Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: മലയാളി യുവതിയെയും കുഞ്ഞിനേയും മരിച്ച നിലയിൽ കണ്ടെത്തി. മിഡ്ലാന്‍ഡ്സിലെ കെറ്ററിംഗിലാണ് ദാരുണമായ സംഭവം. ഒരു വർഷം മുൻപാണ് ഇവർ യുകെയിൽ എത്തിയതെന്നും, മരണപ്പെട്ടത് കണ്ണൂർ സ്വദേശികളാണെന്നുമാണ് പുറത്തുവരുന്ന പ്രാഥമിക വിവരം. അതേസമയം, ഇന്ന് രാവിലെ പല അപശബ്ദങ്ങളും ഇവരുടെ വീട്ടിൽ നിന്ന് ഉയർന്നിരുന്നതായി സമീപ വാസികൾ പറയുന്നുണ്ട്.

നേഴ്സായ യുവതി രാവിലെ ഡ്യൂട്ടിക്ക് എത്തേണ്ട സമയത്ത് എത്താതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരണ വിവരം പുറത്ത് വരുന്നത്. രണ്ട് കുട്ടികളാണ് ഇവരോടൊപ്പം ഉണ്ടായിരുന്നത്. ഇതിൽ ആരാണ് മരണപ്പെട്ടത് എന്നതിലും ഇതുവരെ വ്യക്തത വന്നിട്ടില്ല. ആശുപത്രിയിൽ നിന്നും ആൾ നേരിട്ടെത്തി നടത്തിയ പരിശോധനയിലാണ് മരണവിവരം പുറത്ത് വന്നത്. സംഭവത്തെ തുടർന്ന് ഓടി രക്ഷപെടാൻ ശ്രമിച്ച ഭർത്താവിനെ പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയാണ്. കേസിലെ നിർണായക വിവരങ്ങൾ ഒന്നും തന്നെ ഇതുവരെ പുറത്ത് വന്നിട്ടില്ല.

ആറും നാലും വയസ് പ്രായമുള്ളവരാണ് കുട്ടികൾ. ഇവരിൽ ഒരാൾക്ക് പുറത്തെത്തിച്ച സമയം ജീവൻ ഉണ്ടായിരുന്നു. തുടർന്ന് ഉടൻ ആശുപത്രിയിലേക്ക് മാറ്റി. ഇപ്പോൾ നിരീക്ഷണത്തിൽ തുടരുകയാണ്. കൊല്ലപ്പെട്ട യുവതിയെയും കുട്ടിയെയും എയർലിഫ്റ്റിംഗ് മുഖേനയാണ് ആശുപത്രിൽ എത്തിച്ചത്. സംഭവത്തിൽ പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.

അപ്ഡേറ്റ്… 22:15

യുകെ മലയാളി നഴ്സിന്റെ രണ്ട് കുട്ടികളും ആശുപത്രിയിൽ മരണമടഞ്ഞു എന്ന് അറിയിക്കുന്നു. ആറ് വയസുകാരനും നാല് വയസുള്ള പെൺകുട്ടിയും ആണ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ മരിച്ചു എന്ന് ഇപ്പോൾ പോലീസ് അറിയിച്ചിരിക്കുന്നത്. രാത്രി വൈകിയും പോലീസ് അന്വേഷണം തുടരുന്നു… പോലീസ് അറിയിക്കുമ്പോൾ മാത്രമാണ് കൂടുതൽ വിവരങ്ങൾ അറിയിക്കാൻ സാധിക്കുക…

 

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ഇംഗ്ലീഷ് ചാനൽ കടക്കാൻ ശ്രമിക്കുന്നതിനിടെ കുടിയേറ്റ ബോട്ട് മുങ്ങി നാല് പേർ മരിച്ചു. കെന്റിനും ഫ്രാൻസിനും ഇടയിലുള്ള ചാനലിലെ അതിശൈത്യത്തിൽ തണുത്തുറഞ്ഞ വെള്ളത്തിൽ ഒരു വലിയ തിരച്ചിൽ ബുദ്ധിമുട്ടാണെങ്കിലും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. 31 പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി ബിബിസി റിപ്പോർട്ട്‌ ചെയ്തു. ഇന്ന് അതിരാവിലെ ഇംഗ്ലീഷ് ചാനൽ മുറിച്ചുകടന്ന അനധികൃത കുടിയേറ്റ ബോട്ട് തകരാറിലായതിനെ തുടർന്നാണ് ഭാഗികമായി മുങ്ങിയത്.


