ന്യൂസ് ഡെസ്ക് മലയാളം യുകെ
ആർഎം റ്റി യൂണിയനിലെ തൊഴിലാളികൾ നടത്തിയ പണിമുടക്ക് യാത്രക്കാരെ ദുരിതത്തിലാക്കി. തുടർച്ചയായ രണ്ടാം ശനിയാഴ്ചയാണ് 20000 റെയിൽവേ ജീവനക്കാർ പണിമുടക്കുന്നത്. ശമ്പളം, ജോലി, തൊഴിൽ സാഹചര്യങ്ങൾ എന്നീ കാര്യങ്ങളിൽ തൊഴിലാളികളും മാനേജ്മെന്റും തമ്മിലുള്ള പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കാതെ മുന്നോട്ടുപോവുകയാണ്. മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകളെക്കുറിച്ച് കൂടുതൽ ചർച്ചകൾക്കായി സർക്കാരിൻറെ നിർദ്ദേശത്തിനായി കാത്തിരിക്കുകയാണ് തങ്ങൾ എന്ന് ആർഎം റ്റി യൂണിയൻ പറഞ്ഞു. എന്നാൽ നിലവിൽ മുന്നോട്ട് അംഗീകരിച്ചിരിക്കുന്ന ശമ്പള ഓഫർ ജീവനക്കാർ അംഗീകരിക്കണമെന്നാണ് സർക്കാർ നിലപാട്.
തുടർച്ചയായ റെയിൽവേ ജീവനക്കാരുടെ പണിമുടക്കുകൾ വലിയതോതിൽ ജനങ്ങൾക്ക് ദുരിതമാണ് സമ്മാനിച്ചിരിക്കുന്നത്. സ്കൂളുകൾക്ക് 6 ആഴ്ചത്തെ വേനൽ അവധി ആയതിനാൽ അവധിക്കാല യാത്ര പദ്ധതിയിട്ടിരുന്ന ഒട്ടേറെ പേരെ റെയിൽവേ പണിമുടക്കുകൾ ബാധിച്ചതായാണ് റിപ്പോർട്ടുകൾ . ലണ്ടനിലെ ഓവലിൽ നടന്ന 5-ാം ആഷസ് ടെസ്റ്റ് പരമ്പര കാണാൻ തയ്യാറെടുത്ത ഒട്ടേറെ ക്രിക്കറ്റ് പ്രേമികളെ സമരം പ്രതികൂലമായി ബാധിച്ചു. ജൂലൈ 27 -ാം തീയതി വ്യാഴാഴ്ച മുതൽ ജൂലൈ 31 തിങ്കളാഴ്ച വരെയാണ് ആഷസ് ടെസ്റ്റ് നടക്കുന്നത്.
ഇന്നലെ ശനിയാഴ്ച നടന്ന ആർഎം റ്റി യൂണിയൻറെ സമരം അവർ പ്രഖ്യാപിച്ചിരുന്ന സമരപരമ്പരകളിലെ അവസാനത്തേതായിരുന്നു. ആർഎം റ്റി യൂണിയൻ ഇനി സമരം നടത്തുന്നതിന് കുറഞ്ഞത് 14 ദിവസത്തെ നോട്ടീസ് നൽകേണ്ടതുണ്ട്. സമരങ്ങൾ എന്ന് അവസാനിക്കും എന്ന ചോദ്യത്തിന് ഒന്നും അറിയില്ലെന്നും ചർച്ചകൾക്ക് മുതിരാത്ത ഒരു സർക്കാരാണ് നമ്മൾക്ക് ഉള്ളതെന്നും ആർഎം റ്റി യൂണിയൻ ജനറൽ സെക്രട്ടറി മിക്ക് ലിങ്ങ് പറഞ്ഞു. 4 വർഷമായി തൊഴിലാളികൾക്ക് വേതന വർദ്ധനവ് ഉണ്ടായിട്ടില്ല. എന്നാൽ അതിലും പ്രധാനപ്പെട്ട വിഷയം ജോലി വെട്ടിക്കുറയ്ക്കൽ മൂലമുള്ള പ്രശ്നങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. 2300 യൂണിയൻ അംഗങ്ങൾ ഈ ജോലി ഉപേക്ഷിച്ച് കേറ്ററിംഗ് , എൻജിനീയറിങ് തുടങ്ങിയ മേഖലകളിലേയ്ക്ക് മാറാൻ പദ്ധതിയിടുന്നതായിട്ടാണ് യൂണിയൻ പറയുന്നത്.
റ്റിജി തോമസ്
ഇംഗ്ലണ്ടിൽ ഒട്ടാകെ നടന്ന ഖനി തൊഴിലാളികളുടെ പണിമുടക്കിനെ കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ നമ്മൾക്ക് നാഷണൽ കോൾ മൈനിങ് മ്യൂസിയത്തിൽ നിന്ന് ലഭിക്കും.
1893- ല്‍ വേതനം കുറയ്ക്കാനുള്ള ഖനി ഉടമകളുടെ ശ്രമങ്ങൾക്കെതിരെ 50,000 തൊഴിലാളികളാണ് യോർക്ക് ഷെയറിൽ ശക്തമായ സമരം നടത്തിയത്. മാസങ്ങളോളം നീണ്ടുനിന്ന സമരം അവസാനിച്ചത് ഖനി കളുടെ ഉടമസ്ഥർ തൊഴിലാളികളുടെ ആവശ്യങ്ങൾ അംഗീകരിച്ചതിനെ തുടർന്നാണ്. 1972 ലും 1974-ലും രാജ്യമൊട്ടാകെ നടന്ന ഖനി തൊഴിലാളികളുടെ പണിമുടക്കും എടുത്തു പറയേണ്ടതാണ്. 1972 – ലെ സമരം പ്രധാനമായും ശമ്പളം വർദ്ധനവിനും മെച്ചപ്പെട്ട തൊഴിൽ സാഹചര്യത്തിന് വേണ്ടിയും ആയിരുന്നെങ്കിൽ 1974 -ലെ പണിമുടക്ക് നിരവധി കൽക്കരി ഖനികൾ അടച്ചുപൂട്ടാൻ സർക്കാരെടുത്ത തീരുമാനത്തിനെതിരായിരുന്നു. ഇംഗ്ലണ്ടിലെ ഖനി തൊഴിലാളികൾക്കിടയിൽ നടന്ന എല്ലാ സമര മുന്നേറ്റങ്ങളിലും വെയ്ക്ക് ഫീൽഡിലെയും യോർക്ക് ഷെയറിലെയും ഖനി തൊഴിലാളികൾ മുന്നണി പോരാളികളായി മുന്നിലുണ്ടായിരുന്നു.
ഇംഗ്ലണ്ടിലെ കൽക്കരി ഖനനത്തിന്റെ ചരിത്രത്തിൽ പിഞ്ചുകുഞ്ഞുങ്ങൾ അടക്കം ആയിരക്കണക്കിന് തൊഴിലാളികൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്. പ്രത്യേകിച്ച് വേണ്ട സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്ത ആദ്യകാലങ്ങളിൽ മരണസംഖ്യയും ഉയർന്നതായിരുന്നു. 1862 -ൽ നോർത്ത് ആംബർലാൻഡിലെ ഹാർട്ട്ലി ഖനിയിൽ ഉണ്ടായ ദുരന്തത്തിൽ 204 ഖനി തൊഴിലാളികളാണ് മരിച്ചത്. പമ്പിങ് എൻജിന്റെ തകരാറുമൂലമുണ്ടായ വെള്ളപ്പൊക്കത്തിലാണ് ഇത്രയും പേർക്ക് ജീവൻ നഷ്ടപ്പെട്ടത്. മീഥൈൻ വാതകവും കൽക്കരി പൊടിയും ചോർന്നുണ്ടായ സ്ഫോടനത്തിൽ 439 ഖനി തൊഴിലാളികളാണ് സൗത്ത് വെയിൽസിലെ സെൻഗനൈവ് ഖനിയിൽ ജീവൻ വെടിഞ്ഞത്. യോർക്ക് ഷെയറിലെ ബാർൺസ്ലി (Barnsley) ഓക്സ് ഖനിയിൽ ഉണ്ടായ ദുരന്തത്തിൽ 361 ഖനി തൊഴിലാളികൾ മരിച്ചു. തീ പിടിക്കുന്ന വാതകങ്ങളുടെ സാന്നിധ്യവും മെച്ചപ്പെട്ട വായു സഞ്ചാരമില്ലായ്മയും പരമ്പരാഗത രീതിയിലുള്ള വിളക്കുകളും ഉപയോഗിച്ചതുമാണ് ആദ്യകാലങ്ങളിൽ ഉണ്ടായ പല ദുരന്തങ്ങൾക്കും പ്രധാന കാരണമായത്. ഓരോ ദുരന്തങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട് ഒട്ടേറെ മാറ്റങ്ങളാണ് ഖനികളിൽ വന്നു കൊണ്ടിരുന്നു. ഖനികളുടെ ആധുനികവത്കരണത്തിന് അനേകരുടെ ജീവൻ ബലി കൊടുത്തതിന്റെ ചരിത്രവും കോൾ മൈനിങ് മ്യൂസിയത്തിൽ സന്ദർശകർക്കായി പ്രദർശിപ്പിച്ചിട്ടുണ്ട്.
സമരങ്ങളുടെയും ദുരന്തങ്ങളുടെയും ചരിത്രത്തിലൂടെ കടന്നുപോകുമ്പോഴും മനസ്സിൽ തങ്ങിനിൽക്കുന്ന ചില പേരുകൾ ഉണ്ടായിരുന്നു. എട്ടും ഒൻപതും വയസ്സ് മാത്രമായ കുട്ടികളുടെ പേരുകൾ . പേരുകൾക്ക് അപ്പുറം അവരുടെ ദുരന്തത്തെ അറിയണമെങ്കിൽ നമ്മൾ പോയേ പറ്റൂ യഥാർത്ഥ ഖനികളുടെ ഭീകരതയിലേയ്ക്ക് . ഒരു പെരുച്ചാഴിയെ പോലെ 150 മീറ്ററോളം ഭൂമിക്കടിയിലുള്ള തുരങ്ക പാതയിലൂടെ മുന്നേറുമ്പോൾ ഭയം മനസ്സിനെ പൊതിയുന്നത് നമ്മൾ അറിയും. എവിടെയോ ശ്വാസം കിട്ടാതെ , തീപിടുത്തത്തിലൊ മറ്റോ അകാല മൃത്യു വരിച്ച കുട്ടികളുടെ കരച്ചിലിന്റെ മറ്റൊലികൾ ഭൂമിക്കടിയിലെ തുരങ്ക പാതയിൽ നാം ശ്വസിക്കുന്ന വായുവിൽ അലിഞ്ഞു ചേർന്നത് നമ്മൾക്ക് അനുഭവവേദ്യമാകും.
(തുടരും)
റ്റിജി തോമസ് : റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.
യുകെ സ്‌മൃതികളുടെ മുൻ അധ്യായങ്ങൾ വായിക്കാം ….
എവിടെ ഓഫർ കിട്ടുമോ അവിടെ മലയാളി ഉണ്ട് … യുകെ സ്‌മൃതികൾ : അധ്യായം 5 . സൂപ്പർ മാർക്കറ്റിൽ.
