Health

ബ്രിട്ടനില്‍ നിന്ന് കേരളത്തിലേക്ക് വന്ന 18 പേര്‍ക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു. ജനിതകമാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസിന്റെ വ്യാപനം റിപ്പോര്‍ട്ട് ചെയ്ത ശേഷമാണ് 18 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

പുതിയ വൈറസ് ബാധയാണോ രോഗ കാരണം എന്നറിയാന്‍ 14 സാമ്പിളുകള്‍ പുനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. നാല് സാമ്പിളുകള്‍ കൂടി നാളെ പരിശോധനയ്ക്ക് അയക്കും.
യുകെയില്‍ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ലോകത്തിന്റെ പലയിടങ്ങളിലേക്കും വ്യാപിക്കുകയാണ്.

രോഗ വ്യാപനം വലിയ തോതില്‍ ഉയര്‍ത്താന്‍ സാധിക്കുന്ന പുതിയ വൈറസ് പടര്‍ന്നു പിടിക്കാതിരിക്കാന്‍ ഗതാഗത നിയന്ത്രണങ്ങളുള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും ഫലം കണ്ടിട്ടില്ല. കാനഡ, ജപ്പാന്‍, ഓസ്‌ട്രേലിയ, ലെബനന്‍, ഫ്രാന്‍സ്, ഡെന്മാര്‍ക്ക്, സ്‌പെയിന്‍, സ്വീഡന്‍, ഹോളണ്ട്, ജര്‍മ്മനി, ഇറ്റലി എന്നിവിടങ്ങളിലും യുകെ വൈറസ് എത്തിക്കഴിഞ്ഞിട്ടുണ്ട്.

രോഗത്തിന്റെ തീവ്രത വര്‍ധിപ്പിക്കാന്‍ യുകെ വൈറസിന് കഴിവില്ലെന്നാണ് ഗവേഷകര്‍ അറിയിക്കുന്നത്. അതേസമയം ഏതാണ്ട് 70 ശതമാനത്തോളം രോഗ വ്യാപനം വര്‍ധിപ്പിക്കാന്‍ ഈ വൈറസിന് കഴിയുമത്രേ. ഇതോടെ കോവിഡ് കേസുകളുടെ എണ്ണം കുത്തനെ വര്‍ധിക്കുകയും ആരോഗ്യ മേഖല പ്രതിസന്ധിയിലാവുകയും ചെയ്‌തേക്കാം.

കോവിഡ് മരണനിരക്കും വര്‍ധിക്കുമെന്ന് കഴിഞ്ഞ ദിവസം ഒരു പഠനറിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കിയിരുന്നു. കേരളത്തില്‍ കഴിഞ്ഞദിവസം 3047 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. മലപ്പുറം 504, കോഴിക്കോട് 399, എറണാകുളം 340, തൃശൂര്‍ 294, കോട്ടയം 241, പാലക്കാട് 209, ആലപ്പുഴ 188, തിരുവനന്തപുരം 188, കൊല്ലം 174, വയനാട് 160, ഇടുക്കി 119, കണ്ണൂര്‍ 103, പത്തനംതിട്ട 91, കാസര്‍ഗോഡ് 37 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 32,869 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.27 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 77,27,986 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കൊവിഡ് കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യാത്ത ഏക ഭൂഖണ്ഡമായിരുന്ന അന്റാര്‍ട്ടിക്കയും കൊവിഡ് സ്ഥിരീകരിച്ചു. ചിലിയന്‍ റിസര്‍ച്ച് ബേസിലെ 36 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ 26 പേര്‍ ചിലിയന്‍ സൈനികരും ബാക്കി പത്ത് പേര്‍ അറ്റകുറ്റപണികള്‍ ചെയ്യുന്ന തൊഴിലാളുകളുമാണ്. ജനറല്‍ ബെര്‍നാഡോ ഒ ഹിഗ്ഗിന്‍സ് റിക്വെല്‍മി റിസര്‍ച്ച് ബേസിലുളളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവിടെയുളള 13 ചിലിയന്‍ ആസ്ഥാനങ്ങളില്‍ ഒന്നാണിത്.

ഭൂഖണ്ഡത്തില്‍ സ്ഥിരതാമസക്കാര്‍ ആരുമില്ലെങ്കിലും 1000 ഗവേഷകരും മറ്റു സന്ദര്‍ശകരും ഇവിടെ താമസിച്ചുവരുന്നതായി എപി റിപ്പോര്‍ട്ട് ചെയ്യുന്നു. വൈറസ് ബാധ സ്ഥിരീകരിച്ചവരെ ചിലിയിലെ പുന്ത അരെനാസിലേക്ക് മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്.

വാഷിങ്‌ടൺ: നിയുക്ത യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ കോവിഡ് വാക്സിൻ സ്വീകരിച്ചു. കോവിഡ് വാക്സിനിലുള്ള അമേരിക്കകാരുടെ സംശയങ്ങൾ അവസാനിക്കാനും അവർക്ക് ആത്മവിശ്വാസം പകരാനുമാണ് സ്വന്തം ശരീരത്തിൽ വാക്സിൻ പരീക്ഷണം നടത്താൻ ബൈഡന്‍ തീരുമാനിച്ചത്. ബൈഡന്‍ കോവിഡ് വാക്സിൻ സ്വീകരിക്കുന്നത് ടെലിവിഷനിൽ തത്സമയം സംപ്രേഷണം ചെയ്തു. കോവിഡ് പ്രതിരോധ വാക്‌സിനില്‍ അമേരിക്കന്‍ ജനതയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിന് വേണ്ടിയുളള പ്രചാരണ പരിപാടിയുടെ ഭാഗമായി ജോ ബെെഡന്റെ ഭാര്യ ജിൽ നേരത്തെ വാക്സിൻ സ്വീകരിച്ചിരുന്നു. ഡെലവാരയിലെ നെവാര്‍ക്കിലുളള ക്രിസ്റ്റ്യാന ആശുപത്രിയില്‍ നിന്നാണ് കോവിഡ് പ്രതിരോധ വാക്‌സിനായ പി-ഫൈസര്‍ ബൈഡന്‍ സ്വീകരിച്ചത്.

“ഞാൻ ഇന്ന് കോവിഡ് വാക്‌സിൻ സ്വീകരിച്ചു. കോവിഡ് വാക്സിൻ സാധ്യമാക്കാൻ അക്ഷീണം പ്രയത്നിച്ച ശാസ്‌ത്രജ്ഞൻമാർക്കും ഗവേഷകർക്കും നന്ദി പറയുന്നു. ഞങ്ങൾ നിങ്ങളോട് വലിയ രീതിയിൽ കടപ്പെട്ടിരിക്കുന്നു. കോവിഡ് വാക്സിന്റെ കാര്യത്തിൽ യാതൊന്നും ആശങ്കപ്പെടാനില്ലെന്ന് അമേരിക്കയിലെ ജനങ്ങളോട് ഞാൻ പറയുന്നു. കോവിഡ് വാക്സിൽ ലഭ്യമാകുന്ന മുറയ്‌ക്ക് വാക്സിൻ കുത്തിവയ്‌പ്പെടുക്കാൻ എല്ലാ ജനങ്ങളോടും ഞാൻ അഭ്യർഥിക്കുന്നു. ഇത് ഒരു തുടക്കമാണ്. കോവിഡ് 19 നെ അതിജീവിക്കാന്‍ സമയമെടുക്കും. അതുവരെ ആളുകള്‍ മാസ്‌ക് ധരിക്കുകയും വിദഗ്‌ധർ പറയുന്നത് അനുസരിക്കാന്‍ തയ്യാറാവുകയും വേണം. നിങ്ങള്‍ക്ക് യാത്ര ചെയ്യേണ്ട അത്യാവശ്യമില്ലെങ്കില്‍ അതിന് മുതിരാതിരിക്കുക. അത് വളരെ പ്രധാനമാണ്,” കോവിഡ് വാക്സിൻ സ്വീകരിച്ച ശേഷം ബെെഡൻ പറഞ്ഞു.

കോവിഡ് വാക്സിനെതിരെ അമേരിക്കയിൽ വലിയ രീതിയിൽ പ്രചാരണം നടന്നിരുന്നു. ഇപ്പോഴത്തെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്നെ കോവിഡ് വാക്സിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. കോവിഡിനെ പ്രതിരോധിക്കാൻ താൻ മാസ്ക് ധരിക്കില്ലെന്ന് പോലും ട്രംപ് ഒരുസമയത്ത് പ്രഖ്യാപിച്ചിരുന്നു. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് സമയത്ത് കോവിഡ് പ്രതിരോധത്തിലെ പാളിച്ചകൾ ചൂണ്ടിക്കാട്ടിയാണ് ട്രംപിനെതിരെ ബെെഡൻ രംഗത്തെത്തിയത്.

 

ഡോ. ഷർമദ്‌ ഖാൻ

പരീക്ഷ അടുക്കുമ്പോൾ എല്ലാ രക്ഷിതാക്കളും അവരുടെ കുട്ടികൾക്കുവേണ്ടി അന്വേഷിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ് നല്ലപോലെ പഠിക്കുവാൻ എന്തുവേണം?

പരീക്ഷ അടുക്കുമ്പോൾ പ്രത്യേകിച്ചൊന്നും ഇതിനുവേണ്ടി ചെയ്യാനില്ല എന്നതാണ് യാഥാർത്ഥ്യം. പഠിക്കണമെങ്കിലോ പരീക്ഷയിൽ നല്ല മാർക്ക് നേടണമെങ്കിലോ വളരെ മുമ്പ് തന്നെ കരുതലോടെയുള്ള പഠനവും അതോടൊപ്പം നല്ല ആരോഗ്യവും ഉണ്ടായിരിക്കണം. നന്നായി ജയിക്കണമെങ്കിൽ ഇപ്പോൾ മുതൽ ശ്രമിച്ചു തുടങ്ങണം എന്നർത്ഥം.

ഒരാളിന് നല്ല ആരോഗ്യത്തെ പ്രദാനം ചെയ്യുവാൻ ആയുർവേദത്തിലൂടെ സാധിക്കും. കാരണം രോഗമൊന്നും ഇല്ലാത്തവരിൽ ആരോഗ്യസംരക്ഷണത്തിനു വേണ്ടി ഏറ്റവും നന്നായി ഉപയോഗിക്കുവാൻ കഴിയുന്ന ആരോഗ്യശാസ്ത്രമാണ് ആയുർവേദം.

ശാരീരികവും മാനസികവുമായ നിരവധി പ്രശ്നങ്ങൾ ഒരു വിദ്യാർത്ഥിയുടെ പഠനത്തെ ബാധിക്കാം. ശരിയായ തിരിച്ചറിവും നല്ല ശീലവുമുണ്ടെങ്കിൽ രോഗം വരാതിരിക്കുവാനും ഉള്ള രോഗങ്ങൾ വർദ്ധിപ്പിക്കാതിരിക്കുവാനും സാധിക്കും.

എപ്പോൾ എങ്ങിനെ പഠിക്കുന്നു എന്ന് തുടങ്ങി നിരവധി കാര്യങ്ങൾ വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഉണരുന്നതു മുതൽ ഉറങ്ങുന്ന സമയം വരെ.

പഠനസമയം

എപ്പോൾ പഠിക്കണമെന്നതും എപ്പോൾ ഉണരണമെന്നതും ഒരുപോലെ പ്രാധാന്യമുള്ളവയാണ്. ബ്രാഹ്മമുഹൂർത്തത്തിൽ ആണ് ഒരാൾ ഉണരേണ്ടത്. ബ്രാഹ്മമുഹൂർത്തം എന്നാൽ വിദ്യാസമ്പാദത്തിന് ഏറ്റവും അനുയോജ്യമായ സമയം. ലോകത്തുള്ള സകല ജീവജാലങ്ങൾക്കും ഏറ്റവും കൂടുതൽ വികാസം സംഭവിക്കുന്ന സമയം. അത് ബുദ്ധിവികാസത്തിനും അത്യുത്തമം. രാവിലെ ആറ് മണിക്കാണ് സൂര്യൻ ഉദിക്കുന്നതെങ്കിൽ ഏകദേശം നാലര മണിയാണ് ഉണരേണ്ട സമയം. അതായത് സൂര്യനുദിക്കുന്നതിന് ഒന്നര മണിക്കൂർ മുമ്പ്. ആ സമയത്ത് കൂടുതൽ ശ്രദ്ധ കിട്ടുന്നതിനാൽ കുറച്ചു സമയം കൊണ്ട് കൂടുതൽ പഠിക്കുവാൻ സാധിക്കുന്നു. മാത്രമല്ല ദിവസം മുഴുവൻ ഉൻമേഷം നിലനിർത്തുന്ന വിധം ക്ഷീണമകറ്റുവാനും രാവിലെ ഏഴുന്നേൽക്കുന്നത് നല്ലതാണ്.

