Kerala

കടയിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഹലാൽ ഭക്ഷണം ലഭിക്കുമെന്ന സ്റ്റിക്കർ നീക്കണമെന്ന് ആവശ്യപ്പെട്ട് ഭീഷണി മുഴക്കിയ ഹിന്ദു ഐക്യവേദി നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആർവി ബാബുവിനെയാണ് എറണാകുളം നോർത്ത് പറവൂർ .പോലീസ് അറസ്റ്റ് ചെയ്തത്.

ഹലാൽ വിഭവങ്ങൾ ലഭ്യമെന്ന സ്റ്റിക്കർ നീക്കണമെന്നാവശ്യപ്പെട്ട് എറണാകുളം പാറക്കടവ് കുറുമശേരി ബേക്കറി ഉടമയെയാണ് ഇവർ ഭീഷണിപ്പെടുത്തിയത്. ഡിജിപിയുടെ നിർദേശപ്രകാരമാണ് ആർവി ബാബുവിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം പോലീസ് കേസെടുത്തത്.

സംഭവത്തിൽ വർഗീയപരമായി സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ടു എന്ന പരാതിയിലാണ് അറസ്റ്റ്. അതേസമയം, ബാബുവിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും സംഘപരിവാറിനെ തകർക്കാനുള്ള ശ്രമമാണെന്നും ആരോപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും നേതാവ് ശോഭാ സുരേന്ദ്രനും രംഗത്തെത്തിയിട്ടുണ്ട്.

ഡിസംബർ 28ാം തീയതിയാണ് കുറുമശേരിയിൽ പ്രവർത്തനമാരംഭിച്ച കടയുടെ മുമ്പിൽ ഹലാൽ വിഭവങ്ങൾ ലഭ്യമെന്ന് കാണിച്ച് പ്രദർശിപ്പിച്ച സ്റ്റിക്കർ നീക്കാൻ ഹിന്ദു ഐക്യവേദി പ്രവർത്തകർ ആവശ്യപ്പെട്ടത്. ഈ ബേക്കറിയിലേക്ക് പാറക്കടവ് പ്രദേശത്തെ ഹിന്ദു ഐക്യവേദി പ്രവർത്തകർ നേരിട്ട് എത്തി കട ഉടമക്ക് സംഘടനയുടെ ലെറ്റർ പാഡിലുള്ള കത്ത് കൈമാറി.

കത്ത് കൈപ്പറ്റി ഏഴ് ദിവസത്തിനകം ഹലാൽ വിഭവങ്ങൾ ലഭ്യമെന്ന സ്റ്റിക്കർ നീക്കിയില്ലെങ്കിൽ സ്ഥാപനം ബഹിഷ്‌കരിക്കുമെന്നും, പ്രതിഷേധം സംഘടിപ്പിക്കുമെന്നുമായിരുന്നു കത്തിലെ താക്കീത്. വിവാദം ഒഴിവാക്കാൻ കട ഉടമ സ്റ്റിക്കർ നീക്കി. പിന്നാലെ സോഷ്യൽമീഡിയയിൽ സംഭവം വാർത്തയായതോടെയാണ് അറസ്റ്റുണ്ടായത്.

കട ഉടമയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നാല് ഹിന്ദു ഐക്യവേദി പ്രവർത്തകരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സുജയ്, ലെനിൻ, അരുൺ, ധനേഷ് എന്നിവരെയാണ് മതസ്പർധ പ്രചരിപ്പിക്കാൻ ശ്രമിച്ചതെന്ന കുറ്റം ചുമത്തി ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

മാവേലിക്കര കോഴിപാലത്ത് വിവാഹ വീടിന് സമീപമുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു. തട്ടാരമ്പലം മറ്റം വടക്ക് സ്വദേശി രഞ്ജിത്ത് (33) ആണ് മരിച്ചത്. വരന്റെ അച്ഛനെതിരെ കൊലക്കുറ്റം ചുമത്തി.

കഴിഞ്ഞ മാസം 26ന് രാത്രിയാണ് സംഘര്‍ഷമുണ്ടായത്. വിവാഹ വീട്ടില്‍ എത്തിയവര്‍ റോഡില്‍ കൂട്ടംകൂടി മാര്‍ഗ്ഗതടസ്സം സൃഷ്ടിച്ചത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുള്ള തര്‍ക്കത്തിലാണ് രഞ്ജിത്തിന്റെ തലയ്ക്ക് മര്‍ദ്ദനമേറ്റിരുന്നു. ശേഷം 30നു വൈകിട്ട് രഞ്ജിത്ത് മരിച്ചു.

വരന്റെ അച്ഛന്‍ നെല്‍സണ്‍ ഉള്‍പ്പെടെ 10 പേര്‍ക്കെതിരെ കൊലക്കുറ്റം ഉള്‍പ്പടെ വകുപ്പുകള്‍ ചുമത്തി മാവേലിക്കര പോലീസ് കേസെടുത്തു. നെല്‍സണ്‍ കൊല്ലത്താണ് ജോലി ചെയ്യുന്നത്. ഇവിടെയുള്ള ആളുകള്‍ ആണ് സല്‍ക്കാരത്തിന് എത്തിയത്. സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

തിരുവനന്തപുരം∙ നെയ്യാറ്റിന്‍കരയിൽ അമ്മയെ കൊന്നശേഷം മകൻ ആത്മഹത്യ ചെയ്തു. ആങ്കോട് സ്വദേശി മോഹനകുമാരിയും മകൻ വിപിനുമാണ് മരിച്ചത്. കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് വിവരം.

അമ്മയുടെ മൃതദേഹം കട്ടിലില്‍നിന്നാണ് കണ്ടെത്തിയത്. ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നാണു പ്രാഥമിക നിഗമനം. വിപിൻ വീട്ടിൽ തൂങ്ങിമരിക്കുകയായിരുന്നു. മൃതദേഹത്തിനടുത്തുനിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു.

വിപിനും ഭാര്യയും അമ്മയും തമ്മിൽ തർക്കങ്ങളുണ്ടായിരുന്നതായും വഴക്കു പതിവായിരുന്നെന്നും പൊലീസിനു വിവരം ലഭിച്ചു. ഭാര്യയെങ്കിലും മനസമാധാനത്തോടെ ജീവിക്കട്ടെയെന്ന് വിപിന്റെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. സംഭവം നടക്കുമ്പോൾ വിപിന്റെ ഭാര്യയും കുട്ടിയും വീട്ടിൽ ഉണ്ടായിരുന്നില്ല.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജാതി പറഞ്ഞിട്ടില്ലെന്ന് ആവർത്തിച്ച് കെ. സുധാകരൻ എം.പി. രമേശ് ചെന്നിത്തലയെയും ഷാനിമോൾ ഉസ്മാനെയും തുറന്ന് വിമർ‌ശിച്ച് കൊണ്ട് സുധാകരൻ രം​ഗത്തെത്തി.

പിണറായിക്കെതിരായ പരാമർശം നടത്തിയത് പാർട്ടിക്കു വേണ്ടിയാണ്. പരാമർശം ഒഴിവാക്കേണ്ടിയിരുന്നു എന്ന രമേശ് ചെന്നിത്തലയുടെ പ്രതികരണം തന്നെ വേദനിപ്പിച്ചു.

തനിക്കെതിരെ പാർട്ടിയിൽ നീക്കം നടക്കുന്നുണ്ടെന്നും വിവാദത്തിന് പിന്നിൽ സിപിഎം അല്ലെന്നും സുധാകരൻ പറഞ്ഞു. കോൺഗ്രസ് പാർട്ടിക്കും നേതാക്കൾക്കും പാർട്ടിക്കും പ്രതികരണ ശേഷിയില്ലെന്നും സുധാകരൻ കൂട്ടിചേർത്തു.

തന്നെ കെ.പി.സി.സി. നേതൃസ്ഥാനത്തേക്ക് പരിഗണിക്കുന്നത് കൊണ്ടാവാം പരാമർശം ചിലർ വിവാദമാക്കിയതെന്നും സുധാകരൻ പറഞ്ഞു.

പരാമർശത്തിൽ ജാതിവെറിയില്ലെന്ന് സുധാകരൻ ആവർത്തിച്ചു. ഞാനും അദ്ദേഹവും ഒരു ജാതിയാണ്. ഞാൻ നമ്പൂതിരിയോ ഭട്ടതിരിപ്പാടോ നായരോ ഒന്നുമല്ല ഈഴവനാണെന്നും അദ്ദേഹം പറഞ്ഞു.

ശുഭാപ്തി വിശ്വാസത്തോടു കൂടി ശരിയായ ചികിത്സയ്ക്ക് വിധേയരായി മുന്നോട്ട് പോയാൽ എത്ര അസുഖകരമായ അവസ്ഥയിലും അർബുദത്തെ ഒരു പരിധി വരെ പിടിച്ചു കെട്ടാൻ സാധിക്കും എന്ന സന്ദേശം നൽകുകയാണ് തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ കാൻസർ പോരാളിയായ നന്ദു മഹാദേവ.

നന്ദു മഹാദേവയുടെ ഫെയ്സ്ബുക്ക് കുറിപ്പ്:

കാൻസർ എന്റെ കരളിനെ കൂടി കവർന്നെടുത്തു തുടങ്ങിയിരിക്കുന്നു..! ചെയ്യാനുള്ളതെല്ലാം ചെയ്തു കഴിഞ്ഞു ഇനി അധികമൊന്നും ചെയ്യാനില്ലെന്നു ഡോക്ടർ പറഞ്ഞു.. ഞാൻ വീട്ടിൽ പോയിരുന്നു കരഞ്ഞില്ല..!! പകരം കൂട്ടുകാരെയും കൂട്ടി നേരേ ഗോവയിലേക്ക് ഒരു യാത്ര പോയി അടിച്ചങ്ങു പൊളിച്ചു..!!

അസഹനീയമായ വേദനയെ നിലയ്ക്കു നിർത്താൻ ഓരോ രണ്ടു മണിക്കൂറും ഇടവിട്ട് മോർഫിൻ എടുത്തു കൊണ്ടിരുന്നുവെങ്കിലും ആ ഉദ്യമത്തിൽ ഞാൻ സമ്പൂർണ പരാജിതനായി..! പക്ഷേ എന്റെ മാനസികമായ കരുത്തിനു മുന്നിലും വേദനകളെ കടിച്ചമർത്തി ആഹ്ളാദിക്കുവാനും ഉല്ലസിക്കുവാനും ഉള്ള കഴിവിന് മുന്നിലും മോർഫിൻ കൊണ്ട് പിടിച്ചു കെട്ടാൻ പറ്റാത്ത വേദന പോലും നാണിച്ചു പണ്ടാരമടങ്ങിപ്പോയി..!

ഡ്രൈവിംഗ് അത്രമേൽ ഇഷ്ടമുള്ള എനിക്ക് എന്റെ കൂട്ടുകാരെയും പിന്നിലിരുത്തി കുറച്ചധികം ദൂരം വണ്ടിയോടിക്കണം എന്ന് അടങ്ങാത്ത ആഗ്രഹം ഉണ്ടായിരുന്നു.. അതവർ സാധിച്ചു തന്നു..സ്‌നോ പാർക്കിൽ പോയി മഞ്ഞിൽ കളിച്ചു.. മനോഹരമായ ഗോവൻ ബീച്ചുകളുടെ ഭംഗി കണ്ടാസ്വദിച്ചു.. ഒടുവിൽ പബ്ബിലും പോയി നൃത്തം ചെയ്ത ശേഷമാണ് ഞങ്ങൾ ഗോവയോട് വിട പറഞ്ഞത്..! ക്രച്ചസും കുത്തി പബ്ബിലേക്ക് ചെല്ലുമ്പോൾ അന്യഗ്രഹ ജീവികളെ പോലെ ഞങ്ങളെ നോക്കിയവർ ഒടുവിൽ ഞങ്ങൾക്കൊപ്പം നൃത്തം വെയ്ക്കാനും ഞങ്ങളെ പരിചയപ്പെടാനും തിരക്ക് കൂട്ടിയപ്പോൾ അഭിമാനം തോന്നി..! പാതി ഉറക്കത്തിലായിരുന്ന ആ പബ്ബിനെ ഞങ്ങൾ ആഹ്ലാദത്തിന്റെ കൊടുമുടിയിൽ എത്തിച്ചു..!

ഗോവ ഞങ്ങളെ മറക്കില്ല.. ഞങ്ങൾ ഗോവയെയും..

രണ്ടു ദിവസം ഞങ്ങൾ പോയിടത്തെല്ലാം പോസിറ്റിവിറ്റി വാരി വിതറി ഉത്സവം പോലെയാക്കി..

ഞാനും വിഷ്ണുവും ജസ്റ്റിനും ഒക്കെ കാൻസർ പോരാളികളാണ് എന്ന് ഞങ്ങളല്ലാതെ മറ്റാര് പറഞ്ഞാലും ഗോവയിൽ ഞങ്ങളെ പുതിയതായി പരിചയപ്പെട്ടവരോ ഞങ്ങളുടെ ഒപ്പം നൃത്തം ചെയ്തവരോ ആരും വിശ്വസിക്കില്ല.. അത്ര മാത്രം ഊർജ്ജമായിരുന്നു ഞങ്ങൾക്ക്..!

എവിടെയെങ്കിലും പോകാമെന്ന് ഞാൻ പറയുമ്പോൾ എന്നെയും കൊണ്ട് പറക്കാൻ നിൽക്കുന്ന എന്റെ ചങ്കുകളോട് എത്ര നന്ദി പറഞ്ഞാലും തീരില്ല.. എന്റെ സ്വന്തം അനിയൻ അനന്തുവും ആത്മസുഹൃത്തായ ശ്രീരാഗും ഞങ്ങൾക്ക് വല്ലാത്തൊരു മുതൽക്കൂട്ടാണ്..!

എന്റെ ചികിത്സ ഏറെക്കുറെ അവസാനിച്ചിരിക്കുന്നു പ്രിയരേ.. സർജറി പോലും ചെയ്യാൻ കഴിയാത്ത തരത്തിൽ അതെന്നെ വരിഞ്ഞു മുറുക്കിയിരിക്കുന്നു.. ഇപ്പോൾ ദേ കരളിലേക്ക് കൂടി അത് പടർന്നിരിക്കുന്നു.. ഇതുവരെ അനുഭവിച്ച വേദനകളെക്കാൾ പത്തിരട്ടി അധികം വേദന കടിച്ചമർത്തിക്കൊണ്ടാണ് ഈ നിമിഷം ഞാനിതെഴുതുന്നത്.. ആകെ മുന്നിലുള്ള ഒരേ ഒരു വഴി വേദന കുറയ്ക്കാനുള്ള മരുന്നുകൾ എടുത്തു മുന്നോട്ട് പോകുക എന്നത് മാത്രമാണ്..

പക്ഷെ ഞാൻ തിരിച്ചു വരും.. എനിക്ക് മുന്നിലേക്ക് നടക്കാൻ എന്തെങ്കിലും ഒരു വഴി സർവ്വേശ്വരൻ തുറന്നു തരും.. കഴിഞ്ഞ രണ്ടു പ്രാവശ്യവും മരണത്തിന് മുന്നിൽ നിന്നും മലക്കം മറിഞ്ഞു ജീവിതത്തിലേക്ക് ചുവടു വെച്ചതുപോലെ ഇത്തവണയും എന്റെ പ്രിയപ്പെട്ടവരുടെ അടുത്തേക്ക് ഞാൻ ഓടി വരും..!

നാളെ ലോക കാൻസർ ദിനമാണ്.. കൃത്യ സമയത്ത് അർബുദം കണ്ടെത്താൻ കഴിയാത്തത് കൊണ്ടും ആദ്യമെടുത്ത ചികിത്സയിലെ ചിലരുടെ ആശ്രദ്ധകൾ കൊണ്ടും മാത്രമാണ് ഞാൻ ഇത്രയധികം സഹനങ്ങളിൽ കൂടി കടന്നു പോകേണ്ടി വന്നത്.. MVR പോലൊരു ഹോസ്പിറ്റലിൽ ഇത്രയധികം സ്നേഹനിധികളായ ഡോക്ടർമാരുടെ അടുത്തേക്ക് ആദ്യമേ എത്താൻ സാധിച്ചിരുന്നുവെങ്കിൽ ഞാനിപ്പോൾ എല്ലാവരെയും പോലെ സാധാരണ ജീവിതം നയിച്ചു തുടങ്ങേണ്ട വ്യക്തിയാണ്.. ഈ കാൻസർ ദിനത്തിൽ എനിക്ക് ഈ ലോകത്തിന് നൽകാനുള്ള സന്ദേശവും ഇതാണ്.. എത്ര അസുഖകരമായ അവസ്ഥയിൽ കൂടി പോയാലും ശുഭാപ്തി വിശ്വാസത്തോടു കൂടി ശരിയായ ചികിത്സയ്ക്ക് വിധേയരായി മുന്നോട്ട് പോയാൽ നമുക്ക് ഒരു പരിധി വരെ അർബുദത്തെ പിടിച്ചു കെട്ടാൻ സാധിക്കും.. ചെറിയ ചെറിയ വേദനകൾ വന്നാൽ പോലും ശ്രദ്ധിക്കുക , സമയം വൈകിപ്പിക്കാതിരിക്കുക..

എന്റെ ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിച്ചിട്ടുള്ളത് എന്റെ പ്രിയപ്പെട്ട നിങ്ങൾ ഓരോരുത്തരുടെയും ആത്മാർത്ഥമായ പ്രാർത്ഥനകൾ കാരണമാണ്.. അതിനിയും വേണം.. ഒപ്പം സ്നേഹവും..

ഒരു കരള് പറിച്ചു കൊടുത്താൽ പകരം ഒരു നൂറു കരളുകൾ എന്നെ സ്നേഹിക്കാൻ എന്റെ ഹൃദയങ്ങൾ നിങ്ങളൊക്കെ കൂടെയുള്ളപ്പോൾ ഞാനെന്തിന് തളരണം..!

നന്ദു മഹാദേവ വെറുമൊരു നക്ഷത്രമായിരുന്നില്ല , സൂര്യനെപ്പോലെ ഒരു നക്ഷത്രമായിരുന്നു എന്ന് പറഞ്ഞു കേൾക്കുവാനാണ് എനിക്കിഷ്ടം.. അതുകൊണ്ട് തന്നെ അവസാന നിമിഷം വരെയും പുകയില്ല.. കത്തി ജ്വലിക്കും..!

ഞങ്ങളുടെ ഈ യാത്ര പ്രതീക്ഷയറ്റ നൂറു കണക്കിന് സഹോദരങ്ങൾക്ക് ഒരു പ്രത്യാശയാകട്ടെ..!

സോഷ്യൽ മീഡിയയിൽ ഫോട്ടോഷൂട്ട്കളുടെ കാലമാണിപ്പോൾ. സിനിമാ സീരിയൽ നടിമാരുടെ ഫോട്ടോഷൂട്ടുകൾ മാത്രമല്ല, ഇതുവരെ പേര് കേൾക്കാത്ത മോഡൽസിന്റെ ഫോട്ടോഷൂട്ടകളും സോഷ്യൽ മീഡിയയിലൂടെ നമുക്ക് കാണാൻ സാധിക്കും.

പ്രീ വെഡിങ്, പോസ്റ്റ് വെഡിങ്, മാറ്റർനൽ തുടങ്ങി വ്യത്യസ്ത ആശയവുമായാണ് ഓരോ ഫോട്ടോഷൂട്ടുകളും ജനശ്രദ്ധ പിടിച്ചു പറ്റുന്നത്. ഏത് രീതിയിൽ മറ്റൊന്നിൽ നിന്ന് വ്യത്യസ്തത കൊണ്ടുവരാൻ പറ്റും എന്നാലോചിക്കുകയാണ് ഓരോരുത്തരും.

പല ഫോട്ടോകളും പലരീതിയിലാണ് സോഷ്യൽ മീഡിയയിൽ വൈറലാകാറുള്ളത്. ചില ഫോട്ടോകൾ ഒരുപാട് പ്രശംസകൾ അർഹിക്കുന്നുണ്ടെങ്കിലും, പലതും വിമർശനങ്ങൾ ഏറ്റുവാങ്ങുകയാണ്. വിമർശനങ്ങൾ ഏറ്റുവാങ്ങിയ പല ഫോട്ടോകളും ഈ അടുത്ത കാലത് നമുക്ക് കാണാൻ സാധിച്ചിട്ടുണ്ട്.

ഫോട്ടോഷൂട്ടിൽ വേഷവിധാനങ്ങളാണ് ഇത്തരത്തിലുള്ള വിമർശനങ്ങൾക്ക് കാരണമാകുന്നത്. പല ഫോട്ടോഷൂട്ടുകളിലും സ്ത്രീകൾ അതീവ ഗ്ലാമറസ് വേഷത്തിൽ പ്രത്യക്ഷപ്പെടുന്നതാണ് ഇത്തരത്തിലുള്ള വിമർശനങ്ങൾക്ക് കാരണമാകുന്നത്.

വിമർശിക്കാൻ വേണ്ടിമാത്രം സോഷ്യൽ മീഡിയയിൽ കാത്തിരിക്കുന്ന സദാചാര ആങ്ങളമാരും അമ്മായിമാരും ഒരുപാടുണ്ട്. കമന്റ് ബോക്സിൽ അശ്ലീല തെറികളും ആയാണ് ഇവര് നിറഞ്ഞുനിൽക്കുന്നത്.

ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ഒരു വെഡിങ് ഫോട്ടോ ഷൂട്ട്. കുറച്ച് ഗ്ലാമറസ് രൂപത്തിലാണ് ഫോട്ടോഷൂട്ട് നടത്തിയിട്ടുള്ളത്. വ്യത്യസ്തമായ കൺസെപ്റ്റ് ആണ് ഫോട്ടോഷൂട്ടിൽ ഒരുക്കിയിരിക്കുന്നത്.

 

 

ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തിന് മേല്‍ കരിഓയില്‍ ഒഴിച്ച് പ്രതിഷേധിച്ച് കാഞ്ഞിരപ്പള്ളി എസ്ഡി കോളേജ് വിദ്യാര്‍ഥിനി ജെസ്ന മരിയ ജെയിംസിന്റെ ബന്ധു. തിരോധാനത്തില്‍ അന്വേഷണം ശരിയല്ലെന്ന് ആരോപിച്ചാണ് കരി ഓയില്‍ ഒഴിച്ച് പ്രതിഷേധിച്ചത്. ജഡ്ജിയുമായി വാഹനം ഹൈക്കോടതി വളപ്പിലേക്ക് പ്രവേശിക്കുമ്പോഴായിരുന്നു സംഭവം.

ഇന്ന് രാവിലെ 10 മണിയോടൊണ് സംഭവം. ജെസ്നയുടെ തിരോധാനം അന്വേഷിക്കണം, സംഭവത്തിലെ പോലീസിന്റെ ഒത്തുകളി അവസാനിപ്പിക്കണം എന്നിവ ആവശ്യപ്പെട്ട് പ്ലക്കാര്‍ഡുമായി ബന്ധു പ്രതിഷധം നടത്തുകയായിരുന്നു. ഇതിനിടയിലാണ് ജഡ്ജിയുടെ വാഹനം ഇതുവഴി കടന്നുപോയത്. തുടര്‍ന്ന് ജഡ്ജിയുടെ വാഹനത്തിന് നേരെ ഇയാള്‍ കരി ഓയില്‍ എടുത്ത് ഒഴിക്കുകയായിരുന്നു.

തുടര്‍ന്ന് പോലീസ് ഇയാളെ പിടികൂടി വിവരങ്ങള്‍ ചോദിച്ചറിയുകയായിരുന്നു. ജെസ്നയുടെ ബന്ധുവാണെന്ന കാര്യം ഇയാള്‍ പോലീസിനോട് പറഞ്ഞു. സംഭവത്തില്‍, പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങളള്‍ ശേഖരിക്കുകയാണെന്ന് പോലീസ് പറഞ്ഞു. കൊല്ലമുള സന്തോഷ്‌കവല കുന്നത്തുവീട്ടില്‍ ജയിംസിന്റെ മകള്‍ ജെസ്ന മരിയ ജയിംസിനെ 2018 മാര്‍ച്ച് 22-നാണ് കാണാതായത്.

കുട്ടികളെ പൊതുസ്ഥലങ്ങളിൽ കൊണ്ടുവന്നാൽ രക്ഷിതാക്കളിൽ നിന്നു കടുത്ത പിഴ ഈടാക്കും. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രണം കർശനമാക്കുന്നതിന്റെ ഭാഗമായാണ് 10 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും 60 വയസ്സിനു മുകളിലുള്ളവർക്കും പൊതുസ്ഥലങ്ങളിൽ വിലക്ക് കടുപ്പിക്കുന്നത്. പൊതുസ്ഥലത്ത് കുട്ടികളെ കൊണ്ടുവന്നാൽ 2,000 രൂപ പിഴയടയ്‌ക്കണം.

പത്ത് വയസ്സിൽ താഴെയുള്ള കുട്ടികളെ പൊതുസ്ഥലങ്ങളിൽ കൊണ്ടുവരികയാണെങ്കിൽ രക്ഷിതാക്കൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. ഇതിനായി പൊലീസ് പരിശോധന കർശനമാക്കി. എന്നാൽ, ചികിത്സാ ആവശ്യങ്ങൾക്ക് വരുന്നതിനു തടസ്സമില്ല. ആളുകൾ കൂടുതൽ എത്താൻ സാധ്യതയുള്ള വായു സഞ്ചാരം കുറഞ്ഞ കെട്ടിടങ്ങളിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തുന്നുണ്ട്.

കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കാൻ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. കലക്‌ടർമാരെ സഹായിക്കാൻ ജില്ലകളിൽ ഐഎഎസ് ഉദ്യോഗസ്ഥർക്ക് പുതിയ ചുമതല നൽകിയിരുന്നു. പതിനാല് ജില്ലകളിലും കലക്‌ടർമാരെ സഹായിക്കാൻ ഐഎഎസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.

കോവിഡ് നിയന്ത്രണങ്ങള്‍ ഫലപ്രദമായി നടപ്പാക്കുകയും വിവിധ തലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ കലക്‌ടർമാരെ സഹായിക്കുകയുമാണ് ഇവരുടെ ദൗത്യം. എത്രയും വേഗം അതാതിടങ്ങളില്‍ ചുമതലയേല്‍ക്കാനാണ് ഐഎഎസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരിക്കുന്നത്. ഓരോ സ്ഥലത്തെയും സ്ഥിതി പരിശോധിച്ച് കര്‍ശന നടപടിക്ക് കലക്‌ടർമാക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. മൈക്രോ കണ്ടെയ്‌ൻമെന്റ് സോണുകളില്‍ ആവശ്യമെങ്കില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കാമെന്നും ഉത്തരവിലുണ്ട്.

ഫെബ്രുവരി 10 വരെ സംസ്ഥാനത്ത് 25,000 ത്തോളം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ ശക്തമാകുന്നതിന്റെ ഭാഗമായാണിത്. യാത്രകൾ അത്യാവശ്യത്തിനു മാത്രം. രാത്രി പത്ത് കഴിഞ്ഞാലുള്ള യാത്രകൾ ഒഴിവാക്കണം. വിവാഹ ചടങ്ങുകൾ തുറസായ സ്ഥലങ്ങളിൽ നടത്താൻ ശ്രദ്ധിക്കണം. ആളുകളുടെ എണ്ണം പരിമിതപ്പെടുത്തണം. രോഗവ്യാപനം വീണ്ടും ഉയരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ കർശനമാക്കുന്നതെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബസ് സ്റ്റാൻഡുകളിലും ഷോപ്പിങ് മാളുകളിലും പൊലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥാൻ ജേക്കബ് തോമസ്. തിരുവനന്തപുരം ജില്ലയിൽ നിന്ന് ബിജെപി സ്ഥാനാർഥിയായാകും മത്സരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഏത് മണ്ഡലത്തിൽ നിന്ന് മത്സരിക്കണമെന്നത് പാർട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞതായി ഏഷ്യനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

“വികസനകാര്യത്തിൽ എൽഡിഎഫും യുഡിഎഫും പരാജയമാണ്. സ്രാവുകൾക്കൊപ്പം നീന്തിയപ്പോൾ ശിക്ഷാ നടപടി നേരിട്ടു. ഇനി ജനങ്ങൾക്കൊപ്പം നീന്തും. ഇത്രയും കാലം ജനങ്ങളോട് സംസാരിച്ചതിന് ശിക്ഷാ നടപടി നേരിട്ടു. ഇനി ശിക്ഷണ നടപടി നേരിടാതെ ജനങ്ങളോട് സംസാരിക്കണം.” ജേക്കബ് തോമസ് പറഞ്ഞു.

ബിജെപി രാജ്യം ഭരിക്കുന്ന പാർട്ടിയാണെന്ന് പറഞ്ഞ ജേക്കബ് തോമസ് രാജ്യത്തെ നയിക്കുന്ന പാർട്ടിയുടെ ഭാഗമാകാനായാൽ അത് നല്ലതല്ലേയെന്നും ചോദിച്ചു. വളരെയധികം പ്രതിബന്ധം ഉണ്ടായപ്പോഴും രാജ്യത്തെ ശക്തമായി നയിക്കുന്ന പാർട്ടിയാണ് ബിജെപിയെന്നും കൂട്ടിച്ചേർത്തു.

നയനിർമ്മാണത്തിൽ പങ്കാളിയാവുക എന്നതാണ് എന്റെ കാര്യം. വികസനകാര്യത്തിൽ കേരളത്തിന് മുന്നോട്ട് പോകാൻ ഈ പോക്ക് പോയാലാവില്ല. യുഡിഎഫിന്റെയും എൽഡിഎഫിന്റെയും നയങ്ങൾ പരാജയമാണ്. സ്രാവുകൾക്കൊപ്പം നീന്തിയത് സർവീസിലിരിക്കുമ്പോഴാണ്. ഇനി ജനങ്ങളുടെ സുഖദുഖങ്ങളിൽ ഭാഗമായി അവർക്കൊപ്പം ജീവിക്കാനാണ് താത്പര്യമെന്നും ജേക്കബ് തോമസ് വ്യക്തമാക്കി.

 

പിറവത്ത് വനിതാ പൊലീസിന് നേരെ യുവാവിന്റെ ആക്രമണം. മദ്യലഹരിയിലായിരുന്ന എല്‍ദോ എന്ന യുവാവാണ് പൊലീസിനെ ആക്രമിച്ചത്. എല്‍ദോയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പിറവം തിരുമാറാടിയില്‍ ഇന്ന് വൈകീട്ടാണ് സംഭവം നടക്കുന്നത്. കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് മൂന്നംഗ സംഘത്തെ ചോദ്യം ചെയ്യാന്‍ എത്തിയ പൊലീസ് സംഘത്തെയാണ് ആക്രമിച്ചത്.

അതിനിടെയാണ് സംഘാംഗമായ എല്‍ദോ വനിതാ എസ്‌ഐയുടെ മുഖത്തടിക്കുകയും പൊലീസ് ജീപ്പിന്റെ താക്കോല്‍ ഊരി കടന്നു കളയുകയും ചെയ്തത്.

തുടര്‍ന്ന് കൂത്താട്ടുകുളം സിഐയും സംഘവുമാണ് എല്‍ദോയെ കസ്റ്റഡിയിലെടുത്തത്. നാട്ടുകാരും പൊലീസും ചേര്‍ന്നാണ് എല്‍ദോയെ പിടികൂടിയത്. ഒപ്പമുണ്ടായിരുന്ന രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

RECENT POSTS
Copyright © . All rights reserved