രാജ്യത്ത് മതങ്ങളുടെ പേരില്‍ നടക്കുന്ന കൊലപാതകങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് നടി സായി പല്ലവി. കാശ്മീര്‍ ഫയല്‍സ് എന്ന സിനിമയില്‍ കാശ്മീരി പണ്ഡിറ്റുമാര്‍ കൊല്ലപ്പെട്ടതിന്റെ കാരണം കാണിക്കുന്നുണ്ട്.
പശുവിനെ ഒരു വണ്ടിയില്‍ കൊണ്ടുപോയതിന് ഒരു മുസ്ലിമിനെ ജയ് ശ്രീറാം വിളിച്ചുകൊണ്ട് ചിലര്‍ കൊലപ്പെടുത്തിയ സംഭവവും ഈ സിനിമയില്‍ ഉണ്ട്, രണ്ടും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെന്നും സായി പല്ലവി പറഞ്ഞു. മതങ്ങളുടെ പേരില്‍ മറ്റുള്ളവരെ വേദനിപ്പിക്കുന്നതിനെ ന്യായീകരിക്കാന്‍ സാധിക്കില്ലെന്നും സായി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
‘കാശ്മീര്‍ ഫയല്‍സ്’ എന്ന സിനിമയില്‍ കാശ്മീരി പണ്ഡിറ്റുമാര്‍ എങ്ങനെയാണ് കൊല്ലപ്പെട്ടത് എന്ന് അവര്‍ കാണിച്ചു. നിങ്ങള്‍ അതിനെ മത സംഘര്‍ഷമായി കാണുന്നുവെങ്കില്‍, കൊവിഡ് സമയത്ത് പശുവിനെ ഒരു വണ്ടിയില്‍ കൊണ്ടുപോയതിന് ഒരു മുസ്ലിമിനെ ജയ് ശ്രീറാം വിളിച്ചുകൊണ്ട് ചിലര്‍ കൊലപ്പെടുത്തിയത് കൂടി നോക്കണം. ഈ രണ്ട് സംഭവങ്ങള്‍ക്കും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. മതത്തിന്റെ പേരില്‍ ആരെയും വേദനിപ്പിക്കരുത്’ സായി പല്ലവി പറഞ്ഞു.
‘വിരാട പര്‍വ്വം’ എന്ന തെലുങ്ക് ചിത്രമാണ് സായി പല്ലവിയുടേതായി റിലീസിന് ഒരുങ്ങുന്നത്. ‘വെന്നെല്ല’ എന്ന കഥാപാത്രമായാണ് സായ് പല്ലവി അഭിനയിക്കുന്നത്. പോലീസുകാരനെ പ്രണയിക്കുന്ന നക്‌സല്‍ ആയിട്ടാണ് സായ് പല്ലവി ചിത്രത്തില്‍ അഭിനയിക്കുന്നത്. റാണ ദഗുബാടി
സായ് പല്ലവിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ നടിയ്‌ക്കെതിരെ വിദ്വേഷ പ്രചാരണം.സായ് പല്ലവിയുടെ സിനിമകള്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനമാണ് തീവ്ര വലതുപക്ഷ അക്കൗണ്ടുകളില്‍ നിറയുന്നത്. നടിയ്ക്ക് നേരെ വിദ്വേഷ പ്രചരണങ്ങള്‍ വലിയ രീതിയിലാണ് നടക്കുന്നത്.
അതേസമയം സായ് പല്ലവിയെ അനുകൂലിച്ച് കൊണ്ട് നിരവധി പേരും രംഗത്ത് എത്തിയിട്ടുണ്ട്. നിലപാട് തുറന്ന് പറയാന്‍ കാണിച്ചതിന് അഭിനന്ദനങ്ങള്‍ എന്നാണ് അനുകൂലിക്കുന്നവര്‍ പറയുന്നത്. വിരാടപര്‍വ്വത്തെ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനവും ഇത്തരം വിദ്വേഷ പ്രചാരണങ്ങളുടെ ഭാഗമായി നടക്കുന്നുണ്ട്.
ഒരു ഇടവേളയ്ക്ക് ശേഷം നയന്‍താര മലയാളത്തിൽ പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു ലവ് ആക്ഷന്‍ ഡ്രാമ. ധ്യാന്‍ ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രത്തിൽ നിവിൻ പോളിയായിരുന്നു നായകൻ. ധ്യാന്‍ ശ്രീനിവാസന്‍ തിരക്കഥയെഴുതുകയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്യുന്ന പ്രകാശന്‍ പറക്കട്ടെ റിലീസിന് ഒരുങ്ങിയിരിക്കുകയാണ്.
ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തില്‍ വെച്ച് ധ്യാന്‍ ശ്രീനിവാസനോട് നയന്‍താര കല്യാണമൊന്നും വിളിച്ചില്ലേ എന്ന് മാധ്യമ പ്രവർത്തകൻ ചോദിച്ചു, ഇതിനു മറുപടിയായി ധ്യാൻ നൽകിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്.
വിളിച്ചു. പക്ഷെ, ഞാന്‍ പോയില്ല, വേണ്ടെന്ന് വെച്ചു. തിരക്കല്ലേടാ. പ്രസ് മീറ്റിന്റെ തിരക്കൊക്കെ ഉണ്ട് എന്ന് ഞാന്‍ പറഞ്ഞു. ഇന്റര്‍വ്യൂവിന്റെ തിരക്കുമുണ്ട്,ധ്യാന്‍ ചിരിച്ചുകൊണ്ട് മറുപടി നല്‍കി. ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമയായിരുന്നു ലവ് ആക്ഷന്‍ ഡ്രാമ.
ഗോപി സുന്ദറെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളെ തന്ത്രപൂര്‍വ്വം നേരിട്ട് അഭയ ഹിരണ്‍മയി. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പാട്ട് റോക്കോഡിംഗിന് വേണ്ടിയെത്തിപ്പോഴാണ് അഭയ ഹിരണ്‍മയി മാധ്യങ്ങള്‍ക്ക് മുന്നില്‍പ്പെട്ടത്. പാട്ട് സംബന്ധിച്ച് ചോദ്യങ്ങള്‍ ചോദിച്ച് കൊണ്ടിരിക്കെയാണ് ഒരു മാധ്യമപ്രവര്‍ത്തകന്‍ അന്തരീഷം ഗോപി സുന്ദറിലേക്ക് തിരിച്ചത്.
‘മൂഡ് കളയല്ലേ.. പാട്ട് പാടാന്‍ പോകുകയാണ്..’ എന്നായിരുന്നു ഈ ചോദ്യത്തോടുള്ള ഒമറിന്റെ പ്രതികരണം. ‘മൂഡിന്റെ പ്രശ്‌നമൊന്നുമല്ല. കമന്റു ചെയ്യാന്‍ താല്‍പര്യമില്ല. റെക്കോഡിംഗിനാണ് വന്നത്. പാട്ട് പാടട്ടെ ഞാന്‍. കമന്റു പറയുന്നവരെക്കുറിച്ച് ഞാനെന്തു പറയാനാ സഹോദരാ. അവര്‍ കമന്റു ചെയ്യട്ടേ’ എന്നാണ് അഭയ മറുപടി നല്‍കിയത്.
ഒമറിന്റെ സിനിമയ്ക്കായി പാടാനായതില്‍ ഒത്തിരി സന്തോഷം. പല പ്രാവശ്യമായി നമ്മള്‍ കണ്ടിട്ടുണ്ട്. സിദ്ധാര്‍ത്ഥാണ് എന്നെ ഈ സിനിമയിലേക്ക് വിളിച്ചത്. പാട്ടുകേട്ടു,പാട്ടുപാടാനായി വന്നതാണ്. നല്ല സമയമെന്നാണ് സിനിമയുടെ പേര് എല്ലാവര്‍ക്കും നല്ല സമയമുണ്ടാവട്ടെ എന്നും അഭയ പറഞ്ഞു.
ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘നല്ല സമയം’. ചിത്രത്തില്‍ ഒരു ഗാനം ആലപിക്കുന്നത് അഭയ ഹിരണ്‍മയിയാണ്.
ഷെറിൻ പി യോഹന്നാൻ
ബാംഗ്ലൂരിൽ ജോലി ചെയ്ത് ജീവിക്കുന്ന കുറച്ച് സുഹൃത്തുക്കൾ. സൗഹൃദവും ചിരിയും കണ്ണീരുമായി ജീവിതം മുന്നോട്ട് പോകുന്നു. സ്വന്തമായി ഒരു ബിസിനിസ് തുടങ്ങാൻ അവർ ശ്രമിക്കുന്നുണ്ട്. അങ്ങനെയിരിക്കെ ഒരു ദിവസം അവരുടെ കൂട്ടത്തിലെ ഒരാളെ കാണാതാവുന്നു. പിന്നീടുള്ള അന്വേഷണങ്ങളിലൂടെ സിനിമ ‘പലതും’ പറയാൻ ശ്രമിക്കുന്നു.
തിയേറ്റർ റിലീസ് ആയ ദിവസം തന്നെ കണ്ട ചിത്രമാണ് ‘ഡിയർ ഫ്രണ്ട്’. എന്നാൽ കണ്ട ഉടനെ ഈ ചിത്രം മനഃപൂർവം മറന്നുകളയാൻ ശ്രമിച്ചു. കാരണം മറ്റൊന്നുമല്ല, ‘ഡിയർ ഫ്രണ്ട്’ കാര്യമായി യാതൊന്നും നൽകുന്നില്ല. പലതും പറയാൻ ശ്രമിച്ച്, ഒന്നും പറയാതെ പോയൊരു സിനിമ.
വളരെ സ്വാഭാവിക സന്ദർഭങ്ങളാണ് സിനിമയിൽ ഏറെയും. സൗഹൃദത്തെ വളരെ നീറ്റായി അവതരിപ്പിച്ചിട്ടുണ്ട്. പല ലെയറുകളുള്ള ഒരു കഥാപാത്രമാണ് ടോവിനോയുടെ വിനോദ് വിശ്വനാഥൻ. എന്നാൽ ആ കഥാപാത്രം പൂർണ്ണമല്ല. ചിത്രത്തിന്റെ അവസാനം ഒരുപാട് ചോദ്യങ്ങൾ നമ്മുടെ മനസ്സിൽ ഉടലെടുക്കുമെങ്കിലും അതിനൊന്നും സിനിമ ഉത്തരം നൽകുന്നില്ല.
