പ്രതികള്‍ മര്‍ദ്ദനത്തിന്റെ വീഡിയോ പകര്‍ത്തുകയും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. അക്രമികള്‍ തന്റെ ശരീരത്തില്‍ പിടിച്ചപ്പോളാണ് അനീഷ് ഇടപെട്ടതെന്ന് പെണ്‍കുട്ടി വ്യക്തമാക്കിയിരുന്നു. ഇവര്‍ വളരെ ക്രൂരമായാണ് മര്‍ദ്ദിച്ചത്. ഇരുവരും പരാതി നല്‍കുകയും അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനുശേഷവും സോഷ്യല്‍മീഡിയ വഴി പ്രതികളുടെ സുഹൃത്തുക്കള്‍ നടത്തിയ അപവാദ പ്രചാരണത്തെ തുടര്‍ന്നാണ് അനീഷ് ഫെബ്രുവരി 23ന് ആത്മഹത്യ ചെയ്തതത്.
തന്റെ മരണത്തിന് ഉത്തരവാദികള്‍ സദാചാരഗുണ്ടായിസം കാട്ടിയവരാണെന്ന് അനീഷിന്റെ ആത്മഹത്യാക്കുറിപ്പില്‍ രേഖപ്പെടുത്തിയിരുന്നു. കൊല്ലം കരുനാഗപ്പള്ളിയിലെ അമൃത മഠത്തിലെ അഡ്മിനിസ്‌ട്രേഷനില്‍ ജോലി ചെയ്തിരുന്ന അനീഷ്
സദാചാര ഗുണ്ടകളുടെ ആക്രമണത്തിനുശേഷം ജോലി ഉപേക്ഷിച്ചുവെന്നും വളരെ മൗനിയായിട്ടാണ് കാണപ്പെട്ടിരുന്നതെന്നും അമ്മ പോലീസില്‍ മൊഴി നല്‍കിയിരുന്നു. പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാണ് ബന്ധുക്കള്‍ അടക്കമുളളവരുടെ ആവശ്യം.
വര്‍ദ്ധിത പ്രതിബദ്ധതയോടെ പുതിയ ദിശാബോധത്തോടെ നൂതന കര്‍മ്മ പ്രവര്‍ത്തനങ്ങളുമായി യുകെ മലയാളി സമൂഹത്തിന്റെ നാഡീസ്പന്ദനമായി മാറിയിരിക്കുന്ന യുക്മയുടെ നവ സാരഥികള്‍ക്ക് ലിംകയുടെ ആഭിമുഖ്യത്തില്‍ ഊഷ്മളമായ വരവേല്‍പ്പ് നല്‍കി. എന്നും എപ്പോഴും നല്ല പൊതുജന സംരംഭത്തിന് ശക്തമായ അടിത്തറയും നിര്‍ലോഭമായ പിന്തുണയും നല്‍കിവരുന്ന ലിംക, കാലത്തിന്റെ തികവിനൊപ്പം ശ്ലാഘനീയമായ കര്‍മ്മ പരിപാടികളും പ്രതിശ്ചായയുമായി യുക്മക്ക് ഒരു പുത്തന്‍ ഉണര്‍വ്വും തേജസും പകരുന്നത് വെളിവാക്കുന്നതായിരുന്നു ലിംക നല്‍കിയ സ്വീകരണം.
വേറിട്ടതും കാലികപ്രസക്തിയുമുള്ള സ്വപ്ന സമാനമായ ഒരു പ്രവര്‍ത്തന പന്ഥാവാണ് യുക്മ വരുന്ന രണ്ടു വര്‍ഷത്തിലേക്ക് വിഭാവനം ചെയ്തിരിക്കുന്നതെന്ന് യുക്മ ട്രഷറര്‍ ശ്രീ അലക്സ് വര്‍ഗീസ് പ്രഖ്യാപിച്ചു. ഒത്തൊരുമയോടെയും ലക്ഷ്യബോധത്തോടെയും യുകെ മലയാളി സമൂഹത്തെ ഒന്നായിക്കണ്ട് രൂപകല്‍പന ചെയ്തിരിക്കുന്ന ഒരു പ്രവര്‍ത്തന സംവിധാനമാണ് യുക്മ കരുപ്പിടിപ്പിച്ചെടുത്തിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇദംപ്രഥമമായി യുകെ മലയാളി യുവതലമുറക്കായി യുക്മ ഒരു വേദി ഒരുക്കുകയാണ് യൂത്ത് യുക്മയിലൂടെ. അതിന് നേതൃത്വം നല്‍കുന്നത് യുക്മയുടെ ദേശീയ വൈസ് പ്രസിഡന്റ് ഡോ: ദീപ ജേക്കബും ദേശീയ നിര്‍വാഹക സമിതി അംഗമായ ഡോ: ബിജുവും. മാറി മാറി വരുന്ന കാലത്തിന്റെ വെല്ലുവിളികളെ നേരിടുവാന്‍ നമ്മുടെ യുവ തലമുറയെ സജ്ജമാക്കുന്ന ഒരുപാട് ആവേശോജ്ജ്വലമായ പരിപാടികളെക്കുറിച്ചും അവയ്ക്കു വേണ്ട പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതിനെപ്പറ്റിയും ഡോ: ദീപ സ്വീകരണത്തിന് നല്‍കിയ മറുപടി പ്രസംഗത്തില്‍ അക്കമിട്ടു നിരത്തി. യുക്മയുടെ സ്വപ്ന പദ്ധതിയായ റാപിഡ് റെസ്പോണ്‍സ് പ്രോജക്ടിനെക്കുറിച്ചു ഡോ: ദീപ അവതരിപ്പിച്ചത് തീക്ഷ്ണതയും നിശ്ചയ ദാര്‍ഢ്യവും വ്യക്തമാക്കിക്കൊണ്ടാണ്.
