ഡോക്ടർ എ. സി. രാജീവ് കുമാർ
പഞ്ചവർണങ്ങൾ ഓണസദ്യയിലും കാണാം. പച്ച തൂശനിലയിൽ വെള്ള നിറമാർന്ന ചോറ് മഞ്ഞ കാളൻ സാമ്പാറിന് മഞ്ഞയോ ചുവപ്പോ നിറമാകാം കറുപ്പ് നിറമുള്ള ഇഞ്ചിക്കറിയും എല്ലാം കൂടെ ആകുമ്പോൾ പ്രകൃതിയുടെ നിറച്ചാർത്ത് ഓണം വർണാഭമാക്കുന്നു. പോഷക സമൃദ്ധം കൂടെയാണ് ഓണ സദ്യ.
ചെറുപയർ സൂപ്പ് ആയ പരിപ്പുകറി നെയ്യ് കൂട്ടി ഉള്ള ആദ്യ പടി, ഹോട്ട് ആൻഡ് സൗർ സൂപ്പ് ഒട്ടേറെ പച്ചക്കറികൾ കൊണ്ട് പോഷക സമ്പന്നമായ സാമ്പാർ. ബോയിൽഡ് വെജിറ്റബിൾ പോലെ അവിയലും തോരനും മെഴുക്കുപുരട്ടിയും, ദഹന വ്യവസ്ഥ മെച്ചമാക്കാൻ ഇടവേളകളിൽ ഇഞ്ചിതൊട്ട് കഴിക്കുന്നു. മോരും കാളനും രസവും എല്ലാം ദാഹനേന്ദ്രിയ വ്യവസ്ഥയുടെ ആരോഗ്യകരമായ പ്രവർത്തനം ലഭ്യമാക്കുന്നു. പോഷക സമൃദ്ധിയുടെ സദ്യവട്ടം ഓണത്തിന്റെ വലിയ പ്രത്യേകത ആയി ഇന്നും നിലകൊള്ളുന്നു. മലയാളി എവിടെ ഉണ്ടോ അവിടെ ചിങ്ങമാസത്തിൽ തിരുവോണം ഉണ്ട്. ആയുരാരോഗ്യ സമ്പത് സമൃദ്ധിയുടെ ഓണം ആശംസിക്കുന്നു.
ഡോക്ടർ എ. സി. രാജീവ് കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ് കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്. മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് . ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.
രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154
അനുജ സജീവ്
“ഹർഷ ബാഷ്‌പം തൂകി …
വർഷ പഞ്ചമി വന്നു …
ഇന്ദുമുഖീ … ”
യൂട്യൂബിൽ നിന്നും ഉയരുന്ന ഗാനത്തിനൊപ്പം നന്ദു തലയാട്ടി. ചിരിച്ചുകൊണ്ട് അടുക്കളയിൽ ഓണസദ്യ ഉണ്ടാക്കുന്ന തിരക്കിലായിരുന്ന അമ്മൂമ്മയെ പുറകിലൂടെ ചെന്ന് കെട്ടിപ്പിടിച്ചു.
“എന്താ …എന്താ … വേണ്ടേ …”
പെട്ടെന്നുള്ള ആക്രമണത്തിൽ അമ്മൂമ്മ ചൊടിച്ചു .
“അമ്മൂമ്മ പാട്ടു കേട്ടില്ലേ …”
ഉണ്ടക്കണ്ണുകൾ കുസൃതിക്കണ്ണുകളാക്കി നന്ദു ചിരിച്ചു.
അമ്മൂമ്മ പാട്ടിനായി ചെവിയോർത്തു.
“വിഫലമായ മധുവിധുവാൽ
വിരഹ ശോക സ്മരണകളാൽ അകലെയെൻ കിനാക്കളുമായ് ഞാനിരിക്കുന്നു … ”
കണ്ണുകളിൽ നനവു പടർന്നു. കൊച്ചുമകൾ അതു കാണാതിരിക്കാനായി സാരി തലപ്പുകൊണ്ട് മുഖം തുടച്ചു .
” പോടി… പെണ്ണെ … ” എന്നു പറഞ്ഞ് നന്ദുവിനെ ഓടിച്ചു. നന്ദുവിന്റെ ഭാഷയിൽ അപ്പൂപ്പന്റെ റൊമാൻസ് ഗാനമാണ് കേട്ടത്.
വിവാഹശേഷം മലബാറിലെ കണിയാംപറ്റയിലുള്ള സ്കൂളിൽ ജോലി നോക്കുമ്പോൾ ഇടുക്കി അണക്കരയിൽ നിന്നും ഓരോ ആഴ്ചകളിലും വരുന്ന മൂന്നും നാലും എഴുത്തുകളിൽ അദ്ദേഹത്തിൻറെ സ്നേഹത്തിൽ ചാലിച്ച സിനിമാഗാനങ്ങൾ . പാട്ടിനായി വീണ്ടും ചെവിയോർത്തു.
ഗ്രാമത്തിലെ സ്കൂളിൽ പത്താം ക്ലാസ് പഠനം കഴിഞ്ഞതോടെ ടിടിസിയ്ക്ക് മഠത്തിലെ സ്കൂളിൽ ചേർന്നു . പഠിപ്പു കഴിഞ്ഞപ്പോൾ തന്നെ ജോലി. അതും മലബാറിൽ . പെൺകുട്ടികൾക്ക് എത്രയും വേഗം ഒരു ആൺതുണ വേണമെന്ന അച്ഛൻറെ വാശിക്ക് മുന്നിൽ തലകുനിച്ചു. വരൻ ഇടുക്കിയിൽ അധ്യാപക ജോലിയുള്ളയാൾ. ഗൃഹഭരണത്തിൽ ഇതുവരെ യാതൊരു പരിചയവുമില്ലാത്ത എനിക്ക് അദ്ദേഹം എന്നും വഴികാട്ടിയായി.
