കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ശേഖരിച്ച മെമ്മറി കാര്‍ഡ് പിടിച്ചെടുത്തതായി സൂചന. കേസില്‍ ഇന്നലെ ചോദ്യം ചെയ്ത അഭിഭാഷകന്‍, രാജു ജോസഫിന്റെ കയ്യില്‍ നിന്നാണ് മെമ്മറി കാര്‍ഡ് കണ്ടെത്തിയതെന്നാണ് വിവരം. പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകനായിരുന്ന പ്രതീഷ് ചാക്കോയുടെ ജൂനിയറാണ് ഇയാള്‍. ഇയാളെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയപ്പോളാണ് മെമ്മറി കാര്‍ഡ് പിടിച്ചെടുത്തത്.

ഈ കാര്‍ഡില്‍ ദൃശ്യങ്ങളൊന്നും ഇല്ലെന്നാണ് സൂചന. അവ ഡിലീറ്റ് ചെയ്തതാണോ എന്ന് അറിയാന്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും. ദൃശ്യങ്ങള്‍ ഇതിലേക്കാണോ പകര്‍ത്തിയതെന്നും പരിശോധിക്കും. പ്രതീഷ് ചാക്കോയെ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചിരുന്നു. ഒളിവിലായ ഇയാള്‍ എവിടെയുണ്ടെന്ന് അറിയുന്നതിനാണ് രാജു ജോസഫിനെ വിളിച്ചു വരുത്തിയത്. നടി ആക്രമണത്തിന് ഇരയാകുന്നതിന്റെ ദൃശ്യങ്ങളുടെ നിരവധി കോപ്പികള്‍ എടുത്തിട്ടുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

ഈ കോപ്പികളില്‍ ഒന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണുകള്‍ വിദേശത്തേക്ക് കടത്തിയെന്നും വിവരമുണ്ട്. ഈ ഫോണുകള്‍ നടിയെ ആക്രമിച്ചതിനു ശേഷം പ്രതീഷ് ചാക്കോയെയാണ് പള്‍സര്‍ സുനി ഏല്‍പ്പിച്ചത്. ഇയാളെ ചോദ്യം ചെയ്യുന്നതില്‍ എതിര്‍പ്പില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും.