Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

മാധ്യമങ്ങളിലൂടെ ഔദ്യോഗിക വിവരങ്ങൾ പങ്കുവയ്ക്കുന്നത് പലപ്പോഴും വിവാദങ്ങൾ വിളിച്ചുവരുത്താറുണ്ട്. വാട്സ്ആപ്പ് പോലുള്ള ആപ്പുകൾ ഉപയോഗിക്കുന്നത് കടുത്ത സുരക്ഷാ വീഴ്ചയുടെ ഔദ്യോഗിക രഹസ്യങ്ങൾ ചോരുന്നതിനും ഇടയാക്കുന്ന ആക്ഷേപം നേരത്തെ തന്നെയുണ്ട്. ബ്രിട്ടൻ ഔദ്യോഗിക ആവശ്യങ്ങൾക്ക് മന്ത്രിമാർ വാട്സ്ആപ്പ് ഉപയോഗിക്കുന്നതിന് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നേരത്തെയുള്ളത് ഔദ്യോഗിക കാര്യങ്ങൾക്കായി സ്വകാര്യ ഇമെയിൽ ഉപയോഗിക്കുന്നതിനെക്കുറിച്ച് 2013 – ൽ പുറത്തിറക്കിയ മാർഗ്ഗരേഖയായിരുന്നു.

മന്ത്രിമാരും സർക്കാർ ഉദ്യോഗസ്ഥരും സ്വകാര്യ സന്ദേശങ്ങൾ അയക്കാൻ ആപ്പുകൾ ശ്രദ്ധയോടെ ഉപയോഗിക്കണമെന്നും ഒരിക്കലും രഹസ്യം എന്ന വിഭാഗത്തിൽ പെടുത്താവുന്ന വിവരങ്ങൾ പങ്കുവയ്ക്കാൻ വാട്സ്ആപ്പ് പോലുള്ള ആപ്ലിക്കേഷൻ ഉപയോഗിക്കരുതെന്നും മാർഗരേഖയിൽ ചൂണ്ടിക്കാണിക്കുന്നു. കോവിഡ് മഹാമാരിയുടെ കാലത്ത് സുപ്രധാന തീരുമാനങ്ങൾ ചർച്ച ചെയ്യാൻ വാട്സ്ആപ്പ് ഉപയോഗിച്ചതിനെതിരെ വ്യാപകമായ വിമർശനങ്ങൾ ഉയർന്നു വന്നിരുന്നു.

ബ്രിട്ടനിൽ കോവിഡ് ഏറ്റവും കൂടിയ നിന്ന സമയത്ത് അന്നത്തെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ കോക്കും മറ്റു മന്ത്രിമാരും ഉദ്യോഗസ്ഥരും തമ്മിൽ അയച്ച ഒരു ലക്ഷത്തിലധികം സന്ദേശങ്ങൾ ലഭിച്ചതായി ഡെയിലി ടെലഗ്രാം പത്രം വെളിപ്പെടുത്തിയതാണ് ഈ വിഷയത്തെക്കുറിച്ച് ചൂടുപിടിച്ച ചർച്ചകൾക്ക് കാരണമായത്. ക്യാബിനറ്റ് ഓഫീസ് പുറത്തിറക്കിയ പുതിയ മാർഗനിർദേശം മന്ത്രിമാർ , പ്രത്യേക ഉപദേഷ്ടാക്കൾ, ഉദ്യോഗസ്ഥർ, മന്ത്രിമാരുടെ ഉപദേഷ്ടാക്കൾ എന്നിവർക്ക് ബാധകമാണ്. വാട്സ്ആപ്പ് , സിഗ്നൽ , ഫെയ്സ്ബുക്ക് പോലുള്ള സമൂഹമാധ്യമങ്ങളുടെ ഉപയോഗം ഔദ്യോഗിക ആവശ്യങ്ങൾക്കായി പരമാവധി കുറയ്ക്കണമെന്ന് മാർഗരേഖയിൽ നിഷ്കർഷിച്ചിട്ടുണ്ട്. ഔദ്യോഗിക സന്ദേശങ്ങൾ കൈമാറുന്നതിന് സർക്കാർ സംവിധാനങ്ങൾ ഉപയോഗിക്കുന്നതാണ് അഭികാമ്യം. രഹസ്യം അല്ലെങ്കിൽ അതീവ രഹസ്യം എന്നിങ്ങനെ തരംതിരിച്ചിരിക്കുന്ന വിവരങ്ങൾ ഒരുവിധത്തിലും സ്വകാര്യ ആപ്പുകൾ ഉപയോഗിക്കാൻ പാടില്ല.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: നോട്ടിംഗ്ഹാമിൽ ബോക്സിങ് മത്സരത്തിനിടയിൽ പരിക്കേറ്റ മലയാളി വിദ്യാർത്ഥി മരണത്തിന് കീഴടങ്ങി. നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റിയിൽ പഠിക്കുന്ന കോട്ടയം സ്വദേശിയായ ജുബൽ റെജിയാണ് മരണമടഞ്ഞത്. ബോക്‌സിംഗ് മത്സരത്തിനിടയിലാണ് പരിക്കേറ്റത്. ഇയാളുടെ മാതാപിതാക്കൾ അബുദാബിയിൽ നിന്ന് യുകെയിൽ എത്തിയിട്ടുണ്ടെന്നാണ് ഏറ്റവും ഒടുവിലായി പുറത്തുവരുന്ന റിപ്പോർട്ട്. കോട്ടയം സ്വദേശികളാണ് കുടുംബം.

മാർച്ച് 25 ശനിയാഴ്ചയാണ് ചാരിറ്റി ബോക്‌സിംഗ് മത്സരം നടന്നത്. ജുബൽ റെജിയ്ക്ക് അടിയന്തിര വൈദ്യസഹായം ലഭ്യമാക്കിയിരുന്നു .ബോക്‌സിംഗ് മത്സരത്തിന്റെ ആദ്യ രണ്ട് റൗണ്ടുകളിലും വിദ്യാർത്ഥി വിജയിക്കുകയും മൂന്നാം റൗണ്ടിൽ പരിക്കേൽക്കുകയുമായിരുന്നു. സംഭവത്തെത്തുടർന്ന് പാരാമെഡിക്കുകൾ ഉടൻ തന്നെ എത്തിച്ചേർന്നു. തുടർന്ന് ആംബുലൻസിൽ ക്വീൻസ് മെഡിക്കൽ സെന്ററിലേക്ക് കൊണ്ടുപോയി. ആവശ്യമായ എല്ലാവിധ ചികിത്സകളും ലഭ്യമാക്കാൻ വൈദ്യസംഘം ശ്രമിക്കുകയും ചെയ്‌തെങ്കിലും മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് അധികൃതർ മത്സരം നിർത്തി വച്ചിരുന്നു. പരിക്ക് പറ്റിയതിൽ സങ്കടമുണ്ടെന്നും, അപ്രതീക്ഷിതമായിട്ടാണ് സംഭവിച്ചതെന്നും അൾട്രാ വൈറ്റ് കോളർ ബോക്‌സിംഗിന്റെ വക്താവ് പറഞ്ഞു.

ജുബൽ റെജിയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ക്യാബിനറ്റ് ടീം പ്രഖ്യാപിച്ച് സ്കോട് ലൻഡ് പ്രധാനമന്ത്രി ഹംസ യൂസഫ്. ഫിനാൻസ് സെക്രട്ടറിയായി കേറ്റ് ഫോർബ്‌സിന് പകരം ഷോണ റോബിസൺ ചുമതലയേൽക്കും. റോബിസണിന് ധനകാര്യവും ഡെപ്യൂട്ടി ഫസ്റ്റ് മിനിസ്റ്ററിയും നൽകിയിട്ടുണ്ട്. മുൻ പ്രഥമ മന്ത്രി നിക്കോള സ്റ്റർജന്റെ അടുത്ത സുഹൃത്താണ് റോബിസൺ. സാമൂഹ്യനീതി സെക്രട്ടറി എന്ന നിലയിലുള്ള പ്രവർത്തന കാലയളവിൽ ലിംഗ പരിഷ്കാരങ്ങൾ അവതരിപ്പിച്ചത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. സെഷൻസ് കോടതിയിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിന് ശേഷമായിരുന്നു ക്യാബിനറ്റ് ടീമിന്റെ പ്രഖ്യാപനം.

ആരോഗ്യ സെക്രട്ടറിയായി മൈക്കൽ മാതസണും, വിദ്യാഭ്യാസ സെക്രട്ടറിയായി മുൻ ഗതാഗത മന്ത്രി ജെന്നി ഗിൽറൂത്തും ചുമതല ഏറ്റെടുത്തു. ക്യാബിനറ്റിലെ പുതുമുഖം മുപ്പത് വയസുകാരിയായ മൈരി മക്അല്ലനാണ്. ട്രാൻസിഷൻ സെക്രട്ടറിയായിട്ടാണ് നിയമനം. യൂസഫിന്റെ എസ്എൻപി നേതൃത്വ പ്രചാരണത്തിന് നേതൃത്വം നൽകിയ നീൽ ഗ്രേയും ക്യാബിനറ്റിൽ ഉണ്ട്. എസ്എൻപിയുടെ ഉപനേതാവ് കീത്ത് ബ്രൗണിന് പകരം ആഞ്ചല കോൺസ്റ്റൻസാണ് നീതിന്യായ സെക്രട്ടറി. ഒൻപതംഗ ക്യാബിനറ്റിനെയാണ് തിരഞ്ഞെടുത്തത്. റൂറൽ അഫയേഴ്സ് സെക്രട്ടറിയായി തുടരുന്ന മൈരി ഗൗജിയോൺ, വിദേശകാര്യ സെക്രട്ടറി ആംഗസ് റോബർട്ട്സൺ, ഷെർലി-ആനി സോമർവില്ലെ സോഷ്യൽ ജസ്റ്റിസ്‌ സെക്രട്ടറിയായി പ്രവർത്തിക്കുന്നു.

ബുധനാഴ്ചയാണ് ചുമതലകൾ ഉൾപ്പെടുത്തിയുള്ള അന്തിമ പട്ടിക പുറത്ത് വന്നത്. എസ് എൻ പിയുമായുള്ള പങ്കാളിത്ത കരാറിന്റെ ഭാഗമായി സ്കോട്ടിഷ് ഗ്രീൻസിന്റെ സഹ-നേതാക്കളായ പാട്രിക് ഹാർവിയും ലോർണ സ്ലേറ്ററും നിക്കോള സ്റ്റർജന്റെ കീഴിൽ അവർ വഹിച്ച ചുമതലകളിലേക്ക് വീണ്ടും നിയമിക്കപ്പെട്ടു. പരാജയപ്പെട്ട എസ്എൻപി നേതൃത്വ സ്ഥാനാർത്ഥി ആഷ് റീഗന് ഒരു ചുമതലയും നൽകിയിട്ടില്ല. മത്സരത്തിൽ യൂസഫിനോട് കഷ്ടിച്ച് പരാജയപ്പെട്ട കേറ്റ് ഫോർബ്സ് ചൊവ്വാഴ്ച സർക്കാർ വിടുന്നതായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതിനെ തുടർന്ന് യൂസഫ് നേതൃത്വപരമായ പദവികൾ കേറ്റിന് വാഗ്ദാനം ചെയ്തിരുന്നു. പുതിയ ക്യാബിനറ്റ് ടീമിൽ 40 വയസ്സിന് താഴെയുള്ള അഞ്ച് അംഗങ്ങളാണുള്ളത്. അതിൽ ഏറെയും സ്ത്രീകളുമാണ്

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ജർമ്മൻ സന്ദർശനത്തിൽ തലപ്പാവ് ധരിച്ച് മിന്നിത്തിളങ്ങി കാമില രാജ്ഞി. ചരിത്രപരമായ സന്ദർശനത്തിലായിരുന്നു രാജ്ഞി തലപ്പാവ് അണിഞ്ഞത്. അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ ഓർമ്മകളെ പ്രത്യേകം പരാമർശിക്കാനും ജർമ്മൻ ഭരണാധികാരികൾ മറന്നില്ല. ബ്രെക്‌സിറ്റിനു ശേഷം യുകെയും ജർമ്മനിയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്ന വിലയിരുത്തലിനെ തുടർന്നാണ് നീക്കം. യാത്രയുടെ ആദ്യ ദിനത്തിൽ റോയൽസിനെ സ്വാഗതം ചെയ്യുന്ന സ്റ്റേറ്റ് വിരുന്നിൽ ചാൾസ് രാജാവും രാജ്ഞിയും പങ്കെടുത്തു. ബെർലിനിലെ പ്രസിഡൻഷ്യൽ ബെല്ലെവ്യൂ കൊട്ടാരത്തിൽ നടന്ന വിരുന്നിന് ജർമ്മൻ പ്രസിഡന്റ് ഫ്രാങ്ക്-വാൾട്ടർ സ്റ്റെയ്‌ൻമിയറും ഭാര്യ എൽകെ ബ്യൂഡൻബെൻഡറും ചേർന്നാണ് ഇരുവരെയും സ്വാഗതം ചെയ്തത്.

മൂന്ന് ദിവസത്തെ പര്യടനത്തിനായി ഇന്നലെ ഉച്ചകഴിഞ്ഞാണ് ജർമ്മൻ തലസ്ഥാനമായ ബെർലിനിൽ ഇരുവരും എത്തിയത്. നഗരത്തിന്റെ പ്രതീകമായ ബ്രാൻഡൻബർഗ് ഗേറ്റിൽ സൈനിക ബഹുമതികളോടെ വൻ സ്വീകരണം ജർമ്മനി നൽകി. സന്ദർശകരെ സ്വാഗതം ചെയ്യാൻ രാജ്യത്തിന്റെ ലാൻഡ് മാർക്ക് ഉപയോഗിക്കുന്നത് ഇതാദ്യമാണ്. ജർമ്മൻ ഭരണാധികാരികളുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണത്തിൽ സമാധാനത്തിന്റെയും ഐക്യത്തിന്റെയും പ്രതീകം പരസ്പരം ഇരുവരും കൈമാറി. ജർമ്മനിയുടെയും യുകെയുടെയും ദേശീയ ഗാനങ്ങൾ ആലപിക്കുന്നതിന് മുമ്പ് പ്രശസ്തമായ ലാൻഡ്‌മാർക്കുമായി ഒരുമിച്ച് നിന്ന് ഫോട്ടോ എടുത്തതും സന്ദർശനത്തിന്റെ മാറ്റ് കൂട്ടി.

ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യാൻ പോയ ചാൾസ് രാജാവിനെ ആരാധകർ പേപ്പർ ബർഗർ കിംഗ് കിരീടം നൽകി സ്വീകരിച്ചു. സന്ദർശനത്തോടനുബന്ധിച്ച് ഇന്ന് വൈകുന്നേരം ഔദ്യോഗിക വിരുന്ന് ക്രമീകരിച്ചിട്ടുണ്ട്. രാജാവും രാജ്ഞിയും ജർമ്മനിയിൽ ഇറങ്ങിയപ്പോൾ, അവർ സഞ്ചരിച്ച ആർ എ എഫ് വോയേജർ വിമാനം ആദരസൂചകമായി ജർമ്മൻ യൂറോഫൈറ്റർ ജെറ്റുകളുടെ അകമ്പടി ഉണ്ടായിരുന്നു. രാജകീയ ദമ്പതികളുടെ സന്ദർശനത്തെ ലോകവും ഇരു രാജ്യങ്ങളും വളരെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. നിർണായക പ്രഖ്യാപനങ്ങൾക്ക് കാതോർത്തിരിക്കുകയാണ് എല്ലാവരും.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ബ്രിട്ടൻ ഇന്ന് സി പി റ്റി പി പി യിൽ അംഗമാകും. സിപി റ്റിപി പി യിൽ അംഗമാകുന്നതോടെ രാജ്യത്തെ വ്യാപാര വ്യവസായ മേഖലകളിൽ ഒട്ടേറെ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഓസ്ട്രേലിയ, ബ്രൂണെ കാനഡ, ചിലി, ജപ്പാൻ, മലേഷ്യ, മെക്സിക്കോ, ന്യൂസിലാൻഡ് , സിംഗപ്പൂർ, വിയറ്റ്നാം എന്നിവയാണ് നിലവിലെ 11 സിപി റ്റി പി പി അംഗങ്ങൾ. ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര കരാറുകളിൽ ഒന്നാണ് സിപി റ്റിപിപി . യുകെയും കൂടി ഇതിന്റെ ഭാഗമാകുന്നതിലൂടെ അംഗരാജ്യങ്ങൾക്കിടയിൽ മൊത്തം 11 ട്രില്യൺ പൗണ്ട് ജിഡിപി ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.

സി പി റ്റി പി പിയിലെ അംഗത്വം ബ്രിട്ടന് യൂറോപ്യൻ യൂണിയൻ അംഗത്വത്തിന് തുല്യമായ രീതിയിലുള്ള സാമ്പത്തിക ഉന്നമനത്തിന് കാരണമാകുമെന്നാണ് വിദഗ്ധഭിപ്രായം. ബ്രിട്ടൻ കരാറിൽ അംഗമാകുന്നതോടെ അമേരിക്കയും സിപിറ്റി പി പി യിലേക്ക് വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2017 ജനുവരിയിൽ ഡൊണാൾഡ് ട്രംപ് അധികാരത്തിൽ പ്രവേശിച്ചപ്പോൾ അമേരിക്ക പ്രസ്തുത കരാറിൽ നിന്ന് പിൻവാങ്ങിയിരുന്നു. ചൈന, തായ്‌വാൻ, ഇക്വഡോർ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളും സിപിറ്റിപിപിയിൽ ചേരാൻ അപേക്ഷിച്ചിട്ടുണ്ട്.

പുതിയ വ്യാപാര കരാർ നടപ്പിലാക്കുന്നതോടെ ബ്രിട്ടീഷ് വിപണിയിൽ ബീഫ്,പന്നിയിറച്ചി തുടങ്ങിയ ഭക്ഷണസാധനങ്ങൾക്ക് വില കുറയാനുള്ള സാധ്യത സാധാരണക്കാർക്ക് പ്രയോജനകരമാകും. വർദ്ധിച്ച വ്യാപാര അവസരങ്ങളാണ് സിപിറ്റിപിപിയിലെ അംഗത്വത്തോടെ യുകെയ്ക്ക് ലഭ്യമാകുന്നത്. അതായത് 500 ദശലക്ഷം ആളുകളുടെ വിപണിയിലേക്കാണ് രാജ്യം പ്രവേശിക്കുന്നത്. ഇത് കയറ്റുമതി വർധിപ്പിക്കുന്നതിനും സാമ്പത്തിക വളർച്ചയ്ക്കും ഇടയാക്കും.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: സഹപ്രവർത്തകരിൽ നിന്നുള്ള പീഡനം സഹിക്ക വയ്യാതെ മലയാളി സ്റ്റുഡന്റ് പോലീസ് ഓഫീസർ ജീവനൊടുക്കി. ബറിയിൽ നിന്നുള്ള അനുഗ്രഹ് എബ്രഹാം(21) ജീവനൊടുക്കിയെന്നാണ് പുറത്ത് വരുന്ന വിവരം. വംശീയപരമായ ഭീഷണിപ്പെടുത്തലിനെയും വിവേചനപരമായ പെരുമാറ്റത്തെയും തുടർന്നാണ് ജീവനൊടുക്കിയത് എന്നാണ് കുടുംബം പറയുന്നത്. മാർച്ച് 3 -ന് മാതാപിതാക്കളോടൊപ്പം പ്രഭാതഭക്ഷണം കഴിച്ചതിന് ശേഷമാണ് അനുഗ്രഹ് കാണാതാകുന്നത്. എന്നാൽ അടുത്ത ദിവസം വീടിന് സമീപമുള്ള വനപ്രദേശത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ലീഡ്‌സ് ട്രിനിറ്റി യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥിയായിരുന്നു ഇയാൾ. വെസ്റ്റ് യോർക്ക്ഷയർ പോലീസിൽ പരിശീലനം നടത്തുന്നതിനിടയിലാണ് ദാരുണമായ സംഭവം. സംസ്കാരം 2023 മാർച്ച് 23 -ന് നടന്നു. എന്നാൽ മൂന്ന് വർഷത്തെ അപ്രന്റിസ്‌ഷിപ്പ് ബിരുദത്തിന്റെ ഭാഗമായി പോലീസ് സേനയിൽ പ്ലേസ്‌മെന്റിലിരിക്കുമ്പോൾ ലഭിച്ച മോശമായ അനുഭവങ്ങളാണ് മരണത്തിനു പിന്നിലെന്ന് മാതാപിതാക്കളായ സോണിയ എബ്രഹാമും അമർ എബ്രഹാമും പറഞ്ഞു. പല ഘട്ടങ്ങളിലും അതിക്രൂര ആക്രമണങ്ങൾക്കും പീഡനങ്ങൾക്കും മകൻ ഇരയായിട്ടുണ്ടെന്നും ഇരുവരും കൂട്ടിചേർത്തു.

അനു എന്നറിയപ്പെടുന്ന അനുഗ്രഹിനെ 2022 ഒക്‌ടോബർ മുതലാണ് ഹാലിഫാക്‌സ് പോലീസ് സ്‌റ്റേഷനിൽ നിയമിച്ചത്. തുടക്കത്തിൽ അദ്ദേഹം ആവേശത്തിലായിരുന്നുവെന്ന് അദ്ദേഹത്തിന്റെ കുടുംബം പറഞ്ഞു. എന്നിരുന്നാലും, അനുവിന് പ്ലെയ്‌സ്‌മെന്റ് ആരംഭിച്ച് ആഴ്‌ചകൾക്കുള്ളിൽ തന്നെ കാര്യങ്ങൾ മാറിമാറിഞ്ഞു. മാർച്ച് 3 -ന് ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് അനുവിനെ അവസാനമായി കണ്ടതെന്ന് അടുത്ത സുഹൃത്തുക്കൾ പറയുന്നു. തുടർന്ന് പരാതിയുമായി ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസിനെ സമീപിച്ചപ്പോൾ വിവേചനപരമായിട്ടാണ് തങ്ങളോട് പെരുമാറിയതെന്നും കുടുംബം ആരോപിക്കുന്നു.

ഷിബു മാത്യു

ഇത് ചാൾസ് ആൻ്റണി. മലയാളിയാണ്. തനി കൊച്ചിക്കാരൻ. സ്പാനീഷ്, ഇറ്റാലിയൻ, ഫ്രഞ്ച്, ജർമ്മൻ, അറബിക്, ഹീബ്രു, യേശുക്രിസ്തു സംസാരിച്ച അരമിയക് തുടങ്ങി 18 വിദേശ ഭാഷകളിലായി ഗാനങ്ങൾ ആലപിച്ച് ആഗോള ശ്രദ്ധ നേടിയ അത്ഭുത പ്രതിഭ. വിദേശ ഭാഷകളെ കൂടാതെ പതിമൂന്ന് ഇന്ത്യൻ ഭാഷകളും ചാൾസിന് സ്വന്തം. തീർന്നില്ല, 2016ൽ കെ ആൻ്റ് കെ ഫൗണ്ടേഷൻ മുബൈയുടെ മൾട്ടി ടാലൻ്റഡ് സിംഗർ അവാർഡ് ജേതാവ് കൂടിയാണിദ്ദേഹം.

ബക്കിംഹാം കൊട്ടാരത്തിൽ ചാൾസ് രാജകുമാരൻ്റെ മുമ്പിൽ പാടുക എന്നതാണ് അടുത്ത ലക്ഷ്യം. അതു നേടാനാണ് ചാൾസ് യുകെയിലെത്തിയത്.

ഇതൊരു ചെറിയ മുഖവര മാത്രം. ചാൾസിനെ കൂടുതൽ അറിയാനിരിക്കുന്നതേയുള്ളൂ. ഒരു ഗായകനിലുപരി ചെറുപ്പം മുതൽ ഗിത്താറിലായിരുന്നു ചാൾസിന് താല്പര്യം. നാലാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ ഗിത്താർ പഠിച്ചു തുടങ്ങി. ജേഷ്ഠ സഹോദരൻ ജോസ് എഡ്വേർഡ് ആണ് ചാൾസിൻ്റെ ഗുരു. പഠന കാലത്ത് ഉപകരണ സംഗീത മത്സരത്തിൽ സംസ്ഥാന ലെവലിൽ വരെ നിരവധി സമ്മാനങ്ങൾ വാരിക്കൂട്ടിയിട്ടുണ്ട്. കോളേജ് വിദ്യാഭ്യാസം കഴിഞ്ഞ് ഹോട്ടൽ ഇൻഡസ്ട്രിയിൽ ജോലിയാരംഭിച്ചു. കൊച്ചിയിലെ ഹോട്ടൽ ഇൻ്റർനാഷണലിൽ ഗിത്താറിസ്റ്റ് ആയിട്ടായിരുന്നു തുടക്കം. തുടർന്ന് ഗിത്താറിനോടൊപ്പം ഗാനങ്ങളും ആലപിച്ചു തുടങ്ങി. ഈ കാലയളവിലാണ് ആംഗ്ലോ ഇന്ത്യൻ സിംഗർ കോളിൻ ഡിസൂസയുമായി പരിചയപ്പെടുന്നത്. അദ്ദേഹം വഴി താജ് മലബാർ ഹോട്ടലിലേയ്ക്ക് ഓഫർ വന്നു. അതൊരു മാറ്റത്തിൻ്റെ തുടക്കമായിരുന്നു. അവിടെ വച്ചാണ് അന്യഭാഷയിലേയ്ക്ക് തിരിയുന്നതെന്ന് ചാൾസ് പറയുന്നു.

താജിലെ ഗസ്റ്റുകൾ കൂടുതലും വിദേശീയരായതുകൊണ്ട് ഇംഗ്ലീഷ് അല്ലാതെ ഒരു ഇന്ത്യൻ ഭാഷയിലും ഗാനങ്ങൾ ആലപിക്കാൻ അനുവാദമില്ലായിരുന്നു. ഹോട്ടലിൽ എത്തുന്ന വിദേശീയരായ ഗസ്റ്റുകൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന അവരുടെ ഭാഷയിലുള്ള ഗാനങ്ങൾ പാടിയാൽ അത് കൂടുതൽ കളം പിടിക്കും എന്ന ചിന്ത ചാൾസിൽ കടന്നു കൂടി. പിന്നീടങ്ങോട്ട് അതിനുള്ള ശ്രമമായിരുന്നു. ഹോട്ടലിൽ വരുന്ന ഗസ്റ്റുകളോട് തന്നെ അവരുടെ താല്പര്യം ചോദിച്ചറിയുകയും അവരെക്കൊണ്ട് തന്നെ അവർക്കിഷ്ടപ്പെട്ട ഗാനങ്ങൾ പാടിപ്പിച്ച് അത് റിക്കൊർഡ് ചെയ്ത് പഠിച്ച് പിന്നീടൊരവസരത്തിൽ അതേ രാജ്യത്തിൽ നിന്ന് വരുന്ന മറ്റ് ഗസ്റ്റുകൾക്ക് മുമ്പിൽ പാടുമായിരുന്നു. അന്യരാജ്യത്ത് ചെല്ലുമ്പോൾ ഇഷ്ടപ്പെട്ട ഗാനം കേട്ടാൽ മനസ്സ് കുളിർക്കാത്തതാരാണ് ഈ ലോകത്തിലുള്ളത്. അതു കൊണ്ട് തന്നെ ആലാപനത്തിലുണ്ടാകുന്ന തെറ്റുകൾ വളരെ സന്തോഷത്തോടെ വരുന്ന ഗസ്റ്റുകൾ തിരുത്തി തരുമായിരുന്നുവെന്ന് ചാൾസ് പറയുന്നു. ചാൾസിനതൊരു പ്രചോദനമായി.

2003 ൽ താജ് വിട്ട് ലി മിരഡിയനിലെത്തുമ്പോൾ 6 വിദേശ ഭാഷകളിലെ നിരവധി സൂപ്പർ ഗാനങ്ങൾ ചാൾസിൻ്റെ സ്വന്തമായി. ഈ 6 രാജ്യക്കാർ ചോദിക്കുന്ന പ്രസിദ്ധമായ ഏതു ഗാനവും ഏതു സമയത്തും പാടുവാൻ തക്കവണ്ണം ചാൾസ് വളർന്നിരുന്നു. തുടർന്നുള്ള ലി മിരഡിയൻ ഹോട്ടലിലെ 5 വർഷങ്ങൾ. 6 അന്യഭാഷാ ഗാനങ്ങളിൽ നിന്ന് 18 അന്യഭാഷാ ഗാനങ്ങളിൽ വരെയെത്തി ചാൾസിൻ്റെ മുന്നേറ്റം. സ്പാനീഷ്, ഇറ്റാലിയൻ, ഫ്രഞ്ച്, ജർമ്മൻ, റഷ്യൻ, ഡച്ച്, പോർച്ച്ഗീസ്, ആഫ്രിക്കൻ, അറബിക്, ചൈനീസ്, ജാപ്പനീസ്, നേപ്പാളി, കൊറിയൻ, സിംഹളീസ്, സ്വിസ്, ക്യൂബൻ, ഹീബ്രൂ, ഒടുവിൽ യേശുക്രിസ്തു സംസാരിച്ചിരുന്ന അരമിയക് വരെയാണ് 18 വിദേശ ഭാഷകൾ. കൂടാതെ 13 ഇന്ത്യൻ ഭാഷകളിലുള്ള ഗാനങ്ങളും. ഈ കാലഘട്ടങ്ങളിൽ ചാൾസിനെ ലോകം അറിഞ്ഞ് തുടങ്ങിയിരുന്നു.

2012 ലാണ് ചാൾസിൻ്റെ ജീവിതത്തിന് പുതിയ വഴിത്തിരിവുണ്ടാകുന്നത്. ലോകം ആരാധിക്കുന്ന ഫുട്ബോൾ ഇതിഹാസം ഡിയാഗോ മറഡോണ കേരളത്തിലെത്തിയപ്പോൾ പതിനായിരക്കണക്കിന് ഫുട്ബോൾ പ്രേമികൾക്ക് നടുവിൽ മറഡോണയ്ക്ക് വേണ്ടിയും മറഡോണയോടൊപ്പവും സ്പാനീഷിൽ ഗാനങ്ങൾ ആലപിച്ചു. അന്ന് മറഡോണയുടെ ജന്മദിനമായിരുന്നു. “ബേസാമേ മൂച്ചോ” എന്ന് തുടങ്ങുന്ന സ്പാനീഷ് ഗാനമായിരുന്നു (എന്നെ ധാരാളം ചുംബിക്കൂ) മറഡോണയുടെ 52 – മത് ജന്മദിനത്തിൽ ചാൾസ് പാടിയത്. അന്യ ഭാഷയിലെ ചാൾസിൻ്റെ പ്രാവീണ്യം കണ്ട് അത്ഭുതപ്പെട്ടു പോയ മറഡോണ ചാൾസിനെ കെട്ടിപ്പിടിച്ചാശ്ലേഷിക്കുകയായിരുന്നു. പ്രാദേശീക മാധ്യമങ്ങൾ ഉൾപ്പെടെ ഇൻ്റർനാഷണൽ മാധ്യമങ്ങളിൽ വരെ ഇത് വാർത്തയായി. ബി ബി സി , ഓസ്ട്രിയൻ റേഡിയോ, ലാറ്റിൻ അമേരിക്കൻ റേഡിയോ എന്നിവയിലും സംപ്രേക്ഷണം ചെയ്തു. പിന്നീട് 2016 ൽ മറഡോണ കൽക്കത്തയിൽ എത്തിയപ്പോഴും സ്പാനീഷ്, ഇറ്റാലിയൻ, ക്യൂബൻ എന്നീ ഭാഷകളിലും ഗാനങ്ങൾ ആലപിക്കാൻ അവസരമുണ്ടായി.

ചെന്നൈയിൽ എം.ആർ.എഫ് സംഘടിപ്പിച്ച പ്രൈവെറ്റ് ഡിന്നർ പാർട്ടിയിൽ സച്ചിൻ തെണ്ടുൽക്കറിനും മാക് ഗ്രാത്തിനും മുമ്പാകെ, സൗദി അറേബ്യൻ പ്രിൻസ് പ്രിൻസ് ഫൈസൽ ഓഫ് സൗദി അറേബ്യൻ്റെ മുമ്പാകെ, ഇറ്റാലിയൻ ഫുട്ബോൾ അലസാൻത്രോ ഡൽപിയാറോയുടെ 40 – താം ജന്മദിനത്തിലൊക്കെ ഗാനങ്ങൾ ആലപിക്കുവാനുള്ള അവസരമുണ്ടായി.

മലയാളികളുടെ പ്രിയ ലാലേട്ടൻ്റെ സന്തത സഹചാരിയാണ് ചാൾസ്. ബോളിവുഡ് താരം സൽമാൻ ഖാൻ്റെ സഹോദരൻ അർബാസ് ഖാൻ്റെ ജന്മദിനം ലാലേട്ടൻ്റെ വീട്ടിൽ ആഘോഷിച്ചപ്പോൾ അവിടെയും ചാൾസ് പാടി. പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വതീയൻ പാത്രിയർക്കീസ് ബാവയോടൊപ്പം ചേർന്ന് യേശു ക്രിസ്തു സംസാരിച്ചിരുന്നു എന്ന് വിശ്വസിക്കുന്ന അരമിയക് ഭാഷയിൽ “അബുൻ ദ ബശ് മായോ” (സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥനയുടെ ഗാനരൂപം) എന്ന ഗാനം പാടാൻ സാധിച്ചതും ജനശ്രദ്ധ നേടിയിരുന്നു. ഫെബ്രുവരിയിൽ തിരുവനംന്തപുരം ചന്ദ്രശേഖർ നായർ സ്‌റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത കെ . ആർ ഗൗരിയമ്മ അവാർഡ് ദാന ചടങ്ങിൽ ലോക പ്രശസ്തനായ ക്യൂബൻ റവലൂഷ്യനറി ലീഡർ ചെകുവരയുടെ മകൾ ഡോ. അലൈഡാ ചെകുവരയോടൊപ്പം ക്യൂബൻ ഗാനങ്ങൾ പാടിയതും , രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ നടന്ന “ലഞ്ച് വിത്ത് രാഹുൽ” എന്ന പാർട്ടിയിൽ പാടിയതും സമീപ കാലത്തു നടന്ന എടുത്തു പറയേണ്ട സംഭവങ്ങളാണ്. വേൾഡ് മലയാളി കൗൺസിൽ യു എസ്സിലെ ന്യൂജേഴ്സിയിൽ വെച്ച് ഡെഡിക്കേറ്റഡ് സർവ്വീസ് റ്റു ദ വേൾഡ് ഓഫ് മ്യൂസിക് എന്ന ബഹുമതി നൽകി ആദരിക്കുകയാണിപ്പോൾ.

സംഗീത ലോകത്ത് മുപ്പത് വർഷത്തെ പരിചയസമ്പത്തുള്ള ചാൾസ് ആൻ്റണി യുകെയിൽ സ്ഥിരതാമസത്തിനൊരുങ്ങുകയാണ്. മാർച്ച് 31ന് ലിവർപൂളിലെ പ്രസിദ്ധമായ ക്രോസ് കീസ് പബ്ബിൽ ചാൾസ് ആൻ്റണിയുടെ യുകെയിലെ ആദ്യ പ്രോഗ്രാം നടക്കും. കുടിലിൽ എൻ്റർടൈൻമെൻ്റ് നടത്തുന്ന ഈ പ്രോഗ്രാമിൽ നിന്ന് ലഭിക്കുന്ന തുക പൂർണ്ണമായും ചാരിറ്റി പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നു. വൈകിട്ട് 7 മണിക്ക് നടക്കുന്ന ലൈവ് പ്രോഗ്രാം പത്ത് പൗണ്ട് ടിക്കറ്റ് മൂലം നിയന്ത്രിച്ചിരിക്കുകയാണ്. ചാൾസ് ആൻ്റണിയുടെ യുകെയിലെ ആദ്യ ലൈവ് പ്രോഗ്രാം കാണാൻ യുകെയിലെ എല്ലാ സംഗീതാസ്വാദകരേയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

കഠിനമായി പരിശ്രമിച്ചു വളർന്നു വരുന്ന ഒരു കലാകാരൻ്റെ സ്വപ്നം പൂവണിയട്ടെ.
അദ്ദേഹത്തിന് ബക്കിംഹാം പാലസിൽ പാടാനുള്ള അവസരമൊരുങ്ങട്ടെ. മലയാളം യുകെ ന്യൂസിൻ്റെ ആശംസകൾ നേരുന്നു.

