മുൻ കേന്ദ്രമന്ത്രി പി. രംഗരാജൻ കുമാരമംഗലത്തിന്റെ ഭാര്യയും അഭിഭാഷകയുമായ കിറ്റി കുമാരമംഗലത്തെ (68) ചൊവ്വാഴ്ച രാത്രി തെക്ക്-പടിഞ്ഞാറൻ ഡൽഹിയിലെ വസന്ത് വിഹാർ പ്രദേശത്തെ വീട്ടിൽ കൊല ചെയ്യപ്പെട്ട നിലയിൽ കണ്ടെത്തി. ഇവരുടെ അലക്കുകാരനും രണ്ട് കൂട്ടാളികളും ചേർന്നാണ് കൊലനടത്തിയതെന്നാണ് പൊലീസ് പറയുന്നത്.
സംഭവത്തിൽ പ്രതികളിലൊരാളായ വീടിനടുത്ത് ജോലി ചെയ്തിരുന്ന രാജു ലഖൻ (24) അറസ്റ്റിലായി. ഇയാളുടെ കൂട്ടാളികൾക്കും വേണ്ടി അന്വേഷണത്തെ തുടരുകയാണ്
കൊല്ലപ്പെട്ട കിറ്റിയുടെ വീട്ടുജോലിക്കാരിയായ മഞ്ജുവിൽ നിന്നും രാത്രി 11 മണിയോടെ പൊലീസിന് കോൾ ലഭിച്ചു. രാത്രി ഒൻപത് മണിയോടെ രാജു വീട്ടിലെത്തിയതായും അയാൾക്ക് വേണ്ടി അവൾവാതിൽ തുറന്നുകൊടുക്കുകയും എന്നാൽ പ്രവേശിച്ച ഉടനെ അയാൾ അവളെ കീഴടക്കി മറ്റൊരു മുറിയിലേക്ക് വലിച്ചിഴച്ചു എന്ന് മഞ്ജു പറഞ്ഞു. രാജുവിന്റെ രണ്ട് കൂട്ടാളികളും വീട്ടിലേക്ക് കടക്കുകയും അവർ കിറ്റിയെ കീഴടക്കി എന്നും പരാതിക്കാരനായ മഞ്ജു ആരോപിച്ചു. ശബ്ദമുയർത്തിയപ്പോൾ അവർ കിറ്റിയെ മറ്റൊരു മുറിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി കൊലപ്പെടുത്തി എന്നും മഞ്ജു പറഞ്ഞു.
തുടർന്ന് കുറച്ച് പണവും ആഭരണങ്ങളും കൈക്കലാക്കി അവർ കടന്നുകളഞ്ഞു. വീട്ടുജോലിക്കാരി തന്റെ കൈകളിലെ കെട്ടുകൾ അഴിച്ച് . സഹായത്തിനായി അയൽവാസികളെ വിളിച്ചു. സംഭവത്തെക്കുറിച്ച് അവർ പൊലീസിനെ വിവരം അറിയിച്ചു.
പൊലീസ് സ്ഥലത്തെത്തി മഞ്ജുവിനെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. വീട് കൊള്ളയടിക്കപ്പെട്ടതായി പൊലീസ് കണ്ടെത്തി. തുടർന്ന് ബെംഗളൂരുവിലുള്ള കുട്ടിയുടെ മകനെ വിവരം അറിയിച്ചു. അന്വേഷണത്തിന് നിരവധി സംഘം രൂപീകരിക്കുകയും രാജുവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മറ്റ് രണ്ട് പേർക്കായി തിരച്ചിൽ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
പി. രംഗരാജൻ കുമാരമംഗലം 1991 ജൂലൈയിൽ സേലം കുമരനമംഗലത്തുനിന്നും കോൺഗ്രസ് എംപിയാവുകയും തുടർന്ന് നിയമ, നീതി, കമ്പനി കാര്യ സഹമന്ത്രിയാകുകയും ചെയ്തു. പിന്നീട് ബിജെപിയിൽ ചേർന്നു. തമിഴ്‌നാട്ടിൽ നിന്നുള്ള ആദ്യത്തെ ബി.ജെ.പി എംപിമാരിൽ ഒരാളായിരുന്നു അദ്ദേഹം. അടൽ ബിഹാരി വാജ്‌പേയിയുടെ രണ്ടാമത്തെയും മൂന്നാമത്തെയും കാബിനറ്റുകളിലും അദ്ദേഹം കേന്ദ്രമന്ത്രിയായി സേവനമനുഷ്ഠിച്ചു.
കരുനാഗപ്പള്ളി വള്ളിക്കാവിലെ അമൃതാനന്ദമയി ആശ്രമത്തില്‍ ഫിന്‍ലന്‍ഡ് സ്വദേശിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഫിന്‍ലന്‍ഡുകാരി ക്രിസ എസ്റ്റര്‍ (52) ആണ് മരിച്ചത്.
ആശ്രമത്തിലെ അമൃതസിന്ധു എന്ന കെട്ടിടത്തിലെ കോണിയുടെ കൈവരിയില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. വൈകിട്ട് 4.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്.
ക്രിസ മാനസിക പ്രശ്നങ്ങള്‍ക്ക് മരുന്നുകള്‍ കഴിച്ചിരുന്നതായി പറയപ്പെടുന്നു. മരണത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.
മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.
നേരത്തെയും അമൃതാനന്ദമയി ആശ്രമ ഇത്തരം സംഭവങ്ങളില്‍ ആരോപണ വിധേയമായിരുന്നു. 2012ല്‍ കൊല്ലത്തെ അമൃതാനന്ദമയി ആശ്രമത്തില്‍ ബഹളം വച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്ന ആരോപണത്തില്‍ ബിഹാര്‍ സ്വദേശി സത്‌നാം സിങ്ങ് എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് മാനസികാസ്വാസ്ഥ്യം കാണിച്ചതിനാല്‍ പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. അവിടെ വച്ച് സത്നാം മരണപ്പെട്ടു. മരണത്തിന്റെ ദുരൂഹത ഒട്ടേറെ ചോദ്യങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും തുടക്കമിട്ടിരുന്നു.
യുവാക്കളെയും വനിതകളെയും ഉള്‍പ്പെടുത്തി രണ്ടാം മോഡി സര്‍ക്കാറിന്റെ ആദ്യ മന്ത്രിസഭ പുനഃസംഘടന ബുധനാഴ്ച. ജൂലൈ ഏഴിന് വൈകിട്ട് ആറുമണിക്ക് പുനഃസംഘടന സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകും. പുതുക്കിയ മന്ത്രിസഭാ പ്രഖ്യാപനത്തോടെ ഇന്ത്യയുടെ ചരിത്രത്തില്‍ മന്ത്രിമാരുടെ ശരാശരി പ്രായം ഏറ്റവും കുറഞ്ഞ മന്ത്രിസഭയായിരിക്കും രൂപം കൊള്ളുക.
സ്ത്രീകള്‍ക്കും വിവിധ ന്യൂനപക്ഷ സാമൂദായിക വിഭാഗങ്ങള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം നല്‍കിക്കൊണ്ടായിരിക്കും പുതിയ മന്ത്രിസഭ ഒരുങ്ങുക. പുനസംഘടനയോടെ ഒബിസി വിഭാഗത്തില്‍ നിന്നുള്ള മന്ത്രിമാരുടെ എണ്ണം 20 പിന്നിടുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നതായും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. വിദ്യാഭ്യാസ യോഗ്യതയിലെ ശരാശരിയും ഉയര്‍ത്തുന്നതായിരിക്കും പുനസംഘടന.
ഓരോ സംസ്ഥാനങ്ങളുടെയും പ്രദേശങ്ങളെയും പ്രത്യേകം പരിഗണിച്ചായിരിക്കും തീരുമാനം. അതില്‍ 2024ല്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
നിലവില്‍ ഡല്‍ഹിയിലേക്ക് തിരിച്ച നേതാക്കള്‍ക്ക് മന്ത്രിസ്ഥാനമുണ്ടെന്നാണ് സൂചന. ജ്യോതിരാധിത്യ സിന്ധ്യ, സര്‍ബാനന്ദ സോനാവാള്‍, എല്‍ജെപിയുടെ പശുപതി പരസ്, നാരായണ റാണെ, വരുണ്‍ ഗാന്ധി എന്നിവരടക്കമുള്ളവരാണ് നിലവില്‍ പുനസംഘടനയോട് അനുബന്ധിച്ച് ഡല്‍ഹിയില്‍ തുടരുന്നത്.
