Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇംഗ്ലണ്ട്, വെയിൽസ് , നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിലെ എ – ലെവൽ, റ്റി – ലെവൽ, ബി ടെക് ഫലങ്ങൾ ഇന്ന് പ്രസിദ്ധീകരിക്കും. കോവിഡ് കാരണം പരീക്ഷകൾ റദ്ദാക്കിയ 2020 -നെയും 2021 – നെയും താരതമ്യം ചെയ്യുമ്പോൾ ഈ വർഷം പരീക്ഷയെഴുതിയ കുട്ടികൾക്ക് കിട്ടുന്ന ഗ്രേഡുകൾ കുറയാനുള്ള സാധ്യത ഉണ്ടെന്നാണ് പൊതുവേ വിലയിരുത്തുന്നത്. സ്കോട്ട് ലൻഡിൽ കഴിഞ്ഞ ആഴ്ച ഫലപ്രഖ്യാപനം നടത്തിയപ്പോൾ റിസൾട്ട് 2022 നേക്കാൾ കുറവായിരുന്നെങ്കിലും 2019 -നേക്കാൾ മികച്ചതായിരുന്നു.

മികച്ച സർവകലാശാലകളിലെ സീറ്റുകൾ പെട്ടെന്ന് തന്നെ മാർക്ക് കൂടുതൽ കിട്ടുന്ന വിദ്യാർത്ഥികൾ പ്രവേശനം നേടുന്നതിലൂടെ തീർന്നു പോകാനുള്ള സാധ്യത ഉണ്ടെന്ന് യൂണിവേഴ്സിറ്റി ആൻഡ് കോളേജ് അഡ്മിഷൻ സർവീസ് (യുകാസ് ) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


കോവിഡ് കാരണം 2020, 2021 വർഷങ്ങളിലെ പരീക്ഷകൾ റദ്ദാക്കിയിരുന്നു. അതാത് കുട്ടികളെ പഠിപ്പിച്ച അധ്യാപകരായിരുന്നു ആ സമയത്ത് ഗ്രേഡുകൾ നിർണ്ണയിച്ചിരുന്നത്. 2020 ലും 2021ലും മികച്ച ഗ്രേഡുകൾ കുട്ടികൾക്ക് ലഭിക്കുന്നതിന് ഇത് കാരണമായിട്ടുണ്ട്. മഹാമാരി ആരംഭിച്ചതിനുശേഷം ആദ്യമായി കഴിഞ്ഞ വർഷമാണ് വിദ്യാർത്ഥികൾ പരീക്ഷ എഴുതിയത്. ഒട്ടേറെ മലയാളി കുട്ടികളും എ – ലെവൽ, റ്റി -ലെവൽ, ബിടെക് പരീക്ഷകൾ എഴുതി ഫലം കാത്തിരിക്കുന്നുണ്ട്.

അധ്യാപക സമരങ്ങൾ മൂലം വിദ്യാർത്ഥികളുടെ ഒട്ടേറെ ക്ലാസുകൾ തടസ്സപ്പെട്ടിരുന്നു. ഈ വർഷം എ – ലെവൽ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ ജിസിഎസ്ഇ പരീക്ഷ കോവിഡ് കാരണം റദ്ദാക്കപ്പെട്ടിരുന്നു. അതിനാൽ ആ കുട്ടികൾ ആദ്യമായി എഴുതുന്ന പരീക്ഷ ആയതുകൊണ്ട് തന്നെ എ ലെവൽ പരീക്ഷകളുടെ ഫലം കാത്തിരിക്കുന്ന വിദ്യാർത്ഥികളും മാതാപിതാക്കളും വളരെ സമ്മർദ്ദത്തിലാണ്. ഈ വർഷത്തെ പരീക്ഷ നടത്തിപ്പിൽ കോവിഡ് കാലത്തെ ചില നടപടികളും ഉൾപ്പെടുത്തിയിരുന്നു. പരീക്ഷകൾക്ക് കൂടുതൽ ഇടവേളകൾ അനുവദിച്ച് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ സമ്മർദ്ദം കുറയ്ക്കാൻ ഈ പ്രാവശ്യം നടപടി എടുത്തിരുന്നു.

എന്നാൽ ഇംഗ്ലണ്ടിൽ യുകെയിലെ മറ്റു ഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമായി പരീക്ഷയ്ക്ക് വരാൻ സാധ്യതയുള്ള വിഷയ ഭാഗങ്ങളെക്കുറിച്ച് മുൻകൂട്ടി വിവരം നൽകപ്പെട്ടിരുന്നില്ല. പരീക്ഷ എഴുതി വിജയം കാത്തിരിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും മലയാളം യുകെ ന്യൂസ് ഉന്നത വിജയം ആശംസിക്കുന്നു . മികച്ച വിജയം നേടിയ വിദ്യാർത്ഥികളുടെ വിവരങ്ങൾ മലയാളം യുകെ ന്യൂസ് പ്രസിദ്ധീകരിക്കുന്നതായിരിക്കും.

ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളുടെ വിവരങ്ങൾ contactmalayalamuk @gmal.com എന്ന ഇമെയിലിലേയ്ക്ക് അയച്ചു തരണമെന്ന് അഭ്യർത്ഥിക്കുന്നു

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ആതിഥേയരായ ഓസ്ട്രേലിയയെ സെമിയിൽ മറികടന്ന് ഫിഫ വനിതാ ഫുട്ബോൾ ലോകകപ്പിൽ ഫൈനലിൽ പ്രവേശിച്ച് ഇംഗ്ലണ്ട് വനിതകൾ. വനിതാ ഫുട്ബോൾ ലോകകപ്പിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഇംഗ്ലണ്ട് ഫൈനലിൽ കടക്കുന്നത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് സെമിയിൽ ഓസീസിനെ പരാജയപ്പെടുത്തിയത്. എല്ലാ ടൂൺ, ലോറൻ ഹെംപ്, അലീസിയ റൂസ്സോ എന്നിവരാണ് ഇംഗ്ലണ്ടിന് വേണ്ടി ഗോളടിച്ചത്. ക്യാപ്റ്റൻ സാം കെരിനാണ് ഓസ്ട്രേലിയയുടെ ഏകഗോൾ നേടിയത്. ഞായറാഴ്ച നടക്കുന്ന കലാശപോരാട്ടത്തിൽ ഇംഗ്ലണ്ട് സ്പെയിനെ നേരിടും.

ഇംഗ്ലണ്ട് 36ാം മിനിറ്റിൽ എല ട്യൂണിലൂടെ മുന്നിലെത്തി. സമനില ഗോളിനായി പൊരുതിയ ഓസ്‌ട്രേലിയ 63ാം മിനിറ്റിൽ സാം കേറിന്റെ ഗോളിൽ ഒപ്പമെത്തി. വിജയഗോളിനായി ഇരുടീമുകളും ശക്തമായി പൊരുതിയപ്പോൾ മത്സരം കൂടുതൽ ആവേശമായി. 71-ാം മിനിറ്റില്‍ ഇംഗ്ലണ്ട് വീണ്ടും മുന്നിലെത്തി. ലൗറന്‍ ഹെംപാണ് ഇംഗ്ലണ്ടിനായി സ്‌കോര്‍ ചെയ്തത്. തിരിച്ചടിക്കാനുള്ള ശ്രമങ്ങള്‍ക്കിടെ ഓസ്‌ട്രേലിയ വീണ്ടും പ്രതിരോധത്തിലായി. 86-ാം മിനിറ്റില്‍ ഇംഗ്ലണ്ട് മത്സരത്തിലെ മൂന്നാം ഗോളും നേടി. അതോടെ ഫൈനൽ ബർത്തും ഉറപ്പാക്കി. കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും ഇംഗ്ലണ്ട് സെമിഫൈനലിൽ എത്തിയിരുന്നെങ്കിലും തോൽവി ആയിരുന്നു ഫലം.

സ്പെയിനും ഇത് ആദ്യമായാണ് വനിതാ ലോകകപ്പ് ഫൈനലിൽ കടക്കുന്നത്. കിരീടം ആര് നേടിയാലും അത് പുതിയ ചരിത്രമാവുമെന്നുറപ്പ്. സെമിയിൽ 2-1ന് സ്വീഡനെ തോൽപ്പിച്ചാണ് സ്പെയിൻ ഫൈനലിലെത്തിയത്. ക്യാപ്റ്റൻ ഓൽഗ കാർമോണ മത്സരത്തിന്റെ അവസാനഘട്ടത്തിൽ നേടിയ ഗോളിലാണ് സ്പെയിൻ വിജയം സ്വന്തമാക്കിയത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ലണ്ടനിലെ പ്രസിദ്ധമായ ബ്രിട്ടീഷ് മ്യൂസിയത്തിൽ നിന്നും നിരവധി വർഷങ്ങൾ പഴക്കമുള്ള പുരാവസ്തുക്കളും സ്വർണ്ണാഭരണങ്ങളും മറ്റും കാണാതായതിനെ തുടർന്ന് ജീവനക്കാരിൽ ഒരാളെ പുറത്താക്കി. ഇത് സംബന്ധിച്ച അന്വേഷണം പോലീസ് നടത്തിവരികയാണ്. യുകെയിലെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് ഈ മ്യൂസിയം. കാണാതായവയിൽ വിലപിടിപ്പുള്ള സ്വർണാഭരണങ്ങളും രത്നങ്ങളും വിലയേറിയ കല്ലുകളും മറ്റും ഉൾപ്പെടുന്നതായി മ്യൂസിയം അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. കാണാതായവയിൽ ഭൂരിഭാഗവും മ്യൂസിയത്തിലെ സ്റ്റോർ റൂമിൽ ആയിരുന്നു സൂക്ഷിച്ചിരുന്നത്. കാണാതായവ എത്രയും വേഗം തിരികെ എത്തിക്കാനുള്ള എല്ലാ പരിശ്രമങ്ങളും ഉണ്ടാകുമെന്ന് മ്യൂസിയം ഡയറക്ടർ ഹാർട്ട് വിഗ് ഫിഷർ അറിയിച്ചു.

ഇത് വളരെ അസാധാരണമായ ഒരു സംഭവമാണെന്നും, തങ്ങളുടെ സംരക്ഷണത്തിലുള്ള എല്ലാ വസ്തുക്കളുടെയും സംരക്ഷണം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സുരക്ഷാക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കിയെന്നും, നഷ്ടപ്പെട്ടവയെ സംബന്ധിച്ചുള്ള കൃത്യമായ വിലയിരുത്തലുകൾ നടന്നുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുറത്താക്കിയ ജീവനക്കാരനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മ്യൂസിയം അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. മെട്രോപൊളിറ്റൻ പോലീസിന്റെ ഇക്കണോമിക് ക്രൈം കമാൻഡ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും, സംഭവത്തിൽ ഇതുവരെയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

മ്യൂസിയത്തിലെ സുരക്ഷാക്രമീകരണങ്ങളെ സംബന്ധിച്ച് മ്യൂസിയം അധികൃതരും സ്വതന്ത്ര അന്വേഷണങ്ങൾ നടത്തിവരികയാണ്. ബിസി 15-ാം നൂറ്റാണ്ട് മുതൽ എഡി 19-ാം നൂറ്റാണ്ട് വരെയുള്ള കാലഘട്ടത്തിൽ ഉൾപ്പെടുന്നവയാണ് നഷ്ടപ്പെട്ട വസ്തുക്കൾ. ഇവയൊന്നും തന്നെ അടുത്തിടെ പ്രദർശനത്തിനായി അനുവദിച്ചിരുന്നില്ല. പ്രാഥമികമായി ഇവയൊക്കെയും അക്കാദമിക്, ഗവേഷണ ആവശ്യങ്ങൾക്കായി സൂക്ഷിച്ചിരുന്നവയാണെന്നും മ്യൂസിയം അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ വ്യക്തമായ അന്വേഷണ റിപ്പോർട്ടുകൾ വരുമെന്ന പ്രതീക്ഷയിലാണ് മ്യൂസിയം അധികൃതർ. മ്യൂസിയത്തിൽ കൂടുതൽ ശക്തമായ സുരക്ഷാസംവിധാനങ്ങൾ സജ്ജീകരിക്കുവാനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- തന്റെ ചാരിറ്റി പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ധേയനായ ക്യാപ്റ്റൻ ടോം മൂറിന്റെ മകൾക്ക് തന്റെ പിതാവിന്റെ ചാരിറ്റി ചടങ്ങുകളുമായി ബന്ധപ്പെട്ട് പങ്കെടുക്കുന്നതിന് ആയിരക്കണക്കിന് പൗണ്ട് തുക പ്രതിഫലം ലഭിച്ചതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ക്യാപ്റ്റൻ ടോം ഫൗണ്ടേഷന്റെ ഇടക്കാല ചീഫ് എക്‌സിക്യൂട്ടീവായി 2021-ലും 2022-ലും അവാർഡ് ദാന ചടങ്ങുകളിൽ മകളായ ഹാനാ ഇൻഗ്രാം-മൂർ പങ്കെടുക്കുകയും വിധികർത്താവ് ആവുകയും ചെയ്തിരുന്നു. എന്നാൽ അവരുടെ സ്വന്തം കമ്പനിയായ മെയ്‌ട്രിക്‌സ് ഗ്രൂപ്പിനാണ് ഇതിനുള്ള പെയ്മെന്റുകൾ ലഭിച്ചിരിക്കുന്നത് എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

വിർജിൻ മീഡിയ ഒ 2 ക്യാപ്റ്റൻ ടോം ഫൗണ്ടേഷൻ കണക്ടർ അവാർഡ്സിൽ അദ്ദേഹത്തിന്റെ ചാരിറ്റി സംഘടനയെ പ്രതിനിധീകരിച്ചാണ് മകൾ പങ്കെടുത്തതെങ്കിലും, ഇതിന് ലഭിച്ച പ്രതിഫലം ചാരിറ്റി സംഘടനയുടെ അക്കൗണ്ടിലേക്ക് എല്ലാം മറിച്ച് ഹാനായുടെ സ്വന്തം കമ്പനിയായ മെയ്ട്രിക്സ് ഗ്രൂപ്പിന്റെ അക്കൗണ്ടിലേക്കാണ് പോയിരിക്കുന്നതെന്ന് വ്യക്തമായ തെളിവുകൾ പുറത്തുവന്നിരിക്കുകയാണ്. ഈ അവാർഡിന് ചാരിറ്റി സംഘടനയുടെ ലോഗോയും പേരും എല്ലാം തന്നെ ഉപയോഗിച്ചിരുന്നു. ആ സമയത്ത് ചാരിറ്റി സംഘടനയുടെ താൽക്കാലിക ചീഫ് എക്സിക്യൂട്ടീവ് ആയി പ്രവർത്തിക്കുന്നതിന് ഹാനായ്കക്ക് 85000 പൗണ്ട് പ്രതിഫലവും ലഭിച്ചിരുന്നു. ഭർത്താവ് കോളിനോടൊപ്പം മെയ്ട്രിക്സിന്റെ ഉടമയായ ഹാനാ തനിക്കെതിരെയുള്ള ആരോപണങ്ങളിൽ ഇതുവരെയും പ്രതികരിച്ചിട്ടില്ല. ക്യാപ്റ്റൻ ടോം ഫൗണ്ടേഷൻ പ്രവർത്തനങ്ങളെ സംബന്ധിച്ച് ചാരിറ്റി കമ്മീഷൻ അന്വേഷണം നടത്തിവരികയാണ്.


ഹാനായുടെ പിതാവായ ക്യാപ്റ്റൻ ടോം മൂർ കോവിഡ് സമയത്ത് ചാരിറ്റി പ്രവർത്തനങ്ങളുടെ വാർദ്ധക്യത്തിലും തന്റെ ഗാർഡനിലൂടെ നിരവധി തവണ നടന്ന് എൻ എച്ച് എസിനായി 38 മില്യൻ സമാഹരിച്ച് നൽകിയിരുന്നു. വിർജിൻ മീഡിയ O2-വുമായി സ്വന്തം വാണിജ്യ ഉടമ്പടി ഉണ്ടാക്കുന്നതിന് മുമ്പ് ഹാനാ ഇൻഗ്രാം-മൂർ ഫൗണ്ടേഷന്റെ ബോർഡിൽ നിന്ന് അനുമതി വാങ്ങിയിരുന്നില്ലെന്നും പുറത്തുവന്നിരിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിലവിലെ സാഹചര്യത്തിൽ ഇത്തരത്തിൽ പണത്തിന്റെ ദുരുപയോഗം നടന്നതിനെ സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : റഷ്യൻ ചാരന്മാരെന്ന് സംശയിക്കുന്ന മൂന്ന് പേരെ യുകെയിൽ അറസ്റ്റ് ചെയ്ത് കുറ്റം ചുമത്തിയതായി റിപ്പോർട്ട്‌. നോർഫോക്ക് ഗ്രേറ്റ് യാർമൗത്തിലെ ഓർലിൻ റൂസെവ് (45), ഹാരോയിൽ നിന്നുള്ള ബിസർ ധംബസോവ് (41), കാട്രിൻ ഇവാനോവ (31) എന്നിവരാണ് അറസ്റ്റിലായത്. ഫെബ്രുവരിയിൽ കസ്റ്റഡിയിലെടുത്ത മൂവരും ഇപ്പോഴും അവിടെ തുടരുകയാണ്. കൈവശമുള്ള തിരിച്ചറിയൽ രേഖകൾ വ്യാജമാണ്. ഇവർ റഷ്യൻ സെക്യൂരിറ്റി സർവീസിന് വേണ്ടിയാണ് ജോലി ചെയ്തിരുന്നത്. യുകെ, ബൾഗേറിയ, ഫ്രാൻസ്, ഇറ്റലി, സ്‌പെയിൻ, ക്രൊയേഷ്യ, സ്ലോവേനിയ, ഗ്രീസ്, ചെക്ക് റിപ്പബ്ലിക് എന്നീ രാജ്യങ്ങളുടെ പാസ്‌പോർട്ടുകൾ, തിരിച്ചറിയൽ രേഖകൾ തുടങ്ങിയവ ഇവരുടെ പക്കൽ നിന്ന് കണ്ടെടുത്തു. ഒഫീഷ്യൽ സീക്രട്ട് ആക്ട് പ്രകാരം ഫെബ്രുവരിയിൽ അറസ്റ്റിലായ അഞ്ചു പേരിൽ ഈ മൂന്ന് പേർക്കെതിരെ ഫെബ്രുവരിയിൽ ഐഡന്റിറ്റി ഡോക്യുമെന്റ് ആക്ട് പ്രകാരം കുറ്റം ചുമത്തി.

മെട്രോപൊളിറ്റൻ പോലീസിൽ നിന്നുള്ള തീവ്രവാദ വിരുദ്ധ ഡിറ്റക്ടീവുകളാണ് ഇവരെ പിടികൂടിയത്. വൈകാതെ തന്നെ മൂവരെയും ഓൾഡ് ബെയ്‌ലി കോടതിയിൽ ഹാജരാക്കും. മൂവരും വർഷങ്ങളായി യുകെയിൽ താമസിച്ച് വിവിധ ജോലികൾ ചെയ്യുന്നു. റൂസെവിന് റഷ്യയിലെ ബിസിനസ്സ് ഇടപാടുകളുടെ ചരിത്രമുണ്ട്. ബൾഗേറിയൻ ഊർജ മന്ത്രാലയത്തിന്റെ ഉപദേശകനായി പ്രവർത്തിച്ചിരുന്നതായും പറയുന്നു.

ധംബസോവും ഇവാനോവയും ദമ്പതികളാണെന്ന് പറയപ്പെടുന്നു. മൂന്ന് പ്രതികളുടെയും വിചാരണ ജനുവരിയിൽ ലണ്ടനിലെ ഓൾഡ് ബെയ്‌ലി കോടതിയിൽ നടക്കും. പൊലീസ് ഇതുവരെയും കുറ്റപത്രം സമർപ്പിച്ചിട്ടില്ല.

ന്യൂസ് ഡെസ്ക് മലയാളം യുകെ

പത്ത് വയസ്സുകാരി സാറാ ഷെരീഫിന്റെ മരണത്തിൽ ദുരൂഹത തുടരുകയാണ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സറേയിലെ വോക്കിംഗിലുള്ള വീട്ടിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടിയുമായി ബന്ധമുണ്ടായിരുന്ന മൂന്നു പേർ രാജ്യം വിട്ടതായാണ് പോലീസ് അറിയിച്ചത്. മൃതദേഹത്തിന്റെ ഔപചാരികമായ തിരിച്ചറിയൽ ഇതുവരെ നടത്തിയിട്ടില്ല. ഹാമണ്ട് റോഡിൽ സാറയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് അന്വേഷണ ഉദ്യോഗസ്ഥർ ഇപ്പോഴും ഉണ്ട് .


നിലവിൽ സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഇന്നലെ ചൊവ്വാഴ്ച പോസ്റ്റുമോർട്ടം നടത്തുമെന്നാണ് പോലീസ് അറിയിച്ചിരുന്നത്. സാറയെ പരിചയമുള്ള മൂന്നുപേർ സംഭവത്തിനുശേഷം രാജ്യം വിട്ടതാണ് ദുരൂഹത ഉയ ർത്തുന്നത്. ഈ മൂന്നു പേരെ കണ്ടെത്താൻ വിദേശരാജ്യങ്ങളിലെ കുറ്റാന്വേഷണ ഏജൻസികളുടെ സഹായം തേടാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. സാറയുടെ മരണത്തെക്കുറിച്ച് അറിയാമെന്ന് കരുതുന്ന മൂന്നുപേരെ കുറിച്ചുള്ള ഒരു വിവരവും പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.


തന്റെ ജീവിതത്തിലെ നഷ്ടത്തിന് ഒന്നും ഒരു പരിഹാരമാവുകയില്ല എന്ന് സംഭവങ്ങളെക്കുറിച്ച് കണ്ണീരോട് സാറയുടെ അമ്മ ഓൾഗ ഷെരീഫ് മാധ്യമങ്ങളോട് പറഞ്ഞു. നേരിട്ട ദുരന്തത്തിൽ നിന്ന് മകളെ രക്ഷിക്കാനായില്ലെന്നും അവളോടൊപ്പമുള്ള നല്ല ഓർമകൾ മാത്രമേ ഇനി അവശേഷിക്കുന്നുള്ളൂ എന്നും അവർ കൂട്ടിച്ചേർത്തു . സാറയുടെ കൊലപാതകത്തിലെ പ്രതികളുമായുള്ള വിചാരണ ഒരുപക്ഷേ നീണ്ടുപോകാനുള്ള സാധ്യതകളിലേയ്ക്ക് ലണ്ടനിലെ പീറ്റേഴ്സ് ആന്റ് പീറ്റേഴ്സിലെ ലോ സ്പെഷ്യലിസ്റ്റായ അന്ന ബ്രാഡ്‌ഷോ പറഞ്ഞു. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന വിദേശ പൗരന്മാരെ കൈമാറുന്നതിൽ മിക്ക രാജ്യങ്ങളിലും വ്യത്യസ്ത നിയമങ്ങൾ നിലനിൽക്കുന്നതാണ് അതിന് കാരണമായി അവർ ചൂണ്ടി കാണിച്ചത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ടിക്ടോക്ക് വഴി ലണ്ടനിൽ കലാപാഹ്വാനം നടത്തുകയും ഓക്സ്ഫോർഡ് സ്ട്രീറ്റിൽ യുവാക്കൾ അക്രമാസക്തരാവുകയും ചെയ്ത സംഭവത്തിൽ ശക്തമായ മുന്നറിയിപ്പുമായി പൊലീസ്. അപകടകരമായ സോഷ്യൽ മീഡിയ ട്രെൻഡുകളിൽ കുട്ടികൾ വീഴുന്നത് തടയാൻ രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അസോസിയേഷൻ ഓഫ് പൊലീസ് ആൻഡ് ക്രൈം കമ്മീഷനേഴ്സിന്റെ പുതിയ അധ്യക്ഷ ഡോണ ജോൺസ് മുന്നറിയിപ്പ് നൽകി. ക്രിമിനൽ പ്രവർത്തനങ്ങൾക്ക് വഴിയൊരുക്കുന്ന സോഷ്യൽ മീഡിയ ട്രെൻഡുകളിൽ കുട്ടികൾ ഉൾപ്പെടുന്നത് തടയാൻ മാതാപിതാക്കൾ അവരോട് സംസാരിക്കണമെന്ന് ഡോണ കൂട്ടിച്ചേർത്തു. യുവാക്കൾ കുറ്റവാളികൾക്കൊപ്പം ചേർന്നാൽ മജിസ്ട്രേറ്റ് കോടതികൾ പിഴ ഈടാക്കണമെന്നും അവർ ആവശ്യപ്പെട്ടു.

ഓക്‌സ്‌ഫോര്‍ഡ് സ്ട്രീറ്റിലെ മൈക്രോസോഫ്റ്റ് സ്റ്റോറിനു മുന്‍പില്‍ വടികളുമായി എത്തിയ യുവാക്കളെ പോലീസ് തല്ലി ഓടിക്കുന്ന ദൃശ്യം കഴിഞ്ഞാഴ്ച പുറത്തുവന്നിരുന്നു. ജെ ഡി സ്‌പോര്‍ട്ട്‌സും മറ്റ് ചില സ്റ്റോറുകളും കൊള്ളയടിക്കുവാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള ഒരു പോസ്റ്റ് വിവിധ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുകയുണ്ടായി. സംഘര്‍ഷാവസ്ഥ ഉടലെടുത്തതോടെ പല കടകളും താത്ക്കാലികമായി അടച്ചിടേണ്ടി വന്നു. സമൂഹ മാധ്യമങ്ങള്‍ തീര്‍ക്കുന്ന തലവേദന എന്ന് ഈ സംഭവത്തെ വിശേഷിപ്പിച്ച ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍, അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകരുതെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

സാമൂഹ്യ വിരുദ്ധ പ്രവൃത്തികള്‍ ശക്തമായി നേരിടുമെന്നും അത്തരത്തിൽ ഉള്ളവർക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്നും പൊലീസ് പറഞ്ഞു. പോലീസുകാരെ ആക്രമിച്ചു, കൊള്ളയടിക്കാനും മോഷണത്തിനും ശ്രമിച്ചു എന്നതുള്‍പ്പടെ കുറ്റങ്ങള്‍ ചുമത്തി ഒന്‍പത് പേരെ മെട്രോപോളിറ്റന്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. “ഇത്തരത്തിൽ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്ന കുട്ടികൾ അറസ്റ്റിൽ ആയാൽ അതവരുടെ ഭാവിയെ ബാധിക്കും. അതിനാൽ കുട്ടികൾ എന്താണ് ചെയ്യുന്നതെന്ന് മാതാപിതാക്കൾ മനസിലാക്കണം. അവരോട് സംസാരിക്കണം.” ഡോണ ജോൺസ് വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടനിൽ ഓൺലൈൻ സുരക്ഷാ നിയമങ്ങൾ കർശനമാക്കണം എന്ന ആവശ്യം ശക്തമാകുന്നു. ഗ്രൂമിങ് കേസുകളുടെ എണ്ണത്തിൽ രാജ്യത്ത് വൻവർദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത് എന്ന് ഈ വിഷയത്തിൽ പ്രവർത്തിക്കുന്ന കുട്ടികളുടെ ചാരിറ്റി സംഘടനയായ എൻ എസ് പി സി അറിയിച്ചു. നാഷണൽ സൊസൈറ്റി ഓഫ് ക്രൂവൽ ടു ചിൽഡ്രൻ കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിനായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയാണ്. കർശനമായ ഓൺലൈൻ സുരക്ഷാ നിയമങ്ങളെ പിന്തുണയ്ക്കാൻ എൻഎസ്പിസിസി കമ്പനികളോടും അഭ്യർത്ഥിച്ചു


എൻ എസ് പി സി 2017 ലാണ് ഓൺലൈൻ സുരക്ഷാ നിയമങ്ങൾ കർശനമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് തുടങ്ങിയത്. അതിനുശേഷം 34000 ഓൺലൈൻ ഗ്രൂമിങ് കേസുകളാണ് യുകെ പോലീസ് ഇതുവരെ കണ്ടെത്തിയത്. കുട്ടികൾക്ക് സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ സ്വകാര്യ സന്ദേശങ്ങളുടെ ഉള്ളടക്കം പരിശോധിക്കാൻ കമ്പനികൾക്ക് കഴിയണമെന്നുള്ളത് പുതിയ നിയമത്തിൽ ഉൾപ്പെടുത്തണമെന്നാണ് എൻ എസ് പി സി പ്രധാനമായും ആവശ്യപ്പെടുന്നത്. വാട്സ്ആപ്പ് പോലുള്ള സമൂഹമാധ്യമങ്ങളിൽ എൻക്രിപ്റ്റ് ചെയ്ത സന്ദേശങ്ങൾ അയക്കുന്ന സേവനമാണ് വാഗ്ദാനം ചെയ്യുന്നത്. ഇങ്ങനെയുള്ള സന്ദേശങ്ങൾ അയച്ചു ആൾക്കും സ്വീകരിക്കുന്ന ആൾക്കും മാത്രമേ കാണാൻ കഴിയുകയുള്ളൂ.

വ്യക്തികളുടെ സ്വകാര്യതയെ മാനിക്കാൻ ആണ് സാമൂഹിക മാധ്യമങ്ങൾ പ്രധാനമായും ഈ രീതിയിൽ സന്ദേശങ്ങൾ കൈമാറുന്നത് .എന്നാൽ സമൂഹമാധ്യമങ്ങൾ വഴി കുട്ടികൾ വ്യാപകമായ രീതിയിലാണ് ദുരുപയോഗം ചെയ്യപ്പെടുന്നത്. കഴിഞ്ഞവർഷം മാത്രം പ്രൈമറി സ്കൂൾ പ്രായത്തിലുള്ള കുട്ടികൾക്കെതിരെ 54000 കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ട് എന്നാണ് കണക്കുകൾ കാണിക്കുന്നത്. ഇങ്ങനെയുള്ള കുറ്റകൃത്യങ്ങൾക്ക് ഇരകളിൽ നാലിലൊന്ന് 12 വയസ്സിന് താഴെ പ്രായമുള്ളവരാണ് സ്വകാര്യതയ്ക്കൊപ്പം കുട്ടികളുടെ സുരക്ഷയും പരീക്ഷിക്കപ്പെടുക എന്നത് പ്രധാനപ്പെട്ടതാണ് എന്ന് എൻ എസ് പി സി സീനിയർ പോളിസി ഓഫീസർ ആയ റാണി ഗോവന്ദൻ പറഞ്ഞു. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് പോലുള്ള പുതിയ സാങ്കേതികവിദ്യകൾ കുട്ടികൾക്ക് എതിരെയുള്ള കുറ്റകൃത്യങ്ങൾക്ക് തടയാൻ ഉപയോഗിക്കണമെന്നാണ് എൻ എസ് പിസിസി ആവശ്യപ്പെടുന്നത്

ന്യൂസ് ഡെസ്ക് മലയാളം യുകെ

വർദ്ധിച്ചുവരുന്ന പണപ്പെരുപ്പത്തിനും ജീവിത ചിലവ് വർദ്ധനവിനും ആനുപാതികമായുള്ള ശമ്പള വർദ്ധനവിനായി ഇംഗ്ലണ്ടിലെ അധ്യാപകർ വീണ്ടും പണിമുടക്കിനൊരുങ്ങുന്നു. ശമ്പള വർദ്ധനവിനായുള്ള ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് സെപ്റ്റംബറിൽ യൂണിവേഴ്സിറ്റി, കോളേജ് അധ്യാപകർ പണിമുടക്ക് നടത്തുമെന്ന് യൂണിവേഴ്സിറ്റി ആൻഡ് കോളേജ് യൂണിയൻ (യു സി യു ) അറിയിച്ചു.

വിദ്യാർത്ഥികളുടെ ഭാവിയെ കരുതി എത്രയും പെട്ടെന്ന് പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് വിദ്യാഭ്യാസ മന്ത്രി റോബർട്ട് ഹാൽഫോൺ യൂണിവേഴ്സിറ്റി കോളേജ് അധികൃതർക്കും യു സി യുവിനും കത്തെഴുതിയിട്ടുണ്ട്. കഴിഞ്ഞവർഷം നടന്ന പണിമുടക്ക് ബ്രിട്ടനിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ സാരമായി ബാധിച്ചിരുന്നു. അധ്യാപക സമരം മൂലം സമയബന്ധിതമായി ക്ലാസുകൾ നടക്കാതിരുന്നതു മൂലം പല വിദേശ വിദ്യാർഥികൾക്കും വിസയുടെ കാലയളവിൽ പഠനം പൂർത്തീകരിക്കാനാവാത്തത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. കഴിഞ്ഞ അധ്യയന വർഷത്തിൽ 145 സർവകലാശാലകളിൽ നടന്ന പണിമുടക്ക് കുട്ടികളെയും മാതാപിതാക്കളെയും ദുരിതത്തിലാക്കിയിരുന്നു.

തങ്ങൾക്കുകൂടി സ്വീകാര്യമായ രീതിയിൽ സേവന വേതന വ്യവസ്ഥകളിൽ മാറ്റം ഉണ്ടായില്ലെങ്കിൽ സമരവുമായി മുന്നോട്ടു പോകുമെന്നും അത് പതിനായിരക്കണക്കിന് വിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കുമെന്നും യൂണിയൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ അധ്യാപക യൂണിയൻ നടത്തുന്ന സമരത്തിന്റെ ആഘാതം കുറയ്ക്കാൻ തങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് സർവകലാശാലകൾ അറിയിച്ചു. യൂണിയനുമായി ശമ്പള വർദ്ധനവിന്റെ കാര്യത്തിൽ ഫലപ്രദമായ ചർച്ചകൾ പുനരാരംഭിച്ചില്ലെങ്കിൽ ബ്രിട്ടനിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ കാത്തിരിക്കുന്നത് സമര ദിനങ്ങളാണ്. യുകെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഏറ്റവും മുൻപന്തിയിലാണെന്ന് അവകാശപ്പെടുമ്പോഴും കുറഞ്ഞ ശമ്പളത്തിലാണ് അധ്യാപകർ യൂണിവേഴ്സിറ്റികളിലും കോളേജുകളിലും ജോലി ചെയ്യുന്നത് എന്നത് ഉൾക്കൊള്ളാനാവില്ലെന്ന് യൂണിയൻ ജനറൽ സെക്രട്ടറി ജോ ഗ്രേഡി പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ബ്രിട്ടനിലെ എൻഎച്ച്എസ് ആശുപത്രികളിൽ നടന്നുവരുന്ന ഭീകരാന്തരീക്ഷത്തെ സംബന്ധിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഒരു എൻഎച്ച്എസ് ഡോക്ടർ. ആളുകളെ രക്ഷിക്കേണ്ടതിനു പകരം ഇപ്പോൾ ആരോഗ്യ സംവിധാനങ്ങൾ അവരെ കൊല്ലുകയാണെന്ന് അദ്ദേഹം തുറന്നു പറഞ്ഞു. അധികം കേസുകൾ ഉണ്ടാകാത്ത വേനൽക്കാല സമയങ്ങളിൽ പോലും എട്ടു മണിക്കൂറുകളോളം ആക്സിഡന്റ് & എമർജൻസിയിൽ ആളുകൾ കാത്തിരിക്കേണ്ട അവസ്ഥ ഭീകരമാണ്.

തന്റെ മുന്നിലെത്തിയ 60 വയസ്സുള്ള ബ്ലഡ് ക്യാൻസർ രോഗിയെ ക്യാൻസർ വാർഡിൽ സ്ഥലം ഇല്ലാത്തതിനാലാണ് ആക്സിഡന്റ്& എമർജൻസിയിലേക്ക് അയച്ചത്. അവരെ സഹായിക്കാനായി തനിക്ക് വേഗത്തിൽ പ്രവർത്തിക്കണമെന്ന് ആഗ്രഹം ഉണ്ടെങ്കിലും സാഹചര്യങ്ങൾ തന്നെ അനുവദിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ആശുപത്രികളിൽ എവിടെയും സ്ഥലമില്ല, രോഗികൾ തോളോട് തോൾ ചേർന്ന് കിടക്കേണ്ട അവസ്ഥയാണ് എല്ലാ ഇടങ്ങളിലും ഉള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. തികച്ചും നിരാശാജനകമായ അവസ്ഥയിലൂടെ ആണ് എൻഎച്ച്എസ് ആശുപത്രികൾ ഓരോന്നും കടന്നു പോകുന്നതെന്ന് അദ്ദേഹം തുറന്നു പറഞ്ഞിരിക്കുകയാണ്. എൻഎച്ച്എസിൽ നിന്ന് ആളുകൾക്ക് ചികിത്സ ലഭിക്കുമെന്ന ഉറപ്പു പോലും ഇന്നില്ല. ഗുരുതരമായ രോഗം ബാധിച്ചവർ പോലും മണിക്കൂറുകൾ കാത്തിരിക്കേണ്ട സാഹചര്യങ്ങളാണ് എൻഎച്ച്എസ് ആശുപത്രികളിൽ ഉള്ളത്. തനിക്ക് ഒരു യുദ്ധ മേഖലയിൽ ജോലി ചെയ്യുന്ന അനുഭവമാണ് ആക്സിഡന്റ് & എമർജൻസിയിൽ പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്നതെന്ന് ഡോക്ടർ തുറന്നു പറഞ്ഞു.

രോഗികളെ പരിശോധിക്കുന്നതിനും ശുശ്രൂഷിക്കുന്നതിനുമായി ആവശ്യത്തിനുള്ള സ്റ്റാഫുകൾ പലയിടങ്ങളിലും ഇല്ല. സ്ഥലപരിമിതികൾ മൂലം പരിശോധന പലപ്പോഴും ഇടനാഴികളിലും കോറിഡോറുകളിലും ആണ് നടക്കുന്നത്. നിലവിലെ സാഹചര്യത്തിൽ അടിയന്തര ഇടപെടൽ ആവശ്യമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ചികിത്സകളുടെ അപ്പോയിന്റ്മെന്റിനായി കാത്തിരിക്കുന്നവരുടെ ലിസ്റ്റുകൾ നീണ്ടതാണ്. ഇത്തരം ഒരു സാഹചര്യത്തിൽ താങ്ങാൻ പറ്റാവുന്നവർക്ക് പ്രൈവറ്റ് ഹോസ്പിറ്റലുകളെ ആശ്രയിക്കുകയാണ് ഉത്തമമെന്നും അദ്ദേഹം വ്യക്തമാക്കി.

RECENT POSTS
Copyright © . All rights reserved