ഫ്രാൻസിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരായിരുന്നു ബോട്ടിൽ. യുകെ കോസ്റ്റ്ഗാർഡ്, ഫ്രഞ്ച് നാവികസേന, എയർ ആംബുലൻസ് എന്നിവയെല്ലാം രക്ഷാപ്രവർത്തനത്തിനായി എത്തിയിട്ടുണ്ട്. കെന്റിൽ ഉടനീളം മഞ്ഞുവീഴ്ചയ്ക്കുള്ള യെല്ലോ അലേർട്ട് നിലവിലുണ്ടായിരുന്നു.


ചാനലിൽ കൂടുതൽ മരണങ്ങൾ ഉണ്ടായത് ഹൃദയഭേദകമാണെന്ന് ലേബർ നേതാവ് കെയർ സ്റ്റാർമർ പറഞ്ഞു. അനധികൃത കുടിയേറ്റം നിർത്താനുള്ള പുതിയ നടപടികൾ പ്രധാനമന്ത്രി ഋഷി സുനക് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വെള്ളിക്കും ഞായറിനും ഇടയിൽ 460 പേർ ഫ്രാൻസിൽ നിന്ന് കെന്റിലേക്ക് ചെറിയ ബോട്ടുകളിൽ യാത്ര ചെയ്തതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ക്രിസ്‌മസിന് മുന്നോടിയായി രാജ്യത്ത് പണിമുടക്കുകൾ വർധിച്ചുവരികയാണ്. റോയൽ മെയിൽ ജീവനക്കാരും ഡ്രൈവിംഗ് എക്സാമിനർമാരും റെയിൽവേ തൊഴിലാളികളും പണിമുടക്കുകയാണ്. ഇന്നലെ റെയിൽ ജീവനക്കാരുടെ പണിമുടക്ക് കാരണം അഞ്ചിലൊന്ന് സർവീസ് മാത്രമാണ് നടത്തിയത്. സ്കോട്ട്ലൻഡിലെയും വെയിൽസിലെയും ഭൂരിഭാഗം റയിൽവെ ലൈനുകളും ഇന്നും അടച്ചിടും. അതേസമയം, നേഴ്‌സുമാർ നടത്തുന്ന ആദ്യ രാജ്യവ്യാപക പണിമുടക്കും ഈയാഴ്ച ആരംഭിക്കുമെന്ന് സൂചനയുണ്ട്.

റെയിൽവേ തൊഴിലാളികൾ, ബസുകൾ, ബാഗേജ് കൈകാര്യം ചെയ്യുന്നവർ, ഹൈവേ തൊഴിലാളികൾ, ഡ്രൈവിംഗ് എക്സാമിനർമാർ എന്നിവർ വെള്ളിയാഴ്ച പണിമുടക്കിലേക്ക് കടക്കും. സമരങ്ങൾ എങ്ങനെ കുറയ്ക്കാം എന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ സർക്കാരിന്റെ അടിയന്തര കോബ്ര കമ്മിറ്റി വീണ്ടും ചേരും. റോയൽ മെയിലിന്റെ ഏറ്റവും തിരക്കേറിയ സമയത്താണ് കമ്മ്യൂണിക്കേഷൻ വർക്കേഴ്‌സ് യൂണിയന്റെ (CWU) 115,000 അംഗങ്ങളുടെ സമരം എന്നത് ആശങ്കയുളവാക്കുന്നു.

