രാജു കാഞ്ഞിരങ്ങാട്
പുഴ അവനോടു പറഞ്ഞു:
നീ വരുമെന്നെനിക്കറിയാം
ഞാൻ കാത്തിരിക്കുകയാരുന്നു
എൻ്റെ ഹൃദയത്തിൻ്റെ ഓളങ്ങളിലൂടെ
നീയൂന്നിയ വള്ളങ്ങൾ തത്തിക്കളിച്ച –
യൗവനം
കവിതയുടെ കാല്പനീകതയിലേക്ക്
പുഴയൊഴുകി
ഒരു തുള്ളിയായ് നിന്നോടൊപ്പമെന്നും
ഞാനുണ്ടായിരുന്നു
സുഖദുഃഖങ്ങളിൽ ഹൃദയമർമ്മരമായ്
ഒന്നിലും അലിഞ്ഞുചേരാതെ
അവൻ പുഴയെതൊട്ടു വാർദ്ധക്യത്തിൻ്റെ –
തണുപ്പരിച്ചു കയറി
അവൻ മൗനിയായി
ഓർമ്മകളുടെ ഓളങ്ങൾ നിലച്ചു
പുഴ എന്നേമരിച്ചിരിക്കുന്നു!
സന്ധ്യയുടെ ചുവപ്പിന് കരിഞ്ചോരയുടെ –
നിറം
ആകാശത്തുനിന്നും ഒരു തുള്ളി
അവൻ്റെ നെറുകയിലേക്കു പതിച്ചു
അവൻ പുഴയായൊഴുകി !
രാജു കാഞ്ഞിരങ്ങാട്
സ്ഥലം :- കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലുള്ള കാഞ്ഞിരങ്ങാട്
അച്ഛൻ :- കല്ല്യാടൻ വീട്ടിൽ കണ്ണൻ നായർ
അമ്മ :- കെല്ലറേത്ത് കാർത്ത്യായനിയമ്മ
ഭാര്യ :- അഴീക്കോടൻ ശോഭന
മക്കൾ:- രസ്ന ,രസിക, രജിഷ
ജോലി: – തളിപ്പറമ്പ ആർട്സ് & സയൻസ് കോളേജ് കാഞ്ഞിരങ്ങാട്
ആനുകാലികങ്ങളിൽ എഴുതാറുണ്ട്
ആകാശവാണിയിൽ കഥ, കവിത അവതരിപ്പിക്കാറുണ്ട്
തുളുനാട് മാസിക പുരസ്കാരം, ചിലങ്കം മാസിക ജനപ്രിയ പുരസ്കാരം, മലയാള രശ്മി മാസിക പുരസ്കാരം,കണ്ണൂർ നർമ്മവേദി പുരസ്കാരം, ചിലങ്ക സാംസ്കാരിക വേദി പുരസ്കാരം, യുവ ആർട്സ് ജില്ലാതല പുരസ്കാരം, പാലക്കാട് സൃഷ്ടികവിതാ പ്രത്യേക ജൂറി പുരസ്കാരം, KCEU കണ്ണൂർ ജില്ലാതല കവിതാ പുരസ്കാരം, വിരൽ മാസിക പുരസ്കാരങ്ങൾ ( 2018, 2019) തിരുവനന്തപുരം (കലാലയ കൂട്ടായ്മ പുരസ്കാരം 20l 8, വാലെന്റൈൻ പുരസ്കാരം 2019, സ്പെഷ്യൽ അവാർഡ് )എന്നിവ ലഭിച്ചിട്ടുണ്ട്
പ്രസിദ്ധീകരിച്ച പുസ്തകൾ:-
1, ആസുരകാലത്തോടു വിലാപം
2 ,കാൾ മാർക്സിന്
3, കണിക്കൊന്ന (ബാലസാഹിത്യം )
4. ഒരു സ്ത്രീയും പറയാത്തത്
എന്നീ കവിതാ സമാഹാരങ്ങൾ ‘ബാനത്തെ വിശേഷങ്ങൾ’എന്ന നോവൽ മലയാള രശ്മി മാസികയിൽ ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു.
ഫോൺ :- 9495458138
ഡോ. ഐഷ വി
കൂട്ടുകാരാരോ കാണിച്ചു തന്നത് പ്രകാരം നഞ്ചും പത്തലിന്റെ ( ജെട്രോഫിയ) കറയിൽ നിന്നാണ് ഞങ്ങൾ കുട്ടികൾ കുമിളകൾ ഉണ്ടാക്കാൻ തുടങ്ങിയത്. കുമിളകൾ അന്തരീക്ഷത്തിൽ പറന്നു നടക്കുമ്പോൾ വർണ്ണരാജി വിരിയും. മഴക്കാലമല്ലെങ്കിലും കുഞ്ഞു മഴവില്ലുകൾ ഞങ്ങൾ ആസ്വദിക്കും. എങ്ങനെയാണ് കുമിളകൾ ഉണ്ടാക്കുകയെന്നല്ലേ ? കുരുമുളകിന് താങ്ങ് കാലായി നട്ടിരുന്ന പത്തൽ ചിരവത്തോട്ടത്തും ചിറക്കര ത്താഴത്തും ധാരാളമുണ്ടായിരുന്നു. ഇതിന്റെ കായ വിഷമുള്ളതാണ്. ഇതിന്റെ വിത്താട്ടിയെടുക്കുന്ന എണ്ണ റെയിൽവേ എഞ്ചിൻ ഓയിലായി ഉപയോഗിക്കാറുണ്ട്.
ഞങ്ങൾ ഈ പത്തലിന്റെ അഗ്രമുകളങ്ങൾ നുള്ളും. തുടർന്ന് മുറി ഭാഗത്തു കൂടി ഊറി വരുന്ന കറ ഒരു വട്ടയിലയിലോ മറ്റിലകളിലോ ശേഖരിക്കും. പിന്നെ പപ്പായത്തണ്ടോ സ്ട്രോയോ ഉപയോഗിച്ച് ഒരറ്റം കറയിൽ മുക്കി മറ്റേയറ്റം വായിൽ വച്ച് അല്പമൊന്ന് വലിക്കും. പിന്നെ തണ്ട് കറയിൽ നിന്നും ഉയർത്തി ഊതി വിടും. അയൽപക്കത്തെ കുട്ടികളും ഞങ്ങളും കൂടി ഈ പരിപാടി തുടങ്ങിയാൽ പിന്നെ കുമിളകളുടെ അയ്യര് കളി തന്നെ. ചിലപ്പോൾ അമ്മ തുണി അലക്കാനായി സർഫ് വെള്ളത്തിൽ കലക്കുമ്പോൾ ആ വെള്ളത്തിലാകും പപ്പായ ത്തണ്ടു കൊണ്ടുള്ള കുമിള പരിപാടി.
കുട്ടിക്കാലം മുതലേ എനിക്ക് എന്റേതായ ചില ഏകാന്ത നിമിഷങ്ങൾ ഉണ്ടായിരുന്നു. അന്ന് മുതിർന്നവർ തിരക്കുള്ളവരും കുട്ടികൾ ധാരാളം സമയമുള്ളവരും ആയിരുന്നല്ലോ. അങ്ങനെയുള്ള നിമിഷങ്ങളിലാണ് ഞാൻ ആകാശ കുമിളകളെ ശ്രദ്ധിക്കാൻ തുടങ്ങിയത്. ഈ കുമിളകൾ നേരത്തേ പറഞ്ഞ കൃത്രിമ കുമിളകൾ അല്ല. നല്ല പ്രകാശമുള്ള അന്തരീക്ഷത്തിൽ വൃക്ഷങ്ങളുടേയും ചെടികളുടേയും പശ്ചാത്തലമില്ലാത്ത നമ്മുടെ കണ്ണിന് നേർക്ക് അടുത്തായി വരുന്ന സുതാര്യമായ അന്തരീക്ഷ ഭാഗത്ത് സൂക്ഷ്മമായി ശ്രദ്ധയോടെ നിരീക്ഷിച്ചാൽ വായുവിലെ തന്മാത്രകളും ആറ്റങ്ങളുമൊക്കെ നഗ്‌ന നേത്രങ്ങൾക്ക് ഗോചരമാകുമെന്ന് എനിക്ക് തോന്നീട്ടുണ്ട്. ആറ്റങ്ങളെ കുറിച്ചോ തന്മാത്രകളെ കുറിച്ചോ പഠിക്കുന്നതിന് വളരെ മുമ്പ്. ഞാൻ അച്ഛനോട് ഇതേ പറ്റി ചോദിച്ചപ്പോൾ പൊടിപടലങ്ങൾ ആകുമെന്നായിരുന്നു അച്ഛന്റെ മറുപടി. വെറുo പൊടിപടലമല്ല അവ എന്നതായിരുന്നു എന്റെ നിഗമനം. കാരണം സാധാരണ പൊടിപടലങ്ങൾക്ക് നിയതമായ രൂപം കാണില്ലല്ലോ? ഞാൻ കണ്ടവയെല്ലാം ചെറിയവയിൽ തന്നെ വലുതും ചെറുതുമായ സുതാര്യമായ ഗോളാകൃതിയുള്ളവയായിരുന്നു. ഈ ഗോളങ്ങൾ നിരന്തരം ചലിച്ചു കൊണ്ടിരിക്കുകയായിരുന്നു. എന്റെ നേത്രങ്ങൾക്ക് ഇത് ഗോചരമായ ദിവസം മുതൽ ഏകാന്ത നിമിഷങ്ങൾ കണ്ടെത്തി ഇവയെ നിരീക്ഷിയ്ക്കുക എന്റെ വിനോദമായിരുന്നു. വർഷങ്ങൾ കഴിഞ്ഞ് ഫിസിക്സ് ക്ലാസ്സിൽ റാന്റം മൂവ്മെന്റ് ഉള്ള വാതക കണങ്ങളെ കുറിച്ചും അവയുടെ റൂട്ട് മീൻ സ്ക്വയർ വെലോസിറ്റിയെ കുറിച്ചും പഠിച്ചപ്പോൾ കുട്ടിക്കാലത്ത് ഞാൻ നഗ്നനേത്രം കൊണ്ട് നിരീക്ഷിച്ച കണങ്ങളെ കുറിച്ചും അവയുടെ വലുപ്പ ചെറുപ്പങ്ങളെ കുറിച്ചും ചലനത്തെ കുറിച്ചുമാണ് ഓർമ്മ വന്നത്.
മറ്റൊരു കാഴ്ച നമ്മൾ ആകാശത്തിൽ ഇത്തിരി ദൂരത്തേയ്ക്ക് ഫോക്കസ് ചെയ്യുമ്പോൾ കാണുന്ന സൂക്ഷ്മ കണങ്ങളാണ്. ഇത് നേരത്തേ വിവരിച്ച കുമിളകളേക്കാൾ വ്യത്യസ്ഥമായവയാണ്. അവയും കാണണമെങ്കിൽ വൃക്ഷങ്ങളുടെ പശ്ചാത്തലമില്ലാത്ത സ്ഥലത്തേയ്ക്ക് നല്ല പ്രകാശത്തിൽ സൂക്ഷ്മതയോടെ നോക്കണം. ഈ കാഴ്ച എനിക്ക് ഗോചരമായത് മുതിർന്നതിന് ശേഷമാണ്. പ്രത്യേകിച്ച് കാർത്തിക പള്ളിയിൽ നിന്ന് ചിറക്കരയിലെ വീട്ടിലേക്കുള്ള ബസ് യാത്രയ്ക്കിടയിൽ. ഞാനാദ്യം വിചാരിച്ചത് ഈ കണങ്ങൾ അന്തരീക്ഷത്തിൽ ഉള്ളവയാണെന്നായിരുന്നു. എന്നാൽ അതങ്ങനെയല്ല എന്ന് വേഗം മനസ്സിലായി. ബസ്സ് നീങ്ങിക്കൊണ്ടിരിക്കുമ്പോഴും ഈ കാഴ്ച എന്റെ ഒപ്പം ഉണ്ടായിരുന്നു. കണങ്ങൾ പല ആകൃതിയിലുള്ളവയായിരുന്നു. ചലനമുണ്ടായിരുന്നു. എന്നാൽ ഞാൻ ഏത് ഭാഗത്തേയ്ക്ക് നോക്കുന്നുവോ ആ ഭാഗത്തേയ്ക്ക് ഈ കണങ്ങൾ നീങ്ങുന്നതായി എനിക്ക് തോന്നി. അങ്ങനെ ഈ കാഴ്ച പുറത്തല്ല അകത്താണ് എന്ന് മനസ്സിലായി. അങ്ങനെ ദിവസവും നിരീക്ഷിച്ചപ്പോൾ യാത്രയിൽ മറ്റെല്ലാ പുറംകാഴ്ചകളെയും പിന്നിലാക്കി മുന്നേറുമ്പോൾ എന്റെ കൂടെ വരുന്ന ഈ കുമിള കാഴ്ച എന്റെ കണ്ണിനുള്ളിലെ കണങ്ങളാണെന്ന് എനിക്ക് തോന്നിയത്. ഇന്റർനെറ്റും മറ്റുമുള്ള കാലമായതിനാൽ എനിക്ക് ഇതേകുറിച്ച് കൂടുതൽ അന്വേഷിക്കാൻ കഴിഞ്ഞു. അപ്പോൾ നമ്മുടെ കണ്ണിനുള്ളിലെ രക്തകുഴലുകളുടേയും രക്താണുക്കളുടേയും നിഴലുകൾ റെറ്റിനയിൽ പതിയുമെന്നും ഇവ ഇത്തരം കാഴ്ചകളായി മാറാമെന്നും മനസ്സിലായി.
ഒത്തിരി ഉൾകാഴ്ചകളും പുറം കാഴ്ചകളും നമുക്ക് അനുഭവവേദ്യമാകാൻ ഇത്തിരി ഏകാന്തതയും നമുക്ക് ആവശ്യമാണ്.
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ജോർജ് ശാമുവേൽ
മാക്കൊട്ട്കര ഉത്സവത്തിന് വിവിധ ഇടങ്ങളിൽ നിന്ന് പല വിധ ആളുകൾ വരാറുണ്ട്. ഉത്സവം തുടങ്ങിയാൽ തൃക്കന്നൂർ മുതൽ മാമ്പടി വരെയുള്ള ഗ്രാമങ്ങളിൽ വലിയ തിരക്കാണ്. ആരൊക്കെയാ എവിടുന്നൊക്കെയാ വരികാന്ന് ആർക്കറിയാം! തിരക്കേറുമ്പോൾ അച്ചനൊപ്പം ചായക്കടയിൽ ഞാനും സഹായത്തിനു നിൽക്കുമായിരുന്നു. ഒരു ദിവസം നിന്ന് തിരിയാൻ പോലും ഇടമില്ലാതെ കടയിലേക്ക് ആളുകൾ ഇടിച്ചു കയറി. സന്ധ്യ ആയപ്പോഴേക്കും ഞാൻ ഒരു പരുവമായിരുന്നു. വൈകിട്ട് മേശ തുടച്ചു വൃത്തിയാക്കുന്നതിനിടയിൽ ബെഞ്ചിൽ വർണ്ണകടലാസ്സ് കൊണ്ട് പൊതിഞ്ഞിരിക്കുന്ന എന്തോ ഒന്ന് ശ്രദ്ധയിൽ പെട്ടു. അത് തുറന്നു നോക്കാൻ അതിയായ ത്വര ഉണ്ടായിരുന്നെങ്കിലും നേരെ അച്ഛന്റെ അടുക്കൽ എത്തിച്ചു.