” അവൾക്ക് വയ്ക്കാനൊന്നും അറിഞ്ഞുകൂടാ കുട്ടാ” എന്നു പറഞ്ഞ് എൻറെ അമ്മ നേരത്തെ തന്നെ നേടിത്തന്ന മുൻകൂർ ജാമ്യത്തിൽ അടുക്കളക്കാര്യങ്ങളിൽ അദ്ദേഹത്തിൻറെ ശിഷ്യയായി.
പാവയ്ക്ക തീയലിന്റെയും വെള്ളരിക്കാ പച്ചടിയുടെയും അവിയലിന്റേയും ഹരം പിടിപ്പിക്കുന്ന മണങ്ങൾ എന്റെ മൂക്കിൽ തുളഞ്ഞു കയറി. അരിയും പയറും ചേർന്ന പായസം … ഇപ്പോഴും നാവിൽ വെള്ളമൂറുന്നു. എല്ലാ ഓണനാളിലും അദ്ദേഹത്തിനും മക്കൾക്കുമൊപ്പമിരുന്നുള്ള ഓണസദ്യ ഓർമ്മയിൽ നിറയുന്നു.
” അപ്പൂപ്പന്റെ പായസം, ഉപ്പേരി, ശർക്കരവരട്ടി … ഇതെല്ലാം നാട്ടിൽ ഫെയ്മസാണല്ലേ അമ്മൂമ്മേ …” നന്ദു വീണ്ടും വന്നിരിക്കുന്നു. കൈയ്യിൽ മുറ്റത്തെ റോസാ ചെടിയിൽ നിന്നും പിച്ചിയ ഒരു പൂവുമുണ്ട്. ഒറ്റക്കാലിൽ മുട്ടുകുത്തി നിന്ന് പൂവ് എൻറെ നേരെ നീട്ടി … ഒറ്റക്കണ്ണിറുക്കി … “വിൽ യു മാരി മി”.
മുറ്റത്തെ പൂച്ചെടികളിലുണ്ടാകുന്ന ആദ്യപുഷ്പം അദ്ദേഹം എന്നും എനിക്കായിരുന്നു സമ്മാനിച്ചിരുന്നത്. നന്ദുവിന്റെ ഭാഷയിൽ പ്രൊപ്പോസൽ.
പൂ വാങ്ങി പകരം ഉരുളിയിൽ നിന്നും ചുക്കിന്റെയും ജീരകം ഏലക്കാ എന്നിവയുടെയും മണം പൊങ്ങുന്ന ആവി പറക്കുന്ന ശർക്കര വരട്ടി എടുത്ത് നന്ദുവിനു കൊടുത്തു.
” അപ്പൂപ്പന്റെ ശർക്കര വരട്ടിയുടെ അത്രയും ശരിയായില്ല ” കണ്ണിറുക്കി അവൾ വീണ്ടും ചിരിച്ചു. കുഞ്ഞു മകളെ കെട്ടിപ്പിടിച്ച് ഞാനും ആ ചിരിയിൽ പങ്കുചേർന്നു. ആകാശത്തിരുന്ന് അപ്പൂപ്പൻ ഇതെല്ലാം കാണുന്നുണ്ടാവും അല്ലേ…
അനുജ.കെ : ലക്ചറര്‍, സ്‌കൂള്‍ ടെക്‌നോളജി ആന്റ് അപ്ലൈഡ് സയന്‍സസ്, പത്തനംതിട്ട. 2016, 2018 വര്‍ഷങ്ങളില്‍ കേരള ലളിത കലാ അക്കാദമി, ദര്‍ബാര്‍ ഹാള്‍ കൊച്ചിയില്‍ നടത്തിയ ‘ആര്‍ട്ട് മാസ്‌ട്രോ കോമ്പറ്റീഷന്‍ ആന്റ് എക്‌സിബിഷനില്‍ ‘സണ്‍ഫ്‌ളവര്‍’, ‘വയനാട്ടുകുലവന്‍’ എന്നീ പെയിന്റിംഗുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അനുജയുടെ കഥകൾ മലയാളം യുകെയിൽ പ്രസിദ്ധികരിച്ചിട്ടുണ്ട് .
ലിജി മാത്യു
ചത്ത മേഘങ്ങൾ പോൽ
പെയ്യാത്ത വാക്കുകൾ
കെട്ടിക്കിടക്കുമാകാശം..
പെറ്റമ്മ പോലും
കനിഞ്ഞുമ്മ വെക്കാത്ത
നെറ്റിത്തടം പോലശാന്തം…
വഴിതെറ്റി വന്നെൻ
വിളക്കിൽ കുടുങ്ങിയ
ചെറു പൊൻ പറവപോൽ വെട്ടം
ചിറകിട്ടടിച്ചു മരിച്ചു, എൻ കണ്ണിനു
വെറുതെയായ് കാഴ്ചാസാമർഥ്യം..
മിണ്ടാതെ ഒഴുകുന്നു രാത്രി
തിരക്കൊന്നുമില്ലാത്തപോലെ പതുക്കെ…
മുങ്ങുകയാണ് ഞാൻ
ഉള്ളിൽ ഒരാൾമാത്രമുള്ളോരു കപ്പൽ കണക്കെ..
