Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ചൂടേറിയ കാലാവസ്ഥയാണ് ഇപ്പോൾ ബ്രിട്ടനിൽ . കടുത്ത സൂര്യപ്രകാശത്തിൽ വാഹനം ഓടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് ഈ രംഗത്തെ വിദഗ്ധർ നൽകിക്കഴിഞ്ഞു. ഡ്രൈവിങ്ങിനിടെ സൂര്യപ്രകാശത്തിന്റെ കാഠിന്യവും ഡാഷ്ബോർഡിൽ തിളങ്ങുന്ന വസ്തുക്കൾ ഉള്ളതോ അപകടങ്ങൾ വിളിച്ചു വരുത്തിയേക്കാം. കടുത്ത വെയിലിൽ വാഹനം ഓടിക്കുന്നവർ സൺഗ്ലാസ്സ് ധരിക്കുന്നത് ഈ രീതിയിൽ ഉണ്ടാകാൻ സാധ്യതയുള്ള അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കുമെന്നാണ് വിദഗ്ധാഭിപ്രായം.

വെയിലുള്ള കാലാവസ്ഥയിൽ സൺഗ്ലാസ് ധരിക്കണമെന്ന് ബ്രിട്ടനിൽ നിയമപരമായ നിബന്ധനയില്ല. എന്നാൽ ഹൈവേ കോഡിന്റെ റൂൾ 237 അനുസരിച്ച് വെയിലത്ത് സൺഗ്ലാസ്സ് ധരിക്കാത്തതിനെ ശ്രദ്ധയില്ലാതെ വാഹനമോടിക്കുന്നതായി പോലീസിന് കണക്കാക്കാൻ സാധിക്കും. ഈ നിയമത്തിൽ കടുത്ത സൂര്യപ്രകാശത്തിൽ വാഹനമോടിക്കുമ്പോൾ വേഗത കുറയ്ക്കണമെന്ന് നിർദ്ദേശിക്കുന്നുണ്ട്. അതോടൊപ്പം തന്നെ ഡ്രൈവർമാർ കണ്ണട ധരിക്കണമെന്ന നിർദ്ദേശവുമുണ്ട്. ഈ കുറ്റത്തിന് 100 പൗണ്ട് പിഴയും ലൈസൻസിൽ 3 പോയന്റുകൾ നൽകുന്നതിനും കാരണമായേക്കാം എന്ന് നിയമ വിദഗ്ധർ അഭിപ്രായപ്പെട്ടു. അതുപോലെതന്നെ ധരിക്കുന്ന സൺഗ്ലാസ് സി ഇ മാർക്കുള്ളതും യൂറോപ്യൻ സ്റ്റാൻഡേർഡ് BS EN 1836: 2005 അനുസരിച്ചുള്ളതുമായിരിക്കണം.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച രാജ്യത്ത് പലയിടങ്ങളിലും താപനില 32.7 ഡിഗ്രി സെല്‍ഷ്യസ് വരെയായി ഉയര്‍ന്നിരുന്നു. എന്നാൽ വാരാന്ത്യത്തിൽ അത് 15 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ന്നു. വരും ദിനങ്ങളിൽ താപനില 28 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്ന് കാലാവസ്ഥ നിരീക്ഷകർ പറയുന്നു. ഈ വര്‍ഷം ഇനിയും നാല് ഉഷ്ണ തരംഗങ്ങള്‍ കൂടി ഉണ്ടാകുമെന്ന് മെറ്റ് ഓഫീസ് അറിയിച്ചിരുന്നു . പശ്ചിമ യൂറോപ്പില്‍ താപനില വര്‍ദ്ധിക്കുന്നതിനനുസരിച്ച് സ്‌പെയിനില്‍ നിന്നും ബ്രിട്ടനിലേക്ക് ഉഷ്ണവായു പ്രവാഹമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത് .

