ്രസീലിൽ ഉടലെടുത്ത ജനിതകമാറ്റം വന്ന കോവിഡ് ബാധിച്ചത് ആശങ്ക ഉണർത്തി. എന്നിരുന്നാലും ഈ കൊറോണ വൈറസ് എത്രമാത്രം അപകടകാരിയാണ് എന്നതിനെക്കുറിച്ച് കൂടുതൽ വ്യക്തത വരാനുണ്ട് എന്നാണ് വിദഗ്ധാഭിപ്രായം. തെക്കേഅമേരിക്ക, പോർച്ചുഗൽ, മധ്യ അമേരിക്ക, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഇതിനകം രാജ്യത്തേയ്ക്ക് വരുന്നതിൽ വിലക്കേർപ്പെടുത്തിയിരുന്നു.

ബ്രിട്ടനിൽ പ്രതിരോധകുത്തിവെയ്പ്പ് നൽകുന്ന നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. ഇതുവരെ യുകെയിൽ 5.3 ദശലക്ഷം ആളുകൾക്ക് പ്രതിരോധ കുത്തിവെയ്പ്പ് നൽകിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അറിയിച്ചു. ഇന്നലെ മാത്രം 55761 പേർക്കാണ് രാജ്യത്ത് കോവിഡ് -19 പോസിറ്റീവ് ആയത്. അതേസമയം ഔദ്യോഗിക കണക്കുകൾ പ്രകാരം വൈറസ് മൂലം 1280 പേർക്കാണ് ജീവൻ നഷ്ടമായത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ന്യൂപോർട്ട്‌ : 230 മില്യൺ പൗണ്ടിൽ കൂടുതൽ ഇപ്പോൾ വിലമതിക്കുന്ന ബിറ്റ്കോയിൻ അടങ്ങിയ ഒരു ഹാർഡ് ഡ്രൈവ് നഷ്ടപ്പെടുത്തിയ ഐടി ഉദ്യോഗസ്ഥൻ, അത് കണ്ടെത്താൻ സഹായിക്കുന്നതിനായി തന്റെ പ്രാദേശിക കൗൺസിലിന് 55 മില്യൺ പൗണ്ട് വാഗ്ദാനം ചെയ്തു. 35 കാരനായ ജെയിംസ് ഹൊവെൽസ് 2009 ൽ ആണ് ക്രിപ്റ്റോകറൻസി ഇടപാട് ആരംഭിച്ചത്. മൂല്യം തീരെ കുറവായിരുന്നതിനെത്തുടർന്ന് 2013ൽ 7500 യൂണിറ്റ് ഹാർഡ് ഡ്രൈവ് അദ്ദേഹം ഉപേക്ഷിക്കുകയുണ്ടായി. അതിനുശേഷമുള്ള വർഷങ്ങളിൽ ബിറ്റ്കോയിന്റെ വില കുതിച്ചുയർന്നതോടെ താൻ നഷ്ടപ്പെടുത്തിയത് 230 മില്യൺ പൗണ്ട് ആണെന്ന് അദ്ദേഹത്തിന് മനസ്സിലായി. ഇതിനെത്തുടർന്നാണ് പ്രാദേശിക കൗൺസിലിന്റെ സഹായം തേടാൻ ജെയിംസ് തയ്യാറായത്.

കണ്ടുകിട്ടിയാൽ പണത്തിന്റെ ഒരു ഭാഗം പ്രാദേശിക അതോറിറ്റിയുമായി പങ്കിടുന്നതിന് നിരവധി ഓഫറുകൾ നൽകിയിട്ടുണ്ടെന്ന് ജെയിംസ് വെളിപ്പെടുത്തി. മുഴുവൻ തുകയുടെ 25% ശതമാനമാണ് അദ്ദേഹം വാഗ്ദാനം ചെയ്തത് ; ഏകദേശം 55 മില്യൺ പൗണ്ട്! ഓഫീസ് വൃത്തിയാക്കുന്നതിനിടയിലാണ് തനിക്ക് ഹാർഡ് ഡ്രൈവ് നഷ്ടമായതെന്ന് ജെയിംസ് പറഞ്ഞു. ഇത്രയും കാലം കഴിഞ്ഞിട്ടും ബിറ്റ്കോയിൻ ഫയലുകൾ വീണ്ടെടുക്കുന്നതിന് കഴിയുമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു. ന്യൂപോർട്ടിൽ താമസിക്കുന്ന ജെയിംസ്, പണം കോവിഡ് -19 ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാമെന്നും അറിയിച്ചിട്ടുണ്ട്.