റോയൽ മെയിലിലെ സമരത്തിന്റെ ഫലമായി, അടുത്ത ദിവസത്തെ ഡെലിവറി സേവനത്തിന് കുറച്ച് സ്ഥലങ്ങളിൽ ചെറിയ കാലതാമസം നേരിടുമെന്ന് ഡിപിഡി ഗ്രൂപ്പ് പറഞ്ഞു. ഈ ആഴ്ച പണിമുടക്കുകൾ നടത്തുന്നതിനൊപ്പം, ഡിസംബർ 23 നും ക്രിസ്മസ് രാവിലും റോയൽ മെയിൽ തൊഴിലാളികൾ സമരത്തിലേക്ക് കടക്കും. വേനൽക്കാലം മുതൽ തർക്കം തുടരുകയാണ്. റെയിൽവേ, എൻഎച്ച്എസ്, അധ്യാപകർ, അതിർത്തി ജീവനക്കാർ, ഡ്രൈവിംഗ് ഇൻസ്ട്രക്ടർമാർ എന്നിവരെല്ലാം ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടാണ് രംഗത്ത് എത്തിയിരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: മഞ്ഞുവീഴ്ച്ച തുടരുന്നതിനാൽ യുകെയിലുടനീളം പ്രഖ്യാപിച്ച യെല്ലോ അല്ലെർട്ടുകൾ നീട്ടി. വടക്കൻ സ്കോട്ട്‌ലൻഡിനും വടക്ക്-കിഴക്കൻ ഇംഗ്ലണ്ടിന്റെ ഭാഗങ്ങളിലും മഞ്ഞുവീഴ്ച തുടരുമെന്നും മുന്നറിയിപ്പിൽ പറയുന്നുണ്ട്. അതുകൊണ്ട് തന്നെ റെയിൽ ഗതാഗതം പൂർണമായി സ്തംഭിച്ചിരിക്കുകയാണ്. കാറുകളെ യാത്രയ്ക്കായി ആശ്രയിക്കുന്നവർ മുൻകൂട്ടി ക്രമീകരണം ചെയ്യണമെന്നും പുതിയ മുന്നറിയിപ്പിൽ പറയുന്നു.

ഷെറ്റ്‌ലൻഡിൽ നിലവിൽ 3800 കുടുംബങ്ങൾ പവർ കട്ട് മൂലം ദുരിതത്തിലാണ്. നിലവിൽ അഭിമുഖീകരിക്കുന്ന പ്രതിസന്ധി മുൻപൊരിക്കലും നേരിടാത്ത വിധമുള്ളതായതിനാൽ വൈദ്യുതി ഈ ഒരാഴ്ചകാലം മുടങ്ങുമെന്നാണ് ഊർജവിതരണ സ്ഥാപനമായ എസ് എസ് ഇ എന്നിലെ എഞ്ചിനീയർമാർ പറയുന്നത്. ലണ്ടൻ, ഇംഗ്ലണ്ടിന്റെ തെക്ക്-കിഴക്ക്, തെക്ക്-പടിഞ്ഞാറ് ഭാഗങ്ങളിൽ യെല്ലോ അലെർട്ടുകൾ ബുധനാഴ്ച വരെ തുടരുമെന്നും അധികൃതർ വ്യക്തമാക്കുന്നു. ഇംഗ്ലണ്ടിന്റെ തെക്ക്-പടിഞ്ഞാറ് ഭാഗത്ത് നിന്ന് നീങ്ങുന്ന മഴ ഒറ്റരാത്രികൊണ്ട് കരയിലെത്തുമ്പോൾ മഞ്ഞായി മാറാൻ സാധ്യതയുണ്ട്. ഇത് ഡാർട്ട്മൂർ, എക്‌സ്‌മൂർ തുടങ്ങിയ ഉയർന്ന പ്രദേശങ്ങളിൽ 10 സെന്റീമീറ്റർ വരെ മഞ്ഞ് കാണാൻ കാരണമാകാൻ ഇടയുണ്ട്. അപകടസാധ്യത നിലനിൽക്കുന്ന ഇടങ്ങളിലെ ആളുകൾക്ക് അടിയന്തിര സേവനങ്ങൾ ഉറപ്പാക്കണമെന്നും കാലാവസ്ഥ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

മഞ്ഞിലൂടെ വാഹനമോടിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക..

* യാത്ര മുൻകൂട്ടി പ്ലാൻ ചെയ്യുക. മഞ്ഞുവീഴ്ച സംഭവിക്കാൻ ഇടയുള്ള പ്രദേശങ്ങൾ ഒഴിവാക്കാൻ ഇത് സഹായിക്കും.

* യാത്ര ആരംഭിക്കുന്നതിന് മുൻപ് തന്നെ വിൻഡോ ഗ്ലാസ്‌, കണ്ണാടി എന്നിവ വൃത്തിയാക്കി വെക്കുക.