എപ്പോൾ ഉറങ്ങണം

രാവിലെ ബ്രാഹ്മമുഹൂർത്തത്തിൽ ക്ഷീണമൊന്നുമില്ലാതെ ഉണർന്നെഴുന്നേൽക്കണമെങ്കിൽ രാത്രി പത്തരയ്ക്ക് എങ്കിലും ഉറങ്ങണം. ചെറിയ കുട്ടികൾ കുറച്ചുകൂടി നേരത്തെ ഉറങ്ങണം. ഏകദേശം ആറുമണിക്കൂർ സുഖമായി ഉറങ്ങണം. കുട്ടികൾക്ക് കുറച്ചുകൂടി സമയം ഉറങ്ങുന്നതിന് തടസ്സമില്ല.

ഉറക്കം പതിവിൽ നിന്നും കുറഞ്ഞു പോയാൽ കുറച്ചുകൂടി ഉറങ്ങണം. എന്നാൽ അതിന് എപ്പോഴും സാധിച്ചുവെന്ന് വരില്ല. ആയതിനാൽ കൃത്യസമയത്ത് രാത്രിയിൽ ഉറങ്ങി ശീലിക്കണം.

കഴിച്ച ആഹാരം ഒരുവിധം ദഹിച്ചശേഷം മാത്രം ഉറങ്ങാൻ കിടക്കുക. രാത്രിയിൽ അധികമായി വെള്ളം കുടിക്കരുത്. ദഹിക്കാൻ പ്രയാസമുള്ളവ കഴിക്കരുത്. ആവിയിൽ വേകിച്ചതോ എണ്ണ കുറവുള്ളതോ ആയ സസ്യാഹാരമാണ് രാത്രിയിൽ നല്ലത്.

ശ്രദ്ധിക്കേണ്ടത്

ഉറക്കം
രാത്രിയിൽ ഉറക്കമൊഴിയുന്നത് ദഹനത്തേയും ഉറക്കത്തേയും പഠനത്തേയും ബാധിക്കും. ഇവ അസുഖത്തേയും ഉണ്ടാക്കും.

വൈകി ഉറങ്ങുന്നവർക്ക് ബ്രാഹ്മമുഹൂർത്തത്തിൽ എഴുന്നേൽക്കുന്നതിനോ പഠിക്കുന്നതിനോ കഴിയില്ല. എഴുന്നേറ്റാൽതന്നെ ഉറക്കം തൂങ്ങി ഇരിക്കുകയേ ഉള്ളൂ.

പല്ല്

പല്ലിൻറെ ആരോഗ്യം ശ്രദ്ധിക്കണം. വിരൽ കൊണ്ട് പല്ല് തേയ്ക്കുന്നതാണ് നല്ലത്. അതിനാൽ പൽപൊടിയോ, ഉമിക്കരി നന്നായി പൊടിച്ചതോ ഉപയോഗിക്കാം. പേസ്റ്റ് ഉപയോഗിക്കുവാൻ താല്പര്യമുള്ളവർ മധുരമുള്ള ടൂത്ത് പേസ്റ്റുകളും ജെൽ പേസ്റ്റും ഒഴിവാക്കുന്നതാണ് നല്ലത്. പല്ലിനെ നന്നായി സംരക്ഷിച്ചില്ലെങ്കിൽ പുഴുപ്പല്ല്, മോണവീക്കം, നിരതെറ്റിയ പല്ലുകൾ, പല്ലുവേദന, നീര് തുടങ്ങിയവ ഉണ്ടാകും.

മധുരം കൂടുതലായി കഴിക്കുന്നവർക്ക് പുഴുപ്പല്ല് വരണമെന്നില്ല. എന്നാൽ മറ്റു പല കാരണങ്ങളാൽ കുട്ടികൾ മധുരം അധികമായി കഴിക്കുന്നത് നല്ലതല്ല.

ചവർപ്പ്, കയ്പ്, എരിവ് രസമുള്ള ദ്രവ്യങ്ങൾ ആണ് പല്ലുതേയ്ക്കുവാൻ നല്ലത്. രണ്ട് നേരം പല്ല് തേക്കണം. ആഹാരശേഷം നാവ് വടിക്കരുത്.

സോഫ്റ്റ്, മീഡിയം, കഠിനം എന്നിങ്ങനെ മൂന്നുതരത്തിൽ മാർക്കറ്റിൽ ലഭിക്കുന്ന ബ്രഷുകളിൽ സോഫ്റ്റ് ആയവ തന്നെ ഉപയോഗിക്കണം. മോണ കേട് വരാതിരിക്കുവാൻ അതാണ് നല്ലത് . ബലമായി പല്ല് തേയ്ക്കരുത്. പല്ലുകളുടെ മധ്യത്തിൽ നിന്നും വശങ്ങളിലേക്ക് ബലമായി തേയ്ക്കുന്ന രീതിയാണ് പൊതുവേ കണ്ടുവരുന്നത് . ഇത് മോണരോഗത്തെ ക്ഷണിച്ചുവരുത്തും.

മൂന്നു മാസത്തിൽ ഒരിക്കലോ ബ്രിസിൽസ് വളഞ്ഞു തുടങ്ങിയാലോ ബ്രഷ് മാറ്റണം.

കുളിക്കുമ്പോൾ

തല നനയ്ക്കാതെ ദേഹം മാത്രമായി കുളിക്കരുത്.

വളരെ തണുത്ത വെള്ളത്തിൽ കുളിക്കരുത്.

ചൂടുവെള്ളം തലയിൽ ഒഴിക്കരുത്.

രോമകൂപങ്ങൾക്ക് പ്രതിലോമമായി സോപ്പ് തേയ്ക്കരുത്.

കയ്യിൽ വെച്ച് സോപ്പ് പതച്ച ശേഷം പത മാത്രം ദേഹത്ത് തേയ്ക്കുന്നതാണ് നല്ലത്.

ആഹാരം കഴിച്ചശേഷം കുളിക്കരുത്.

പ്രഭാതഭക്ഷണം

മനുഷ്യൻറെ ഏറ്റവും പ്രധാന ഭക്ഷണം പ്രഭാത ഭക്ഷണമാണ്. അത് ഒഴിവാക്കരുത്. വെറുംവയറ്റിൽ ചായയോ കാപ്പിയോ മാത്രമായി കുടിക്കരുത്. ബിസ്ക്കറ്റ്, ബ്രെഡ് എന്നിവയും വെറും വയറ്റിൽ നല്ലതല്ല.

ജങ്ക് ഫുഡ്സ് ,കോള, ടിൻ ഫുഡ്സ്, കവർ പലഹാരങ്ങൾ, മൈദ, ഡാൽഡ എന്നിവ പരമാവധി ഒഴിവാക്കണം.

നിറമുള്ളതും ബേക്കറി സാധനങ്ങളും പ്രിസർവേറ്റീവ് ചേർത്തവയും നല്ലതല്ല. ഇവയൊക്കെ രോഗത്തെ ഉണ്ടാക്കുന്നവയും പഠനത്തിലുള്ള ശ്രദ്ധ നശിപ്പിച്ചുകളയുന്നവയുമാണ്.

ബുദ്ധി വർദ്ധിക്കുവാൻ

ഏകാഗ്രതയോടെ പഠിക്കുക.

യോഗ ശീലിക്കുക.

പഠിച്ചത് ആവർത്തിച്ചു പഠിക്കുക

ആഹാരത്തിന്റെ കൂടെ നെയ്യ് ഉൾപ്പെടുത്തുക

പഠിക്കുവാൻ പ്രത്യേക സ്ഥലം ഉപയോഗിക്കുക

ബ്രഹ്മീഘൃതം, സാരസ്വതഘൃതം, സാരസ്വതാരിഷ്ടം തുടങ്ങിയവ ഒരു ഡോക്ടറുടെ നിർദേശപ്രകാരം ഉപയോഗിക്കുക

ബ്രഹ്മിയുടെ നീര് ദിവസവും രാവിലെ 5 മില്ലി വീതം കഴിക്കുക

വായിക്കുമ്പോൾ

പുസ്തകം കണ്ണിൽ നിന്ന് 25 സെൻറീമീറ്റർ അകലെ പിടിക്കുക

മുകളിലെ കൺപോള പകുതി അടച്ച് താഴേക്ക് നോക്കി വായിക്കാവുന്ന വിധത്തിൽ പുസ്തകം പിടിക്കുക

അക്ഷരങ്ങൾക്കും വാക്കുകൾക്കുമൊപ്പം തല ചലിപ്പിച്ച്,വായിച്ചു കഴിഞ്ഞ അക്ഷരങ്ങളോ വാക്കുകളോ പിന്നെയും കാണുവാൻ ശ്രമിക്കാത്ത വിധത്തിൽ, ആയാസരഹിതമായി വായിക്കുക

വ്യക്തമായ പ്രിന്റ്, അക്ഷരങ്ങളുടെ വലുപ്പം, ലാമിനേറ്റഡ് പേജുകളുടെ ഗ്ലെയർ ഇവ അനുകൂലമായ പുസ്തകങ്ങൾ മാത്രം വായിക്കുക

തീരെ കുറഞ്ഞതും വളരെ കൂടിയതുമായ പ്രകാശം പാടില്ല

വായിക്കുന്ന ആളുടെ പുറകിൽ ഘടിപ്പിച്ച ട്യൂബ് ലൈറ്റിന്റെ പ്രതിബിംബം പുസ്തകത്തിനുമേൽ ഒരു മുഖം നോക്കുന്ന കണ്ണാടി വെച്ചാൽ, അതിൽ കാണാത്തവിധം പുസ്തകം പിടിക്കുക

ടിവി അധികമായി കാണരുത്. വളരെ വേഗത്തിലുള്ള സീനുകളും മിന്നിമറയുന്ന പ്രകാശവും കണ്ണുകൾക്ക് വളരെ ആയാസം ഉണ്ടാക്കും

കണ്ണട ഉപയോഗിക്കേണ്ടവർ ഇടയ്ക്കിടെ അവ ഒഴിവാക്കുന്നത് നല്ലതല്ല

കുറച്ചുനേരം വായിച്ചശേഷം അൽപനേരം കണ്ണടച്ച് ഇരിക്കുന്നതും ,വായിൽ വെള്ളം നിറച്ചശേഷം കണ്ണ് കഴുകുന്നതും നല്ലതാണ്.

തലയിൽ തേയ്ക്കുന്ന എണ്ണ ഉള്ളംകാലിൽ കൂടി പുരട്ടിയാൽ നല്ലത്

മൊബൈൽ ഫോണിന്റെ അമിതമായ ഉപയോഗം നിയന്ത്രിച്ചേ മതിയാകൂ

തലവേദന

കുട്ടികളുടെ തലവേദനയ്ക്ക് പ്രധാനകാരണം കാഴ്ചക്കുറവായിരിക്കും.

ഭക്ഷണം കഴിക്കാതിരിക്കുക, ഉറക്കമിളപ്പ് , കിടന്നുള്ള വായന,അമിതമായ ടിവി കാണൽ, മൊബൈൽ ഉപയോഗിക്കൽ, ടെൻഷൻ എന്നിവയും തലവേദനയ്ക്ക് കാരണമാകാറുണ്ട്.

ശരിയായി നിവർന്നിരുന്ന് വായിക്കുവാനും എഴുതുവാനും ശീലിക്കുക

ടിവി ഏറെനേരം കാണുന്നതും, വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ വായിക്കുന്നതും മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും നല്ലതല്ല.

ഭക്ഷണം

ഏറ്റവും പ്രധാനമായ പ്രഭാതഭക്ഷണത്തിന് സ്വഭാവരൂപീകരണത്തിൽ ഏറെ പങ്കുണ്ട്

വെറുംവയറ്റിൽ കാപ്പിയോ ചായയോ മാത്രമായി കുടിക്കരുത് .അധികമായി എരിവ്, പുളി, ഉപ്പ്, മധുരം എന്നിവ ഉള്ളതും എണ്ണയിൽ വറുത്തതും നല്ലതല്ല

മൈദ പോലുള്ള നാരുകൾ കുറഞ്ഞ ആഹാരം ഉപയോഗിച്ചുള്ള ഭക്ഷണം ഒഴിവാക്കണം

വിശപ്പില്ലാത്ത സമയത്തും, അമിതമായും, കഴിച്ച ആഹാരം ദഹിക്കുന്നതിനു മുമ്പും വീണ്ടും ഭക്ഷിക്കരുത്

ഭക്ഷണത്തിന് രുചിക്കുറവുള്ളവർ മാത്രമേ അച്ചാർ ,തൈര് എന്നിവ ഉപയോഗിക്കാവൂ.

എന്നാൽ രാത്രിയിലോ പ്രത്യേകിച്ചും നിത്യവും തൈര് കഴിക്കുവാനും പാടില്ല.

