ശ്രീകുമാരി അശോകൻ
ശ്രാവണ ചന്ദ്രിക പുഞ്ചിരി തൂകയോ
കൈരളീ നിന്നുടെ തിരുനടയിൽ
മാവേലിമന്നനെ എതിരേൽക്കാനവൾ
താലമെടുത്തങ്ങു നിൽക്കയാണോ
താരക സുന്ദരികൾ വാനത്തിൻ മുറ്റത്തു
മുല്ലപ്പൂ മാല കൊരുക്കയാണോ
താരിളം തെന്നലിൽ ഒഴുകിയെത്തുന്നത്
മഞ്ഞണി മാലേയ സുഗന്ധമാണോ
ഓണസ്‌മൃതികളുണർത്തുന്ന രാവിന്നു
നവനീതചന്ദ്രിക തോഴിയായോ
പറയുവാനാകാത്ത പരിഭവമൊഴികളാ
ചൊടികളിൽ തുള്ളിക്കളിക്കയാണോ
ഓണമേ നീയെന്റെ മധുര സ്‌മൃതികളിൽ
കുളിരർചിതറുന്നൊരു പനിനീർമഴയോ
ഇനിയുമൊടുങ്ങാത്ത മോഹപ്പൂംചിപ്പിയിൽ
ഒളിഞ്ഞിരിക്കുന്നൊരു തൂമുത്താണോ.
ശ്രീകുമാരി. പി
ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് . ശ്രീനാരായണ പബ്ലിക് സ്കൂൾ പാവുമ്പയിലെ അധ്യാപിക. നവഭാവന ചാരിറ്റബിൾ ട്രസ്റ്റ് അവാർഡും സമന്വയ കാവ്യ പ്രഭാ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. തെളിനീർ കവിതാലാപനത്തിനുള്ള 2023 ലെ പുരസ്‌കാരം, മികച്ച കവിതയ്ക്കുള്ള 2022,223 വർഷങ്ങളിൽ പുരസ്‌കാരം, മലയാള കാവ്യ സാഹിതി നേർക്കാഴ്ച 2021(കൊല്ലം ജില്ല )കവിത രചനയിൽ ഒന്നാം സ്ഥാനം എന്നിവ ലഭിച്ചിട്ടുണ്ട്. കാവ്യ കലികകൾ പ്രഥമ കവിതാ സമാഹാരം
എം.ജി.ബിജുകുമാർ
”നന്ദേട്ടൻ യക്ഷിയെ ഇത്രയധികം പേടിക്കുന്നതെന്തിനാണ്..?”
സ്കൂൾ പഠനകാലത്ത് അപ്പച്ചിയുടെ മകൾ മിക്കവാറും ചോദിക്കുന്ന ചോദ്യമായിരുന്നു അത്. “അത്… അത്.. എനിക്ക് യക്ഷിയെ ഒത്തിരി പേടിയാ..കുഞ്ചൂ … ” എന്നു പറയണമെന്ന് തോന്നുമെങ്കിലും പറയുമായിരുന്നില്ല.
” ഇതാരാ കുഞ്ചൂ നിന്നോട് പറഞ്ഞു തന്നത് ?
“അത് അമ്മായിയും നന്ദേട്ടൻ്റ കൂട്ടുകാരും എല്ലാം പറഞ്ഞ് ഞാൻ കേട്ടിട്ടുണ്ട്..!
അത് പറഞ്ഞ് അവൾ ചിരിച്ചു.
ഈ അമ്മ എന്തിനാണ് ഇതൊക്കെ അവളോട് പറഞ്ഞത് എന്ന് ഓർത്തു ഞാൻ അതിശയപ്പെടാറുണ്ട്.
രാവിൽ തുറന്നിട്ട ജാലകത്തിലൂടെയെത്തുന്ന തൂവാനച്ചിന്തുകൾ എഴുതി നിറച്ച കടലാസുകളിൽ ചിതറി വീഴുമ്പോൾ കുപ്പിവള കിലുക്കം കേൾക്കുമ്പോലെ തോന്നുമ്പോൾ അത് യക്ഷിയുടേതാവുമോ എന്ന് സംശയിച്ചിട്ടുണ്ട്. ഉറക്കെയുള്ള ചിരി ഉടൻ കേൾക്കും എന്നോർത്തിരിക്കുമ്പോൾ വീശിയടിക്കുന്ന കാറ്റിൽ ചില്ലുജാലക വാതിലുകൾ വലിച്ചടയ്ക്കപ്പെടുമ്പോൾ യക്ഷിയുടെ ആഗമനമാകുമെന്ന് ഭയന്നിട്ടുണ്ട്.
വായിച്ചറിഞ്ഞതും പറഞ്ഞു കേട്ടതുമായ കഥകൾ എല്ലാം പേടിപ്പെടുത്തുന്നതായിരുന്നതിനാൽ യക്ഷിയെ എന്നും എനിക്ക് ഭയമായിരുന്നു.
ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോളുണ്ടായ ഒരു സംഭവമറിഞ്ഞതോടെയാണ് എന്റെ യക്ഷിപ്പേടി എല്ലാവരിലും എത്തിയത്. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത് തിരിച്ച് സ്കൂളിൽ എത്തിയപ്പോൾ രാത്രി ഒമ്പതര കഴിഞ്ഞിരുന്നു. പോറ്റി സാറായിരുന്നു ഞങ്ങളെ എല്ലാവരെയും കലോത്സവത്തിന് കൊണ്ടു പോയിട്ട് തിരിച്ചു സ്കൂളിൽ എത്തിച്ചത്. അവിടെ നിന്നും രണ്ടു കിലോമീറ്റർ നടന്നാലാണ് വീട്ടിലെത്തുക. എല്ലാ വീടുകളിലും വൈദ്യുതി എത്തിയിട്ടില്ലാത്ത ഗ്രാമം.സ്ട്രീറ്റ് ലൈറ്റുകൾ കത്താറില്ലാത്തതിനാൽ വഴിയിൽ നല്ല ഇരുട്ടായിരുന്നു. സ്വല്പം പേടി ഉണ്ടായിട്ടും വീട്ടിലേക്ക് പതുക്കെ നടന്നു തുടങ്ങി. അല്പം കഴിഞ്ഞപ്പോൾ പാദസരം കിലുങ്ങുന്ന പോലെ ചെറിയ ശബ്ദം കേൾക്കുന്നതായി തോന്നി. തിരിഞ്ഞുനോക്കാൻ ധൈര്യം ഇല്ല. ഞാൻ അവിടെ നിന്നു. അപ്പോൾ ശബ്ദവും നിലച്ചു. വീണ്ടും നടന്നു തുടങ്ങിയപ്പോൾ ആ കിലുക്കം വീണ്ടും കേൾക്കുന്നു. ദേശദേവനെയും ദേവിയേയും ഒക്കെ മനസ്സിൽ വിളിച്ച് നടന്നു തുടങ്ങി. എന്നിട്ടും ശബ്ദം നിലച്ചില്ല. യക്ഷി ബ്രഹ്മരക്ഷസ് ആണെന്ന് മുത്തശ്ശി പറഞ്ഞിട്ടുള്ളത് മനസ്സിലെത്തി. രക്തം കുടിയ്ക്കുന്ന പിശാചാണത് എന്നോർത്ത് പേടിയോടെ നടന്നു.വീട്ടിലെത്താറായപ്പോൾ ഓടി മുറ്റത്തേക്ക് കയറി. അപ്പോഴും ആ കിലുക്കും കൂടെവരും പോലെ തോന്നി. മുറിയിൽ കയറി ജനലിലൂടെ വെളിയിലേക്ക് നോക്കി. ഒന്നും കാണുന്നില്ല. ഒന്നും കഴിക്കാൻ പോലും നിൽക്കാതെ വന്ന വേഷത്തിൽ കിടക്കയിലേക്ക് മറിഞ്ഞു.
മിഴികളെ പൊതിഞ്ഞ് നിദ്രയുടെ ചിറകു മെല്ലെ ചലിച്ച് സ്വപ്നരഥം ഉരുളുന്നുണ്ടായിരുന്നു. ചുവരിലെ ഘടികാരത്തിൽ നിമിഷ സൂചികൾ ചലിച്ചുകൊണ്ടേയിരുന്നു. എന്തോ പേടിപ്പെടുത്തുന്ന സ്വപ്നം കണ്ടു ഞെട്ടിയുണർന്ന ഞാൻ അലറിവിളിച്ചു.
യക്ഷി….യക്ഷി…!
വീട്ടിൽ എല്ലാവരും ഉണർന്ന് എന്റെ അടുത്തേക്ക് ഓടിയെത്തി.
” എന്താടാ എന്തുപറ്റി..?” അമ്മയുടെ ഭയത്തോടെയുള്ള ചോദ്യം.
“യക്ഷി.. .യക്ഷി…..” എന്ന് ഞാൻ പുലമ്പുന്നുണ്ടായിരുന്നു.
“ഇവനേതോ സ്വപ്നംകണ്ടതാ അമ്മേ….! യക്ഷിയേയും പ്രേതത്തിനെയുമൊക്കെ ഇവന് ഭയങ്കര പേടിയല്ലേ..!”
പെങ്ങള് ചിരിച്ചുകൊണ്ട് പറഞ്ഞു.
ഞാൻ മുഖമുയർത്തിയില്ല. സ്വപ്നത്തിൻ്റെ ഹാങ്ങോവർ വിട്ടുമാറിയിരുന്നില്ല.
നേരം പുലരുമ്പോൾ എഴുന്നേറ്റ് കട്ടൻകാപ്പിയും കുടിച്ചിരിക്കുമ്പോൾ തലേദിവസം നടക്കുമ്പോൾ കേട്ട കിലുക്കം മനസ്സിൽ നിന്നു പോയിരുന്നില്ല. എണ്ണയും തേച്ച് തോർത്തും സോപ്പുമൊക്കെയെടുത്ത് പലവിധ ചിന്തകൾ കടന്നു പോകുന്ന മനസ്സുമായി പുഴയിലേക്ക് നടന്നു. പെട്ടെന്നാണ് ശ്രദ്ധിച്ചത്, തലേ ദിവസം രാത്രിയിൽ കേട്ട അതേ കിലുക്കം വീണ്ടും കേൾക്കുന്നു. അമ്പരപ്പോടെ തിരിഞ്ഞു നോക്കി. പിന്നിൽ ആരുമില്ല. വീണ്ടും നടന്നപ്പോൾ അതേ ശബ്ദം കേൾക്കുന്നു.
‘അത് എവിടെ നിന്നാണ് വരുന്നത് ” ഒന്നുകൂടി ശ്രദ്ധിച്ചു.അപ്പോഴാണ് ശരിക്കും ഞെട്ടിയത്. കിലുക്കം തൻ്റെ നിക്കറിന്റെ പോക്കറ്റിൽ നിന്നാണ് വരുന്നത്. നടക്കുമ്പോൾ നാണയത്തുട്ടുകൾ കിലുങ്ങുന്നതായിരുന്നു. ഉള്ളിൽ ഭയമുണ്ടായിരുന്നതിനാൽ , രാത്രി അത് തിരിച്ചറിയാൻ കഴിയാഞ്ഞതായിരുന്നു ഈ പൊല്ലാപ്പിനെല്ലാം കാരണം.
നീന്തിത്തുടിച്ച് വിസ്തരിച്ചു കുളിച്ചതിനുശേഷം തിരിച്ചു വീട്ടിലേക്ക് നടക്കുമ്പോൾ ട്യൂഷന് പോകാനായി കുഞ്ചു നടന്നുവരുന്നത് കണ്ടു. മഞ്ജുള എന്നാണ് പേരെങ്കിലും കുട്ടിക്കാലം മുതലേ അവളെ എല്ലാവരും ഓമനപ്പേരായ ‘കുഞ്ചു” എന്നാണ് വിളിച്ചിരുന്നത്. അങ്ങനെ തന്നെയാണ് ഞാനും വിളിക്കാറുള്ളത്. എന്റെ അടുത്തു വന്നപ്പോൾ അവൾ കൈകൊണ്ട് വായ് പൊത്തിപ്പിടിച്ച് ഒന്ന് ചിരിച്ചു. ഞാനാകെ ചൂളിപ്പോയി. വീട്ടിൽ കയറിയിട്ടാണ് ഇവള് വരുന്നതെന്നും യക്ഷിയെ സ്വപ്നം കണ്ട് പേടിച്ച് ഞെട്ടിയുണർന്ന് ബഹളമുണ്ടാക്കിയത് പെങ്ങൾ ഇവളോട് വിസ്തരിച്ച് പറഞ്ഞിട്ടുണ്ടെന്നും എനിക്ക് മനസ്സിലായി. ഞാൻ ഭാവഭേദം പുറത്തു കാട്ടാതെ ഉള്ളിൽ ചമ്മലോടെ മുന്നോട്ടു നടന്നു.
സ്കൂൾ വിദ്യാഭ്യാസമൊക്കെ കഴിഞ്ഞ് കോളേജിലെത്തുമ്പോഴും യക്ഷിപ്പേടി മാറിയിരുന്നില്ല. അന്നൊരിക്കൽ പാടവരമ്പിലൂടെ നടന്നു വരുമ്പോൾ എതിരെ വന്ന കുഞ്ചു എൻ്റെയടുത്തെത്തിയപ്പോൾ ചോദിച്ചു.
” യക്ഷിയായി ഞാനാണ് വരുന്നതെങ്കിൽ നന്ദേട്ടൻ പേടിക്കുമോ..? ”
അതും ചോദിച്ച് അവൾ ഇമവെട്ടാതെ എൻ്റെ കണ്ണിലേക്ക് നോക്കി.
അവളുടെ കണ്ണിന് എന്തോ കാന്തശക്തിയുള്ളതുപോലെ തോന്നി. ഞാൻ നോട്ടം പിൻവലിച്ച് മറുപടി പറയാതെ മുന്നോട്ട് നടന്നു.
സ്വല്പം നടന്നതിനു ശേഷം ഞാൻ മെല്ലെ തിരിഞ്ഞു നോക്കി. കുഞ്ചു നടന്നു പോകുന്നു. സമൃദ്ധമായ നീണ്ട മുടി ഇളകുന്നുണ്ട്. ഇവളുടെ മുടിയും യക്ഷിയേപ്പോലെയാണല്ലോ എന്നു മനസ്സിൽ തോന്നി. ഇവളിനി ശരിക്കും യക്ഷിയാണോ എന്നൊരു ചെറിയ സംശയം ഉള്ളിൽ മിന്നി മറഞ്ഞു. കൂടുതലൊന്നുമാലോചിക്കാതെ ഞാൻ വേഗം വീട്ടിലേക്ക് നടന്നു.
വാകപ്പൂവിതളുകളിലുടെ ഓർമ്മകൾ സഞ്ചരിച്ചു കൊണ്ടേയിരുന്നു.
ഉച്ചയൂണും കഴിഞ്ഞ് സഹപാഠികളെല്ലാം കൂടി കോളേജ് വരാന്തയിൽ കഥ പറഞ്ഞിരിക്കുമ്പോൾ ആരോ എൻ്റെ യക്ഷിപ്പേടിയെപ്പറ്റി പറഞ്ഞു ചിരിച്ചു.പിന്നെ അതിനെപ്പറ്റിയായി ചർച്ച.
“യക്ഷി വന്നാലും പേടിക്കാതെ രക്ഷപ്പെടാനുള്ള വഴിയൊക്കെയുണ്ട്…” ചങ്ങാതി വേണു പറയുന്നത് കേട്ട് എല്ലാവരും അത് എന്തെന്നറിയാനായി ആകാംക്ഷയോടെയിരുന്നു.
” യക്ഷി വന്ന് ചുണ്ണാമ്പുണ്ടോന്ന് ചോദിക്കും. അല്ലെങ്കിൽ മറ്റെന്തെങ്കിലും ആവശ്യപ്പെടും.പിന്നെ വശീകരിക്കാൻ ശ്രമിക്കും. അടുത്ത് വന്ന് ആശ്ളേഷിക്കും..”
അവൻ ഇത്രയും പറഞ്ഞു നിർത്തി.
അപ്പോൾ കേട്ടുകൊണ്ടിരുന്നതിലൊരാൾ അൽപ്പം ശുണ്ഠിയോടെ പറഞ്ഞു.
” അല്ലെങ്കിലും ഇതൊക്കെ എല്ലാവർക്കുമറിയാം, പേടിക്കാതെ രക്ഷപെടാനുള്ള വഴി അറിയാമെങ്കിൽ പറയ് ”
കേട്ടിരുന്നവർക്കും അറിയേണ്ടത് അതു തന്നെയായിരുന്നു.
” പറയാം, തോക്കിൽ കയറി വെടി വെക്കാതെ…”
അവന് ഹരം കയറി. അവൻ വീണ്ടും പറഞ്ഞു തുടങ്ങി.
” യക്ഷി ആശ്ളേഷിക്കുമ്പോൾ നഖം നീണ്ട് നമ്മുടെ ദേഹത്ത് അമർന്ന് രക്തം പൊടിയുമ്പോഴേ യക്ഷിയുടെ ദംഷ്ട്രകൾ നീണ്ടു വരൂ. അപ്പോൾ മാത്രമേ അവൾക്ക് ശക്തിയുണ്ടാവൂ. ആശ്ളേഷിക്കും മുമ്പ് തഞ്ചത്തിൽ കൈകൾ പിറകിലേക്ക് പിടിച്ചങ്ങ് കെട്ടിവെക്കാൻ നോക്കണം.അത് നടന്നാൽ പിന്നെ യാതൊന്നും പേടിയ്ക്കണ്ട.” അവൻ ഗമയിൽ പറഞ്ഞു നിർത്തി.
“ഓ.. പിന്നെ… എന്നാര് പറഞ്ഞു….. ?”
അൽപ്പം കളിയാക്കലോടെയാണ് മായ ചോദിച്ചത്.
“എൻ്റെ മുത്തശ്ശി പറഞ്ഞു തന്നതാ.., നിങ്ങൾക്ക് വേണമെങ്കിൽ വിശ്വസിച്ചാൽ മതി. കാര്യം സത്യമാവാനേ തരമുളളു. ” അവൻ അല്പം നീരസത്തോടെയാണത് പറഞ്ഞത്.
“ഇതൊക്കെ ശരിയായിരിക്കുമാേ…?
എല്ലാവരിലെയും പോലെ എന്റെയുള്ളിലും ആ ചോദ്യം നിറഞ്ഞു. സ്വപ്നത്തിൽ വന്നാൽ ഇതൊന്നും നടക്കില്ലല്ലോ…! പേടിച്ചു ഞെട്ടിയുണർന്ന് ബഹളം വെക്കാനല്ലേ കഴിയൂ എന്ന ചിന്തയിൽ ഞാനെഴുനേറ്റ് ക്ളാസ് മുറിയിലേക്ക് നടന്നത് ഇന്നും ഓർക്കുന്നുണ്ട്.
അഴിഞ്ഞുലഞ്ഞ പനങ്കുല പോലെയുള്ള കാർകൂന്തൽ, മുറുക്കി ചുവന്ന ചുണ്ടുകൾ, സ്വർണ്ണ നിറമുള്ള കടഞ്ഞെടുത്ത മേനി. കാന്തശക്തിയുള്ള നോട്ടം എന്നിങ്ങനെയൊക്കെയുള്ള യക്ഷിയെ അങ്ങ് പ്രണയിച്ചാൽ രസമായിരിക്കുമെന്ന് ചുമ്മാ നേരമ്പോക്കിനായി ചിന്തിച്ചിട്ടുണ്ട്. ചേർത്ത് പിടിച്ച് കവിളിലൊരു ചുംബനം നൽകിയിട്ട്
“നിന്റെ കവിളിലെ ചുംബനപ്പാടുകൾക്ക് സാക്ഷിയായ്
എന്നും എന്നെ നോക്കി കുണുങ്ങിച്ചിരിക്കുന്ന കമ്മലിനോടും
എനിക്ക് പ്രണയം തോന്നിപ്പോകുന്നു.. ” എന്ന് വിളിച്ചു പറയണമെന്ന് കൗതുകത്തോടെ ഓർത്തിരുന്നിട്ടുണ്ട്. സ്വപ്നങ്ങളിൽ യക്ഷി നിലവിളക്കിൻ്റെ അരണ്ട വെളിച്ചത്തിൽ വാൽകണ്ണാടി നോക്കി അണിഞ്ഞാെരുങ്ങുന്നതു വരെ തെളിഞ്ഞു കണ്ടിട്ടുണ്ട്. എങ്കിലും പിന്നീടെപ്പൊഴൊക്കെയോ കൂർത്ത ദംഷ്ട്രകളും ചോരയൂറുന്ന നാവും സ്വപ്നത്തിൽ കണ്ട് പേടിച്ചു ഞെട്ടിവിറച്ചുണർന്നിട്ടുണ്ട്.
പഞ്ചമി നിലാവ് വീണ രാവിൽ കഥകളിയും കണ്ട് വീട്ടിലേക്ക് നടക്കുമ്പോൾ ഒപ്പം ആരോ നടക്കുന്നതുപോലെ തോന്നി. മരങ്ങൾ തിങ്ങിയ വഴിയിലൂടെ നടക്കുമ്പോൾ ഇരുട്ടായതിനാൽ മുഖം വ്യക്തമായില്ല. കൊലുസുകിലുങ്ങുന്ന ശബ്ദം. യക്ഷി തന്നെ, സംശയമില്ല എന്ന് മനസ്സിൽ പറഞ്ഞു. ഓടാനുള്ള ശക്തിയില്ല. മുന്നോട്ട് നടക്കുക തന്നെ. പോക്കറ്റിൽ നിന്നും തീപ്പെട്ടിയെടുത്ത് കയ്യിലിരുന്ന ചുട്ടുകറ്റ കത്തിച്ചു. ആ വെളിച്ചത്തിൽ അടുത്തുള്ള പാലമരം കണ്ടപ്പോൾ ഉള്ളൊന്നു കാളി. ഇലകളുടെ മർമ്മരങ്ങളിലും പേടിപ്പെടുത്തലിനെ ഓർമ്മിപ്പിക്കും പോലെ തോന്നി. കരീലകളിലൂടെ സർപ്പങ്ങൾ ഇഴയുന്ന ശബ്ദം. ഞാൻ ചൂട്ടും വീശി പതുക്കെ നടന്നു.അവൾ തന്റെ തോളിൽ കൈ വെച്ചിട്ട് എന്നോട് ചോദിച്ചു.
“ഞാനൊരു കാര്യം ചോദിച്ചാൽ തരുമോ ?”
ഇവളിപ്പോൾ ചുണ്ണാമ്പുണ്ടോ എന്ന് ചോദിക്കും എന്ന മുൻവിധിയോടെ മറുപടി പറഞ്ഞു.
“പിന്നെന്താ, ചോദിച്ചോളൂ”
ഭയം പുറത്തുകാട്ടാതെയാണ് ഞാൻ അവളോടത് പറഞ്ഞത്. എൻ്റെ പിൻകഴുത്തിലെ നീല ഞരമ്പുകളിലൂടെ അവൾ വിരലോടിച്ചു.
“എനിക്കൊരു ഉമ്മ തരുമോ …? ”
അവളുടെ മൃദുലമായ ശബ്ദം.
എൻ്റെ മനസ്സിലൂടെ പലവിധ ചിന്തകൾ കടന്നു പോയി.
ഉമ്മ വെക്കുമ്പോൾ ആശ്ലേഷിച്ച് പുറത്ത് നഖം ഇറക്കി ദംഷ്ട്രകൾ കഴുത്തിൽ അമർത്തി ചോരകുടിച്ചു കൊല്ലാനാണ് ഉദ്ദേശമെന്ന് ഞാൻ ചിന്തിച്ചു പോയി. അപ്പോഴേക്കും കയ്യിലിരുന്ന ചൂട്ടുകറ്റയിലെ തീ അണഞ്ഞു. ഇരുട്ടിലും ഞാൻ പതുക്കെ മുന്നോട്ടു നടന്നു.ഒപ്പം പാദസരക്കിലുക്കവുമായി അവളും.
ഇനി എങ്ങനെ രക്ഷപ്പെടും??
അപ്പോൾ കോളേജ് പഠനകാലത്ത് ചങ്ങാതി പറഞ്ഞ ഉപായം മനസ്സിലെത്തി. ഇവളുടെ കൈകൾ എങ്ങനെയെങ്കിലും ബന്ധിക്കണം.അതേ ഇനി രക്ഷയുള്ളൂ എന്ന് ഞാൻ ചിന്തിച്ചു.
” എന്താ മിണ്ടാത്തത് ” അവളുടെ കാതരമായ ശബ്ദം വീണ്ടും ചെവിയിലെത്തി.
” തരാം ”
ഞാൻ പേടി പുറത്തുകാട്ടാതെ പറഞ്ഞു. ഒപ്പം വന്ന അവൾ എനിക്ക് അഭിമുഖമായി നിന്നു. “എങ്കിൽ വേഗം തരൂ”
അവൾ മെല്ലെ മൊഴിഞ്ഞു.
” തരാം, പക്ഷേ അതിനു മുമ്പ് ആദ്യം കണ്ണടയ്ക്കണം.”
“ശരി… അടച്ചു. ” അവൾ മന്ദഹസിച്ചു.
“ഇനി കൈകൾ പിന്നിലേക്ക് ചേർത്ത് വെക്കൂ…”
ഞാൻ ബുദ്ധിപൂർവ്വം പറഞ്ഞു.
അവൾ കൈകൾ രണ്ടും പിന്നിലേക്ക് ചേർത്തുപിടിച്ചു.
ഞാൻ മെല്ലെ അവളുടെ ചേലത്തലപ്പ് കൈക്കലാക്കി. എന്നിട്ട് അതുകൊണ്ടവളുടെ കൈകൾ പിന്നിലേക്ക് വെച്ചു ബന്ധിച്ചു.
മേഘക്കൂട്ടങ്ങൾക്കിടയിലൂടെ സഞ്ചരിച്ച ചന്ദ്രൻ പുറത്തുവന്നപ്പോൾ അതിൻറെ പ്രഭ അവളുടെ മുഖത്ത് വീണു. ഞാൻ അത്ഭുതപ്പെട്ടുപോയി. അവൾക്ക് കുഞ്ചുവിൻ്റെ മുഖം. ശരിക്കും കുഞ്ചു യക്ഷിആയിരുന്നോ..? എന്റെയുള്ളിൽ പേടിയും സംശയവും നിറഞ്ഞു.
“പറഞ്ഞത് ഞാൻ അനുസരിച്ചില്ലേ… ഒരു ഉമ്മ തരുമോ?” അവൾ പ്രണയാതുരയായി മൊഴിഞ്ഞു.
ഞാൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കി. ഞങ്ങളുടെ മിഴികളുടക്കി. അവളുടെ കരിങ്കൂവള നയനങ്ങളിൽ നിന്നും നോട്ടം പിൻവലിക്കാൻ കഴിയുന്നില്ല.
“ഇതിനി ശരിക്കും കുഞ്ചുവാണോ?? അവൾ എൻ്റെയൊപ്പം നടന്നുവന്നതാവുമോ…?” എനിക്കാകെ എന്തോ പോലെ തോന്നി.
“എന്തിനാ നന്ദേട്ടാ മടിക്കുന്നേ..?
ഒരു ഉമ്മ തരുന്നേ…!”
അവൾ വീണ്ടും പറഞ്ഞു.
ഞാൻ നന്നായി വിയർത്തു.
അവളുടെ കാലുകൾ നിലത്ത് തൊട്ടിട്ടുണ്ടോന്ന് നോക്കാൻ ധൈര്യം വന്നില്ല.
യക്ഷി എന്തായാലും ഉമ്മ ചോദിക്കില്ല. ഇത് കുഞ്ചു തന്നെ. അവളുടെ പ്രണയം തുറന്നു പറയാൻ ഇതിലൂടെ ശ്രമിച്ചതാവും.
ഞാൻ അവളുടെ അടുത്തേക്ക് ഒന്നുകൂടി നീങ്ങി നിന്നു. അവളുടെ കവിളിൽ കൈകൾ ചേർത്തു വെച്ച്.മുഖം കോരിയെടുത്തു. മഷിയെഴുതിയ മനോഹരമായ കണ്ണിലേക്ക് തന്നെ ഞാൻ നോക്കി നിന്നു. അവളിലെ പ്രണയം എന്നിലേക്ക് പകരുന്നതായി എനിക്ക് തോന്നി. എന്നിലെ ഭയം വിട്ടൊഴിഞ്ഞു. ചുംബനം കൊതിക്കുന്ന ചുണ്ടുകളിൽ ഞാൻ അമർത്തി ചുംബിച്ചു. അൽപ്പനേരത്തേക്ക് രണ്ടുപേർക്കും ചുണ്ടുകൾക്ക് വിശ്രമം നൽകാൻ കഴിഞ്ഞില്ല. പെട്ടെന്ന് വലിയൊരു ശബ്ദത്തോടെ ഭാരമേറിയതെന്തോ എൻ്റെ പുറത്തുവന്നു. ഞാൻ ഭയന്ന്
അലറിവിളിച്ചു.
” യക്ഷി….യക്ഷി…. ”
എനിക്ക് എഴുന്നേൽക്കാൻ കഴിയുന്നില്ല. പെട്ടെന്ന് ചുറ്റും വലിയ പ്രകാശം വിടർന്നു.
” നന്ദേട്ടാ… ഏട്ടാ… എന്താ പറ്റിയേ?”
“യക്ഷി… യക്ഷി… ”
വീണ്ടും ഞാൻ പറഞ്ഞുകൊണ്ടേയിരുന്നു.
“നന്ദേട്ടാ…” എന്നു വിളിച്ചു കൊണ്ട് ആരോ കുറച്ച് ജലം മുഖത്തേക്കൊഴിച്ചപ്പോളാണ് ശരിക്കും ബോധം വീണത്. കണ്ണു തുറന്നു നോക്കുമ്പോൾ കുഞ്ചു അരികിൽ കിടക്കയിലിരിപ്പുണ്ട്.
“യക്ഷി.. കുഞ്ചൂ… നീ…യക്ഷി… ” എന്നല്ലാതെ അല്പനേരത്തേക്ക് എനിക്കൊന്നു പറയാൻ സാധിച്ചില്ല.
അവളുടെ കയ്യിലിരുന്ന വെള്ളം വാങ്ങി കുടിച്ചു കഴിഞ്ഞപ്പോഴാണ് ശ്വാസം നേരെ വീണത്.
“നന്ദേട്ടൻ്റെ ബഹളം കേട്ട് മോൻ ഉണർന്നു.എന്നാ ഇനി ഈ യക്ഷിപ്പേടിയൊന്നു മാറുക.അവൾ അത് പറഞ്ഞപ്പോഴാണ് താൻ സ്വപ്നം കണ്ടതാണ് എന്ന് മനസ്സിലായത്.
“നീ ഇത് രാവിലെ അമ്മയോടൊന്നും പറഞ്ഞേക്കല്ലേ…”
ഞാൻ ചമ്മലോടെയാണ് അത് പറഞ്ഞത്.
” അലർച്ചകേട്ട് അമ്മായി ഉണർന്നു കാണും. കാര്യം എന്താണെന്ന് അറിയാവുന്നത് കൊണ്ട് പ്രത്യേകിച്ച് പറയേണ്ടി വരില്ല. അവൾ ചിരിച്ചു കൊണ്ടാണത് പറഞ്ഞത്. എന്തുപറയണമെന്നറിയാതെ ഞാൻ കുനിഞ്ഞിരുന്നു.
” മായയക്ഷിയമ്മയുടെ കോവിലിൽ ഉത്സവം നടക്കുകയാണല്ലോ. അവിടെ നിന്നും ഒരു രക്ഷ എഴുതി കെട്ടിക്കണം.” കുഞ്ഞിനെ തൊട്ടിലിൽ കിടത്തിക്കൊണ്ടാണ് അവളത് പറഞ്ഞത്.
” അതൊന്നും വേണ്ടെടീ… ഞാൻ അവളെ നോക്കി പറഞ്ഞു.
“അതു പറഞ്ഞാൽ പറ്റില്ല ഇനി പേടി മാറാൻ അതേയൊരു മാർഗ്ഗയുള്ളൂ.”
അത് പറഞ്ഞപ്പോഴേക്കും ഞാൻ അവളെ കിടക്കയിൽ എന്നിലേക്ക് ചേർത്തിരുത്തി. എന്നിട്ട് അവളുടെ കണ്ണുകളിലേക്ക് പ്രണയത്തോടെ നോക്കി.
“എനിക്കിനി യക്ഷിയെ പേടിയില്ല കുഞ്ചു… എന്നിലെ യക്ഷിയ്ക്ക് ഇപ്പോൾ നിന്റെ മുഖമാണ്.”
ചെമ്പകം പൂത്ത കാവിൽ വെച്ച് തൻ്റെ പ്രണയം തുറന്നുപറഞ്ഞപ്പോൾ കണ്ട നന്ദേട്ടൻ്റ മുഖം കുഞ്ചുവിൻ്റെ ഉള്ളിൽ നിറഞ്ഞു. ആദ്യമായി നന്ദേട്ടനോട് ഒരു ചുംബനം ചോദിച്ചതും ആ ചെമ്പകച്ചുവട്ടിൽ വെച്ചായിരുന്നു.
” നിന്നെ എനിക്ക് പേടിക്കാൻ കഴിയില്ലല്ലോ, പ്രണയിക്കാനല്ലേ കഴിയൂ.”
അത് പറയുമ്പോൾ കുഞ്ചു ഓർമ്മയിൽ നിന്നുണർന്നു. ഞങ്ങളുടെ കണ്ണുകളുsക്കി. അവളുടെ ചുണ്ടുകൾ തുടിക്കുന്നപോലെ തോന്നി.
അവളുടെ മുഖം കൈകളിൽ കോരിയെടുക്കുമ്പോൾ ചെമ്പകപ്പൂവിൻ്റെ സുഗന്ധം അവിടെമാകെ നിറയുന്നതുപോലെ തോന്നി. അവളുടെ ചുണ്ടുകളിൽ അമർത്തിചുംബിച്ചുകൊണ്ട് കിടക്കയിലേക്ക് വീഴുമ്പോഴും ഉച്ചഭാഷിണിയിലൂടെ ക്ഷേത്രത്തിലെ കഥകളിസംഗീതം ഒഴുകുന്നുണ്ടായിരുന്നു, പനങ്കുല പോലെയുള്ള അവളുടെ മുടിയിൽ തഴുകുമ്പോഴും ചുണ്ടുകൾ വിടർന്നു മാറിയിരുന്നില്ല. മേളപ്പദങ്ങൾ കുഞ്ചുവിൻ്റെ കാതിലേക്ക് എത്തുന്നുണ്ടായിരുന്നില്ല. “കുഞ്ചൂ.. ഇപ്പോൾ എൻ്റെയുള്ളിലെ യക്ഷി നീയാണ്.. ” എന്ന വാക്കുകളായിരുന്നു അവളുടെ കാതിൽ. അതോർത്തുകൊണ്ട് അവൾ എന്നെ ഇറുകെ പുണരുമ്പോൾ തൊടിയിലെ വലിയ പനമരമൊന്നുലഞ്ഞു.
പനയോലയ്ക്കുള്ളിൽ നിന്നും വാവലുകൾ ചിറകടിച്ചു പറന്നു.
എം.ജി.ബിജുകുമാർ
പന്തളം സ്വദേശി. തപസ്യയുടെ സംസ്ഥാന ചെറുകഥ പുരസ്കാര ജേതാവ് പന്തളം എൻ എസ് എസ് കോളേജിൽ ബിരുദവും എൻ.എസ്.എസ്. ട്രെയിനിങ്ങ് കോളേജിൽ ബിഎഡും പൂർത്തിയാക്കി. ആദ്യം അധ്യാപനവൃത്തിയിലായിരുന്നുവെങ്കിലും ,ഇപ്പോൾ എച്ച്.ഡി.എഫ്.സി ബാങ്കിൻ്റെ ലോൺ സെക്ഷനിൽ ജോലി ചെയ്യുന്നു. ചിത്രം വരയും, കഥയും കവിതയുമൊക്കെയെഴുത്തുമാണ് പ്രധാന വിനോദങ്ങൾ. സാഹിത്യ-സാമൂഹിക-സാസ്കാരിക മേഖലയിലും സജീവമായി പ്രവർത്തിക്കുന്നു.
“ഓർക്കാൻ മറക്കുമ്പോൾ ” എന്ന കവിതാ സമാഹാരം പുറത്തിറക്കിയിട്ടുണ്ട്. “മേഘങ്ങൾ പറഞ്ഞ കഥ ” എന്ന കഥാസമാഹാരം പുറത്തിറക്കാനുള്ള ശ്രമത്തിലാണ്. സരസ്വതീയം( https://youtu.be/LQFrt-sojwI )
കൊന്നപ്പൂങ്കനവ് ( https://youtu.be/HqaUy-dNLqA ) എന്നീ ദൃശ്യാവിഷ്ക്കാരങ്ങൾ ചെയ്ത് യൂട്യൂബിൽ റിലീസ് ചെയ്തിരുന്നു.
മോഹന്‍ദാസ്
കൂടല്ലൂരിന്‍റെ ഹൃദയത്തെ തൊടുന്ന ജലവിരല്‍സ്പര്‍ശമാണ് നിള. സാന്ധ്യശോഭയില്‍ കവിള്‍ത്തടങ്ങളില്‍ കുങ്കുമവര്‍ണ്ണമണിഞ്ഞ് വ്രീളാഭരിതയായി ഒഴുകുന്ന നിളയില്‍ പ്രണയത്തിന്‍റെ നീലാമ്പലുകള്‍ വിരിയിച്ച കഥയുടെ മാന്ത്രികനാണ് എം. ടി.
എം.ടി തന്നെ അത് പറയുന്നുണ്ട്.
‘’അറിയാത്ത അത്ഭുതങ്ങളെ ഗർഭത്തിൽ വഹിക്കുന്ന മഹാസമുദ്രത്തേക്കാൾ അറിയുന്ന എന്‍റെ നിളാനദിയെ ആണെനിക്കിഷ്ടം ”
കൂടല്ലൂരിന്‍റെ ജീവചരിത്രകാരൻ
അറിയാത്ത അത്ഭുതങ്ങളെ ഗർഭം ധരിച്ച മഹാസമുദ്രങ്ങളേക്കാൾ അറിയുന്ന എന്‍റെ നിളാനദിയാണെനിക്കിഷ്ടമെന്ന് ആവർത്തിച്ചു പറയാന്‍ എം.ടി.യെ പ്രേരിപ്പിക്കുന്നത് എന്താണ്?
അദ്ദേഹത്തിന്‍റെ ഓർമ്മകളുടെ കലവറ ജനിച്ചുവളര്‍ന്ന ഗ്രാമമായ കുടല്ലൂരാണെന്നതിന്‍റെ സാക്ഷ്യങ്ങളാണ് അദ്ദേഹമെഴുതിയ കഥകളും നോവലുകളും.
എം. ടി എഴുതുന്നു:
‘എന്‍റെ സാഹിത്യജീവിതത്തിൽ മറ്റെന്തിനോടുമുള്ളതിലധികം ഞാൻ കടപ്പെട്ടിരിക്കുന്നതു കൂടല്ലൂരിനോടാണ്. വേലായുധേട്ടന്‍റെയും ഗോവിന്ദന്‍ കുട്ടിയുടെയും പകിടകളിക്കാരൻ കോന്തുണ്ണി അമ്മാമയുടെയും കാതുമുറിച്ച മീനാക്ഷിയേടത്തിയുടെയും നാടായ കൂടല്ലൂരിനോട്. അച്ഛൻ, . ജ്യേഷ്ഠൻമാർ, ബന്ധുക്കൾ, പരിചയക്കാർ, അയൽക്കാർ – ഇവരെല്ലാം എനിക്കു പ്രിയപ്പെട്ട കഥാപാത്രങ്ങളാണ്. എന്‍റെ ചെറിയ അനുഭവ മണ്ഡലത്തിൽപ്പെട്ട സ്ത്രീപുരുഷന്മാരുടെ കഥകളാണ് എന്‍റെ സാഹിത്യത്തിൽ ഭൂരിഭാഗവും.
നവതിയുടെ നിറവില്‍
എം. ടി . വാസുദേവൻ നായർ 90-ാമത് പിറന്നാൾ ആഘോഷിക്കുമ്പോള്‍ അത് മലയാളത്തിന്‍റെ പിറന്നാള്‍ കൂടിയാണെന്ന് പറഞ്ഞാല്‍ അതില്‍ ഒട്ടും അതിൽയോക്തിയില്ല. ഭാവനയിലും ഭാവുകത്വത്തിലും സൂര്യോദയങ്ങള്‍ വിരിയിച്ച എഴുത്തുകാരന്‍റെ നവതി.
പിറന്നാളുകള്‍ ആഘോഷിക്കാത്ത ബാല്യം
പിറന്നാളുകള്‍ ആഘോഷിച്ചിട്ടില്ലെന്ന് എം. ടി പറഞ്ഞിട്ടുണ്ട്. മകന്‍റെ പിറന്നാള്‍ പായസത്തിനുള്ള ഇടങ്ങഴി അരിചോദിച്ചപ്പോള്‍ അമ്മയ്ക്ക് കിട്ടിയ മുഖമടച്ചുള്ള അടിയെപ്പറ്റി പിറന്നാളിന്‍റെ ഓര്‍മ്മയ്ക്ക് എന്ന കഥയില്‍ എം. ടി എഴുതിയിട്ടുണ്ട്.
പൊന്നാനി താലൂക്കില്‍ 1933 ജൂലൈ 15 നാണ് മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ എന്ന എം.ടി.വാസുദേവൻ നായരുടെ ജനനം. അച്ഛന്‍ – ടി. നാരാണന്‍നായര്‍, അമ്മ – അമ്മാളുവമ്മ.
എം. ടി എന്ന രണ്ടക്ഷരങ്ങളില്‍ ഒരു മഹാവിസ്മയം തന്നെയുണ്ട്. ഒറ്റ വാക്കില്‍ വ്യാഖ്യാനിക്കാന്‍ അസാധ്യമായ ഒരു വിസ്മയം . നോവലിസ്റ്റ്, തിരക്കഥാകൃത്ത്, പത്രാധിപര്‍, സംവിധായകന്‍ തുടങ്ങി അദ്ദേഹത്തിന് ഒരുപാട് വിശേഷണങ്ങളുണ്ട്.
സ്കൂളില്‍ പഠിക്കുന്നകാലത്തു തന്നെ കഥകളെഴുതിത്തുടങ്ങി.
രക്തം പുരണ്ട മൺതരികൾ’ എന്ന ആദ്യത്തെ കഥാസമാഹാരം പ്രസിദ്ധീകരിക്കുന്നത് പാലക്കാട് വിക്റ്റോറിയ കോളേജിൽ ഡിഗ്രിക്കു പഠിക്കുമ്പോഴാണ്. മലയാളസാഹിത്യത്തിൽ അദ്ദേഹം ശ്രദ്ധേയനായിത്തീർന്നത് കേരളത്തിൽ മാതൃഭൂമി നടത്തിയ കഥാമത്സരത്തിൽ എം.ടി.യുടെ ‘വളർത്തുമൃഗങ്ങൾ’ എന്ന കഥ ഒന്നാം സ്ഥാനം നേടിയതോടെയാണ്. 1954-ൽ ന്യൂയോർക്ക് ഹെറാൾഡ് ട്രിബ്യൂൺ സംഘടിപ്പിച്ച ലോകചെറുകഥാമത്സരത്തിന്റെ ഭാഗമായി മാതൃഭൂമി നടത്തിയ മത്സരമായിരുന്നു ഇത്.
എം. ടി യുടെ കരിയറിലെ വഴിത്തിരിവായിരുന്നു 1957-ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിന്‍റെ സബ് എഡിറ്ററായി ചേർന്നത്.
പാതിരാവും പകൽവെളിച്ചവും’ എന്ന ആദ്യനോവൽ ഈ സമയത്താണു ഖണ്ഡശഃ പുറത്തുവന്നത്. ആദ്യമായി പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ച നോവൽ ‘നാലുകെട്ട് ആണ്.
നാലുകെട്ട്, സ്വർഗ്ഗം തുറക്കുന്ന സമയം, ഗോപുരനടയില്‍ എന്നീ കൃതികൾക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡും കാലം എന്ന നോവലിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും വാനപ്രസ്ഥത്തിന് ഓടക്കുഴല്‍ അവാർഡും ലഭിച്ചിട്ടുണ്ട്.
നിര്‍മ്മാല്യവും വെളിച്ചപ്പാടും – എം.ടിയുടെ ഓര്‍മ്മകള്‍
…ഞാന്‍ നിര്‍മ്മാല്യം മനസ്സില്‍ കൊണ്ടുനടക്കുന്ന കാലം. വെളിച്ചപ്പാടായി ആരഭിനയിക്കും? നാടകത്തില്‍ നിന്നും സിനിമയിലേക്ക് എത്തിയ മറ്റൊരു അനുഗൃഹീത നടനുണ്ട് – ശങ്കരാടി. ശങ്കരാടിയുമായി ചര്‍ച്ചചെയ്തു. അടുത്ത സുഹൃത്തായ ശങ്കരാടി പറഞ്ഞു.
‘ചെയ്യാന്‍ എനിക്ക് മോഹമുണ്ട്. പക്ഷേ, എന്‍റെ നല്ല ശരീരം ദൈന്യം പിടിച്ച ആ വെളിച്ചപ്പാടിനുചേര്‍ന്നതല്ലല്ലോ?’
ആന്‍റണിക്കു പറ്റും എന്ന് ശങ്കരാടി പറഞ്ഞു. ആന്‍റണി ഇനി സിനിമയേ വേണ്ട എന്നുപറഞ്ഞ് മടങ്ങി വന്നിരിക്കുകയാണല്ലോ എന്ന സംശയം തോന്നാതിരുന്നില്ല. ഒരു സുഹൃത്തിനെ എറണാകുളത്തേക്ക് ഒരു കത്തും കൊടുത്തയച്ചു.കാര്യം വിശദമായി എഴുതിയിരുന്നു. പ്രതിഫലക്കാര്യമടക്കം.
ദൂതന്‍ മടങ്ങിവന്നപ്പോള്‍ എഴുതിയ മറുപടിയില്ല.
ഞാന്‍ മതിയെങ്കില്‍ എന്ന് എവിടെ എത്തണമെന്ന് അറിയിച്ചാല്‍ മതി എന്നായിരുന്നു. സന്ദേസം.
ഷൂട്ടിംഗിന് അഞ്ചുദിവസം മുന്‍പ് ആന്‍റണി ശുകപുരത്തുള്ള ഞങ്ങളുടെ ക്യമ്പിലെത്തി. ആയിടയ്ക്ക് അമിതമായി കുടിയ്ക്കുന്നു എന്ന കിംവദന്തി ഉണ്ടായിരുന്നു. ആന്‍റണിയെപ്പറ്റി. ഞാന്‍ ആദ്യദിവസം തന്നപറഞ്ഞു.
‘’ആശാന്‍ ജോലിയുള്ളപ്പോള്‍ കുടിയ്ക്കരുത്. രാത്രി വേണമെങ്കില്‍ ആവാം. എന്നെ കുഴപ്പത്തിലാക്കരുത്.’’
ആന്‍റണി ചിരിച്ചു.
‘’പേടിക്കേണ്ട. കേട്ട അത്ര കുഴപ്പമൊന്നുമില്ല വാസു.’’
നിര്‍മ്മാല്യത്തിലെ തന്‍റെ മൊത്തം പ്രകടനത്തില്‍ ആന്‍ണി തൃപ്തനായിരുന്നു…..
എം.ടിയുമായുള്ള തന്‍റെ ആത്മബന്ധത്തെക്കുറിച്ച് എസ്. ജയചന്ദ്രന്‍നായര്‍ കഥാസരിത്സാഗരം എന്ന പുസ്തകത്തില്‍
വികാരനിര്‍ഭരമായി എഴുതിയത് വായനക്കാന് ഹൃദയസ്പര്‍ശിയായി അനുഭവപ്പെടും:
‘എന്‍റെ കൈയ്യിലുള്ള പുസ്തകശേഖരം തീയിൽപ്പെട്ട് കത്തി നശിക്കുകയെന്ന അത്യാപത്ത് യാദൃശ്ചികമായി സംഭവിച്ചാൽ അതിൽ ഒരു പുസ്തകം പെടരുതേയെന്ന് ഞാൻ പ്രാർത്ഥിക്കാറുണ്ട്. “രണ്ടാമൂഴമാണ് ആ പുസ്തകം എന്തെന്നാൽ അതൊരു സംസ്കാരമാണ്. അത് തീയിൽപെട്ട് വെന്തുനശിച്ചാൽ എനിക്ക് നഷ്ടപ്പെടുന്നത് ആ സംസ്കാരമായിരിക്കും.’
അംഗീകാരങ്ങള്‍:
1996-ൽ ജ്ഞാനപീഠം പുരസ്കാരത്തിനർഹനായി.
2005-ലെ പത്മഭൂഷൺ ലഭിച്ചു.
2005-ൽ കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം ലഭിച്ചു.
2011-ൽ കേരള സർക്കാരിന്റെ എഴുത്തച്ഛന്‍ പുരസ്കാരത്തിന് അർഹനായി.
2013-ൽ കേന്ദ്രസാഹിത്യ അക്കാദമി ഫെലോഷിപ്പ് നല്കി ആദരിച്ചു.
മാതൃഭൂമി പീരിയോഡിക്കൽസ് പത്രാധിപർ, കേരള സാഹിത്യ അക്കാദമി പ്രസി ഡണ്ട്, കേന്ദ്ര സാഹിത്യ അക്കാദമി എക്സിക്യൂട്ടിവ് മെമ്പർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
പ്രധാനകൃതികൾ:
മഞ്ഞ്, കാലം, നാലുകെട്ട്, അസുരവിത്ത്, വിലാപയാത്ര, പാതിരാവും പകൽവെളിച്ചവും, അറബിപ്പൊന്ന്, രണ്ടാമൂഴം, വാരാണസി (നോവലുകൾ)
ഇരുട്ടിന്‍റെ ആത്മാവ്, ഓളവും തീരവും, കുട്ട്യേടത്തി, വാരിക്കുഴി, പതനം, ബന്ധനം, സ്വർഗ്ഗം ക്കുന്ന സമയം, നിന്‍റെ ഓർമ്മയ്ക്ക്, വാനപ്രസ്ഥം, എം.ടിയുടെ തിരഞ്ഞെടുത്ത കഥകൾ, – ഡാർ എസ്. സലാം, രക്തം പുരണ്ട മൺതരികൾ, വെയിലും നിലാവും, കളിവീട്, വേദന യുടെ പൂക്കൾ, ഷെർലക്ക് (കഥകൾ)
ഗോപുരനടയിൽ (നാടകം)
കാഥികന്‍റെ കല കഥ കന്‍റെ പണിപ്പുര, ഹെമിംഗ് വേ ഒരു മുഖവുര, കണ്ണാന്തളിപ്പൂക്കളുടെ കാലം (പ്രബന്ധങ്ങൾ)
ആൾക്കൂട്ടത്തിൽ തനിയെ (യാത്രാവിവരണം)
എം.ടിയുടെ തിരക്കഥകൾ, പഞ്ചാഗ്നി, നഖക്ഷതങ്ങൾ, വൈശാലി, പെരുന്തച്ചൻ, ഒരു വടക്കൻ വീരഗാഥ, നഗരമേ നന്ദി, നിഴലാട്ടം ഒരു ചെറുപുഞ്ചിരി, നീലത്താമര, പഴശിരാജ (തിരക്കഥകള്‍)
സ്നേഹാദരങ്ങളോടെ അമ്മയ്ക്ക് (ഓർമ്മകൾ)
ചിത്രത്തെരുവുകള്‍ (ചലച്ചിത്രസ്മരണകള്‍)
വാക്കുകളുടെ വിസ്മയം (പ്രസംഗങ്ങള്‍)
കെ. ആര്‍. മോഹന്‍ദാസ് : കോട്ടയം മുട്ടമ്പലം സ്വദേശി. കൊച്ചിയിൽ പരസ്യ കോപ്പി റൈറ്ററായി പ്രവർത്തിക്കുന്നു. ഫ്രീലാൻസ് ജേർണ്ണലിസ്റ്റുമാണ് എഴുത്തും വായനയും പാട്ടും ഏറെയിഷ്ടം.
ശബ്ന രവി
തെല്ലും നിനയ്ക്കാതെയാകൊടുങ്കാറ്റിലൊരു
പടുവിത്തന്നുള്ളിൽ വന്നു വീണു
പൊള്ളുന്ന ചൂടിലാ ഊഷര ഭൂമിയിൽ
മുളപൊട്ടി ഇലനീട്ടി മെല്ലെ മെല്ലെ.
ചില്ലകൾ വളർന്നു പൂമരമായ് മാറി
ചോലക്കുളിരിലന്നുള്ളം തണുത്തു
എങ്ങും വാസനപ്പൂമണം പരന്നു
തേനൂറും കനികൾ കുലകളിലാടി.
പിന്നെയും പടർന്നുപന്തലിച്ചൊടുവിലൊരു
വടവൃക്ഷമായ് മാറി വേരുകളാഴ്ന്നുപോയ്
ഹൃത്തിൽ നിണത്തിൽ പ്രാണനിൽപ്പോലും
പ്രണയവടവൃക്ഷത്തിൻ വേരുകളാഴ്ന്നു.
പിന്നെയാ വടവൃക്ഷം രാക്ഷസരൂപിയായ്
വരിഞ്ഞുമുറുക്കുന്നു ദംഷ്ട്രങ്ങളാഴ്ത്തുന്നു
ജീവശ്വാസത്തിനായ് കേണു പിടയുന്നു
ഒടുവിലൊരുചിതയിൽ എരിഞ്ഞടങ്ങുന്നു.
ശബ്ന രവി
എറണാകുളത്ത് റവന്യൂ വകുപ്പിൽ ഉദ്യോഗസ്ഥയാണ്. കേരള സർവകലാശാലയിൽ ഡെപ്യൂട്ടി രജിസ്ട്രാറായിരുന്ന ശ്രീ.ടി.ആർ. രാമദാസിന്റെ മകളും സൗദി അറേബ്യയിൽ എസ് ജി എസ് ഗ്ലോബൽ കമ്പനി മാനേജർ ഡോ. രവിയുടെ ഭാര്യയുമാണ്. പതിനൊന്നാം ക്ലാസ് വിദ്യാർഥിയായ ഋഷികേശ് മകനാണ് .
വായന ,സംഗീതം, സിനിമ എന്നിവ ഇഷ്ടപ്പെടുന്നു. കവിതകളും ലേഖനങ്ങളും എഴുതാറുണ്ട് .ഓൺലൈൻ പോർട്ടലുകളിൽ പല കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇമെയിൽ വിലാസം : Shabna [email protected]
ഐശ്വര്യ ലക്ഷ്മി.എസ്സ്.
ചിങ്ങം പിറന്നാലേറും പ്രിയം മലയാളമനമോരോന്നിലും
എന്നാലിത് അത്തം പിറന്നാലോ കൂടുമാവേശമിതു തിരുവോണനാളിനായി
പൂക്കളം നിരക്കുമോരോ വീടിനു മുന്നിലും
തൃക്കാക്കരയപ്പനോ എഴുന്നെള്ളും പൊന്നാനപുറത്തിതു പ്രജകളെ കാണാനായി
അത്തച്ചമയത്തിനോളം വരുമോ കൊച്ചിക്കു തിരുവോണം
തുമ്പപ്പൂവിൻ പകിട്ടേറും അത്തദിനപൂക്കളമെങ്കിലും
പത്തു ദിനവും പൂക്കളത്തിൻ പേരെന്നും അത്തപ്പൂക്കളം തന്നെ
അത്തം കറുത്താലോ
ഓണം വെളുക്കുമെന്നു
മലയാളി ഉരുവിടും പൂവിളിയോടെ
അത്തപതാക ഉയർന്നാൽ പിന്നെ മലയാളിക്കു മനസ്സിലൊരു ഉത്സവമേളം
ഗ്രാമമിന്നു നഗരത്തിൽ ചേക്കേറിയതോടെ വിപണിക്കുമിതൊരു ജനകീയ അത്തച്ചമയമല്ലോ…
ഐശ്വര്യ ലക്ഷ്മി.എസ്സ്.
സ്വദേശം പത്തനംതിട്ട ജില്ലയിലെ കുന്നന്താനം. ടി സി എസ്സിൽ അസിസ്റ്റൻ്റ് സിസ്റ്റം എൻജിനീയർ. മലയാളം യു കെ ഉൾപ്പടെയുള്ള ആനുകാലികങ്ങളിൽ കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.പരേതനായ ശശിധര കൈമളുടെയും ഇന്ദു കുമാരിയുടെയും മകളും തൃശ്ശൂർ കുന്നത്തേരിൽ രഞ്ജിത്തിൻ്റെ ഭാര്യയുമാണ്.
ഇമെയിൽ : [email protected]
വര : അനുജ സജീവ്
റ്റിജി തോമസ്
നിമിഷങ്ങൾക്കകം ലിഫ്റ്റിലൂടെ 140 അടി താഴ്ച്ചയിലുള്ള കൽക്കരി ഖനിയിൽ ഞങ്ങൾ എത്തിച്ചേർന്നു. അക്ഷരാർത്ഥത്തിൽ പെരുച്ചാഴി നിൽക്കുന്നതു പോലെ തുരങ്കത്തിലായിരുന്നു ഞങ്ങൾ . വെയ്ക് ഫീൽഡിലെ സ്ഥലമായ ഓവർട്ടണിലെ കാപ്‌ഹൗസ് കൽക്കരി ഖനിയിയുടെ ഉള്ളിലാണ് ഞങ്ങളെന്ന് ഗൈഡ് മൈക്ക് പറഞ്ഞു .
1863 -ല്‍ ആരംഭിച്ച കാപ്‌ഹൗസ് കൽക്കരി ഖനി 1985 -ലാണ് പ്രവർത്തനം നിർത്തിയത്. അതിനു ശേഷം 1988 -ൽ കോൾ മൈനിങ് മ്യൂസിയമായി പ്രവർത്തനം ആരംഭിക്കുകയായിരുന്നു. ഞങ്ങൾ തുരങ്കപാതയിലൂടെ മൈക്കിൻ്റെ നിർദ്ദേശാനുസരണം നടന്നു. ആദ്യകാലം തൊട്ട് ആധുനിക കാലഘട്ടം വരെയുള്ള കൽക്കരി ഖനനത്തിന്റെ നാൾവഴികളെ അതിൻറെ തനതായ രീതിയിൽ അടുത്തറിയാൻ സാധിക്കുന്ന തരത്തിലായിരുന്നു ഞങ്ങളുടെ യാത്ര .
ഒരാൾക്ക് മാത്രം നൂർന്ന് അപ്പുറം കടക്കേണ്ടുന്ന ഒരു ഉപപാത ഞാനും ജോജിയും ഒഴിവാക്കിയപ്പോൾ സഹയാത്രികനായ പീറ്റർ അതിനു തയ്യാറായി. തുരങ്കപാതയിൽ നിന്ന് പുറത്തുവന്നപ്പോൾ പീറ്ററിന്റെ മുഖത്ത് പ്രത്യേക അഭിമാനം നിഴലിച്ചിരുന്നു. ആ ഘട്ടത്തിലാണ് ഞങ്ങളുടെ കൂടെയുള്ള മൂന്നാമനായ പീറ്ററിനെ ഞാൻ കൂടുതൽ പരിചയപ്പെട്ടത്. പീറ്റർ മ്യൂസിയത്തിൽ എത്തിയത് തൻറെ മുത്തച്ഛൻറെ ഓർമ്മ പുതുക്കാനാണ്. പീറ്ററിന്റെ മുത്തച്ഛൻ ജീവിതകാലം മുഴുവൻ ജോലി ചെയ്തിരുന്ന കൽക്കരി ഖനിയിലാണ് ഞങ്ങളിപ്പോൾ. തന്റെ പൂർവ്വപിതാമഹനോടുള്ള സ്നേഹവും ആദരവും അയാളുടെ ഓരോ വാക്കുകളിലും പ്രവർത്തനങ്ങളിലും അടുത്തറിയാൻ എനിക്ക് സാധിച്ചു.
ആദ്യകാലങ്ങളിലെ കൽക്കരി ഖനികളിലെ ദുരവസ്ഥയും ക്രൂരമായ ജോലി സാഹചര്യങ്ങളും അതേപടി ഇവിടെ ആവിഷ്കരിച്ചിരിക്കുന്നു. ഖനനത്തിന്റെ ആദ്യകാലങ്ങളിൽ ജീവനക്കാർ ശരിക്കും അടിമകളെപോലെയായിരുന്നു.
ഇംഗ്ലണ്ടിലെ കൽക്കരി ഖനനത്തിന്റെ ആദ്യ നാളുകളിൽ സ്ത്രീകളും കുട്ടികളും ഖനികളിൽ ജോലി ചെയ്തിരുന്നു. അവരുടെ ജീവിതം നരകതുല്യവുമായിരുന്നു. പലപ്പോഴും ചെറിയ തുരങ്കപാതകളിലൂടെ ട്രോളികളിൽ കൽക്കരി വഹിച്ചു കൊണ്ട് പോകുന്നത് കുട്ടികളും സ്ത്രീകളുമായിരുന്നു. അവരുടെ ശരീരത്തിന്റെ വലുപ്പ കുറവാണ് ഇടുങ്ങിയ ഇടനാഴികളിലെ ഈ രീതിയിലുള്ള ജോലിക്കായി അവരെ നിയോഗിക്കാൻ കാരണമായത് . പിഞ്ചുകുഞ്ഞുങ്ങളും ഇങ്ങനെ ജോലി ചെയ്തവരിൽ ഉൾപ്പെട്ടിരുന്നു. ഇംഗ്ലണ്ടിൽ സ്ത്രീകളും കുട്ടികളും കൽക്കരി ഖനികളിൽ ജോലി ചെയ്യുന്നത് നിയമം മൂലം നിരോധിക്കപ്പെടുന്നത് വരെ ഇതായിരുന്നു സ്ഥിതി. പിന്നീട് വളരെ വർഷങ്ങൾക്കുശേഷമാണ് ഖനികൾക്ക് പുറത്തുള്ള ജോലികൾക്ക് സ്ത്രീകളെ നിയോഗിക്കുന്നത് അനുവദിച്ചത്. നേരത്തെ മ്യൂസിയത്തിൽ 1812 -ലെ നോർത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലെ ഗേറ്റർ ഷെഡ്ഡിലുണ്ടായ ദുരന്തത്തിൽ മരണമടഞ്ഞ ഒരു 8 വയസ്സുകാരന്റെ ഓർമ്മ തുരങ്ക പാതയിലൂടെ യാത്ര ചെയ്തപ്പോൾ ഒരു നീറ്റലായി എൻറെ മനസ്സിലുണ്ടായിരുന്നു. തോമസ് ഗാർഡർ എന്നായിരുന്നു അവന്റെ പേര്. ചെറുപ്രായത്തിൽ ജീവൻ വെടിഞ്ഞ ഒട്ടേറെ പേരുകൾ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരുന്നെങ്കിലും എന്തുകൊണ്ടോ തോമസിന്റെ പേരാണ് മനസ്സിൽ തങ്ങി നിന്നത്.
പലപ്പോഴും ഖനികളിൽ പത്തും പന്ത്രണ്ടും മണിക്കൂർ വരെ കുട്ടികൾ ജോലി ചെയ്യേണ്ടതായി വന്നിരുന്നു. ഭാരമുള്ള കൽക്കരി വണ്ടികൾ തള്ളുകയോ വലിക്കുകയോ ചെയ്യുക, കൊട്ടകളിലോ ചാക്കുകളിലോ കൽക്കരി കൊണ്ടുപോകുക തുടങ്ങിയ ശാരീരിക ബുദ്ധിമുട്ടുള്ള ജോലികൾക്കും കുട്ടികളെ നിയോഗിച്ചിരുന്നു. ഖനികളിലെ തുടർച്ചയായുള്ള ജീവിതം പലരെയും നിത്യരോഗികളാക്കി . പ്രായപൂർത്തിയായ തൊഴിലാളികളെക്കാൾ കുറഞ്ഞ ശമ്പളം മാത്രം നൽകിയാൽ മതിയെന്നതായിരുന്നു കുട്ടികളെ ഖനികളിൽ ജോലിക്കായി നിയോഗിക്കുന്നതിന് ഒരു കാരണമായത്. അതോടൊപ്പം കുട്ടികൾക്ക് മാത്രം നുഴഞ്ഞുകയറാവുന്ന തുരങ്ക പാതകളിലെ ജോലിയും ഒരു കാരണമായി.
തങ്ങളുടെ മാതാപിതാക്കൾ ഖനികളിൽ ജോലി ചെയ്യുമ്പോൾ ഏറ്റവും ഇളയ കുട്ടികൾ ഭൂമിക്കടിയിലെ അവർ മുന്നേറുന്ന പാതയുടെ ആരംഭത്തിൽ ഇരുട്ടിലായിരിക്കും. ട്രാപ്പർമാർ എന്നാണ് ഇവരെ വിളിച്ചിരുന്നത്. ഇടയ്ക്ക് ശുദ്ധ വായു കടന്നു വരാൻ ട്രാപ്പ് ഡോറുകൾ എന്ന് വിളിക്കപ്പെടുന്ന തടി വാതിലുകൾ തുറക്കുകയും അടയ്ക്കുകയും ആയിരുന്നു ഇവരുടെ ജോലി. പലപ്പോഴും 12 മണിക്കൂറോളം ഇങ്ങനെ ഇരുട്ടിൽ ഇരിക്കാൻ വിധിക്കപ്പെട്ടവരായിരുന്നു ഈ പാവം കുട്ടികൾ.
1842 ഓഗസ്റ്റ് 4 – ന് ബ്രിട്ടനിലെ ഖനികളിൽ സ്ത്രീകളും 10 വയസ്സിൽ താഴെയുള്ള കുട്ടികളും മണ്ണിനടിയിൽ ജോലി ചെയ്യുന്നത് നിരോധിച്ചുകൊണ്ടുള്ള നിയമം വരുന്നതിന് മുൻപ് ഖനികളിൽ ഭാര്യയും ഭർത്താവും കുട്ടികളും ഉൾപ്പെടെയുള്ള മുഴുവൻ കുടുംബാംഗങ്ങളും ജോലി ചെയ്യുന്നത് സാധാരണമായിരുന്നു. അങ്ങനെ ജോലി ചെയ്യുന്ന ഒരു കുടുംബത്തിൻറെ പ്രതീകാത്മകമായ ചിത്രീകരണം ഖനിയിലൂടെയുള്ള യാത്രയിൽ നമുക്ക് കാണാൻ സാധിക്കും. ഖനികളിൽ നിന്ന് കൽക്കരി അടർത്തിയെടുക്കുന്ന മുതിർന്നവർക്ക് മാത്രമേ വെളിച്ചം നൽകുന്ന വിളക്കുകൾ ഉണ്ടായിരുന്നുളളൂ . ട്രാപ്പർമാരായും മറ്റു ജോലികളിൽ ഏർപ്പെടുന്ന കുട്ടികൾ കൂരിരുട്ടിലാണ് ചിലവഴിക്കേണ്ടി വന്നിരുന്നത്. എന്തിനുവേണ്ടിയാണ് കുട്ടികളുടെ കാലിൽ ചരട് കൊണ്ട് ബന്ധിക്കപ്പെട്ടിരിക്കുന്നത് എന്ന ചോദ്യത്തിന് വിശദമായി തന്നെ ഗൈഡ് മറുപടി നൽകി .ഒന്നാമത് ഇരുട്ടിൽ അവർ തുരങ്ക പാതയിലേക്ക് എവിടെയെങ്കിലും പോകാനുള്ള സാധ്യത ഒഴിവാക്കുക എന്നതായിരുന്നു. അതുകൂടാതെ കുട്ടികൾ ഉറങ്ങി പോയെങ്കിൽ അവരെ വിളിച്ചുണർത്താനുമായും ഈ ചരടുകൾ ഉപയോഗിച്ചിരുന്നു! ട്രാപ്പർമാരായ ജോലിചെയ്യുന്ന കുട്ടികൾ പലപ്പോഴും ഇരുട്ടിൽ തളർന്ന് ഉറങ്ങി പോവുകയാണെങ്കിൽ മുതിർന്നവർ കാലിൽ കെട്ടിയിരുന്ന ചരട് ദൂരെ നിന്ന് വലിക്കുകയായിരുന്നു ചെയ്തിരുന്നത് . ഗൈഡിന്റെ വിവരണം ഭീതിയോടെയല്ലാതെ ശ്രവിക്കാനായില്ല .
ഭൂമിക്കടിയിലെ ഈ തുരങ്ക പാതയിൽ ഞങ്ങൾ നാലുപേർ മാത്രമേയുള്ളൂ. ആർക്കെങ്കിലും ഒരു അത്യാസന്ന നില വന്നാൽ എന്ത് ചെയ്യും. ഗൈഡിന് പെട്ടെന്ന് ദേഹാസ്വസ്ഥ്യം ഉണ്ടായാൽ ഞങ്ങൾ മൂന്നുപേരും ഇവിടെ കുടുങ്ങി പോകുമോ ? എന്റെ മനസ്സിൽ ഈ വിധ ചോദ്യങ്ങൾ ഉണ്ടായെങ്കിലും അത് പുറത്തേയ്ക്ക് വന്നില്ല .
ഗൈഡിൻെറ ഫോട്ടോ എടുക്കണമെന്നുണ്ടായിരുന്നു പക്ഷേ ഖനികളിൽ മൊബൈൽ അനുവദനീയമായിരുന്നില്ല. ഏതെങ്കിലും രീതിയിൽ തീ പിടിക്കാനോ പൊട്ടിത്തെറിക്കാനോ സാധ്യതയുള്ള വസ്തുക്കൾ ഖനികളിലേയ്ക്ക് കൊണ്ടുപോകാൻ സന്ദർശകർക്ക് അനുവാദമില്ല .
കോൾ മൈനിങ് മ്യൂസിയം തുടങ്ങിയപ്പോൾ മുതൽ ഗൈഡ് ആയി ജോലിചെയ്യുന്ന മൈക്ക് ഈ ഖനിയിലെ തന്നെ തൊഴിലാളി ആയിരുന്നെന്ന് അഭിമാനത്തോടെയാണ് പറഞ്ഞത്. കൽക്കരി ഖനനത്തിന്റെ ഭാഗമാകാത്ത ഒരാൾക്ക് എങ്ങനെ ഇത്രമാത്രം ആധികാരികതയോടെ കാര്യങ്ങളെ വിശദീകരിച്ചു തരാനാവും. ഖനികളിൽ തീപിടുത്തത്തിന് കാരണമാകുന്ന അപകടകരമായ വാതകങ്ങളുടെ സാന്നിധ്യം തിരിച്ചറിയുന്നതിന് ആദ്യകാലങ്ങളിൽ എലികളെയും കാനറികൾ ( ഒരു തരം ചെറുപക്ഷികൾ ) ഉപയോഗിച്ചിരുന്നതായി മൈയ്ക്ക് പറഞ്ഞു. കൂട്ടിലടച്ച ഈ ജീവികളുടെ അസ്വാഭാവിക പ്രതികരണങ്ങൾ അപകട സാധ്യത നേരത്തെ തിരിച്ചറിഞ്ഞ് രക്ഷപ്പെടാൻ തൊഴിലാളികളെ സഹായിച്ചിരുന്നു. ശാസ്ത്രം പുരോഗമിച്ചപ്പോൾ ഗ്യാസ് ഡിറ്റക്ടർ സെൻസറുകൾ ഏന്നിവ അപകടങ്ങളെ കുറിച്ച് കാര്യക്ഷമമായ മുന്നറിയിപ്പ് നൽകുന്നത് ഉപയോഗിച്ച് തുടങ്ങി.
ഖനികളിൽ നിന്ന് പുറത്തുവന്നതിനുശേഷമാണ് പീറ്ററുമായി കൂടുതൽ സംസാരിച്ചത്. മുത്തശ്ശന്റെ വിയർപ്പ് വീണ ഖനി പാതയിലൂടെ യാത്ര ചെയ്തതിന്റെ ഗൃഹാതുരത്വത്തിലായിരുന്നു അദ്ദേഹം.
“ഞാൻ ഇനിയും വന്നേക്കാം…”
പിരിയാൻ നേരത്തെ പീറ്റർ ഞങ്ങളോട് പറഞ്ഞു.
മറ്റുള്ളവർക്ക് വെളിച്ചവും ഊർജവും നൽകാൻ ഇരുട്ടിലും ഇടുങ്ങിയ തുരങ്കത്തിലും നിരന്തരമായ അപകടങ്ങളിലും ജീവൻ ഹോമിക്കപ്പെട്ട ഖനി തൊഴിലാളികളുടെ വേദന മനസ്സിൽ വിങ്ങലായി കുറേക്കാലത്തേക്ക് നിലനിന്നു , മ്യൂസിയത്തിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ പരിചയപ്പെട്ട മെക്കാനിക്കൽ എൻജിനീയർ ആയി ജോലി ചെയ്യുന്ന അലൻ ചാൽക്കയുടെ പ്രസാദാത്മകമായ പുഞ്ചിരിയ്ക്കും സുഖാന്വേഷണത്തിനും മനസ്സിന്റെ വിങ്ങലുകളെ ശമിപ്പിക്കാനായില്ല .
ഖനിയിലൂടെയുള്ള യാത്രയിൽ ഞാൻ ഗൈഡിനോട് ചോദിച്ച ചോദ്യം പെട്ടെന്ന് മനസ്സിലേക്ക് കടന്നുവന്നു. ഈ ഖനി തുരങ്കത്തിൽ എത്ര മൈലുകൾ ഉണ്ടായിരിക്കും ? അതിന് കൃത്യമായ ഒരു ഉത്തരം ഇല്ലായിരുന്നു. ഖനികൾ സ്വകാര്യ ഉടമസ്ഥതയിൽ ആയിരുന്നപ്പോൾ ഖനനത്തിന് യാതൊരു നിയന്ത്രണവും ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ പെരുച്ചാഴിയുടെ തുരങ്ക പാത പോലെ ഖനനപാതകളും കൃത്യതയില്ലാതെ കാൽക്കരി തേടി നീണ്ടു നീണ്ടുപോയി. മൈൻ സേർച്ചിങ്ങിനെ കുറിച്ച് മടക്കയാത്രയിൽ ജോജി വിശദമായി പറഞ്ഞു.മൈനിങ്ങ് നിലവിലുള്ള സ്ഥലങ്ങളിൽ വീടുകൾ എടുക്കുമ്പോൾ മൈൻ സെർച്ചിങ് നടത്തിയിരിക്കണം. വീട് മേടിക്കുന്ന ആൾ ഏർപ്പെടുത്തുന്ന സോളിസിറ്റർ ആണ് ഗവൺമെൻറ് ഏജൻസിയുടെ സഹായത്തോടെ റിപ്പോർട്ട് തയ്യാറാക്കുന്നത്.
ഖനികളിൽ നിന്ന് ശേഖരിച്ച കൽക്കരിയുടെ ചെറുകഷണങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുവരണമെന്നായിരുന്നു എൻറെ ആഗ്രഹം. പക്ഷേ പിന്നീടുള്ള പല ദിവസങ്ങളിലും അർദ്ധനഗ്നരായ കാൽക്കരി ഖനിയിൽ കഴിയുന്ന കുട്ടികളുടെ ചിത്രം എൻറെ ഉറക്കം കെടുത്താൻ തുടങ്ങി. ഇരുട്ടിൽ ശ്വാസം കിട്ടാതെ ഭൂഗർഭ അറയിൽ ജീവൻ ഹോമിച്ച കുട്ടികളുടെ ചിത്രങ്ങൾ എൻെറ സ്വപ്നങ്ങളെ പോലും അലോസര പെടുത്തിയപ്പോൾ ഇന്ത്യയിലേയ്ക്ക് കൊണ്ടുവരാൻ ഖനിയിൽ നിന്ന് ശേഖരിച്ച കൽക്കരി തുണ്ടുകൾ ഞാൻ ഇംഗ്ലണ്ടിന്റെ മണ്ണിൽ തന്നെ ഉപേക്ഷിച്ചു.
റ്റിജി തോമസ് : റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.
യുകെ സ്‌മൃതികളുടെ മുൻ അധ്യായങ്ങൾ വായിക്കാം ….
https://malayalamuk.com/uk-smrithikal-chapter-8-part-2/
എവിടെ ഓഫർ കിട്ടുമോ അവിടെ മലയാളി ഉണ്ട് … യുകെ സ്‌മൃതികൾ : അധ്യായം 5 . സൂപ്പർ മാർക്കറ്റിൽ.
റ്റിജി തോമസ്
ആദ്യദിവസം മ്യൂസിയത്തിലൂടെയുള്ള യാത്രയിൽ ഇംഗ്ലണ്ടിലെ കൽക്കരി ഖനികളുടെ ചരിത്രം മനസ്സിലാക്കാൻ സാധിച്ചു. കൽക്കരി വ്യവസായത്തിന്റെ ആദ്യ കാലഘട്ടം തുടങ്ങി വ്യവസായത്തിന്റെ ആധുനികവത്കരണത്തിന്റെ പടിപടിയായുള്ള കടന്നുവരവിന്റെ നേർ ചിത്രങ്ങൾ നന്നായിത്തന്നെ മ്യൂസിയത്തിൽ പ്രദർശിപ്പിക്കപ്പെട്ടിട്ടുണ്ട്.
രണ്ടാം ദിവസത്തെ സന്ദർശനം ഒരു യഥാർത്ഥ കൽക്കരി ഖനിയിലേയ്ക്കുള്ള യാത്രയായിരുന്നു. 150 മീറ്ററോളം തറനിരപ്പിൽ നിന്ന് താഴേയ്ക്കുള്ള യാത്ര. ഒരു പെരുച്ചാഴിയെപ്പോലെ ഭൂമിക്കടിയിലെ തുരങ്ക പാതയിലൂടെയുള്ള യാത്ര ജീവിതത്തിലൊരിക്കലും മറക്കാൻ പറ്റുന്നതായിരുന്നില്ല. നേരത്തെ തന്നെ സുരക്ഷയ്ക്കായി ഹെൽമറ്റും ഖനിയുടെ ഇരുട്ടിൽ പ്രകാശത്തിനായി ടോർച്ചും കിട്ടിയിരുന്നു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മൊബൈൽ ഫോൺ ഖനിക്കുള്ളിലേയ്ക്ക് അനുവദനീയമായിരുന്നില്ല.
ഞങ്ങൾ നാലുപേർ മാത്രം. സന്ദർശകരായി ഞാനും ജോജിയും ഒരു ഇംഗ്ലീഷുകാരനും പിന്നെ ഗൈഡ് ആയ മൈക്കും മാത്രം . മൂന്നാമത്തെ ഇംഗ്ലീഷുകാരനായ സന്ദർശകനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ പിന്നീട് പറയാം. ലോകത്തിലേയ്ക്ക് ഏറ്റവും പഴക്കമുള്ളതെന്ന് തോന്നിപ്പിക്കുന്ന ലിഫ്റ്റിൽ ഞങ്ങൾ പ്രവേശിച്ചു. 180 വർഷം പഴക്കമുള്ള 140 മീറ്ററിലധികം ഭൂ നിരപ്പിൽ നിന്ന് താഴ്ചയുള്ള കൽക്കരി ഖനിയിലേയ്ക്കാണ് നമ്മൾ പോകുന്നതെന്ന് ഗൈഡ് ആയി കൂടെ വരുന്ന മൈക്ക് പറഞ്ഞപ്പോൾ ഇതൊക്കെ ഞാൻ എത്ര കണ്ടിരിക്കുന്നു എന്ന ഭാവമായിരുന്നു എന്റെ മനസ്സിൽ.
ലിഫ്റ്റ് ചലിച്ചു തുടങ്ങി. പാതാളത്തിലേയ്ക്ക് ശരവേഗത്തിൽ പായുന്ന അവസ്ഥ. ലിഫ്റ്റിൻ്റെ ചക്രങ്ങളുടെ പേടിപ്പെടുത്തുന്ന ശബ്ദം.
ലിഫ്റ്റ് പാതാളത്തിലേയ്ക്ക് പാഞ്ഞു കൊണ്ടേയിരിക്കുന്നു. ഒരു ഘട്ടത്തിൽ ഒറ്റപ്പെടലിന്റെയും പുറംലോകത്ത് ഇനി ഒരിക്കലും എത്തില്ലെന്ന വേവലാതിയിലും എനിക്ക് ബോധം മറയുന്നത് പൊലെ തോന്നി.
ഞാൻ ജോജിയെയും കൂടെയുള്ള സഹയാത്രികനെയും നോക്കി ഒരുപക്ഷേ അവരുടെ ഉള്ളിലും സമാനമായ വികാരങ്ങൾ ഉണ്ടായിരുന്നിരിക്കാം…
Please Stop. I want to return back…..
ഞാൻ ഗൈഡിനോട് പറഞ്ഞു…
(തുടരും )
റ്റിജി തോമസ് : റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.
യുകെ സ്‌മൃതികളുടെ മുൻ അധ്യായങ്ങൾ വായിക്കാം ….
https://malayalamuk.com/uk-smrithikal-chapter-8-part-2/
എവിടെ ഓഫർ കിട്ടുമോ അവിടെ മലയാളി ഉണ്ട് … യുകെ സ്‌മൃതികൾ : അധ്യായം 5 . സൂപ്പർ മാർക്കറ്റിൽ.
മോഹന്‍ദാസ്
കോട്ടയത്തു നിന്നും കൊച്ചിയിലേക്കുള്ള വേണാട് എക്സ്പ്രസിലെ എന്റെ പതിവുയാത്രകള്‍ രസകരമായ ഒത്തിരിയോര്‍മ്മകള്‍ നല്‍കിയിട്ടുണ്ട്.
ട്രെയിനില്‍ സമാനചിന്താഗതിക്കാരായ ഞങ്ങള്‍ ഒത്തുചേര്‍ന്ന് ഒരു ഗ്രൂപ്പായിട്ടാണ് യാത്ര.
കാക്കനാട് SEZ ല്‍ ഓഫീസറായ ഹരിച്ചേട്ടനായിരുന്നു ഗ്രൂപ്പ് ലീഡര്‍. ധാരാളം വായിക്കുകയും നല്ല കഥകളെഴുതുകയും ചെയ്യുന്ന, റിലയന്‍സില്‍ ജോലി ചെയ്യുന്ന രഞ്ചന്‍ തുടങ്ങിയ മനസ്സടുപ്പമുള്ള നല്ല സുഹൃത്തുക്കള്‍ ഗ്രൂപ്പിലുണ്ടായിരുന്നു.
എഴുതിയ കാര്യങ്ങള്‍ വായിക്കുകയും ചര്‍ച്ചചെയ്യുകയും ചെയ്യുന്നത് ഞങ്ങളുടെ പതിവ് ശീലമായിരുന്നു.
അങ്ങനെ ബഷീര്‍ എഴുതിയതുപോലെ പ്രശാന്തസുന്ദരമായ കാലം. ഒരു ദിവസം ഞങ്ങളുടെ കംപാര്‍ട്ടുമെന്‍റില്‍ അതിഥിയായി അവളുമെത്തി. പ്രസ് അക്കാദമിയില്‍നിന്നും ജേണലിസം കഴിഞ്ഞ് പ്രമുഖ മാധ്യമത്തില്‍ കുറച്ച് ദിവസം ഇന്‍റേണ്‍ഷിപ്പ് ചെയ്യുന്നതിനെത്തിയതാണ്.
ചന്ദനനിറവും ചിരിക്കുമ്പോള്‍ വിടരുന്ന ആ നുണക്കുഴികളും മനോഹരമായിരുന്നു. വളരെപ്പെട്ടന്ന് അവള്‍ ആ ഗ്രൂപ്പിന്‍റെ ഭാഗമായി.
ഗ്രൂപ്പ് ലീഡര്‍ ഹരിച്ചേട്ടന്‍ അവളോട് പേര് ചോദിച്ചു. അവള്‍ പേര് പറഞ്ഞു. മനോഹരമായ പേര്.
സീറ്റിലേക്ക് പിന്നോക്കം ചാരി കണ്ണുകളടച്ച് ഞാന്‍ പറഞ്ഞു:
‘രാത്രിയുടെ പേരുള്ള പെണ്‍കുട്ടി.’
തൊടങ്ങി അവന്‍റെ സാഹിത്യം. ഹരിച്ചേട്ടന് ദേഷ്യം വന്നു.
‘ശരിയാണ്. രാത്രിയുടെ പേരുള്ള പെണ്‍കുട്ടി.’
രഞ്ചന്‍ എന്‍റെ സഹായത്തിനെത്തി.
അവള്‍ കടന്നുവരുമ്പോള്‍ കര്‍പ്പൂരത്തിന്‍റെ ഗന്ധം അവിടെ പടരുമായിരുന്നു.
എഴുതിയ കഥയും കവിതയും ഞങ്ങള്‍ വായിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുമെന്ന് പറഞ്ഞിരുന്നല്ലോ ?
ഈ ചര്‍ച്ചകളില്‍ അവളും ചെറിയ രീതിയില്‍ പങ്കെടുക്കുമായിരുന്നു.
അന്ന് ഞാന്‍ എഴുതിയ ചില വരികളാണ് വായിച്ചത്. കഥാപാത്രം അവളായിരുന്നു.
വരികൾ ഏകദേശം ഇങ്ങനെയായിരുന്നു :
”അവള്‍ക്ക് രാത്രിയുടെ പേരായിരുന്നു
ഹരിചന്ദനത്തിന്‍റെ നിറവും
കര്‍പ്പൂരത്തിന്‍റെ മണവുമായിരുന്നു.
ചിരിക്കുമ്പോള്‍
വിടരുന്ന
നുണക്കുഴികളും
വലതുകീഴ്ച്ചുണ്ടിലെ കറുത്ത മറുകും…”
തുടര്‍ന്നു വായിക്കാന്‍ ഹരിച്ചേട്ടന്‍ സമ്മതിച്ചില്ല . പുള്ളി ബഹളം വയ്ക്കുകയാണ്.
‘ഇത് ഈ കുട്ടിയെക്കുറിച്ചാണ്,
ഈ കുട്ടിയെക്കുറിച്ചു മാത്രമാണ്.”
അവള്‍ നിശബ്ദയായിരുന്നു. ട്രെയിന്‍ സൗത്തിലെത്തി.
എല്ലാവരും ഇറങ്ങി. പോകുമ്പോള്‍ അവള്‍ ഒരു പുഞ്ചിരി സമ്മാനിച്ചാണ് മടങ്ങിയത്.
അപ്പോഴാണ് ആശ്വാസമായത്.
ഇന്‍റേണ്‍ഷിപ്പ് കഴിഞ്ഞ് ആ കുട്ടി ഒരുപ്രമുഖ പത്രത്തില്‍ ജോയിന്‍ ചെയ്തു.
നാളുകള്‍ക്കു ശേഷം ഞാന്‍ പതിവുപോലെ സൗത്തില്‍
ട്രെയ്നിറങ്ങുമ്പോള്‍ പിന്നില്‍ ഒരു വിളി.
ദാസേ.
ഏറ്റവും അടുപ്പമുള്ളവര്‍ അങ്ങനെ വിളിക്കാറുണ്ട്.
അടുത്തു ചെന്നപ്പോള്‍.
ഹരിചന്ദനത്തിന്‍റെ നിറവും കര്‍പ്പൂരത്തിന്‍റെ മണവും കീഴിച്ചുണ്ടിലെ ആ കറുത്ത മറുകും, വിടരുന്ന നുണക്കുഴികളും എങ്ങനെ മറക്കാനാവും?
ഒരു മൗനം.
അവളാണ് ഞങ്ങള്‍ക്കിടയിലെ മൗനം പൂരിച്ചിച്ചത്.
എന്താ മിഴിച്ചു നോക്കുന്നത്.
രാത്രിയുടെ പേരുള്ള …..അവള്‍ നിര്‍ത്തി
ഞങ്ങള്‍ ചിരിച്ചു.
വേണാട് എക്സ്പ്രസിന്റെ ചൂളംവിളിയില്‍ ചിരികൾ അലിഞ്ഞു ചേര്‍ന്നു.
മോഹൻദാസ് : കോട്ടയം മുട്ടമ്പലം സ്വദേശി. കൊച്ചിയിൽ പരസ്യ കോപ്പി റൈറ്ററായി പ്രവർത്തിക്കുന്നു.
ഫ്രീലാൻസ് ജേർണ്ണലിസ്റ്റുമാണ് എഴുത്തും വായനയും പാട്ടും ഏറെയിഷ്ടം.
റ്റിജി തോമസ്
ഇംഗ്ലണ്ടിൽ ഒട്ടാകെ നടന്ന ഖനി തൊഴിലാളികളുടെ പണിമുടക്കിനെ കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ നമ്മൾക്ക് നാഷണൽ കോൾ മൈനിങ് മ്യൂസിയത്തിൽ നിന്ന് ലഭിക്കും.
1893- ല്‍ വേതനം കുറയ്ക്കാനുള്ള ഖനി ഉടമകളുടെ ശ്രമങ്ങൾക്കെതിരെ 50,000 തൊഴിലാളികളാണ് യോർക്ക് ഷെയറിൽ ശക്തമായ സമരം നടത്തിയത്. മാസങ്ങളോളം നീണ്ടുനിന്ന സമരം അവസാനിച്ചത് ഖനി കളുടെ ഉടമസ്ഥർ തൊഴിലാളികളുടെ ആവശ്യങ്ങൾ അംഗീകരിച്ചതിനെ തുടർന്നാണ്. 1972 ലും 1974-ലും രാജ്യമൊട്ടാകെ നടന്ന ഖനി തൊഴിലാളികളുടെ പണിമുടക്കും എടുത്തു പറയേണ്ടതാണ്. 1972 – ലെ സമരം പ്രധാനമായും ശമ്പളം വർദ്ധനവിനും മെച്ചപ്പെട്ട തൊഴിൽ സാഹചര്യത്തിന് വേണ്ടിയും ആയിരുന്നെങ്കിൽ 1974 -ലെ പണിമുടക്ക് നിരവധി കൽക്കരി ഖനികൾ അടച്ചുപൂട്ടാൻ സർക്കാരെടുത്ത തീരുമാനത്തിനെതിരായിരുന്നു. ഇംഗ്ലണ്ടിലെ ഖനി തൊഴിലാളികൾക്കിടയിൽ നടന്ന എല്ലാ സമര മുന്നേറ്റങ്ങളിലും വെയ്ക്ക് ഫീൽഡിലെയും യോർക്ക് ഷെയറിലെയും ഖനി തൊഴിലാളികൾ മുന്നണി പോരാളികളായി മുന്നിലുണ്ടായിരുന്നു.
ഇംഗ്ലണ്ടിലെ കൽക്കരി ഖനനത്തിന്റെ ചരിത്രത്തിൽ പിഞ്ചുകുഞ്ഞുങ്ങൾ അടക്കം ആയിരക്കണക്കിന് തൊഴിലാളികൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്. പ്രത്യേകിച്ച് വേണ്ട സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്ത ആദ്യകാലങ്ങളിൽ മരണസംഖ്യയും ഉയർന്നതായിരുന്നു. 1862 -ൽ നോർത്ത് ആംബർലാൻഡിലെ ഹാർട്ട്ലി ഖനിയിൽ ഉണ്ടായ ദുരന്തത്തിൽ 204 ഖനി തൊഴിലാളികളാണ് മരിച്ചത്. പമ്പിങ് എൻജിന്റെ തകരാറുമൂലമുണ്ടായ വെള്ളപ്പൊക്കത്തിലാണ് ഇത്രയും പേർക്ക് ജീവൻ നഷ്ടപ്പെട്ടത്. മീഥൈൻ വാതകവും കൽക്കരി പൊടിയും ചോർന്നുണ്ടായ സ്ഫോടനത്തിൽ 439 ഖനി തൊഴിലാളികളാണ് സൗത്ത് വെയിൽസിലെ സെൻഗനൈവ് ഖനിയിൽ ജീവൻ വെടിഞ്ഞത്. യോർക്ക് ഷെയറിലെ ബാർൺസ്ലി (Barnsley) ഓക്സ് ഖനിയിൽ ഉണ്ടായ ദുരന്തത്തിൽ 361 ഖനി തൊഴിലാളികൾ മരിച്ചു. തീ പിടിക്കുന്ന വാതകങ്ങളുടെ സാന്നിധ്യവും മെച്ചപ്പെട്ട വായു സഞ്ചാരമില്ലായ്മയും പരമ്പരാഗത രീതിയിലുള്ള വിളക്കുകളും ഉപയോഗിച്ചതുമാണ് ആദ്യകാലങ്ങളിൽ ഉണ്ടായ പല ദുരന്തങ്ങൾക്കും പ്രധാന കാരണമായത്. ഓരോ ദുരന്തങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട് ഒട്ടേറെ മാറ്റങ്ങളാണ് ഖനികളിൽ വന്നു കൊണ്ടിരുന്നു. ഖനികളുടെ ആധുനികവത്കരണത്തിന് അനേകരുടെ ജീവൻ ബലി കൊടുത്തതിന്റെ ചരിത്രവും കോൾ മൈനിങ് മ്യൂസിയത്തിൽ സന്ദർശകർക്കായി പ്രദർശിപ്പിച്ചിട്ടുണ്ട്.
സമരങ്ങളുടെയും ദുരന്തങ്ങളുടെയും ചരിത്രത്തിലൂടെ കടന്നുപോകുമ്പോഴും മനസ്സിൽ തങ്ങിനിൽക്കുന്ന ചില പേരുകൾ ഉണ്ടായിരുന്നു. എട്ടും ഒൻപതും വയസ്സ് മാത്രമായ കുട്ടികളുടെ പേരുകൾ . പേരുകൾക്ക് അപ്പുറം അവരുടെ ദുരന്തത്തെ അറിയണമെങ്കിൽ നമ്മൾ പോയേ പറ്റൂ യഥാർത്ഥ ഖനികളുടെ ഭീകരതയിലേയ്ക്ക് . ഒരു പെരുച്ചാഴിയെ പോലെ 150 മീറ്ററോളം ഭൂമിക്കടിയിലുള്ള തുരങ്ക പാതയിലൂടെ മുന്നേറുമ്പോൾ ഭയം മനസ്സിനെ പൊതിയുന്നത് നമ്മൾ അറിയും. എവിടെയോ ശ്വാസം കിട്ടാതെ , തീപിടുത്തത്തിലൊ മറ്റോ അകാല മൃത്യു വരിച്ച കുട്ടികളുടെ കരച്ചിലിന്റെ മറ്റൊലികൾ ഭൂമിക്കടിയിലെ തുരങ്ക പാതയിൽ നാം ശ്വസിക്കുന്ന വായുവിൽ അലിഞ്ഞു ചേർന്നത് നമ്മൾക്ക് അനുഭവവേദ്യമാകും.
(തുടരും)
റ്റിജി തോമസ് : റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.
യുകെ സ്‌മൃതികളുടെ മുൻ അധ്യായങ്ങൾ വായിക്കാം ….
എവിടെ ഓഫർ കിട്ടുമോ അവിടെ മലയാളി ഉണ്ട് … യുകെ സ്‌മൃതികൾ : അധ്യായം 5 . സൂപ്പർ മാർക്കറ്റിൽ.
മോഹൻദാസ്
ജീവിതത്തില്‍ അപ്രതീക്ഷിതമായി സംഭവിക്കുന്ന ചില ദുരന്തങ്ങളില്‍ തകർന്നു പോയി എന്ന് തോന്നുമ്പോഴും ജീവിതത്തിന്‍റെ സൗന്ദര്യം ഇനിയും ബാക്കിയുണ്ടാവും എന്ന പ്രതീക്ഷ മാഞ്ഞുപോകാതെ നിലനിര്‍ത്താന്‍ കഴിയണം.
തകര്‍ച്ചകളില്‍ തളരാതെ പിടിച്ചു നിൽക്കുകയും ജീവിതത്തെ സധൈര്യം അഭിമുഖീകരിക്കുകയും വേണം.
ഒപ്പം ജീവിതത്തിന്‍റെ ഓരോ നിമിഷവും സ്വപ്രയത്നത്താൽ ദീപ്തമാക്കുകയും വേണം. അര്‍ദ്ധനാരിയിലൂടെ നോവലിസ്റ്റ് നല്‍കുന്ന ശക്തമായ സന്ദേശമാണിത്.
കഥയിലെ നായിക ഐറിന്‍ തന്‍റെ മേൽ അശനിപാതം പോലെ വന്നു പതിച്ച രോഗം മൂലം ചുവടുറപ്പിക്കാൻ ചലനശേഷി നഷ്ടപ്പെട്ട പാദങ്ങളുമായി വീൽ ചെയറിൽ അഭയം തേടുകയും അവരുടെ ജീവിതം അപ്രതീക്ഷിത വേദനകളിലൂടെ കടന്നു പോവുകയും ചെയ്യുന്നു.
ടാംഗോ എന്ന നൃത്തരൂപത്തിനായി സ്വജീവിതം സമര്‍പ്പിച്ച ഐറിൻ എന്ന നര്‍ത്തകിയുടെ ജീവിതകഥയാണിത്.
ടാംഗോ എന്ന നൃത്തരൂപം ഒരു പുരുഷനും സ്ത്രീയും ഒറ്റ ശരീരമായി നൃത്തമാവിഷ്കരിക്കുന്ന രീതിയാണ്. ഭര്‍ത്താവായ ജോസഫിനൊപ്പമാണ് ഐറിന്‍ ടാംഗോ നൃത്തം ചെയ്യുന്നത്.
ജോസഫിനു വേറെ ജോടിയോടൊപ്പം നൃത്തം ചെയ്യേണ്ടി വരും…അതായിരുന്നു ഐറിന്‍റെ മനസ്സിനെ മഥിച്ച ധർമ്മസങ്കടം…
‘’വിരൽത്തുമ്പിൽ വട്ടം ചുറ്റുന്ന…. മണിക്കൂറുകളോളം നൃത്തം വെക്കുന്ന തന്‍റെ പാദങ്ങൾ.. അവയ്ക്ക് ചലന ശേഷി നഷ്ടമാകുന്നത് ചിന്തിക്കാൻ പോലും അവൾക്കാവില്ലായിരുന്നു .’’
ഐറിന്‍റെ പ്രാണന്‍ പുളയുന്ന ആത്മനൊമ്പരങ്ങള്‍ വായനക്കാരുടെ ഉള്ളില്‍ത്തട്ടും വിധം നോവലിസ്റ്റ് വരച്ചുകാട്ടുന്നുണ്ട്-
‘’മേനിയിഴുകുന്ന, കണ്ണുകളിടയുന്ന,നെഞ്ചുകൾ ചേരുന്ന നൃത്തം..
മറ്റൊരുവളുടെ അരയിൽ കൈചുറ്റി……
ജോസഫിന്‍റെ കൂടെ ചുവടുവച്ചാൽ…
ഒരു പെണ്ണിന് പിന്നെ അയാളിലലിയാതെ അയാളോട് ചേർന്നു ഒഴുകാതെ നിവൃത്തി ഇല്ല. അത്രയും വശ്യമായ കണ്ണുകൾ….
അയാളുടെ ശ്വാസത്തിന്‍റെ ചൂടിൽ അവൾ ഉരുകും…
ചലനശേഷി പോയ തന്‍റെ കാലുകളിൽ ജോസഫിന്‍റെ ആഹ്ലാദങ്ങൾ കരിഞ്ഞുണങ്ങും… അയാളുടെ യൗവനം കാംഷിക്കുന്നതൊന്നും നൽകാനാവാതെ വരുമ്പോൾ അയാൾ തന്നെ വെറുക്കും…’’
സ്നേഹലാളനകൾ നഷ്ടമാവും മുന്നേ അപമാനിക്കപ്പെടും മുന്നേ എവിടേക്കെങ്കിലും ഓടിയകലാൻ ഐറിന്‍ കൊതിച്ചു. ഭര്‍ത്താവായ ജോസഫ് മകന്‍ ഫിലുമായി സ്കൂളില്‍ പോകുന്ന സമയത്താണ് പ്രിയപ്പട്ടവരോട് യാത്രാമൊഴിപോലും പറയാതെ
ഐറിൻ ഒറ്റയ്ക്ക് ഇന്ത്യയിലേക്ക് യാത്ര പോകുന്നത്.
ഐറിന്‍റെ ജീവിതത്തില്‍ അപ്രതീക്ഷിതമായി സംഭവിച്ച തകര്‍ച്ചകളെ അവര്‍ ധീരമായി അഭിമുഖീകരിക്കുകയും അതിജീവിക്കുകയും ചെയ്തതിന്‍റെ കഥയാണ് ഡോ. മായാഗോപിനാഥ് അര്‍ദ്ധനാരി എന്ന നോവലിലൂടെ പറയുന്നത്.
ജീവിതത്തിന്‍റെ ആഡംബരങ്ങളില്‍, അഹങ്കാരത്തിന്‍റെ കൊടുമുടികളില്‍ മതിമറന്നുജീവിക്കുന്ന ആധുനികസമൂഹത്തിനുള്ള മുന്നറിയിപ്പുകള്‍ നോവലിസ്റ്റ് നല്‍കുന്നുണ്ട്.
‘’പലപ്പോഴും പല തിരിച്ചറിവുകളും വൈകിയ വേളകളിലാണ് നമ്മെ തേടിയെത്തുന്നത്.
ചുണ്ടുകളിൽ ലിപ്സ്റ്റിക്ക് ഇടാനും മുഖത്ത് മേക്കപ്പ് ഇടാനും കണ്ണുകളിൽ മഷി എഴുതാനും എത്രയെത്ര നേരം ചിലവിട്ടു…
കണ്ണുകളുടെ കാഴ്ചയാണ് ഏറ്റവും വലിയ അഴക്…എന്ന് ഒരിക്കലും താൻ തിരിച്ചറിഞ്ഞില്ല. ഇഷ്ടമുള്ളിടത്തൊക്കെ സ്വയം നടന്നെത്താനാവുന്നത് എത്ര വലിയ ഭാഗ്യമാണെന്ന തിരിച്ചറിവുണ്ടാവാൻ ഒരു രോഗിയാവേണ്ടി വന്നു.’’
രോഗം ആരുടെയും കുറ്റമല്ല. എന്ന വലിയ സന്ദേശവും അര്‍ദ്ധനാരിയിലൂടെ നോവലിസ്റ്റ് നല്‍കുന്നുണ്ട്.
പാരായണസുഖമുള്ള നോവല്‍ എന്ന് അനുവാചകര്‍ വിലയിരുത്തിയ ഈ നോവലിന്‍റെ ഭാഷ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. അനുവാചകനുമായി നന്നായി സംവദിക്കുന്ന ദീപ്തമായ ഭാഷ ഈ നോവലിന്‍റെ മുഖ്യ സവിശേഷതയാണ്. ഐറിന്‍ എന്ന കഥാപാത്രത്തെ അനുവാചകമനസ്സില്‍ നിന്നും മങ്ങാതെ മായാതെ നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടുമുണ്ട്.
തിരുവനന്തപുരം പരിധി പബ്ലീഷേഴ്സാണ് അര്‍ദ്ധനാരിയുടെ പ്രസാധകര്‍. വില: 190 രൂപ
അർദ്ധനാരി – നോവൽ
കോപ്പികൾക്ക് ബന്ധപ്പെടുക :
Mohan# +91 8075213701
email : [email protected]
മോഹൻദാസ് : കോട്ടയം മുട്ടമ്പലം സ്വദേശി. കൊച്ചിയിൽ പരസ്യ കോപ്പി റൈറ്ററായി പ്രവർത്തിക്കുന്നു.
ഫ്രീലാൻസ് ജേർണ്ണലിസ്റ്റുമാണ് എഴുത്തും വായനയും പാട്ടും ഏറെയിഷ്ടം.