ആലപ്പുഴ: ചേര്‍ത്തലയില്‍ ദമ്പതികളെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മായിത്തറ സ്വദേശികളായ ഹരിദാസ്, ഭാര്യ ശാമള എന്നിവരാണ് മരിച്ചത്. വീടിനോട് ചേര്‍ന്നുള്ള ഷെഡിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ദേഹത്ത് സ്വയം വയര്‍ ചുറ്റി ഷോക്കേല്‍പ്പിച്ചതെന്നാണ് സംശയിക്കുന്നത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. ദമ്പതികള്‍ക്ക് ഒരു മകനുണ്ട്.
പ്രമുഖ മലയാള പത്രത്തിൻറെ ഓൺലൈൻ കലോത്സവത്തിൽ സമ്മാനാർഹർ ആയതിൻറെ സന്തോഷത്തിലാണ് എലിസബത്ത് ചെറുവത്തൂരും അനിയൻ ജോൺ ചെറുവത്തൂരും . എലിസബത്ത് ബാംഗ്ലൂർ ക്രൈസ്റ്റ് അക്കാദമിയിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനിയും ജോൺ കോറമംഗലം സെൻറ് ഫ്രാൻസിസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്. മത്സരത്തിൽ കേരളത്തിന് പുറത്തുനിന്നുള്ള വിഭാഗത്തിലെ മികച്ച ഗായികയായി എലിസബത്ത് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ അനിയൻ ജോൺ ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടി.

സിംഗസന്ദ്ര മണിപ്പാൽ കൗണ്ടി റോഡിലെ എം ജെ ലൈഫ് സ്റ്റൈൽ ആട്രിയയിൽ താമസിക്കുന്ന കണ്ണൂർ കുടിയാൻമല ചെറുവത്തൂർ വീട്ടിലെ സോമി ജേക്കബിന്റെയും അനു ജോണിന്റെയും മക്കളാണ് ഇരുവരും . ഇമാൻ കല്യാൺ ഹിന്ദുസ്ഥാനി സ്കൂളിലെ സംഗീത വിദ്യാർത്ഥികളും . ഹിന്ദി ,ഇംഗ്ലീഷ്, മലയാളം പാട്ടുകൾ ഒരുപോലെ വഴങ്ങുമെന്ന് ഇവരുടെ യൂട്യൂബ് ചാനലുകൾ സാക്ഷ്യപ്പെടുത്തുന്നു.

ഇവരുടെ സഹോദരനും പത്താംക്ലാസ് വിദ്യാർത്ഥിയുമായ ജേക്കബ് ചെറുവത്തൂരും പാടാൻ മിടുക്കൻ. ലോക്ക് ഡൗൺ കാലത്ത് ഒട്ടേറെ ഓൺലൈൻ മത്സരങ്ങളിൽ പങ്കെടുത്തതിന്റെ അനുഭവവും സഹോദരങ്ങൾക്ക് പിൻബലമായുണ്ട്.
2019 -ൽ ബാംഗ്ലൂരിൽ നടന്ന ഇൻറർ സ്കൂൾ മത്സരത്തിൽ ഹിന്ദി ഗാന വിഭാഗത്തിൽ ഒന്നാം സ്ഥാനവും ഇംഗ്ലീഷ് ഗാനത്തിൽ രണ്ടാം സ്ഥാനവും എലിസബത്ത് നേടിയിരുന്നു. ആട്ടം പാട്ടിൽ ഹിന്ദി ചലചിത്രം രാംലീലയിലെ ‘എ ലാൽ ഇഷ്ക് ‘ എന്ന ഗാനത്തിനാണ് എലിസബത്ത് സമ്മാനാർഹയായത്. ബ്രൂണോ മാർസിന്റെ ‘ടോക്കിങ് ടൂ ദ് മൂൺ’ എന്ന ആൽബത്തിലെ ‘ഐ നോ യൂ ‘ ആർ സംവേർ ഔട്ട് ദേർ ‘എന്ന പാട്ടിനാണ് ജോണിന് സമ്മാനം.
തമിഴ്നാട്ടിൽനിന്ന് സ്വർണമാല മോഷ്ടിച്ച് കടക്കുന്നതിനിടെ തിരുവനന്തപുരത്തുവച്ച് യുവാവ് വാഹനാപകടത്തിൽ മരിച്ചു. കഠിനംകുളം സ്വദേശി സജാദ് എന്നയാളാണ് മരിച്ചതെന്നാണ് വിവരം. തക്കലയിൽനിന്ന് ഒരു സ്ത്രീയുടെ 11 പവൻ വരുന്ന മാല മോഷ്ടിച്ച് വരുമ്പോഴാണ് അപകടമെന്ന് പൊലീസ് അറിയിച്ചു. ഒപ്പമുണ്ടായിരുന്ന അമൽ എന്നയാളെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ ആറരയോടെയാണ് അപകടം.
നരുവാമൂട് പൊലീസ് സ്റ്റേഷൻ പരിധിയിൽ പള്ളിച്ചൽ പാരൂർക്കുഴി ദേശീയ പാതയിലാണ് ബൈക്ക് ഡിവൈഡറിൽത്തട്ടി മറിഞ്ഞ് അപകടമുണ്ടായത്. ബൈക്കിന് നമ്പർ പ്ലേറ്റ് ഉണ്ടായിരുന്നില്ല. ബൈക്കിൽനിന്ന് തെറിച്ചുവീണ രണ്ടുപേരെയും ഉടൻതന്നെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും സജാദിന്റെ ജീവൻ രക്ഷിക്കാനായില്ല. ഗുരുതര പരുക്കുകളോടെ ആശുപത്രിയിലുള്ള അമൽ കോട്ടയം പാലാ സ്വദേശിയാണെന്നാണ് സൂചന.
സജാദും അമലും ചേർന്ന് ഇന്നു പുലർച്ചെ അഞ്ചു മണിയോടെയാണ് തക്കലയിൽനിന്ന് ഒരു സ്ത്രീയുടെ കഴുത്തിൽ കിടന്ന 11 പവൻ തൂക്കം വരുന്ന മാല പൊട്ടിച്ച് രക്ഷപ്പെട്ടത്. ഇതുമായി തിരുവനന്തപുരം ഭാഗത്തേക്ക് വരുമ്പോഴായിരുന്നു അപകടം. പൊട്ടിച്ചെടുത്ത മാല അപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന അമലിന്റെ കയ്യിൽനിന്ന് കണ്ടെടുത്തു.
നടിയെ പീഡിപ്പിച്ച കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരായ അറസ്റ്റ് വാറന്റ് യുഎഇ പൊലീസിന് കൈമാറി. പ്രതിക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുന്നതിന്റെ ഭാഗമായിട്ടാണ് കൊച്ചി സിറ്റി പൊലീസിന്റെ നടപടി.
എന്നാല്‍ വിജയ് ബാബു യുഎഇയില്‍ എവിടെയാണ് ഒളിവില്‍ കഴിയുന്നതെന്നതിനെ കുറിച്ച് കൃത്യമായ വിവരം ഇനിയും ലഭിച്ചിട്ടില്ല. ഇത് കണ്ടെത്താനാണ് അറസ്റ്റ് വാറന്റ് യുഎഇ പൊലീസിന് കൈമാറിയിരുന്നത്. ഇനി യുഎഇ പൊലീസിന്റെ അടുത്ത് നിന്ന് ലഭിക്കുന്ന വിവരങ്ങളുടെയും മറുപടിയുടെയും അടിസ്ഥാനത്തിലായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുക.
അന്വേഷണ സംഘം വിജയ് ബാബുവിനെതിരെയ മുമ്പ് ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കേസില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ വിജയ് ബാബുവിന് നോട്ടീസ് നല്‍കിയെങ്കിലും ഹാജരാകാന്‍ തയ്യാറായിരുന്നില്ല.
പ്രതി താമസിക്കുന്ന രാജ്യത്തോട് അയാളെ താല്‍ക്കാലികമായി അറസ്റ്റ് ചെയ്യാനുള്ള അഭ്യര്‍ഥനയാണ് റെഡ് കോര്‍ണര്‍ നോട്ടീസ്. ഇയാളെ നാട്ടിലെത്തിക്കാന്‍ നേരത്തെ കൊച്ചി സിറ്റി പൊലീസ് ഇന്റര്‍പോളിന്റെ സഹായം തേടിയിരുന്നു.
താജ്മഹലുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് വഴിവച്ച് അലഹബാദ് ഹൈക്കോടതില്‍ ഹര്‍ജി. തേജോ മഹാലയ എന്നറിയപ്പെടുന്ന ഒരു പഴയ ശിവക്ഷേത്രമാണ് താജ്മഹല്‍ ആയതെന്നാണ് ഹര്‍ജിയില്‍ വാദിക്കുന്നത്. താജ്മഹലില്‍ അടച്ചിട്ടിരിക്കുന്ന 22 ഓളം മുറികളുടെ വാതിലുകള്‍ തുറന്ന് പരിശോധിക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയ്ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ലഖ്നൗ ബെഞ്ചില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
ബി.ജെ.പി അയോധ്യ യൂണിറ്റിന്റെ മീഡിയ ചുമതല വഹിക്കുന്നു ഡോ. രജനീഷ് സിങാണ് ഹരജി സമര്‍പ്പിച്ചത്. മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന്റെ കാലത്ത് താജ്മഹലിനുള്ളില്‍ ഒളിപ്പിച്ചുവച്ച വിഗ്രഹങ്ങളും ലിഖിതങ്ങളും കണ്ടെടുത്ത് ചരിത്ര സത്യങ്ങള്‍ പുറത്ത് കൊണ്ടുവരാന്‍ വസ്തുതാന്വേഷണസമിതിയെ രൂപവത്കരിക്കണമെന്നാണ് ഹരജിക്കാരന്റെ ആവശ്യം. ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങള്‍ അടച്ചിട്ടിരിക്കുന്നിടങ്ങളില്‍ ഉണ്ടെന്നാണ് വാദം.
അഭിഭാഷകനായ രുദ്ര വിക്രം സിംഗ് മുഖേന സമര്‍പ്പിച്ച ഹര്‍ജിയില്‍, താജ്മഹല്‍ തേജോ മഹാലയ എന്നറിയപ്പെടുന്ന ഒരു പഴയ ശിവക്ഷേത്രമാണെന്ന് പല ഹിന്ദു ഗ്രൂപ്പുകളും അവകാശപ്പെടുന്നുണ്ടെന്നും ഇത് നിരവധി ചരിത്രകാരന്മാരും പിന്തുണയ്ക്കുന്നുവെന്നും വാദിച്ചു. ഈ അവകാശവാദങ്ങള്‍ ഹിന്ദുക്കളും മുസ്ലീങ്ങളും പരസ്പരം പോരടിക്കുന്ന സാഹചര്യത്തിലേക്ക് നയിച്ചുവെന്നും അതിനാല്‍ വിവാദം അവസാനിപ്പിക്കേണ്ടതുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.
‘ഷാജഹാന്റെ ഭാര്യ മുംതാസ് മഹലിന്റെ പേരിലാണ് താജ്മഹലിന് പേര് നല്‍കിയതെന്ന് പറയപ്പെടുന്നു. എന്നാല്‍ പല പുസ്തകങ്ങളിലും ഷാജഹാന്റെ ഭാര്യയുടെ പേര് മുംതാജ് മഹല്‍ എന്നല്ല മുംതാസ്-ഉല്‍-സമാനി എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഒരു ശവകുടീരത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ 22 വര്‍ഷമെടുക്കുന്നു എന്നത് യാഥാര്‍ത്ഥ്യത്തിന് അതീതവും തികച്ചും അസംബന്ധവുമാണ്,” ഹര്‍ജിയില്‍ പറയുന്നു.
എ.ഡി 1212ല്‍ ക്ഷേത്രം രാജാ പരമര്‍ദി ദേവ് നിര്‍മ്മിച്ചതായി പല ചരിത്ര പുസ്തകങ്ങളിലും പരാമര്‍ശിക്കുന്നുണ്ട്. ക്ഷേത്രം പിന്നീട് ജയ്പൂര്‍ മഹാരാജാവായിരുന്ന രാജ മാന്‍ സിങ്ങിന് അവകാശമായി ലഭിച്ചു. പിന്നീട് ഇത് രാജാജയ് സിങ് കൈവശപ്പെടുത്തുകയും 1632-ല്‍ ഷാജഹാന്‍ ഭാര്യയുടെ സ്മാരകമാക്കി മാറ്റുകയും ചെയ്തതായാണ് ഹരജിയില്‍ പറയുന്നത്.
താജ്മഹലിന്റെ നാല് നില കെട്ടിടത്തിന്റെ മുകളിലും താഴെയുമായി 22 മുറികള്‍ പൂട്ടിയിരിക്കുകയാണെന്നും പിഎന്‍ ഓക്കിനെപ്പോലുള്ള ചരിത്രകാരന്മാരും നിരവധി ഹിന്ദു ആരാധകരും ആ മുറികളില്‍ ശിവക്ഷേത്രമുണ്ടെന്ന് വിശ്വസിക്കുന്നതായും സിങ് പറഞ്ഞു.
താജ്മഹല്‍ പുരാതന സ്മാരകമായതിനാലും സ്മാരകത്തിന്റെ സംരക്ഷണത്തിനായി കോടിക്കണക്കിന് പണം മുടക്കുന്നതിനാലും, ശരിയായതും സമ്പൂര്‍ണ്ണവുമായ ചരിത്ര വസ്തുതകള്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തണമെന്ന് ഹര്‍ജിക്കാരന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
ദുബായില്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട വ്ളോഗര്‍ റിഫ മെഹ്നുവിന്റെ ആന്തരികാവയവങ്ങളുടെ രാസപരിശോധന നടക്കുകയാണ്. വിഷം ഉള്ളില്‍ ചെന്നിട്ടുണ്ടോ എന്നതടക്കം പരിശോധിക്കും. കോഴിക്കോട് മെഡിക്കല്‍ കോളജ് ഫോറന്‍സിക് ലാബിലാണ് പരിശോധന. അതേസമയം, റിഫയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് നാളെ പോലീസിന് ലഭിക്കും. ഫോറന്‍സിക് വിഭാഗം മേധാവി ഡോക്ടര്‍ ലിസ ജോണിന്റെ നേതൃത്വത്തിലായിരുന്നു പോസ്റ്റുമോര്‍ട്ടം.
ദുബായില്‍ റിഫയുടെ പോസ്റ്റ്മോര്‍ട്ടം നടത്തിയെന്ന് പറഞ്ഞ് റിഫയുടെ ഭര്‍ത്താവ് മെഹ്നാസും സുഹൃത്തുക്കളും കബളിപ്പിച്ചെന്ന് കുടുംബം ആരോപിച്ചിരുന്നു. തുടര്‍ന്ന് ഇക്കാര്യം സൂചിപ്പിച്ച് പരാതി നല്‍കുകയായിരുന്നു.
ശനിയാഴ്ചയാണ് റിഫയുടെ കുഴിമാടം തുറന്ന് മൃതദേഹം പുറത്തെടുത്തത്. ആ കാഴ്ച കണ്ടുനില്‍ക്കാനാവാതെ പിതാവും സഹോദരനും.കോഴിക്കോട് കാക്കൂര്‍ പാവണ്ടൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനിലായിരുന്നു റിഫയെ അടക്കം ചെയ്തിരുന്നത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പുറത്തെടുക്കാന്‍ ഉദ്യോഗസ്ഥരെത്തിയപ്പോഴാണ് പിതാവ് റാഷിദ് ഈറനണിഞ്ഞ കണ്ണുകളുമായി പിന്നിലോട്ട് നടന്നത്.
രാവിലെ മകന്‍ റിജുവിനൊപ്പമാണ് റാഷിദ് ഖബര്‍സ്ഥാനിലെത്തിയത്. നിത്യവും മകള്‍ക്ക് വേണ്ടി ഖബറിടത്തില്‍ പോയി പ്രാര്‍ത്ഥിക്കാറുണ്ട് റാഷിദ്. മകളുടെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരാന്‍ പോസ്റ്റുമോര്‍ട്ടം അനിവാര്യമാണെന്ന ഉറച്ച നിലപാടിലായിരുന്നു കുടുംബം.
അതേസമയം, ഖബറടക്കം കഴിഞ്ഞ് ഞൊടിയിടക്കുള്ളില്‍ തന്നെ റിഫയുടെ പെട്ടിയും ഫോണും വസ്ത്രങ്ങളുമായി പോയ മെഹനാസ് പിന്നീട് ഒന്ന് അന്വേഷിക്കുക പോലും ചെയ്തില്ലെന്നും റിഫയുടെ ബന്ധുക്കള്‍ പറയുന്നു.
റിഫ മെഹ്നുവിന്റെ കഴുത്തില്‍ കണ്ട അടയാളം കേസന്വേഷണത്തില്‍ വഴിത്തിരിവായേക്കും. അന്വേഷണ സംഘത്തിന്റെ സംശയങ്ങള്‍ ബലപ്പെടുത്തുന്നതാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. വിശദമായ റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം ഫോറന്‍സിക് വിഭാഗത്തിന് കൈമാറും. മരണത്തിലെ ദുരൂഹത നീക്കുകയായിരുന്നു പോസ്റ്റ്‌മോര്‍ട്ടത്തിന്റെ ലക്ഷ്യം.
നിര്‍ണായകമായ തെളിവുകള്‍ ലഭിക്കുമോ എന്ന സംശയം അന്വേഷണസംഘത്തിന് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ്‌മോര്‍ട്ടം തന്നെയായിരുന്നു മുന്നിലെ കച്ചിത്തുരുമ്പ്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്നും സംശയിക്കുന്ന തെളിവുകളുണ്ടെന്ന് ആരോപിച്ചാണ് റിഫയുടെ കുടുംബം പരാതി നല്‍കിയിരുന്നത്. ആ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കുടുംബം. ആത്മഹത്യക്ക് കാരണം മാനസിക പീഡനമാണെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തല്‍.
പ്രതീക്ഷയായിരുന്ന മകള്‍ റിഫാ മെഹ്നുവിന്റെ ദാരുണമരണത്തിന്റെ കാരണം എന്തെന്നറിയാതെ കഴിയുകയായിരുന്നു കുടുംബം. പോസ്റ്റ്‌മോര്‍ട്ടം നടന്നാല്‍ മരണത്തിന്റെ വസ്തുതകളും അതിലേക്കു നയിച്ച കാര്യങ്ങളും അറിയാന്‍ മാതാവ് ഷെറീനയും സഹോദരന്‍ റിജുനും റിഫയുടെ രണ്ടുവയസ്സുകാരന്‍ മകനുമടങ്ങുന്ന കുടുംബത്തിന് കഴിയുമെന്നാണ് റാഷിദ് കരുതുന്നത്.
തമിഴ്നാട്ടില്‍ ലുലു മാള്‍ അനുവദിക്കില്ലെന്ന് തമിഴ്നാട് ബിജെപി. പുതുതായി ആരംഭിക്കുന്ന ലുലു മാള്‍ കെട്ടിടനിര്‍മ്മാണത്തിന് ഒരു ഇഷ്ടിക പോലും ഇടാന്‍ ബിജെപി സമ്മതിക്കില്ലെന്ന് ബിജെപി തമിഴ്നാട് അദ്ധ്യക്ഷന്‍ കെ അണ്ണാമലൈ പറഞ്ഞു.
പാവപ്പെട്ട ചില്ലറ വ്യാപാരികളെ ഇത് ദോഷകരമായി ബാധിക്കും. മുന്‍ കാലങ്ങളില്‍ വാള്‍മാര്‍ട്ടിനെ എതിര്‍ത്തിരുന്ന സംഘടനകള്‍ ലുലുവിന്റെ കാര്യത്തില്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്നും അണ്ണാമലൈ ചോദിച്ചു.
ഈയടുത്ത് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ഗള്‍ഫ് സന്ദര്‍ശിച്ചിരുന്നു. അപ്പോഴാണ് കോയമ്പത്തൂരില്‍ ലുലുമാള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ധാരണപത്രം ഒപ്പിട്ടത്.
ഏതാനും ദിവസം മുമ്പ് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും ലുലു മാള്‍ മാനേജ്മെന്റും എംഓയു ഓപ്പുവച്ചിരുന്നു. കോയമ്പത്തൂരില്‍ ലുലു മാള്‍ സ്ഥാപിക്കാനാണ് ഇപ്പോഴത്തെ തീരുമാനം.
ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തിയ വ്ളോഗർ റിഫ മെഹ്നുവിന്റെ വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് രണ്ടുദിവസത്തിനകം അന്വേഷണ സംഘത്തിന് കൈമാറും. പ്രാഥമിക പരിശോധനയിൽ തന്നെ മരണം കൊലപാതകമാണെന്ന് സംശയം ഉയർന്നിട്ടുണ്ട്. റിഫയുടെ കഴുത്തിൽ ആഴത്തിൽ പരിക്കേറ്റതിന്റെ പാടുകൾ ഉണ്ടെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
റിഫയുടെ മൃതദേഹം അഴുകിയിട്ടില്ലാത്തതിനാൽ മൃതദേഹം കബറിടത്തിൽനിന്ന് പുറത്ത് എടുത്ത് പരിശോധിച്ചപ്പോൾതന്നെ കഴുത്തിലെ പാടുകൾ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതിൽ വിശദമായ പരിശോധന ആവശ്യമുള്ളതിനാലാണ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയത്.
റിഫയെ ശ്വാസം മുട്ടിച്ചിരുന്നോ, തലയോട്ടിയ്ക്ക് ഉൾപ്പടെ ശരീരത്തിൽ ക്ഷതം സംഭവിച്ചിട്ടുണ്ടോ, എന്തെങ്കിലും വിഷ പദാർത്ഥങ്ങൾ ഉള്ളിൽ ചെന്നിട്ടുണ്ടോ എന്നീ കാര്യങ്ങൾ സ്ഥിരീകരിക്കാൻ ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്കും അയച്ചിട്ടുണ്ട്. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം ആവശ്യമെങ്കിൽ അന്വേഷണം ദുബായിലേക്കും വ്യാപിപ്പിക്കുമെന്നാണ് പോലീസ് നൽകുന്ന സൂചന.
മാർച്ച് ഒന്നിന് രാത്രിയാണ് ദുബായിലെ ഫ്ളാറ്റിൽ റിഫയെ ആത്മഹത്യചെയ്തനിലയിൽ കണ്ടെത്തിയത്. അവിടെവെച്ച് റിഫയുടെ പോസ്റ്റ്‌മോർട്ടം നടത്തിയെന്നുപറഞ്ഞ് ഭർത്താവ് മെഹ്നാസും സുഹൃത്തുക്കളും കബളിപ്പിച്ചെന്ന് കുടുംബം ആരോപിച്ചിരുന്നു. നാട്ടിലെത്തിച്ച് തിടുക്കപ്പെട്ട് മൃതദേഹം കബറടക്കിയത് സംശയത്തിനിടയാക്കിയിരുന്നു.
ശനിയാഴ്ച രാവിലെ പത്തോടെയാണ് പാവണ്ടൂർ ജുമാമസ്ജിദിലെ കബർസ്ഥാനിൽനിന്ന് റിഫയുടെ മൃതദേഹം പുറത്തെടുത്തത്. കോഴിക്കോട് തഹസിൽദാർ പ്രേംലാലിന്റെ സാന്നിധ്യത്തിൽ താമരശ്ശേരി ഡിവൈഎസ്പി ടികെ അഷ്റഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇൻക്വസ്റ്റ് നടത്തി. പന്ത്രണ്ട് മണിയോടെ പോസ്റ്റ്മോർട്ടത്തിനായി ഗവ. മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. വൈകീട്ട് മൃതദേഹം തിരികെ പള്ളിയിലെത്തിച്ച് കബറടക്കി.
കോഴിക്കോട് സബ്കളക്ടർ വി ചെൽസാ സിനി, മെഡിക്കൽ കോളേജ് ഫൊറൻസിക് വിഭാഗം മേധാവി ഡോ. ലിസ, കാക്കൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സിഎം ഷാജി, മഹല്ല് കമ്മിറ്റി പ്രസിഡന്റ് അഹമ്മദ് കോയ ഹാജി, സെക്രട്ടറി എൻകെ നൗഫൽ, എം അബ്ദുറഹ്‌മാൻ, ഷെരീഫ് മന്ദലത്തിൽ, റിഫയുടെ സഹോദരൻ റിജുൻ, ബന്ധു ഉബൈദ് എന്നിവർ മൃതദേഹം പുറത്തെടുക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നു.
ദുബായ് : ഒരാഴ്ച നീണ്ടുനിന്ന ചെറിയ പെരുന്നാൾ അവധി ദിനങ്ങൾ ആഘോഷിക്കുവാൻ പോയ മലയാളി നേഴ്സും കുടുംബവും അപകടത്തിൽ പെട്ട് മരണമടഞ്ഞു . യുഎഇയുടെ ആരോഗ്യമേഖലയ്ക്ക് വീണ്ടും കറുത്ത ദിനങ്ങൾ സമ്മാനിച്ചു കൊണ്ട് എറണാകുളം സ്വദേശിനിയായ ടിൻ്റു പോൾ (36) ആശുപത്രിയിൽ മരണമടഞ്ഞത് .
അപകടം നടന്ന ഉടൻ തന്നെ റാസൽഖൈമ പോലീസും ആംബുലൻസ് സംഘവും സ്ഥലത്തെത്തുകയും പരിക്കേറ്റവരെ അൽസ് കാർ ഹോസ്പിറ്റലിൽ എത്തിക്കുകയും ചികിത്സയിലിരിക്കെ ടിൻ്റു പോൾ മരണപ്പെടുകയും ആയിരുന്നു.
ഭർത്താവും മൂത്ത കുട്ടിയും ഗുരുതരമായി പരിക്കേറ്റ നിലയിൽ റാസൽഖൈമയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഭർത്താവ് കൃപാ ശങ്കർ , കുട്ടികളായ കൃതിൻ ശങ്കർ (10) ആദിൻ ശങ്കർ (1) കൃപാ ശങ്കറിൻ്റെ മാതാവ് എന്നിവരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. യുഎഇ യിലെ ഏറ്റവും ഉയർന്ന മലനിരകൾ ആയ ജബൽ ജയ്സ് കാണുവാൻ പോകുന്ന വഴി ഓടിച്ചിരുന്ന വാഹനത്തിന് നിയന്ത്രണം നഷ്ടപ്പെടുകയും മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് അപകടം സംഭവിക്കുകയുമായിരുന്നു .
രണ്ട് ദിവസങ്ങൾക്ക് മുൻപ് അബുദാബി ക്ലീവ് ലാൻഡ് ക്ലിനിക്കിൽ RN ആയി ജോലി നോക്കിയിരുന്ന ഷേബാ മേരി തോമസ് (33) കുടുംബവും സഞ്ചരിച്ച വാഹനം ഈദ് അവധി ആഘോഷിക്കാൻ ഒമാനിലെ സലാലയിലേക്ക് പോകുന്ന വഴി അപകടത്തിൽ പെടുകയും ഷേബാ മേരി മരണപ്പെടുകയും ചെയ്തിരുന്നു.
ടിൻ്റു പോളിൻെറ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
രാധാകൃഷ്ണൻ മാഞ്ഞൂർ
1998 ഏപ്രിൽ കാലത്ത് ബാംഗ്ലൂരിൽ ഒരു ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുത്തു മടങ്ങുകയാണ് ഞങ്ങൾ . ഇരുപതോളം വരുന്ന യാത്രാസംഘം നന്നേ ക്ഷീണിതരാണ്. വിശാലമായ പാടശേഖരങ്ങൾക്കു നടുവിലൂടെ (ദേശീയപാത ) ഞങ്ങളുടെ വാഹനം കുതിച്ചു പാഞ്ഞു . ഇരുവശവുമുള്ള കർണാടകയുടെയും തമിഴ്നാടിന്റെയും കൃഷിയിടങ്ങൾ .
” കേരള ചെക്പോസ്റ്റ് വാളയാറിലേക്ക് ഇനിയും ദൂരമുണ്ട്. നമുക്ക് ഉറക്കക്ഷീണം മാറാൻ ഒരു ചായ കുടിച്ചിട്ട് യാത്ര തുടരാം . വഴിയിൽ കോഫി സ്റ്റാൾ വല്ലതുമുണ്ടെങ്കിൽ പറയണേ” ഡ്രൈവർ ടോമിച്ചൻ പറയുന്നു.
എല്ലാവർക്കും ആ നിർദ്ദേശം ഇഷ്ടമായി.
രാത്രി മൂന്നു മണി സമയത്ത് നല്ലൊരു തമിഴ് ചായ കുടിക്കാനുള്ള ത്രില്ലിൽ ഞാനിരുന്നു.
ഹൈവേയിൽ വാഹനങ്ങളുടെ വലിയ തിരക്കില്ല .
ഏറെ ദൂരം പിന്നിട്ടപ്പോൾ വഴിയരികിൽ ഒരു കട പ്രത്യക്ഷപ്പെട്ടു. അതെ കരിമ്പന ഓല കൊണ്ട് കെട്ടിയ തനി നാടൻ ചായക്കട.’ റ്റോമിച്ചാ നല്ലൊരു കടയാ. നല്ല ചായ കിട്ടും’ ഞാൻ ഉറപ്പു കൊടുത്തു. കാരണം എൻറെ സങ്കല്പത്തിലെ നാടൻ കട ഇതുതന്നെ. സഹയാത്രികർ പലരും നെറ്റിചുളിച്ചു . കുറച്ചുകൂടി സൗകര്യമുള്ള ഒരു കോഫിസ്റ്റാൾ ആയിരുന്നു നല്ലതെന്ന് പലരും പറഞ്ഞു.

വലിയൊരു വാളൻപുളിയുടെ സമീപത്തെ നാലുകാൽ നാട്ടിയ ചായക്കട. ചെമ്പു പാത്രത്തിൽ വെള്ളം തിളയ്ക്കുന്നുണ്ട്. കയറു കെട്ടിയ കട്ടിലിൽ കരിമ്പടത്തിനുള്ളിൽ ചായക്കട മുതലാളി ഉറങ്ങുന്നുണ്ട്. ഞങ്ങളുടെ വാഹനത്തിൻറെ വെട്ടമടിച്ചപ്പോൾ അവിടെ കിടന്നുറങ്ങിയ പട്ടി എഴുന്നേറ്റ് കുരച്ചു . അതുകേട്ട് കട്ടിലിൽ നിന്നും അവൻറെ യജമാനൻ എഴുന്നേറ്റു . തികച്ചും സിനിമാറ്റിക് ആയ അന്തരീക്ഷം. നമ്മുടെ നാട്ടിലെ പഴയ ‘ പൊതുജന സഹായം ‘ ചായക്കട പോലെ ….
വണ്ടിക്കുള്ളിലെ ഇരുപതോളം വരുന്ന യാത്രികർ ഇറങ്ങി വരുന്നത് കണ്ട് ചായക്കടക്കാരന് സന്തോഷമായി. പക്ഷേ ആ ചായത്തട്ടിൽ ആറു ഗ്ലാസ്സിൽ കൂടുതൽ ഇല്ല . അൽപ്പം സമയമെടുക്കും ചായ കിട്ടുമ്പോൾ …. ഞാൻ മനസ്സിൽ വിചാരിച്ചു.
വലിയ ചരക്കു വണ്ടികൾ ചൂടുകാറ്റ് സമ്മാനിച്ച് ഞങ്ങളെ കടന്നു പോവുന്നുണ്ട് . കരിമ്പന ഓലകൊണ്ട് മറച്ച കടയുടെ ഭിത്തിയിൽ നടികർ തിലകം ശിവാജി ഗണേശന്റെ ഒരു തമിഴ് പോസ്റ്റർ . അതു മുഴുവൻ കരിയും പുകയുമേറ്റ് വികൃതമായിരിക്കുന്നു. ശിവാജിയുടെ തീക്ഷ്ണതയുള്ള കണ്ണുകൾ എന്നെ തുറിച്ചു നോക്കുന്നുണ്ട്. ഇത്രയും പഴക്കമുള്ള സിനിമാ പോസ്റ്റർ കളയാതിരിക്കുന്നത് എന്തുകൊണ്ടാവാം ….? ഒരുപക്ഷേ ഈ മനുഷ്യൻറെ ഇഷ്ടതാരമാവും ശിവാജി …. കൗതുകത്തോടെ ഞാൻ തന്നെ ഉത്തരവും കണ്ടെത്തി.
കൊടും തമിഴിൽ ടോമിച്ചനോട് അയാൾ എന്തൊക്കെയോ പറയുന്നുണ്ട് .
ഡ്രൈവർ ടോമിച്ചൻ ദ്വിഭാഷിയായി “അയാൾ പറയുന്നത് ഇവിടെ ആറു ഗ്ലാസ്സേയുള്ളൂ ….ചായ ഞാൻ തരാം . അല്പം സാവകാശം തന്നാൽ മതി എന്നാണ് ”
എല്ലാവരും സമ്മതിച്ചു.

രംഗരാജനെന്ന ചായക്കട മുതലാളി കടയുടെ പുറകിലേക്ക് പോയി. അയാൾക്ക് എസ്കോർട്ടായി കറുത്ത പട്ടിയും പുറകെ . കടയുടെ പുറകിൽ അലക്ഷ്യമായി ഇട്ടിരുന്ന ഒരു ആടുന്ന ബഞ്ച് മുറ്റത്തേക്കിട്ടു. ബഞ്ചിൽ വനിതാരത്നങ്ങൾ ഇരുന്നു. ബാക്കിവരുന്ന പുരുഷ പ്രജകൾ കടയുടെ പരിസരത്ത് നിന്നു .
ഞാനാവട്ടെ ഈ രാത്രികാല ദൃശ്യങ്ങളെ ശരിക്കും ആസ്വദിക്കുകയായിരുന്നു .
ഒന്നാലോചിച്ചു നോക്കൂ … ഈ കൊടും പാതിരയിൽ വെട്ടിത്തിളക്കുന്ന ചൂടുവെള്ളവും , പാൽപ്പാത്രവുമായി ഒരുവൻ … അയാൾ വളർത്തുന്ന കറുത്ത നായ… നൂറ്റാണ്ടുകൾ പഴക്കം തോന്നിക്കുന്ന തടിയൻ പുളിമരം … വല്ലാതെ പുരാതനത്വം ഫീൽ ചെയ്യുന്നു.
ഓരോ ചായയും അയാൾ വളരെ ആസ്വദിച്ചാണ് എടുക്കുന്നത്. ആ പ്രവർത്തിയിൽ ഒരു സംഗീതം അനുഭവിക്കുന്നുണ്ട് … തീർച്ച. മുനിഞ്ഞു കത്തുന്ന റാന്തൽ വെട്ടത്തിൽ രംഗരാജനെന്ന വ്യക്തിയെ, അയാളുടെ ചലനങ്ങളെ കൃത്യമായി വീക്ഷിച്ചു.
ഓരോരുത്തരും ചായ കുടിക്കുമ്പോഴും അവരുടെ മുഖത്തേക്ക് അയാൾ നോക്കുന്നുണ്ട്. ചായയുടെ കടുപ്പവും, രുചിയുമൊക്കെ ഈ യാത്രികർക്ക് ബോധിക്കുന്നുണ്ടോ എന്നുള്ളതായിരുന്നു ചിന്ത. പതിനാലാമത്തെ ഊഴത്തിലാണ് എനിക്കുള്ള ചായ കിട്ടിയത്. ഗ്ലാസിന്റെ പകുതി വരെയുള്ള ചായ . ‘അരച്ചായ ‘ എന്ന് മലയാളി പറയും. ഏലയ്ക്കായും എരുമപ്പാലും ചേർന്ന യഥാർത്ഥ കടുപ്പമുള്ള ചായ . കുറച്ച് പാലും, തേയിലയും , പഞ്ചസാരയുമൊന്നും ഗ്ലാസിലേക്ക് കമിഴ്ത്തിയാൽ ചായ ആവില്ലന്ന് എനിയ്ക്കന്ന് മനസ്സിലായി. ജീവിതത്തിൽ ഇത്രയും ആസ്വദിച്ചു കഴിച്ച ചായ ഇല്ല . ചായയുടെ രസതന്ത്ര വഴികൾ …അതിൻറെ ചരിത്രമൊക്കെ ഒരു നിമിഷം മനസ്സിലോർത്തു. രുചി കൊണ്ട് പലരും രണ്ടു തവണ കൂടി ചായ വാങ്ങി കുടിച്ചു. അറിയാവുന്ന തമിഴിലും മലയാളത്തിലുമായ് അയാളോട് സംസാരിച്ചു.
രംഗരാജന് അറുപത്തിയെട്ടു വയസ്സുണ്ട് . ഹൈവേയ്ക്ക് വീതി കൂട്ടിയപ്പോൾ അയാളുടെ വീടും സ്ഥലവുമൊക്കെ പോയെന്നും ഈ പാടശേഖരത്തിനപ്പുറത്ത് അയാൾക്കൊരു വീടുണ്ടെന്നും പറഞ്ഞു. ഒരു മകനുണ്ട് . അവൻ മഹാരാഷ്ട്രയിൽ ഒരു തുണിമില്ലിലാണെന്നുമൊക്കെ അയാൾ പറയുന്നു …
ഈ അറുപത്തിയെട്ടാം വയസ്സിലും ജോലിചെയ്യുന്ന ആ മനസ്സിനെ അഭിനന്ദിക്കാതെ വയ്യ.
രാത്രി കച്ചവടം കുറവാണെന്നും പതിയെ ഈ ബിസിനസ് നിർത്തുകയാണെന്നുമൊക്കെ ആരോടെന്നില്ലാതെ പറയുന്നു ….
അയാൾക്കുള്ള രൂപ കൊടുത്ത് ഞങ്ങൾ വണ്ടിയിൽ കയറി.
ഞാൻ തിരിഞ്ഞു നോക്കി.
അയാൾ ഗ്ലാസുകൾ കഴുകി വൃത്തിയാക്കുകയാണ്.
അയാളുടെ വളർത്തുനായ മാത്രം ഞങ്ങൾ കടന്നു പോവുന്നതു നോക്കി നിസ്സംഗതയോടെ നിന്നു ….

മൂകാംബിക ക്ഷേത്രത്തിന്റെ ”സൗപർണിക ‘ യിൽ കുളിക്കാൻ വെളുപ്പിന് തയ്യാറെടുത്തു നിൽക്കുകയാണ്. 2017 – ലെ ആ യാത്രയിൽ പ്രശസ്ത യൂട്യൂബ് ബ്ലോഗർ അരുൺ എസ് അഘോരിയും , അനിൽ തോപ്പിലും എന്നോടൊപ്പമുണ്ട്. പുലർകാലത്തെ മഞ്ഞിന്റെ സ്നേഹസ്പർശമേറ്റ് ‘കുന്ദാപുരക്കാരൻ ‘ ഗോവിന്ദയുടെ തനി കർണാടക സ്റ്റൈൽ ചായ ഇന്നും മനസ്സിലുണ്ട് .കടുപ്പത്തിന്റെ കാര്യത്തിൽ അൽപം ശരിയാകാനുണ്ടെന്നുമാത്രം. കുടജാദ്രി മലകയറി ശങ്കരാചാര്യരുടെ ഗുഹയിൽ ഒരു രാത്രി തങ്ങി പിറ്റേ ദിവസം ഞങ്ങൾ മലയിറങ്ങി. അംബാ വനത്തിനു നടുവിലെ പ്രശസ്തമായ തങ്കപ്പൻ നായരുടെ ചായക്കട…അവിടുത്തെ ഊണും വൈകുന്നേരത്തെ കട്ടൻചായയും മറക്കില്ല …. പ്രത്യേകിച്ച് കോഴിക്കോടൻ രീതിയിലുള്ള സുലൈമാനി . കാട്ടുപോത്തും കുരങ്ങും താവളമുറപ്പിച്ച കൊടും വനത്തിൽ പുറത്തെ കാഴ്ചകൾ കണ്ട് പതിയെ ഊതിയൂതി കുടിച്ച ‘നാരങ്ങ ചായ ‘ യെ എങ്ങനെ മറക്കും …?
(തുടരും )