റ്റിജി തോമസ്
ഇംഗ്ലണ്ടിലെ ഏറ്റവും വലിയ കൽക്കരി നിക്ഷേപം ഉള്ള സ്ഥലമാണ് യോർക്ക് ഷെയർ. പുരാതനകാലം മുതൽ ഒരു ഇന്ധനം എന്ന രീതിയിൽ കൽക്കരിയുടെ ഉപയോഗം ഇവിടെ നിലനിന്നിരുന്നു. യോർക്ക് ഷെയറിന്റെ ഭാഗമായ വെയ്ക്ക് ഫീൽഡിൽ മധ്യ കാലഘട്ടം മുതൽ കൽക്കരി ഖനനം ഉണ്ടായിരുന്നു . എങ്കിലും 18-ാം നൂറ്റാണ്ടോടെയാണ് ഒരു വ്യവസായം എന്ന നിലയിൽ കൽക്കരി ഖനനം വളർന്നത്. ആ കാലഘട്ടത്തിൽ വെയ്ക്ക് ഫീൽഡിലും പരിസരപ്രദേശങ്ങളിലും 46 ചെറുകിട ഖനികൾ ഉണ്ടായിരുന്നു.
നാഷണൽ കോൾ മൈനിങ് മ്യൂസിയം സന്ദർശിക്കുമ്പോൾ വെയ്ക്ക് ഫീൽഡിന്റെയും യോർക്ക് ഷെയറിന്റെയും മാത്രമല്ല ഇംഗ്ലണ്ടിന്റെ ഒട്ടാകെയുള്ള കൽക്കരി ഖനനത്തിൻ്റെ ചരിത്രം സന്ദർശകർക്കു മുൻപിൽ അനാവരണം ചെയ്യപ്പെടും.
വ്യവസായവൽക്കരണത്തിന്റെ തേരിലേറി കുതിച്ചുയർന്ന ഇംഗ്ലണ്ടിലെ തൊഴിൽ സമരങ്ങൾ പ്രധാനമായും കൽക്കരി ഖനന തൊഴിലാളികൾ നടത്തിയവയായിരുന്നു. ലോകമെങ്ങും തൊഴിലാളി വർഗ്ഗ മുന്നേറ്റത്തിന് വിത്തുപാകിയ കാറൽ മാർക്സിന്റെ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ തയ്യാറാക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചത് ഇംഗ്ലണ്ടിലെ കൽക്കരി ഖനി തൊഴിലാളികൾ നേരിട്ട ദുരവസ്ഥകൾ ആയിരുന്നു. ഇംഗ്ലണ്ടിലെ കൽക്കരി ഖനന വ്യവസായത്തെക്കുറിച്ചും ഖനി തൊഴിലാളികളെ വ്യാപകമായി ചൂഷണം ചെയ്യുന്നതും തൻറെ തൊഴിലാളിവർഗ്ഗ സിദ്ധാന്തങ്ങൾ അരക്കിട്ടുറപ്പിക്കാൻ കാറൽ മാർക്സ് ദൃഷ്ടാന്തമായി എടുത്തിട്ടുണ്ട്. തന്റെ പല ലേഖനങ്ങളിലും കൽക്കരി ഖനന തൊഴിലാളികളെയാണ് തൊഴിലാളി വർഗ്ഗത്തിന്റെ പ്രതിനിധികളായി മാർക്സ് പ്രതിഷ്ഠിച്ചത്.
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം കൽക്കരി ഖനനത്തിന്റെ നിയന്ത്രണം സർക്കാർ ഏറ്റെടുത്തതോടെ കൽക്കരി വ്യവസായത്തിന്റെ ദേശസാത്ക്കാരം നടന്നു. ഇത് ഒരു പരുധിവരെ സ്വകാര്യ മുതലാളിമാരുടെ തൊഴിൽ പീഡനങ്ങൾക്ക് അറുതി വരുത്താൻ സഹായിച്ചു. ഇംഗ്ലണ്ടിലെ കൽഹരി ഖനന വ്യവസായം 20-ാം നൂറ്റാണ്ടിൽ കാര്യമായ മാറ്റങ്ങൾക്ക് വിധേയമായി. 1990 കളോടെ ഇംഗ്ലണ്ടിലെ മിക്ക ഖനികളും അടച്ചുപൂട്ടി. അതിൻറെ ഫലമായി ഖനികളിൽ ജോലി ചെയ്തിരുന്ന പല തൊഴിലാളികൾക്കും ജോലി നഷ്ടമുണ്ടായി.
നാഷണൽ കോൾ മൈനിങ് മ്യൂസിയത്തിലൂടെ പ്രദക്ഷിണം വയ്ക്കുമ്പോൾ മേൽപ്പറഞ്ഞ ചരിത്ര നാളുകളിലൂടെയാണ് സന്ദർശകന്റെ മനസ്സ് സഞ്ചരിക്കുന്നത്. അതോടൊപ്പം ഖനി തൊഴിലാളികൾ അടിച്ചമർത്തലത്തിനെതിരെ നടത്തിയ ഐതിഹാസിക സമരങ്ങളുടെ രേഖാചിത്രവും ഇവിടെ അനാവരണം ചെയ്തിട്ടുണ്ട്.
(തുടരും)
റ്റിജി തോമസ് : റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.
യുകെ സ്‌മൃതികളുടെ മുൻ അധ്യായങ്ങൾ വായിക്കാം ….
എവിടെ ഓഫർ കിട്ടുമോ അവിടെ മലയാളി ഉണ്ട് … യുകെ സ്‌മൃതികൾ : അധ്യായം 5 . സൂപ്പർ മാർക്കറ്റിൽ.
റ്റിജി തോമസ്
കുറച്ച് നാളത്തേയ്ക്ക് എൻറെ ഉറക്കം കെടുത്താൻ പര്യാപ്തമായിരുന്നു നാഷണൽ കോൾ മൈനിങ് മ്യൂസിയത്തിലെ സന്ദർശനം. ബ്രിട്ടന്റെ കൽക്കരി ഖനനത്തിന്റെ ആദ്യ നാളുകളിലെ കരിപിടിച്ച ജീവിതങ്ങളും ദുരവസ്ഥകളും ഏറെ നാൾ നമ്മുടെ മനസ്സിൽ തളംകെട്ടി നിൽക്കും. കൽക്കരി ഖനനത്തിനായി ഇരുണ്ട തുരങ്കങ്ങളിൽ ജീവൻ നഷ്ടപ്പെട്ട പിഞ്ചു കുട്ടികളുൾപ്പെടെയുള്ളവരുടെ ദീനരോദനം നമ്മുടെ സ്വപ്നങ്ങളിൽ പോലും കുറെ നാളത്തേയ്ക്ക് കണ്ണീരണിയിക്കും. ചരിത്രത്തിൻറെ കറുത്ത ഓർമ്മകളെ ഒട്ടും ഒളിച്ചു വയ്ക്കാതെ ഇവിടെ പുനരവതരിപ്പിരിക്കുന്നു എന്നത് നാഷണൽ കോൾ മൈനിങ്ങ് മ്യൂസിയത്തിന്റെ പ്രത്യേകതയാണ്.
യോർക്ക് ഷെയറിലെ വെയ്ക്ക് ഫീൽഡിലാണ് നാഷണൽ കോൾ മൈനിങ് മ്യൂസിയം ഇംഗ്ലണ്ട്. ജോജിയുടെ വീട്ടിൽ നിന്ന് കാറിൽ 20 മിനിറ്റ് ഡ്രൈവ് ചെയ്യാനുള്ള ദൂരം മാത്രം. രണ്ടു ദിവസമായിട്ടാണ് ഞങ്ങളുടെ മ്യൂസിയം സന്ദർശനം പൂർത്തിയായത്.
ഇംഗ്ലണ്ടിന്റെ വ്യവസായ വളർച്ച കൽക്കരി ഖനനത്തിൻ്റെ തോളിലേറിയായിരുന്നു. അതുകൊണ്ടുതന്നെ ബ്രിട്ടന്റെ വ്യവസായിക പൈതൃകത്തിന്റെ ശ്രദ്ധേയമായ സാക്ഷ്യമാണ് മൈനിങ് മ്യൂസിയം. ആദ്യകാലത്ത് കൽക്കരി ഖനന തൊഴിലാളികളുടെ കരിപിടിച്ച ജീവിതത്തെ അനാവരണം ചെയ്യുന്ന ഒട്ടേറെ കാഴ്ചകൾ മ്യൂസിയം നമ്മൾക്ക് സമ്മാനിക്കും. കൽക്കരി ഖനനത്തിന്റെ ആദ്യകാലങ്ങളിൽ ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ തുടങ്ങി ആധുനികവൽക്കരണത്തിന്റെ വരെയുള്ള ചരിത്രം സന്ദർശകർക്ക് അനാവരണം ചെയ്യുന്നതിൽ മ്യൂസിയം വിജയിച്ചു എന്ന് തന്നെ പറയാം.
നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് ഇംഗ്ലണ്ടിലെ കൽക്കരി ഉപയോഗത്തിനും ഖനനത്തിനും. രാജ്യത്തിൻറെ വികസനം രൂപപ്പെടുത്തുന്നതിനും വ്യവസായിക വിപ്ലവത്തിന് ആക്കം കൂട്ടുന്നതിനും കൽക്കരി ഖനനത്തിന് നിർണായക പങ്കുണ്ട്.
കൽക്കരി വ്യവസായം ഇംഗ്ലണ്ടിൽ വേരുപിടിച്ച് വളർന്നതിൽ അത്ഭുതമില്ല. സ്റ്റീം എഞ്ചിൻ കണ്ടുപിടിച്ചത് ഇംഗ്ലീഷ് എൻജിനീയറായ തോമസ് സേവേരി ആണ് . തുടർന്ന് പരിഷ്കരിച്ച സ്റ്റീം എൻജിൻ വികസിപ്പിച്ച തോമസ് ന്യൂകോമനും ഇംഗ്ലീഷുകാരനായിരുന്നു. 1764 -ൽ സ്റ്റീം എൻജിൻ ഇന്നത്തെ രൂപത്തിൽ വികസിപ്പിക്കുന്നതിന് മുഖ്യ പങ്ക് വഹിച്ച പ്രശസ്ത ശാസ്ത്രജ്ഞനായ ജെയിംസ് വാട്ട് സ്കോട്ടിഷ് ശാസ്ത്രജ്ഞനായിരുന്നു. യൂണിവേഴ്സിറ്റി ഓഫ് ഗ്ലാസ്ഗോയിൽ ജോലി ചെയ്യുമ്പോഴായിരുന്നു അദ്ദേഹം ആ നേട്ടം സ്വന്തമാക്കിയത്.
ഇവയൊക്കെ ഇംഗ്ലണ്ടിൻ്റെ വ്യവസായ വളർച്ചയ്ക്കും സാമ്പത്തിക പുരോഗതി കൈവരിക്കുന്നതിനും വളരെയേറെ സഹായിച്ചിട്ടുണ്ട്.
( തുടരും )
റ്റിജി തോമസ് : റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.
യുകെ സ്‌മൃതികളുടെ മുൻ അധ്യായങ്ങൾ വായിക്കാം ….