സ്കൂളിൽ കൊണ്ടുപോകുന്ന ഭക്ഷണത്തിൽ സ്ഥിരമായി അച്ചാറും മുട്ടയും പാടില്ല

ഇടയ്ക്കൊക്കെ ആകുകയും ചെയ്യാം.

ടിഫിൻ ബോക്സിൽ മുക്കാൽ ഭാഗം മാത്രം ആഹാരം നിറയ്ക്കുക. ബാക്കിയുള്ള ഭാഗം വായുസഞ്ചാരം ഉണ്ടായിരിക്കട്ടെ

ചൂടുള്ള വെള്ളം പ്ലാസ്റ്റിക് ബോട്ടിലുകളിൽ വച്ച് ഉപയോഗിക്കരുത്

ഏറെ തണുത്തതും നല്ല ചൂടുള്ളതുമായ ഭക്ഷണം ഒഴിവാക്കണം

ശരിയായ ദഹനത്തിന് ഭക്ഷണത്തോടൊപ്പം ഇടയ്ക്കിടെ കുറേശ്ശെ വെള്ളം കുടിക്കണം.മെലിഞ്ഞവർ
ഭക്ഷണത്തിനു ശേഷവും, വണ്ണമുള്ളവർ ഭക്ഷണത്തിനു മുൻപും വെള്ളം കുടിക്കണം

ആഹാരം കഴിച്ച ഉടനെ ഓടിക്കളിക്കുവാൻ പാടില്ല

ആഹാരത്തോടൊപ്പം തണുപ്പിച്ച വെള്ളം കുടിച്ചാൽ ദഹനം കുറയും

ഇവയെല്ലാം ശ്രദ്ധിച്ച് ഇപ്പോഴേ തുടങ്ങിയാൽ നല്ല ആരോഗ്യത്തോടെ പഠിക്കുവാനും പരീക്ഷ എഴുതുവാനും നല്ല വിജയം കരസ്ഥമാക്കുവാനും സാധിക്കും.

 

ഡോ. ഷർമദ്‌ ഖാൻ

സീനിയർ മെഡിക്കൽ ഓഫീസർ

ആയുർവേദ ദിസ്പെന്സറി

ചേരമാൻ തുരുത്ത്

തിരുവനന്തപുരം .

 

 

 

ഡോക്ടർ എ. സി. രാജീവ്‌ കുമാർ

വേദകാലം മുതൽ തന്നെ ആരോഗ്യ രക്ഷയുടെ ഭാഗമായി ഉപവാസം അനുഷ്ഠിച്ചിരുന്നു. ഒരു നേരം, ഒരുദിവസം മുഴുവൻ ആഹാരം ഒഴിവാക്കി, ജലപാനം പോലുമില്ലാതെയും, വെള്ളം മാത്രം കുടിച്ചും, കരിക്കിൻ വെള്ളം, നാരങ്ങാവെള്ളം എന്നിവ കുടിച്ചും, പഴം കഴിച്ചും എന്നിങ്ങനെ പലതരത്തിൽ ഉപവാസയ്ക്കുന്നുണ്ട്.

ഔഷധങ്ങൾ ആഹാരം വിഹാരങ്ങൾ എന്നിവ ആരോഗ്യരക്ഷക്കും രോഗശാന്തിക്കും ഉപയോഗിക്കലാണല്ലോ ചികിത്സ. അദ്രവ്യ ചികിത്സ, ഔഷധമില്ലാത്ത ചികിത്സയുടെ വിഭാഗത്തിൽ ഉപവാസം ഉൾപ്പെടുത്താം. മന്ത്രജപം, രത്നങ്ങൾ ധരിക്കുക, മംഗളകർമങ്ങളിൽ പങ്കെടുക്കുക, ഹോമം, ഉപവാസം, തീർത്ഥാടനം, പാരായണം, പ്രായശ്ചിത്തം എന്നിവ ഔഷധമില്ലാത്ത പരിഹാരങ്ങളാകുന്നു.

വാത രോഗങ്ങളിൽ വിശ്രമം സൂര്യ സ്നാനം, പിത്ത സംബന്ധമായ രോഗങ്ങളിൽ ചൂടു വെള്ളത്തിൽ കുളിക്കുക ജലാശയത്തിനരികെ താമസിക്കുക, ശീതീകരണിയുടെ ഉപയോഗം, മുത്ത് പവിഴ രത്നങ്ങൾ ധരിക്കുക, കഫഅധിക രോഗങ്ങളിൽ സൂര്യസ്നാനം വ്യായാമം ഉപവാസം എന്നിവ പറയപ്പെടുന്നു.

എത്ര ദിവസം, എത്ര നേരം എങ്ങനെ ഉപവസിക്കണം എന്നത് പ്രായം, രോഗം രോഗാവസ്‌ഥ ദേശകാലാവസ്ഥകൾ കഴിച്ചു കൊണ്ടിരിക്കുന്ന ഔഷധങ്ങൾ എന്നിവയെ ആശ്രയിച്ചു നിശ്ചയിക്കണം.
ഒരു നേരം ഭക്ഷണം ഒഴിവാക്കി, രണ്ടു നേരം അഥവാ ഒരിക്കൽ മാത്രം ആഹാരം, ഒരു ദിവസം മുഴുവൻ ആഹാരം ഒഴിവാക്കി, ഇങ്ങനെ ക്രമേണ ഉപവസിക്കുന്നതാണ് ഉചിതമായ രീതി.
ശുദ്ധമായ ജലപാനം, പഴച്ചാറുകൾ ആവശ്യത്തിന് കുടിച്ചുകൊണ്ട്, കരിക്കിൻ വെള്ളം കുടിച്ചോ, നാരങ്ങാ വെള്ളം കുടിച്ചോ ഉപവസിക്കാം. ശീതീകരിച്ച വെള്ളം, ടിന്നിൽ പാക്ക് ചെയ്തു വരുന്ന കൃത്രിമ ദാഹ ശമനികൾ, എന്നിവ ഗുണത്തേക്കാൾ ദോഷം ചെയ്യും.