‘അത് ആരെങ്കിലും മറന്നു വച്ചതാവും മോളെ.. നീ അത് ഡ്രോയെറിൽ വച്ചേക്ക് രണ്ടീസം കഴിയുമ്പോൾ ഏടുന്നേലും ആളിങ്ങെത്തും’.
അച്ഛൻ പറഞ്ഞ പോലെ ഞാനതു ഡ്രോയറിനുള്ളിൽ സുരക്ഷിതമായി വച്ചു. രണ്ടല്ല ഇരുപതു ദിവസം കഴിഞ്ഞിട്ടും ആളെത്തിയില്ല. എന്റെ മനസ്സിൽ അത് തുറക്കുവാനുള്ള അതിയായ ആഗ്രഹം ഉണ്ടായിരുന്നു. അച്ഛൻ അറിഞ്ഞാൽ സമ്മതിക്കില്ല എന്നതുകൊണ്ട് തന്നെ അച്ഛൻ പുറത്തുപോയ തക്കത്തിനു ഞാനതു കൈക്കലാക്കി.
‘അതെന്തു പൊതിയാരുന്നു അമ്മേ’?
‘അതൊരു സമ്മാനമായിരുന്നു മോളെ’!
‘സമ്മാനമോ… എന്ത് സമ്മാനം’?
‘ജീവിതം കഥ പറയുന്ന ഒരു പുസ്തകം, ഒന്നല്ല രണ്ടു ജീവിതം’!
‘എന്നിട്ട് അമ്മ അത് എന്ത് ചെയ്തു’? വായിച്ചോ ! അതിൽ എന്താ അമ്മേ എഴുതിയിരുന്നേ? അത് ആരുടെ പുസ്തകമാ.. എനിക്കൂടെ വായിക്കാൻ തരുമോ’?
വായിച്ചു, ഒരുപാടു തവണ… ഇരുപതാം വയസ്സുമുതൽ ഇരുപത്തിനാലാം വയസ്സുവരെ നിരന്തരം വായിച്ചു. തനിയെ യാത്ര ചെയ്യാൻ കരുത്താർജിച്ചപ്പോൾ പിന്നീട് ഒരു പോക്കായിരുന്നു. പുസ്തകത്തിന്റെ പിന്നിൽ കുറിച്ചിട്ട വിലാസം തേടി. ആ സമയം മറ്റൊന്നും മനസ്സിൽ ഇല്ലായിരുന്നു. പുസ്തകത്തിലെ വരികൾ അത്രത്തോളം എന്റെ മനസ്സിൽ തറച്ചിറങ്ങിയിരുന്നു. കഥാകൃത്ത് ജീവിതത്തിൽ ആദ്യമായി എഴുതിയ പുസ്തകം. അതിൽ നിന്നും വികാരങ്ങളുടെ തീവ്രമായ പ്രവാഹം. ഈ പുസ്‌തകം തിരികെ നൽകിയില്ലെങ്കിൽ ഈ ലോകത്തിലേക്കും വലിയ ക്രൂരയായ ആൾ ഞാനാകുമെന്ന് കരുതിയാണ് ഇറങ്ങിയത്.
ഇത് കഥാകൃത്തിന്റെ ജീവിതമാണെന്ന് എപ്പോഴോ തോന്നി. അയാളെ കാണാനുള്ള യാത്രയായിരുന്നു അത്.
ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ടവൾക്ക് വേണ്ടി അയാൾ എഴുതിയതായിരുന്നു ആ പുസ്തകം.
‘പിന്നെന്താ അയാൾ അത് അവൾക്ക് കൊടുക്കാഞ്ഞത്’?
‘പറയാം അനുമോളെ, അതിലേക്കാണ് ഞാൻ വരുന്നത്’
അയാൾ വിദേശത്തേക്ക് പോകുന്നതിനു മുൻപായിരുന്നു അവർ കണ്ടത്. അന്ന് അവൾ അയാളോടാവശ്യപ്പെട്ടത് ഒരു കാര്യം മാത്രമായിരുന്നു. വരുമ്പോൾ എനിക്കൊരു സമ്മാനം കൊണ്ട് വരണം, അത് നമുക്ക് മാത്രം അവകാശപ്പെട്ടതായിരിക്കണം. അവൾക്ക് വാക്ക് കൊടുത്താണ് അയാൾ മടങ്ങിയത്.
ആദ്യത്തെ നാലുമാസക്കാലം അയാൾ വാങ്ങി നൽകിയ ഫോണിലൂടെ അവർ പരസ്പരം അനുരാഗം കൈമാറിയിരുന്നു. പിന്നീട് അച്ഛന്റെ അതിസാമർഥ്യത്തിലൂടെ അവളുടെ കയിൽ നിന്ന് ഫോൺ വാങ്ങുകയും നശിപ്പിച്ചു കളയുകയും ചെയ്തു. പിന്നീട് നാട്ടിൽ വരുന്നതുവരെ വിരഹദുഖത്തിന്റെ സമാനമായ കഠിന വേദന അയാളെ പിന്തുടർന്നു.
പുസ്തകത്തിന്റെ അവസാന താളിലെ അവസാന വരികളിൽ അയാളുടെ വരവിന്റെ ഉദ്ദേശം പറയുന്നുണ്ട്.
‘ഈ പുസ്തകം എഴുതി നിർത്തുമ്പോൾ എന്നെ കാത്തിരിക്കുന്നവളുടെ പ്രണയ വേദനയെ തൊട്ടറിയുന്നു ഞാൻ, അകലം മായ്ക്കാത്ത പ്രണയത്തെ നെഞ്ചോടു ചേർക്കുവാനാണെന്റെയീ യാത്ര. ഞാൻ വരുമ്പോൾ നിനക്കായി കരുതി വച്ച സമ്മാനവും എന്റെ കയ്യിലുണ്ടാകും. നമുക്ക് മാത്രം അവകാശപ്പെട്ടത് നമ്മുടെ ജീവിതമല്ലാതെ മറ്റെന്താണ്…. അത് ഇതിലുണ്ട്. ഈ കണ്ടുമുട്ടലിൽ നാം ഒന്നാകും.. എനിക്കുറപ്പുണ്ട്. മനസ്സ്കൊണ്ട് നാം എപ്പോഴേ ഒന്നായിക്കഴിഞ്ഞിരിക്കുന്നു. എങ്കിലും അത് പോരല്ലോ.. നിന്റെ സ്നേഹവും കരുതലും ഇനിയുള്ള നാൾ എനിക്ക് മാത്രമുള്ളതാകണം. ഞാൻ പറക്കാൻ ഒരുങ്ങുകയാണ്. നമ്മുടെ സ്വപ്നലോകത്തിലേക്ക്. അവിടെ ഈ ജീവിതത്തിന്റെ പൂർണ്ണതയെ ഞാൻ കാണുന്നു. പ്രണയത്തിന്റെ ഒരു കവാടവും വികാരങ്ങളുടെ പാതയോരവും എന്റെ അരികിലുണ്ട്. അവിടേക്ക് നിന്നെ കൂട്ടുവാനാണീ യാത്ര.
അഞ്ജലിയുടെ സ്വന്തം കണ്ണേട്ടൻ.’
‘എന്നിട്ട് അമ്മ അയാളെ കണ്ടുപിടിച്ചോ?’
‘ഉം..’
‘ആഹാ, എന്നിട്ട്!’
എന്റെ യാത്ര അവസാനിച്ചത് തൃശൂർ ആയിരുന്നു. അവിടെയുള്ള ഒരു സുഹൃത്തിന്റെ സഹായത്തോടെ ഞാൻ വിലാസം കണ്ടു പിടിച്ചു. ചെടികളും ഔഷധസസ്യങ്ങളും മരങ്ങളും ഒക്കെ തിങ്ങി പാർക്കുന്ന ഒരു ഇടം. അതിനിടയിൽ ഞെരിഞ്ഞമരുന്ന മനോഹരമായ ഓടിട്ട ഒരു ചെറിയ വീട്.
ചെടികൾക്കിടയിൽ നിന്ന് അയാളെ ഞാൻ കണ്ടെത്തി. ഞങ്ങൾ കുറേ നേരം സംസാരിച്ചു. ആദ്യം തന്നെ ആ പുസ്തകം അയാൾക്ക് കൊടുത്തു ഞാൻ ക്ഷമ ചോദിച്ചിരുന്നു. അതുകൊണ്ട് തന്നെയാകണം അയാൾ പിന്നീട് നടന്ന എല്ലാ കാര്യവും എന്നോട് പറഞ്ഞത്.
‘പിന്നീട് നടന്ന കാര്യമോ.. എന്ത് കാര്യമാ അമ്മേ?’
‘ആ പുസ്തകം എനിക്ക് കിട്ടിയത് കടയിലെ ബെഞ്ചിൽ നിന്നല്ലേ മോളെ…, അത് അവിടെ എങ്ങനെ വന്നു എന്നത് അയാൾ എന്നോട് പറഞ്ഞു’
‘ടി കാന്താരി…’
പിന്നിൽ നിന്നും അച്ഛന്റെ വിളി. അമ്മയുടെ മടിയിൽ നിന്നും അനുമോൾ ചാടി എണീറ്റു.
‘അച്ഛനിതു എപ്പോ വന്നു?’
‘ഞാൻ വന്നിട്ട് കുറച്ചു നേരമായി..’
‘ആഹാ അപ്പോൾ അച്ഛൻ അമ്മയുടെ കഥ ഒളിഞ്ഞു കേക്കുവായിരുന്നു അല്ലെ..’
അനുമോൾ അച്ഛനെ കളിയാക്കി ചിരിച്ചു.
‘ആ.. മതി മതി നീ പോയി കുളിച്ചേ’
‘അയ്യോ അച്ഛാ ഇതൊന്നു തീർന്നോട്ടെ എന്നിട്ട് പൊക്കോളാം.. അച്ഛനും വാ.. ഇനി ഇവിടെ ഇരുന്ന് കേൾക്ക്’
അനുമോൾ അച്ഛനെ അവളുടെ അരികിൽ പിടിച്ചിരുത്തി.
‘അമ്മേ ബാക്കി പറ’
‘ബാക്കി ഒന്നുമില്ല… നീ പോയി കുളിക്ക്’
അമ്മ എണീറ്റ് അടുക്കളയിലേക്ക് പോയി
‘കണ്ടോ അച്ഛാ, അച്ഛനിപ്പോ വന്നില്ലാരുന്നേൽ അമ്മ അത് മുഴുവൻ പറഞ്ഞേനേം ‘
അനുമോൾ ചിണുങ്ങാൻ തുടങ്ങി
‘മോൾക്ക് ബാക്കി കഥ അച്ഛൻ പറഞ്ഞു തരാം’
‘ഏഹ്, അച്ഛനതൊക്കെ അറിയാമോ’
അനുമോളുടെ മുഖത്തു സന്തോഷവും അത്ഭുതവും നിറഞ്ഞു.
‘എന്നാൽ അച്ഛൻ ബാക്കി പറ’
‘ഉം’
അയാൾ ആ പുസ്തകം കൊടുക്കുവാനായി അവളുടെ വീട്ടിലേക്ക് വന്നു. ഉമ്മറത്തെ അരമതിലിൽ അവളുടെ അച്ഛൻ ഇരിക്കുന്നുണ്ടായിരുന്നു. അയാളെ കണ്ടപ്പോൾ അച്ഛന്റെ കണ്ണുകൾ നിറഞ്ഞു. അയാളെ ഓടിവന്നു കെട്ടിപ്പിടിച്ചു എന്നോട് ക്ഷമിക്ക് മോനെ എന്ന് അയാൾ നിലവിളിച്ചു. അമ്മയും പിന്നാലെ വന്നു. അമ്മയോട് സംസാരിക്കുന്നതിനായി അയാൾ ഉമ്മറത്തെ പടിയിലേക്ക് കയറി. ആകെ ഒരു ശാന്തത അവിടെ നിലകൊണ്ടു. അമ്മയുടെ നിറകണ്ണുകളിൽ നിന്നും ഒരു നിമിഷം അയാളുടെ കണ്ണുകൾ പുറകിലെ ഭിത്തിയിലേക്ക് പാഞ്ഞു. ആണിയിൽ തൂക്കിയ ഫ്രയിമിനുള്ളിൽ താൻ ഇത്രനാൾ കാത്തിരുന്ന പ്രണയിനിയുടെ ചിത്രം മുല്ലപ്പൂവിന്റെ കരിഞ്ഞ നിറത്തിൽ പുഞ്ചിരിക്കുന്നു. അയാളുടെ തൊണ്ടയിലെ ജലകണികകൾ വറ്റി, ശ്വാസം ഒരു നിമിഷത്തേക്ക് നിലച്ചു. കണ്ണേട്ടന്റെ അഞ്ജലി ഒരു ഓർമ്മ മാത്രമായിരിക്കുന്നു.
നടന്നതെല്ലാം അച്ഛൻ അയാളോട് പറഞ്ഞു. കണ്ണൻ പോയ സമയത്ത് അഞ്ജലിയെ നിർബന്ധിച്ചു ഒരു അധ്യാപകന് കെട്ടിച്ചു കൊടുത്തു. എന്നാൽ അയാൾ ഒരു ക്രൂരനായിരുന്നു. അയാൾ പല തവണ തന്റെ സുഹൃത്തുക്കൾക്ക് അഞ്ജലിയുടെ കിടപ്പു മുറി വാടകയ്ക്ക് കൊടുത്തു. ഒരു ദിവസം എല്ലാ വിഷമവും അഞ്ജലി അവളുടെ കിടപ്പു മുറിയുടെ ഉത്തരത്തിൽ അവസാനിപ്പിച്ചു.
പൊട്ടിക്കരഞ്ഞു കൊണ്ട് കണ്ണൻ അവിടെ നിന്നും ഇറങ്ങി നടന്നു.. എങ്ങോട്ട് പോകണം എന്നറിയാതെ ഉത്സവത്തിരക്കുകൾക്കിടയിലൂടെ നടന്നപ്പോൾ ഷീണം തോന്നി അയാൾ ആ കടയിൽ കയറി ഇരുന്നതാണ്. കുറച്ചു കഴിഞ്ഞു എണീറ്റ് നടക്കുമ്പോൾ കണ്ണേട്ടന്റെ സമ്മാനം ആ ബെഞ്ചിൽ തനിയെ ആയി.
അങ്ങനെയാണ് മോളുടെ അമ്മയ്ക്ക് ആ പുസ്തകം കിട്ടുന്നത്.
അനുമോൾ അച്ഛന്റെ മുഖത്തേക്ക് നോക്കി.
‘അച്ഛൻ എന്തിനാ കരയുന്നത്?’
അയാളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.
‘ഒന്നുമില്ല മോളെ’
അയാൾ മകളുടെ മുഖത്തു നോക്കി ചിരിക്കാൻ ശ്രമിച്ചു.
‘അച്ഛാ.. അയാൾ ഇപ്പോഴും തൃശൂർ ഉണ്ടോ? നമുക്കൊന്ന് പോയി കണ്ടാലോ… ശോ അമ്മ ആ പുസ്തകം അയാൾക്ക് കൊടുത്തില്ലായിരുന്നെങ്കിൽ എനിക്ക് അത് വായിക്കാം ആയിരുന്നു. അച്ഛന്റെ പേര് തന്നെയാണല്ലോ അയാൾക്ക്! അയാൾ വേറെ കല്യാണം കഴിച്ചു കാണുമോ? അമ്മ അതൊന്നും ചോദിച്ചില്ലേ?’
‘അറിയില്ല മോളെ’. അവൾക്ക് ഒരുപാട് സംശയങ്ങളും ചോദ്യങ്ങളും ഉണ്ടായിരുന്നു.
