ന്യൂസ് ഡെസ്ക് മലയാളം യുകെ
തുടർച്ചയായ ആറാം ദിവസവും ബ്രിട്ടനിൽ കോവിഡ് കേസുകൾ കുറഞ്ഞു. ഇന്നലെ രേഖപ്പെടുത്തിയ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 24, 950 ആണ് . എന്നാൽ ജാഗ്രതയോടെ സന്തോഷിക്കാൻ ഇമ്യൂണോളജിസ്റ്റ് പ്രൊഫ. പീറ്റർ ഓപ്പൺഷോ മുന്നറിയിപ്പ് നൽകി. പ്രതിദിന രോഗവ്യാപനം കുറയുന്നത് സന്തോഷകരമാണെങ്കിലും പ്രതിദിന രോഗവ്യാപന കണക്കുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ ചില കാലതാമസങ്ങൾ ഉണ്ടായതായി സംശയിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. അതുകൊണ്ടുതന്നെ സുരക്ഷാ മുൻകരുതലുകൾ അവഗണിക്കരുതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ ലോക് ഡൗൺ നിയന്ത്രണങ്ങൾ പൂർണമായും പിൻവലിച്ച ജൂലൈ 19 -ന് ശേഷമുള്ള രോഗവ്യാപനത്തിൻെറ തോത് നിലവിലെ പ്രതിദിന രോഗവ്യാപന കണക്കുകളിൽ പ്രതിഫലിച്ചിട്ടില്ല എന്നാണ് പല ആരോഗ്യ വിദഗ്ധരും കരുതുന്നത്.

ഇതിനിടെ സേവന മേഖലകളിൽ ജോലിചെയ്യുന്ന കൂടുതൽ ജീവനക്കാരെ ഒറ്റപ്പെടൽ നിർദേശത്തിൽ നിന്ന് ഒഴിവാക്കി ഗവൺമെൻറ് ഉത്തരവിറക്കി. ശുചീകരണ തൊഴിലാളികൾ, സൈനികർ, ജയിൽ തൊഴിലാളികൾ ഇന്നിവരെയാണ് പുതിയതായി ഒറ്റപ്പെടൽ നിർദേശത്തിൽ നിന്ന് ഒഴിവാക്കിയത്. നേരത്തെ തന്നെ എൻ എച്ച് എസ് ജീവനക്കാർ , ഭക്ഷ്യോല്പാദനവും വിതരണവും, ജലം, വെറ്റിനറി മരുന്നുകൾ, അവശ്യ രാസവസ്തുക്കൾ, അത്യാവശ്യ ഗതാഗതം , മരുന്ന്, മെഡിക്കൽ ഉപകരണങ്ങൾ, ക്ലിനിക്കൽ ഉപഭോഗ സപ്ലൈസ്, അടിയന്തര സേവനങ്ങൾ, അതിർത്തി നിയന്ത്രണം, ഊർജം, സിവിൽ ന്യൂക്ലിയർ, ഡിജിറ്റൽ ഇൻഫ്രാസ്‌ട്രക്ചർ, വേസ്റ്റ്, ആവശ്യമായ പ്രതിരോധ പ്രവർത്തനം, പ്രാദേശിക ഗവൺമെന്റ് എന്നീ മേഖലകളിൽ ജോലി ചെയ്യുന്നവരെ ഒറ്റപ്പെടലിൽ നിന്ന് ഒഴിവാക്കിയിരുന്നു . ഈ മേഖലകളിലെ ജോലിക്കാർക്ക് ഐസൊലേഷൻ ഉപേക്ഷിച്ച് ജോലിസ്ഥലത്തേക്ക് പോകാനും ദൈനംദിന പരിശോധനയ്ക്ക് ശേഷം ജോലി ചെയ്യാനും കഴിയും. പക്ഷേ പരിശോധന ഫലം പോസിറ്റീവ് ആണെങ്കിൽ നേരിട്ട് വീട്ടിലേക്ക് തന്നെ പോകുകയും ക്വാറന്റീനിൽ പ്രവേശിക്കുകയും വേണം.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ടോക്കിയോ : ഒളിമ്പിക്സിൽ തന്റെ സ്വർണം നിലനിർത്തി നീന്തൽ സൂപ്പർ സ്റ്റാർ ആദം പീറ്റി. പുരുഷന്മാരുടെ 100 മീറ്റർ ബ്രസ്റ്റ് സ്ട്രോക്കിൽ ലോക റെക്കോർഡ് ജേതാവ് ആയ പീറ്റി 57.37 സെക്കന്റിൽ നീന്തിക്കയറിയാണ് തന്റെ സ്വർണ മെഡൽ നിലനിർത്തിയത്. ഇതോടെ ഒളിമ്പിക് സ്വർണം നിലനിർത്തുന്ന ആദ്യ ബ്രിട്ടീഷ് താരമായി ആദം പീറ്റി. ഡച്ച് താരം അർണോ കമിംഗ ഈ ഇനത്തിൽ വെള്ളി നേടിയപ്പോൾ ഇറ്റാലിയൻ താരം നിക്കോള മാർട്ടിനെഗി വെങ്കലം നേടി. ടോക്കിയോയിൽ സ്വന്തം ലോക റെക്കോർഡ് 56.88 സെക്കൻഡിൽ തകർക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ലെങ്കിലും, നെതർലൻഡിന്റെ വെള്ളി മെഡൽ ജേതാവായ അർനോ കമ്മിംഗയേക്കാൾ അതിവേഗമാണ് പിറ്റി ഫിനിഷ് ചെയ്തത്. കഴിഞ്ഞ മൂന്ന് ലോക ചാമ്പ്യൻഷിപ്പുകളിൽ 100 മീറ്റർ ബ്രെസ്റ്റ് സ്‌ട്രോക്ക് ചാമ്പ്യനായ വ്യക്തിയാണ് പിറ്റി. അഞ്ചു തവണ ലോക റെക്കോർഡ് തകർത്തു.

അതേസമയം പുരുഷന്മാരുടെ ഡൈവിംഗ് 10 മീറ്റർ സിൻക്രോനൈസ്ഡ് പ്ലാറ്റ് ഫോം ഫൈനലിൽ ടോം ഡെയ്‌ലി, മാറ്റി ലീയ്‌ക്കൊപ്പം ഗ്രേറ്റ് ബ്രിട്ടനായി ഒളിമ്പിക് സ്വർണം നേടി. നാലാമത്തെ ഒളിമ്പിക് ഗെയിംസിലാണ് തന്റെ ആദ്യ സ്വർണ്ണ മെഡൽ ഡെയ് ലി നേടിയെടുക്കുന്നത്. “എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.” സ്വർണ നേട്ടത്തിന് ശേഷം അദ്ദേഹം പ്രതികരിച്ചു. കഴിഞ്ഞ രണ്ട് ഒളിമ്പിക്സിലും വെങ്കല മെഡൽ ജേതാവായിരുന്നു ഡെയ്‌ലി. ഒളിമ്പിക്സിൽ പങ്കെടുക്കാനും സ്വർണ്ണ മെഡൽ നേടാനും ഞാൻ ആഗ്രഹിക്കുന്നുവെന്ന് ഡെയ്‌ലി ബിബിസിയോട് പറഞ്ഞപ്പോൾ വെറും 11 വയസ്സ്. പതിനാറ് വർഷം കഴിഞ്ഞപ്പോൾ ആ സ്വപ്നം യാഥാർത്ഥ്യമായി. 471.81 എന്ന സ്കോർ നിലയിലാണ് അവർ ഫിനിഷ് ചെയ്തത്.

ഡെയ് ലിയുടെയും ലീയുടെയും നേട്ടത്തിന് ശേഷം അരമണിക്കൂറിനുള്ളിൽതന്നെ സൈക്ലിസ്റ്റ് പിഡ്‌കോക്ക് ബ്രിട്ടന് മൂന്നാമത്തെ സ്വർണം സമ്മാനിച്ചു. പുരുഷന്മാരുടെ ക്രോസ്-കൺട്രി മൗണ്ടൻ ബൈക്കിംഗിൽ തന്റെ ആധിപത്യം സ്ഥാപിച്ച പിഡ്കോക്ക് സ്വർണം കരസ്ഥമാക്കി. തായ്‌ക്വോണ്ടോയിൽ , ലോറൻ വില്യംസ് വനിതകളുടെ 67 കിലോഗ്രാം ഫൈനലിലേക്ക് യോഗ്യത നേടി. ക്രൊയേഷ്യയുടെ മാറ്റിയ ജെലിക്കിനെയാണ് ഫൈനലിൽ നേരിടുന്നത്. പുരുഷ ഹോക്കി ടീമും കാനഡയെ 3-1 ന് പരാജയപ്പെടുത്തി. ഉഷ്ണമേഖലാ കൊടുങ്കാറ്റ് നാളെ ടോക്കിയോയിൽ വീശുമെന്ന് ഒളിമ്പിക് സംഘാടകർ പറയുന്നെങ്കിലും ഇത് ഗെയിംസിന് വലിയ തടസ്സമുണ്ടാക്കുമെന്ന് കരുതുന്നില്ല. റോയിംഗ്, ആർച്ചറി ഇവന്റുകൾ ഇതിനകം മാറ്റിവച്ചിട്ടുണ്ട്.
സ്റ്റോക്ക് ഓൺ ട്രെന്റ്: നാടകീയ സംഭവവികാസങ്ങൾ അരങ്ങേറി സ്റ്റോക്ക് ഓൺ ട്രെന്റ് ഹോസ്പിറ്റൽ. ഇന്ന് രാവിലെ ആറരയോടെ ഒരാളുടെ അറസ്റ് പോലീസ് രേഖപ്പെടുത്തിയതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ന് രാവിലെ ആക്‌സിഡന്റ് ആൻഡ് എമർജൻസി വിഭാഗത്തിൽ എത്തിയ ആൾ ഞാൻ ബോംബറാണ് എന്ന് സ്വയം വെളിപ്പെടുത്തുകയായിരുന്നു എന്നാണ് അറിയുവാൻ കഴിയുന്നത്. ഒരു ചുവന്ന കാറിലെത്തി ആശുപത്രിക്ക് മുൻപിൽ പാർക്ക് ചെയ്തശേഷമാണ് ആശുപത്രി റിസപ്ഷനിൽ എത്തി ഇത്തരത്തിൽ ഭീഷണി മുഴക്കിയത് എന്നാണ് അറിയുവാൻ കഴിയുന്നത്.
കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. അറസ്റ്റ് നടന്നതായി മാത്രമാണ് ഇപ്പോൾ പോലീസ് വെളിപ്പെടുത്തിയിരിക്കുന്നത്. എന്തെങ്കിലും തരത്തിലുള്ള മാനസിക വിഭ്രാന്തിയുള്ളയാളോ മറ്റോ ആണോ എന്നും ബോംബ് ഭീഷണി വ്യാജമായിരുന്നോ എന്നും പോലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ബ്രിട്ടണിൽ സ്കൂളുകൾ അടയ്ക്കുകയും അവധിക്കാല യാത്രക്കാരുടെ എണ്ണം പെരുകുകയും ചെയ്തുതോടുകൂടി യുകെയിലെ എയർപോർട്ടുകളിൽ അതിഭയങ്കരമായ തിരക്കാണ് അനുഭവപ്പെടുന്നത്. എയർപോർട്ടുകളിൽ തിരക്ക് വർദ്ധിക്കുന്നതിനനുസരിച്ച് ജീവനക്കാരില്ലാത്തതുമൂലം യാത്രക്കാർ മണിക്കൂറുകളോളം കുടുങ്ങിക്കിടക്കുന്ന അവസ്ഥയാണുള്ളത്. യുകെയിലേയ്ക്ക് ആദ്യമായി കൈ കുഞ്ഞ് ഉൾപ്പെടെ നാല് കുട്ടികളുമായി വരുകയായിരുന്ന ആലപ്പുഴ സ്വദേശി ഹീത്രു എയർപോർട്ടിൽ അഞ്ച് മണിക്കൂറോളം കുടുങ്ങി കിടന്നത് വളരെ ഭീകരമായ അനുഭവമായിരുന്നു. ഇത്തരത്തിൽ കൈക്കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്ന നിരവധി പേരാണ് ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തത് മൂലവും യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാനാവാത്തതു മൂലവും വളരെ അധികം ദുരിതങ്ങൾ അനുഭവിച്ചത്.

യുകെയിൽ വേനൽക്കാല അവധി തുടങ്ങിയതിനെ തുടർന്ന് എയർപോർട്ടിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. എല്ലായിടത്തും വൻ ക്യൂവാണ് യാത്രക്കാർ നേരിട്ടത്. സമൂഹമാധ്യമങ്ങളിൽ നീണ്ട ക്യൂവിന്റെ ഒട്ടേറെ ഫോട്ടോ ആണ് യാത്രക്കാർ പോസ്റ്റ് ചെയ്തത്. യാത്രക്കാർക്ക് നേരിട്ട അസൗകര്യത്തിൽ മന്ത്രി കിറ്റ് മാൽറ്റ്ഹൗസ് ഖേദ പ്രകടനം നടത്തി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇറ്റലി :- ഡയാന രാജകുമാരിയുടെ സഹോദരന്റെ മകൾ ലേഡി കിറ്റി സ്പെൻസറും, പ്രമുഖ ബിസിനസുകാരനായ മൈക്കിൾ ലൂയിസും തമ്മിലുള്ള വിവാഹം ഇറ്റലിയിൽ വെച്ച് നടത്തപ്പെട്ടു. മുപ്പതുകാരിയായ ലേഡി കിറ്റി തന്റെ വിവാഹത്തിനുള്ള തയ്യാറെടുപ്പുകളുമായി ഒരാഴ്ചയായി സുഹൃത്തുക്കളോടൊപ്പം ഇറ്റലിയിൽ ആയിരുന്നു. ലേഡി കിറ്റിയുടെ പിതാവ് ചാൾസ് സ്പെൻസറിനേക്കാളും അഞ്ചു വയസ്സ് മുതിർന്നതാണ് ഭർത്താവ് മൈക്കിൾ ലൂയിസ്. ഡയാന രാജകുമാരിയുടെ ഏറ്റവും ഇളയ സഹോദരനായ ചാൾസ് സ്പെൻസറുടെ മകളാണ് ലേഡി കിറ്റി. ശനിയാഴ്ച ഇറ്റലിയിലെ ഫ്രാസ്കറ്റിയിൽ വച്ചാണ് ചടങ്ങ് നടന്നത്.

ചടങ്ങിൽ ലേഡി കിറ്റി ധരിച്ചിരുന്ന ഡോൾസി ആൻഡ് ഗബ്ബാനയുടെ ഗൗൺ ഇപ്പോൾ സോഷ്യൽ മീഡിയയിൽ എങ്ങും പ്രസിദ്ധമാണ്. ചടങ്ങിന് കിറ്റിയോടൊപ്പം ഇരട്ട സഹോദരിമാരായ എലിസയും അമീലിയയും ഉണ്ടായിരുന്നു.ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും എല്ലാവരും തന്നെ ചടങ്ങിൽ പങ്കെടുത്തു. മൈക്കിൾ ലൂയിസിന്റെ മുൻ വിവാഹത്തിലുള്ള മൂന്നു കുട്ടികളും ചടങ്ങിൽ പങ്കെടുത്തു. എന്നാൽ വില്യം രാജകുമാരനും, ഹാരി രാജകുമാരനും ചടങ്ങിൽ പങ്കെടുത്തിട്ടില്ല. സൗത്ത് ആഫ്രിക്കയിലെ ഏറ്റവും പ്രമുഖ ബിസിനസുകാരിൽ ഒരാളാണ് മൈക്കിൾ ലൂയിസ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- മൃഗാശുപത്രികളിൽ നിരവധി നായകൾ ഒരേ രോഗലക്ഷണത്തോടെ എത്തിയതിനെ തുടർന്ന്, പുതിയ തരത്തിലുള്ള രോഗം നായകൾക്കിടയിൽ പടരുന്നതായി കണ്ടെത്തൽ.അമിത തോതിലുള്ള വയറിളക്കം, ശരീരതാപനിലയിലുള്ള വർദ്ധന, ക്ഷീണം എന്നിവ കണ്ടതിനെ തുടർന്നാണ് തന്റെ നായയെ മൃഗാശുപത്രിയിൽ എത്തിച്ചതെന്ന് ഉടമ ജിസൽ ആൺഡൽ വ്യക്തമാക്കി. പിന്നീട് നായയ്ക്ക് കുറഞ്ഞ തോതിലുള്ള ബ്ലഡ് ഷുഗർ ലെവലും, കുറഞ്ഞ ബ്ലഡ് പ്രഷറുമെല്ലാം കാണിച്ചതായി മൃഗാശുപത്രി അധികൃതർ പറഞ്ഞു . നായയ്ക്ക് ഐസിയു ട്രീറ്റ് മെന്റ് ലഭിച്ചതിനെ തുടർന്ന് രോഗലക്ഷണങ്ങളും മറ്റും കുറയുകയും, എഴുന്നേറ്റ് നടക്കാൻ പറ്റുന്ന സാഹചര്യത്തിൽ എത്തുകയും ചെയ്തു. എന്നാൽ ചികിത്സയ്ക്കിടയിൽ നായ രക്ഷപ്പെടാനുള്ള സാഹചര്യം 50 മുതൽ 70 ശതമാനം വരെ മാത്രമാണ് ഉണ്ടായിരുന്നതെന്ന് വെറ്റിനറി ഡോക്ടർമാർ വ്യക്തമാക്കി.

കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ഇതേ രോഗലക്ഷണങ്ങളോട് കൂടി മറ്റ് നാല് നായകൾ കൂടി മൃഗാശുപത്രിയിൽ എത്തിയതായി ഡോക്ടർമാർ വ്യക്തമാക്കുന്നു. അതിനാൽ തന്നെ പുതിയ തരത്തിലുള്ള രോഗം നായകൾക്കിടയിൽ പടരുന്നതായാണ് വെറ്റിനറി ഡോക്ടർമാർ സംശയിക്കുന്നത്. എന്നാൽ രോഗത്തിന്റെ ഉറവിടം ഇതുവരെയും വ്യക്തമല്ല. അതിനാൽ തന്നെ വളർത്തുന്ന നായ്ക്കളെ വീടിനു പുറത്തേക്ക് ഇറക്കരുത് എന്ന നിർദ്ദേശമാണ് ഡോക്ടർമാർ നൽകുന്നത്. ഇത്തരത്തിൽ കൂടുതൽ നായ്ക്കൾ എത്തുകയാണെങ്കിൽ, ഇത് സംബന്ധിച്ച് കൂടുതൽ വ്യക്തതകൾ വരുമെന്നാണ് ഡോക്ടർമാർ പറയുന്നത്. നായ ഉടമകൾ തങ്ങളുടെ വളർത്തു നായകളുടെ ആരോഗ്യ അവസ്ഥ സംബന്ധിച്ച് കൂടുതൽ ബോധവാന്മാർ ആയിരിക്കണമെന്നും ഡോക്ടർമാർ ആവശ്യപ്പെടുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കോവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നവരെ ആരോഗ്യ സെക്രട്ടറി അപമാനിച്ചതായി ആക്ഷേപിച്ച് വൻ പ്രതിഷേധം. കോവിഡിനെ പേടിക്കേണ്ടെന്ന രീതിയിൽ അദ്ദേഹം നടത്തിയ ട്വീറ്റാണ് വൻ വിമർശനം വിളിച്ചുവരുത്തിയത്. രോഗബാധിതനായി ഒരാഴ്ചയ്ക്കുശേഷം കോവിഡ് വിമുക്തനായതായി കാണിച്ച് അദ്ദേഹം നടത്തിയ പ്രസ്താവനയിലാണ് കോവിഡിനെ പേടിച്ചോടരുത് എന്ന രീതിയിലുള്ള പരാമർശം നടത്തിയത്.

എന്നാൽ കോവിഡ് പ്രോട്ടോകോൾ പാലിക്കാൻ നിഷ്കർഷിക്കേണ്ട മന്ത്രി തന്നെ നിയമങ്ങൾ പാലിക്കുന്നവരെ അപകീർത്തിപ്പെടുത്തുകയാണെന്ന തരത്തിലുള്ള ശക്തമായ ആക്ഷേപങ്ങൾ ആണ് അദ്ദേഹത്തിനെതിരെ ഉയർന്നുവന്നത്. ഇതിനെ തുടർന്ന് തൻെറ പ്രസ്താവന പിൻവലിച്ച് അദ്ദേഹം ക്ഷമ ചോദിച്ചു. അത് ഒരു മോശം പരാമർശമായിരുന്നു ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നതായി അദ്ദേഹം തൻറെ പ്രസ്താവനയിൽ അറിയിച്ചു. പുതിയ ട്വീറ്റിൽ ആരോഗ്യ സെക്രട്ടറി തൻറെ പഴയ പോസ്റ്റ് ഡിലീറ്റ് ചെയ്തതായും പറഞ്ഞു. ജൂലൈ 17 -നാണ് ആരോഗ്യ സെക്രട്ടറി കോവിഡ് പോസിറ്റീവ് ആയത്. അദ്ദേഹവുമായി സമ്പർക്ക പട്ടികയിൽ വന്നതിനെ തുടർന്ന് പ്രധാനമന്ത്രിയും ചാൻസലറും ക്വാറന്റീനിൽ ആയിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
NHS -ന് കൈത്താങ്ങായി യോർക്ക്ഷയർ മലയാളികളായ ഷിബു മാത്യുവും ജോജി തോമസും നേതൃത്വം നൽകുന്ന സ്പോൺസേർഡ് കനാൽ വാക്കിന് ജനപിന്തുണയേറുന്നു. കനാൽ വാക്ക് അനൗൺസ് ചെയ്ത ആദ്യ ആഴ്ചയിൽ തന്നെ സ്പോൺസർഷിപ്പ് രണ്ടായിരം പൗണ്ടിലേയ്ക്കടുക്കുന്നു.
യുകെയുടെ ചരിത്രത്തിൻ്റെ ഭാഗമായ ലീഡ്സ് ലിവർപൂൾ കനാൽ കടന്നു പോകുന്ന സ്കിപ്ടണിൽ നിന്ന് സ്പോൺസേർഡ് കനാൽ വാക്ക് ആരംഭിക്കും. ഓഗസ്റ്റ് 14 -ന് രാവിലെ ഏഴ് മണിക്ക് ആരംഭിക്കുന്ന കനാൽ വാക്കിൻ്റെ ഫ്ലാഗ് ഓഫ് കർമ്മം യുക്മ നേഴ്സസ്സ് ഫോറം സെക്രട്ടിയും മുൻ യുകെ ക്നാനായ കാത്തലിക് വിമൻസ് ഫോറം സെക്രട്ടറിയുമായ ലീനുമോൾ ചാക്കോയും ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത വിമൻസ് ഫോറം പ്രസിഡൻ്റും CC ഗ്ലോബൽ മെഡിക്കൽ കൗൺസിലർ മെമ്പറുമായ ജോളി മാത്യുവും സംയുക്തമായി നിർവ്വഹിക്കും. തുടർന്ന് ജോജി തോമസും ഷിബു മാത്യുവും നേതൃത്വം നൽകുന്ന ലീഡ്സിനെ ലക്ഷ്യമാക്കിയുള്ള കനാൽ വാക്ക് ആരംഭിക്കും. കനാൽ വാക്കിൻ്റെ തുടക്കത്തിൽ തന്നെ NHS -ൻ്റെ നേതൃത്വ നിരയിലുള്ള ഡോക്ടേഴ്സും നേഴ്സുമാരുമടങ്ങുന്ന നിരവധി മലയാളികളും അവരുടെ കുടുംബവും കനാൽ വാക്കിൽ അണിനിരക്കും. 31 മൈൽ ദൈർഘ്യമുള്ള കനാൽ വാക്കിൽ മുഴുവനായും ഭാഗീകമായും നടക്കുവാൻ താല്പര്യപ്പെട്ട് നിരവധി യോർക്ക്ക്ഷയർ മലയാളികളാണ് ഇതിനോടകം രംഗത്ത് വന്നിരിക്കുന്നത്. രാവിലെ ഏഴ് മണിക്കാരംഭിക്കുന്ന കനാൽ വാക്ക് 31 മൈൽ താണ്ടി വൈകിട്ട് ഏഴ് മണിയോടെ ലീഡ്സിൽ എത്തിച്ചേരും.