ആഴത്തിൽ ആഴത്തിലേയ്ക്ക് താഴുമ്പോൾ
അനാവശ്യമാണിത്ര മൗനം..
വിങ്ങലോ തേങ്ങലോ ഗദ്ഗദമോ ദീർഘ –
നിശ്വാസമോ ഇല്ല പൂർണം… !
മരണക്കയത്തിലെ ചേർമണമല്ലെന്നെ
പുണരുന്നതുൻമാദ ഗന്ധം
ഈ ജലശയ്യയിലെന്റെ പുതപ്പിനും
എല്ലു തുളയ്ക്കുന്ന ശീതം
ഈ അവസാനക്കിതപ്പിലെൻ
നെഞ്ചത്തൊരൊന്നു മില്ലായ്മതൻ ഭാരം
ഇട്ടിട്ടു പോകാനൊരിഷ്ടവുമില്ലെന്ന
ദുഃഖ മില്ലെന്നുള്ള ദുഃഖം..
ലിജി മാത്യു
മഹാത്മാഗാന്ധി സർവ്വകലാശാലയിൽ സേവനം അനുഷ്ഠിക്കുന്നു. ഇടുക്കി കഞ്ഞിക്കുഴി സ്വദേശം . “ഡിസംബർ ” ആണ് ആദ്യ കവിതാ സമാഹാരം. ദൈവാവിഷ്ടർ , തഥാഗത എന്നീ നോവലുകൾ ഡിസി ബുക്ക് പബ്ലിഷ് ചെയ്തു. മൂന്നാമത്തെ നോവലായ പെണ്ണാഴങ്ങൾ പ്രസാധനം ചെയ്തത് സാഹിത്യപ്രവർത്തക സഹകരണ സംഘമാണ് .
ലോകത്തിന്റെ ഏത് മുക്കിലും മൂലയിലും തിരഞ്ഞാലും വാഹന മോഷ്ടാക്കളെ നമുക്ക് കാണാനാകും. ബജറ്റ് കാറുകള്‍ മുതല്‍ സൂപ്പര്‍ കാറുകള്‍ വരെ മോഷ്ടിക്കുന്നവരുണ്ട്. കാറിന്റെ വില കൂടുന്നതിന് അനുസരിച്ച് സുരക്ഷ ഫീച്ചറുകള്‍ അധികം വരുമെങ്കിലും ഇതെല്ലാം പൊട്ടിച്ച് കടത്തിക്കൊണ്ടു പോകാന്‍ തക്കവണ്ണം വിരുതന്‍മാരായ കള്ളന്‍മാര്‍ ഇന്നുണ്ട്. എങ്കിലും കക്കാന്‍ പഠിച്ചാലും നിക്കാന്‍ പഠിക്കണം എന്നല്ലെ ചൊല്ല്.
കക്കാന്‍ പഠിച്ചു, നിക്കാന്‍ പഠിച്ചില്ല, ലണ്ടനില്‍ നിന്ന് മോഷ്ടിച്ച ബെന്റലി മുല്‍സാന്‍ പാകിസ്ഥാനില്‍ നിന്ന് ‘പൊക്കി’. ഇംഗ്ലണ്ടിലെ ലണ്ടനില്‍ നിന്ന് മോഷണം പോയ ആഡംബര കാറായ ബെന്റ്‌ലി മുല്‍സാന്‍ പാകിസ്ഥാനിലെ കറാച്ചിയില്‍ നിന്ന് കണ്ടെത്തി. സംഭവം എങ്ങനെയെന്നല്ലെ?. വാഹനം മോഷ്ടിച്ച് വന്‍കര കടന്ന് പാകിസ്താനിലെത്തിച്ച തസ്‌കരന്‍മാര്‍ക്ക് എവിടെയാണ് പിഴച്ചതെന്നല്ലെ.
മോഷണം പോയ കാറിനെക്കുറിച്ച് ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സി കലക്‌ട്രേറ്റ് ഓഫ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് കറാച്ചിയിലെ കളക്ട്രേറ്റ് ഓഫ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (സിസിഇ) കറാച്ചി നഗരത്തില്‍ ശക്തമായ റെയ്ഡ് നടത്തിയത്. പിന്നാലെ യുകെ നാഷണല്‍ ക്രൈം ഏജന്‍സി നഗരത്തിലെ ഡിഎച്ച്എ പ്രദേശത്തെ വീടിന് പുറത്ത് പാര്‍ക്ക് ചെയ്ത നിലയില്‍ ബെന്റ്ലി മുല്‍സാന്‍ കണ്ടെത്തുകയായിരുന്നു.
വി.ഐ.എന്‍ നമ്പര്‍ എസ്.സി.ബി.ബി.എ 63വൈ 7എഫ്.സി 001375, എഞ്ചിന്‍ നമ്പര്‍ സി.കെ.ബി 304693 ചാരനിറത്തിലുള്ള ബെന്റ്‌ലി മുല്‍സാന്‍ – വി 8 ഓട്ടോമാറ്റിക് കാറാണ് കറാച്ചിയിലെ ഡി.എച്ച്.എയില്‍ നിന്ന് കണ്ടെത്തിയത്.
ബെന്റ്‌ലിയില്‍ നിന്ന് മോഷ്ടാക്കള്‍ ട്രാക്കിംഗ് ഉപകരണം നീക്കം ചെയ്തിട്ടില്ലെന്ന് പാകിസ്ഥാനിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവിടെയാണ് കള്ളമാരുടെ പണി പാളിയത്. അവര്‍ ട്രാക്കര്‍ ഓഫ് ചെയ്തില്ല, അങ്ങനെയാണ് യുകെ അധികൃതര്‍ കാറിന്റെ ലൊക്കേഷന്‍ കൃത്യമായി കണ്ടെത്താന്‍ സാധിച്ചത്. വാഹനത്തിന്റെ കൃത്യമായ സ്ഥാനം പരിശോധിച്ച ശേഷം യുകെ അധികൃതര്‍ വാഹനം നിരീക്ഷിച്ച് പാക് സര്‍ക്കാരിന് വിശദാംശങ്ങള്‍ നല്‍കി.
റെയ്ഡിനിടെ പാകിസ്ഥാന്‍ രജിസ്‌ട്രേഷനും നമ്പര്‍ പ്ലേറ്റും ഉള്ള ബെന്റ്‌ലി പാക് ഉദ്യോഗസ്ഥര്‍ കണ്ടെത്തുകയായിരുന്നു. എന്നാല്‍ ബെന്റ്‌ലിയുടെ ഷാസി നമ്പര്‍ യുകെയില്‍ നിന്ന് മോഷ്ടിച്ച ബെന്റ്‌ലിയുടെ നമ്പറുമായി പൊരുത്തപ്പെടുന്നതായി അവര്‍ പരിശോധനയില്‍ കണ്ടെത്തി. കൈവശം വെച്ചിരുന്നയാളുടെ പക്കല്‍ അനുബന്ധ രേഖകള്‍ കൂടി ഇല്ലാതെ വന്നതോടെ പാകിസ്ഥാന്‍ അധികൃതര്‍ വാഹനം പിടിച്ചെടുത്തു.
ഇതോടൊപ്പം കാര്‍ കൈവശം വെച്ചിരുന്നയാളെയും ഇയാള്‍ക്ക് കാര്‍ വിറ്റ ബ്രോക്കറെയും അധികൃതര്‍ അറസ്റ്റ് ചെയ്തു. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ വ്യാജമാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വീടിന്റെ മുറ്റത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന ആഷ് ഗ്രേ നിറത്തിലുള്ള ബെന്റ്ലി കാര്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത് ലോറിയിലേക്ക് കയറ്റുന്നതിന്റെ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്.
കിഴക്കന്‍ യൂറോപ്പില്‍ നിന്ന് കാറുകള്‍ കടത്തുന്ന വന്‍ റാക്കറ്റിനെ കുറിച്ചുള്ള വിവരങ്ങളാണ് പരിശോധനയില്‍ കണ്ടെത്തിയത്. കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ ഉന്നത നയതന്ത്രജ്ഞന്റെ രേഖകളാണ് റാക്കറ്റ് കള്ളക്കടത്തിനായി ഉപയോഗിച്ചത്. മോഷ്ടിച്ച വാഹനം കടത്തിയതുവഴി 300 ദശലക്ഷത്തിലധികം പാക് രൂപയുടെ നികുതി വെട്ടിപ്പ് നടന്നതായി എഫ്ഐആര്‍ ഫയല്‍ ചെയ്ത ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അന്താരാഷ്ട്ര അതിര്‍ത്തികള്‍ കടന്ന് ഇത്തരം നിരവധി റാക്കറ്റുകള്‍ ഇന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയില്‍, മോഷ്ടിക്കപ്പെട്ട മിക്ക കാറുകളും സ്‌പെയര്‍ പാര്‍ട്സുകള്‍ വെവ്വേറെയാക്കി വില്‍ക്കുകയാണ് ചെയ്യാറ്. പിടിക്കപ്പെടാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ഇതോടൊപ്പം തന്നെ ഇന്ത്യയില്‍ നിന്നും മോഷ്ടിക്കുന്ന കാറുകള്‍ നേപ്പാള്‍, ബംഗ്ലാദേശ് തുടങ്ങിയ അയല്‍രാജ്യങ്ങളിലേക്ക് കടത്തുകയും ചെയ്യും.
ആധുനിക കാലത്തെ പല കാറുകളും ഫാക്ടറിയില്‍ ഘടിപ്പിച്ച ട്രാക്കിംഗ് ഉപകരണങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. എങ്കിലും ഡാഷ്ബോര്‍ഡിന് കീഴില്‍ ഒളിപ്പിക്കാന്‍ സാധിക്കുന്ന ഒരു ഹാര്‍ഡ് വയര്‍ഡ് ട്രാക്കര്‍ ഘടിപ്പിക്കുന്നത് എല്ലായ്‌പ്പോഴും നല്ലതാണ്.
കാറിന്റെ ഇസിയുവിലേക്ക് കണക്ട് ചെയ്യാവുന്ന അത്തരം നിരവധി ഉപകരണങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. അത്തരം ഉപകരണങ്ങള്‍ എഞ്ചിന്‍ സ്റ്റാര്‍ട്ടുകള്‍, കാറിന്റെ വേഗത, കാര്‍ ഒരു നിശ്ചിത പോയിന്റിന് അപ്പുറം പോകുക എന്നിവയെക്കുറിച്ച് ഉപയോക്താക്കളെ അറിയിക്കുന്നു. ഈ ഉപകരണങ്ങള്‍ക്ക് വാഹനത്തിന്റെ ഇഗ്‌നിഷന്‍ വിദൂരമായി സ്വിച്ച് ഓഫ് ചെയ്യാനും കഴിയും.