എവിടെ ഓഫർ കിട്ടുമോ അവിടെ മലയാളി ഉണ്ട് … യുകെ സ്‌മൃതികൾ : അധ്യായം 5 . സൂപ്പർ മാർക്കറ്റിൽ.
റ്റിജി തോമസ്
യുകെയിൽ എത്തിയപ്പോൾ ഒരു വിദ്യാഭ്യാസ സ്ഥാപനം എങ്കിലും സന്ദർശിക്കണമെന്നത് എൻറെ ഒരു ആഗ്രഹമായിരുന്നു. അവിചാരിതമായിട്ടാണ് അതിന് അവസരം ഒത്തുവന്നത്. വെറുതെ സന്ദർശിക്കുക മാത്രമല്ല, വളരെ അടുത്ത് അറിയാനും സാധിച്ചു. 23 വർഷമായി കോളേജ് വിദ്യാഭ്യാസ രംഗത്ത് ജോലി ചെയ്യുന്ന അധ്യാപകനായ എന്നെ സംബന്ധിച്ചിടത്തോളം അത് വളരെ വലിയ ഒരു മുതൽക്കൂട്ടായി തീർന്നു.
ജോജിയുടെ മകൾ ആൻ ജോജിയുടെയും സഹപാഠികളായ ഇസബെല്ലിന്റെയും സിവിന്റെയും ഉന്നത വിദ്യാഭ്യാസത്തിനോട് അനുബന്ധിച്ചാണ് ഞങ്ങൾ ലീഡ്സിലെ നോട്രെ ഡാം കാത്തലിക് സിക്സ്ത് ഫോം കോളേജിൽ ( Notre Dame Catholic Sixth Form College) എത്തിയത്. ഇസബെല്ലിന്റെ പിതാവായ അഭിലാഷും സിവിൻെറ പിതാവായ വിജിയും ഞങ്ങളുടെ ഒപ്പം ഉണ്ടായിരുന്നു . കണ്ണൂർ പയ്യാവൂർ ആണ് അഭിലാഷിന്റെ സ്വദേശം . വിജി തൃശ്ശൂരിനടുത്തുള്ള കൊരട്ടി സ്വദേശിയാണ്.
ആനിന്റെയും ഇസബല്ലിന്റെയും സിവിന്റെയും ടേസ്റ്റ് ടൈമിന്റെ ഭാഗമായിട്ടാണ് നമ്മൾ ലീഡ്സിലെ നോട്രെ ഡാം കാത്തലിക് സിക്സ്ത് ഫോം കോളേജിൽ പോകുന്നതെന്ന് ജോജി എന്നോട് പറഞ്ഞിരുന്നു. യുകെയിലെ കോളേജുകളും യൂണിവേഴ്സിറ്റികളും തങ്ങളുടെ സ്ഥാപനത്തിൽ ചേർന്ന് പഠിക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് പ്രവേശനം സംബന്ധിച്ച് തീരുമാനമെടുക്കാൻ നൽകുന്ന അവസരമാണ് ടേസ്റ്റ് ടൈം . അതിൻറെ ഭാഗമായി തങ്ങൾ പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികൾക്ക് സന്ദർശിക്കാം.
വെറുതെ ഒരു സന്ദർശനത്തിൽ ഒതുങ്ങുന്നില്ല ടേസ്റ്റ് ടൈം . അതിലുപരി തങ്ങൾ പഠിക്കാൻ പോകുന്ന വിദ്യാഭ്യാസ സ്ഥാപനത്തെ കുറിച്ചും വിവിധതരം കോഴ്സുകൾ, അധ്യാപന രീതികൾ എന്നിവയെ കുറിച്ചും മനസ്സിലാക്കാനും അധ്യാപകരെ നേരിൽ കണ്ട് സംസാരിക്കാനും ഓരോ കോഴ്സിന്റെയും പ്രത്യേകതകളെക്കുറിച്ച് ആഴത്തിലുള്ള ഉൾക്കാഴ്ചകൾ സമ്പാദിക്കാനും ടേസ്റ്റ് ടൈം വിദ്യാർത്ഥികളെയും മാതാപിതാക്കളെയും സഹായിക്കും.
വളരെ വിപുലമായ ഒരു ടേസ്റ്റ് ടൈം ആണ് നോട്രെ ഡാം കാത്തലിക് സിക്സ്ത് ഫോം കോളേജ് ഒരുക്കിയിരുന്നത്. സിസ്റ്റേഴ്‌സ് ഓഫ് നോട്രെ ഡാം 1898 -ൽ ലീഡ്സിൽ പ്രവർത്തനം ആരംഭിച്ചതാണ് ഈ വിദ്യാഭ്യാസ സ്ഥാപനത്തിൻറെ തുടക്കം കുറിക്കാൻ കാരണമായത്. സയൻസ്, മാത്തമാറ്റിക്സ്, ഹ്യൂമാനിറ്റീസ് ഉൾപ്പെടെ എട്ടോളം എ ലെവൽ (നമ്മുടെ പ്ലസ് ടു ) കോഴ്സുകൾക്ക് വിദ്യാർത്ഥികൾക്ക് ഇവിടെ ചേർന്ന് പഠിക്കാൻ സാധിക്കും .
ഒരു ഉത്സവ അന്തരീക്ഷത്തിലേക്കാണ് ഞങ്ങൾ എത്തിച്ചേർന്നത്. വിവിധ സ്ഥലങ്ങളിൽ നിന്ന് ഒട്ടേറെ വിദ്യാർത്ഥികളും മാതാപിതാക്കളും ടേസ്റ്റ് ടൈമിൽ പങ്കെടുക്കാനായിട്ട് എത്തിച്ചേർന്നിട്ടുണ്ട്. വിദ്യാർത്ഥികളെയും മാതാപിതാക്കളെയും സ്വീകരിച്ച് കോളേജിൻറെ ബ്രോഷർ നൽകി അവർക്ക് താല്പര്യമുള്ള ഡിപ്പാർട്ട്മെന്റുകളിലേയ്ക്ക് ആനയിക്കുന്നു . ആനിന്റെ ഒപ്പം ഞാൻ ആദ്യം സന്ദർശിച്ചത് സയൻസ് ഡിപ്പാർട്ട്മെൻറ് ആണ് . പഠിക്കുന്ന വിഷയത്തെക്കുറിച്ചും വിവിധങ്ങളായ ലബോറട്ടറി സൗകര്യങ്ങളെ കുറിച്ചും വിശദമായി വിവരങ്ങൾ മുതിർന്ന വിദ്യാർത്ഥികൾ നൽകുന്നു. ഒപ്പം എല്ലാ കാര്യങ്ങൾക്കും മേൽനോട്ടം വഹിച്ച് അധ്യാപകരും.
ലാബ്, ലൈബ്രറി, ഓഡിറ്റോറിയം തുടങ്ങി എല്ലാ സ്ഥലങ്ങളും ഞങ്ങൾ സന്ദർശിച്ചു. നമ്മുടെ നാടുമായി താരതമ്യം ചെയ്യുമ്പോൾ പല കാര്യങ്ങളും എന്നെ അത്ഭുതപ്പെടുത്തി. ഒരു പഞ്ചനക്ഷത്ര ഹോട്ടലിന് സമാനമായിരുന്ന വിദ്യാർത്ഥികൾക്കുള്ള ടോയ് ലറ്റ് സൗകര്യങ്ങൾ .
കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്ട്മെൻറ് സന്ദർശിക്കണമെന്ന എൻറെ ആഗ്രഹം അറിയിച്ചപ്പോൾ അവിടെ പഠിക്കുന്ന ഒരു വിദ്യാർത്ഥി എന്നെ സഹായിക്കാനെത്തി. കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്ട്മെൻറ് അധ്യാപകരുമായി സംസാരിക്കാൻ സാധിച്ചത് നമ്മുടെയും അവരുടെയും പാഠ്യ പദ്ധതികൾ താരതമ്യം ചെയ്യാൻ സഹായിച്ചു. വിവിധ രാജ്യങ്ങളിലെ ഭരണനേതൃത്വം കൈകാര്യം ചെയ്യുന്നവരും ഒളിമ്പിക്സ് സ്വർണ്ണ മെഡൽ ജേതാക്കളുമുൾപ്പെടെയുള്ള വളരെ പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികളെ കുറിച്ചുള്ള വിവരങ്ങൾ കോളേജിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 25 വർഷമായി തദ്ദേശീയരെ കൂടാതെ ഇൻറർനാഷണൽ സ്റ്റുഡൻസും നോട്രെ ഡാം കോളേജിൽ പഠിക്കുന്നുണ്ട്. 1900 ഓളം വിദ്യാർഥികൾ പഠിക്കുന്നതിൽ 3 ശതമാനം വിദേശ വിദ്യാർഥികളാണ്.
രണ്ടു നൂറ്റാണ്ടിന്റെ അടുത്ത ചരിത്രമുള്ള ലീഡ്സ് ആർട്സ് യൂണിവേഴ്സിറ്റി ഉൾപ്പെടെ ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രശസ്തമാണ് ലീഡ്സ്. അതുകൊണ്ടു തന്നെ തദേശരും വിദേശരുമായ ഒട്ടേറെ വിദ്യാർത്ഥികളാണ് ലീഡ്സിൽ പഠനത്തിനായി എത്തിച്ചേർന്നിട്ടുള്ളത്. ലീഡ്‌സ് ആർട്സ് യൂണിവേഴ്സിറ്റി സന്ദർശിക്കണമെന്ന ആഗ്രഹം സമയപരിമിതി കൊണ്ട് സാധിക്കാനായില്ല. യൂണിവേഴ്സിറ്റിയുടെ കവാടത്തിൽ നിന്ന് ഫോട്ടോയെടുത്ത് തൃപ്തിയടയേണ്ടി വന്നു. 18-ാം നൂറ്റാണ്ടിലെയും 19-ാം നൂറ്റാണ്ടിലെയും വ്യവസായ വിപ്ലവകാലത്ത് കമ്പിളിയുടെയും തുണിയുടെയും ഉത്പാദനത്തിലൂടെ വികസന കുതിപ്പ് നടത്തിയ ലീഡ്‌സിനോട് വിട പറയുമ്പോൾ സമയം ഏറെ വൈകിയിരുന്നു.
തുടരും….
റ്റിജി തോമസ് : റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.
യുകെ സ്‌മൃതികളുടെ മുൻ അധ്യായങ്ങൾ വായിക്കാം ….
എവിടെ ഓഫർ കിട്ടുമോ അവിടെ മലയാളി ഉണ്ട് … യുകെ സ്‌മൃതികൾ : അധ്യായം 5 . സൂപ്പർ മാർക്കറ്റിൽ.