സഹായത്തിനായി ആവർത്തിച്ചുള്ള അഭ്യർത്ഥനകൾ ജെയിംസ് നടത്തിയിട്ടുണ്ടെന്നും എന്നാൽ അതിന് സാധിച്ചിട്ടില്ലെന്നും ന്യൂപോർട്ട് കൗൺസിൽ പറഞ്ഞു. ബിറ്റ്കോയിനുകൾ അടങ്ങിയിരിക്കുന്നതായി പറയപ്പെടുന്ന ഹാർഡ്‌വെയർ വീണ്ടെടുക്കാനുള്ള സാധ്യതയെക്കുറിച്ച് ന്യൂപോർട്ട് സിറ്റി കൗൺസിലിനെ 2014 മുതൽ ജെയിംസ് ബന്ധപ്പെട്ടിട്ടുണ്ട്. എങ്കിലും ജെയിംസിന് സഹായം അനുവദിച്ചുനൽകാനുള്ള സാധ്യത വളരെ ചെറുതാണെന്ന് കൗൺസിൽ അധികൃതർ തന്നെ അറിയിച്ചിട്ടുണ്ട്.

സ്വന്തം ലേഖകൻ

യു കെ :- ബ്രിട്ടനിൽ ആഭ്യന്തരവകുപ്പിന്റെ ഡേറ്റാബേസിൽ വൻ സുരക്ഷാവീഴ്ച ഉണ്ടായി എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന്, ആഭ്യന്തരവകുപ്പ് വിശദീകരണം നൽകാൻ നിർബന്ധിതമായിരിക്കുകയാണ്. 150,000 ത്തോളം അറസ്റ്റ് റെക്കോർഡുകളും, ഫിംഗർ പ്രിന്റ് ഹിസ്റ്ററികളും, ഡിഎൻഎ വിവരങ്ങളുമാണ് ഡേറ്റാബേസിൽ നിന്ന് നഷ്ടമായിരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ വിശദീകരണം നൽകുവാൻ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലിന് മേൽ സമ്മർദം ഏറുകയാണ്. ആവശ്യമില്ലാത്ത ഡേറ്റകൾ ഡേറ്റാ ബേസിൽ നിന്ന് സ്ഥിരമായി മാറ്റാറുള്ളതാണ്. ഇങ്ങനെ മാറ്റിയ അവസരത്തിലാണ് ആവശ്യമായ ഡേറ്റകളും നഷ്ടമായത്. ആയിരത്തോളം ക്രിമിനലുകളുടെ റെക്കോർഡുകളും മറ്റുമാണ് പോലീസ് ഡിപ്പാർട്ട്മെന്റിന് നഷ്ടമായിരിക്കുന്നത്.


ആഭ്യന്തര വകുപ്പ് ഈ വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ചുകഴിഞ്ഞു. എന്നാൽ കൊടും കുറ്റവാളികളുടെ ആരുടെയും തന്നെ ഡേറ്റകൾ നഷ്ടമായിട്ടില്ല എന്നാണ് ഡിപ്പാർട്ട്മെന്റ് നൽകുന്ന വിശദീകരണം. എന്നാൽ നഷ്ടമായത് അതിപ്രസക്തമായ വിവരങ്ങൾ ആണെന്ന് ടൈംസ് പത്രം റിപ്പോർട്ട് ചെയ്തു. എന്നാൽ അറസ്റ്റ് ചെയ്തതിനു ശേഷം വിട്ടയച്ചവരുടെ വിവരങ്ങൾ മാത്രമാണ് നഷ്ടമായതെന്ന് ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ രേഖപ്പെടുത്തുന്നു.