ഒരു ദിവസം പൂർണമായും ദഹന വ്യവസ്ഥക്ക് വിശ്രമം നൽകുന്നു എന്നതാണ് ഏറ്റവും വലിയ പ്രയോജനം. ഇക്കാരണത്താൽ അന്നപതം ശുചീകരിക്കപ്പെടുന്നു. ശരീരത്തിൽ നിന്ന് മാലിന്യം പുറം തള്ളുന്ന കരൾ വൃക്കകൾ ശ്വാസകോശം ത്വക്ക് എന്നിവയുടെ കഠിന പ്രയത്നത്തിന് അന്നനാളത്തിനു നൽകുന്ന ഇളവ് സഹായകമാകും. യൂറിക് ആസിഡ് പോലുള്ളവ പുറം തള്ളപ്പെടുന്നു.
ദഹന പചന ആഗീരണ പ്രവർത്തികൾ ചെയ്യുന്ന എല്ലാ അവയവങ്ങൾക്കും വിശ്രമം ലഭിക്കുക വഴി, ഉപവാസം കഴിഞ്ഞു ശരീരം കൂടുതൽ ഉന്മേഷ ഭരിതമാകും. ദഹന തകരാറുകൾ, വയർ വീർപ്പ്, വായു കോപം, ശ്വസനതകരാറുകൾ, അമിതവണ്ണം, അമിത ഭാരം, രക്താതിമർദ്ദം, ഗൗട്ട് എന്നിവക്ക് പരിഹാരം ആകും.

ഉപവസിക്കും മുമ്പ് മലവിസർജനം നന്നാക്കി മലാശയം ശുദ്ധമാക്കുന്നത് നന്ന്. ശരീരം ഈ ശ്രമകരമായ സാഹചര്യം നേരിടുന്നതിന് വെണ്ട മാനസികമായ തയ്യാറെടുപ്പ് ആവശ്യമാണ്. ഉപവാസം തുടങ്ങും മുമ്പും കഴിഞ്ഞയുടനെയും തന്നെ ഏറെ ആഹാരം കഴിക്കുന്നതും ഒഴിവാക്കണം. രോഗികൾ വൈദ്യനിർദേശം അനുസരിച്ചു മാത്രം ഉപവസിക്കുവാൻ ശ്രദ്ദിക്കുക.

ഡോക്ടർ എ. സി. രാജീവ്‌ കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ്‌ കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്.   മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് .   ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.

രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154

ആളുകൾ കൂട്ടത്തോടെ കുഴഞ്ഞുവീഴുക, അതിലെറെയും യുവജനങ്ങൾ. ഇങ്ങനെയൊരു അജ്ഞാതരോഗത്തിന്റെ പിടിയിലാണ് ആന്ധ്രാ പ്രദേശിലെ ഒരു നഗരം. വെസ്റ്റ് ഗോദാവരി ജില്ലയുടെ ആസ്ഥാനമായ എലുരുവിൽ 347 പേരെയാണ് അജ്ഞാതരോഗവുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇവരിൽ ഇരുന്നൂറിലേറെ പേർ ഡിസ്ചാർജ് ആയെങ്കിലും ഒരാൾ മരിച്ചു. എലുരു 1 ടൗൺ പ്രദേശത്തുള്ള നാൽപ്പത്തി അഞ്ചുകാരനാണ് മരിച്ചത്. വിജയവാഡ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹം ഞായറാഴ്ചയാണ് മരിച്ചത്.

വിജയവാഡയിൽനിന്ന് അറുപതോളം കിലോ മീറ്റർ അകലെയുള്ള എലുരുവിൽ കഴിഞ്ഞ ദിവസമാണ് ആളുകൾക്ക് കൂട്ടത്തോടെ അസ്വസ്ഥത അനുഭവപ്പെടാൻ തുടങ്ങിയത്. രോഗികളിൽ ഭൂരിഭാഗവും 20-30 വയസിനിടയിലുള്ളവരാണ്. 12 വയസിനു താഴെയുള്ള 45 കുട്ടികളിലും രോഗം സ്ഥിരീകരിച്ചു.

കൊതുകിനെ തുരത്താൻ ഉപയോഗിക്കുന്ന പുകയാണോ കൂട്ടത്തോടെ രോഗം പിടിപെടാൻ കാരണമായതെന്ന സംശയം നിലനിൽക്കുന്നുണ്ടെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഛർദിയും തളർച്ചയും ബാധിച്ചും പെ​ട്ടെന്ന്​ തലചുറ്റി വീണതുമായുള്ള അവസ്ഥയിലാണ് ആളുകളെ ആശുപത്രിയിലെത്തിച്ചതത്.

രക്തപരിശോധനയും സിടി സ്കാനുകളും നടത്തിയെങ്കിലും ഇതുവരെ രോഗകാരണം കണ്ടെത്താൻ കഴിഞ്ഞില്ല. ചികിത്സയിൽ പ്രവേശിപ്പിക്കുന്നവരിൽ ഭൂരിഭാഗം പേരും മിനിറ്റുകൾക്കുള്ളിൽ തിരികെ ആരോഗ്യം വീണ്ടെടുക്കുന്നതായി സംസ്ഥാന ആരോഗ്യ വകുപ്പ് കമ്മിഷണർ കതമനേനി ഭാസ്കർ പറഞ്ഞു

ആരോഗ്യവകുപ്പ് ജീവനക്കാർ വീടുകൾ തോറും സന്ദർശിച്ച് സർവേ എടുക്കുന്നുണ്ട്. എലുരു മേഖലയിലേക്ക് പ്രത്യേക വൈദ്യസംഘത്തെ അയച്ചിട്ടുമുണ്ട്. മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി ആശുപത്രിയിലെത്തി രോഗികളെ സന്ദർശിച്ചു.

മംഗലഗിരിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) ഡോക്ടർമാരുടെ സംഘം ആശുപത്രി സന്ദർശിച്ച് വിശദമായ പരിശോധനയ്ക്കായി രോഗികളിൽ നിന്ന് രക്തസാമ്പിളുകൾ ശേഖരിച്ചു.

ഡോ. ഷർമദ്‌ ഖാൻ

പ്രായഭേദമോ സ്ത്രീപുരുഷ വ്യത്യാസമോ കൃത്യമായ കാരണം എന്തെന്നു പറയുവാനോ ഇല്ലാതെ കാണുന്ന ഒരു ത്വക് രോഗമാണ് സോറിയാസിസ്. സോറിയാസിസ് ഒരു ജനിതകരോഗം എന്നനിലയിൽ പരിഗണിക്കുന്നു. പ്രമേഹം, കരൾ രോഗങ്ങൾ, അലർജി എന്നിവയുണ്ടോ എന്ന് കൂടി പരിശോധിച്ചു ചികിത്സ നിർണ്ണയിച്ചാൽ വേഗം സുഖപ്പെടുത്തുവാനും സാധിക്കും.