റ്റിജി തോമസ്
ഇംഗ്ലണ്ടിലെ വെസ്റ്റ് യോർക് ക്ഷെയറിന്റെ ഭാഗമാണ് നൂറ്റാണ്ടുകളുടെ ചരിത്രം അവകാശപ്പെടാവുന്ന വെയ്ക്ക് ഫീൽഡ് പട്ടണം . ഡ്യൂക്ക് ഓഫ് യോർക്ക് പരാജയപ്പെടുകയും വധിക്കപ്പെടുകയും ചെയ്ത 1460-ലെ യുദ്ധം നടന്നത് വെയ്ക്ക് ഫീൽഡിൽ ആണ് . 18-ാം നൂറ്റാണ്ടിലും 19-ാം നൂറ്റാണ്ടിലുമായി ഇംഗ്ലണ്ടിൽ നടന്ന വ്യവസായ വിപ്ലവ കാലത്താണ് വെയ്ക്ക് ഫീൽഡ് വൻ പുരോഗതി ആർജ്ജിച്ചത്. അതിന് ഒരു പരുധിവരെ വെയ്ക്ക് ഫീൽഡിലെ കനാൽ സംവിധാനവും നിർണ്ണായകമായ പങ്കുവഹിച്ചിട്ടുണ്ട്. പ്രഭാത സവാരിയുടെ ഭാഗമായി രണ്ട് പ്രാവശ്യം വെയിക്ക് ഫീൽഡിലെ കനാലിന്റെ തീരത്ത് എത്തിച്ചേരാൻ എനിക്ക് സാധിച്ചു. അത് പിന്നീട് പറയാം.
20-ാം നൂറ്റാണ്ടിൽ വെയ്ക്ക് ഫീൽഡ് അറിയപ്പെടുന്ന ഒരു വ്യവസായ വാണിജ്യ കേന്ദ്രമായി വളർന്നു. 14-ാം നൂറ്റാണ്ടിൽ നിർമ്മിച്ച എല്ലാ വിശുദ്ധന്മാർക്കുമായി സമർപ്പിച്ചിരിക്കുന്ന വെയ്ക്ക് ഫീൽഡ് കത്തീഡ്രൽ, നാഷണൽ കോൾ മൈനിങ് മ്യൂസിയം തുടങ്ങി ഒട്ടേറെ സന്ദർശക പ്രാധാന്യമുള്ള സ്ഥലങ്ങൾക്ക് പ്രശസ്തമാണ് ഈ നഗരം . ഏകദേശം 150 ഓളം മലയാളി കുടുംബങ്ങളാണ് വെയ്ക്ക് ഫീൽഡിൽ ഉള്ളതെന്ന് ജോജി പറഞ്ഞു. വെസ്റ്റ് യോർക്ക് ഷെയർ മലയാളി അസോസിയേഷൻ , വെയ്ക്ഫീൽഡ് വാരിയേഴ്സ് സ്പോർട്സ് ആന്റ് ഗെയിംസ് എന്നീ അസോസിയേഷനുകളുടെ സാന്നിധ്യം പരസ്പരം സഹകരിക്കാനും സഹായിക്കാനും മലയാളികളെ ഒട്ടേറെ സഹായിക്കുന്നുണ്ട്.
രണ്ടായിരമാണ്ടിന്റെ ആരംഭത്തിലാണ് യുകെയുടെ ആരോഗ്യരംഗത്തേയ്ക്ക് മലയാളി നേഴ്സുമാരുടെ കുടിയേറ്റം ആരംഭിക്കുന്നത്. ആ സമയത്ത് വെയ്ക്ക് ഫീൽഡിൽ വന്ന ആദ്യ മലയാളിയാണ് സാജൻ സെബാസ്റ്റ്യനും ബിന്ദുവും . അതിനുമുമ്പ് കാഞ്ഞിരപ്പള്ളി സ്വദേശിനിയായ ഡോ. ഏലമ്മ മാത്യുവിനെ പോലുള്ള ചുരുക്കം ചില മലയാളികളെ വെയ്ക്ക് ഫീൽഡിൽ ഉണ്ടായിരുന്നുള്ളൂ.
സാജൻ സെബാസ്റ്റ്യനെയും ബിന്ദു സാജനെയും മക്കളായ ബിന്ദ്യയെയും മിയയെയും ജോജിയുടെയും മിനിയുടെയും സുഹൃത്തുക്കൾ എന്ന നിലയിൽ ഏറെ നാളായി എനിക്ക് പരിചയമുണ്ട്. കേരളത്തിൽ ചങ്ങനാശ്ശേരിയാണ് സാജൻ ചേട്ടൻറെ സ്വദേശം . യുകെയിൽ നിന്ന് അവധിക്ക് നാട്ടിൽ വരുമ്പോൾ പലപ്പോഴും ഞങ്ങൾ കണ്ടുമുട്ടാറുണ്ട്.
വളരെ അവിചാരിതമായിട്ടാണ് സാജൻ ചേട്ടനുമായി വെയ്ക്ക് ഫീൽഡിൽ ഒരു ഔട്ടിങ്ങിനു പോയത്.
യുകെയിലെ മലയാളികളിൽ ഭൂരിഭാഗവും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ്. വെയ്ക്ക് ഫീൽഡിൽ ഇത്രമാത്രം മലയാളികൾ ഉള്ളതിന്റെ പ്രധാന കാരണം പിൻറർ ഫീൽഡ് ഹോസ്പിറ്റൽ ആണെന്ന് സാജൻ ചേട്ടൻ പറഞ്ഞു . പിൻഡർ ഫീൽഡ് ഹോസ്പിറ്റൽ മിഡ് യോർക്ക് ക്ഷെയർ എൻ എച്ച് എസ് ട്രസ്റ്റിന്റെ ഭാഗമാണ്. ഹോസ്പിറ്റലിലെ വിശാലമായ സമുച്ചയം, ബസ് സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിലൂടെ ഞങ്ങൾ കാറിൽ യാത്ര ചെയ്തു.
മനോഹരമായ ലാൻഡ്സ്കേപ്പ് ആണ് എന്നെ ആകർഷിച്ച പ്രധാന ഘടകം. പലപ്പോഴും ദൂരെ കാണാൻ പറ്റുന്ന രീതിയിലുള്ള ചക്രവാളത്തിന്റെയും നീലാകാശത്തിന്റെയും ഭംഗി നമുക്ക് അവിസ്മരണീയമായ അനുഭൂതി പ്രദാനം ചെയ്യും. പാതയുടെ ഇരുവശത്തുമുള്ള മനോഹരമായ വൃക്ഷങ്ങളുടെ ഭംഗി മോഹിപ്പിക്കുന്നതാണ്.
പല സ്ഥലങ്ങളെ കുറിച്ച് രസകരമായ വിവരങ്ങൾ നൽകിയത് അദ്ദേഹത്തോടൊപ്പമുള്ള യാത്ര അവിസ്മരണീയമാക്കി . സാജൻ ചേട്ടനുമായുള്ള സംസാരത്തിൽ എനിക്ക് കിട്ടിയ ഒരു പുതിയ അറിവ് നമ്മുടെ നാടിനെ അപേക്ഷിച്ച് യുകെയിൽ ഡിപ്രഷൻ റേറ്റ് വളരെ കൂടുതലാണ് എന്നുള്ളതാണ്. ബ്രിട്ടന്റെ കാലാവസ്ഥപരമായ പ്രത്യേകതകളാണ് അതിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാണിച്ചത്.
യുകെയുടെ കാലാവസ്ഥ പലപ്പോഴും മേഘാവൃതമായതും മഴയുള്ളതുമാണ്. ഇതിനു പുറമേയാണ് പകൽ വെളിച്ചക്കുറവുള്ള ശൈത്യകാലം . സീസൺ അഫക്റ്റീവ് ഡിസോർഡർ പോലുള്ള വിഷാദരോഗങ്ങൾ കാലാവസ്ഥയുടെ പ്രത്യേകതകൾ കൊണ്ട് ഇവിടെയുള്ളവർക്ക് ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. സൂര്യപ്രകാശം കുറയുന്നത് മാനസികാരോഗ്യത്തിൽ ഒരു പ്രധാന പങ്കുവയ്ക്കുന്ന വഹിക്കുന്ന വിറ്റാമിൻ ഡി യുടെ അളവ് കുറയ്ക്കുന്നതിന് കാരണമായേക്കും. പകലിന്റെ ദൈർഘകുറവാണ് യുകെയിലെ വിഷാദ രോഗനിരക്ക് കൂടുന്നതിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഇടയ്ക്ക് അദ്ദേഹത്തിന്റെ വീട്ടിലും ഞങ്ങളെത്തി. വീട് പുതുക്കിപ്പണിയുന്നതിനെ കുറിച്ചുള്ള തൻറെ മനസ്സിലുള്ള പദ്ധതികൾ അദ്ദേഹം എന്നോട് പറഞ്ഞു. സാജൻ ചേട്ടൻറെ മൂത്തമകൾ ബിന്ദ്യാ സാജൻ ഡോക്ടറാണ്. രണ്ടാമത്തെ മകൾ മിയ ഒമ്പതാം ക്ലാസിൽ പഠിക്കുന്നു. ഭാര്യ ജോലി ചെയ്യുന്നത് പിൻറർ ഫീൽഡ് ഹോസ്പിറ്റലിലാണ്.
സാജൻ ചേട്ടൻറെ വീട്ടിൽനിന്ന് അദ്ദേഹം എന്നെ കൂട്ടിക്കൊണ്ടുപോയത് മഞ്ജുഷിന്റെയും ബിന്ദുവിന്റെയും വീട്ടിലേയ്ക്കാണ് . മഞ്ജുഷിന്റെ സ്വദേശം കോട്ടയത്തിനടുത്തുള്ള പിറവമാണ്. ഷെഫായിട്ടാണ് മഞ്ജുഷ് ജോലി ചെയ്യുന്നത് . ബിന്ദു പിന്റർഫീൽഡ് ഹോസ്പിറ്റലിലെ നേഴ്സാണ് . പല സൗഹൃദ കൂട്ടായ്മകളിലും സ്വാദേറിയ വിഭവങ്ങൾ കൊണ്ടും സ്നേഹം കൊണ്ടും എല്ലാവരുടെയും ഹൃദയം കവരുന്ന മഞ്ജുഷിന്റെ വീട്ടിൽ നല്ലൊരു കോർട്ടിയാർഡുണ്ട്. മനോഹരമായ ആപ്പിൾ മരം കായ്ച്ച് നിൽക്കുന്ന കോർട്ടിയാർഡിൽ നിന്ന് ഞങ്ങൾ ഫോട്ടോ എടുത്തു.
മറ്റൊരവസരത്തിൽ എന്നെ കണ്ടപ്പോൾ ഒരു ദിവസം ലീഡ്സ് മുഴുവൻ ചുറ്റിക്കറങ്ങാമെന്ന് മഞ്ജുഷ് എന്നോട് പറഞ്ഞിരുന്നു. പക്ഷേ രണ്ടാഴ്ചക്കാലം മാത്രം യുകെയിലുണ്ടായിരുന്ന എനിക്ക് അതിന് സമയം കണ്ടെത്താനായില്ല. യുകെയിൽ നിന്ന് പോരുന്നതിന് ഏതാനും ദിവസം മുന്നെയും ജോജിയുടെയും ഭാര്യ മിനി ജോജിയുടെ ഒപ്പം ഞങ്ങൾ മഞ്ജുഷിനെയും ബിന്ദുവിനെയും സന്ദർശിച്ചു. അന്ന് അവരുടെ വീട്ടിൽ മക്കളായ ആൻമേരിയും അന്നയും ഉണ്ടായിരുന്നു .
തിരിച്ച് കേരളത്തിൽ വന്നതിനുശേഷം മഞ്ജുഷിന് രോഗം അധികരിച്ച് അത്യാസന്ന നിലയിലാണെന്ന് അറിഞ്ഞതിനെ തുടർന്ന് ഞാൻ മഞ്ജുഷിനോടും ബിന്ദുവിനോടും സംസാരിച്ചിരുന്നു . റ്റിജിയെ ഞാൻ വിളിക്കാൻ ഇരിക്കുകയായിരുന്നു എന്നു പറഞ്ഞാണ് മഞ്ജുഷ് സംസാരം ആരംഭിച്ചത്. എനിക്ക് സംസാരിക്കാൻ അധികം വാക്കുകളില്ലായിരുന്നു. ഒരു ആകുലതകളുമില്ലാതെ കേരളത്തിൽ വരുമ്പോൾ നേരിൽ കാണാമെന്ന് മഞ്ജുഷ് പറഞ്ഞു. മഞ്ജുഷിന്റെ രോഗവിവരം അറിഞ്ഞപ്പോഴും മരണശേഷവും എൻറെ മനസ്സിൽ ആ മനുഷ്യൻ പകർന്നു നൽകിയ സൗമ്യതയും സ്നേഹവും പുഞ്ചിരിയും മരിക്കാത്ത ഓർമ്മകളായി നിലനിന്നു . അവസാനം മഞ്ജുഷിനെ കാണുന്നത് അദ്ദേഹത്തിൻറെ മൃതസംസ്കാരത്തിന് പിറവത്തെ വീട്ടിലും പള്ളിയിലും ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയപ്പോഴാണ് . തിരിച്ച് കേരളത്തിൽ വരുമ്പോൾ കാണാമെന്ന് പറഞ്ഞത് ഇത്തരത്തിൽ ഒരു കൂടിക്കാഴ്ച ആയിരിക്കുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല .
ഞാൻ യുകെയിൽ വച്ച് മഞ്ജുഷിനെ സന്ദർശിച്ചതിന് രണ്ടുവർഷം മുൻപേ അദ്ദേഹം രോഗബാധിതനായിരുന്നു. തൻറെ രോഗവിവരത്തെ കുറിച്ച് എല്ലാവിധ അറിവുകളും അദ്ദേഹത്തിന് ഉണ്ടായിരുന്നു. പക്ഷേ അത് മഞ്ജുഷ് മറ്റാരോടും പങ്കുവച്ചിരുന്നില്ല , സ്വന്തം ഭാര്യയോടും മറ്റു കുടുംബാംഗങ്ങളോടു പോലും . ഉള്ളിന്റെ ഉള്ളിൽ മരണത്തിൻറെ കാലൊച്ചകൾ കേൾക്കുമ്പോഴും ചിരിച്ച് സന്തോഷിച്ച് സൗഹൃദത്തോടെ മറ്റുള്ളവരോട് ഒരു അവദൂതനെ പോലെ ഇടപെടാൻ ഈ ലോകത്തു തന്നെ ആർക്കാവും ? ഈ പാനപാത്രം എന്നിൽ നിന്ന് എടുത്തു മാറ്റണമെന്ന് കരഞ്ഞ് നിലവിളിക്കാത്ത ആരുണ്ടാവും ? അതായിരുന്നു മഞ്ജുഷിന്റെ വ്യക്തിത്വത്തിന്റെ പ്രത്യേകത.
അവിചാരിതമായി കണ്ടുമുട്ടുന്ന, പ്രകാശം പരത്തുന്ന ഇത്തരം സൗഹൃദത്തിന്റെ ഈ തുരുത്തുകൾ പലപ്പോഴും നമ്മൾക്ക് ഒരു വലിയ പ്രഹേളികയാണ് . പ്രിയ സുഹൃത്തിന് വിട.
യുകെ സ്മൃതികളുടെ കൂടുതൽ അനുഭവങ്ങൾ അടുത്തയാഴ്ച തുടരും….
യുകെ സ്‌മൃതികളുടെ മുൻ അധ്യായങ്ങൾ വായിക്കാം ….
എവിടെ ഓഫർ കിട്ടുമോ അവിടെ മലയാളി ഉണ്ട് … യുകെ സ്‌മൃതികൾ : അധ്യായം 5 . സൂപ്പർ മാർക്കറ്റിൽ.
റ്റിജി തോമസ് : റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി
റ്റിജി തോമസ്
ഒരു നാടിൻറെ സാമൂഹിക സ്പന്ദനങ്ങളെ അടുത്തറിയാനുള്ള ഏറ്റവും എളുപ്പമാർഗം ജനങ്ങൾ ഒത്തുചേരുന്ന സ്ഥലങ്ങളിൽ എത്തിച്ചേരുക എന്നുള്ളതാണ്. ആരാധനാലയവും വിദ്യാലയവും സൂപ്പർമാർക്കറ്റുകളും പബ്ബുകളുമൊക്കെ അങ്ങനെയുള്ള സ്ഥലങ്ങളാണ്. ഇതിന് ഞാൻ അവലംബിച്ച ഏറ്റവും പ്രധാനപ്പെട്ട മാർഗം യുകെയിലുള്ളപ്പോൾ എൻറെ സഹോദരൻ ജോജിയോടും കുടുംബത്തോടുമൊപ്പം അവർ പോകുന്ന സ്ഥലങ്ങളിൽ ഒപ്പം ചേരുക എന്നതായിരുന്നു. സാധനങ്ങൾ വാങ്ങാൻ സൂപ്പർമാർക്കറ്റിലേയ്ക്ക് തിരിച്ച അവരുടെ ഒപ്പം ഞാനും കൂടി .
വെയ്ക്ക് ഫീൽഡിൽ ജോജിയുടെ വീട്ടിൽ നിന്ന് 2.7 മൈൽ മാത്രമേ മോറിസൺ സൂപ്പർമാർക്കറ്റിലേയ്ക്ക് ഉള്ളൂ .കഷ്ടിച്ച് 7 മിനിറ്റ് ഡ്രൈവ് . യുകെയിലായിരുന്നപ്പോൾ പല സൂപ്പർമാർക്കറ്റുകളിൽ പോയെങ്കിലും ചെന്നതിന്റെ അടുത്ത ദിവസം പോയ മോറിസൺ സൂപ്പർമാർക്കറ്റാണ് മനസ്സിൽ പച്ച പിടിച്ച് നിൽക്കുന്നത്. അതിന് പ്രധാനകാരണം ഒപ്പമുണ്ടായിരുന്ന ജോജിയും മിനിയും ഓരോ കാര്യങ്ങളെയും കുറിച്ച് വിവരിച്ചു തന്നതാണ്.
വെയ്ക്ക് ഫീൽഡിൽ നിന്ന് 15 മൈൽ മാത്രം ദൂരമുള്ള ബ്രാഡ് ഫോർഡിൽ 1899 -ൽ വില്യം മോറിസൺ ആണ് മോറിസണിന്റെ ആദ്യ ഷോപ്പ് ആരംഭിച്ചത്. ആദ്യകാലത്ത് മുട്ടയും ബട്ടറും മാത്രം വിൽക്കുന്ന കടയായിട്ടായിരുന്നു തുടക്കം . എന്നാൽ ഇന്ന് യുകെയിലുടനീളം 500 -ൽ അധികം സൂപ്പർമാർക്കറ്റുകളും ഒരു ലക്ഷത്തി ഇരുപതിനായിരം ജീവനക്കാരുമായി മോറിസൺ യുകെയിലെ തന്നെ ഒന്നാം നിര സൂപ്പർമാർക്കറ്റുകളുടെ ഗണത്തിലാണ്. ഒട്ടേറെ മലയാളികളും മോറിസന്‍റെ ഭാഗമായി ജോലിചെയ്യുന്നുണ്ട്. എടിഎം, ഫാർമസി , കഫേ, പെട്രോൾ സ്റ്റേഷൻ വിശാലമായ കാർ പാർക്കിംഗ് എന്നിവ ഉൾപ്പെടുന്ന സൂപ്പർമാർക്കറ്റിലെ സന്ദർശനം നൽകിയത് നല്ലൊരു അനുഭവമാണ് .
പാർക്കിങ്ങിനായുള്ള സ്ഥലത്ത് തന്നെ നമ്മുടെ നാട്ടിൽ നിന്നുള്ള വ്യത്യാസം ഒട്ടേറെയുണ്ട്. ശാരീരിക വൈഷമ്യമുള്ളവർക്കും കുട്ടികളുമായി വരുന്ന മാതാപിതാക്കൾക്കും വേണ്ടി കാർ പാർക്കിങ്ങിനായി പ്രത്യേക സ്ഥലം ഒരുക്കിയിരിക്കുന്നു.
എല്ലാ സൂപ്പർ മാർക്കറ്റുകളും തന്നെ കസ്റ്റമേഴ്സിന് സീസണൽ ആയിട്ടുള്ള ഓഫറുകൾ കൊടുക്കാറുണ്ട്. മോറിസണെ കൂടാതെ ആസ്ഡാ , ആൾഡി, ലിഡിൽ , സെയ്സ്ബറി എന്നീ സൂപ്പർ മാർക്കറ്റുകളും വെയ്ക്ക് ഫീൽഡിൽ ഉണ്ട് . മലയാളികൾ തമ്മിൽ നല്ലൊരു നെറ്റ് വർക്ക് ഉള്ളതുകൊണ്ട് നമ്മുടെ ഇഷ്ട വിഭവങ്ങൾ മാർക്കറ്റിൽ വരുമ്പോൾ മറ്റുള്ളവരെ അറിയിക്കുന്ന രീതിയും ഉണ്ട് . മലയാളികൾക്ക് ഇഷ്ടമുള്ള മത്തി പോലുള്ള ഭക്ഷ്യ വിഭവങ്ങൾ വന്നെന്ന് ആരെങ്കിലും കണ്ടാൽ ഉടൻതന്നെ മറ്റുള്ളവരെ അറിയിച്ച് കട കാലിയാക്കുമെന്ന് ചുരുക്കം.
എവിടെ ഓഫർ കിട്ടുമോ അവിടെ മലയാളികൾ ഉണ്ട് … മിനി പറഞ്ഞു.
നമ്മുടെ നാട്ടിൽ നിന്ന് വ്യത്യസ്തമായി എല്ലായിനം മദ്യവും സൂപ്പർമാർക്കറ്റുകളിൽ നിന്ന് മേടിക്കാൻ സാധിക്കും. സന്ദർശിച്ച എല്ലാ സൂപ്പർമാർക്കറ്റുകളിലും ആകർഷകമായ രീതിയിൽ എല്ലാവിധ മദ്യങ്ങളുടെയും വലിയ ഒരു ശേഖരം കാണാൻ സാധിച്ചു.
അതു കണ്ടപ്പോൾ നമ്മുടെ നാട്ടിലെ പ്രശസ്തമായ , നീണ്ട ക്യൂവിൽ നിസ്സഹായ മുഖത്തോടെ നിൽക്കുന്ന ആളുകളുടെ മുഖമാണ് ഓർമ്മ വന്നത്. സാധാരണ വീട്ട് സാധനങ്ങൾക്കൊപ്പം മദ്യവും വാങ്ങിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന രീതി ഈ നാടിൻറെ സംസ്കാരത്തിന്റെയും ജീവിതരീതിയുടെയും ഭാഗമാണ്. കേരളത്തിലെ പോലെ മദ്യപിക്കുന്നവരും അല്ലാത്തവരും എന്ന വേർതിരിവ് ഇവിടെ കുറവാണ്. നമ്മുടെ സിനിമകളിലും മറ്റു ദൃശ്യമാധ്യമങ്ങളിലും മദ്യപാനവും മദ്യപിക്കുന്നവരും എപ്പോഴും കോമഡി കഥാപാത്രങ്ങൾ ആണല്ലോ. ഒരുപക്ഷേ അത് കേരളത്തിൻറെ മാത്രം പ്രത്യേകത ആയിരിക്കും.