മാരക രോഗത്താലും സ്വന്തപ്പെട്ടവരുടെ ആകസ്മിക വിയോഗത്താലും മറ്റു ജീവിത ദുരവസ്ഥയിലും നട്ടം തിരിയുന്നവര്‍ക്ക് ഒരാശ്വാസത്തിന്റെയും സഹാനുഭൂതിയുടെയും സഹവര്‍ത്തിത്വത്തിന്റെയും കൈത്താങ്ങാവുന്ന ഒരു പദ്ധതിയാണ് റാപിഡ് റെസ്പോണ്‍സ്. ഒച്ചപ്പാടും ബഹളവുമില്ലാതെ ദുരന്തങ്ങളെ വില്‍പനച്ചരക്കാക്കാതെ അനുഭവസ്ഥര്‍ക്കൊപ്പം മനസ്സുകൊണ്ടും പ്രവൃത്തികൊണ്ടും ചേര്‍ന്ന് നില്‍ക്കുന്ന ഈര്‍പ്പമുള്ള കനിവിന്റെ ഒരു കിരണമായി മാറും ഈ പ്രസ്ഥാനമെന്നു ഡോ: ദീപ അടിവരയിട്ട് ആവര്‍ത്തിച്ചു.
യുക്മ ദേശീയ ജോയിന്റ് സെക്രട്ടറി ആയ ശ്രീമതി സിന്ധു ഉണ്ണി യുക്മ നേഴ്‌സസ് ഫോറത്തിന്റെ കോര്‍ഡിനേറ്റര്‍ കൂടിയാണ്. യുകെയിലെ മലയാളി നേഴ്സുമാരും മറ്റ് ആരോഗ്യമേഖലയില്‍ ജോലിചെയ്യുന്നവരും നേരിടുന്ന ഗുരുതര പ്രശ്നങ്ങളെക്കുറിച്ചുള്ള വ്യക്തമായ അവഗാധ ബോധത്തോടെയാണ് ശ്രീമതി സിന്ധു ഉണ്ണി സംസാരിച്ചത്. അവയെ നേരിടുവാനുള്ള ഒരു കര്‍മ്മ പദ്ധതിയും സിന്ദു സ്വീകരണ യോഗത്തില്‍ അവതരിപ്പിക്കുകയുണ്ടായി. അതിന്റെ ആദ്യപടിയായി ഏപ്രില്‍ മാസം 28 ന് ലണ്ടനില്‍ വച്ച് യുക്മയുടെ നേതൃത്വത്തില്‍ ചേരുന്ന നേഴ്സസ് കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. യുക്മ നഴ്‌സസ് ഫോറത്തിനെ അതിന്റെ ലക്ഷ്യപ്രാപ്തിയിലെത്തിക്കുവാനുള്ള ഒരു നിശ്ചയ ധാര്‍ഢ്യവും വളരെ ശക്തമായി മുഴങ്ങികേട്ടിരുന്നു ശ്രീമതി സിന്ധുവിന്റെവാക്കുകളില്‍.
സംഘടനാ പാടവത്തില്‍ മികവുറ്റ സംഭാവനകള്‍ നല്‍കിയ യുക്മയുടെ സജീവ സാന്നിദ്ധ്യമായ ശ്രീ എസ് ജയകുമാര്‍ ഇപ്പോള്‍ യുക്മയുടെ ജോയിന്റ് ട്രഷറര്‍ ആണ്. ഏറ്റെടുത്ത എല്ലാ ഉത്തരവാദിത്വങ്ങളും തന്റെ കയ്യൊപ്പോടെ വന്‍ വിജയഗാഥയാക്കി മാറ്റിയ ജയകുമാര്‍ യുക്മയുടെ ഫ്ളാഗ്ഷിപ്പ് പ്രോഗ്രാം ആയ സാന്ത്വനത്തെപ്പറ്റി സദസ്സിനോട് സംസാരിച്ചു. ആകസ്മിക മരണത്തില്‍ തളരുന്ന മലയാളിക്ക് ആശ്വാസത്തിന്റെയും സഹായത്തിന്റെയും സാന്ത്വനം നല്‍കുന്ന യുക്മയുടെ ഈ പുതിയ ചാരിറ്റി സംവിധാനം യുകെ മലയാളികളോടുള്ള യുക്മയുടെ പ്രതിബദ്ധതയുടെ പരിശ്ചേദമാണെന്ന് അദ്ദേഹം സമര്‍ത്ഥിച്ചു. അചിന്തനീയമായ ശക്തമായ അനുകൂല പ്രതികരണങ്ങളാണ് എല്ലാ മേഖലകളില്‍നിന്നും സാന്ത്വനത്തിന് ലഭിച്ചത് അത് യുക്മയെ വിനയാന്വിതരാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
യുകെയിലെ ഏറ്റവും ശക്തമായ റീജിയന്‍ ആയി വളര്‍ത്തിയെടുക്കാനുള്ള ദുഷ്‌കരമായ ദൗത്യം ശിരസ്സാ വഹിച്ചുകൊണ്ടാണ് യുക്മ നോര്‍ത്തുവെസ്റ് റീജിയന്‍ പ്രസിഡന്റ് ശ്രീ ഷീജോ വര്‍ഗ്ഗീസ് എത്തിയത്. വളരെ കരുതലോടെയുള്ള ഒരു പ്രവര്‍ത്തന കലണ്ടര്‍ തന്നെ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി രൂപപ്പെടുത്തി പ്രവര്‍ത്തനവും ആരംഭിച്ചുകഴിഞ്ഞിരിക്കുന്നു. സഹവര്‍ത്തിത്വത്തിലൂന്നി പൊതുനന്മ മാത്രം ലക്ഷ്യമാക്കിയുള്ള ഈ മുന്നേറ്റത്തിന് എല്ലാവരുടെയും പിന്തുണ അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ലിംക ചെയര്‍പേഴ്സണ്‍ ശ്രീ ബിജുമോന്‍ മാത്യുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സ്വീകരണ യോഗത്തില്‍ യുക്മ ദേശീയ നിര്‍വാഹക സമിതി അംഗം ശ്രീ തമ്പി ജോസ് അതിഥികളെ പരിചയപ്പെടുത്തി സ്വാഗതം ചെയ്യുകയുണ്ടായി. ലിംകയുടെ കുഞ്ഞു പ്രതിഭകളായ ജൊഹാന ജേക്കബും അമേലിയ മാത്യുവും ചേര്‍ന്നൊരുക്കിയ സംഗീത വിരുന്ന് യോഗത്തിനു മാറ്റ് കൂട്ടി. ലിംകയുടെ നിയുക്ത പ്രസിഡന്റും യുക്മ റെപ്രസെന്റേറ്റീവും ആയ ശ്രീ മനോജ് വടക്കേടത്ത് നന്ദിപറഞ്ഞുകൊണ്ട് യോഗം അവസാനിച്ചു.
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അസാധാരണമായ രീതിയില്‍ തന്നെ ഉപദ്രവിച്ചു കൊണ്ടിരിക്കുകയാണെന്ന് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവും ബിസിനസുകാരനുമായ റോബര്‍ട്ട് വാദ്ര. പ്രധാനമന്ത്രി നരേന്ദ്ര മോദി ആം ആദ്മി പാര്‍ട്ടിക്കെതിരെ ആരോപണം ഉന്നയിക്കുന്നപോലെ റോബര്‍ട്ട് വാദ്രക്കെതിരെ വിരല്‍ ചൂണ്ടിയാല്‍ അദ്ദേഹം മോദിയെ മുഴുവനായി വിഴുങ്ങുമെന്ന കെജ്രിവാളിന്റ പ്രസ്താവനക്ക് എതിരെ ഫേസ്ബുക്കിലൂടെയാണ് വാദ്ര പ്രതികരിച്ചത്.
റോബര്‍ട്ട് വാദ്രയെന്നതാണ് ഡല്‍ഹി മുഖ്യമന്ത്രിയുടെ ഡിക്ഷണറിയില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ വാക്ക്. മോദിക്കെതിരെ സംസാരിക്കുന്നതിന് വാദ്ര അദ്ദേഹത്തെ വിഴുങ്ങുമെന്നുള്ള കെജ്രിവാളിന്റ പ്രസ്താവന വിചിത്രമായാണ് തോന്നിയത്.
മലയാളികളടക്കമുള്ള അവിവാഹിതരായ സ്ത്രീകളെ കത്തിമുനയില്‍ ലൈംഗീക അതിക്രമണത്തിന് ഇരയാക്കുന്ന യുവാവിനെ പോലീസ് വെടിവെച്ചിട്ട് പിടികൂടി. ബംഗളുരു ഇലക്ട്രോണിക് സിറ്റിക്ക് അടുത്തുള്ള മടിവാളയില്‍ നിന്ന് ഹൊസൂര്‍ റൂട്ടിനിടെയിലെ പിജികളില്‍ ലൈംഗീകാതിക്രമങ്ങള്‍ തുടര്‍ക്കഥയായതിനു പിന്നാലെയാണ് ഇയാള്‍ പോലീസ് പിടിയിലാകുന്നത്.മാറത്തഹള്ളിയില്‍ നിന്ന് പോലീസ് വെടിവെച്ച് പിടികൂടിയ 30 കാരനായ ശിവരാമ റെഡ്ഡി കുന്ദലഹള്ളി ഗേറ്റിലെ പിജിയില്‍ കയറി 23 വയസ്സുകാരിയെ മാനഭംഗപ്പെടുത്തിയ കേസിലെ പ്രതിയാണ്.
വെറും ഒരു കേസല്ല ഇയാര്‍ക്കെതിരെയുള്ളത്. മൂന്ന് വര്‍ഷത്തിനു മുമ്പ് ഇലക്‌ട്രോണിക്‌സിറ്റിയ്ക്കു സമീപം ജാര്‍ഖണ്ഡ് സ്വദേശിനിയായ 25 കാരിയായ സോഫ്റ്റ് വെയര്‍ എന്‍ജീനീയറെ പീഡിപ്പിച്ച കേസിലും ഇയാളാണ് പ്രതി.
ഇന്‍ഫോസിസ്, ബയോകോണ്‍ ഉള്‍പ്പെടെയുള്ള കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന ഇലക്‌ട്രോണിക് സിറ്റിക്ക് സമീപമാണ് പീഡന പരമ്പര ഇയാള്‍ നടത്തി വന്നത്.ഈ പ്രദേശത്ത് മലയാളികള്‍ ധാരാളം താമസിക്കുന്നതിനാല്‍ ഇത്തരം വാര്‍ത്തകള്‍ കുടുതല്‍ ആശങ്കയാണ് ഉയര്‍ത്തുന്നത്. അവിവാഹിതരായ സ്ത്രീകളെയാണ് ഇയാള്‍ക്ക് പ്രിയം. അതും പേയിങ് ഗെസ്റ്റ് (പിജി) കളായി താമസിക്കുന്ന പെണ്‍കുട്ടികളെ ഒരുപാട് ഇഷ്ടം. പിജികളില്‍ താമസിക്കുന്ന പെണ്‍കുട്ടികളെ പലപ്പോഴും കത്തിമുനയില്‍ നിര്‍ത്തിയാണ് പീഡനത്തിനിരയാക്കിയിരുന്നത്. ആന്ധ്ര സ്വദേശിയായ ശിവരാമറെഡ്ഡി മുപ്പത്തഞ്ചോളം പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കിയിട്ടുണ്ട് എന്നാണ് പോലീസിന്റെ വിശദീകരണം. ഇതില്‍ പരാതി പെടാത്ത മലയാളി പെണ്‍കുട്ടികലും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് അറിയുന്നത്.
ഇതില്‍ അഡുകോഡി, ബെന്നാര്‍ഘട്ട, അനേക്കല്‍, വര്‍ത്തൂര്‍, എച്ച്എഎല്‍ എന്നീവിടങ്ങളിലുള്‍പ്പെടെ 16 കേസുകളില്‍ ഇയാള്‍ക്കെതിരെ തെളിവുകളുണ്ടെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. പിജികളില്‍ ഒറ്റയ്ക്ക് താമസിച്ച് വന്നിരുന്ന പെണ്‍കുട്ടികളാണ് അക്രമത്തിന് ഇരകളായവരില്‍ അധികവും. പീഡനത്തിനിരയാക്കിയ ശേഷം ഭീക്ഷണിപ്പെടുത്തി പണവും മൊബൈലും ഉള്‍പ്പെടെയുള്ളവ കവരുന്നതും ഇയാളുടെ ശീലമായിരുന്നു. പരാതികളുടെ അടിസ്ഥാനത്തില്‍ മാറത്തഹള്ളി ഔട്ടര്‍ റിങ് റോഡിനു സമീപം കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് ആറരയോടെയാണ് ശിവരാമ റെഡ്ഡിയെ പോലീസ് വെടിവെച്ചിട്ടത്.
സഖറിയ പുത്തന്‍കളം
ബര്‍മിങ്ങ്ഹാം: വളര്‍ച്ചയുടെ പടവുകള്‍ താണ്ടി പതിനാറാം വര്‍ഷത്തിലേക്ക് കടക്കുന്ന യു.കെ. ക്‌നാനായ കാത്തലിക് അസോസിയേഷന്‍, വലിയ നോമ്പിന്റെ വേളയില്‍ സാമ്പത്തിക പരാധീനത മൂലം ദുഃഖ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ”ലെന്റ് അപ്പീലിനു” തുടക്കമായി.
എല്ലാ വര്‍ഷവും വലിയ നോമ്പുകാലത്ത് തങ്ങള്‍ക്ക് ഇഷ്ടമുള്ള തുക യൂണിറ്റ് വഴി യു.കെ.കെ.സി.എ ചാരിറ്റി ഫണ്ടിലേക്ക് നിക്ഷേപിക്കുമ്പോള്‍ അര്‍ഹരായവര്‍ക്ക് അര്‍ഹമായ സഹായം ബന്ധപ്പെട്ടവര്‍ മുഖേന നല്‍കുന്നതായിരിക്കും.
പ്രാര്‍ത്ഥനയിലും ഉപവാസത്തിലും ഇഷ്ടപ്പെട്ട ഭക്ഷണ പാനീയ പദാര്‍ത്ഥങ്ങള്‍ ഉപേക്ഷിച്ച് വേദനിക്കുന്നവരുടെ വേദനയില്‍ പങ്ക് ചേര്‍ന്ന് അര്‍ഹമായ സഹായ സഹകരണങ്ങള്‍ ചെയ്യുന്നതിനാണ് ”ലെന്റ് അപ്പീല്‍” എന്ന പേരില്‍ ചാരിറ്റി ഫണ്ട് രൂപീകരിച്ചത്. പ്രഥമ ചാരിറ്റി ഫണ്ട് കാര്‍ഡിഫ്, ബ്രെമൂര്‍- ന്യൂപോര്‍ഡ് ഭാരവാഹികളായ തങ്കച്ചന്‍ ജോര്‍ജ്, തോമസ് ഉതുപ്പ് കുട്ടി എന്നിവര്‍ യു.കെ.കെ.സി.എ വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറയ്ക്ക് കൈമാറി ഉത്ഘാടനം ചെയ്തു.
യു.കെ.കെ.സി.എ ഭാരവാഹികളായ പ്രസിഡന്റ് ബിജു മടക്കക്കുഴി, സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര, ജോ. സെക്രട്ടറി സഖറിയ പുത്തന്‍കളം ട്രഷറര്‍, ബാബു തോട്ടം, ജോ. ട്രഷറര്‍ ഫിനില്‍ കളത്തില്‍കോട്ട്, ഉപദേശക സമിതി അംഗങ്ങളായ ബെന്നി മാവേലി, റോയി സ്റ്റീഫന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
”ലെന്റ് അപ്പീല്‍” ഏപ്രില്‍ 30-ന് അവസാനിക്കും. യൂണിറ്റുകള്‍ ഏപ്രില്‍ 30ന് മുന്‍പായി യു.കെ.കെ.സി.എ അക്കൗണ്ടിലേക്ക് ”ലെന്റ് അപ്പീല്‍-യൂണിറ്റ് പേര് – റഫറന്‍സോടെ ട്രാന്‍സ്ഫര്‍ ചെയ്യണമെന്ന് യു.കെ.കെ.സി.എ സെന്‍ട്രല്‍ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.
കൊട്ടിയൂർ പള്ളിമേടയിലെ പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ വിദ്യാര്‍ത്ഥിനിയെ പ്രവേശിപ്പിച്ച ക്രിസ്തുരാജ ആശുപത്രിയെ ന്യായീകരിച്ച് സിന്ധു ജോയ്. ക്രിസ്തുരാജ ആശുപത്രിയിലെ ഡോക്ടര്‍മാരെയും കന്യാസ്ത്രീകളെയും കേസില്‍ കുടുക്കിയതാണെന്നും സിന്ധു ജോയ് ഫെയ്സ്ബുക്കിലൂടെ ആരോപിക്കുന്നു.
സിന്ധു ജോയിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
കൊട്ടിയൂർ പീഢനത്തെക്കുറിച്ചു കൂടുതൽ അന്വേഷിച്ചപ്പോൾ ബോധ്യമായ ചില വിവരങ്ങളാണ് ഇവിടെ. ആരെയും വെള്ളപൂശാനോ രക്ഷപെടുത്താനോ അല്ല ഈ കുറിപ്പ് എന്നുകൂടി വ്യക്തമാക്കട്ടെ. കണ്ണൂരിലെ ക്രിസ്തുരാജ് ഹോസ്പിറ്റലിലെ ഡോക്ടർമാരെയും സിസ്റ്റേഴ്‌സിനെയും ഈ കേസിൽ കുടുക്കിയതാണോ എന്ന സംശയം ബലപ്പെടുന്നു. വിചാരണ വരെ ജാമ്യം ലഭിക്കാത്ത ‘പോക്സോ’ ആണ് അവരുടെ പേരിലും ചുമത്തിയിട്ടുള്ളത്.ഇവർ കുറ്റവാളികൾ ആണെങ്കിൽ അവർ അർഹിക്കുന്ന ശിക്ഷ അവർക്ക് നൽകണമെന്നുതന്നെയാണ് എന്റേയും അഭിപ്രായം. ഇവിടുത്തെ ഡോക്ടർമാരും കന്യാസ്ത്രീകളും നിരപരാധികളാണ് എന്ന് തോന്നാൻ കാരണമിവയാണ്. ഒന്ന് – ആ പെൺകുട്ടിയെ പ്രസവത്തിനായി ആദ്യം അഡ്മിറ്റ് ചെയ്‌തിരുന്നത് പേരാവൂരിലെ രശ്‌മി ഹോസ്പിറ്റലിൽ ആണ്. ചില മെഡിക്കൽ കോംപ്ലിക്കേഷനുകൾ ശ്രദ്ധയിൽപ്പെട്ടതോടെ കൂടുതൽ സൗകര്യങ്ങളുള്ള മറ്റൊരു ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്‌യാൻ അവിടെനിന്നും നിർദേശിക്കുകയായിരുന്നു. രശ്മി ഹോസ്പിറ്റൽ ക്രിസ്ത്യൻ മാനേജ്‌മെന്റിനു കീഴിലുള്ളതല്ല എന്നുകൂടി ഓർമിക്കുക. രണ്ട് – പ്രസവത്തിനു രണ്ടുമണിക്കൂർ മുൻപാണ് പെൺകുട്ടിയെ ക്രിസ്തുരാജ് ഹോസ്പിറ്റലിലെ എമെർജെൻസി വിഭാഗത്തിൽ കൊണ്ടുവരുന്നത്. രശ്മി ഹോസ്പിറ്റലിൽ നിന്നുള്ള മെഡിക്കൽ റിക്കാർഡുകൾ ക്രിസ്തുരാജ് ആശുപത്രിയിൽ നൽകി. പെൺകുട്ടിക്ക് 18 വയസ് എന്നാണ് അതിൽ രേഖപ്പെടുത്തിയിരുന്നത്. മൂന്ന് – അങ്ങനെയെങ്കിൽ രശ്മി ഹോസ്പിറ്റൽ അധികൃതർ എങ്ങനെയാണ് ഈ കേസിൽനിന്ന് ഒഴിവായത്? രശ്മി ഹോസ്പിറ്റലിൽനിന്ന് റഫർ ചെയ്ത് ക്രിസ്തുരാജയിൽ എത്തിയ പെൺകുട്ടിയുടെ പ്രസവശുശ്രൂഷ നിർവഹിച്ചതിനാണ് ഡോക്ടർമാരെയും കന്യാസ്ത്രീകളെയും വിചാരണ വരെ ജാമ്യമില്ലാത്ത പോക്സോ ചുമത്തിയിരിക്കുന്നത്. ആശുപത്രിയിൽ എത്തി 2 മണിക്കൂറിനുള്ളിൽ പ്രസവം നടന്നു. അത്ര അടിയന്തര സാഹചര്യത്തിലാണ് പെൺകുട്ടിയെ രക്ഷിതാക്കൾ എത്തിക്കുന്നത്. നാല് – ഇതിൽ അതീവബുദ്ധിപരമായ ഒരു ഗൂഡാലോചന നടന്നിട്ടില്ലേ എന്നു സംശയിക്കണം. കാരണം, നിരപരാധികളായ ഡോക്ടർമാരും സിസ്റ്റേഴ്‌സും കേസിൽ കുടുങ്ങുന്നതോടെ സഭയും സമൂഹവും അവരുടെ രക്ഷക്കുവേണ്ടി ശബ്ദിക്കും. ഈ ബഹളത്തിനിടയിൽ യഥാർത്ഥ കുറ്റവാളികൾക്ക് രക്ഷപെടാനുള്ള പഴുതൊരുങ്ങും.ഓർക്കുക,കന്യാസ്ത്രീകളും മനുഷ്യരാണ്; അവർക്കും നീതി നിഷേധിക്കപ്പെട്ടുകൂടാ.
മോഹന്‍ലാലിനും നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂരിനുമെതിരെ നവമാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ പ്രചാരണം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തൃശൂര്‍ കുന്നംകുളം പെരുമ്പിലാവ് സ്വദേശി നസീഹ് അഷറഫാണ് അറസ്റ്റിലായത്. ആന്‍റണി പെരുമ്പാവൂരിന്‍റെ പരാതിയെ തുടര്‍ന്ന് സിഐ ബൈജു കെ. പൗലോസിന്‍റെ നേതൃത്വത്തിലുളള സംഘം നസീഹിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
സംഭവത്തിൽ ആന്റണി പെരുമ്പാവൂർ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു . ‘സുഖമില്ലാത്ത ഒരാൾ ആണെങ്കിൽ അവരുടെ മാതാപിതാക്കളോ ബന്ധുക്കളോ ഇതു പോലൊരു അവസ്ഥ ഉണ്ടാകാതിരിക്കാൻ നോക്കണമായിരുന്നു. ലഹരി കഴിച്ചതുകാരണം ആ ബോധത്തിൽ പറഞ്ഞുപോയതാണെന്നും നാളെ ശരിരായ ബോധം വരുമ്പോൾ മാറ്റിപ്പറയാമെന്നും പറയുന്ന ന്യായമൊന്നും ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ല.
ആർക്കെതിരെയും എന്തുമോശവും പറയാവുന്ന അവസ്ഥയിലേക്കെത്തിയിരിക്കുകയാണ്. സംസ്കാരശൂന്യവും മറ്റുള്ളവരെ തീർത്തും അപമാനിക്കുന്ന രീതിയിലാണ് ഈ യുവാവിന്റെ പ്രസ്താവന. ഇന്ന് ഇതിനെതിരെ പ്രതികരിച്ചില്ലെങ്കിൽ ഇതുപോലെ മനോനില തെറ്റിയവർ നാളെയും, എന്നെ അല്ലെങ്കിൽ മറ്റുള്ളവർക്കെതിരെ അപവാദ പ്രചരണങ്ങളുമായി എത്തും. ആന്റണി പെരുമ്പാവൂർ പറഞ്ഞു.
ഇതുപോലെ തലയ്ക്ക് സുഖമില്ലാത്തവർ പടച്ചുവിടുന്ന അബദ്ധപ്രചാരണങ്ങളെ വാർത്തയാക്കുന്ന ചില ഓൺലൈൻ പത്രങ്ങളുമുണ്ട്. അതാണ് ഏറ്റവും സങ്കടകരമായ മറ്റൊരു കാര്യം. അവർക്കെതിരെയും ശക്തമായ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനം.
മോഹന്‍ലാലടക്കം ചലച്ചിത്ര മേഖലയിലെ ഒട്ടേറെ താരങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുളള പ്രസ്താവനകളുമായി നസീഹ് ഫേസ്ബുക്കിൽ സെല്‍ഫി വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇത് വാട്സ്ആപ്പിലൂടെയും മറ്റ് നവമാധ്യമങ്ങളിലൂടെയും വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്നാണ് ആന്‍റണി പെരുമ്പാവൂര്‍ പൊലീസിനെ സമീപിച്ചത്.
സംസ്ഥാനത്ത് കൃത്രിമ മഴക്ക് സാധ്യത തേടുമെന്ന് മുഖ്യന്ത്രി പിണറായി വിജയന്‍. ക്ലൌഡ് സീഡിംഗ് വഴി മഴ പെയ്യിക്കാനാണ് ആലോചിക്കുന്നതെന്നും പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. വരള്‍ച്ച സംബന്ധിച്ച് നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നൂറ്റാണ്ടിലെ ഏറ്റവും വലിയ വരള്‍ച്ചയാണ് സംസ്ഥാന നേരിടുന്നതെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍. ഒക്ടോബറില്‍ തന്നെ വരള്‍ച്ച നേരിടുന്നതിനുള്ള നടപടി സര്‍ക്കാര്‍ ആരംഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെ 34 ശതമാനം മഴ കുറഞ്ഞു. വന്യമൃഗങ്ങള്‍ കാടിറങ്ങുന്ന കാര്യങ്ങള്‍ നവംബറില്‍ തന്നെ ശ്രദ്ധയില്‍പെട്ടിരുന്നു വെന്നും റവന്യൂമന്ത്രി പറഞ്ഞു.
സംസ്ഥാനം നേരിടുന്ന വരള്‍ച്ചയെ കുറിച്ച് നിയസഭ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കിയിരുന്നു. ഷാഫി പറമ്പില്‍ എംഎല്‍എയാണ് നോട്ടീസ് നല്കിയത്.
സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ബസുകളില്‍ വികലാംഗര്‍ എന്ന പദപ്രയോഗം ഒഴിവാക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ നിയമസഭയെ അറിയിച്ചു. ഭിന്നശേഷിയുള്ളവര്‍ എന്ന വാക്ക് ഉപയോഗിക്കാന്‍ ഇന്ന് തന്നെ നിര്‍ദ്ദേശം നല്‍കുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
സംസ്ഥാനത്തെ മുഴുവന്‍ കുളങ്ങളും സംരക്ഷിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഹരിതകേരളം പദ്ധതിയിലൂടെ നാശത്തിന്റെ പാതയിലുള്ള ജലസ്രോതസ്സുകളെയും പൂര്‍ണ്ണമായും വീണ്ടെടുക്കും.
ജൈവ പച്ചക്കറികള്‍ക്ക് സര്‍ട്ടിഫിക്കേഷന്‍ നടപ്പിലാക്കുമെന്ന് മന്ത്രി വി എസ് സുനില്‍ കുമാര്‍ ചോദ്യേത്തര വേളയില്‍ സഭയെ അറിയിച്ചു.
ബജറ്റ് ചോര്‍ച്ച ഉന്നയിച്ചുള്ള പ്രതിപക്ഷ പ്രതിഷേധം നിയമസഭ ഇന്നും പ്രക്ഷുബ്ധമാക്കും. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിശദീകരണം തൃപ്തികരമല്ലെന്നാണ് പ്രതിപക്ഷ നിലപാട്.
കൊട്ടിയൂരില്‍ പതിനാറുകാരിയെ വൈദികന്‍ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ മന്ത്രി കെ കെ ശൈലജ നിയമസഭയില്‍ ഇന്ന് പ്രസ്താവന നടത്താനും സാധ്യതയുണ്ട്.
വിജിലൻസ് കേസ് നടത്തിപ്പിനെ ചൊല്ലി ഹൈക്കോടതിയിൽ സ്പെഷൽ പ്രോസിക്യൂട്ടറും സർക്കാർ അഭിഭാഷകരും തമ്മിൽ ഏറ്റുമുട്ടൽ. സ്പെഷൽ പ്രോസിക്യൂട്ടറെ നിയോഗിച്ചത് വിജിലൻസ് കോടതികളിലേക്കെന്ന് സർക്കാർ അഭിഭാഷകർ നിലപാടെടുത്തപ്പോൾ ,തനിക്ക് ഏതുകോടതിയിലും ഹാജരാകാമെന്ന് പ്രോസിക്യൂട്ടറും വ്യക്തമാക്കി. ബാർകോഴക്കേസിലെ തുടരന്വേഷണ ഹർജിയിലാണ് നാടകീയ രംഗങ്ങളുണ്ടായത് . തുടരന്വേഷണം റദ്ദാക്കണമെന്ന കെ എം മാണിയുടെ ഹർജിയിൽ അന്വേഷണ ഉദ്യോഗസ്ഥൻ സ്പെഷൽ പ്രോസിക്യൂട്ടറുടെയും ഡിജിപിയുടെയും നിർദേശ പ്രകാരം രണ്ട ്പത്രികകൾ സമർപ്പിച്ചിരുന്നു. അന്വേഷണ ഉദ്യോസ്ഥന്റെ ഈ നിലപാട് നിരുത്തരവാദപരമാണെന്ന് കോടതിയും വിമർശിച്ചു . ഡിജിപി നിർദേശിച്ചതുകൊണ്ടാണ് രണ്ടാമതൊരു പത്രിക നൽകിയതെന്ന് സ്പെഷൽ പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു . സ്പെഷൽ പ്രോസിക്യൂട്ടറുടെ നിയമനകാര്യങ്ങൾ വ്യക്തമാക്കി വിശദമായൊരു പത്രിക സമർപ്പിക്കാൻ കോടതി സർക്കാരിന് നർദേശം നൽകി. ഹർജി വീണ്ടും ഈ മാസം 27ന് പരിഗണിക്കും .
കൊക്കക്കോള,പെപ്സി തുടങ്ങിയ വിദേശ പാനീയങ്ങൾ ബഹിഷ്കരിക്കാനൊരുങ്ങി കേരളത്തിലെ വ്യാപാരികൾ. അടുത്ത ചൊവ്വാഴ്ച മുഖ്യമന്ത്രിയെ കണ്ട് ചർച്ച നടത്തിയശേഷം ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി അധ്യക്ഷൻ ടി.നസിറുദ്ദീൻ പറഞ്ഞു. വരൾച്ച രൂക്ഷമായ സാഹചര്യത്തിൽ കോള കമ്പനികളുടെ ജലചൂഷണത്തിൽ പ്രതിഷേധിച്ചാണ് ബഹിഷ്കരണം. പ്രഖ്യാപനമുണ്ടാകുന്നതോടെ സംസ്ഥാനത്തെമ്പാടുമുള്ള ഏഴുലക്ഷത്തോളം വ്യാപാരികൾ ഇവയുടെ വിൽപന നിർത്തി വക്കുമെന്നും നസിറുദ്ദീൻ കോഴിക്കോട്ട് പറഞ്ഞു.