* എമർജൻസി കിറ്റ് നിർബന്ധമായും തയറാക്കിവെക്കുക. അതിൽ ഫോൺ ചാർജർ, കമ്പിളി പുതപ്പ്, ആവശ്യത്തിന് ഭക്ഷണം എന്നിവ കരുതിവെക്കണം.

* മഞ്ഞിൽ തെന്നിവീഴാൻ സാധ്യത ഉള്ളതിനാൽ വാഹനം സെക്കന്റ്‌ ഗിയറിൽ മുന്നോട്ട് നീങ്ങണം

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: വില്യം രാജകുമാരനും കേറ്റ് രാജകുമാരിയും ഫാമിലി ക്രിസ്മസ് കാർഡ് പുറത്തിറക്കി. ഗ്രാമാന്തരീക്ഷത്തിൽ കുട്ടികൾക്കൊപ്പം ഇരുവരും കൈകോർത്തു നിൽക്കുന്ന ചിത്രമാണ് ഇത്തവണത്തെ കാർഡിൽ ഉള്ളത്. കുട്ടികൾ ഷോർട്ട് സ്ലീവ് ടോപ്പും, ഷോർട്സും ധരിച്ചപ്പോൾ, മാതാപിതാക്കൾ ജീൻസാണ് ധരിച്ചിരിക്കുന്നത്. രാജകുടുംബത്തിന്റെ ഔദ്യോഗിക ഫോട്ടോഗ്രാഫറായ മാറ്റ് പോർട്ടിയസാണ് ചിത്രം പകർത്തിയിരിക്കുന്നത്.

വർഷാവസാനങ്ങളിൽ തങ്ങളുടെ പ്രിയപ്പെട്ട ചിത്രങ്ങൾ കാർഡാക്കി പുറത്തിറക്കുന്ന പതിവ് രാജകുടുംബത്തിന് ഉള്ളതാണ്. കുട്ടികളോടൊപ്പമുള്ള ചിത്രം ഉൾപ്പെടുത്തിയ കാർഡ് ഞായറാഴ്ചയാണ് ഇരുവരും ഔദ്യോഗികമായി റിലീസ് ചെയ്തത്. ചാൾസ് രാജാവിന്റെയും കാമിലയുടെയും ഫോട്ടോ അദ്ദേഹം വെയിൽസ് രാജകുമാരനായിരിക്കെ സെപ്റ്റംബർ 3-ന് ബ്രെമർ റോയൽ ഹൈലാൻഡിൽ എടുത്തതാണ്. ഇതിന് അഞ്ചുദിവസത്തിനു ശേഷമാണ് രാജ്ഞി മരണപ്പെട്ടത്.

അതേസമയം, വില്യം രാജകുമാരന്റെയും കാതറിന്റെയും കഴിഞ്ഞ വർഷത്തെ ക്രിസ്തുമസ് ഫോട്ടോ ജോർദാൻ സന്ദർശിച്ചതിനിടയിൽ എടുത്തതാണ്. എന്നാൽ ഹാരി ആൻഡ് മേഗൻ നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി വിവാദങ്ങളുടെ പശ്ചാതലത്തിൽ ഈ പ്രാവശ്യത്തെ ക്രിസ്തുമസ് എങ്ങനെയാകുമെന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. സഹോദരനെ സംരക്ഷിക്കാൻ ബ്രിട്ടീഷ് മാധ്യമങ്ങൽ കള്ളത്തരം പറയുകയാണെന്നാണ് രാജകുടുംബാഗങ്ങളുടെ വാദം.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഇപ്‌സ്‌വിച്ചിൽ മയക്കുമരുന്ന് പിടിച്ചെടുത്ത സംഭവത്തിൽ ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ മലയാളി യുവാവ് ഉൾപ്പടെ എട്ട് പേർ പ്രതിപട്ടികയിൽ ഉണ്ടെന്നാണ് പുറത്തുവരുന്ന പ്രാഥമിക വിവരം. കഴിഞ്ഞ മാസം മുപ്പതിനാണ് പ്രതികളെ പോലീസ് പിടികൂടിയത്. അസ്ഗർ അഷെമി(21), ലോർ അഡെപെറ്റു(22), റേച്ചൽ ക്രിസ്റ്റോഫ്(22), ഫിലിപ്പ് ഒബ്സിനിനിയ(23), ഷംസ് ഹസ്സൻ (22), അലൻ ഫിലിപ്പ് (21),ഡെക്വാൻ ഗ്ലിമിൻ(22) എന്നിവരാണ് കേസിൽ ഇതുവരെ അറസ്റ്റിലായത്.

ഇവർക്കെതിരെ എ ക്ലാസ് മയക്കുമരുന്ന് വിതരണം ചെയ്യാൻ ഗൂഢാലോചന നടത്തിയതും, ബി ക്ലാസ്സ്‌ മരുന്നുകൾ വിതരണം ചെയ്യാൻ ശ്രമിച്ചതുമുൾ;പ്പെടെ നിരവധി വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. രാജ്യത്ത് സമീപകാലയളവിൽ മയക്കുമരുന്ന് കേസുകൾ റിപ്പോർട്ട്‌ ചെയ്യുന്നുണ്ട്. കേസുകളിൽ പ്രതിയാകുന്നവരിൽ ഏറെയും ചെറുപ്പക്കാരാണ്.

നിലവിൽ പ്രതികൾ റിമാൻഡിലാണ്. ജനുവരി 3ന് ഇവരെ ഇപ്‌സ്‌വിച്ച് ക്രൗൺ കോടതിയിൽ തുടർനടപടികൾക്ക് ഹാജരാക്കും. മലയാളി യുവാവ് പ്രതിപട്ടികയിൽ ഉണ്ടെന്നുള്ള വാർത്ത യുകെയിലെ മലയാളികളെ ഞെട്ടിപ്പിച്ചിരിക്കുകയാണ്. പ്രസ്തുത സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇനിയുള്ള ദിവസങ്ങളിൽ പോലീസ് പുറത്തുവിടുമെന്നാണ് കരുതുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ജേഴ്സി : ജേഴ്സിയിലെ ഫ്ലാറ്റിൽ ഉണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഏഴു പേരെ തിരിച്ചറിഞ്ഞു. പീറ്റർ ബൗളർ (72), റെയ്മണ്ട് ബ്രൗൺ (71), റോമിയു ഡി അൽമേഡ (67), ലൂയിസ് ഡി അൽമേഡ (64), ഡെറക് എല്ലിസ് (61), സിൽവിയ എല്ലിസ് (73), ബില്ലി മാർസ്ഡൻ (63) എന്നിവരാണ് മരിച്ചത്. സ്‌ഫോടനം നടക്കുമ്പോൾ ഒമ്പത് പേർ ഫ്‌ളാറ്റിൽ ഉണ്ടായിരുന്നതായി പൊലീസ് കരുതുന്നു. സെന്റ് ഹെലിയറിലെ പിയർ റോഡിലെ മൂന്ന് നിലകളുള്ള ഹൗട്ട് ഡു മോണ്ട് റെസിഡൻഷ്യൽ ബ്ലോക്കിൽ ശനിയാഴ്ച പുലർച്ചെയാണ് വൻസ്ഫോടനം ഉണ്ടായത്. ഡിസംബർ 23-ന് സൂര്യാസ്തമയം വരെ പതാകകൾ പകുതി താഴ്ത്തിക്കെട്ടുമെന്ന് ജേഴ്സി സർക്കാർ അറിയിച്ചു.

വെള്ളിയാഴ്‌ച വൈകുന്നേരം ഗ്യാസിന്റെ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് ഫയർഫോഴ്‌സും ഗ്യാസ് എഞ്ചിനീയറും ഫ്‌ളാറ്റിലെത്തി പരിശോധന നടത്തിയിരുന്നതായി ഐലൻഡ് എനർജി അറിയിച്ചു. സ്ഫോടനത്തെ തുടർന്ന് 42 താമസക്കാർക്ക് ബ്ലോക്കിൽ നിന്ന് മാറേണ്ടി വന്നു. മത്സ്യബന്ധന ബോട്ടും ഫെറിയും തമ്മിൽ കൂട്ടിയിടിച്ച് മൂന്ന് പ്രാദേശിക മത്സ്യത്തൊഴിലാളികളെ കാണാതായ രണ്ട് ദിവസത്തിന് ശേഷമാണ് ഈ ദുരന്തം

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- വെസ്റ്റ് മിഡ്‌ലാൻഡിലെ സോളിഹളിനടുത്തുള്ള തടാകത്തിൽ നേർത്ത മഞ്ഞുപാളികൾക്കിടയിലൂടെ വീണ് എട്ട്, പത്ത്, പതിനൊന്ന് വയസ് പ്രായമുള്ള മൂന്ന് ആൺകുട്ടികൾ മരണപ്പെട്ടു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് നടന്ന സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ആറ് വയസ്സുള്ള നാലാമത്തെ ആൺകുട്ടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. കിംഗ്‌ഷർസ്റ്റിലെ പ്രകൃതി സംരക്ഷണ കേന്ദ്രമായ ബാബ്‌സ് മിൽ പാർക്കിലെ തടാകത്തിൽ നിന്ന് പുറത്തെടുക്കുമ്പോൾ നാല് കുട്ടികളും ഹൃദയസ്തംഭനത്തിലായി കഴിഞ്ഞിരുവെന്നത് ചുറ്റും കൂടെ നിന്നവരെ കണ്ണുനീരിലാഴ്ത്തി. ഐസ് നിറഞ്ഞ തടാകത്തിൽ കളിക്കുകയായിരുന്ന കുട്ടികൾ, പെട്ടെന്ന് ഐസ് തകർന്ന് തടാകത്തിലേക്ക് വീഴുകയായിരുന്നു.

പോലീസ് ഉദ്യോഗസ്ഥരും മറ്റ് എമർജൻസി രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി നടത്തിയ തിരച്ചിലിലാണ് കുട്ടികളെ പുറത്തെടുത്തത്. മരണമടഞ്ഞ കുട്ടികളുടെ മാതാപിതാക്കളോടും കുടുംബങ്ങളോടുമുള്ള ദുഃഖം അറിയിക്കുന്നതായും പോലീസ് സൂപ്രണ്ട് അറിയിച്ചു.

റോയൽ സൊസൈറ്റി ഫോർ ദി പ്രിവൻഷൻ ഓഫ് ആക്‌സിഡന്റ്‌സ് ജലാശയങ്ങൾ മഞ്ഞുമൂടിയതിനാൽ ജാഗ്രത പാലിക്കണമെന്ന് അപകടത്തെ തുടർന്ന് ജനങ്ങളോട് അഭ്യർത്ഥിച്ചു. ബ്രിട്ടന്റെ ചില ഭാഗങ്ങളിൽ താപനില -15 ആയി കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ സാഹചര്യം കൂടുതൽ അപകടങ്ങൾക്ക് വഴിതെളിക്കുമെന്നുള്ളതിനാൽ ജനങ്ങൾ കടുത്ത ജാഗ്രത പാലിക്കണമെന്ന നിർദ്ദേശം അധികൃതർ നൽകുന്നുണ്ട്. ഐസിൽ കളിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് കുട്ടികളെ ഓർമ്മിപ്പിക്കാൻ രക്ഷിതാക്കളോടും അഭ്യർത്ഥിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

രാജ്യത്തെ ആരോഗ്യ സംവിധാനം കടുത്ത പ്രതിസന്ധി നേരിടുന്നതിന്റെ നേർ ചിത്രങ്ങൾ കുറെ നാളുകളായി മാധ്യമങ്ങളിൽ വാർത്തകളായി കൊണ്ടിരിക്കുകയാണ്. ഇംഗ്ലണ്ടിലെ എൻഎച്ച്എസ് ആശുപത്രികളിൽ വെയിറ്റിംഗ് ലിസ്റ്റിൽ 7 ദശലക്ഷത്തിലധികം ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ആഴ്ച പുറത്തുവന്നിരുന്നു. ഇതിനു പുറമെയാണ് ഈ മാസം 15 , 20 തീയതികളിലായി നേഴ്സുമാർ പ്രഖ്യാപിച്ചിരിക്കുന്ന സമരം എൻഎച്ച്എസിനെ ഗുരുതര പ്രതിസന്ധിയിലാക്കും .