തെരുവ് നായ്ക്കളെ സംരക്ഷിക്കുന്ന കേന്ദ്രത്തിന് ഭക്ഷണം ശേഖരിക്കുന്നതു പോലെയുള്ള സാമൂഹിക പ്രസക്തിയുള്ള ക്രമീകരണങ്ങൾ ഒട്ടുമിക്ക സൂപ്പർമാർക്കറ്റുകളിലും ഉണ്ട്
ഇംഗ്ലണ്ടിലെ സോഷ്യൽ ലൈഫിന്റെ ഭാഗമായ പബ്ബുകളെ കുറിച്ച് കൂടുതൽ പറഞ്ഞത് ജോജിയാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള ബ്രിട്ടീഷ് സംസ്കാരത്തിൻറെ ഭാഗമാണ് പബ്ബുകളും . ആളുകൾക്ക് ഒത്തുചേരാനും ചർച്ചകൾക്കായും ഉള്ള സ്ഥലത്തിനപ്പുറം ആ നാടിൻറെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പ്രവർത്തനങ്ങളുടെ കേന്ദ്രമായി പബ്ബുകൾ മാറി. പബ്ലിക് ഹൗസ് എന്നതിൽ നിന്ന് ഉരുത്തിരിഞ്ഞ പബ്ബുകൾ ഇംഗ്ലണ്ടിന്റെ പൈതൃകത്തിന്റെയും സംസ്കാരത്തിന്റെയും അഭിവാജ്യ ഘടകങ്ങളാണ്.വെസ്റ്റ് യോർക്‌ഷെയറിന്റെ ഭാഗമായ വെയ്ക്ക് ഫീൽഡിൽ തന്നെയുണ്ട് നൂറിലധികം പബ്ബുകൾ .
കോവിഡ് മഹാമാരിയെ തുടർന്ന് പബ്ബുകൾ അടച്ചു പൂട്ടിയിരുന്നു . ലോക്ഡൗണിന് ശേഷം പുനരാരംഭിച്ച പബ്ബുകളിലൊന്നിൽ അന്നത്തെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ സന്ദർശനം നടത്തിയതിന്റെയും ബിയർ നുണയുന്നതിന്റെയും ചിത്രങ്ങൾ അന്ന് വളരെ വാർത്താ പ്രാധാന്യം നേടിയിരുന്നു. ആരാധനാലയങ്ങളും വിദ്യാലയങ്ങളും സൂപ്പർമാർക്കറ്റുകളും മറ്റ് ഒട്ടേറെ ടൂറിസ്റ്റ് പ്ലെയ്സുകളും സന്ദർശിച്ചെങ്കിലും സമയം പരിമിതി കൊണ്ട് യുകെയിലെ ഒരു പബ്ബ് സന്ദർശിക്കാൻ എനിക്കായില്ല.
റ്റിജി തോമസ് : റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി
റ്റിജി തോമസ്
യുകെയിലുടനീളമുള്ള യാത്രയിൽ എന്നെ ഏറെ ആകർഷിച്ച ഒരു പ്രധാനപ്പെട്ട കാര്യം വീടുകളുടെ നിർമ്മാണ രീതിയായിരുന്നു, കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിലാണ് വീടുകൾ നിർമ്മിച്ചിരിക്കുന്നത്. പ്രധാനമായും ഊർജ്ജ കാര്യക്ഷമത അതായത് വീടിൻറെ ഉള്ളിൽ ചൂട് നിലനിർത്തുക എന്നതാണ് നിർമ്മാണത്തിലെ അടിസ്ഥാന തത്വം. യുകെയിൽ വർഷത്തിൽ ഭൂരിഭാഗം സമയവും തണുത്ത അന്തരീക്ഷമാണ്. സാധാരണയായി ഏറ്റവും ചൂട് കൂടിയ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ പോലും ശരാശരി താപനില 20 °C വരെയാണ് . ഏറ്റവും തണുപ്പുള്ള ഡിസംബർ , ജനുവരി മാസങ്ങളിൽ ശരാശരി താപനില 5 °C വരെയാണ്. അതുകൊണ്ട് തന്നെ വീടുകളുടെ നിർമ്മാണത്തിൽ പൊതുവായ ചില മാനദണ്ഡങ്ങളും , സ്ട്രക്ചറും അവലംബിക്കുന്നതായി കാണാൻ സാധിക്കും.
കൗൺസിലുകളിൽ നിന്ന് അനുമതിയോടെയോ അതുമല്ലെങ്കിൽ അവരുടെ തന്നെ മേൽനോട്ടത്തിലോ ആണ് വീടുകളുടെ നിർമ്മാണം നടക്കുന്നതുകൊണ്ടാണ് ഇത് സാധ്യമാകുന്നത്. അങ്ങനെ പണി തീർത്ത തങ്ങൾക്ക് അനുയോജ്യമായ വീടുകൾ മേടിക്കുകയാണ് ആവശ്യക്കാർ ചെയ്യുന്നത്. അതുകൊണ്ടാണ് കൃത്യമായ ഏകീകൃത രൂപ ഭംഗി വീടുകൾക്ക് കൈവരാൻ സാധിക്കുന്നത്. ചുരുക്കം പറഞ്ഞാൽ കേരളത്തിൽ നമ്മൾ പരിചയിച്ച രീതികളിൽ നിന്ന് തികച്ചും വ്യത്യസ്തമാണെന്ന് സാരം. കേരളത്തിൽ ആദ്യകാലങ്ങളിൽ ഓല മേഞ്ഞ മേൽക്കൂരയോടു കൂടിയ ഭവനങ്ങൾ ആണ് ഉണ്ടായിരുന്നത്. പിന്നീട് ഓലയുടെ സ്ഥാനം ഓട് ഏറ്റെടുത്തു. ഉഷ്ണകാലാവസ്ഥയുള്ള കേരളത്തിൽ ആ ഭൂപ്രകൃതിക്ക് അനുയോജ്യമായ വീടുകളായിരുന്നു അവയെല്ലാം . എന്നാൽ പിന്നീട് വന്ന കോൺക്രീറ്റ് ഭവനങ്ങൾ നമ്മുടെ കാലാവസ്ഥയ്ക്ക് നേർ വിപരീത ഫലം തരുന്നവയായി . കാലാവസ്ഥാനുസൃതമായ വീടുകളുടെ നിർമിതി നമ്മുടെ നാടിൻറെ ആവശ്യകതയാണെന്ന ഓർമ്മപ്പെടുത്തലാണ് യുകെയിൽ സന്ദർശിച്ച ഭവനങ്ങൾ എനിക്ക് സമ്മാനിച്ചത്.
മറ്റൊരു പ്രധാന വ്യത്യാസം എനിക്ക് ദർശിക്കാനായത് വീടുകളുടെ ചുറ്റു മതിലുകളുടെ കാര്യത്തിലായിരുന്നു. ഭൂരിഭാഗം വീടുകൾക്കും മുൻവശത്ത് മതിലുകൾ ഇല്ലായിരുന്നു. എല്ലാ വീടുകൾക്കും തന്നെ പുറകു വശത്ത് മനോഹരമായ ഒരു പൂന്തോട്ടം , കോർട്ടി യാർഡ് ഉണ്ടാകും. ഒട്ടുമിക്ക വീടുകളുടെയും കോർട്ടിയാർഡിൽ മനോഹരമായ പൂന്തോട്ടവും ഉണ്ടായിരിക്കും. മിക്ക സ്ഥലങ്ങളിലും ഞാൻ കണ്ട പൊതുവായ ഫലവൃക്ഷം ആപ്പിൾ ആയിരുന്നു . പ്രായഭേദമന്യേ എല്ലാവർക്കും ഒരുമിച്ചിരിക്കാനും ചെറുപാർട്ടികൾ നടത്താനും ഈ സ്ഥലം ഏറ്റവും അനുയോജ്യമാണ്. ഓരോ വീടിന്റെയും കോർട്ടിയാർഡിന്റെ അതിർ മതിലുകൾ തടി കൊണ്ട് ഉള്ളതോ , ചിലയിടങ്ങളിൽ മതിലുപോലെ ചെടി വളർത്തി വെട്ടി നിർത്തിയതോ ആവാം, ഒരിടത്തും തന്നെ കോൺക്രീറ്റ് മതിലുകൾ ഞാൻ കണ്ടില്ല. ഞാൻ രണ്ടാഴ്ചക്കാലം താമസിച്ച സഹോദരൻ ജോജിയുടെ വീട്ടിലും മനോഹരമായ ഒരു കോർട്ടിയാർഡ് ഉണ്ട് .
വീടുകളുടെ ഉള്ളിലും ഒട്ടേറെ പ്രത്യേകതകൾ ഉണ്ട് . പ്രഥമ പരിഗണന ഉള്ളിലെ ചൂട് നിലനിർത്തുന്നതിനു തന്നെയാണ്. ഗോവണികളിലൂടെ പടി കയറുമ്പോഴും വീടിനുള്ളിലൂടെ നടക്കുമ്പോഴും വീടിൻറെ നിർമ്മാണത്തിന്റെ പ്രത്യേകതകൾ കൊണ്ട് കാലടി ശബ്ദം മുഴങ്ങി കേൾക്കും . ശ്രദ്ധിച്ചില്ലെങ്കിൽ തീർച്ചയായും ശബ്ദമലിനീകരണവും മറ്റുള്ളവരുടെ ഉറക്കത്തെ ശല്യം ചെയ്യലും ആയിരിക്കും സംഭവിക്കുന്നത്.
ബാത്റൂമുകൾക്കും ഉണ്ട് പ്രത്യേകതകൾ . കുളിക്കുന്നതിനായി പ്രത്യേകം ബാത്ത് ടബ്ബുംഷവർ ക്യുബിക്കളും ഉള്ളതുകൊണ്ട് വെള്ളം ബാത്റൂമിന്റെ മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാനാവും . ബാത്ത് ടബ്ബിൽ അല്ലാതെ വെള്ളം വീണാൽ പ്രത്യേകിച്ച് മുകളിലെ നിലയിൽ തറയിലേയ്ക്ക് ഇറങ്ങി പ്രശ്നം സൃഷ്ടിക്കും എന്ന സ്ഥിതിയും ഉണ്ട്.
കേരളത്തിലെ രണ്ട് നില വീടുകളിൽ ഭൂരിപക്ഷത്തിന്റെയും മുകൾ നിലകൾ പലപ്പോഴും ആരും ഉപയോഗിക്കുന്നുണ്ടാവില്ല. വീടുകളിൽ പ്രായമുള്ളവരാണ് ഉള്ളതെങ്കിൽ പറയുകയും വേണ്ട. പല വീടുകളുടെയും മുകൾ നിലകൾ കടുത്ത ചൂടുകൊണ്ട് വേനൽക്കാലത്ത് ഉപയോഗ യോഗ്യമല്ലാത്തതും ഇതിനൊരു കാരണമാണ്.