യുകെയിൽ താമസിക്കുന്ന ഓരോ മലയാളിയും NHS -ൻ്റെ ഏറ്റവും വലിയ പ്രയോക്താക്കളാണ്. തങ്ങളുടെ ആരോഗ്യ സംരക്ഷണത്തിൽ തങ്ങളേക്കാൾ കൂടുതൽ കരുതൽ NHS എടുക്കുന്നു എന്നതാണ് പ്രഥമ കാരണം. അതിലുപരിയായി നമ്മളിൽ ഭൂരിഭാഗം പേരുടെയും അന്നമാണ് NHS . ബ്രിട്ടൺ എന്ന വികസിത രാജ്യത്തേയ്ക്ക് കുടിയേറാൻ മലയാളിയെ സഹായിച്ചത് NHS ആണ്. അതു കൊണ്ടു തന്നെNHS -ന് മലയാളികളുമായി നല്ല ബന്ധമാണുള്ളത്. ഈ ബന്ധം കൂടുതൽ ഊർജ്ജസ്വലതയുള്ളതാക്കി തീർത്ത് നമ്മൾ ഇപ്പോൾ ആയിരിക്കുന്ന രാജ്യത്തിനോടൊപ്പം നിൽക്കേണ്ടത് മലയാളികളായ നമ്മുടെ ഉത്തരവാദിത്വവും നന്മയുമാണ്.
ഓർമ്മിക്കുക. നിങ്ങൾ കൊടുക്കുന്ന ഓരോ പെൻസും വളരെ വിലപ്പെട്ടതാണ്. അത് രാജ്യത്തിൻ്റെ നന്മയ്ക്കായി ഉപകരിക്കും. നിങ്ങളുടെ സ്പോൺസർഷിപ്പുകൾ ചുവടെ കൊടുത്തിരിക്കുന്ന ലിങ്ക് ഓപ്പൺ ചെയ്ത് അതിൽ നിക്ഷേപിക്കുക.
ലിസാ മാത്യു , മലയാളം യുകെ ന്യൂസ് ടീം
യു കെ :- ബ്രിട്ടന്റെ സാമ്പത്തികരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ വരുത്തുവാൻ പദ്ധതികളുമായി ചാൻസലർ റിഷി സുനക്. ജനങ്ങളുടെ കയ്യിലുള്ള ഔദ്യോഗിക കറൻസി ഒഴിവാക്കി, ഡിജിറ്റൽ കറൻസിയായ ‘ബ്രിറ്റ് കോയിൻ ‘ ഔദ്യോഗികമാക്കാനുള്ള തീരുമാനങ്ങളാണ് ചാൻസലർ മുന്നോട്ടുവച്ചിരിക്കുന്നത്. നിലവിലുള്ള സ്റ്റെർലിംഗിന് പകരമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് തുല്യ അനുപാതത്തിലുള്ള ഡിജിറ്റൽ കറൻസി നിലനിർത്താനാണ് പുതിയ പദ്ധതികൾ പ്രകാരമുള്ള തീരുമാനം. എന്നാൽ ഇത്തരത്തിൽ ഡിജിറ്റൽ കോയിൻ രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ തകർക്കുമെന്ന അഭിപ്രായം വിദഗ്ധരുടെ ഇടയിലുണ്ട്. ബ്രിറ്റ് കോയിനിന്റെ ഗുണങ്ങളെപ്പറ്റി പഠിക്കുവാനായി പ്രത്യേക സമിതിയും ചാൻസലർ രൂപീകരിച്ചിട്ടുണ്ട്.