റിയലിസ്റ്റിക് ആയ കഥാപരിസരത്ത് സ്വാഭാവിക പ്രകടനങ്ങളിലൂടെ പ്രധാന താരങ്ങൾ മുന്നിട്ട് നിൽക്കുന്നെങ്കിലും കഥയുടെ ഒഴുക്ക് പലവഴിയിൽ തടസ്സപ്പെടുന്നുണ്ട്. സ്ലോ പേസിലാണ് ചിത്രം നീങ്ങുന്നത്. സുഹൃത്തുക്കളുടെ ഇടയിലെ രസകാഴ്ചകളുമായി തുടങ്ങുന്ന ചിത്രം ആദ്യ പകുതിയിൽ തന്നെ ഒരു മിസ്റ്ററി ഫീൽ ഒരുക്കിവെക്കുന്നു. എന്നാൽ രണ്ടാം പകുതിയിൽ അത് വിജയകരമായി തുടർന്നുപോകുന്നില്ല. മനുഷ്യനെപ്പറ്റി, മനുഷ്യാവസ്ഥകളെപ്പറ്റി ആഴ്ത്തിൽ സംസാരിക്കാനാണ് സിനിമ ശ്രമിച്ചത്.
സിനിമ സെറ്റ് ചെയ്ത മൂഡിനോട് ചേർന്ന് പോകുന്നതാണ് ഷൈജു ഖാലിദിന്റെ ഛായാഗ്രഹണവും ജസ്റ്റിന്റെ സംഗീതവും. കഥയിൽ കാര്യമായ പുരോഗതിയില്ലാത്ത രണ്ടാം പകുതി വലിയ നിരാശയാണ് നൽകുന്നത്. ചിലയിടങ്ങളിൽ ചിത്രം പ്രേക്ഷകനോട് അടുത്തു നിൽക്കുണ്ട്; എന്നാൽ ഭൂരിഭാഗം സമയവും കഥ പറയുക എന്ന ഒറ്റ ലക്ഷ്യത്തിലേക്ക് മാത്രം ഒതുങ്ങിപോവുകയാണ്. സ്പൂൺഫീഡ് ചെയ്യാൻ ശ്രമിച്ചിട്ടില്ലെങ്കിലും ഒരു വ്യക്തതക്കുറവ് തിരക്കഥയിൽ പ്രകടമാണ്. അതിനാൽ, തിയേറ്റർ കാഴ്ചയിൽ എന്നെ നിരാശപ്പെടുത്തിയ ചിത്രമാണ് ‘ഡിയർ ഫ്രണ്ട്’.
Last Word – സ്വാഭാവിക പ്രകടനങ്ങളിലൂടെ സൗഹൃദത്തിന്റെ കഥ അവതരിപ്പിക്കുമ്പോഴും പ്രേക്ഷകന് യാതൊന്നും സമ്മാനിക്കാൻ ചിത്രത്തിന് കഴിയുന്നില്ല. വളരെ കുറച്ച് പ്രമോഷനുമായി എത്തി തിയേറ്ററിൽ ആദ്യ ദിനം തന്നെ പരാജയപ്പെടുന്നതിന് പകരം ഒടിടി തിരഞ്ഞെടുക്കുന്നതായിരുന്നു നല്ലത്. ഈ പാറ്റേണിൽ കഥപറയുന്ന ചിത്രങ്ങൾക്ക് അതാണ് ബെസ്റ്റ് ഓപ്ഷൻ.
മലയാള സിനിമയിലെ നെഗറ്റീവ് കഥാപാത്രങ്ങൾകൊണ്ട് പ്രശസ്തനാണ് താരം കൊല്ലം തുളസി എന്ന് അറിയപ്പെടുന്ന കെകെ തുളസീധരൻ നായർ. താരത്തിന്റെ സ്വകാര്യ ജീവിതവും ഈയടുത്ത് സോഷ്യൽമീഡിയയിൽ ചർച്ചയായിരുന്നു. ഇപ്പോഴിതാ സിനിമയിലെത്തു മുമ്പ് ജീവിതത്തിൽ സംഭവിച്ച മറക്കാനാകാത്ത സംഭവത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് നടൻ.
ചെറുപ്പകാലത്ത് കിസാൻ ഫാക്ടറിയിൽ സഹായിയായിട്ടായിരുന്നു ജോലിയിൽ തുടക്കം. അക്കാലത്ത് സ്ഥിരമായി ഒരു മലയാളി ഹോട്ടലിൽ നിന്നായിരുന്നു ഭക്ഷണം. രാവിലെ ആഹാരം കഴിക്കുകയും ആഴ്ച്ചയിൽ ഒരിക്കൽ പണം കൊടുക്കുകയുമായിരുന്നു അന്ന് ചെയ്തിരുന്നത്.
ഇതിനിടെ ഒരുദിവസം രാവിലെ കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ഹോട്ടലുടമ ഒരു യുവാവിനെ തല്ലുന്നതു കണ്ടു. ഇക്കാര്യം കണ്ട് വിവരം തിരക്കിയപ്പോഴാണ് ആഹാരം കഴിച്ചതിനു ശേഷം നൽകാൻ പണം ഇല്ലെന്ന് പറഞ്ഞതിനാണ് ഹോട്ടലുടമ ആ യുവാവിനെ തല്ലിയത് എന്നു മനസ്സിലായത്.
മലയാളി ഹോട്ടലായതുകൊണ്ടാണ് താൻ അവിടെ കയറിയെതെന്നും എന്തെങ്കിലും സഹായം പ്രതീക്ഷിച്ചാണ് വന്നതെന്ന് പറഞ്ഞിട്ടും ഹോട്ടലുടമയും തല്ലുകയായിരുന്നു. തല്ലരുത് അദ്ദേഹത്തിന്റെ പണം താൻ നൽകി കൊള്ളാമെന്നും തന്റെ കണക്കിൽ എഴുതിക്കൊള്ളാനും താൻ പറഞ്ഞു.
എന്നാൽ അഭിമാനത്തിനേറ്റ കോട്ടം കൊണ്ടാണോ പണമില്ലായ്മ കൊണ്ടാണോ എന്നൊന്നും അറിയില്ല, തന്നെ നോക്കി കൈകൂപ്പി നന്ദി പറഞ്ഞതിനു ശേഷം അദ്ദേഹം ട്രെയിനിനു മുൻപിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.
അതേസമയം, അന്ന് ഭക്ഷണം നൽകാതെ ക്രൂരമായി മർദ്ദിച്ച ആ ഹോട്ടലുടമ പിന്നീട് മാരക രോഗങ്ങളാൽ ബുദ്ധിമുട്ടി. വിശന്നു വരുന്നവർക്ക് ആഹാരം നൽകുക. ഒരിക്കലും അതിന് കുറവ് കാണിക്കരുതെന്നും കൊല്ലം തുളസി പറഞ്ഞു.
കോമഡി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക സ്വീകാര്യത നേടിയ നടനാണ് ബിജുക്കുട്ടന്‍. സമൂഹമാധ്യമങ്ങളില്‍ സജീവമായ താരത്തിന്റെ ഡാന്‍സാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ബിജുക്കുട്ടന്‍ മാത്രമല്ല മകളും ഒപ്പമുണ്ട്. അണ്ടിപ്പിള്ളിക്കാവിലെ മൈക്കിൾ ജാക്സൺ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ഇപ്പോള്‍ നവമാധ്യങ്ങളില്‍ വൈറലായിരിക്കുന്ന ദി വാരിയര്‍ എന്ന ചിത്രത്തിലെ ബുള്ളറ്റ് എന്ന ഗാനത്തിനാണ് ബിജുക്കുട്ടനും മകളും ചുവടുവച്ചിരിക്കുന്നത്. ദേവ് ശ്രി പ്രസാദ് സംഗീതം നല്‍കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് സിലമ്പരസന്‍ ടിആറും ഹരിപ്രിയയും ചേര്‍ന്നാണ്. രാം പോതിനേനിയും കൃതി ഷെട്ടിയുമാണ് യഥാര്‍ത്ഥത്തില്‍ ഗാനത്തിന് ചുവടുവച്ചിരിക്കുന്നത്.
നിരവധി പേരാണ് ബിജുക്കുട്ടനേയും മകളേയും കമന്റ് ബോക്സില്‍ അഭിനന്ദിച്ചുകൊണ്ട് എത്തിയിരിക്കുന്നത്. ‘അച്ഛനും മോളും ഓരേ പൊളി’ എന്നാണ് ഗിന്നസ് പക്രു വീഡിയോ പങ്കുവച്ചുകൊണ്ട് ഫെയ്സ്ബുക്കില്‍ കുറിച്ചത്. ‘രണ്ട് പേരും മാസാ’ണെന്ന് ക്വീന്‍ ഫെയിം അശ്വിനും കമന്റ് ചെയ്തിട്ടുണ്ട്.
നടൻ ടൊവീനോ തോമസിന്റെ താരങ്ങളുടെ വിളിപ്പേരിൽ മതം കലർത്തുന്നതിനെതിരായ കമന്റിനോട് പ്രതികരിച്ച് ശ്രീജിത്ത് പണിക്കർ. ഒരാൾ ഹിന്ദു ആയതു കൊണ്ട് ഏട്ടനെന്നും മുസ്ലിം ആയതു കൊണ്ട് ഇക്കായെന്നും ക്രിസ്ത്യാനി ആയതു കൊണ്ട് ഇച്ചായനെന്നും വിളിക്കുന്നതിൽ പന്തികേടണ്ട് എന്ന് ഈയടുത്ത് നൽകിയ അഭിമുഖത്തിൽ ടൊവീനോ അഭിപ്രായപ്പെട്ടിരുന്നു. തന്നെ ഇച്ചായൻ എന്ന് വിളിക്കുന്നത് ചേരാത്ത ട്രൗസറാണെന്ന് ആയിരുന്നു നടന്റെ പ്രതികരണം. മുൻപും സമാനമായ പ്രതികരണം ടൊവീനോ നടത്തിയിരുന്നു.
അതേസമയം, ഒരു വ്യക്തിയെ അദ്ദേഹത്തിന്റെ സമുദായത്തിലെ ബഹുമാന വാക്കുകൾ കൊണ്ട് സംബോധന ചെയ്യുന്നതിൽ എന്തെങ്കിലും പന്തികേടുണ്ടോ എന്ന് ആലോചിച്ചു നോക്കി. അങ്ങനെ വിളിക്കുന്നത് ആദരവും സ്‌നേഹവും ആണെന്നു മാത്രമേ തോന്നിയുള്ളൂവെന്നാണ് ശ്രീജിത്ത് പണിക്കരുടെ അഭിപ്രായം.
‘ടൊവിനോയുടെ നിലപാട് തീർച്ചപ്പെടുത്താൻ അദ്ദേഹത്തിന്റെ തന്നെ ഫേസ്ബുക്ക് പോസ്റ്റുകൾ ഒന്നുനോക്കി. ലാലേട്ടൻ, ജയേട്ടൻ, രാജുവേട്ടൻ, പദ്മകുമാറേട്ടൻ, ശ്രീയേട്ടൻ, മമ്മൂക്ക, സിദ്ദിഖ് ഇക്കാ, നാദിർഷ ഇക്കാ, ജാഫറിക്കാ, കമലിക്കാ, ബാദുഷ ഇക്കാ, നസീറിക്കാ, ചാക്കോച്ചൻ എന്നൊക്കെയാണ് ആൾക്കാരെ സംബോധന ചെയ്തിരിക്കുന്നത്.’
‘എല്ലാം അതാത് മതത്തിൽ സ്‌നേഹവും ആദരവും പ്രകടിപ്പിക്കാൻ ഉപയോഗിക്കുന്ന നല്ല സംബോധനകൾ തന്നെ. അത് നിഷ്‌കളങ്കത തന്നെയല്ലേ? അല്ലാതെ ചേരാത്ത ട്രൗസർ അല്ലല്ലേ’- എന്ന് ശ്രീജിത്ത് പണിക്കർ ചോദിക്കുന്നു.
ഷെറിൻ പി യോഹന്നാൻ
വീട്, ഫാക്ടറി, ജോലി, അടിപിടി, ഇഡലി, സിഗരറ്റ്, ബിയർ – ഇതായിരുന്നു ധർമയുടെ ജീവിതം. അയൽവാസികളുമായോ ജോലിസ്ഥലത്തുള്ളവരുമായോ അദ്ദേഹത്തിന് ബന്ധങ്ങൾ ഒന്നുമില്ല. ഒരേപോലെ തന്നെ എല്ലാ ദിവസവും തള്ളിനീക്കുന്നു. ധർമയുടെ ഈ ഏകാന്ത ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി ഒരു നായ എത്തുന്നു. പിന്നീട് അദ്ദേഹത്തിന്റെ ജീവിതത്തിൽ പല മാറ്റങ്ങളും സംഭവിക്കുന്നു.
ഞാൻ ഏറെ നാളായി കാത്തിരുന്ന കന്നഡ ചിത്രമാണ് ‘777 ചാർളി’. അതിന്റെ പ്രധാന കാരണം രക്ഷിത് ഷെട്ടി തന്നെയാണ്. ട്രെയ്ലർ ഇറങ്ങി കഴിഞ്ഞപ്പോൾ ചിത്രത്തിന്റെ പ്ലോട്ട് മനസ്സിലായി. എന്നാൽ Pet Lovers ലേക്ക് മാത്രം ഒതുങ്ങാതെ എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്താൻ കഴിയുന്നിടത്ത് ഈ സിനിമ വിജയം കാണുന്നു. ഓവർ നന്മ പടങ്ങൾ കാണാൻ ഇപ്പോൾ ഒട്ടും താല്പര്യമില്ലാത്ത ആളാണ് ഞാൻ. ഈ ചിത്രത്തിലും പലയിടത്തായി ഓവർ നന്മ കാണാൻ കഴിയും. എന്നാൽ അതൊന്നും ഒരു കുറവായി എനിക്ക് അനുഭവപ്പെട്ടില്ല. അത് ആസ്വാദനത്തെ ഒട്ടും ബാധിക്കില്ല. കാരണം അത്ര സുന്ദരമായിരുന്നു കഥാവിഷ്കാരം.
മനുഷ്യനും മൃഗവും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ‘777 ചാർളി’. ഏകാന്തത അനുഭവിക്കുന്ന ഒരാളുടെ ജീവിതത്തിലേക്ക് നായ എത്തുന്നതോടെയാണ് കഥയിൽ വഴിത്തിരിവ് ഉണ്ടാകുന്നത്. ധർമയുടെ ജീവിതത്തിലേക്ക് ചാർളി കടന്നുവരുന്നത് ആദ്യ പകുതിയിൽ പറയുന്നു. ചാർളിയുടെ ഒരു ആഗ്രഹം സാധിച്ചു കൊടുക്കാൻ ഇരുവരും നടത്തുന്ന യാത്രയാണ് രണ്ടാം പകുതിയിലെ പ്രധാന പ്രമേയം. അതിൽ കണ്ണും മനസ്സും നിറയ്ക്കുന്ന ഒട്ടേറെ നിമിഷങ്ങൾ സംവിധായകൻ നമുക്ക് സമ്മാനിക്കുന്നു. നിങ്ങൾ ഒരു Pet Lover ആണെങ്കിൽ ഈ ചിത്രം നിങ്ങളെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകുമെന്ന് ഉറപ്പാണ്. ചാർളിയുടെയും ധർമയുടെയും ബന്ധം നിങ്ങളെ ആഴത്തിൽ സ്പർശിക്കും.
കഥയിൽ വലിയ പുതുമ അവകാശപ്പെടാനില്ലാത്ത ചിത്രമാണ് ഇത്. കഥ എങ്ങോട്ടൊക്കെ നീങ്ങുമെന്ന് നമുക്ക് കൃത്യമായി അറിയാം. എന്നാൽ അവിടെയെല്ലാം സിനിമ നൽകുന്ന ഫീലിലാണ് പ്രേക്ഷകൻ എല്ലാം മറന്ന് കണ്ടിരുന്നു പോകുന്നത്. ചിത്രത്തിലെ നായയുടെ പ്രകടനമാണ് ആദ്യം പറയേണ്ടത്. ഓരോ രംഗങ്ങളും കാണാൻ വളരെ സുന്ദരമാണ്. കൂടെ രക്ഷിത് ഷെട്ടിയുടെ മികച്ച പ്രകടനം കൂടിയാവുമ്പോൾ നാം അവരുടെ യാത്രയിൽ ഒരാളാകും. രക്ഷിതിന്റെ ക്ലൈമാക്സിലെ പ്രകടനമൊക്കെ ടോപ് ലെവലാണ്. ബോബി സിംഹയുടെ കഥാപാത്ര നിർമിതിയും മികച്ചുനിൽക്കുന്നു.
സുന്ദരമായ കാഴ്ചകളും പശ്ചാത്തലസംഗീതവും ചിത്രത്തെ മനസ്സിനോട് ചേരുന്ന അനുഭവമാക്കി മാറ്റുന്നു. രണ്ടാം പകുതിയിലെ ചില ഗാനങ്ങളും ക്ലൈമാക്സിലെ ചില ഫ്രെയിമുകളും പെട്ടെന്ന് മറക്കാൻ കഴിയില്ല. പ്രേക്ഷകരുടെ ഇമോഷൻസിനെയാണ് സംവിധായകൻ ഇവിടെ ലക്ഷ്യം വച്ചത്. അതിൽ അദ്ദേഹം പരിപൂർണമായി വിജയിച്ചിട്ടുണ്ട്. ഒരു കന്നഡ സിനിമയുടെ മലയാളം ഡബ്ഡ് വേർഷൻ ആണെന്ന് തോന്നിക്കാത്ത വിധത്തിൽ മലയാളം ബോർഡുകളും പത്രവും മാസികകളുമൊക്കെ ചിത്രത്തിൽ കാണാം. ചില വിഎഫ്എക്സ് പോരായ്മകൾ മാറ്റി വെച്ചാൽ ഒരു വിഷ്വൽ ട്രീറ്റ് സമ്മാനിക്കുന്ന ചിത്രം കൂടിയാണ് ‘777 ചാർളി’.
Last Word – മനുഷ്യനും മൃഗവും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പുതുമയുള്ളതല്ല. എന്നാൽ ഇവിടെ പ്രേക്ഷകനെ വൈകാരികമായി കീഴടക്കാനും സന്തോഷിപ്പിക്കാനും ചിത്രത്തിന് സാധിക്കുന്നു. കലിയുഗത്തിലെ ധർമ്മരാജൻ്റെയും നായയുടേയും കഥ തിയേറ്ററിൽ തന്നെ അനുഭവിക്കുക. നിങ്ങളും കലിയുഗത്തിലെ ധർമ്മരാജാകാം, നിങ്ങളെ തേടിയും ഒരു ചാർളി എത്തിയേക്കാം. ഭാഗ്യം ഉണ്ടാവണമെന്ന് മാത്രം
ഷെറിൻ പി യോഹന്നാൻ
മലയാള സിനിമയിലെ താരമൂല്യമുള്ള നടനാണ് ആദി ശങ്കർ എങ്കിലും കരിയറിലെ മോശം അവസ്ഥയിലൂടെയാണ് ഇപ്പോൾ അദ്ദേഹം കടന്നുപോകുന്നത്. മൂന്നു ചിത്രങ്ങൾ തുടർച്ചയായി പരാജയപ്പെട്ടു. സ്വയം നിർമിച്ച് പുറത്തിറക്കിയ സയൻസ് ഫിക്ഷൻ ചിത്രവും വൻ പരാജയമായി. യാതൊരുവിധ സമാധാനവുമില്ലാത്ത ജീവിതം നയിക്കുകയാണ് ആദി. അങ്ങനെയിരിക്കെ ഒരു ദിവസം ആദിയെ രണ്ട് പേർ ചേർന്ന് തട്ടിക്കൊണ്ടു പോകുന്നു. തട്ടിക്കൊണ്ടു പോയവരുടെ ലക്ഷ്യമെന്ത്? നായകൻ എങ്ങനെ രക്ഷപെടും എന്നൊക്കെയാണ് സിനിമ തുടർന്നുപറയുന്നത്.
ഓവർ നന്മ പടങ്ങൾ തുടരെ തുടരെ ഇറക്കിയ സംവിധായകനാണ് ജിസ് ജോയ്. ഇത്തവണ അദ്ദേഹം ട്രാക്ക് മാറി ത്രില്ലറിലേക്ക് കടന്നിട്ടുണ്ടെങ്കിലും ത്രില്ലടിപ്പിക്കാത്ത, വളരെ പ്രെഡിക്റ്റബിളായ ചിത്രമാണ് പ്രേക്ഷകർക്ക് മുന്നിലേക്ക് നീട്ടിയത്. ജിസ് ജോയിയുടെ തിരക്കഥയിൽ തെളിഞ്ഞു നിൽക്കുന്ന നാടക ഡയലോഗുകളും കൂടി ചേരുമ്പോൾ സോണി ലിവിൽ പുറത്തിറങ്ങിയ മോശം മലയാള സിനിമ എന്ന പേര് ‘ഇന്നലെ വരെ’ ക്ക് സ്വന്തം.
ചിത്രത്തിന്റെ ആരംഭത്തിൽ തന്നെ പല സംഭാഷണങ്ങളും കൃത്രിമമാണെന്ന തോന്നൽ പ്രേക്ഷകനുണ്ടാകും. ഒരു ഹോസ്റ്റേജ് ഡ്രാമയിലേക്ക് രൂപം മാറുമ്പോൾ ആസിഫ് അലി, നിമിഷ എന്നിവരുടെ മികച്ച പ്രകടനം കാണാം. അവിടെയുള്ള ഒരു ഫൈറ്റും നന്നായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ കഥ വല്ലാതെ നീളുന്നുണ്ട്. ക്ലൈമാക്സിൽ ബുദ്ധിപരമായ എന്തെങ്കിലും ട്വിസ്റ്റ് പ്രതീക്ഷിച്ചാലും പതിവ് ജിസ് ജോയ് പാറ്റേണിൽ നന്മ വിതറിയാണ് കഥ അവസാനിക്കുന്നത്.
സിനിമയുടെ അവതരണം മോശമാണെങ്കിലും ഒരു ഡാർക്ക് മൂഡ് ക്രീയേറ്റ് ചെയ്യുന്ന ഛായാഗ്രഹണം നന്നായിരുന്നു. പ്രകടനങ്ങളിൽ ആസിഫ് അലിയും നിമിഷയും അവരുടെ റോളുകൾ മികച്ചതാക്കിയപ്പോൾ ആന്റണി വർഗീസിന്റെ കഥാപാത്രം വിജയം കാണുന്നില്ല. ഒരു ശരാശരി പ്രേക്ഷകനു ഊഹിക്കാൻ കഴിയുന്ന ട്വിസ്റ്റുകൾ മാത്രമേ ഈ ചിത്രത്തിൽ ഉള്ളൂ എന്നതാണ് പ്രധാന പോരായ്മ.
ചിലയിടങ്ങളിൽ എൻഗേജ് ചെയ്യിപ്പിക്കുന്നെങ്കിലും നാം പ്രതീക്ഷിക്കുന്നിടത്തേക്ക് സിനിമ സഞ്ചരിക്കുന്നതോടെ തുടർന്നറിയാനുള്ള ആകാംഷ നഷ്ടമാവും. അതിനാൽ ബോബി – സഞ്ജയ് ടീമിന്റെ ദുർബലമായ കഥയിൽ മോശം അവതരണത്തോടെ പുറത്തിറങ്ങിയ ചിത്രമാണ് ‘ഇന്നലെ വരെ’. ഇന്നിന്റെ ചിത്രങ്ങളിലേക്ക് ചേർക്കാൻ കഴിയാത്തൊരു പടം.
Last Word – പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നതിൽ പരാജയപ്പെടുന്ന ജിസ് ജോയ് ചിത്രം. അവതരണത്തിലെ പോരായ്മയും കഥയിലെ പ്രെഡിക്ടബിലിറ്റിയും മോശം ക്ലൈമാക്സും ചിത്രത്തെ ശരാശരിയിൽ താഴേക്ക് എത്തിക്കുന്നു. ചിലയിടങ്ങളിൽ മാത്രം എൻഗേജ് ചെയ്യിപ്പിക്കുന്ന ചിത്രം.
” ഒരു വീടും ജപ്തി ചെയ്യണമെന്ന് നല്ല ബാങ്കേഴ്സിന് ആഗ്രഹം ഉണ്ടാവില്ല….! ” – ഒരു ജിസ് ജോയ് പടം
ടൊവിനോ തോമസ്, ബേസില്‍ ജോസഫ് ദര്‍ശന രാജേന്ദ്രന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഡിയര്‍ ഫ്രണ്ട്’. അയാള്‍ ഞാനല്ല’ എന്ന ചിത്രത്തിന് ശേഷം വിനീത് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഇത്. ജൂണ്‍ 10നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്.
ജാക്ക് ആന്‍ഡ് ജില്‍ എന്ന ചിത്രത്തിന് ശേഷം ബേസില്‍ നടനായി എത്തുന്ന ചിത്രം കൂടിയാണ് ഡിയര്‍ ഫ്രണ്ട്. ബേസില്‍ എന്ന സംവിധായകനെ ഷൂട്ട് ചെയ്തപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ വിനീത് കുമാര്‍. ആദ്യ ദിവസത്തെ ഷൂട്ടില്‍ തന്നെ വെള്ളം കുടിപ്പിച്ച ബേസിലിനെ കുറിച്ചാണ് അഭിമുഖത്തില്‍ വിനീത് സംസാരിച്ചത്.
ഒരുപാട് താരങ്ങളുള്ള ഈ ചിത്രത്തില്‍ അഭിനയിപ്പിക്കാന്‍ ഏറ്റവും കൂടുതല്‍ പാടുപെട്ടത് ആരെയായിരുന്നു എന്ന ചോദ്യത്തിനായിരുന്നു വിനീതിന്റെ മറുപടി.
‘ എന്നെ ആദ്യം പേടിപ്പിച്ച ആക്ടര്‍ ബേസില്‍ ആയിരുന്നു. കാരണം ബേസില്‍ ഒരു സംവിധായകനാണ്. അപ്പോള്‍ ഫസ്റ്റ് ഡേ ഷൂട്ട് ചെയ്യുമ്പോള്‍ ഒരു രംഗത്തില്‍ കൈയില്‍ ഗ്ലാസ് പിടിച്ചിട്ടുണ്ടായിരുന്നു. അടുത്ത് ടേക്ക് ആയപ്പോഴേക്ക് പുള്ളി ഒന്നുകില്‍ ഗ്ലാസ് മറക്കും, അല്ലെങ്കില്‍ ഡയലോഗ് മറക്കും.
ഇങ്ങനെ വന്ന് കണ്‍ഫ്യൂഷന്‍ ആയപ്പോള്‍ ഞാന്‍ ഒന്ന് പേടിച്ചു. പക്ഷേ അത് ബേസിലിന്റെ ആദ്യത്തെ ദിവസത്തെ പറ്റിക്കലായിരുന്നു. പിന്നെയാണ് എനിക്കത് മനസിലായത്. പുള്ളി ക്യാരക്ടറിലേക്ക് വന്നപ്പോള്‍, എന്താണ് പടത്തിന്റെ ഒരു പേസ് എന്ന് കിട്ടിയ ശേഷം എന്നെ സര്‍പ്രൈസ് ചെയ്യിച്ചതും ബേസിലാണ്.
എഡിറ്റൊക്കെ കണ്ട ശേഷം ഞാന്‍ പറയുകയും ചെയ്തു. അത്ര ജനുവിനായിട്ട് ആ ക്യാരക്ടറിനെ ബേസില്‍ അവതരിപ്പിച്ചിട്ടുണ്ട്. ആദ്യം എന്നെ കണ്‍ഫ്യൂസ് ചെയ്യിപ്പിച്ചു എന്നേയുള്ളൂ. ആരുടെ കാര്യത്തിലും ബുദ്ധിമുട്ടുണ്ടായിരുന്നില്ല.
പിന്നെ അര്‍ജുന്റെ കാര്യം പറയുകയാണെങ്കില്‍ അവന്‍ എഴുത്തിലും കൂടി ഉള്ളതുകൊണ്ട് ഒരു സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ മിക്കവാറും ഡയലോഗ് മറക്കും. അതിന് കാരണം എന്താണെന്നാല്‍ അവന്‍ തന്നെ എഴുതിയതും അവന്‍ കൂടെ ഉണ്ടായിരുന്നതുമാണ് എന്നതുകൊണ്ടാണ്. അവന്‍ ഡയലോഗ് പറയുമ്പോള്‍ അവന്‍ അടുത്തയാളുടെ ഡയലോഗ് കൂടി ചിലപ്പോള്‍ ഓര്‍ക്കും. അങ്ങനെയുള്ള ചില കണ്‍ഫ്യൂഷന്‍സ് ഉണ്ടായിരുന്നു. പിന്നെ എല്ലാവരും പ്രൊഫഷണല്‍സാണല്ലോ,’ വിനീത് പറഞ്ഞു.
മിന്നല്‍ മുരളിയ്ക്ക് ശേഷം ടൊവിനോയും ബേസിലും ഒന്നിച്ചെത്തുന്ന സിനിമയെന്ന പ്രത്യേകതയും ഡിയര്‍ ഫ്രണ്ടിനുണ്ട്. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെയും, ഹാപ്പി എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെയും ബാനറില്‍ ആഷിഖ് ഉസ്മാന്‍, സമീര്‍ താഹിര്‍, ഷൈജു ഖാലിദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സൗഹൃദത്തിന്റെ എല്ലാ ചേരുവകളും അടങ്ങിയ ചിത്രമാണ് ഡിയര്‍ ഫ്രണ്ട്.