രക്ഷകർത്താക്കളിൽ ഒരാൾക്ക് രോഗമുണ്ടെങ്കിൽ 15 ശതമാനം വരെ കുട്ടികൾക്ക് രോഗം കാണപ്പെടാനുള്ള സാധ്യതയുണ്ട്. അച്ഛനും അമ്മയ്ക്കും രോഗമുള്ളവരുടെ കുട്ടികളിൽ ഇത് 40 ശതമാനമായി മാറുന്നു എന്നാൽ രോഗമുള്ളവരുടെ മക്കൾക്കെല്ലാം സോറിയാസിസ് വരണമെന്നില്ല. രോഗം വരാതിരിക്കാനുള്ള സാധ്യതയും ബാക്കി 60% ഉണ്ടല്ലോ?

മാനസികസമ്മർദ്ദം ഏറെയുള്ളവരിലാണ് സോറിയാസിസ് കൂടുതലായി കാണുന്നത്. സാധാരണ കാണുന്ന ത്വക് രോഗമായോ, തലയിലുണ്ടാകുന്ന താരൻ (ഡാൻഡ്രഫ്) ആയോ, നഖത്തിൽ ഉണ്ടാകുന്ന അസുഖമായോ നിസ്സാരവൽക്കരിച്ച് പലരും ചികിത്സ വൈകിപ്പിക്കാറുണ്ട്.

ത്വക്കിലെ ഏറ്റവും പുറമേയുള്ള കോശങ്ങൾ സാധാരണയേക്കാൾ വേഗത്തിൽ പൊടിയായോ ശൽക്കങ്ങളായോ കൊഴിഞ്ഞു പോകുന്നതാണ് പ്രധാനലക്ഷണം. എന്നാൽ രോഗത്തിൻ്റെ ആരംഭത്തിലും കുട്ടികളിലും അങ്ങനെ സംഭവിക്കണമെന്നില്ല. ചൊറിച്ചിലോ വേദനയോ കാണാറില്ല. മുതിർന്നവരിൽ ഇതിനെ തുടർന്ന് ചിലർക്കെങ്കിലും ആർത്രൈറ്റിസ് ഉണ്ടാകുന്നതായും കാണുന്നു.

സോറിയാസിസ് ഉള്ളവർ നോൺവെജ് ഉപേക്ഷിക്കുന്നതിലൂടെ കൂടുതൽ രോഗശമനം ഉറപ്പാക്കാനാകും. ഒരിക്കൽ ചികിത്സിച്ച് ഭേദമാക്കിയ രോഗം വർഷങ്ങൾക്ക് ശേഷം വീണ്ടും പ്രത്യക്ഷപ്പെടാറുണ്ട്. എന്നാൽ ചികിത്സകൊണ്ട് താൽക്കാലികമായി പൂർണശമനം കിട്ടുകയും ചെയ്യും. ദീർഘനാൾ രോഗശമനം കിട്ടുന്നതിന് ആയുർവേദ ചികിത്സകൾ വളരെ ഫലപ്രദമാണ്. നിലവിലുള്ള ബുദ്ധിമുട്ടുകൾ മാറ്റുന്നതിനും, വീണ്ടും വരാനുള്ള സാധ്യത പരമാവധി കുറയ്ക്കുന്നതിനും, സെക്കൻഡറി കോംപ്ലിക്കേഷൻസ് കുറയ്ക്കുന്നതിനും ചികിത്സ അനിവാര്യമാണ്.

ഒരാളിൽനിന്നും മറ്റൊരാളിലേക്ക് പകരുന്ന രോഗമല്ല സോറിയാസിസ്. ഒരുമിച്ചിരുന്ന് പഠിക്കുന്നത് കൊണ്ടോ, ഒരു ഓഫീസിൽ ജോലി ചെയ്യുന്നതു കൊണ്ടോ, പങ്കാളികൾക്കോ രോഗം പകരില്ല.എന്നാൽ പൊഴിഞ്ഞുവീഴുന്ന ശൽക്കങ്ങൾ അലർജിയുള്ളവർ ശ്വസിച്ചാൽ അലർജി വർധിക്കുന്നതായി കാണാറുണ്ട്.

മാനസിക സമ്മർദ്ദം കുറയ്ക്കുക, നെല്ലിക്ക, പപ്പായ, ഓറഞ്ച് ,കാരറ്റ്, തക്കാളി എന്നിവ വളരെ കൂടുതലായി കഴിക്കുക, നാരുകൾ ധാരാളം അടങ്ങിയ ഭക്ഷണം ഉൾപ്പെടുത്തുക തുടങ്ങിയവ രോഗശമനത്തിന് കൂടുതൽ ഗുണം ചെയ്യും.

 

ഡോ. ഷർമദ്‌ ഖാൻ

സീനിയർ മെഡിക്കൽ ഓഫീസർ

ആയുർവേദ ദിസ്പെന്സറി

ചേരമാൻ തുരുത്ത്

തിരുവനന്തപുരം .

 

 

 

കോവിഡ് വാക്സീനുകൾ ദിവസങ്ങൾക്ക് ഉള്ളിൽ തന്നെ മനുഷ്യരിലേക്ക് എത്തുമെന്ന ഉറച്ച പ്രഖ്യാപനങ്ങൾ പകരുന്ന ആശ്വാസത്തിലാണ് ലോകം. ഇതിന് പിന്നാലെ സ്വപ്നം കാണാൻ തുടങ്ങിക്കോളൂ എന്ന് ആഹ്വാനം ചെയ്തിരിക്കുകയാണ് ലോകാരോഗ്യ സംഘടന. കോവിഡിന്റെ പരിസമാപ്തിയ്ക്കായി ലോകത്തിന് സ്വപ്‌നം കാണാനാരംഭിക്കാമെന്ന് ലോകാരോഗ്യസംഘടനാ മേധാവി തെദ്രോസ് അദനോം ഗബ്രെയേസിസ് പറഞ്ഞു. സ്വകാര്യസ്വത്തായി കാണാതെ വാക്‌സീന്‍ സൗകര്യം ലോകത്തെ എല്ലായിടത്തും സമാനരീതിയില്‍ വിതരണം ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

അതേസമയം വാക്സീനുകൾ തയാറാകും മുൻപു തന്നെ 160 കോടി ഡോസ് വാങ്ങാൻ വിവിധ കമ്പനികളുമായി ഇന്ത്യ ധാരണയുണ്ടാക്കി കഴിഞ്ഞു. ഇതു ലഭിച്ചാൽ 80 കോടിയോളം പേർക്ക് നൽകാൻ കഴിയും. സാമൂഹിക പ്രതിരോധം (ഹേർ‍ഡ് ഇമ്യൂണിറ്റി) ലഭിക്കാൻ ഇതു മതിയാകുമെന്നാണു വിലയിരുത്തൽ.

ഓക്സ്ഫഡ് വാക്സീൻ (ഇന്ത്യയിൽ കോവിഷീൽഡ്) 50 കോടിയാണ് ഇന്ത്യ വാങ്ങുന്നത്. ഇതിനു പുറമേ, യുഎസ് കമ്പനിയായ നോവാവാക്സ് 100 കോടി, റഷ്യയുടെ സ്പുട്നിക് 5 വാക്സീൻ 10 കോടി എന്നിവയും അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് ഇന്ത്യയിലെത്തും. ഇതിനു പുറമേയാണ് ഭാരത് ബയോടെക്കിന്റെയും സൈഡസ് കാഡിലയുടെയും തദ്ദേശീയ വാക്സീനുകൾ.

ഫൈസർ വാക്സീൻ ചൊവ്വാഴ്ച മുതൽ ബ്രിട്ടനിൽ നൽകിത്തുടങ്ങുമെന്ന് റിപ്പോർട്ട്. സ്കോട്‍ലാൻഡിലായിരിക്കും ആദ്യ കുത്തിവയ്പ്. വയോജന കേന്ദ്രങ്ങളിലെ അന്തേവാസികൾക്കും ജീവനക്കാർക്കുമായിരിക്കും ആദ്യം നൽകുക.

ബ്രിട്ടന് പിന്നാലെ ഫൈസര്‍ കൊവിഡ് വാക്സിന്‍ അടിയന്തരമായി ഉപയോഗിക്കുന്നതിന് അംഗീകാരം നല്‍കി ബഹ്‌റൈന്‍. ഇതോടെ ഫൈസറിന് അനുമതി നല്‍കുന്ന ലോകത്തെ രണ്ടാമത്തെ രാജ്യമായി ബഹ്റൈന്‍ മാറി.

അമേരിക്കന്‍ ഔഷധകമ്പനിയായ ഫൈസറിന്റെ കൊവിഡ് വാക്സിന്‍ ഉപയോഗിക്കുന്നതിന് ബുധനാഴ്ച ആണ് ബ്രിട്ടണ്‍ അനുമതി നല്‍കിയത്. അടുത്ത ആഴ്ച ബ്രിട്ടണില്‍ വാക്സിന്റെ വിതരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ബഹ്റൈന്‍ വാക്സിന്റെ വിതരണം എന്ന് ആരംഭിക്കുമെന്ന് ഫൈസര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ചൈനയുടെ സിനോഫാം വാക്സിന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നതിന് നവംബറില്‍ ബഹ്റൈന്‍ അംഗീകാരം നല്‍കിയിരുന്നു.ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ഫൈസര്‍ വാക്‌സിനും അനുമതി നല്‍കിയിരിക്കുന്നത്.

കേരളത്തില്‍ ആദ്യമായി അപൂര്‍വ്വ രോഗാണുവിനെ കണ്ടെത്തി. അപൂര്‍വ്വമായ മലേറിയ രോഗാണുവിനെയാണ് കണ്ടെത്തിയത്. കണ്ണൂര്‍ സ്വദേശിയുടെ രക്തപരിശോധനയിലാണ് ഈ രോഗാണുവിനെ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്.ഇയാള്‍ സുഡാനില്‍ നിന്നും വന്നതാണ്.

പ്ലാസ്‌മോഡിയം ഒവേല്‍ എന്ന വ്യത്യസ്ത മലമ്പനി രോഗാണുവിനെയാണ് കണ്ടെത്തിയത്. ഇന്ത്യയില്‍ തന്നെ ഇത് ആദ്യമായാണ് ഇത്തരം ഒരു രോഗാണുവിനെ കണ്ടെത്തുന്നത്. കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ പരിശോധനയില്‍ ജില്ലാ ടി.ഒ.ടി ആയ ടി.വി അനിരുദ്ധനാണ് പ്ലാസ്‌മോഡിയം ഒവേല്‍ എന്ന വ്യത്യസ്ത മലമ്പനി രോഗാണുവിനെ കണ്ടെത്തിയതെന്ന് പ്രമുഖ മാധ്യമത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ലോകാരോഗ്യ സംഘടനയുടെ മലേറിയ പരിശീലകനും സംസ്ഥാന ടി.ഒ.ടി.യും ആയ എം.വി സജീവ് വിശദ പരിശോധനയിലൂടെ രോഗാണുവിന്റെ സാന്നിധ്യം സ്ഥിരീകരിച്ച് ആരോഗ്യവകുപ്പിനെ അറിയിക്കുകയും ചെയ്തു. സംസ്ഥാന എന്റമോളജി വിഭാഗത്തിലും ഒഡിഷയിലും പരിശോധിച്ചാണ് രോഗാണുവിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്.

സാധാരണ രോഗംബാധിച്ചാല്‍ ചുവന്ന രക്താണുവിന് വലുപ്പം കാണും. ഇവിടെ അത് കണ്ടെത്തിയില്ല. അനോഫലീസ് കൊതുകു വഴി പടരുന്ന മലേറിയയുടെ സാധാരണ രോഗലക്ഷണങ്ങള്‍ തന്നെയാണ് പ്ലാസ്‌മോഡിയം ഒവേല്‍ ബാധിച്ചാലും ഉണ്ടാവുക. ചികിത്സയും ഒന്നു തന്നെയാണ്.

ആഫ്രിക്കന്‍ രാജ്യമായ സുഡാനില്‍ യു.എന്‍ ദൗത്യവുമായി ജോലിക്കു പോയ പട്ടാളക്കാരന്‍ പനി ബാധിച്ച് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പരിശോധനയ്ക്ക് എത്തിയിരുന്നു. മലമ്പനിയുടെ ലക്ഷണങ്ങള്‍ കണ്ട് രക്തപരിശോധന നടത്തിയപ്പോഴാണ് പ്ലാസ്‌മോഡിയം ഒവേല്‍ ഇദ്ദേഹത്തിന്റെ ശരീരത്തില്‍ കണ്ടെത്തിയത്. ആഫ്രിക്കയെ ദുരിതത്തിലാക്കിയ ഈ രോഗാണു കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ആദ്യമായാണ്.

RECENT POSTS
Copyright © . All rights reserved