Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിൽ ഇന്ത്യൻ വിദ്യാർത്ഥിയെ ലണ്ടൻ ബ്രിഡ്ജിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി. സ്റ്റുഡന്റ് വിസയിൽ യുകെയിലെത്തിയ ഗുജറാത്തിലെ അഹമദാബാദ് സ്വദേശിയായ കുഷ് പട്ടേൽ എന്ന യുവാവിനെയാണ് ലണ്ടൻ ബ്രിഡ്ജിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. ഒൻപത് മാസങ്ങൾക്ക് മുൻപാണ് കുഷ് ബിസിനസ് മനേജ്മെന്റ് കോഴ്സ് പഠിക്കുന്നതിനായി യുകെയിൽ എത്തിയത്. എന്നാൽ ഫീസ് അടയ്ക്കുന്നത് ഉൾപ്പടെയുള്ള നിരവധി സാമ്പത്തിക പ്രതിസന്ധികൾ കുഷ് നേരിട്ടിരുന്നു.

ഇന്ത്യയിലേക്ക് തിരിച്ച് പോകാനുള്ള തയ്യാറെടുപ്പുകൾ നടക്കവെയാണ് പത്ത് ദിവസങ്ങൾക്ക് മുൻപ് കുഷ് പട്ടേലിനെ കാണാതായത്. ഇതിന് പിന്നാലെ സുഹൃത്തുക്കൾ വെംബ്ലി പൊലീസിൽ അറിയിക്കുകയായിരുന്നു. പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുഷ് പട്ടേലിന്റെ മൃതദേഹം ലണ്ടൻ ബ്രിഡ്ജിന് സമീപം കണ്ടെത്തിയത്. കോഴ്‌സിന്റെ കാലാവധി പൂർത്തിയാകാറായതും യുകെയിൽ തൊഴിൽ വിസയിലേയ്ക്ക് മാറാനുള്ള നീക്കങ്ങൾ വിജയിക്കാതിരുന്നതും കുഷിനെ സമ്മർദ്ദത്തിൽ ആക്കിയിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു. സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും നല്ല ബന്ധം കുഷ് പുലർത്തിയിരുന്നു. ഓഗസ്റ്റ് 20 ന് ഇന്ത്യയിലേക്ക് പോകുവാൻ ഫ്‌ളൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നതായി പലരെയും അറിയിച്ചിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- കാനഡയിലെ അനധികൃത വില്പനക്കാരന്റെ പക്കൽ നിന്നും വാങ്ങിയ വിഷ വസ്തു ഉപയോഗിച്ചത് മൂലമാണ് ബ്രിട്ടനിലെ 88 ഓളം പേർ മരണപ്പെട്ടതെന്ന് നാഷണൽ ക്രൈം ഏജൻസി റിപ്പോർട്ട്. എന്നാൽ ഈ മരണങ്ങളുടെ എല്ലാം നേരിട്ടുള്ള കാരണം ഈ രാസവസ്തു ആണെന്ന് സ്ഥിരീകരിക്കുവാൻ കഴിഞ്ഞിട്ടില്ലെന്നും, ഇത് സമ്മതിച്ചുള്ള ശക്തമായ അന്വേഷണങ്ങൾ നടന്നു വരികയാണെന്നും ഏജൻസി വ്യക്തമാക്കി. ഇത്തരത്തിലുള്ള രാസ വസ്തുക്കൾ വാങ്ങുന്നവരെ കണ്ടെത്തുന്നതിനായി ബ്രിട്ടീഷ് പോലീസ് നിരവധി ഭവനങ്ങളിൽ സ്വാഭാവിക സന്ദർശനം നടത്തിവരികയാണ്. ഈ രാസവസ്തുക്കളുടെ വിൽപ്പനക്കാരനായ കെന്നെത്ത് ലോ എന്ന കനേഡിയൻ പൗരനെ നിരവധി ആത്മഹത്യകൾക്ക് പ്രേരിപ്പിച്ചു എന്ന കുറ്റത്തിന് കഴിഞ്ഞ മെയ് മാസത്തിൽ കാനഡയിൽ അറസ്റ്റ് ചെയ്തിരുന്നു. അമ്പത്തിയേഴുകാരനായ ഇയാൾ ആത്മഹത്യക്ക് സഹായകരമായ ഉപകരണങ്ങൾ വിവിധ വെബ്സൈറ്റുകളിലൂടെ വിതരണം ചെയ്തിരുന്നതായി കണ്ടെത്തിയിരുന്നു. ഇതിൽ ബ്രിട്ടനിലെ മരണങ്ങൾക്ക് കാരണമായ തരത്തിലുള്ള രാസവസ്തുക്കൾ ഇത്തരം വെബ്സൈറ്റുകളിലൂടെ ഇയാൾ 40 ഓളം രാജ്യങ്ങളിലെ ഉപഭോക്താക്കൾക്ക് കൈമാറിയതായും കണ്ടെത്തിയിട്ടുണ്ട്.

ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിൽ കാനഡയിലെ ടോറന്റോയിൽ ഒരു മുതിർന്ന വ്യക്തിയുടെ പെട്ടെന്നുള്ള മരണത്തെ തുടർന്നാണ് കേസ് അന്വേഷണം ആരംഭിച്ചത്. കെന്നെത്ത് ലോയുടെ അറസ്റ്റിനു ശേഷം ബ്രിട്ടനിൽ പോലീസ് അധികൃതർ ഇത്തരത്തിൽ ലഹരി വസ്തുക്കൾ ഓർഡർ ചെയ്തവരുടെ എല്ലാം വിശദാംശങ്ങൾ പരിശോധിക്കുന്നുണ്ട്. രണ്ട് വർഷത്തിനിടെ യുകെയിലെ 232 പേർ ലോയിൽ നിന്ന് ഇത്തരത്തിൽ രാസവസ്തുക്കൾ വാങ്ങിയതായി തിരിച്ചറിഞ്ഞതായി നാഷണൽ ക്രൈം ഏജൻസി അറിയിച്ചു.

ക്രൗൺ പ്രോസീക്യൂഷൻ സേവനങ്ങളുമായി ബന്ധപ്പെട്ടതിനുശേഷം യുകെയിൽ നടക്കുന്ന ഇത്തരത്തിലുള്ള ക്രിമിനൽ കുറ്റങ്ങളെ സംബന്ധിച്ച് അന്വേഷണം നടത്താൻ ക്രൈം ഏജൻസി തീരുമാനമായിട്ടുണ്ട്. നിലവിൽ കസ്റ്റഡിയിലുള്ള കെന്നെത്ത് ലോയെ ഈ മാസം അവസാനം വീണ്ടും കോടതിയിൽ ഹാജരാക്കും. കാനഡയിലെ നിയമപ്രകാരം ആത്മഹത്യയിലൂടെ ഒരു വ്യക്തിയെ മരിക്കുവാൻ ഉപദേശിക്കുകയോ സഹായിക്കുകയോ ചെയ്യുന്നത് 14 വർഷത്തെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഇതൊരു അതിജീവനത്തിന്റെ കഥയാണ്. പരിമിതികളോട് പടവെട്ടി ജീവിതത്തിൽ നീന്തിക്കയറിയ ഒരാളുടെ കഥയാണ്. ഡോർസെറ്റിലെ പൂളിൽ നിന്നുള്ള ആലീസ് തായ് എന്ന ന്യൂറോസയൻസ് ബിരുദധാരി ജനിച്ചത് ക്ലബ്ഫൂട്ടോടെയാണ്. 12 വയസ്സിനുമുമ്പ് 14 പ്രധാന ശസ്ത്രക്രിയകൾ കാരണം അവൾ തന്റെ കുട്ടിക്കാലത്തിന്റെ ഭൂരിഭാഗവും വീൽചെയറിൽ ചെലവഴിച്ചു. കഴിഞ്ഞ വർഷം ജനുവരിയിൽ, കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുക്കാൻ ഏഴുമാസം മാത്രം ശേഷിക്കെ, വലതുകാലിന്റെ ഒരു ഭാഗം നീക്കം ചെയ്യേണ്ടതായി വന്നു. എന്നാൽ, ഈ മാസമാദ്യം, ബെർമിംഗ്ഹാമിൽ നടന്ന ഗെയിംസിൽ 100 ​​മീറ്റർ ബാക്ക്‌സ്ട്രോക്കിൽ അവൾ സ്വർണം നേടി. രാജ്യത്തിന്റെ അഭിമാനമായി മാറിയ നീന്തൽക്കാരി.