അനുമോളുടെ അച്ഛൻ എണീറ്റ് മുറിയിലേക്ക് പോയി. തന്റെ പഴയ ഒരു ബാഗ് തുറന്നു. അതിൽ പല പുസ്തകങ്ങളുടെ ഇടയിൽ നിറം മങ്ങാതെ ആ രണ്ടു ജീവിതങ്ങൾ അയാളെ നോക്കി പുഞ്ചിരിച്ചു.
ജോർജ് ശാമുവേൽ
ചക്കുളത്തു തടത്തിൽ ശാമുവേൽ ജോർജിന്റെയും ലൗലി ശാമുവേലിന്റെയും മൂത്ത മകൻ. കോഴഞ്ചേരി സെന്റ് തോമസ് കോളേജിൽ നിന്നും മലയാളം ബിരുദ പഠനത്തിന് ശേഷം ഇപ്പോൾ കോട്ടയം പ്രെസ്സ് ക്ലബ്ബിൽ എം. എ. ജേർണലിസം വിദ്യാർത്ഥി. പത്തനംതിട്ട ജില്ലയിലെ റാന്നിയാണ് സ്വദേശം.
ഡോ. ഐഷ വി
ചിറക്കര ത്താഴത്ത് താമസമായപ്പോൾ ആദ്യ കുറച്ച് ദിവസങ്ങളിൽ ഞങ്ങൾ മര്യാദ രാമന്മാരായിരുന്നു. യാതൊരു കുരുത്തക്കേടുകളും ഇല്ല. വല്ല കുരുത്തക്കേടും കാണിച്ച് അച്ഛനമ്മമാരിൽ നിന്നും അടി വാങ്ങുന്നത് അപ്പുറത്തെ കുട്ടികൾ കണ്ടാൽ നാണക്കേടല്ലേ എന്ന ചിന്തയായിരുന്നു ഈ മര്യാദ രാമത്വത്തിന് പിന്നിൽ. അതൊക്കെ കാറ്റിൽ പറന്നത് വളരെ വേഗത്തിലായിരുന്നു. ശ്രീദേവി അപ്പച്ചിയുടെ ‘മകൾ ബേബി അപ്പച്ചിയുടെ കൈയ്യിൽ നിന്നും ഞങ്ങൾ കാൺകെ അടി മേടിച്ചപ്പോൾ. അന്ന് വൈകിട്ട് കിളിമരചോട്ടിലെ പൂജയുടെ വട്ടം കൂട്ടുകയായിരുന്നു ശ്രീദേവി അപ്പച്ചി . അതിനിടയിൽ ബേബി എന്തോ കുരുത്തക്കേട് കാണിച്ചതിനാണ് അടി കൊണ്ടത്. ലക്ഷ്മി അച്ഛാമ്മയുടെ അകാലത്തിൽ ചരമമടഞ്ഞ മകളുടെ ശ്രാദ്ധ ദിവസമായിരുന്നു അന്ന്. കിളിമരചോട്ടിലായിരുന്നു അവരെ അടക്കിയിരുന്നത്. അവിടെ ശ്രാദ്ധദിവസം എല്ലാ വർഷവും ലക്ഷ്മി അച്ഛാമ്മ പൂജ നടത്തിയിരുന്നു. അരിയട, അവൽ, കരിക്ക്, ശർക്കര, കൽക്കണ്ടം, തേങ്ങ എന്നിവയുണ്ടായിരുന്നു. പൂജ കഴിയുമ്പോൾ ഇതെല്ലാം എല്ലാവർക്കുമായി വീതിച്ച് നൽകും.
ലക്ഷ്മി അച്ഛാമ്മയ്ക്ക് എന്റെ അനുജനോട് അല്പം സ്നേഹം .കൂടുതലായിരുന്നോ എന്നെനിയ്ക്ക് തോന്നീട്ടുണ്ട്. ഇത്രയും പെൺകുട്ടികൾക്കിടയിലെ രണ്ടാൺ തരികളിൽ ഒരാളല്ലേ എന്ന പരിഗണനയാവാം. രണ്ട് വീട്ടിലും കൂടി മൊത്തം 16 കുട്ടികൾ. പതിനാല് പെൺകുട്ടികൾക്ക് തലനിറയെ മുല്ലപ്പൂ ചൂടാനായി മുറ്റത്തിനരികിലെ കിളിമരത്തിൽ പടർന്ന് പന്തലിച്ച് കിളിമരത്തെ ഇപ്പുറത്തെ പറമ്പിലേയ്ക്ക് ചായ്ച്ച് നിർത്തിയിരുന്ന നിത്യ ഹരിതയായ ഒരു മുല്ല . ഈ മുല്ലയുടെ പ്രത്യേകത അരിമുല്ലയേക്കാൾ വല്യ നീണ്ട കുടുമുല്ലയേക്കാൾ നീളം കൂടി വണ്ണം കുറഞ്ഞ പൂക്കളായിരുന്നു. . കുട്ടികളുടെ കൂട്ടത്തിൽ പ്രായോഗിക ബുദ്ധി കൂടിയ കതിയാമ്മചേച്ചി കിളിമരച്ചുവട്ടിൽ ഒരു കമഴ്ത്തിയോട് വച്ച് മഴ നനയാതെ വിളക്ക് കത്തിയ്ക്കാനുള്ള സംവിധാനം കമനീയമാക്കി.
ഫെബ്രുവരി പകുതി മുതൽ ഏപ്രിൽ പകുതി വരെയാണ് മുല്ലപൂക്കുന്ന കാലം. മാർച്ച് പകുതി കഴിയുമ്പോൾ പൂക്കളുടെ അളവ് വളരെ കൂടും. ഉയരങ്ങളിൽ നിൽക്കുന്ന മുല്ലപ്പൂ കേടുപാടില്ലാതെ പറിച്ചെടുക്കാനുമുണ്ട് കതിയാമ്മ ചേച്ചിയുടെ പ്രായോഗിക ബുദ്ധി. ഓലമെടയുന്നവർ ചീകിയിടുന്ന മടൽ പ്പൊളികൾ പുള്ളിക്കാരി സംഘടിപ്പിയ്ക്കും. അതിൽ പച്ച ഈർക്കിൽ വച്ച് കെട്ടി തൈപ്പുണ്ടാക്കും. ആദ്യം പാകമാകുന്നത് മൂന്ന് മുല്ലപ്പൂ മൊട്ടുകൾ ഉള്ള ഒരു ഞെട്ടിലെ നടുക്കു നിൽക്കുന്നത് ആയിരിയ്ക്കും. വളരെ സൂക്ഷ്മതയോടെ പിഞ്ചു മൊട്ടുകൾക്ക് കേട് പാട് പറ്റാതെ പറിച്ചെടുക്കാനും കതിയാമ്മ ചേച്ചിയ്ക്ക് പ്രത്യേക വൈദഗ്ദ്യമുണ്ട്.
കൊച്ചു കുട്ടികൾ പിച്ചിയെടുത്ത മുല്ലമൊട്ടുകൾ തിണ്ണയിൽ വച്ചിരിയ്ക്കുന്ന തൂശനിലയിൽ ഇടും. മുല്ലമൊട്ടുകൾ കെട്ടാനുള്ള വാഴവള്ളികൾ നേരത്തേ തന്നെ മുറിച്ചെടുത്ത് ഒരു ബക്കറ്റിലെ വെള്ളത്തിൽ കുതിർക്കാൻ വച്ചിട്ടുണ്ടാകും. അതിൽ നിന്ന് കെട്ടാൻ പാകത്തിലുള്ള നാരുകൾ വേർപെടുത്തി മുതിർന്ന കുട്ടികൾ മുല്ലമൊട്ടുകൾ ചന്തത്തിൽ കെട്ടി വാഴയിലയിൽ പൊതിഞ്ഞ് വീടിന്പുറത്ത് വച്ച് മഞ്ഞ് കൊള്ളിച്ചാൽ രാവിലെ നല്ല മുല്ലപ്പൂ മാല തയ്യാർ. രാവിലെ കതിയാമ്മ ചേച്ചി കത്രിക വച്ച് മാല നിശ്ചിത നീളത്തിൽ മുറിച്ച് നൽകും. കുട്ടികൾ അതും ചൂടിയാകും സ്കൂളിൽ പോവുക. ഒരിക്കൽ ധാരാളം മുല്ലപൂക്കൾ ചൂടി സ്കൂളിൽ പോയ എന്നെ ചില പൂവാലന്മാർ കല്യാണപ്പെണ്ണെന്ന് വിളിച്ച് കളിയാക്കിയിരുന്നു. മുല്ലയുടെ ഉണങ്ങിയ ചെറു ചില്ലകൾ കൊണ്ട് കുട്ടികളുടെ കണ്ണും ദേഹവുമൊക്കെ മുറിഞ്ഞ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അച്ഛന്റെ കരുതലും സ്നേഹവും ഞങ്ങൾ മനസ്സിലാക്കിയ ഒരു സന്ദർഭം അനുജത്തിയുടെ കണ്ണ് ഇതു പോലെ മുറിഞ്ഞ വേളയിലാണ്.
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
രാജു കാഞ്ഞിരങ്ങാട്
കറുത്ത കണ്ണുള്ള വിഷാദ വതിയായ
പെൺകുട്ടി
എത്ര ദുരിതപൂർണ്ണമാണ് നിൻ്റെ ജീവിതം
എന്നും പ്രഭാതത്തിലെ,യീ തണുപ്പിൽ
ഇരുളടഞ്ഞ ശവക്കുഴിയിലേക്കെന്നോണം
തെരുവു മൂലയിലൂടെ, ഗലികളിലൂടെ നിനക്ക്
യാചിച്ചു നടക്കേണ്ടി വരുന്നു
അപ്പോഴും തെമ്മാടികളായ ചിലർ
അശ്ലീലങ്ങൾ പറഞ്ഞ് കണ്ണ് കൊണ്ട് നിന്നെ കൊത്തിപ്പറിക്കുന്നു
നിനക്ക് കണ്ണു കാണില്ലെന്ന് കണ്ടാൽ തോന്നു
കയേയില്ല
ഓരോ കാലടി ശബദവും വെച്ച് നീ ആളുകളുടെ
നീക്കത്തെ തിരിച്ചറിയുന്നു
ഓരോ മൊഴിയിലൂടെ നീ മനസ്സിനെ അടുത്തറി യുന്നു
നിൻ്റെ ഓരോവാക്കും എൻ്റെ ബോധത്തിലൂടെ –
യൂർന്ന്
ഓർമ്മയിൽ വന്നിറങ്ങിക്കൊണ്ടിരിക്കുന്നു
ആ വാക്കുകളെന്നെ ഗദ്ഗദം കൊണ്ട് മൂടുന്നു
അക്ഷരങ്ങളുടെ ഒഴുക്കും, ഇലകളുടെ നൃത്തവു
മാണ് നീ
ആഴങ്ങളിൽ നിന്നും ചുരത്തുന്ന പ്രകാശം,
ലോകത്തിൻ്റെ നന്മ
നിന്നെയോർക്കുമ്പോൾ എന്നിൽനിന്നുഞാൻ
പൊഴിഞ്ഞു പോകുന്നു
നിലാവും, ആകാശവും, ഞാനും, ചക്രവാളവും
ഒരേകാന്ത വൃക്ഷമായി മാറുന്നു
ശരത്കാല ഇലപോലെ വീണടിയുന്നു
കഥയില്ലാതെ ചിത്രമില്ല
നിറങ്ങളായി വിരയുന്ന ചിത്രത്തിൻ്റെ ഇതളുക
ളാണു നീ
മഞ്ഞിൽ പതിഞ്ഞ ആ മനോഹരമായ കാൽപ്പാട്
മനസ്സിൽ നിന്നും മായുന്നേയില്ല
പിന്നെയും, പിന്നെയും നിൻ്റെയോർമ്മ
മുറിവേറ്റൊരു പക്ഷിയേപ്പോലെ മനസ്സിൽ
പൊടുന്നനെ ചാടി വീഴുന്നു
ഒരിക്കൽ വരച്ചു വെച്ചാൽ മതി
മറക്കില്ല നാം ഒരുനാളും ചില ഓർമ്മകൾ
രാജു കാഞ്ഞിരങ്ങാട്
സ്ഥലം :- കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലുള്ള കാഞ്ഞിരങ്ങാട്
അച്ഛൻ :- കല്ല്യാടൻ വീട്ടിൽ കണ്ണൻ നായർ
അമ്മ :- കെല്ലറേത്ത് കാർത്ത്യായനിയമ്മ
ഭാര്യ :- അഴീക്കോടൻ ശോഭന
മക്കൾ:- രസ്ന ,രസിക, രജിഷ
ജോലി: – തളിപ്പറമ്പ ആർട്സ് & സയൻസ് കോളേജ് കാഞ്ഞിരങ്ങാട്
ആനുകാലികങ്ങളിൽ എഴുതാറുണ്ട്
ആകാശവാണിയിൽ കഥ, കവിത അവതരിപ്പിക്കാറുണ്ട്
തുളുനാട് മാസിക പുരസ്കാരം, ചിലങ്കം മാസിക ജനപ്രിയ പുരസ്കാരം, മലയാള രശ്മി മാസിക പുരസ്കാരം,കണ്ണൂർ നർമ്മവേദി പുരസ്കാരം, ചിലങ്ക സാംസ്കാരിക വേദി പുരസ്കാരം, യുവ ആർട്സ് ജില്ലാതല പുരസ്കാരം, പാലക്കാട് സൃഷ്ടികവിതാ പ്രത്യേക ജൂറി പുരസ്കാരം, KCEU കണ്ണൂർ ജില്ലാതല കവിതാ പുരസ്കാരം, വിരൽ മാസിക പുരസ്കാരങ്ങൾ ( 2018, 2019) തിരുവനന്തപുരം (കലാലയ കൂട്ടായ്മ പുരസ്കാരം 20l 8, വാലെന്റൈൻ പുരസ്കാരം 2019, സ്പെഷ്യൽ അവാർഡ് )എന്നിവ ലഭിച്ചിട്ടുണ്ട്
പ്രസിദ്ധീകരിച്ച പുസ്തകൾ:-
1, ആസുരകാലത്തോടു വിലാപം
2 ,കാൾ മാർക്സിന്
3, കണിക്കൊന്ന (ബാലസാഹിത്യം )
4. ഒരു സ്ത്രീയും പറയാത്തത്
എന്നീ കവിതാ സമാഹാരങ്ങൾ ‘ബാനത്തെ വിശേഷങ്ങൾ’എന്ന നോവൽ മലയാള രശ്മി മാസികയിൽ ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു.
ഫോൺ :- 9495458138
ഭാഷയുടെ വികാസ പരിണാമം, വ്യാകരണം, ഭാഷാശാസ്ത്രം, പ്രയോഗവിജ്ഞാനം, നിഘണ്ടു വിജ്ഞാനം എന്നീ മേഖലകളിലെ ആധികാരിക പഠനങ്ങളായ ഇരുപത്തിയൊന്ന് ലേഖനങ്ങളുടെ സമാഹാരമായ ഭാഷയുടെ വഴികൾ ചങ്ങനാശ്ശേരി സെന്റ് ബർക്കുമാൻസ് കോളേജിലെ കല്ലറയ്ക്കൽ ഹാളിലെ പ്രൗഢ ഗംഭീരമായ സദസ്സിനു മുൻപിൽ വച്ച് പ്രകാശനം ചെയ്യപ്പെട്ടു. ഗ്രന്ഥകർത്താവായ ഡോ. ജോസഫ് സ്കറിയ ചങ്ങനാശേരി എസ്ബി കോളേജിലെ മലയാളഭാഷ അധ്യാപകനും സാമൂഹിക സാംസ്കാരിക മേഖലകളിൽ സജീവ ഇടപെടലുകൾ നടത്തുന്ന ആളുമാണ്. മലയാള ഭാഷാ സ്നേഹികൾക്ക് നാളകളിൽ റഫറൻസിനായി ഉപയോഗിക്കാൻ ഉതകുന്ന വിധത്തിൽ ശാസ്ത്രീയപഠനങ്ങളാണ് ഭാഷയുടെ നാൾവഴികളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പുസ്തകപ്രകാശനവും പ്രഭാഷണവും നടത്തിയത് പ്രമുഖ ഭാഷ ചിന്തകനും നിരൂപകനുമായ ഡോ. സി. ജെ. ജോർജാണ്. ഒരു ഭാഷയ്ക്കുള്ളിൽ ജനിച്ചു വീഴുന്ന മനുഷ്യനെ രൂപപ്പെടുത്തുന്നത് ഭാഷയാണെന്നും, ചിലന്തിവലയ്ക്ക് സമാനമായ ഒരു വ്യവസ്ഥയിൽ മനുഷ്യൻ അകപ്പെടുകയാണെന്നും ഡോ. സി.ജെ ജോർജ് ചൂണ്ടിക്കാട്ടി. മനുഷ്യൻറെ സാമൂഹികവും സാംസ്കാരികവും മതപരവുമായ ജീവിതത്തിൽ ഭാഷയ്ക്കുള്ള സ്വാധീനം ഡോ. സി. ജെ ജോർജ് എടുത്തുപറഞ്ഞു. ഭാവി ഭാഷാ പഠനങ്ങൾക്കുള്ള ഉത്തമ റഫറൻസ് ഗ്രന്ഥമാണ് ഡോ. ജോസഫ് സ്കറിയയുടെ ഭാഷയുടെ വഴികൾ എന്ന് പുസ്തകപരിചയം നടത്തിയ കോഴിക്കോട് സർവകലാശാല അധ്യാപകനും, ഭാഷാ പണ്ഡിതനുമായ ഡോ. പി സോമനാഥൻ അഭിപ്രായപ്പെട്ടു. എസ് ബി കോളേജ് മലയാളവിഭാഗം സാഹിത്യപ്രവർത്തക സഹകരണ സംഘത്തിൻറെ സഹകരണത്തോടെ സംഘടിപ്പിച്ച ചടങ്ങിൽ എസ്. ബി കോളേജ് പ്രിൻസിപ്പാൾ ഡോ.ജേക്കബ് മാത്യു അദ്ധ്യക്ഷത വഹിച്ചു. പ്രൊ. സ്കറിയ സക്കറിയ ഉദ്ഘാടനം നിർവഹിക്കുകയും മലയാള വിഭാഗം തലവൻ ഡോ. പി. ആൻറണി സ്വാഗതം പറയുകയും ചെയ്തു.
കാരൂർ സോമൻ
ജൂലിയസ് സീസറുടെ മുമ്പിൽ തിളങ്ങുന്ന ഒരു പേർഷ്യൻ പട്ടു തിരശ്ശീല തൂങ്ങിക്കിടന്നിരുന്നു. അതിനുള്ളിൽ എന്തോ ചലിച്ചു കൊണ്ടിരുന്നു. ഒട്ടും നിനച്ചിരിക്കാത്ത നിമിഷത്തിൽ ചുരുൾ നിവർന്ന പട്ടു തിരശ്ശീലയ്ക്കുള്ളിൽ നിന്ന് ഒരു സ്വർഗ്ഗീയ സൗന്ദര്യം സീസറുടെ കാലടികളിലേക്ക് ഇഴഞ്ഞു വീണു. അവൾ പറഞ്ഞു “ക്ലിയോപാട്ര, ഈജിപ്തിലെ മഹാറാണി. എന്റെ സർവ്വസ്വവും മഹാനായ
അങ്ങയുടെ പാദങ്ങളിൽ അടിയറ വയ്ക്കുന്നു.” ക്ലിയോപാട്രയ്ക്ക് അന്ന് ഇരുപത്തിയൊന്ന് വയസ് കഷ്ടിച്ചു തികഞ്ഞിട്ടേയുള്ളൂ. സീസർക്കാകട്ടെ അമ്പത്തിരണ്ടും. അതൊരു തുടക്കമായിരുന്നു…ക്ലിയോപാട്ര ചരിത്രത്തിലേക്ക് എഴുതിച്ചേർത്ത മറ്റൊരു വിജയത്തിന്റെ തുടക്കം.
മധ്യവയ്കനായ സീസർ അവളുടെ ലാവണ്യഭംഗിയിൽ ഒരഗ്നിശലഭംപോലെ പതിച്ചു. ആ നിമിഷം മുതൽ അദ്ദേഹം അവളുടെ അടിമയായി. അപ്രതീക്ഷിതമായി വീണുകിട്ടിയ സൗഭാഗ്യം ആവോളം മുതലാക്കാൻ സീസർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ക്ലിയോപാട്ര തിരിച്ചും. ഏകഛത്രാധിപനായ സീസർ കരുത്തുള്ളവനാണെന്ന് ക്ലിയോപാട്രയ്ക്ക് തോന്നി. നഷ്ടപ്പെട്ടുപോയ പ്രതാപശ്യര്യങ്ങളെ വീണ്ടെടുക്കാനുള്ള മാർഗ്ഗം അവൾ സീസറിൽ കണ്ടെത്തി.
ആരെയും വശീകരിക്കുന്ന സൗന്ദര്യം മാത്രമല്ല അതിബുദ്ധിയും തന്ത്രകുതന്ത്രങ്ങളും, ഭരണനൈപുണ്യവും ഒത്തിണങ്ങിയ അപൂർവ വ്യക്തിത്വം.. വർഷങ്ങൾക്കിപ്പുറവും ക്ലിയോപാട്രയെ വ്യത്യസ്തയാക്കുന്നത് അതെല്ലാമാണ്..സീസറെയും മാർക് ആന്റണിയെയും പോലുള്ള പോരാളികളെ കീഴടക്കിയ സുന്ദരി. ലഭിക്കുന്ന സന്ദർഭങ്ങൾ തന്ത്രപരമായും പ്രചോദനാത്മകമായും എങ്ങനെ
വിനിയോഗിക്കണമെന്ന് അവൾക്ക് നന്നായിട്ടറിയാമായിരുന്നു. ക്ലിയോപാട്രയുടെ
അന്യാദൃശ്യമായ ഈ ഗുണഗണങ്ങളാണ് ‘ഈജിപ്തിലെ ഏറ്റവും വിജയശ്രീലാളിതയായഭരണാധികാരി’യെന്ന് രേഖപ്പെടുത്താൻ ചരിത്രകാരന്മാരെ പ്രേരിപ്പിച്ചത്. അലക്സാണ്ടറുടെമരണത്തിനുശേഷം ബി.സി. 31ൽ റോമിനോട് ചേരുന്നതിനിടയിൽ ഈജിപ്ത് ഭരിച്ച മാസിഡോണിയൻ ഭരണവംശത്തിലെ അവസാനത്തെ ചക്രവർത്തിനി ആയിരുന്നു ക്ലിയോപാട്ര.
ക്ലിയോപാട്രയെക്കുറിച്ചുള്ള ചിത്രകഥകളും പൗരാണികകഥകളും നിരവധിയാണ്. തന്റെ കാലഘട്ടത്തിലെ രാജകുമാരന്മാരുടെയും ചെറുപ്പക്കാരുടെയും ഉറക്കം കെടുത്തിയിരുന്ന ക്ലിയോപാട്ര ഒരു വിശ്വമോഹിനി ആയിരുന്നു. അനുഗൃഹീതമായ ലാവണ്യം സ്വന്തം അഭീഷ്ടത്തിനൊത്ത് എങ്ങിനെ വിനിയോഗിക്കണമെന്ന് അവൾക്കു നന്നായിട്ടറിയാമായിരുന്നു. ജീവിതസുഖങ്ങൾക്കും രാഷ്ട്രീയനേട്ടങ്ങൾക്കും കനകോടീരമായി തിളങ്ങി നിന്ന സർപ്പസൗന്ദര്യം മരണം വരെ അവളെ വലയം ചെയ്തിരുന്നു. ജീവിതത്തെ, എല്ലാ വർണ്ണവൈവിധ്യങ്ങളോടും ദർശിക്കാൻ
കഴിഞ്ഞിരുന്ന ക്ലിയോപാട്ര ഒരു ചതുരംഗക്കളമായി കരുതി അതിവിദഗ്ദമായി കരുക്കൾ നീക്കി. ഭൂരിഭാഗം നീക്കങ്ങളിലും അവൾ വിജയിച്ചുവെന്നത് ചരിത്രസത്യമാണെങ്കിലും അപ്രതീക്ഷിതമായ ഘട്ടത്തിൽ അടിയറവ് പറയേണ്ടി വന്നു.
മഹാനായ അലക്സാണ്ടർ ചക്രവർത്തിയുടെ കമാന്റർ-ഇൻ-ചീഫായിരുന്ന ടോളമിയുടെ കുടുംബത്തിൽ ബി.സി. 69-ൽ ആയിരുന്നു ക്ലിയോപാട്രയുടെ ജനനം. ജനനം മുതൽ തന്നെ സുന്ദരിയായിരുന്ന ക്ലിയോപാട്രയുടെ അംഗലാവണ്യം വർണ്ണിക്കുമ്പോൾ ചിത്രകാരനായ പ്ലൂട്ടാർക്കിന്റെ തൂലികയിൽ വീഞ്ഞിന്റെ ലഹരി നുരയുന്നതു കാണുക. സുന്ദരിയെന്നതിലുപരി ജീവൻ തുടിക്കുന്ന കവിൾത്തടം, പരിമൃദുലമായ ചുണ്ടുകൾ, ഔദ്ധത്യം വിളംബരം ചെയ്യുന്ന താടി, മദജലം കിനിഞ്ഞിളകിത്തുടിക്കുന്ന കണ്ണുകൾ, വിശാലമായ നെറ്റി, ഉയർന്നുത്തേജിമായി നില്ക്കുന്ന മൂക്ക്, അനവധി ഇഴകൾ പാകിയ ഏതോ സംഗീത ഉപകരണത്തിൽ നിന്നും പുറപ്പെടുന്നതു പോലെയുള്ള മാന്ത്രിക മധുസ്വരം” ഇതിലധികം എന്തുവേണം?
ചക്രവർത്തിയായ ടോളമി പന്ത്രണ്ടാമന്റെ രണ്ടാമത്തെ മകളായ ക്ലിയോപാട്ര ജന്മം കൊണ്ടു മാസിഡോണിയക്കാരിയാണ്. ഈജിപ്ഷ്യൻ രക്തം തൊട്ടുതീണ്ടിയിട്ടുപോലുമില്ല. അക്കാലത്ത് ഈജിപ്ത് ഭരിച്ചിരുന്ന രാജകുടുംബത്തിന് സ്വന്തം ഭാഷയിലും സംസ്കാരത്തിലും ഒരു താല്പര്യവുമില്ലായിരുന്നു. മറിച്ച് ഗ്രീക്കു സംസ്കാരത്തിന്റെ പിടിയിലാണമർന്നത്. പക്ഷേ എന്തോ ചില ലക്ഷ്യങ്ങൾ വച്ചുകൊണ്ടെന്നവണ്ണം ക്ലിയോപാട്ര ഈജിപ്ഷ്യൻ ഉൾപ്പടെ നിരവധി ഭാഷകൾ വളരെവേഗം കാര്യക്ഷമതയോടെ വശപ്പെടുത്തി. ചില രാഷ്ട്രീയ കാരണങ്ങൾ കൊണ്ട് സൂര്യദേവന്റെ പുത്രിയാണെന്ന് അവൾ സ്വയം കരുതിയിരുന്നു.
ബി.സി. 51-ൽ ടോളമി പന്ത്രണ്ടാമൻ മരിച്ചപ്പോൾ രാജാധികാരം ടോളമി പതിമൂന്നാമന്റെകൈവശമെത്തി. ആചാരമനുസരിച്ച് ക്ലിയോപാട്രയ്ക്ക് സ്വസഹോദരന്റെ ഭാര്യയായി പട്ടമഹർഷി സ്ഥാനം അലങ്കരിക്കേണ്ടി വന്നു. കുറച്ചു നാളുകൾക്കുള്ളിൽ തന്നെ ക്ലിയോപാട്രയും ഭർത്താവും നല്ല രസത്തിലല്ലാതായി മാറി. ക്ലിയോപാട്രയോട് അത്ര രസത്തിലല്ലാതിരുന്ന ചില ഉപജാപകവൃന്ദങ്ങൾ
ടോളമിയെ ശരിക്കും എരികേറ്റുകയും അതിന്റെ ബാക്കിയെന്നൊണം ടോളമി പതിമൂന്നാമൻക്ലിയോപാട്രയെ ഒഴിവാക്കി ഈജിപ്തിന്റെ ഭരണം ഒറ്റയ്ക്കേറ്റെടുക്കുകയും ചെയ്തു. ഒരു അവസരം ഒത്തുവരുന്നതിനായി ക്ലിയോപാട്ര കാത്തിരുന്നു. ഈ സമയത്താണ് റോമിൽ ജൂലിയസ് സീസർ തന്റെ മകളായ ജൂലിയയുടെ ഭർത്താവ് പോമ്പിയുമായി അൽപ്പം രസക്കേടിലാകുന്നത്. അത് പിന്നീട് ഒരു ആഭ്യന്തരസംഘർഷമായി പരിണമിച്ചു. നിൽക്കക്കള്ളിയില്ലാതെ ഗ്രീസിൽ നിന്നും ഒളിച്ചോടി അലക്സാണ്ട്രിയയിൽ അഭയം തേടിയ പോമ്പിയെ ചക്രവർത്തിയുടെ പ്രീതി പിടിച്ചുപറ്റാമെന്ന ഉദ്ദേശ്യത്തോടെ ക്ലിയോപാട്രയുടെ ഭർത്താവായ ടോളമി പതിമൂന്നാമൻ പിടികൂടുകയും ശേഷം വധിച്ച് പോമ്പിയുടെ തലവെട്ടിയെടുത്ത് സീസറിനുമുന്നിൽ കാഴ്ചവയ്ക്കുകയും ചെയ്തു.എന്നാൽ പോമ്പിയുമായി ശത്രുതയിലായിരുന്നെങ്കിലും തന്റെ മകളുടെ ഭർത്താവിനെ വധിച്ചതിൽ സീസർ അത്യന്തം കുപിതനായി. ഈ അവസരം ക്ലിയോപാട്ര ശരിക്കും വിനിയോഗിച്ചു. ആഭ്യന്തരകലഹം പൊട്ടിപ്പുറപ്പെട്ടു. ഭർത്താവിനെ ക്ലിയോപാട്ര വകവരുത്തിയെന്നാണ് കേൾവി. തുടർന്നു ടോളമി പതിനാലാമനെ സ്വീകരിച്ചു. ഒരു ഭാര്യയെന്ന നിലയിൽ, സ്വന്തം സഹോദരൻമാരായ ഭർത്താക്കന്മാരോട് പൂർണ്ണമായി സഹകരിക്കാൻ ക്ലിയോപാട്രയ്ക്കു കഴിഞ്ഞിരുന്നില്ലെന്നാണ് ചരിത്രകാരന്മാരുടെ അഭിപ്രായം. മാത്രമല്ല പന്ത്രണ്ടാമത്തെ വയസിൽ തന്നെ അവൾക്കു കന്യകാത്വവും നഷ്ടപ്പെട്ടിരുന്നു.
സീസറിന്റെ സഹായത്തോടെ ഈജിപ്തിന്റെ സിംഹാസനത്തിൽ അവരോഹിതയായ ക്ലിയോപാട്രയോടൊത്ത് കുറേക്കാലം സീസർ കഴിച്ചുകൂട്ടി. ആ ബന്ധത്തിൽ അവർക്ക് സീസേറിയൻ (ലിറ്റിൽസീസർ) എന്ന പേരിൽ ഒരു പുത്രൻ ജനിച്ചു. തന്റെ ഇളയ സഹോദരനായ ടോളമി പതിനാലാമനുമായിആചാരപ്രകാരം ക്ലിയോപാട്ര വിവാഹിതരായി. ഈജിപ്തിന്റെ സഹഭരണാധികാരിയായി ടോളമി പതിനാലാമൻ അധികാരമേറ്റു. സീസറിനു തന്നിൽ ജനിച്ച കുഞ്ഞിനെ റോമാ സാമ്രാജ്യത്തിന്റെ അടുത്ത അവകാശിയാക്കണം എന്ന് ക്ലിയോപാട്ര ആഗ്രഹിച്ചു. ക്ലിയോപാട്രയോടുള്ള പ്രേമാധിക്യത്തിന്റെ പാരിതോഷികമായി റോമിലെ പ്രണയ ദേവതുടെ ആരാധനാലയത്തിൽ ക്ലിയോപാട്രയുടെ പ്രതിമ സ്ഥാപിക്കാൻ സീസർ ആജ്ഞാപിച്ചു. അങ്ങനെ ക്ലിയോപാട്രയ്ക്ക് സീസറുടെ കുടുംബഭരദേവതയായ വീനസിന്റെ സ്ഥാനം ലഭിച്ചു. ക്ലിയോപാട്രയിൽ തനിക്കു പിറക്കുന്ന സന്താനം റോമാസാമ്രജ്യത്തിൽ ചക്രവർത്തിപദം അലങ്കരിക്കുമെന്ന് സീസർ പ്രതിജ്ഞ ചെയ്തു.
സീസറുടെ അപ്രതീക്ഷിതമായ വധത്തിൽ ക്ലിയോപാട്രയുടെ ആകാശകൊട്ടാരങ്ങളെല്ലാം
നിലംപൊത്തി. അധികം താമസിക്കാതെ സിസേറിയനും വധിക്കപ്പെട്ടു. തുടർന്ന് ക്ലിയോപാട്ര ഈജിപ്തിലേക്ക് മടങ്ങിപ്പോയി. റോമിലാകട്ടെ, ഇതിനിടയ്ക്ക് ഒരു പുതിയ ഭരണാധികാരി ഉദയം ചെയ്തു കഴിഞ്ഞിരുന്നു. മാർക്ക് ആന്റണി. പിന്നെ ഒട്ടും താമസിച്ചില്ല. മാർക്ക് ആന്റണിയെ വലയിൽ വീഴ്ത്താൻ ക്ലിയോപാട്ര റോമിലേക്ക് പോയി. മാത്രമല്ല പൊതുവേദിയിൽ തന്റെ പുത്രന്റെ പിതൃത്വം അംഗീകരിക്കാത്ത സീസറിനെക്കൊണ്ട് അത് അംഗീകരിപ്പിക്കണമെന്നും അവൾ ആഗ്രഹിച്ചു. തന്റെ പുത്രനെ സഹഭരണാധികാരിയാക്കുന്നതിനുവേണ്ടി ക്ലിയോപാട്ര ടോളമി പതിനാലാമനെ ആസൂത്രിതമായി വിഷം നൽകി കൊലപ്പെടുത്തി. ബി സി 44 ൽ പുത്രനൊപ്പം റോമിലേക്ക് ക്ലിയോപാട്ര യാത്രയായി. എന്നാൽ ഈ സമയം റോമിലെ സെനറ്റുമായി ഇടഞ്ഞ സീസറിനെ ഒരു കൊട്ടാരവിപ്ലവത്തിലൂടെ മാർക്കസ് ബ്രൂട്ടസ്സിന്റെ നേതൃത്വത്തിലുള്ളവർ കൊലപ്പെടുത്തി. തുടർന്ന് റോമിന്റെ ഭരണാധികാരിയായി മാറിയത് മാർക്ക് ആന്റണി ആയിരുന്നു. സീസറിന്റെ മരണശേഷം ഈജിപ്തിലേക്ക് മടങ്ങിയ ക്ലിയോപാട്രയെ മാർക്ക് ആന്റണി റോമിലേയ്ക്ക് ക്ഷണിച്ചു. മാറിയസാഹചര്യങ്ങളിൽ മാർക്ക് ആന്റണിയുമായി ബന്ധം സ്ഥാപിക്കുന്നത് തനിക്ക് ഗുണമാകുമെന്ന് മനസ്സിലാക്കിയ ആ തന്ത്രശാലിനി റോമിലെത്തുകയും തന്റെ മാദകസൌന്ദര്യത്താൽ മാർക്ക് ആന്റണിയെ കീഴ്പ്പെടുത്തുകയും ചെയ്തു. റോമിൽ നിന്നും ഇൗജിപ്തിലേക്ക് മടങ്ങിയ ക്ലിയോപാട്രയ്ക്കൊപ്പം മാർക്ക് ആന്റണിയുമുണ്ടായിരുന്നു. ആ ബന്ധത്തിൽ അവർക്ക് ഇരട്ടക്കുഞ്ഞുങ്ങൾ ജനിച്ചു.
ഗ്രീക്കുചരിത്രകാരന്മാർ ക്ലിയോപാട്രയ്ക്ക് നല്കിയിരുന്ന വിശേഷണം ‘ങലൃശീരവമില’ ലൈംഗികമായി ഭോഗിച്ച് വലിച്ചെറിഞ്ഞു നശിപ്പിച്ചവൾ എന്ന് ഏകദേശം അർത്ഥം. അതേ ശരിയായ അർത്ഥത്തിൽ അവൾ പുരുഷന്മാരെ തിന്നു മുടിക്കുകയായിരുന്നു. ഒരൊറ്റനോട്ടം കൊണ്ട് ഏതൊരു പുരുഷനും തന്റെ അടിമയാക്കി അധഃപതിക്കുവാൻ അവൾക്കു കഴിഞ്ഞിരുന്നു. വശ്യസുന്ദരി എന്നത് നേര്. പക്ഷേ വഴിപിഴച്ചവളുമായിരുന്നു. ദിവസങ്ങളോളം നീണ്ടുനില്ക്കുന്ന കാമകേളീ മഹോത്സവങ്ങൾക്ക് അവൾ നേതൃത്വം നല്കി. മതിമറന്ന ലൈംഗിക സുഖമദിരാപാനലഹരിയിൽ സദാചാരം പാതളത്തിലേക്ക് കൂപ്പുകുത്തി. കാമമോഹിതർക്കു ഒരു ഹാളിൽ ഒത്തുചേർന്ന് പരസ്യമായി വാത്സ്യായനമാടിത്തകർക്കാൻ ക്ലിയോപാട്ര പ്രോത്സാഹനം നല്കിയിരുന്നുപോലും. ദുർദാന്തമായ തന്റെ ലൈംഗികാദാഹച്ചുഴിയിൽ വലിച്ചടുപ്പിച്ച് ചവച്ചു തുപ്പാതെ അന്തഃപുരത്തിലെ ഒരു കാര്യസ്ഥനേയും അവൾ വെറുതെവിട്ടിരുന്നില്ല.
ചരിത്രകാരന്മാരെല്ലാം സ്ഥിരീകരിക്കുന്ന ഒരു സംഗതിയുണ്ട്. ടാർസസ് നഗരത്തിലേക്ക്
ക്ലിയോപാട്ര പോയപ്പോൾ അവളുടെ നാവികവ്യൂഹം അമൂല്യരത്നങ്ങൾകൊണ്ട് മിന്നിത്തിളങ്ങി. യാനപാത്രത്തിന്റെ അമരത്തിൽ ഗ്രീസിലെ പ്രണയദേവതയെപ്പോലെ പ്രഭാവതിയായി ക്ലിയോപാട്രയുമുണ്ടായിരുന്നു.
ആന്റണി ക്രൂരവും ആഭാസജഡലവുമായ സംഗതികളിലാണ് താല്പര്യം കാണിച്ചിരുന്നത്. ക്ലിയോപാട്രയാകട്ടെ അശ്ലീലപ്രവൃത്തികളിൽ മതിയാവോളം നീന്തിത്തുടിക്കാനുള്ള ഒത്താശആന്റണിക്ക് ചെയതുകൊടുക്കുകയും ചെയ്തു. അവരിരുവരെയും ചുറ്റിപ്പറ്റി പുറത്തുപറയാൻ കൊള്ളാത്ത ഒരുപാടു കൊള്ളരുതായ്മകൾ ഉണ്ടെന്നാണ് ചരിത്രകാരന്മാർ പറയുന്നത്.
ഇതിനിടയ്ക്ക് ആന്റണിയും ശേഷക്കാരനും തമ്മിലുള്ള അധികാര വടംവലികൾ പരകോടിയിലെത്തി. പരിക്ഷീണിതനായ ആന്റണി ഈജിപ്തിലേക്ക് പോയി. തദവസരത്തിൽ ക്ലിയോപാട്ര ആന്റണിയുടെ ഇരട്ടക്കുട്ടികളെ പ്രസവിച്ചു. തുടർന്ന് ആന്റണി ഭാര്യയായ ഒക്ടോവിയയെ ഉപേക്ഷിച്ചു. ആന്റണി ഉപേക്ഷിച്ച ഭാര്യ ഫുൾവിയ, ആഗസ്തസ് സീസറിന്റെ സഹോദരിയായിരുന്നു. കുപിതനായ ആഗസ്തസ് ആന്റണിയുടെ സാമ്രാജ്യത്തെ ആക്രമിച്ചു. ആക്ടിയം നഗരത്തിന്റെ പ്രാന്തത്തിൽ വച്ചുണ്ടായ യുദ്ധത്തിൽ ആഗസ്തസ് ആന്റണിയെ തോല്പിച്ചു. പക്ഷേ അതിനു മുമ്പുതന്നെ ക്ലിയോപാട്രയുംകപ്പൽവ്യൂഹവും ഈജിപ്തിലേക്കുള്ള മടക്കയാത്ര ആരംഭിച്ചിരുന്നു. യുദ്ധത്തിൽ തോറ്റ് അപമാനിതനായെങ്കിലും ആന്റണി ക്ലിയോപാട്രയുടെ പിറകേ പോകുകയാണുണ്ടായത്. തുടർന്നുള്ള സംഭവപരമ്പരകൾ ദുരൂഹമാണ്.
ആന്റണി പിറകെ പോയെങ്കിലും ക്ലിയോപാട്ര കാണാൻ കൂട്ടാക്കിയില്ല. പകരം തന്റെ ആത്മഹത്യവാർത്ത അനുചരന്മാർ മുഖേന ആന്റണിയെ അറിയിച്ചു. ഈ കടുംകൈ ചെയ്തത് എന്തിനായിരുന്നുവെന്ന് ആർക്കും അറിയില്ല. ഇന്നും. പക്ഷേ യുദ്ധത്തിൽ തോറ്റ് പരിക്ഷീണിതനായ ആന്റണിക്ക് കാമുകിയുടെ മരണവാർത്ത താങ്ങാൻ കഴിഞ്ഞില്ല. അയാൾ സ്വയം കരവാളെടുത്ത് ചങ്ക് പിളർന്നു. മരിക്കുന്നതിന് മുമ്പ് ക്ലിയോപാട്രയുടെ അടുത്തെത്തിക്കാനും പറഞ്ഞു. അതനുസരിച്ച് അർദ്ധ മൃതപ്രാണനായ ആന്റണിയെ അനുചരന്മാർ ക്ലിയോപാട്രയുടെ അന്തഃപുരത്തിലെത്തിച്ചു. അവളുടെ മടിയിൽ തലവച്ചു കിടന്നുകൊണ്ട് തന്നെ വേദനയോടെ ആന്റണി അന്ത്യശ്വാസം വലിച്ചു.
പശ്ചാത്താപം ഗ്രസിച്ച ക്ലിയോപാട്രയും അല്പസമയത്തിനകം ആത്മഹത്യ ചെയ്തുവെന്നാണ് ചരിത്രകാരന്മാരിൽ ഒരുപക്ഷത്തിന്റെ അഭിപ്രായം. ക്ലിയോപാട്രയുടെ മരണത്തെക്കുറിച്ച് പല ഊഹാപോഹങ്ങളും നിലവിലുണ്ട്. വേദനരഹിതമായ മരണം സ്വീകരിക്കുവാനായി ക്ലിയോപാട്ര പല
മാർക്ഷങ്ങളും പരീക്ഷിച്ചു നോക്കിയിരുന്നതായി പലരും പറയുന്നു. തന്റെ അടിമകളായ ദാസിപ്പെൺകുട്ടികളിൽ പല തരത്തിലുള്ള വിഷം കുത്തിവച്ചും പാമ്പുകളെകൊണ്ട് കടിപ്പിച്ചും ഒക്കെ കൊല്ലിപ്പിച്ച് അതിൽ നിന്നും എറ്റവും വേദനാരഹിതമായ മാർക്ഷം സ്വീകരിച്ചിരിക്കാമെന്ന് ചിലർ അഭിപ്രായപ്പെടുന്നു. മൂർഖൻ ഇനത്തിൽ പെട്ട പാമ്പിനെക്കൊണ്ടാണ് സ്വയം കടിപ്പിച്ചതെന്നാണ് പ്ലൂട്ടാർക്ക് ഉൽപ്പെടെയുള്ള ചരിത്രകാരന്മാരുടെ പക്ഷം. ഷേക്സ്പിയർ തന്റെ നാടകത്തിൽ അണലിയെക്കൊണ്ട് കടിപ്പിച്ച് ക്ലിയോപാട്ര ആത്മഹത്യ ചെയ്തു എന്നാണ് വിവരിക്കുന്നത്.
മറുപക്ഷത്തിന്റെ വാദം ഇതാണ്: ആക്ടിയം യുദ്ധത്തിൽ തോറ്റ ആന്റണി മനംനൊന്ത് ആത്മഹത്യ ചെയ്തു. വിജയോത്മത്തനായ അഗസ്തസ് സീസറിനെ വലയിലാക്കാനുള്ള ക്ലിയോപാട്രയുടെ തന്ത്രങ്ങളെല്ലാം പാളിപ്പോയി. ഒടുവിൽ അഗസ്തസ് സീസറുടെ കിങ്കരന്മാർ ക്ലിയോപാട്രയെ അറസ്റ്റു ചെയ്തു. പരിപൂർണ്ണ നഗ്നയാക്കി റോമിലെ തെരുവിലൂടെ വലിച്ചിഴയ്ക്കാനുള്ള ശ്രമങ്ങൾ
നടത്തി. പക്ഷേ ബുദ്ധിമതിയായ ക്ലിയോപാട്രയെ പട്ടാളക്കാർക്ക് ഒന്നുംതന്നെ ചെയ്യാൻ കഴിഞ്ഞില്ല. ആഭരണപ്പെട്ടിയിൽ രഹസ്യമായി സൂക്ഷിച്ചിരുന്ന സർപ്പരാജനെ അവൾ മാറോടണച്ചു. ആയിരക്കണക്കിന് പുരുഷന്മാരുടെ പൗരുഷം മുഴുവൻ നുകർന്നിട്ടും കാമം പത്തി താഴ്ത്താൻ മടികാണിച്ച ക്ലിയോപാട്രയുടെ സുന്ദരകളേബരം ക്ഷണനേരംകൊണ്ട് വീണടിഞ്ഞു.
ക്ലിയോപാട്രയുടെ അന്ത്യരംഗത്തെക്കുറിച്ച് പ്ലൂട്ടാർക്ക് പറയുന്നു. “അവർ പരമാവധി വേഗത്തിൽ കൊട്ടാരത്തിലെത്തി. വിശേഷിച്ചൊന്നും സംഭവിക്കാത്തതു പോലെ നില്ക്കുന്ന അംഗരക്ഷകൻമാരെക്കൊണ്ട് വാതിൽ തള്ളിത്തുറന്നപ്പോൾ കണ്ടത് സുവർണ്ണശയ്യയിൽ സർവ രാജകീയ വിഭൂഷകളുമണിഞ്ഞ് നിശ്ചലയായി കിടക്കുന്ന ക്ലിയോപാട്രയുടെ ശരീരമാണ്” ഇതു ശരിയാണെങ്കിൽ അഗസ്തസിനെ പ്രീണിപ്പിക്കാൻ നടത്തിയ ശ്രമങ്ങൾ വിജയിക്കില്ലെന്ന് മനസ്സിലാക്കിയ ക്ലിയോപാട്ര ആത്മഹത്യ ചെയ്യാൻ പോകുന്ന വിവരം സന്ദേശവാഹകർ മുഖാന്തരം അദ്ദേഹത്തെ അറിയിച്ചു. ആന്റണിയുടെ ശവകുടീരത്തിനൊപ്പം തന്നെ തന്റെ കുഴിമാടവും ഒരുക്കണമെന്നും ക്ലിയോപാട്ര ആ സന്ദേശത്തിൽ പ്രത്യേകം സൂചിപ്പിച്ചിരുന്നു. ജീവനോടെ ക്ലിയോപാട്രയെ പിടികൂടാൻ അഗസ്തസ് ശ്രമിച്ചിരിക്കാം. ഒരുപക്ഷെ സംഭവിച്ചതിങ്ങനെയാകാം.
(കടപ്പാട് – ശ്രേഷ്ഠ പബ്ലിക്കേഷൻസ്)
കാരൂർ സോമൻ
ഡോ. ഐഷ വി
ചിറക്കര താഴത്ത് അച്ഛൻ വാങ്ങിയ വീട്ടിലേയ്ക്ക് താമസം മാറുന്നതിന് മുമ്പ് മൂന്ന് മാസത്തോളം അച്ഛന്റെ ഗോപലനമ്മാവന്റെ വീട്ടിലായിരുന്നു ഞങ്ങൾ താമസിച്ചിരുന്നത്. അച്ഛന്റെ ഇളയ അമ്മാവന്റെ വീടും പുരയിടവുമായിരുന്നു അച്ഛൻ വാങ്ങിച്ചത്. വയലിനരികത്തായതിനാൽ കിണറ്റിൽ ധാരാളം വെള്ളം. കൃഷി ചെയ്യാനും പറ്റിയ മണ്ണ്. ഒരു കൊച്ച് വീട്. വീട്ടിൽ നിന്ന് വിട്ട് റോഡരികിലായി മൂന്ന് കടമുറികളും അതിന്റെ പുറകിൽ ഒരു വരാന്തയും പിന്നെ കുറേ തെങ്ങ്, മാവുകൾ, ആഞ്ഞിലികൾ . അച്ഛാമ്മയുടെ പറമ്പ് അച്ഛന് കിട്ടിയത് അച്ഛൻ വാങ്ങിയ പറമ്പിന് ചേർന്നായതിനാൽ പറമ്പിന്റെ വിസ്തൃതി കൂടിക്കിട്ടി. അച്ഛന്റെ അമ്മാവൻ ശ്രീ കേശവൻ, ഭാര്യ ഇന്ദിര മകൾ വത്സല എന്നിവരായിരുന്നു ആ വീട്ടിലെ അന്തേവാസികൾ. അവർ വയലിനക്കരെ വാങ്ങിയ ഒരു വീട്ടിലേക്ക് താമസം മാറി. രണ്ടു മൂന്ന് ദിവസം കഴിഞ്ഞ് വീടും കടയുമൊക്കെ ചെറിയ തോതിൽ വൃത്തിയാക്കിയാണ് ഞങ്ങൾ അങ്ങോട്ടേയ്ക്ക് താമസം മാറിയത്.
മുമ്പ് തയ്യൽ മെഷീനിൽ ഞങ്ങളുടെ അമ്മ ഞങ്ങളുടെ തുണികൾ തയ്ച്ച് കൊണ്ടിരിയ്ക്കുമ്പോൾ അമ്മയുടെ മനസ്സിലെ തീവ്രമായ ആഗ്രഹങ്ങൾ ചിലപ്പോഴൊക്കെ പാട്ടിന്റെ രൂപത്തിലോ വാചകമായോ പുറത്തു വരാറുണ്ടായിരുന്നു. അതിൽ ചിലത് “നാളീകേരത്തിന്റെ നാട്ടിലെനിയ്ക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട്. അതിൽ നാരായണക്കിളി കൂടു പോലുള്ളൊരു നാലുകാലോലപ്പുരയുണ്ട്.” “ആറു കാലി പുരയെങ്കിലും കെട്ടിയാൽ മതിയായിരുന്നു” എന്നൊക്കെ.
അങ്ങനെ ഞങ്ങൾ കാത്ത് കാത്തിരുന്ന ആ സുദിനം വന്നെത്തി. വൈകുന്നേരമാണ് അങ്ങോട്ട് താമസം മാറാൻ തീരുമാനിച്ചിരുന്നത്. അതിന്റെ മുന്നൊരുക്കങ്ങളായി ശാരദ വല്യമ്മച്ചി വിളക്ക് തേച്ച് വച്ചു. ഒരു ബഞ്ച് തത്കാലത്തേയ്ക്ക് ഞങ്ങൾ താമസം മാറാൻ പോകുന്ന വീട്ടിൽ കൊണ്ടിട്ടു. അമ്മ അത്യാവശ്യം പാചകത്തിനാവശ്യമായ സാധനങ്ങളും പാത്രങ്ങളും കെട്ടിവച്ചു.
ഈ വസ്തുവും വീടും വാങ്ങാനായി അച്ഛനും അമ്മയും കൂടി ചിട്ടി പിടിച്ച തുക കൂടാതെ അച്ഛന്റെ അമ്മാവൻ കടമായും കുറച്ച് തുക നൽകിയിരുന്നു. അച്ഛന്റെ അമ്മാവന്റെ കുടുംബവും തൊട്ടയൽപക്കത്തുള്ള അച്ഛന്റെ കുഞ്ഞമ്മയുടെ കുടുംബവും അമ്മയുടെ അടുത്ത ബന്ധുക്കളും കൂടി ചേർന്ന ചെറിയ ചായ സൽക്കാരത്തോടു കൂടിയ ലളിതമായ ചടങ്ങായിരുന്നു താമസം മാറൽ ചടങ്ങ്. താമസം മാറിയെങ്കിലും അന്നത്തെ അത്താഴം അച്ഛന്റെ അമ്മാവന്റെ വീട്ടിൽ നിന്നു തന്നെയായിരുന്നു. അത് ഞങ്ങൾ അവിടെ പോയി കഴിച്ചു. പിറ്റേന്ന് മുതൽ ഞങ്ങളുടെ വീട്ടിൽ പാചകം തുടങ്ങി.
പകൽ അയൽപക്കത്തെ കുട്ടികളോടൊപ്പം ഞങ്ങൾ പറമ്പിലൊക്ക കറങ്ങി നടന്നു. കേശവൻ വല്യച്ചന് ചെടികളും പച്ചക്കറി കൃഷിയും കുറച്ചൊക്കെ ഉണ്ടായിരുന്നത് അവിടെ അവശേഷിച്ചിരുന്നു. കൂടാതെ കുറേ ഞാലിപ്പൂവൻ വാഴയും. വാഴ കിണറ്റിന്റെ താഴെയുള്ള തട്ടിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
അടുക്കളയുടെ വരാന്തയിൽ ഒരു ആട്ടുകല്ലും ഒരു തത്തമ്മയോടുകൂടിയ കൂടും അടുക്കളയിൽ ഒരു ഉരലും കേശവൻ വല്യച്ഛന്റെതായി അവശേഷിച്ചിരുന്നു. പിന്നീട് ഉരൽ ഞങ്ങളും ആട്ടുകല്ല് ലക്ഷ്മി അച്ഛാമ്മയും വാങ്ങി.
ഞങ്ങൾ ആ വീട്ടിലേയ്ക്ക് താമസം മാറി ഒരു മാസത്തിനകം തന്നെ കേശവൻ വല്യച്ഛൻ മരിച്ചു. വയലിനക്കരെയുള്ള വീട്ടിലേയ്ക്ക് താമസം മാറിയെങ്കിലും കേശവൻ വല്യച്ഛന് സുഖമില്ലാതായതിനാൽ ചികിത്സാർത്ഥം വല്യച്ഛന്റെ ഭാര്യാ സഹോദരന്റെ കൊല്ലത്തെ വീട്ടിലായിരുന്നു അവർ. ഒരു ദിവസം ഞങ്ങൾ കുട്ടികൾ പറമ്പിന്റെ താഴത്തെ തട്ടിൽ നിൽക്കുമ്പോഴാണ് കേശവൻ വല്യച്ചന്റെ മൃതദേഹം കൊണ്ടുവന്ന വണ്ടി അക്കരയ്ക്ക് പോകുന്നത് കണ്ടത്. കൊച്ചു ശാന്തേച്ചിയ്ക്ക് കാര്യം വേഗം മനസ്സിലായി. ആ ചേച്ചിയും കുട്ടികളും വണ്ടിയുടെ പിറകെ അക്കരയ്ക്ക് ഓടി. അന്ന് വീടുകളിൽ ഫോണില്ലാതിരുന്നതിനാൽ ആരെങ്കിലും വന്ന് അറിയിക്കുമ്പോഴേ മരണം അറിഞ്ഞിരുന്നുള്ളൂ. ഞങ്ങൾ അമ്മയോട് കാര്യം പറഞ്ഞു. ഞങ്ങളും അമ്മയും കൂടി അക്കരയിലെ മരണ വീട്ടിലേയ്ക്ക് പോയി. ദൂരെഎവിടെയോ പോയിരുന്ന ലക്ഷ്മി അച്ഛാമ്മയും ഗോപാലൻ വല്യച്ചനും സ്ഥലത്തെത്തിയപ്പോഴാണ് കാര്യങ്ങൾക്ക് ഒരു തീരുമാനമായത്. മൃതദേഹം ആ രാത്രി തന്നെ ഇക്കരെ ലക്ഷ്മി അച്ഛാമ്മയുടെ വീട്ടിലയ്ക്ക് മാറ്റി. മരണാനന്തര ചടങ്ങുകൾ എല്ലാം ലക്ഷ്മി അച്ഛാമ്മയുടെ വീട്ടിൽ വച്ചായിരുന്നു. ആരോ അച്ഛന് ടെലഗ്രാം അയച്ചു. പിറ്റേന്ന് അച്ഛൻ ജോലി സ്ഥലത്തു നിന്നും എത്തി. ചടങ്ങുകൾ എല്ലാം കഴിഞ്ഞപ്പോഴാണ് ഞങ്ങൾ തത്തക്കൂട് ശ്രദ്ധിച്ചത്. കൂട് തുറന്ന് കിടന്നിരുന്നു. തത്തമ്മയെ കാണാനില്ലായിരുന്നു. ആദ്യം കുറച്ച് വ്യസനം തോന്നിയെങ്കിലും അതിന്റെ ഉടമസ്ഥന്റെ ആത്മാവ് ശരീരം വിട്ടു പോയതു പോലെ തത്തമ്മയും കൂട് വിട്ട് പോയെന്ന് ഞങ്ങൾ സമാധാനിച്ചു.
ഞങ്ങൾ ആ വീടും പറമ്പും വാങ്ങുന്നതിന് മുമ്പ് കേശവൻ വല്യച്ഛൻ ഓല മെടഞ്ഞ് കൊല്ലത്ത് പട്ടണപ്രദേശത്ത് വിറ്റിരുന്ന ഒരു കുടുംബത്തിന് ഓല ശേഖരിച്ച് വയ്ക്കാനും മെടയാനും മറ്റുമായി ആ പറമ്പിന്റെ താഴെ തട്ട് നൽകിയിരുന്നു. തോടും വയലുമൊക്കെ വളരെയടുത്തായതിനാൽ അവർക്ക് ഓല കുതിക്കാൻ സൗകര്യത്തിനായാണ് ഈ പറമ്പ് ഉപയോഗിച്ചിരുന്നത്. അവരുടേയും ഓലമെടയുന്നവരുടെയും ഉപജീവനമാർഗ്ഗമായതിനാൽ കുറേ വർഷങ്ങൾ കൂടി പറമ്പ് സൗജന്യമായി ഉപയോഗിക്കുവാൻ അച്ഛൻ അവരെ അനുവദിച്ചിരുന്നു. അതിനാൽ പകൽ എപ്പോഴും ആളും പേരുമുള്ള പറമ്പായിരുന്നു ഞങ്ങളുടേത്. ഒന്നോ രണ്ടോ ലോറിയിൽ കൊള്ളുന്നത്രയും മെടഞ്ഞ ഓലയാകുമ്പോൾ ലോറികൾ എത്തും. പിന്നെ മെടഞ്ഞ ഓല കൊല്ലത്തെ വീടുകളുടെ മേൽ കൂരയിലും വേലിയിലും സ്ഥാനം പിടിയ്ക്കും. അന്ന് ധാരാളം നല്ല ഓലകൾ ഞങ്ങളുടെ നാട്ടിൽ ലഭ്യമായിരുന്നു. സ്ത്രീകൾ ഓലമെടയുന്നത് നോക്കി ഞങ്ങളും ഓല മെടയാൻ പഠിച്ചു. പശുവിന് പുല്ലു പറിക്കുന്ന വല്ലമുണ്ടാക്കാനും . കാലം കഴിഞ്ഞപ്പോൾ ഓലയുടെ ലഭ്യത കുറഞ്ഞു. പട്ടണപ്രദേശത്ത് ഓല മേഞ്ഞ വീടുള്ളവർ മേൽക്കൂര ഓടോ ഷീറ്റോ ആക്കി മാറ്റി. പിന്നീട് കോൺക്രീറ്റ് മേൽക്കൂരയുള്ള വീടുകളുമായി. തേങ്ങാ വെട്ടുന്ന സമയത്ത് പല വീട്ടുകാർക്കും ഓല വിൽക്കുന്നതിലൂടെയും പഴയ കാലത്ത് വരുമാനം ലഭിച്ചിരുന്നു. ഞങ്ങളുടെ പറമ്പിൽത്തന്നെ ഓലമെടയുന്നതിലൂടെ ധാരാളം സ്ത്രീകൾക്ക് തൊഴിലും വരുമാനവും ലഭിച്ചിരുന്നു. അതെല്ലാം നിന്നപ്പോൾ ഓലക്കച്ചവടക്കാർ മറ്റു സാധനങ്ങളുടെ കച്ചവടത്തിലേയ്ക്ക് വഴിമാറി. ഓല മെടഞ്ഞിരുന്ന സ്ത്രീകൾ പല തൊഴിൽ മേഖലയിലേയ്ക്ക് തിരിയേണ്ടി വന്നു. അന്ന് ഓല മെടഞ്ഞിരിക്കുന്നവർക്കെല്ലാം ടെറസ്സ് വീടായി. ഓല ശേഖരിക്കുക, മടലിന്റെ നടുക്ക് വച്ച് കീറി രണ്ട് ഭാഗമാക്കി മടൽപ്പൊളി ചീകി കളഞ്ഞ് കനം കുറച്ച് ഓലകൾ നിശ്ചിത എണ്ണം വീതം ഒതുക്കി കെട്ടി തോട്ടിൽ അണകെട്ടി വെളളം നിർത്തി അതിൽ കൊണ്ടിട്ട് രണ്ടു ദിവസം കുതിർത്ത് മൃദുവാക്കി മെടയാൻ പരുവപ്പെടുത്തി മെടയുന്നിടത്ത് എത്തിക്കുന്നത് പുരുഷൻമാരുടെ ജോലിയായിരുന്നു. അങ്ങനെ, പുതു തലമുറയ്ക്ക് പരിചയമില്ലാഞ്ഞ ഒരു തൊഴിൽ മേഖല കാലത്തിന്റെ മാറ്റത്തിനൊപ്പം മാഞ്ഞു പോയി.
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
മിനി സുരേഷ്
കറിക്കൽപ്പം രുചി കുറഞ്ഞാലോ, ഉപ്പു കൂടിയാലോ അയാളവളെ കഠിനമായി ശകാരിക്കുമായിരുന്നു.അതു കഴിഞ്ഞ് വീട്ടുകാര്യങ്ങൾ നോക്കുന്നതിൽ തന്റെ അമ്മയ്ക്കും, പെങ്ങന്മാർക്കുമുള്ള നൈപുണ്യത്തെക്കുറിച്ച് വർണ്ണിക്കുവാൻ തുടങ്ങുമ്പോൾ അവളുടെ ഉടലാകെ പെരുത്തുകയറും. എങ്കിലും ഭർത്താവിനോട് മറുത്തൊന്നും പറഞ്ഞ് ശീലിച്ചിട്ടില്ലാത്തതിനാൽ ഉള്ളിൽ പുഴു നുരക്കുന്നതു പോലെ തികട്ടി വരുന്ന
അമർഷം ഞെരിച്ചമർത്തി പാത്രങ്ങളെ നിർദാക്ഷണ്യം എടുത്തെറിയുമ്പോൾ അയാളുടെ ശകാരവണ്ടിചൂളം വിളിച്ചു പാഞ്ഞ് ഏതെങ്കിലും സ്റ്റേഷനിൽ കിതപ്പടങ്ങാതെ പിറുപിറുക്കുന്നുണ്ടാവും.
“അല്ലേലുംനീഅങ്ങനെയാണ് ;നിന്റെതന്തയും,തള്ളയും കൂടിവളർത്തി വച്ചിരിക്കുന്നത് അങ്ങനെയാണ്.
ഇതൊക്കെ കേട്ടു വളർന്ന കുട്ടികൾക്കും
അമ്മ വച്ചു വിളമ്പിത്തരാൻ മാത്രമുള്ള ബുദ്ധിയില്ലാത്ത ഏതോഒരു പാഴ് വസ്തു മാത്രമാണന്ന ചിന്തയായിരുന്നു.
ഒരാൾ എപ്പോഴും മറ്റൊരാളെ കുറ്റം പറഞ്ഞു കൊണ്ടിരുന്നാൽ എന്തു സംഭവിക്കും?അയാളുടെ
മനോവീര്യത്തിന്റെയും,ആത്മവിശ്വാസത്തിന്റെയും സൂചിക താഴ്ന്നു താഴ്ന്നു പോകും. അതു തന്നെ
ആയിരുന്നു പത്മജയുടെ ജീവിതത്തിലും സംഭവിച്ചത്.
സ്കൂളിലും,കോളേജിലും പഠിക്കുമ്പോൾ പാട്ടുപാടാനും ,ഡാൻസ് കളിക്കുവാനുമൊക്കെ മിടുക്കിയായിരുന്നപത്മജ വിവാഹശേഷം ഒരു മണുങ്ങൂസ് ആയതിന്റെപൂർണ്ണ ഉത്തരവാദിത്വം ഭർത്താവ് സോമക്കുറുപ്പിനുമാത്രമാണെന്നായിരുന്നു ,സുമേഷിനെ കണ്ടുമുട്ടും വരെ പത്മജ കരുതിയിരുന്നത്. ഒരു പാടു തിരുത്തലുകൾക്ക് സ്വയം വിധേയയാകേണ്ടതുണ്ടെന്ന ബോധം അവൾക്കു തോന്നിതുടങ്ങിയതും അതിൽ പിന്നെയാണ്.
നഗരത്തിലെ സൂപ്പർമാർക്കറ്റിൽ വച്ചാണ് പത്മജ കോളേജിലെ പഴയസുഹൃത്തായ സുമേഷിനെ വീണ്ടും കണ്ടു മുട്ടിയത്. എന്നു വച്ചാൽ അവർ പ്രണയിതാക്കളൊന്നുമായിരുന്നില്ല കേട്ടോ. കോളേജിലെ ഇടനാഴികളിലോ,ലൈബ്രറിയിലോ ഒക്കെ ഇടയ്ക്കു കണ്ടുമുട്ടുമ്പോൾ പുഞ്ചിരിതൂകി നടന്നു നീങ്ങുന്ന വെറും സുഹൃത്തുക്കൾ , പത്മജയെക്കാൾ ഒരു വർഷം സീനിയറായിരുന്നു സുമേഷ്.
കോളേജ് ഡേയ്ക്ക് പത്മജ പാടിയ പാട്ട് കോളേജിലെങ്ങും ഹിറ്റായ സമയം. എല്ലാവരേയും പോലെ അഭിനന്ദിച്ച ഒരാൾ,കോളേജിന്റെ കവാടംഇറങ്ങിയപ്പോൾ മറന്ന മുഖം. ഇത്രയൊക്കെയേ പത്മജയ്ക്ക് സുമേഷിനെ പറ്റി പറയാനുണ്ടാവൂ.
പക്ഷേ സുമേഷിന് അങ്ങനെയായിരുന്നില്ല നെഞ്ചോട് ചേർത്തു ആരും അറിയാതെ സൂക്ഷിച്ച പ്രണയം. പത്മജയുടെ പാട്ട്,ഡാൻസ് എല്ലാം അയാൾക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു.
പുഞ്ചിരി തൂകി പത്മജ നടന്നു നീങ്ങുമ്പോൾ കണ്ണിൽ നിന്നു മറയുന്നതു വരെ അവളറിയാതെ അയാൾ നോക്കി നിൽക്കാറുണ്ടായിരുന്നു.കോളേജ് കാലം കഴിഞ്ഞ് പിന്നീടൊരിക്കലും കാണാൻ സാധിച്ചിട്ടില്ലെങ്കിലും അവളുടെ ചിത്രം അയാളുടെ മനസ്സിൽ നിന്നും മാഞ്ഞു പോയിട്ടില്ലായിരുന്നു.
വർഷങ്ങൾക്കു ശേഷം അവളെ കണ്ടപ്പോൾ അയാളമ്പരന്നു പോയി. നരകയറിതുടങ്ങിയ തലമുടിയും ,തടിച്ചു വീർത്ത ദേഹവും,അലസമായ വസ്ത്രധാരണവും .പത്മജ തന്നെയാണെന്ന് മനസ്സിലാക്കാൻ ഏറെ നേരമെടുത്തു.
“എന്തൊരു കോലമാടോ ” ? യാതൊരു മുഖവുരയും കൂടാതെ അയാൾ ചോദിച്ചു.
ബില്ലടിച്ചു തള്ളി വിടുന്ന സാധനങ്ങൾ വലിയൊരു ക്യാരിബാഗിലേക്ക് കുത്തി നിറക്കുന്നതിനിടയിൽ ചോദ്യം കേട്ട് ഞെട്ടി പത്മജ അയാളെ നോക്കി.
പരിചയക്കുറവിന്റെ അമ്പരപ്പൊന്നു മാറിയപ്പോൾ അവൾക്കും സന്തോഷമായി.
കോളേജിൽ വച്ച് കണ്ടതിലും അയാൾ സുമുഖനായിരിക്കുന്നു. ഡൈ തേച്ച് കറുത്തിരുണ്ട മുടിയിഴകകളും,ചുളിവു വിഴാത്ത വസ്ത്രധാരണവും മദ്‌ധ്യവയസ്സിലും അയാൾക്ക് നല്ല പ്രൗഢത നൽകുന്നുണ്ട്.
“താനൊരു കാര്യം ചെയ്യ് ഈ സാധനങ്ങളെല്ലാം എടുത്ത് എന്റെ കാറിലേക്ക് വയ്ക്കു,നമ്മൾക്ക് അപ്പുറത്തെ എ.എൻ ബേക്കേഴ്സ്ൽ കയറി ഒരു ഐസ്ക്രീം കഴിക്കാം…ബാടോ..സുമേഷ് അവളെ ക്ഷണിച്ചു.
“അയ്യോ,വീട്ടിൽ പോയിട്ട് ഒരു പാടു പണികൾ ഉണ്ട്. പിന്നെ ഐസ്ക്രീമൊന്നും ഞാനിപ്പോൾ കഴിക്കാറില്ല. തൊണ്ടക്ക് പിടിക്കും..കൊളസ്ട്രോൾ..
സുമേഷിനറിയില്ലേ പ്രായമായാൽ ഇതൊക്കെ ശ്രദ്ധിക്കണ്ടേ.അവൾ മടിയോടെ പറഞ്ഞു.
“ഞാനിപ്പോൾ തന്റെ തൊണ്ടക്കു കേറിപ്പിടിക്കും. മര്യാദക്കു വാടോ.” അയാൾ അവളെ നിർബന്ധിച്ചു,
ബാക്കി കഥ പറയാതെ തന്നെ ഊഹിക്കാമല്ലോ?
ഐസ്ക്രീം നുണയുന്നതിനിടയിൽ പഴയ സൗഹൃദത്തിന്റെ സമരണകളും അവർ പങ്കുവച്ചു.
അവർ കണ്ടു പിരിഞ്ഞതിനു ശേഷം സാധാരണ പൈങ്കിളിക്കഥകളിലെപ്പോലെ സന്ദേശങ്ങൾ, കൈമാറി സൗഹൃദം പുതിയ മേച്ചിൽപ്പുറങ്ങൾ തേടിയലഞ്ഞു.വേണമെങ്കിൽ അക്ഷരത്തെറ്റുകളുടെ കുറെ ചുമന്ന മഷിപ്പാടുകൾ കൂടി കോറിയിടാം. ഇങ്ങനെയൊക്കെയല്ലേ നിങ്ങൾ ചിന്തിച്ചത്?
പക്ഷേ അങ്ങനെയൊന്നുമല്ല സംഭവിച്ചത്. അവരിരുവരും പതിവായി സന്ദേശങ്ങൾ കൈ മാറി.അതിലൂടെ സുമേഷ് പഴയ പാവാടക്കാരി പത്മജയെ അവൾക്ക് തിരിച്ചു നൽകി. ഒരു പുരുഷനു സ്ത്രീയിലെ ആത്മധൈര്യം ഉയർത്തുവാനും,താഴ്ത്തുവാനും കഴിയുമെന്നവൾ മനസ്സിലാക്കി.
അതിനുശേഷം അവളും സൂംബ ക്ലാസ്സിലും,ബ്യൂട്ടി പാർലറിലുമൊക്കെ പോകുവാൻ തുടങ്ങി. പച്ചക്കറി കൃഷിയും,യു-ട്യൂബിൽ കുക്കിംഗ് ചാനലുമൊക്കെയായി അടിപൊളിയായി.ഒരു ശില്‌പി തന്റെ ശില്പത്തെ മിനുക്കുന്ന ചാരുതയോടെ സ്വയം അവളെത്തന്നെ മിനുക്കിയെടുത്തു.
അതോടെ അവളുടെ കുട്ടികൾക്ക് അമ്മയെ ക്ഷ പിടിക്കാനുംതുടങ്ങി.
സഹിക്കാൻ പറ്റാതിരുന്നത് ഒരാൾക്ക് മാത്രം.
അവൾ ചിറകടിച്ചു പറന്നുയരുന്നത് സഹിക്കാനാവാതെ അവളുടെ ഭർത്താവ് എരിപിരികൊള്ളുമ്പോഴും അസ്വസ്ഥയാകാതെ അവൾ ആ ജല്പനങ്ങളെ ഒരു കാതിലൂടെ കേട്ട് മറുകാതിലൂടെ വിട്ടു.
ഒരിക്കൽ പോലും നന്മ നിറഞ്ഞ ഉപദേശങ്ങൾ പകർന്നു കൊടുക്കുന്ന പ്രിയസുഹൃത്തിന്റെ പേര് അവൾ ഭർത്താവിനോട് പറഞ്ഞില്ല. ഭർത്താവിന്റെ സ്വഭാവം മനസ്സിലാക്കി സമരസപ്പെട്ടു പോകുന്ന നല്ല വീട്ടമമയായിരുന്നു പത്മജ എന്നും. പക്ഷേ ഒരു ദിവസം മാത്രം ,ഒരു ദിവസം മാത്രം അവളയാൾക്ക് മറുപടി കൊടുത്തു.
പതിവു പോലെ ശകാരവണ്ടി ഓടിച്ച് ” അല്ലേലും നീയങ്ങനെയാണ് എന്നയാൾ പറഞ്ഞു ബ്രേക്കിടാനൊരുങ്ങിയപ്പോൾ അയാളെ അമ്പരപ്പിച്ചുകൊണ്ട് അവൾ പറഞ്ഞു.
“നിങ്ങൾ പറയാതെ തന്നെ ഞാനെങ്ങനെയാണെന്ന് എനിക്കറിയാം.ഇനി മേലിൽ ഇങ്ങനെ പറഞ്ഞു പോകരുത്.”
ഒരു കയ്യടി കേട്ട് അവൾ തിരിഞ്ഞു നോക്കുമ്പോൾ ടി.വി യിലെ പരിപാടി ആസ്വദിക്കുന്നു എന്ന മട്ടിൽ
മകൾ കയ്യടിക്കുന്നുണ്ടായിരുന്നു.
മിനി സുരേഷ്
കോട്ടയം താലൂക്കിൽ കോടി മത എന്ന സ്ഥലത്ത് ജനനം. ആനുകാലികങ്ങളിൽ കഥ, കവിത,നോവലൈറ്റ് എന്നിവ എഴുതുന്നു. സ്വന്തം കവിതകൾ ഓഡിയോ ആയും,വീഡിയോ ആയും വന്നിട്ടുണ്ട് .സരസ്വതീ വന്ദനം,നേരിന്റെ ഉൾക്കാഴ്ചകൾ എന്നീ കവിതാ സമാഹാരങ്ങൾ പുറത്തിറങ്ങി.ചെറുകഥാ സമാഹാരം നേർത്ത നൊമ്പരങ്ങൾ. കോട്ടയം എഴുത്തു കൂട്ടത്തിന്റെ ജോയിന്റ് സെക്രട്ടറിമാരിൽ ഒരാൾ.സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നു.
അനിൽ ജോസഫ് രാമപുരം
നന്ദിത ( ജനനം; 1969 മെയ് 21- മരണം: 1999 ജനുവരി 17)
മലയാള ഭാഷയ്ക്കും, സാഹിത്യത്തിനും കാവലാളായി മാറിയ, പ്രശസ്ത കവയിത്രി സുഗത കുമാരിയുടെയും, കവി അനില്‍ പനച്ചൂരാന്റെയും അകാല വിയോഗത്തിനാണ്, മലയാളികൾ ഈ കഴിഞ്ഞ ദിവസങ്ങളിൽ മൂകസാക്ഷികളായത്. ഈ മഹത് വ്യക്തികൾ ജീവിച്ചിരുന്നപ്പോൾ, കവിതകളിലൂടെ സാഹിത്യത്തെ ഉപാസിക്കുകയും, പ്രവൃത്തികളിലൂടെ മനുഷ്യത്വത്തെ മുറുകെപിടിക്കുകയും ചെയ്തിരുന്ന, അസാധാരണ വ്യക്തിത്വത്തിന് ഉടമകളായിരുന്നു. എന്നാൽ, ജീവിച്ചിരുന്ന കാലമത്രയും ആരോരും അറിയാതെ, ഒരു സാധാപെൺകുട്ടിയായി ജീവിക്കുകയും, പിന്നീട് മരണശേഷം മലയാളസാഹിത്യം വാനോളം വാഴ്ത്തിയ ഒരു കവയത്രിയുടെ ഇരുപത്തിയൊന്നാം ചരമവാർഷികമാണ് ഈ മാസം പതിനേഴാം തീയതി, അവളുടെ പേരാണ് നന്ദിത !.
നന്ദിത, അവൾ ഒരു ചിത്രശലഭമായിരുന്നു. പലവർണങ്ങൾ ചിറകിൽ ഒളിപ്പിച്ച ചിത്രശലഭം. പക്ഷേ, ആ വർണ്ണങ്ങൾ ഒന്നിൽ മരണത്തിന്റെ കറുപ്പും ഉണ്ടായിരുന്നത് അധികമാർക്കും അറിയില്ലായിരുന്നു. നന്ദിത ജീവിതത്തിന് പലതും നിഷേധിച്ചാണ് കടന്നു പോയത്. എഴുതാന്‍ ബാക്കി വെച്ച വരികളായും, കൊടുക്കാതെ ഹൃദയത്തിന്റെ ഒരു കോണില്‍ സൂക്ഷിച്ച പ്രണയമായും, പിടിതരാത്ത മരണത്തിന്റെ ദുരൂഹതയായും, അങ്ങനെ പലതും ബാക്കി വെച്ച്, ഇരുട്ടിന്റെ മറവിലേക്ക് ആ ചിത്രശലഭം തന്റെ തൂലികയുമായി പറന്നുപോയി.
മനുഷ്യജീവിതത്തോട് ഇത്രയേറെ പ്രണയമുണ്ടായിരുന്ന നന്ദിത ജീവിതത്തിന്റെ ഏതു ഘട്ടത്തില്‍ വെച്ചാണ് മരണത്തെ പ്രണയിച്ചു തുടങ്ങിയതെന്ന് അവളുടെ വീട്ടുകാർക്കോ, സുഹൃത്തുകള്‍ക്കോ അറിയില്ല. അതോ, ഏറെ പരാജയപ്പെടുത്താന്‍ ശ്രമിച്ചിട്ടും പുഞ്ചിരിയോടെ മാത്രം ജീവിതത്തെ സ്വീകരിച്ച നന്ദിതയോട്, മരണം അതിന്റെ കറുത്ത ചിറകുകള്‍ വിരിച്ച് പ്രണയിക്കുകയായിരുന്നോ?
1969 മെയ് 21-ന് വയനാട് ജില്ലയിലെ മടക്കിമലയില്‍ ശ്രീധരമേനോന്റെയും പ്രഭാവതി.എം.മേനോന്റെയും മകളായാണ് നന്ദിതയുടെ ജനനം. ഗവ. ഗണപത് മോഡല്‍ ഗേള്‍സ് ഹൈസ്‌കൂള്‍, ചാലപ്പുറം, ഗുരുവായൂരപ്പന്‍ കോളേജ് , ഫാറൂഖ് കോളേജ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റ്, മദര്‍ തെരേസ വിമന്‍സ് യൂണിവേഴ്‌സിറ്റി, ചെന്നൈ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പഠനത്തില്‍ മികവ് പുലര്‍ത്തിയ നന്ദിത വയനാട് ജില്ലയിലെ തന്നെ മുട്ടില്‍ ഡബ്ലു.എം.ഒ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ അധ്യാപികയായി ജോലിയില്‍ പ്രവേശിച്ചു.
ജനുവരി പതിനേഴാം തീയതി രാത്രി, പതിവുപോലെ അത്താഴവും കഴിഞ്ഞ്,
കിടക്കാന്‍ പോകുന്നതിനു മുന്‍പ് അമ്മയോടു നന്ദിത പറഞ്ഞു: ‘ അമ്മേ ഒരു ഫോണ്‍ വരും. ഞാന്‍ തന്നെ അറ്റന്റു ചെയ്തുകൊള്ളാം’. എന്നാൽ, ആ ഫോണ്‍ കോള്‍ വന്നതായി ആ വീട്ടിൽ ആരും കേട്ടില്ലാ !. അര്‍ദ്ധരാത്രി എന്തിനോ വേണ്ടി അമ്മ ഡ്രോയിംഗ് റൂമിലേയ്ക്കു വന്നപ്പോഴേക്കും കോണിപ്പടിയില്‍ സാരിത്തുമ്പില്‍ തൂങ്ങി നന്ദിത ആത്മഹത്യചെയ്തു കഴിഞ്ഞിരുന്നു.
മരണശേഷം വളരെ നാളുകൾ കഴിഞ്ഞാണ്, ഒരു ഡയറിയില്‍ ആരേയും കാണിക്കാതെ നന്ദിത കുറിച്ചിട്ടിരുന്ന കവിതകള്‍ അച്ഛനും അമ്മയും കണ്ടത്. ആ കവിതകൾ അവർ ഡോ.എം.എം.ബഷീറിനെ കാണിച്ചു. അദ്ദേഹം മുന്‍കൈയെടുത്താണ് ‘നന്ദിതയുടെ കവിതകള്‍’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചത്.
ചോരകിനിയുന്നാ പ്രണയവും, മരണത്തിന്റെ ഗന്ധവുമാണ് നന്ദിതയുടെ കവിതകള്‍ക്ക്. ഇന്നും, കേരളത്തിലെ പല കോളേജ് വരാന്തകളിലെ ചുവരുകളില്‍ കോറിയിട്ട വരികളില്‍, മിക്കതും നന്ദിതയുടേതാണ്. പ്രണയിക്കുവാനായി ലേഖനങ്ങളിൽ പലരും ഇന്ന് എഴുതുന്ന അക്ഷരങ്ങൾ, അവളിൽ നിന്ന് കടം കൊണ്ടവയാണ്. ഫേസ്ബുക്ക്, സ്നാപ്പ്ചാറ്റ്, വാട്സ്ആപ് തുടങ്ങിയ മീഡിയകളിൽ നന്ദിതയുടെ കവിതകള്‍ക്ക് ആരാധകര്‍ ഏറെയാണ്. കടലാസുകളില്‍ നിന്ന് മാഞ്ഞുതുടങ്ങിയപ്പോഴേക്കും നന്ദിതയുടെ വരികള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച് ആരാധകര്‍ ഇപ്പോഴും നന്ദിതയെ ഓര്‍ക്കുന്നു. നന്ദിത എന്ന എഴുത്തുകാരിയുടെ വരികള്‍ രണ്ടു പതിറ്റാണ്ടിനു ശേഷവും, അതേ തീക്ഷ്ണതയില്‍ നിലകൊളളുന്നു എന്നാണ് ഇതിൽ നിന്നൊക്കെ മനസിലാകുന്നത്.
പ്രണയത്തിനും മരണത്തിനും അതിമനോഹരമായ കാവ്യഭാഷ നല്‍കിയ കവയിത്രിയായിരുന്നു നന്ദിത. കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപിക, ലൈബ്രറിയില്‍ പുസ്തകങ്ങള്‍ തിരഞ്ഞെടുത്ത് കുറിപ്പുകള്‍ തയ്യാറാക്കുന്ന നല്ലൊരു വായനക്കാരി, ഇങ്ങനെയൊക്കെയാണ് ഡബ്ലു.എം.ഒ കോളേജ് നന്ദിതയെ ഓര്‍ക്കുന്നത്. അതിനാൽ, എല്ലാ വര്‍ഷവും മുടങ്ങാതെ കോളേജില്‍ തങ്ങളുടെ പ്രിയപ്പെട്ട ടീച്ചറുടെ ചരമവാര്‍ഷികം അവർ ആചരിക്കുന്നു.
കണ്ണില്‍ അസാധാരണമായ തിളക്കവും ആകർഷണീയമായ സൗന്ദര്യമുണ്ടായിരുന്നു നന്ദിതയ്ക്ക്. എന്നിട്ടും, അവളുടെ കവിതകളുടെ സ്ഥായീ ഭാവം വിഷാദമായിരുന്നു. സില്‍വ്യാ പ്ലാത്ത്, വെര്‍ജീനിയ വൂള്‍ഫ്, ആന്‍ സെക്റ്റണ്‍, ഇങ്ങനെ നീണ്ടുപോകുന്ന ആത്മഹത്യചെയ്ത എഴുത്തുകാരികളുടെ നിരയില്‍ നന്ദിതയുടെ പേരും ചേര്‍ക്കപ്പെട്ടു. ഏറെ പ്രിയപ്പെട്ട കവിത തന്നെയാണ് തന്റെ വിഷാദത്തിന് ചിറക് നല്‍കാന്‍ ആ ചിത്രശലഭം തിരഞ്ഞെടുത്തതും. അല്ലങ്കിൽ ഒരുപക്ഷേ, കവിതയുടെ മായാ ലോകത്ത് സ്വയം അലിഞ്ഞുതീരാൻ അവൾ കൊതിച്ചിരുന്നേക്കാം.
നന്ദിത തന്റെ കവിതകളിൽ കണ്ടത് മരണത്തിന്റെ വേരുകളായിരുന്നു . 1989-ല്‍ നന്ദിത എഴുതിയ ഒരു കവിത ഇങ്ങനെ;
‘ പുറത്തു നിന്നിഴഞ്ഞെത്തുന്ന അന്തിവെളിച്ചം
എന്തിനെന്നെ വിലക്കുന്നു…
വിദ്വേഷം നിറഞ്ഞ കണ്ണുകള്‍ക്ക് താഴെ
പുഞ്ചിരിക്കുന്ന ചുണ്ടുകളില്ലാത്തൊരു ലോകത്തിലേക്ക്
എനിക്ക് രക്ഷപ്പെടണം
ചുറ്റും അരിച്ചു നടക്കുന്ന പാമ്പുകളേയും
മൂളിപ്പറക്കുന്ന കൊതുകുകളെയും തട്ടിമാറ്റി
ഞാന്‍ യാത്രയാരംഭിക്കട്ടെ…
എന്റേ വേരുകള്‍ തേടി.’
അതീവലളിതമായ ഭാഷയും സങ്കീര്‍ണ്ണമായ ആശയങ്ങളുമാണ് നന്ദിതയുടെ കവിതയെ എത്ര വായിച്ചാലും മതിവരാത്ത ഒന്നായിത്തീര്‍ക്കുന്നത്. എന്തു കൊണ്ടാണ് നന്ദിത മരണമെന്ന ലോകത്തെ സ്വപ്നം കണ്ടിരുന്നുവെന്നത് ഇപ്പോഴും വ്യക്തമല്ല. ഈ ലോകത്തെ ഒരു തടവറയായാണോ നന്ദിത കണ്ടിരുന്നത്? തന്റെ ചിന്തകളുടെ തടവുകാരിയായിരുന്നു നന്ദിത.
‘ നിന്റെ പുഞ്ചിരിയില്‍ എന്റെ കണ്ണീരുറയുന്നതും
നിന്റെ നിര്‍വ്വികാരതയില്‍ ഞാന്‍ തളരുന്നതും
എന്റ് അറിവോടു കൂടിത്തന്നെയായിരുന്നു.
എനിക്ക് രക്ഷപ്പെടണമെന്നുണ്ടായിരുന്നു
പക്ഷേ…
ഞാന്‍ തടവുകാരിയായിരുന്നു
എന്റെ ചിന്തകളുടെ;’ -(1989)
കോഴിക്കോട് ഫാറൂക്ക് കോളേജില്‍ പഠിക്കുന്ന സമയത്ത് ജന്മദിനത്തില്‍ തന്റെ സ്വകാര്യ ഡയറിയില്‍ നന്ദിത കുറിച്ചിട്ട വരികള്‍ ഇങ്ങനെയായിരുന്നു ;
‘എന്റെ ജന്മദിനം എന്നെ അസ്വസ്ഥയാക്കുന്നു
അന്ന്…ഇളം നീല വരകളുളള വെളുത്ത കടലാസ്സില്‍
നിന്റെ ചിന്തകള്‍ പോറി വരച്ച്
എനിക്ക് നീ ജന്മസമ്മാനം തന്നു.
തീയായിരുന്നു നിന്റെ തൂലികത്തുമ്പില്‍ എന്നെ ഒരുക്കാന്‍ പോന്നവ
അന്ന്, തെളിച്ചമുളള പകലും
നിലാവുളള രാത്രിയുമായിരുന്നു.
ഇന്ന് സൂര്യന്‍ കെട്ടുപോവുകയും
നക്ഷത്രങ്ങള്‍ മങ്ങി പോവുകയും ചെയ്യുന്നു
കൂട്ടുകാരൊരുക്കിയ പൂച്ചെണ്ടുകള്‍ക്കും
അനിയന്റെ ആശംസകള്‍ക്കും
അമ്മ വിളമ്പിയ പാല്‍ പായസത്തിനുമിടയ്ക്ക്
ഞാന്‍ തിരഞ്ഞത്
നിന്റെ തൂലികയ്ക്ക് വേണ്ടിയായിരുന്നു
നീ വലിച്ചെറിഞ്ഞ നിന്റെ തൂലിക.
ഒടുവില്‍ പഴയപുസ്തകക്കെട്ടുകള്‍ക്കിടയ്ക്കു നിന്ന്
ഞാനാ തൂലിക കണ്ടെടുത്തപ്പോള്‍
അതിന്റെ തുമ്പിലെ അഗ്നി
കെട്ടുപോയിരുന്നു’ – (1988).
ഇംഗ്ലീഷിലും മലയാളത്തിലുമായിരുന്നു നന്ദിത കവിതകൾ എഴുതിയിരുന്നത്. മരണശേഷം കണ്ടെടുത്ത ഡയറിക്കുറിപ്പില്‍ രേഖപ്പെടുത്തിയതനുസരിച്ച് 1987-ലാണ് നന്ദിത ഇംഗ്ലീഷില്‍ ആദ്യത്തെ കവിതയെഴുതിയത്.
‘the touch of affection
the aching need of what i sought
leaves me out of all the fairs
my mask, too fine and serene,
my smile ugly, words worthless,
the massk is torn to pieces.
still i wear a self-conscious laugh
facing the world out of its beauty
to frown with disdain’ -( 1987)
ഇന്ന്, വയനാട്ടിലെ മടക്കിമലയിലെ വീടിനരികില്‍, അമ്മ നട്ടുവളർത്തിയ പവിഴമല്ലിയുടെയും, പാരിജാതത്തിന്റെയും തണലില്‍ നന്ദിത ഉറങ്ങുകയാണ്. എന്നും തിളങ്ങിയിരുന്ന ആ കണ്ണുകള്‍ അടച്ച്. പതിയെ വീശുന്ന കാറ്റിനും, അതില്‍ താഴെ പതിക്കുന്ന പൂക്കള്‍ക്കും ചോദിക്കാനുളളത് ഇത്ര മാത്രം, എന്തിനായിരുന്നു ചിത്രശലഭമേ നീ ഇത്രയും നേരത്തെ പോയത് !
ലേഖകൻ, അനിൽ ജോസഫ് രാമപുരം, അയർലൻഡിലെ, കിൽക്കനിയിൽ, ഭാര്യയും, മോളുമായി, താമസിക്കുന്നു.