പക്ഷേ യുകെയിൽ ഞാൻ സന്ദർശിച്ച വീടുകളിൽ ഒന്നിൽ പോലും ആരും ഉപയോഗിക്കാത്ത മുറികൾ ഇല്ലായിരുന്നു. ജോജിയുടെ വീടിൻറെ മുകൾ നിലയിലാണ് എല്ലാവരും താമസിക്കുന്ന മുറികൾ . അതിലൊന്നിലാണ് ഞാൻ താമസിച്ചത്. താഴെ കിച്ചനും, ഡൈനിങ് ഹാളും സന്ദർശകരെ സ്വീകരിക്കാനുള്ള മുറികളും ക്രമീകരിച്ചിരിക്കുന്നു.
സുരക്ഷാ പ്രശ്നങ്ങൾ കുറവായതുകൊണ്ട് നാട്ടിലെ പോലെ ഉള്ള ഗ്രില്ലുകൾ ഇല്ലാതെ ഗ്ലാസുകൾ കൊണ്ടുള്ള ജനാലകളാണ് വീടുകൾക്ക് ഉള്ളത്. ഭംഗിയോടൊപ്പം ചൂട് നിലനിർത്തുന്നതിനും ഇത് സഹായിക്കും. കൂടാതെ ആവശ്യത്തിന് വെളിച്ചവും പ്രദാനം ചെയ്യും. നമ്മൾക്ക് ഇവിടെ അങ്ങനെയുള്ള ജനലുകൾ ഉണ്ടെങ്കിൽ കള്ളനെ പേടിച്ച് തുറക്കാൻ പറ്റില്ല. അത്രതന്നെ.
ഇനി കഴിഞ്ഞ അധ്യായത്തിൽ പറഞ്ഞ സസ്പെൻസ് പൊളിക്കാം. മാങ്ങ അച്ചാറും ചമ്മന്തിയും എന്നു പറഞ്ഞ് എനിക്ക് തന്നത് പച്ച ആപ്പിൾ കൊണ്ട് ഉണ്ടാക്കിയതായിരുന്നു. അതിൻറെ റെസിപ്പിയും ജോജിയുടെ ഭാര്യ മിനി പറഞ്ഞുതന്നു.
ചമ്മന്തി ഉണ്ടാക്കാൻ ഇഞ്ചി, മുളക്, തേങ്ങ, ഉള്ളി എന്നിവയുടെ കൂടെ പച്ച ആപ്പിൾ മാങ്ങയ്ക്ക് പകരമായി ഉപയോഗിക്കുക. അച്ചാറിലും മാങ്ങയ്ക്ക് പകരം ആപ്പിൾ ഉപയോഗിക്കുക .
വെരി സിമ്പിൾ
മിനി തന്റെ പാചക പരീക്ഷണങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ യൂട്യൂബ് ചാനൽ തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ്. എല്ലാവിധ ആശംസകളും .
യുകെ സ്‌മൃതികളുടെ മുൻപുള്ള അധ്യായങ്ങൾ വായിക്കാം ….
റ്റിജി തോമസ് : റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി
റ്റിജി തോമസ്
കൊച്ചി ,ദുബായ് , മാഞ്ചസ്റ്റർ എന്നീ മൂന്ന് എയർപോർട്ടുകൾ വഴിയാണ് എൻറെ യുകെ യാത്ര . ഇതിൽ ഞാൻ ഏറ്റവും കൂടുതൽ സമയം ചിലവഴിച്ചത് ദുബായ് എയർപോർട്ടിലാണ്. ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ തിരക്കേറിയ എയർപോർട്ടുകളിൽ ഒന്നാണ് ദുബായ് .
കൊച്ചിയിൽ നിന്ന് ദുബായിൽ വന്നിറങ്ങിയ എനിക്ക് മാഞ്ചസ്റ്ററിലേയ്ക്ക് 7 മണിക്കൂറിന് ശേഷമാണ് കണക്ഷൻ ഫ്ലൈറ്റ്. അതുകൊണ്ടുതന്നെ ദുബായ് എയർപോർട്ട് നന്നായി ചുറ്റിക്കറങ്ങി നടന്ന് കാണാൻ സാധിച്ചു. ഡ്യൂട്ടി ഫ്രീ ഷോപ്പുകളുടെ കണ്ണഞ്ചിപ്പിക്കുന്ന മാസ്മരിക ലോകം . പോക്കറ്റിലുള്ള ദിർഹവുമായി ഒത്തു നോക്കുമ്പോൾ എന്നെ സംബന്ധിച്ച് എല്ലാ സാധനങ്ങൾക്കും നല്ല വിലയായിരുന്നു. രൂപയും ദിർഹവും തമ്മിലുള്ള വിനിമയ നിരക്കിൽ ഒരു ലിറ്റർ വെള്ളത്തിനു പോലും 200 രൂപ. ഒരുപക്ഷേ വിദേശത്ത് ജീവിച്ച് ഇന്ത്യയിൽ എത്തുന്ന പ്രവാസി മലയാളികളുടെ ചിലവഴിക്കലിന്റെ മനഃശാസ്ത്രം വിദേശ നാണ്യം ഇന്ത്യൻ രൂപയിലേയ്ക്ക് മാറ്റുമ്പോൾ ലഭിക്കുന്ന സന്തോഷമായിരിക്കാം.
മാഞ്ചസ്റ്റർ എയർപോർട്ടുമായി താരതമ്യം ചെയ്യുമ്പോൾ ദുബായിൽ എനിക്ക് അനുഭവപ്പെട്ട പ്രധാന വൈഷമ്യം വാട്സ്ആപ്പ് ഓഡിയോ, വീഡിയോ കോളുകൾ സാധിക്കില്ല എന്നതായിരുന്നു. പക്ഷേ ഓഡിയോ, ടെക്സ്റ്റ്, മെസ്സേജുകൾക്ക് യാതൊരു നിയന്ത്രണങ്ങളും ഇല്ല , ഭാഗ്യം .
മാഞ്ചസ്റ്റർ എയർപോർട്ടിൽ സ്ഥിതി വ്യത്യസ്തമായിരുന്നു. വാട്സ്ആപ്പ് ഉപയോഗിച്ചുള്ള വീഡിയോ ഓഡിയോ കോളുകൾക്ക് യാതൊരു തടസ്സവുമില്ല. അതുകൊണ്ടുതന്നെ എന്നെ സ്വീകരിക്കാൻ എത്തിയവരെ വിളിക്കാനായി ഫോൺ തരാമെന്ന് പറഞ്ഞ എലിസബത്തിന്റെ സഹായ വാഗ്ദാനത്തെ ഞാൻ സ്നേഹപൂർവ്വം നിരസിച്ചു. എയർപോർട്ടിലെ വൈഫൈ സംവിധാനം ഉപയോഗിച്ച് എന്നെ സ്വീകരിക്കാൻ എത്തിയവരുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു. ഇനി അവരുടെ അടുത്തേയ്ക്ക് …
ഞാൻ എയർപോർട്ടിന്റെ വെളിയിലേക്ക് നടന്നു. അതോടെ എന്റെ ഫോണിൽ എയർപോർട്ടിലെ ഇൻറർനെറ്റ് ലഭ്യമല്ലാതായി. ഇനി എനിക്ക് വാട്സ്ആപ്പ് കോളുകളോ മെസ്സേജുകളോ സാധ്യമല്ല. ശരിക്കും ഫോൺ ഉപയോഗശൂന്യമായതുപോലെ . ഒരു ശൂന്യതയിൽ … തമോഗർത്തത്തിൽ എത്തിപ്പെട്ട അവസ്ഥ ….
എന്നാൽ ആശങ്കകൾക്ക് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. ഏറിയാൽ 10 മിനിറ്റ് . അതിനുള്ളിൽ തന്നെ തോളിലെ കരസ്പർശം ഞാൻ തിരിച്ചറിഞ്ഞു. അത് എന്റെ സഹോദരനും മലയാളം യുകെ അസോസിയേറ്റ് എഡിറ്ററുമായ ജോജി തോമസ് ആയിരുന്നു.
വെസ്റ്റ് യോർക്ക് ഷെയറിലെ കീത്തിലിയിൽ നടക്കുന്ന അവാർഡ് നൈറ്റിൽ പങ്കെടുക്കാൻ എത്തിയ എന്നെ സ്വീകരിക്കാൻ ജോജിയെ കൂടാതെ മലയാളം യുകെ ഡയറക്ടർ ബോർഡ് മെമ്പറായ ഷിബു മാത്യു, യുക്മ യോർക്ക്ഷെയർ ആന്റ് ഹമ്പർ റീജൻ സ്പോർട്സ് കോർഡിനേറ്റർ ബാബു സെബാസ്റ്റ്യൻ, വെസ്റ്റ് യോർക്ക് ഷെയർ മലയാളി അസോസിയേഷൻ സെക്രട്ടറി റ്റോണി പാറടിയിൽ, വെയ്ക്ഫീൽഡ് വാരിയേഴ്സ് സ്പോർട്സ് ആന്റ് ഗെയിംസ് പ്രസിഡൻറ് ജിമ്മി ദേവസ്യകുട്ടി , യുക്മാ യോർക്ക് ഷെയർ ആൻറ് ഹംമ്പർ പ്രതിനിധി ലെനിൻ തോമസ് എന്നിവരും എത്തി ചേർന്നിരുന്നു.
വെയ്ക് ഫീൽഡിലേയ്ക്ക് ഉള്ള യാത്രയിൽ ലെനിനാണ് ഡ്രൈവ് ചെയ്യുന്നത്. ഗതാഗതരംഗത്ത് ബ്രിട്ടന്റെ അഭിമാനമായ മോട്ടോർ വേകളെ കുറിച്ച് ലെനിൻ പറഞ്ഞു. ലിവർപൂൾ, മാഞ്ചസ്റ്റർ, ലീഡ്സ് എന്നീ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന M62 മോട്ടോർ വേയിലൂടെയാണ് ഇപ്പോൾ ഞങ്ങളുടെ യാത്ര .
മാഞ്ചസ്റ്റർ എയർപോർട്ടിൽ നിന്ന് ജോജിയുടെ സ്ഥലമായ വെയ്ക്ക് ഫീൽഡിലേക്ക് ഏകദേശം 55 മൈലാണ് ദൂരം. അതായത് 88 കിലോമീറ്റർ . റ്റോണി ദൂരം മൈൽ കണക്കിലും കിലോമീറ്ററായും പറഞ്ഞപ്പോൾ പെട്ടെന്ന് കേരളത്തിലെ പാതയോരത്തുള്ള മൈൽ കുറ്റികളും പല സ്ഥലനാമങ്ങളും മനസ്സിലേക്ക് ഓടിയെത്തി. 26ാം മൈലും 28-ാം മൈലുമൊക്കെ കേരളത്തിൽ സ്ഥലനാമങ്ങളാണ്. റ്റോണിയുടെ വീട് കാഞ്ഞിരപ്പള്ളിയ്ക്കടുത്ത് 26-ാം മൈലാണെന്നത് യാദൃശ്ചികതയായി .