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- സ്പെയിനിലെ കടലിൽ ഇറങ്ങുമ്പോൾ ഇനിമുതൽ മൂത്രമൊഴിച്ചാൽ ടൂറിസ്റ്റുകൾക്ക് മേൽ ഫൈൻ ഈടാക്കാൻ തീരുമാനിച്ചിരിക്കുകയാണ് സ്പെയിൻ. വിഗോ നഗരത്തിലാണ് ഇപ്പോൾ ഇത്തരത്തിൽ ഫൈൻ ഈടാക്കാൻ തീരുമാനിച്ചിരിക്കുന്നത് . ഇത്തരം പ്രവർത്തികൾ ശ്രദ്ധയിൽപ്പെട്ടാൽ 645 പൗണ്ട് തുക പിഴയായി നൽകേണ്ടിവരും. ബീച്ചുകളിൽ പബ്ലിക് ടോയ്‌ലറ്റുകളും മറ്റും നിർമ്മിക്കാനുള്ള പദ്ധതിക്കും തീരുമാനമായിട്ടുണ്ട്. യാതൊരു വിധത്തിലുള്ള മാലിന്യങ്ങളും ബീച്ചുകളിൽ നിക്ഷേപിക്കരുതെന്നും, ഇത് പിഴ ഈടാക്കാനുള്ള കാരണമായിത്തീരും എന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടൊപ്പംതന്നെ കടലിൽ ഇറങ്ങുമ്പോൾ സോപ്പ്, ഷാംപൂ മുതലായവയുടെ ഉപയോഗവും നിരോധിച്ചിട്ടുണ്ട്. ചിലയിടങ്ങളിൽ പുകവലിക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

ബീച്ചിൽ നിന്നും പുറത്തിറങ്ങുമ്പോൾ മാന്യമായ വസ്ത്രധാരണവും ആയിരിക്കണമെന്നും പുതിയ നിയമങ്ങളിൽ നിഷ്കർഷിക്കുന്നുണ്ട്. ബ്രിട്ടനിലുള്ള ജനങ്ങളുടെ ഏറ്റവും പ്രിയങ്കരമായ ഹോളിഡെ ഡെസ്റ്റിനേഷനുകളിൽ ഒന്നാണ് സ്പെയിൻ. അതിനാൽ തന്നെ പുതിയ നിയമങ്ങൾ ബ്രിട്ടനിൽ നിന്നുള്ള ടൂറിസ്റ്റുകളെ ബാധിക്കും. നിലവിലെ സാഹചര്യത്തിൽ രാജ്യത്തെ കൂടുതൽ വൃത്തിയായി സൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമങ്ങൾ സ്പെയിൻ ഏർപ്പെടുത്തിയിരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ജീവനക്കാരുടെ ക്ഷാമവും യാത്രക്കാരുടെ ബാഹുല്യവും ബ്രിട്ടീഷ് വ്യോമയാന മേഖലയെ തകർക്കുന്നു. രണ്ട്, മൂന്ന് ടെർമിനലുകളിലൂടെയുള്ള ഷെഡ്യൂളുകളിൽ നിന്ന് പത്തു ശതമാനം വിമാനങ്ങൾ വെട്ടിക്കുറയ്ക്കാൻ എയർപോർട്ട് എയർലൈനുകളോട് ആവശ്യപ്പെട്ടു. ലഗേജുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാരണം മുപ്പത്തിലേറെ വിമാനങ്ങൾ റദ്ദാക്കി. കഴിഞ്ഞ വെള്ളിയാഴ്ച്ച മുതലാണ് ഈ പ്രശ്നം ഉടലെടുത്തത്. ലഗേജ് സിസ്റ്റത്തിന് സംഭവിച്ച ഒരു സാങ്കേതിക തകരാറാണ് ഈ പ്രതിസന്ധിക്ക് കാരണമെന്ന് ഹീത്രൂ വിമാനത്താവളാധികൃതര്‍ പറയുന്നു. ജൂലൈ മുതൽ സെപ്തംബർ വരെ ഷെഡ്യൂൾ ചെയ്ത 160,000 ഫ്ലൈറ്റുകളിൽ 7% വെട്ടിക്കുറയ്ക്കാൻ ഈസിജെറ്റ് തീരുമാനിച്ചു.

ഈസിജെറ്റിന്റെ പ്രധാന വിമാനത്താവളമായ ഗാറ്റ്‌വിക്ക്, ജീവനക്കാരുടെ കുറവുകാരണം തങ്ങളുടെ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന വിമാനങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് അറിയിച്ചിരുന്നു. പതിനായിരക്കണക്കിന് യാത്രക്കാരാണ് ഈ പ്രതിസന്ധിയിൽ വലഞ്ഞത്. വിമാനങ്ങളുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നതിലൂടെ ഈ പ്രതിസന്ധിയുടെ ആഘാതം കുറയ്ക്കാമെന്ന പ്രതീക്ഷയിലാണ് ഹീത്രൂ വിമാനത്താവള അധികൃതർ.