ഈ സംഭവത്തെ തുടർന്ന്, ആഭ്യന്തര സെക്രട്ടറി മൗനം വെടിയെണമെന്ന ആവശ്യവുമായി ഷാഡോ സെക്രട്ടറി നിക്ക് തോമസ് സിമണ്ട്സ് രംഗത്തെത്തി. സംഭവത്തിൽ എന്ത് നടപടിയാണ് ആഭ്യന്തരവകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് സെക്രട്ടറി വിശദീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഗവൺമെന്റിന്റെ അസ്ഥിരതയെയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ പോലീസ് വകുപ്പിന്റെ പോലീസ് നാഷണൽ കമ്പ്യൂട്ടറിന്റെ ഭാഗത്തുനിന്നുള്ള ടെക്നിക്കൽ വീഴ്ച പരിഹരിച്ചിട്ടുണ്ടെന്നും, ആവശ്യമായ വിവരങ്ങൾ ഒന്നുംതന്നെ നഷ്ടപ്പെട്ടിട്ടില്ലെന്നും ആഭ്യന്തരവകുപ്പ് പുറത്തിറക്കിയ വാർത്താകുറിപ്പിൽ രേഖപ്പെടുത്തുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ലണ്ടനിൽ നാളെ നാല് ഇഞ്ചോളം മഞ്ഞ് പെയ്യുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇംഗ്ലണ്ടിൽ ഇന്ന് മൈനസ് 11.8 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. നാളെ രാവിലെ 3 മണി മുതൽ രാത്രി 8 മണി വരെ ലണ്ടനിൽ മുഴുവനും മഞ്ഞു പെയ്യാൻ വളരെ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ജനങ്ങൾക്ക് നൽകി കഴിഞ്ഞിരിക്കുകയാണ്. ചിലയിടങ്ങളിൽ വെള്ളപ്പൊക്കത്തിനുള്ള സാധ്യതയും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അധികൃതർ പ്രവചിക്കുന്നുണ്ട്. നിലവിലെ സാഹചര്യം മൊബൈൽഫോൺ നെറ്റ് വർക്കുകളെയും മറ്റും ബാധിക്കുമെന്നാണ് വിലയിരുത്തുന്നത്. ലണ്ടൻ, എസ്സെക്സ്,നോർഫോക്, സസ്സെക്സ്, കെന്റ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം മുന്നറിയിപ്പ് നൽകി കഴിഞ്ഞു.

ഇതിനിടെ വാക്സിൻ വിതരണത്തെ മോശം കാലാവസ്ഥ ബാധിക്കുമെന്നാണ് നിഗമനം. എന്നാലും കാലാവസ്ഥയെ അവഗണിച്ച് വാക്സിൻ വിതരണം സുഗമമായ രീതിയിൽ നടത്താൻ അധികൃതർ എല്ലാവരും പരിശ്രമിക്കുന്നുണ്ട്. യാത്ര ചെയ്യുന്നവർ കർശന ജാഗ്രതപാലിക്കണമെന്ന് നിർദ്ദേശം അധികൃതർ നൽകുന്നുണ്ട്. വീടുകളിൽ ഉള്ളവർ പരിസരങ്ങളിൽ ഉള്ള മഞ്ഞ് നീക്കം ചെയ്യുവാൻ ശ്രമിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.

കാലാവസ്ഥ മോശമായതിനാൽ സ്കൂളുകളും മറ്റും അടയ്ക്കുവാനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്. കോവിഡ് വാക്സിൻ ലഭിക്കാൻ ബുക്ക് ചെയ്തിട്ടുള്ള പ്രായമായവർ , കാലാവസ്ഥ മോശമായതിനാൽ മാറ്റി ബുക്ക് ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ജനങ്ങൾ എല്ലാവരും ജാഗ്രത പാലിക്കണമെന്ന പൊതുവായ നിർദേശം നൽകിക്കഴിഞ്ഞു.

സ്വന്തം ലേഖകൻ

യു കെ :- കൊറോണ വൈറസിനെ ജനിതകമാറ്റം സംഭവിക്കാനുള്ള സാധ്യത വർധിച്ചുവരികയാണെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. 24 മണിക്കൂറിനുള്ളിൽ തന്നെ ജനിതക മാറ്റം സംഭവിച്ച മൂന്ന് പുതിയ വൈറസുകളെയാണ് യു എസ് ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നത്. കൂടുതൽ ആളുകൾക്ക് രോഗം ബാധിക്കുന്നതും പുതിയ വൈറസ് സ്‌ട്രെയിനുകൾ ഉണ്ടാകുന്നതിനു കാരണമാകുമെന്ന് അവർ അഭിപ്രായപ്പെടുന്നു. കൂടുതൽ ആളുകൾക്ക് രോഗം ബാധിക്കുമ്പോൾ, ഓരോരുത്തരുടെയും ശരീരവസ്ഥയോട് ചെറുത്തുനിൽക്കുന്ന തരത്തിലുള്ള പുതിയ വൈറസുകൾ രൂപപ്പെടുന്നതിന് കാരണമാകും.