ബ്രിട്ടീഷ് അധിനിവേശകാലത്തെ അളവ് തൂക്ക സമ്പ്രദായത്തിൽ നിന്ന് ലഭിച്ച പേരുകളാണിവ. കോട്ടയം മുതൽ കുമളി വരെയുള്ള കെ കെ റോഡിൽ പല സ്ഥലപേരും നൽകിയിരിക്കുന്നത് ഈ രീതിയിലാണ്.
ബ്രിട്ടീഷുകാരാണ് കേരളത്തിൽ കോട്ടയം മുതൽ കുമളി വരെയുള്ള പാതയുടെ ഉപജ്ഞാതാക്കൾ . 66 മൈൽ ദൂരദൈർഘ്യമുള്ള കെ കെ റോഡിലെ പല പേരുകളും മൈൽ കണക്കിലാണ്.
88 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ മനസ്സിൽ കണ്ട സമയ കണക്കുകൾ അസ്ഥാനത്തായിരുന്നു. ഒരു മണിക്കൂർ സമയം കൊണ്ട് ഞങ്ങൾ വെയ്ക്ക് ഫീൽഡിൽ എത്തിച്ചേർന്നു. അവിടെ ജോജിയുടെ വീട്ടിൽ യാത്രയുടെ ക്ഷീണം അകറ്റാനുള്ള വിഭവസമൃദ്ധമായ സദ്യയുമായി ജോജിയുടെ ഭാര്യ മിനിയും മക്കളായ ആനും ദിയയും ലിയയും കാത്തിരിക്കുന്നുണ്ടായിരുന്നു . പക്ഷേ എനിക്ക് ഏറ്റവും പ്രിയപ്പെട്ടതായി അനുഭവപ്പെട്ടത് ഗൃഹാതുരത്വമുണർത്തുന്ന രണ്ടു വിഭവങ്ങളായിരുന്നു. മാങ്ങയുടെ പൊടി പോലും ഇല്ലാത്ത മാങ്ങാ ചമ്മന്തിയും മാങ്ങാ അച്ചാറും ….
മാങ്ങയില്ലാത്ത മാങ്ങാ അച്ചാറിന്റെയും ചമ്മന്തിയുടെയും റെസിപ്പി അടുത്ത ആഴ്ച …
യുകെ സ്‌മൃതികളുടെ മുൻപുള്ള അധ്യായങ്ങൾ വായിക്കാം ….
റ്റിജി തോമസ് : റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി
റ്റിജി തോമസ്
ഇമിഗ്രേഷൻ നടപടികൾ പൂർത്തിയായി ബാഗേജ് കളക്ഷന് വേണ്ടി കാത്തു നിന്നപ്പോൾ ദുബായ് എയർപോർട്ടിൽ വച്ച് പരിചയപ്പെട്ട വിദ്യാർത്ഥിനികൾക്കായി കണ്ണോടിച്ചു. അവരോട് എനിക്ക് ഒരു മാനസിക അടുപ്പ് തോന്നിയിരുന്നു . ഒരാൾ ഇടുക്കിക്കാരിയും മറ്റേയാൾ പത്തനംതിട്ട സ്വദേശിനിയുമാണ്. ഇടുക്കി ജില്ലയിലെ മേരിഗിരിയും കട്ടപ്പനയും ഒട്ടേറെ നാൾ എന്റെ സ്വദേശമായിരുന്നതു കൊണ്ടും ഞാൻ ജോലി ചെയ്യുന്ന മാക്ഫാസ്റ്റ് കോളേജ് പത്തനംതിട്ട ജില്ലയിലായതുകൊണ്ടു മാകാം നാടും കൂടും വിട്ട് ബ്രിട്ടനിലേക്ക് വിദ്യാഭ്യാസത്തിനായി പോകുന്ന ആ വിദ്യാർത്ഥിനികളോട് ഒരു മാനസിക അടുപ്പം എനിക്ക് തോന്നാൻ ഇടയായത്. രണ്ട് പെൺകുട്ടികൾ ദുബായ് എയർപോർട്ടിൽ ചിരപരിചിത യാത്രക്കാരെ പോലെ ആത്മവിശ്വാസം തുളുമ്പുന്ന മുഖഭാഗത്തോടെ സംസാരിച്ചപ്പോൾ വളരെ സന്തോഷം തോന്നി. ഒരുപക്ഷേ അവരുടെ എമിഗ്രേഷൻ നടപടികൾ പൂർത്തിയായിട്ടുണ്ടാവില്ല.
പക്ഷേ അപ്രതീക്ഷിതമായി എലിസബത്തിനെ വീണ്ടും കണ്ടു. ദുബായിൽ നിന്ന് മാഞ്ചസ്റ്ററിലേക്കുള്ള യാത്രയിൽ 7 മണിക്കൂറോളം എൻറെ തൊട്ടടുത്ത സീറ്റിലായിരുന്നു എലിസബത്ത് . എലിസബത്ത് ഒറ്റയ്ക്കായിരുന്നില്ല. കൂടെ സമപ്രായക്കാരായ നാല് അമ്മമാരും യാത്രയിൽ ഒപ്പം ഉണ്ടായിരുന്നു. അമ്മമാർ എന്ന് എടുത്തു പറഞ്ഞതിൽ ഒരു കാര്യമുണ്ട്. ശരിക്കും അത് സമപ്രായക്കാരായ അമ്മമാരുടെ ഒരു കൂട്ടായ്മയായിരുന്നു. ഒരുപക്ഷേ ഒരേ ക്ലാസുകളിൽ പഠിക്കുന്ന എട്ടോളം കുട്ടികളുടെ അമ്മമാർ ചേർന്ന് ഇങ്ങനെ ഒരു കൂട്ടായ്മ എവിടെയെങ്കിലും ഉണ്ടായിരിക്കുമോ ?
അത് തന്നെയാണ് അവരുടെ സൗഹൃദത്തെക്കുറിച്ച് കൂടുതൽ അറിയാൻ എന്നെ പ്രേരിപ്പിച്ചതും. എലിസബത്തിന്റെയും കൂടെയുള്ള സുഹൃത്തുക്കളുടെയും മക്കൾ എല്ലാം ഒരേ സ്കൂളിൽ തന്നെ ചെറിയ ക്ലാസ്സു മുതൽ ഒന്നിച്ച് പഠിക്കുന്ന സഹപാഠികളാണ്. മക്കളുടെ സൗഹൃദവും കളിക്കൂട്ടുമാണ് ആ അമ്മമാരെ തമ്മിൽ അടുപ്പിച്ചതും. അങ്ങനെ ആ സൗഹൃദ കൂട്ടായ്മ വളർന്നു. വെറുതെ സൗഹൃദത്തിനപ്പുറം അവർ എല്ലാ വർഷവും യാത്രകൾ പോയി. വെറും യാത്രകളല്ല … രാജ്യാന്തര യാത്രകൾ … തങ്ങളുടെ ഭർത്താക്കന്മാരും കുട്ടികളും ഒന്നുമില്ലാതെ . കോവിഡ് കാലത്ത് ഒരു ഇടവേള വന്നു എന്നേയുള്ളൂ. ആദ്യം പാരീസിലേയ്ക്ക് . പിന്നെ ന്യൂയോർക്ക് … ഇപ്പോൾ ദുബായിൽ നാല് ദിവസത്തെ സന്ദർശനത്തിന് ശേഷം മാഞ്ചസ്റ്ററിലേയ്ക്ക് തിരിച്ചു വരുന്ന വഴിയാണ് എനിക്ക് എലിസബത്തിനെയും കൂട്ടുകാരെയും സഹയാത്രികരായി കിട്ടിയത്…
എലിസബത്തിന്റെയും കൂട്ടുകാരുടെയും അപൂർവ്വ സൗഹൃദത്തിൽ എന്നെ ആകർഷിച്ചത് അവർ നടത്തിയ രാജ്യാന്തര യാത്രകളായിരുന്നു. ക്ലാസ് മുറികളിൽ തങ്ങളുടെ കുട്ടികളുടെ ഇടയിൽ മൊട്ടിട്ട സൗഹൃദത്തെക്കുറിച്ചും യാത്രകളെക്കുറിച്ചും എലിസബത്ത് പറഞ്ഞത് കടുത്ത വാചാലതയോടെയാണ്. എനിക്ക് എലിസബത്തിനോട് ആരാധന തോന്നി.
രണ്ടാം ലോകമഹായുദ്ധ കാലത്ത് ബ്രിട്ടന്റെ വ്യോമസേനയെ സഹായിക്കാനായി ആരംഭിച്ചതാണ് മാഞ്ചസ്റ്റർ എയർപോർട്ട് . മാഞ്ചസ്റ്ററുകാരിയായ അവർക്ക് ചരിത്രപരമായ കാര്യങ്ങളിൽ നല്ല ആവാഹമുണ്ടായിരുന്നു. വൈൻ പകർന്ന ലഹരി കൂടിയായപ്പോൾ അവർ കൂടുതൽ വാചാലയായി.
എലിസബത്തിനോട് യാത്ര പറഞ്ഞ് ലഗേജുമായി പുറത്തേക്ക് നടന്നു …
ഒരിക്കലും ഇനി കണ്ടുമുട്ടില്ലെങ്കിലും യാത്രയിൽ പരിചയപ്പെടുന്ന ചില മുഖങ്ങൾ, സൗഹൃദങ്ങൾ മനസ്സിന് നൽകുന്ന സന്തോഷം വലുതാണ്.
കൊച്ചി ദുബായ് യാത്രയിൽ സഹയാത്രികനായിരുന്ന ബേബി മാത്യുവും സംഘവും റോമിലേയ്ക്കുള്ള യാത്രയിലായിരുന്നു. അവിടെനിന്ന് ജറുസലേം ഉൾപ്പെടെയുള്ള വിശുദ്ധ നാടുകളുടെ സന്ദർശനമാണ് ലക്ഷ്യം. ഫ്ലൈറ്റ് ലാൻഡിങ്ങിന് മുമ്പ് ദുബായ് മാഞ്ചസ്റ്റർ ഫ്ലൈറ്റിലെ പൈലറ്റ് അനൗൺസ്മെന്റിലൂടെ സ്വയം പരിചയപ്പെടുത്തി. വിശാൽ ഫ്രം ഇന്ത്യ …. സ്വാഭാവികമായും അഭിമാനം തോന്നി. എന്നെങ്കിലും കണ്ടുമുട്ടാമെന്ന് പറഞ്ഞ് ലബനൻ കാരനായ ഫ്ലൈറ്റ് മാനേജർ ഹിഷാം ഗോഷൻ എനിക്ക് വാട്സ്ആപ്പ് നമ്പറും തന്നിരുന്നു . കഴിഞ്ഞ 7 വർഷമായി ഹിഷാം എമിറേറ്റ്സ് എയർലൈനൊപ്പമാണ് ജോലി ചെയ്യുന്നത്.
മാഞ്ചസ്റ്റർ എയർപോർട്ടിൽ നിന്ന് പുറത്ത് കടന്ന ഞാൻ അൽപ്പസമയം ശൂന്യതയിൽ ആയിരുന്നു… തമോഗർത്തത്തിൽ അകപ്പെട്ട പോലെ ….
ആ കഥ അടുത്ത ആഴ്ച …
റ്റിജി തോമസ് : റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി