വീഡിയോ ഗാലറി

ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡ്-19 മൂലമുള്ള ലോക്ഡൗണിനെ തുടർന്ന് യുകെ സമ്പദ് വ്യവസ്ഥ നീങ്ങുന്നത് വൻ പ്രതിസന്ധിയിലേക്കെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സമ്പദ് രംഗത്തെ ഇപ്പോൾ താങ്ങിനിർത്തുന്നത് ഗവൺമെൻറിൻറെ ഭാഗത്തുനിന്നുള്ള പദ്ധതികളാണ്. പക്ഷെ ഗവൺമെൻറ് പദ്ധതികളുടെ പിൻബലത്തിലുള്ള സമ്പദ് രംഗം ഊതി വീർപ്പിച്ച കുമിള പോലെയെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. സമ്പദ് രംഗത്തിന് പ്രധാന വെല്ലുവിളിയായിരിക്കുന്നത് വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ നിരക്കാണ്.

2.2 മില്യൺ ആൾക്കാരോളം യു.കെയിൽ തൊഴിൽരഹിതരായി ഉണ്ടെന്നാണ് ഏറ്റവും അടുത്ത് പുറത്തു വന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത് മൊത്തം വർക്ക് ഫോഴ്സിന്റെ 6.5 ശതമാനം വരും. ഇതിൽ പലരും കോവിഡ് -19 നെ തുടർന്നുള്ള ലോക്ഡൗൺ കാരണം ജോലി നഷ്ടപ്പെട്ടവരാണ്. 300ലേറെ അപേക്ഷകൾ അയച്ചിട്ടും ഒരു ജോലി ലഭിക്കാതെ നിരാശരായവരുടെ അനുഭവങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് തൊഴിലില്ലായ്മയുടെ ഭീകരത വരച്ചു കാട്ടുന്നു. കോവിഡ് – 19 നെ തുടർന്ന് ഏറ്റവും കൂടുതൽ ജോലികൾ നഷ്ടപ്പെട്ടത്, ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ, എന്റർറ്റെയ്ൻമെന്റ് മേഖലകളിൽ ജോലി ചെയ്യുന്നവർക്കാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിൽ ഏറ്റവും അധികം മോഷണ ശ്രമങ്ങളുടെ തിക്തഫലം അനുഭവിക്കുന്ന വിഭാഗങ്ങളിൽ ഒന്നാണ് മലയാളികൾ ഉൾപ്പെടുന്ന ഏഷ്യൻ വംശജർ . ഏഷ്യൻ വംശജരിൽ തന്നെ മലയാളികളിൽ സ്വർണ നിക്ഷേപം കൂടുതൽ ഉണ്ടെന്ന് മനസ്സിലാക്കിയ മോഷ്ടാക്കളുടെ ഒരു പ്രധാന ഇരകളാണ് മലയാളി കമ്മ്യൂണിറ്റി. കഴിഞ്ഞ ഏതാനും വർഷങ്ങളിൽ മോഷണ ശ്രമത്തിൻെറ തിക്തഫലങ്ങൾ നേരിട്ട മലയാളികൾ നിരവധിയാണ്. എന്നാൽ മോഷ്ടാക്കളുടെ ശല്യത്തിൽ നിന്ന് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ നിർണായകമായ ഒരു തീരുമാനമാണ് ബ്രിട്ടീഷ് സർക്കാരിൻറെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.

മോഷണ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ ആയ കുറ്റവാളികളുടെ ശിക്ഷാ കാലാവധി കഴിയുമ്പോൾ അവരുടെ ശരീരത്തിൽ ജിപിഎസ് ട്രാക്കർ ഘടിപ്പിക്കാനുള്ള പദ്ധതിയാണ് മിനിസ്ട്രി ഓഫ് ജസ്റ്റിസിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്നത്. ശിക്ഷാ കാലാവധി കഴിഞ്ഞ് അടുത്ത 12 മാസത്തേയ്ക്കായിരിക്കും മോഷ്ടാക്കളുടെ നീക്കങ്ങൾ ജിപിഎസ് ട്രാക്കർ ഉപയോഗിച്ച് നിരീക്ഷിക്കുക. ഈ പദ്ധതിയോട് നിലവിൽ സോമർസെറ്റ്, ചെഷയർ, ഗ്ലോസ്റ്റർ ഷെയർ, ഹമ്പർ വൈഡ്, വെസ്റ്റ്‌ മിഡ് ലാൻഡ് തുടങ്ങിയ സ്ഥലങ്ങളിലെ പോലീസ് സഹകരിക്കുന്നുണ്ട്. 250ഓളം മോഷ്ടാക്കൾ ഇതിനോടകം ജിപിഎസ് സംവിധാനത്തിന്റെ നിരീക്ഷണത്തിലാണ്.

 റ്റിജി തോമസ്

കേരളത്തിൽ എല്ലാ പാർട്ടികളും നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിലേയ്ക്ക് കടന്നുകഴിഞ്ഞു. ഈ അവസരത്തിൽ അമേരിക്കൻ പ്രസിഡൻറ് ബൈഡന്റെ തെരഞ്ഞെടുപ്പ് വിജയത്തിന്റെ ചുക്കാൻ പിടിച്ച ഈ സൂപ്പർ താരം കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ അവതരിക്കുമോ എന്നതാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റു നോക്കുന്നത്. ഇത് മറ്റാരുമല്ല , ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ശക്തി പകർന്ന ചാറ്റ് റോബോർട്ടാണ്. ഇത്തരം സാങ്കേതികവിദ്യകൾ വരും കാലത്ത് പാർട്ടികളും സ്ഥാനാർഥികളും വ്യാപകമായി ഉപയോഗിക്കും എന്ന സൂചനകളാണ് ലഭിക്കുന്നത്.

അതായത് സ്ഥാനാർത്ഥിക്ക് പകരം വോട്ടർമാരോട് സമൂഹമാധ്യമങ്ങളിലൂടെ സംവേദിക്കുന്നത് നിർമ്മിത ബുദ്ധിയുടെ സഹായത്തോടെയുള്ള ഈ റോബോർട്ടുകളായിരിക്കും. സ്ഥാനാർഥിയുടെയും മുന്നണിയുടെയും പൊതു നിലപാടുകൾക്കും പ്രകടനപത്രികൾക്കും അനുസൃതമായിട്ടായിരിക്കും ഈ റോബോട്ടുകൾ സമ്മതിദായകരുമായി ആശയവിനിമയം നടത്തുന്നത്. സ്ഥാനാർഥി നേരിട്ട് തങ്ങളോട് വോട്ട് അഭ്യർത്ഥിക്കുന്നതായും തങ്ങളുടെ സംശയങ്ങൾക്ക് മറുപടി പറയുന്നതായിട്ടായിരിക്കും സമ്മതിദായകർക്ക് തോന്നുക.

ഇവിടെ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ സ്ഥാനാർത്ഥിയുടെ ശൈലിയ്ക്കും മുന്നണിയുടെ പൊതു മിനിമം പരിപാടിക്കും ഒക്കെ അനുസൃതമായിട്ടായിരിക്കും റോബോർട്ടുകൾ പെരുമാറുക. സമ്മതിദായകർ ഏത് മുന്നണിയുടെ അനുഭാവി ആണെന്നോ അതോ സ്വതന്ത്ര നിലപാടുള്ള ആളോണോ എന്നൊക്കെ മനസ്സിലാക്കി ഉചിതമായ രീതിയിൽ സംഭാഷണത്തിൽ ഏർപ്പെടാൻ ഈ റോബോർട്ടുകൾക്ക് കഴിയും. മാത്രമല്ല ഇതിൽ നിന്നും ലഭ്യമായ വിവരങ്ങൾ ഉപയോഗിച്ച് വരുംകാല തന്ത്രങ്ങൾ മെനയാൻ ഈ സാങ്കേതികവിദ്യ മുന്നണിയേയും സ്ഥാനാർത്ഥിയേയും സഹായിക്കുകയും ചെയ്യും.

 

കോവിഡ് 19 കാരണം നഷ്ടപ്പെട്ട അധ്യായന ദിനങ്ങൾ തിരിച്ചുപിടിക്കാനുള്ള ആലോചനയിലാണ് ബ്രിട്ടീഷ് വിദ്യാഭ്യാസ വകുപ്പ് .;സ്കൂൾ ദിനങ്ങളിലെ സമയം ദൈർഘ്യപ്പെടുത്താനും, സമ്മറിലെ സ്കൂൾ അവധി ദിനങ്ങൾ കുറയ്ക്കുന്നതും ഗവൺമെൻറിൻറെ സജീവ പരിഗണനയിലാണെന്ന് കഴിഞ്ഞ ദിവസം വിദ്യാഭ്യാസ സെക്രട്ടറി ഗാവിൻ വില്യംസൺ മാധ്യമങ്ങളോട് പറഞ്ഞു. കോവിഡ് -19 നെ തുടർന്നുള്ള ലോക് ഡൗൺ കാലത്ത് വളരെയധികം അദ്ധ്യയന ദിനങ്ങളാണ് വിദ്യാർഥികൾക്ക് നഷ്ടപ്പെട്ടത് . ഇത് വിദ്യാഭ്യാസ മേഖലയിൽ ഉണ്ടാക്കിയ കുറവുകൾ പരിഹരിക്കാനായിട്ടാണ് അധ്യായന ദിനങ്ങളിലെ സമയം ദൈർഘ്യപ്പിച്ചും, വേനലവധി വെട്ടിച്ചുരുക്കിയും ഗവൺമെൻറ് ലക്ഷ്യമിടുന്നത്.

സമ്മർ ഹോളിഡേയിലെ അവധി ദിനങ്ങൾ കുറയ്ക്കുകയാണെങ്കിൽ മലയാളികൾ ഉൾപ്പെടെയുള്ള മാതാപിതാക്കളിൽ അത് വളരെയധികം ബുദ്ധിമുട്ട് സൃഷ്ടിക്കും. ബ്രിട്ടീഷുകാർ പൊതുവേ ഹോളിഡേ ഭ്രാന്തന്മാരാണ്. കോവിഡിന്റെ ഭീഷണി കുറഞ്ഞാൽ ഹോളിഡേ പോകാനുള്ള തയ്യാറെടുപ്പിലാണ് പലരും. കോവിഡ് കാരണം പ്രവാസി മലയാളികൾക്ക് കഴിഞ്ഞവർഷം നാട്ടിൽ പോകാൻ സാധിച്ചില്ല. അതിനാൽ തന്നെ എന്തെങ്കിലും സാധ്യതയുണ്ടെങ്കിൽ നാട്ടിൽ പോകണമെന്ന ദൃഢനിശ്ചയത്തിലാണ് മലയാളികൾ. പക്ഷേ ഇപ്പോഴത്തെ സാഹചര്യത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുമ്പ് സ്കൂൾ അവധിയിൽ വരുന്ന മാറ്റങ്ങൾ പരിഗണിക്കേണ്ടിയിരിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇത്തവണത്തെ ബഡ്ജറ്റ് അവതരിപ്പിക്കുന്നതിനു മുമ്പുള്ള ബ്രിട്ടീഷ് ഗവൺമെൻറിൻറെ പ്രഖ്യാപിത നയം, ഇൻകം ടാക്സ്, നാഷണൽ ഇൻഷുറൻസ്, വാറ്റ് എന്നിവയിൽ വർദ്ധനവ് ഉണ്ടാവില്ലന്നായിരുന്നു. ഗവൺമെൻറ് അതിൻറെ പ്രഖ്യാപിത നിലപാടിൽ നിന്ന് മാറിയില്ലെങ്കിലും, ഇൻകം ടാക്സിന്റെ കാര്യത്തിൽ വലിയൊരു ചതി ഒളിപ്പിച്ചു വെച്ചത് അധികമാരും ശ്രദ്ധിച്ചില്ല. സ്റ്റാൻഡേർഡ് പേഴ്സണൽ അലവൻസിന്റെ വർദ്ധനവ് 2026 വരെ മരവിപ്പിച്ചതിലൂടെയാണ് ചാൻസിലർ റിഷി സുനക് അദ്ധ്വാനിക്കുന്ന ജനവിഭാഗത്തെ പിന്നിൽനിന്ന് കുത്തിയത്. ഒരു വ്യക്തിക്ക് ജീവിക്കാൻ ആവശ്യമായ അടിസ്ഥാന വരുമാനത്തിന് ബ്രിട്ടീഷ് സർക്കാർ നികുതി ചുമത്താറില്ല.

വിലക്കയറ്റ സൂചികയ്ക്ക് ആനുപാതികമായി ഓരോവർഷവും ഗവൺമെൻറ് ഈ തുക പുനർനിർണ്ണയിക്കാറുണ്ട്. ഈ ഏപ്രിൽ മുതൽ സ്റ്റാൻഡേർഡ് ലിവിംഗ് അലവൻസുകൾക്കും 12570 പൗണ്ടിന് മുകളിലുള്ള വരുമാനത്തിനു മാത്രമേ 20 ശതമാനം ടാക്സ് നൽകേണ്ടതുള്ളൂ. വരുമാനം 50270 പൗണ്ടിന് മുകളിൽ ആയാൽ 40 ശതമാനം ടാക്സ് നൽകണം. എന്നാൽ സ്റ്റാൻഡേർഡ് ലിവിംഗ് അലവൻസിലുള്ള വർദ്ധനവ് അടുത്ത അഞ്ച് വർഷത്തേയ്ക്ക് മരവിപ്പിച്ചതിലൂടെ വ്യക്‌തികൾക്ക് ലഭിക്കുന്ന ശമ്പള വർദ്ധനവിന്റെ നേട്ടത്തിൽ സാരമായ കുറവുണ്ടാകും. മാത്രമല്ല ജീവിത ചെലവിനനുസരിച്ച് സ്റ്റാൻഡേർഡ് ലിവിംഗ് അലവൻസിൽ വർദ്ധനവ് ഉണ്ടാകാത്തത് ഒരു തരത്തിലും ന്യായീകരിക്കാനാകുന്നതല്ല എന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

കോൺടാക്റ്റ് ലെസ് പെയ്മെൻറ് പരിധി 45 പൗണ്ടിൽ നിന്ന് 100 പൗണ്ടായി ഉയർത്തി കൊണ്ടുള്ള തീരുമാനം ഫിനാൻസ് സെക്രട്ടറി റിഷി സുനക് തൻ്റെ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതിനെതിരെ ശക്തമായ മുന്നറിയിപ്പാണ് ഈ രംഗത്തെ വിദഗ്ധർ മുന്നോട്ട് വെച്ചിരിക്കുന്നത്. നിലവിലുള്ള 45 പൗണ്ട് പരിധിയിൽനിന്ന് 100 പൗണ്ടായി ഉയർത്തുന്നത് തട്ടിപ്പു സംഘങ്ങൾക്ക് ദുരുപയോഗിക്കാനുള്ള സാധ്യതയാണ് വിമർശകർ ചൂണ്ടിക്കാണിക്കുന്നത്. കൊറോണ മഹാമാരി പൊട്ടിപ്പുറപ്പെട്ടതിൻ്റെ ശേഷമാണ് സാമ്പത്തിക മേഖലയ്ക്ക് ഉത്തേജനം നൽകാനായിട്ട് നേരത്തെയുണ്ടായിരുന്ന 30 പൗണ്ടിൻ്റെ പരിധി 45 പൗണ്ടായി ഉയർത്തിയത്. ഈ വർഷം അവസാനം വരെ വർദ്ധനവ് നടപ്പിലാവില്ല.

യുഎസ്, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ കോൺടാക്റ്റ് ലെസ്സ് പെയ്മെൻറ് പരിധി നിലവിൽ 100 മുതൽ 145 പൗണ്ട് വരെയാണ്. പല ബാങ്കുകളും ഉപഭോക്താവിന് താഴ്ന്ന പരിധി തിരഞ്ഞെടുക്കാനുള്ള അവസരം നൽകുമെന്നാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന വിവരം. കോൺടാക്റ്റ് ലെസ് പെയ്മെൻറ് പരിധി 100 പൗണ്ട് ആയി ഉയർത്തുന്നത് രാജ്യത്തെ സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കാനും 31 ബില്യൻ പൗണ്ട് അധികം വിലമതിക്കുന്ന റീടെയിൽ മേഖലയെ സഹായിക്കാനും ഉതകുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിശ്വസിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇംഗ്ലണ്ടിലെ ദരിദ്രരായ വിദ്യാർത്ഥികൾ അതിസമ്പന്നരായ വിദ്യാർത്ഥികളെക്കാൾ മൂന്ന് എ-ലെവൽ ഗ്രേഡുകൾക്ക് വരെ പിന്നിലാണെന്ന് പഠനം സൂചിപ്പിക്കുന്നു. താഴ്ന്ന ജിസി‌എസ്‌ഇ ഗ്രേഡുകൾ കാരണം 16 മുതൽ 19 വയസിനിടെയിലുള്ള വിദ്യാർത്ഥികളുടെ യോഗ്യതയും കുറയുകയാണെന്ന് എഡ്യൂക്കേഷൻ പോളിസി ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. ചില പ്രദേശങ്ങളിൽ ദരിദ്രരായ വിദ്യാർത്ഥികൾ അഞ്ച് ഗ്രേഡുകൾ വരെ പിന്നിലായിരുന്നു. ദരിദ്ര കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ എ ലെവൽ കോഴ്സുകൾ ആരംഭിക്കുന്നത് തന്നെ സമ്പന്നർക്ക് പിന്നിൽ നിന്നുകൊണ്ടാണ്. ഇത് തുടരുന്നത് അവരെ വീണ്ടും പിന്നിലേക്ക് പോകുന്നതിനുള്ള കാരണമാകുമെന്നും ഇപിഐ കൂട്ടിച്ചേർത്തു. നോവ്‌സ്ലി ഓൺ മെർസീസൈഡ്, നോർത്ത് സോമർസെറ്റ്, സ്റ്റോക്ക്ടൺ-ഓൺ-ടൈസ് തുടങ്ങിയ പ്രദേശങ്ങളിൽ വിദ്യാർത്ഥികൾ 5 എ ലെവൽ ഗ്രേഡുൾക്ക് പിന്നിലായിരുന്നു.

സെക്കൻഡറി സ്കൂളിന്റെ അവസാനത്തിനും 19 വയസ്സിനും ഇടയിലുള്ള യോഗ്യതകളും ഗ്രേഡുകളും അടിസ്ഥാനമാക്കി, വിദ്യാർത്ഥികളുടെ അവസാന ആറുവർഷത്തെ സൗജന്യ സ്കൂൾ ഭക്ഷണ നിലയും ഇപിഐ പരിശോധിച്ചു. 2017 നും 2019 നും ഇടയിലുള്ള പോരായ്മ പരിഹരിക്കുന്നതിൽ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ലെന്നും സമൂഹത്തിലെ ദരിദ്രരെ കൂടുതൽ കഠിനമായി ബാധിച്ച പകർച്ചവ്യാധിയുടെ ആഘാതം മൂലം ഇത് വഷളാകാൻ സാധ്യതയുണ്ടെന്നും ഗവേഷകർ പറയുന്നു. എന്നാൽ കോളേജ് വിദ്യാർത്ഥികളെ സഹായിക്കുന്നതിനായി 2020-21ൽ 530 മില്യൺ പൗണ്ട് നൽകിയെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വാദം.

സമൂഹത്തിൽ പിന്നാക്കം നിൽക്കുന്ന 16 മുതൽ 19 വയസ്സ് വരെ പ്രായമുള്ള വിദ്യാർത്ഥികൾക്ക് അധിക ധനസഹായം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. കോവിഡ് മൂലമുണ്ടായ പഠനനഷ്ടങ്ങൾ പരിഹരിക്കുന്നതിനായി നീക്കിവെച്ച തുക അടിയന്തിരമായി ലഭ്യമാക്കണം. ദരിദ്ര വിദ്യാർത്ഥികളെ സഹായിക്കുന്നതിനായി സ്കൂളുകൾക്ക് അധിക പണം നൽകുന്ന വിദ്യാർത്ഥി പ്രീമിയം 16 വയസ്സിന് മുകളിലേക്ക് നീട്ടണമെന്ന് അസോസിയേഷൻ ഓഫ് കോളേജുകളുടെ ചീഫ് എക്സിക്യൂട്ടീവ് ഡേവിഡ് ഹ്യൂസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

മതിയായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ല എന്ന കാരണത്താൽ 10 ദശലക്ഷത്തിലധികം ഹൈ ഗ്രേഡ് മാസ്ക്കുകളാണ് എൻഎച്ച്എസ് പിൻവലിച്ചത്. സമാന സാഹചര്യത്തിൽ ചില കൈയ്യുറകളുടെ വിതരണവും ഉപയോഗവും നിർത്തിവെയ്ക്കപ്പെട്ടിട്ടുണ്ട്. കൊറോണ വൈറസ് വ്യാപനത്തിൻ്റെ തുടക്കം മുതൽ തന്നെ മതിയായ സുരക്ഷാ മാനദണ്ഡങ്ങൾ ഇല്ലാതെ ജോലി ചെയ്യേണ്ടി വരുന്ന നേഴ്സുമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരുടെ ദയനീയാവസ്ഥ വാർത്തകളിൽ ഇടംപിടിച്ചിരുന്നു.

ഇപ്പോൾ വിതരണം ചെയ്തിരിക്കുന്ന പല സുരക്ഷാ ഉപകരണങ്ങളും മതിയായ വൈറസ് പരിരക്ഷ നൽകിയിരുന്നില്ല എന്ന വാർത്ത വൻ പ്രതിഷേധമാണ് സൃഷ്ടിച്ചിരിക്കുന്നത്. വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളുടെ അഭാവംമൂലം ആരോഗ്യ പ്രവർത്തകരുടെ സുരക്ഷാ അപകടത്തിലാ കുന്നത് അംഗീകരിക്കാനാവില്ലെന്ന് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ കൺസൾട്ടൻ്റ് കമ്മിറ്റി ചെയർമാൻ റോബ് ഹാർവുഡ് പറഞ്ഞു. തൻ്റെ വകുപ്പിൽ നടത്തിയ പല കരാറുകളുടെയും വിശദാംശങ്ങൾ വെളിപ്പെടുത്താതിനോടനുബന്ധിച്ച് കഴിഞ്ഞ ആഴ്ച ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് വൻ വിമർശനമാണ് ഹൈക്കോടതിയിൽ നിന്ന് ഏറ്റുവാങ്ങിയത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കൊറോണാ വൈറസ് ലോകരാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയ്ക്ക് ഏൽപ്പിച്ച ആഘാതം ചെറുതല്ല. കോവിഡ്-19 മൂലം നഷ്ടപ്പെട്ട തൊഴിൽദിനങ്ങൾ പല പ്രമുഖ സ്ഥാപനങ്ങളെയും വളരെയധികം പ്രതിസന്ധിയിലാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഭാവിയിൽ യുകെയിൽ ജോലി ലഭിക്കണമെങ്കിൽ കൊറോണ വൈറസിനെതിരെയുള്ള വാക്സിൻ നിർബന്ധമാക്കാൻ സാധ്യതയുണ്ടെന്നാണ് നിയമ സെക്രട്ടറി റോബർട്ട് ബക്ക് ലാന്റീന്റെ വാക്കുകൾ സൂചിപ്പിക്കുന്നത്. പുതുതായി ജോലി ലഭിക്കുന്നവരുടെ കോൺടാക്ടിലാണ് പ്രസ്തുത നിയമം ഉൾപ്പെടുത്തുന്നത്. എന്നാൽ നിലവിലുള്ള ജോലിയിൽ ഈ നിബന്ധന ഉൾപ്പെടുത്താൻ സാധ്യതയില്ല.

കോവിഡ് -19 നെ നേരിടുന്നതിനായുള്ള വാക്സിനെതിരെ വിവാദങ്ങളുടെ പെരുമഴ തന്നെയാണ് ഉണ്ടായിരിക്കുന്നത്. ഇത് നിരവധിപേരെ പ്രത്യേകിച്ച് ന്യൂനപക്ഷ വിഭാഗങ്ങളെ വാക്സിൻ എടുക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നുണ്ട്. പ്രത്യുത്പാദനശേഷിയെ ബാധിക്കും, മൃഗക്കൊഴുപ്പ് ഉപയോഗിക്കുന്നു തുടങ്ങിയ അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ നിരവധിയാണ്. എന്തായാലും ഗവൺമെൻറിൻറെ പുതിയ നീക്കം വാക്സിനോടു മുഖം തിരിക്കുന്നവരെ മറിച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കും.

കോവിഡ് 19 ബ്രിട്ടനിലെ ആരോഗ്യരംഗത്തെ താറുമാറാക്കിയതിനെ തുടർന്നാണ് രാജ്യമൊട്ടാകെ ലോക്ക്ഡൗൺ നടപ്പാക്കാൻ ഗവൺമെൻറ് വീണ്ടും നിർബന്ധിതരായത്. പ്രധാനമന്ത്രിയും ആരോഗ്യ സെക്രട്ടറിയും ജനങ്ങളോട് അനാവശ്യമായി പുറത്തിറങ്ങരുതെന്നും, സ്വന്തം ജീവനും, നാഷണൽ ഹെൽത്ത് സർവീസും രക്ഷിക്കാനും നിരന്തരം ആഹ്വാനം ചെയ്തെങ്കിലും നിരവധിപേരാണ് നിയമലംഘനം നടത്തുന്നത്.

ഇതിന് മികച്ച ഉദാഹരണമാണ് ലങ്കാഷെയറിൽ കഴിഞ്ഞദിവസമുണ്ടായ സംഭവം. ലങ്കാഷെയർ യൂണിവേഴ്സിറ്റിയിലെ എൺപതോളം വിദ്യാർത്ഥികളാണ് ലോക്ക്ഡൗൺ സമയത്ത് പാർട്ടിക്കായി ഒരു ഫ്ലാറ്റിൽ ഒന്നിച്ചുകൂടിയത്. ഇതിൽ 35 ഓളം പേരേ പോലീസ് പിടികൂടി 800 പൗണ്ട് വീതം പിഴ അടപ്പിക്കാൻ സാധിച്ചു. ബാക്കിയുള്ളവർ വിൻഡോയിലൂടെ രക്ഷപ്പെട്ടതായാണ് വിവരം. പ്രസ്തുത സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും , പരിപാടി സംഘടിപ്പിച്ചവരെ യൂണിവേഴ്സിറ്റിയിൽ നിന്ന് പുറത്താക്കുന്നത് ഉൾപ്പെടെ പരിഗണിക്കുന്നുണ്ടെന്നും യൂണിവേഴ്സിറ്റി വക്താവ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഓർമ്മിക്കുക കഴിവതും വീട്ടിൽ കഴിയുക, സ്വന്തം ജീവനേയും എൻ എച്ച് എസിനേയും രക്ഷിക്കുക.

RECENT POSTS
Copyright © . All rights reserved