ആലീസിന്റെ ആദ്യ ഓപ്പറേഷൻ വെറും 20 ആഴ്ചയിലായിരുന്നു. പിന്നെ നിരവധി ശസ്ത്രക്രിയകൾ. തന്റെ ബാല്യവും സൗഹൃദവും നഷ്ടപ്പെട്ടതായി ആലീസ് പറയുന്നു. എട്ട് വയസ്സുള്ളപ്പോൾ, 2010 ഒക്ടോബറിലാണ് ആലീസ് നീന്താൻ പഠിക്കുന്നത്. 2014ൽ ആദ്യ ചാമ്പ്യൻഷിപ്പിന് ഇറങ്ങി. പിന്നാലെ റിയോയിലെ പാരാലിമ്പിക്സിൽ സ്വർണനേട്ടം. 2019 ആകുമ്പോഴേക്കും അവൾ ഏഴ് വ്യത്യസ്ത നീന്തൽ ഇനങ്ങളിൽ ലോക ചാമ്പ്യനായി മാറിയിരുന്നു.

ചാനൽ 4ൽ സംപ്രേഷണം ചെയ്ത അമ്പ്യൂട്ടേറ്റിംഗ് ആലീസ് എന്ന ഡോക്യുമെന്ററിയിലാണ് ആലീസ് ഈ വെളിപ്പെടുത്തലുകൾ നടത്തിയത്. എന്തുകൊണ്ടാണ് അവൾ തന്റെ കഥ വീഡിയോയിൽ ഡോക്യുമെന്റ് ചെയ്തതെന്ന് ചോദിച്ചപ്പോൾ, അവൾ പറഞ്ഞു: “എന്റെ ജീവിതത്തിലെ അത്തരമൊരു മഹത്തായ നിമിഷത്തിലേക്ക് തിരിഞ്ഞുനോക്കാനും അത് ഓർമ്മിക്കാനും ഞാൻ ആഗ്രഹിച്ചു. എന്റെ കാൽ മുറിച്ചുമാറ്റുന്നതിന് മുമ്പ് എന്നെ അറിയാത്ത ആളുകളെ കാണിക്കാനും. ചിലരുടെ കയ്യിൽ വെഡ്ഡിംഗ് ഡേ വീഡിയോ ഉണ്ട്. എന്റെ കൈയ്യിൽ ഒരു അമ്പ്യൂട്ടേഷൻ ഡേ വീഡിയോ ഉണ്ട്.”

ന്യൂസ് ഡെസ്ക് മലയാളം യുകെ

വോക്കിംഗിലെ വീട്ടിൽ ദാരുണമായി മരിച്ച നിലയിൽ കണ്ടെത്തിയ പത്തുവയസ്സുകാരി സാറാ ഷെരീഫിന്റെ കൊലപാതക അന്വേഷണത്തിൽ സാറയുടെ പിതാവിൻറെ ബന്ധുക്കളെ പോലീസിന് കസ്റ്റഡിയിലെടുക്കാൻ കഴിയില്ല. ലാഹോർ ഹൈക്കോടതി റാവൽപിണ്ടി ബെഞ്ചിന്റേതാണ് തീരുമാനം. സാറാ ഷെരീഫിന്റെ പിതൃ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പാക്കിസ്ഥാനിലുള്ള ഉർഫാൻ ഷെരീഫിൻെറ സഹോദരൻ ഇമ്രാൻ ഷെരീഫിനെയാണ് അറസ്റ്റ് ചെയ്‌തത്‌. ഇതിനു പിന്നാലെനടന്ന ചോദ്യം ചെയ്യലിൽ സാറ കോണിപ്പടിയിൽ നിന്ന് വീണ് കഴുത്ത് ഒടിഞ്ഞു എന്ന് ഇമ്രാൻ പറഞ്ഞിരുന്നു.

ആഗസ്റ്റ് 10 വ്യാഴാഴ്ച വോക്കിംഗിലെ വീട്ടിലാണ് പെൺകുട്ടിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തുന്നതിന്റെ തലേദിവസം ഓഗസ്റ്റ് 9 ബുധനാഴ്ച സാറായുടെ പിതാവ് ഉർഫാൻ ഷെരീഫ്(41), ഇയാളുടെ പങ്കാളി ബീനാഷ് ബട്ടൂൽ (29), സഹോദരൻ ഫൈസൽ മാലിക് (28) എന്നിവർ യുകെയിൽ നിന്ന് പാകിസ്ഥാനിലേക്ക് പോയതായി പോലീസ് കണ്ടെത്തിയിരുന്നു. പാകിസ്ഥാനിൽ താമസിക്കുന്ന ഉർഫാൻ ഷെരീഫിൻെറ രണ്ടു സഹോദരങ്ങളെ പോലീസ് അനധികൃതമായി തടങ്കലിൽ വച്ചിരിക്കുകയാണെന്ന് ഷെരീഫിന്റെ കുടുംബം ആരോപിച്ചു. ലാഹോർ ഹൈക്കോടതിയിലെ റാവൽപിണ്ടി ബെഞ്ചിൽ, ഝലം പോലീസ് ഉദ്യോഗസ്ഥർ രണ്ട് പേരെയും ദിവസങ്ങളോളം തടങ്കലിൽ വച്ചിട്ടുണ്ടെന്ന ആരോപണം നിഷേധിച്ചില്ലെങ്കിലും അവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പറഞ്ഞു.

ഷരീഫിന്റെ ലൊക്കേഷനെ കുറിച്ച് കുടുംബത്തോട് ചോദ്യം ചെയ്യാൻ ഇന്റർപോൾ നിർദ്ദേശിച്ചതായി ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചു. ഇതിന് പിന്നാലെ രണ്ട് സഹോദരങ്ങളെയും വിട്ടയച്ചു. ഇവരെ വീണ്ടും കസ്റ്റഡിയിൽ എടുക്കുന്നതിൽ നിന്ന് കോടതി പോലീസിനെ വിലക്കിയെങ്കിലും ചോദ്യം ചെയ്യുന്നത് തുടരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പാകിസ്ഥാനും യുകെയും തമ്മിൽ ഔപചാരികമായ കൈമാറൽ ഉടമ്പടി ഇല്ലെങ്കിലും, ഷെരീഫ്, അദ്ദേഹത്തിന്റെ പങ്കാളി ബീനാഷ് ബട്ടൂൽ (29), സഹോദരൻ ഫൈസൽ മാലിക് (28) എന്നിവരെ കണ്ടെത്താൻ സറേ പോലീസ് ഉദ്യോഗസ്ഥർ പാകിസ്ഥാനിലെ അധികാരികളുമായി ചേർന്ന് പ്രവർത്തിച്ച് വരികയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

സ്വാൻസീ : യുകെയിൽ ഇന്ന്  ജിസിഎസ്ഇ പരീക്ഷ ഫലം പുറത്ത് വന്നപ്പോൾ പതിവ് പോലെ മികച്ച വിജയം കരസ്ഥമാക്കി മലയാളി കുട്ടികൾ. മുഴുവൻ വിഷയങ്ങൾക്കും എ സ്റ്റാർ നേടി ഉന്നത വിജയം നേടിയവരിൽ വെയിൽസിലെ സ്വാൻസി ബിഷപ്പ് വോൺ കാത്തലിക് സ്കൂളിലെ ആന്റോ ഫ്രാൻസിസും.  എല്ലാ വിഷയങ്ങൾക്കും ഗ്രേഡ് എ സ്റ്റാർ നേടിയാണ് ആന്റോ ഫ്രാൻസിസ്  ഉന്നത വിജയം കരസ്ഥമാക്കിയത്.

ഫ്രാൻസിസ് പോളിൻെറയും ഡയാന ഫ്രാൻസിസിൻെറയും മകനാണ് ആന്റോ ഫ്രാൻസിസ്. മികച്ച വിജയം നേടിയ ആന്റോ ഫ്രാൻസിസിനും എല്ലാ കുട്ടികൾക്കും മലയാളം യുകെ ന്യൂസ് ടീമിൻറെ അഭിനന്ദനങ്ങൾ.

അഭിമാനാർഹമായ വിജയം കരസ്ഥമാക്കിയ കുട്ടികളുടെ വിവരങ്ങൾ മലയാളം യുകെ ന്യൂസിനെ അറിയിക്കുക . ഇമെയിൽ വിലാസം [email protected]

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഇംഗ്ലണ്ടിലെ ജിസിഎസ്ഇ ഫലങ്ങൾ 2019 ലെ നിലവാരത്തിലേക്ക് തിരികെ കൊണ്ടുവരുമ്പോൾ വിദ്യാർത്ഥികൾക്കിടയിൽ ഗ്രേഡുകൾ കുറയുമെന്ന് ആശങ്ക. 2020ലും 2021ലും കോവിഡ് കാരണം പരീക്ഷകൾ റദ്ദാക്കുകയും അദ്ധ്യാപകരുടെ മൂല്യനിർണ്ണയത്തെ അടിസ്ഥാനമാക്കിയുള്ള ഫലങ്ങൾ നൽകുകയും ചെയ്തപ്പോൾ വിദ്യാർത്ഥികൾക്ക് ഉയർന്ന ഗ്രേഡുകൾ ലഭിച്ചിരുന്നു. വെയിൽസിലും വടക്കൻ അയർലൻഡിലും, പരീക്ഷ ഫലങ്ങൾ 2019-ൽ ഉണ്ടായിരുന്നതിനേക്കാൾ ഉയർന്നതായിരിക്കും. എന്നാൽ 2022-നേക്കാൾ കുറയും. വിദ്യാർത്ഥികളുടെ ലെവൽ 2 ബിടെക്, കേംബ്രിഡ്ജ് നാഷണൽ, മറ്റ് വൊക്കേഷണൽ ഫലങ്ങൾ എന്നിവയും ഇന്ന് രാവിലെ പ്രസിദ്ധീകരിക്കും.

എ-ലെവൽ, ജിസിഎസ്ഇ ഫലങ്ങൾ പ്രീ-പാൻഡെമിക് ലെവലിലേക്ക് തിരികെ കൊണ്ടുവരാൻ ഇംഗ്ലണ്ടിന്റെ പരീക്ഷാ നിരീക്ഷണ സ്ഥാപനമായ ഓഫ്ക്വൽ രണ്ട് വർഷത്തെ പദ്ധതി ആവിഷ്കരിച്ചു. കോവിഡിന് ശേഷം കഴിഞ്ഞ വർഷമാണ് വിദ്യാർത്ഥികൾ ആദ്യമായി പരീക്ഷ എഴുതിയത്. 2018-ൽ ഇംഗ്ലണ്ടിലെ ജിസിഎസ്ഇ ഗ്രേഡിംഗ് സമ്പ്രദായം അക്ഷരങ്ങളിൽ നിന്ന് അക്കങ്ങളിലേക്ക് മാറിയപ്പോൾ, തുടർ പഠനത്തിന് യോഗ്യത നേടുന്നതിനായി വിദ്യാർത്ഥികൾ ഗണിതവും ഇംഗ്ലീഷും ഗ്രേഡ് 4-നോ അതിന് മുകളിലോ പാസാകേണ്ടതുണ്ട്.

ഈ വർഷത്തെ പരീക്ഷകളിൽ ചില കോവിഡ് നടപടികളും നിലനിന്നിരുന്നു. വിദ്യാർത്ഥികൾക്ക് ചില വിഷയങ്ങളിൽ സൂത്രവാക്യങ്ങളും സമവാക്യ ഷീറ്റുകളും ഉണ്ടായിരുന്നു. കൂടാതെ വിദേശ ഭാഷാ പരീക്ഷകളിൽ അപരിചിതമായ പദാവലി പരീക്ഷിച്ചിട്ടില്ല തുടങ്ങിയ രീതികൾ ഇത്തവണ പിന്തുടർന്നിരുന്നു. വെയിൽസിലും വടക്കൻ അയർലൻഡിലും, ഗ്രേഡുകൾ 2019-ൽ ഉണ്ടായിരുന്നതിനേക്കാൾ ഉയർന്നതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- റോബിക്കും ലോഗനും തങ്ങളുടെ അമ്മ ഷെല്ലിയെ നഷ്ടമായത് ഈ വർഷം മാർച്ച് 24 -നാണ്. എന്നാൽ ഇപ്പോൾ നാലു മാസങ്ങൾക്ക് ശേഷം ഇവരുടെ അച്ഛനായ മൈക്കിനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതിന് തുടർന്ന് ഈ കുരുന്നുകൾ അനാഥരായി തീർന്നിരിക്കുകയാണ്. ജൂലൈ 27 -ന് തങ്ങളുടെ സുഹൃത്തിന്റെ വീട്ടിൽ രാത്രി കിടന്നതിനു ശേഷം തിരിച്ചെത്തിയ സഹോദരങ്ങൾ പിതാവ് കട്ടിലിൽ നിന്ന് എഴുന്നേൽക്കാത്തതിനെ തുടർന്ന് മരണപ്പെട്ടതായി കണ്ടെത്തുകയായിരുന്നു. റോബിയെയും ലോഗനെയും ഇപ്പോൾ പരിപാലിക്കുന്നത് അവരുടെ 19 വയസ്സുള്ള കസിൻ കെയ്റ്റ്ലിനാണ്.

മൈക്കിന്റെ മരണകാരണം എന്താണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. മൈക്കിന്റെയും ഷെല്ലിയുടെയും വിവാഹ വാർഷികത്തിന് തലേ ദിവസമാണ് മൈക്ക് മരണപ്പെട്ടതെന്ന് അദ്ദേഹത്തിന്റെ സഹോദരി ലിസ് കാർനി വ്യക്തമാക്കി. കെയ്റ്റ്ലിൻ തന്നെ വിളിച്ച് അറിയിച്ചപ്പോഴാണ് മൈക്ക് മരണപ്പെട്ട വിവരം താൻ അറിയുന്നതെന്ന് ലിസ് പറഞ്ഞു. വിവാഹ വാർഷികത്തിന് ഇരുവർക്കും വേണ്ടി ആഘോഷങ്ങൾ നടത്തുവാനുള്ള വിശദാംശങ്ങൾ പറയുവാൻ ആയിരിക്കും കെയ്റ്റ്ലിൻ തന്നെ വിളിച്ചതെന്നാണ് താൻ കരുതിയതെന്നും അവർ പറഞ്ഞു.


മരണപ്പെട്ടതിന്റെ തലേ ദിവസവും സഹോദരനുമായി സംസാരിച്ചിരുന്നുവെന്നും, അന്നേരം അദ്ദേഹം ഫുട്ബോൾ കളിക്കുകയായിരുന്നുവെന്നും സഹോദരി പറഞ്ഞു. ലിവർപൂൾ എഫ്‌സിയുടെ വലിയ ആരാധകനായിരുന്ന തന്റെ സഹോദരൻ തന്റെ കുടുംബത്തോട് വളരെയധികം സമയം ചെലവഴിച്ചിരുന്നുവെന്നും സഹോദരി ഓർക്കുന്നു. മൈക്ക് പൂർണ്ണ യോഗ്യതയുള്ള ഒരു ഡ്രൈവിംഗ് ഇൻസ്ട്രക്ടർ കൂടിയായിരുന്നു. സെപ്തംബർ 8 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് കാർമൽ റോഡിലെ ഡാർലിംഗ്ടൺ ശ്മശാനത്തിൽ നടക്കുന്ന മൈക്കിന്റെ സംസ്കാരത്തിന്റെ വിശദാംശങ്ങൾ കുടുംബം പുറത്തു വിട്ടിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിലെ ആദ്യത്തെ ഗർഭപാത്രം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി ഓക്‌സ്‌ഫോർഡിലെ സർജന്മാർ. സ്വീകർത്താവ് 34 വയസ്സുള്ള ഒരു സ്ത്രീയും ദാതാവ് അവളുടെ 40 വയസ്സുള്ള സഹോദരിയും ആയിരുന്നു. ഇരുവരുടെയും വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. ശസ്ത്രക്രിയയിൽ നിന്ന് ഇരുവരും സുഖം പ്രാപിച്ചതായും ഇളയ സഹോദരി അടുത്ത നടപടിക്രമങ്ങൾക്കായുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയെന്നും അധികൃതർ അറിയിച്ചു. ഇരുപതോളം പേരടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. ഫെബ്രുവരിയിൽ നടന്ന ശസ്ത്രക്രിയ ഏകദേശം 17 മണിക്കൂർ നീണ്ടുനിന്നിരുന്നു.

ഗർഭപാത്രം സ്വീകരിച്ചയാളുടെ സഹോദരിക്ക് രണ്ട് കുട്ടികളുണ്ട്. ഇരുവരും ഇംഗ്ലണ്ടിലാണ് താമസിക്കുന്നത്. 25 വർഷമായി ഗർഭപാത്ര മാറ്റിവയ്ക്കലിനെക്കുറിച്ച് ഗവേഷണം നടത്തിയ ഗൈനക്കോളജിക്കൽ സർജനായ പ്രൊഫ റിച്ചാർഡ് സ്മിത്താണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്. മേയർ-റോകിറ്റാൻസ്‌കി-കസ്റ്റർ-ഹൗസർ (എംആർകെഎച്ച്) എന്ന അപൂർവ അവസ്ഥയുമായാണ് ഗർഭപാത്രം സ്വീകരിച്ചയാൾ ജനിച്ചത്. ഈ അവസ്ഥയിൽ ഉള്ളവരുടെ ഗർഭപാത്രങ്ങൾ വികസിച്ചിട്ടുണ്ടാവില്ല.

2014-ൽ സ്വീഡനിലെ ഒരു സ്ത്രീയാണ് ഗർഭപാത്രം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലൂടെ ആദ്യമായി കുഞ്ഞിന് ജന്മം നൽകിയത്. 60 വയസ്സുള്ള ഒരു സുഹൃത്തിൽ നിന്നായിരുന്നു ഇവർക്ക് ഗർഭപാത്രം ലഭിച്ചത്. അതിനുശേഷം ലോകമെമ്പാടും 100 ഗർഭപാത്രം മാറ്റിവയ്ക്കൽ നടക്കുകയും ഇതിൽ 50 ഓളം ശസ്ത്രക്രിയയ്ക്ക് പിന്നാലെ കുട്ടികൾ ജനിക്കുകയും ചെയ്‌തു. ശസ്ത്രക്രിയയിൽ ഭൂരിഭാഗവും യുഎസ്, സ്വീഡൻ, തുർക്കി, ഇന്ത്യ, ബ്രസീൽ, ചൈന, ചെക്ക് റിപ്പബ്ലിക്, ജർമ്മനി, ഫ്രാൻസ് എന്നീ രാജ്യങ്ങളിലാണ് നടന്നിരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ന്യൂഡൽഹി : “ഞാൻ ലക്ഷ്യസ്ഥാനത്തെത്തി, ഒപ്പം നിങ്ങളും.. ” ഐഎസ്ആർഒ ഈ വാക്കുകൾ കുറിക്കുമ്പോൾ 140 കോടി ജനതയും ചന്ദ്രന്റെ മടിത്തട്ടിലേക്ക് വളരെ മൃദുവായി അലിഞ്ഞിറങ്ങി. ഭാരതം വർഷങ്ങളായി കിനാവ് കണ്ടത് യാഥാർഥ്യമായ അസുലഭ നിമിഷം. ചന്ദ്രനിൽ ഇന്ത്യയുടെ മന്ദഹാസം. ക‍ൃത്യം വൈകിട്ട് 6.04 ഓടെ ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിങ് പൂർത്തിയാക്കി. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ആ​ദ്യ ചാന്ദ്രദൗത്യമായി ഇന്ത്യയുടെ ചന്ദ്രയാൻ 3 മാറി. ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ. 5.45 മുതലായിരുന്നു ലാൻഡിങ് പ്രക്രിയ ആരംഭിച്ചത്. ദൗത്യത്തിന് നേതൃത്വം നൽകിയ ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് ഉൾപ്പെടെയുള്ള ഗവേഷകർ ആഹ്ളാദാരവങ്ങളോടെ കൈയ്യടിച്ചു.

ലാൻഡിങിന്റെ ഭാഗമായുള്ള എഞ്ചിന്റെ പ്രവർത്തനം മൂലം ഉയർന്നുപൊങ്ങുന്ന പൊടിപടലങ്ങൾ അടങ്ങിയതിന് ശേഷം ലാൻഡറിലെ റാമ്പ് തുറക്കുകയും അത് വഴി പ്രജ്ഞാൻ റോവർ പുറത്തുവരികയും ചെയ്യും. റോവറും ലാൻഡറും പരസ്പരം ചിത്രങ്ങൾ എടുത്ത് ഭൂമിയിലേക്ക് അയക്കും. ചന്ദ്രനിൽ നിന്നുള്ള ഇന്ത്യയുടെ ആദ്യ ചിത്രങ്ങൾ. ഇതോടുകൂടി യഥാർത്ഥ ശാസ്ത്ര പര്യവേക്ഷണ ദൗത്യങ്ങൾക്ക് തുടക്കമാവും.

2023 ജൂലൈ 14 ന് വിക്ഷേപിച്ച ചന്ദ്രയാൻ 3 ദൗത്യത്തിൽ 35 ദിവസങ്ങൾക്കുശേഷം ഓഗസ്റ്റ് 17നാണ് പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് ലാൻഡർ മൊഡ്യൂൾ വിജയകരമായി വേർപെട്ടത്. ഓഗസ്റ്റ് 18 വൈകുന്നേരം നാലുമണിയോടെ ലാൻഡർ മൊഡ്യൂൾ താഴ്ന്ന ഭ്രമണപഥത്തിലേക്ക് മാറി. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സുരക്ഷിത ലാൻഡിങ് നടത്താനുള്ള സ്കാനിങ്ങിനിടെ ഓഗസ്റ്റ് 19 -ന് ചന്ദ്രന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ലാൻഡർ പകർത്തിയിരുന്നു. ബെംഗളൂരുവിലെ ഐഎസ്ആർഒ ടെലിമെട്രി & ട്രാക്കിംഗ് കമാൻഡ് നെറ്റ് വ‍ര്‍ക്കിലെ മിഷൻ ഓപ്പറേഷൻസ് കോപ്ലക്സ് വഴിയാണ് പേടകവുമായുള്ള ആശയവിനിമയം. ചന്ദ്രയാൻ രണ്ട് ഓർബിറ്റർ വഴിയാണ് ഭൂമിയിൽ നിന്നുള്ള സിഗ്നലുകൾ ലാൻഡറിലേക്ക് എത്തുന്നത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ മാൻസിനസ് സി, സിംപിലിയസ് എൻ ഗർത്തങ്ങളുടെ ഇടയിലാണ് ചന്ദ്രയാൻ മൂന്ന് ഇറങ്ങിയത്. നാല് കിലോമീറ്റർ വീതിയും 2.4 കിലോമീറ്റർ നീളവുമുള്ള പ്രദേശമാണ് ലാൻഡിങ്ങിനായി തെരഞ്ഞെടുത്തിരുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