ഈ ഉപകരണങ്ങളില്‍ ചിലതിന് എഞ്ചിന്‍ വിദൂരമായി പ്രവര്‍ത്തനരഹിതമാക്കാനും കഴിയും. വാഹനം ഒരു പ്രത്യേക പോയിന്റ് കടന്നാല്‍ എഞ്ചിന്‍ യാന്ത്രികമായി ഓഫാകുന്ന GPS ഫെന്‍സ് പോലും ഉടമകള്‍ക്ക് സജ്ജീകരിക്കാനാകും. ഈ ഉപകരണങ്ങള്‍ എല്ലാത്തരം വാഹനങ്ങള്‍ക്കും ലഭ്യമാണ്.
കൂടാതെ ഉപകരണത്തില്‍ GPS സംവിധാനവും ഇന്റര്‍നെറ്റ് പ്രവര്‍ത്തനവും നിലനിര്‍ത്തുന്നതിന് നാമമാത്രമായ സബ്സ്‌ക്രിപ്ഷന്‍ ഫീസ് നല്‍കണം.
മലയാള സിനിമ പ്രേമികളെ ത്രില്ലടിപ്പിക്കുന്ന അഭ്യൂഹങ്ങള്‍ എത്തുകയാണ്. മോഹന്‍ലാല്‍ വീണ്ടും സംവിധായകനാകുന്നുവെന്നും, മമ്മൂട്ടിയും പൃഥിരാജും ആയിരിക്കും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുക എന്നുമുള്ള അഭ്യൂഹമാണ് എത്തുന്നത്.
മമ്മൂട്ടിയെ നായകനാക്കി ‘ദി ഗ്രേറ്റ് ഫാദര്‍’ എന്ന സിനിമയിലൂടെ സംവിധാനം ചെയ്ത ഹനീഫ് അദേനിയായിരിക്കും സിനിമയുടെ തിരക്കഥ ഒരുക്കുക എന്നാണ് അഭ്യൂഹം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആയിരിക്കും ചിത്രം നിര്‍മിക്കുക എന്നാണ് സമൂഹ മാധ്യമങ്ങളിലൂടെയുള്ള റൂമര്‍.
മോഹന്‍ലാല്‍ അഭിനയിക്കാത്ത ആദ്യ ആശിര്‍വാദ് സിനിമയായിരിക്കുമിത്.’കെജിഎഫി’ന്റെ സംഗീത സംവിധായകനായ രവി ബര്‍സുര്‍ ആയിരിക്കും സിനിമയ്ക്കായി സംഗീതം ഒരുക്കുക എന്നും അഭ്യൂഹങ്ങളുണ്ട്. സോഷ്യല്‍ മീഡിയയില്‍ ശക്തമായ റൂമറുകളാണ് ചിത്രത്തിനെ കുറിച്ച് എത്തുന്നത്.
ചിത്രത്തിനെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം ഒന്നും തന്നെ നടന്നിട്ടില്ലെങ്കിലും നിരവധി ആരാധകര്‍ സിനിമയുടെ ഫാന്‍ മെയിഡ് പോസ്റ്ററുകള്‍ ഒരുക്കി കഴിഞ്ഞു. സിനിമ പ്രേമികള്‍ ഏറ്റെടുത്തു കഴിഞ്ഞു ഈ അഭ്യൂഹങ്ങള്‍.
അതേസമയം ബറോസ് ആണ് മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്. ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ എന്ന ആദ്യ ഇന്ത്യന്‍ 3 ഡി ചിത്രത്തിന്റെ സംവിധായാകാനായ ജിജോയുടെ കഥയില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘ബറോസ്’.
ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത് മോഹന്‍ലാല്‍ ആണ്. വ്യത്യസ്തമായ ഗെറ്റപ്പില്‍ തല മൊട്ടയടിച്ച് താടി വളര്‍ത്തി വെസ്റ്റേണ്‍ ശൈലിയിലാണ് മോഹന്‍ലാല്‍ എത്തുന്നത്.
മാന്നാറിൽ നടന്ന 56-ാമത് മഹാത്മാഗാന്ധി ജലോത്സവത്തിൽ വിജയികളായ പോലീസ് ടീമിന് എതിരെ ആരോപണം. പോലീസേ ടീം തുഴഞ്ഞ നിരണം ചുണ്ടന്റെ വിജയം എതിരാളികളായ ടീമിനെ വെള്ളത്തിൽ മുക്കിയാണെന്നാണ് ആരോപണം. നിരണം ചുണ്ടൻ തുഴഞ്ഞ പോലീസുകാർ, ചെറുതന ചുണ്ടന്റെ അമരക്കാരനെ കൈക്കൊണ്ട് തള്ളി വെള്ളത്തിലേക്കിടുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഇതോടെയാണ് ചതിപ്രയോഗത്തെ കുറിച്ച് ആരോപണം ശക്തമായത്.
ഒന്നാം സ്ഥാനം നേടിയ കേരള പോലീസ് തുഴഞ്ഞ നിരണം ചുണ്ടന് കപ്പും പാരിതോഷികവും നൽകരുതെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഇന്നലെ വൈകിട്ടാണ് മഹാത്മാഗാന്ധി ജലോത്സവം അരങ്ങേറിയത്. കേരള പോലീസ് ബോട്ട് ക്ലബ്ബാണ് നിരണം ചുണ്ടൻ തുഴഞ്ഞത്. ഇവരെ പിന്നിലാക്കി ചെറുതന ചുണ്ടൻ മുന്നേറുന്നതിനിടെ നിരണം ചുണ്ടനിലുണ്ടായിരുന്ന പോലീസ് ക്ലബ് അംഗം ചെറുതന ചുണ്ടന്റെ അമരക്കാരനെ തള്ളി വെള്ളത്തിലേക്ക് ഇടുകയായിരുന്നു.