ഗാറ്റ്‌വിക്ക് കൂടാതെ, ആംസ്റ്റർഡാമിലെ ഷിഫോൾ ഹബ് ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളിൽ കൂടുതൽ ഫ്ലൈറ്റുകൾ റദ്ദാക്കുമെന്ന് ഈസിജെറ്റ് സ്ഥിരീകരിച്ചു. യാത്രക്കാരുടെ നീണ്ട നിരയും സര്‍വ്വീസ് റദ്ദാക്കലുമൊക്കെയായി സ്റ്റാന്‍സ്റ്റെഡ് വിമാനത്താവളവും കടുത്ത പ്രതിസന്ധിയിലാണ്. ഇതൊക്കെ ഉടൻ പരിഹരിക്കുമെന്ന് ഹീത്രൂ അധികൃതര്‍ പറയുന്നെങ്കിലും എപ്പോൾ സാധ്യമാകുമെന്ന കാര്യത്തിൽ ആശങ്കയുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ബ്രിട്ടനിൽ കൊടുങ്കാറ്റുകൾ ഒഴിഞ്ഞ് മാനം തെളിഞ്ഞു. ചൂടേറിയ കാലാവസ്ഥയിലൂടെയാണ് ഇപ്പോൾ ബ്രിട്ടൻ നീങ്ങുന്നത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച രാജ്യത്ത് പലയിടങ്ങളിലും താപനില 32.7 ഡിഗ്രി സെല്‍ഷ്യസ് വരെയായി ഉയര്‍ന്നിരുന്നു. എന്നാൽ വാരാന്ത്യത്തിൽ അത് 15 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ന്നു. പലയിടത്തും ഇന്നലെ മഴയും ഇടിമിന്നലും ഉണ്ടായിരുന്നു. എന്നാൽ വരും ദിനങ്ങളിൽ താപനില 28 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്ന് കാലാവസ്ഥ നിരീക്ഷകർ പറയുന്നു. അതിനാൽ, ഈ ബുധനാഴ്ച ഗ്ലാസ്റ്റൺബറി ഫെസ്റ്റിവലിനായി പോകുന്നവർക്ക് ഊഷ്‌മളമായ കാലാവസ്ഥ ലഭിക്കും.

ഈ വര്‍ഷം ഇനിയും നാല് ഉഷ്ണ തരംഗങ്ങള്‍ കൂടി ഉണ്ടാകുമെന്ന് മെറ്റ് ഓഫീസ് പറയുന്നു. ജൂലൈയിൽ താപനില ശരാശരിയേക്കാൾ കൂടുതലായിരിക്കുമെന്ന് മെറ്റ് ഓഫീസ് ഉദ്യോഗസ്ഥൻ സൈമൺ പാട്രിഡ്ജ് പറഞ്ഞു. താപനില ഉയരുമെങ്കിലും ഈയാഴ്ച ഉഷ്ണതരംഗത്തിന് സാധ്യതയില്ല. എന്നാൽ ജൂലൈ പകുതിയോടെ ഇത് പ്രതീക്ഷിക്കാമെന്ന് പാട്രിഡ്ജ് കൂട്ടിച്ചേർത്തു.

പശ്ചിമ യൂറോപ്പില്‍ താപനില വര്‍ദ്ധിക്കുന്നതിനനുസരിച്ച് സ്‌പെയിനില്‍ നിന്നും ബ്രിട്ടനിലേക്ക് ഉഷ്ണവായു പ്രവാഹമുണ്ടാകുമെന്ന് ദി വെതര്‍ കമ്പനിയിലെ ലിയോണ്‍ ബ്രൗണ്‍ പറഞ്ഞു. താപനില 36 ഡിഗ്രിയായി ഉയർന്നാലും അതിശയപ്പെടാനില്ല. മൂന്നാമത്തെ ഉഷ്ണതരംഗം ഓഗസ്റ്റിൽ ഉണ്ടായേക്കും. സെപ്റ്റംബറില്‍ നാലമത്തെ തരംഗം എത്തുന്നതോടെ താപനില ക്രമാതീതമായി ഉയരും. താപനില ഉയർന്നതിന് പിന്നാലെ സ്പെയിനിൽ കാട്ടുതീ പടർന്നു. വൻ തീപിടിത്തത്തെ തുടർന്ന് മധ്യ സ്പെയിനിലെ പുയ് ഡു ഫൗ തീം പാർക്കിൽ നിന്ന് 3000-ത്തിലധികം ആളുകളെ ഒഴിപ്പിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഈ വർഷം ഖത്തറിൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പിൽ ആവേശം അതിരുവിട്ടാൽ പണി കിട്ടുമെന്ന് ബ്രിട്ടീഷ് പോലീസ് തങ്ങളുടെ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി. മുസ്ലിം ഭൂരിപക്ഷമായ ഖത്തറിൽ വിവാഹത്തിന് പുറത്തുള്ള ലൈംഗികത നിയമവിരുദ്ധമാണ്. വിവാഹിതരല്ലാത്ത ലിവിംഗ് ടുഗതറിൽ ജീവിക്കുന്ന സ്ത്രീയും പുരുഷനും പൊതുസ്ഥലത്ത് നടത്തുന്ന സ്നേഹപ്രകടനങ്ങൾ വരെ അറസ്റ്റിലേക്ക് നയിച്ചേക്കാം.

ലോകകപ്പ് ആഘോഷങ്ങളിൽ എത്തുന്ന തങ്ങളുടെ പൗരന്മാർക്ക് ഖത്തറിലെ നിയമങ്ങളെ കുറിച്ച് അവബോധം ഉണ്ടോ എന്ന കാര്യത്തിൽ ബ്രിട്ടീഷ് പോലീസ് ആശങ്കയിലാണ്. ഖത്തറിലെ നിയമമനുസരിച്ച് വിവാഹത്തിന് പുറത്തുള്ള ലൈംഗിക ബന്ധത്തിന് ഏഴ് വർഷം വരെ തടവ് ലഭിക്കാം. ഭാര്യഭർത്താക്കന്മാരല്ല വരുന്നതെങ്കിൽ സെക്സിനെക്കുറിച്ച് ചിന്തിക്കുകയേ വേണ്ടെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഖത്തറിൽ സ്വവർഗ ലൈംഗികതയും നിയമവിരുദ്ധമാണ്. അതും ജയിൽവാസത്തിന് ഇടയാക്കും.

ലോകകപ്പിന് മുന്നോടിയായി ആരാധകർക്ക് പ്രായോഗിക ഉപദേശങ്ങളും നിർദ്ദേശങ്ങളും നൽകുമെന്ന് കോമൺവെൽത്ത് ഡെവലപ്മെൻറ് ഓഫീസ് അറിയിച്ചു. 2022ലെ ലോകകപ്പിൽ ഉണ്ടാകാൻ സാധ്യതയുള്ള മനുഷ്യാവകാശ പ്രശ്നങ്ങളെ കുറിച്ച് തങ്ങളുടെ ആരാധകരിൽ അവബോധം വളർത്താൻ ശ്രമിക്കുമെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയർ നേരത്തെ വ്യക്തമാക്കിയിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

പന്ത്രണ്ട് വയസുകാരിയായ ബ്രൂക്ക്ലിൻ നാഷിനെ സൗത്ത്പോർട്ടിലെ വീട്ടിൽ നിന്ന് കാണാതായിരിക്കുന്ന സംഭവത്തിൽ പോലീസ് അനേഷണം പുരോഗമിക്കുകയാണ് . ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് സൗത്ത്പോർട്ടിൽവെച്ചാണ് ബ്രൂക്ക്ലിൻ നാഷിനെ അവസാനമായി കണ്ടത്. 24 മണിക്കൂറിലേറെയായതിനാൽ കുട്ടിയുടെ അവസ്ഥയെക്കുറിച്ചുള്ള ആശങ്കയിലാണ് ബന്ധുക്കൾ.

പെൺകുട്ടിയെ കാണാതായ സമയം ഗ്രേ ഹൂഡിയും കറുത്ത ലെഗീൻസും എയർ ജോർദാൻ ട്രെയിനേഴ്‌സുമാണ് ധരിച്ചിരുന്നത്. 5 അടി, 5 ഇഞ്ച് ഉയരവും തവിട്ടുനിറത്തിലുള്ള മുടിയും വെളുത്ത നിറവുമാണ് പെൺകുട്ടിക്കുള്ളത് . മാഞ്ചസ്റ്റർ ഏരിയയിലേക്കും ലിവർപൂൾ സിറ്റി സെന്റർ ഏരിയയിലേക്കും വില്യംസൺ സ്‌ക്വയർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും ബ്രൂക്ക്ലിൻ പോകാനുള്ള സാധ്യതകളെക്കുറിച്ചുള്ള അനേഷണം നടക്കുന്നുണ്ട് . ബ്രൂക്ക്ലിനെ കാണുന്നവർ ഉടൻ തന്നെ 101 എന്ന നമ്പറിൽ മെർസിസൈഡ് പോലീസുമായി ബന്ധപ്പെടണമെന്ന് അധികാരികൾ അഭ്യർത്ഥിച്ചു .

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ലോകം മുഴുവൻ പിതൃദിനം ആഘോഷിച്ച ഇന്ന് തികച്ചും വ്യത്യസ്തമായ ജീവിതകഥ പങ്കുവെക്കുകയാണ് ഒരു അമ്മയും കുഞ്ഞും. 33 വയസുകാരിയായ ലാരൻ മാക്ഗ്രെഗോർ ഐവിഎഫ് (കൃത്രിമബീജസങ്കലനം) എന്ന ആധുനിക ശാസ്ത്രവിദ്യയിലൂടെയാണ് കുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞ് ജനിക്കുന്നതിനു രണ്ട് വർഷങ്ങൾക്ക് മുൻപ് അവളുടെ ഭർത്താവ് ക്രിസ് മരിച്ചു. ബ്രെയിൻ ട്യൂമർ ആയിരുന്നു മരണകാരണം. അയാളുടെ ബീജം ആധുനിക വൈദ്യശാസ്ത്ര സഹായത്തോടെ സൂക്ഷിച്ചു വെക്കുകയും തുടർന്ന് കൃത്രിമബീജസങ്കലനത്തിലൂടെ ലാരൻ ഗർഭിണിയാകുകയും ചെയ്തു. “സെബ് ജനിച്ചതിനു ശേഷം, ക്രിസ് അവനെ എനിക്ക് മറ്റൊരു ലോകത്ത് നിന്നും തന്നതുപോലെ തോന്നുന്നു.” ലാരൻ പറഞ്ഞു.

ആശുപത്രിയിൽ തന്നെ പരിചരിച്ച ഡോക്ടർമാരെ പറ്റിയും ലാരൻ പറയുന്നുണ്ട്. – “എന്റെ ഈ അവസ്ഥ അറിഞ്ഞപ്പോൾ, ക്രിസിന്റെ ഒരു ഫോട്ടോയും, ഞങ്ങളുടെ കല്യാണ മോതിരവും, ക്രിസിന്റെ ചിതഭസ്മം സൂക്ഷിച്ചിരുന്ന മാലയും കൂടെ കരുതാൻ ഡോക്ടർമാർ അനുവദിച്ചു. അത് എനിക്ക് എന്റെ ലോകമായിരുന്നു. ആ ലോക്കറ്റിലുള്ള ക്രിസിന്റെ ചിത്രം കാണാൻ നല്ല ഭംഗിയായിരുന്നു.” മുൻകാല ബന്ധത്തിൽ നിന്നുള്ള മകൻ വെയ്‌ഡും (18) ലാരനൊപ്പമുണ്ട്. എല്ലാ വർഷവും പിതൃദിനത്തിൽ ക്രിസിന്റെ ഇഷ്ടസ്ഥലങ്ങൾ തങ്ങൾ മൂന്ന് പേരും സന്ദർശിക്കാറുണ്ട് എന്ന് ലാരൻ പറയുന്നു.