മന്ത്രിസഭാ പുനസംഘടനാ ഇന്ന് നടന്ന നിര്‍ണ്ണായക യോഗത്തില്‍ മന്ത്രിമാരുടെ പേരുകള്‍ സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തതായാണ് വിവരം. പുനഃസംഘടനയില്‍ ചില മന്ത്രിമാര്‍ക്ക് പദവി നഷ്ടപ്പെട്ടേക്കുമെന്നും സൂചനയുണ്ട്. കേരളത്തില്‍ നിന്നുള്ള കേന്ദ്രസഹമന്ത്രി വി മുരളീധരന് സ്വതന്ത്ര ചുമതല നല്‍കിയേക്കുമെന്നാണ് അതില്‍ ഒന്ന്.
പ്രധാനമന്ത്രി നരേന്ദ്ര മോഡി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ബിജെപി പ്രസിഡന്റ് ജെപി നദ്ദ, സംഘടനാ ചുമതലയുള്ള ബിജെപി ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം.
ബോളിവുഡ് ഇതിഹാസം ദീലീപ് കുമാര്‍ അന്തരിച്ചു. 98 വയസായിരുന്നു. മുംബൈ ഹിന്ദുജ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് അന്ത്യം. ശ്വാസതടസം അനുഭവപ്പെട്ടതിനേത്തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അഞ്ച് ദശാബ്ദം നീണ്ട അഭിനയജീവിതത്തില്‍ എണ്ണം പറഞ്ഞ അവിസ്മരണീയ കഥാപാത്രങ്ങളാണ് അദ്ദേഹം അതുല്യമാക്കിയത്. മുഗള്‍ ഇ കസം, ദേവദാസ്, രാം ഔര്‍ ശ്യാം, അന്ദാസ്, മധുമതി തുടങ്ങിയ സിനിമകളിലെ വേഷങ്ങള്‍ ദിലീപ്കുമാറിനെ ഇന്ത്യന്‍ സിനിമയുടെ ഉന്നതങ്ങളിലേയ്ക്ക് എത്തിച്ചു.
റൊമാന്റിക് നായകനില്‍ നിന്ന് ആഴമുള്ള കഥാപാത്രങ്ങളിലേക്ക് അദ്ദേഹം 80 കളില്‍ മാറി. ക്രാന്തി, ശക്തി, കര്‍മ്മ, സൗഗാദര്‍ അടക്കമുള്ള സിനിമകളില്‍ അദ്ദേഹം ശക്തമായ വേഷങ്ങള്‍ കൈകാര്യം ചെയ്തു. 1966 ലാണ് ബോളിവുഡ് താരമായ സൈറ ഭാനുവിനെ വിവാഹം കഴിച്ചത്. നടന്‍, നിര്‍മാതാവ് എന്നീ നിലകളില്‍ തിളങ്ങിയ ദീലീപ് കുമാര്‍ രാജ്യസഭാംഗമായും നാമനിര്‍ദേശം ചെയ്യപ്പെട്ടു.
1998 ല്‍ പുറത്തിറങ്ങിയ ക്വില ആണ് അവസാന ചിത്രം. ഫിലിംഫെയര്‍ അവാര്‍ഡ് ആദ്യമായി നേടിയ നടന്‍ ദിലീപ് കുമാറാണ്. ഏറ്റവും കൂടുതല്‍ തവണ മികച്ച നടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ച നടന്‍ എന്ന റെക്കോഡും അദ്ദേഹത്തിന് സ്വന്തമാണ്. 2015 ല്‍ പത്മവിഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്.
റെയില്‍വേ സ്‌റ്റേഷനില്‍ തളര്‍ന്നുവീണ സ്വന്തം അമ്മയ്ക്ക് രക്ഷയായി രണ്ടുവയസുകാരി മകള്‍. ഉത്തര്‍പ്രദേശിലെ മൊറാദാബാദ് റെയില്‍വേ സ്റ്റേഷനിലാണ് ഗര്‍ഭിണിയായ യുവതി തളര്‍ന്നുവീണത്.
അമ്മ ബോധം കെട്ടു കിടക്കുന്നതു കണ്ടതോടെ ആദ്യം ഭയന്നു നിലവിളിച്ചെങ്കിലും പിന്നീട് എഴുന്നേറ്റു സമീപം ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരുടെ അടുത്തെത്തി അവരുടെ കൈ പിടിച്ച് അമ്മയുടെ അരികിലേക്ക് എത്തുകയായിരുന്നു കുട്ടി. കഴിഞ്ഞ ശനിയാഴ്ച നടന്ന സംഭവം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചതോടെയാണ് പുറംലോകം അറിഞ്ഞത്.
സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമിലാണു യുവതി ബോധം കെട്ടു വീണത്. യുവതിയുടെ ഇളയ കുട്ടി അവരുടെ മടിയിലിരുന്നു കരയുന്നുണ്ടായിരുന്നു. കരച്ചില്‍ കേട്ട് അമ്മയുടെ അരികിലെത്തിയ രണ്ടു വയസ്സുകാരി തട്ടി വിളിച്ചെങ്കിലും യുവതി അനങ്ങിയില്ല. തുടര്‍ന്നാണു കുട്ടി പൊലീസ് ഉദ്യോഗസ്ഥര്‍ക്കു സമീപം എത്തിയത്. പിച്ചവച്ചു നടക്കുന്ന കുരുന്ന് അമ്മയെ രക്ഷിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
Moradabad | 2-year-old child saves the life of mother who fainted at a railway station.
Our staff found a child who led them to a spot where his mother was unconscious. Checkup was done & ambulance was called. She is admitted in the hospital: Manoj Kumar, senior RPF officer pic.twitter.com/PcguiA45SJ
— ANI UP (@ANINewsUP) July 4, 2021
തിരുവനന്തപുരം: കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിനേഷനില്‍ മുന്‍ഗണന നല്‍കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്. പതിനെട്ട് മുതല്‍ 23 വയസ് വരെയുള്ളവര്‍ക്കാണ് മുന്‍ഗണന നല്‍കുക. വിദേശത്തേക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കും മുന്‍ഗണന ലഭിക്കും. കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിന്‍ മുന്‍ഗണന അടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കി ക്ലാസുകള്‍ ആരംഭിക്കുന്നത് ആലോചിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള അതിഥി തൊഴിലാളികള്‍ക്കും സ്വകാര്യ ബസ് ജീവനക്കാര്‍ക്കും മാനസിക വൈകല്യമുള്ളവര്‍ക്കും സെക്രട്ടറിയേറ്റിലെയും നിയമസഭയിലെയും ജീവനക്കാര്‍ക്കും മുന്‍ഗണന നല്‍കുമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.
നേരത്തെ 56 വിഭാഗങ്ങള്‍ക്ക് കോവിഡ് വാക്‌സിനേഷന് മുന്‍ഗണന നല്‍കിയിരുന്നു. ഇതിനു പുറമേയാണ് പുതിയ മുന്‍ഗണനാ വിഭാഗങ്ങളെ കൂടി ഉള്‍ക്കൊള്ളിച്ച് ആരോഗ്യവകുപ്പ് ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്.
ഐഎസ്ആര്‍ഒ ചാരക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി സിബി മാത്യൂസ്. മറിയം റഷീദയുടെ അറസ്റ്റ് മുൻ ഐബി ഉദ്യോഗസ്ഥൻ ആർ.ബി ശ്രീകുമാര്‍ പറഞ്ഞിട്ടെന്ന് സിബി മാത്യൂസ് വെളിപ്പെടുത്തി.
നമ്പി നാരായണനെയും രമണ്‍ ശ്രീവാസ്തവയെയും അറസ്റ്റ് ചെയ്യാന്‍ ഐബി നിരന്തരം സമ്മര്‍ദം ചെലുത്തിയെന്നും തിരുവനന്തപുരം ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സിബി മാത്യൂസ് വ്യക്തമാക്കി.
ഇന്ത്യ, യുകെ, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന യാത്രാ വിലക്ക് ജര്‍മനി പിന്‍വലിച്ചു. ഇന്ത്യ, നേപ്പാള്‍, റഷ്യ, പോര്‍ചുഗല്‍, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളെ പട്ടിക മാറ്റി തരംതിരിച്ചതായി റോബര്‍ട്ട് കോഹ് ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. ജൂലൈ ഏഴു മുതലാണ് പുതിയ തീരുമാനം പ്രാബല്യത്തിലാകുന്നത്.
കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ അവ സ്വന്തം മണ്ണിലേക്ക് കടക്കാതിരിക്കാനായാണ് ജര്‍മനി വൈറസ് വകഭേദം കണ്ടെത്തിയ രാജ്യങ്ങളെ തരംതിരിച്ചത്. എന്നാല്‍ ഡെല്‍റ്റ വകഭേദം ജര്‍മനിയിലും അതിവേഗം പടര്‍ന്നുപിടിക്കുകയാണെന്നും അതിനാല്‍ മറ്റ് രാജ്യക്കാര്‍ക്കുള്ള യാത്ര വിലക്ക് എടുത്ത് കളയുമെന്നും ആരോഗ്യ മന്ത്രി ജെന്‍സ് സ്ഫാന്‍ കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു.
ഏപ്രില്‍ 26 മുതല്‍ ഇന്ത്യയില്‍നിന്നുള്ളവര്‍ക്ക് ജര്‍മനിയില്‍ പ്രവേശന വിലക്ക് നിലനില്‍ക്കുകയാണ്. ഇന്ത്യയില്‍ ആദ്യം കണ്ടെത്തിയ ഡെല്‍റ്റ വകഭേദത്തിനെതിരെ വാക്സീനുകള്‍ ഫലപ്രദമാണെന്ന് ഗവേഷകര്‍ കണ്ടെത്തിയിരുന്നു. ബ്രിട്ടനില്‍ നിന്നുള്ള യാത്രക്കാര്‍ക്കുള്ള വിലക്ക് നീക്കുമെന്ന് ലണ്ടന്‍ സന്ദര്‍ശിച്ച വേളയില്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലും സൂചന നല്‍കിയിരുന്നു.
കഴിഞ്ഞ ദിവസം നടത്തിയ പത്ര സമ്മേളനത്തിൽ സാമൂഹ്യ അകലം പാലിക്കൽ, മാസ്ക് ധരിക്കൽ, വീട്ടിൽ നിന്നും ജോലി ചെയ്യൽ ഉൾപ്പെടെയുള്ള നിബന്ധനകൾ ജൂലൈ 19 നു ശേഷം പിൻവലിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. കോവിഡിന് മുന്നിൽ തളരാതെ റോഡ് മാപ്പുമായി മുന്നോട്ട്.
പ്രതിദിന കോവിഡ് കേസുകൾ തുടർച്ചയായി ഉയർന്ന് 27,000 വരെ ആയിട്ടും റോഡ് മാപ്പുമായി മുന്നോട്ടു പോകാൻ ജോൺസൺ തീരുമാനിക്കുകയായിരുന്നു. കേസുകൾ ദിവസേന 50,000 വരെ ആകാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. 16 മാസത്തോളമായി പല രൂപത്തിലുള്ള നിയന്ത്രണങ്ങൾക്ക് വിധേയരായ ജനങ്ങളോട് ‘ഇപ്പോഴല്ലെങ്കിൽ ഇനിയൊരിക്കലും ഈ നിയന്ത്രണങ്ങൾ നീക്കാനാവില്ലെന്നും’ അദ്ദേഹം പറഞ്ഞു.