മതിയായ ജീവനക്കാരുടെ അഭാവം മൂലം കഴിഞ്ഞ വർഷം 30,000 ശസ്ത്രക്രിയകൾ എൻഎച്ച്എസ് റദ്ദാക്കിയതായുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് ഏറ്റവും പുതിയതായി രാജ്യത്തെ ആരോഗ്യ സംവിധാനത്തെ കുറിച്ച് പുറത്തു വന്നിരിക്കുന്നത്. റദ്ദാക്കിയ ശസ്ത്രക്രിയകളിൽ പതിനായിരത്തോളം അടിയന്തര ശസ്ത്രക്രിയകളായിരുന്നു. 2500 ക്യാൻസർ രോഗികളുടെയും 8000 കുട്ടികളുടെ ശസ്ത്രക്രിയകളും ഇങ്ങനെ റദ്ദാക്കിയവയിൽ ഉൾപ്പെട്ടിട്ടുണ്ട്.

നിലവിൽ എൻഎച്ച്എസ് ജീവനക്കാരുടെ കുറവ് മറ്റ് സമയങ്ങളെ അപേക്ഷിച്ച് ഏറ്റവും ഉയർന്ന നിലയിലാണെന്നാണ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ 12 വർഷമായി മതിയായ ജീവനക്കാരെ നിയമിക്കുന്നതിലും പരിശീലിപ്പിക്കുന്നതിനും സർക്കാർ തലത്തിൽ പരാജയപ്പെട്ടതാണ് എൻഎച്ച്എസ് പ്രതിസന്ധി രൂക്ഷമായതിന് കാരണമെന്ന് ഷാഡോ ഹെൽത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് ആരോപിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ബിർമിംഗ്ഹാമിലെ സോലിഹള്ളിൽ തണുത്തുറഞ്ഞ തടാകത്തിൽ കുട്ടികൾ വീണുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് ദാരുണാന്ത്യം. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. കിംഗ്‌ഷർസ്റ്റിലെ ബാബ്‌സ് മിൽ പാർക്കിൽ കളിച്ചുകൊണ്ടിരുന്ന നാല് കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. എട്ട്, പത്ത്, പതിനൊന്ന് വയസ് പ്രായമുള്ളവരാണ് മരിച്ചത്. ഇവരോടൊപ്പം ഉണ്ടായിരുന്ന ആറ് വയസുകാരൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്. പോലീസും പ്രദേശവാസികളും രക്ഷാപ്രവർത്തനം നടത്തിയാണ് ഇവരെ പുറത്തെത്തിച്ചത്.

അപകടത്തെ തുടർന്ന് നാല് പേരെയും ആശുപത്രിയിൽ എത്തിച്ചിരുന്നു. രണ്ടു കുട്ടികൾ ബിർമ്മിങ്ങാം ചിൽഡ്രൻ ഹോസ്പിറ്റലിലും മറ്റു രണ്ടുപേർ സിറ്റിയിലെ ഹാർട്ട്ലാൻഡ്സ് ഹോസ്പിറ്റലിലുമാണ് പ്രവേശിപ്പിക്കപ്പെട്ടിരുന്നത്. എന്നാൽ മൂന്നുപേരെ ചികിത്സകൾ വിഫലമാക്കികൊണ്ട് മരണം കവർന്നെടുക്കുകയായിരുന്നു. ഇവരുടെ വേർപാട് ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

യുകെയിൽ മഞ്ഞുവീഴ്ച തുടരുകയാണ്. അതുകൊണ്ട് തന്നെ പുറത്തിറങ്ങുന്ന ചെറുപ്പക്കാരും, കുട്ടികളും ഐസിൽ കളിക്കാൻ സാധ്യതയുണ്ട്. തണുത്തുറഞ്ഞ തടാകത്തിനു മുകളിൽ പോയി നില്ക്കുന്നതും, ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതും അപകടം ക്ഷണിച്ചു വരുത്തുകയാണ് ചെയ്യുന്നത്. അതിനാൽ മാതാപിതാക്കൾ ജാഗ്രത പാലിക്കണമെന്ന് ഇതിനോടകം തന്നെ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സംഭവസമയത്ത് പ്രദേശത്ത് താപനില 1C (34F) ആയിരുന്നു. എന്നാൽ പിന്നീട് ഇത് -3C (26F) ലേക്ക് താഴ്ന്നു. കുട്ടികളുടെ മരണത്തിൽ പ്രധാനമന്ത്രി ഋഷി സുനാക് അനുശോചനം രേഖപ്പെടുത്തി.

RECENT POSTS
Copyright © . All rights reserved