2013 ലാണ് പാർട്ടി പ്ലാന്നർ ആയിരുന്ന ലാരനും ഫോർക്ലിഫ്റ്റ് ഡ്രൈവർ ആയിരുന്ന ക്രിസും വിവാഹിതരായത്. നീണ്ട നാളത്തെ പരിചയത്തിന് ശേഷമാണ് അവർ ഒന്നിച്ചത്. എന്നാൽ മാസങ്ങൾക്ക് ശേഷം ക്രിസ് രോഗബാധിതനായി. 2014 ൽ ഒരു ശാസ്ത്രക്രിയക്ക് ശേഷം രക്ഷപ്പെട്ടെങ്കിലും,2020 ജൂലൈയിൽ ക്രിസ് ലോകത്തോട് വിട പറഞ്ഞു. കുഞ്ഞിനെ വേണമെന്ന് അതിയായ ആഗ്രഹം ഉണ്ടായിരുന്ന ദമ്പതികൾ ക്രിസിന്റെ ബീജം കേടുകൂടാതെ സൂക്ഷിച്ചു. അങ്ങനെ, 2021 മെയ്‌ 17ന് കുഞ്ഞ് സെബ് ലോകത്തേക്ക് പിറന്നുവീണു. “ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ക്രിസിനെ നഷ്ടപ്പെട്ടതാണ്. എന്നാൽ ക്രിസ് ഇല്ലങ്കിലും ഞങ്ങളുടെ സ്നേഹം നിലനിർത്താൻ ഒരു വഴി കണ്ടെത്തിയാണ് അദ്ദേഹം യാത്രയായത്.” ഒരേസമയം സന്തോഷവും ദുഃഖവും നിറഞ്ഞ വാക്കുകൾ ലാരൻ പങ്കുവെച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ജീവിതച്ചെലവ് പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഉചിതമായ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ജനം ലണ്ടൻ തെരുവിലിറങ്ങി. ട്രേഡ് യൂണിയൻ കോൺഗ്രസ്‌ (ടിയുസി) സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലാണ്‌ തൊഴിലാളികൾ വേതന വർദ്ധനവ് ആവശ്യപ്പെട്ട് പാർലമെന്റിലേക്ക് മാർച്ച്‌ നടത്തിയത്. പൊതുമേഖലയിൽ ജോലി ചെയ്യുന്നവർക്ക് മാന്യമായ ശമ്പളം നൽകണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. മിനിമം വേതനം 15 പൗണ്ടായി ഉയർത്തണമെന്നും യൂണിയൻ ആവശ്യപ്പെട്ടു. എന്നാൽ അത് ഖജനാവിന്റെ മേൽ ഭാരം കൂട്ടുകയാണെന്ന് സർക്കാർ വൃത്തങ്ങൾ ആരോപിച്ചു.

അതേസമയം, ബ്രിട്ടീഷ് സർക്കാർ എൺപത് ലക്ഷത്തോളം വരുന്ന നിർധനരായ കുടുംബങ്ങൾക്ക് നേരിട്ട് സഹായം നൽകുന്നുണ്ടെന്ന് സർക്കാർ വക്താവ് അറിയിച്ചു. 1200 പൗണ്ടിന്റെ സഹായവും ഊർജ ബില്ലിൽ എല്ലാ കുടുംബങ്ങൾക്കും 400 പൗണ്ട് കിഴിവും നൽകുന്നുണ്ടെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. ടി യു സി യുടെ പഠനം അനുസരിച്ച് 2008 മുതൽ തൊഴിലാളികൾക്ക് 20,000 പൗണ്ടിന്റെ നഷ്ടം ഉണ്ടായിട്ടുണ്ട്. ചെലവുകൾക്ക് ഒപ്പം വരുമാനം കൂടത്താതാണ് പ്രതിസന്ധിക്ക് കാരണമായി വിലയിരുത്തുന്നത്.