വൈറസ് കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നത് കൂടുതൽ ജനിതക മാറ്റത്തിന് കാരണമാകും എന്ന് യൂണിവേഴ്സിറ്റി ഓഫ് വാഷിങ്ടണിലെ എപിഡെമോളജിസ്റ്റ് ഡോക്ടർ അലി വ്യക്തമാക്കി. ഇങ്ങനെയാണ് യുകെയിൽ ബി 117 എന്ന വൈറസ് രൂപപ്പെട്ടത് എന്ന് അദ്ദേഹം പറഞ്ഞു. യുഎസിൽ കണ്ടെത്തിയിരിക്കുന്ന 20സി -യു എസ്‌ സ്ട്രെയിൻ ആണ് നിലവിൽ ഏറ്റവും കൂടുതൽ അപകടകരമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഈ സ്ട്രെയിൻ ഓസ്ട്രേലിയ, ന്യൂസിലൻഡ്, ഇസ്രായേൽ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിൽ ചെറിയതോതിൽ കണ്ടെത്തിയിട്ടുണ്ട്.

പല രാജ്യങ്ങളിലും ഇത്തരത്തിൽ പല സ്ട്രെയിനുകളും പുതിയതായി രൂപപ്പെടുന്നുണ്ട്. വാക്സിനുകൾ ഇത്തരം സ്ട്രെയിനുകൾക്ക് ഫലപ്രദം ആകുമോ എന്ന കണ്ടെത്തലിലാണ് ശാസ്ത്രജ്ഞർ.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡ് 19 മഹാമാരി ഇംഗ്ലണ്ടിൽ ആരംഭിച്ചിട്ട് ഒരു വർഷം തികയുമ്പോൾ കൊറോണ വൈറസിനോട് അനുബന്ധിച്ചുള്ള പഠനങ്ങൾ ലോകമെങ്ങും പുരോഗമിക്കുകയാണ് . കോവിഡ് -19 ബാധിച്ച രോഗികളിൽ പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് നടത്തിയ പഠനം വളരെയേറെ ശ്രദ്ധേയമാവുകയാണ് . പിഎച്ച് ഇയുടെ പഠന ഫലമായി കൊറോണ വൈറസ് ബാധിച്ചവരിൽ ഏകദേശം 5 മാസത്തേയ്ക്ക് ആർജ്ജിത പ്രതിരോധശേഷി കൈവരുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഈ കാലയളവ് ഓക്സ്ഫോർഡ് വാക്സിൻ നൽകുന്ന പ്രതിരോധ ശേഷിയേക്കാൾ കൂടുതലാണെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു.

പഠനറിപ്പോർട്ടിൽ പറയുന്നതനുസരിച്ച് നേരത്തെ രോഗംബാധിച്ച 6614 എൻഎച്ച്എസ് ജോലിക്കാരിൽ 44 പേർക്ക് വീണ്ടും രോഗം പിടിപെട്ടിട്ടുണ്ട്. കൊറോണ വൈറസ് ബാധിതരിൽ 94 ശതമാനം വരെ വൈറസിനെതിരെ പ്രതിരോധശേഷി ഉണ്ടാകുന്നു എന്നാണ് വിദഗ്ധാഭിപ്രായം. അതുപോലെതന്നെ രോഗബാധിതരിൽ 83% മറ്റുള്ള വൈറസ് ബാധയ്ക്കെതിരെയും പ്രതിരോധം ആർജ്ജിക്കപ്പെടുന്നുണ്ട് എന്ന് പഠനം സൂചിപ്പിക്കുന്നു. ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ കൊറോണ വൈറസിനെകുറിച്ചും ബാധിച്ചവരിൽ ഉണ്ടാവുന്ന പ്രശ്നങ്ങളെക്കുറിച്ചും ഒട്ടേറെ പഠനങ്ങൾ പുരോഗമിക്കുന്നുണ്ട്. പക്ഷേ പഠനങ്ങളുടെ ആധികാരികത ഉറപ്പിക്കാൻ വളരെ നാളത്തെ വിവരങ്ങൾ വേണ്ടിവരും എന്നുള്ളതാണ് പ്രധാനമായും ഗവേഷകർ നേരിടുന്ന വെല്ലുവിളി. നിലവിലുള്ള പഠനങ്ങളെല്ലാം പുരോഗമിക്കുന്നത് ഒരു വർഷത്തിൽ താഴെ ശേഖരിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയാണ്.

RECENT POSTS
Copyright © . All rights reserved