ഇതോടെ ചെറുതന ചുണ്ടൻ നിയന്ത്രണം നഷ്ടപ്പെട്ട് മുങ്ങുന്നതാണ് ദൃശ്യത്തിലുള്ളത്. മത്സരത്തിന് പിന്നാലെ പോലീസുകാർക്ക് ട്രോഫിയും പാരിതോഷികവും നൽകരുതെന്നാവശ്യപ്പെട്ട് വള്ളംകളി പ്രേമികൾ സംഘടിച്ച് പ്രതിഷേധിച്ചപ്പോൾ പോലീസ് ലാത്തിച്ചാർജ് നടത്തിയിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പോലീസ് ഉത്തരവിട്ടിട്ടുണ്ട്.
ബോളിവുഡ് നടൻ റൺബീർ കപൂറിനെയും ആലിയ ഭട്ടിനെയും ബജ്‌റംഗ്ദൾ പ്രവർത്തകർ തടഞ്ഞു. മധ്യപ്രദേശിലെ ഉജ്ജയിനിൽ മഹാകാളി ക്ഷേത്രത്തിൽ വെച്ചാണ് താരദമ്പതികളെ പ്രവർത്തകർ തടഞ്ഞത്. ബീഫ് ഇഷ്ടമാണെന്ന റൺബീറിന്റെ പരാമർശത്തിൽ പ്രതിഷേധിച്ചാണ് ബജ്രംഗ്ദൾ പ്രവർത്തകർ ഇവരെ തടഞ്ഞത്.
ബ്രഹ്മാസ്ത്ര എന്ന സിനിമയുടെ റിലീസിനോടനുബന്ധിച്ചാണ് റൺബീറും ആലിയയും ക്ഷേത്രത്തിലെത്തിയത്. അതേസമയം, പ്രതിഷേധക്കാർക്കെതിരേ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 353 പ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു. തന്റെ ഇഷ്ടപ്പെട്ട ഭക്ഷണത്തേക്കുറിച്ച് റൺബീർ പറയുന്ന പഴയ ഒരു വീഡിയോ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് സൈബറിടത്ത് നിറഞ്ഞത്.
ഇഷ്ടഭക്ഷണങ്ങളെന്തെല്ലാമാണെന്ന അവതാരകന്റെ ചോദ്യത്തിന് റെഡ് മീറ്റ് ഭക്ഷണങ്ങൾ വളരെ ഇഷ്ടമാണെന്നും ബീഫിന്റെ ആരാധകനാണ് താനെന്നും റൺബീർ പറഞ്ഞിരുന്നു. ശേഷം, അഭിമുഖത്തിന്റെ ഈ ഭാഗം മാത്രം എഡിറ്റ് ചെയ്ത് ട്വിറ്ററിലിട്ടാണ് ബ്രഹ്മാസ്ത്രയ്ക്കെതിരെ ഹാഷ്ടാഗ് കാമ്പയിനുകളും സജീവമായത്.
ബോയ്കോട്ട് ബ്രഹ്മാസ്ത്ര എന്ന ഹാഷ്ടാഗോടെയാണ് ബഹിഷ്‌കരണാഹ്വാനം തകൃതിയായി നടക്കുന്നത്. 11 വർഷങ്ങൾക്ക് മുമ്പ് റോക്ക്സ്റ്റാർ എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി ഒരു ദേശീയ മാധ്യമം നടത്തിയ ഇന്റർവ്യൂ ആയിരുന്നു ഇത്. ഈ വീഡിയോയുടെ അടിസ്ഥാനത്തിലാണ് ബജ്രംഗ്ദർ പ്രവർത്തകർ താരദമ്പതികളെ തടഞ്ഞത്.
ബാബുരാജ് കളമ്പൂർ
നീരു വറ്റിയ പുഴയിൽ നിന്നൊരു
കാറ്റു കേഴുന്നൂ..
നേരു ചത്ത മനസ്സിലേയ്ക്കതു
പാറിവീഴുന്നു..
പാതിവെന്തു കരിഞ്ഞ ചിറകിൽ
മോഹവും പൂശി
പാവമാമൊരു പക്ഷിയകലെ
പ്പാട്ടു പാടുന്നു..
ആധിവിങ്ങിയടഞ്ഞ ശബ്ദം
നീറിയടരുമ്പോൾ ..
ആയിരം കരിനിഴലുകൾ ചേർന്നിരുളു നെയ്യുന്നു.
പുഴയിറമ്പിൽപ്പഴയ കാലം വെയിലിൽ വാടുന്നൂ
വയൽ വരമ്പിലിരുന്നു മൗനം
മൊഴികൾ തേടുന്നു
അകലെ മുകിലിൻ പടവുകൾക്കും മുകളിലായേ തോ
പുതിയ ദൈവം പിറവി കൊള്ളും
നടനഘോഷങ്ങൾ..
വേനൽ പെയ്തു കരിഞ്ഞുണങ്ങിയ
കാടു പറയുന്നു,
ചോറ്റു കനവിൽ വീണു ചത്ത
കിടാങ്ങൾ തൻ കഥകൾ
കോട്ട കാക്കും വേട്ടനായ്ക്കൾ
കാത്തു നിൽക്കുന്നു
ആർത്തനാദ ധ്വനികൾ ചുറ്റും
നേർത്തു മായുന്നു.
കണ്ണുകെട്ടിക്കൂട്ടിലിട്ടൊരു
കിളികളപ്പോഴും
രാജരാജ സ്തുതികൾ പാടി
പ്പാടിയാർക്കുന്നു..
നീരു വറ്റിയ പുഴയിൽ നിന്നൊരു
കാറ്റു കേഴുന്നൂ..
നേരു ചത്ത മനസ്സിലേയ്ക്കതു
പാറി വീഴുന്നു..
ബാബുരാജ് കളമ്പൂർ.
കവി, കഥാകാരൻ,വിവർത്തകൻ -മഹാഭാരതം, വാല്മീകി രാമായണം എന്നിവയുടെ പുനരാഖ്യാനവും തീമഴക്കാലം, വാരണാവതം, പശ്ചിമായനം എന്നീ നോവലുകളും ഉൾപ്പടെ അമ്പതിലേറെ പുസ്തകങ്ങളുടെ രചയിതാവ്. മലയാളം – തമിഴ് ഭാഷകളിൽ കഥകൾ എഴുതുന്നു. എറണാകുളം ജില്ലയിലെ പിറവത്തിനടുത്ത് കളമ്പൂർ സ്വദേശി .
Mob: 8075245980/E – Mail: [email protected]
കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എം പിയുടെ നേതൃത്വത്തില്‍ ‘ഭാരത് ജോഡോ’ എന്ന പേരില്‍ നടത്തുന്ന പദയാത്ര ഇന്ന് ആരംഭിക്കും. രാജീവ് ഗാന്ധി വീരമൃത്യു വരിച്ച ശ്രീപെരുമ്പത്തൂരില്‍ ഇന്ന് രാവിലെ ആദ്യം എത്തി രാഹുല്‍ ഗാന്ധി പ്രാര്‍ത്ഥന നടത്തി. പിന്നാലെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് കന്യാകുമാരിയിലേക്ക് അദ്ദേഹം പോകും. കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ 150 ദിവസങ്ങളിലായി നടക്കുന്ന യാത്രയില്‍ 118 സ്ഥിരം അംഗങ്ങളാണുള്ളത്.
കന്യാകുമാരിയിലെ ഗാന്ധി മണ്ഡപത്തില്‍ വൈകുന്നേരം 5 മണിക്ക് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഫ്ളാഗ് ഓഫ് ചെയ്യും. 12 സംസ്ഥാനങ്ങളിലൂടെയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലൂടെയും യാത്ര കടന്നുപോവും. 150 ദിവസത്തോളം നീണ്ടുനില്‍ക്കുന്ന പദയാത്ര 3500 കിലോമീറ്റര്‍ പിന്നിടും.
ഭാരത് ജോഡോ യാത്രയില്‍ കേരളത്തില്‍ നിന്ന് 9 അംഗങ്ങളാണുള്ളത്. ചാണ്ടി ഉമ്മന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥന സെക്രട്ടറി ജി മഞ്ജുകുട്ടന്‍, കെഎസ് യു ജനറല്‍ സെക്രട്ടറി നബീല്‍ നൗഷാദ്, മഹിള കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ഫാത്തിമ, അസംഘടിത തൊഴിലാളി കോൺഗ്രസ്സ് നാഷണൽ കോഡിനേറ്റർ അനിൽ ബോസ്, ഷീബ രാമചന്ദ്രന്‍, കെ ടി ബെന്നി, സേവാദള്‍ മുന്‍ അധ്യക്ഷന്‍ എം എ സലാം, ഗീത രാമകൃഷ്ണന്‍ എന്നിവരാണ് പദയാത്രയില്‍ കേരളത്തില്‍ നിന്ന് രാഹുല്‍ ഗാന്ധിയെ അനുഗമിക്കുന്ന സ്ഥിരം അംഗങ്ങള്‍.
11-ന് കേരളത്തില്‍ പ്രവേശിക്കുന്ന യാത്ര 19 ദിവസം കൊണ്ട് പാറശാല മുതല്‍ നിലമ്പൂര്‍ വരെ 453 കിലോമീറ്റര്‍ ദൂരം പിന്നിടും. കനയ്യ കുമാര്‍, പവന്‍ ഖേര, മുന്‍ പഞ്ചാബ് മന്ത്രി വിജയ് ഇന്ദര്‍ സിംഗ്ല, മുന്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് കേശവ് ചന്ദ്ര യാദവ്, ഉത്തരാഖണ്ഡ് കോണ്‍ഗ്രസിന്റെ കമ്മ്യൂണിക്കേഷന്‍ വിഭാഗം സെക്രട്ടറി വൈഭവ് വാലിയ എന്നിവര്‍ ഉള്‍പ്പടെ നിരവധി യുവ നേതാക്കള്‍ യാത്രയില്‍ പങ്കെടുക്കുന്നുണ്ട്.
വീട്ടിൽ അതിക്രമിച്ച് കടന്ന് 14കാരനെ തമിഴ്നാട്ടിൽ നിന്നുള്ള സംഘം തട്ടിക്കൊണ്ട് പോയി. കൊല്ലം കൊട്ടിയത്താണ് സംഭവം. കിഴവൂർ സ്വദേശി ആഷിഖിനെയാണ് തിങ്കളാഴ്ച വൈകുന്നേരം ആറരയോടെ കാറുകളിലെത്തിയ സംഘം തട്ടിക്കൊണ്ട് പോയത്. തടയാൻ ശ്രമിച്ച സഹോദരിയെയും അയൽവാസിയെയും സംഘാംഗങ്ങൾ അടിച്ച് വീഴ്ത്തി.