വോക്കിംഗിലെ വീട്ടിൽ ദാരുണമായി മരിച്ച നിലയിൽ കണ്ടെത്തിയ പത്തുവയസ്സുകാരി സാറാ ഷെരീഫിന്റെ പിതൃ സഹോദരനെ അറസ്റ്റ് ചെയ്ത് പോലീസ്. പാക്കിസ്ഥാനിലുള്ള ഉർഫാൻ ഷെരീഫിൻെറ സഹോദരൻ ഇമ്രാൻ ഷെരീഫിനെയാണ് അറസ്റ്റ് ചെയ്‌തത്‌. തടങ്കലിലാക്കിയതിന് പിന്നാലെ കേസിൽ പുതിയ വഴിത്തിരിവ്. സാറ കോണിപ്പടിയിൽ നിന്ന് വീണ് കഴുത്ത് ഒടിഞ്ഞു എന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. ആഗസ്റ്റ് 10 വ്യാഴാഴ്ച സറേയിലെ വോക്കിംഗിലുള്ള വീട്ടിലാണ് പെൺകുട്ടിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തുന്നതിന്റെ തലേദിവസം ഓഗസ്റ്റ് 9 ബുധനാഴ്ച സാറായുടെ പിതാവ് ഉർഫാൻ ഷെരീഫ്(41), ഇയാളുടെ പങ്കാളി ബീനാഷ് ബട്ടൂൽ (29), സഹോദരൻ ഫൈസൽ മാലിക് (28) എന്നിവർ യുകെയിൽ നിന്ന് പാകിസ്ഥാനിലേക്ക് പോയതായി പോലീസ് കണ്ടെത്തിയിരുന്നു.

ഷെരീഫ് പാകിസ്ഥാനിൽ നിന്ന് 999 ലേക്ക് വിളിച്ചതായി പോലീസ് പറഞ്ഞു. ഇതിന് പിന്നാലെയുള്ള അന്വേഷണത്തിലാണ് പരുക്കുകളോടെയുള്ള കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തന്റെ പങ്കാളിക്കും സഹോദരനും അഞ്ച് കുട്ടികൾക്കുമൊപ്പം ഇസ്ലാമാബാദിൽ ഇറങ്ങിയ ഉടൻ ഉർഫാൻ ഷെരീഫ് യുകെയിലെ എമർജൻസി സർവീസുകളെ വിളിക്കുകയായിരുന്നു. അഞ്ച് കുട്ടികളും ഒന്നിനും 13നും ഇടയിൽ പ്രായമുള്ളവരാണ്.

സാറായുടെ പിതൃ സഹോദരനായ ഇമ്രാൻ ഷെരീഫിനെതിരെ ഇതുവരെ കുറ്റം ചുമത്തിയിട്ടില്ല. സാറയുടെ പിതാവിനെ കണ്ടെത്താൻ ഇയാൾ പോലീസ് സേനയെ സഹായിക്കുകയാണ്. ബീനാഷ് കുട്ടികളുമായി വീട്ടിൽ ഉള്ളപ്പോൾ കോണിപ്പടിയിൽ നിന്ന് വീണ് സാറയുടെ കഴുത്ത് ഒടിഞ്ഞെന്നും ഇമ്രാൻ പറഞ്ഞു. എന്നാൽ കുട്ടിയുടെ ശരീരം പോസ്റ്റുമോർട്ടം ചെയ്തപ്പോൾ ശരീരത്തിലെ പല മുറിവുകളും കുട്ടിയിൽ വളരെ കാലം മുൻപ് തന്നെ ഉണ്ടായിരുന്നതാണെന്ന് കണ്ടെത്തി. സാറാ ഷെരീഫിന്റെ മരണത്തിന്റെ കാരണം കണ്ടെത്താൻ കൂടുതൽ പരിശോധനകൾ ആവശ്യമാണെന്ന് പോലീസ് അറിയിച്ചു

RECENT POSTS
Copyright © . All rights reserved