ഇത്തരത്തിൽ ഡിജിറ്റൽ കറൻസി ഓൺലൈൻ രീതിയിലുള്ള പണമിടപാടുകളുടെ സമയവും ചിലവും കുറയ്ക്കും. നിലവിൽ തന്നെ ക്രിപ്റ്റോകറൻസികളെ ആശ്രയിക്കുന്ന ആളുകളുടെ എണ്ണം വളരെയധികം വർദ്ധിച്ചിട്ടുണ്ട് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അതിനാൽ തന്നെ ഇത്തരമൊരു നീക്കം ഗുണംചെയ്യുമെന്ന് വിലയിരുത്തുന്നവരും ഉണ്ട്. മറ്റ് രാജ്യങ്ങളിലും ഇത്തരത്തിൽ ഡിജിറ്റൽ ക്രിപ്റ്റോകറൻസികൾ നടപ്പിലാക്കാനുള്ള തീരുമാനങ്ങൾ നടന്നുവരുന്നു. ചൈനയും, യു എസുമെല്ലാം ഈ രാജ്യങ്ങളിൽ ഉൾപ്പെടുന്നുണ്ട്. ഉപഭോക്താക്കൾക്ക് ബാങ്ക് ഓഫ് ഇംഗ്ലണ്ടുമായി നേരിട്ട് ലിങ്ക് ചെയ്ത അക്കൗണ്ടുകളിൽ ഇത്തരം ഡിജിറ്റൽ കറൻസികൾ നിലനിർത്താം. ബ്രിറ്റ് കോയിനുകൾക്ക് പലിശ നിരക്കുകൾ ഏർപ്പെടുത്തണമോ എന്നത് സംബന്ധിച്ച് ഇതു വരെയും തീരുമാനമായിട്ടില്ല. റിട്ടെയിൽ കമ്പനികളിലേയ്ക്കുള്ള സാധാരണ പണമിടപാടുകൾക്കും ഇനി മുതൽ ഡിജിറ്റൽ കറൻസികൾ ഉപയോഗിക്കാം. എന്നാൽ ഓരോ ഉപഭോക്താവിനും കൈവശം വെക്കാനാകുന്ന ബ്രിറ്റ് കോയിനിന്റെ എമൗണ്ടിൽ പരിധി ഉണ്ടാകും. ഇതോടൊപ്പം തന്നെ ജനങ്ങൾക്ക് സ്റ്റെർലിങ്ങും, ബ്രിറ്റ് കോയിനും തമ്മിൽ സുഗമമായി മാറ്റാനുള്ള സൗകര്യവും ഉണ്ടാകും.
ഒരു കാലത്ത് ബ്രിട്ടീഷ് സാമ്രാജ്യത്തിലെ രണ്ടാമത്തെ നഗരമെന്ന പദവി അലങ്കരിച്ചിരുന്ന സ്ഥലമാണ് ലിവർപൂൾ. ആയിരത്തിലധികം വർഷങ്ങളുടെ പാരമ്പര്യമുള്ള ലിവർപൂൾ കിംഗ് ജോൺ വെറും ഏഴ് തെരുവുകളെ ഇംഗ്ലീഷ് അക്ഷരമാലയിലെ H-ന്റെ ആകൃതിയിൽ സ്ഥാപിച്ച് രൂപം കൊടുത്തതാണ്. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പ്രധാന വ്യാപാര കേന്ദ്രങ്ങളിൽ ഒന്നായ ലിവർപൂളിന് ലോക ഹെറിറ്റേജ് പദവി എടുത്തു കളയാനുള്ള യുനസ്കോയുടെ തീരുമാനം ചരിത്ര പ്രേമികളെ കുറച്ചൊന്നുമല്ല നിരാശപ്പെടുത്തുക.
നഗരത്തിൽ അടുത്തകാലത്ത് നടന്ന പല വികസന, നിർമാണപ്രവർത്തനങ്ങളും ലിവർപൂളിന്റെ ചരിത്രപരമായ പ്രസക്തി നഷ്ടപ്പെടുത്തുന്നതാണെന്ന് ആരോപിച്ചാണ് യുനസ്കോ യൂറോപ്പിലെ ന്യൂയോർക്ക് എന്ന് അറിയപ്പെടുന്ന ലിവർപൂളിനെ ലോക പൈതൃക പട്ടികയിൽ നിന്ന് ഒഴിവാക്കുന്നത്. ചൈനയിൽ വച്ച് നടന്ന യുനസ്കോ യോഗത്തിൽ രഹസ്യ ബാലറ്റിലൂടെയാണ് തീരുമാനം ഉണ്ടായത്. എന്തായാലും പ്രസ്തുത തീരുമാനം യുനസ്കോയിൽ നിന്നുള്ള സാമ്പത്തിക, സാങ്കേതിക സഹായങ്ങൾ നിലയ്ക്കാൻ കാരണമാകും. മലയാളികൾ നിരവധി തിങ്ങി പാർക്കുന്ന ലിവർപൂളിന്റെ ടൂറിസം മേഖലയ്ക്കും തിരിച്ചടിയാണ് യുനസ്കോയുടെ തീരുമാനം.