ചാൾസ് ആൻ്റണിയെ ആർക്കും ഏത് സമയത്തും വിളിക്കാം.
Mobile # 07767595563

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: നിയമം ലംഘിക്കുന്നവരെ എന്ത് വില കൊടുത്തും യുകെയിൽ നിന്ന് നാടുകടത്താൻ യുകെ സർക്കാർ തീരുമാനിച്ചതോടെ 2023 ജനുവരി മുതൽ വർധിപ്പിച്ച ഹോം ഓഫീസ് റെയ്ഡ് നിത്യസംഭവമായി മാറിയിരിക്കുകയാണ്. കഴിഞ്ഞയാഴ്ച സ്റ്റോക്ക് ഓൺ ട്രെന്റിൽ നടന്ന ഇമിഗ്രേഷൻ റെയ്ഡിനിടെ മൂന്ന് മലയാളികൾ അറസ്റ്റിലായിരുന്നു. തുടർന്ന് ഇവരെ തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഇപ്പോൾ പുറത്ത് വരുന്ന വിവരം അനുസരിച്ച് ഇവരെ കേരളത്തിലേക്ക് തിരിച്ചയക്കാനാണ് ആഭ്യന്തരവകുപ്പിന്റെ നീക്കം. നാട്ടിൽ നിന്ന് വിദ്യാർത്ഥികളുടെ ബന്ധുമിത്രാദികൾ ബന്ധപ്പെട്ടതിനെ തുടർന്ന് യുകെയിലുള്ള മലയാളി അഭിഭാഷകൻ നിയമപരമായ ഇടപെടലുകൾ നടത്തുന്നുണ്ട്.

അറസ്റ്റിലായ മലയാളികൾ സ്റ്റോക്ക് ഓൺ ട്രെന്റിലെ മലയാളി കെയർ ഏജൻസിയിൽ ജോലി ചെയ്തിരുന്നതിനാൽ നിയമം ലംഘിച്ചതിന് രണ്ട് ഏജൻസികൾക്കും പിഴ ചുമത്താനും സാധ്യതയുണ്ട്. കഴിഞ്ഞ വർഷം, സ്റ്റോക്ക്-ഓൺ-ട്രെന്റിൽ നടന്ന ഹോം ഓഫീസ് റെയ്ഡുകളുടെ പശ്ചാത്തലത്തിൽ ധാരാളം വിദ്യാർത്ഥികൾ രാജ്യം വിട്ടുപോയതായി റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ മെച്ചപ്പെട്ട ജീവിത നിലവാരം എന്ന സ്വപ്‍നത്തെ തുടർന്നാണ് നിരവധി ആളുകൾ മടങ്ങിയെത്തുന്നത്. ഏജൻസികൾ തമ്മിലുള്ള പ്രശ്നങ്ങൾ പരാതിയിലേക്ക് നീങ്ങുന്നതാണ് റെയ്ഡുകൾ തുടർച്ചയായി ഉണ്ടാകുവാൻ കാരണം.

ഹോം സെക്രട്ടറി സുല്ല ബ്രാവർമാന്റെ കടുത്ത തീരുമാനമാണ് റെയ്ഡുകൾക്ക് പിന്നിലെന്നും വിമർശനമുണ്ട്. ആഭ്യന്തര സെക്രട്ടറി സുല്ല ബ്രൂവർമാൻ കടുത്ത നിലപാടാണ് സ്വീകരിച്ചതെന്ന് മനസ്സിലാക്കിയതോടെ എന്ത് വിലകൊടുത്തും ആയിരക്കണക്കിന് ആളുകളെ യുകെയിൽ നിന്ന് നാടുകടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോൾ ഹോം ഓഫീസ് പ്രവർത്തിക്കുന്നത്. ഇതിനെ തുടർന്ന് ആഴ്ചയിൽ രണ്ട് മണിക്കൂറിലധികം ജോലി ചെയ്തതിന് അറസ്റ്റിലായ രണ്ട് വിദ്യാർത്ഥികളും ആശ്രിതരിൽ ഒരാളും നാടുകടത്തൽ ഭീഷണി നേരിടുകയാണ്. മാനുഷിക പരിഗണന നൽകി വിഷയം പുനഃപരിശോധിക്കണമെന്ന് ഒരു മലയാളി അഭിഭാഷകൻ നൽകിയ അപ്പീലിൽ പറയുന്നു. ഇക്കാര്യത്തിൽ ആഭ്യന്തരവകുപ്പ് അനുകൂല നിലപാട് സ്വീകരിക്കുമോയെന്ന് കണ്ടറിയണം.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടന്‍: ഫോണ്‍ ചോര്‍ത്തല്‍ ഉള്‍പ്പെടെയുള്ള സ്വകാര്യതാ ലംഘനങ്ങള്‍ നടത്തിയെന്ന് ബ്രിട്ടീഷ് മാധ്യമ സ്ഥാപനമായ അസോസിയേറ്റഡ് ന്യൂസ് പേപ്പേഴ്‌സിനെതിരെ നല്‍കിയ കേസില്‍ ഹാരി രാജകുമാരനും പ്രമുഖ ഗായകനായ എല്‍ട്ടണ്‍ ജോണും ഹൈക്കോടതിയില്‍ ഹാജരായി. ഡെയ് ലി മെയില്‍ പത്രത്തിനെതിരെ ഉയര്‍ന്ന ആരോപണത്തില്‍ പ്രസാധകരെന്ന നിലയിലാണ് അസോസിയേറ്റഡ് ന്യൂസ് പേപ്പേഴ്‌സിനെതിരെ ഹാരിയെയും എല്‍ട്ടണെയും കൂടാതെ നടി സേഡി ഫ്രോസ്റ്റ്, ലിസ് ഹാര്‍ലി, ഡേവിഡ് ഫര്‍ണിഷ് എന്നിവര്‍ നിയമ പോരാട്ടം നടത്തുന്നത്.