പൊലീസിൽ ഉടൻ തന്നെ വിവരമറിയിച്ചതിനെ തുടർന്ന് നടത്തിയ നീക്കത്തിലൂടെ രാത്രി പതിനൊന്നരയോടെ പാറശാലയിൽ വച്ച് സംഘത്തെ തടഞ്ഞ് കുട്ടിയെ മോചിപ്പിക്കുകയായിരുന്നു. സംഘത്തിലെ ഒരാളെ അറസ്റ്റ് ചെയ്തു.
തമിഴ്നാട് റജിസ്ട്രേഷനുള്ള കാറിൽ കുട്ടിയെ തട്ടിക്കൊണ്ട് പോയതായി കൊല്ലം പൊലീസിൽ നിന്ന് തിരുവനന്തപുരത്തേക്കും സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും വിവരം കൈമാറി. രാത്രി 8.36 ആയതോടെ കാർ കഴക്കൂട്ടം കടന്നു. 8.53: കാർ പൂവാർ സ്റ്റേഷൻ പരിധിയിലെത്തി. രാത്രി 10 മണി ആയപ്പോൾ പൊലീസ് ജീപ്പ് പിന്തുടരുന്നത് കണ്ട് ഇട റോഡ് വഴി പട്യക്കാലയിൽ എത്തിയ സംഘം കാർ ഉപേക്ഷിച്ചു. കാറിന്റെ മുൻഭാഗം ഇടിച്ചു തകർന്ന നിലയിലായിരുന്നു. സമീപ ജംക്‌ഷനിൽ നടന്നെത്തിയ സംഘം ഇവിടെനിന്ന് ഓട്ടോ പിടിച്ചു. കുട്ടി മദ്യപിച്ച് അബോധാവസ്ഥയിലായെന്നാണ് ഓട്ടോ ഡ്രൈവറോടു പറഞ്ഞത്. പൂവാറിൽ പൊലീസിനെ വെട്ടിച്ചു കടന്നതോടെ തമിഴ്നാട് അതിർത്തിയിലേക്കുള്ള പ്രധാന പാതകളിലും ഇടറോഡുകളിലും പൊലീസ് പരിശോധന ശക്തമാക്കി.
11.30: പാറശാല കോഴിവിളക്കു സമീപം പൊലീസ് ഒാട്ടോ തടഞ്ഞു. ഓട്ടോയിൽ ആഷിക്കും 2 പേരും. ഓടിയ ഇവരിൽ ഒരാളെ പൊലീസ് പിന്തുടർന്നു പിടികൂടി. കന്യാകുമാരി കാട്ടാത്തുറ തെക്കയിൽ പുലയൻവിളയിൽ ബിജു (30) ആണ് പിടിയിലായത്. കടന്നുകളഞ്ഞ ആൾ ഫിസിയോതെറപ്പിസ്റ്റ് ആണെന്ന് സംശയമുണ്ട്. ഒാട്ടോയിൽ അബോധാവസ്ഥയിൽ കണ്ട ആഷിഖിനെ പൊലീസ് രക്ഷപ്പെടുത്തി. മണിക്കൂറുകൾ നീണ്ടു നിന്ന ഭയാശങ്കയ്ക്ക് അതോടെ അവസാനമായി. ഇരു ജില്ലകളിലെയും പൊലീസുകാരുടെ ദ്രുതഗതിയിലുള്ള നീക്കങ്ങളാണ് ആഷിഖിന്റെ മോചനത്തിന് വഴി തെളിച്ചത്.
ബന്ധു നിയോഗിച്ച ക്വട്ടേഷന്‍ സംഘം തന്നെയെന്ന് പൊലീസ്. പിന്നില്‍ സാമ്പത്തിക ഇടപാട് സംബന്ധിച്ചുണ്ടായ തര്‍ക്കമാണെന്നും തെളിഞ്ഞു.കുട്ടിയുടെ കുടുംബം ബന്ധുവില്‍ നിന്ന് 10 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഇത് തിരിച്ചുകൊടുക്കാത്തതിനെ തുടര്‍ന്നായിരുന്നു നടപടി. ബന്ധുവിന്റെ മകനാണ് ക്വട്ടേഷന്‍ നല്‍കിയത്. സംഘം തട്ടിക്കൊണ്ടുപോകല്‍ ഏറ്റെടുത്തത് ഒരു ലക്ഷം രൂപയ്ക്കാണ്. കുട്ടിയെ മാര്‍ത്താണ്ഡത്ത് എത്തിച്ച് വിലപേശുകയായിരുന്നു ഇവരുടെ ലക്ഷ്യം.
തടഞ്ഞ സഹോദരിയെയും അയല്‍വാസിയെയും സംഘം അടിച്ചുവീഴ്ത്തുകയായിരുന്നു. പരാതി ലഭിച്ചതോടെ സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനിലേക്കും സന്ദേശം കൈമാറി. തമിഴ്‌നാട് സ്വദേശിയുടെ വാടകയ്ക്ക് എടുത്ത കാറുമായാണ് സംഘം എത്തിയതെന്ന് പൊലീസ് അറിയിച്ചു.