പണപ്പെരുപ്പത്തിന്റെ കാരണം തൊഴിലാളികളല്ലെന്നും അവർ പണപ്പെരുപ്പത്തിന്റെ ആഘാതം അനുഭവിക്കുന്നവരാണെന്നും ടി യു സി ജനറൽ സെക്രട്ടറി ഫ്രാൻസെസ് ഒഗ്രാഡി ബിബിസി ന്യൂസിനോട് പറഞ്ഞു. മെച്ചപ്പെട്ട വേതനം ആവശ്യപ്പെട്ട് അധ്യാപകരും ട്രേഡ് യൂണിയൻ കോൺഗ്രസ് പ്രതിഷേധത്തിൽ പങ്കെടുത്തു. ജീവിതച്ചെലവ് കുതിച്ചുയരുന്നതിനാൽ, കഴിഞ്ഞ 12 വർഷത്തിനിടെ അധ്യാപകരുടെ ശമ്പളത്തിന്റെ മൂല്യം 19% കുറഞ്ഞുവെന്ന് യൂണിയൻ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : നെറ്റ്‌വർക്ക് റെയിൽ, ട്രെയിൻ ഓപ്പറേറ്റഴ്സ്, ലണ്ടൻ അണ്ടർഗ്രൗണ്ട് എന്നിവരുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് സമരവുമായി മുൻപോട്ട് പോകാൻ റെയിൽ, മരീടൈം ആൻഡ് ട്രാൻസ്‌പോർട്ട് യൂണിയൻ തീരുമാനം. നെറ്റ്‌വര്‍ക്ക് റെയിലിലും മറ്റ് 13 ട്രെയിന്‍ ഓപ്പറേറ്റിംഗ് കമ്പനികളിലും സജീവമായ റെയില്‍ , മാരിടൈം ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് (ആര്‍ . എം. ടി) യൂണിയനിലെ അംഗങ്ങള്‍ വരുന്ന ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും പണിമുടക്കുന്നത്. ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലെ സര്‍വ്വീസുകളിലും കാര്യമായ തടസ്സങ്ങള്‍ ഉണ്ടാകും. റെയിൽ സമരം ഇംഗ്ലണ്ട്, വെയിൽസ്, സ്കോട് ലൻഡ് എന്നിവിടങ്ങളിൽ വലിയ പ്രതിസന്ധികൾ സൃഷ്ടിക്കും. സമരം നിരാശജനകമാണെന്നും അത് അവസാന ശ്രമമായി മാത്രം ഉപയോഗിക്കേണ്ടതാണെന്നും ഗതാഗത വകുപ്പ് തുറന്നടിച്ചു.

സമരത്തിന്റെ പ്രതിസന്ധി കുറച്ച് ദിവസം നീണ്ടു നിന്നേക്കാം എന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. അതേസമയം ചർച്ച തീരുന്നതിനു മുൻപേ അത് അവസാനിപ്പിച്ച യൂണിയൻ നിലപാടിനെ നെറ്റ്‌വർക്ക് റെയിൽ അപലപിച്ചു. ഇന്ന് കൂടുതൽ ചർച്ചയ്ക്ക് സാധ്യതയുണ്ട്. വേതനം കൂട്ടി നൽകുക എന്ന തീരുമാനം ഗൗരവമായി പരിഗണിക്കുന്നുണ്ടെന്ന് നെറ്റ്‌വർക്ക് റെയിൽ വക്താവ് അറിയിച്ചു. അടുത്തിടെ, അംഗങ്ങൾക്കായി നടത്തിയ ചോദ്യോത്തര പരിപാടിയിൽ പണപ്പെരുപ്പം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ആർ എം ടി തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരുന്നു.

അംഗങ്ങളുടെ വരുമാനത്തിൽ കാര്യമായ വർദ്ധനവ് ഉണ്ടായിട്ടില്ലെന്നും, ചെലവുകൾ ഉയരുകയാണെന്നും യൂണിയൻ ചൂണ്ടിക്കാട്ടി. സർക്കാർ രാജ്യത്തെ ഗതാഗത സംവിധാനത്തിലേക്ക് തുക നൽകുന്നത് കുറച്ചതിനെ ആർ എം ടി ജനറൽ സെക്രട്ടറി മൈക്ക് ലൈച് കുറ്റപ്പെടുത്തി. ഇതുമൂലം കമ്പനികൾ ജോലിക്കാരുടെ വിഹിതം വെട്ടിക്കുറച്ചെന്നും അവരെ പിരിച്ചുവിടാനുള്ള സാഹചര്യം ഉടലെടുത്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശമ്പളം നൽകാൻ കഴിയാത്തതിനെ തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ റെയിൽവേ പല തസ്തികകളും പിരിച്ചു വിട്ടുകൊണ്ടിരിക്കുകയാണന്നും ആർ എം ടി പറഞ്ഞു.

പകുതിയോളം റെയിൽ ഗതാഗതം അടച്ച സാഹചര്യത്തിൽ അത്യാവശ്യം ഉണ്ടെങ്കിൽ മാത്രമേ അടുത്താഴ്ച ട്രെയിൻ യാത്ര നടത്താവു എന്ന് നെറ്റ്‌വർക്ക് റെയിൽ മുന്നറിയിപ്പ് നൽകി. എന്നാൽ, കോവിഡ് സമയത്തുൾപ്പെടെ സർക്കാർ 16 ബില്യൺ പൗണ്ട് റെയിൽവേയിലേക്ക് ചെലവഴിച്ചെന്ന് ഗതാഗത മന്ത്രാലയം വക്താവ് അറിയിച്ചു. സമരം തുടർന്നാൽ ഭാവിയിൽ ജനം റെയിൽവേ യാത്രകളെ ആശ്രയിക്കില്ലെന്നും അദ്ദേഹം താക്കീത് നൽകി. സമരത്തിന് പോകാതെ അവസാന നിമിഷമെങ്കിലും ചർച്ച നടത്താൻ ലേബർ പാർട്ടി നേതാവ് സെർ കെയൻ സ്റ്റാർമർ ആഹ്വാനം ചെയ്തു. എന്നാൽ പ്രശ്നം പരിഹരിക്കാൻ സർക്കാർ ആത്മാർത്ഥമായി ശ്രമിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : സ്കൂൾ ടേം സമയത്ത് മക്കളെ കൂട്ടി അവധിക്കാലം ആഘോഷിക്കാൻ പോകുന്ന രക്ഷിതാക്കൾക്ക് ഇനി പിഴ ചുമത്താൻ സർക്കാർ. ക്ലാസില്‍ ഹാജരാകാതെ മാതാപിതാക്കളോടൊപ്പം അവധി ആഘോഷിക്കാൻ പോകുന്നത് ഗുരുതര വീഴ്ചയായി കണക്കാക്കി രാജ്യത്ത് മുഴുവന്‍ ഏകീകരിച്ച നിയമം നടപ്പാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ടേം സമയത്ത് മക്കളുമായി അവധി ആഘോഷിക്കാൻ പോകുന്ന മാതാപിതാക്കള്‍ക്ക് ഫിക്‌സഡ് പെനാല്‍റ്റി നോട്ടീസ് നല്‍കാനാണ് സർക്കാർ തീരുമാനം. ഒരു ടേമില്‍ അഞ്ച് തവണ വൈകിയെത്തുന്ന വിദ്യാർഥികളുടെ രക്ഷിതാക്കള്‍ക്കും പെനാല്‍റ്റി നോട്ടീസ് ലഭിക്കും.

മതിയായ കാരണമില്ലാതെ അഞ്ച് തവണ ഹാജരാകാതിരിക്കുക, ടേം സമയത്ത് ഹോളിഡേയ്ക്ക് പോകുക, ക്ലാസില്‍ എത്താതെ അഞ്ച് ദിവസം പൊതുസ്ഥലത്ത് ഉണ്ടാവുക എന്നിവയെല്ലാം കുറ്റകരമായി കണക്കാക്കി രക്ഷിതാക്കൾക്ക് പിഴ ചുമത്തും. വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച ഒരു കൺസൾട്ടേഷനിൽ, വിദ്യാർത്ഥികളുടെ രജിസ്റ്ററുകൾ ഇലക്ട്രോണിക് ആയി സൂക്ഷിക്കണമെന്ന് സർക്കാർ നിർദ്ദേശിക്കുന്നു. അതേസമയം പ്രാദേശിക കൗൺസിലുകൾക്ക് അവരുടെ പ്രദേശത്തെ സ്കൂളുകളിലെ എല്ലാ ഹാജർ ഡാറ്റയും ആക്സസ് ചെയ്യാൻ കഴിയും.

ശരത്കാലത്തെ ടേമോടെ സ്‌കൂളുകളിലെ ഹാജര്‍ നില നൂറ് ശതമാനം ആക്കണമെന്ന് ചില്‍ഡ്രന്‍സ് കമ്മീഷണര്‍ റേച്ചല്‍ ഡിസൂസ ആവശ്യപ്പെട്ടു. പുതിയ നിയമങ്ങള്‍ പ്രകാരം ഒരു സ്‌കൂള്‍ വർഷം രക്ഷിതാക്കള്‍ക്ക് രണ്ട് പിഴ വരെ ലഭിക്കാം. അതുപോലെ, ആരോഗ്യപരമായ കാരണങ്ങളാൽ പതിനഞ്ചോ അതിൽ കൂടുതലോ ദിവസം ഹാജരാകാത്ത വിദ്യാർത്ഥികൾക്കും അവരുടെ കുടുംബത്തിനും കൂടുതൽ പിന്തുണ ലഭിക്കാൻ പ്രാദേശിക കൗൺസിലിനെ അറിയിക്കണമെന്നും സർക്കാർ അറിയിച്ചു.

RECENT POSTS
Copyright © . All rights reserved