ലാന്‍ഡ് ഫോണുകളിലെ സംഭാഷണം ചോര്‍ത്തിയെന്നതിനു പുറമേ വോയിസ് മെസേജുകള്‍ കേള്‍ക്കുകയും ഫോണ്‍ ബില്ലുകളും ആരോഗ്യ വിവരങ്ങളും പണമിടപാടുകളും ചോര്‍ത്തിയെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ‘സംശയവും സംശയ രോഗവും’ പത്രത്തിന്റെ ആര്‍ട്ടിക്കിളുകളില്‍ കാണുന്നതായി ഹാരി പറഞ്ഞു. എന്നാല്‍, എല്ലാ ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്നാണ് പത്രത്തിന്റെ അഭിഭാഷകന്റെ വാദം.

അമേരിക്കയിലെ കലിഫോര്‍ണിയയില്‍ താമസിക്കുന്ന ഹാരി എലിസബത്ത് രാജ്ഞിയുടെ മരണശേഷം ആദ്യമായാണ് ബ്രിട്ടനിലെത്തുന്നത്. രാജകുമാരനെ കാണാന്‍ നിരവധിയാളുകള്‍ കോടതി പരിസരത്ത് എത്തിയിരുന്നു. ലാൻഡ് ഫോണുകളിലെ സംഭാഷണം ചോർത്തിയെന്നതിനു പുറമേ വോയിസ് മെസേജുകൾ കേൾക്കുകയും ഫോൺബില്ലുകളും ആരോഗ്യ വിവരങ്ങളും പണമിടപാടുകളും ചോർത്തിയെന്നും ഹർജിയിൽ ആരോപിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യുകെയിലേയ്ക്ക് മലയാളികൾ ജോലിക്കായി കൂടുതലായി എത്താൻ തുടങ്ങിയത് 2000 -മാണ്ടിന്റെ തുടക്കം മുതലാണ്. അതിനുശേഷം യുകെയിൽ അങ്ങോളമിങ്ങോളം മലയാളി കമ്മ്യൂണിറ്റികൾ ശക്തമാകുന്ന കാഴ്ചകൾ യുകെയുടെ തന്നെ ചരിത്രത്തിന്റെ ഭാഗമാണ്. ആദ്യകാല കുടിയേറ്റക്കാർ മിക്കവാറും ആരോഗ്യ മേഖലയോട് ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരായിരുന്നു.

എന്നാൽ ഇന്ന് യുകെ മലയാളികളുടെ പുതുതലമുറ ബ്രിട്ടനിലെ സമസ്ത മേഖലകളിലും തങ്ങളുടെ സാന്നിധ്യം വിളിച്ചോതുന്നതിന്റെ വാർത്തകൾ ഏറെയാണ്. അങ്ങനെയൊരു വാർത്തയാണ് ഇന്ന് മലയാളം യുകെ ന്യൂസ് അഭിമാനപൂർവ്വം വായനക്കാരിലേയ്ക്ക് എത്തിക്കുന്നത്. യുകെ മലയാളിയായ കോട്ടയം കല്ലറ മുടക്കോടിയിൽ ജൂബി എം സിയുടെയും ഞീഴൂർ ജാറക്കാട്ടിൽ രാജിയുടെ മകനായ ജെറിൻ ജൂബിയാണ് ഈ അപൂർവ നേട്ടത്തിന്റെ ഉടമ. ബ്രിട്ടീഷ് റോയൽ എയർഫോഴ്സിന്റെ ഫ്ളയിങ് ഓഫീസർ ആയിട്ടാണ് ജെറിൻ ജൂബിയ്ക്ക് ജോലി ലഭിച്ചിരിക്കുന്നത്. ഇന്ത്യയിൽ ജനിച്ച് യുകെയിൽ സ്ഥിരതാമസമാക്കിയ ഇന്ത്യക്കാരിൽ നിന്ന് ആദ്യമായാണ് ഒരാൾ ബ്രിട്ടീഷ് എയർഫോഴ്സിലെ ജോലിക്ക് അർഹനാകുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി തൻറെ സ്വപ്നസാഫല്യത്തിനായി ജെറിൻ കഠിനാധ്വാനം ചെയ്യുകയായിരുന്നു . യു കെ മലയാളികൾക്ക് അഭിമാനമായി മാറിയ ജെറിന് മലയാളം യുകെ ന്യൂസിന്റെ അഭിനന്ദനങ്ങൾ.

യുകെ മലയാളികളുടെ പുതുതലമുറ എല്ലാം മേഖലകളിലും മുന്നേറുന്നതിന്റെ അനുഭവസാക്ഷ്യങ്ങൾ ഒട്ടേറെയാണ്. ജിസിഎസ്ഇ , എ ലെവൽ പരീക്ഷകളുടെ റിസൾട്ട് വരുമ്പോൾ തദ്ദേശീയരായ വിദ്യാർത്ഥികളോടൊപ്പം കഠിനാധ്വാനത്തോടെ മത്സരിച്ച് മുന്നേറുന്ന മലയാളി വിദ്യാർത്ഥികളുടെ വിജയകഥകൾ പലവട്ടം മലയാളം യുകെ ന്യൂസ് പബ്ലിഷ് ചെയ്തിരുന്നു. യുകെയുടെ സാമൂഹിക സാംസ്കാരിക മേഖലകളിലും ഭരണനേതൃത്വത്തിലും മലയാളികൾ വെന്നിക്കൊടി പാറിക്കുന്ന കാലം വിദൂരമല്ല.

RECENT POSTS
Copyright © . All rights reserved