മഹാമാരിയുടെ അപകട സാധ്യതകളും, തുടർച്ചയായ നിയന്ത്രണങ്ങൾ നീട്ടിക്കൊണ്ടു പോകുന്നതിലുള്ള ബുദ്ധിമുട്ടുകളും താരതമ്യം ചെയ്തതിനു ശേഷമാണ് ഇത്തരമൊരു തീരുമാനത്തിൽ എത്തിയതെന്ന് അദ്ദേഹം വിശദീകരിച്ചു. ശരത്കാലത്തും ശൈത്യകാലത്തും വൈറസ് ശക്തി പ്രാപിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും ജോൺസൺ കൂട്ടിച്ചേർത്തു. വേനൽക്കാലവും സ്കൂൾ അവധിദിനങ്ങളും ഉപയോഗിച്ച് വൈ വൈറസിനെതിരെ പോരാടാൻ കൂടുതൽ കരുത്തരാകാനും അദ്ദേഹം രാജ്യത്തോട് ആഹ്വാനം ചെയ്തു.
ജൂലൈ 19 ന് വീട്ടിൽ നിന്ന് ജോലി ചെയ്യാനുള്ള നിർദേശവും ഒരു മീറ്ററിലധികം സാമൂഹിക അകലം പാലിക്കണമെന്നുള്ള നിർദേശവും പിൻവലിക്കും. മാസ്ക് ധരിക്കാൻ നിര്ബന്ധിക്കില്ല. പബ്ബുകളിലും മറ്റ് വേദികളിലും ഉപഭോക്തൃ വിശദാംശങ്ങൾ ശേഖരിക്കേണ്ടതില്ല. ബാറിൽ പാനീയങ്ങൾ വിതരണം ചെയ്യാൻ അനുവദിക്കും.
ഒത്തുചേരലിനുള്ള പരിധി തുടരുന്നതും ബാറുകളിലും റെസ്റ്റോറന്റുകളിലും ‘കോവിഡ് സർട്ടിഫിക്കറ്റുകൾ’ നിയമപരമായി ആവശ്യമാണെന്ന നിബന്ധനയും ഒഴിവാക്കുന്നതായും ജോൺസൻ പറഞ്ഞു. സ്കൂളുകളിലെ വിവാദപരമായ ‘ബബിൾ’ സമ്പ്രദായം പൂർണമായും എടുത്തു മാറ്റുന്നതുമായി ബന്ധപ്പെട്ട തീരുമാനം അടുത്ത ആഴ്ച കൈക്കൊള്ളാനാവുമെന്നും പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
ജൂലൈ 19 മുതൽ യെല്ലോ ലിസ്റ്റ് രാജ്യങ്ങൾ സന്ദർശിച്ചു തിരിച്ചു വരുന്ന യാത്രക്കാർക്കുള്ള സെൽഫ് ഐസോലേഷൻ ഒഴിവാക്കും. റോഡ്മാപ്പിന്റെ ഈ അവസാന ഘട്ടം അടുത്ത തിങ്കളാഴ്ച അന്തിമ അംഗീകാരം ലഭിക്കുന്നതോടെ ഔദ്യോഗികമായി നടപ്പിലാകും.
സാഹചര്യം വഷളായാൽ ‘പ്രാദേശിക, ദേശീയ തലത്തിൽ സാമ്പത്തികവും സാമൂഹികവുമായ നിയന്ത്രണങ്ങൾ വീണ്ടും ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ’ ഉണ്ടായേക്കുമെന്നും സർക്കാർ വൃത്തങ്ങൾ സൂചന നൽകുന്നു. അതേസമയം, നിയമം മാറിയെങ്കിലും മാസ്ക് ധരിക്കുന്നത് ഈ മാസം പൂർണ്ണമായും റദ്ദാക്കുമോ എന്ന കാര്യത്തിൽ അവ്യക്തത നിലനിൽക്കുകയാണ്. ട്യൂബിൽ ഈ ഇളവുകൾ ബാധകമാകുമോ എന്ന് പറയാൻ ലണ്ടൻ മേയർ സാദിഖ് ഖാൻ വിസമ്മതിച്ചു. മാഞ്ചസ്റ്റർ മേയർ ആൻഡി ബർൺഹാം ഇക്കാര്യത്തിൽ പുനർവിചിന്തനം നടത്തണമെന്ന് ആവശ്യപ്പെട്ടു.
പൊതുസ്ഥലത്ത് മാസ്കുകൾ ഉപേക്ഷിക്കുന്നത് കടുത്ത അശ്രദ്ധയായിരിക്കുമെന്നു വിവിധ യൂണിയനുകളും മുന്നറിയിപ്പ് നൽകുന്നു. നിയമത്തിൽ മാറ്റം വരുത്തിയാലും ട്രെയിൻ കമ്പനികൾക്കും ബിസിനസുകൾക്കും ഇടപാടുകാരോട് മുഖാവരണം ധരിക്കണമെന്ന് ആവശ്യപ്പെടാമെന്നാണ് സർക്കാർ നിലപാട്.
കൊച്ചി∙ കരിപ്പൂര്‍ സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായ അര്‍ജുന്‍ ആയങ്കിക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് കസ്റ്റംസ്. കേസില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും വീണ്ടും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.ഏഴു ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് കസ്റ്റഡി നീട്ടി നല്‍കണം എന്നാവശ്യപ്പെട്ടുകൊണ്ട് കോടതിയിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് അന്വേഷണ സംഘം പ്രതിക്കെതിരെ ശക്തമായ ആരോപണങ്ങള്‍ ഉന്നയിച്ചത്.
ചോദ്യം ചെയ്യലിനിടെ കസ്റ്റംസ് അന്വേഷണ സംഘം തന്നെ നഗ്‌നനാക്കി മര്‍ദിച്ചെന്ന് അര്‍ജുന്‍ ആയങ്കി കോടതിയെ അറിയിച്ചു. ഹാജരായി രണ്ടാം ദിവസമാണ് തന്നെ മര്‍ദിച്ചതെന്നും അദ്ദേഹം പറഞ്ഞു. അവിടെ സിസിടിവി ഇല്ലേ എന്ന കോടതിയുടെ ചോദ്യത്തിന് സൂപ്രണ്ടിന്റെ മുറിയിലിട്ടാണ് മര്‍ദിച്ചത് എന്നായിരുന്നു അർജുൻെറ മറുപടി.അര്‍ജുന്‍ ആയങ്കി ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ആളാണെന്നു സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതാണ് സ്വര്‍ണക്കടത്തിലേയ്ക്കു കൂടുതല്‍ യുവാക്കളെ ആകര്‍ഷിപ്പിച്ചതെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു. ഇത്തരത്തില്‍ ആകര്‍ഷിക്കപ്പെടുന്നവരെ സമൂഹത്തിനു ദോഷമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുകയായിരുന്നു. രാഷ്ട്രീയപ്പാര്‍ട്ടിയെ മറയാക്കിയായിരുന്നു സ്വര്‍ണക്കടത്ത് ഇടപാടുകള്‍ ചെയ്തു വന്നത്.
ആഢംബര ജീവിതം നയിക്കുവാനായിരുന്നു ഇത്തരത്തില്‍ നിയമവിരുദ്ധമായി പണം കണ്ടെത്തിയിരുന്നത്. കണ്ണൂരിലെ സ്വര്‍ണക്കടത്തു സംഘങ്ങള്‍ക്ക് ജയിലിലുള്ള കൊടി സുനിയുടെയും ഷാഫിയുടെയും സംരക്ഷണം ലഭിച്ചിരുന്നുവെന്നും അതിനാൽ തന്നെ കേസില്‍ വിശദമായ അന്വേഷണം ആവശ്യമുണ്ടെന്ന് കസ്റ്റംസ് വ്യക്തമാക്കി. ഭാര്യ വീട്ടുകാരുടെ ചെലവിലാണ് ജീവിച്ചിരുന്നത് എന്നായിരുന്നു ഇയാള്‍ കസ്റ്റംസിനു നേരത്തെ നല്‍കിയ മൊഴി. എന്നാല്‍ പ്രതിയുടെ ഭാര്യയുടെ മൊഴി ഇതിന് എതിരായിരുന്നു. മറ്റു പ്രതികളുടെ മൊഴിയും ഇയാള്‍ക്ക് എതിരാണ്. മുഹമ്മദ് ഷഫീഖിന്റെ മൊബൈല്‍ ഫോണില്‍നിന്നും ഇയാള്‍ക്കെതിരായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു.